Social Welfare
ക്ഷയരോഗമുക്ത ഭാരതത്തിലേക്ക്
പുരോഗതിയും നൂതനാശയങ്ങളും ജനകീയ പങ്കാളിത്തവും
Posted On:
13 OCT 2026 4:37PM
ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം നിര്ണായക നാഴികക്കല്ലുകള് പിന്നിട്ടിരിക്കുകയാണ്. 2015നും 2024നും ഇടയില് ആഗോളതലത്തില് പുതിയ രോഗബാധിതരുടെ എണ്ണത്തില് 12% കുറവുണ്ടായപ്പോള് ഇന്ത്യയിലിത് 21% ആയി കുറഞ്ഞു. ആഗോളതലത്തില് ചികിത്സാ പരിരക്ഷ 78% ആയിരിക്കെ ഇന്ത്യയില് ഇത് 92 ശതമാനമാണ്. ശക്തമായി നടപ്പാക്കിവരുന്ന 'ടി.ബി മുക്ത് ഭാരത് അഭിയാന്റെ' ഭാഗമായി രാജ്യത്താകെ ഇതുവരെ നടത്തിയ പരിശോധനകള് 28.1 കോടി കടന്നു. 20 ലക്ഷത്തിലധികം പേര്ക്ക് ക്ഷയരോഗ പ്രതിരോധ ചികിത്സയും ലഭ്യമാക്കി. 5.7 ലക്ഷം പുതിയ നിക്ഷയ് മിത്രങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കുകയും 46,118 ഗ്രാമപഞ്ചായത്തുകള്ക്ക് ക്ഷയരോഗമുക്ത സര്ട്ടിഫിക്കറ്റ് നല്കുകയും ചെയ്തു.
കൈയില് കൊണ്ടുനടക്കാവുന്ന എക്സ്റേ യൂണിറ്റുകളിലൂടെ നടത്തുന്ന പരിശോധന 34 മടങ്ങ് വര്ധിപ്പിച്ചതും, 'ഖുഷി' എന്ന എ.ഐ ചാറ്റ്ബോട്ട് ഉള്പ്പെടുത്തി 'ടി.ബി മുക്ത് ഭാരത്' ആപ്പ് പുറത്തിറക്കിയതും പരമ്പരാഗത മരുന്നുകള് ഫലിക്കാത്ത രോഗികള്ക്കായി ചുരുങ്ങിയതും സുരക്ഷിതവുമായ 'ബി.പി.എ.എല്.എം' (ബെഡാക്വിലിന്, പ്രെറ്റോമാനിഡ്, ലിനസോളിഡ്, മോക്സിഫ്ലോക്സാസിന്) ചികിത്സാ രീതിയും നൂതന എ.ഐ ട്രയേജ് ടൂളുകളും ഏര്പ്പെടുത്തിയതും ദേശീയതല പ്രതിരോധ പ്രവര്ത്തനങ്ങള്ക്ക് ആക്കംകൂട്ടി.
ഈ പുരോഗതിയുടെ ചുവടുപിടിച്ച് ക്ഷയരോഗം സംബന്ധിച്ച അവബോധം, നേരത്തെ നടത്തുന്ന രോഗനിര്ണയം, യഥാസമയത്തെ ചികിത്സ, മുടങ്ങാത്ത മരുന്നുപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രോഗത്തോടുള്ള സാമൂഹ്യ വിവേചനം ഇല്ലാതാക്കാനും 'ജോഷ്' (ജോയിന്റ് സ്ക്വാഡ് ഫോര് ഹെല്ത്ത്) കാമ്പയിന് യുവജനങ്ങളെയും സമൂഹത്തെയും സജ്ജമാക്കുന്നു. ജനകീയ പങ്കാളിത്തവും കൂട്ടായ്മയും ശക്തിപ്പെടുത്തി ക്ഷയരോഗമുക്ത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാനുള്ള ജനകീയ മുന്നേറ്റ സമീപനത്തെയാണ് ഈ കാമ്പയിന് അടയാളപ്പെടുത്തുന്നത്.
ആമുഖം
ക്ഷയരോഗ നിര്മാര്ജനത്തിലേക്ക് സുനിശ്ചിതമായി മുന്നേറുകയാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ 2025ലെ ആഗോള ക്ഷയരോഗ റിപ്പോര്ട്ട് പ്രകാരം 2015 മുതല് 2024 വരെ കാലയളവില് ഇന്ത്യയില് പ്രതിവര്ഷം റിപ്പോര്ട്ട് ചെയ്യുന്ന പുതിയ ക്ഷയരോഗ കേസുകളുടെ എണ്ണത്തില് 21 ശതമാനത്തിന്റെ കുറവുണ്ടായി. ഇക്കാലയളവില് ആഗോളതലത്തില് രേഖപ്പെടുത്തിയ കുറവ് 12% മാത്രമാണ്. ആഗോളതലത്തില് ചികിത്സാ പരിരക്ഷ 78 ശതമാനവും ഇന്ത്യയിലിത് 92 ശതമാനവുമാണ്.

ഉയര്ന്ന ക്ഷയരോഗബാധയുള്ള മറ്റ് രാജ്യങ്ങളിലെ നിരക്കുകളേക്കാള് വളരെ വേഗം ആഗോളതലത്തില് തന്നെ രോഗബാധയില് രേഖപ്പെടുത്തിയ സുപ്രധാന കുറവുകളിലൊന്നാണിത്. ഇതേ കാലയളവില് ക്ഷയരോഗം മൂലമുണ്ടായ മരണങ്ങളില് 28 ശതമാനത്തിന്റെ കുറവുണ്ടായി. ക്ഷയരോഗം കണ്ടെത്തല്, പരിശോധന, ചികിത്സ എന്നിവ മുന്നിര്ത്തി കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിയ സമഗ്ര ബഹുമുഖ സമീപനമാണ് ഈ പുരോഗതിക്ക് വലിയ സംഭാവന നല്കിയത്. അത്യാധുനിക സാങ്കേതികവിദ്യ, പ്രാദേശിക ആരോഗ്യ സേവനങ്ങളുടെ വിപുലീകരണം, ജനകീയ പങ്കാളിത്തം, ചെലവ് കുറഞ്ഞ ചികിത്സാലഭ്യത എന്നിവയെല്ലാം ഈ മാരക രോഗത്തെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള പാതയിലാണ് ഇന്ത്യയെന്ന് വ്യക്തമാക്കുന്നു.
