Infrastructure
കശ്മീരിനെ ബന്ധിപ്പിക്കുന്നു: വളര്‍ച്ചയ്ക്കായുള്ള അടിസ്ഥാന സൗകര്യ വികസനം
Posted On:
17 OCT 2026 11:29AM
ജമ്മു കശ്മീരിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി ക്രമാനുഗതമായി ഗതാഗത മേഖലയിലെ പുതിയൊരു യുഗത്തിന് വഴിമാറുകയാണ്. ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ പാത കശ്മീര്‍ താഴ്വരയെ ഇന്ത്യയുടെ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷണമായ ചെനാബ് പാലം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ ആര്‍ച്ച് പാലമാണ്. വിപുലീകരിച്ച വന്ദേ ഭാരത് സര്‍വീസുകള്‍ യാത്രക്കാരുടെ സഞ്ചാരം കൂടുതല്‍ സുഗമമാക്കുന്നു. പുതിയ ചരക്ക് ടെര്‍മിനലുകള്‍ കശ്മീരിലെ ആപ്പിളും കുങ്കുമപ്പൂവും കരകൗശല ഉല്‍പ്പന്നങ്ങളും രാജ്യത്തെ വിവിധ വിപണികളിലെത്തിച്ച് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നു.
കരമാര്‍ഗത്തില്‍ സോനമാര്‍ഗ്, സോജില തുരങ്കങ്ങള്‍ ലഡാക്കിലേക്ക് എല്ലാക്കാലത്തും ഗതാഗതത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യോമഗതാഗത മേഖലയില്‍, ശ്രീനഗര്‍ വിമാനത്താവളത്തിന്റെ വികസനത്തോടൊപ്പം ഉധംപൂരിലും കിഷ്ത്വാറിലും പുതിയ വ്യോമഗതാഗത കേന്ദ്രങ്ങള്‍ രൂപംകൊണ്ടുവരികയാണ്. ഈ മുന്നേറ്റങ്ങളെല്ലാം ചേര്‍ന്ന് കശ്മീരിലെ ഉല്‍പ്പന്നങ്ങളെയും വ്യാപാരത്തെയും വിനോദസഞ്ചാരത്തെയും രാജ്യത്തിന്റെ മുഖ്യധാരയുമായി കൂടുതല്‍ ശക്തമായി ബന്ധിപ്പിക്കുന്നു.
• വീണ്ടും ബന്ധിപ്പിക്കപ്പെടുന്ന ഒരു മേഖല
ജമ്മു കശ്മീരിലെ പര്‍വതനിരകള്‍ നിറഞ്ഞ ഭൂപ്രകൃതി ദീര്‍ഘകാലമായി ഗതാഗത അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ വെല്ലുവിളിയായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ സ്ഥിതിയില്‍ ക്രമേണ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ ഈ മേഖലയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (USBRL) പദ്ധതി ഈ വികസനത്തിന്റെ പ്രധാന ഭാഗമാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം ഏറ്റെടുത്ത ഏറ്റവും വെല്ലുവിളി നിറഞ്ഞ റെയില്‍വേ പദ്ധതികളിലൊന്നാണിത്. ഇന്ത്യയുടെ എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായ ഇത് ഇന്ന്, കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി റെയില്‍മാര്‍ഗം ബന്ധിപ്പിക്കുന്നു.
USBRL പദ്ധതിയോടൊപ്പം റോഡുകള്‍, തുരങ്കങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളും തുടര്‍ച്ചയായി വികസിപ്പിച്ചിട്ടുണ്ട്. വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള പുതിയ ട്രെയിന്‍ സര്‍വീസുകളും ഈ ശൃംഖലയുടെ ഭാഗമാണ്. പ്രധാന റോഡ് ഇടനാഴികളും തുരങ്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിച്ചുവരികയാണ്. യാത്രക്കാരുടെ സഞ്ചാരം വര്‍ധിപ്പിക്കുന്നതിനായി ഉഡാന്‍ (UDAN) പദ്ധതിക്കു കീഴില്‍ പ്രാദേശിക വിമാനത്താവളങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. വിവിധ ഗതാഗത മാര്‍ഗങ്ങള്‍ സംയോജിപ്പിച്ചുള്ള ചരക്ക് ടെര്‍മിനലുകളും മെച്ചപ്പെടുത്തിയ ചരക്ക് ഗതാഗത സേവനങ്ങളും മേഖലയിലുടനീളമുള്ള ചരക്കുനീക്കത്തിന് പിന്തുണ നല്കുന്നു. ഈ വികസനങ്ങള്‍ ജമ്മു കശ്മീരിലുടനീളം എല്ലാ കാലാവസ്ഥയിലും പ്രയോജനപ്പെടുത്താവുന്ന ഗതാഗത അടിസ്ഥാന സൗകര്യങ്ങളെ ഘട്ടംഘട്ടമായി വിപുലീകരിച്ചിരിക്കുന്നു.
