Rural Prosperity
സരസ് മേള 2026
ഗ്രാമീണ വനിതാ സംരംഭങ്ങളെ ദേശീയ വിപണികളിലേക്ക് എത്തിക്കുന്നു
Posted On:
21 OCT 2026 11:03AM
കേന്ദ്ര ഗവണ്മെൻ്റിൻ്റെ ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (DAY-NRLM) കീഴിൽ സംഘടിപ്പിക്കുന്ന സരസ് മേളകൾ, ഗ്രാമീണ വനിതാ സംരംഭകരെ വിശാലമായ വിപണികളുമായും ഉപഭോക്താക്കളുമായും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുമായും പുതിയ ബിസിനസ് അവസരങ്ങളുമായും ബന്ധിപ്പിക്കുന്നു. ഡൽഹി-എൻ.സി.ആറിന് പുറത്ത് സംഘടിപ്പിക്കുന്ന ആദ്യ ദേശീയ സരസ് മേളയാണ് വിജയവാഡയിലേത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 34 ഇടങ്ങളിൽനിന്നുള്ള വനിതാ സംരംഭകരാണ് ഇവിടെ ഒത്തുചേരുന്നത്. സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിനും, വരുമാന വളർച്ചയിലൂടെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുക എന്ന 'ലാഖ്പതി ദീദി' ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള DAY-NRLM-ൻ്റെ പ്രവർത്തനങ്ങൾക്ക് ഈ വേദി കരുത്തുപകരുന്നു. സംരംഭകത്വ വികസനം, സ്ഥാപനപരമായ പിന്തുണ, വ്യവസായ സംബന്ധമായ അറിവുകൾ എന്നിവ പകർന്നുനൽകുന്നതിനായി പ്രത്യേക പവലിയനുകളും മേളയിലുണ്ട്. കൂടാതെ, 'ഇ-സരസ്' പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നേരിട്ടുള്ള പ്രദർശന മേളകൾക്കപ്പുറത്തേക്ക് വിപണി സാധ്യതകൾ തുറന്നുനൽകിക്കൊണ്ട്, ഉൽപ്പന്നങ്ങൾ കൂടുതൽ വിശാലമായ വിപണികളിലേക്ക് എത്തിക്കാൻ ഗ്രാമീണ വനിതകളെ സഹായിക്കുന്നു.
ഗ്രാമീണ സംരംഭങ്ങൾക്ക് അവസരങ്ങൾ തുറക്കുന്ന വേദി
പരമ്പരാഗത തൊഴിൽ നൈപുണ്യങ്ങളും കരകൗശലവിദ്യകളും സംരംഭകത്വ മികവും നിറഞ്ഞതാണ് ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ. ഈ കഴിവുകളെ പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുന്നതിൽ വനിതാ സ്വയംസഹായ സംഘങ്ങൾ (SHGs) നിർണായക പങ്ക് വഹിക്കുന്നു. കൈത്തറി ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ മുതൽ സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ, പ്രാദേശികമായി നിർമ്മിക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾ വരെ ഇവരുടെ ഉൽപ്പന്നശേഖരത്തിൽ ഉൾപ്പെടുന്നു. എന്നാൽ, ഒരു ഉൽപ്പന്നം നിർമ്മിക്കുക എന്നത് ആദ്യ പടി മാത്രമാണ്. ഗ്രാമീണ സംരംഭകരുടെ വളർച്ചയ്ക്ക് ഉപഭോക്താക്കളെ കണ്ടെത്തേണ്ടതും, വിപണി വിവരങ്ങൾ ലഭ്യമാക്കേണ്ടതും, പുതിയ അവസരങ്ങൾ സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്. വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ ഉപഭോക്താക്കളുമായും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുമായും വിവിധ സ്ഥാപനങ്ങളുമായും ബന്ധിപ്പിച്ചുകൊണ്ട് സരസ് മേളകൾ ഈ വിടവ് നികത്തുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ദീൻദയാൽ അന്ത്യോദയ യോജന–ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (DAY-NRLM) കീഴിൽ സംഘടിപ്പിച്ചുവരുന്ന സരസ് മേളകൾക്ക് ഏകദേശം മൂന്ന് പതിറ്റാണ്ടിൻ്റെ ചരിത്രമുണ്ട്. ഇന്ന് ഇവ കേവലം ഉൽപ്പന്ന പ്രദർശനങ്ങൾ മാത്രമല്ല, ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ഉപഭോക്താക്കളുടെ അഭിരുചികൾ മനസ്സിലാക്കുന്നതിനും ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും കൂടുതൽ വിശാലമായ വിപണികൾ കണ്ടെത്തുന്നതിനുമുള്ള വേദികൾ കൂടിയാണ്.

