മന്ത്രിസഭ

ഡാംസുരക്ഷാ ബില്‍,2018 നിയമനിര്‍മാണത്തിനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു

Posted On: 13 JUN 2018 6:20PM by PIB Thiruvananthpuram

ഡാം സുരക്ഷാ ബില്‍ 2018 പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു.
ഗുണഫലങ്ങള്‍
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഏകീകൃതമായ ഒരു ഡാം സുരക്ഷാ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിന് ഇത് സഹായിക്കും. അത് ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, അത്തരം ഡാമുകള്‍ കൊണ്ടുള്ള നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുകയുംചെയ്യും. കൂടാതെ മനുഷ്യജീവന്‍, കന്നുകാലികള്‍, വസ്തുക്കള്‍ എന്നിവയുടെ സംരക്ഷണത്തിനും ഇത് സഹായകമാകും.
ഇന്ത്യയിലെയും രാജ്യാന്തര തലത്തിലെയും വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരട് ബില്‍ അംഗീകരിച്ചത്.
വിശദാംശങ്ങള്‍
ബില്‍ രാജ്യത്തുള്ള എല്ലാ നിശ്ചിത ഡാമുകള്‍ക്കും ശരിയായ മേല്‍നോട്ടം, പരിശോധന, നടത്തിപ്പ്, പരിപാലനം എന്നിവ ലഭ്യമാക്കുകയും അവരുടെ സുരക്ഷിതമായ പ്രവര്‍ത്തനം ഉറപ്പാക്കുകയുംചെയ്യുന്നു.
ഒരു ദേശീയ ഡാം സുരക്ഷാ കമ്മിറ്റിയുടെ രൂപീകരണം ബില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ഡാമുകളുമായി ബന്ധപ്പെട്ട നയങ്ങള്‍ രൂപീകരിക്കുകയും ഇക്കാര്യത്തിന് ആവശ്യമായ നിയമങ്ങളെക്കുറിച്ച് ശിപാര്‍ശചെയ്യുകയും ചെയ്യും.
ഡാംസുരക്ഷാ അതോറിറ്റിയുണ്ടാക്കുന്നതിനും ബില്‍ വ്യവസ്ഥചെയ്യുന്നുണ്ട്. നയങ്ങള്‍ നടപ്പാക്കുന്നതിനൂം രാജ്യത്തിലെ ഡാമുകളുടെ സുരക്ഷയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കുന്നതിനുമുള്ള ഒരു നിയമപരമായ സ്ഥാപനമായി ഇതു പ്രവര്‍ത്തിക്കും.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി
ഇത് ഡാമുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും നടപടികളുടെയും നിലവാരം നിശ്ചയിക്കുന്നതിനായി സംസ്ഥാനങ്ങളിലെ ഡാം സുരക്ഷാ സ്ഥാപനങ്ങളുമായും ഡാമുകളുടെ ഉടമകളുമായും നിരന്തരം ബന്ധപ്പെടും.
സംസ്ഥാനങ്ങള്‍ക്കും ഡാം സുരക്ഷാ സംഘടനകള്‍ക്കും ഇത് സാങ്കേതികവും മാനേജ്‌മെന്റ്തലത്തിലുള്ളതുമായ സഹായങ്ങള്‍ ലഭ്യമാക്കും.
രാജ്യത്തെ പ്രധാനപ്പെട്ട ഡാമുകളുടെ ദേശീയതല ഡാറ്റാബേസും പ്രധാനപ്പെട്ട ഡാം തകര്‍ച്ചകളുടെ റെക്കാര്‍ഡുകളും കാത്തുസൂക്ഷിക്കും.
ഏത് പ്രധാനപ്പെട്ട ഡാംതകര്‍ച്ചയുടെയും കാരണങ്ങള്‍ ഇവര്‍ പരിശോധിക്കും.
ഡാമുകളുടെയും അനുബന്ധവസ്തുക്കളുടെയും വിശദമായ പതിവു പരിശോധനകള്‍ക്കും വിശദമായ അന്വേഷണത്തിനുമായി പ്രാമാണിക മാനദണ്ഡങ്ങളും പരിശോധനപ്പട്ടികകളും നവീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും.
