Economy
ഇന്ത്യയുടെ സാമൂഹ്യ സുരക്ഷാ പരിരക്ഷ
തൊഴിലാളി സംരക്ഷണം ശക്തിപ്പെടുത്തുന്നു
Posted On:
31 OCT 2026 9:39AM
വിപുലമായ ഇ.പി.എഫ്.ഒ. പരിരക്ഷ, ഡിജിറ്റൽ പരിഷ്കാരങ്ങൾ, ക്ഷേമപദ്ധതികൾ എന്നിവയിലൂടെ ഇന്ത്യയുടെ സാമൂഹ്യ സുരക്ഷാ ചട്ടക്കൂട് ഗണ്യമായി വികസിച്ചിരിക്കുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് പ്രൊവിഡ ൻ്റ് ഫണ്ട് സമ്പാദ്യം, പെൻഷൻ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ എന്നിവ ഇ.പി.എഫ്.ഒ. ഉറപ്പാക്കുന്നു. നിർബന്ധിത പരിരക്ഷയുടെ വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തിയതോടെ 51 ലക്ഷത്തിലധികം ജീവനക്കാരെക്കൂടി ഈ പരിധിയിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രജിസ്ട്രേഷൻ, പണം പിൻവലിക്കൽ, ആനുകൂല്യ അപേക്ഷകള്‍ തീർപ്പാക്കൽ എന്നിവ കൂടുതൽ ലളിതമാക്കാനാണ് ഡിജിറ്റൽ സംവിധാനങ്ങൾ ലക്ഷ്യമിടുന്നത്. ഇ.പി.എഫ്.ഒ.യ്ക്ക് പുറമെ ഇ-ശ്രം പോർട്ടൽ, പി.എം.-എസ്.വൈ.എം., പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന തുടങ്ങിയ സംരംഭങ്ങൾ അസംഘടിത തൊഴിലാളികളിലേക്കും ദുർബല വിഭാഗങ്ങളിലേക്കും പിന്തുണ വ്യാപിപ്പിക്കുന്നു. വിവിധ തൊഴിൽ വിഭാഗങ്ങളിലും ജീവിതഘട്ടങ്ങളിലും സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാന്‍ ഈ നടപടികൾ കരുത്തേകുന്നു.
തൊഴിലാളി സംരക്ഷണത്തിൻ്റെ സുപ്രധാന സ്തംഭമായി സാമൂഹ്യ സുരക്ഷ
സമ്പദ്വ്യവസ്ഥകൾ വികസിക്കുന്നതിനനുസരിച്ച് തൊഴിൽ രീതികളിലും ഉപജീവന മാർഗങ്ങളിലും തുടർച്ചയായി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾക്കും തൊഴിൽ സുരക്ഷിതത്വമില്ലായ്മയ്ക്കുമൊപ്പം അനൗപചാരിക, ഗിഗ്, പ്ലാറ്റ്ഫോം അധിഷ്ഠിത തൊഴിലുകളുടെ വ്യാപനം തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമൂഹ്യ സുരക്ഷയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. വിവിധ ജീവിതഘട്ടങ്ങളിലുണ്ടാകുന്ന വരുമാന നഷ്ടത്തിൽ നിന്നും മറ്റ് അപ്രതീക്ഷിത പ്രതിസന്ധികളിൽ നിന്നും സാമൂഹ്യ സുരക്ഷ തൊഴിലാളികള്‍ക്ക് സംരക്ഷണം നൽകുന്നു. വിരമിക്കൽ കാലയളവിലും ദുർബല ജീവിത സാഹചര്യങ്ങളിലും ഇത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നു.
സമീപ വർഷങ്ങളിൽ രാജ്യത്തെ സാമൂഹ്യ സുരക്ഷാ പരിരക്ഷയുടെ വ്യാപ്തി ഇന്ത്യ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ സംരക്ഷണ പരിരക്ഷ 2015-ലെ 19 ശതമാനത്തിൽ നിന്ന് 2026-ൽ 68.4 ശതമാനമായി ഉയർന്നു. ഈ വിപുലീകരണത്തിലൂടെ നൂറ് കോടിയിലധികം ജനങ്ങളെ സാമൂഹ്യ സംരക്ഷണ ചട്ടക്കൂടിൻ്റെ ഭാഗമാക്കാന്‍ സാധിച്ചു.
രാജ്യത്തെ തൊഴിലാളികൾക്ക് തൊഴിൽ കാലയളവിന് ശേഷവും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാമൂഹ്യ സുരക്ഷ സഹായിക്കുന്നു. അർഹരായ തൊഴിലാളികൾക്ക് പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ് പദ്ധതികൾ നടപ്പാക്കി എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) ഈ രംഗത്ത് സുപ്രധാന പങ്കാണ് വഹിക്കുന്നത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ സ്ഥാപനങ്ങളിലൊന്നാണ്. തൊഴിലാളികൾക്ക് വിരമിക്കൽ സമ്പാദ്യം സ്വരൂപിക്കാനും പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും അവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും ഇ.പി.എഫ്.ഒ. പദ്ധതികൾ സഹായിക്കുന്നു.
ഇ.പി.എഫ്.ഒ. സാമൂഹ്യ സുരക്ഷയുടെ മൂന്ന് സ്തംഭങ്ങൾ
പ്രൊവിഡൻ്റ് ഫണ്ട് സമ്പാദ്യം, പെൻഷൻ ആനുകൂല്യങ്ങൾ, ഇൻഷുറൻസ് സംരക്ഷണം എന്നിവയാണ് ഇ.പി.എഫ്.ഒ. സാമൂഹ്യ സുരക്ഷാ ഘടനയുടെ മൂന്ന് പ്രധാന സ്തംഭങ്ങള്‍.
- എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്സ് സ്കീം, 2026 (ഇ.പി.എഫ്.):
2020-ലെ സാമൂഹ്യ സുരക്ഷാ കോഡിന് കീഴിൽ പുതുതായി കൊണ്ടുവന്ന ഇ.പി.എഫ്. 2026 നിലവിലുണ്ടായിരുന്ന ഇ.പി.എഫ്. ചട്ടങ്ങൾക്ക് പകരമാണ്. വിഹിതങ്ങളിലൂടെയും പലിശയിലൂടെയും വിരമിക്കൽ സമ്പാദ്യം സ്വരൂപിക്കാൻ ഇത് അംഗങ്ങൾക്ക് അവസരമൊരുക്കുന്നു. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി ഭവന നിർമ്മാണം, ഉപരിപഠനം, വിവാഹം, ചികിത്സ തുടങ്ങിയ നിർദിഷ്ട ആവശ്യങ്ങൾക്ക് ഭാഗികമായി തുക പിൻവലിക്കാനും ഇത് അനുവദിക്കുന്നു.
- എംപ്ലോയീസ് പെൻഷൻ സ്കീം, 2026 (ഇ.പി.എസ്.):
സാമൂഹ്യ സുരക്ഷാ കോഡിന് കീഴിൽ നിലവിൽ വന്ന പുതിയ ഇ.പി.എസ്. 2026, 1995-ലെ എംപ്ലോയീസ് പെൻഷൻ സ്കീമിന് പകരമാണ്. അർഹരായ അംഗങ്ങൾക്ക് സേവന കാലാവധി പൂർത്തിയാകുമ്പോഴോ വിരമിക്കുമ്പോഴോ അല്ലെങ്കിൽ വൈകല്യമുണ്ടാകുമ്പോഴോ പ്രതിമാസ പെൻഷൻ ആനുകൂല്യങ്ങൾ പദ്ധതി ഉറപ്പാക്കുന്നു. കൂടാതെ അംഗങ്ങൾ മരണപ്പെട്ടാൽ പങ്കാളി, മക്കൾ, മറ്റ് അർഹരായ കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടുന്ന ആശ്രിതർക്ക് പെൻഷൻ ആനുകൂല്യങ്ങളും ഇത് ലഭ്യമാക്കുന്നു.
- എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം, 2026 (ഇ.ഡി.എല്‍.ഐ.):
സാമൂഹ്യ സുരക്ഷാ കോഡിന് കീഴിൽ കൊണ്ടുവന്ന പുതിയ ഇ.ഡി.എൽ.ഐ. 2026 നിലവിലുണ്ടായിരുന്ന 1976-ലെ പദ്ധതിയ്ക്ക് പകരമാണ്. സേവനകാലയളവില്‍ മരണപ്പെടുന്ന അർഹരായ ഇ.പി.എഫ്. അംഗങ്ങളുടെ ആശ്രിതർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുകയാണ് ഇതിൻ്റെ ലക്ഷ്യം. അംഗങ്ങളിൽ നിന്ന് പ്രത്യേക ഇൻഷുറൻസ് പ്രീമിയം ഈടാക്കാതെ തന്നെ 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ പദ്ധതി വഴി ലഭ്യമാക്കുന്നു.
തൊഴിലാളികൾക്കിടയിൽ ഇ.പി.എഫ്.ഒ. പരിരക്ഷ വിപുലീകരിക്കുന്നു
വർഷങ്ങളായി ഇന്ത്യയിലെ ഔപചാരിക തൊഴിൽ മേഖലയുടെ വളർച്ചയ്ക്കൊപ്പം ഇ.പി.എഫ്.ഒ. സേവന വ്യാപ്തി വിപുലീകരിച്ചിട്ടുണ്ട്. അംഗത്വത്തിലെ വർദ്ധന, സ്ഥാപനതല പരിരക്ഷ, പെൻഷൻ പിന്തുണ എന്നിവയിൽ ഈ പുരോഗതി പ്രകടമാണ്.
ഇക്കാലയളവിൽ ഇ.പി.എഫ്.ഒ. വിഹിതം അടയ്ക്കുന്ന അംഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായി. 2014-15 കാലയളവിലെ 3.49 കോടിയിൽ നിന്ന് 2026 സെപ്റ്റംബർ 16-ലെ കണക്കുകൾ പ്രകാരം ഇത് ഏകദേശം 7.98 കോടിയായി ഉയർന്നു. വിഹിതം അടയ്ക്കുന്ന അംഗങ്ങളുടെ എണ്ണത്തിൽ ഏകദേശം 4.49 കോടിയുടെ വർദ്ധനയാണ് ഇക്കാലയളവിൽ രേഖപ്പെടുത്തിയത്.
2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് 7.68 ലക്ഷം സ്ഥാപനങ്ങൾ ഇ.പി.എഫ്.ഒ.യിലേക്ക് വിഹിതം നൽകുന്നുണ്ട്. അർഹരായ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ പരിരക്ഷ വ്യാപിപ്പിക്കുന്നതിന് ഇതൊരു വിശാല സ്ഥാപന അടിത്തറ നൽകുന്നു.

അംഗത്വ വളർച്ചയ്ക്കൊപ്പം പെൻഷൻ പിന്തുണയും വിപുലീകരിക്കപ്പെട്ടു. 2014-15 കാലയളവിൽ 51.04 ലക്ഷം പെൻഷൻകാർക്കാണ് ഇ.പി.എഫ്.ഒ. പെൻഷൻ നൽകിയിരുന്നത്. എന്നാൽ 2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 82 ലക്ഷം പെൻഷൻകാർക്ക് നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. ഇത് പെൻഷൻകാരുടെ എണ്ണത്തിൽ 31 ലക്ഷത്തിലധികം പേരുടെ വർദ്ധന കാണിക്കുന്നു.
സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളുടെ തോതിലും സാരമായ വർദ്ധനയുണ്ടായിട്ടുണ്ട്. 2014-15 കാലയളവിൽ 1.30 കോടി ആനുകൂല്യ അപേക്ഷകളാണ് തീർപ്പാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ (2026 ഒക്ടോബറിലെ കണക്കുകൾ പ്രകാരം) ഇ.പി.എഫ്.ഒ. 6.42 കോടി അപേക്ഷകള്‍ തീർപ്പാക്കി. ഇ.പി.എഫ്.ഒ. അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും നൽകിവരുന്ന സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന തോതിനെ ഇത് വ്യക്തമാക്കുന്നു.
