ഇന്ത്യയുടെ ശുദ്ധോർജ്ജ പരിവർത്തനത്തിലെ നിർണായക സ്തംഭം
Posted On:
28 OCT 2026 11:07AM
ഇന്ത്യയുടെ ശുദ്ധോർജ്ജ പരിവർത്തനത്തിലെ സുപ്രധാന ഘടകമായി 'ഹരിത ഹൈഡ്രജൻ' ഉയർന്നുവരുന്നു. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ജലത്തെ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാക്കിയാണ് ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. വളം നിർമ്മാണം, പെട്രോളിയം ശുദ്ധീകരണം, ഇരുമ്പ്-ഉരുക്ക് വ്യവസായം, ഭാരവാഹന ഗതാഗതം, കപ്പൽ ഗതാഗതം തുടങ്ങിയ മേഖലകളിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൽ ഹരിത ഹൈഡ്രജന് വലിയ പങ്ക് വഹിക്കാനാകും. ഹരിത ഹൈഡ്രജന്റെ ആഭ്യന്തര ഉത്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം (NGHM), ഈ മേഖലയിലെ ഉത്പാദനശേഷി, വിപണി ആവശ്യകത എന്നിവ വർദ്ധിപ്പിക്കുന്നതിനും വിശ്വസനീയമായ സർട്ടിഫിക്കേഷൻ സംവിധാനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. ഹരിത അമോണിയയുടെ മത്സരാധിഷ്ഠിത ലേലങ്ങൾ മുതൽ ഹൈഡ്രജൻ അധിഷ്ഠിത റെയിൽ ഗതാഗത സംരംഭങ്ങൾ വരെയുള്ള പദ്ധതികൾ ഈ സാങ്കേതികവിദ്യയുടെ ശുഭകരമായ ഭാവി വ്യക്തമാക്കുന്നു.
എന്തുകൊണ്ട് ഹരിത ഹൈഡ്രജൻ?
സംഭരിക്കാനും ആവശ്യാനുസരണം വിവിധ മേഖലകളിലെ ഉപയോഗത്തിന് ലഭ്യമാക്കാനും കഴിയുന്ന ഒരു പ്രധാന ഊർജ രൂപമാണ് ഹൈഡ്രജൻ. ഫ്യൂവൽ സെല്ലിൽ, ഹൈഡ്രജൻ ഓക്സിജനുമായി രാസപ്രവർത്തനത്തിലേർപ്പെടുമ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നു. വെള്ളവും താപവുമാണ് ഈ പ്രക്രിയയുടെ പ്രധാന ഉപോത്പന്നങ്ങൾ; മലിനീകരണമുണ്ടാക്കുന്ന സംയുക്തങ്ങളോ ഹരിതഗൃഹ വാതകങ്ങളോ പുറന്തള്ളപ്പെടുന്നില്ല. പ്രകൃതിയിൽ ശുദ്ധമായ ഹൈഡ്രജൻ വലിയ തോതിൽ കാണപ്പെടുന്നില്ലെങ്കിലും, ജലം, പ്രകൃതിവാതകം പോലുള്ള സംയുക്തങ്ങളിൽ നിന്ന് ഇതിനെ വേർതിരിച്ചെടുക്കാൻ സാധിക്കും. അതിനാൽ, ഹൈഡ്രജൻ എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പാരിസ്ഥിതിക ആഘാതം. പരമ്പരാഗത രീതികൾ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നവയായതിനാൽ അവ കാർബൺ ബഹിർഗമനത്തിന് കാരണമാകുന്നു.
സൗരോർജം, കാറ്റാടി ഊർജം തുടങ്ങിയ പുനരുപയോഗ ഊർജസ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നു. പുനരുപയോഗ ഊർജത്തിന്റെ സഹായത്തോടെ ജലത്തെ വൈദ്യുതവിശ്ലേഷണത്തിന് വിധേയമാക്കി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനെയാണ് ഹരിത ഹൈഡ്രജൻ (Green Hydrogen) എന്ന് വിളിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിച്ചുള്ള പരമ്പരാഗത ഉത്പാദനരീതികളിൽ നിന്ന് വ്യത്യസ്തമായി, പ്രക്രിയയിൽ നേരിട്ടുള്ള കാർബൺ ബഹിർഗമനം വളരെ കുറവാണ്. സമൃദ്ധമായ സൗരോർജ, കാറ്റാടി ഊർജ വിഭവങ്ങൾ ഇന്ത്യയ്ക്ക് ഹരിത ഹൈഡ്രജന്റെ ആഭ്യന്തര ഉത്പാദനം വിപുലീകരിക്കുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. ഇത് രാജ്യത്തിന്റെ ഊർജ്ജ സ്രോതസ്സുകളെ വൈവിധ്യവത്ക്കരിക്കുകയും ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, 2070-ഓടെ പൂജ്യം കാർബൺ ബഹിർഗമനം കൈവരിക്കുക എന്ന ഇന്ത്യയുടെ ദീർഘകാല കാലാവസ്ഥാ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിലും ഹരിത ഹൈഡ്രജൻ നിർണായക പങ്കുവഹിക്കുന്നു.
