പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

Posted On: 07 JUN 2018 12:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പര്യോജനയുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെ മറ്റ് ആരോഗ്യ പരിരക്ഷാ പദ്ധതികളുടെയും രാജ്യത്തെമ്പാടുമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് വീഡിയോ ബ്രിഡ്ജിലൂടെ സംവദിച്ചു. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ ബ്രിഡ്ജിലൂടെ നടത്തുന്ന ആശയവിനിമയ പരിപാടിയില്‍ അഞ്ചാമത്തേതാണിത്. ആരോഗ്യ പരിരക്ഷയുടെയും, സൗഖ്യത്തിന്റെയും പ്രധാന്യം വിവരിക്കവെ, എല്ലാ വിജയങ്ങളുടെയും, അഭിവൃദ്ധിയുടെയും അടിസ്ഥാനം ആരോഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 125 കോടി ജനങ്ങളും ആരോഗ്യമുള്ളവരായാല്‍ മാത്രമേ ഇന്ത്യ ആരോഗ്യമുള്ള മഹത്തായ രാജ്യമായി മാറുകയുള്ളൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗാവസ്ഥ, പാവപ്പെട്ടവര്‍ക്കും, ഇടത്തരക്കാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുകമാത്രമല്ല നമ്മുടെ സാമൂഹിക, സാമ്പത്തിക മേഖലകളെയും ബാധിക്കുമെന്ന് ശ്രീ. മോദി പറഞ്ഞു. അതിനാല്‍ ഓരോ പൗരനും താങ്ങാനാവുന്ന നിരക്കിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താനാണ് ഗവണ്‍മെന്റ് പരിശ്രമിക്കുന്നത്. പാവപ്പെട്ടവര്‍ക്കും, താഴ്ന്നവരുമാനക്കാരായ ഇടത്തരക്കാര്‍ക്കും താങ്ങാവുന്ന നിരക്കിലുള്ള ഔഷധങ്ങള്‍ ലഭ്യമാക്കി, അവരുടെ സാമ്പത്തിക ക്ലേശം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പര്യോജന'യ്ക്ക് തുടക്കമിട്ടതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

രാജ്യത്തൊട്ടാകെ ഗവണ്‍മെന്റ് തുറന്നിട്ടുള്ള 3,600 ലധികം ജനഔഷധി കേന്ദ്രങ്ങളില്‍ 700 ല്‍ കൂടുതല്‍ ജനറിക് മരുന്നുകള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാണ്. വിപണി വിലയെക്കാള്‍ 50 മുതല്‍ 90 ശതമാനം വരെ കുറഞ്ഞ നിരക്ക് മാത്രമാണ് ജനഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ക്ക് ഈടാക്കുന്നത്. സമീപ ഭാവിയില്‍ ജനഔഷധി കേന്ദ്രങ്ങളുടെ എണ്ണം അയ്യായിരത്തിന് മുകളിലാകുമെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ സ്റ്റെന്റുകളെ കുറിച്ച് സംസാരിക്കവെ, മുന്‍കാലങ്ങളില്‍ ഇത്തരം സ്റ്റെന്റുകള്‍ വാങ്ങാന്‍ ജനങ്ങള്‍ക്ക് തങ്ങളുടെ വസ്തുവകകള്‍ വില്‍ക്കുകയോ, പണയപ്പെടുത്തുകയോ ചെയ്യണമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും സഹായിക്കുന്നതിനായി ഗവണ്‍മെന്റ് സ്റ്റെന്റുകളുടെ വില ഗണ്യമായി വെട്ടിക്കുറച്ചു. ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റുകളുടെ വില രണ്ട് ലക്ഷം രൂപയില്‍ നിന്ന് ഏകദേശം 29,000 രൂപയായി കുറഞ്ഞു.

കാല്‍മുട്ട് മാറ്റിവയ്ക്കലിന്റെ നിരക്ക് 60 മുതല്‍ 70 ശതമാനം വരെ ഗവണ്‍മെന്റ് കുറച്ചതായി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഇതിന്റെ ഫലമായി 2.5 ലക്ഷം രൂപയില്‍ നിന്ന് ഏകദേശം 70,000 - 80,000 രൂപ നിരക്കിലെത്തി. രാജ്യത്ത് ഓരോ വര്‍ഷവും ഒന്ന് മുതല്‍ ഒന്നര ലക്ഷം വരെ കാല്‍മുട്ട് ശസ്ത്രക്രിയകള്‍ നടക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് പ്രകാരം മുട്ട് മാറ്റിവയ്ക്കലിനുള്ള ചെലവില്‍ 1,500 കോടിയോളം രൂപയാണ് പൊതുജനങ്ങള്‍ക്ക് ലാഭിക്കാനായത്.

പ്രധാനമന്ത്രി രാഷ്ട്രീയ ഡയാലിസിസ് പരിപാടിയിലൂടെ ഗവണ്‍മെന്റ് 500 ജില്ലകളില്‍ 2.25 ലക്ഷം രോഗികള്‍ക്ക് 22 ലക്ഷം ഡയാലിസിസ്സ് സെഷനുകള്‍ നടത്തിക്കഴിഞ്ഞു. ഇന്ദ്രധനുഷ് ദൗത്യത്തിലൂടെ 528 ജില്ലകളില്‍ 3.15 കോടി കുട്ടികള്‍ക്കും, 80 ലക്ഷം ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കൂടുതല്‍ ആശുപത്രികളും, കൂടുതല്‍ കിടക്കകളും ഉറപ്പ് വരുത്താന്‍ ഗവണ്‍മെന്റ് 92 മെഡിക്കല്‍ കോളേജുകള്‍ തുറക്കുകയും എം.ബി.ബി.എസ്. സീറ്റുകളുടെ എണ്ണം 15,000 കണ്ട് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ആരോഗ്യ പരിരക്ഷ താങ്ങാവുന്ന നിരക്കിലും വേഗത്തിലും ലഭ്യമാക്കുന്നതിനാണ് ഗവണ്‍മെന്റ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കമിട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 10 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉറപ്പ് വരുത്തും. ആരോഗ്യമുള്ള ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശുചിത്വ ഭാരത ദൗത്യം നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വ ഭാരത ദൗത്യത്തിലൂടെ രാജ്യത്തിപ്പോള്‍ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന മുക്തമായ 3.5 ലക്ഷം ഗ്രാമങ്ങളുണ്ട്. ശുചിത്വ പരിപാലനത്തിന്റെ വ്യാപ്തി 38 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തവെ, പ്രധാനമന്ത്രി ഭാരതീയ ജനഔഷധി പര്യോജന മരുന്നുകളുടെ ചെലവ് എപ്രകാരം വെട്ടിക്കുറച്ച് താങ്ങാവുന്ന നിരക്കിലാക്കിയെന്ന് ഗുണഭോക്താക്കള്‍ വിവരിച്ചു. ഹൃദയ സ്റ്റെന്റിന്റെയും, കാല്‍മുട്ട് മാറ്റിവയ്ക്കലിന്റെയും കുറഞ്ഞ നിരക്കുകള്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരം മാറ്റിയെന്നും ഗുണഭോക്താക്കള്‍ വ്യക്തമാക്കി.

യോഗയെ ജീവിത ശൈലിയുടെ ഭാഗമാക്കാനും അതുവഴി ആരോഗ്യമുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ND  MRD – 468
***

 



(Release ID: 1534889) Visitor Counter : 69