ഡൽഹി-എൻ.സി.ആർ മേഖലയ്ക്ക് പുറത്ത് സംഘടിപ്പിക്കുന്ന ആദ്യ ദേശീയ സരസ് മേള എന്ന നിലയിൽ, ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടക്കുന്ന ദേശീയ സരസ് മേള ഈ മുന്നേറ്റത്തിലെ പുതിയൊരു ചുവടുവെപ്പാണ്. 2026 ഒക്ടോബർ 13 മുതൽ 31 വരെ വിജയവാഡയിലെ പുന്നമി ഘട്ടിലാണ് ഈ മേള നടക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 34 ഇടങ്ങളിൽ നിന്നുളള വനിതാ സ്വയംസഹായ സംഘങ്ങളിലെ സംരംഭകരും ലാഖ്പതി ദീദിമാരും ഉൾപ്പെടെ ഏകദേശം 1,500 പേർ, 650-ലധികം സ്റ്റാളുകളിലൂടെ അവരുടെ ഉൽപ്പന്നങ്ങൾ മേളയിൽ അവതരിപ്പിക്കുന്നു. പ്രാദേശിക തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, പ്രകൃതിദത്തവും സംസ്കരിച്ചതുമായ ഭക്ഷ്യോൽപ്പന്നങ്ങൾ, മറ്റ് ഗ്രാമീണ ഉൽപ്പന്നങ്ങൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യ ഫുഡ് കോർട്ട്, സാംസ്കാരിക പരിപാടികൾ, സംരംഭകത്വവുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നുനൽകുന്ന പ്രത്യേക പഠന വേദികൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ദേശീയ സരസ് മേളയുടെ ഈ വികേന്ദ്രീകരണം വിശാലമായ ഒരു വികസന കാഴ്ചപ്പാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്; അതായത് ദേശീയ തലത്തിലുള്ള വേദികളെ ഇന്ത്യയിലുടനീളമുള്ള ഉൽപ്പാദകർക്കും ഉപഭോക്താക്കൾക്കും കൂടുതൽ അടുത്തെത്തിക്കുക എന്ന കാഴ്ചപ്പാട്. വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം, പ്രാദേശിക തൊഴിൽ നൈപുണ്യങ്ങളെ പുതിയ വിപണികളുമായി ബന്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. മറ്റ് ദേശീയ പരിപാടികൾ കൂടുതൽ വികേന്ദ്രീകൃതമായി സംഘടിപ്പിക്കുന്നതിനും ഈ മേള വഴിയൊരുക്കുന്നു. കൂടാതെ ബ്രിക്സ്, ജി20 യോഗങ്ങൾ പോലുള്ള അന്താരാഷ്ട്ര പരിപാടികൾ പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കുന്ന സമീപനവുമായി ഇത് പൊരുത്തപ്പെടുന്നു.
ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളിൽ നിന്ന് വിപണി പ്രവേശനത്തിലേക്ക്: ദീൻദയാൽ അന്ത്യോദയ യോജന–ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൻ്റെ പങ്ക്
ഗ്രാമങ്ങളിലെ ദാരിദ്ര്യം ലഘൂകരിക്കുന്നതിനും സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ മുൻനിര പദ്ധതിയാണ് ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം. വനിതാ സ്വയംസഹായ സംഘങ്ങളിലൂടെയും അവയുടെ ഫെഡറേഷനുകളിലൂടെയും പ്രവർത്തിക്കുന്ന ഈ ദൗത്യം, സാമ്പത്തിക ഉൾച്ചേർക്കലിനും സുസ്ഥിര ഉപജീവന മാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിനും പിന്തുണ നൽകുന്നു. തൊഴിൽ നൈപുണ്യങ്ങൾ, സാമ്പത്തിക സഹായം, സാങ്കേതികവിദ്യ, ഉപജീവന അവസരങ്ങൾ എന്നിവ ലഭ്യമാക്കാൻ ഈ ദൗത്യം ഗ്രാമീണ വനിതകളെ സഹായിക്കുന്നു. കൂടാതെ, ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുക, ബ്രാൻഡിംഗ് പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള വിപണികൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സ്ഥാപനങ്ങൾ വഴിയുള്ള വിപണികൾ എന്നിവയുമായി ബന്ധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളുടെ വിപണി സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും ഈ ദൗത്യം കരുത്തുപകരുന്നു.
ഒരു സംരംഭത്തിൻ്റെ വളർച്ചയ്ക്ക് ഉൽപ്പാദനം മാത്രം പോരാ എന്നതുകൊണ്ടുതന്നെ, വിപണിയുമായുള്ള ഇത്തരം ബന്ധങ്ങൾ ഏറെ പ്രാധാന്യമർഹിക്കുന്നു. പ്രാദേശിക പരിധികൾക്കപ്പുറത്തേക്ക് ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള അവസരങ്ങൾ വനിതകൾക്ക് ആവശ്യമാണ്. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ നേരിട്ടറിയാനും, ഉൽപ്പന്നങ്ങൾ കൂടുതൽ മികച്ച രീതിയിൽ അവതരിപ്പിക്കാനും, ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുമായി ബന്ധം സ്ഥാപിക്കാനും ഇത് അവരെ സഹായിക്കുന്നു. ഇത്തരം ആവശ്യങ്ങളെയും വിപണി സാധ്യതകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രായോഗിക വേദികളാണ് സരസ് മേളകൾ. സ്വയംസഹായ സംഘങ്ങളുടെ സംരംഭകർ, ഉപഭോക്താക്കൾ, സ്ഥാപനതലത്തിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ, മറ്റ് പങ്കാളികൾ എന്നിവരെ ഈ മേളകൾ ഒരുമിച്ചുകൊണ്ടുവരുന്നു. ഉൽപ്പന്നങ്ങൾ നേരിട്ട് വിൽക്കാനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ മനസ്സിലാക്കാനും മേളയ്ക്കുശേഷവും തുടരാവുന്ന പങ്കാളിത്തങ്ങൾ രൂപപ്പെടുത്താനും സംരംഭകർക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.