കാർബൺ ബഹിർഗമനം കുറയ്ക്കാൻ പ്രയാസമുള്ള വ്യവസായ മേഖലകളിലാണ് ഹരിത ഹൈഡ്രജൻ കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. ഉയർന്ന നിലയിൽ താപം ആവശ്യമായ വ്യാവസായിക പ്രക്രിയകൾ, രാസവസ്തു നിർമ്മാണം, ഫോസിൽ ഇന്ധനങ്ങൾക്ക് പകരം നേരിട്ട് വൈദ്യുതി ഉപയോഗിക്കുന്നത് പ്രായോഗികമല്ലാത്ത മേഖലകൾ എന്നിവയിൽ ഹരിത ഹൈഡ്രജന് നിർണായക പങ്കുവഹിക്കാനാകും. വളം നിർമ്മാണം, പെട്രോളിയം ശുദ്ധീകരണം, ഇരുമ്പ്-ഉരുക്ക് വ്യവസായം, ഭാരവാഹന ഗതാഗതം, കപ്പൽ ഗതാഗതം എന്നിവ ഇതിൽ പ്രധാനമാണ്.വളം നിർമ്മാണശാലകളിലും എണ്ണ ശുദ്ധീകരണശാലകളിലും ഹൈഡ്രജൻ ഇതിനോടകം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം മേഖലകളിൽ ഫോസിൽ ഇന്ധനങ്ങളെ അടിസ്ഥാനമാക്കി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന് പകരം ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്നത് കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. കുറഞ്ഞ കാർബൺ ബഹിർഗമനമുള്ള ഉരുക്ക് നിർമ്മാണം, തിരഞ്ഞെടുത്ത ഗതാഗത മേഖലകൾ, ഊർജസംഭരണം തുടങ്ങിയ മേഖലകളിലും ഇതിന് സാധ്യതകളുണ്ട്. നേരിട്ടുള്ള വൈദ്യുതീകരണം സാങ്കേതികമായോ പ്രായോഗികമായോ വെല്ലുവിളിയാകുന്ന മേഖലകളിൽ, ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹരിത ഹൈഡ്രജന്റെ വ്യാപകമായ ഉപയോഗം ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും ആഗോള ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങൾ ലഘൂകരിക്കുന്നതിനും സഹായിക്കും. അതോടൊപ്പം, ആഭ്യന്തര ഉത്പാദനവും സാങ്കേതികവിദ്യാ വികസനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കയറ്റുമതി സാധ്യതകൾ വിപുലീകരിക്കാനും ഈ മേഖലയ്ക്ക് കഴിയും. മൂല്യ ശൃംഖലയിലുടനീളം നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്നത് ആഭ്യന്തര വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിനും വ്യാവസായിക നൂതനാശയങ്ങൾക്ക് വേഗം പകരുന്നതിനും സഹായകമാകും. അങ്ങനെ ഊർജസ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനും സുസ്ഥിര വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും പരിമിത കാർബൺ ബഹിർഗമന ഭാവിയിലേക്കുള്ള പരിവർത്തനം സാധ്യമാക്കുന്നതിനും ഹരിത ഹൈഡ്രജൻ നിർണായക സംഭാവന നൽകുന്നു.
എന്താണ് ഹൈഡ്രജനെ “ഹരിത” (Green) ഹൈഡ്രജനാക്കുന്നത്?
ഹൈഡ്രജൻ ഉപയോഗിക്കുമ്പോൾ നേരിട്ട് കാർബൺ ഡൈഓക്സൈഡ് പുറന്തള്ളപ്പെടുന്നില്ലെങ്കിലും, അതിന്റെ കാലാവസ്ഥാ ആഘാതം പ്രധാനമായും ഉത്പാദനരീതിയെയും അതിനായി ഉപയോഗിക്കുന്ന ഊർജസ്രോതസ്സുകളെയും ആശ്രയിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ, 2023 ഓഗസ്റ്റിൽ നവ, പുനരുപയോഗ ഊർജ മന്ത്രാലയം (MNRE) ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ മാനദണ്ഡം പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ഉത്പാദന പ്രക്രിയയിലെ വെൽ-ടു-ഗേറ്റ് അടിസ്ഥാനത്തിലുള്ള ഹരിതഗൃഹ വാതക ബഹിർഗമനം, 12 മാസത്തെ ശരാശരിയിൽ, ഒരു കിലോഗ്രാം ഹൈഡ്രജന് 2 കിലോഗ്രാം CO₂ എന്ന അനുപാതം കവിയുന്നില്ലെങ്കിൽ മാത്രമേ അതിനെ ഹരിത ഹൈഡ്രജനായി കണക്കാക്കുകയുള്ളൂ. അങ്ങനെ, ഹരിത ഹൈഡ്രജനെ ഔദ്യോഗികമായി നിർവചിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി.


സർഗാത്മക ചിന്തകളിലൂടെ ശാസ്ത്രത്തിന് ഉത്തേജനം പകരുക, സാങ്കേതികവിദ്യകളെ ശാക്തീകരിക്കുക

ഇന്ത്യയുടെ എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിന്റെ (ESTIC) രണ്ടാം പതിപ്പായ ESTIC-2026, 2026 ഒക്ടോബർ 27 മുതൽ 29 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്നു. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിന്റെ പ്രമേയം “സർഗാത്മക ചിന്തകളിലൂടെ ശാസ്ത്രത്തിന് ഉത്തേജനം പകരുക, സാങ്കേതികവിദ്യകളെ ശാക്തീകരിക്കുക” (Creative Minds, Catalyzing Science, Empowering Technologies) എന്നതാണ്. ഹരിത ഹൈഡ്രജൻ ഉൾപ്പെടെയുള്ള ശുദ്ധ ഊർജ സാങ്കേതികവിദ്യകൾക്കൊപ്പം ശാസ്ത്ര-സാങ്കേതിക രംഗത്തെ വളർന്നുവരുന്ന നൂതന മേഖലകൾക്കും സമ്മേളനം പ്രാധാന്യം നൽകുന്നു. 12 പ്രധാന വിഷയമേഖലകളിലായി സംഘടിപ്പിക്കുന്ന ESTIC-2026-ൽ പ്ലീനറി സെഷനുകൾ, സാങ്കേതിക ചർച്ചകൾ, പ്രദർശനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ എന്നിവർ തമ്മിലുള്ള ആശയവിനിമയത്തിനും തന്ത്രപരമായ സഹകരണങ്ങൾക്കും വേദിയൊരുക്കുന്നതിലൂടെ, ‘വികസിത് ഭാരത് 2047’ എന്ന ഇന്ത്യയുടെ ദീർഘകാല ദർശനം സാക്ഷാത്കരിക്കുന്നതിനും ഈ സമ്മേളനം ലക്ഷ്യമിടുന്നു. കൂടുതൽ വിവരങ്ങൾക്ക്: ESTIC-2026-ന്റെ ഔദ്യോഗിക അജണ്ട കാണുക.
ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത് എങ്ങനെ?
ജലത്തിന്റെ (H₂O) വൈദ്യുതവിശ്ലേഷണത്തിലൂടെയാണ് പ്രധാനമായും ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നത്. വൈദ്യുതോർജം ഉപയോഗിച്ച് പരിമിതമായ ബഹിർഗമനത്തോടെ ജലത്തെ ഘടക പദാർത്ഥങ്ങളായ ഹൈഡ്രജനും (H₂) ഓക്സിജനുമായി (O₂) വിഘടിപ്പിക്കുന്ന പ്രക്രിയയാണ് വൈദ്യുതവിശ്ലേഷണം.