ക്ഷയരോഗ നിര്മാര്ജനത്തില് ജനങ്ങളെ അണിനിരത്താന് 'ജോഷ്' കാമ്പയിന്
ക്ഷയരോഗ നിര്മാര്ജന പ്രവര്ത്തനങ്ങള്ക്ക് കൂടുതല് കരുത്തേകാന് 'ജോഷ്' (ജോയിന്റ് സ്ക്വാഡ് ഫോര് ഹെല്ത്ത്) സംഘങ്ങളെ അണിനിരത്തി പരീക്ഷണാടിസ്ഥാനത്തില് 11 സംസ്ഥാനങ്ങളിലെ 55 ജില്ലകളിലായി 2026 ഒക്ടോബര് 13ന് രാജ്യവ്യാപക സമൂഹമാധ്യമ കാമ്പയിന് സംഘടിപ്പിച്ചു. യഥാസമയത്തെ പരിശോധനയെയും ചികിത്സയെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി രൂപീകരിച്ച ഓരോ 'ജോഷ്' സംഘത്തിലും 'മേരാ യുവ ഭാരത്' വോളന്റിയര്മാരും നാഷണല് കേഡറ്റ് കോര്പ് (എന്സിസി) കേഡറ്റുകളും ഒരു ക്ലാസ് I ഗസറ്റഡ് ഓഫീസറും ഉള്പ്പെടുന്നു.
ഈ സംഘടനാ സംവിധാനം ഗ്രാമീണ അടിസ്ഥാന തലങ്ങളിലെ ജനകീയ ബോധവല്ക്കരണത്തിന് യുവജനങ്ങളെ അണിനിരത്തുന്നു. യുവജനങ്ങളുടെ നേതൃത്വത്തില് നടത്തുന്ന ഈ ഇടപെടലുകള് പ്രതിഫലിപ്പിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ദൃശ്യങ്ങളും പ്രചോദനാത്മക അനുഭവങ്ങളും പങ്കുവെച്ച് ക്ഷയരോഗ അവബോധം, നേരത്തെയുള്ള രോഗനിര്ണയം, മുടങ്ങാത്ത ചികിത്സ, വിവേചനരഹിതമായ സമൂഹം എന്നിവ ഉറപ്പാക്കാന് മന്ത്രാലയങ്ങളും വകുപ്പുകളും ആരോഗ്യ സ്ഥാപനങ്ങളും മേരാ യുവ ഭാരത് പ്രവര്ത്തകരും യുവജന സംഘടനകളും വിദ്യാര്ത്ഥികളും പൊതുജനങ്ങളുമെല്ലാം പങ്കാളികളാകാന് ആഹ്വാനം ചെയ്യുന്നു.

'ടി.ബി മുക്ത് അഭിയാന്' സംബന്ധിച്ച് പാര്ലമെന്റ് അംഗങ്ങള്ക്കും നിയമസഭാ സാമാജികര്ക്കുമായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം ശില്പശാലകള് സംഘടിപ്പിച്ചിരുന്നു. എങ്കിലും ഈ മുന്നേറ്റത്തെ കൂടുതല് മുന്നോട്ടുകൊണ്ടുപോകുന്നതിന് ജനകീയ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് വിലയിരുത്തപ്പെട്ടു. പരിശോധനയുടെയും നേരത്തെയുള്ള രോഗനിര്ണയത്തിന്റെയും പ്രാധാന്യം ജനങ്ങളിലെത്തിച്ച് സാമൂഹ്യ പങ്കാളിത്തം വര്ധിപ്പിക്കുന്ന അടുത്ത ചുവടുവെപ്പാണ് 'ജോഷ്' കാമ്പയിന് ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികളെ കണ്ടെത്താനും സജീവ പരിശോധനകള് വര്ധിപ്പിക്കാനും ജനകീയ പങ്കാളിത്തത്തിനൊപ്പം കൃത്യമായ രോഗനിര്ണയവും ചികിത്സയും അനിവാര്യമാണെന്ന് കാമ്പയിന് വ്യക്തമാക്കുന്നു.
പ്രത്യേകിച്ച് ദുര്ബല പിന്നാക്ക വിഭാഗങ്ങളിലെ ജനകീയ പങ്കാളിത്തവും അവബോധവും ഭയം ഇല്ലാതാക്കുന്നതിലും പരിശോധനയെയും ചികിത്സയെയും കുറിച്ചുള്ള അവബോധം ജനങ്ങളില് വര്ധിപ്പിക്കുന്നതിലും നിര്ണായകമാണ്. വിവിധ പദ്ധതികള്ക്കൊപ്പം ഔദ്യോഗിക സ്ഥാപന പിന്തുണയും ജനകീയ മുന്നേറ്റവും സംയോജിപ്പിച്ച് 'ക്ഷയരോഗമുക്ത ഭാരതം' എന്ന ലക്ഷ്യം യാഥാര്ത്ഥ്യമാക്കാനാണ് കാമ്പയിന് ലക്ഷ്യമിടുന്നത്.
ക്ഷയരോഗവും രോഗലക്ഷണങ്ങളും
എന്താണ് ക്ഷയരോഗം?
'മൈകോബാക്ടീരിയം ട്യൂബര്കുലോസിസ്' എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് ക്ഷയരോഗം (ടി.ബി). സാധാരണയായി ശ്വാസകോശത്തെയാണ് ഇത് ബാധിക്കുന്നത്. എന്നാല് തലച്ചോറ്, വൃക്കകള്, നട്ടെല്ല് തുടങ്ങിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും ക്ഷയരോഗം ബാധിക്കാം.
