പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്വീഡനിലേക്കും ബ്രിട്ടനിലേക്കും യാത്ര പുറപ്പെടും മുമ്പ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

Posted On: 15 APR 2018 8:50PM by PIB Thiruvananthpuram

സ്വീഡനിലേക്കും ബ്രിട്ടനിലേക്കും യാത്ര പുറപ്പെടും മുമ്പ്   പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം:

'ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഇന്തോ-നോര്‍ഡിക് ഉച്ചകോടിക്കും കോമണ്‍വെല്‍ത്ത് ഗവണ്‍മെന്റ്  തലവന്മാരുടെ യോഗത്തിലും പങ്കെടുക്കുന്നതിനായി ഞാന്‍ 2018 ഏപ്രില്‍ 17 മുതല്‍ 20 വരെ സ്വീഡനും ബ്രിട്ടനും സന്ദര്‍ശിക്കും.

സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്നിന്റെ ക്ഷണപ്രകാരം ഏപ്രില്‍ 17 ന് ഞാന്‍ സ്റ്റോക്ക്ഹോമിലെത്തും. ഇത് സ്വീഡനിലേക്കുള്ള എന്റെ ആദ്യ സന്ദര്‍ശനമാണ്. ഇന്ത്യയും സ്വീഡനും വളരെ ഊഷ്മളവും സൗഹാര്‍ദപരവുമായ ബന്ധം പങ്കുവയ്ക്കുന്നുണ്ട്. ജനാധിപത്യ മൂല്യങ്ങളുടെയും, തുറന്നതും, ഉള്‍ച്ചേര്‍ച്ചയുള്ളതും, നിയമാധിഷ്ഠിതവുമായ

ഒരു ലോകക്രമത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നമ്മുടെ പങ്കാളിത്തം. പ്രധാനമന്ത്രി ലോഫ്വെനും എനിക്കും ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് പ്രമുഖരുമായി ആശയ വിനിമയം നടത്താനുള്ള അവസരവും ലഭിക്കും. ഇതിലൂടെ വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങള്‍, ശാസ്ത്രസാങ്കേതികവിദ്യ, നൈപുണ്യ വികസനം, സ്മാര്‍ട്ട് സിറ്റികള്‍, ശുദ്ധോര്‍ജ്ജം, ഡിജിറ്റല്‍വല്‍ക്കരണം, ആരോഗ്യം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് സഹകരണത്തിനുള്ള ഒരു ഭാവി ചട്ടക്കൂട് തയ്യാറാക്കും. അതോടൊപ്പം സ്വീഡനിലെ രാജാവ് ആദരണീയനായ കാള്‍ പതിനാറാമന്‍ ഗുസ്ഥാഫുമായും ഞാന്‍ കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും സ്വീഡനും ഫിന്‍ലന്‍ഡ്, നോര്‍വെ, ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരോടൊപ്പം സംയുക്തമായി ഏപ്രില്‍ 17ന്  ഇന്ത്യാ-നോര്‍ഡിക് ഉച്ചകോടി സംഘടിപ്പിക്കും. ശുദ്ധോര്‍ജ്ജം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, തുറമുഖങ്ങളുടെ നവീകരണം, ശീതീകരണ ശൃംഖലകള്‍, നൈപുണ്യവികസനം, നൂതനാശയം എന്നിവയില്‍  നോര്‍ഡിക് രാജ്യങ്ങള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ശക്തിയാണ്. ഈ നോര്‍ഡിക് കാര്യക്ഷമത ഇന്ത്യയുടെ പരിവര്‍ത്തനത്തിനുള്ള നമ്മുടെ വീക്ഷണത്തിന് അനുഗുണമാണ്.

പ്രധാനമന്ത്രി തെരേസാ മേയുടെ ക്ഷണപ്രകാരം 2018 ഏപ്രില്‍ 18ന് ഞാന്‍ ലണ്ടനിലെത്തും. 2015 നവംബറിലാണ് അവസാനമായി ഞാന്‍ ബ്രിട്ടണ്‍ സന്ദര്‍ശിച്ചത്. ശക്തവും ചരിത്ര ബദ്ധവുമായ ആധുനിക പങ്കാളിത്തം ഇന്ത്യയും ബ്രിട്ടനും തുടരുകയാണ്.

