• Sitemap
  • Advance Search
Rural Prosperity

വികസിത് ഭാരത്-ജി റാം ജി നിയമം, 2025

“പതിവുചോദ്യങ്ങൾ”

Posted On: 11 MAY 2026 12:00PM

 

  1. എന്താണ് 2025-ലെ വികസിത് ഭാരത്-ജി റാം ജി നിയമം?

ഗ്രാമീണ കുടുംബങ്ങൾക്ക് 125 ദിവസത്തെ അവിദഗ്ധ വേതന തൊഴിലിന് നിയമപരമായ ഗ്യാരണ്ടി നൽകുന്നതിലൂടെയും ഉത്പാദനക്ഷമമായ ഗ്രാമീണ ആസ്തികളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും 'വികസിത ഭാരതം@2047' എന്ന ദർശനവുമായി ഗ്രാമവികസനത്തെ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഗ്രാമീണ തൊഴിൽ-വികസന നിയമനിർമ്മാണമാണ് 2025-ലെ വികസിത് ഭാരത്-ജി റാം ജി നിയമം.

  1. വികസിത് ഭാരത്-ജി റാം ജി നിയമം എപ്പോഴാണ് പ്രാബല്യത്തിൽ വരുന്നത്?

കേന്ദ്ര ​ഗവൺമെന്റ് വിജ്ഞാപനം ചെയ്തതനുസരിച്ച് 2025-ലെ വികസിത് ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ): വി.ബി-ജി റാം ജി നിയമം രാജ്യത്തെ എല്ലാ ഗ്രാമീണ മേഖലകളിലും 01/07/2026 മുതൽ പ്രാബല്യത്തിൽ വരും.

  1. മഹാത്മാഗാന്ധി NREGA എപ്പോഴാണ് റദ്ദാക്കുന്നത്?

കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്തതനുസരിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 01/07/2026 മുതൽ റദ്ദാക്കും.

  1. വികസിത് ഭാരത്-ജി റാം ജി നിയമം എല്ലാ സംസ്ഥാനങ്ങളിലും ഒരേസമയം നടപ്പിലാക്കുമോ?

അതെ, കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്തതനുസരിച്ച് വികസിത് ഭാരത്-ജി റാം ജി നിയമം 01/07/2026 മുതൽ രാജ്യത്തുടനീളം ഒരേസമയം നടപ്പിലാക്കും.

  1. ഈ നിയമപ്രകാരം എത്ര തൊഴിൽ ദിനങ്ങളാണ് ഉറപ്പുനൽകുന്നത്?

അവിദഗ്ധ കായിക ജോലികൾ ചെയ്യാൻ തയ്യാറുള്ള പ്രായപൂർത്തിയായ അംഗങ്ങളുള്ള അർഹരായ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ വേതന തൊഴിൽ ഈ നിയമം ഉറപ്പുനൽകുന്നു.

  1. ഈ നിയമപ്രകാരം പദ്ധതികൾ രൂപീകരിക്കാൻ സംസ്ഥാന ഗവൺമെന്റുകൾ ബാധ്യസ്ഥരാണോ?

അതെ. ഈ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം നിശ്ചിത സമയപരിധിക്കുള്ളിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായ പദ്ധതികൾ സംസ്ഥാന ഗവൺമെന്റുകൾ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്.

  1. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയതിനു ശേഷം നിലവിലുള്ള (പൂർത്തിയാകാത്ത) പ്രവൃത്തികൾക്ക് എന്ത് സംഭവിക്കും?

നിയമം പ്രാബല്യത്തിൽ വരുന്ന തീയതി വരെയുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വി.ബിജി റാം ജി നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തുടരാവുന്നതാണ്.

പൊതു ആസ്തികൾ പൂർത്തിയാകാതെ കിടക്കുന്നില്ലെന്നും സമൂഹത്തിനുള്ള പ്രയോജനങ്ങൾ തുടരുന്നുവെന്നും ഉറപ്പാക്കിക്കൊണ്ട് ഈ പ്രവൃത്തികൾ തടസ്സമില്ലാതെ പുതിയ പദ്ധതിയിലേക്ക് മാറ്റുകയും മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയും ചെയ്യും.