പുതിയ ഡാമുകള്‍ക്ക് വേണ്ട അന്വേഷണം, രൂപരേഖ തയാറാക്കല്‍, നിര്‍മാണം എന്നീ പ്രവൃത്തികള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ക്ക് ഇവരായിരിക്കും ഔദ്യോഗിക അംഗീകാരം നല്‍കുന്നത്.
രണ്ടു സംസ്ഥാനങ്ങളിലെ ഡാം സുരക്ഷാ സംഘടനകള്‍ തമ്മിലോ, സംസ്ഥാന ഡാം സുരക്ഷാ സംഘടനയും സംസ്ഥാനത്തെ ഡാമിന്റെ ഉടമയും തമ്മിലോ നിലനില്‍ക്കുന്ന പരിഹരിക്കാതെയുള്ള പ്രശ്‌നങ്ങളില്‍ അവര്‍ ഇടപെടുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും.
ഒരു സംസ്ഥാനത്തിന്റെ ഡാം മറ്റൊരു സംസ്ഥാനത്തിന്റെ ഭൂപ്രദേശത്തു നിലനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കാവുന്ന പ്രശ്‌നങ്ങളില്‍ ദേശീയ അതോറിറ്റി സംസ്ഥാന ഡാം സുരക്ഷാ സംഘടനയുടെ ചുമതലകൂടി വഹിക്കുകയും അതിലൂടെ സംസ്ഥാനങ്ങള്‍ തമ്മില്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
സംസ്ഥാനതല ഡാംസുരക്ഷാ കമ്മിറ്റി
സംസ്ഥാനങ്ങളിലെ നിശ്ചിത ഡാമുകളുടെ മേല്‍നോട്ടം, പരിശോധന, നടത്തിപ്പ്, പരിപാലനം എന്നിവയും സുരക്ഷിതമായ പ്രവര്‍ത്തനവും ഇത് ഉറപ്പാക്കുന്നു. എല്ലാ സംസ്ഥാനങ്ങളും 'സംസ്ഥാന ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍' രൂപീകരിക്കണമെന്നും വ്യവസ്ഥചെയ്യുന്നു. ഡാം രൂപകല്‍പ്പന, ഹൈഡ്രോ-മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹൈഡ്രോളജി, ജിയോ-ടെക്‌നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഡാം റിഹാബിലിറ്റേഷന്‍ എന്നീ മേഖലകളിലുള്ള ഓഫീസര്‍മാരായിരിക്കും ഇവയെ പരിപാലിക്കുക.
പശ്ചാത്തലം
ഇന്ത്യയില്‍ ഇന്ന് 5200 വലിയ ഡാമുകളുണ്ട്. 450 എണ്ണം നിര്‍മാണത്തിലുമാണ്. അതോടൊപ്പം ആയിരിക്കണക്കിന് ഇടത്തര, ചെറുകിട ഡാമുകളുമുണ്ട്. ഇന്ത്യയില്‍ ഡാം സുരക്ഷയ്ക്ക് നിയമപരമായ സ്ഥാപനരൂപകല്‍പ്പന ഇല്ലാതിരുന്നതുമൂലം ഡാം സുരക്ഷ ആശങ്കാപരമായ ഒരു പ്രശ്‌നമായിരുന്നു. സുരക്ഷിതമല്ലാത്ത ഡാമുകളെല്ലാം അപകടങ്ങള്‍ക്കു കാരണമായേക്കാമെന്നു മാത്രമല്ല, ഡാം തകര്‍ച്ചകള്‍ ദുരന്തങ്ങളാകുകയും ജീവനും സ്വത്തിനും വന്‍ നാശത്തിനും വഴിവയ്ക്കുകയും ചെയ്യും. 
ഡാം സുരക്ഷാ ബില്‍ 2018 ഡാമുകളുടെ തുടര്‍ച്ചയായ പരിശോധന, അടിയന്തര കര്‍മപദ്ധതി, സമഗ്ര ഡാം സുരക്ഷ അവലോകനം, വേണ്ടത്ര അറ്റകുറ്റപണി ഡാം സുരക്ഷയ്ക്ക് ആവശ്യമായ ഫണ്ടുകളുടെ പരിപാലനം, മാനക-സുരക്ഷാമാന്വലുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഈ ആശങ്കകളെയെല്ലാം അഭിസംബോധന ചെയ്യുന്നുണ്ട്. ഇത് ഡാമുകളുടെ സുരക്ഷ, ഡാമുകളുടെ ഉടമകളുടെ കര്‍ത്തവ്യമാക്കിത്തീര്‍ക്കുകയും ഇതിലെ ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയോ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുയോ ചെയ്താല്‍ പിഴ ഈടാക്കാന്‍ വ്യവസ്ഥ രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

 



(Release ID: 1535447) Visitor Counter : 66