Energy & Environment
ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകൾ
അന്താരാഷ്ട്ര ബയോസ്ഫിയർ റിസർവ് ദിനാചരണം
Posted On:
02 NOV 2026 7:07PM
മനുഷ്യരുടെ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ ഈ പ്രകൃതിപ്രദേശങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെയാണ് അന്താരാഷ്ട്ര ബയോസ്ഫിയർ റിസർവ് ദിനം ഉയർത്തിക്കാട്ടുന്നത്. യുനെസ്കോയുടെ (UNESCO) അംഗീകാരമുള്ള 13 എണ്ണം ഉൾപ്പെടെ ഇന്ത്യയിൽ വിജ്ഞാപനം ചെയ്തിട്ടുള്ള 18 ബയോസ്ഫിയർ റിസർവുകൾ പശ്ചിമഘട്ടം മുതൽ ഉയർന്ന പ്രദേശങ്ങളിലെ ശീതമരുഭൂമികളും സമുദ്ര ആവാസവ്യവസ്ഥകളും വരെയുള്ള വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളെ പ്രതിനിധീകരിക്കുന്നു. ശാസ്ത്രീയ ഗവേഷണം, ജനപങ്കാളിത്തം, ഗവൺമെന്റ് സംരംഭങ്ങൾ എന്നിവയുടെ പിന്തുണയോടെ നടക്കുന്ന ഇവയുടെ സംരക്ഷണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണവും മനുഷ്യരുടെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന് വ്യക്തമാക്കുന്നു.
ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ
കര, സമുദ്രം, മറ്റ് ജല ആവാസവ്യവസ്ഥകൾ എന്നിവയിലുടനീളമുള്ള ജീവജാലങ്ങളുടെ വൈവിധ്യത്തെയാണ് ജൈവവൈവിധ്യം എന്ന് വിശേഷിപ്പിക്കുന്നത്. ജൈവവൈവിധ്യ കൺവെൻഷൻ (CBD) ഈ വൈവിധ്യത്തെ മൂന്ന് തലങ്ങളായി അംഗീകരിക്കുന്നു. ഒരേ ജീവിവർഗത്തിനുള്ളിലെ വ്യതിയാനങ്ങളെയാണ് ജനിതക വൈവിധ്യം എന്ന് പറയുന്നത്. വിവിധയിനം നെൽവിത്തുകൾ ഇതിന് ഉദാഹരണമാണ്. ഒരു വനത്തിലെ കടുവകൾ, ആനകൾ, ഓർക്കിഡുകൾ തുടങ്ങിയ വ്യത്യസ്ത ജീവിവർഗ്ഗങ്ങളുടെ വൈവിധ്യത്തെയാണ് സ്പീഷീസ് വൈവിധ്യം പ്രതിഫലിപ്പിക്കുന്നത്. വനങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെയുള്ള വ്യത്യസ്ത പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ ആവാസവ്യവസ്ഥാ വൈവിധ്യം ഉൾക്കൊള്ളുന്നു. ഈ മൂന്ന് തലങ്ങളും ചേർന്ന് പാരിസ്ഥിതിക പ്രക്രിയകൾ നിലനിർത്തുകയും ഭൂമിയിലെ ജീവൻ്റെ നിലനിൽപ്പിന് പിന്തുണ നൽകുകയും ചെയ്യുന്നു.
ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായി അതത് രാജ്യങ്ങളിലെ ഗവൺമെന്റുകൾ തിരിച്ചറിയുകയും നിശ്ചയിക്കുകയും ചെയ്യുന്ന പ്രദേശങ്ങളാണ് ബയോസ്ഫിയർ റിസർവുകൾ. ഇവ പ്രകൃതിദത്ത ആവാസവ്യവസ്ഥകൾ സംരക്ഷിക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുകയും ജൈവവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇവയുടെ സംരക്ഷണം ഭക്ഷ്യസുരക്ഷ, ജലലഭ്യത, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള ശേഷി, പ്രാദേശിക സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നു. കൂടാതെ, ഭാവിതലമുറകളുടെ പ്രയോജനത്തിനായി പ്രകൃതിവിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
ഇവയുടെ ആഗോള പ്രാധാന്യം കണക്കിലെടുത്ത്, എല്ലാ വർഷവും നവംബർ 3 അന്താരാഷ്ട്ര ബയോസ്ഫിയർ റിസർവ് ദിനമായി ആചരിക്കുന്നു. യുനെസ്കോ പ്രഖ്യാപിച്ച ഈ ദിനം, ജൈവവൈവിധ്യ സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ബയോസ്ഫിയർ റിസർവുകൾ നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടുന്നു. പരിസ്ഥിതി സംരക്ഷണവും മനുഷ്യരുടെ ക്ഷേമവും സമന്വയിപ്പിക്കുന്നതിൽ ഇവ വഹിക്കുന്ന പങ്കിനെക്കുറിച്ച് അവബോധം വളർത്താനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ ദിനാചരണം സമ്പന്നമായ പ്രകൃതിപൈതൃകം സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. ലോകത്തിലെ അതിസമ്പന്ന ജൈവവൈവിധ്യമുള്ള 17 രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയിൽ, ഭൂമിയുടെ ആകെ കരവിസ്തൃതിയുടെ 2.4 ശതമാനം മാത്രമാണുള്ളതെങ്കിലും, ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ജീവിവർഗ്ഗങ്ങളുടെ ഏതാണ്ട് 7 മുതൽ 8 ശതമാനം വരെ ഇവിടെ കാണപ്പെടുന്നു. ബയോസ്ഫിയർ റിസർവുകളുടെ ശൃംഖലയിലൂടെ പാരിസ്ഥിതിക അതിജീവനശേഷി ശക്തിപ്പെടുത്താനും സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പ്രകൃതിസംരക്ഷണത്തിനുള്ള മുൻഗണനകളും പ്രാദേശിക സമൂഹങ്ങളുടെ വികസന ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയാണ് ഈ ശ്രമങ്ങൾ വ്യക്തമാക്കുന്നത്.
ബയോസ്ഫിയർ റിസർവുകൾ: ആശയവും പ്രാധാന്യവും
ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രകൃതിദത്ത ആവാസവ്യവസ്ഥകളെയും അവയെ ആശ്രയിച്ച് കഴിയുന്ന സമൂഹങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന സമീപനം ആവശ്യമാണ്. അതോടൊപ്പം ശാസ്ത്രീയ ഗവേഷണം, ഉത്തരവാദിത്തത്തോടെയുള്ള വിഭവ പരിപാലനം, വിവിധ പങ്കാളികൾ തമ്മിലുള്ള സഹകരണം എന്നിവയും അനിവാര്യമാണ്. ഈ ലക്ഷ്യങ്ങൾ ഏകോപിപ്പിക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ചട്ടക്കൂടാണ് ബയോസ്ഫിയർ റിസർവുകൾ.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശാസ്ത്രീയ സമീപനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്കോ 1971-ൽ 'മാൻ ആൻഡ് ദ ബയോസ്ഫിയർ' (MAB) പദ്ധതിക്ക് തുടക്കം കുറിച്ചു. സുസ്ഥിര വികസന മാതൃകകൾ പരീക്ഷിക്കുന്നതിനും പ്രായോഗികമായി നടപ്പാക്കുന്നതിനുമുള്ള സജീവ പരീക്ഷണശാലകളായാണ് ബയോസ്ഫിയർ റിസർവുകൾ പ്രവർത്തിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിനൊപ്പം ഉപജീവനമാർഗ്ഗങ്ങൾ നിലനിർത്താൻ പ്രാദേശിക സമൂഹങ്ങളെ ഇവ സഹായിക്കുന്നു.
ബയോസ്ഫിയർ റിസർവുകൾ മറ്റ് സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങിയ സംരക്ഷിത പ്രദേശങ്ങൾ ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമങ്ങൾക്ക് കീഴിൽ വന്യജീവികളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷണത്തിനാണ് പ്രധാനമായും മുൻഗണന നൽകുന്നത്. എന്നാൽ, ബയോസ്ഫിയർ റിസർവുകൾ കൂടുതൽ വിശാലമായ സമീപനമാണ് സ്വീകരിക്കുന്നത്. സംരക്ഷിത ആവാസവ്യവസ്ഥകളെ അവ ചുറ്റുമുള്ള പ്രാദേശിക സമൂഹങ്ങളുമായി ബന്ധിപ്പിക്കുന്നു. ജൈവവൈവിധ്യ സംരക്ഷണവും മനുഷ്യരുടെ ക്ഷേമവും ഒരുമിച്ച് സാധ്യമാണെന്ന് വ്യക്തമാക്കുന്ന മാതൃകയായി ബയോസ്ഫിയർ റിസർവുകളെ മാറ്റുന്നത് ഈ സവിശേഷതയാണ്.