ഈ ബാക്ടീരിയയുടെ അണുബാധയേല്ക്കുന്ന എല്ലാവരിലും രോഗലക്ഷണങ്ങള് പ്രകടമാകണമെന്നില്ല. രോഗലക്ഷണങ്ങളൊന്നുമില്ലാത്ത നിഷ്ക്രിയ ക്ഷയരോഗം അഥവാ ലേറ്റന്റ് ടി.ബി ബാധിച്ചവരുമുണ്ട്. ഇത്തരക്കാരില് നിന്ന് സജീവ ക്ഷയരോഗം ബാധിച്ചവരെപ്പോലെ രോഗം മറ്റുള്ളവരിലേക്ക് പകരില്ല. എങ്കിലും, ഏത് സമയത്തും ഇവരില് രോഗം സജീവമാകാനും ആരോഗ്യനില വഷളാകാനും സാധ്യതയുണ്ട്. ശിശുക്കള്, കുട്ടികള്, രോഗപ്രതിരോധ ശേഷി കുറഞ്ഞവര് എന്നിവര്ക്ക് അണുബാധയുണ്ടായാല് രോഗം പിടിപെടാന് സാധ്യത വളരെ കൂടുതലാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില് സജീവ ക്ഷയരോഗം മരണത്തിന് പോലും കാരണമായേക്കാം.

ക്ഷയരോഗ ലക്ഷണങ്ങള്

എല്ലാത്തരം ക്ഷയരോഗങ്ങള്ക്കും ചില പൊതു ലക്ഷണങ്ങള് ഉണ്ടെങ്കിലും സജീവ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങള് ശരീരത്തിലെ ഏത് അവയവത്തെയാണ് ബാക്ടീരിയ ബാധിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും.
സജീവ ക്ഷയരോഗ ബാധിതരില്നിന്നോ രോഗലക്ഷണങ്ങള് പ്രകടമായവരില്നിന്നോ മാത്രമേ ക്ഷയരോഗ ബാക്ടീരിയ മറ്റുള്ളവരിലേക്ക് പകരൂ. രോഗബാധിതര് ചുമയ്ക്കുകയോ തുമ്മുകയോ സംസാരിക്കുകയോ ചെയ്യുമ്പോള് വായുവിലേക്ക് പുറന്തള്ളപ്പെടുന്ന ബാക്ടീരിയ അടങ്ങിയ ചെറു കണികകള് അടുത്തുള്ളവര് ശ്വസിക്കുന്നതിലൂടെയാണ് രോഗം പകരുന്നത്; പ്രത്യേകിച്ച് വായുസഞ്ചാരം കുറഞ്ഞ ഇടുങ്ങിയ ഇടങ്ങളില്.
ക്ഷയരോഗം വായുവിലൂടെയാണ് പകരുന്നതെങ്കിലും താഴെ നല്കിയിരിക്കുന്ന മാര്ഗങ്ങളിലൂടെ ഇത് പകരില്ല:
ഹസ്തദാനം ചെയ്യുന്നതിലൂടെ
പൊതു ശൗചാലയങ്ങള് ഉപയോഗിക്കുന്നതിലൂടെ
ഭക്ഷണവും പാത്രങ്ങളും പങ്കുവെക്കുന്നതിലൂടെ
സാധാരണ ദൈനംദിന സാമൂഹ്യ ഇടപെടലുകളിലൂടെ
ശ്വാസകോശത്തില് ക്ഷയരോഗം ബാധിച്ച രോഗികള് കൃത്യമായ ടി.ബി മരുന്നുകള് കഴിക്കാന് തുടങ്ങി കുറഞ്ഞത് രണ്ടാഴ്ച പിന്നിടുന്നതോടെ സാധാരണയായി അവരില് നിന്ന് രോഗം പകരുന്നത് നിലയ്ക്കുന്നു. ശ്വാസകോശത്തിന് പുറമെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില് ക്ഷയരോഗം ബാധിച്ചവരില് നിന്ന് പൊതുവെ രോഗം മറ്റുള്ളവരിലേക്ക് പകരാറില്ല.
രോഗലക്ഷണങ്ങള് ശ്രദ്ധയില്പ്പെട്ടാല് എന്തുചെയ്യണം?
ദേശീയ ക്ഷയരോഗ നിര്മാര്ജന പദ്ധതിക്ക് കീഴില് രാജ്യത്തുടനീളം എല്ലാ ഗവണ്മെന്റ് ആരോഗ്യ കേന്ദ്രങ്ങളിലും നിരവധി സ്വകാര്യ ആശുപത്രികളിലും സൗജന്യ പരിശോധനയും ചികിത്സയും ലഭ്യമാണ്. നിങ്ങള്ക്കോ അറിയാവുന്ന മറ്റാര്ക്കെങ്കിലുമോ ക്ഷയരോഗ ലക്ഷണങ്ങള് കാണുകയാണെങ്കില്:
മാര്ഗനിര്ദേശങ്ങള്ക്കായി 1800116666 എന്ന ടോള് ഫ്രീ 'നിക്ഷയ് സമ്പര്ക്ക് ടി.ബി & ഹെപ്പറ്റൈറ്റിസ്' ഹെല്പ്പ്ലൈനില് വിളിക്കുകയും സമീപത്തെ ഗവണ്മെന്റ് ആരോഗ്യ കേന്ദ്രം സന്ദര്ശിക്കുകയും ചെയ്യുക. ഗവണ്മെന്റ് പദ്ധതികള്ക്ക് കീഴില് ക്ഷയരോഗ നിര്ണയവും ചികിത്സയും പൂര്ണമായും സൗജന്യമാണ്.
രോഗലക്ഷണങ്ങളെക്കുറിച്ചും സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളെക്കുറിച്ചും കൂടുതല് വിവരങ്ങളറിയാന് ആന്ഡ്രോയിഡ് ഫോണില് 'ടി.ബി ആരോഗ്യ സാഥി' ആപ്പ് ഡൗണ്ലോഡ് ചെയ്യാം. ക്ഷയരോഗ നിര്ണയവും ചികിത്സയും ലഭ്യമാകുന്ന ഏറ്റവും അടുത്തെ ആരോഗ്യ കേന്ദ്രങ്ങള് കണ്ടെത്താനും, മരുന്നുകളുടെ പാര്ശ്വഫലങ്ങള് സംബന്ധിച്ച വിവരങ്ങള്ക്കും ക്ഷയരോഗികളുടെ പോഷകാഹാര നിര്ദേശങ്ങള്ക്കും ആപ്പ് സഹായിക്കുന്നു.
