Energy & Environment
ഇന്ത്യയിലെ റാംസർ സൈറ്റുകൾ
അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണം
Posted On:
25 OCT 2026 9:52AM
റാംസർ കൺവെൻഷന് കീഴിലുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തട ശൃംഖല ഇന്ത്യയിൽ 2014 മുതലുള്ള കാലയളവിൽ ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു. ഇത് 26-ൽ നിന്ന് 103 ആയി ഉയർന്ന് 13.87 ലക്ഷത്തിലധികം ഹെക്ടർ പ്രദേശത്തായി സ്ഥിതിചെയ്യുന്നു. എണ്ണത്തിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തും ലോകത്തിൽ മൂന്നാം സ്ഥാനത്തുമുള്ള ഈ ആവാസവ്യവസ്ഥകൾ ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും, വെള്ളപ്പൊക്കം തടയുകയും, ഭൂഗർഭജലം പുനർജ്ജീവിപ്പിക്കുകയും, ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 2017-ലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) ചട്ടങ്ങളുടെ പിന്തുണയോടെ, ദീർഘകാല പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് ദേശീയ ജല ആവാസവ്യവസ്ഥ സംരക്ഷണ പദ്ധതി (എൻ.പി.സി.എ), അമൃത് ധരോഹർ, മിഷ്ടി, മിഷൻ സഹഭാഗിത എന്നിവയിലൂടെ ശാസ്ത്രീയവും ജനപങ്കാളിത്തത്തോടുകൂടിയതുമായ സംരക്ഷണം നടപ്പിലാക്കുന്നു.
ഇന്ത്യയിലെ റാംസർ സൈറ്റുകൾ — ഒറ്റനോട്ടത്തിൽ
റാംസർ കൺവെൻഷൻ അനുസരിച്ച്, "തണ്ണീർത്തടങ്ങൾ എന്നാൽ ചതുപ്പുകൾ, നീർനിലം, കരിനിലങ്ങൾ അല്ലെങ്കിൽ ജലാശയങ്ങൾ എന്നിവയാണ്; അവ സ്വാഭാവികമോ കൃത്രിമമോ, സ്ഥിരമോ താൽക്കാലികമോ ആകാം; അത്തരം ജലാശയങ്ങളിലെ ജലം നിശ്ചലമോ ഒഴുകുന്നതോ, ശുദ്ധജലമോ ലവണജലമോ ആകാം; കൂടാതെ വേലിയിറക്ക സമയത്ത് ആറ് മീറ്ററിൽ കവിയാത്ത ആഴമുള്ള സമുദ്രജല മേഖലകളും ഇതിൽ ഉൾപ്പെടുന്നു." കരയും ജലവും തമ്മിൽ ബന്ധിപ്പിക്കുന്ന തണ്ണീർത്തടങ്ങൾ ശുദ്ധജലം സംഭരിക്കുകയും, ഭൂഗർഭ ജലം പുനർജ്ജീവിപ്പിക്കുകയും, വെള്ളപ്പൊക്കം പ്രതിരോധിക്കുകയും, മത്സ്യബന്ധനത്തെയും കൃഷിയെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ദേശാടനപ്പക്ഷികൾക്കും സമ്പന്നമായ ജൈവവൈവിധ്യത്തിനും ഇവ അഭയകേന്ദ്രമാകുന്നു, ഇത് ഭൂമിയിലെ ഏറ്റവും ഉൽപ്പാദനക്ഷമമായ ആവാസവ്യവസ്ഥകളിൽ ഒന്നാക്കി അവയെ മാറ്റുന്നു.
ആഗോളതലത്തിൽ, ഈ ആവാസവ്യവസ്ഥകൾ അന്താരാഷ്ട്ര കരാറായ തണ്ണീർത്തട കൺവെൻഷൻ അഥവാ റാംസർ കൺവെൻഷന് കീഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 1971 ഫെബ്രുവരി 2-ന് ഇറാനിലെ റാംസാറിലാണ് ഇത് അംഗീകരിക്കപ്പെട്ടത്, 1975-ൽ ഇത് പ്രാബല്യത്തിൽ വന്നു. 2026 ഒക്ടോബർ കണക്കുപ്രകാരം, ലോകമെമ്പാടുമായി 172 അംഗങ്ങളും 2,536-ലധികം നിയുക്ത "റാംസർ സൈറ്റുകളും" ഇതിൽ ഉൾപ്പെടുന്നു.
നിരവധി തണ്ണീർത്തടങ്ങളുള്ള ഇന്ത്യ, 1982 ഫെബ്രുവരി 1-ന് ഈ കൺവെൻഷനിൽ ഒപ്പുവച്ചു. അന്നുമുതൽ രാജ്യം അതിൻ്റെ ശൃംഖല സ്ഥിരമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2014-ൽ കേവലം 26 സൈറ്റുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ രാജ്യത്ത് 103 റാംസർ സൈറ്റുകളുണ്ട്. സൈറ്റുകളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ഏഷ്യയിൽ ഒന്നാം സ്ഥാനത്തും ലോകത്ത് മൂന്നാം സ്ഥാനത്തുമാണ്. ഈ സൈറ്റുകൾ സംയുക്തമായി 28 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13.87 ലക്ഷത്തിലധികം ഹെക്ടർ പ്രദേശം ഉൾക്കൊള്ളുന്നു.

റാംസർ പ്രദേശങ്ങളെക്കുറിച്ച് മനസ്സിലാക്കാം
റാംസർ കൺവെൻഷൻ പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമായി പ്രഖ്യാപിക്കപ്പെട്ട ഒരു തണ്ണീർത്തടമാണ് റാംസർ പ്രദേശം. ഈ പ്രദേശങ്ങൾ അവയുടെ പാരിസ്ഥിതിക, സസ്യശാസ്ത്ര, ജന്തുശാസ്ത്ര, ജലശാസ്ത്രപരമായ പ്രാധാന്യത്തിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകരിക്കപ്പെടുന്നത്. റാംസർ കൺവെൻഷൻ മൂന്ന് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. തണ്ണീർത്തടങ്ങളുടെ വിവേകപൂർണ്ണമായ ഉപയോഗം, റാംസർ സൈറ്റുകളുടെ രൂപീകരണവും ഫലപ്രദമായ പരിപാലനവും, തണ്ണീർത്തട സംരക്ഷണത്തിലുള്ള അന്താരാഷ്ട്ര സഹകരണം എന്നിവയാണവ.
ഒരു തണ്ണീർത്തടം എങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നു
ഇന്ത്യയിൽ, അനുയോജ്യമായ ഒരു തണ്ണീർത്തടം സംസ്ഥാന ഗവണ്മെൻ്റോ കേന്ദ്രഭരണ പ്രദേശ ഭരണകൂടമോ തിരിച്ചറിയുന്നതോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. തുടർന്ന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇതിനുള്ള അനുമതി ഏകോപിപ്പിക്കുകയും റാംസർ സെക്രട്ടറിയറ്റിലേക്ക് നിർദ്ദേശം അയക്കുകയും ചെയ്യുന്നു.

തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ
അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടമായി യോഗ്യത നേടുന്നതിന് ഒരു തണ്ണീർത്തടം ഒമ്പത് മാനദണ്ഡങ്ങളിൽ കുറഞ്ഞത് ഒന്നെങ്കിലും പാലിച്ചിരിക്കണം. തണ്ണീർത്തടങ്ങളുടെ തരങ്ങൾ, ജൈവവൈവിധ്യ സംരക്ഷണം എന്നിവ അടിസ്ഥാനമാക്കി രണ്ട് വിഭാഗങ്ങളായി ഈ മാനദണ്ഡങ്ങളെ തിരിച്ചിരിക്കുന്നു.
|
ഗ്രൂപ്പ്
|
മാനദണ്ഡം
|
ഒരു തണ്ണീർത്തടം അന്തർദ്ദേശീയ പ്രാധാന്യമുള്ളതായി പരിഗണിക്കുന്നത്
|
|
ഗ്രൂപ്പ് എ: തണ്ണീർത്തട തരങ്ങൾ
|
|
|
മാനദണ്ഡം 1
|
ഉചിതമായ ജൈവഭൂമിശാസ്ത്ര മേഖലയിൽ കാണപ്പെടുന്ന സ്വാഭാവികമോ സ്വാഭാവികത്തോട് അടുത്തതോ ആയ, പ്രതിനിധാനം ചെയ്യുന്നതോ അപൂർവ്വമോ അല്ലെങ്കിൽ തനതോ ആയ തണ്ണീർത്തടം
|
|
ഗ്രൂപ്പ് ബി: ജൈവവൈവിധ്യം
|
|
ഇനങ്ങൾക്കും പരിസ്ഥിതി വ്യവസ്ഥകൾക്കും ബാധകമായ മാനദണ്ഡങ്ങൾ
|
|
വംശനാശ ഭീഷണി നേരിടുന്നതോ വംശനാശത്തിൻ്റെ വക്കിലുള്ളതോ ആയ ജീവികളെ അല്ലെങ്കിൽ വംശനാശ ഭീഷണി നേരിടുന്ന പാരിസ്ഥിതിക സമൂഹങ്ങളെ ഇത് പിന്തുണയ്ക്കുന്നുവെങ്കിൽ.