### റെയില്‍വേ: കശ്മീരിനെ ദേശീയ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു
*ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍വേ ലൈന്‍ (USBRL) ദേശീയ പദ്ധതി
ഹിമാലയന്‍ മേഖലയിലെ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് USBRL പദ്ധതി 2025 ജൂണില്‍ ഉദ്ഘാടനം ചെയ്തു. 43,780 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ പദ്ധതി ജമ്മു കശ്മീരിലെ ഉധംപൂര്‍, റിയാസി, രംബാന്‍, ശ്രീനഗര്‍, അനന്ത്നാഗ്, പുല്‍വാമ, ബുദ്ഗാം, ബാരാമുള്ള എന്നീ ജില്ലകളിലൂടെ കടന്നുപോകുന്നു.
ദുര്‍ഘടമായ ഹിമാലയന്‍ ഭൂപ്രകൃതിയിലൂടെ 272 കിലോമീറ്റര്‍ നീളത്തിലാണ് ഈ പദ്ധതി വ്യാപിച്ചുകിടക്കുന്നത്. 119 കിലോമീറ്റര്‍ നീളമുള്ള 36 തുരങ്കങ്ങളും 943 പാലങ്ങളും ഇതിന്റെ ഭാഗമാണ്. മേഖലയിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയെ അതിജീവിക്കുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി വിദൂര പ്രദേശങ്ങളെ ദേശീയ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. ഗതാഗതം, വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ഇത് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്നു.
USBRL പദ്ധതിയുടെ ഭാഗമായി, ഒരു തുരങ്കവും 320 പാലങ്ങളും ഉള്‍പ്പെടെ 215 കിലോമീറ്ററിലധികം റോഡുകളും നിര്‍മിച്ചിട്ടുണ്ട്. ഈ റോഡുകള്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ്. കൂടാതെ, USBRL പദ്ധതിയുടെ ഭാഗമായി തുരങ്കങ്ങള്‍ക്കുള്ളിലും തുറന്ന പാതകളിലും ഉള്‍പ്പെടെ മുഴുവന്‍ റെയില്‍വേ പാതയും വൈദ്യുതീകരിച്ചിട്ടുണ്ട്.
ഈ മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് USBRL പദ്ധതി ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ് പുതിയ തൊഴിലവസരങ്ങള്‍. ഈ പദ്ധതിയിലൂടെ അഞ്ചു കോടിയിലധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
വന്ദേ ഭാരത് എക്സ്പ്രസ്

ചിത്രം 1: ജമ്മു കശ്മീരിലെ വന്ദേ ഭാരത് എക്സ്പ്രസ്
ജമ്മു കശ്മീരിലെ വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് 2025 ജൂണില്‍ കത്ര-ശ്രീനഗര്‍ റൂട്ടിലാണ് ആദ്യമായി ആരംഭിച്ചത്. റെയില്‍വേ ഗതാഗതബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി, ശ്രീനഗര്‍-കത്ര വന്ദേ ഭാരത് എക്സ്പ്രസ് സര്‍വീസ് 2026 ഏപ്രിലില്‍ ജമ്മു താവി റെയില്‍വേ സ്റ്റേഷനിലേക്കു കൂടി നീട്ടി.
ഇപ്പോള്‍ ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കുള്ള യാത്ര അഞ്ച് മണിക്കൂറില്‍ താഴെ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം എട്ടില്‍നിന്ന് 20 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. അതിശൈത്യം ഉള്‍പ്പെടെയുള്ള അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ട്രെയിനുകള്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ നൂതന പ്രവര്‍ത്തന സംവിധാനങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ട്രെയിനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഈ ഗതാഗത സംവിധാനത്തിന് പിന്തുണ നല്‍കുന്നതിനായി, പാതയിലെ മഞ്ഞ് നീക്കംചെയ്യുന്ന ഒരു പ്രത്യേക ട്രെയിനും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പാസ്സഞ്ചര്‍ ട്രെയിനിന് മുന്‍പേ സഞ്ചരിച്ച് റെയില്‍പ്പാതയിലെ മഞ്ഞ് നീക്കംചെയ്യുന്നതിനാല്‍ വര്‍ഷം മുഴുവനും ട്രെയിന്‍ സര്‍വീസുകള്‍ ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഭൂകമ്പസാധ്യതയുള്ള ഈ മേഖലയില്‍ ഭൂചലനങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി സീസ്മിക് ഡാംപറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ സഹായിക്കുന്നു.
#USBRL പദ്ധതിക്ക് കീഴിലെ എഞ്ചിനീയറിങ് വിസ്മയങ്ങള്‍:
USBRL പദ്ധതിയില്‍ ചെനാബ് റെയില്‍ പാലം, അഞ്ജി ഖാഡ് പാലം, ടണല്‍ T50 എന്നിവയുള്‍പ്പെടെ നിരവധി പ്രധാന എഞ്ചിനീയറിങ് നേട്ടങ്ങള്‍ ഉള്‍പ്പെടുന്നു.