ഇന്ത്യയില് ക്ഷയരോഗം തുടച്ചുനീക്കാനുള്ള തന്ത്രപരമായ കര്മപദ്ധതി
എല്ലാവര്ക്കും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിനും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യം-3 മുന്നിര്ത്തി രാജ്യത്തുനിന്ന് ക്ഷയരോഗം പൂര്ണമായി നിര്മാര്ജനം ചെയ്യാന് ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്. 2020 ജൂണില് പ്രഖ്യാപിച്ച 'ഇന്ത്യയില് ക്ഷയരോഗം തുടച്ചുനീക്കാനുള്ള തന്ത്രപരമായ ദേശീയ കര്മപദ്ധതി 2020-25' സജ്ജീകരണം, പ്രതിരോധം, രോഗനിര്ണയം, ചികിത്സ എന്നീ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ഷയരോഗ നിര്മാര്ജനം ലക്ഷ്യമിടുന്നത്. നേരത്തെയുള്ള രോഗനിര്ണയം, രോഗവ്യാപനം കുറയ്ക്കല്, കൃത്യമായ മരുന്നുകളും ചികിത്സാരീതികളും ഉറപ്പാക്കല്, രോഗികള്ക്ക് സഹായമേകുന്ന പിന്തുണാ സംവിധാനങ്ങള് സൃഷ്ടിക്കല് എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ദേശീയ ക്ഷയരോഗ നിര്മാര്ജന പരിപാടി
'പരിഷ്കരിച്ച ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടി'യെ 2020ല് കേന്ദ്ര ഗവണ്മെന്റ് 'ദേശീയ ക്ഷയരോഗ നിര്മാര്ജന പരിപാടി' എന്ന് പുനര്നാമകരണം ചെയ്തു. ആഗോള ലക്ഷ്യമായ 2030ന് മുന്പ് തന്നെ ക്ഷയരോഗം നിര്മാര്ജനം ചെയ്യാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ദേശീയ തന്ത്രപ്രധാന കര്മപദ്ധതിയുടെ നാല് സ്തംഭങ്ങളായ രോഗനിര്ണയം, ചികിത്സ, പ്രതിരോധം, സജ്ജീകരണം എന്നിവയിലാണ് ദേശീയ ക്ഷയരോഗ നിര്മാര്ജന പരിപാടി നിലകൊള്ളുന്നത്. ഈ പരിപാടിയുടെ പ്രധാന പ്രവര്ത്തനങ്ങള് താഴെ:
ഉയര്ന്ന നിലവാരമുള്ള പരിശോധനകളിലൂടെ വ്യക്തികളിലെ ക്ഷയരോഗം നേരത്തെ കണ്ടെത്തുകയും ദുര്ബല വിഭാഗങ്ങളില് വിട്ടുപോയേക്കാവുന്ന കേസുകള് കണ്ടെത്താന് മുന്കൈയെടുത്ത് ജനങ്ങളിലേക്ക് നേരിട്ടെത്തി പരിശോധനകള് നടത്തുകയും ചെയ്യുക.
മരുന്നുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗം ഉള്പ്പെടെ രോഗാവസ്ഥകള്ക്ക് ഗുണനിലവാരമുറപ്പാക്കിയ മരുന്നുകളും കൃത്യമായ ചികിത്സാരീതികളും ഉപയോഗിച്ച് ഉടനടി ചികിത്സ ലഭ്യമാക്കുക.
സ്വകാര്യ മേഖലയില് ചികിത്സ തേടുന്ന രോഗികളുമായി നിരന്തരം ബന്ധപ്പെടുകയും സഹകരിക്കുകയും ചെയ്യുക.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും നിക്ഷയ് മിത്ര പദ്ധതിയിലൂടെയും രോഗീകേന്ദ്രീകൃത ചികിത്സാ പിന്തുണയും പോഷകാഹാര സഹായങ്ങളും നല്കുക.
രോഗബാധിതരുമായി സമ്പര്ക്കത്തില് വന്ന കുടുംബാംഗങ്ങള്, കുട്ടികള്, എച്ച്.ഐ.വി ബാധിതര്, രോഗസാധ്യത കൂടിയ ദുര്ബല വിഭാഗങ്ങള് എന്നിവരില് സമ്പര്ക്കപ്പട്ടിക കണ്ടെത്തലും ക്ഷയരോഗ പ്രതിരോധ ചികിത്സയും ഉറപ്പാക്കുക.
വായുവിലൂടെ പകരുന്ന അണുബാധകള് തടയുന്നതിന് നിയന്ത്രണ നടപടികള് കൈക്കൊള്ളുക.
രോഗ കാരണമാകുന്ന സാമൂഹ്യ ഘടകങ്ങളെ പരിഹരിക്കാന് വിവിധ മേഖലകളെ സംയോജിപ്പിച്ച് ബഹുമുഖ ഇടപെടലുകള് നടത്തുക.
ദേശീയ ക്ഷയരോഗ നിര്മാര്ജന പദ്ധതിയ്ക്ക് കീഴില് ഗവണ്മെന്റ് നിരവധി ഉപപദ്ധതികള് നടപ്പാക്കിവരുന്നുണ്ട്.
പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്
ദേശീയ ക്ഷയരോഗ നിര്മാര്ജന പദ്ധതിയുടെ സുപ്രധാന ഘടകമായി 2022 സെപ്റ്റംബര് 9നാണ് 'പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്' ആരംഭിച്ചത്. സമൂഹത്തിന്റെ നാനാതുറകളിലെയും ജനങ്ങളെ ഒരൊറ്റ ജനകീയ മുന്നേറ്റത്തിന് ഏകോപിപ്പിക്കാനും ക്ഷയരോഗ നിര്മാര്ജനത്തിലെ രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്താനുമാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്:
ചികിത്സാഫലം മെച്ചപ്പെടുത്തുന്നതിന് ക്ഷയരോഗികള്ക്ക് അധിക പിന്തുണ നല്കുക
ജനകീയ പങ്കാളിത്തം വര്ധിപ്പിക്കുക
കോര്പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്തം പരമാവധി പ്രയോജനപ്പെടുത്തുക
നിക്ഷയ് പോഷണ് യോജനയും നിക്ഷയ് മിത്ര പരിപാടിയും
ക്ഷയരോഗ ചികിത്സാ മരുന്നുകളുടെ പാര്ശ്വഫലങ്ങളെ ചെറുക്കുന്നതിന് രോഗികള് ഉയര്ന്ന അളവില് പ്രോട്ടീന് അടങ്ങിയ പോഷകാഹാരം കഴിക്കേണ്ടത് അനിവാര്യമാണ്. 2018ല് ആരംഭിച്ച 'നിക്ഷയ് പോഷണ് യോജന'യിലൂടെ രജിസ്റ്റര് ചെയ്ത ഓരോ ക്ഷയരോഗിക്കും പ്രതിമാസം 1,000 രൂപ വീതം സാമ്പത്തിക സഹായം നല്കിവരുന്നു. 2018 ഏപ്രിലില് പദ്ധതി ആരംഭിച്ചത് മുതല് ഇതുവരെ 1.38 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 4,454.68 കോടി രൂപ നേരിട്ട് വിതരണം ചെയ്തിട്ടുണ്ട്.
കുറഞ്ഞത് 6 മാസമോ ചിലപ്പോള് അതില് കൂടുതലോ നീണ്ടുനില്ക്കുന്നതാണ് ക്ഷയരോഗ ചികിത്സ. ചികിത്സാ കാലയളവില് രോഗികള്ക്ക് ആവശ്യമായ പിന്തുണ നല്കുന്ന സഹായിയെയാണ് 'നിക്ഷയ് മിത്ര' അഥവാ 'ക്ഷയരോഗകാല സുഹൃത്ത്' എന്ന് വിളിക്കുന്നത്. വ്യക്തികള്, സന്നദ്ധ സംഘടനകള്, കോര്പ്പറേറ്റ് സ്ഥാപനങ്ങള്, മത-സാമൂഹ്യ കൂട്ടായ്മകള്, ഗവണ്മെന്റ് ഉദ്യോഗസ്ഥര്, പൊതുപ്രവര്ത്തകര് എന്നിവര്ക്കെല്ലാം സ്വമേധയാ നിക്ഷയ് മിത്രങ്ങളാകാം.
രോഗികളുടെ ചികിത്സാ ചെലവുകള് കുറയ്ക്കുന്നതിന് നിക്ഷയ് മിത്രങ്ങള് പോഷകാഹാര കിറ്റുകള് ലഭ്യമാക്കുന്നു. കൂടാതെ, രോഗികളെ നിരന്തരം സന്ദര്ശിച്ച് മാനസിക സാമൂഹ്യ പിന്തുണ നല്കാനും രോഗമുക്തിക്ക് ശേഷം അവരുടെ ജീവിതം പുനര്നിര്മിക്കാനുതകുന്ന തൊഴില്പരമായ സഹായങ്ങള് നല്കാനും അവര്ക്ക് സാധിക്കുന്നു.
2025 നവംബര് 12 വരെയുള്ള കണക്കുകള് പ്രകാരം:
നിക്ഷയ് മിത്രങ്ങളായി മുന്നോട്ടുവന്ന 6,77,541 വ്യക്തികളും സംഘടനകളും ചേര്ന്ന് 45 ലക്ഷത്തിലധികം പോഷകാഹാര കിറ്റുകള് രോഗികള്ക്ക് വിതരണം ചെയ്തു.
രണ്ട് ലക്ഷത്തിലധികം 'മേരാ യുവ ഭാരത്' വോളന്റിയര്മാര് നിക്ഷയ് മിത്രങ്ങളായി പ്രവര്ത്തിക്കാന് സന്നദ്ധരായി രംഗത്തെത്തി. 15 മുതല് 29 വയസ്സുവരെ യുവാക്കളെ വിവിധ ഗവണ്മെന്റ് വകുപ്പുകളും സ്വകാര്യ സ്ഥാപനങ്ങളും പൊതുസമൂഹ പങ്കാളിത്തങ്ങളുമായി ബന്ധിപ്പിച്ച് യഥാര്ത്ഥ സാമൂഹ്യ വെല്ലുവിളികള്ക്ക് പരിഹാരം കാണാന് കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയം നടപ്പാക്കുന്ന സംരംഭമാണ് 'മേരാ യുവ ഭാരത്'.
നൂറുദിന ടി.ബി മുക്ത് ഭാരത് അഭിയാന്
ഇന്ത്യയിലെ ഏറ്റവും തീവ്രമായ ക്ഷയരോഗ നിര്മാര്ജന യജ്ഞങ്ങളിലൊന്നായ 'നൂറുദിന ടി.ബി മുക്ത് ഭാരത് അഭിയാന്' കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില് 2024 ഡിസംബര് 7ന് രാജ്യത്തെ 33 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 347 മുന്ഗണനാ ജില്ലകളിലാണ് ആരംഭിച്ചത്. രോഗം നേരത്തെ കണ്ടെത്തുന്നതിന് രോഗസാധ്യത കൂടിയ പ്രദേശങ്ങള് പ്രത്യേകം അടയാളപ്പെടുത്തുകയും അത്തരം ജനവിഭാഗങ്ങളില് ചിട്ടയായ പരിശോധനകള് നടത്തുകയും ചെയ്തു. 30,000ത്തിലധികം ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട 24 മന്ത്രാലയങ്ങളുടെയും നിക്ഷയ് മിത്രങ്ങളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിയ ഈ 'ജനകീയ മുന്നേറ്റം' സര്ക്കാരിന്റെയും സമൂഹത്തിന്റെയും സമഗ്ര ഏകോപനത്തെ പ്രതിഫലിപ്പിച്ചു. പദ്ധതിയുടെ തന്ത്രങ്ങള് രാജ്യത്തെ എല്ലാ ജില്ലകളിലേക്കും വിപുലീകരിച്ചിട്ടുണ്ട്.