  1. വികസിത് ഭാരത്-ജി റാം ജി നിയമത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ തുടരുമോ?

തുടരും. വി.ബി-ജി റാം ജി ആരംഭിക്കുന്നത് വരെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിൽ തടസ്സമില്ലാതെയും സുഗമമായും തുടരും.

  1. പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തടസ്സമില്ലാതെ തൊഴിൽ ലഭ്യത ഉറപ്പാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

തടസ്സമില്ലാത്ത തൊഴിലവസരങ്ങളും സമയബന്ധിതമായ വേതന വിതരണവും ഉറപ്പാക്കുന്നതിനായി വർധിച്ചുവരുന്ന തൊഴിൽ ആവശ്യകതയ്ക്കും പ്രാദേശികാവശ്യങ്ങൾക്കും അനുസൃതമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ തൊഴിൽ ബജറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

  1. മാറ്റത്തിന്റെ ഈ ഘട്ടത്തിൽ പുതിയ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമോ?

കഴിയും. നിലവിലുള്ള പ്രവൃത്തികൾ തൊഴിൽ ആവശ്യകത നിറവേറ്റാൻ പര്യാപ്തമല്ലാത്ത സാഹചര്യങ്ങളിൽ വികസിത് ഭാരത്-ജി റാം ജി നിയമത്തിലെ ഷെഡ്യൂൾ ഒന്നിന് അനുസൃതമായി തയ്യാറാക്കി വെച്ചിട്ടുള്ള പ്രവൃത്തികളുടെ പട്ടികയിൽ നിന്നും പുതിയ പ്രവൃത്തികൾ ഏറ്റെടുക്കാവുന്നതാണ്.

  1. പുതിയ നിയമപ്രകാരം തൊഴിലാളികൾക്ക് തൊഴിലുറപ്പ് തുടർന്നും ലഭിക്കുമോ?

ലഭിക്കും. അവിദഗ്ധ കായിക ജോലികൾ ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന പ്രായപൂർത്തിയായ അംഗങ്ങളുള്ള എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും നിയമപരമായ തൊഴിലുറപ്പ് തുടർന്നും ലഭിക്കും. ഈ തൊഴിലുറപ്പ് ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തിൽ നിന്നും 125 ദിവസമായി വർധിപ്പിച്ചിട്ടുണ്ട്.

  1. നിലവിലുള്ള തൊഴിൽ കാർഡുകൾ/തൊഴിലാളികൾ സാധുവായി തുടരുമോ?

തുടരും. ഇ-കെവൈസി (e-KYC) പൂർത്തിയാക്കിയ നിലവിലുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡുകൾ/തൊഴിലാളികൾ വികസിത് ഭാരത്-ജി റാം ജി നിയമ വ്യവസ്ഥകൾക്ക് അനുസൃതമായി പുതിയ 'ഗ്രാമീൺ റോസ്ഗാർ ഗ്യാരണ്ടി കാർഡുകൾ' വിതരണം ചെയ്യുന്നത് വരെ സാധുവായി തുടരും.

  1. ഈ നിയമപ്രകാരം തൊഴിലിന് അർഹതയുള്ളത് ആർക്കാണ്?

അവിദഗ്ധ കായിക ജോലികൾ ചെയ്യാൻ തയ്യാറുള്ള പ്രായപൂർത്തിയായ അംഗങ്ങളുള്ള എല്ലാ ഗ്രാമീണ കുടുംബങ്ങളും ഈ നിയമപ്രകാരം തൊഴിലിന് അർഹരായിരിക്കും.

  1. ഒരു കുടുംബം എങ്ങനെയാണ് 'ഗ്രാമീൺ റോസ്ഗാർ ഗ്യാരണ്ടി കാർഡിനായി' രജിസ്റ്റർ ചെയ്യേണ്ടത്?

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് ഇല്ലാത്ത ഏതൊരു ഗ്രാമീണ കുടുംബത്തിനും ആ കുടുംബത്തിലെ പ്രായപൂർത്തിയായ ഏതെങ്കിലും ഒരു അംഗം വഴി പേര്, പ്രായം, വിലാസം എന്നിവ അടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചുകൊണ്ട് ഗ്രാമീൺ റോസ്ഗാർ ഗ്യാരണ്ടി കാർഡിനായി രജിസ്ട്രേഷന് അപേക്ഷിക്കാവുന്നതാണ്.