ഡിജിറ്റൽ-സേവന പരിഷ്കാരങ്ങളിലൂടെ ഇ.പി.എഫ്.ഒ. ശാക്തീകരണം
- പരിരക്ഷ, ആനുകൂല്യ അപേക്ഷകളുടെ ലളിതമായ തീർപ്പാക്കൽ, ഡിജിറ്റല്‍വല്‍ക്കരണം എന്നിവയിലൂടെ സാമൂഹ്യ സുരക്ഷാ വിതരണത്തെ ഇ.പി.എഫ്.ഒ. ശക്തിപ്പെടുത്തുന്നു. വ്യവസ്ഥകൾ പാലിക്കുന്നത് എളുപ്പമാക്കുക, ഭരണപരമായ സങ്കീർണതകൾ കുറയ്ക്കുക, പ്രൊവിഡന്റ് ഫണ്ട്-പെൻഷൻ സേവനങ്ങൾ ലളിതമായി ലഭ്യമാക്കുക എന്നിവയിലാണ് ഈ പരിഷ്കാരങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വേതന പരിധി പുതുക്കൽ
- പരിരക്ഷയുടെ വ്യാപ്തിയിലെ വർദ്ധന: ഇ.പി.എഫ്.ഒ.യുടെ നിർബന്ധിത പരിരക്ഷാ വേതന പരിധി നേരത്തെ പരിഷ്കരിച്ചത് 2014 സെപ്റ്റംബറിലാണ് (പ്രതിമാസം 6,500 രൂപയിൽ നിന്ന് 15,000 രൂപയായി). തുടർന്ന്, 2026 സെപ്റ്റംബറിൽ ഇത് പ്രതിമാസം 25,000 രൂപയായി ഉയർത്താൻ അംഗീകാരം നൽകി. ഈ പരിഷ്കരണത്തിലൂടെ 51 ലക്ഷത്തിലധികം അധിക ജീവനക്കാരെക്കൂടി നിർബന്ധിത പരിരക്ഷാ പരിധിയിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കാലയളവിൽ വേതന നിരക്കിലുണ്ടായ വർദ്ധനയെയും ഔപചാരിക തൊഴിൽ മേഖലയുടെ വളർച്ചയെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. നിലവിലെ നിയമപരമായ വ്യവസ്ഥകൾക്ക് വിധേയമായി നിർബന്ധിത പരിരക്ഷയ്ക്ക് അർഹരായ ജീവനക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാൻ പരിഷ്കരിച്ച വേതന പരിധി സഹായിക്കുന്നു.

പി.എഫ്. തുക പിൻവലിക്കുന്നത് ലഘൂകരിക്കലും ആനുകൂല്യ അപേക്ഷകളുടെ അതിവേഗ തീർപ്പാക്കലും
- ലളിതമാക്കിയ ഭാഗിക പിൻവലിക്കൽ ചട്ടങ്ങൾ: ഭാഗികമായി തുക പിൻവലിക്കുന്നത് സംബന്ധിച്ച 13 വ്യവസ്ഥകളെ അവിഭാജ്യ ആവശ്യങ്ങൾ, ഭവന ആവശ്യങ്ങൾ, സവിശേഷ സാഹചര്യങ്ങൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി ഇ.പി.എഫ്.ഒ. സംയോജിപ്പിച്ചു. ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട ചെലവുകളാണ് 'അവിഭാജ്യ ആവശ്യങ്ങൾ' എന്ന വിഭാഗത്തിൽ വരുന്നത്. ഈ വർഗീകരണം തുക പിൻവലിക്കൽ നടപടികളെ കൂടുതൽ ലളിതമാക്കുകയും അർഹരായ അംഗങ്ങൾക്ക് പ്രൊവിഡൻ്റ് ഫണ്ട് സമ്പാദ്യം എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- ഉദാരവല്‍കൃത പിൻവലിക്കൽ പരിധികൾ: ഔദ്യോഗിക സേവന കാലയളവിൽ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് ജീവനക്കാർക്ക് പി.എഫ്. സമ്പാദ്യത്തിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കാം. മുഴുവൻ നീക്കിയിരിപ്പും പിൻവലിക്കാതെ തന്നെ സമ്പാദ്യം പ്രയോജനപ്പെടുത്താൻ ഇത് അവസരമൊരുക്കുന്നു.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് 10 തവണയും വിവാഹ ആവശ്യങ്ങൾക്ക് 5 തവണയും വരെ ഭാഗിക പിൻവലിക്കലുകൾ അനുവദിച്ച് ഈ ചട്ടങ്ങൾ ഇ.പി.എഫ്.ഒ. കൂടുതൽ ഉദാരമാക്കി. മുൻപ് രണ്ട് ആവശ്യങ്ങൾക്കുമായി ആകെ 3 തവണ മാത്രമായിരുന്നു പിൻവലിക്കൽ അനുവദിച്ചിരുന്നത്. 2025 ഒക്ടോബറിൽ നടപ്പാക്കിയ പുതുക്കിയ ചട്ടക്കൂട് പ്രകാരം അർഹരായ അംഗങ്ങൾക്ക് അവരുടെ പി.എഫ്. നീക്കിയിരിപ്പിൻ്റെ 75% വരെ പിൻവലിക്കാനും അനുമതിയുണ്ട്. ബാധകമായ നിബന്ധനകൾക്ക് വിധേയമായി ജീവനക്കാരുടെയും തൊഴിലുടമയുടെയും വിഹിതം ഇതിലുൾപ്പെടുന്നു. ഇതിൻ്റെ കുറഞ്ഞ സേവന കാലാവധി 12 മാസമായി ഏകീകരിച്ചിട്ടുണ്ട്.
- സ്വമേധയാ ആനുകൂല്യങ്ങള്‍ തീര്‍പ്പാക്കല്‍: അർഹമായ മുൻകൂർ ആനുകൂല്യ അപേക്ഷകളുടെ സ്വമേധയാ തീർപ്പാക്കൽ പരിധി ഇ.പി.എഫ്.ഒ. 5 ലക്ഷം രൂപയായി ഉയർത്തി. ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയോ ഇടപെടലുകളോ ഇല്ലാതെ തന്നെ അർഹമായ പിൻവലിക്കൽ അപേക്ഷകളുടെ നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കുന്നു.
