Technology
ഇന്ത്യയിലെ അഡിറ്റീവ് മാനുഫാക്ചറിംഗ്
അടുത്ത തലമുറ ഡിജിറ്റൽ നിർമ്മാണത്തിലൂടെ ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കുന്നു
Posted On:
07 OCT 2026 12:14PM
ഒരു ഡിജിറ്റൽ ഫയൽ നിർമ്മാണ പ്രക്രിയയെ നിയന്ത്രിക്കുന്ന 3D പ്രിൻ്റിംഗ് സാങ്കേതികവിദ്യയായ അഡിറ്റീവ് മാനുഫാക്ചറിംഗിലൂടെ (AM) ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ മത്സരാധിഷ്ഠിത ശക്തിയായി ഉയർന്നുവരികയാണ്. ഇന്ത്യയുടെ അഡിറ്റീവ് മാനുഫാക്ചറിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 2022-ൽ അവതരിപ്പിച്ച തന്ത്രമാണ് നാഷണൽ സ്ട്രാറ്റജി ഫോർ അഡിറ്റീവ് മാനുഫാക്ചറിംഗ് (NSAM). സ്ഥിരതയാർന്ന പുരോഗതി കൈവരിച്ച ഈ തന്ത്രത്തിൻ്റെ ഭാഗമായി ഇതുവരെ 1,54,000-ലധികം പേർക്ക് പരിശീലനം നൽകുകയും 56 അഡിറ്റീവ് മാനുഫാക്ചറിംഗ് സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്. ഈ തന്ത്രം ഇപ്പോൾ NSAM 2.0 ഘട്ടത്തിലേക്ക് കടക്കുകയാണ്. ആത്മനിർഭർ ഭാരത്, വികസിത ഭാരതം എന്നിവയുടെ അടിത്തറ പാകുന്ന നിർണ്ണായക ഘടകമായി അഡിറ്റീവ് മാനുഫാക്ചറിംഗിനെ മാറ്റിക്കൊണ്ട്, NSAM 1.0-നേക്കാൾ വലിയ വിപണി ലക്ഷ്യമിട്ടാണ് ഈ പുതിയ ഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റം പുതിയ തലത്തിലേക്ക് നീങ്ങുന്നു
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ, സാങ്കേതികവിദ്യയുടെ ഉപഭോക്താവ് എന്ന നിലയിൽ നിന്ന് അതിൻ്റെ നിർമ്മാതാവ് എന്ന നിലയിലേക്ക് ഇന്ത്യ വളർന്നുകഴിഞ്ഞു. ജനസംഖ്യയുടെ വൻതോതിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഇന്ത്യക്ക് എങ്ങനെ സാധിക്കുമെന്ന് ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ഇതിനകം ലോകത്തിന് കാണിച്ചുകൊടുത്തു. അതേ ആത്മവിശ്വാസം ഇപ്പോൾ ഡിജിറ്റൽ ലോകത്തുനിന്ന് ഭൗതിക ലോകത്തേക്കും വ്യാപിക്കുകയാണ്. വസ്തുക്കൾ രൂപകൽപ്പന ചെയ്യുന്നതിലും നിർമ്മിക്കുന്നതിലും ഉൽപ്പാദിപ്പിക്കുന്നതിലും ഇന്ത്യ കൈവരിക്കുന്ന മുന്നേറ്റത്തിലും ഇത് പ്രതിഫലിക്കുന്നു. ഇവിടെയാണ് അഡിറ്റീവ് മാനുഫാക്ചറിംഗ് (AM) പ്രസക്തമാകുന്നത്. ഡിജിറ്റൽ രൂപകൽപ്പനകളെ യഥാർത്ഥ ഭൗതിക വസ്തുക്കളാക്കി മാറ്റുന്ന ഉയർന്നുവരുന്ന സാങ്കേതികവിദ്യയും നൂതനാശയവുമാണിത്.
