Infrastructure

മൂലധന ചെലവുകൾക്ക് (CAPEX) പിന്തുണ നൽകുന്ന പദ്ധതിയിലൂടെ നിർണായക ധാതുക്കളുടെ സംസ്കരണത്തിന് പ്രോത്സാഹനം

ലിഥിയം, നിക്കൽ എന്നിവയുടെ ആഭ്യന്തര സംസ്കരണത്തിനായി 2,814 കോടി രൂപയുടെ സാമ്പത്തിക സഹായം.

Posted On: 05 NOV 2026 1:53PM

നിർണായക ധാതുക്കളുടെ (Critical Minerals) സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 2,814 കോടി രൂപയുടെ  'CAPEX സപ്പോർട്ട് സ്കീം' അടുത്തിടെ  കേന്ദ്ര ഗവണ്മെൻ്റ്    അംഗീകരിച്ചു. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയാണ് പദ്ധതി നടപ്പിലാക്കുക. രണ്ട് ലിഥിയം സംസ്കരണ പ്ലാൻ്റുകളും രണ്ട് നിക്കൽ സംസ്കരണ പ്ലാൻ്റുകളും സ്ഥാപിക്കുന്നതിനായി 30% മൂലധന സബ്‌സിഡി (Capital Subsidy) ഇതിലൂടെ ലഭ്യമാക്കും. രണ്ട് ഘട്ടങ്ങളുള്ള മത്സരാധിഷ്ഠിതമായ പ്രക്രിയയിലൂടെയായിരിക്കും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക; പദ്ധതിയുടെ ഓരോ ഘട്ടവും പൂർത്തിയാക്കുന്ന മുറയ്ക്ക് ധനസഹായം അനുവദിക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഇറക്കുമതി  ആശ്രിതത്വം കുറയ്ക്കാനും, വിതരണ ശൃംഖലയുടെ കരുത്ത് വർദ്ധിപ്പിക്കാനും സഹായിക്കും.വൈദ്യുത വാഹനങ്ങൾ (Electric Mobility), ബാറ്ററി സംഭരണ സംവിധാനങ്ങൾ (Battery Storage), ഇലക്ട്രോണിക്സ്, പ്രതിരോധം, പ്രത്യേക ആവശ്യങ്ങൾക്കുള്ള ഉരുക്ക് (Speciality Steel) തുടങ്ങിയ മേഖലകൾക്ക് ഈ പദ്ധതി പിന്തുണയേകും.

ഇന്ത്യയിൽ നിർണായക ധാതു സംസ്കരണ ശേഷി കെട്ടിപ്പടുക്കുന്നു

സാമ്പത്തിക വളർച്ചയ്ക്കും ദേശസുരക്ഷയ്ക്കും നിർണായക ധാതുക്കൾ (Critical Minerals) അത്യന്താപേക്ഷിതമാണ്. ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ, അത്യാധുനിക ഇലക്ട്രോണിക്സ്, ഗതാഗതം, വാർത്താവിനിമയം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളുടെ വികസനത്തിൽ ഇവ നിർണായക പങ്കുവഹിക്കുന്നു. കുറഞ്ഞ കാർബൺ ബഹിർഗമനം മാത്രമുള്ള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ആഗോള പരിവർത്തനത്തിന് നിർണ്ണായക ധാതുക്കളുടെ സുസ്ഥിരമായ ലഭ്യത അനിവാര്യമാണ്. എന്നാൽ, നിർണായക ധാതുക്കളുടെ സംസ്കരണവും ശുദ്ധീകരണവും ഏതാനും രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ആഗോള വിതരണ ശൃംഖലകൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വിലയിലെ അസ്ഥിരത, കയറ്റുമതി നിയന്ത്രണങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. അതിനാൽ, ഓരോ രാജ്യവും സ്വന്തം ദേശീയ മുൻഗണനകൾക്കനുസരിച്ചുള്ള നിർണായക ധാതുക്കളെ തിരിച്ചറിയുകയും അവയുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.