|
|
|
ഒരു പ്രത്യേക ജൈവഭൂമിശാസ്ത്ര മേഖലയുടെ ജൈവവൈവിധ്യം നിലനിർത്തുന്നതിന് പ്രധാനപ്പെട്ട സസ്യങ്ങളുടെയോ മൃഗങ്ങളുടെയോ എണ്ണത്തെ ഇത് പിന്തുണയ്ക്കുന്നുവെങ്കിൽ.
|
|
മാനദണ്ഡം 4
|
സസ്യങ്ങളുടെയോ മൃഗങ്ങളുടെയോ ജീവചക്രത്തിലെ നിർണായക ഘട്ടങ്ങളെ പിന്തുണയ്ക്കുകയോ പ്രതികൂല സാഹചര്യങ്ങളിൽ അഭയം നൽകുകയോ ചെയ്യുന്നുവെങ്കിൽ.
|
|
ജലപക്ഷികളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മാനദണ്ഡങ്ങൾ
|
മാനദണ്ഡം 5
|
ഇത് പതിവായി 20,000, അല്ലെങ്കിൽ അതിലധികമോ ജലപക്ഷികളെ പിന്തുണയ്ക്കുന്നുവെങ്കിൽ.
|
|
മാനദണ്ഡം 6
|
ഏതെങ്കിലും ഒരു ഇനം അല്ലെങ്കിൽ ഉപജാതി ജലപക്ഷിയുടെ ആകെ എണ്ണത്തിൻ്റെ 1% ഇത് പതിവായി പിന്തുണയ്ക്കുന്നുവെങ്കിൽ.
|
|
മത്സ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മാനദണ്ഡങ്ങൾ
|
മാനദണ്ഡം 7
|
തദ്ദേശീയ മത്സ്യ ഉപജാതികൾ, ഇനങ്ങൾ അല്ലെങ്കിൽ കുടുംബങ്ങൾ, ജീവചക്ര ഘട്ടങ്ങൾ, സ്പീഷിസ് ഇടപെടലുകൾ എന്നിവയുടെ കാര്യമായ അനുപാതത്തെ ഇത് പിന്തുണയ്ക്കുകയും, അതുവഴി ആഗോള ജൈവവൈവിധ്യത്തിന് സംഭാവന നൽകുകയും ചെയ്യുന്നുവെങ്കിൽ.
|
|
മാനദണ്ഡം 8
|
മത്സ്യങ്ങളുടെ പ്രധാന ഭക്ഷണ സ്രോതസോ, മുട്ടയിടുന്ന സ്ഥലമോ, നഴ്സറിയോ അല്ലെങ്കിൽ കുടിയേറ്റ പാതയോ ആണ് ഇതെങ്കിൽ തണ്ണീർത്തടത്തിനകത്തോ പുറത്തോ ഉള്ള മത്സ്യങ്ങളുടെ നിലനിൽപ്പ് ഇതിനെ ആശ്രയിച്ചിരിക്കുന്നു.
|
|
മറ്റ് ജീവികളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മാനദണ്ഡങ്ങൾ
|
മാനദണ്ഡം 9
|
പക്ഷികളല്ലാത്തതും തണ്ണീർത്തടത്തെ ആശ്രയിച്ചു കഴിയുന്നതുമായ ഏതെങ്കിലും ഒരു ജീവിവർഗ്ഗത്തിൻ്റെയോ ഉപജാതിയുടെയോ എണ്ണത്തിൻ്റെ 1% ഇത് പതിവായി പിന്തുണയ്ക്കുന്നുവെങ്കിൽ.
|
|
നിങ്ങൾക്കറിയാമോ?
പൊതുവായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് വർഗ്ഗീകരിച്ചിരിക്കുന്ന ജീവികളുടെ കൂട്ടത്തെയാണ് ടാക്സൺ എന്ന് പറയുന്നത്. ഇത്തരം ഒന്നിലധികം ഗ്രൂപ്പുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ബഹുവചന രൂപമാണ് ടാക്സ. ഉദാഹരണത്തിന്, റോസാപ്പൂക്കൾ പോലുള്ള പുഷ്പിക്കുന്ന സസ്യങ്ങൾ സസ്യ ടാക്സണിൽ ഉൾപ്പെടുന്നു. അതേസമയം, ചിത്രശലഭങ്ങൾ പ്രാണികളുടെ ടാക്സണിൽ ഉൾപ്പെടുന്നു. ജൈവവൈവിധ്യത്തിലെ പ്രധാന ടാക്സകളിൽ ഉഭയജീവികൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവ ഉൾപ്പെടുന്നു.
|
തണ്ണീർത്തടങ്ങളെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൻ്റെ പ്രയോജനങ്ങൾ
തണ്ണീർത്തടങ്ങളെ റാംസർ പട്ടികയിൽ ഉൾപ്പെടുത്തുന്നതും റാംസർ കൺവെൻഷനിലെ പ്രതിജ്ഞാബദ്ധതകൾ നിറവേറ്റുന്നതും ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ആഗോള ശ്രമങ്ങൾക്ക് നൽകുന്ന സംഭാവനയാണ്. ഒരു രാജ്യത്തിന് മാത്രമല്ല, മുഴുവൻ മനുഷ്യരാശിക്കും ഗണ്യമായ പ്രാധാന്യമുള്ളവയായാണ് റാംസർ പ്രദേശങ്ങൾ അംഗീകരിക്കപ്പെടുന്നത്. റാംസർ പ്രദേശങ്ങളായി തണ്ണീർത്തടങ്ങളെ പ്രഖ്യാപിക്കുകയും അവയുടെ സംരക്ഷണവും വിവേകപൂർവമായ ഉപയോഗവും ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ നിരവധി നേട്ടങ്ങളുണ്ട്.
- അന്താരാഷ്ട്ര വേദികളിൽ പ്രാതിനിധ്യം നൽകുന്നു: തണ്ണീർത്തടങ്ങളുടെ സംരക്ഷണവും വിവേകപൂർവമായ ഉപയോഗവും സംബന്ധിച്ച പ്രധാന അന്തർസർക്കാർ വേദിയിൽ രാജ്യങ്ങൾക്ക് ആശങ്കകൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു. സിംബാബ്വെയിലെ വിക്ടോറിയ വെള്ളച്ചാട്ടത്തിൽ നടന്ന റാംസർ കൺവെൻഷൻ്റെ 15-ാമത് കക്ഷികളുടെ സമ്മേളനത്തിൽ, ‘തണ്ണീർത്തടങ്ങളുടെ വിവേകപൂർവമായ ഉപയോഗത്തിനായി സുസ്ഥിര ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കൽ’ എന്ന പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. സമ്മേളനം ഈ പ്രമേയം അംഗീകരിച്ചു. റാംസർ കൺവെൻഷനിലെ 172 അംഗരാജ്യങ്ങളിൽ നിന്നും ആറ് അന്താരാഷ്ട്ര സംഘടനാ പങ്കാളികളിൽ നിന്നും മറ്റ് നിരീക്ഷകരിൽ നിന്നും പ്രമേയത്തിന് വലിയ പിന്തുണ ലഭിച്ചു.
- ദൃശ്യതയും അംഗീകാരവും വർധിപ്പിക്കുന്നു: റാംസർ പ്രദേശങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ ദൃശ്യതയും അംഗീകാരവും ലഭിക്കുന്നു. ഇത് അവയുടെ സംരക്ഷണത്തിനും വിവേകപൂർവമായ ഉപയോഗത്തിനുമുള്ള പിന്തുണ ശക്തിപ്പെടുത്തും.
- അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നു: അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളെ തിരിച്ചറിയുന്നതിനുള്ള അംഗീകൃത മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാക്കുന്നു. തണ്ണീർത്തടങ്ങളുടെ വിവേകപൂർവമായ ഉപയോഗം, പരിപാലനം, നിർവഹണ ആസൂത്രണം എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളും ലഭിക്കുന്നു.
