പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഏപ്രില്‍ ഇരുപത്തിയൊമ്പതാം തീയതി രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

(മനസ്സ് പറയുന്നത് - നാല്‍പ്പത്തിമൂന്നാം ലക്കം)

Posted On: 29 APR 2018 11:42AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്‌കാരം. ഏപ്രില്‍ 4 മുതല്‍ 15 വരെ ആസ്‌ട്രേലിയയില്‍ വച്ചു കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുകയുണ്ടായി. ഇന്ത്യയടക്കം 71 രാജ്യങ്ങള്‍ അതില്‍ പങ്കെടുത്തു. ഇത്രയും വലിയ പരിപാടി നടക്കുമ്പോള്‍, ലോകത്തെങ്ങുനിന്നുമുള്ള ആയിരക്കണക്കിന് കളിക്കാര്‍ പങ്കെടുക്കുമ്പോള്‍ എന്തായിരിക്കും അവിടത്തെ അന്തരീക്ഷമെന്ന് സങ്കല്‍പ്പിച്ചു നോക്കൂ. ഉത്സാഹം, ആവേശം, ആശയും പ്രതീക്ഷകളും, നേട്ടം കൊയ്യാനുള്ള ദൃഢനിശ്ചയം എല്ലാം ചേര്‍ന്നുള്ള ഒരു അന്തരീക്ഷത്തില്‍ ആര്‍ക്കാണ് ഇതില്‍ നിന്ന് വിട്ടുനില്ക്കാനാകുക. രാജ്യമൊട്ടാകെ ആളുകള്‍ ഇന്ന് ഏതൊക്കെ കളിക്കാരാകും നേട്ടം കൊയ്യുന്നതെന്ന് ദിവസേന ചിന്തിച്ചു. ഭാരതം എങ്ങനെയുള്ള പ്രകടനമാകും കാഴ്ചവയ്ക്കുക, നാം എത്ര മെഡല്‍ നേടും, എന്നെല്ലാം ചിന്തിക്കുന്നത് വളരെ സ്വാഭാവികമായിരുന്നു. നമ്മുടെ കളിക്കാരും ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ചുയര്‍ന്ന് നല്ല പ്രകടനം കാഴ്ചവച്ചു... ഒന്നിനുപിറകെ ഒന്നായി അനേകം മെഡലുകള്‍ നേടി. ഷൂട്ടിംഗിലും, ഗുസ്തിയിലും വെയ്റ്റ്‌ലിഫ്റ്റിംഗിലും ടേബിള്‍ ടെന്നീസിലും ബാഡ്മിന്റനിലും ഇന്ത്യ റെക്കോര്‍ഡുഭേദിക്കുന്ന പ്രകടനമാണു കാഴ്ച വച്ചത്. 26സ്വര്‍ണ്ണം, 20 വെള്ളി, 20 വെങ്കലം - എന്നിവയടക്കം ഇന്ത്യ 66 മെഡലുകള്‍ നേടി. ഈ വിജയം എല്ലാ ഭാരതീയരെയും അഭിമാനം കൊള്ളിക്കും. മെഡല്‍ നേടുന്നത് കളിക്കാര്‍ക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും കാര്യമാണ്. രാജ്യത്തിനൊന്നാകെ, എല്ലാ ജനങ്ങള്‍ക്കും ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമാണ്.  കളി കഴിഞ്ഞശേഷം ഭാരതത്തിന്റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട്  അത്‌ലറ്റുകള്‍ അവിടെ മെഡലുമായി നില്ക്കുമ്പോള്‍, ത്രിവര്‍ണ്ണപതാക മാറോടു ചേര്‍ത്തു നില്ക്കുമ്പോള്‍, ദേശീയഗാനം മുഴങ്ങുമ്പോള്‍ സന്തോഷവും ആമോദവും അഭിമാനവുമെല്ലാം നിറഞ്ഞ ഒരു വിശേഷപ്പെട്ട അപൂര്‍വ്വ വികാരമാണ് അനുഭവപ്പെടുക. അത് ശരീരത്തിനേയും മനസ്സിനെയും പുളകം കൊള്ളിക്കും. മനസ്സ് ഉത്സാഹവും ആവേശവും നിറഞ്ഞതാകും. എല്ലാം ഒരേ വികാരത്തില്‍ മുങ്ങിയിരിക്കും.  ആ വികാരം വ്യക്തമാക്കാന്‍ വാക്കുകള്‍ക്ക് ക്ഷാമം നേരിട്ടെന്നു വരും. എങ്കിലും ആ കളിക്കാരില്‍ നിന്നു കേട്ടത് ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാനാഗ്രഹിക്കുന്നു. എനിക്ക് അഭിമാനം തോന്നുന്നു, നിങ്ങള്‍ക്കും അഭിമാനം തോന്നും.
'ഞാന്‍ മണികാ ബത്ര, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു മെഡലുകള്‍ നേടി. രണ്ട് സ്വര്‍ണ്ണം, ഒരു വെള്ളി, ഒരു വെങ്കലം... ആദ്യമായി ഭാരതത്തില്‍ ടേബിള്‍ ടെന്നീസ് ഇത്രയധികം പ്രചാരം നേടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മന്‍കീ ബാത് കേള്‍ക്കുന്നവരോടു പറയാനാഗ്രഹിക്കുന്നു. ഞാന്‍ എന്റെ ഏറ്റവും മികച്ച ടേബിള്‍ ടെന്നീസ് കളിയാകും അവിടെ കാഴ്ചവച്ചത്. ജീവിതത്തിലെ ഏറ്റവും മികച്ച കളി. ഞാന്‍ നടത്തിയ പ്രാക്ടീസുകളെ ക്കുറിച്ചു പറഞ്ഞാല്‍, ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ചെയ്തത് എന്റെ കോച്ച് സന്ദീപ് സാറിനൊപ്പമാണ്. കോമണ്‍വെല്‍ത്തിനു മുമ്പ് പോര്‍ച്ചുഗലില്‍ ഞങ്ങളുടെ ക്യാമ്പു നടന്നപ്പോള്‍, അതില്‍ പങ്കെടുത്തു. ഗവണ്‍മെന്റ് സംഘടിപ്പിച്ച ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോയി.. ഗവണ്‍മെന്റിനോടു നന്ദി പറയാനാഗ്രഹിക്കുന്നു. കാരണം അന്താരാഷ്ട്ര തലത്തില്‍ കളിക്കാനുള്ള ഇത്രയധികം അവസരങ്ങള്‍ തന്നു. യുവ തലമുറയ്ക്ക് ഒരു സന്ദേശം നല്കുന്നു... ഒരിക്കലും നിരാശപാടില്ല... സ്വന്തം കഴിവു കണ്ടെത്തുക..'

'ഞാന്‍ ഗുരുരാജ്, മന്‍കീ ബാത് കേള്‍ക്കുന്നവരോടു പറയാനാഗ്രഹിക്കുന്നത്  2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുകയെന്നത് എന്റെ സ്വപ്നമായിരുന്നു... ആദ്യമായി കോമണ്‍ വെല്ത്ത് ഗെയിംസില്‍ പങ്കെടുത്ത് ആദ്യമെഡല്‍ ഇന്ത്യയ്ക്ക് നേടിക്കൊടുക്കാനായതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. എന്റെ മെഡല്‍ ഞാന്‍ എന്റെ ഗ്രാമമായ കുന്ദാപുരയ്ക്കും എന്റെ സംസ്ഥാനമായ കര്‍ണാടകയ്ക്കും, എന്റെ രാജ്യത്തിനും സമര്‍പ്പിക്കുന്നു.'