ലിഥിയം, നിക്കൽ, കോബാൾട്ട്, ഗ്രാഫൈറ്റ്, അപൂർവ ഭൗമ മൂലകങ്ങൾ (rare earth elements) എന്നിവയുൾപ്പെടെ 24 നിർണായക ധാതുക്കളെ (critical minerals) ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. 2070-ഓടെ 'നെറ്റ്-സീറോ' (net-zero) ബഹിർഗമന ലക്ഷ്യം കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത, ഈ ധാതുക്കളുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, ശുദ്ധീകരിച്ച ധാതു ഉത്പന്നങ്ങൾക്കും ഉയർന്ന തോതിൽ ശുദ്ധീകരിച്ച പദാർത്ഥങ്ങൾക്കുമായുള്ള ആവശ്യം നിറവേറ്റാൻ ഇന്ത്യ ഇപ്പോഴും ഇറക്കുമതിയെ വൻതോതിൽ ആശ്രയിക്കുന്നു. ആഭ്യന്തര സംസ്കരണ ശേഷി ശക്തിപ്പെടുത്തുന്നതിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി, 'നിർണായക ധാതു സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മൂലധന ചെലവ് സഹായ പദ്ധതി' (CAPEX Support Scheme to Promote Critical Mineral Processing) 2026 നവംബർ 4-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

നിർണായക ധാതു സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മൂലധന ചെലവുകൾക്ക് (CAPEX) പിന്തുണ നൽകുന്ന പദ്ധതി

ആഭ്യന്തരതലത്തിൽ നിർണായക ധാതുക്കളുടെ (Critical Minerals) സംസ്കരണ ശേഷി വികസിപ്പിക്കുന്നതിനും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യവേധിയായ  മൂലധന ചെലവ് (CAPEX) ധനസഹായം ലഭ്യമാക്കുന്നു. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇനിപ്പറയുന്നവയാണ്:

ആഭ്യന്തര സംസ്‌കരണ ശേഷി പ്രോത്സാഹിപ്പിക്കുക:

ഉയർന്ന ശുദ്ധതയുള്ള ലിഥിയം, നിക്കൽ സംസ്‌കരണ പ്ലാൻ്റുകൾ സ്ഥാപിക്കാൻ സഹായിക്കുക. ലിഥിയം പ്ലാൻ്റുകൾ അയിരുകളെയും കോൺസെൻട്രേറ്റുകളെയും (ബ്രൈനുകൾ ഒഴികെ) ബാറ്ററി നിർമ്മാണത്തിന് അനുയോജ്യമായ ഉത്പന്നങ്ങളാക്കി മാറ്റും. നിക്കൽ പ്ലാൻ്റുകൾ 'ക്ലാസ്-1' നിക്കലോ ബാറ്ററി നിർമ്മാണത്തിന് അനുയോജ്യമായ നിക്കൽ സൾഫേറ്റോ ഉത്പാദിപ്പിക്കുകയും, കോബാൾട്ട് വേർതിരിച്ചെടുക്കുകയും ചെയ്യും. മൂലധന ചെലവിനുള്ള (CAPEX) സഹായം, തുടക്കത്തിലുണ്ടാകുന്ന വലിയ ചെലവുകളെ ലഘൂകരിക്കാനും പദ്ധതിയുടെ പ്രായോഗികത മെച്ചപ്പെടുത്താനും സഹായിക്കും.

സുസ്ഥിരമായ മൂല്യശൃംഖല കെട്ടിപ്പടുക്കുക:

സംസ്‌കരണ ഘട്ടത്തിലെ പരിമിതികൾ പരിഹരിച്ചുകൊണ്ട് ലിഥിയം, നിക്കൽ മൂല്യശൃംഖലയെ ശക്തിപ്പെടുത്തുക.




