Technology
ഇന്ത്യയിലെ ക്ലൗഡ് ആവാസവ്യവസ്ഥ
സുരക്ഷിതവും വികസിതവുമായ കമ്പ്യൂട്ടിംഗിനായി സൃഷ്ടിക്കുന്ന ഡിജിറ്റൽ അടിത്തറ
Posted On:
29 OCT 2026 2:13PM
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനം സുരക്ഷിതവും വിപുലീകരണശേഷിയുള്ളതും വിശ്വാസ്യതയാർന്നതുമായ ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യകത വർധിപ്പിക്കുകയാണ്. ഡിജിറ്റൽ ഭരണനിർവ്വഹണം, പൊതുസേവനങ്ങളുടെ വിതരണം എന്നിവയ്ക്ക് അനിവാര്യമായ അടിത്തറയായി ക്ലൗഡ് കമ്പ്യൂട്ടിംഗ് മാറിക്കഴിഞ്ഞു. 'മേഘ്രാജ്' പോലുള്ള ദേശീയ സംരംഭങ്ങളിലൂടെയും തദ്ദേശീയ ഡാറ്റാ സെൻ്റർ അടിസ്ഥാനസൗകര്യങ്ങളുടെ വിപുലീകരണത്തിലൂടെയും ആഭ്യന്തര ക്ലൗഡ് ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ചുവടുവെപ്പുകളാണ് ഇന്ത്യ നടത്തുന്നത്. അനുകൂലമായ നയരൂപീകരണം, സ്ഥാപന സംവിധാനങ്ങൾ, പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം എന്നിവ രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ക്ലൗഡ് സാങ്കേതികവിദ്യയുടെ സ്വീകാര്യതക്ക് വേഗം പകരുന്നു.
ഡാറ്റാ പരമാധികാരം ഉറപ്പാക്കാൻ ക്ലൗഡ് സജ്ജമാക്കുന്നു
ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനം ഭരണനിർവ്വഹണം, വാണിജ്യം, ആശയവിനിമയം, പൊതുസേവന വിതരണം തുടങ്ങി വിവിധ മേഖലകളിലെ വിപുലമായ ഡാറ്റയുടെ സൃഷ്ടിക്ക് വഴിയൊരുക്കുകയാണ്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം രാജ്യത്തെ ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 109.28 കോടിയിലെത്തി. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വർധിച്ചുവരുന്ന സ്വീകാര്യത ഡാറ്റാ ഉപഭോഗത്തിൽ ഗണ്യമായ വർധനവിന് കാരണമാകുന്നു. ഒരു വരിക്കാരൻ പ്രതിമാസം ശരാശരി 25.51 ജിബി വയർലെസ് ഡാറ്റ ഉപയോഗിക്കുന്നു. 2025–26 സാമ്പത്തിക വർഷത്തിലെ ആകെ വയർലെസ് ഡാറ്റാ ഉപഭോഗം 285,376 പെറ്റാബൈറ്റായി ഉയർന്നു. ഡിജിറ്റൽ പണമിടപാടുകൾ വൻതോതിൽ വിവര സൃഷ്ടിയ്ക്ക് കാരണമാകുമ്പോൾ, ഓൺലൈൻ പൊതുസേവനങ്ങൾ വിപുലമായ ഡിജിറ്റൽ രേഖകൾക്ക് രൂപം നൽകുന്നു. ഇതിനുപുറമെ, നിർമ്മിതബുദ്ധി സംവിധാനങ്ങൾ വിപുലമായ വിവരങ്ങളുടെ ഉത്പാദനവും സംസ്കരണവും സൃഷ്ടിക്കുന്നു. വർധിച്ചുവരുന്ന ഡാറ്റ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് സുരക്ഷിതവും വിപുലീകരിക്കാവുന്നതും വിശ്വസനീയവുമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണ്.
വർധിച്ചുവരുന്ന ഈ ആവശ്യകതകൾ നിറവേറ്റുന്നതിന് ഡാറ്റ സംഭരണശേഷി മാത്രം മതിയാകില്ല. വിവരങ്ങൾ വിശകലനം ചെയ്യുന്നതിനും വിവിധ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ വിശ്വസനീയവുമായ ലഭ്യമാക്കുന്നതിനും സ്ഥാപനങ്ങൾക്ക് ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് വിഭവങ്ങൾ അനിവാര്യമാണ്. ഭൗതിക സെർവറുകളും അനുബന്ധ സംവിധാനങ്ങളും പരിപാലിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതിനൊപ്പം ആവശ്യാനുസരണം ശേഷി വർധിപ്പിക്കുന്നതിനും പരിമിതികൾ സൃഷ്ടിക്കുന്നു. ഈ വെല്ലുവിളികൾക്ക് ഫലപ്രദമായ പരിഹാരമായാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് ഉയർന്നുവരുന്നത്. എന്നാൽ, ക്ലൗഡ് സേവനങ്ങളിലുള്ള ആശ്രിതത്വം വർധിക്കുന്നതോടെ സംവേദനാത്മക വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, ഡാറ്റയുടെ സംഭരണത്തിലും സംസ്കരണത്തിലും നിയന്ത്രണം നിലനിർത്തുക എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം കൈവരുന്നു. ഈ പശ്ചാത്തലത്തിൽ, ആഭ്യന്തര ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഡാറ്റാ പരമാധികാരം ശക്തിപ്പെടുത്തുന്നതിനും നിർണായക ഡിജിറ്റൽ വിഭവങ്ങളുടെ മേൽ രാജ്യത്തിൻ്റെ നിയന്ത്രണം ഉറപ്പാക്കുന്നതിനും നിർണായക പങ്കുവഹിക്കുന്നു.
ഡാറ്റ സംഭരണം, സെർവറുകൾ, സോഫ്റ്റ്വെയർ, ഡാറ്റാ സംസ്കരണശേഷി തുടങ്ങിയ വിവിധ കമ്പ്യൂട്ടിംഗ് വിഭവങ്ങൾ ഇൻ്റർനെറ്റ് മുഖേന ആവശ്യാനുസരണം ലഭ്യമാക്കുന്ന സാങ്കേതിക സംവിധാനമാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ്. സ്വന്തമായി സെർവറുകളും അനുബന്ധ ഹാർഡ്വെയർ സംവിധാനങ്ങളും വാങ്ങി സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനുപകരം, സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആവശ്യമായ വിഭവങ്ങൾ ക്ലൗഡ് പ്ലാറ്റ്ഫോമുകളിലൂടെ ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, ഗൂഗിൾ ഡ്രൈവ് ഉപയോക്താക്കൾക്ക് രേഖകളും ഡിജിറ്റൽ ഫയലുകളും ഓൺലൈനായി സംഭരിക്കാനും വിവിധ ഉപകരണങ്ങളിലൂടെ എവിടെനിന്നും അവ ലഭ്യമാക്കാനും സൗകര്യമൊരുക്കുന്നു. സമാനമായി, ഒരു ഗവണ്മെൻ്റ് വകുപ്പിന് സ്വന്തമായി മുഴുവൻ സെർവർ സംവിധാനങ്ങളും സ്ഥാപിച്ച് പരിപാലിക്കുന്നതിനുപകരം ക്ലൗഡ് പ്ലാറ്റ്ഫോമിൽ തങ്ങളുടെ ആപ്ലിക്കേഷനുകളും ഡാറ്റാബേസുകളും ഹോസ്റ്റ് ചെയ്യാൻ കഴിയും. ഫലപ്രദമായ സുരക്ഷാ സംവിധാനങ്ങൾ, കൃത്യമായ ഡാറ്റാ നിയന്ത്രണ നയങ്ങൾ, നിയമപരവും സ്ഥാപനപരവുമായ ശക്തമായ ചട്ടക്കൂടുകൾ എന്നിവയുടെ പിന്തുണയോടെ ആഭ്യന്തര ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങൾക്ക് സംവേദനാത്മക വിവരങ്ങളുടെ നിയന്ത്രണണം ശക്തിപ്പെടുത്താനാകും. വിശ്വസനീയമായ പൊതു സേവനങ്ങൾ, നിർമ്മിതബുദ്ധി വികസനം, രാജ്യത്തിൻ്റെ സാങ്കേതിക സ്വാശ്രയത്വം എന്നിവയെ പിന്തുണയ്ക്കാനും ഇതിന് കഴിയും.