- വിദഗ്ധ സഹായം ലഭ്യമാക്കുന്നു: ദേശീയതലത്തിലും ഓരോ പ്രദേശത്തിൻ്റെയും പ്രത്യേക സാഹചര്യങ്ങളിലും തണ്ണീർത്തട സംരക്ഷണവും പരിപാലനവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടാൻ വിദഗ്ധോപദേശം ലഭ്യമാക്കുന്നു. ആവശ്യമായ സാഹചര്യങ്ങളിൽ റാംസർ സെക്രട്ടറിയറ്റ്, അതിൻ്റെ സഹകാരികൾ, റാംസർ ഉപദേശക ദൗത്യങ്ങൾ എന്നിവയിലൂടെ പിന്തുണ ലഭിക്കും.
- അന്താരാഷ്ട്ര സഹകരണവും സാമ്പത്തിക പിന്തുണയും പ്രോത്സാഹിപ്പിക്കുന്നു: തണ്ണീർത്തട സംരക്ഷണത്തിലും പരിപാലനത്തിലും രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നു. കൺവെൻഷൻ്റെ ചെറുകിട ഗ്രാൻ്റ് പദ്ധതികളിലൂടെയും ബഹുരാഷ്ട്ര, ഉഭയകക്ഷി ധനസഹായ ഏജൻസികളുമായുള്ള ബന്ധങ്ങളിലൂടെയും പദ്ധതികൾക്ക് പിന്തുണ ലഭിക്കാനും ഇത് സഹായിക്കുന്നു.
ഉൾപ്പെടുത്തിയതിനുശേഷമുള്ള പ്രതിജ്ഞാബദ്ധതകൾ
തണ്ണീർത്തടത്തെയും അതിലെ വിഭവങ്ങളെയും വിവേകപൂർവം ഉപയോഗിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട സംസ്ഥാനത്തിനോ കേന്ദ്രഭരണ പ്രദേശത്തിനോ ഉണ്ടായിരിക്കും. 2017-ലെ തണ്ണീർത്തട (സംരക്ഷണവും പരിപാലനവും) ചട്ടങ്ങൾ പ്രകാരം ഈ പ്രദേശം വിജ്ഞാപനം ചെയ്തതായി കണക്കാക്കപ്പെടുന്നു. സമഗ്രമായ പരിപാലന പദ്ധതിയോടൊപ്പം ഈ ചട്ടങ്ങൾ പ്രകാരം ഔദ്യോഗികമായി വിജ്ഞാപനം ചെയ്യണമെന്നും മാർഗനിർദേശങ്ങൾ ശുപാർശ ചെയ്യുന്നു. റാംസർ ഇൻഫർമേഷൻ ഷീറ്റ് ഓരോ ആറു വർഷം കൂടുമ്പോഴും പുതുക്കണം. കൂടാതെ, പ്രദേശത്തിൻ്റെ പാരിസ്ഥിതിക സവിശേഷതകൾ പതിവായി നിരീക്ഷിക്കുകയും വേണം. ഈ മാനദണ്ഡങ്ങളും പ്രതിജ്ഞാബദ്ധതകളും അടിസ്ഥാനമാക്കി ഇന്ത്യ വലുതും വൈവിധ്യപൂർണവുമായ റാംസർ പ്രദേശങ്ങളുടെ ശൃംഖല വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഇന്ത്യയിലെ റാംസർ പ്രദേശങ്ങൾ — 26-ൽ നിന്ന് 103-ലേക്ക്

ഉയർന്ന പർവതനിരകളിലെ തടാകങ്ങൾ, നദികളുടെ വെള്ളപ്പൊക്ക സമതലങ്ങൾ, കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ, ഗ്രാമങ്ങളിലെ ജലസംഭരണികൾ, നഗരങ്ങളിലെ ചതുപ്പുനിലങ്ങൾ എന്നിവ ഇന്ത്യയിലെ റാംസർ പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ റാംസർ പ്രദേശങ്ങളുള്ള സംസ്ഥാനം തമിഴ്നാടാണ് — 20 എണ്ണം. 14 പ്രദേശങ്ങളുമായി ഉത്തർപ്രദേശാണ് തൊട്ടുപിന്നിൽ. റാംസർ പട്ടികയിലെ പ്രദേശങ്ങളുടെ എണ്ണം അതിവേഗം വർധിച്ചുവരികയാണ്. 2025-ൽ മാത്രം 11 തണ്ണീർത്തടങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ റാംസർ പ്രദേശങ്ങളുടെ എണ്ണം 96 ആയി. 2026 ജൂണിൽ ഉത്തർപ്രദേശിലെ സുർഹ താൽ നൂറാമത്തെ റാംസർ പ്രദേശമായി. ഓഗസ്റ്റിൽ ഗ്ലാവ് തടാകം 101-ാമത്തെ പ്രദേശമായി. 2026 ഒക്ടോബർ 15-ന്, ചണ്ഡീഗഢിലെ സുഖ്ന തണ്ണീർത്തടവും ഉത്തർപ്രദേശിലെ സൗജ് ഝീലും ഏറ്റവും ഒടുവിൽ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഇന്ത്യയിലെ റാംസർ പ്രദേശങ്ങളുടെ എണ്ണം 103 ആയി ഉയർന്നു.
നിങ്ങൾക്കറിയാമോ?
ആദ്യ റാംസർ പ്രദേശങ്ങൾ
ഒഡിഷയിലെ ചിലിക്ക തടാകവും രാജസ്ഥാനിലെ കിയോളാദിയോ ദേശീയോദ്യാനവും 1981 ഒക്ടോബർ 1-ന് ഇന്ത്യയിലെ ആദ്യ റാംസർ പ്രദേശങ്ങളായി മാറി. പാരിസ്ഥിതിക പുനഃസ്ഥാപന പ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയതിനെത്തുടർന്ന്, 2002-ൽ ചിലിക്ക തടാകത്തെ മോൺട്റിയക്സ് റെക്കോർഡിൽനിന്ന് നീക്കം ചെയ്തു. പിന്നീട് ചിലിക്ക വികസന അതോറിറ്റിക്ക് റാംസർ തണ്ണീർത്തട സംരക്ഷണ പുരസ്കാരം ലഭിച്ചു.
എന്താണ് മോൺട്റിയക്സ് റെക്കോർഡ്?
പാരിസ്ഥിതിക സവിശേഷതകളിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതോ സംഭവിക്കുന്നതോ സംഭവിക്കാൻ സാധ്യതയുള്ളതോ ആയ റാംസർ പ്രദേശങ്ങളുടെ പട്ടികയാണ് മോൺട്റിയക്സ് റെക്കോർഡ്. മുൻഗണന നൽകി സംരക്ഷിക്കേണ്ട തണ്ണീർത്തടങ്ങളെ ഇത് തിരിച്ചറിയുകയും നിരീക്ഷണം, പരിഹാര നടപടികൾ, വിഭവങ്ങളുടെ വിനിയോഗം എന്നിവയ്ക്ക് മാർഗനിർദേശം നൽകുകയും ചെയ്യുന്നു. ബന്ധപ്പെട്ട രാജ്യവുമായും ശാസ്ത്രവിദഗ്ധരുമായും കൂടിയാലോചിച്ചാണ് പ്രദേശങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പരിഹാര നടപടികൾ വിജയകരമായി നടപ്പാക്കിയതായി രേഖപ്പെടുത്തുകയോ പാരിസ്ഥിതിക മാറ്റത്തിനുള്ള ഭീഷണി ഇല്ലാതാകുകയോ ചെയ്താൽ പ്രദേശങ്ങളെ പട്ടികയിൽനിന്ന് നീക്കം ചെയ്യാം.

ഇന്ത്യയിലെ ഏറ്റവും പുതിയ റാംസർ പ്രദേശങ്ങൾ
സുഖ്ന തണ്ണീർത്തടം — ചണ്ഡീഗഢ്
1958-ൽ ശിവാലിക് മലനിരകളുടെ താഴ്വാരത്തിൽ നിർമിച്ച മനുഷ്യനിർമിത ജലസംഭരണിയാണ് സുഖ്ന തണ്ണീർത്തടം. പല്ലാസ് മത്സ്യപ്പരുന്ത്, കോമൺ പോച്ചാർഡ് എന്നയിനം താറാവ്, ബ്ലാക്ക് പോണ്ട് ആമ എന്നിവയുൾപ്പെടെയുള്ള വംശനാശഭീഷണി നേരിടുന്ന ജീവികൾക്ക് ഇത് അഭയകേന്ദ്രമാണ്. മധ്യേഷ്യൻ പക്ഷിസഞ്ചാര പാതയിലൂടെ എത്തുന്ന ദേശാടന പക്ഷികൾ ഭക്ഷണം കണ്ടെത്തുന്നതിനും ശൈത്യകാലം ചെലവഴിക്കുന്നതിനും ഈ തണ്ണീർത്തടത്തെ ആശ്രയിക്കുന്നു.