 

സാമ്പത്തിക ചെലവും സഹായവും

ഈ പദ്ധതിക്ക് ആകെ 2,814 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ, അഞ്ച് വർഷത്തേക്കാണ് പദ്ധതി നടപ്പിലാക്കുക. നിർണായക ധാതുക്കളുടെ സംസ്കരണത്തിനായി നാല് പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് അർഹമായ മൂലധന നിക്ഷേപത്തിൻ്റെ  30% വരെ സബ്‌സിഡി ലഭ്യമാക്കും. ഇതിൽ കുറഞ്ഞത് 30 kt (കിലോ ടൺ) ശേഷിയുള്ള രണ്ട് ലിഥിയം സംസ്കരണ പ്ലാൻ്റുകളും, കുറഞ്ഞത് 50 kt ശേഷിയുള്ള രണ്ട് നിക്കൽ സംസ്കരണ പ്ലാൻ്റുകളും ഉൾപ്പെടുന്നു.

ഈ പദ്ധതി പ്രകാരം, ലിഥിയം സംസ്‌ക്കരണ പ്ലാൻ്റ്  സ്ഥാപിക്കുന്ന ഓരോ ഗുണഭോക്താവിനും പരമാവധി 500 കോടി രൂപയും, നിക്കൽ സംസ്‌ക്കരണ പ്ലാൻ്റ്  സ്ഥാപിക്കുന്ന ഓരോ ഗുണഭോക്താവിനും പരമാവധി 900 കോടി രൂപയും സാമ്പത്തിക സഹായമായി ലഭിക്കും. ഇതനുസരിച്ച് ലിഥിയം പ്ലാൻ്റുകൾക്കായി 1,000 കോടി രൂപയും, നിക്കൽ പ്ലാന്റുകൾക്കായി 1,800 കോടി രൂപയും, ആകെ 2,800 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ഭരണപരമായ ചെലവുകൾക്കായി 14 കോടി രൂപയും (ആകെ തുകയുടെ 0.5%) നീക്കിവച്ചിട്ടുണ്ട്. കേന്ദ്രഗവണ്മെൻ്റിൻ്റെ   ബജറ്റ് വിഹിതത്തിലൂടെയായിരിക്കും പദ്ധതിക്ക് ധനസഹായം ലഭ്യമാക്കുക.





 

ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പും ആനുകൂല്യ വിതരണവും  

ഈ പദ്ധതിയിൽ മത്സരാധിഷ്ഠിതമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് പിന്തുടരുന്നത്. പദ്ധതിയുടെ നിർണ്ണായക ഘട്ടങ്ങൾ (milestones) പൂർത്തിയാക്കുന്നതിനനുസരിച്ച്, വിവിധ ഘട്ടങ്ങളിലായാണ് സഹായം അനുവദിക്കുന്നത്.

രണ്ട് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ

ഘട്ടം 1 – സാങ്കേതിക യോഗ്യത: എല്ലാ അപേക്ഷകളും സാങ്കേതിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടും. യോഗ്യത നേടുന്ന അപേക്ഷകർക്ക് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയൂ.

ഘട്ടം 2 – സാമ്പത്തിക ലേലം: യോഗ്യത നേടിയ അപേക്ഷകർ സാമ്പത്തിക ലേലങ്ങൾ സമർപ്പിക്കണം. ഏറ്റവും കുറഞ്ഞ ചെലവ് (CAPEX support) നിർദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുന്ന രീതിയാണ് അവലംബിക്കുന്നത്.

ഓരോ ധാതുവിനും രണ്ട് ഗുണഭോക്താക്കളെ വീതം, ആകെ നാല് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കും.

നിർണ്ണായക ഘട്ടങ്ങളുമായി ബന്ധിപ്പിച്ചുള്ള വിതരണം

ആനുകൂല്യങ്ങൾ മൂന്ന് ഗഡുക്കളായാണ് വിതരണം ചെയ്യുക. ഓരോ ഗഡുവും നിക്ഷേപം, ഓഹരി എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക ഘട്ടങ്ങൾ (milestones) പൂർത്തിയാക്കുന്നതിനെ ആശ്രയിച്ചിരിക്കും.