- ലളിതമായ ബാങ്ക് പരിശോധന: ആനുകൂല്യ അപേക്ഷകള്‍ ഓൺലൈനായി സമർപ്പിക്കുമ്പോൾ ചെക്ക് ലീഫിൻ്റെ പകർപ്പുകളോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്കോ അപ്ലോഡ് ചെയ്യണമെന്ന നിബന്ധന ഇ.പി.എഫ്.ഒ. ഒഴിവാക്കി. രേഖാപരമായ ജോലികള്‍ കുറയ്ക്കാനും ആനുകൂല്യ വിതരണ നടപടികൾ കൂടുതൽ സുഗമമാക്കാനും ഇത് സഹായിക്കുന്നു.
ചട്ടങ്ങൾ പാലിക്കലും നടപടിക്രമങ്ങള്‍ സുഗമമാക്കലും
- വിശ്വാസ്, 2026: 1952-ലെ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്സ് & മിസലേനിയസ് പ്രൊവിഷൻസ് ആക്ട്, 2020-ലെ സാമൂഹ്യ സുരക്ഷാ കോഡ് എന്നിവയ്ക്ക് കീഴിലെ നഷ്ടപരിഹാരമോ പിഴയോ സംബന്ധിച്ച തർക്കങ്ങൾ ഒറ്റത്തവണ തീർപ്പാക്കാൻ പദ്ധതി സൗകര്യമൊരുക്കുന്നു. സമയബന്ധിത ഡിജിറ്റൽ പ്രക്രിയയിലൂടെ വ്യവഹാരങ്ങൾ കുറയ്ക്കാനും സ്വമേധയാ വ്യവസ്ഥകൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. ചോദ്യം ചെയ്യപ്പെട്ട പിഴ ഉത്തരവുകൾ, കുടിശ്ശികയുള്ളതോ ഭാഗികമായി ഈടാക്കിയതോ ആയ തുകകൾ, അന്തിമ ഉത്തരവ് കാത്തിരിക്കുന്ന നോട്ടീസുകൾ, നോട്ടീസ് നൽകാനിരിക്കുന്ന കേസുകൾ എന്നിവയെല്ലാം പദ്ധതിയുടെ പരിധിയിൽ വരുന്നു.
- 2024 ജൂൺ 14-ന് മുൻപത്തെ കുടിശ്ശികകൾക്ക് കാലതാമസത്തിൻ്റെ പരിധിയനുസരിച്ച് 0.25%, 0.50%, അല്ലെങ്കിൽ 1% എന്നിങ്ങനെ കുറഞ്ഞ പ്രതിമാസ നഷ്ടപരിഹാര നിരക്കുകൾ മാത്രമാണ് ഈടാക്കുക.
- തൊഴിലുടമകൾ നിയമപരമായി ബാധകമായ പലിശ അടയ്ക്കുകയും തീർപ്പാക്കിയ തർക്കങ്ങളിൽ തുടർ അപ്പീലുകളുമായി മുന്നോട്ട് പോകില്ലെന്ന് ഉറപ്പ് നൽകുകയും വേണം.
- തട്ടിപ്പ്, തിരിമറി, ബോധപൂർവമായ കൃത്രിമത്വം, ഇതിനകം പൂർണമായി ഈടാക്കിയ പിഴകൾ എന്നിവയൊഴികെ വിവിധ ഘട്ടങ്ങളിലെ കേസുകൾക്ക് ഇത് ബാധകമാണ്. ഇ.പി.എഫ്.ഒ. എംപ്ലോയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
- ആംനസ്റ്റി, 2026: സ്ഥാപനങ്ങൾക്ക് അവരുടെ പ്രൊവിഡൻ്റ് ഫണ്ട് ട്രസ്റ്റുകൾ ക്രമപ്പെടുത്തുന്നതിന് ഇ.പി.എഫ്.ഒ. ആരംഭിച്ച ഒറ്റത്തവണ പദ്ധതിയാണിത്. 1961-ലെ ആദായനികുതി നിയമപ്രകാരം അംഗീകരിക്കപ്പെട്ടതും എന്നാൽ 1952-ലെ ഇ.പി.എഫ്. നിയമത്തിന് കീഴിലോ 2020-ലെ സാമൂഹ്യ സുരക്ഷാ കോഡിന് കീഴിലോ ഔദ്യോഗിക ഇളവുകൾ ഇല്ലാത്തതുമായ ട്രസ്റ്റുകൾക്കാണ് പദ്ധതി ബാധകമാകുന്നത്. 2026 ഡിസംബർ 28 വരെ പദ്ധതി ലഭ്യമാണ്.
- അർഹരായ സ്ഥാപനങ്ങൾക്ക് ട്രസ്റ്റ് രൂപീകരിച്ച തീയതി മുതൽ മുൻകാല പ്രാബല്യത്തോടെ നിശ്ചിത അവസാന തീയതി വരെ ഇളവ് നേടാം. കുറഞ്ഞ ജീവനക്കാരുടെ നിശ്ചിത എണ്ണം, ഫണ്ട് ആവശ്യകതകൾ എന്നിവയിലും പദ്ധതി ഇളവ് നൽകുന്നു.
- അർഹരായ ട്രസ്റ്റുകൾ നിയമപരമായ വിഹിതങ്ങൾ അടയ്ക്കുകയും ഇ.പി.എഫ്. നിരക്കിന് തുല്യമോ അതിൽ കൂടുതലോ നിരക്കിൽ അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് പലിശ നൽകുകയും ചെയ്തിരിക്കണം. ഈ നിബന്ധനകൾക്ക് വിധേയമായി ഔദ്യോഗിക ഇളവ് ഇല്ലെന്ന കാരണത്താൽ മാത്രം ആരംഭിച്ച നടപടികൾ പിൻവലിക്കുകയും ഈ വിഷയത്തിൽ പുതിയ നടപടികൾ സ്വീകരിക്കാതിരിക്കുകയും ചെയ്യും.