മീരാബായി ചാനൂ പറയുന്നു.... 'ഞാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടി. അതെനിക്കു വലിയ സന്തോഷമായി. ഇന്ത്യയുടെയും മണിപ്പൂരിന്റെയും ഒരുനല്ല കളിക്കാരിയാവുക എന്റെ സ്വപ്നമായിരുന്നു. എന്റെ മുത്തശ്ശിയെപ്പോലെ ഞാനും ഇന്ത്യയുടെയും മണിപ്പൂരിന്റെയും നല്ല കളിക്കാരിയാകാനാഗ്രഹിച്ചു. എനിക്ക് ഈ വിജയം നേടിത്തന്നത് അച്ചടക്കവും ആത്മാര്‍ഥതയും സമര്‍പ്പണവും കഠിനാധ്വാനവുമാണ്.'
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നതിനൊപ്പം വിശേഷപ്പെട്ടതുമായിരുന്നു. ഇഥംപ്രഥമമായി പലകാര്യങ്ങളും അവിടെ നടന്നു എന്നതിനാല്‍ ഇപ്രാവശ്യത്തേത് ഏറെ വിശേഷപ്പെട്ടതുമായിരുന്നു. ഇപ്രാവശ്യം ഭാരതത്തില്‍നിന്ന് പങ്കെടുക്കാന്‍ പോയ എല്ലാ റെസ്റ്റ്‌ലര്‍മാരും മെഡല്‍ നേടി എന്നു നിങ്ങള്‍ക്കറിയാമോ?  മണികാ ബത്ര അവര്‍ പങ്കെടുത്ത ഇനങ്ങളിലെല്ലാം മെഡല്‍ നേടി. വ്യക്തിഗത ടേബിള്‍ ടെന്നീസില്‍ ഭാരതത്തിനായി സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ ഭാരതീയ വനിതയാണ് അവര്‍. ഭാരതത്തിന് ഏറ്റവുമധികം മെഡല്‍ ഷൂട്ടിംഗിലാണു ലഭിച്ചത്. പതിനഞ്ചുവയസ്സുകാരന്‍ ഷൂട്ടര്‍ അനീഷ് ഭാന്‍വാലാ കോമണ്‍വെല്ത്ത് ഗെയിംസില്‍ ഭാരതത്തിനുവേണ്ടി സ്വര്‍ണ്ണമെഡല്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനാണ്. സചിന്‍ ചൗധരി ഭാരതത്തിനുവേണ്ടി കോമണ്‍വെല്ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ഒരേയൊരു പാരാ പവര്‍ ലിഫ്റ്ററാണ്. ഇപ്രാവശ്യം മെഡല്‍ നേടിയവരിലധികം വനിതകളാണ് എന്നതും പ്രത്യേകതയാണ്. സ്‌ക്വാഷ് ആണെങ്കിലും ബോക്‌സിംഗാണെങ്കിലും വെയ്റ്റ് ലിഫ്റ്റിംഗാണെങ്കിലും ഷൂട്ടിംഗാണെങ്കിലും സ്ത്രീകള്‍ അത്ഭുതം കാട്ടി. ബാഡ്മിന്റണില്‍ അവസാന പോരാട്ടം ഭാരതത്തിന്റെ രണ്ട് കളിക്കാരായ സൈന നേഹ്‌വാളും പി.വി.സിന്ധുവും തമ്മിലായിരുന്നു. മത്സരമുണ്ടെങ്കിലും രണ്ടുമെഡലുകളും ഭാരതത്തിനു തന്നെയാകും കിട്ടുകയെന്നതില്‍ എല്ലാവര്‍ക്കുമുത്സാഹമായിരുന്നു. രാജ്യംമുഴുവന്‍ ആ കളി കണ്ടു. എനിക്കും കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.  ഗെയിംസില്‍ പങ്കെടുത്ത കളിക്കാര്‍ രാജ്യത്തിന്റെ പല പല ഭാഗങ്ങളില്‍ നിന്ന്, ചെറിയ ചെറിയ നഗരങ്ങളില്‍നിന്നാണ് പോയത്. പല തടസ്സങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് അവര്‍ ഇന്ന് ഈ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നിരിക്കുന്നതില്‍ അവരുടെ മാതാപിതാക്കളുടെയും അവരുടെ രക്ഷിതാക്കളുടേയും കോച്ചുകളുടെയും മറ്റു സഹായികളായ സ്റ്റാഫുകളുടെയും സ്‌കൂളിന്റെയും സ്‌കൂളിലെ അധ്യാപകരുടെയും സ്‌കൂളിന്റെ അന്തരീക്ഷത്തിന്റെയുമെല്ലാം പങ്കുണ്ട്. എല്ലാ ചുറ്റുപാടുകളിലും അവര്‍ക്ക് ശക്തിപകര്‍ന്ന അവരുടെ സുഹൃത്തുക്കളുടെയും പങ്കുണ്ട്. ഞാന്‍ ആ കളിക്കാര്‍ക്കൊപ്പം ബന്ധപ്പെട്ടവര്‍ക്കെല്ലാം വളരെവളരെ അഭിനന്ദനങ്ങള്‍ നേരുന്നു, ശുഭാംശകള്‍ അര്‍പ്പിക്കുന്നു.
കഴിഞ്ഞ മാസം മന്‍ കീ ബാത്തില്‍ ഞാന്‍ ജനങ്ങളോട്, വിശേഷിച്ചും യുവാക്കളോട് ഫിറ്റ് ഇന്ത്യ എന്ന ആഹ്വാനം നടത്തുകയുണ്ടായി. വരൂ ഫിറ്റ് ഇന്ത്യയുമായി സഹകരിക്കൂ, ഫിറ്റ് ഇന്ത്യയെ നയിക്കൂ എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ആളുകള്‍ വളരെ ഉത്സാഹത്തോടെ ഇതില്‍ ചേരുന്നു എന്നതില്‍ എനിക്കു വളരെ സന്തോഷമുണ്ട്. വളരെയധികം ആളുകള്‍ പിന്തുണച്ചുകൊണ്ട് കത്തുകളയച്ചു, സാമൂഹിക മാധ്യമങ്ങളിലും തങ്ങളുടെ ഫിറ്റ്‌നസ് മന്ത്രം, ഫിറ്റ് ഇന്ത്യ പരിപാടിയുമായി ബന്ധപ്പെട്ട കഥകള്‍ എന്നിവ പങ്കുവെച്ചിട്ടുണ്ട്.
ശ്രീ. ശശികാന്ത് ഭോസ്ലെ നീന്തല്‍ കുളത്തിലെ സ്വന്തം ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നു, മൈ വെപണ്‍ ഈസ് മൈ ബോഡി, മൈ എലമന്റ് ഈസ് വാട്ടര്‍, മൈ വേള്‍ഡ് ഈസ് സ്വിമ്മിംഗ്... ('My weapon is my body, my element is water, My world is swimming.') എന്റെ ആയുധം എന്റെ ശരീരമാണ്, എന്റെ ഘടകം ജലമാണ്, എന്റെ ലോകം നീന്തലാണ്.
രൂമാ ദേവനാഥ് എഴുതുന്നു, പ്രഭാതസവാരിയില്‍ സ്വയം സന്തോഷവും ആരോഗ്യവും അനുഭവിക്കുന്നു.  തുടര്‍ന്നു പറയുന്നു, 'For me – fitness comes with a smiles and we should smile, when we are happy.'  എനിക്ക് ആരോഗ്യമുണ്ടാകുന്നത് ചിരിയിലൂടെയാണ്... നമുക്കു സന്തോഷമുള്ളപ്പോള്‍ നാം ചിരിക്കണം.