ഇന്ത്യയിലെ ക്ലൗഡ് സേവന ദാതാക്കളുടെ ആവാസവ്യവസ്ഥ
2026 സെപ്റ്റംബർ വരെ, മുംബൈ, നവി മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി-എൻസിആർ, ജാംനഗർ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുള്ള 30 ക്ലൗഡ് സേവന ദാതാക്കളെ (സി.എസ്.പി) ഇന്ത്യ എംപാനൽ ചെയ്തിട്ടുണ്ട്. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ), ഐടിഐ ലിമിറ്റഡ്, റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, അദാനി കണക്സ് പ്രൈവറ്റ് ലിമിറ്റഡ്, യോട്ട ഡാറ്റ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഗൂഗിൾ ക്ലൗഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആമസോൺ വെബ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ അന്താരാഷ്ട്ര സേവന ദാതാക്കളും ഇതിൽ ഉൾപ്പെടുന്നു.

ക്ലൗഡ് കമ്പ്യൂട്ടിംഗിൻ്റെ പ്രധാന നേട്ടങ്ങൾ
ക്ലൗഡ് കമ്പ്യൂട്ടിംഗ് എങ്ങനെ പ്രവർത്തിക്കുന്നു?
നിങ്ങളുടെ ഉപകരണം ആരായുന്നു. ക്ലൗഡ് ഉത്തരം നൽകുന്നു.
01 നിങ്ങളുടെ ഉപകരണങ്ങൾ
ഒരു ഫയലോ ആപ്പോ ഏതെങ്കിലും ഉപകരണത്തിൽ നിങ്ങൾ തുറക്കുന്നു.
അഭ്യർത്ഥന →
←ഉത്തരം
02 ഇൻ്റർനെറ്റ്
നിങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ച് ഉത്തരം തരുന്നു.
അഭ്യർത്ഥന →
←ഉത്തരം
03 സെർവറുകൾ സോഫ്റ്റ്വെയർ പ്രവർത്തിപ്പിക്കുന്നു
സ്റ്റോറേജ് നിങ്ങളുടെ ഡാറ്റ സൂക്ഷിക്കുന്നു
നെറ്റ്വർക്കിംഗ് അവയെ പരസ്പരം ബന്ധിപ്പിക്കുന്നു
ഡാറ്റാ സെൻ്റർ
പ്രവർത്തനക്ഷമമായ മെഷീനുകൾ ഡാറ്റാ സെൻ്ററിൽ സൂക്ഷിക്കുന്നു.
01 നിങ്ങൾ ചോദിക്കുന്നു
ഒരു ഫയലോ ആപ്പോ തുറക്കാൻ നിങ്ങൾ ടാപ്പോ ക്ലിക്കോ ചെയ്യുന്നു.
02 അത് സഞ്ചരിക്കുന്നു
നിങ്ങളുടെ അഭ്യർത്ഥന ഇൻ്റർനെറ്റ് മുഖേന ഒരു ഡാറ്റാ സെൻ്ററിലേക്ക് പോകുന്നു.
03 സെർവറുകൾ പ്രവർത്തിക്കുന്നു
സെർവറുകൾ നിങ്ങളുടെ ഫയൽ കണ്ടെത്തുന്നു അല്ലെങ്കിൽ സോഫ്റ്റ്വെയർ പ്രവർത്തിപ്പിക്കുന്നു.
04 തിരികെ ഉത്തരം നൽകുന്നു

ഫലം ഇൻ്റർനെറ്റിലൂടെ തിരികെ വരികയും നിങ്ങളുടെ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും
ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യത, ലാളിത്യം, പ്രവർത്തനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിവിധ നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു. ഭൗതിക സെർവറുകർ സ്വന്തമായി വാങ്ങി സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത കുറയ്ക്കുന്നതിലൂടെ ചെലവ് ലഘൂകരിക്കുന്നു.
ഡാറ്റ സംഭരിക്കുന്നതിനും ഡിജിറ്റൽ സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുമായുള്ള പ്രത്യേക സംവിധാനമാണ് 'സെർവർ റൂം'. ഉദാഹരണത്തിന്, വിദ്യാർത്ഥികളുടെ വിവരങ്ങൾ സംഭരിക്കുന്നതിന് സ്വന്തമായി കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യങ്ങൾക്കായി നിക്ഷേപിക്കുന്നതിന് പകരം ഒരു സ്കൂളിന് ക്ലൗഡ് പ്ലാറ്റ്ഫോമിൽ വിവരങ്ങൾ സുരക്ഷിതമായി സംഭരിക്കാൻ കഴിയും.
വിപുലമായ ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും ക്രമീകരിക്കുന്നതിനും ഏറെ സമയം ചെലവഴിക്കാതെ തന്നെ ഡിജിറ്റൽ സേവനങ്ങളും ആപ്ലിക്കേഷനുകളും വേഗത്തിൽ വികസിപ്പിച്ച് വിന്യസിക്കാൻ ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, സ്വന്തമായി സെർവറുകൾ സ്ഥാപിക്കാതെ തന്നെ ഒരു ആശുപത്രിക്ക് ക്ലൗഡ് പ്ലാറ്റ്ഫോമിൻ്റെ സഹായത്തോടെ ഓൺലൈൻ അപ്പോയിൻ്റ് മെൻ്റ് സംവിധാനം ആരംഭിക്കാനാകും.
ക്ലൗഡ് പ്ലാറ്റ്ഫോമുകൾ ആവശ്യാനുസരണം കമ്പ്യൂട്ടിംഗ് വിഭവങ്ങളുടെ ശേഷി വർധിപ്പിക്കാനും കുറയ്ക്കാനും കഴിയുന്ന വിപുലീകരണക്ഷമതയും പ്രദാനം ചെയ്യുന്നു. ഉദാഹരണത്തിന്, ഓൺലൈൻ പരീക്ഷാ പോർട്ടലിൽ രജിസ്ട്രേഷൻ സമയത്ത് കൂടുതൽ കമ്പ്യൂട്ടിംഗ് വിഭവങ്ങൾ വിന്യസിക്കാനും തിരക്ക് കുറഞ്ഞതിനുശേഷം അവയുടെ ഉപയോഗം കുറയ്ക്കാനും കഴിയും.