ബയോസ്ഫിയർ റിസർവുകളുടെ പ്രധാന ധർമ്മങ്ങൾ
ബയോസ്ഫിയർ റിസർവുകൾ പ്രധാനമായും മൂന്ന് ധർമ്മങ്ങളാണ് നിർവ്വഹിക്കുന്നത്:
സംരക്ഷണം: ജൈവവൈവിധ്യം, ജനിതക വിഭവങ്ങൾ, ആവാസവ്യവസ്ഥകൾ, പ്രകൃതിദൃശ്യങ്ങൾ എന്നിവയും അവയുമായി ബന്ധപ്പെട്ട സാംസ്കാരിക വൈവിധ്യവും സംരക്ഷിക്കുക.
സുസ്ഥിര സാമ്പത്തിക വികസനം: പാരിസ്ഥിതിക പരിധികളെയും പ്രാദേശിക സാംസ്കാരിക മൂല്യങ്ങളെയും മാനിച്ചുകൊണ്ടുള്ള സാമ്പത്തിക, സാമൂഹിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക.
ശാസ്ത്രീയ പിന്തുണ: സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനായി ശാസ്ത്രീയ ഗവേഷണം, പാരിസ്ഥിതിക നിരീക്ഷണം, വിദ്യാഭ്യാസം, പരിശീലനം, വിജ്ഞാന കൈമാറ്റം എന്നിവയ്ക്ക് പിന്തുണ നൽകുക.
മൂന്ന് പരസ്പരബന്ധിത മേഖലകൾ
വിവിധ തലങ്ങളിലുള്ള പരിസ്ഥിതി സംരക്ഷണവും മനുഷ്യരുടെ ഇടപെടലുകളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്ന മേഖലാ വിഭജന മാതൃകയാണ് ബയോസ്ഫിയർ റിസർവുകൾ പിന്തുടരുന്നത്. ഓരോ മേഖലയ്ക്കും വ്യക്തമായ ലക്ഷ്യങ്ങളുണ്ടെങ്കിലും, റിസർവിൻ്റെ സമഗ്രമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അവയെല്ലാം ഒരുപോലെ സംഭാവന ചെയ്യുന്നു.
- കോർ ഏരിയ: ആവാസവ്യവസ്ഥകൾക്കും ജൈവവൈവിധ്യത്തിനും ഏറ്റവും ഉയർന്ന തലത്തിലുള്ള സംരക്ഷണം ഉറപ്പാക്കുന്ന മേഖലയാണിത്. അവശ്യ പാരിസ്ഥിതിക പ്രക്രിയകൾ നിലനിർത്തുന്നതിനൊപ്പം ആവാസവ്യവസ്ഥകളെയും ജീവിവർഗ്ഗങ്ങളെയും ജനിതക വൈവിധ്യത്തെയും ഇത് സംരക്ഷിക്കുന്നു. മനുഷ്യരുടെ ഇടപെടലുകൾക്ക് ഇവിടെ കർശനമായ നിയന്ത്രണമുണ്ട്. ദീർഘകാല സംരക്ഷണത്തിന് സഹായകരമായ ഗവേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും മാത്രമാണ് ഇവിടെ അനുമതിയുള്ളത്.
- ബഫർ സോൺ: കോർ ഏരിയയ്ക്ക് ചുറ്റുമുള്ളതോ അതിനോട് ചേർന്നുകിടക്കുന്നതോ ആയ പ്രദേശമാണിത്. പരിസ്ഥിതി വിദ്യാഭ്യാസം, ശാസ്ത്രീയ ഗവേഷണം, നിയന്ത്രിതമായ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം എന്നിവയുൾപ്പെടെ പ്രകൃതിസംരക്ഷണ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന പ്രവർത്തനങ്ങൾ ഇവിടെ അനുവദിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനൊപ്പം, കർശനമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കോർ ഏരിയകളിലെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
- ട്രാൻസിഷൻ ഏരിയ: ജനവാസകേന്ദ്രങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ, സുസ്ഥിര സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന മേഖലയാണിത്. ഉത്തരവാദിത്തത്തോടെയുള്ള കൃഷി, സുസ്ഥിര വനവിഭവ ശേഖരണം, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം, പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടാൻ ഇവിടെ ജനങ്ങൾക്ക് അനുവാദമുണ്ട്. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്താനും ഈ മേഖല സഹായിക്കുന്നു.