സൗജ് ഝീൽ — ഉത്തർപ്രദേശ്
ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ സ്ഥിതിചെയ്യുന്ന ആഴം കുറഞ്ഞ വെള്ളപ്പൊക്ക സമതല തടാകമാണ് സൗജ് ഝീൽ. ഇവിടെ പതിവായി 30,000-ത്തിലധികം ജലപക്ഷികൾ എത്താറുണ്ട്. സാരസ് കൊക്ക്, ഗ്രേറ്റർ സ്പോട്ടഡ് ഈഗിൾ തുടങ്ങിയ വംശനാശഭീഷണി നേരിടുന്ന പക്ഷികൾക്ക് കൂടുകൂട്ടുന്നതിനും ഭക്ഷണം കണ്ടെത്തുന്നതിനുമുള്ള ഇടങ്ങൾ ഈ തടാകം ഒരുക്കുന്നു. വിശുദ്ധ താമരയും കാട്ടുകരിമ്പും വളരുന്ന പ്രദേശങ്ങൾ കൂടുകൂട്ടുന്ന പക്ഷികൾക്കും മത്സ്യങ്ങൾക്കും ഉഭയജീവികൾക്കും ഒളിത്താവളവും സംരക്ഷണവും നൽകുന്നു.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തിരിച്ചുള്ള റാംസർ പ്രദേശങ്ങളുടെ പട്ടിക
താഴെ നൽകിയിരിക്കുന്ന പട്ടികയിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും തിരിച്ച് ഇന്ത്യയിലെ 103 റാംസർ പ്രദേശങ്ങളും അവയുടെ പ്രധാന സംരക്ഷണ പ്രാധാന്യവും ഉൾപ്പെടുത്തിയിരിക്കുന്നു.
| |
സംസ്ഥാനം / കേന്ദ്രഭരണ പ്രദേശം |
റാംസർ പ്രദേശം |
അതിൻ്റെ പ്രത്യേകത |
|
1.
|
ആന്ധ്രാപ്രദേശ്
|
കൊല്ലേരു തടാകം
|
ശുദ്ധജല തടാകം; ചാരനിറത്തിലുള്ള പെലിക്കൻ പക്ഷികളും ദേശാടന ജലപക്ഷികളും.
|
|
2.
|
അരുണാചൽ പ്രദേശ്
|
ഗ്ലാവ് തടാകം
|
കിഴക്കൻ ഹിമാലയൻ തടാകം; 150-ലധികം വൃക്ഷ ഇനങ്ങളും 49 ഓർക്കിഡ് ഇനങ്ങളും.
|
|
3.
|
അസം
|
ദീപോർ ബീൽ
|
ബ്രഹ്മപുത്ര നദിയുടെ വെള്ളപ്പൊക്ക സമതലത്തിലെ തണ്ണീർത്തടം; ദേശാടന ജലപക്ഷികൾ.
|
|
4.
|
ബിഹാർ
|
കൻവർ ഝീൽ (കബർതാൽ)
|
വെള്ളപ്പൊക്ക സമതലത്തിലെ തണ്ണീർത്തടം; ദേശാടന ജലപക്ഷികളും മത്സ്യങ്ങളും.
|
|
5.
|
നാഗി പക്ഷിസങ്കേതം
|
മനുഷ്യനിർമിത ജലസംഭരണി; ശൈത്യകാലത്ത് എത്തുന്ന ജലപക്ഷികൾ.
|
|
6.
|
നക്തി പക്ഷിസങ്കേതം
|
മനുഷ്യനിർമിത ജലസംഭരണി; ശൈത്യകാലത്ത് എത്തുന്ന ജലപക്ഷികൾ.
|
|
7.
|
ഗോകുൽ ജലാശയം
|
ഗംഗയുമായി ബന്ധപ്പെട്ട വളഞ്ഞൊഴുകുന്ന പഴയ നദീതട തടാകം; പക്ഷികൾ, മത്സ്യസമ്പത്ത്, വെള്ളപ്പൊക്ക നിയന്ത്രണം.
|
|
8.
|
ഉദയ്പുർ ഝീൽ
|
പഴയ നദീതട തടാകം; ശൈത്യകാലത്ത് എത്തുന്ന ദേശാടന പക്ഷികൾ.
|
|
9.
|
ഗോഗാബിൽ തടാകം
|
പഴയ നദീതട തടാകം; തദ്ദേശീയ - ദേശാടന പക്ഷികൾ.
|
|
10.
|
ചണ്ഡീഗഢ്
|
സുഖ്ന തണ്ണീർത്തടം
|
മഴയെ ആശ്രയിക്കുന്ന നഗരപ്രാന്ത ജലസംഭരണി; ദേശാടന പക്ഷികളും തദ്ദേശീയ പക്ഷികളും.
|
|
11.
|
ഛത്തീസ്ഗഢ്
|
കോപ്ര ജലാശയം
|
ജലസംഭരണി; തദ്ദേശീയ - ദേശാടന ജലപക്ഷികൾ.
|
|
12.
|
ഗോവ
|
നന്ദ തടാകം
|
ശുദ്ധജല ചതുപ്പുനിലം; ശൈത്യകാലത്ത് എത്തുന്ന ജലപക്ഷികൾ.
|
|
13.
|
ഗുജറാത്ത്
|
നൽസരോവർ
|
പ്രകൃതിദത്ത ശുദ്ധജല തടാകം; സാരസ് കൊക്കും മറ്റ് ജലപക്ഷികളും.
|
|
14.
|
വാധ്വാന തണ്ണീർത്തടം
|
ജലസേചന ജലസംഭരണി; ശൈത്യകാലത്ത് എത്തുന്ന ദേശാടന പക്ഷികൾ.
|
|
15.
|
തോൾ തടാക വന്യജീവി സങ്കേതം
|
മനുഷ്യനിർമിത ജലസംഭരണി; സാരസ് കൊക്ക് ഉൾപ്പെടെയുള്ള ജലപക്ഷികൾ.
|
|
16.
|
ഖിജാഡിയ വന്യജീവി സങ്കേതം
|
കച്ച് ഉൾക്കടലിന് സമീപമുള്ള തീരദേശ ശുദ്ധജല-ഉപ്പുചതുപ്പുനിലം; വൈവിധ്യമാർന്ന പക്ഷികൾ.
|
|
17.
|
ഛാരി ധണ്ഡ്
|
ബണ്ണി മേഖലയ്ക്ക് സമീപമുള്ള കാലാവസ്ഥാനുസൃത മരുഭൂമി തണ്ണീർത്തടം; കൊക്കുകളും അരയന്നങ്ങളും.
|
|
18.
|
ഹരിയാന
|
സുൽത്താൻപുർ ദേശീയോദ്യാനം
|
തദ്ദേശീയ - ദേശാടന ജലപക്ഷികൾ.
|
|
19.
|
ഭിന്ദാവാസ് വന്യജീവി സങ്കേതം
|
മനുഷ്യനിർമിത ശുദ്ധജല തണ്ണീർത്തടം; ദേശാടന പക്ഷികൾ.
|
|
20.
|
ഹിമാചൽ പ്രദേശ്
|
പോങ് ഡാം തടാകം
|
ബിയാസ് നദിയിലെ ജലസംഭരണി; ശൈത്യകാലത്ത് എത്തുന്ന ജലപക്ഷികൾ.
|
|
21.
|
ചന്ദ്രതാൽ തണ്ണീർത്തടം
|
ഉയർന്ന പർവതപ്രദേശത്തെ തടാകം; മഞ്ഞുപുലിയുടെ ആവാസകേന്ദ്രം.
|
|
22.
|
രേണുക തണ്ണീർത്തടം
|
നീരുറവകളാൽ പോഷിപ്പിക്കപ്പെടുന്ന തടാകം; ജല-വന ജൈവവൈവിധ്യം.
|
|
23.
|
ഝാർഖണ്ഡ്
|
ഉധ്വ തടാക പക്ഷിസങ്കേതം
|
ഗംഗയുമായി ബന്ധപ്പെട്ട രണ്ട് തടാകങ്ങൾ; ദേശാടന, തദ്ദേശീയ ജലപക്ഷികൾ.
|
|
24.