ദേവ്‌നാഥ് ജീ, ഫിറ്റ്‌നസിലാണ് ആരോഗ്യം എന്നതില്‍ സംശയമേ ഇല്ല.
ധവള്‍ പ്രജാപതി ട്രക്കിംഗ് നടത്തുന്ന സ്വന്തം ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് എഴുതിയിരിക്കുന്നു, 'എന്നെ സംബന്ധിച്ചിടത്തോളം യാത്രയും ട്രക്കിംഗുമാണ് ഫിറ്റ് ഇന്ത്യ.' പേരുകേട്ട പലരും വളരെ ആകര്‍ഷകമായ രീതിയില്‍ ഫിറ്റ് ഇന്ത്യയ്ക്കുവേണ്ടി നമ്മുടെ യുവാക്കളെ പ്രേരിപ്പിക്കുന്നു എന്നു കാണുന്നതില്‍ വളരെ സന്തോഷം തോന്നി. സനിമാ കാലാകാരന്‍ അക്ഷയ്കുമാര്‍ ട്വിറ്ററില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഞാനും അതു കണ്ടു. നിങ്ങളേവരും തീര്‍ച്ചയായും കാണണം. ഇതില്‍ അദ്ദേഹം വുഡന്‍ ബീഡുമായി വ്യായാമം ചെയ്യുന്നത് കാണാനായി. അദ്ദേഹം പറയുന്നു, 'ഈ വ്യായാമം പുറത്തിനും വയറിന്റെ മാംസപേശികള്‍ക്കും വളരെ നല്ലതാണ്' എന്ന്. മറ്റൊരു വീഡിയോയും പ്രചാരത്തിലുണ്ട്. അതില്‍  അദ്ദേഹം ആളുകളുമായി വോളിബോള്‍ കളിക്കുകയാണ്. വളരെയധികം യുവാക്കളും ഫിറ്റ് ഇന്ത്യാ പ്രയത്‌നങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നു. ഞാന്‍ വിചാരിക്കുന്നത് ഇതുപോലെയുള്ള മുന്നേറ്റങ്ങള്‍ നമുക്കേവര്‍ക്കും, രാജ്യത്തിനുമുഴുവനും വളരെ പ്രയോജനപ്രദമാണെന്നാണ്.  മറ്റൊരു കാര്യം കൂടി തീര്‍ച്ചയായും പറയാനുണ്ട്. ചെലവില്ലാത്ത ഫിറ്റ് ഇന്ത്യാ മൂവ്‌മെന്റിന്റെ പേരാണ് യോഗ എന്നത്. ഫിറ്റ് ഇന്ത്യാ പരിപാടിയില്‍ യോഗയ്ക്ക് വിശേഷാല്‍ പ്രാധാന്യമുണ്ട്, നിങ്ങളും തയ്യാറെടുപ്പു തുടങ്ങിയിട്ടുണ്ടാകും. ജൂണ്‍ 21 ലെ അന്താരാഷ്ട്ര യോഗദിനത്തിന്റെ പ്രാധാന്യം ഇപ്പോള്‍ ലോകം മുഴുവന്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളും ഇപ്പോഴേ തയ്യാറെടുപ്പു തുടങ്ങിക്കോളൂ. ഒറ്റയ്ക്കല്ല, നിങ്ങളുടെ നഗരം, നിങ്ങളുടെ ഗ്രാമം, നിങ്ങളുടെ കോളനി, നിങ്ങളുടെ സ്‌കൂള്‍, നിങ്ങളുടെ കോളജ് തുടങ്ങി എല്ലായിടവും, എല്ലാവരും, ഏതു പ്രായത്തിലുള്ളവരാണെങ്കിലും പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും യോഗയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തണം. ശരീരത്തിന്റെ പരിപൂര്‍ണ്ണ വികസനത്തിന്, മാനസിക വികസനത്തിന്, മാനസികമായ സന്തുലനത്തിന് യോഗ എങ്ങനെ പ്രയോജനപ്പെടുന്നു എന്ന് ഇന്നിപ്പോള്‍ ഇന്ത്യയിലോ ലോകത്തെവിടെയുമോ വിശേഷിച്ച് പറയേണ്ട കാര്യമില്ല. എന്റെ ആനിമേറ്റഡ് വീഡിയോ വളരെ പ്രചാരത്തിലായിരിക്കുന്നത് നിങ്ങളും കണ്ടുകാണും. അവര്‍ വളരെ സൂക്ഷ്മമായി ഒരു ടീച്ചര്‍ കാണിച്ചു തരേണ്ട  കാര്യമാകെയും ആനിമേഷനിലൂടെ കാട്ടിയിരിക്കുന്നു. നിങ്ങള്‍ക്കും അതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.
എന്റെ യുവസുഹൃത്തുക്കളേ.. നിങ്ങളിപ്പോള്‍ പരീക്ഷ, പരീക്ഷ എന്ന വേവലാതിയില്‍ നിന്ന് രക്ഷപ്പെട്ട് അവധിക്കാലത്ത് എന്തു ചെയ്യണം എന്ന ആലോചനയിലായിരിക്കും. അവധിക്കാലം എങ്ങനെ ആഘോഷിക്കണം, എവിടെ പോകണം എന്നൊക്കെ ആലോചിക്കയായിരിക്കും. നിങ്ങളെ ഒരുപുതിയ ജോലിക്കായി ക്ഷണിച്ചുകൊണ്ട് ഞാന്‍ ചിലതു പറയാനാഗ്രഹിക്കുന്നു. വളരെയധികം യുവാക്കള്‍ ഈയിടെ എന്തെങ്കിലും പുതിയതായി പഠിക്കാന്‍ തങ്ങളുടെ സമയം ചിലവാക്കുന്നു. സമ്മര്‍ ഇന്റേണ്‍ഷിപ്പിന്റെ പ്രാധാന്യം വര്‍ധിച്ചു വരുകയാണ്. യുവാക്കളും അത് അന്വേഷിക്കുന്നു. അല്ലെങ്കിലും ഇന്റേണ്‍ഷിപ്പ് അതിന്റെതായ രീതിയില്‍ ഒരു പുതിയ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. നാലു ചുവരുകള്‍ക്ക് പുറത്ത്, കടലാസിലും പേനയിലും കമ്പ്യൂട്ടറിലും നിന്നു രക്ഷപ്പെട്ട് ജീവിതം ഒരു പുതിയ രീതിയില്‍ ജീവിക്കുന്നതിന്റെ അനുഭവം നേടാനുള്ള അവസരമാണു ലഭിക്കുന്നത്. എന്റെ യുവസുഹൃത്തുക്കളേ, ഒരു വിശേഷപ്പെട്ട ഇന്റേണ്‍ഷിപ്പിന് ഞാന്‍ നിങ്ങളെ ക്ഷണിക്കയാണ്. ഭാരതസര്‍ക്കാരിന്റെ മൂന്നു മന്ത്രാലയങ്ങള്‍- സ്‌പോര്‍ട്‌സ്, മാനവവിഭവശേഷി വികസനമന്ത്രാലയം, കുടിവെള്ള മന്ത്രാലയം എന്നിവ ഒരുമിച്ച് ഒരു സ്വച്ഛ്ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ് 