വ്യത്യസ്ത ഭൗമമേഖലകളിലെ ഉപയോക്താക്കൾക്ക് ഒരേ ഡിജിറ്റൽ വിഭവങ്ങൾ സുഗമമായി ലഭ്യമാക്കാനും വിവരങ്ങൾ പങ്കുവെച്ച് ഒരുമിച്ച് പ്രവർത്തിക്കാനും സൗകര്യമൊരുക്കുന്നതിലൂടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സഹകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നു. ഉദാഹരണത്തിന്, സർവകലാശാലാ വിദ്യാർത്ഥികൾക്ക് വിവിധ സ്ഥലങ്ങളിലിരുന്നുതന്നെ ഗവേഷണ പദ്ധതികളിൽ പ്രവർത്തിക്കാനും പഠനസാമഗ്രികൾ പങ്കുവെക്കാനും പ്രമാണങ്ങൾ തത്സമയം തിരുത്താനും അപ്ഡേറ്റ് ചെയ്യാനും സാധിക്കുന്നു.
ക്ലൗഡ് കമ്പ്യൂട്ടിംഗിൻ്റെ പ്രധാന നേട്ടങ്ങൾ
കുറഞ്ഞ ചെലവ്
സുഗമമായ വിപുലീകരണം
അതിവേഗ വിന്യാസം
ഡാറ്റാ സൂക്ഷിപ്പും പുനഃസ്ഥാപനവും
കാര്യക്ഷമമായ ഡാറ്റ മാനേജ്മെൻ്റ്
മികച്ച സഹകരണം
സേവനത്തിലെ തുടർച്ച

ഉറവിടം: കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം
ഡാറ്റയുടെ സുരക്ഷിതമായ ബാക്കപ്പിനും, അവ വീണ്ടെടുക്കുന്നതിനുമുള്ള സംവിധാനങ്ങൾ ക്ലൗഡ് പ്ലാറ്റ്ഫോമുകൾ പ്രദാനം ചെയ്യുന്നു. ആകസ്മികമായ ഡാറ്റാ നീക്കം, ഹാർഡ്വെയർ തകരാറുകൾ, മറ്റ് തടസ്സങ്ങൾ എന്നിവ മൂലം വിവരങ്ങൾ നഷ്ടപ്പെടുന്നത് പുനഃസ്ഥാപിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഉദാഹരണത്തിന്, ഒരു സിസ്റ്റം തകരാറിനെത്തുടർന്ന് ആശുപത്രിയിലെ രോഗികളുടെ വിവരങ്ങൾ നഷ്ടപ്പെട്ടാൽ, ബാക്കപ്പിൽ നിന്ന് വീണ്ടെടുക്കാൻ കഴിയും.

അപ്രതീക്ഷിതമായ തടസ്സങ്ങൾ ഉണ്ടായാലും പ്രവർത്തനങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ ഈ സംവിധാനങ്ങൾ സ്ഥാപനങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളുടെ പ്രാഥമിക കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യങ്ങളിൽ സാങ്കേതിക തകരാറുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ, ബാക്കപ്പ് സംവിധാനങ്ങളിലേക്ക് പ്രവർത്തനങ്ങൾ മാറ്റുവാൻ കഴിയും.
ഡിജിറ്റൽ രേഖകളുടെ സംഭരണം, ക്രമീകരണം, പരിപാലനം, ആവശ്യാനുസരണം വീണ്ടെടുക്കൽ എന്നിവ കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിലൂടെ ഫലപ്രദമായ ഡാറ്റാ മാനേജ്മെൻ്റിന് ക്ലൗഡ് കമ്പ്യൂട്ടിംഗ് സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു ഇ-കൊമേഴ്സ് സ്ഥാപനത്തിന് ക്ലൗഡ് അധിഷ്ഠിത സംവിധാനത്തിലൂടെ ഉത്പന്ന വിവരങ്ങൾ, ഉപഭോക്തൃ ഓർഡറുകൾ, ചരക്കുനീക്ക വിവരങ്ങൾ, ശേഖരത്തിലെ ഉത്പന്നങ്ങളുടെ ലഭ്യത സംബന്ധിച്ച രേഖകൾ എന്നിവ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഏകോപിതമായി കൈകാര്യം ചെയ്യാനാകും.

ഡിജിറ്റൽ ഇന്ത്യ ഭാഷിണി പ്ലാറ്റ്ഫോമിന് ക്ലൗഡിലേക്ക് പരിവർത്തനം
ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുന്നതിനൊപ്പം ഡാറ്റാ പരമാധികാരം ശക്തിപ്പെടുത്തുന്നതിൽ തദ്ദേശീയ ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങൾക്ക് നിർണായക പങ്കുവഹിക്കാനാകുമെന്ന് ഡിജിറ്റൽ ഇന്ത്യ ഭാഷിണി പ്ലാറ്റ്ഫോമിൻ്റെ അനുഭവം വ്യക്തമാക്കുന്നു. 2026 ഫെബ്രുവരിയിൽ, യോട്ട ഡാറ്റ സർവീസസ് പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ക്ലൗഡ് അടിസ്ഥാനസൗകര്യത്തിലേക്ക് ഭാഷിണി പ്ലാറ്റ്ഫോം മാറ്റിയതായി കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഈ മാറ്റത്തിലൂടെ ഭാഷിണിയുടെ ഭാഷാ ഡാറ്റാസെറ്റുകൾ, നിർമ്മിത ബുദ്ധിമാതൃകകൾ, പൗരന്മാരുമായുള്ള ഇടപെടലുകൾ എന്നിവ ഇന്ത്യൻ നിയമ പരിധിയിൽത്തന്നെ സൂക്ഷിക്കാൻ കഴിഞ്ഞു. ഈ ക്ലൗഡ് വിന്യാസം സേവനങ്ങളുടെ പ്രകടനത്തിൽ 40 ശതമാനം വരെ മെച്ചപ്പെടുത്തലും ചെലവിൽ 20–30 ശതമാനം വരെ കുറവും കൈവരിച്ചതോടൊപ്പം 99.99 ശതമാനം പ്രവർത്തനലഭ്യതയും ഉറപ്പാക്കി.
2025-ലെ മഹാകുംഭമേളയിൽ, 11-ലധികം ഇന്ത്യൻ ഭാഷകളിൽ തത്സമയ വിവർത്തനവും ശബ്ദാധിഷ്ഠിത സഹായവും ലഭ്യമാക്കിക്കൊണ്ട് 'ഭാഷിണി' പിന്തുണയേകി. ഭാഷാപരമായ തടസ്സങ്ങൾ ലഘൂകരിച്ച് തീർത്ഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഇതിൻ്റെ ബഹുഭാഷാ സേവനങ്ങൾ സഹായിച്ചു.