|
കർണാടക
|
രംഗനത്തിട്ടു പക്ഷിസങ്കേതം
|
കാവേരി നദിയിലെ ചെറുദ്വീപുകൾ; കൂടുകൂട്ടുന്ന ജലപക്ഷികളും മുതലകളും.
|
|
25.
|
അഘനാശിനി അഴിമുഖം
|
അഴിമുഖവും കണ്ടൽക്കാടുകളും; മത്സ്യസമ്പത്ത്.
|
|
26.
|
മഗഡി കെരെ സംരക്ഷണ റിസർവ്
|
മനുഷ്യനിർമിത ജലസംഭരണി; ശൈത്യകാലത്ത് എത്തുന്ന വരയൻതലയൻ വാത്തകൾ.
|
|
27.
|
അങ്കസമുദ്ര പക്ഷി സംരക്ഷണ റിസർവ്
|
ഗ്രാമത്തിലെ ജലസേചന കുളം; കൂടുകൂട്ടുന്ന ജലപക്ഷികൾ.
|
|
28.
|
കേരളം
|
അഷ്ടമുടി തണ്ണീർത്തടം
|
അഴിമുഖവുമായി ബന്ധപ്പെട്ട കായലുകൾ; മത്സ്യസമ്പത്തും കണ്ടൽക്കാടുകളും.
|
|
29.
|
ശാസ്താംകോട്ട തടാകം
|
നീരുറവകളാൽ പോഷിപ്പിക്കപ്പെടുന്ന ശുദ്ധജല തടാകം; കുടിവെള്ള സ്രോതസ്സ്.
|
|
30.
|
വേമ്പനാട്-കോൾ തണ്ണീർത്തടം
|
തെക്കുപടിഞ്ഞാറൻ തീരത്തെ ഉപ്പുരസമുള്ള ഏറ്റവും വലിയ തണ്ണീർത്തടം.
|
|
31.
|
മധ്യപ്രദേശ്
|
ഭോജ് തണ്ണീർത്തടങ്ങൾ
|
ഭോപ്പാലിലെ അപ്പർ, ലോവർ തടാകങ്ങൾ; ജലവിതരണവും പക്ഷികളും.
|
|
32.
|
സിർപുർ തണ്ണീർത്തടം
|
ഇന്ദോറിലെ മനുഷ്യനിർമിത തണ്ണീർത്തടം; ദേശാടന പക്ഷികൾ.
|
|
33.
|
സാഖ്യ സാഗർ
|
മാധവ് ദേശീയോദ്യാനത്തിലെ ജലസംഭരണി; മുതലകൾ.
|
|
34.
|
യശ്വന്ത് സാഗർ
|
ഇന്ദോറിന് സമീപമുള്ള ജലസംഭരണി; സാരസ് കൊക്കും ജലവിതരണവും.
|
|
35.
|
തവാ ജലസംഭരണി
|
സത്പുര കടുവാ സംരക്ഷണകേന്ദ്രത്തിലെ ജലസംഭരണി; ജലജീവികളും പക്ഷികളും.
|
|
36.
|
മഹാരാഷ്ട്ര
|
നന്ദൂർ മധമേശ്വർ
|
പക്ഷിസങ്കേതം; ദേശാടന ജലപക്ഷികൾ.
|
|
37.
|
ലോനാർ തടാകം
|
ഉൽക്കാപതനത്തിലൂടെ രൂപപ്പെട്ട ഗർത്തതടാകം; ലവണാംശവും ക്ഷാരസ്വഭാവവുമുള്ള ആവാസവ്യവസ്ഥ.
|
|
38.
|
താനെ ക്രീക്ക്
|
കണ്ടൽക്കാടുകൾ; അരയന്നങ്ങളും ദേശാടന പക്ഷികളും.
|
|
39.
|
മണിപ്പുർ
|
ലോക്തക് തടാകം
|
പൊങ്ങിക്കിടക്കുന്ന ഫുംദി സസ്യപ്പാളികൾ; സാങ്ഗായ് മാനിൻ്റെ ആവാസകേന്ദ്രം.
|
|
40.
|
മിസോറം
|
പാലാ തണ്ണീർത്തടം
|
മിസോറമിലെ ഏറ്റവും വലിയ പ്രകൃതിദത്ത തണ്ണീർത്തടം; ഹൂലോക്ക് ഗിബ്ബണുകൾ.
|
|
41.
|
ഒഡിഷ
|
ചിലിക്ക തടാകം
|
ഉപ്പുരസമുള്ള തടാകം; ഇറാവഡി ഡോൾഫിൻ, ജലപക്ഷികൾ, 118 മത്സ്യ ഇനങ്ങൾ.
|
|
42.
|
ഭിതർകനിക കണ്ടൽക്കാടുകൾ
|
കണ്ടൽക്കാടുകൾ; ഉപ്പുവെള്ള മുതലകളും ഒലിവ് റിഡ്ലി ആമകളും.
|
|
43.
|
സത്കോസിയ ഗോർജ്
|
മഹാനദിയിലെ നദീതടക്കൊക്ക; ചീങ്കണ്ണികളും മുതലകളും.
|
|
44.
|
തംപാര തടാകം
|
ശുദ്ധജല തടാകം; മത്സ്യങ്ങളും ജലപക്ഷികളും.
|
|
45.
|
ഹിരാക്കുഡ് ജലസംഭരണി
|
വലിയ ജലസംഭരണി; മത്സ്യങ്ങളും ജലപക്ഷികളും.
|
|
46.
|
അൻസുപ തടാകം
|
മഹാനദിയുടെ പഴയ നദീതട തടാകം; പക്ഷികളും മത്സ്യങ്ങളും.
|
|
47.
|
പഞ്ചാബ്
|
ഹരികെ തടാകം
|
നദികളുടെ സംഗമസ്ഥാനത്തെ ജലസംഭരണി; ദേശാടന ജലപക്ഷികൾ.
|
|
48.
|
കാഞ്ച്ലി തടാകം
|
കാളി ബീൻ നദിയിലെ തടയണ മൂലം രൂപപ്പെട്ട തണ്ണീർത്തടം; ജലപക്ഷികൾ.
|
|
49.
|
റോപ്പർ തടാകം
|
സത്ലജ് നദിയിലെ തടയണ ജലസംഭരണി; ജലപക്ഷികൾ.
|
|
50.
|
ബിയാസ് സംരക്ഷണ റിസർവ്
|
നദിയുടെ ഒരു ഭാഗം; സിന്ധു നദി ഡോൾഫിനുകളും ചീങ്കണ്ണികളും.
|
|
51.
|
കേശോപുർ-മിയാനി കമ്മ്യൂണിറ്റി റിസർവ്
|
സമൂഹത്തിൻ്റെ നേതൃത്വത്തിൽ പരിപാലിക്കുന്ന തണ്ണീർത്തടം; ജലപക്ഷികൾ.
|
|
52.
|
നംഗൽ വന്യജീവി സങ്കേതം
|
ശിവാലിക് മലനിരകളുടെ താഴ്വാരത്തെ ജലസംഭരണി; ജലപക്ഷികൾ.
|
|
53.
|
രാജസ്ഥാൻ
|
കിയോളാദിയോ ദേശീയോദ്യാനം
|
ജലപക്ഷികൾ; സൈബീരിയൻ കൊക്കുകളുടെ ചരിത്രപ്രസിദ്ധമായ ശൈത്യകാല ആവാസകേന്ദ്രം.
|
|
54.
|
സാംഭർ തടാകം
|
വിശാലമായ ഉൾനാടൻ ഉപ്പുതടാകം; അരയന്നങ്ങൾ.
|
|
55.
|
മേനാർ തണ്ണീർത്തട സമുച്ചയം
|
സമൂഹം സംരക്ഷിക്കുന്ന ഗ്രാമീണ തണ്ണീർത്തടങ്ങൾ; ദേശാടന പക്ഷികൾ.
|
|
56.
|
ഖീച്ചൻ തണ്ണീർത്തടം
|
ശൈത്യകാലത്ത് എത്തുന്ന ഡെമൊയ്സെൽ കൊക്കുകൾ; സമൂഹത്തിൻ്റെ നേതൃത്വത്തിലുള്ള സംരക്ഷണം.
|
|
57.
|
സിലിസേർ തടാകം
|
അൽവാറിന് സമീപമുള്ള ജലസംഭരണി; തണ്ണീർത്തട ജൈവവൈവിധ്യം.
|
|
58.
|
സിക്കിം
|
ഖേചിയോപാൽരി തണ്ണീർത്തടം
|
കരിനിലവും വനവും ഉൾക്കൊള്ളുന്ന പവിത്രമായ ഹിമാലയൻ തടാകം.
