പ്രധാനമന്ത്രിയുടെ ഓഫീസ്
റുവാണ്ടന്‍ ഗവണ്‍മെന്റിന്റെ ഗിരിംഗ പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി പശുക്കളെ സമ്മാനിച്ചു
Posted On:
24 JUL 2018 2:03PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് റുവാണ്ടയിലെ ഗ്രാമീണര്‍ക്ക് 200 പശുക്കളെ സമ്മാനിച്ചു. പശുക്കള്‍ സ്വന്തമായി ഇല്ലാത്തവര്‍ക്ക് അവ നല്‍കുന്ന റുവാണ്ടന്‍ ഗവണ്‍മെന്റിന്റെ ഗിരിംഗ പദ്ധതിക്ക് കീഴിലായിരുന്നു സമ്മാനം. രുവേരു മാതൃക വില്ലേജില്‍ റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ വച്ചാണ് പശുക്കളെ കൈമാറിയത്.
തദവസരത്തില്‍ സംസാരിക്കവെ, ഗിരിംഗ പദ്ധതിയെയും പ്രസിഡന്റ് പോള്‍ കഗാമെയുടെ ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ദൂര ദേശമായ റുവാണ്ടയില്‍ പോലും ഗ്രാമങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള ഉപാധിയെന്ന നിലയില്‍ പശുക്കള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് അത്ഭുതം പകരുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളിലെയും ഗ്രാമീണ ജീവിതത്തിന്റെ സമാനതകള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റുവാണ്ടയിലെ ഗ്രാമങ്ങളുടെ പരിവര്‍ത്തനത്തെ ഗിരിംഗാ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചാത്തലം :
'നിങ്ങള്‍ക്ക് ഒരു പശുയിരിക്കട്ടെ' എന്നതാണ് ഗിരിംഗ എന്ന വാക്കിനര്‍ത്ഥം. ഒരാള്‍ മറ്റൊരാള്‍ക്ക് ബഹുമാനത്തിന്റെയും, നന്ദിയുടെയും സൂചകമായി പശുവിനെ നല്‍കുന്നത് നൂറ്റാണ്ടുകളായി റുവാണ്ടയില്‍ നിലവിലുള്ള ഒരു സാംസ്‌കാരിക ആചാരമാണ്.
റുവാണ്ടയില്‍ അപകടകരമാകുംവിധം ഉയര്‍ന്ന കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള മാര്‍ഗ്ഗം എന്നതിന് പുറമെ ദാരിദ്ര്യ ഉന്‍മൂലനം ത്വരിതപ്പെടുത്താനും കൃഷിയെയും കന്നുകാലികളെയും സംയോജിപ്പിക്കാനും ലക്ഷ്യമിട്ട് പ്രസിഡന്റ് കഗാമെ രൂപം കൊടുത്ത പദ്ധതിയാണ് ഗിരിംഗ. പാവപ്പെട്ട ഒരാള്‍ക്ക് പാല്‍ തരുന്ന ഒരു പശുവിനെ കൊടുത്താല്‍ അത് ഉപജീവന മാര്‍ഗ്ഗമായി മാറുകയും, ചാണകവും മറ്റും വളമായി ഉപയോഗിക്കുക വഴി കാര്‍ഷികോല്‍പ്പാദനവും, മണ്ണിന്റെ ഗുണ നിലവാരവും മെച്ചപെടുകയും, പുല്ലും മരങ്ങളും നട്ട് പിടിപ്പിക്കുക വഴി മണ്ണൊലിപ്പ് തടയാന്‍ സഹായിക്കുകയും ചെയ്യുമെന്ന തത്വമാണ് പദ്ധതിയുടെ അടിസ്ഥാനം.
2006 ല്‍ ആരംഭിച്ചതു മുതല്‍ ആയിരക്കണക്കിന് പേര്‍ക്ക് പശുക്കളെ ലഭിച്ചിട്ടുണ്ട്. 2016 ജൂണ്‍ വരെ മൊത്തം 2,48,566 പശുക്കളാണ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്.
റുവാണ്ടയുടെ കാര്‍ഷിക ഉല്‍പ്പാദനത്തില്‍ പ്രത്യേകിച്ച് പാലിന്റെയും, പാലുല്‍പ്പന്നങ്ങളുടെയും കാര്യത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഒപ്പം പോഷകാഹാര കുറവ് പരിഹരിക്കുകയും വരുമാനത്തില്‍ വര്‍ദ്ധനവ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പശുവിനെ ഒരാള്‍ മറ്റൊരാള്‍ക്ക് കൈമാറിയാല്‍ അത് നല്‍കുന്ന ആളിനും, ഗുണഭോക്താവിനും ഇടയില്‍ വിശ്വാസവും, ബഹുമാനവും സൃഷ്ടിക്കുമെന്ന് സാംസ്‌കാരിക തത്വത്തിന്റെ അടിസ്ഥാനത്തില്‍ റുവാണ്ടക്കാര്‍ക്കിടയില്‍ ഐക്യം പരിപോഷിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇത് മുഖ്യ ലക്ഷ്യം ആയിരുന്നില്ലെങ്കില്‍ കൂടി പദ്ധതിയുടെ സവിശേഷ ഭാഗമായി മാറി. ഇതിന്റെ ഗുണഭോക്താക്കളെ ആരായിരിക്കണമെന്നതില്‍ പദ്ധതി ചില മാനദണ്ഡങ്ങള്‍ പിന്‍തുടരുന്നു. റുവാണ്ടയിലെ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍ സ്വന്തമായി പശുക്കളില്ലാത്ത എന്നാല്‍ പശുക്കളെ പോറ്റുന്നതിന് പുല്ലുവളര്‍ത്താന്‍ സ്ഥലമുള്ള പാവപ്പെട്ടവരെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നത്. ഗുണഭോക്താവിന് സ്വന്തമായി പശുത്തൊഴുത്ത് നിര്‍മ്മിക്കാനുള്ള ശേഷി ഉണ്ടായിരിക്കുകയോ അല്ലെങ്കില്‍ സമൂഹത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പൊതുവായ പശുത്തൊഴുത്ത് നിര്‍മ്മിച്ച് അത് ഉപയോഗിക്കാന്‍ സന്നദ്ധതയോ ഉണ്ടായിരിക്കണം.
ND MRD – 604
***
(Release ID: 1540044)
Visitor Counter : 114