ഡിജിറ്റൽ സംവിധാനങ്ങളിലൂടെ രജിസ്ട്രേഷൻ ലളിതമാക്കുന്നു
- ഓട്ടോമാറ്റിക് രജിസ്ട്രേഷൻ: കോർപ്പറേറ്റ്കാര്യ മന്ത്രാലയത്തിൻ്റെ പോർട്ടൽ വഴി അർഹരായ പൊതു-സ്വകാര്യ ലിമിറ്റഡ് കമ്പനികൾക്കും 'വൺ പേഴ്സൺ കമ്പനികൾക്കും' ഓട്ടോമാറ്റിക് ഇ.പി.എഫ്.ഒ. രജിസ്ട്രേഷൻ നേടാനുള്ള സൗകര്യം 2020 ഫെബ്രുവരി മുതൽ നിലവിലുണ്ട്. SPICe+, AGILE-PRO ഫോമുകൾ വഴിയാണ് ഈ സൗകര്യം പ്രവർത്തിക്കുന്നത്. പാൻ, ടാൻ, ഡയറക്ടർ ഐഡൻ്റിഫിക്കേഷൻ നമ്പർ, ജി.എസ്.ടി.എൻ. തുടങ്ങിയ വിവിധ സേവനങ്ങളെ ഈ ഫോം ഒരൊറ്റ സംവിധാനത്തിലൂടെ സംയോജിപ്പിക്കുന്നു.
- സാര്‍വത്രിക അക്കൗണ്ട് നമ്പർ (യു.എ.എൻ.) സ്വയം സൃഷ്ടിക്കൽ: 2019 നവംബർ മുതൽ തൊഴിലാളികൾക്ക് സ്വന്തമായി യു.എ.എൻ. സൃഷ്ടിക്കാനുള്ള സൗകര്യമുണ്ട്. ഇ.പി.എഫ്.ഒ.-യുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ അംഗമാകാന്‍ ഇത് സഹായിക്കുന്നു. 2025 ഏപ്രിലിൽ ആധാർ അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് യു.എ.എൻ. സൃഷ്ടിക്കാനും സജീവമാക്കാനും ഇ.പി.എഫ്.ഒ. സൗകര്യമൊരുക്കി. 'ഉമാങ്' മൊബൈൽ അപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയിരിക്കുന്ന ഈ സംവിധാനം സുരക്ഷിതവും സ്പർശനരഹിതവുമായ ഡിജിറ്റൽ പ്രവേശനം ഉറപ്പാക്കുന്നു. 2026 ഒക്ടോബറിലെ കണക്കുകൾ പ്രകാരം 1.74 കോടി യു.എ.എൻ അക്കൗണ്ടുകൾ ഇത്തരത്തിൽ സ്വയം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ 2017 ജനുവരി മുതൽ 2026 ഒക്ടോബർ 21 വരെ ഉമാങ് ആപ്പ് വഴി നടന്ന ഇ.പി.എഫ്.ഒ. ഇടപാടുകൾ ഏതാണ്ട് 709 കോടിയാണ്; സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിൽ കൈവരിച്ച വലിയ മുന്നേറ്റത്തെയാണ് ഇത് കാണിക്കുന്നത്.
ഓരോ ഇ.പി.എഫ്. അംഗത്തിനും അനുവദിക്കുന്ന സവിശേഷവും സ്ഥിരവുമായ തിരിച്ചറിയൽ നമ്പറാണ് യു.എ.എൻ. ഇതിലൂടെയാണ് വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രൊവിഡൻ്റ് ഫണ്ട് അക്കൗണ്ടുകളെ പരസ്പരം ബന്ധിപ്പിക്കുന്നത്. യു.എ.എൻ. ഡാറ്റാബേസിലെ വിവരങ്ങൾ തൊഴിലുടമ പരിശോധിച്ച് ഉറപ്പാക്കുന്നതിന് വിധേയമായി ജോലി മാറുമ്പോൾ പി.എഫ്. സമ്പാദ്യം മാറ്റിയെടുക്കുന്ന പ്രക്രിയ ഇതിലൂടെ എളുപ്പമാകുന്നു.
- ആധാർ വിവരങ്ങള്‍ ചേര്‍ക്കല്‍ ലളിതം: യു.എ.എൻ. അംഗത്വ പോർട്ടൽ വഴി ആധാർ വിവരങ്ങൾ ചേര്‍ക്കാനും തിരുത്തലുകൾ വരുത്താനും 2025 ഓഗസ്റ്റ് മുതൽ ഇ.പി.എഫ്. അംഗങ്ങൾക്ക് സാധിക്കുന്നു. ആധാറിലെയും യു.എ.എൻ. പ്രൊഫൈലിലെയും വിവരങ്ങൾ പൊരുത്തപ്പെടുന്ന സാഹചര്യങ്ങളിൽ തൊഴിലുടമകൾക്ക് നേരിട്ട് തന്നെ അപേക്ഷകൾ അംഗീകരിക്കാം. വിവരങ്ങളിൽ വ്യത്യാസമുണ്ടെങ്കിൽ തിരുത്തലുകൾക്കായി അപേക്ഷകൾ ഇ.പി.എഫ്.ഒ ഓഫീസിലേക്ക് ഓൺലൈനായി കൈമാറാം. തൊഴിലുടമയുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട ഇ.പി.എഫ്.ഒ. ഓഫീസിലെ പബ്ലിക് റിലേഷൻസ് ഓഫീസർ മുഖേനയും അംഗങ്ങൾക്ക് സഹായം തേടാം.