#ചെനാബ് റെയില്‍ പാലം (Chenab Rail Bridge)
USBRL പദ്ധതിയുടെ ഭാഗമായി, ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ ചെനാബ് നദിക്കു കുറുകെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ ആര്‍ച്ച് പാലം നിര്‍മിച്ചിരിക്കുന്നു. 2025 ജൂണില്‍ ഉദ്ഘാടനം ചെയ്ത ചെനാബ് പാലത്തിന് 1,315 മീറ്റര്‍ നീളമുണ്ട്. പാലത്തിന്റെ ആര്‍ച്ച് സ്പാന്‍ 467 മീറ്ററാണ്. നദീതടത്തില്‍നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്.
ശക്തമായ ഭൂകമ്പങ്ങളെയും കാറ്റിന്റെ ആഘാതങ്ങളെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ പാലത്തിലൂടെ വന്ദേ ഭാരത് സര്‍വീസുകള്‍ ആരംഭിച്ചതോടെ ജമ്മുവിനും കശ്മീരിനും ഇടയിലുള്ള ഗതാഗതബന്ധം ഗണ്യമായി മെച്ചപ്പെട്ടു.

ചിത്രം 2: ജമ്മു കശ്മീരിലെ ചെനാബ് റെയില്‍ പാലം
*അഞ്ജി ഖാഡ് പാലം (Anji Khad Bridge)

ചിത്രം 3: ജമ്മു കശ്മീരിലെ അഞ്ജി ഖാഡ് പാലം
ചെനാബ് നദിയുടെ പോഷകനദിയായ അഞ്ജി നദിതടത്തിന് മുകളിലൂടെ നിര്‍മിച്ച ഇന്ത്യയിലെ ആദ്യ കേബിള്‍ അധിഷ്ഠിത റെയില്‍വേ പാലമാണ് അഞ്ജി ഖാഡ് പാലം. USBRL പദ്ധതിയുടെ ഭാഗമായ ഈ പാലം 2025 ജൂണില്‍ ഉദ്ഘാടനം ചെയ്തു.
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. തലകീഴായ 'Y' ആകൃതിയിലുള്ള 193 മീറ്റര്‍ ഉയരമുള്ള ഒരൊറ്റ ടവറാണ് പാലത്തിന് താങ്ങായി നില്‍ക്കുന്നത്. കേബിളുകള്‍ ഉപയോഗിച്ചാണ് പാലത്തെ താങ്ങിനിര്‍ത്തുന്നത്. പ്രധാന പാലത്തിന് ആകെ 473.25 മീറ്റര്‍ നീളമുണ്ട്. പ്രദേശത്തെ ദുര്‍ഘടമായ ഭൂപ്രകൃതിയും ഭൂകമ്പസാധ്യതകളും കണക്കിലെടുത്താണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
# ടണല്‍ T50

ചിത്രം 4: ജമ്മു കശ്മീരിലെ ടണല്‍ T50
2024-ല്‍ ഉദ്ഘാടനം ചെയ്ത ടണല്‍ T50, ജമ്മു കശ്മീരിലെ ഖാരിയെയും സംബറിനെയും ബന്ധിപ്പിക്കുന്ന 12.77 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ തുരങ്കമാണ്. USBRL പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കമാണ്. കശ്മീര്‍ താഴ്വരയെയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന നിര്‍ണായക റെയില്‍പാതയാണ് ഈ തുരങ്കം.
ഹിമാലയന്‍ മേഖലയിലെ സങ്കീര്‍ണമായ ഭൂഗര്‍ഭ ഘടനയിലൂടെ തുരങ്കം നിര്‍മിക്കാന്‍ ന്യൂ ഓസ്ട്രിയന്‍ ടണലിങ് രീതി (New Austrian Tunnelling Method) ഉപയോഗിച്ചു. വലിയ തോതില്‍ വെള്ളം കിനിഞ്ഞിറങ്ങല്‍, മണ്ണിടിച്ചിലുകള്‍, ശിലകളിലെ വിള്ളല്‍ സാദ്ധ്യതകള്‍ എന്നിവ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് തുരങ്കനിര്‍മാണം പൂര്‍ത്തിയാക്കിയത്.
സുരക്ഷയ്ക്കായി പ്രധാന തുരങ്കത്തിനൊപ്പം സമാന്തരമായി ഒരു രക്ഷാപ്രവര്‍ത്തന തുരങ്കവും നിര്‍മിച്ചിട്ടുണ്ട്. ഓരോ 375 മീറ്ററിലും ഈ രണ്ട് തുരങ്കങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്നു. നിരീക്ഷണത്തിനായി ഓരോ 50 മീറ്ററിലും CCTV ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു കേന്ദ്ര നിയന്ത്രണ മുറിയില്‍നിന്ന് ഇവ നിരീക്ഷിക്കാന്‍ കഴിയും.
അനുബന്ധ റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍
ജമ്മു കശ്മീരിലെ റെയില്‍വേ ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനായി അനുബന്ധ അടിസ്ഥാനസൗകര്യങ്ങളിലും റെയില്‍വേ ശൃംഖലയുടെ വികസനത്തിലും നിക്ഷേപം വര്‍ധിപ്പിച്ചുവരികയാണ്. ജമ്മു കശ്മീരിലെ റെയില്‍വേയുടെ വാര്‍ഷിക ശരാശരി ബജറ്റ് 2009-14 കാലയളവിലെ 1,044 കോടി രൂപയില്‍നിന്ന് 2026-27-ല്‍ 1,086 കോടി രൂപയായി ഉയര്‍ന്നു.