സർഗാത്മക ചിന്തകൾ, ശാസ്ത്രത്തിന് ഉത്തേജനം, സാങ്കേതികവിദ്യക്ക് ശാക്തീകരണം
വളരുന്ന ശാസ്ത്ര, സാങ്കേതികവിദ്യ, നൂതനാശയ സമ്മേളനം
ESTIC 2026
തീയതി: 2026 ഒക്ടോബർ 27-29
വേദി: ഭാരത് മണ്ഡപം, പ്രഗതി മൈതാനം, ന്യൂഡൽഹി
ഇന്ത്യയുടെ 'എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവി'ൻ്റെ (ESTIC) രണ്ടാം പതിപ്പായ ESTIC-2026, 2026 ഒക്ടോബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്നു. "സർഗാത്മക ചിന്തകൾ, ശാസ്ത്രത്തിന് ഉത്തേജനം, സാങ്കേതികവിദ്യകൾക്ക് ശാക്തീകരണം" എന്നതാണ് ഈ സമ്മേളനത്തിൻ്റെ പ്രമേയം. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) സംഘടിപ്പിക്കുന്ന ESTIC-2026, ക്ലൗഡ് കമ്പ്യൂട്ടിംഗ് ഉൾപ്പെടെയുള്ള വളർന്നുവരുന്ന ശാസ്ത്ര-സാങ്കേതിക മേഖലകളെ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. തന്ത്രപരമായ സഹകരണങ്ങൾക്ക് വഴിയൊരുക്കുന്ന ഈ സമ്മേളനം, 'വികസിതഇന്ത്യ 2047' എന്ന ഇന്ത്യയുടെ ദർശനത്തിന് പിന്തുണ നൽകുന്നു. 12 വ്യത്യസ്ത വിഷയ മേഖലകളിലായി സംഘടിപ്പിച്ച ഈ സമ്മേളനത്തിൽ, പ്ലീനറി സെഷനുകൾ, സാങ്കേതിക ചർച്ചകൾ, പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നു. അജണ്ടയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: ESTIC 2026
ക്ലൗഡ് കമ്പ്യൂട്ടിംഗിൻ്റെ അടിസ്ഥാന തത്വങ്ങൾ
വിവിധ ക്ലൗഡ് വിന്യാസ മാതൃകകൾ
വിവിധ ക്ലൗഡ് വിന്യാസ മാതൃക
- പൊതു ക്ലൗഡ്: പൊതു അടിസ്ഥാനസൗകര്യം; ഉപയോഗത്തിനനുസരിച്ച് പണം നൽകുന്നു
- സ്വകാര്യ ക്ലൗഡ്: ഒരു സ്ഥാപനത്തിന് മാത്രമുള്ള ക്ലൗഡ്; പൂർണ്ണ നിയന്ത്രണം.
- ഹൈബ്രിഡ് ക്ലൗഡ്: പൊതു, സ്വകാര്യ ക്ലൗഡുകളുടെ സംയോജനം. ഉദാഹരണം: ആശുപത്രികൾ.
ക്ലൗഡ് അടിസ്ഥാനസൗകര്യം എവിടെയാണ് വിന്യസിച്ചിരിക്കുന്നത്, ആർക്കൊക്കെയാണ് അത് ഉപയോഗിക്കാൻ കഴിയുന്നത്, അതിന്മേൽ ഒരു സ്ഥാപനത്തിന് എത്രത്തോളം നിയന്ത്രണവും അധികാരവുമുണ്ട് എന്നീ ഘടകങ്ങളാണ് ക്ലൗഡ് വിന്യാസ മാതൃകകളെ നിർവചിക്കുന്നത്. സാധാരണയായി ചർച്ച ചെയ്യപ്പെടുന്ന മൂന്ന് മോഡലുകൾ പൊതു, സ്വകാര്യ, ഹൈബ്രിഡ് ക്ലൗഡ് എന്നിവയാണ്.
ഒരു മൂന്നാം കക്ഷി ക്ലൗഡ് സേവനദാതാവ് ഉടമസ്ഥത വഹിക്കുന്ന അടിസ്ഥാനസൗകര്യങ്ങൾ ഒന്നിലധികം ഉപഭോക്താക്കൾക്ക് പങ്കിട്ടുപയോഗിക്കാവുന്ന രീതിയിൽ ലഭ്യമാക്കുന്ന ക്ലൗഡ് വിന്യാസ മാതൃകയാണ് പൊതു ക്ലൗഡ്. ഉദാഹരണത്തിന്, ഒരു വീഡിയോ സ്ട്രീമിംഗ് കമ്പനി പൊതു അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിച്ച് ഒരേസമയം ദശലക്ഷക്കണക്കിന് പ്രേക്ഷകർക്ക് വീഡിയോ ഉള്ളടക്കങ്ങൾ ലഭ്യമാക്കുന്നു.
ഒരു സ്ഥാപനത്തിൻ്റെ മാത്രം ഉപയോഗത്തിനായുള്ള ക്ലൗഡ് അടിസ്ഥാനസൗകര്യമാണ് സ്വകാര്യ ക്ലൗഡ്. ഉദാഹരണത്തിന്, സംവേദനാത്മകമായ ഭരണ രേഖകളും സാമ്പത്തിക വിവരങ്ങളും സുരക്ഷിതമാക്കുന്നതിന് ഒരു സംസ്ഥാന ട്രഷറി വകുപ്പിന് സ്വകാര്യ ക്ലൗഡ് സംവിധാനത്തിൽ പേയ്മെൻ്റ് വിവരങ്ങളും അക്കൗണ്ട് രേഖകളും സൂക്ഷിക്കാനാകും.
പൊതു ക്ലൗഡിൻ്റെയും സ്വകാര്യ ക്ലൗഡിൻ്റെയും സവിശേഷതകൾ സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന ക്ലൗഡ് വിന്യാസ മാതൃകയാണ് ഹൈബ്രിഡ് ക്ലൗഡ്. ഉദാഹരണത്തിന്, ഒരു മുനിസിപ്പൽ കോർപ്പറേഷന് പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്ന പ്രോപ്പർട്ടി ടാക്സ് പേയ്മെൻ്റ് പോർട്ടൽ പൊതു ക്ലൗഡിൽ പ്രവർത്തിപ്പിക്കുമ്പോൾ, പൗരന്മാരുടെ വ്യക്തിഗത വിവരങ്ങളും സെൻസിറ്റീവായ ഭരണരേഖകളും കൂടുതൽ നിയന്ത്രിതമായ സ്വകാര്യ ക്ലൗഡിൽ സംഭരിക്കാനാകും. ഇത്തരത്തിൽ, ഒരു സ്ഥാപനത്തിൻ്റെ സുരക്ഷാ ആവശ്യകതകൾ, ചെലവ്, പ്രവർത്തനപരമായ മുൻഗണനകൾ, വിഭവങ്ങളുടെ ലഭ്യത എന്നിവ പരിഗണിച്ചാണ് അനുയോജ്യമായ ക്ലൗഡ് വിന്യാസ മാതൃക തിരഞ്ഞെടുക്കുന്നത്.
വിവിധ ക്ലൗഡ് സേവനങ്ങൾ
ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വാടകയ്ക്കെടുക്കുന്നത് മുതൽ പൂർണമായി വികസിപ്പിച്ച ആപ്ലിക്കേഷനുകൾ നേരിട്ട് ഉപയോഗിക്കുന്നതുവരെ, വിവിധ തലങ്ങളിലുള്ള കമ്പ്യൂട്ടിംഗ് സേവനങ്ങൾ ക്ലൗഡ് കമ്പ്യൂട്ടിംഗ് ലഭ്യമാക്കുന്നു. ഇവയിൽ പ്രധാനപ്പെട്ട നാല് സേവന മാതൃകകളാണ് ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS), പ്ലാറ്റ്ഫോം ആസ് എ സർവീസ് (PaaS), സോഫ്റ്റ്വെയർ ആസ് എ സർവീസ് (SaaS), സെർവർലെസ് കമ്പ്യൂട്ടിംഗ് എന്നിവ. ഇവയെല്ലാം ചേർന്നാണ് ക്ലൗഡ് കമ്പ്യൂട്ടിംഗിൻ്റെ സേവന ശൃംഖല അഥവാ 'ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്റ്റാക്ക്' രൂപപ്പെടുന്നത്.
ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS) എന്നത് ഭൗതിക കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കുന്നതിനുപകരം, വെർച്വൽ സെർവറുകൾ, ഡാറ്റ സംഭരണ സൗകര്യങ്ങൾ, നെറ്റ്വർക്ക് സംവിധാനങ്ങൾ തുടങ്ങിയ കമ്പ്യൂട്ടിംഗ് വിഭവങ്ങൾ ആവശ്യാനുസരണം വാടകയ്ക്കെടുത്ത് ഉപയോഗിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ക്ലൗഡ് സേവന മാതൃകയാണ്. ഉദാഹരണത്തിന്, ഒരു ഓൺലൈൻ റീട്ടെയിൽ സ്ഥാപനത്തിന് സ്വന്തം സെർവറുകൾ വാങ്ങാതെ തന്നെ ക്ലൗഡ് സെർവറുകൾ ഉപയോഗിച്ച് വെബ്സൈറ്റ് ഹോസ്റ്റ് ചെയ്യാൻ കഴിയും. ഉത്സവകാല വിൽപ്പന പോലുള്ള തിരക്കേറിയ സമയങ്ങളിൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കമ്പ്യൂട്ടിംഗ് ശേഷി എളുപ്പത്തിൽ വർധിപ്പിക്കാനും തിരക്ക് കുറയുമ്പോൾ അത് കുറയ്ക്കാനും സാധിക്കും.
പ്ലാറ്റ്ഫോം ആസ് എ സർവീസ് (PaaS) എന്നത് അടിസ്ഥാന കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറിൻ്റെ പരിപാലനവും നിയന്ത്രണവും ഏറ്റെടുക്കാതെ തന്നെ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും പരീക്ഷിക്കാനും വിന്യസിക്കാനും ആവശ്യമായ ഉപകരണങ്ങളും സാങ്കേതിക സൗകര്യങ്ങളും ഡെവലപ്പർമാർക്ക് ലഭ്യമാക്കുന്ന ക്ലൗഡ് സേവന മാതൃകയാണ്. ഉദാഹരണത്തിന്, ഒരു മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വികസിപ്പിക്കുന്ന ഒരു ടീമിന് അതിൻ്റെ സോഫ്റ്റ്വെയർ നിർമ്മിക്കാനും പരിശോധിക്കാനും ഒരു ക്ലൗഡ് പ്ലാറ്റ്ഫോം ഉപയോഗിക്കാം.
സോഫ്റ്റ്വെയർ ആസ് എ സർവീസ് (SaaS) എന്നത് ഇൻ്റർനെറ്റ് വഴി നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന പൂർണമായി വികസിപ്പിച്ച സോഫ്റ്റ്വെയർ ആപ്ലിക്കേഷനുകൾ ലഭ്യമാക്കുന്ന ക്ലൗഡ് സേവന മാതൃകയാണ്. സോഫ്റ്റ്വെയറിൻ്റെ പരിപാലനവും അപ്ഡേറ്റുകളും സേവനദാതാവ് കൈകാര്യം ചെയ്യുന്നു. വീഡിയോ കോൺഫറൻസിംഗിനായുള്ള സൂം, ഉപഭോക്തൃ ബന്ധ മാനേജ്മെൻ്റിനായുള്ള സെയിൽസ്ഫോഴ്സ്, ഓൺലൈൻ ഫയൽ സംഭരണത്തിനും പങ്കിടലിനും ഡ്രോപ്പ്ബോക്സ് എന്നിവ ഉദാഹരണങ്ങളാണ്.
സോഫ്റ്റ്വെയർ ആസ് എ സർവീസ് (SaaS) ഇൻ്റർനെറ്റ് വഴി ഉപയോഗിക്കാൻ തയ്യാറായ സോഫ്റ്റ്വെയർ നൽകുന്നു, അപ്ഡേറ്റുകളും അറ്റകുറ്റപ്പണികളും ദാതാവ് കൈകാര്യം ചെയ്യുന്നു. വീഡിയോ കോൺഫറൻസിംഗിനായുള്ള സൂം, ഉപഭോക്തൃ ബന്ധ മാനേജ്മെൻ്റിനായുള്ള സെയിൽസ്ഫോഴ്സ്, ഓൺലൈൻ ഫയൽ സംഭരണത്തിനും പങ്കിടലിനും ഡ്രോപ്പ്ബോക്സ് എന്നിവ ഉദാഹരണങ്ങളാണ്.
സെർവർലെസ് കമ്പ്യൂട്ടിംഗ് ആവശ്യാനുസരണം നിർദ്ദിഷ്ട കമ്പ്യൂട്ടിംഗ് ജോലികൾ പ്രവർത്തിപ്പിക്കാൻ ഡെവലപ്പർമാരെ അനുവദിക്കുന്ന ക്ലൗഡ് സേവന മാതൃകയാണ്. ആപ്ലിക്കേഷനുകൾ പ്രവർത്തിക്കേണ്ട സമയത്ത് ആവശ്യമായ കമ്പ്യൂട്ടിംഗ് വിഭവങ്ങൾ ദാതാവ് സ്വയമേവ ലഭ്യമാക്കുകയും ഉപയോഗത്തിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമിൽ ഒരു ഉത്പന്നം വാങ്ങുമ്പോൾ, ഓർഡർ വിവരങ്ങൾ സ്വയമേവ കൈകാര്യം ചെയ്യാൻ കഴിയും. 'സെർവർലെസ്' എന്ന പേര് സൂചിപ്പിക്കുന്നത് സെർവറുകൾ ഇല്ലാത്ത സംവിധാനമാണെന്നല്ല. മറിച്ച്, സെർവറുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനവും നിയന്ത്രണവും ഡെവലപ്പർമാർക്കു പകരം ക്ലൗഡ് സേവനദാതാവ് നിർവഹിക്കുന്നു എന്നതാണ്.
വിവിധ തരം ക്ലൗഡ് സേവനങ്ങൾ
1. സോഫ്റ്റ്വെയർ ആസ് എ സർവീസ് (SaaS)
ഇൻ്റർനെറ്റിലൂടെ നേരിട്ട് ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ സേവനങ്ങൾ.
ഉദാഹരണങ്ങൾ: സൂം, സെയിൽസ്ഫോഴ്സ്, ഡ്രോപ്പ്ബോക്സ്.
2. സെർവർരഹിത കമ്പ്യൂട്ടിംഗ്
പ്രവർത്തനസൗകര്യമൊരുക്കി ക്ലൗഡ് സേവനദാതാവ് സെർവർ പരിപാലിക്കുന്ന സംവിധാനം.
ഉദാഹരണം: ഉപഭോക്താവ് ഓർഡർ നൽകുമ്പോൾ സ്വയമേവ പ്രോസസ്സ് ചെയ്യുക.
3. പ്ലാറ്റ്ഫോം ആസ് എ സർവീസ് (PaaS)
ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വിന്യസിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ.
ഉദാഹരണം: മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വികസനം
4. ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS)
സെർവറുകൾ, ഡാറ്റാ സംഭരണ സംവിധാനങ്ങൾ, നെറ്റ്വർക്ക് തുടങ്ങിയവ വാടകയ്ക്ക് ലഭ്യമാക്കുന്ന സേവനം.
ഉദാഹരണം: ഉത്സവകാലത്തെ ഉയർന്ന ഓൺലൈൻ വിൽപ്പന കൈകാര്യം ചെയ്യുന്നതിനായി സെർവർ ശേഷി വർധിപ്പിക്കുക.
കൈകാര്യ ഉത്തരവാദിത്വം കുറവ്
സേവന ദാതാവ് കൂടുതൽ ചെയ്യുന്നു
കൂടുതൽ കൈകാര്യ ഉത്തരവാദിത്വം
ഉപഭോക്താവ് ചെയ്യേണ്ട കാര്യങ്ങളും കൂടുതൽ.