|
65 ഗുണഭോക്താക്കളിൽ നിന്ന് ദേശീയ വിപണന വേദിയിലേക്ക്
1999-ൽ ഡൽഹിയിൽ ഏകദേശം 65 ഗുണഭോക്താക്കളുമായി ആദ്യ ദേശീയ സരസ് മേള സംഘടിപ്പിച്ചതോടെയാണ് സരസിൻ്റെ ചരിത്രം ആരംഭിച്ചത്. അതിനുശേഷം, ദേശീയ, മേഖലാ, സംസ്ഥാന, ജില്ലാ തലങ്ങളിലേക്ക് ഈ വേദി വ്യാപിച്ചു. ഇതുവരെ ആകെ 117 ദേശീയ സരസ് മേളകൾ സംഘടിപ്പിക്കപ്പെടുകയും വാർഷിക വിൽപ്പന 200 കോടി രൂപ കവിയുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രതിവർഷം കുറഞ്ഞത് രണ്ട് സംസ്ഥാനതല സരസ് മേളകൾ വീതം സംഘടിപ്പിക്കുന്നുണ്ട്. ഇതോടെ ദേശീയതലത്തിൽ പ്രതിവർഷം ശരാശരി 50 മേളകൾ വീതം നടക്കുന്നു. മേഖലാ, ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കുന്ന മേളകൾ പ്രാദേശിക ഉൽപ്പാദകർക്ക് അവരുടെ തൊട്ടടുത്ത് തന്നെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നു. വിപണി കണ്ടെത്തൽ, ബ്രാൻഡിംഗ്, വാങ്ങുന്നവരെയും വിൽക്കുന്നവരെയും തമ്മിൽ ബന്ധിപ്പിക്കൽ, സംരംഭകത്വ വികസനം എന്നിവയ്ക്ക് ഈ മേളകൾ പിന്തുണ നൽകുന്നു.
|
ലാഖ്പതി ദീദി: ഉപജീവനമാർഗ്ഗങ്ങൾ കൂടുതൽ സുസ്ഥിരമാക്കുന്നു
ദീൻദയാൽ അന്ത്യോദയ യോജന–ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിൽ നിശ്ചിത ഫലങ്ങൾ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഉപജീവന സംരംഭമാണ് ലാഖ്പതി ദീദി. സ്വയംസഹായ സംഘങ്ങളിലൂടെയും അവയുടെ ഫെഡറേഷനുകളിലൂടെയും സംഘടിപ്പിക്കപ്പെട്ട വനിതകളുടെ ശൃംഖലയെ അടിസ്ഥാനമാക്കിയാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. വൈവിധ്യമാർന്ന ഉപജീവന അവസരങ്ങളിലൂടെ വനിതകൾക്കും അവരുടെ കുടുംബങ്ങൾക്കും സുസ്ഥിരമായ വരുമാനം ഉറപ്പാക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. കുടുംബത്തിന് സുസ്ഥിരമായ രീതിയിൽ പ്രതിവർഷം കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും വരുമാനം ലഭിക്കുന്ന സ്വയംസഹായ സംഘം അംഗത്തെയാണ് ലാഖ്പതി ദീദി എന്ന് വിളിക്കുന്നത്. കുറഞ്ഞത് നാല് കാർഷിക സീസണുകളിലെയോ ബിസിനസ് ചക്രങ്ങളിലെയോ വരുമാനം വിലയിരുത്തിയാണ് ഈ നേട്ടം നിർണയിക്കുന്നത്. രണ്ട് കോടി ലാഖ്പതി ദീദിമാരെ സൃഷ്ടിക്കുകയെന്ന കേന്ദ്ര ഗവണ്മെൻ്റ് പ്രഖ്യാപനത്തോടെ, 2023 ഓഗസ്റ്റിൽ ഈ സംരംഭത്തിന് ദേശീയതലത്തിൽ വലിയൊരു ഉണർവ് ലഭിച്ചു. 2024-25 ലെ ഇടക്കാല ബജറ്റിൽ ഈ ലക്ഷ്യം മൂന്ന് കോടിയായി ഉയർത്തി. തുടർന്ന്, 2025 ഡിസംബറോടെ മൂന്ന് കോടി ലാഖ്പതി ദീദിമാർ എന്ന നാഴികക്കല്ല് പദ്ധതി കൈവരിച്ചു.