ആഗോളതലത്തിൽ, ബയോസ്ഫിയർ റിസർവുകളുടെ ശരാശരി 18 ശതമാനം കോർ മേഖലയും, 30 ശതമാനം ബഫർ മേഖലയും, 52 ശതമാനം ട്രാൻസിഷൻ മേഖലയുമാണ്. കർശനമായ പ്രകൃതിസംരക്ഷണവും സുസ്ഥിര വികസനവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്ന സംയോജിത സമീപനത്തെയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്.
|
നിങ്ങൾക്കറിയാമോ?
|
|
യുനെസ്കോയുടെ ബയോസ്ഫിയർ റിസർവ് ശൃംഖലയിൽ 145 രാജ്യങ്ങളിലായി 797 ബയോസ്ഫിയർ റിസർവുകൾ ഉൾപ്പെടുന്നു. ഈ പ്രദേശങ്ങളിൽ വസിക്കുന്ന ഏകദേശം 30 കോടി ജനങ്ങൾക്ക് ഇവ നേരിട്ട് പ്രയോജനം ചെയ്യുന്നു. ഇവയുടെ പാരിസ്ഥിതിക പ്രാധാന്യം അവ വ്യാപിച്ചുകിടക്കുന്ന ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്കും വ്യാപിക്കുന്നു. ഭൂമിയുടെ കരവിസ്തൃതിയുടെ ഏകദേശം 5 ശതമാനം മാത്രമാണ് ബയോസ്ഫിയർ റിസർവുകൾ ഉൾക്കൊള്ളുന്നതെങ്കിലും, ലോകത്തിലെ കരയിൽ വസിക്കുന്ന കശേരു ജീവിവർഗ്ഗങ്ങളുടെ വൈവിധ്യത്തിൻ്റെ 60 ശതമാനത്തിലധികം നിലനിർത്തുന്നതിൽ ഇവ നിർണായക പങ്കുവഹിക്കുന്നു. 2025-26 ലെ ലോക ബയോസ്ഫിയർ റിസർവ് ശൃംഖലയുടെ ഭൂപടം അനുസരിച്ച്, 2050-ഓടെ ഏകദേശം 40 ശതമാനം ബയോസ്ഫിയർ റിസർവുകൾ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കൂടുതൽ തീവ്രമായ പ്രതിസന്ധികൾ നേരിടാൻ സാധ്യതയുണ്ട്. കൂടാതെ, ലോകത്തെ ബയോസ്ഫിയർ റിസർവുകളിൽ 50 ശതമാനത്തിലധികവും മറ്റ് അന്താരാഷ്ട്ര പദവികൾ കൂടിയുള്ള സംരക്ഷിത മേഖലകളുമായി ഒത്തുചേരുന്നവയാണ്.
|
ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകൾ
ജൈവവൈവിധ്യ സംരക്ഷണത്തിലും സുസ്ഥിരമായ ആവാസവ്യവസ്ഥാ പരിപാലന രീതികൾ പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടിക്കൊണ്ട്, ബയോസ്ഫിയർ റിസർവുകളുടെ പരിപാലനത്തിലും വികസനത്തിലും ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നു.
ഇന്ത്യയുടെ ബയോസ്ഫിയർ റിസർവ് ശൃംഖല
ഇന്ത്യയുടെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളെയും സമ്പന്നമായ പാരിസ്ഥിതിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതാണ് രാജ്യത്തെ ബയോസ്ഫിയർ റിസർവ് ശൃംഖല. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിൻ്റെ (MoEFCC) കണക്കുകൾ പ്രകാരം രാജ്യത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള 18 ബയോസ്ഫിയർ റിസർവുകളുണ്ട്. ഇതിൽ 13 എണ്ണം യുനെസ്കോയുടെ ലോക ബയോസ്ഫിയർ റിസർവ് ശൃംഖലയുടെ ഭാഗമാണ്. ദക്ഷിണേഷ്യയിൽ അന്താരാഷ്ട്ര അംഗീകാരമുള്ള ഏറ്റവും കൂടുതൽ ബയോസ്ഫിയർ റിസർവുകളുള്ള രാജ്യം ഇന്ത്യയാണ്.
|
ക്രമ നമ്പർ
|
ബയോസ്ഫിയർ
|
വിജ്ഞാപനം ചെയ്ത വർഷം
|
WNBR-ൽ ഉൾപ്പെടുത്തിയ വർഷം
|
സംസ്ഥാനങ്ങൾ
|
വിസ്തീർണ്ണം (ചതുരശ്ര കി.മീ.