2026 ജൂണ് വരെയുള്ള കണക്കനുസരിച്ച് ഈ തീവ്ര യജ്ഞം സുപ്രധാന നാഴികക്കല്ലുകള് പിന്നിട്ടു. യജ്ഞത്തിന്റെ ഭാഗമായി 28.1 കോടിയിലധികം പേരില് പരിശോധന നടത്തുകയും 20 ലക്ഷം പേര്ക്ക് ക്ഷയരോഗ പ്രതിരോധ ചികിത്സ നല്കുകയും 5.7 ലക്ഷം പുതിയ നിക്ഷയ് മിത്രങ്ങളെ പദ്ധതിയുമായി ബന്ധിപ്പിക്കുകയും ചെയ്തു.
2026 മാര്ച്ചില് ആരംഭിച്ച കാമ്പയിന്റെ രണ്ടാം ഘട്ടത്തില് 32 ലക്ഷം വിദ്യാര്ത്ഥികളുടെയും 1.9 ലക്ഷം 'മേരാ യുവ ഭാരത്' പ്രവര്ത്തകരുടെയും സജീവ പങ്കാളിത്തത്തോടെ രോഗസാധ്യത കൂടിയ 1.2 ലക്ഷം ഗ്രാമങ്ങളിലും വാര്ഡുകളിലുമായി 1.7 ലക്ഷത്തിലധികം 'ആയുഷ്മാന് ആരോഗ്യ ശിബിരങ്ങള്' സംഘടിപ്പിച്ചു. ഇതിലൂടെ ടി.ബി മുക്ത് ഭാരത് അഭിയാന് കീഴിലെ വിജയകരമായ ചികിത്സാ നിരക്ക് ആഗോള ശരാശരിയായ 88 ശതമാനത്തെ മറികടന്ന് 90 ശതമാനമായി ഉയര്ന്നു.
പുതിയ സംരംഭങ്ങള്
പരമ്പരാഗത മരുന്നുകള് ഫലപ്രദമാകാത്ത ക്ഷയരോഗികള്ക്കായി ബെഡാക്വിലിന്, പ്രെറ്റോമാനിഡ്, ലിനസോളിഡ്, മോക്സിഫ്ലോക്സാസിന് എന്നിവയടങ്ങിയതും ചികിത്സാ കാലാവധി ആറു മാസമായി ചുരുക്കുന്നതും സുരക്ഷിതവും ഫലപ്രദവുമായ പുതിയ 'ബി.പി.എ.എല്.എം' ചികിത്സാ രീതി പദ്ധതിക്ക് കീഴില് അവതരിപ്പിച്ചു. എം.ഡി.ആര്/ആര്.ആര്ടി.ബി ബാധിച്ച 15,000ത്തിലധികം രോഗികളില് ഇതിനകം ഈ ചികിത്സ ആരംഭിച്ചുകഴിഞ്ഞു.
ക്ഷയരോഗ പ്രതിരോധ ചികിത്സ: ചികിത്സ പോലെ പ്രതിരോധവും പ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് ക്ഷയരോഗാണുബാധ സജീവ രോഗാവസ്ഥയിലേക്ക് മാറുന്നത് തടയാന് അര്ഹരായ ഗുണഭോക്താക്കള്ക്ക് ക്ഷയരോഗ പ്രതിരോധ ചികിത്സ നല്കിവരുന്നു. ലക്ഷ്യാധിഷ്ഠിതവും നൂതനവുമായ സമീപനത്തിലൂടെ രോഗികളുമായി സമ്പര്ക്കത്തില് വന്ന കുടുംബാംഗങ്ങള്ക്കും എച്ച്.ഐ.വി ബാധിതര്ക്കും പ്രതിരോധ ചികിത്സ നല്കി വര്ഷങ്ങളായി സംരക്ഷിക്കാന് പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. സജീവവും ഊര്ജിതവുമായ രോഗനിര്ണയ കാമ്പയിനുകളുമായി സംയോജിപ്പിച്ച ഈ പ്രതിരോധ ഇടപെടല് മറ്റ് ദുര്ബല ജനവിഭാഗങ്ങളിലേക്കും വിപുലീകരിച്ചിട്ടുണ്ട്.

ആയുഷ്മാന് ആരോഗ്യ മന്ദിറുകള്
സാര്വത്രികവും താങ്ങാവുന്നതുമായ ആരോഗ്യ പരിരക്ഷ എല്ലാവര്ക്കും ഉറപ്പാക്കുന്ന ബൃഹത്തായ ആയുഷ്മാന് ഭാരത് പദ്ധതിക്ക് കീഴിലെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് 'ആയുഷ്മാന് ആരോഗ്യ മന്ദിറുകള്'. 2026 ഒക്ടോബര് 13 വരെയുള്ള കണക്കനുസരിച്ച് രാജ്യത്താകെ 1,87,250 ആയുഷ്മാന് ആരോഗ്യ മന്ദിറുകള് പ്രവര്ത്തിക്കുന്നുണ്ട്. ഉപകേന്ദ്രങ്ങള്, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്, നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്, ആയുഷ് (ആയുര്വേദം, യോഗയും പ്രകൃതിചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി) കേന്ദ്രങ്ങള്, നഗര ആരോഗ്യക്ഷേമ കേന്ദ്രങ്ങള് എന്നിവ ഇതിലുള്പ്പെടുന്നു. ക്ഷയരോഗ ലക്ഷണങ്ങള് പ്രകടമാകുന്നവര്ക്ക് രോഗനിര്ണയത്തിന് ഈ കേന്ദ്രങ്ങളെ സമീപിക്കാം.