2H2O → 2H2 + O2
ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനുള്ള പ്രധാന ഉപകരണമാണ് ഇലക്ട്രോലൈസർ. വൈദ്യുതിവിതരണവുമായി ബന്ധിപ്പിച്ചിരിക്കുന്ന കാഥോഡ്, ആനോഡ് എന്നീ രണ്ട് ഇലക്ട്രോഡുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. സെല്ലിനുള്ളിലൂടെ അയോണുകളുടെ സഞ്ചാരം സാധ്യമാക്കുന്ന ഇലക്ട്രോലൈറ്റിന്റെ സഹായത്തോടെയാണ് വൈദ്യുതവിശ്ലേഷണം നടക്കുന്നത്. അയോണുകൾ കടന്നുപോകാൻ അനുവദിക്കുന്നതിനൊപ്പം ഹൈഡ്രജൻ, ഓക്സിജൻ വാതകങ്ങളെ വേർതിരിച്ചുനിർത്തുന്നതിനും ഇലക്ട്രോലൈസറുകളിൽ ഡയഫ്രം ഉപയോഗിക്കുന്നു. ഇലക്ട്രോലൈസറിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ, കാഥോഡിൽ ഹൈഡ്രജനും ആനോഡിൽ ഓക്സിജനും രൂപപ്പെടുന്നു. തുടർന്ന് ഈ വാതകങ്ങൾ പ്രത്യേകം ശേഖരിച്ച് ആവശ്യാനുസരണം സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ, ഇലക്ട്രോലൈസർ ഉപയോഗിച്ച് പുനരുപയോഗ വൈദ്യുതിയും വെള്ളവും ചേർത്ത്, വ്യവസായങ്ങൾക്കും ഗതാഗതത്തിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന, കുറഞ്ഞ തോതിൽ മാത്രം മലിനീകരണം സൃഷ്ടിക്കുന്ന ഒരു ഇന്ധനം ഉത്പാദിപ്പിക്കുന്നു.

നിങ്ങൾക്കറിയാമോ? ഹരിത ഹൈഡ്രജൻ ഉത്പാദനത്തിൽ വൈദ്യുതവിശ്ലേഷണത്തിന് മുമ്പ് ജലം ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ജലത്തിലെ മാലിന്യങ്ങളും ധാതുലവണങ്ങളും ഇലക്ട്രോലൈസറിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും ആയുസ്സ് കുറയ്ക്കുകയും ചെയ്തേക്കാം. നവ, പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ (MNRE) കണക്കനുസരിച്ച്, ഒരു കിലോഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിന് ഏകദേശം ഒമ്പത് ലിറ്റർ ധാതുരഹിത ജലം ആവശ്യമാണ്. ഹൈഡ്രജൻ ഉത്പാദിപ്പിച്ചശേഷം, അതിലെ ഈർപ്പവും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് ശുദ്ധത ഉറപ്പാക്കുന്നു. തുടർന്ന് സംഭരണത്തിനും ഗതാഗതത്തിനും വ്യാവസായിക ആവശ്യങ്ങൾക്കുമായി അത് കംപ്രസ് ചെയ്യുന്നു. ശ്രദ്ധേയമായി, ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ മാനദണ്ഡം അനുസരിച്ച്, ഉത്പാദന പ്രക്രിയയിലെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട ഹരിതഗൃഹ വാതക ബഹിർഗമനങ്ങൾ കണക്കിലെടുത്താണ് ഹൈഡ്രജന്റെ പാരിസ്ഥിതിക യോഗ്യത നിർണയിക്കുന്നത്.
ഹരിത ഹൈഡ്രജന്റെ പ്രായോഗിക ഉപയോഗങ്ങൾ
- വളങ്ങൾ: ഹൈഡ്രജനിൽ നിന്നും നൈട്രജനിൽ നിന്നും നിർമ്മിക്കുന്ന അമോണിയയാണ് യൂറിയ പോലുള്ള നൈട്രജൻ വളങ്ങളുടെ അടിസ്ഥാനം. നിലവിൽ ഇതിനാവശ്യമായ ഹൈഡ്രജന്റെ ഭൂരിഭാഗവും ലഭിക്കുന്നത് പ്രകൃതിവാതകത്തിൽ നിന്നാണ്. ഇതിനു പകരമായി 'ഹരിത ഹൈഡ്രജൻ' ഉപയോഗിക്കുന്നതിലൂടെ, പരിമിതമായ അളവിൽ മലിനീകരണം സൃഷ്ടിക്കുന്ന 'ഹരിത അമോണിയ' ഉത്പാദിപ്പിക്കാൻ സാധിക്കും.
- എണ്ണ ശുദ്ധീകരണശാലകൾ: എണ്ണ ശുദ്ധീകരണശാലകളിൽ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളിൽനിന്ന് സൾഫർ നീക്കം ചെയ്യാൻ ഹൈഡ്രജൻ വ്യാപകമായി ഉപയോഗിക്കുന്നു. കൂടാതെ, അസംസ്കൃത എണ്ണയെ ഡീസൽ, വ്യോമയാന ഇന്ധനം, നാഫ്ത തുടങ്ങിയ ഉത്പന്നങ്ങളാക്കി മാറ്റുന്ന വിവിധ ശുദ്ധീകരണ പ്രക്രിയകളിലും ഹൈഡ്രജൻ നിർണായക പങ്കുവഹിക്കുന്നു. ഇവ റോഡ് ഗതാഗതം, വ്യോമയാനം, വ്യവസായം തുടങ്ങിയ മേഖലകളുടെ ഇന്ധനാവശ്യങ്ങൾ നിറവേറ്റുന്നു. ഇതിനു പകരമായി ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്നത് എണ്ണ ശുദ്ധീകരണ മേഖലയിലെ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും സുസ്ഥിരമായ ഇന്ധന ഉത്പാദനത്തിലേക്ക് മാറുന്നതിനും സഹായിക്കും.
- ഉരുക്ക്: പരമ്പരാഗത ഉരുക്ക് നിർമ്മാണത്തിൽ, ഇരുമ്പയിരിൽനിന്ന് ഓക്സിജൻ നീക്കം ചെയ്ത് ഇരുമ്പ് വേർതിരിച്ചെടുക്കുന്നതിനായി കൽക്കരി അല്ലെങ്കിൽ കോക്ക് ഉപയോഗിക്കുന്നു. ഇത് കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നു. എന്നാൽ, 'ഡയറക്ട് റെഡ്യൂസ്ഡ് അയൺ' (DRI) ഉത്പാദനത്തിൽ, കൽക്കരിക്ക് പകരമായി 'ഹരിത ഹൈഡ്രജൻ' ഉപയോഗിക്കാൻ സാധിക്കും. ഇരുമ്പയിരിലെ ഓക്സിജനുമായി ഹൈഡ്രജൻ പ്രവർത്തിക്കുമ്പോൾ, കാർബൺ ഡൈ ഓക്സൈഡിന് പകരം നീരാവിയാണ് രൂപപ്പെടുന്നത്.