തദ്ദേശീയ ക്ലൗഡ് ആവാസവ്യവസ്ഥയുടെ വിന്യാസത്തിൽ ഇന്ത്യയുടെ പുരോഗതി
ഡിജിറ്റൽ ഗവേണൻസ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡാറ്റയുടെ സുരക്ഷിതമായ സംഭരണവും ഫലപ്രദമായ പരിപാലനവും ഉറപ്പാക്കുന്നതിനും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ വികസനവും പ്രയോഗക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യ ആഭ്യന്തര ക്ലൗഡ് കമ്പ്യൂട്ടിംഗ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. ഇതിൻ്റെ ഭാഗമായി, ഗവണ്മെൻ്റ് പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും വിശ്വസനീയവും സുരക്ഷിതവുമായ ക്ലൗഡ് സേവനങ്ങൾ പ്രോത്സാഹിപ്പിക്കുകയും തദ്ദേശീയ ക്ലൗഡ് സാങ്കേതികവിദ്യകളുടെയും കമ്പ്യൂട്ടിംഗ് ശേഷികളുടെയും വികസനത്തിന് പിന്തുണ നൽകുകയും ചെയ്യുന്നു.
മേഘ്രാജ്, മേഘ്രാജ് 2.0: ഇന്ത്യാ ഗവണ്മെൻ്റിൻ്റെ ക്ലൗഡ് ആവാസവ്യവസ്ഥ
ഇ-ഗവേണൻസ് സേവനങ്ങൾ കൂടുതൽ വേഗത്തിൽ നടപ്പിലാക്കുന്നതിനും പൊതുമേഖലയിലെ വിവരസാങ്കേതികവിദ്യാ ചെലവുകൾ കാര്യക്ഷമമാക്കുന്നതിനുമായി, കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം (MeitY) 2014-ൽ ആരംഭിച്ച ദേശീയ ക്ലൗഡ് കമ്പ്യൂട്ടിംഗ് സംരംഭമാണ് 'മേഘ്രാജ്' (MeghRaj). ഈ സംരംഭത്തിൻ്റെ രണ്ടാം തലമുറ പതിപ്പാണ് 'മേഘ്രാജ് 2.0'. ഇന്ത്യയുടെ 'ഡിജിറ്റൽ ഇന്ത്യ' ദൗത്യത്തിന് സുരക്ഷിതവും വിശ്വസനീയവുമായ ഡിജിറ്റൽ അടിത്തറ ഒരുക്കുകയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. വിതരണം ചെയ്യപ്പെട്ട ക്ലൗഡ് ആർക്കിടെക്ചറിൻ്റെ സഹായത്തോടെ ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS), പ്ലാറ്റ്ഫോം ആസ് എ സർവീസ് (PaaS), സോഫ്റ്റ്വെയർ ആസ് എ സർവീസ് (SaaS) തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഗവണ്മെൻ്റ് വകുപ്പുകൾക്ക് ആവശ്യാനുസരണം ഡിജിറ്റൽ ആപ്ലിക്കേഷനുകളും സേവനങ്ങളും വേഗത്തിൽ വികസിപ്പിക്കാനും വിന്യസിക്കാനും സാധിക്കുന്നു.
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഈ ഇക്കോസിസ്റ്റം വൻതോതിൽ വിപുലീകരിക്കപ്പെട്ടു. 2026 സെപ്റ്റംബറോടെ 2,330 ഗവണ്മെൻ്റ് വകുപ്പുകൾ ഈ സംവിധാനത്തിൻ്റെ ഭാഗമായി മാറി. ഡിജിലോക്കർ (DigiLocker), മൈഗവ് (MyGov), നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ, തപാൽ വകുപ്പിൻ്റെ അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി (APT) തുടങ്ങിയ രാജ്യത്തെ പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ആവശ്യമായ സുരക്ഷിതവും വിശ്വസനീയവും നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് അനുയോജ്യവുമായ ക്ലൗഡ് ഹോസ്റ്റിംഗ് സൗകര്യങ്ങൾ മേഘ്രാജ് 2.0 ലഭ്യമാക്കുന്നു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്ത്യയുടെ ക്ലൗഡ് സംവിധാനത്തിൻ്റെ അടിത്തറയായി ഡാറ്റാ സെൻ്ററുകൾ
ക്ലൗഡ് കമ്പ്യൂട്ടിംഗിന് ആവശ്യമായ സെർവറുകളും സംഭരണ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് ഡാറ്റാ സെൻ്ററുകളിലാണ്. ഡിജിറ്റൽ സേവനങ്ങൾക്കും എഐ കമ്പ്യൂട്ടിംഗിനുമുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കാരണം ഇന്ത്യയിലെ ഡാറ്റാ സെൻ്റർ മേഖല വലിയ വളർച്ച കൈവരിക്കുകയാണ്. 2026 ഓഗസ്റ്റ് ആയപ്പോഴേക്കും ഇന്ത്യയിലെ ഡാറ്റാ സെൻ്റർ ശേഷി 1.57 ജിഗാവാട്ട് ആയി ഉയർന്നു; 2030-ഓടെ ഇത് ഏകദേശം 8 ജിഗാവാട്ടായി വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്. മുംബൈ, നവി മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി-എൻസിആർ, ജാംനഗർ എന്നിവിടങ്ങളിലാണ് ഈ മേഖല പ്രധാനമായും കേന്ദ്രീകരിക്കുന്നത്. കൂടാതെ, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും പുതിയ ഡാറ്റാ സെൻ്റർ കേന്ദ്രങ്ങൾ ഉയർന്നുവരുന്നുണ്ട്. വർദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിന് വൻ തോതിലുള്ള മൂലധനം ആവശ്യമാണ്. നിലവിൽ ഏകദേശം 70 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപങ്ങൾ ഈ മേഖലയിൽ നടക്കുന്നുണ്ട്; കൂടാതെ 90 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള പദ്ധതികൾ കൂടി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ നിക്ഷേപങ്ങൾ കമ്പ്യൂട്ടിംഗ് ശേഷി വർദ്ധിപ്പിക്കാനും ഇന്ത്യയുടെ ആഭ്യന്തര ക്ലൗഡ് ശേഷി വിപുലീകരിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഡാറ്റാ സെൻ്ററുകളെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഡാറ്റാ സെൻ്റർ ശൃംഖലയുടെ ശാക്തീകരണം
ഇന്ത്യയുടെ ഡാറ്റാ സെൻ്റർ അടിസ്ഥാന സൗകര്യങ്ങളുടെ അവിഭാജ്യ ഘടകമാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്റർ (എൻ.ഐ.സി). രാജ്യത്തുടനീളം 4 നാഷണൽ ഡാറ്റാ സെൻ്ററുകളും 24 മിനി ഡാറ്റാ സെൻ്ററുകളും NIC പ്രവർത്തിപ്പിക്കുന്നു. ഗവണ്മെൻ്റ് വകുപ്പുകൾക്ക് ഷെയർഡ് ഹോസ്റ്റിംഗ്, കോ-ലൊക്കേഷൻ, ക്ലൗഡ് സേവനങ്ങൾ എന്നിവ ഈ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നു. വികേന്ദ്രീകൃതവും എന്നാൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ അടിസ്ഥാന സൗകര്യങ്ങളിലൂടെ, സംസ്ഥാനതല ഇ-ഗവേണൻസ് ആവശ്യകതകൾ നിറവേറ്റാൻ എൻ.ഐ.സിയുടെ സംസ്ഥാന കേന്ദ്രങ്ങളിലുള്ള മിനി ഡാറ്റാ സെൻ്ററുകൾ സഹായിക്കുന്നു.