സബ്‌സിഡി അനുവദിക്കുന്നതിനുള്ള ഘട്ടങ്ങളും നാഴികക്കല്ലുകളും

 

ഗഡു

നിശ്ചയിച്ചിട്ടുള്ള നാഴികക്കല്ല്

ആകെ അനുവദിക്കുന്ന സബ്‌സിഡി 

1

വാഗ്ദാനം ചെയ്ത മൂലധന ചെലവിൻ്റെ  (CAPEX) 25% വിനിയോഗിക്കുകയും ആവശ്യമായ കുറഞ്ഞ ഓഹരി നിക്ഷേപത്തിൻ്റെ  (Equity Investment) 15% എങ്കിലും പൂർത്തിയാക്കുകയും ചെയ്യുക.

25%

2

വാഗ്ദാനം ചെയ്ത മൂലധന ചെലവിൻ്റെ  (CAPEX) 50% വിനിയോഗിക്കുകയും ആവശ്യമായ കുറഞ്ഞ ഓഹരി നിക്ഷേപത്തിൻ്റെ  50% എങ്കിലും പൂർത്തിയാക്കുകയും ചെയ്യുക.

50%

3

പ്ലാൻ്റ്  പൂർണമായും പ്രവർത്തനസജ്ജമാക്കുകയും ആവശ്യമായ കുറഞ്ഞ ഓഹരി നിക്ഷേപത്തിൻ്റെ  100% പൂർത്തിയാക്കുകയും ചെയ്യുക.

100%



കമ്മീഷനിംഗിനുള്ള സമയപരിധി (Timeline of Commissioning)

ഗുണഭോക്താക്കൾക്ക് അനുമതി പത്രം (Letter of Award – LoA) ലഭിച്ച തീയതി മുതൽ മൂന്ന് വർഷത്തിനുള്ളിൽ പ്ലാൻ്റിൻ്റെ   കമ്മീഷനിംഗ് (പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയ) പൂർത്തിയാക്കേണ്ടതാണ്. പരമാവധി അഞ്ച് വർഷത്തിനുള്ളിൽ കമ്മീഷനിംഗ് നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം.
മൂന്ന് വർഷത്തെ നിശ്ചിത സമയപരിധിക്കുശേഷം കമ്മീഷൻ ചെയ്യുന്നത് വൈകുന്ന സാഹചര്യത്തിൽ, വിതരണം ചെയ്യാത്ത ശേഷിക്കുന്ന മൂലധന ചെലവ് സഹായം (CAPEX Support) അഞ്ചാം വർഷം വരെയുള്ള കാലയളവിൽ പ്രത്യേക ഘട്ടംഘട്ടമായ കുറയ്ക്കൽ സംവിധാനത്തിലൂടെ (Tapering Mechanism) ക്രമേണ വെട്ടിക്കുറയ്ക്കും.

ഭരണപരമായ ചട്ടക്കൂട് (Governance Framework)

പദ്ധതിയുടെ കാര്യക്ഷമവും സുതാര്യവുമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി മൂന്ന് തലങ്ങളുള്ള ഭരണസംവിധാനം (Three-tier Governance Structure) രൂപീകരിക്കും. പദ്ധതിയുടെ നിർവഹണം, നിരീക്ഷണം, മേൽനോട്ടം, മാർഗനിർദ്ദേശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനായിരിക്കും ഈ സംവിധാനം പ്രവർത്തിക്കുക.