ഇ.പി.എഫ്.ഒ. സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം
- കേന്ദ്രീകൃത പെൻഷൻ പേയ്മെൻ്റ് സംവിധാനം: രാജ്യത്തെ ഏത് ബാങ്ക് ശാഖ വഴിയും പെൻഷൻ വിതരണം സാധ്യമാക്കുന്ന സംവിധാനമാണിത്. താമസമോ ബാങ്ക് ശാഖയോ മാറുമ്പോൾ ഓഫീസുകൾക്കിടയിൽ പെൻഷൻ പേയ്മെന്റ് ഓര്‍ഡറുകള്‍ മാറ്റാതെ തന്നെ പെൻഷൻകാർക്ക് അവരുടെ പെൻഷൻ തുക കൈപ്പറ്റാൻ ഇതിലൂടെ സാധിക്കുന്നു. വിരമിക്കലിന് ശേഷം സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന പെൻഷൻകാർക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമാണ്. കൂടാതെ പെൻഷൻ ലഭിച്ചുതുടങ്ങുന്ന സമയത്ത് സ്ഥിരീകരണത്തിന് ബാങ്ക് ശാഖ സന്ദർശിക്കേണ്ട ആവശ്യകത കുറയ്ക്കാനും ഈ സംവിധാനം സഹായിക്കുന്നു.
- ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനം വീട്ടുപടിക്കൽ: ഇ.പി.എസ്. പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനം വീട്ടുപടിക്കൽ ലഭ്യമാക്കുന്നതിന് ഇ.പി.എഫ്.ഒ., ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ഒരു സർട്ടിഫിക്കറ്റിൻ്റെ 50 രൂപ ചെലവ് ഇ.പി.എഫ്.ഒ. നേരിട്ട് വഹിക്കുന്നതിനാൽ പെൻഷൻകാർക്ക് ഈ സേവനം പൂർണമായും സൗജന്യമാണ്. ഗ്രാമീണ-വിദൂര മേഖലകളിലെ പ്രായമായ പെൻഷൻകാർക്ക് ഈ സംരംഭം ഏറെ ആശ്വാസകരമാണ്. മുടങ്ങാതെ കൃത്യസമയത്ത് പെൻഷൻ ലഭ്യമാക്കാനും കുടുംബ പെൻഷൻ നടപടികൾ വേഗത്തിലാക്കാനും കേന്ദ്രീകൃത പെൻഷൻ പേയ്മെൻ്റ് സംവിധാനത്തിന് കീഴിലെ കൃത്യത വർദ്ധിപ്പിക്കാനും ഇത് പിന്തുണയേകുന്നു.
- നവീകരിച്ച ഇ.പി.എഫ്.ഒ. വെബ്സൈറ്റ്: പുനർരൂപകല്പന ചെയ്ത ഔദ്യോഗിക വെബ്സൈറ്റ് (epfo.gov.in) 2025 നവംബർ 1-ന് ഇ.പി.എഫ്.ഒ. പുറത്തിറക്കി. മൊബൈൽ ഫോണുകളിലും സുഗമമായി ഉപയോഗിക്കാവുന്ന ഈ പോർട്ടൽ ജീവനക്കാർക്കും തൊഴിലുടമകൾക്കും പെൻഷൻകാർക്കും ഒരു ഏകീകൃത ഇൻ്റർഫേസ് നൽകുന്നു. പാസ്ബുക്കുകൾ, ആനുകൂല്യ അപേക്ഷാ ഫോമുകൾ, പെൻഷൻ സേവനങ്ങൾ, പ്രൊഫൈൽ തിരുത്തലുകൾ, വിവിധ പദ്ധതി വിവരങ്ങൾ എന്നിവ എളുപ്പത്തിൽ കണ്ടെത്താൻ ഇത് സഹായിക്കുന്നു. പ്രത്യേക ലോഗിൻ ഓപ്ഷനുകളും ‘ഇ.പി.എഫ്.ഒ.യും നിങ്ങളും’ എന്ന വിഭാഗവും സേവനങ്ങൾ വേഗത്തിൽ കണ്ടെത്താൻ ഉപയോക്താക്കളെ സഹായിക്കുന്നു. പി.എഫ്. ബാലൻസ് പരിശോധിക്കൽ, അഡ്വാൻസിന് അപേക്ഷിക്കൽ, പെൻഷൻ അപേക്ഷകൾ സമർപ്പിക്കൽ, ഇലക്ട്രോണിക് ചലാൻ-കം-റിട്ടേൺ (ഇ.സി.ആര്.) ഫയൽ ചെയ്യൽ, സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, യു.എ.എൻ. ആക്റ്റിവേഷൻ തുടങ്ങിയ സേവനങ്ങൾ വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോകളും ഇതിലുണ്ട്. ചെറിയ ഡൊമെയ്ൻ അഡ്രസും മെച്ചപ്പെട്ട നാവിഗേഷനും എല്ലാത്തരം ഉപകരണങ്ങളിലും വെബ്സൈറ്റ് ഉപയോഗം ലളിതമാക്കുന്നു.
- ഇ.പി.എഫ്.ഒ. 3.0 - കോർ ബാങ്കിങ് അധിഷ്ഠിത പരിവർത്തനം: ആധുനിക കോർ ബാങ്കിങ് ശേഷികൾ പ്രയോജനപ്പെടുത്തി ഇ.പി.എഫ്.ഒ. സേവനങ്ങളെ നവീകരിക്കുന്ന സംരംഭമാണിത്.
- അക്കൗണ്ട് കൈകാര്യം ചെയ്യൽ, സ്ഥാപന വിഭവ ആസൂത്രണം (ഇ.ആര്.പി.), നിയമപാലനം, ഉപഭോക്തൃ സേവനങ്ങൾ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരാൻ അത്യാധുനിക ക്ലൗഡ് അധിഷ്ഠിത കോർ ബാങ്കിങ് സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. സേവനങ്ങൾ കൂടുതൽ സുരക്ഷിതവും തടസ്സരഹിതവുമാക്കാന്‍ ഘട്ടംഘട്ടമായാണ് ഇത് നടപ്പാക്കുന്നത്.
- രേഖാപരമായ ജോലികള്‍ കുറയ്ക്കാനും ആനുകൂല്യ അപേക്ഷാ നടപടികൾ വേഗത്തിലാക്കാനും അംഗങ്ങളുടെ സേവനങ്ങൾക്ക് ഏകീകൃത സംവിധാനമൊരുക്കാനും ഈ സംരംഭം സഹായിക്കുന്നു.
