വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മാധ്യമ വ്യവസായരംഗം കുത്തകകള്‍ നിയന്ത്രിക്കുന്നത് തടയാന്‍ നിയമങ്ങള്‍ ആവശ്യം: കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഏഷ്യാ മാധ്യമ ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ തുടക്കം

Posted On: 10 MAY 2018 3:01PM by PIB Thiruvananthpuram

മാധ്യമ വ്യവസായരംഗം ഒരു പ്രബല ശക്തിയുടെ കീഴിലാവുന്നത് തടയാന്‍ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടതുണ്ടെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീമതി സ്മൃതി സുബിന്‍ ഇറാനി പറഞ്ഞു. പതിനഞ്ചാമത് ഏഷ്യാ മാധ്യമ ഉച്ചകോടി ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. 2021 ഓടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 969 ദശലക്ഷത്തോളമാകുമെന്നും, ഡിജിറ്റല്‍ ലോകത്തെ ഒരു വെല്ലുവിളിയായല്ല, അവസരമായാണ് ഇന്ത്യന്‍ മാധ്യമ വ്യവസായം കാണുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പുതിയ ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കാനും മാധ്യമസ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും ഏഷ്യാ മാധ്യമ ഉച്ചകോടിക്ക് സാധിക്കുമെന്ന് ശ്രീമതി സ്മൃതി ഇറാനി പ്രത്യാശ പ്രകടിപ്പിച്ചു.
മാധ്യമ സ്വാതന്ത്ര്യം എന്നത് ഭരണസംവിധാനത്തിന്റെ അവിഭാജ്യ ഘടകമായാണ് കേന്ദ്ര ഗവണ്‍മെന്റ് കാണുന്നതെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, വാര്‍ത്താവിനിമയ, നിയമ, നീതിന്യായ മന്ത്രി ശ്രീ. രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. ഭരണഘടന അംഗീകരിച്ച മാധ്യമ സ്വാതന്ത്യം നീതിന്യായവ്യവസ്ഥകളും വിവിധ വിധികളിലൂടെ ശരിവെച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഷ്യാ മാധ്യമ ഉച്ചകോടിയുടെ പ്ലീനറി സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.
വിവര ചോരണത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുന്നതും ഗൂഢ മാര്‍ഗ്ഗങ്ങളിലൂടെ വിവരശേഖരണം നടത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുന്നതും ഗവണ്‍മെന്റ് അനുവദിക്കില്ലെന്ന് ശ്രീ. രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഡാറ്റാ വാണിജ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഓണ്‍ലൈന്‍ കമ്പനികള്‍ക്കും തങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് വാര്‍ത്താ വിതരണ മന്ത്രി ശ്രീ. ഹസനുല്‍ ഹഖ് ഇനു, കംബോഡിയയുടെ വാര്‍ത്താ വിതരണ മന്ത്രി ഡോ. ഖിയു കന്‍ഹാരിത്, കൊറിയ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ സ്റ്റാന്റിംഗ് കമ്മീഷണര്‍ ശ്രീ. സാം സിയോഗ് കോ, പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ശ്രീ. സി.കെ പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി), ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കസള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബി.ഇ.സി.ഐ.എല്‍) എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ഏഷ്യന്‍ മേഖലയിലെ മാധ്യമ രംഗത്ത് ചര്‍ച്ചകളും സഹകരണവും പ്രോത്സാഹിപ്പിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം.

AM MRD –364
***



(Release ID: 1531861) Visitor Counter : 95