ത്രിതല ഭരണസംവിധാനം (Three-tier Governance Structure)

പദ്ധതിയുടെ ഭരണസംവിധാനവും ചുമതലകളും താഴെപ്പറയുന്ന മൂന്ന് തലങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്:

 

 

തലം

ഭരണസമിതി / നിർവഹണ ഏജൻസി

പ്രധാന ചുമതലകൾ

അപെക്സ് തലം (Apex Level)

ഖനി മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഗവേണിംഗ് കൗൺസിൽ (Governing Council – GC)

പദ്ധതിക്ക് തന്ത്രപരമായ മാർഗനിർദ്ദേശം നൽകുക, പുരോഗതി വിലയിരുത്തുക, ഗുണഭോക്താക്കളെ അന്തിമമായി തിരഞ്ഞെടുക്കുക, CAPEX ധനസഹായത്തിന് അംഗീകാരം നൽകുക എന്നിവയാണ് പ്രധാന ചുമതലകൾ. കൂടാതെ, കേന്ദ്ര ഖനി മന്ത്രിയുടെ അംഗീകാരത്തിന് വിധേയമായി പദ്ധതി മാർഗനിർദ്ദേശങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും കൗൺസിലിന് അധികാരമുണ്ട്.

വിലയിരുത്തൽ തലം (Evaluation Level)

സാങ്കേതിക -സാമ്പത്തിക സമിതി (Techno-Financial Committee – TFC)

അപേക്ഷകളുടെ സാങ്കേതികവും സാമ്പത്തികവുമായ യോഗ്യത വിലയിരുത്തി അർഹരായ ഗുണഭോക്താക്കളെ ഗവേണിംഗ് കൗൺസിലിന് ശുപാർശ ചെയ്യുന്നു. ഗവേഷണ-വികസന സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ സമിതിയിൽ ഉൾപ്പെടും.

നിർവഹണ തലം (Implementation Level)

പദ്ധതി നിർവ്വഹണ ഏജൻസി (Project Management Agency – PMA)

പദ്ധതിയുടെ സെക്രട്ടേറിയൽ, ഭരണനിർവഹണ, മാനേജീരിയൽ, നിർവ്വഹണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു. കൂടാതെ, ഖനി മന്ത്രാലയം ഏൽപ്പിക്കുന്ന അനുബന്ധ ചുമതലകളും നിർവഹിക്കുന്നു



ആഭ്യന്തര സംസ്കരണ ശേഷി വികസിപ്പിക്കേണ്ടതിൻ്റെ  പ്രാധാന്യം

നിർണായക ധാതുക്കളുടെ കാര്യത്തിൽ ദേശസുരക്ഷ, സാമ്പത്തിക വളർച്ച, സ്വാശ്രയത്വം എന്നിവ ഉറപ്പാക്കുന്നതിൽ ആഭ്യന്തര സംസ്കരണ ശേഷിക്ക് നിർണായക സ്ഥാനമുണ്ട്. ഈ ശേഷി വികസിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ താഴെപ്പറയുന്നവയാണ്:

തന്ത്രപ്രധാനമായ പ്രാധാന്യം (Strategic Importance)

ഊർജ പരിവർത്തന സാങ്കേതികവിദ്യകൾ, പ്രതിരോധം, എയ്‌റോസ്‌പേസ്, പ്രത്യേക ആവശ്യങ്ങൾക്കുള്ള ഉരുക്ക് (Speciality Steel) തുടങ്ങിയ തന്ത്രപ്രധാന മേഖലകൾക്ക് ശക്തവും പ്രതിരോധശേഷിയുള്ളതുമായ ആഭ്യന്തര മൂല്യശൃംഖലകൾ അനിവാര്യമാണ്. ആഭ്യന്തര സംസ്കരണ ശേഷി വർധിപ്പിക്കുന്നതിലൂടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കാനും ബാഹ്യ വിതരണ തടസ്സങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ലഘൂകരിക്കാനും സ്വാശ്രയത്വം ശക്തിപ്പെടുത്താനും കഴിയും. കൂടാതെ, ചെലവ് കുറഞ്ഞ സംസ്കരണ സാങ്കേതികവിദ്യകൾ, ഇടനില ധാതു സംയുക്തങ്ങൾ (Intermediate Compounds), സാങ്കേതിക വൈദഗ്ധ്യം എന്നിവയിലേക്കുള്ള ഇന്ത്യയുടെ പരിമിതമായ പ്രവേശനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.