2018 ആരംഭിച്ചിട്ടുണ്ട്. കോളജിലെ വിദ്യാര്‍ഥിനീവിദ്യാര്‍ഥികള്‍, എന്‍സിസിയിലെ യുവാക്കള്‍, എന്‍എസ്എസ്, നെഹ്‌റു യുവ കേന്ദ്ര വളന്റിയര്‍മാര്‍ എന്നിവര്‍ രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നെങ്കില്‍, സമൂഹത്തിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും പഠിക്കാനാഗ്രഹിക്കുന്നെങ്കില്‍, സമൂഹത്തിന്റെ മാറ്റത്തിന് അതുമായി ചേരാനാഗ്രഹിക്കുന്നെങ്കില്‍, അതിന് കാരണക്കാരാകാനാഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്കിതില്‍ ചേരാം. ഒരു പോസിറ്റീവ് ഊര്‍ജ്ജവുമായി സമൂഹത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നവര്‍ക്കുള്ള അവസരമാണിത്. ഇതിലൂടെ ശുചിത്വത്തിന് പിന്തുണയും ബലവും ലഭിക്കും. ഒക്‌ടോബര്‍ 2 ന് മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍, അതിനു മുമ്പായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചു എന്ന സന്തോഷം ലഭിക്കും. ഇതില്‍ പങ്കുചേരുന്ന മികച്ച അംഗങ്ങള്‍, കോളജില്‍ നല്ല കാര്യം ചെയ്തവര്‍, യൂണിവേഴ്‌സിറ്റിയില്‍ നല്ലകാര്യം ചെയ്തവര്‍ എന്നിവര്‍ക്കെല്ലാം ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ നല്കും. ഈ ഇന്റേണ്‍ഷിപ് വിജയപ്രദമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും സ്വച്ഛഭാരത് മിഷന്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്കുന്നതാണ്. ഇത്രമാത്രമല്ല, വളരെ നന്നായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് യുജിസി രണ്ട് ക്രെഡിറ്റ് പോയിന്റുകള്‍ നല്കും. വിദ്യാര്‍ഥികളേയും വിദ്യാര്‍ഥിനികളെയും യുവാക്കളെയും ഒരിക്കല്‍ കൂടി ഇന്റേണ്‍ഷിപ്പിനായി ക്ഷണിക്കുകയാണ്. ഇതിന്റെ പ്രയോജനം നേടൂ.  മൈ ജിഒവി യില്‍ പോയി സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സ്വച്ഛതയ്ക്കുവേണ്ടിയുള്ള ഈ മുന്നേറ്റത്തില്‍ നമ്മുടെ യുവാക്കള്‍ മുന്നോട്ടു വരുമെന്ന് ഞാന്‍ ആശിക്കുന്നു. നിങ്ങളുടെ ഇക്കാര്യത്തിലുള്ള ശ്രമങ്ങളെക്കുറിച്ചറിയാന്‍ എനിക്ക് ആകാംക്ഷയുണ്ട്. നിങ്ങളറിയുന്ന കാര്യങ്ങള്‍ അറിയിക്കു, സംഭവങ്ങളെക്കുറിച്ചറിയിക്കൂ, ഫോട്ടോ അയയ്ക്കൂ, വീഡിയോ അയയ്ക്കൂ. വരൂ. ഒരു പുതിയ അനുഭവത്തിനായി ഈ അവധിക്കാലം പ്രയോജനപ്പെടുത്തൂ.
പ്രിയപ്പെട്ട ദേശവാസികളേ, ഞാന്‍ സൗകര്യം കിട്ടുമ്പോഴെല്ലാം ദൂരദര്‍ശനിലെ ഗുഡ് ന്യൂസ് ഇന്ത്യ എന്ന പരിപാടി കാണാറുണ്ട്. അത് എല്ലാവരും കാണണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിക്കാനാഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തെ ഏതെല്ലാം മൂലകളില്‍ എത്രയെത്ര ആളുകള്‍ എങ്ങനെയെല്ലാമുള്ള നല്ല നല്ല കാര്യങ്ങളാണ് ചെയ്യുന്നതെന്ന്, എന്തെല്ലാം നല്ല കാര്യങ്ങളാണ് നടക്കുന്നതെന്ന് നമുക്ക് കാണാനാകും.
ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിസ്വാര്‍ഥരായി ഒത്തുചേര്‍ന്നിരിക്കുന്ന യുവാക്കളുടെ കഥ ഞാന്‍ കഴിഞ്ഞ ദിവസം അതില്‍ കണ്ടു. ഈ യുവാക്കളുടെ കൂട്ടുകെട്ട് ദല്ലിയിലെ തെരുവു കുട്ടികളുടെയും  കുടിലുകളില്‍ കഴിയുന്ന കുട്ടികളുടെയും വിദ്യാഭ്യാസത്തിന് ഒരു വലിയ പരിപാടി ആരംഭിച്ചിരിക്കയാണ്.  പാതയോരത്ത് ഭിക്ഷയാചിക്കുന്ന അല്ലെങ്കില്‍ ചെറിയ ചെറിയ ജോലി ചെയ്തു നടക്കുന്ന കുട്ടികളുടെ അവസ്ഥ അവരെ പിടിച്ചുലച്ചു. ഇത് മൂലം അവര്‍ ഈ ക്രിയാത്മകമായ പ്രവര്‍ത്തിക്കായി  ഇറങ്ങിത്തിരിച്ചു. അതാണ് തുടക്കം. ദില്ലിയിലെ ഗീതാ കോളനിയുടെ അടുത്തുള്ള കുടിലുകളിലെ 15 കുട്ടികളുമായി ആരംഭിച്ച ഈ പരിപാടി ഇന്ന് തലസ്ഥാനത്തെ 12 ഇടങ്ങളിലായി രണ്ടായിരം കുട്ടികളെ ഒന്നിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ട യുവാക്കള്‍, അധ്യാപകര്‍ എന്നിവര്‍ തങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് രണ്ടു മണിക്കൂര്‍ മാറ്റി വച്ച് സാമൂഹിക മാറ്റത്തിനായി ഈ ഭഗീരഥ പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ്.