  1. ഒരു കുടുംബത്തിന് എങ്ങനെ തൊഴിൽ ആവശ്യപ്പെടാം?

ഗ്രാമപ്രദേശങ്ങളിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വഴി തൊഴിൽ ആവശ്യപ്പെടാം. അപേക്ഷകൾ വാമൊഴിയായോ (നേരിട്ട് പറഞ്ഞോ) മുമ്പത്തെപ്പോലെ തന്നെ ഫോം 6 വഴിയുള്ള രേഖാമൂലമുള്ള അപേക്ഷയായോ അല്ലെങ്കിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ ഗ്രാമപഞ്ചായത്ത്, പ്രോഗ്രാം ഓഫീസർ അല്ലെങ്കിൽ അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിക്ക് സമർപ്പിക്കാവുന്നതാണ്.

  1. എത്ര ദിവസത്തിനുള്ളിൽ തൊഴിൽ നൽകണം?

അപേക്ഷ സമർപ്പിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ തൊഴിൽ നൽകിയിരിക്കണം.

  1. 15 ദിവസത്തിനുള്ളിൽ തൊഴിൽ നൽകിയില്ലെങ്കിൽ എന്ത് സംഭവിക്കും?

അത്തരം തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടായിരിക്കും.

  1. തൊഴിൽ നൽകിയില്ലെങ്കിൽ എത്ര തുകയാണ് തൊഴിലില്ലായ്മ വേതനമായി നൽകേണ്ടത്?

തൊഴിലിനായുള്ള ആവശ്യപ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ തൊഴിൽ നൽകിയില്ലെങ്കിൽ സംസ്ഥാന ​ഗവൺമെന്റ് തൊഴിലില്ലായ്മ വേതനം നൽകേണ്ടതാണ്. ഇത് ഒരു സാമ്പത്തിക വർഷത്തിലെ ആദ്യത്തെ മുപ്പത് ദിവസത്തേക്ക് വിജ്ഞാപനം ചെയ്ത വേതന നിരക്കിന്റെ നാലിലൊന്നിൽ (25%) കുറയാത്ത തുകയും ബാക്കി കാലയളവിലേക്ക് വിജ്ഞാപനം ചെയ്ത വേതന നിരക്കിന്റെ പകുതിയിൽ (50%) കുറയാത്ത തുകയുമായിരിക്കണം.

  1. വികസിത് ഭാരത്-ജി റാം ജി പദ്ധതിക്ക് കീഴിൽ വർധിപ്പിച്ച വേതന നിരക്കുകൾ നൽകുമോ?

നൽകും. ഈ നിയമത്തിലെ സെക്ഷൻ 10-ലെ വ്യവസ്ഥകൾ അനുസരിച്ച് വർധിപ്പിച്ച വേതന നിരക്കുകൾ നൽകുന്നതാണ്. ഈ നിയമപ്രകാരം പുതിയ വേതന നിരക്കുകൾ വിജ്ഞാപനം ചെയ്യുന്നത് വരെ നിലവിലുള്ള മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ വേതന നിരക്കുകൾ തുടർന്നും ബാധകമായിരിക്കും.

  1. എത്ര ഇടവേളകളിലാണ് വേതനം നൽകുക?

വേതനം ആഴ്ചതോറുമോ അല്ലെങ്കിൽ മസ്റ്റർ റോൾ അവസാനിപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളിലോ (പതിനഞ്ച് ദിവസത്തിനകം) നൽകേണ്ടതാണ്.

  1. എങ്ങനെയാണ് വേതനം നൽകുന്നത്?

ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) വഴി തൊഴിലാളികളുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് വ്യക്തിഗത അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് വേതനം നൽകുന്നത്.

  1. വേതനം വിതരണം ചെയ്യാൻ വൈകിയാൽ എന്ത് സംഭവിക്കും?

മസ്റ്റർ റോൾ അവസാനിപ്പിച്ച് പതിനഞ്ച് ദിവസത്തിനകം വേതനം നൽകിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസത്തിനും നൽകാത്ത വേതനത്തിന്റെ 0.05% എന്ന നിരക്കിൽ കാലതാമസത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാൻ തൊഴിലാളികൾക്ക് അർഹതയുണ്ട്.