ഇന്ത്യയുടെ നിർമ്മാണ മേഖലയിലെ മുന്നേറ്റത്തിൽ ഏറ്റവും പുതിയ എഞ്ചിനീയറിംഗ് മേഖലകളിൽ ഒന്നായി അഡിറ്റീവ് മാനുഫാക്ചറിംഗ് മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള അഡിറ്റീവ് മാനുഫാക്ചറിംഗ് യന്ത്ര വിപണി 2035-ഓടെ 149 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നും, അഡിറ്റീവ് മാനുഫാക്ചറിംഗ്-ഇലക്ട്രോണിക്സ് വിതരണ ശൃംഖല 18 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 112 ബില്യൺ യുഎസ് ഡോളറായി വളരുമെന്നും കണക്കാക്കപ്പെടുന്നു. പോളിമറുകൾ, ലോഹങ്ങൾ, കോമ്പോസിറ്റുകൾ, സെറാമിക്സ്, സെമികണ്ടക്ടർ-ഗ്രേഡ് വസ്തുക്കൾ എന്നിവയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് പ്ലാറ്റ്‌ഫോമുകളുടെ മത്സരക്ഷമതയുള്ള ഒരു നിർമ്മാതാവായി മാറാൻ ഇന്ത്യക്ക് ഇതിലൂടെ മികച്ച അവസരമാണ് ലഭിക്കുന്നത്.
സർഗ്ഗാത്മക മനസ്സുകൾ, ശാസ്ത്രത്തിന് ഉത്തേജനം, സാങ്കേതികവിദ്യകളുടെ ശാക്തീകരണം

ഇന്ത്യയുടെ എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവിൻ്റെ (ESTIC) രണ്ടാം പതിപ്പായ ESTIC-2026, 2026 ഒക്ടോബർ 27 മുതൽ 29 വരെ നടക്കും. “ക്രിയേറ്റീവ് മൈൻഡ്‌സ്, കാറ്റലൈസിംഗ് സയൻസ്, എംപവറിംഗ് ടെക്‌നോളജീസ്” (സർഗ്ഗാത്മക മനസ്സുകൾ, ശാസ്ത്രത്തിന് ഉത്തേജനം, സാങ്കേതികവിദ്യകളുടെ ശാക്തീകരണം) എന്ന പ്രമേയത്തിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) സംഘടിപ്പിക്കുന്ന ESTIC-2026, ശാസ്ത്ര-സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരും. വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുള്ള അഡിറ്റീവ് മാനുഫാക്ചറിംഗും മറ്റ് നൂതന സാങ്കേതികവിദ്യകളും ഇതിൽ ഉൾപ്പെടുന്നു. തന്ത്രപരമായ സഹകരണങ്ങൾക്ക് ഉത്തേജനം നൽകുന്ന ഈ കോൺക്ലേവ്, 'വികസിത ഭാരതം @2047' എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് പിന്തുണ നൽകുകയും ചെയ്യും. 12 വിഷയാധിഷ്ഠിത മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പരിപാടിയിൽ പ്ലീനറി സെഷനുകൾ, സാങ്കേതിക ചർച്ചകൾ, പ്രദർശനങ്ങൾ എന്നിവ ഉണ്ടായിരിക്കും. അജണ്ടയെക്കുറിച്ച് കൂടുതൽ വായിക്കാം: ESTIC 2026.
അഡിറ്റീവ് മാനുഫാക്ചറിംഗ് (AM) സാങ്കേതികവിദ്യയെക്കുറിച്ച് മനസ്സിലാക്കാം