2026 ഫെബ്രുവരിയിൽ, ആറ് കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്ന കൂടുതൽ വിപുലമായ ലക്ഷ്യം ഗവണ്മെൻ്റ് പ്രഖ്യാപിച്ചു. വരുമാന നേട്ടങ്ങൾ സുസ്ഥിരമായി നിലനിർത്തുന്നതിനും സംരംഭങ്ങളുടെ വളർച്ചയ്ക്കുമാണ് ഈ പുതിയ ഘട്ടത്തിൽ കൂടുതൽ പ്രാധാന്യം നൽകുന്നത്. വിപണിയിലെത്താനുള്ള അവസരങ്ങൾ, ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രചാരം ലഭ്യമാക്കൽ, ബ്രാൻഡിംഗ്, വിശ്വസനീയമായ വിൽപ്പന മാർഗ്ഗങ്ങൾ എന്നിവ ഈ ലക്ഷ്യം കൈവരിക്കുന്നതിൽ നിർണായകമാണ്. ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്ന് സംരംഭങ്ങളുടെ വളർച്ചയിലേക്കുള്ള ഈ മാറ്റത്തിന് സരസ് മേളകൾ പിന്തുണ നൽകുന്നു. വലിയ അളവിലുള്ള ഓർഡറുകൾ നേടുന്നതിനും സ്ഥാപനങ്ങൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും ദീർഘകാല വിപണി ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഇവ അവസരങ്ങൾ ഒരുക്കുന്നു. വിജയിച്ച സംരംഭകർക്കായി പ്രത്യേകം ഒരുക്കിയ ഇടങ്ങൾ, സംരംഭങ്ങളെക്കുറിച്ചുള്ള അറിവ് നേടുന്നതിനുള്ള വേദികൾ, സ്ഥാപനതല പിന്തുണ എന്നിവയിലൂടെ ഈ സാധ്യതകളെ യാഥാർത്ഥ്യമാക്കുകയാണ് വിജയവാഡ സരസ് മേള. തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാനും പുതിയ ബിസിനസ് രീതികൾ പഠിക്കാനും സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും വനിതകൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.
വിജയവാഡ: പ്രാദേശിക വൈവിധ്യങ്ങളുടെ ദേശീയ വിപണന വേദി
ഇന്ത്യയിലുടനീളമുള്ള ഉൽപ്പന്നങ്ങളെയും പാരമ്പര്യങ്ങളെയും ഒരൊറ്റ വിപണന വേദിയിൽ എത്തിക്കുകയാണ് വിജയവാഡ സരസ് മേള. പഞ്ചാബിൻ്റെ ഫുൽക്കാരി, ജമ്മു കശ്മീരിൻ്റെ പഷ്മിന, തെലങ്കാനയുടെ ഇക്കത്ത്, തെലിയ തുണിത്തരങ്ങൾ, മിസോറാമിൻ്റെ പൗഞ്ചെയ് എന്നിവ മേളയിലെത്തുന്നവർക്ക് കണ്ടറിയാം. മീനാകാരി, ഡോക്ര കരകൗശല ഉൽപ്പന്നങ്ങൾ, പിച്ചള ഉൽപ്പന്നങ്ങൾ, തടിയിൽ തീർത്ത കരകൗശല വസ്തുക്കൾ, പരമ്പരാഗത ചിത്രങ്ങൾ എന്നിവയും സ്റ്റാളുകളിൽ ഇടംപിടിച്ചിട്ടുണ്ട്.

'ശക്തി - ദി സ്പിരിറ്റ് ഓഫ് ലാഖ്പതി ദീദി' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന 16 അടി ഉയരമുള്ള ശിൽപ്പം മേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. പരമ്പരാഗത കരകൗശലവിദ്യകൾ സംരക്ഷിക്കുകയും സ്വന്തം കഴിവുകളെ ഉപജീവനമാർഗ്ഗങ്ങളാക്കി മാറ്റി സ്വയംപര്യാപ്തതയും സമൃദ്ധിയും കൈവരിക്കുകയും ചെയ്യുന്ന വനിതകളുടെ കൂട്ടായ ശക്തിയെയാണ് ഈ ശിൽപ്പം പ്രതീകവൽക്കരിക്കുന്നത്.
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻ്റ് (നബാർഡ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻ്റ് ആൻഡ് പഞ്ചായത്തിരാജ് (NIRDPR) എന്നിവയുൾപ്പെടെയുള്ള ഗവണ്മെൻ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. നേരിട്ടുള്ള വിൽപ്പനയ്ക്കൊപ്പം അറിവ് പങ്കുവെക്കുന്നതിനും തത്സമയ പ്രദർശനങ്ങൾ നടത്തുന്നതിനും വിവിധ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനുമുള്ള അവസരങ്ങളും ഉൾപ്പെടുത്തിയാണ് മേള രൂപകൽപ്പന ചെയ്തിരിക്കുന്നത്. സന്ദർശകർക്ക് മാത്രമല്ല, സുസ്ഥിര സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് മേള വിഭാവനം ചെയ്തിരിക്കുന്നത്.
