മന്ത്രിസഭ

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും നാഷണല്‍ ബോര്‍ഡ് ഓഫ് അക്കൗണ്ടന്റ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് ടാന്‍സാനിയയും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു മന്ത്രിസഭയുടെ അനുമതി

Posted On: 18 JUL 2018 5:28PM by PIB Thiruvananthpuram

അംഗങ്ങളെ പരിപാലിക്കല്‍, തൊഴിലിലെ ധാര്‍മികത, സാങ്കേതിക ഗവേഷണം, തൊഴില്‍പരമായ തുടര്‍വികസനം, വൈദഗ്ധ്യപൂര്‍ണമായ അക്കൗണ്ടന്‍സി പരിശീലനം, ഓഡിറ്റിന്റെ മേന്മ പരിശോധിക്കല്‍, അക്കൗണ്ടിങ് വിജ്ഞാനം പുതുക്കല്‍, തൊഴില്‍പരവും സാങ്കേതികവുമായ വികാസം എന്നീ മേഖലകളില്‍ പരസ്പരം സഹകരിക്കുന്നതിനുള്ള ചട്ടക്കൂട് ഒരുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ.)യും നാഷണല്‍ ബോര്‍ഡ് ഓഫ് അക്കൗണ്ടന്റ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് (എന്‍.ബി.എ.എ.) ടാന്‍സാനിയയും ചേര്‍ന്നു ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

നേട്ടം: ഐ.സി.എ.ഐ. അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവരുടെ പ്രസ്ഥാനങ്ങള്‍ക്കും പരസ്പര വിനിമയത്തിലൂടെയുള്ള നേട്ടം ഉറപ്പാക്കുന്നതാണ് ഈ ധാരണാപത്രം. ഐ.സി.എ.ഐ. അംഗങ്ങള്‍ക്കു തങ്ങളുടെ പ്രവര്‍ത്തനചക്രവാളം വികസിപ്പിക്കുന്നതിന് ഇതു സഹായകമാകും. ഐ.സി.എ.ഐയും എന്‍.ബി.എ.എ. ടാന്‍സാനിയയും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ ധാരണാപത്രം വഴിയൊരുക്കും.

പശ്ചാത്തലം:
ആഫ്രിക്കയിലെ അക്കൗണ്ടന്‍സി, ഓഡിറ്റിങ് തൊഴില്‍ മെച്ചപ്പെടുത്തുക എന്നത് ഐ.സി.എ.ഐയുടെയും അതിലെ അംഗങ്ങളുടെയും മുന്നിലുള്ള വലിയ സാധ്യതയാണ്. എന്‍.ബി.എ.എ. ടാന്‍സാനിയയുമായി ഐ.സി.എ.ഐ.ധാരണാപത്രം ഒപ്പുവെക്കുക വഴി ഇന്ത്യന്‍ സി.എമാര്‍ക്ക് ടാന്‍സാനിയയിലെ തൊഴില്‍ദാതാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്ഥാനവും പ്രചാരവും ലഭിക്കും. നിലവില്‍ ആഫ്രിക്കയില്‍ ജോലി ചെയ്യുന്നതും ഭാവിയില്‍ അങ്ങോട്ടേക്കു പോകാന്‍ ആഗ്രഹിക്കുന്നതുമായ ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് നല്ല പ്രതിച്ഛായ ലഭ്യമാകും.
ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനു വിധേയമായി രൂപീകൃതമായ സ്ഥാപനമാണ് ഐ.സി.എ.ഐ. ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി മേഖല പ്രവര്‍ത്തിക്കുന്നത് ദ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ആക്റ്റ്, 1949നു വിധേയമായാണ്. ടാന്‍സാനിയ ഗവണ്‍മെന്റിന്റെ ധനകാര്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ബി.എ.എ. ടാന്‍സാനിയ 1972ലെ ഓഡിറ്റേഴ്‌സ ആന്‍ഡ് അക്കൗണ്ടന്റ്‌സ് (റജിസ്‌ട്രേഷന്‍) ആക്റ്റിന്റെ 33ാം നിയമത്തിനും 1995ല്‍ ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ള രണ്ടാം നമ്പര്‍ ആക്റ്റിനും വിധേയമായാണു രൂപീകരിക്കപ്പെട്ടിട്ടുള്ളത്.



(Release ID: 1539417) Visitor Counter : 61