|
|
59.
|
തമിഴ്നാട്
|
പോയിൻ്റ് കാലിമിയർ വന്യജീവി-പക്ഷി സങ്കേതം
|
തീരദേശ തണ്ണീർത്തടം; അരയന്നങ്ങളും ദേശാടന തീരപ്പക്ഷികളും.
|
|
60.
|
കൂന്തൻകുളം പക്ഷിസങ്കേതം
|
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജലപക്ഷി പ്രജനന കേന്ദ്രം.
|
|
61.
|
ചിത്രങ്കുടി പക്ഷിസങ്കേതം
|
ജലപക്ഷികളുടെ പ്രജനന-ശൈത്യകാല ആവാസകേന്ദ്രം.
|
|
62.
|
കരിക്കിലി പക്ഷിസങ്കേതം
|
ജലപക്ഷികളുടെ പ്രജനന കേന്ദ്രം.
|
|
63.
|
പിച്ചാവരം കണ്ടൽക്കാടുകൾ
|
ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടൽക്കാടുകളിൽ ഒന്ന്; മത്സ്യങ്ങളുടെ നഴ്സറി ആവാസകേന്ദ്രം.
|
|
64.
|
പള്ളിക്കരണൈ ചതുപ്പുനില സംരക്ഷിത വനം
|
നഗരത്തിലെ ചതുപ്പുനിലം; വെള്ളപ്പൊക്ക നിയന്ത്രണവും പക്ഷികളുടെ ആവാസകേന്ദ്രവും.
|
|
65.
|
ഗൾഫ് ഓഫ് മന്നാർ സമുദ്ര ജൈവമണ്ഡല സംരക്ഷിത പ്രദേശം
|
പവിഴപ്പുറ്റുകളും കടൽപ്പശുവും.
|
|
66.
|
വേമ്പന്നൂർ തണ്ണീർത്തട സമുച്ചയം
|
മനുഷ്യനിർമിത ജലസേചന കുളം; ജലപക്ഷികൾ.
|
|
67.
|
വെള്ളോട് പക്ഷിസങ്കേതം
|
ജലപക്ഷികൾ.
|
|
68.
|
ഉദയമാർത്താണ്ഡപുരം പക്ഷിസങ്കേതം
|
ദേശാടന ജലപക്ഷികൾ.
|
|
69.
|
വേദാന്തങ്കൽ പക്ഷിസങ്കേതം
|
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പക്ഷിസംരക്ഷിത പ്രദേശങ്ങളിൽ ഒന്ന്; കൊക്കുകളുടെ പ്രജനനകേന്ദ്രം.
|
|
70.
|
ശുചീന്ദ്രം-തേരൂർ തണ്ണീർത്തട സമുച്ചയം
|
ജലസേചന കുളങ്ങൾ; ദേശാടന പക്ഷികൾ.
|
|
71.
|
വടുവൂർ പക്ഷിസങ്കേതം
|
ശൈത്യകാലത്ത് എത്തുന്ന ജലപക്ഷികൾ.
|
|
72.
|
കാഞ്ചിരങ്കുളം പക്ഷിസങ്കേതം
|
കൂടുകൂട്ടുന്ന കൊക്കുകളും വർണ്ണ കൊക്കുകളും.
|
|
73.
|
കാരൈവെട്ടി പക്ഷിസങ്കേതം
|
വലിയ ഉൾനാടൻ ശുദ്ധജല തടാകം; കൂടുകൂട്ടുന്ന ജലപക്ഷികൾ.
|
|
74.
|
ലോങ്വുഡ് ഷോല സംരക്ഷിത വനം
|
നീലഗിരിയിലെ ഷോല വനം; തദ്ദേശീയ പക്ഷികൾ.
|
|
75.
|
കഴുവേലി പക്ഷിസങ്കേതം
|
ഉപ്പുരസമുള്ള തീരദേശ തടാകം; ദേശാടന പക്ഷികൾ.
|
|
76.
|
നഞ്ചരായൻ പക്ഷിസങ്കേതം
|
തടാകം; തദ്ദേശീയ - ദേശാടന പക്ഷികൾ.
|
|
77.
|
സക്കരക്കോട്ടൈ പക്ഷിസങ്കേതം
|
ദേശാടന ജലപക്ഷികൾ.
|
|
78.
|
തെർതങ്കൽ പക്ഷിസങ്കേതം
|
കൂടുകൂട്ടുന്ന ജലപക്ഷികൾ.
|
|
79.
|
ത്രിപുര
|
രുദ്രസാഗർ തടാകം
|
ജലസംഭരണി തടാകം; മത്സ്യങ്ങളും ത്രിവരയൻ മേൽക്കൂര ആമയും.
|
|
80.
|
ഉത്തർപ്രദേശ്
|
അപ്പർ ഗംഗാ നദി (ബ്രിജ്ഘാട്ട് മുതൽ നരോര വരെ)
|
ഗംഗാ ഡോൾഫിനുകൾ, ചീങ്കണ്ണികൾ, ആമകൾ.
|
|
81.
|
നവാബ്ഗഞ്ച് പക്ഷിസങ്കേതം
|
ദേശാടന പക്ഷികൾ.
|
|
82.
|
സർസായി നാവർ ഝീൽ
|
സാരസ് കൊക്കുകളുടെ ആവാസകേന്ദ്രം.
|
|
83.
|
സണ്ഡി പക്ഷിസങ്കേതം
|
ശുദ്ധജല ചതുപ്പുനിലം; ജലപക്ഷികളും സാരസ് കൊക്കും.
|
|
84.
|
സമസ്പുർ പക്ഷിസങ്കേതം
|
ജലപക്ഷികൾ.
|
|
85.
|
പാർവതി അർഗ പക്ഷിസങ്കേതം
|
രണ്ട് പഴയ നദീതട തടാകങ്ങൾ; ജലപക്ഷികളും കഴുകന്മാരും.
|
|
86.
|
സമൻ പക്ഷിസങ്കേതം
|
പഴയ നദീതട തടാകം; ശൈത്യകാലത്ത് എത്തുന്ന ജലപക്ഷികൾ.
|
|
87.
|
സുർ സരോവർ
|
ആഗ്രയ്ക്ക് സമീപമുള്ള മനുഷ്യനിർമിത ജലസംഭരണി; ജലപക്ഷികൾ.
|
|
88.
|
ഹൈദർപുർ തണ്ണീർത്തടം
|
ഗംഗയുടെ വെള്ളപ്പൊക്ക സമതലം; ചീങ്കണ്ണികൾ, ചതുപ്പുമാനുകൾ, ജലപക്ഷികൾ.
|
|
89.
|
ബഖിര വന്യജീവി സങ്കേതം
|
കിഴക്കൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ പ്രകൃതിദത്ത വെള്ളപ്പൊക്ക സമതല തണ്ണീർത്തടം.
|
|
90.
|
പട്ന പക്ഷിസങ്കേതം
|
ജലപക്ഷികൾ.
|
|
91.
|
ഷേഖാ ഝീൽ പക്ഷിസങ്കേതം
|
ശൈത്യകാലത്ത് എത്തുന്ന വരയൻതലയൻ വാത്തകളും വർണ്ണ കൊക്കുകളും.
|
|
92.
|
ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം (സുർഹ താൽ)
|
സമ്പന്നമായ പക്ഷിവൈവിധ്യം; ദേശാടനവും തദ്ദേശീയവുമായ പക്ഷികൾ.
|
|
93.
|
|
സൗജ് ഝീൽ
|
ആഴം കുറഞ്ഞതും വർഷം മുഴുവൻ വെള്ളമുള്ളതുമായ വെള്ളപ്പൊക്ക സമതല തണ്ണീർത്തടം; ദേശാടന, തദ്ദേശീയ ജലപക്ഷികൾ.
|
|
94.
|
ഉത്തരാഖണ്ഡ്
|
അസൻ സംരക്ഷണ റിസർവ്
|
അസൻ-യമുന നദികളുടെ സംഗമസ്ഥലം; ദേശാടന ജലപക്ഷികൾ.
|
|
95.
|
പശ്ചിമ ബംഗാൾ
|
കിഴക്കൻ കൊൽക്കത്ത തണ്ണീർത്തടങ്ങൾ
|
മലിനജലത്തെ ആശ്രയിച്ചുള്ള മത്സ്യകൃഷിയും കൃഷിയും.
|
|
96.
|
സുന്ദർബൻ തണ്ണീർത്തടം
|
കണ്ടൽക്കാടുകൾ; റോയൽ ബംഗാൾ കടുവ.
|
|
97.