- മാനുഷിക ഇടപെടലുകളില്ലാതെ ആനുകൂല്യ അപേക്ഷകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സുരക്ഷിതമായി സ്വമേധയാ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്; ആനുകൂല്യ അപേക്ഷ തീർപ്പാക്കൽ സമയം 20 ദിവസത്തിൽ നിന്ന് 3 ദിവസത്തിൽ താഴെയായി കുറയ്ക്കാൻ ഇത് സഹായിക്കും.
- തൽക്ഷണ പിൻവലിക്കലുകൾ, ബഹുഭാഷാ സ്വയംസഹായ സേവനങ്ങൾ, ശമ്പള വിതരണവുമായി നേരിട്ട് ബന്ധിപ്പിച്ച തടസ്സമില്ലാത്ത വിഹിത നിക്ഷേപം തുടങ്ങിയ സവിശേഷതകൾ ഇതിൻ്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. 30 കോടിയിലധികം വരുന്ന ഇ.പി.എഫ്.ഒ. ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കാനാണ് ഈ സമഗ്ര ചട്ടക്കൂടിലൂടെ ലക്ഷ്യമിടുന്നത്.
ഇ.പി.എഫ്.ഒ.യ്ക്ക് അപ്പുറം: ഇന്ത്യയുടെ വിപുലമായ സാമൂഹ്യ സുരക്ഷാ ചട്ടക്കൂട്
വിവിധ തൊഴിൽ വിഭാഗങ്ങളിലെ തൊഴിലാളികളെയും പാർശ്വവൽക്കരിക്കപ്പെട്ട ദുർബല വിഭാഗങ്ങളെയും പിന്തുണയ്ക്കുന്നതിന് വിവിധ പദ്ധതികളിലൂടെയും സ്ഥാപനപരമായ സംവിധാനങ്ങളിലൂടെയും ഇന്ത്യയുടെ സാമൂഹ്യ സുരക്ഷാ ചട്ടക്കൂട് ഇ.പി.എഫ്.ഒ.യ്ക്കും അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്നു. സാമൂഹ്യ സുരക്ഷ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് സാമൂഹ്യ സഹായങ്ങൾ, പെൻഷൻ പിന്തുണ, നിയമപരമായ സംരക്ഷണങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഈ സംരംഭങ്ങളിലൂടെ സംയോജിപ്പിക്കുന്നു.
പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന
അർഹരായ വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ, പ്രധാന വരുമാനദായകൻ മരണപ്പെട്ട കുടുംബങ്ങൾ എന്നിവർക്ക് ഈ പദ്ധതിയിലൂടെ സാമൂഹ്യ സഹായം ലഭ്യമാക്കുന്നു. നിലവിലുണ്ടായിരുന്ന ദേശീയ സാമൂഹ്യ സഹായ പദ്ധതി പരിഷ്കരിച്ച് 2026 ഒക്ടോബറിലാണ് പുതിയ പദ്ധതി രൂപീകരിച്ചത്. 2026–27 മുതൽ 2030–31 വരെ കാലയളവിൽ പദ്ധതി തുടരും. പദ്ധതിയ്ക്ക് കീഴിലെ ഉപപദ്ധതികൾ നൽകുന്ന ആനുകൂല്യങ്ങൾ താഴെ:
- ഭിന്നശേഷി പെൻഷൻ പദ്ധതി: 80 വയസ്സിന് താഴെ ഗുണഭോക്താക്കൾക്ക് പ്രതിമാസം 375 രൂപയും 80 വയസ്സും അതിൽ കൂടുതലും പ്രായക്കാര്‍ക്ക് പ്രതിമാസം 625 രൂപയും സാമ്പത്തിക സഹായം നൽകുന്നു. ഭിന്നശേഷി പരിധി 80 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കുറയ്ക്കുകയും കുറഞ്ഞ പ്രായപരിധി ഒഴിവാക്കുകയും ചെയ്തതോടെ ജനനം മുതൽ പെൻഷന് അർഹത ലഭിക്കുന്നു.
- വാർദ്ധക്യകാല പെൻഷൻ പദ്ധതി: 60 മുതൽ 79 വയസ്സുവരെയുള്ളവർക്ക് പ്രതിമാസം 200 രൂപയും 80 വയസ്സും അതിൽ കൂടുതലും പ്രായക്കാര്‍ക്ക് പ്രതിമാസം 500 രൂപയും പെൻഷൻ അനുവദിക്കുന്നു.
- വിധവാ പെൻഷൻ പദ്ധതി: 40 മുതൽ 79 വയസ്സുവരെ വിധവകൾക്ക് പ്രതിമാസം 300 രൂപയും 80 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് പ്രതിമാസം 500 രൂപയും പെൻഷൻ നൽകുന്നു.
- കുടുംബ ആനുകൂല്യ പദ്ധതി: 18 മുതൽ 59 വയസ്സുവരെയുള്ള കുടുംബത്തിലെ പ്രധാന വരുമാനദായകൻ മരണപ്പെട്ടാൽ അർഹരായ കുടുംബങ്ങൾക്ക് ഒറ്റത്തവണ 20,000 രൂപ ധനസഹായം നൽകുന്നു.
സാമൂഹ്യ സുരക്ഷാ കോഡ്, 2020
സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിലവിലെ ഒൻപത് കേന്ദ്ര തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് ഒരൊറ്റ ഏകീകൃത നിയമ ചട്ടക്കൂടാക്കി മാറ്റുന്നതാണ് ഈ കോഡ്. പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ്, പ്രസവാനുകൂല്യങ്ങൾ, ഗ്രാറ്റുവിറ്റി, മറ്റ് തൊഴിലാളി സംരക്ഷണങ്ങൾ എന്നിവയുൾപ്പെടുന്ന സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ഈ കോഡ് വ്യവസ്ഥ ചെയ്യുന്നു. സംഘടിത-അസംഘടിത തൊഴിലാളികൾക്കും ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.
