മന്ത്രിസഭ

1996 ലെ വിപോ പകര്‍പ്പവകാശ കരാര്‍, വിപോ പെര്‍ഫോമന്‍സ് ആന്‍ഡ് ഫോണോഗ്രാംസ് കരാര്‍ എന്നിവയുടെ ഭാഗമാകുന്നതിന് മന്ത്രിസഭയുടെ അനുമതി

Posted On: 04 JUL 2018 2:34PM by PIB Thiruvananthpuram

ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ ലോകം എന്നിവയിലെ പകര്‍പ്പവാശംകൂടി ഉള്‍പ്പെടുന്ന വിപോ പകര്‍പ്പവകാശ കരാര്‍, വിപോ പെര്‍ഫോമന്‍സ് ആന്‍ഡ് ഫോണോഗ്രാംസ് കരാര്‍ എന്നിവയില്‍ പങ്കാളിയാകുന്നതിനുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ നയ വകുപ്പിന്റെ ശുപാര്‍ശയ്ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇന്റര്‍നെറ്റ്, മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഇ-കൊമേഴ്‌സിലുള്ള സാധ്യതകള്‍ നേടിയെടുക്കുന്നതിന് ഇ.പി.ആര്‍. ഉടമസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്‍തുണയും നല്‍കുക വഴി വാണിജ്യവല്‍ക്കരണത്തിലൂടെ ഐ.പി.ആറുകള്‍ക്കു പ്രതിഫലം നേടിയെടുക്കുന്നതു ലക്ഷ്യമിടുന്ന, 2016 മെയ് 12നു ഗവണ്‍മെന്റ് അംഗീകരിച്ച ദേശീയ ബൗദ്ധിക സ്വത്തവകാശ (ഐ.പി.ആര്‍.) നയം പ്രാവര്‍ത്തികമാക്കുന്നതിലേക്കുള്ള ചുവടുവെപ്പാണ് കേന്ദ്രമന്ത്രിസഭ നല്‍കിയ അംഗീകാരം.
നേട്ടങ്ങള്‍:
പകര്‍പ്പവകാശ വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക വഴി ഈ കരാറുകള്‍ ഇന്ത്യക്കു താഴെപ്പറയും വിധം സഹായകമായിത്തീരും :