ഉൽപ്പന്നങ്ങളെയും നൈപുണ്യങ്ങളെയും അവസരങ്ങളെയും ബന്ധിപ്പിക്കുന്ന വേദികൾ
പരമ്പരാഗത പ്രദർശന-വിൽപ്പന രീതികൾക്കപ്പുറം, വിഷയാധിഷ്ഠിത പ്രവർത്തനങ്ങൾക്കും അറിവ് പങ്കുവെക്കുന്നതിനും സംവദിക്കുന്നതിനുമായി പ്രത്യേക വേദികൾ ഒരുക്കിക്കൊണ്ടാണ് വിജയവാഡ ദേശീയ സരസ് മേള ശ്രദ്ധേയമാകുന്നത്. സംരംഭങ്ങളെ പരിചയപ്പെടുത്തൽ, പരസ്പര പഠനം, വിജ്ഞാന കൈമാറ്റം, ഗവണ്മെൻ്റ് സംവിധാനങ്ങളുമായും വിപണിയിലെ വിവിധ പങ്കാളികളുമായുള്ള ഏകോപനം, തത്സമയ പ്രദർശനങ്ങൾ, ഉൽപ്പന്നങ്ങൾ വാങ്ങുന്നവരെയും വിൽക്കുന്നവരെയും ചിട്ടയായ രീതിയിൽ പരസ്പരം ബന്ധിപ്പിക്കൽ എന്നിവയ്ക്കുള്ള അവസരങ്ങൾ ഈ വേദികൾ ഒരുക്കുന്നു.

ലാഖ്പതി ദീദി പവലിയൻ: വിജയഗാഥകളിൽ നിന്ന് പഠിക്കാം
വിജയകരമായ സംരംഭങ്ങൾ കെട്ടിപ്പടുത്ത വനിതകളെ പരിചയപ്പെടുത്തുന്ന വേദിയാണ് ലാഖ്പതി ദീദി പവലിയൻ. വാർഷിക വരുമാനം 10 ലക്ഷം രൂപയിൽ കൂടുതലുള്ള സംരംഭകരും, അതിൽത്തന്നെ ഒരു കോടിയിലധികം രൂപ വാർഷിക വരുമാനം നേടുന്ന വനിതകളും ഇവിടെയുണ്ട്. ഇവർ തങ്ങളുടെ സംരംഭകത്വ അനുഭവങ്ങൾ, ഉൽപ്പന്നങ്ങൾ, ബിസിനസ് മാതൃകകൾ, വിപണന തന്ത്രങ്ങൾ എന്നിവ മറ്റ് സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളുമായി പങ്കുവെക്കുന്നു. കൃഷി, കാർഷികേതര ഉപജീവനമാർഗ്ഗങ്ങൾ, ഭക്ഷ്യസംസ്കരണം, കരകൗശല വസ്തുക്കൾ, കൈത്തറി, സേവനമേഖലകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലൂടെ സംരംഭങ്ങൾ വളർത്തിയെടുക്കാമെന്ന് ഇവരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. സ്വന്തം കഴിവുകൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യമായ ബിസിനസ് രീതികൾ തിരിച്ചറിയാൻ ഈ പരസ്പര പഠനം വനിതകളെ സഹായിക്കുന്നു.
പഠന-വിജ്ഞാന പവലിയൻ: ബിസിനസ് നൈപുണ്യങ്ങൾ വളർത്താം
മികച്ച ഉൽപ്പന്നങ്ങൾക്കൊപ്പം മികച്ച ബിസിനസ് രീതികളും അത്യന്താപേക്ഷിതമാണ്. സ്വയംസഹായ സംഘങ്ങളിലെ സംരംഭകർ, സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യങ്ങൾ (SRLMs), ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ, മറ്റ് പങ്കാളികൾ എന്നിവർക്കായി ശിൽപ്പശാലകൾ, വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, മാസ്റ്റർക്ലാസുകൾ, അനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള സെഷനുകൾ എന്നിവ സംഘടിപ്പിക്കുന്നതിനാണ് പഠന-വിജ്ഞാന പവലിയൻ ഒരുക്കിയിരിക്കുന്നത്. പാക്കേജിംഗ്, ബ്രാൻഡിംഗ്, ബിസിനസ് പ്രൊപ്പോസലുകൾ തയ്യാറാക്കൽ, ഇ-കൊമേഴ്സ്, സമൂഹമാധ്യമങ്ങളിലൂടെയുള്ള വിപണനം തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളുമായും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുമായും ആശയവിനിമയം നടത്തുന്നതിനും അവസരമൊരുക്കുന്നു. നബാർഡ്, ഫിക്കി, സി.ഐ.ഐ, ഐ.ടി.സി, ഹിന്ദുസ്ഥാൻ യുണിലിവർ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം ഇടപെടലുകളിലൂടെ ഉൽപ്പന്നങ്ങൾ കൂടുതൽ ആകർഷകമായി അവതരിപ്പിക്കുന്നതിനും കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രായോഗിക മാർഗ്ഗങ്ങൾ മനസ്സിലാക്കാൻ സംരംഭകർക്ക് സാധിക്കുന്നു.