ശക്തമായ ആഭ്യന്തര ആവശ്യകത  (Strong Domestic Demand)

നിർണായക ധാതുക്കൾക്ക് രാജ്യത്ത് വളരെ വലിയ ആവശ്യകതയുണ്ടെന്ന് ഭാവി ആവശ്യകത സംബന്ധിച്ച പ്രവചനങ്ങൾ വ്യക്തമാക്കുന്നു. ഈ ആവശ്യം നിറവേറ്റുന്നതിനായി ആഭ്യന്തര സംസ്കരണ ശേഷി വിപുലീകരിക്കേണ്ടത് അനിവാര്യമാണ്. ധാതുക്കളുടെ സംസ്കരണവും മൂല്യവർധനവും രാജ്യത്തിനകത്ത് തന്നെ സാധ്യമാക്കുന്നതിലൂടെ സാമ്പത്തിക നേട്ടം പരമാവധിയാക്കാനും ഇറക്കുമതിക്ക് പകരം ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാനും കഴിയും.

നിക്ഷേപത്തിനുള്ള തടസ്സങ്ങൾ (Investment Barriers)

നിലവിലെ വിപണി സാഹചര്യങ്ങളിൽ നിർണായക ധാതുക്കളുടെ ആഭ്യന്തര സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കുന്നത് സാമ്പത്തികമായും സാങ്കേതികമായും നിരവധി വെല്ലുവിളികൾ ഉയർത്തുന്നു. അത്യാധുനിക ഉപകരണങ്ങൾ, ബഹുഘട്ട സംസ്കരണ സംവിധാനങ്ങൾ, കർശനമായ പരിസ്ഥിതി-സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ആവശ്യമായതിനാൽ ഇത്തരം പദ്ധതികൾക്ക് ഉയർന്ന മൂലധന നിക്ഷേപം (CAPEX) ആവശ്യമാണ്. കൂടാതെ, ആവശ്യമായ അസംസ്കൃത വസ്തുക്കളുടെയും അനുയോജ്യമായ സംസ്കരണ സാങ്കേതികവിദ്യകളുടെയും ലഭ്യതയും പരിമിതമാണ്. ഈ സാഹചര്യത്തിൽ, ലക്ഷ്യബോധത്തോടെയുള്ള ഗവണ്മെൻ്റ്  ധനസഹായവും നയപരമായ പിന്തുണയും ഇല്ലാതെ ഇത്തരം പ്ലാൻ്റുകൾ സ്ഥാപിക്കുന്നതും പ്രവർത്തിപ്പിക്കുന്നതും വ്യവസായങ്ങൾക്ക് പ്രയാസകരമാണ്.


പ്രതീക്ഷിക്കുന്ന നേട്ടങ്ങളും ഫലങ്ങളും (Expected Outcomes)

ഈ പദ്ധതി സാമ്പത്തികവും തന്ത്രപരവുമായ ഒട്ടേറെ നേട്ടങ്ങൾ പ്രദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു:

നിക്ഷേപവും സംസ്കരണ ശേഷിയും (Investment and Capacity)

നിർണായക ധാതുക്കളുടെ സംസ്കരണ മേഖലയിലേക്ക് ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാൻ പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2030-ഓടെ പ്രതീക്ഷിക്കപ്പെടുന്ന ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി 60 കിലോ ടൺ (kt) ലിഥിയവും 100 കിലോ ടൺ (kt) നിക്കലും സംസ്കരിക്കാനുള്ള ശേഷി വികസിപ്പിക്കാനും ഇത് സഹായിക്കും.