വൈദ്യുതീകരണം
ഇന്ത്യന്‍ റെയില്‍വേ ദൗത്യാധിഷ്ഠിത രീതിയില്‍ റെയില്‍വേ വൈദ്യുതീകരണം നടപ്പിലാക്കിവരികയാണ്. ബ്രോഡ് ഗേജ് (BG) റെയില്‍വേ ശൃംഖലയുടെ ഏകദേശം 99.6 ശതമാനവും ഇപ്പോള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ നിലവിലുള്ള ബ്രോഡ് ഗേജ് ശൃംഖല മുഴുവനായും വൈദ്യുതീകരിച്ചിരിക്കുന്നു.
എല്ലാ പുതിയ റെയില്‍പാതാ പദ്ധതികള്‍ക്കും ബഹു പാതകള്‍ നിര്‍മിക്കുന്ന പദ്ധതികള്‍ക്കും തുടക്കംമുതല്‍ തന്നെ വൈദ്യുതീകരണം ഉള്‍പ്പെടുത്തിയാണ് അനുമതി നല്‍കുന്നതും നിര്‍മാണം നടത്തുന്നതും.
റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം :
അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയുടെ (Amrit Bharat Station Scheme) ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള 1,340 സ്റ്റേഷനുകള്‍ നവീകരണത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ നാല് സ്റ്റേഷനുകള്‍ ജമ്മു കശ്മീരിലാണ്.
ബദ്ഗാം, ജമ്മു താവി, രക്തസാക്ഷി ക്യാപ്റ്റന്‍ തുഷാര്‍ മഹാജന് (ഉധംപൂര്‍), ശ്രീ മാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷന് എന്നിവ.
മറ്റ് പ്രാദേശിക റെയില്‍വേ പദ്ധതികള്‍
ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളിലും തന്ത്രപ്രധാന മേഖലകളിലും റെയില്‍വേ ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികള്‍ ആസൂത്രണ ഘട്ടത്തിലാണ്. അവയില്‍ ഉള്‍പ്പെടുന്നവ:
* ജലന്ധര്‍ കാന്റോണ്മെന്റിനും ജമ്മു താവിക്കും ഇടയില്‍ മൂന്നാമത്തെ റെയില്‍പാത (216 കിലോമീറ്റര്‍).
* ജമ്മുവിനും ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും ഇടയില്‍ അധിക റെയില്‍പാത (78 കിലോമീറ്റര്‍).
* ജമ്മു/റിയാസിയില്‍നിന്ന് പൂഞ്ചിലേക്കുള്ള പുതിയ റെയില്‍പാത (190 കിലോമീറ്റര്‍)
*
*റോഡുകള്‍: ഉപരിതല ഗതാഗതബന്ധം ശക്തിപ്പെടുത്തുന്നു
റെയില്‍വേയ്ക്ക് പൂരകമായി റോഡുകള്‍
ജമ്മു കശ്മീരില്‍ റെയില്‍വേ അടിസ്ഥാനസൗകര്യങ്ങള്‍ക്കൊപ്പം റോഡ് അടിസ്ഥാനസൗകര്യങ്ങളും വികസിച്ചുകൊണ്ടിരിക്കുകയാണ്. റെയില്‍വേ ശൃംഖലയ്ക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് അവസാനഘട്ട ഗതാഗതസൗകര്യം ഉറപ്പാക്കുന്നതില്‍ റോഡുകള്‍ ഇപ്പോഴും നിര്‍ണായകമാണ്.
2026 ഓഗസ്റ്റില്‍, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ (PMGSY)-IV ഭാഗമായി 598.455 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 110 റോഡ് പദ്ധതികള്‍ക്ക് തറക്കല്ലിട്ടു. 1,500 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതികള്‍ ഉധംപൂര്‍-കത്വ- ദോഡ-കിഷ്ത്വാര്‍ മേഖലയിലെ 46,972 പേര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ സുസ്ഥിരമായ റോഡ് നിര്‍മാണത്തെ പിന്തുണയ്ക്കുന്നതിനായി നിരവധി റോഡ് പദ്ധതികളില്‍ പാഴ്വസ്തു പ്ലാസ്റ്റിക്കിന്റെ ഉപയോഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ കാലാവസ്ഥയിലും ഗതാഗതം ഉറപ്പാക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, ഗതാഗതശേഷി തന്ത്രപ്രധാനമായി വര്‍ധിപ്പിക്കുക എന്നിവ വഴി വികസനത്തിന്റെ പ്രധാന ഘടകമായി ഹിമാലയന്‍ മേഖലയില്‍ തുരങ്കനിര്‍മാണവും മാറിയിട്ടുണ്ട്.