നിശ്ചിത നിബന്ധനകൾക്ക് വിധേയമായി നിശ്ചിത കാലാവധി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അർഹരായ ജീവനക്കാർക്ക് ഒരു വർഷത്തെ സേവനത്തിന് ശേഷം ആനുപാതികമായി ഗ്രാറ്റുവിറ്റി നൽകാൻ കോഡ് വ്യവസ്ഥ ചെയ്യുന്നു. കൂടാതെ ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളെ സാമൂഹ്യ സുരക്ഷാ ചട്ടക്കൂടിൻ്റെ ഭാഗമാക്കുകയും ഒരു പ്രത്യേക സാമൂഹ്യ സുരക്ഷാ ഫണ്ടിൻ്റെ പിന്തുണയോടെ അവര്‍ക്കായി ക്ഷേമ പദ്ധതികൾ നടപ്പാക്കാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നു.
സ്ത്രീകൾക്ക് അനുകൂലമായ വ്യവസ്ഥകളിൽ അർഹരായ വനിതകൾക്ക് 26 ആഴ്ച വരെ പ്രസവാവധി ആനുകൂല്യങ്ങൾ, ജോലിയുടെ സ്വഭാവം അനുവദിക്കുന്ന സാഹചര്യങ്ങളില്‍ 'വർക്ക് ഫ്രം ഹോം' സൗകര്യം, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങളിൽ ശിശുപരിപാലന കേന്ദ്രത്തിന്റെ സൗകര്യം എന്നിവ ഉൾപ്പെടുന്നു. സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും പദ്ധതി നടത്തിപ്പ് സുഗമമാക്കാനും ഡിജിറ്റൽ സംവിധാനങ്ങളും ലളിതമായ വ്യവസ്ഥകളും ഈ കോഡ് ഉറപ്പാക്കുന്നു.
ഇ-ശ്രം: അസംഘടിത തൊഴിലാളികൾക്കായി സംയോജിത പ്ലാറ്റ്ഫോം
2021 ഓഗസ്റ്റിൽ ആരംഭിച്ച 'ഇ-ശ്രം' രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ പ്രഥമ ആധാർ ബന്ധിത ദേശീയ വിവരശേഖരത്തിന് രൂപം നൽകി. രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളിക്കും യു.എ.എൻ. ലഭിക്കുന്നു. 2026 ഓഗസ്റ്റിലെ കണക്കനുസരിച്ച് ഈ പോർട്ടലിൽ 31.89 കോടി രജിസ്ട്രേഷനുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഒക്ടോബറിൽ ആരംഭിച്ച 'ഇ-ശ്രം വൺ-സ്റ്റോപ്പ് സൊല്യൂഷൻ' 15 സാമൂഹ്യ സുരക്ഷാ-ക്ഷേമ പദ്ധതികളെ ഒരൊറ്റ വേദിയില്‍ സംയോജിപ്പിക്കുന്നു. തൊഴിലവസരങ്ങൾക്കായി നാഷണൽ കരിയർ സർവീസുമായും നൈപുണ്യ പരിശീലനത്തിനും അപ്രൻ്റീസ്ഷിപ്പിനുമായി സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ്ബുമായും അർഹമായ ഗവണ്മെൻ്റ് പദ്ധതികൾ കണ്ടെത്താൻ 'മൈ സ്കീം' പ്ലാറ്റ്ഫോമുമായും ഇത് തൊഴിലാളികളെ ബന്ധിപ്പിക്കുന്നു.
പ്രധാനമന്ത്രി ശ്രമ യോഗി മാൻ-ധൻ
15,000 രൂപ വരെ പ്രതിമാസ വരുമാനമുള്ള 18 മുതൽ 40 വയസ്സുവരെ അർഹരായ അസംഘടിത തൊഴിലാളികൾക്ക് സ്വമേധയാ ചേരാവുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയാണിത്. നിശ്ചിത നിബന്ധനകൾക്ക് വിധേയമായി 60 വയസ്സ് തികയുമ്പോൾ പ്രതിമാസം കുറഞ്ഞത് 3,000 രൂപ ഉറപ്പായ പെൻഷൻ ഈ പദ്ധതി നൽകുന്നു. ചേരുന്ന പ്രായത്തിനനുസരിച്ച് പ്രതിമാസം 55 രൂപ മുതൽ 200 രൂപ വരെയാണ് തൊഴിലാളികൾ വിഹിതമായി അടയ്ക്കേണ്ടത്; തുല്യമായ തുക കേന്ദ്ര ഗവണ്മെൻ്റും വിഹിതമായി നൽകുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജിഡിപി) 50 ശതമാനത്തോളം സംഭാവന ചെയ്യുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വാർദ്ധക്യകാല വരുമാന സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്.
സാർവത്രിക സാമൂഹ്യ സുരക്ഷയിലേക്ക്
വിപുലമായ ഇ.പി.എഫ്.ഒ. പരിരക്ഷ, ഡിജിറ്റൽ സേവന വിതരണം, തൊഴിലാളി ക്ഷേമ പരിഷ്കാരങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സാമൂഹ്യ സുരക്ഷാ ചട്ടക്കൂട് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, ഇൻഷുറൻസ്, സാമൂഹ്യ സഹായങ്ങൾ എന്നിവയിലൂന്നിയ സംരംഭങ്ങൾ ഔപചാരിക-അനൗപചാരിക മേഖലകളിലെ തൊഴിലാളികൾക്ക് ഒരുപോലെ തുണയേകുന്നു. ലളിതമായ ചട്ടങ്ങളും സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനങ്ങളും ആനുകൂല്യങ്ങൾ കൂടുതൽ സുഗമമായി ജനങ്ങളിലേക്കെത്തിക്കാൻ സഹായിക്കുന്നു. കൂടുതൽ സമഗ്രവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സാമൂഹ്യ സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കാൻ ഈ സംയോജിത നടപടികൾ വഴിയൊരുക്കുന്നു.
അവലംബം:
കേന്ദ്ര തൊഴിൽ മന്ത്രാലയം
Click here to see PDF
*****
(Explainer ID: 160663)
आगंतुक पटल : 3
Provide suggestions / comments