സഹോദരീ സഹോദരന്മാരേ, ഇതേപോലെ തന്നെ ഉത്തരാഖണ്ഡിലെ പര്‍വ്വതപ്രദേശത്തെ ചില കര്‍ഷകര്‍ രാജ്യമെങ്ങുമുള്ള കര്‍ഷകര്‍ക്ക് പ്രേരണാസ്രോതസ്സായിരിക്കയാണ്. അവര്‍ ഒത്തൊരുമിച്ച പ്രയത്‌നത്തിലൂടെ തങ്ങളുടേതു മാത്രമല്ല ആ പ്രദേശത്തിന്റെതന്നെ വിധി മാറ്റിമറിച്ചു.  ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ പ്രധാനമായും റാഗി, ചൗലായി(amaranth), ചോളം അല്ലെങ്കില്‍ ബാര്‍ലിയാണു കൃഷി ചെയ്യുന്നത്. പര്‍വ്വതപ്രദേശമായതുകൊണ്ട് കര്‍ഷകര്‍ക്ക് ഇവയ്ക്ക് അര്‍ഹിക്കുന്ന വില കിട്ടിയിരുന്നില്ല. എന്നാല്‍ കപ്‌കോട് ഗ്രാമത്തിലെ കര്‍ഷകര്‍ ഈ വിളവുകളെ നേരെ വിപണിയില്‍ വിറ്റ് നഷ്ടം സഹിക്കുന്നതിനു പകരം അവയെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി. അവര്‍ എന്തു ചെയ്തു? അവര്‍ ഈ വിളവുകളുപയോഗിച്ച് ബിസ്‌കറ്റ് ഉണ്ടാക്കാനാരംഭിച്ചു, എന്നിട്ട് അത് വില്ക്കാന്‍ തുടങ്ങി. ഇരുമ്പിന്റെ സാന്നിദ്ധ്യം (അയണ്‍) കൂടുതലുള്ള ഈ ബിസ്‌കറ്റ് ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ്. ഈ കര്‍ഷകര്‍ മുനാര്‍ ഗ്രാമത്തില്‍ ഒരു സഹകരണസംഘം ഉണ്ടാക്കിയിട്ട്, അവിടെ ബിസ്‌കറ്റുണ്ടാക്കുന്ന ഫാക്ടറി ആരംഭിച്ചു. കര്‍ഷകരുടെ ധൈര്യം കണ്ട് ഭരണകൂടവും അതിനെ ദേശീയ ഉപജീവനമിഷനുമായി ബന്ധിപ്പിച്ചു. ഈ ബിസ്‌കറ്റ്  ഇപ്പോള്‍ ബാഗേശ്വര്‍ ജില്ലയില്‍ മാത്രമല്ല ഉദ്ദേശം 50 അംഗനവാടി കേന്ദ്രങ്ങളില്‍, അല്‍മോറാ, കൈസാനി വരെ എത്തിക്കുന്നു.  കര്‍ഷകരുടെ അധ്വാനം കൊണ്ട് ആ സംഘത്തിന്റെ വാര്‍ഷിക വിറ്റുവരവ് 10-15 ലക്ഷം രൂപ വരെ എത്തിയെന്നു മാത്രമല്ല, 900 ലധികം കുടുംബങ്ങള്‍ക്ക് തൊഴിലവസരം കിട്ടുന്നതുകൊണ്ട് ജില്ലയില്‍ നിന്ന്  ആളുകളുടെ തൊഴില്‍ തേടി പുറത്തേക്കുള്ള പോക്കും കുറഞ്ഞിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഭാവിയില്‍ ലോകത്ത് വെള്ളത്തിന്റെ പേരില്‍ യുദ്ധംതന്നെ ഉണ്ടാകുമെന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാവരും ഇതു പറയുന്നുവെങ്കിലും നമുക്കെന്താണ് ഉത്തരവാദിത്തമെന്നു ചിന്തിക്കുന്നില്ല. ജലസംരക്ഷണമെന്നത് സാമൂഹിക ഉത്തരവാദിത്തമായിരിക്കണമെന്ന് നമുക്കു തോന്നുന്നില്ലേ? എല്ലാവരുടെയും ഉത്തരവാദിത്തമാകണം. ഓരോ മഴത്തുള്ളിയും നാമെങ്ങനെ സംരക്ഷിക്കണം എന്നു ചിന്തിക്കണം. ഭാരതീയരുടെ മനസ്സില്‍ ജലസംരക്ഷണം ഒരു പുതിയ വിഷയമല്ലെന്ന് നമുക്കറിയാം. പുസ്തകത്തിലെ വിഷയവുമല്ല, ഭാഷയുടെ വിഷയവുമല്ല. നൂറ്റാണ്ടുകളായി നമ്മുടെ പൂര്‍വ്വികര്‍ ഇത് ജീവിച്ചു കാട്ടിയിട്ടുള്ളതാണ്. ഓരോരോ തുള്ളി ജലത്തിന്റെയും മാഹാത്മ്യത്തിന് അവര്‍ മുന്‍ഗണന നല്കി. ഓരോ തുള്ളി വെള്ളവും എങ്ങനെ സൂക്ഷിച്ചുവയ്ക്കാമെന്നതിന് അവര്‍ പുതിയ പുതിയ ഉപായങ്ങള്‍ അന്വേഷിച്ചു.  നിങ്ങളില്‍ തമിഴ്‌നാട്ടില്‍ പോകാന്‍ അവസരം ലഭിച്ചിട്ടുള്ളവര്‍ കണ്ടിട്ടുണ്ടാകും, തമിഴ് നാട്ടില്‍ ചില ക്ഷേത്രങ്ങളില്‍ ജലസേചന സൗകര്യം, ജലസംരക്ഷണ സൗകര്യം, വരള്‍ച്ചയില്‍ നിന്നു രക്ഷപ്പെടാനുള്ള ഉപായങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വലിയ വലിയ ശിലാലിഖിതങ്ങള്‍ ഉണ്ട്. മനാര്‍ കോവില്‍, ചിരാന്‍മഹാദേവി, കോവില്‍പട്ടി, പുതുക്കോട്ടൈ തുടങ്ങിയ ഇടങ്ങളില്‍ വലിയ വലിയ ശിലാലിഖിതങ്ങളുണ്ട്. ഇന്നും പല കുളങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളെന്നപോലെയാണ്. എന്നാല്‍ ജലംസംഭരണത്തിനുള്ള ഈ വലിയ വലിയ സംരഭങ്ങള്‍ നമ്മുടെ പൂര്‍വ്വികരുടെ പരിശ്രമങ്ങളുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണെന്നതു മറക്കരുത്. ഗുജറാത്തിലെ അഡാലജ്, പാടന്‍ എന്നിവിടങ്ങളിലെ റാണീ കീ ബാവഡി എന്നറിയപ്പെടുന്ന കുളങ്ങള്‍ യുനസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളാണ്. ഇവയുടെ ഉത്കൃഷ്ടത കാണേണ്ടതുതന്നെയാണ്. ഈ കുളങ്ങള്‍ ഒരു തരത്തില്‍ ജലക്ഷേത്രങ്ങള്‍ തന്നെയാണ്. നിങ്ങള്‍ രാജസ്ഥാനില്‍ പോയാല്‍ ജോധ്പുരിലെ ചാന്ദബാവഡി എന്നയിടത്ത് തീര്‍ച്ചയായും പോകണം. ഇത് ഭാരതത്തിലെ ഏറ്റവും വലുതും സുന്ദരവുമായ ബാവഡി (കുളം)കളിലൊന്നാണ്. അത് ജലക്ഷാമമുള്ള പ്രദേശത്താണുള്ളത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഏപ്രില്‍, മെയ്, ജൂണ്‍, ജൂലൈ സമയങ്ങള്‍ മഴവെള്ളം സംഭരിക്കാനുള്ള നല്ല സമയമാണ്.. നാം മുന്‍കൂട്ടി എത്ര തയ്യാറെടുപ്പു നടത്തുന്നോ അതനുസരിച്ച് പ്രയോജനവും ലഭിക്കും. എം.