സോനമാര്‍ഗ് (Z-മോര്) തുരങ്കം

ചിത്രം 5: ജമ്മു കശ്മീരിലെ സോനമാര്‍ഗ് തുരങ്കം
സോനമാര്‍ഗ് തുരങ്കം (Sonamarg Tunnel)
സെഡ്-മോര് (Z-Morh) എന്ന പേരിലും അറിയപ്പെടുന്ന സോനമാര്‍ഗ് തുരങ്കപദ്ധതി 2025 ജനുവരിയില്‍ ഉദ്ഘാടനം ചെയ്തു. 6.4 കിലോമീറ്റര്‍ നീളമുള്ള ഇരുദിശാ തുരങ്കവും അതിനോട് സമാന്തരമായി 6.4 കിലോമീറ്റര്‍ നീളമുള്ള രക്ഷാ തുരങ്കവും 5.5 കിലോമീറ്റര്‍ നീളമുള്ള അനുബന്ധ റോഡും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
2,700 കോടി രൂപയിലധികം ചെലവില്‍ നിര്‍മിച്ച ഈ തുരങ്കം സമുദ്രനിരപ്പില്‍നിന്ന് 2,634 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീനഗറില്‍നിന്ന് ലേയിലേക്കുള്ള യാത്രാമധ്യേ ശ്രീനഗറിനും സോനമാര്ഗിനും മദ്ധ്യേ എല്ലാ കാലാവസ്ഥയിലും ഗതാഗതബന്ധം ഉറപ്പാക്കാന്‍ ഈ തുരങ്കം സഹായിക്കുന്നു. വലിയ ഹിമപാതങ്ങളും മണ്ണിടിച്ചിലുകളും മൂലം അപകടസാധ്യതയുള്ള റോഡിന്റെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് തുരങ്കം കടന്നുപോകുന്നത്.
സോനമാര്ഗിനെ വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാവുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിലൂടെ ഈ പദ്ധതി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നു. ശൈത്യകാല വിനോദസഞ്ചാരം, സാഹസിക കായിക വിനോദങ്ങള്‍, പ്രാദേശിക ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയ്ക്കും ഇത് ഉത്തേജനം നല്കുന്നു. സോജില തുരങ്കത്തോടൊപ്പം, ഈ പദ്ധതിയുടെ ഭാഗമായ NH-1 പാതയുടെ ദൈര്‍ഘ്യം 13 കിലോമീറ്ററില്‍നിന്ന് 11.98 കിലോമീറ്ററായി കുറയ്ക്കാനും ഇത് സഹായിക്കും.
സോജില തുരങ്കം (Zojila Tunnel)
ദേശീയപാത 1-ല്‍ ബാല്ത്താലിനും മിനാമാര്ഗിനും ഇടയില്‍ NHIDCL നിര്‍മിച്ചുകൊണ്ടിരിക്കുന്ന 13.153 കിലോമീറ്റര്‍ നീളമുള്ള ഇരുദിശാ തുരങ്കമാണ് സോജില തുരങ്കം. 2,900 മുതല്‍ 3,310 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന 6,808 കോടി രൂപയുടെ പദ്ധതി ഈ ജമ്മു കശ്മീരിനും ലഡാക്കിനും ഇടയില്‍ വര്‍ഷം മുഴുവന്‍ എല്ലാ കാലാവസ്ഥയിലും റോഡ് ഗതാഗതബന്ധം ഉറപ്പാക്കും. 2020 ഒക്ടോബറില്‍ പ്രധാന തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചു. 2026 ജൂണ്‍ ആയപ്പോഴേക്കും തുരങ്കനിര്‍മാണം ഇരുവശത്തുനിന്നും സംഗമിക്കുന്ന ഘട്ടത്തിലെത്തി.

ചിത്രം 6: ജമ്മു കശ്മീരിലെ സോജില തുരങ്കം
ആധുനിക വായുസഞ്ചാര സംവിധാനങ്ങള്‍, ഓട്ടോമാറ്റിക് അഗ്നിബാധ കണ്ടെത്തല്‍-നിയന്ത്രണ സംവിധാനങ്ങള്‍, CCTV നിരീക്ഷണം, വേരിയബിള്‍ മെസേജ് സൈന്‍ (VMS) സംവിധാനം, SCADA സംവിധാനം, മറ്റ് നൂതന സുരക്ഷാ-ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ തുരങ്കത്തില്‍ സജ്ജീകരിക്കും.
ഈ പദ്ധതിയില്‍ ആകെ 4.8 കിലോമീറ്റര്‍ നീളമുള്ള രണ്ട് ഇരട്ട ട്യൂബ് ഏകദിശാ നില്ഗരി തുരങ്കങ്ങള്‍, ആകെ 2.350 കിലോമീറ്റര്‍ നീളമുള്ള എട്ട് കട്ട് ആന്‍ഡ് കവര്‍ ഭാഗങ്ങള്‍, ആകെ 810 മീറ്റര്‍ നീളമുള്ള നാല് പാലങ്ങള്‍, 40 കള്‍വെര്‍ട്ടുകള്‍, മഞ്ഞ് സംരക്ഷണ ഗാലറികള്‍, ക്യാച്ച് ഡാമുകള്‍, ഡിഫ്ലക്ടര്‍ ഡാമുകള്‍, വായുമര്ദാഘാതം തടയുന്ന ഭിത്തികള്‍, കൂടാതെ 16.964 കിലോമീറ്റര്‍ നീളമുള്ള അനുബന്ധ റോഡിലെ മറ്റ് ഹിമപാത പ്രതിരോധ ഘടനകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ സോനമാര്ഗിനും മിനാമാര്ഗിനും ഇടയിലുള്ള യാത്രാസമയം ഏകദേശം രണ്ട് മണിക്കൂറില്‍നിന്ന് 30 മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയ്ക്കും ഹിമപാതങ്ങള്‍ക്കും സാധ്യതയുള്ള സോജില ചുരത്തില്‍ അപകടങ്ങളുടെയും ഗതാഗത തടസ്സങ്ങളുടെയും സാധ്യതയും ഈ തുരങ്കം കുറയ്ക്കും.