|
|
1
|
നീലഗിരി*
|
1986
|
2000
|
തമിഴ്നാട്, കേരളം, കർണാടക
|
5,520
|
|
2
|
നന്ദാദേവി*
|
1988
|
2004
|
ഉത്തരാഖണ്ഡ്
|
6,407.03
|
|
3
|
നോക്രെക്*
|
1988
|
2009
|
മേഘാലയ
|
820
|
|
4
|
മന്നാർ ഉൾക്കടൽ*
|
1989
|
2001
|
തമിഴ്നാട്
|
10,500
|
|
5
|
സുന്ദർബൻസ്*
|
1989
|
2001
|
പശ്ചിമ ബംഗാൾ
|
9,630
|
|
6
|
മാനസ്
|
1989
|
—
|
അസം
|
2,837
|
|
7
|
ഗ്രേറ്റ് നിക്കോബാർ*
|
1989
|
2013
|
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
|
885
|
|
8
|
സിമിലിപാൽ*
|
1994
|
2009
|
ഒഡീഷ
|
5,569
|
|
9
|
ദിബ്രു-സൈഖോവ
|
1997
|
—
|
അസം
|
765
|
|
10
|
ദിഹാങ്-ദിബാംഗ്
|
1998
|
—
|
അരുണാചൽ പ്രദേശ്
|
5,111.50
|
|
11
|
പഞ്ച്മർഹി*
|
1999
|
2009
|
മധ്യപ്രദേശ്
|
4,981.72
|
|
12
|
കാഞ്ചൻജംഗ*
|
2000
|
2018
|
സിക്കിം
|
2,931.12
|
|
13
|
അഗസ്ത്യമല*
|
2001
|
2016
|
കേരളം, തമിഴ്നാട്
|
3,500
|
|
14
|
അചനക്മാർ-അമർകണ്ടക്*
|
2005
|
2012
|
മധ്യപ്രദേശ്, ഛത്തീസ്ഗഡ്
|
3,835.46
|
|
15
|
ഗ്രേറ്റ് റാൻ ഓഫ് കച്ച്
|
2008
|
—
|
ഗുജറാത്ത്
|
12,454
|
|
16
|
കോൾഡ് ഡെസേർട്ട്*
|
2009
|
2025
|
ഹിമാചൽ പ്രദേശ്
|
7,770
|
|
17
|
ശേഷാചലം
|
2010
|
—
|
ആന്ധ്രാപ്രദേശ്
|
4,755.58
|
|
18
|
പന്ന*
|
2011
|
2020
|
മധ്യപ്രദേശ്
|
2,998.98
|
കുറിപ്പ്: നക്ഷത്രചിഹ്നം (*) നൽകിയിട്ടുള്ളവ യുനെസ്കോയുടെ ലോക ബയോസ്ഫിയർ റിസർവ് ശൃംഖലയിൽ (WNBR) ഉൾപ്പെടുത്തിയിട്ടുള്ള ബയോസ്ഫിയർ റിസർവുകളാണ്.

വികസിച്ചുകൊണ്ടിരിക്കുന്ന ഈ ശൃംഖലയോടൊപ്പം, പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശങ്ങളുടെ കാര്യക്ഷമമായ പരിപാലനത്തിനും സംരക്ഷണത്തിനുമായി ഇന്ത്യ പ്രത്യേക പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള ബയോസ്ഫിയർ റിസർവ് ഡിവിഷനാണ് 'പ്രകൃതിവിഭവങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണം' എന്ന സമഗ്ര പദ്ധതിയുടെ ഉപപദ്ധതിയായ 'ജൈവവൈവിധ്യ സംരക്ഷണം' എന്ന കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കുന്നത്.