- നഗര വാതക ശൃംഖലകൾ: സുരക്ഷാ മാനദണ്ഡങ്ങളും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ സാങ്കേതിക ശേഷിയും പരിഗണിച്ച്, പരിമിതമായ അനുപാതത്തിൽ ഹരിത ഹൈഡ്രജനെ പ്രകൃതിവാതകവുമായി കലർത്തി ഉപയോഗിക്കാനാകും. ഇത് നിലവിലുള്ള വാതക വിതരണ ശൃംഖലകളിലൂടെ വീടുകൾക്കും ബിസിനസുകൾക്കും വ്യവസായങ്ങൾക്കും ഹൈഡ്രജൻ-പ്രകൃതിവാതക മിശ്രിതം വിതരണം ചെയ്യാൻ അനുവദിക്കുന്നു. നിലവിലുള്ള വിതരണ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ഫോസിൽ ഇന്ധന ഉപഭോഗവും അനുബന്ധ ബഹിർഗമനവും കുറയ്ക്കാൻ അത്തരം മിശ്രിതം സഹായിക്കും.
- റോഡ്, റെയിൽ ഗതാഗതം: ഹൈഡ്രജൻ ഫ്യൂവൽ സെൽ വാഹനങ്ങളിൽ (Fuel Cell Vehicles – FCVs), ഹൈഡ്രജനെ വാഹനത്തിനുള്ളിൽവെച്ച് വൈദ്യുതിയാക്കി മാറ്റുകയും ആ വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഇവയിൽ നിന്ന് നീരാവി മാത്രമാണ് പുറന്തള്ളപ്പെടുന്നത്. ദീർഘദൂരം സഞ്ചരിക്കേണ്ടതും, വേഗത്തിൽ ഇന്ധനം നിറയ്ക്കേണ്ടതുമായ ബസുകൾ, ട്രക്കുകൾ, ട്രെയിനുകൾ എന്നിവയ്ക്ക് ഈ സാങ്കേതികവിദ്യ വളരെ അനുയോജ്യമാണ്.
നിങ്ങൾക്കറിയാമോ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ 2026 ജൂലൈ 17-ന് ജിന്ദ്–സോനിപത് പാതയിൽ ഉദ്ഘാടനം ചെയ്തു. 10 കോച്ചുകളുള്ള ഈ ട്രെയിനിൽ ഏകദേശം 2,600 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ജിന്ദിലുള്ള ഒരു സംഭരണ കേന്ദ്രത്തിൽ ഏകദേശം 3,000 കിലോഗ്രാം ഹൈഡ്രജൻ സൂക്ഷിക്കുന്നു. ഈ ട്രെയിനിൽ നിന്ന് നീരാവിയും താപവും മാത്രമേ പുറന്തള്ളപ്പെടുന്നുള്ളൂ. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

- ഷിപ്പിംഗ്: ഹരിത ഹൈഡ്രജനെ ഹരിത അമോണിയയും ഹരിത മെഥനോളുമായി പരിവർത്തനം ചെയ്യാൻ കഴിയും, ഇത് കപ്പലുകൾക്ക് ഇന്ധനമായി ഉപയോഗിക്കാം. ദീർഘയാത്രകളിൽ പരമ്പരാഗത സമുദ്ര ഇന്ധനങ്ങൾക്ക് പകരമായി ഇവ ഉപയോഗിക്കാം. കൂടാതെ, എഞ്ചിനുകളുടെ അനുയോജ്യത, സുരക്ഷാ മാനദണ്ഡങ്ങൾ, സംഭരണ-വിതരണ സംവിധാനങ്ങൾ, തുറമുഖങ്ങളിലെ ഇന്ധനം നിറയ്ക്കൽ സൗകര്യങ്ങൾ എന്നിവയും ഇവയുടെ വ്യാപകമായ ഉപയോഗത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്.
- കയറ്റുമതി: പരിമിതമായി മാത്രം മലിനീകരണം സൃഷ്ടിക്കുന്ന ഇന്ധനങ്ങൾ തേടുന്ന രാജ്യങ്ങൾക്ക്, ഹരിത ഹൈഡ്രജൻ കൂടാതെ ഹരിത അമോണിയ, ഹരിത മെഥനോൾ തുടങ്ങിയ അനുബന്ധ ഉത്പന്നങ്ങളും നൽകാൻ ഇന്ത്യയ്ക്ക് സാധിക്കും. ഇന്ത്യയിലുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്ക് ഈ വിതരണത്തെ പിന്തുണയ്ക്കാൻ കഴിയും. ഇവ കയറ്റുമതി ചെയ്യുന്നത് പുതിയ ബിസിനസ്സ്, വ്യാവസായിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനും, നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ആഗോള ശുദ്ധ ഊർജ്ജ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. കൂടുതൽ വിവരങ്ങൾക്കായി, “ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ഉത്പാദന ശേഷി” എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.
ഗവണ്മെന്റ് സമീപനത്തിലൂടെ മികച്ച ഏകോപനം സാധ്യമാക്കുന്നു
വിവിധ മേഖലകളിൽ ഹരിത ഹൈഡ്രജന്റെ ഉപയോഗം വ്യാപകമാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഏകോപിത പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള സമഗ്ര തന്ത്രമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഹരിത ഹൈഡ്രജന്റെ ഉത്പാദനവും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയും ഓരോ മേഖലയിലും വ്യക്തമായ ഉത്തരവാദിത്വങ്ങൾ നിർവചിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം എണ്ണ ശുദ്ധീകരണശാലകളിലും നഗര വാതക വിതരണ മേഖലയിലും ഹരിത ഹൈഡ്രജന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. വളം-രാസവസ്തു മന്ത്രാലയം ഹരിത അമോണിയയെ അടിസ്ഥാനമാക്കിയുള്ള വളങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിനും ഉപയോഗത്തിനും പിന്തുണ നൽകുന്നു. ഉപരിതല ഗതാഗത-ദേശീയ പാത മന്ത്രാലയം ആവശ്യമായ നിയന്ത്രണങ്ങൾ, സാങ്കേതിക മാനദണ്ഡങ്ങൾ, സുരക്ഷാ ചട്ടങ്ങൾ എന്നിവയിലൂടെ ഗതാഗത മേഖലയിൽ ഹരിത ഹൈഡ്രജന്റെ ഉപയോഗം സുഗമമാക്കുന്നു. ഉരുക്ക് മന്ത്രാലയം ഉരുക്ക് നിർമ്മാണ മേഖലയിൽ ഹരിത ഹൈഡ്രജന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമ്പോൾ, വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണങ്ങൾക്കും ആഗോള പങ്കാളിത്തത്തിനും വഴിയൊരുക്കുന്നു.
ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ നയ ചട്ടക്കൂട്
എൻ.ജി.എച്ച്.എം (NGHM): സമഗ്ര ആവാസവ്യവസ്ഥയ്ക്കായുള്ള ദൗത്യം
ഹരിത ഹൈഡ്രജന്റെയും അനുബന്ധ ഉത്പന്നങ്ങളുടെയും ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനായി, കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) 'ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം' (NGHM) നടപ്പിലാക്കുന്നു. 19,744 കോടി രൂപ ചെലവ് വരുന്ന ഈ ദൗത്യത്തിന് 2023 ജനുവരിയിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2030-ഓടെ പ്രതിവർഷം കുറഞ്ഞത് 5 ദശലക്ഷം മെട്രിക് ടൺ (MMT) ഉത്പാദന ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. കയറ്റുമതി ആവശ്യകത കൂടി കണക്കിലെടുക്കുമ്പോൾ, ഇത് പ്രതിവർഷം 10 ദശലക്ഷം മെട്രിക് ടൺ (MMT) വരെ ഉയർന്നേക്കാം. ഈ ദൗത്യത്തിൽ താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുന്നു.
SIGHT:വിപണിയിലെ ഉത്പാദകർക്കും ഉപഭോക്താക്കൾക്കും പിന്തുണ
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന്റെ (NGHM) ഒരു പ്രധാന ഘടകമാണ് 'സ്ട്രാറ്റജിക് ഇന്റർവെൻഷൻസ് ഫോർ ഗ്രീൻ ഹൈഡ്രജൻ ട്രാൻസിഷൻ' (SIGHT) പ്രോഗ്രാം. 2029-30 വരെയുള്ള കാലയളവിലേക്ക് 17,490 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ആഭ്യന്തരമായി ഇലക്ട്രോലൈസറുകൾ നിർമ്മിക്കുന്നതിനും ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനുമായി ഈ പദ്ധതി പ്രോത്സാഹനമേകുന്നു. ഇവ രണ്ടും ചേർന്ന്, തദ്ദേശീയ ശേഷി ശക്തിപ്പെടുത്തുന്നതിനും ഉത്പാദനം വേഗത്തിലാക്കുന്നതിനും സഹായിക്കുന്നു.
നിർണ്ണായക പുരോഗതി
പ്രതിവർഷം 3,000 മെഗാവാട്ട് (MW) ശേഷിയുള്ള ഇലക്ട്രോലൈസർ നിർമ്മാണത്തിനായി 15 കമ്പനികൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചു. ഇത് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കുന്നു.
2026 ഫെബ്രുവരിയോടെ പ്രതിവർഷം ഏകദേശം 8,000 ടൺ ഹരിത ഹൈഡ്രജൻ ഉത്പാദന ശേഷി പ്രവർത്തനക്ഷമമായി.
പ്രതിവർഷം 8,62,000 ടൺ ഹരിത ഹൈഡ്രജൻ ഉത്പാദന ശേഷിക്കായി ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്.
പരീക്ഷണ പദ്ധതികൾ
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം (NGHM) ഫോസിൽ ഇന്ധനങ്ങൾക്കും പരമ്പരാഗത ഫീഡ്സ്റ്റോക്കുകൾക്കും പകരം ഹരിത ഹൈഡ്രജൻ പോലുള്ള ശുദ്ധമായ ബദലുകൾ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണ പദ്ധതികൾക്ക് പിന്തുണ നൽകുന്നു. ഉരുക്ക് ഉത്പാദനം, ഭാര ഗതാഗതം, കപ്പൽഗതാഗതം തുടങ്ങിയ കാർബൺ ബഹിർഗമനം കുറയ്ക്കാൻ പ്രയാസമുള്ള മേഖലകളിലാണ് ഈ പദ്ധതികൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മേഖലകളിലെ സാങ്കേതികവിദ്യ, നിയന്ത്രണ സംവിധാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പോരായ്മകൾ കണ്ടെത്തുന്നതിനൊപ്പം വിതരണ ശൃംഖലകളുടെ കാര്യക്ഷമതയും വിവിധ സാങ്കേതികവിദ്യകളുടെ സമന്വയവും പദ്ധതികൾ പരീക്ഷിക്കും. ഇവയിൽനിന്ന് ലഭിക്കുന്ന ഫലങ്ങൾ സാങ്കേതികവിദ്യയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വ്യാപക വിന്യാസത്തിനും ആവശ്യമായ നയപരമായ പിന്തുണ രൂപപ്പെടുത്തുന്നതിനും സഹായിക്കും.2029–30 വരെയുള്ള കാലയളവിൽ കുറഞ്ഞ കാർബൺ പുറന്തള്ളുന്ന ഉരുക്ക് ( നിർമ്മാണ മേഖലയ്ക്കായി ഈ ദൗത്യം 455 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. കൂടാതെ, 2025–26 വരെയുള്ള കാലയളവിലേക്ക് ഗതാഗത മേഖലയ്ക്കായി 496 കോടി രൂപയും, ഷിപ്പിംഗ് മേഖലയ്ക്കായി 115 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നിർണ്ണായക പുരോഗതി
ഉരുക്ക് മേഖലയിൽ അഞ്ച് പരീക്ഷണ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. 100% ഹൈഡ്രജൻ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പരീക്ഷിക്കുന്നതിനായി 84 കോടി രൂപ അനുവദിച്ചു.
പന്ത്രണ്ട് പദ്ധതികളിലായി 70 ഹൈഡ്രജൻ വാഹനങ്ങൾ വിന്യസിക്കും:
ഇതിൽ 27 ബസുകളും 43 ട്രക്കുകളും ഉൾപ്പെടുന്നു. ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനങ്ങളും (FCEVs) ഹൈഡ്രജൻ ഇന്റേണൽ കംബഷൻ എൻജിൻ (H₂-ICE) വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
21 റൂട്ടുകളിലായി 16 ഹൈഡ്രജൻ റീഫ്യൂവലിംഗ് സ്റ്റേഷനുകളും ഈ പദ്ധതികളുടെ ഭാഗമാണ്. ഇതിനായി 41.58 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു.
ഹരിത മെഥനോളിനായുള്ള ബങ്കറിംഗ്, റീഫ്യൂവലിംഗ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണ പദ്ധതിക്ക് വി.ഒ. ചിദംബരനാർ പോർട്ട് അതോറിറ്റി അനുമതി നൽകി. 38.12 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയിൽ, MNRE നൽകുന്ന 35 കോടി രൂപയുടെ ഗ്രാന്റും ഉൾപ്പെടുന്നു.