ഈ പദ്ധതി വിനോദസഞ്ചാരം, വ്യാപാരം, വിദൂര-അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള പ്രവേശനം എന്നിവ മെച്ചപ്പെടുത്തും. വര്‍ഷം മുഴുവന്‍ ഗതാഗതബന്ധം ഉറപ്പാക്കുന്നത് പ്രതിരോധ മേഖലയിലെ ചരക്കുനീക്കവും തന്ത്രപരമായ തയ്യാറെടുപ്പുകളും ശക്തിപ്പെടുത്തും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കാനും പ്രാദേശിക ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കും.
# ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി തുരങ്കം (മുമ്പ് ചെനാനി-നാശ്രി തുരങ്കം എന്നറിയപ്പെട്ടിരുന്നത്)
2017-ല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്ത 9 കിലോമീറ്റര്‍ നീളമുള്ള ഈ തുരങ്കം ഇന്ത്യയിലെ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കവും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഇരുദിശാ തുരങ്കവുമാണ്. ജമ്മു കശ്മീരിലെ ഉധംപൂരിനെയും റംബാനെയും ഇത് ബന്ധിപ്പിക്കുന്നു.
2,500 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ തുരങ്കം യാത്രാദൂരം 31 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാസമയം രണ്ട് മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഇന്ധനച്ചെലവും ലാഭിക്കാനാകും.
* ഹൈവേ ശൃംഖലയുടെ വിപുലീകരണം
ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേ: ഡല്‍ഹിയെ അമൃത്സറുമായും കത്രയുമായും ബന്ധിപ്പിക്കുന്ന 667 കിലോമീറ്റര്‍ നീളമുള്ള ഗ്രീന്‍ഫീല്‍ഡ് ഹൈവേയാണിത്. വേഗത്തിലുള്ള റോഡ് ഗതാഗതബന്ധം ഉറപ്പാക്കുക, NH-44-ലെ ഗതാഗതത്തിരക്ക് കുറയ്ക്കുക, ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിന്റെ ലക്ഷ്യങ്ങള്‍. ഡല്‍ഹിക്കും കത്രയ്ക്കും ഇടയിലുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായി, 2026 ജൂലൈയില്‍ എക്സ്പ്രസ് വേയുടെ പ്രധാന ഭാഗങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൂര്‍ത്തിയായ ഭാഗങ്ങള്‍ ഡല്‍ഹിയില്‍നിന്ന് കത്രയിലേക്കുള്ള യാത്രാസമയം ഏകദേശം 14 മണിക്കൂറില്‍നിന്ന് ആറു മണിക്കൂറായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീര്‍ഥാടകരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും പാതയോരത്തെ വ്യവസായ-ചരക്കുനീക്ക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനും ഈ ഗതാഗത ഇടനാഴി ഉപകരിക്കും.
റഫിയാബാദ്-കുപ്വാര റോഡ് (NH-701): അതിര്‍ത്തി വിദൂരപ്രദേശങ്ങളിലെ ഗതാഗതബന്ധം ഉള്‍പ്പെടെ മെച്ചപ്പെടുത്തുന്നതിനായി NH-701-ലെ റഫിയാബാദ്-കുപ്വാര ഭാഗം വീതികൂട്ടുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പദ്ധതിക്ക് 2025 ജൂണില്‍ തറക്കല്ലിട്ടു. പ്രോജക്ട് ബീക്കണിന് കീഴിലുള്ള റഫിയാബാദ്-കുപ്വാര-ചൗക്കിബാല്‍-താങ്ധര്‍-ചാംകോട്ട് ഗതാഗത ഇടനാഴിയുടെ ഭാഗമാണ് ഈ പദ്ധതി.
ഷോപ്പിയാന്‍ ബൈപാസ് (NH-444): 224.44 കോടി രൂപ ചെലവില്‍ 2024 മാര്‍ച്ചില്‍ അനുമതി ലഭിച്ച 8.925 കിലോമീറ്റര്‍ നീളമുള്ള ഷോപ്പിയാന്‍ ബൈപാസിന് 2025 ജൂണില്‍ തറക്കല്ലിട്ടു. ഷോപ്പിയാന്‍, പുല്‍വാമ, കുല്‍ഗാം എന്നിവയ്ക്കിടയിലുള്ള ഗതാഗതബന്ധം മെച്ചപ്പെടുത്താനും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ കൊണ്ടുപോകാനും ഈ ബൈപാസ് സഹായിക്കും.