ഹിമാചല് പ്രദേശിലെ കുളു ജില്ലയിലെ ആയുഷ്മാന് ആരോഗ്യ മന്ദിറില് ആരോഗ്യ പ്രവര്ത്തകര് വനിതകള്ക്കായി ക്ഷയരോഗത്തിന്റെയും മറ്റ് രോഗങ്ങളുടെയും പരിശോധനാ ക്യാമ്പ് നടത്തുന്നു (2025 സെപ്റ്റംബര് 20) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം)
സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്
ക്ഷയരോഗം നേരത്തെ കണ്ടെത്തുന്നതിനും പരിചരിക്കുന്നതിനും 9,800ലധികം റാപ്പിഡ് മോളിക്യുലാര് പരിശോധനാ കേന്ദ്രങ്ങളും 107 കള്ച്ചര് ആന്ഡ് ഡ്രഗ് സസപ്റ്റിബിലിറ്റി പരിശോധനാ ലബോറട്ടറികളും ഉള്പ്പെടുന്ന ലോകത്തെ ഏറ്റവും വലിയ ശൃംഖല രാജ്യത്തുണ്ട്. ഇതിനുപുറമെ ലഭ്യമായ മറ്റ് സാങ്കേതിക സൗകര്യങ്ങള്:
സമൂഹതല പരിശോധനകള്ക്കായി 500ലധികം കൈയില് കൊണ്ടുനടക്കാവുന്ന നിര്മിതബുദ്ധി അധിഷ്ഠിത ചെസ്റ്റ് എക്സ്റേ യൂണിറ്റുകള് സജ്ജീകരിച്ചു. കൂടാതെ 1,500 എണ്ണം സംസ്ഥാനങ്ങള്ക്കും കേന്ദ്രഭരണ പ്രദേശങ്ങള്ക്കും വിതരണം ചെയ്തുവരുന്നു.
പോഷകാഹാര പിന്തുണയ്ക്കായി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം സുഗമമാക്കുന്ന 'നിക്ഷയ്' ഡിജിറ്റല് പ്ലാറ്റ്ഫോം.
എക്സ്റേ പരിശോധനകളില് 34 മടങ്ങ് വര്ധന: രാജ്യവ്യാപകമായി കൈയില് കൊണ്ടുനടക്കാവുന്ന എക്സ്റേ യൂണിറ്റുകള് വലിയ തോതില് വിന്യസിച്ചതിലൂടെ പരിശോധനകളുടെ എണ്ണത്തില് വന് വര്ധന രേഖപ്പെടുത്തി.
'ടി.ബി മുക്ത് ഭാരത്' ആപ്പും 'ഖുഷി' ചാറ്റ്ബോട്ടും: പദ്ധതി പുരോഗതി നിരീക്ഷിക്കാനും രോഗലക്ഷണങ്ങളെക്കുറിച്ച് പൗരന്മാര്ക്ക് മാര്ഗനിര്ദേശം നല്കാനും അടുത്തുള്ള പരിശോധനാ കേന്ദ്രങ്ങള് കണ്ടെത്താനും സഹായിക്കുന്ന എ.ഐ ചാറ്റ്ബോട്ട് സംയോജിപ്പിച്ച പുതിയ ഡിജിറ്റല് പ്ലാറ്റ്ഫോം.
ശേഷി വര്ധന: ട്രൂനാറ്റ്, സി.ബി.എന്.എ.എ.ടി പരിശോധനാ ഉപകരണങ്ങള് വിപുലീകരിക്കുന്നതിനൊപ്പം ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില് കൂടുതല് റേഡിയോഗ്രാഫര് തസ്തികകള് മന്ത്രാലയം സൃഷ്ടിച്ചു.
ദുര്ഘടമായ കശ്മീര് താഴ്വരകളിലെ ക്ഷയരോഗ നിര്ണയം
ഹിമാലയത്തില് 2,400 മീറ്റര് ഉയരത്തില് സ്ഥിതിചെയ്യുന്നതും ശൈത്യകാലത്ത് പൂര്ണമായി ഒറ്റപ്പെട്ടുപോകുന്നതുമായ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുരെസ് താഴ്വരയില് എന്.ടി.ഇ.പി കശ്മീര് സംഘം തീവ്ര ക്ഷയരോഗ പരിശോധനാ യജ്ഞം സംഘടിപ്പിച്ചു. അത്യാധുനിക രോഗനിര്ണയ യന്ത്രങ്ങളും പോര്ട്ടബ്ള് എക്സ്റേ ഉപകരണങ്ങളും സജ്ജീകരിച്ച സഞ്ചരിക്കുന്ന പരിശോധനാ വാനുകള് ഉപയോഗിച്ച് മൂന്ന് ദിവസങ്ങളിലായി 1,250 പേരെ സംഘം പരിശോധനയ്ക്ക് വിധേയരാക്കുകയും 250ലധികം സാധ്യതയുള്ള കേസുകള് തുടര് പരിശോധനകള്ക്കായി കണ്ടെത്തുകയും ചെയ്തു. ഇന്ത്യന് സൈന്യം, പ്രാദേശിക ആരോഗ്യ പ്രവര്ത്തകര്, ഗ്രാമപ്രതിനിധികള്, മതനേതാക്കള് എന്നിവരുമായി ചേര്ന്ന് ബോധവല്ക്കരണ പരിപാടികളും നടത്തി. 2025ഓടെ 'ക്ഷയരോഗമുക്ത കശ്മീര്' കൈവരിക്കാനുള്ള ജമ്മു കശ്മീരിന്റെ പ്രതിബദ്ധതയെ ഈ പ്രവര്ത്തനം പ്രതിഫലിപ്പിക്കുന്നു.
എ.ഐ അധിഷ്ഠിത സംരംഭങ്ങള്
ആരോഗ്യ സേവനങ്ങളിലെ പ്രവേശനക്ഷമതയും വേഗവും മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യയെ ആരോഗ്യ രംഗവുമായി സംയോജിപ്പിക്കുന്നതിന്റെ ഭാഗമായി ക്ഷയരോഗം കണ്ടെത്തല്, രോഗനിര്ണയം, ചികിത്സ എന്നിവയ്ക്കായി നിര്മിതബുദ്ധി സംവിധാനങ്ങള് ഗവണ്മെന്റ് പ്രയോജനപ്പെടുത്തുന്നു. അവ താഴെ:
പ്രധാന മേഖല
എ.ഐ പരിഹാരം / സംരംഭം
പ്രവര്ത്തന പ്രക്രിയയും സാങ്കേതികവിദ്യയും ചികിത്സാനുഭവവും
പ്രവര്ത്തനക്ഷമതയും ചികിത്സാ ഫലവും
ക്ഷയരോഗ പരിശോധന
കഫ് എഗെയ്ന്സ്റ്റ് ടി.ബി (CATB)
അക്കൗസ്റ്റിക് എ.ഐ: സ്മാര്ട്ട്ഫോണ് ആപ്പ് വഴി രോഗിയുടെ 3 സെക്കന്ഡ് ചുമയുടെ ശബ്ദം റെക്കോര്ഡ് ചെയ്ത് അതിന്റെ ഫ്രീക്വന്സി തരംഗങ്ങള് പരിശോധിച്ച് ക്ഷയരോഗ ലക്ഷണങ്ങള് കണ്ടെത്തുന്നു.