ഹരിത ഹൈഡ്രജൻ ഹബ്ബുകളും ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്ററുകളും (HVIC)
ഹൈഡ്രജന്റെ ഗതാഗതം വെല്ലുവിളി നിറഞ്ഞതാണ്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം(NGHM) ഹരിത ഹൈഡ്രജൻ ഹബ്ബുകളും HVIC-കളും പ്രോത്സാഹിപ്പിക്കുന്നു. ഉത്പാദനം, ഉപഭോഗം, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ ഒറ്റ ക്ലസ്റ്ററിന് കീഴിൽ ഏകോപിപ്പിക്കുന്നതാണ് ഈ സമീപനത്തിന്റെ ലക്ഷ്യം. ഇതിലൂടെ പദ്ധതികളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കാനും വൻ തോതിലുള്ള ഉത്പാദനത്തിലൂടെയും ഉപയോഗത്തിലൂടെയും ചെലവ് കുറയ്ക്കാനും സഹായിക്കും. ഇത് പദ്ധതിയുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും സമ്പദ്വ്യവസ്ഥയെ വിപുലീകരിക്കുകയും ചെയ്യുന്നു. നിർദ്ദിഷ്ട ഹബ്ബുകളിലെ പദ്ധതികൾക്ക് കേന്ദ്ര, സംസ്ഥാന പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കും. ഹബ്ബുകൾക്കും അനുബന്ധ പദ്ധതികൾക്കുമായി 2025–26 വരെ മിഷന് 400 കോടി രൂപയുടെ വിഹിതമുണ്ട്. ഹരിത നിക്ഷേപം ആകർഷിക്കാനും നൂതനാശയങ്ങളെ ത്വരിതപ്പെടുത്താനും ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു.
നിർണ്ണായക പുരോഗതി
ദീൻദയാൽ പോർട്ട് (കാണ്ട്ല , ഗുജറാത്ത്), വി.ഒ. ചിദംബരനാർ പോർട്ട് (തൂത്തുക്കുടി, തമിഴ്നാട്), പാരദ്വീപ് പോർട്ട് (ഒഡീഷ) എന്നിവയെ 'ഹബ്ബുകളായി' കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MNRE) അംഗീകരിച്ചിട്ടുണ്ട്.
2025 ജൂലൈയിൽ കാണ്ട്ല പോർട്ടിൽ, തദ്ദേശീയമായി നിർമ്മിച്ച 1 മെഗാവാട്ട് ശേഷിയുള്ള ഹരിത ഹൈഡ്രജൻ പ്ലാന്റ് പ്രവർത്തനസജ്ജമാക്കി.
ജോധ്പൂർ, ഒഡീഷ, പൂനെ, കേരളം എന്നിവിടങ്ങളിൽ നാല് HVIC-കൾ (ഹൈഡ്രജൻ വാലി ഇന്നൊവേഷൻ ക്ലസ്റ്ററുകൾ) അനുവദിച്ചിട്ടുണ്ട്.
അനുകൂലമായ നയചട്ടക്കൂടിൻറെ രൂപീകരണം
ഹരിത ഹൈഡ്രജൻ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനായി ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം (NGHM) സമഗ്ര സർക്കാർ സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനായി, സാമ്പത്തിക ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിനുമായി നവ, പുനരുപയോഗ ഊർജ മന്ത്രാലയം (MNRE) കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് വകുപ്പുകളെ ഏകോപിപ്പിക്കുന്നു. അന്തർസംസ്ഥാന വൈദ്യുതി പ്രസരണ നിരക്കുകളിൽ ഇളവ് നൽകുക, പുനരുപയോഗ ഊർജത്തിന്റെ ബാങ്കിംഗ് സൗകര്യം മെച്ചപ്പെടുത്തുക, ഓപ്പൺ ആക്സസും ഗ്രിഡ് കണക്റ്റിവിറ്റിയും സമയബന്ധിതമായി ലഭ്യമാക്കുക എന്നിവയാണ് പ്രധാന നടപടികൾ. പുനരുപയോഗ ഊർജ ഉത്പാദനശേഷി, വൈദ്യുതി പ്രസരണം, ബാങ്കിംഗ്, ഊർജ സംഭരണം എന്നിവയുടെ ആസൂത്രണവും സർക്കാർ ഏകോപിപ്പിക്കും. സൗരോർജ്ജ പാർക്കുകൾ, വ്യവസായ മേഖലകൾ, പ്രത്യേക സാമ്പത്തിക മേഖലകൾ (SEZs) എന്നിവിടങ്ങളിലേക്ക് ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനും ഉപയോഗത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ഹരിത ഹൈഡ്രജൻ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ഹരിത ധനസഹായം, ഹരിത ബോണ്ടുകൾ, നൂതന ധനസമാഹരണ മാർഗങ്ങൾ എന്നിവയും പ്രയോജനപ്പെടുത്താൻ ദൗത്യം ലക്ഷ്യമിടുന്നു.
നിർണ്ണായക പുരോഗതി
2030 ഡിസംബർ 31-ന് മുമ്പ് കമ്മീഷൻ ചെയ്ത ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ പ്ലാന്റുകളെ 25 വർഷത്തേക്ക് ഇന്റർ-സ്റ്റേറ്റ് ട്രാൻസ്മിഷൻ സിസ്റ്റം (ISTS) ചാർജുകളിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന അതിർത്തികളിലൂടെ വൈദ്യുതി കൊണ്ടുപോകുന്നതിനുള്ള ഫീസാണ് ISTS. ഈ ഇളവ് വൈദ്യുതി ചെലവ് കുറയ്ക്കുന്നു.
പുനരുപയോഗ ഊർജത്തെ ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് വൈദ്യുതി ഗ്രിഡിലേക്ക് എത്തിക്കുന്നതിനാവശ്യമായ പ്രസരണ ലൈനുകളും സബ്സ്റ്റേഷനുകളും സ്ഥാപിക്കുന്നതിന് ഹരിതോർജ ഇടനാഴി പദ്ധതി പിന്തുണ നൽകുന്നു. ദേശീയ വൈദ്യുതി പ്രസരണ പദ്ധതി ഉത്പാദന കേന്ദ്രങ്ങളെയും ഉപഭോഗ കേന്ദ്രങ്ങളെയും തമ്മിൽ കാര്യക്ഷമമായി ബന്ധിപ്പിക്കുന്നതിനും വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
2005-ലെ സ്പെഷ്യൽ ഇക്കണോമിക് സോൺസ് (SEZ) നിയമത്തിലെ 26-ാം വകുപ്പ് പ്രകാരം, സ്വന്തം ആവശ്യങ്ങൾക്കായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് സൗരോർജ്ജ പാനലുകൾ പോലുള്ള പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന അർഹരായ യൂണിറ്റുകൾക്ക് ചില നികുതി, തീരുവ ഇളവുകൾ നൽകുന്നു. സ്വന്തം വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി SEZ-കൾക്കുള്ളിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചെലവ് ഇതിലൂടെ കുറയും.