# വിമാനത്താവളങ്ങള്‍: വ്യോമഗതാഗത ബന്ധം വിപുലീകരിക്കുന്നു
ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിപുലീകരണം
ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിവില്‍ എന്‍ക്ലേവ് വിപുലീകരിക്കുന്നതിനായി 1,677 കോടി രൂപയുടെ പദ്ധതിക്ക് 2026 ഫെബ്രുവരിയില്‍ അനുമതി നല്കി. ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ബഡ്ഗാം എയര്‍ബേസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഈ സിവില്‍ എന്‍ക്ലേവ്, എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. കശ്മീര്‍ താഴ്വരയിലെ വ്യോമഗതാഗത ബന്ധം ശക്തിപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കും.
73.18 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വികസനപദ്ധതിയില്‍ 71,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടവും ഉള്‍പ്പെടുന്നു. തിരക്കേറിയ സമയങ്ങളില്‍ 2,900 യാത്രക്കാരെയും പ്രതിവര്‍ഷം ഒരു കോടി യാത്രക്കാരെയും കൈകാര്യം ചെയ്യാന്‍ ഈ ടെര്‍മിനലിന് കഴിയും. ഒരു വലിയ വീതിയേറിയ വിമാനത്തിനുള്ള സൗകര്യം ഉള്‍പ്പെടെ 15 വിമാന പാര്‍ക്കിങ് ബേകളും വിമാനത്താവളത്തില്‍ ഒരുക്കും.
നിലവിലുള്ള 3,658 മീറ്റര്‍ നീളമുള്ള റണ്‍വേ ഇന്ത്യന്‍ വ്യോമസേനയുടെ നിയന്ത്രണത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. 1,000 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പുതിയ ബഹുനില പാര്‍ക്കിങ് സൗകര്യവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുള്ള ബാരക്കുകളും നിര്‍മിക്കും.
പുതിയ ടെര്‍മിനലില്‍ ആധുനിക വിമാനത്താവള സൗകര്യങ്ങളോടൊപ്പം കശ്മീരിന്റെ പരമ്പരാഗത വാസ്തുവിദ്യയുടെ സവിശേഷതകളും സംയോജിപ്പിക്കും. പ്രാദേശിക മരപ്പണികളും കരകൗശലവിദ്യകളും ഇതില്‍ ഉള്‍പ്പെടും.
സുസ്ഥിരതയ്ക്ക് പദ്ധതിയില്‍ പ്രധാന പരിഗണന നല്‍കുന്നുണ്ട്. മഴവെള്ള സംഭരണം, പ്രകൃതിദത്ത വെളിച്ചത്തിന്റെ കൂടുതല്‍ ഉപയോഗം, പ്രാദേശികമായി ലഭിക്കുന്ന പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സുസ്ഥിര കെട്ടിടനിര്‍മാണ രീതികള്‍ക്കായുള്ള ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ് (GRIHA) സംവിധാനത്തില്‍ പഞ്ചനക്ഷത്ര ഗ്രീന്‍ റേറ്റിങ് നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രാദേശിക വ്യോമഗതാഗത ബന്ധം വിപുലീകരിക്കുന്നു
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ സുരക്ഷിതമായ യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും പ്രാദേശിക ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഉധംപൂരും കിഷ്ത്വാറും: മേഖലയിലെ പ്രധാന നഗരകേന്ദ്രങ്ങള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളിലേക്ക് പ്രാദേശിക വ്യോമഗതാഗതം എങ്ങനെ വിപുലീകരിക്കാമെന്നതിന്റെ ഉദാഹരണങ്ങളാണ് ഉധംപൂരും കിഷ്ത്വാറും. ജമ്മു കശ്മീരില്‍ പ്രാദേശിക വ്യോമഗതാഗത ബന്ധം വിപുലീകരിക്കുന്നതിനായി ഉഡാന്‍ പദ്ധതിയുടെ (UDAN Scheme) കീഴില്‍ ഈ രണ്ട് വിമാനത്താവളങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്. വിമാനത്താവളങ്ങളുടെ ശേഷി വര്‍ധിക്കുന്നത് വിനോദസഞ്ചാരത്തെ പിന്തുണയ്ക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ ശ്രീനഗറിന്റെ പ്രാധാന്യം ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗതാഗത ബന്ധത്തില്‍നിന്ന് സാമ്പത്തിക സംയോജനത്തിലേക്ക്
### ബഹുതല ചരക്കുനീക്ക സംവിധാനം (Multimodal Logistics)
2021 ഒക്ടോബറില്‍ ആരംഭിച്ച പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍, റെയില്‍വേ, റോഡുകള്‍, തുറമുഖങ്ങള്‍, ജലപാതകള്‍, വിമാനത്താവളങ്ങള്‍, ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയെ ഭൂമിശാസ്ത്ര വിവര സംവിധാനത്തെ (GIS) അടിസ്ഥാനമാക്കിയുള്ള ഏകീകൃത ആസൂത്രണ പ്ലാറ്റ്ഫോമിനു കീഴില്‍ കൊണ്ടുവന്നു. 44 കേന്ദ്ര മന്ത്രാലയങ്ങളെയും 36 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഈ പദ്ധതി ഉള്‍ക്കൊള്ളുന്നു.