എന്റെ ലണ്ടന്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തില്‍ പുതിയ ചലനാത്മകത കൊണ്ടുവരാനുള്ള മറ്റൊരു അവസരമാണ്. ആരോഗ്യ സംരക്ഷണം, നൂതനാശയം, ഡിജിറ്റല്‍വല്‍ക്കരണം, ഇലക്ട്രിക്ക് മൊബിലിറ്റി, ശുദ്ധോര്‍ജ്ജം, സൈബര്‍ സുരക്ഷ എന്നിവയില്‍ ഇന്ത്യ-യു.കെ പങ്കാളിത്തം ശക്തമാക്കുന്നതിനായിരിക്കും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. 'ലിവിംഗ് ബ്രിഡ്ജ്' എന്ന പ്രമേയത്തിനു കീഴില്‍, ബഹുതല സ്പര്‍ശിയായ  ഇന്തോ-യു.കെ. ബന്ധം ശക്തിപ്പെടുത്തിയ,  ജീവിതത്തിന്റെ നാനാ തുറകളില്‍പ്പെട്ടവരുമായി കൂടിക്കാഴ്ചയ്ക്കുള്ള  അവസരവും എനിക്ക് ലഭിക്കും.

ഞാന്‍ ആദരണീയയായ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തുകയും ഇരു രാജ്യങ്ങളിലെയും സി.ഇ.ഒമാരുമായി സാമ്പത്തിക പങ്കാളിത്തം എന്ന അജണ്ടയുടെ അടിസ്ഥാനത്തില്‍ ഹ്രസ്വചര്‍ച്ച നടത്തുകയും ചെയ്യും. മികവിന്റെ കേന്ദ്രമായി ഒരു ആയുര്‍വേദ കേന്ദ്രം ലണ്ടനില്‍ ഉദ്ഘാടനം ചെയ്യും. സൗരോര്‍ജ്ജ കൂട്ടായ്മയിലെ ഏറ്റവും പുതിയ അംഗമായി ബ്രിട്ടനെ സ്വാഗതം അരുളുകയും ചെയ്യും.
ബ്രിട്ടന്‍ ആതിഥ്യമരുളുന്ന ചേരിചേരാ രാഷ്ട്രതലവന്മാരുടെ യോഗത്തില്‍ ഏപ്രില്‍ 19, 20 തീയതികളില്‍ ഞാന്‍ പങ്കെടുക്കും. ഈ സമ്മേളനത്തില്‍ മാള്‍ട്ടയില്‍ നിന്നും സംഘടനയുടെ അദ്ധ്യക്ഷ പദം ബ്രിട്ടന്‍ ഏറ്റെടുക്കും. കോമണ്‍വെല്‍ത്ത് എന്നത് സവിശേഷമായ ഒരു ബഹുതല കൂട്ടായ്മയാണ്. അംഗങ്ങളായ വികസ്വര രാഷ്ട്രങ്ങള്‍ക്ക്, പ്രത്യേകിച്ച് ചെറിയ രാജ്യങ്ങള്‍ക്കും ചെറിയ ദ്വീപ രാജ്യങ്ങള്‍ക്കും  ഗുണകരമായ സഹായം നല്‍കുക മാത്രമല്ല,

വികസന വിഷയങ്ങളില്‍ കരുത്തുറ്റ അന്തര്‍ദ്ദേശീയ ശബ്ദമായും അത്  വര്‍ത്തിക്കുന്നുണ്ട്. സ്വീഡനിലേയ്ക്കും, യു.കെ.യിലേയ്ക്കുമുള്ള സന്ദര്‍ശനം ഈ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഗുണകരമാകുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
ND MRD –298
***

 

 

 

 

 



(Release ID: 1529326) Visitor Counter : 89