ഏകോപന പവലിയൻ: വനിതകളെ പിന്തുണാ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നു
ഒരു സംരംഭം വളർത്തിയെടുക്കാൻ വിപണിയിലെത്താനുള്ള അവസരങ്ങൾ മാത്രം പോരാ. സംരംഭകർക്ക് വായ്പ, തൊഴിൽ നൈപുണ്യങ്ങൾ, സാങ്കേതികവിദ്യ, ഗുണനിലവാര സർട്ടിഫിക്കേഷൻ, ഗവണ്മെൻ്റ് പിന്തുണ എന്നിവയും ആവശ്യമാണ്. സ്വയംസഹായ സംഘങ്ങളിലെ സംരംഭകരെ ബന്ധപ്പെട്ട ഗവണ്മെൻ്റ് വകുപ്പുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വികസന ഏജൻസികൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുകയാണ് സംയോജന പവലിയൻ ചെയ്യുന്നത്. കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയം, ടെക്സ്റ്റൈൽസ് മന്ത്രാലയം, ഒ.എൻ.ഡി.സി, ഗവൺമെൻ്റ് ഇ-മാർക്കറ്റ്പ്ലേസ്(GeM), ട്രൈഫെഡ് എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. സംരംഭകർക്ക് പ്രയോജനപ്പെടുന്ന ഗവണ്മെൻ്റ് പദ്ധതികൾ, സേവനങ്ങൾ, പിന്തുണാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ഈ പവലിയൻ വനിതകളെ സഹായിക്കുന്നു.
തത്സമയ പ്രദർശന പവലിയൻ: ഉൽപ്പന്ന നിർമ്മാണ രീതികൾ പരിചയപ്പെടുത്തുന്നു
പൂർത്തിയായ ഓരോ ഉൽപ്പന്നത്തിന് പിന്നിലും കഠിനാധ്വാനത്തിൻ്റെയും സമയത്തിൻ്റെയും നിർമ്മാണ നൈപുണ്യത്തിൻ്റെയും ഒരു കഥയുണ്ടാകും. ഉൽപ്പന്നങ്ങളുടെ നിർമ്മാണ രീതികൾ സന്ദർശകർക്ക് നേരിൽ കാണാനുള്ള അവസരമാണ് തത്സമയ പ്രദർശന പവലിയൻ ഒരുക്കുന്നത്. വനിതാ സംരംഭകരും കരകൗശല വിദഗ്ധരും പരമ്പരാഗതവും ആധുനികവുമായ നിർമ്മാണ രീതികൾ ഇവിടെ തത്സമയം അവതരിപ്പിക്കുന്നു. മൺപാത്ര നിർമ്മാണം, എംബ്രോയിഡറി തുന്നൽ ജോലികൾ, കണ്ണാടികൾ പതിപ്പിച്ചുള്ള എംബ്രോയിഡറി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ലാഖ്പതി ദീദിമാരുടെ ഇത്തരം തത്സമയ പ്രദർശനങ്ങൾ പ്രായോഗിക പഠനത്തിനും വിജ്ഞാന കൈമാറ്റത്തിനുമുള്ള അവസരങ്ങൾ തുറക്കുന്നു. കൈകൊണ്ട് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് പിന്നിലെ കരവിരുതും സൂക്ഷ്മതയും അടുത്തറിയാൻ ഇത് സന്ദർശകരെ സഹായിക്കുന്നു. കൂടാതെ മേളയിലെ 'ഡെമോ ആൻഡ് ലൈവ് ലേണിംഗ് ഏരിയ' സന്ദർശകർക്ക് സവിശേഷമായൊരു അനുഭവമാണ് സമ്മാനിക്കുന്നത്.
ഇന്ത്യ ഫുഡ് കോർട്ട്: പ്രാദേശിക രുചികളും വനിതാ സംരംഭകത്വവും
ഗ്രാമീണ സംരംഭങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള മറ്റൊരു പ്രധാന മാർഗ്ഗമാണ് പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ. തനത് സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന വൈവിധ്യമാർന്ന പ്രാദേശിക വിഭവങ്ങൾ വിളമ്പുന്ന 50 ഭക്ഷണശാലകളാണ് ഇന്ത്യ ഫുഡ് കോർട്ടിൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടെ 28-ലധികം ഇടങ്ങളിൽ നിന്നുമുള്ള ഭക്ഷ്യമേഖലയിൽ പുതുതായി സംരംഭങ്ങൾ ആരംഭിച്ച ഇരുനൂറിലേറെ വനിതകളാണ് ഈ മേളയിൽ ഒത്തുചേരുന്നത്. ഗോൾഗപ്പെ, ചാട്ട്, കബാബ് തുടങ്ങിയ ജനപ്രിയ തെരുവുഭക്ഷണങ്ങൾ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരമുണ്ട്. ബീഹാറിലെ ലിട്ടി ചോഖ, ഹൈദരാബാദി ദം ബിരിയാണി, അസമിലെ മഷ്റൂം പിഠ, പഞ്ചാബിലെ മക്കി ദി റൊട്ടിയും സാഗും എന്നിവയാണ് പ്രാദേശിക വിഭവങ്ങളിൽ ചിലത്. കേരളത്തിലെ അട്ടപ്പാടിയിൽ നിന്നുള്ള വനസുന്ദരി, ഛത്തീസ്ഗഢിൽ നിന്നുള്ള ചൗസേല എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക പാചകപാരമ്പര്യങ്ങൾ ദേശീയതലത്തിൽ അവതരിപ്പിക്കാൻ ഈ ഫുഡ് കോർട്ട് വനിതകൾക്ക് അവസരമൊരുക്കുന്നു. അതോടൊപ്പം, ഭക്ഷണം തയ്യാറാക്കൽ, വിതരണം എന്നീ മേഖലകളെയും വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭകത്വത്തിൻ്റെ വിശാലമായ വളർച്ചയുമായി ബന്ധിപ്പിക്കാനും ഇത് വഴിയൊരുക്കുന്നു.