ഈ ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍, 2021 ഡിസംബറില്‍ ആരംഭിച്ച ഗതി ശക്തി മള്‍ട്ടി-മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ (GCT) നയം, സ്വകാര്യ നിക്ഷേപത്തിലൂടെ ആധുനികവും റെയില്‍വേയുമായി ബന്ധിപ്പിച്ചതുമായ ചരക്കുനീക്ക ടെര്‍മിനലുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നു.
ഇതുവരെ രാജ്യത്ത് 142 ഗതി ശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. 2024-ല്‍ ജമ്മു കശ്മീരിലെ സാംബയില്‍ ഒരു ഗതി ശക്തി മള്‍ട്ടി-മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ (GCT) പ്രവര്‍ത്തനസജ്ജമാക്കി. ഇത് ഇപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തിച്ചുവരുന്നു.
കൂടാതെ, 310 സ്ഥലങ്ങളില്‍ കൂടി GCT-കള്‍ വികസിപ്പിക്കുന്നതിന് തത്ത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ജമ്മു കശ്മീരിലെ കത്വ, അനന്ത്നാഗ്, ജമ്മു ജില്ലകളിലായി മൂന്ന് സ്ഥലങ്ങളും ഉള്‍പ്പെടുന്നു.
സിമന്റ്, സ്റ്റീല്‍, വൈദ്യുതി, ഖനനം, കൃഷി, ലോജിസ്റ്റിക്സ്, ഉല്‍പ്പാദനം തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് GCT നയം പ്രയോജനപ്പെട്ടിട്ടുണ്ട്. സംഭരണ കേന്ദ്രങ്ങള്‍, ഭൂഗര്‍ഭ കലവറകള്‍, ശീതീകരണ സംഭരണശാലകള്‍, മൂല്യവര്‍ധിത ലോജിസ്റ്റിക്സ് സൗകര്യങ്ങള്‍ എന്നിവയുള്ള ആധുനിക ബഹുതല ചരക്കുനീക്ക ടെര്‍മിനലുകള്‍ സ്ഥാപിക്കാന്‍ ഈ നയം സഹായിച്ചു.
ഇതിലൂടെ പ്രാദേശിക വ്യവസായങ്ങളുടെയും കര്‍ഷകരുടെയും മത്സരക്ഷമത വര്‍ധിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും പ്രാദേശിക സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു.
പ്രവേശന സൗകര്യത്തില്‍നിന്ന് അവസരങ്ങളിലേക്ക്:
കാലാവസ്ഥയെ ആശ്രയിച്ചുള്ള ഗതാഗത ബന്ധമുള്ള സ്ഥലം എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം ഇന്ന് ഇന്ത്യയുടെ സാമ്പത്തിക ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി പരസ്പരം ബന്ധിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
റെയില്‍, റോഡ്, വ്യോമഗതാഗത പദ്ധതികള്‍ ഇനി വെവ്വേറെയുള്ള സംരംഭങ്ങളല്ല; അവയെല്ലാം ചേര്‍ന്ന് ഇപ്പോള്‍ ഏകീകൃത ശൃംഖലയായി പ്രവര്‍ത്തിക്കുന്നു. ഈ സംയോജനം പ്രദേശവാസികള്‍, കര്‍ഷകര്‍, വ്യാപാരികള്‍, വിനോദസഞ്ചാര മേഖലയിലെ പ്രവര്‍ത്തകര്‍ എന്നിവരുടെ ദൈനംദിന ജീവിതത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.ഗതാഗതബന്ധത്തിന്റെ വിപുലീകരണം മേഖലയ്ക്ക് പുറത്തുള്ള വിപണികളിലേക്ക് കര്‍ഷകര്‍ക്കും പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവേശനം വര്‍ധിപ്പിക്കുന്നു. ആപ്പിള്‍, ഉണക്കപ്പഴങ്ങള്‍, പഷ്മിന ഷാളുകള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ കശ്മീരിന്റെ സവിശേഷ ഉല്‍പ്പന്നങ്ങള്‍ വലിയ വിപണികളില്‍ വില്ക്കപ്പെടുന്നതിലൂടെ സാമ്പത്തിക വൈവിധ്യം പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതേസമയം, മെച്ചപ്പെട്ട ഗതാഗതബന്ധം അതിര്‍ത്തി സുരക്ഷയും ദുരന്തപ്രതികരണ ശേഷിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രദേശത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
അവലംബം
Ministry of Railways
Ministry of Road Transport & Highways
Ministry of Civil Aviation
Ministry of Science and Technology
Ministry of Home Affairs
Cabinet Committee on Economic Affairs
Ministry of Personnel, Public Grievances & Pensions
Press Information Bureau (PIB)
Ministry of Information and Broadcasting
Click here to see pdf
****
(Explainer ID: 160502)
आगंतुक पटल : 6
Provide suggestions / comments