യുനെസ്കോയുടെ 'മാൻ ആൻഡ് ദ ബയോസ്ഫിയർ' പദ്ധതിയുടെ ചട്ടക്കൂടിന് കീഴിൽ വരുന്ന ബയോസ്ഫിയർ റിസർവുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനങ്ങൾക്ക്, അവയുടെ പരിപാലന പദ്ധതിയിൽ വ്യക്തമാക്കിയിട്ടുള്ള സംരക്ഷണ-വികസന പ്രവർത്തനങ്ങൾക്കായി ഈ പദ്ധതിയിലൂടെ ധനസഹായം നൽകുന്നു. അതാത് സംസ്ഥാന വനംവകുപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ചെലവ് പങ്കിടുന്ന വ്യവസ്ഥയിലാണ് മന്ത്രാലയം ധനസഹായം അനുവദിക്കുന്നത്. അതായത്, മറ്റ് സംസ്ഥാനങ്ങൾക്ക് 60:40 (കേന്ദ്ര വിഹിതം : സംസ്ഥാന വിഹിതം) എന്ന അനുപാതത്തിലും, വടക്കുകിഴക്കൻ-ഹിമാലയൻ സംസ്ഥാനങ്ങൾക്ക് 90:10 എന്ന അനുപാതത്തിലുമാണ് ധനസഹായം നൽകുന്നത്.
2022–23 മുതൽ, നാല് ബയോസ്ഫിയർ റിസർവുകളിൽ അഞ്ചുവർഷത്തെ സംയോജിത പരിപാലന പദ്ധതികൾ മന്ത്രാലയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിവരുന്നു. ഉത്തരാഖണ്ഡിലെ നന്ദാദേവി, മധ്യപ്രദേശിലെ പഞ്ച്മർഹി, അരുണാചൽ പ്രദേശിലെ ദിഹാങ്-ദിബാംഗ്, കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമല എന്നിവയാണ് ഈ നാല് റിസർവുകൾ. റിസർവ് അധികൃതർ, ഗവേഷണ സ്ഥാപനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്. സ്വാഭാവിക ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം, ജൈവവൈവിധ്യ നിരീക്ഷണം, ശാസ്ത്രീയ ഗവേഷണം, സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയ്ക്കാണ് ഈ പദ്ധതികൾ മുൻഗണന നൽകുന്നത്.
|
കേന്ദ്ര ഗവൺമെന്റിന്റെ സമഗ്ര ഭരണസമീപനം
ജൈവവൈവിധ്യ സംരക്ഷണവും ബയോസ്ഫിയർ റിസർവുകളുടെ പരിപാലനവും
കൂടുതൽ വായിക്കാം:
- ഇന്ത്യയിലെ റാംസർ സൈറ്റുകൾ: അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണം
- ഇന്ത്യയുടെ ജൈവവൈവിധ്യം: പ്രതിബദ്ധതകളും നേട്ടങ്ങളും
- ഇന്ത്യയുടെ ഹരിതപാത: പരിസ്ഥിതി സംരക്ഷണം മുതൽ കാലാവസ്ഥാ പ്രവർത്തനങ്ങളിലേക്ക്
- ആനകൾ: ഇന്ത്യയിലെ വനങ്ങളിലെ സൗമ്യരായ ഭീമന്മാർ
- കടുവ സംരക്ഷണത്തിൽ ഇന്ത്യയുടെ മുന്നേറ്റം
- ചീറ്റകളുടെ തിരിച്ചുവരവ്: പുനരുജ്ജീവനത്തിൻ്റെ കുതിച്ചുചാട്ടം
- ലോക വന്യജീവി ദിനം 2026: ആരോഗ്യം, പൈതൃകം, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയുടെ സംരക്ഷണം
- ഇന്ത്യയുടെ വന്യജീവി സംരക്ഷണത്തിലെ നാഴികക്കല്ലുകൾ: നയങ്ങൾ, നേട്ടങ്ങൾ, ആഗോള പ്രതിബദ്ധതകൾ
|
|
ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകൾ: ഒറ്റനോട്ടത്തിൽ
പർവ്വതവനങ്ങൾ മുതൽ കണ്ടൽക്കാടുകൾ നിറഞ്ഞ ഡെൽറ്റകളും പവിഴപ്പുറ്റുകളും ഉയർന്ന പ്രദേശങ്ങളിലെ ശീതമരുഭൂമികളും വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകൾ അസാധാരണമായ ജൈവവൈവിധ്യത്തിൻ്റെ കലവറയാണ്.