|
ജമ്മു കശ്മീർ (UT)
|
വുലാർ തടാകം
|
വലിയ ശുദ്ധജല തടാകം; മത്സ്യസമ്പത്ത്.
|
|
98.
|
സുരിൻസർ-മാൻസർ തടാകങ്ങൾ
|
രണ്ട് ശുദ്ധജല തടാകങ്ങൾ.
|
|
99.
|
ഹോക്കേര തണ്ണീർത്തടം
|
ഞാങ്ങണക്കാടുകൾ; വെളുത്തക്കണ്ണൻ പോച്ചാർഡ് താറാവ്.
|
|
100.
|
ഹൈഗാം തണ്ണീർത്തട സംരക്ഷണ റിസർവ്
|
വെള്ളപ്പൊക്കം ആഗിരണം ചെയ്യുന്ന പ്രദേശം; ജലപക്ഷികൾ.
|
|
101.
|
ഷാൽബുഗ് തണ്ണീർത്തട സംരക്ഷണ റിസർവ്
|
ജലപക്ഷികൾ.
|
|
102.
|
ലഡാഖ് (UT)
|
സോമോരിരി
|
ഉയർന്ന പർവതപ്രദേശത്തെ തടാകം; കറുത്ത കഴുത്തുള്ള കൊക്കും വരയൻതലയൻ വാത്തയും.
|
|
103.
|
സോ കർ തണ്ണീർത്തട സമുച്ചയം
|
ഉയർന്ന പർവതപ്രദേശത്തെ തടാകങ്ങൾ; കറുത്ത കഴുത്തുള്ള കൊക്കുകളുടെ പ്രജനനകേന്ദ്രം.
|
നിങ്ങൾക്കറിയാമോ?
ഏറ്റവും വലിയ റാംസർ പ്രദേശം
2019 ജനുവരി 30-ന് റാംസർ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട പശ്ചിമ ബംഗാളിലെ സുന്ദർബൻ തണ്ണീർത്തടം 4,23,000 ഹെക്ടർ വിസ്തൃതിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റാംസർ പ്രദേശമാാണ്. ഇന്ത്യയിലെ കണ്ടൽക്കാടുകളുടെ 60 ശതമാനത്തിലധികവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ജലാശയങ്ങളിൽ വേട്ടയാടുന്നതിൽ സവിശേഷ കഴിവുകളുള്ള കടുവകളുടെ ആവാസകേന്ദ്രം കൂടിയാണിത്.

സംരക്ഷണത്തിന് റാംസർ പ്രദേശങ്ങൾ എങ്ങനെ സഹായിക്കുന്നു?
റാംസർ പദവി ലഭിക്കുന്നതിലൂടെ തണ്ണീർത്തടങ്ങൾക്ക് ആഗോള അംഗീകാരവും ശാസ്ത്രീയ മാർഗനിർദേശവും വിദഗ്ധോപദേശവും ലഭിക്കുന്നു. ആസൂത്രണത്തിലൂടെയും നിരീക്ഷണത്തിലൂടെയും ഓരോ പ്രദേശത്തിൻ്റെയും പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കാനുള്ള വ്യക്തമായ ഉത്തരവാദിത്വവും ഇത് സംസ്ഥാനങ്ങൾക്ക് നൽകുന്നു.
- ആവാസവ്യവസ്ഥകളുടെ പുനഃസ്ഥാപനം: ഒഡിഷയിലെ ചിൽക്ക തടാകം, തുടർച്ചയായ പുനഃസ്ഥാപന പ്രവർത്തനങ്ങളിലൂടെ ഒരു തണ്ണീർത്തടത്തെയും അതിനെ ആശ്രയിക്കുന്ന സമൂഹങ്ങളെയും എങ്ങനെ പുനർജ്ജീവിപ്പിക്കാമെന്ന് വ്യക്തമാക്കുന്നു. ഇന്ന് ഈ തടാകത്തിൽ 118 ഇനം മത്സ്യങ്ങളുണ്ട്. ജലപക്ഷികളുടെ പ്രജനനത്തിനും ശൈത്യകാല വാസത്തിനും ഇടത്താവളമായും ഇത് പ്രവർത്തിക്കുന്നു.
- സുസ്ഥിര ഉപജീവനമാർഗങ്ങൾ: കൊൽക്കത്തയിലെ ഈസ്റ്റ് കൊൽക്കത്ത തണ്ണീർത്തടങ്ങൾ ഏകദേശം 4,000 ഹെക്ടർ വിസ്തൃതിയിലുള്ള മത്സ്യക്കുളങ്ങളിലൂടെ നഗരത്തിലെ മലിനജലം പ്രകൃതിദത്തമായി ശുദ്ധീകരിക്കുന്നു. പ്രതിവർഷം ഏകദേശം 10,500 ടൺ മത്സ്യം ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. ഏകദേശം 50,000 പേർക്ക് നേരിട്ട് ഉപജീവനമാർഗം നൽകുകയും ചെയ്യുന്നു.
- കാലാവസ്ഥാ ആഘാതങ്ങളെ അതിജീവിക്കാനുള്ള ശേഷി വർധിപ്പിക്കൽ: സുന്ദർബനിലെ കണ്ടൽക്കാടുകൾ കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, ശക്തമായ വേലിയേറ്റം, ഉപ്പുവെള്ളം കരയിലേക്ക് കടക്കൽ എന്നിവയിൽനിന്ന് ഉൾനാടൻ പ്രദേശങ്ങളെ സംരക്ഷിക്കുന്നു. മത്സ്യങ്ങളുടെയും കക്കകളുടെയും വളർച്ചയ്ക്കും പ്രജനനത്തിനും അനുയോജ്യമായ ആവാസകേന്ദ്രങ്ങളായും ഇവ പ്രവർത്തിക്കുന്നു. ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളിലുടനീളമുള്ള മത്സ്യബന്ധന മേഖലയെ നിലനിർത്താനും ഇവ സഹായിക്കുന്നു.
- വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പുനർജ്ജീവനം: പഞ്ചാബിലെ ബിയാസ് സംരക്ഷിത മേഖലയിലാണ് വംശനാശഭീഷണി നേരിടുന്ന സിന്ധു നദി ഡോൾഫിൻ കാണപ്പെടുന്നത്. നദിയിൽനിന്ന് അപ്രത്യക്ഷമായ ചീങ്കണ്ണികളെ തിരികെ എത്തിക്കുന്നതിനായി ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്കുശേഷം 2017-ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 47 ചീങ്കണ്ണികളെ ഇവിടെ തുറന്നുവിട്ടു. 185 കിലോമീറ്റർ നീളമുള്ള ഈ നദീതീരം 500-ലധികം ഇനം പക്ഷികൾക്കും 90-ലധികം ഇനം മത്സ്യങ്ങൾക്കും ആവാസകേന്ദ്രമാണ്.
- തണ്ണീർത്തട സംരക്ഷണത്തിൽ ജനപങ്കാളിത്തം: രാജസ്ഥാനിലെ ഖിച്ചൻ തണ്ണീർത്തടത്തിൽ വെറും 54 ഹെക്ടർ വിസ്തൃതിയിൽ പ്രതിവർഷം 22,000-ത്തിലധികം ഡെമോയ്സെൽ കൊക്കുകൾ ശൈത്യകാലത്ത് എത്തുന്നു. വൈദ്യുതിലൈനുകളിൽ തട്ടിയുണ്ടാകുന്ന അപകടങ്ങളിൽനിന്നും തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽനിന്നും ഈ പക്ഷികളെ സംരക്ഷിക്കാൻ സമീപഗ്രാമത്തിലെ താമസക്കാർ സജീവമായി പ്രവർത്തിക്കുന്നു.
തണ്ണീർത്തട സംരക്ഷണത്തിനായുള്ള ഗവണ്മെൻ്റ് പദ്ധതികൾ
ഇന്ത്യയിലെ റാംസർ തണ്ണീർത്തടങ്ങളുടെ ശൃംഖലയ്ക്ക് ശക്തമായ നിയമങ്ങൾ, പദ്ധതികൾ, ജനപങ്കാളിത്തം എന്നിവയുടെ പിന്തുണയുണ്ട്.