പുനരുപയോഗ ഊർജ്ജം ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം മുഖേന ജലത്തെ വിഘടിപ്പിച്ച് ഹരിത ഹൈഡ്രജൻ ഹരിത അമോണിയ എന്നിവ ഉത്പാദിപ്പിക്കുന്ന സമർപ്പിത പ്ലാന്റുകളെ 2006 ലെ പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപന പ്രകാരം മുൻകൂർ പരിസ്ഥിതി അനുമതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് യോഗ്യമായ പദ്ധതികൾക്കുള്ള അംഗീകാര പ്രക്രിയ ലളിതമാക്കും.
ഒരു പ്രത്യേക സാമ്പത്തിക മേഖലയിലോ (SEZ) കയറ്റുമതി അധിഷ്ഠിത യൂണിറ്റിലോ (EOU) സ്ഥിതി ചെയ്യുന്ന പുനരുപയോഗ ഊർജ്ജ പ്ലാന്റുകൾ, തങ്ങളുടെ വൈദ്യുതി പൂർണ്ണമായും ഹരിത ഹൈഡ്രജൻ ഉത്പാദന പ്ലാന്റുകൾക്കോ അനുബന്ധ ഉത്പന്നങ്ങൾക്കോ വേണ്ടി മാത്രം വിതരണം ചെയ്യുമ്പോൾ, 'അംഗീകൃത മോഡലുകളുടെയും നിർമ്മാതാക്കളുടെയും പട്ടിക' (ALMM), 'പരിഷ്കരിച്ച മോഡലുകളുടെയും നിർമ്മാതാക്കളുടെയും പട്ടിക' (RLMM) എന്നിവ സംബന്ധിച്ച നിബന്ധനകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.. ബാധകമായ ഇളവ് വ്യവസ്ഥകൾക്ക് വിധേയമായി, പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിൽ അർഹമായ പദ്ധതികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നു.
ഹരിത ഹൈഡ്രജൻ, ഹരിത അമോണിയ നയം ബാധകമായ വ്യവസ്ഥകൾക്ക് വിധേയമായി, 15 ദിവസത്തിനുള്ളിൽ ഓപ്പൺ ആക്സസും 30 ദിവസം വരെ മിച്ചമുള്ള പുനരുപയോഗ വൈദ്യുതി ബാങ്കിംഗും നൽകുന്നു. ഓപ്പൺ ആക്സസ് ഉൽപാദകരെ അവരുടെ പ്രാദേശിക വിതരണ കമ്പനിയിൽ നിന്ന് ഒഴികെയുള്ള മറ്റ് സ്രോതസ്സുകളിൽ നിന്ന് പുനരുപയോഗ വൈദ്യുതി വാങ്ങാൻ അനുവദിക്കുന്നു. ബാങ്കിംഗ്, മിച്ച വൈദ്യുതി ക്രെഡിറ്റായി സംഭരിക്കാനും ബാധകമായ നിയന്ത്രണങ്ങൾക്ക് വിധേയമായി പിന്നീട് ഉപയോഗിക്കാനും അനുവദിക്കുന്നു.
നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും
വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസൃതമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഈ ദൗത്യം രൂപീകരിച്ചുവരുന്നു. മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി ഒത്തുപോകുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
നിർണ്ണായക പുരോഗതി
ഇന്ത്യ സ്വന്തം ഹരിത ഹൈഡ്രജൻ മാനദണ്ഡം വിജ്ഞാപനം ചെയ്തിട്ടുണ്ട്. 12 മാസ കാലയളവിൽ ശരാശരി ഒരു കിലോ ഹൈഡ്രജന് 2 കിലോഗ്രാം CO₂ തുല്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിലൂടെ ഒരു പൊതു മാനദണ്ഡം സൃഷ്ടിക്കപ്പെട്ടു.
പരിശോധനാ സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, മാനദണ്ഡങ്ങൾക്കുള്ള സ്ഥാപന പിന്തുണ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഹരിത അമോണിയ, ഹരിത മെഥനോൾ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഉത്പാദനത്തെയും വ്യാപാരത്തെയും പിന്തുണയ്ക്കുന്നതിനായി ബഹിർഗമന പരിധികളും യോഗ്യതാ വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്.
MNRE 2025 ഏപ്രിലിൽ ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ സർട്ടിഫിക്കേഷൻ പദ്ധതി ആരംഭിച്ചു. നിരീക്ഷണം, പരിശോധന, സർട്ടിഫിക്കേഷൻ എന്നിവയ്ക്കായുള്ള ഏജൻസികൾക്ക് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (BEE) അംഗീകാരം നൽകുന്നു.
സുതാര്യമായ സർട്ടിഫിക്കേഷനും അനുവർത്തനവും ലക്ഷ്യമിട്ട് 2026 ജൂണിൽ ഒരു സമർപ്പിത പോർട്ടൽ സജീവമായി. ആഗോളതലത്തിൽ ആത്മവിശ്വാസത്തോടെ മത്സരിക്കാൻ ഇന്ത്യൻ ഉത്പാദകരെ വിശ്വാസ്യതയുള്ള സർട്ടിഫിക്കേഷൻ സഹായിക്കും.
ഗവേഷണവും വികസനവും
ഹരിത ഹൈഡ്രജൻ ചെലവ് കുറഞ്ഞതും കാര്യക്ഷമവും സുരക്ഷിതവും വിശ്വസനീയവുമാക്കുന്നതിനായി ഈ ദൗത്യം ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. വ്യവസായ മേഖലയിൽ നിന്നും ഗവണ്മെന്റിൽ നിന്നും പ്രത്യേക ഗവേഷണ-വികസന ഫണ്ട് ലഭ്യമാക്കുന്ന, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഒരു സംവിധാനമാണ് 'സ്ട്രാറ്റജിക് ഹൈഡ്രജൻ ഇന്നൊവേഷൻ പാർട്ണർഷിപ്പ്' (SHIP). 400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഗവേഷണ-വികസന പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ 2024 മാർച്ചിൽ പുറത്തിറക്കി. 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച്, 113 കോടി രൂപയുടെ പ്രാരംഭ ഗവേഷണ-വികസന രൂപരേഖ മുഖേന, ഹൈഡ്രജൻ ഉത്പാദനം, സംഭരണം, സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട അംഗീകൃത പദ്ധതികൾക്ക് പിന്തുണ നൽകിവരുന്നു.