1. രാജ്യാന്തര പകര്‍പ്പവകാശ സംവിധാനം വഴി, സര്‍ഗാത്മക സൃഷ്ടികള്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ പ്രതിഫലം ഉറപ്പാക്കുന്നതിനു സാഹചര്യം ഒരുക്കുക വഴി സര്‍ഗസൃഷ്ടി നടത്തുന്നവര്‍ക്കു വേതനം ഉറപ്പാക്കുക.
2. രാജ്യാന്തര പകര്‍പ്പവകാശ സംവിധാനം വഴി വിദേശികളായ സര്‍ഗധനര്‍ക്കു പ്രതിഫലം ലഭിക്കുന്നതിനായി ഇന്ത്യ നല്‍കിവരുന്ന സംരക്ഷണത്തിനു സമാനമായി ഇന്ത്യയില്‍നിന്നുള്ള അത്തരം വ്യക്തികള്‍ക്കും രാജ്യാന്തര തലത്തില്‍ പ്രതിഫലം ഉറപ്പാക്കുക. ആഭ്യന്തര അവകാശങ്ങള്‍ സംരക്ഷിക്കുക വഴിയാണ് ഇതു സാധ്യമാക്കുക.
3. മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന് ഉറപ്പുവരുത്തുക വഴി ഡിജിറ്റല്‍ ലോകത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസം സര്‍ഗപ്രക്രിയ നടത്തുന്നവരില്‍ സൃഷ്ടിച്ചെടുക്കുക.
4. സര്‍ഗസൃഷ്ടിയുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥയും സാംസ്‌കാരിക ലോകവും വികസിപ്പിക്കുകയും വാണിജ്യ സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക.
പശ്ചാത്തലം:
1957 ലെ പകര്‍പ്പവകാശ നിയമം:
പകര്‍പ്പവകാശ നിയമം, 1957ന്റെ നടത്തിപ്പ് 2016 മാര്‍ച്ചില്‍ ഡി.ഐ.പി.പിയിലേക്കു മാറ്റിയതോടെ ഡബ്ല്യു.സി.ടി., ഡബ്ല്യു.പി.പി.ടി. എന്നിവയുമായി പകര്‍പ്പവകാശ നിയമം, 1957നുള്ള പൊരുത്തം മനസ്സിലാക്കുന്നതിനായി ഒരു പഠനം നടത്തി. വിപ്പോയുമായി ചേര്‍ന്നു സംയുക്ത പഠനവും നടത്തപ്പെട്ടു.
ഡബ്ല്യു.സി.ടി., ഡബ്ല്യു.പി.പി.ടി. എന്നിവയുമായി യോജിച്ചുപോകുന്നതിനായി പകര്‍പ്പവകാശ നിയമം, 1957ല്‍ 2012ല്‍ ഭേദഗതി വരുത്തിയിരുന്നു. ഡിജിറ്റല്‍ ലോകത്തിനു ബാധകമാവും വിധം 'പൊതുജനങ്ങളുമായുള്ള ആശയവിനിമയം' എന്ന നിര്‍വചനത്തിലുള്ള ഭേദഗതി ഉള്‍പ്പെടെ ഇതില്‍ പെടുന്നു. സാങ്കേതിക സുരക്ഷാ നടപടികള്‍ (വകുപ്പ് 65 എ), അവകാശ സംരക്ഷണ വിവരങ്ങള്‍ (വകുപ്പ് 65 ബി), അവതാരകരുടെ ധാര്‍മിക അവകാശങ്ങള്‍ (വകുപ്പ് 38 ബി), അവതാരകരുടെ സവിശേഷ അവകാശങ്ങള്‍ (വകുപ്പ് 38 എ), ഇലക്ട്രോണിക് മാധ്യമത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ (വകുപ്പ് 52 (1) (ബി), (സി)) എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഉള്‍പ്പെടുത്തി.
വിപോ പകര്‍പ്പവകാശ കരാര്‍ 96 അംഗങ്ങളോടുകൂടിയതും 2002 മാര്‍ച്ച് ആറിന് പ്രാബല്യത്തില്‍ വന്നതുമാണ്. സാഹിത്യ, കലാ സൃഷ്ടികളുടെ ഉടമസ്ഥാവകാശം സംരക്ഷിക്കുന്നതിനായുള്ള ബേണ്‍ കണ്‍വെന്‍ഷനു കീഴിലുള്ള പ്രത്യേക കരാറാണ് ഇത്. പകര്‍പ്പവകാശ സംരക്ഷണം ഡിജിറ്റല്‍ മേഖലയിലേക്കു വ്യാപിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അതിലുണ്ട്. ഡിജിറ്റല്‍ ലോകത്തിലെ സവിശേഷതകള്‍ക്കനുസൃതമായി സൃഷ്ടികള്‍ ലഭ്യമാക്കുന്നതിനുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിപോ പെര്‍ഫോമന്‍സസ് ആന്‍ഡ് ഫോണോഗ്രാംസ് കരാര്‍ 96 കക്ഷികള്‍ ഒപ്പുവെച്ചതും 2002 മെയ് 20നു പ്രാബല്യത്തില്‍ വന്നതുമാണ്. ഡബ്ല്യു.പി.പി.ടി. രണ്ടു തരം ഗുണഭോക്താക്കളുടെ അവകാശം കൈകാര്യം ചെയ്യുന്നു:
1. അവതാരകര്‍ (നടന്‍മാര്‍, ഗായകര്‍, സംഗീതജ്ഞര്‍ തുടങ്ങിയവര്‍)
2. ഫോണോഗ്രാ(ശബ്ദലേഖനങ്ങള്‍)മുകളുടെ പ്രൊഡ്യൂസര്‍മാര്‍. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും അതുപോലെ വിതരണക്കാരുമായും ഫലപ്രദമായി ചര്‍ച്ച നടത്താന്‍ യഥാര്‍ഥ അവകാശികള്‍ക്ക് അവസരമൊരുക്കുന്നു. ഇതാദ്യമായാണ് അവതാരകര്‍ക്കുള്ള അവകാശം അംഗീകരിക്കപ്പെടുന്നതും സാമ്പത്തിക അവകാശം ഉറപ്പിക്കുന്നതും.
ഇരു കരാറുകളും സൃഷ്ടികളും അവയെ സംബന്ധിച്ച വിവരങ്ങളും സംരക്ഷിക്കുന്നതിന്, അതായത് സാങ്കേതിക സുരക്ഷാ നടപടികളുടെയും അവകാശ സംരക്ഷണ വിവരങ്ങളുടെയും സംരക്ഷണത്തിനായി സ്രഷ്ടാക്കള്‍ക്കും അവകാശികള്‍ക്കും സാങ്കേതിക ഉപകരണങ്ങല്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ചട്ടക്കൂടൊരുക്കുന്നു.
AK  MRD – 552
***



(Release ID: 1537832) Visitor Counter : 80