ആഭ്യന്തര മൂല്യവർധന (Domestic Value Addition)

അയിരുകൾ (Ores), സാന്ദ്രീകൃത ധാതുക്കൾ (Concentrates), ഇടനില ഉത്പന്നങ്ങൾ (Intermediate Products) എന്നിവ രാജ്യത്തിനകത്ത് തന്നെ സംസ്കരിച്ച് ഉയർന്ന ശുദ്ധിയുള്ള ഉത്പന്നങ്ങളാക്കി മാറ്റാൻ പദ്ധതി സഹായിക്കും. ഇതിലൂടെ നിർണായക ധാതുക്കളുടെ മൂല്യശൃംഖലയുടെ (Value Chain) വലിയൊരു ഭാഗം രാജ്യത്തിനകത്ത് നിലനിർത്താനും ആഭ്യന്തര വ്യവസായങ്ങളുടെ മൂല്യവർധന ഉറപ്പാക്കാനും കഴിയും.

വിതരണ ശൃംഖലയുടെ സുരക്ഷ (Supply Security )

നിർണായക ധാതുക്കളുടെ സംസ്കരണ സൗകര്യങ്ങൾ ഏതാനും രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതുമൂലമുള്ള വിതരണ അപകടസാധ്യതകൾ കുറയ്ക്കാൻ പദ്ധതി സഹായിക്കും. കൂടാതെ, വിദേശ രാജ്യങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ആഗോള വിതരണ തടസ്സങ്ങൾ എന്നിവയോടുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറച്ച് വിതരണ ശൃംഖലയുടെ സുരക്ഷയും പ്രതിരോധശേഷിയും വർധിപ്പിക്കും.

ഇറക്കുമതിച്ചെലവിൽ കുറവ് (Lower Import Bill)

ഉയർന്ന ശുദ്ധിയുള്ള നിർണായക ധാതു ഇടനില ഉത്പന്നങ്ങൾ രാജ്യത്തിനകത്ത് തന്നെ ഉത്പാദിപ്പിക്കുന്നതിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ കഴിയും. ഇത് ഇറക്കുമതിച്ചെലവ് കുറയ്ക്കുന്നതിനൊപ്പം വിദേശനാണ്യം ലാഭിക്കാനും വ്യാപാരക്കമ്മി നിയന്ത്രിക്കുന്നതിനും സഹായകമാകും.

അനുബന്ധ ഉത്പാദന മേഖലകൾക്ക് പിന്തുണ (Support for Downstream Manufacturing)

ആഭ്യന്തരമായി സംസ്കരിച്ചെടുക്കുന്ന നിർണായക ധാതുക്കൾ ബാറ്ററി സാമഗ്രികൾ (Battery Materials), ബാറ്ററി സെല്ലുകൾ (Battery Cells), പ്രത്യേക ആവശ്യങ്ങൾക്കുള്ള ഉരുക്ക് (Speciality Steel) തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും. ഇതിലൂടെ അനുബന്ധ ഉത്പാദന വ്യവസായങ്ങളുടെ വളർച്ച ത്വരിതപ്പെടുത്താനും നിലവിലുള്ള വ്യവസായ വികസന പദ്ധതികൾക്ക്  കരുത്തേകാനും കഴിയും.

തൊഴിലവസര സൃഷ്ടി (Employment Generation)

നിർണായക ധാതുക്കളുടെ ഖനനം, സംസ്കരണം, ശുദ്ധീകരണം, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലൂടെ പ്രത്യക്ഷമായും പരോക്ഷമായും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും. കൂടാതെ, സംസ്കരിച്ച ധാതുക്കൾ ഉപയോഗിച്ചുള്ള അന്തിമ ഉത്പന്നങ്ങളുടെ ആഭ്യന്തര നിർമ്മാണം വ്യാപിക്കുന്നതോടെ കൂടുതൽ തൊഴിലവസരങ്ങൾക്കും നൈപുണ്യ വികസനത്തിനും വഴിയൊരുങ്ങും.