നൈപുണ്യ വികസനം
ഏകോപിതമായ ഒരു നൈപുണ്യ വികസന സംരംഭം നടന്നുവരുന്നു. 2030-ഓടെ ഹൈഡ്രജൻ മൂല്യ ശൃംഖലയിലുടനീളം 6 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ, 14 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലായി 8,149 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും, 7,248 പേർക്ക് ഹൈഡ്രജൻ മേഖലയുമായി ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. ഇലക്ട്രോലൈസറുകൾക്കുള്ള പുനരുപയോഗ ഊർജ്ജം, ഇലക്ട്രോലിസിസ്, സംഭരണം, ഗതാഗതം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയും ഉരുക്ക് നിർമ്മാണം, ഗതാഗതം, റിഫൈനിംഗ് തുടങ്ങിയ മേഖലകളിലെ അന്തിമ ഉപയോഗവും ഉൾപ്പെടുന്നതാണ് ഈ പരിശീലന പരിപാടികൾ. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഹരിത ഹൈഡ്രജൻ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനകം ഒമ്പത് സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം നൽകുകയും, ആകെ 22 കോടി രൂപയുടെ ധനസഹായം അനുവദിക്കുകയും ചെയ്തു.
അന്താരാഷ്ട്ര സഹകരണം
സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും നിക്ഷേപം സമാഹരിക്കുന്നതിനും കയറ്റുമതി വിപണികൾ സൃഷ്ടിക്കുന്നതിനും മാനദണ്ഡങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള പങ്കാളിത്തങ്ങളെ ദൗത്യം പ്രോത്സാഹിപ്പിക്കുന്നു.
നിർണ്ണായക പുരോഗതി
പുനരുപയോഗ ഊർജ്ജം, ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി, MNRE നേരിട്ടോ അല്ലെങ്കിൽ 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി' (NISE) മുഖേനയോ- വിവിധ രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ, താത്പര്യപത്രങ്ങൾ, സംയുക്ത പ്രഖ്യാപനങ്ങൾ എന്നിവ ഒപ്പുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ഉസ്ബെക്കിസ്ഥാൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നെതർലാൻഡ്സുമായി പുനരുപയോഗ ഊർജ്ജം സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
തന്ത്രപരമായ ശുദ്ധമായ ഊർജ്ജ പങ്കാളിത്തത്തിന് കീഴിൽ ഒരു ഇന്ത്യ-യുഎസ് ഹൈഡ്രജൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു.
നവ, പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകളുടെ വികസനത്തെയും ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്ന 'റിന്യൂവബിൾ എനർജി ടെക്നോളജി ആക്ഷൻ പ്ലാറ്റ്ഫോമിന്' (RETAP) കീഴിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന മേഖലകളിലൊന്നാണ് 'ഹരിത ഹൈഡ്രജൻ'.
സംസ്ഥാനതല സംരംഭങ്ങൾ
ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിന് അനുബന്ധമായി ആറ് സംസ്ഥാനങ്ങൾ സമർപ്പിത ഹരിത ഹൈഡ്രജൻ നയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവയാണ് സമർപ്പിത നയം പ്രഖ്യാപിച്ച സംസ്ഥാനങ്ങൾ.
നാല് സംസ്ഥാനങ്ങൾ കൂടി സമർപ്പിത ഹരിത ഹൈഡ്രജൻ നയത്തിന് അന്തിമരൂപം നൽകിവരുന്നു. ഹരിയാന, പഞ്ചാബ്, ബീഹാർ, കേരളം എന്നിവ കരട് നയം തയ്യാറാക്കി വരുന്നു.
ഏഴ് സംസ്ഥാനങ്ങൾ നിലവിലുള്ള വ്യാവസായിക, പുനരുപയോഗ ഊർജ്ജ നയ ചട്ടക്കൂടുകളിൽ ഹൈഡ്രജനെയും സംയോജിപ്പിച്ചിട്ടുണ്ട്. ഇതിൽ ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ് എന്നിവ ഉൾപ്പെടുന്നു.
മുന്നോട്ടുള്ള പ്രയാണം
ശുദ്ധവും കൂടുതൽ സ്വാശ്രയവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു ഊർജ്ജ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം. 2030 ആകുമ്പോഴേക്കും, ഇന്ത്യ 5 ദശലക്ഷം മെട്രിക് ടൺ (MMT) വാർഷിക ഹരിത ഹൈഡ്രജൻ ഉത്പാദന ശേഷി കൈവരിക്കാൻ ദൗത്യം ലക്ഷ്യമിടുന്നു. ഈ പരിവർത്തനം ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും രാജ്യത്തിന്റെ ദീർഘകാല ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തുകയും ചെയ്യും. ദൗത്യത്തിലൂടെ 2030 ആകുമ്പോഴേക്കും ഏകദേശം 1 ലക്ഷം കോടി രൂപയുടെ സഞ്ചിത ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഊർജ്ജ സുരക്ഷയ്ക്ക് പുറമേ, വ്യാവസായിക വളർച്ച, നിക്ഷേപം, തൊഴിൽ എന്നിവയ്ക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ ദൗത്യം ശ്രമിച്ചു വരുന്നു. ഇത് 8 ലക്ഷം കോടിയിലധികം നിക്ഷേപം സമാഹരിക്കുമെന്നും ഉത്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, ഗവേഷണം, പദ്ധതി വികസനം എന്നീ മേഖലകളിൽ 6 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. ലക്ഷ്യമിട്ട അളവിൽ ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ഓരോ വർഷവും ഏകദേശം 50 ദശലക്ഷം മെട്രിക് ടൺ (MMT) കാർബൺ ഡൈ ഓക്സൈഡ് (CO₂) ബഹിർഗമനം തടയാൻ സഹായിക്കും. ഈ ശ്രമങ്ങളിലൂടെ, വ്യാവസായിക ഡീകാർബണൈസേഷൻ ത്വരിതപ്പെടുത്താനും ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്താനും, ഹരിത ഹൈഡ്രജൻ ഉത്പാദനം, ഉപയോഗം, കയറ്റുമതി എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കാനും ഗവണ്മെന്റ് ലക്ഷ്യമിടുന്നു. 2047 ആകുമ്പോഴേക്കും വികസിത ഭാരതം എന്ന ഇന്ത്യയുടെ വിശാലമായ ദർശനത്തിനും 2070 ആകുമ്പോഴേക്കും പൂജ്യം കാർബൺ ബഹിർഗനമെന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രതിബദ്ധതയ്ക്കും ദൗത്യം സംഭാവനകൾ നൽകും.
സൂചനകൾ
Click here to see pdf
**********
(Explainer ID: 160634)
आगंतुक पटल : 10
Provide suggestions / comments