ഇന്ത്യ എഐ ദൗത്യം — എഐ കമ്പ്യൂട്ടിംഗിലേക്ക് സാർവത്രിക പ്രവേശനം ഉറപ്പാക്കുന്നു
നിർമ്മിത ബുദ്ധി അധിഷ്ഠിത ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനും ആവശ്യമായ ഉയർന്ന ശേഷിയുള്ള കമ്പ്യൂട്ടിംഗ് വിഭവങ്ങൾ ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും ലഭ്യമാക്കുന്നതിൽ ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങൾ നിർണായക പങ്കുവഹിക്കുന്നു. 10,371.92 കോടി രൂപ ചെലവിൽ അംഗീകരിച്ച 'ഇന്ത്യ എഐ ദൗത്യം', ഇത്തരം കമ്പ്യൂട്ടിംഗ് വിഭവങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നു. പൊതുവായ എഐ കമ്പ്യൂട്ടിംഗ് സൗകര്യത്തിനായി 45,000-ത്തിലധികം ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (GPUs) ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. ഈ വിഭവങ്ങൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും എഐ വികസനത്തിനായി കുറഞ്ഞ നിരക്കിൽ കമ്പ്യൂട്ടിംഗ് ശേഷി ലഭ്യമാക്കുന്നു; ഇതുവഴി, പ്രത്യേക ഉപകരണങ്ങൾക്കായി വലിയ തുക മുടക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക: എഐ മുഖേന ഇന്ത്യയെ പരിവർത്തനം ചെയ്യുന്നു
ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിലെ നൈപുണ്യ വികസനവും തൊഴിൽശേഷി വർദ്ധിപ്പിക്കുന്ന സംരംഭങ്ങളും
ഇന്ത്യയുടെ വികസിക്കുന്ന ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി കെട്ടിപ്പടുക്കേണ്ടത് അത്യാവശ്യമാണ്. 2021-ൽ കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം–NASSCOM ആരംഭിച്ച ഫ്യൂച്ചർ സ്കിൽസ് പ്രൈം പ്രോഗ്രാം, ഉയർന്നുവരുന്ന സാങ്കേതിക വൈദഗ്ധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 2026 ആഗസ്റ്റ് ആയപ്പോഴേക്കും, ഇതിൽ 34 ലക്ഷം പേർ രജിസ്റ്റർ ചെയ്തു, 23 ലക്ഷത്തിലധികം പേർ എൻറോൾ ചെയ്യുകയോ പരിശീലനം നേടുകയോ ചെയ്തു. എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ വ്യവസായത്തിൻ്റെ ആവശ്യങ്ങൾക്കനുസൃതമായ പരിശീലനം നൽകുന്നതിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ അംഗീകരിച്ച്, യൂറോപ്യൻ കമ്മീഷൻ്റെ 'പാക്റ്റ് ഫോർ സ്കിൽസ്' റിപ്പോർട്ട് 2024-ൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനം നൽകി. ഈ സംരംഭത്തിന് അനുബന്ധമായി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (NIELIT) പ്രവർത്തിപ്പിക്കുന്ന 56 കേന്ദ്രങ്ങളും 750 അനുബന്ധ സ്ഥാപനങ്ങളും 9,000-ത്തിലധികം സേവന സെൻ്ററുകളും ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ, സൈബർ സുരക്ഷ, ബ്ലോക്ക് ചെയിൻ, ഐ ഒ ടി എന്നിവയിൽ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നു.
ഇന്ത്യയിലെ ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയിലെ നൈപുണ്യ വികസനത്തിൻ്റെ വ്യാപ്തി വ്യക്തമാക്കുന്ന ക്ലൗഡ് നേറ്റീവ് കമ്പ്യൂട്ടിംഗ് ഫൗണ്ടേഷൻ്റെ (CNCF) 2026-ലെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ഏകദേശം 22.5 ലക്ഷം ക്ലൗഡ്-നേറ്റീവ് ഡെവലപ്പർമാരുണ്ട്. കൂടാതെ, രാജ്യത്തെ 44 ശതമാനം ഡെവലപ്പർമാരും പൊതു ക്ലൗഡ്, സ്വകാര്യ ക്ലൗഡ് സംവിധാനങ്ങൾ സംയോജിപ്പിച്ചുള്ള ഹൈബ്രിഡ് ക്ലൗഡ് മാതൃകയാണ് ഉപയോഗിക്കുന്നത്. വൈദഗ്ധ്യമുള്ള ഈ തൊഴിൽ ശക്തിക്ക് ഇന്ത്യയുടെ വികസിക്കുന്ന ക്ലൗഡ് ആവാസവ്യവസ്ഥയുടെ ഫലപ്രദമായ നടത്തിപ്പിനും പരിപാലനത്തിനും കൂടുതൽ വിപുലീകരണത്തിനും നിർണായക സംഭാവന നൽകാൻ കഴിയും.
ഇന്ത്യയിൽ ക്ലൗഡ് സ്വീകാര്യതയ്ക്ക് ഊർജ്ജം പകരുന്നത് നയപരമായ ഇടപെടലുകൾ
ഏകോപിതമായ നയരൂപീകരണത്തിലൂടെയും ലക്ഷ്യവേധിയായ നിക്ഷേപങ്ങളിലൂടെയും ആഗോളതലത്തിൽ മത്സരക്ഷമത പുലർത്തുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് ഇന്ത്യയുടെ ക്ലൗഡ് തന്ത്രത്തിൻ്റെ പ്രധാന ലക്ഷ്യം. വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെയും ഡാറ്റാധിഷ്ഠിത സേവനങ്ങളുടെയും വികസനത്തിൽ ക്ലൗഡ് കമ്പ്യൂട്ടിംഗിനും ഡാറ്റാ സെൻ്ററുകൾക്കുമുള്ള നിർണായക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, രാജ്യത്തിൻ്റെ ഡിജിറ്റൽ ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇവയുടെ പങ്ക് 2026–27-ലെ കേന്ദ്ര ബജറ്റിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ക്ലൗഡ് കമ്പ്യൂട്ടിംഗ്, നിർമ്മിതബുദ്ധി, ഹൈപ്പർസ്കെയിൽ ഡാറ്റാ സെൻ്ററുകൾ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം, ഇന്ത്യയുടെ ദീർഘകാല ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക ശേഷിയും ശക്തിപ്പെടുത്തുന്നതിനും ഈ നടപടികൾ ലക്ഷ്യമിടുന്നു.
ക്ലൗഡ് അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾക്ക് പ്രോത്സാഹനമേകുന്ന നയപരമായ നടപടികൾ
ആഗോള ക്ലൗഡ് സേവനദാതാക്കളെയും എ.ഐ ഡാറ്റാ സെൻ്റർ നിക്ഷേപങ്ങളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി, 2047 വരെയുള്ള ദീർഘകാല നയരൂപരേഖയ്ക്ക് 2026-27 കേന്ദ്ര ബജറ്റ് നിർദ്ദേശം മുന്നോട്ടുവെക്കുന്നു.
ഇന്ത്യയിലെ ഡാറ്റാ സെൻ്റർ സേവനദാതാക്കൾക്ക് നികുതി അനുവർത്തനം കൂടുതൽ ലളിതമാക്കുന്നതിനായി, മുൻകൂട്ടി അംഗീകരിച്ച 15 ശതമാനം ലാഭവിഹിതം അടിസ്ഥാനമാക്കിയുള്ള സേഫ് ഹാർബർ വ്യവസ്ഥയും നിർദ്ദേശിക്കുന്നു.