എന്‍.ആര്‍.ഇ.ജി.എ യുടെ (MNREGA) ബജറ്റും ഈ ജലസംരക്ഷണത്തിന് പ്രയോജനപ്പെടും. കഴിഞ്ഞ മുന്നു വര്‍ഷങ്ങളില്‍ ജലസംരക്ഷണം, ജലമാനേജ്‌മെന്റ് കാര്യങ്ങളില്‍ എല്ലാവരും തങ്ങളുടേതായ രീതിയില്‍ ചില കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. എല്ലാ വര്‍ഷവും എം.എന്‍.ആര്‍.ഇ.ജി.എയുടെ ബജറ്റില്‍ നിന്നുള്ളതു കൂടാതെ ജലസംരക്ഷണത്തിനും ജല മാനേജ്‌മെന്റിനുമായി ശരാശരി മുപ്പത്തിരണ്ടായിരം കോടി രൂപ ചിലവാക്കിയിട്ടുണ്ട്. 2017-18 ലെ കാര്യം പറഞ്ഞാല്‍ 64000 കോടി രൂപാ ആകെ ചിലവിന്റെ 55 ശതമാനം, അതായത് ഏകദേശം മുപ്പത്തി അയ്യായിരം കോടി രൂപാ ജലസംരക്ഷണം പോലുള്ള കാര്യത്തിനായി ചിലവാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളിലായി ഇങ്ങനെയുള്ള ജലസംരക്ഷണവും ജലമാനേജ്‌മെന്റും വഴി ഏകദേശം 150 ലക്ഷം ഹെക്ടര്‍ ഭൂമിക്ക് കൂടുതലായി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജലസംരക്ഷണത്തിനു ജലമാനേജ്‌മെന്റിനുമായി കേന്ദ്ര ഗവണ്‍മെന്റില്‍നിന്ന് എം.എന്‍.ആര്‍.ഇ.ജി.എയില്‍ ലഭിക്കുന്ന ധനം ചിലര്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കുട്ടമ്പേരൂര്‍ എന്ന നദിയില്‍, ഏഴായിരം എം.എന്‍.ആര്‍.ഇ.ജി.എ തൊഴിലാളികള്‍ 70 ദിവസത്തെ കഠിനാധ്വാനത്തിലൂടെ ആ നദിയെ പുനരുജ്ജീവിപ്പിച്ചു. ഗംഗയും യമുനയും ജലംനിറഞ്ഞ നദിയാണെങ്കിലും ഉത്തരഭാരതത്തിലെ ഫത്തേഹ്പൂര്‍ ജില്ലയിലെ സസുര്‍, ഖദേരി എന്നീ പേരുകളിലുള്ള രണ്ടു നദികള്‍ വരണ്ടുപോയി. ജില്ലാ ഭരണകൂടം എം.എന്‍.ആര്‍.ഇ.ജി.എയുടെ കീഴില്‍ ഭൂപരിപാലനത്തിനും ജലസംരക്ഷണത്തിനുമായി വലിയ  ഉത്തരവാദിത്തം ഏറ്റെടുത്തു. ഏകദേശം 40-45 ഗ്രാമങ്ങളിലെ ആളുകളുടെ സഹായത്തോടെ വരണ്ടു പോയിരുന്ന സസുര്‍, ഖദേരി നദികളെ പുനരുജ്ജീവിപ്പിച്ചു. മൃഗങ്ങളാണെങ്കിലും പക്ഷികളാണെങ്കിലും കര്‍ഷകരാണെങ്കിലും കൃഷിയിടമാണെങ്കിലും ഗ്രാമമാണെങ്കിലും അവയെയെല്ലാം സംബന്ധിച്ചിടത്തോളം എത്ര അനുഗ്രഹീതമാണ് ഈ വിജയം! ഒരിക്കല്‍കൂടി ഏപ്രില്‍, മെയ്, ജൂണ്‍, ജൂലായ് മാസങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.. ജലാശയങ്ങളുണ്ടാക്കാനും ജലസംരക്ഷണത്തിനും നമുക്കും ചില ഉത്തരവാദിത്തങ്ങളേറ്റെടുക്കാം, നമുക്കു ചില പദ്ധതികളുണ്ടാക്കാം, നമുക്കും എന്തെങ്കിലും ചെയ്തുകാട്ടാം.
പ്രിയപ്പെട്ട ജനങ്ങളേ, മന്‍കീ ബാത്തിന്റെ സമയമാകുമ്പോഴേക്കും എനിക്കു നാലുപാടുനിന്നും സന്ദേശങ്ങള്‍ വരുന്നു, കത്തുകള്‍ വരുന്നു, ഫോണ്‍ വരുന്നു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 ഫര്‍ഗാന ജില്ലയിലെ ദേവിതോല  എന്ന ഗ്രാമത്തിലെ ആയന്‍കുമാര്‍ ബാനര്‍ജി മൈജിഒവി ല്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നു - 'നാം എല്ലാ വര്‍ഷവും രവീന്ദ്രജയന്തി ആഘോഷിക്കുന്നു, എന്നാല്‍ പലര്‍ക്കും സമാധാനത്തോടെ, ഭംഗിയോടെ, സമഗ്രതയോടെ ജീവിക്കണമെന്ന ജീവിതദര്‍ശനത്തെക്കുറിച്ച് അറിയുകയേയില്ല. ദയവായി ആളുകള്‍ ഇതേക്കുറിച്ച് അറിയുന്നതിന് മന്‍കീ ബാത് പരിപാടിയില്‍ ഈ വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യണം.'
മന്‍ കീ ബാത് കേള്‍ക്കുന്ന എല്ലാ സുഹൃത്തുക്കളെയും ഈ വിഷയത്തിലേക്ക് ശ്രദ്ധക്ഷണിച്ചതിന് ഞാന്‍ നന്ദി പറയുന്നു. ഗുരുദേവ് ടാഗോര്‍ അറിവും വിവേകവുമുള്ള സമ്പൂര്‍ണ്ണ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ തൂലിക എല്ലാവരിലും മായാത്ത മുദ്രയാണു പതിപ്പിച്ചത്. രവീന്ദ്രനാഥ് പ്രതിഭാശാലിയായ വ്യക്തിത്വമായിരുന്നു, ബഹുമുഖവ്യക്തിത്വമായിരുന്നു.. എന്നാല്‍ അദ്ദേഹത്തിന്റെയുള്ളില്‍ ഒരു അധ്യാപകനുണ്ടായിരുന്നുവെന്ന് നമുക്ക് അനുഭവിച്ചറിയാനാകും. അദ്ദേഹം ഗീതാഞ്ജലിയില്‍ എഴുതിയിട്ടുണ്ട്, He, who has the knowledge has the responsibility to impart it to the students.' അറിവുള്ളവര്‍ക്ക് ആ അറിവ് ജിജ്ഞാസുക്കള്‍ക്ക് വിതരണം ചെയ്തു നല്‍കാനുള്ള ഉത്തരവാദിത്തമുണ്ട്.