  1. പുതിയ നിയമപ്രകാരം ഹാജർ എങ്ങനെയാണ് രേഖപ്പെടുത്തുക?

മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഹാജർ സംവിധാനത്തിലൂടെയായിരിക്കും ജോലിസ്ഥലങ്ങളിലെ ഹാജർ രേഖപ്പെടുത്തുക. എന്നിരുന്നാലും ദുർബലമായ നെറ്റ്‌വർക്ക് അല്ലെങ്കിൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്തത്, സാങ്കേതിക തകരാറുകൾ, ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റ് അസാധാരണ സാഹചര്യങ്ങൾ തുടങ്ങിയ യഥാർത്ഥ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രത്യേക ഇളവുകൾ അനുവദിക്കുന്നതിനുള്ള ഒരു സംവിധാനവും ലഭ്യമായിരിക്കും.

  1. തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കുമോ?

ലഭിക്കും. ജോലിസ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പായും നൽകേണ്ടതാണ്. ജോലിസ്ഥലത്ത് സുരക്ഷിതമായ കുടിവെള്ളം, കുട്ടികൾക്കും വിശ്രമവേളകൾക്കും ആവശ്യമായ തണൽ, പ്രഥമശുശ്രൂഷാ പെട്ടി എന്നിവ ഉണ്ടായിരിക്കണം.

  1. തിരക്കേറിയ കാർഷിക സീസണുകളിൽ പ്രവൃത്തികൾ തുടരാൻ സാധിക്കുമോ?

വിത്ത് വിതയ്ക്കുന്നതും വിളവെടുക്കുന്നതുമായ പ്രധാന കാർഷിക സീസണുകളിൽ ആവശ്യത്തിന് തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന ഗവൺമെന്റുകൾ ഒരു നിശ്ചിത കാലയളവ് വിജ്ഞാപനം ചെയ്യണം. ആ സമയത്ത് ഈ പദ്ധതിക്ക് കീഴിലുള്ള പ്രവൃത്തികൾ ഏറ്റെടുക്കാൻ പാടില്ല.

  1. ജോലിസ്ഥലം അഞ്ച് കിലോമീറ്ററിനേക്കാൾ ദൂരെയാണെങ്കിൽ എന്ത് സംഭവിക്കും?

പരമാവധി അപേക്ഷകന്റെ ഗ്രാമത്തിൽ നിന്നും 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ തൊഴിൽ നൽകുന്നതായിരിക്കും. അതിന് പുറത്താണ് (എന്നാൽ ബ്ലോക്കിനുള്ളിൽ) തൊഴിൽ നൽകുന്നതെങ്കിൽ തൊഴിലാളികൾക്ക് ഗതാഗത-ജീവിതച്ചെലവുകൾക്കായി വേതന നിരക്കിന്റെ 10% അധികമായി നൽകുന്നതാണ്.

  1. ജില്ലാ തലത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത് ആരാണ്?

സംസ്ഥാന ​ഗവൺമെന്റ് ചുമതലപ്പെടുത്തുന്ന ജില്ലാ കളക്ടറോ അല്ലെങ്കിൽ അതിന് തത്തുല്യനായ ഉദ്യോഗസ്ഥനോ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ (DPC) ആയി പ്രവർത്തിക്കും.

  1. ആരായിരിക്കും പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുക?

ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ (BDO) പദവിയിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ബ്ലോക്ക് തലത്തിൽ പ്രോഗ്രാം ഓഫീസറായി നിയമിക്കും.

  1. ഗ്രാമപഞ്ചായത്തുകളുടെ പങ്ക് എന്താണ്?

കുടുംബങ്ങളുടെ രജിസ്ട്രേഷൻ, തൊഴിലിനായുള്ള അപേക്ഷകൾ സ്വീകരിക്കൽ, പ്രവൃത്തികൾ നടപ്പിലാക്കൽ, പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കൽ, വികസിത് ഗ്രാമപഞ്ചായത്ത് പ്ലാനുകൾ തയ്യാറാക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള പദ്ധതി നടത്തിപ്പിൽ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രസ്ഥാനം വഹിക്കും.