തണ്ണീർത്തടങ്ങൾ (സംരക്ഷണവും പരിപാലനവും) ചട്ടങ്ങൾ, 2017
1986-ലെ പരിസ്ഥിതി (സംരക്ഷണ) നിയമപ്രകാരം വിജ്ഞാപനം ചെയ്ത ഈ ചട്ടങ്ങൾ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനുള്ള നിയന്ത്രണ ചട്ടക്കൂട് ഒരുക്കുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തണ്ണീർത്തട അതോറിറ്റികൾ രൂപീകരിക്കുന്നതിന് ഇവ വ്യവസ്ഥ ചെയ്യുന്നു. തണ്ണീർത്തടങ്ങൾ കൈയേറുക, മാലിന്യങ്ങൾ തള്ളുക, ശുദ്ധീകരിക്കാത്ത മലിനജലം ഒഴുക്കിവിടുക തുടങ്ങിയ പ്രവർത്തനങ്ങൾ നിരോധിക്കുകയും ചെയ്യുന്നു.
ജല ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനായുള്ള ദേശീയ പദ്ധതി (എൻപിസിഎ)
തടാകങ്ങളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണത്തിനായുള്ള ദേശീയ പദ്ധതികളെ സംയോജിപ്പിച്ചാണ് എൻപിസിഎ രൂപീകരിച്ചത്. 2024-ൽ പുറത്തിറക്കിയ പുതുക്കിയ എൻപിസിഎ മാർഗനിർദേശങ്ങൾ തണ്ണീർത്തടങ്ങളുടെ പരിപാലനത്തിനായി സംസ്ഥാനങ്ങൾക്ക് സമഗ്രവും ശാസ്ത്രീയവുമായ ചട്ടക്കൂട് നൽകുന്നു.
അമൃത് ധരോഹർ
ഇന്ത്യയിലെ റാംസർ തണ്ണീർത്തടങ്ങളുടെ സവിശേഷമായ സംരക്ഷണ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന പദ്ധതിയാണ് അമൃത് ധരോഹർ. ജീവജാലങ്ങളുടെയും അവയുടെ ആവാസവ്യവസ്ഥകളുടെയും സംരക്ഷണം, പ്രകൃതി വിനോദസഞ്ചാരം, തണ്ണീർത്തടങ്ങളെ ആശ്രയിച്ചുള്ള ഉപജീവനമാർഗങ്ങൾ, തണ്ണീർത്തടങ്ങളിലെ കാർബൺ ശേഖരത്തിൻ്റെ വിലയിരുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പദ്ധതിയുടെ ഭാഗമായി 75 റാംസർ തണ്ണീർത്തടങ്ങളിലെ സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും പട്ടിക തയ്യാറാക്കുന്നതിനുള്ള പഠനങ്ങൾ യഥാക്രമം ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും നടത്തിയിട്ടുണ്ട്. തണ്ണീർത്തടങ്ങളിലെ കാർബൺ ശേഖരം വിലയിരുത്തുന്നതിനുള്ള 'വ്യവസ്ഥാപിത പ്രവർത്തന ക്രമം' പുറത്തിറക്കുകയും ചെയ്തു. രാജ്യത്തെ 39 റാംസർ തണ്ണീർത്തടങ്ങളിലെ കാർബൺ ശേഖരം വിലയിരുത്താൻ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.
മിഷൻ സഹഭാഗിതയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കാനുള്ള യജ്ഞവും
ജനപങ്കാളിത്തത്തോടെയുള്ള തണ്ണീർത്തട സംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് മിഷൻ സഹഭാഗിത. ഇതിൻ്റെ ഭാഗമായി ആരംഭിച്ച 'സേവ് വെറ്റ്ലാൻഡ്സ്' യജ്ഞത്തിന് 2023 ഫെബ്രുവരി 4-ന് ഗോവയിലാണ് തുടക്കമായത്. അതിനുശേഷം 20 ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ രാജ്യത്തുടനീളമുള്ള 1.7 ലക്ഷത്തിലധികം തണ്ണീർത്തടങ്ങൾ മാപ്പ് ചെയ്യുന്നതിൽ സഹായിച്ചിട്ടുണ്ട്.
തീരദേശ ആവാസവ്യവസ്ഥകൾക്കും സുസ്ഥിര വരുമാനത്തിനുമായുള്ള കണ്ടൽക്കാടുകളുടെ സംരംഭം (മിഷ്ടി)
ഒൻപത് സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 540 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുകയാണ് മിഷ്ടി പദ്ധതിയുടെ ലക്ഷ്യം. നശിച്ചുപോയ കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്നതിനായി ഇതുവരെ 9,949.5 ഹെക്ടർ പ്രദേശത്തേക്ക് 88.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെ പോർട്ടൽ
2021 ഒക്ടോബർ 2-ന് ഉദ്ഘാടനം ചെയ്ത ഈ പോർട്ടൽ ഇന്ത്യയിലെ തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ സജീവ വിജ്ഞാനശേഖരമായി പ്രവർത്തിക്കുന്നു. തണ്ണീർത്തടങ്ങൾ, സംരക്ഷണ പദ്ധതികൾ, വിവിധ സംരംഭങ്ങൾ, പരിശീലന പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒരിടത്തുനിന്ന് ലഭ്യമാക്കാൻ ഈ പോർട്ടൽ സഹായിക്കുന്നു. തണ്ണീർത്തട പരിപാലന ചുമതലയുള്ളവർക്കും പൊതുജനങ്ങൾക്കും ഇത് പ്രയോജനകരമാണ്.
തണ്ണീർത്തട നഗരങ്ങളുടെ അംഗീകാരം
2025 ജനുവരിയിൽ ഇന്ദോറും ഉദയ്പുരും ഇന്ത്യയിലെ ആദ്യത്തെ റാംസർ അംഗീകൃത തണ്ണീർത്തട നഗരങ്ങളായി മാറി. ഇതോടെ റാംസർ അംഗീകാരമുള്ള തണ്ണീർത്തട നഗരങ്ങളുടെ ആഗോള ശൃംഖലയിൽ ഈ നഗരങ്ങളും ഇടംപിടിച്ചു.
തുടർ നടപടികൾ
ഇന്ത്യയിലെ റാംസർ തണ്ണീർത്തട ശൃംഖലയുടെ വിപുലീകരണം ശാസ്ത്രീയ സമീപനം, കാര്യക്ഷമമായ പരിപാലനം, ജനപങ്കാളിത്തം എന്നിവയിലൂടെ തണ്ണീർത്തട സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് നൽകുന്നത്. അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരം ദീർഘകാലം നിലനിൽക്കുന്ന പാരിസ്ഥിതിക നേട്ടങ്ങളാക്കി മാറ്റുന്നതിലായിരിക്കണം ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. കൃത്യമായ ഇടവേളകളിലുള്ള നിരീക്ഷണം, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണം, ഗവണ്മെൻ്റുകൾ, സ്ഥാപനങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവയ്ക്കിടയിലെ ഏകോപനം എന്നിവ തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക സവിശേഷതകൾ നിലനിർത്താൻ സഹായിക്കും. ഭാവിതലമുറകൾക്കും ജൈവവൈവിധ്യം, ജലസുരക്ഷ, കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള ശേഷി, ഉപജീവനമാർഗങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് തുടർച്ചയായ സംരക്ഷണ പ്രവർത്തനങ്ങൾ അനിവാര്യമാണ്.
തണ്ണീർത്തട സംരക്ഷണത്തെ വിശാലമായ വികസന ആസൂത്രണത്തിൻ്റെ ഭാഗമാക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. പ്രാദേശിക തലത്തിലുള്ള സംരക്ഷണ ഉത്തരവാദിത്വം ശക്തിപ്പെടുത്തുക, വിവരങ്ങളുടെയും അറിവിൻ്റെയും കൈമാറ്റം മെച്ചപ്പെടുത്തുക, സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ സംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാം. പാരിസ്ഥിതിക മുൻഗണനകളെയും പ്രാദേശിക സമൂഹങ്ങളുടെ ആവശ്യങ്ങളെയും ഒരുമിപ്പിക്കുന്നതിലൂടെ തണ്ണീർത്തട പരിപാലനത്തിന് കൂടുതൽ ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ സമീപനം ഇന്ത്യക്ക് വികസിപ്പിക്കാനാകും. ഇതുവഴി ദീർഘകാലത്തേക്ക് ഈ ആവാസവ്യവസ്ഥകളുടെ ഉൽപ്പാദനക്ഷമതയും സംരക്ഷണവും ഉറപ്പാക്കാൻ കഴിയും.
അവലംബങ്ങൾ
Ministry of Environment, Forest and Climate Change (MoEFCC)
Parliament of India (Lok Sabha)
Ministry of Jal Shakti (National Water Mission)
Tamil Nadu State Wetlands Authority
Government of Bihar
Government of Gujarat (Gujarat Tourism)
Convention on Wetlands (Ramsar Secretariat)
Click to see pdf
***
(Explainer ID: 160573)
आगंतुक पटल : 3
Provide suggestions / comments