എനിക്കു ബംഗാളി ഭാഷ അറിയില്ല. പക്ഷേ, കുട്ടിക്കാലത്ത് എനിക്ക് നേരത്തേ ഉണരുന്ന ശീലമുണ്ടായിരുന്നു. കുട്ടികാലം മുതല്‍ക്കേ... പൂര്‍വ്വ ഹിന്ദുസ്ഥാനില്‍ റേഡിയോ നേരത്തേ തുടങ്ങും. പശ്ചിമഹിന്ദുസ്ഥാനില്‍ വൈകിയാണു തുടങ്ങുക. അതുകൊണ്ട് എന്റെ ഓര്‍മ്മ രാവിലെ 5.30 ന് രവീന്ദ്രസംഗീതം ആരംഭിച്ചിരുന്നുവെന്നാണ്... റേഡിയോയില്‍..എനിക്കതു കേള്‍ക്കുന്ന ശീലമുണ്ടായിരുന്നു.  ഭാഷ അറിയില്ലെങ്കിലും രാവിലെതന്നെ എഴുന്നേറ്റ് റേഡിയോയില്‍ രവീന്ദ്രസംഗീതം കേള്‍ക്കുന്നത് എന്റെ ശീലമായി മാറി... ആനന്ദലോകേ... ആഗുനേര്‍.... പോരോശമോനീ... തുടങ്ങിയ കവിതകള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയിരുന്നപ്പോള്‍ മനസ്സിനുതന്നെ ഒരു വലിയ ശക്തിയാണു ലഭിച്ചിരുന്നത്. നിങ്ങളെയും രവീന്ദ്രസംഗീതം, അദ്ദേഹത്തിന്റെ കവിതകള്‍ വളരെ സ്വാധീനിച്ചിട്ടുണ്ടാകാം. രവീന്ദ്രനാഥ ടാഗോറിന് ഈ അവസരത്തില്‍ ഞാന്‍ ആദരവോടെ പ്രണാമമേകുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ വിശുദ്ധ റംസാന്‍ മാസം ആരംഭിക്കുകയായി. ലോകമെങ്ങും റംസാന്‍മാസം തികഞ്ഞ ആദരവോടും ബഹുമാനത്തോടും ആഘോഷിക്കപ്പെടുന്നു. ഉപവാസത്തിന്റെ സാമൂഹിക വശം മനുഷ്യന്‍ സ്വയം വിശന്നിരിക്കുമ്പോള്‍ അവന് മറ്റുള്ളവരുടെ വിശപ്പിനെ അറിയാനാകുന്നു എന്നതാണ്. സ്വയം ദാഹിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരുടെ ദാഹം അറിയാനാകുന്നു. പ്രവാചകന്‍ മുഹമ്മദ് പഠിപ്പിച്ച അദ്ദേഹത്തിന്റെ സന്ദേശവും ഓര്‍മ്മിക്കാനുള്ള അവസരമാണിത്. അദ്ദേഹത്തിന്റെ ജീവിതം പോലെ സാഹോദര്യത്തോടെയും ജീവിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. ഒരിക്കല്‍ ഒരാള്‍ പ്രവാചകനോടു ചോദിച്ചു, ഇസ്ലാമില്‍ ഏതു കാര്യമാണ് ഏറ്റവും നല്ലത് എന്ന്. പ്രവാചകന്‍ മറുപടി പറഞ്ഞു, 'ഏതെങ്കിലും ദരിദ്രനോ വിശക്കുന്നവനോ ഭക്ഷണം കൊടുക്കുകയും എല്ലാവരുമായി, നിങ്ങള്‍ അറിയുന്നവരാണെങ്കിലും അല്ലെങ്കിലും സന്മനോഭാവത്തോടെ പെരുമാറുകയും ചെയ്യുക.' പ്രവാചകന്‍ മുഹമ്മദ് അറിവിലും കാരുണ്യത്തിലും വിശ്വാസമര്‍പ്പിച്ചിരുന്നു. ആദ്ദേഹത്തിന് ഒരു കാര്യത്തിലും അഹങ്കാരമുണ്ടായിരുന്നില്ല. അഹങ്കാരമാണ് ജ്ഞാനത്തെ പരാജയപ്പെടുത്തുന്നതെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പ്രവാചകന്‍ മുഹമ്മദ് കരുതിയിരുന്നത് നിങ്ങളുടെ പക്കല്‍ നിങ്ങളുടെ ആവശ്യത്തിലധികമായി എന്തുണ്ടെങ്കിലും അത് ആവശ്യമുള്ള ആര്‍ക്കെങ്കിലും നല്കണം എന്നാണ്. അതുകൊണ്ടുതന്നെയാണ് റംസാനില്‍ ദാനത്തിന് വളരെ പ്രാധാന്യമുള്ളത്. ആളുകള്‍ ഈ പുണ്യമാസത്തില്‍ അര്‍ഹിക്കുന്നവര്‍ക്ക് ദാനമേകുന്നു. പ്രവാചകന്‍ മുഹമ്മദിന്റെ അഭിപ്രായത്തില്‍ ഒരു വ്യക്തി പവിത്രമായ ആത്മാവുകൊണ്ടാണ് ധനവാനാകുന്നത് അല്ലാതെ ധനവും സമ്പത്തും കൊണ്ടല്ല. റംസാന്റെ പുണ്യമാസത്തില്‍ ഞാന്‍ എല്ലാ ജനങ്ങള്‍ക്കും ശുഭാശംസകള്‍ നേരുന്നു. ഈ അവസരം ആളുകള്‍ ശാന്തിയോടും സന്മനസ്സോടും ജീവിക്കണമെന്ന അദ്ദേഹത്തിന്റെ സന്ദേശം അനുസരിച്ചു ജീവിക്കാന്‍ പ്രേരണയേകുമെന്ന് ഞാനാശിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ബുദ്ധപൂര്‍ണ്ണിമ എല്ലാ ഭാരതീയര്‍ക്കും വിശേഷദിവസമാണ്. ഭാരതം കരുണ, സേവനം, ത്യാഗം എന്നിവയുടെ ശക്തി കാട്ടിത്തന്നെ മഹാമാനവനായ ഭഗവാന്‍ ബുദ്ധന്റെ ഭൂമിയാണെന്നതില്‍ നമുക്കഭിമാനിക്കാനാകണം. അദ്ദേഹം ലോകമെങ്ങും ലക്ഷക്കണക്കിന് ആളുകള്‍ക്ക് വഴികാട്ടിയായി. ഈ ബുദ്ധ പൂര്‍ണ്ണിമ ഭഗവാന്‍ ബുദ്ധനെ സ്മരിച്ചുകൊണ്ട്, അദ്ദേഹം കാട്ടിയ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കാനുള്ള, ദൃഢനിശ്ചയമെടുക്കാനും അതനുസരിച്ചു ജീവിക്കാനുമള്ള നമ്മുടെ ഉത്തരവാദിത്വത്തെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഭഗവാന്‍ ബുദ്ധന്‍ സമത്വം, ശാന്തി, സന്മനോഭാവം, സാഹോദര്യം എന്നിവയുടെ പ്രേരണാശക്തിയാണ്. ഇന്ന് ലോകമെങ്ങും ഏറ്റവുമധികം ആവശ്യമുള്ള മാനുഷിക മൂല്യമാണിത്. ബാബാ സാഹബ് അംബേഡ്കറുടെ സാമൂഹികക ദര്‍ശനത്തില്‍ ബുദ്ധന്റെ പ്രേരണ വളരെയധികമാണ്. ബാബാസാഹബ് തറപ്പിച്ചു പറയുന്നു - 'എന്റെ സാമൂഹിക ദര്‍ശനം മൂന്നു വാക്കുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടതെന്നു പറയാം- സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം. എന്റെ ദര്‍ശനത്തിന്റെ വേരുകള്‍ മതത്തിലാണ്, രാജനൈതികശാസ്ത്രത്തിലല്ല. ഞാനവ എന്റെ ഗുരുവായ ബുദ്ധനില്‍ നിന്ന് സ്വാംശീകരിച്ചിട്ടുള്ളതാണ്.'