  1. കരാറുകാരെ അനുവദിക്കുമോ?

ഇല്ല, ഈ നിയമപ്രകാരം ഫണ്ട് നൽകുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതിനായി കരാറുകാരെ നിയമിക്കാൻ പാടില്ല.

  1. വലിയ യന്ത്രസാമഗ്രികൾ ഉപയോഗിക്കാൻ സാധിക്കുമോ?

ഇല്ല, പ്രവൃത്തികൾ കായിക അധ്വാനം ഉപയോഗിച്ച് മാത്രമേ ചെയ്യാവൂ. കൂടാതെ പ്രായോഗികമായിടത്തോളം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തുന്ന യന്ത്രങ്ങളൊന്നും ഉപയോഗിക്കാൻ പാടുള്ളതല്ല.

  1. ഈ നിയമപ്രകാരമുള്ള ഫണ്ട് പങ്കിടൽ രീതി എങ്ങനെയാണ്?

ഫണ്ട് പങ്കിടുന്ന രീതി താഴെ പറയുന്ന പ്രകാരമാണ്:

  • വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഹിമാലയൻ സംസ്ഥാനങ്ങൾക്കും 90:10 എന്ന അനുപാതത്തിൽ
  • നിയമസഭയുള്ള മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 60:40 എന്ന അനുപാതത്തിൽ
  • നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 100% കേന്ദ്ര ധനസഹായത്തോടെയും
  1. ഈ നിയമപ്രകാരം ഓരോ സംസ്ഥാനത്തിനുമുള്ള വിഹിതം എങ്ങനെയാണ് നിശ്ചയിക്കുന്നത്?

ഈ നിയമത്തിൽ നിർദ്ദേശിച്ചിട്ടുള്ള വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ​ഗവൺമെന്റായിരിക്കും ഓരോ സംസ്ഥാനത്തിനുമുള്ള വിഹിതം നിശ്ചയിക്കുന്നത്.

  1. നിർമ്മാണ സാമഗ്രികൾക്കുള്ള ചെലവിന്റെ എത്ര ശതമാനമാണ് അനുവദിച്ചിട്ടുള്ളത്?

ഈ നിയമപ്രകാരം നിർമ്മാണ സാമഗ്രികൾക്കുള്ള ചെലവ് ജില്ലാ തലത്തിൽ ആകെ ചെലവിന്റെ 40 ശതമാനത്തിൽ കൂടാൻ പാടുള്ളതല്ല.

  1. ജോലിസ്ഥലത്ത് സുതാര്യത ഉറപ്പാക്കുന്നത് എങ്ങനെയാണ്?

ജോലിയുടെ വിവരങ്ങൾ, കണക്കാക്കിയ തൊഴിൽ ദിനങ്ങൾ, നിർമ്മാണ സാമഗ്രികളുടെ അളവ്, ഇനം തിരിച്ചുള്ള ചെലവുകൾ എന്നിവ രേഖപ്പെടുത്തിയ ഒരു "ജനതാ ബോർഡ്" എല്ലാ ജോലിസ്ഥലത്തും നിർബന്ധമായും പ്രദർശിപ്പിക്കേണ്ടതാണ്.

  1. പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പൊതുജനങ്ങളെ എങ്ങനെയാണ് അറിയിക്കുന്നത്?

പ്രധാന വിവരങ്ങൾ, മസ്റ്റർ റോളുകൾ, വേതന വിതരണം, അനുമതി നൽകിയ കാര്യങ്ങൾ എന്നിവ ഡിജിറ്റലായും നേരിട്ടും പ്രദർശിപ്പിക്കുന്ന പ്രതിവാര പൊതു വെളിപ്പെടുത്തൽ സംവിധാനങ്ങൾ നിലവിലുണ്ടാകും. കൂടാതെ ഗ്രാമപഞ്ചായത്തുകൾ ആഴ്ചതോറുമുള്ള വെളിപ്പെടുത്തൽ യോഗങ്ങളും നടത്തും.

  1. എന്താണ് വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ?