- നീലഗിരി: പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന നീലഗിരി ബയോസ്ഫിയർ റിസർവ് ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ജൈവവൈവിധ്യ ഹോട്ട്സ്പോട്ടാണ്. തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലായി ഏകദേശം 5,52,000 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇതിൽ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ, മലനിരകളിലെ ചോല വനങ്ങൾ, പുൽമേടുകൾ എന്നിവ ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ഈ ഭൂപ്രകൃതി തനതായതും വംശനാശഭീഷണി നേരിടുന്നതുമായ ജീവിവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള സമ്പന്നമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കുന്നു. വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ, നീലഗിരി വരയാടുകൾ എന്നിവയോടൊപ്പം ആനകൾ, കടുവകൾ, കാട്ടുപോത്തുകൾ (ഗൗർ), സാംബാർ മാനുകൾ, പുള്ളിമാനുകൾ എന്നിവയുടെ ആവാസകേന്ദ്രമാണിത്. കൂടാതെ, നിരവധി ഉരഗങ്ങൾക്കും ഉഭയജീവികൾക്കും പുറമെ 100-ലധികം സസ്തനിവർഗ്ഗങ്ങൾക്കും 550 പക്ഷി ഇനങ്ങൾക്കും ഈ റിസർവ് ആവാസമൊരുക്കുന്നു. നീലഗിരി ജില്ലയിൽ മാത്രം 6,000-ലധികം സസ്യവർഗ്ഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ഈ പ്രദേശത്തിൻ്റെ അതുല്യമായ സസ്യസമ്പത്തിനെ വ്യക്തമാക്കുന്നു.

- കോൾഡ് ഡെസേർട്ട്: ഹിമാചൽ പ്രദേശിൽ സമുദ്രനിരപ്പിൽ നിന്ന് 3,300 മുതൽ 6,600 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കോൾഡ് ഡെസേർട്ട് ബയോസ്ഫിയർ റിസർവ് 7,770 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. കഠിനമായ കാലാവസ്ഥയുള്ള ഈ ഉയർന്ന പ്രദേശം 30 തനത് ഇനങ്ങൾ ഉൾപ്പെടെ 732 വാസ്കുലർ സസ്യയിനങ്ങൾക്കും ഹിമപ്പുലികൾ, ഹിമാലയൻ ഐബെക്സ്, നീലച്ചെമ്മരിയാടുകൾ തുടങ്ങിയ അപൂർവ്വ ജീവികൾക്കും ആവാസമൊരുക്കുന്നു. ഏകദേശം 12,000 ആളുകൾ ഈ മേഖലയിൽ താമസിക്കുന്നു. കാലിമേയ്ക്കൽ, യാക്ക്-ആട് വളർത്തൽ, ബാർലി-പയർ കൃഷി, ടിബറ്റൻ ഔഷധ ചികിത്സാരീതികൾ എന്നിവയിലൂടെയാണ് ഇവിടത്തെ ജനങ്ങൾ പരമ്പരാഗത ഉപജീവനമാർഗ്ഗങ്ങൾ നിലനിർത്തുന്നത്.

- ഗൾഫ് ഓഫ് മന്നാർ: തമിഴ്നാടിൻ്റെ തെക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗൾഫ് ഓഫ് മന്നാർ ബയോസ്ഫിയർ റിസർവ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സമുദ്ര ജൈവവൈവിധ്യ മേഖലകളിൽ ഒന്നാണ്. ഏകദേശം 10.5 ലക്ഷം ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ റിസർവിൽ പവിഴപ്പുറ്റുകൾ, കടൽപ്പുൽത്തട്ടുകൾ, കണ്ടൽക്കാടുകൾ എന്നിവ ഉൾപ്പെടുന്നു. പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ ആവാസവ്യവസ്ഥകൾ 4,223 സസ്യ-ജന്തുജാലങ്ങളുടെ നിലനിൽപ്പിന് പിന്തുണ നൽകുന്നു. ഏകദേശം 47 തീരദേശ ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 25 ലക്ഷത്തോളം ആളുകളുടെ ഉപജീവനമാർഗ്ഗമാണ് ഈ റിസർവ് നിലനിർത്തുന്നത്.
|
വിജയഗാഥ: സംരക്ഷണ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി ജനങ്ങൾ

നീലഗിരി ബയോസ്ഫിയർ റിസർവിലെ തദ്ദേശീയ ജനവിഭാഗങ്ങൾ വേരോടെ പിഴുതുമാറ്റുന്ന അധിനിവേശ സസ്യമായ ലാൻ്റാനയുടെ വള്ളികൾ ഉപയോഗിച്ച് ആനകളുടെ ശിൽപ്പങ്ങളും ഫർണീച്ചറുകളും കരകൗശല വസ്തുക്കളും നിർമ്മിക്കുന്നു.