സാംസ്കാരിക പരിപാടികൾ: ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുന്നു
മേളയിൽ പങ്കെടുക്കുന്ന വിവിധ പ്രദേശങ്ങളുടെ പരമ്പരാഗത കലാരൂപങ്ങൾ, കരകൗശലവിദ്യകൾ, തുണിത്തരങ്ങൾ, സംഗീതം, നൃത്തം എന്നിവ കോർത്തിണക്കിയ സാംസ്കാരിക പരിപാടികൾ സന്ദർശകർക്ക് ഇന്ത്യയുടെ വൈവിധ്യം അടുത്തറിയാനുള്ള അവസരമൊരുക്കുന്നു. സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് പിന്നിലെ പൈതൃകവും പാരമ്പര്യവും ആഘോഷിക്കുകയാണ് ഈ പരിപാടികളിലൂടെ ചെയ്യുന്നത്. പങ്കെടുക്കുന്ന ഓരോ സംസ്ഥാനത്തിനും തങ്ങളുടെ തനതായ സാംസ്കാരിക തനിമ അവതരിപ്പിക്കാനുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.
ഡിജിറ്റൽ സംയോജനം: നേരിട്ടുള്ള സ്റ്റാളുകളിൽ നിന്ന് ഡിജിറ്റൽ വിപണിയിലേക്ക്
സരസ് മേളയിലെ വ്യാപാര പ്രവർത്തനങ്ങൾക്ക് വേഗം പകരുന്നതിൽ ഡിജിറ്റൽ പണമിടപാടുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. യു.പി.ഐ ഇടപാടുകൾ സൗകര്യപ്രദവും സുതാര്യവുമായ പണമിടപാടുകൾ ഉറപ്പാക്കുന്നു. ഫുഡ് കോർട്ടിൽ പ്രധാനമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് പണമിടപാടുകൾ നടക്കുന്നത്. അതേസമയം, മുതിർന്ന പൗരന്മാരുടെയും നേരിട്ട് പണം നൽകാൻ താല്പര്യപ്പെടുന്ന സന്ദർശകരുടെയും സൗകര്യം മാനിച്ച്, കൂപ്പൺ അടിസ്ഥാനമാക്കിയുള്ള പണമിടപാട് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ എല്ലാവർക്കും സുഗമവും സൗകര്യപ്രദവുമായ അനുഭവം ഉറപ്പാക്കുന്നു.
മേള സമാപിക്കുന്നതോടെ വിപണന സാധ്യതകൾ അവസാനിക്കേണ്ടതില്ല. മേളയ്ക്കപ്പുറത്തേക്കും ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറത്തേക്കും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാൻ ഡിജിറ്റൽ മാധ്യമങ്ങൾ സംരംഭങ്ങളെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ, നേരിട്ടുള്ള സരസ് മേളകളെ സരസ് ഗാലറിയുമായും ഇ-കൊമേഴ്സ് സംവിധാനങ്ങളുമായും സംയോജിപ്പിച്ചാണ് സരസ് വിപണന ശൃംഖല പ്രവർത്തിക്കുന്നത്. സ്വയംസഹായ സംഘങ്ങളിലെ സംരംഭകർ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഓൺലൈനിലൂടെ കണ്ടെത്താനും വാങ്ങാനും ഉപഭോക്താക്കൾക്ക് അവസരമൊരുക്കുകയാണ് 'ഇ-സരസ്' പ്ലാറ്റ്ഫോം ചെയ്യുന്നത്. നേരിട്ടുള്ള വിൽപ്പനകൾക്കപ്പുറം വിപണി സാധ്യതകൾ വ്യാപിപ്പിക്കാനും മേള അവസാനിച്ചതിനുശേഷവും ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധയിൽ നിലനിർത്താനും ഇത് സഹായിക്കുന്നു.
