ധനകാര്യ മന്ത്രാലയം

ബിനാമി ഇടപാടുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്  ഒരു കോടി രൂപ വരെ പാരിതോഷികം

ആദായ നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം നല്‍കുന്ന പദ്ധതി 
പരിഷ്‌കരിച്ചു

Posted On: 01 JUN 2018 1:09PM by PIB Thiruvananthpuram

കള്ളപ്പണം കണ്ടെത്തുന്നതിനും നികുതിവെട്ടിപ്പ് തടയുന്നതിനുമുള്ള ശ്രമങ്ങളില്‍ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് ബിനാമി ഇടപാടുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം വ്യവസ്ഥ ചെയ്യുന്ന പുതിയ പദ്ധതി (ബിനാമി ട്രാന്‍സാക്ഷന്‍സ് ഇന്‍ഫോര്‍മന്റ്‌സ് റിവാര്‍ഡ് സ്‌കീം, 2018) ആദായ നികുതി വകുപ്പ് പ്രഖ്യാപിച്ചു. 

ഈ പദ്ധതിയനുസരിച്ച്, ബിനാമി ഇടപാടുകളെക്കുറിച്ചും വസ്തുവകകളെക്കുറിച്ചും ആദായനികുതി വകുപ്പിന് കീഴിലുള്ള ബിനാമി പ്രോഹിബിഷന്‍ യൂണിറ്റുകളിലെ ജോയിന്റ് കമ്മീഷണര്‍മാര്‍ക്കോ അല്ലെങ്കില്‍ അഡീഷണല്‍ കമ്മീഷണര്‍മാര്‍ക്കോ നിശ്ചിത മാതൃകയില്‍ വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ വരെ പാരിതോഷികം ലഭിക്കും. 

വിവരം നല്‍കുന്നവരുടെ പേര് വിവരം രഹസ്യമായി സൂക്ഷിക്കും. വിദേശികള്‍ക്കും ഈ പദ്ധതിക്കു കീഴില്‍ പാരിതോഷികത്തിന് അര്‍ഹതയുണ്ട്. 

ബിനാമി ഇടപാടുകള്‍, വസ്തു വകകള്‍, അത്തരം വസ്തുവകകളില്‍നിന്ന് ലഭിക്കുന്ന വരുമാനം എന്നിവ സംബന്ധിച്ച് വിവരം നല്‍കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. വിശദവിവരങ്ങള്‍ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റായ www.incometaxindia.gov.inല്‍ ലഭ്യമാണ്. 

ഇതോടൊപ്പം ആദായ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിയും (ഇന്‍കം ടാക്‌സ് ഇന്‍ഫോര്‍മന്റ്‌സ് റിവാര്‍ഡ് സ്‌കീം 2018) പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ല്‍ പ്രഖ്യാപിച്ച പദ്ധതിക്കു പകരമായാണിത്. ഇതനുസരിച്ച് 1961 ലെ ആദായനികുതി നിയമത്തിനു കീഴില്‍ വരുന്ന, ഇന്ത്യയിലെ ആസ്തികളിന്‍മേലുള്ള നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം രൂപ വരെ പാരിതോഷികം നല്‍കും. പരിഷ്‌കരിച്ച പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
AM/MRD 


(Release ID: 1534216) Visitor Counter : 144
Read this release in: English , Urdu , Tamil