1.62 ലക്ഷത്തിലധികം പേരില് പരിശോധന നടത്തി. പരമ്പരാഗത രീതികളേക്കാള് 12 മുതല് 16% വരെ അധിക രോഗബാധിതരെ കണ്ടെത്താനായി.
ക്ഷയരോഗ പരിപാലനം
പ്രതികൂല ഫലങ്ങളുടെ പ്രവചനം
മുന്കൂര് വിശകലനം: ചികിത്സ ആരംഭിച്ചുകഴിഞ്ഞാല് ചികിത്സ പരാജയപ്പെടാന് ഉയര്ന്ന സാധ്യതയുള്ള രോഗികളെ നിര്മിതബുദ്ധി മുന്കൂട്ടി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്കുന്നു.
രാജ്യവ്യാപകമായി വിന്യസിച്ച ശേഷം ചികിത്സയിലെ പ്രതികൂല ഫലങ്ങളില് 27 ശതമാനം കുറവ് രേഖപ്പെടുത്തി.
ക്ഷയരോഗചികിത്സാ മുന്ഗണനാ നിര്ണയം (ട്രയേജ്)
ഡീപ് സി.എക്സ്.ആര് (ചെസ്റ്റ് എക്സ്റേ)
റേഡിയോളജി എ.ഐ: ഡിജിറ്റല് എക്സ്റേ ചിത്രങ്ങള് സ്വമേധയാ പരിശോധിച്ച് ക്ഷയരോഗ സാധ്യതയുള്ള നോഡ്യൂളുകള്/കാവിറ്റികള് കണ്ടെത്തുന്നു.
8 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിന്യസിച്ചു; വിദഗ്ധ ഡോക്ടര്മാരുടെ കുറവ് പരിഹരിക്കാന് ഗവണ്മെന്റിന് സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്.
ക്ഷയരോഗ നിര്മാര്ജനത്തിലേക്ക് കരുത്തോടെ
പ്രതിജ്ഞാബദ്ധമായ പ്രവര്ത്തനങ്ങളും ജനകീയ പങ്കാളിത്തവും ശക്തമായ പൊതുജനാരോഗ്യ ഇടപെടലുകളും വലിയ മാറ്റങ്ങള് കൊണ്ടുവരുമെന്നതിന്റെ വ്യക്തമായ തെളിവാണ് ക്ഷയരോഗബാധയില് ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന സുസ്ഥിരമായ കുറവ്. നിരന്തര ജാഗ്രത, വിപുലീകരിച്ച ആരോഗ്യ പരിചരണം, കൂട്ടായ ഉത്തരവാദിത്തം എന്നിവയിലൂടെ 'ക്ഷയരോഗമുക്ത ഭാരതം' കേവലം ലക്ഷ്യമല്ലെന്നും കൈവരിക്കാന് കഴിയുന്ന യാഥാര്ത്ഥ്യമാണെന്നുമുള്ള നേട്ടത്തിലേക്ക് മുന്നേറുകയാണ് രാജ്യം. ക്ഷയരോഗത്തെക്കുറിച്ച് അവബോധം വര്ധിപ്പിക്കാനും രോഗനിര്മാര്ജനത്തിന് ജനങ്ങളെ അണിനിരത്താനും 'ജോഷ്' സമൂഹമാധ്യമ കാമ്പയിന് പ്രയത്നിക്കുന്നു. എല്ലാ തലങ്ങളിലെയും ആരോഗ്യ സ്ഥാപനങ്ങള്, യുവജനങ്ങള്, പൊതുസമൂഹം എന്നിവയെ കോര്ത്തിണക്കുന്ന ഈ സംരംഭങ്ങളിലൂടെ 'വികസിത് ഭാരത് 2047' എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വ്യാപകവും മാരകവുമായ മഹാമാരിയെ തുടച്ചുനീക്കാന് കരുത്തോടെ മുന്നേറുകയാണ് ഇന്ത്യ.
അവലംബം:
Ministry of Health and Family Welfare
https://www.pib.gov.in/PressReleasePage.aspx?PRID=2189415
https://www.pib.gov.in/PressReleasePage.aspx?PRID=2275402®=1&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2114549
https://www.pib.gov.in/PressReleasePage.aspx?PRID=1808582
https://www.pib.gov.in/PressReleasePage.aspx?PRID=2184456
https://www.pib.gov.in/PressReleasePage.aspx?PRID=2081662
https://mohfw.gov.in/?q=en/basicpage-
https://tbcindia.mohfw.gov.in/national-strategic-plan-to-end-tb-in-india-2020-25/
https://dghs.mohfw.gov.in/national-tuberculosis-elimination-programme.php
https://tbcindia.mohfw.gov.in/concept-note/
https://aam.mohfw.gov.in/
https://tbcindia.mohfw.gov.in/wp-content/uploads/2024/10/TB-Report_for-Web_08_10-2024-1.pdf
https://mohfw.gov.in/?q=/press-info/7783
https://www.mohfw.gov.in/?q=en/pressrelease-217
https://tbcindia.mohfw.gov.in/wp-content/uploads/2023/05/4193711960Social-action-plan-2013-Final-7th-Jan-14.pdf
https://tbcindia.mohfw.gov.in/wp-content/uploads/2023/05/4773363959TOG-Chapter-1-Introduction.pdf
PIB Backgrounder
https://www.pib.gov.in/PressReleasePage.aspx?PRID=2244661®=3&lang=1
Click to see pdf
***
(Explainer ID: 160467)
आगंतुक पटल : 5
Provide suggestions / comments