ദളിതനാണെങ്കിലും കഷ്ടപ്പെടുന്ന, ചൂഷണം ചെയ്യപ്പെടുന്ന, നിഷേധിക്കപ്പെടുന്ന, പാര്‍ശ്വവത്കരിക്കപ്പെടുന്ന കോടിക്കണക്കിനാളുകളെ ബാബാസാഹബ് ഭരണഘടനയിലൂടെ സശക്തരാക്കി. കാരുണ്യത്തിന്റെ ഇതിനേക്കാള്‍ വലിയ ഉദാഹരണമില്ല. ആളുകളുടെ വേദനയിലുള്ള ഈ കാരുണ്യം ഭഗവാന്‍ ബുദ്ധന്റെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നായിരുന്നു. ബുദ്ധഭിക്ഷുക്കള്‍ അനേകം രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്നു. അവര്‍ തങ്ങളോടൊപ്പം ഭഗവാന്‍ ബുദ്ധന്റെ സമ്പന്നമായ ചിന്താഗതികളുമായിട്ടാണ് പോയിരുന്നത്... എന്നും അങ്ങനെയാണു നടന്നുപോന്നത്... ഏഷ്യയിലെവിടെയും ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ പാരമ്പര്യമായി ലഭ്യമായിട്ടുണ്ട്. ചൈന, ജപ്പാന്‍, കൊറിയ, തായ്‌ലാന്‍ഡ്, കമ്പോഡിയാ, മ്യാന്മാര്‍ തുടങ്ങിയ അനേകം ഏഷ്യന്‍ രാജ്യങ്ങള്‍ ബുദ്ധന്റെ ഈ പരമ്പര്യവുമായി, ഈ ഉപദേശങ്ങളുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ടാണ് ബുദ്ധിസ്റ്റ് ടൂറിസത്തിന് സാങ്കേതികസൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. അത് ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെയും ഭാരതത്തിലെ ബൗദ്ധ സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്നു. പല ബുദ്ധ ക്ഷേത്രങ്ങളും പുനരുദ്ധരിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ പങ്കാളിയാണെന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഇതില്‍ മ്യാന്മാറിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വൈഭവപൂര്‍ണ്ണമായ ആനന്ദ ക്ഷേത്രവും ഉള്‍പ്പെടുന്നു. ഇന്ന് ലോകമെങ്ങും സംഘര്‍ഷത്തിന്റെയും മാനുഷിക വേദനയുടെയും ദൃശ്യങ്ങളാണുള്ളത്. ഭഗവാന്‍ ബുദ്ധന്റെ ഉപദേശങ്ങള്‍ വെറുപ്പിനെ ദയകൊണ്ട് ഇല്ലാതെയാക്കാനുള്ള വഴികാട്ടുന്നു. ഭഗവാന്‍ ബുദ്ധനോട് ആദരവുള്ള, കാരുണ്യത്തിന്റെ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്ന ലോകമെങ്ങുമുള്ള എല്ലാവര്‍ക്കും ഞാന്‍ ബുദ്ധപൂര്‍ണ്ണിമയുടെ മംഗളാശംസകള്‍ നേരുന്നു. ഈ ലോകത്തിനുമുഴുവനും വേണ്ടി, അദ്ദേഹത്തിന്റെ ഉപദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ശാന്തിപൂര്‍ണമായ, കാരുണ്യം നിറഞ്ഞ ലോകനിര്‍മ്മിതിക്കായി എന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ഭഗവാന്‍ ബുദ്ധന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു. ഇന്ന് നാമെല്ലാം ഭഗവാന്‍ ബുദ്ധനെ ഓര്‍മ്മിക്കുന്നു. നിങ്ങള്‍ ചിരിക്കുന്ന ബുദ്ധപ്രതിമകളെക്കുറിച്ചു കേട്ടിട്ടുണ്ടാകും. ചിരിക്കുന്ന ബുദ്ധന്‍ ഭാഗ്യം കൊണ്ടുവരുന്നു എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ പുഞ്ചിരിക്കുന്ന ബുദ്ധന്‍ ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തില്‍ ഒരു മഹത്തായ സംഭവവുമായി ബന്ധപ്പെട്ടതാണെന്ന് വളരെകുറച്ച് ആളുകള്‍ക്കേ അറിയൂ. പുഞ്ചിരിക്കുന്ന ബുദ്ധനും ഭാരതത്തിന്റെ സൈനികശക്തിയുമായി എന്തുബന്ധമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് 1998 മെയ് 11 ന് സായാഹ്നത്തില്‍ അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ രാജ്യത്തെങ്ങും അഭിമാനവും ആവേശവും സന്തോഷവും നിറച്ചു. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ഭാരത ജനതയ്ക്ക് പുതിയ ആത്മവിശ്വാസമുണ്ടായി. അത് ബുദ്ധപൂര്‍ണ്ണിമയുടെ ദിനമായിരുന്നു. 1998 മെയ് 11 ഭാരതത്തിന്റെ പടിഞ്ഞാറേ അറ്റത്ത് രാജസ്ഥാനിലെ പോഖ്‌റാനില്‍ ആണവപരീക്ഷണം നടത്തി. ഇപ്പോള്‍ ഇരുപതു വര്‍ഷങ്ങളാവുകയാണ്. ഭഗവാന്‍ ബുദ്ധന്റെ അനുഗ്രഹത്തോടെ ബുദ്ധപൂര്‍ണ്ണിമയുടെ ദിനമാണ് അത് നടത്തിയത്. ഭാരതത്തിന്റെ പരീക്ഷണം വിജയപ്രദമാവുകയും ശാസ്ത്രത്തിന്റെയും സാങ്കേതിവിദ്യയുടെയും കാര്യത്തില്‍ ഭാരതം കഴിവു കാണിക്കുകയും ചെയ്തു. ആ ദിനം ഭാരതചരിത്രത്തില്‍ സൈനിക ശക്തിയുടെ പ്രദര്‍ശനമെന്ന നിലയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അന്തരാത്മാവിന്റെ ശക്തി ശാന്തിക്ക് ആവശ്യമാണെന്ന് ഭഗവാന്‍ ബുദ്ധന്‍ ലോകത്തിനു കാട്ടിക്കൊടുത്തു. അതുപോലെ നിങ്ങള്‍ ഒരു രാജ്യമെന്ന നിലയില്‍ ശക്തി പ്രാപിക്കുമ്പോള്‍ നിങ്ങള്‍ക്കേവരോടും ശാന്തിയോടെ കഴിയാനുമാകും. 1998 മെയ് മാസം ആണവപരീക്ഷണം നടത്തിയെന്നതുകൊണ്ടു മാത്രമല്ല രാജ്യത്തിന് പ്രധാനമായിരിക്കുന്നത്. അത് എങ്ങനെ നടത്തി എന്നതും വളരെ പ്രധാനുമാണ്. ഭാരതത്തിന്റെ ഭൂമി മഹാന്മാരായ ശാസ്ത്രജ്ഞരുടെ ഭൂമിയാണെന്നും ഒരു ശക്തമായ നേതൃത്വത്തോടെ ഭാരതം എന്നും പുതിയ ലക്ഷ്യങ്ങളും ഉയരങ്ങളും കീഴക്കടക്കുമെന്നും ലോകത്തിനു മുഴുവന്‍ കാട്ടിക്കൊടുത്തു. അടല്‍ ബിഹാരി വാജ്‌പേയിജി ഒരു മന്ത്രം നല്കിയിരുന്നു, ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്ന്... നാം 1998 മെയ് 11 ലെ പരീക്ഷണത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭാരതത്തിന്റെ ശക്തിക്കായി അടല്‍ ജി നല്കിയ ജയ് വിജ്ഞാന്‍ എന്ന മന്ത്രം ഉള്‍ക്കൊണ്ടുകൊണ്ട് ആധുനിക ഭാരതനിര്‍മ്മിതിക്കായി ശക്തിശാലിയായ ഭാരതനിര്‍മ്മിതിക്കായി തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കുമെന്ന് എല്ലാ യുവാക്കളും ദൃഢപ്രതിജ്ഞ ചെയ്യുക. സ്വന്തം കഴിവിനെ ഭാരതത്തിന്റെ കഴിവിന്റെ ഭാഗമാക്കുക. ഏതൊരു യാത്രയാണോ അടല്‍ജി ആരംഭിച്ചത്, അത് മുന്നോട്ടു കൊണ്ടുപോകുന്നതിലെ ഒരു പുതിയ ആനന്ദം, ഒരു പുതിയ സന്തോഷം നമുക്ക് അനുഭവിക്കാനാകും.
പ്രിയപ്പെട്ട ജനങ്ങളേ, വീണ്ടും മന്‍ കീ ബാത്തില്‍ കാണാം, അപ്പോള്‍ കുടുതല്‍ കാര്യങ്ങള്‍ പറയാം.
വളരെ വളരെ നന്ദി.

 

 

 

 



(Release ID: 1530710) Visitor Counter : 151