ഇന്ത്യയുടെ നിർണായക ധാതു (Critical Mineral) ആവാസവ്യവസ്ഥയുടെ ശാക്തീകരണം

നിർണായക ധാതുക്കളുടെ മൂല്യശൃംഖലയിൽ (value chain) നടപ്പിലാക്കിവരുന്ന വിവിധ സംരംഭങ്ങൾക്ക് ഈ പദ്ധതി കരുത്തേകുന്നു. ഇവയെല്ലാം ചേർന്ന് ധാതു പര്യവേക്ഷണം, ഖനനം, പുനരുപയോഗം (recycling), സംസ്കരണം എന്നീ മേഖലകളെ ഉൾക്കൊള്ളുന്നു.

ദേശീയ നിർണ്ണായക ധാതു ദൗത്യം (National Critical Mineral Mission -NCMM):

2025 ജനുവരിയിൽ ആരംഭിച്ച NCMM, നിർണായക ധാതുക്കളുടെ ദീർഘകാല ലഭ്യത ഉറപ്പാക്കുകയും അവയുടെ മൂല്യശൃംഖലയെ മൊത്തത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ ദൗത്യത്തിന് കീഴിൽ, 2025 സെപ്റ്റംബർ 3-ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച 1,500 കോടി രൂപയുടെ 'പുനരുപയോഗ' (recycling) പദ്ധതി, ദ്വിതീയ സ്രോതസ്സുകളിൽ നിന്ന് നിർണായക ധാതുക്കൾ വീണ്ടെടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. ഇലക്ട്രോണിക് മാലിന്യങ്ങൾ (e-waste), ഉപയോഗശൂന്യമായ ലിഥിയം-അയോൺ ബാറ്ററികൾ, മറ്റ് അവശിഷ്ടങ്ങൾ (scrap) എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പര്യവേക്ഷണവും ഖനനവും:

ധാതു ബ്ലോക്കുകളുടെ ലേലനടപടികൾക്ക് വേഗത കൈവന്നിട്ടുണ്ട്. ഇതുവരെ, നിർണായകവും തന്ത്രപ്രധാനവുമായ 64 ധാതു ബ്ലോക്കുകളും, പര്യവേക്ഷണ ലൈസൻസുള്ള 11 ബ്ലോക്കുകളും കേന്ദ്ര ഗവണ്മെൻ്റ്  ലേലം ചെയ്തു.

മുന്നോട്ടുള്ള പ്രയാണം

നിർണായക ധാതുക്കളുടെ (Critical Minerals) സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'CAPEX സപ്പോർട്ട് സ്കീം', ഇന്ത്യയുടെ നിർണായക ധാതു മൂല്യ ശൃംഖലയുടെ (Value Chain) ഒരു പ്രധാന പരിമിതി പരിഹരിക്കുന്നു. ലിഥിയം, നിക്കൽ എന്നിവയുടെ സംസ്കരണത്തിന് പിന്തുണ നൽകുന്നതിലൂടെ, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും വിതരണ ശൃംഖലയുടെ കരുത്ത് വർദ്ധിപ്പിക്കുകയും ചെയ്യും. 'ദേശീയ നിർണ്ണായക ധാതു ദൗത്യത്തിന്' (National Critical Mineral Mission) കരുത്തേകുന്ന ഈ സംരംഭം, നിർണായക ധാതു മേഖലയിൽ  സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിനും 'ആത്മനിർഭർ ഭാരത്' എന്ന ദേശീയ ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്.

സൂചനകൾ

Cabinet

https://www.pib.gov.in/PressReleasePage.aspx?PRID=2332476&reg=48&lang=2

Ministry of Mines

https://www.pib.gov.in/PressReleasePage.aspx?PRID=2277041&reg=3&lang=1

PIB Backgrounder

https://static.pib.gov.in/WriteReadData/specificdocs/documents/2025/sep/doc202596629501.pdf

Click here to see pdf

 

***

 

****

(Explainer ID: 160728) आगंतुक पटल : 10
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , English , हिन्दी , Bengali , Assamese , Telugu , Kannada