2025-ൽ ഒരു സമർപ്പിത 'സരസ് മേള ഡിജിറ്റൽ ആപ്പ്' പുറത്തിറക്കിയിരുന്നു. സ്വയംസഹായ സംഘങ്ങളുടെ നാമനിർദ്ദേശങ്ങൾ, ഹാജർ രേഖപ്പെടുത്തൽ, മേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കൽ എന്നിവയ്ക്ക് ഈ ആപ്പ് പിന്തുണ നൽകുന്നു. ചുരുക്കത്തിൽ, നേരിട്ടുള്ള മേളകളും ഡിജിറ്റൽ സംവിധാനങ്ങളും വിപണിയിലെത്താനുള്ള പരസ്പരപൂരകമായ മാർഗ്ഗങ്ങൾ ഒരുക്കുന്നു. സരസ് മേള ഉപഭോക്താക്കളുമായും ഉൽപ്പന്നങ്ങൾ വാങ്ങുന്നവരുമായും നേരിട്ട് ബന്ധപ്പെടാൻ അവസരമൊരുക്കുമ്പോൾ, ഓൺലൈൻ സംവിധാനങ്ങൾ മേളയ്ക്കപ്പുറത്തേക്കും കൂടുതൽ ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കാനും വിൽപ്പന വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ദേശീയ വിപണന സൗകര്യങ്ങൾ പ്രാദേശിക തലങ്ങളിലേക്ക്
വിപണിയിലെത്താനുള്ള അവസരങ്ങൾ പുതിയൊരു മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ മികച്ച ഉദാഹരണമാണ് വിജയവാഡ ദേശീയ സരസ് മേള. ദേശീയ തലത്തിലുള്ള പരിപാടികൾ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്നത് പ്രാദേശിക ഉപഭോക്താക്കൾക്കും ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കും സ്ഥാപനതല പങ്കാളികൾക്കും കൂടുതൽ പ്രാപ്യത നൽകുന്നു. അതോടൊപ്പം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപ്പാദകർക്ക് കൂടുതൽ വിശാലമായ വിപണികൾ പരിചയപ്പെടാനും ഇത് സഹായിക്കുന്നു. ദീൻദയാൽ അന്ത്യോദയ യോജന–ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൻ്റെയും ലാഖ്പതി ദീദി സംരംഭത്തിൻ്റെയും വിശാലമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ സമീപനം പിന്തുണ നൽകുന്നു. വനിതകൾക്ക് സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം, ഉൽപ്പന്നങ്ങളുടെ മൂല്യം വർദ്ധിപ്പിക്കാനും വിൽപ്പന വിപുലീകരിക്കാനുമുള്ള അവസരങ്ങളും അത്യന്താപേക്ഷിതമാണ്. ഉൽപ്പന്ന വിൽപ്പന, അറിവുകൾ പങ്കുവെക്കൽ, വിവിധ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കൽ എന്നിവ ഒരുമിച്ച് സാധ്യമാക്കുന്ന വേദികൾ ഈ മുന്നേറ്റത്തിന് ഗണ്യമായ സംഭാവന നൽകുന്നു.
ഡൽഹി-എൻ.സി.ആർ മേഖലയ്ക്ക് പുറത്ത് സംഘടിപ്പിക്കുന്ന ഈ ദേശീയ സരസ് മേള, 2026 ഒക്ടോബർ 2-ന് ആരംഭിച്ച സേവാ പഖ്വാഡയുടെ ഭാഗമായി കേന്ദ്ര ഗവണ്മെൻ്റ് നടപ്പാക്കിയ ശ്രദ്ധേയമായൊരു സംരംഭമാണ്. വോക്കൽ ഫോർ ലോക്കൽ, ആത്മനിർഭർ ഭാരത് എന്നീ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കാനും സരസ് മേളകൾ സഹായിക്കുന്നു. ഗ്രാമീണ ഉൽപ്പന്നങ്ങൾ നേരിട്ട് പരിചയപ്പെടാനും അവയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകരെ നേരിൽ കാണാനും ഉപഭോക്താക്കൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു. പരമ്പരാഗത തൊഴിൽ നൈപുണ്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം വനിതകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങളെ ശക്തിപ്പെടുത്താനും ഇത്തരം മേളകൾ വഴിയൊരുക്കുന്നു. ചുരുക്കത്തിൽ, ഓരോ ഉൽപ്പന്നത്തിനും കരകൗശല സൃഷ്ടിക്കും സംരംഭത്തിനും പിന്നിൽ പ്രവർത്തിക്കുന്ന വനിതകളും; ഒപ്പം നൈപുണ്യത്തിൽ നിന്ന് സംരംഭത്തിലേക്കും, സംരംഭത്തിൽ നിന്ന് വിപണിയിലേക്കും, വിപണിയിൽ നിന്ന് സുസ്ഥിരമായ ഉപജീവനത്തിലേക്കുമുള്ള അവരുടെ പ്രയാണവുമാണ് ദേശീയ സരസ് മേളയുടെ കേന്ദ്രബിന്ദു.
അവലംബം
Click to see pdf
***
(Explainer ID: 160526)
आगंतुक पटल : 16
Provide suggestions / comments