വികസിത ഭാരതം@2047 എന്ന ലക്ഷ്യവുമായി  ചേർന്നുനിൽക്കുന്നതും ജനപങ്കാളിത്തത്തോടെയുള്ളതും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമായ ആസൂത്രണത്തിലൂടെ ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കുന്ന വിവിധ പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഭാവിസജ്ജമായ ഒരു പ്രാദേശിക വികസന പദ്ധതിയാണ് വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ (VGPP).

  1. എന്തുകൊണ്ടാണ് വി.ജി.പി.പി (VGPP) പ്രധാനപ്പെട്ടതാകുന്നത്?

ഈ നിയമപ്രകാരമുള്ള എല്ലാ പ്രവൃത്തികളും ഗ്രാമപഞ്ചായത്ത് തയ്യാറാക്കുകയും ജനപങ്കാളിത്തത്തോടെയുള്ള സമീപനത്തിലൂടെ ഗ്രാമസഭ അംഗീകരിക്കുകയും ചെയ്ത വി.ജി.പി.പികളിൽ നിന്ന് മാത്രമേ ആരംഭിക്കാൻ പാടുള്ളൂ എന്നതിനാലാണ് വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ നിർണായകമാകുന്നത്. ഇത് ആവശ്യാനുസൃതവും പദ്ധതികളെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ളതും സമ്പൂർണ്ണത ലക്ഷ്യമാക്കിയുള്ളതുമായ ഗ്രാമീണ വികസന ആസൂത്രണം ഉറപ്പാക്കുന്നു.

  1. ഈ നിയമപ്രകാരം ഏതെല്ലാം തരത്തിലുള്ള പ്രവൃത്തികളാണ് അനുവദനീയമായിട്ടുള്ളത്?

സുസ്ഥിരവും കരുത്തുറ്റതുമായ ഗ്രാമീണ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാല് പ്രധാന പ്രമേയ മേഖലകൾക്ക് കീഴിലുള്ള പ്രവൃത്തികൾ നടപ്പിലാക്കാൻ ഈ നിയമം അനുവദിക്കുന്നു:

  • ജലസുരക്ഷാ പ്രവൃത്തികൾ
  • പ്രധാന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ
  • ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ
  • അതിരൂക്ഷമായ കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവൃത്തികൾ

 

  1. മറ്റ് പദ്ധതികളുമായി സംയോജിപ്പിച്ചുകൊണ്ട് പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയുമോ?

കഴിയും. കേന്ദ്ര, സംസ്ഥാന, പ്രാദേശിക പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ട് "ഒറ്റ പദ്ധതി, വിവിധ ധനസഹായങ്ങൾ" എന്ന സമീപനത്തെ ഈ നിയമം പ്രോത്സാഹിപ്പിക്കുന്നു.

  1. പി.എം.എ.വൈ-ജി (PMAY-G) പ്രവൃത്തികൾ 90/95 തൊഴിൽ ദിനങ്ങളിലെ വേതന സഹായത്തിനായി ഏറ്റെടുക്കാൻ കഴിയുമോ?

കഴിയും. ബാധകമായ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 90/95 തൊഴിൽ ദിനങ്ങളിലെ വേതന സഹായം നൽകുന്നതിനായി പി.എം.എ.വൈ-ജി ഭവന നിർമ്മാണ പ്രവൃത്തികൾ ഈ നിയമത്തിന് കീഴിൽ ഏറ്റെടുക്കാവുന്നതാണ്.

  1. പ്രകൃതിദുരന്തങ്ങളുടെ സമയത്ത് ഇളവുകൾ ഉണ്ടാകുമോ?

ഉണ്ട്. പ്രകൃതിദുരന്തങ്ങളോ അസാധാരണ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ സംസ്ഥാന ​ഗവൺമെന്റിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ അനുവദനീയമായ പ്രവൃത്തികൾ വിപുലീകരിക്കുക, വേതന തൊഴിലവസരങ്ങൾ വർധിപ്പിക്കുക, രേഖകൾ സമർപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുക തുടങ്ങിയ പ്രത്യേക ഇളവുകൾ നൽകാൻ കേന്ദ്ര ഗവൺമെന്റിന് സാധിക്കും.

അവലംബം

 

Ministry of Rural Development

Click here to see pdf 

***

SK

(Explainer ID: 158545) आगंतुक पटल : 15
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Kannada