പ്രാദേശിക സമൂഹത്തിൻ്റെ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം സ്വാഭാവിക ആവാസവ്യവസ്ഥകളുടെ നാശത്തെക്കുറിച്ച് അവബോധം വളർത്താനും ഈ സംരംഭം സഹായിക്കുന്നു. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി 2021-ൽ ലണ്ടനിൽ യഥാർത്ഥ വലുപ്പത്തിലുള്ള 125 ലാൻ്റാന ആനശില്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ബെംഗളൂരു വിമാനത്താവളത്തിലും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും രാഷ്ട്രപതി ഭവനിലും ഇത്തരം ശിൽപ്പങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. കാടുകളിൽ നിന്ന് നീക്കംചെയ്യുന്ന ലാൻ്റാനയ്ക്ക് സാമ്പത്തിക മൂല്യമുള്ള ഉപയോഗങ്ങൾ കണ്ടെത്തുന്നതിനും തദ്ദേശീയ കരകൗശല വിദഗ്ധർക്ക് ഉപജീവനാവസരങ്ങൾ സൃഷ്ടിക്കുന്നതിനും അധിനിവേശ സസ്യങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും ഈ സംരംഭം സഹായിക്കുന്നു.
|
നിങ്ങൾക്കറിയാമോ?
ഇന്ത്യയിലെ വനങ്ങളിൽ ഏകദേശം 3,00,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുപന്തലിച്ചിട്ടുള്ള ഒരു അധിനിവേശ സസ്യമാണ് ലാൻ്റാന. നാടൻ സസ്യങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്ന ഇവ വനങ്ങളിൽ തിങ്ങിവളർന്ന് ജൈവവൈവിധ്യം കുറയ്ക്കുകയും സ്വാഭാവിക കാട്ടുതീയുടെ രീതികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇവ പുറപ്പെടുവിക്കുന്ന രാസവസ്തുക്കൾ മറ്റ് സസ്യങ്ങളുടെ വളർച്ചയെ തടയുന്നു. മാത്രമല്ല, വെട്ടിമാറ്റിയാലും വളരെ വേഗത്തിൽ വീണ്ടും വളരുന്നതിനാൽ ഇവയെ നശിപ്പിക്കുക അത്യന്തം ദുഷ്കരമാണ്. 1916 മുതൽ ഇവയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ലാൻ്റാനയെ നിയന്ത്രിക്കുക എന്നത് ഇപ്പോഴും ഭാരിച്ച ചെലവുള്ളതും വലിയ വെല്ലുവിളിയുയർത്തുന്നതുമായ ഒന്നായി തുടരുന്നു.
|
മുന്നോട്ടുള്ള വഴി
പ്രകൃതിയും മനുഷ്യനും പരസ്പരം ഒത്തിണങ്ങി അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ഭാവിക്കായി വലിയ പ്രതീക്ഷ നൽകുന്ന മാതൃകയാണ് ഇന്ത്യയിലെ ബയോസ്ഫിയർ റിസർവുകൾ മുന്നോട്ടുവയ്ക്കുന്നത്. ശാസ്ത്രീയ ഗവേഷണം, ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം, ജനകീയ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിൽ തുടർച്ചയായ നിക്ഷേപം നടത്തുന്നത് ഈ പ്രദേശങ്ങളുടെ പാരിസ്ഥിതിക സമൃദ്ധി നിലനിർത്താൻ സഹായിക്കും. പരമ്പരാഗത അറിവുകളെ ആധുനിക നിരീക്ഷണ സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നതിലൂടെ പ്രതിരോധശേഷിയുള്ള ആവാസവ്യവസ്ഥകളെയും സുസ്ഥിര ഉപജീവനമാർഗ്ഗങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. ഗവൺമെന്റുകൾ, ഗവേഷകർ, പ്രാദേശിക സമൂഹങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവ തമ്മിലുള്ള ശക്തമായ കൂട്ടായ്മ ഈ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് കരുത്തേകും. പ്രകൃതിയെ സംരക്ഷിക്കുന്നത് മനുഷ്യജീവിതത്തെ സമ്പന്നമാക്കുമെന്നും സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുമെന്നും വരുംതലമുറകൾക്ക് ആരോഗ്യകരമായ ഭാവി ഉറപ്പാക്കുമെന്നും തെളിയിക്കാൻ ഈ ബയോസ്ഫിയർ റിസർവുകൾക്ക് സാധിക്കും.
അവലംബം
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
Click to see pdf
****
(Explainer ID: 160698)
आगंतुक पटल : 8
Provide suggestions / comments