നിങ്ങൾക്കറിയാമോ?
2026 മാർച്ചിൽ, കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം (MeitY) 'ക്ലൗഡ് തിരഞ്ഞെടുപ്പ് ചട്ടക്കൂട്' പുറത്തിറക്കി. ഡാറ്റയുടെ സംവേദനക്ഷമതയും പ്രാധാന്യവും അടിസ്ഥാനമാക്കി അനുഗുണമായ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നതിന് കേന്ദ്ര മന്ത്രാലയങ്ങൾക്കും ഗവണ്മെൻ്റ് വകുപ്പുകൾക്കും വ്യക്തവും ക്രമബദ്ധവുമായ മാർഗനിർദ്ദേശങ്ങൾ നൽകുകയാണ് ഈ ചട്ടക്കൂടിൻ്റെ ലക്ഷ്യം. ദേശീയ സുരക്ഷാ മുൻഗണനകൾക്ക് അനുസൃതമായ ഡാറ്റാ വർഗ്ഗീകരണ രീതിയും ഇത് മുന്നോട്ടുവയ്ക്കുന്നു. ഇതിൻ്റെ ഭാഗമായി, നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്റർ, സംസ്ഥാന ഡാറ്റാ സെൻ്ററുകൾ തുടങ്ങിയ ഗവണ്മെൻ്റ് പിന്തുണയുള്ള ക്ലൗഡ് സംവിധാനങ്ങളുടെ ഉപയോഗത്തിന് മുൻഗണന നൽകുന്നു. കൂടാതെ, അംഗീകൃത ക്ലൗഡ് സേവനദാതാക്കളുടെ സേവനങ്ങളുമായി സംയോജിപ്പിച്ച് ഹൈബ്രിഡ് ക്ലൗഡ് വിന്യാസ മാതൃകകൾ സ്വീകരിക്കുന്നതിനും ഗവണ്മെൻ്റ് സ്ഥാപനങ്ങൾക്ക് ഈ ചട്ടക്കൂട് വഴിയൊരുക്കുന്നു. ഇതിലൂടെ ഡാറ്റാ സുരക്ഷ, ദേശീയ താത്പര്യങ്ങൾ, പ്രവർത്തനക്ഷമത എന്നിവ പരിഗണിച്ചുകൊണ്ട് അനുയോജ്യമായ ക്ലൗഡ് സംവിധാനങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കുന്നു.
കൂടാതെ, 2023-ലെ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമം (DPDP Act, 2023), വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും, അതിർത്തി കടന്നുള്ള വിവര കൈമാറ്റത്തിന് നിബന്ധനകൾ നിശ്ചയിക്കുകയും ചെയ്യുന്നു. 'ഡാറ്റാ റെസിഡൻസി' (വിവരങ്ങൾ സൂക്ഷിക്കുന്ന സ്ഥലം) സംബന്ധിച്ച വ്യവസ്ഥകളിലൂടെയും, അതിർത്തി കടന്നുള്ള വിവര കൈമാറ്റത്തിനുള്ള നിയന്ത്രണങ്ങളിലൂടെയും, പ്രാദേശിക ഡാറ്റാ സെൻ്ററുകളുടെയും ക്ലൗഡ് സേവനങ്ങളുടെയും ഉപയോഗത്തെ ഈ നിയമം പ്രോത്സാഹിപ്പിക്കുന്നു. ഉപയോക്താക്കളുടെ വ്യക്തമായ സമ്മതം, വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം, വിവരങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കർശനമായ ബാധ്യതകൾ എന്നിവയിലൂടെ, വിവരങ്ങളുടെ മേൽ ഉപയോക്താക്കൾക്ക് മികച്ച നിയന്ത്രണം ഉറപ്പാക്കുന്നതിനൊപ്പം നിയമപരമായ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും ഈ നിയമം ഉറപ്പുവരുത്തുന്നു.
സുരക്ഷിതവും സമഗ്രവുമായ ഡിജിറ്റൽ ഭരണനിർവ്വഹണത്തിനുള്ള മാർഗ്ഗദർശനം
കേന്ദ്ര-സംസ്ഥാന തലങ്ങളിലെ ഇ-ഗവേണൻസ് പദ്ധതികളുടെ ആസൂത്രണത്തിനും നിർവഹണത്തിനും ആവശ്യമായ സാങ്കേതിക പിന്തുണയും ഉപദേശവും നൽകുന്നത് നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ്റെ (NeGD) പ്രധാന ചുമതലകളിലൊന്നാണ്. പദ്ധതികളുടെ സാങ്കേതിക രൂപകൽപ്പനയും ഘടനയും, സുരക്ഷാ സംവിധാനങ്ങൾ, സാങ്കേതിക മാനദണ്ഡങ്ങൾ, പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയ വിവിധ വശങ്ങൾ വിലയിരുത്തുന്നതും ഇതിൻ്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഈ ഏകോപിത സഹകരണ സംവിധാനത്തിലൂടെ ഇന്ത്യയിലുടനീളമുള്ള ഗവണ്മെൻ്റ് സംവിധാനങ്ങളിൽ ക്ലൗഡ് സേവനങ്ങളുടെ ഉപയോഗവും വ്യാപനവും പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതോടൊപ്പം, 'ഡിജിറ്റൽ ഇന്ത്യ', 'ഇ-ഗവേണൻസ്' തുടങ്ങിയ ദേശീയ സംരംഭങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൊതുസേവനങ്ങളുടെ കാര്യക്ഷമതയും ലഭ്യതയും മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
ഇന്ത്യയുടെ ക്ലൗഡ് ആവാസവ്യവസ്ഥയുടെ മുന്നോട്ടുള്ള പ്രയാണം
ഇന്ത്യയുടെ ക്ലൗഡ് ആവാസവ്യവസ്ഥ അതിവേഗം വികസിക്കുന്നു, 2030 ആകുമ്പോഴേക്കും രാജ്യത്തിൻ്റെ ക്ലൗഡ് ഡാറ്റ ശേഷി ഏകദേശം 4–5 മടങ്ങ് വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ ഭരണനിർവഹണം, പൊതു സേവന വിതരണം, സാങ്കേതികവിദ്യാധിഷ്ഠിത പ്ലാറ്റ്ഫോമുകൾ എന്നിവയിലുടനീളം ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളെ ആശ്രയിക്കുന്നത് കമ്പ്യൂട്ടിംഗ് ഉറവിടങ്ങൾക്കായുള്ള ആവശ്യകത വർദ്ധിപ്പിക്കുന്നു. ഡാറ്റാ സെൻ്ററുകളിലെ നിക്ഷേപങ്ങൾ ആഭ്യന്തര ശേഷി മെച്ചപ്പെടുത്തുന്നു. ലക്ഷ്യവേധിയായ നൈപുണ്യ വികസന സംരംഭങ്ങൾ ക്ലൗഡ് അധിഷ്ഠിത സാങ്കേതികവിദ്യകൾക്കായി സജ്ജരായ തൊഴിൽ ശക്തിയെ വളർത്തിയെടുക്കുന്നു. ഈ നടപടികൾ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യയുടെ ദീർഘകാല ഡിജിറ്റൽ പരിവർത്തനത്തിൻ്റെ ആധാരശിലയായി ക്ലൗഡ് കമ്പ്യൂട്ടിംഗിനെ സ്ഥാപിക്കുകയും ചെയ്യുന്നു.
സൂചനകൾ
Click to see pdf
രാജ്യസഭ
****
(Explainer ID: 160656)
आगंतुक पटल : 5
Provide suggestions / comments