അഡിറ്റീവ് മാനുഫാക്ചറിംഗ് (AM) എന്നത് കേവലമൊരു നിർമ്മാണ ഉപകരണം മാത്രമല്ല - ഒരു വസ്തു നിർമ്മിക്കുന്നതിനായി വസ്തുക്കളുടെ പാളികൾ ഒന്നിനുമീതെ ഒന്നായി നിക്ഷേപിക്കുന്നതിനെയും ചിലപ്പോൾ അവയുടെ ഘടനയെയും പൂർണ്ണമായി നിയന്ത്രിക്കുന്ന ഒരു ഡിജിറ്റൽ ഫയൽ ഉപയോഗപ്പെടുത്തുന്ന ഡിജിറ്റൽ എഞ്ചിനീയറിംഗ് രീതിയാണിത്. കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, ഡിസൈൻ സോഫ്റ്റ്‌വെയർ, മെറ്റീരിയൽ സയൻസ് എന്നിവയുടെ സംയോജനമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. ഓരോ അഡിറ്റീവ് മാനുഫാക്ചറിംഗ് വസ്തുവും ഒരു ഡിജിറ്റൽ ഫയലിൽ നിന്നാണ് ആരംഭിക്കുന്നത്; അതിനാൽ കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ (CAD), നിർമ്മിതബുദ്ധി (AI), പാറ്റേൺ തിരിച്ചറിയൽ തുടങ്ങിയവയുമായി ഈ സാങ്കേതികവിദ്യ അടുത്ത ബന്ധം പുലർത്തുന്നു. വെട്ടിമുറിച്ച് ചെറുതാക്കുന്നതിന് പകരം, ഒന്നിനുമീതെ ഒന്നായി കൂട്ടിച്ചേർത്ത് ഒരു വസ്തുവിനെ നിർമ്മിച്ചെടുക്കുക എന്ന ലളിതവും എന്നാൽ ശക്തവുമായ ആശയത്തിലാണ് അഡിറ്റീവ് മാനുഫാക്ചറിംഗ് പ്രവർത്തിക്കുന്നത്. ഒരു ഡിജിറ്റൽ രൂപകൽപ്പന എങ്ങനെയാണ് ഘട്ടംഘട്ടമായി ഒരു ഭൗതിക വസ്തുവായി മാറുന്നതെന്ന് താഴെ നൽകുന്നു:

• വെർച്വൽ ഡിസൈൻ: ഒരു CAD (കമ്പ്യൂട്ടർ-എയ്ഡഡ് ഡിസൈൻ) ഫയലിൽ തയ്യാറാക്കുന്ന ഒരു ഡിജിറ്റൽ രൂപകൽപ്പനയോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. ഇത് തുടക്കം മുതൽ മോഡൽ ചെയ്തതോ, 3D സ്കാനർ ഉപയോഗിച്ച് പകർത്തിയതോ, അല്ലെങ്കിൽ ഇക്കാലത്ത് മൊബൈൽ ഫോൺ ഫോട്ടോകളിൽ നിന്ന് നിർമ്മിതബുദ്ധി (AI) ഉപയോഗിച്ച് തയ്യാറാക്കിയതോ ആകാം.
• STL ഫയൽ: ഒരു STL ഫയൽ, ഒരു 3D മോഡലിനെ ത്രികോണാകൃതിയിലുള്ള പ്രതലങ്ങളുടെ ശേഖരമായാണ് പ്രതിനിധീകരിക്കുന്നത്. അഡിറ്റീവ് മാനുഫാക്ചറിംഗിനായി മോഡലുകൾ തയ്യാറാക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ഫയൽ ഫോർമാറ്റുകളിൽ ഒന്നാണിത്. എന്താണ് നിർമ്മിക്കേണ്ടതെന്ന് ഈ ഫയൽ മെഷീന് നിർദ്ദേശം നൽകുന്നു.
• സ്ലൈസിംഗ് : സ്ലൈസിംഗ് സോഫ്റ്റ്‌വെയർ ഈ ഡിജിറ്റൽ മോഡലിനെ നൂറുകണക്കിനോ ആയിരക്കണക്കിനോ ഉള്ള തിരശ്ചീന പാളികളായി വിഭജിക്കുന്നു. ഇത് പൂർത്തിയായിക്കഴിഞ്ഞാൽ, ഓരോ പാളിയും എങ്ങനെ പ്രിൻ്റ് ചെയ്യണമെന്ന് മെഷീന് നിർദ്ദേശം നൽകുന്നു.
• പ്രിൻ്റിംഗ്: സ്ലൈസ് ചെയ്ത ഫയൽ അഡിറ്റീവ് മാനുഫാക്ചറിംഗ് മെഷീനിലേക്ക് നൽകുന്നു; മെഷീൻ ഓരോ പാളിയും വായിക്കുകയും ഘട്ടം ഘട്ടമായി ആ വസ്തു നിർമ്മിക്കുകയും ചെയ്യുന്നു.
• അഡിറ്റീവ് പ്രക്രിയ: ഒരു അഡിറ്റീവ് മാനുഫാക്ചറിംഗ് വസ്തു അതിൻ്റെ അന്തിമ രൂപം കൈവരിക്കുന്നത് വരെ വസ്തുക്കളുടെ തുടർച്ചയായ പാളികൾ ഒന്നിനുമീതെ ഒന്നായി നിക്ഷേപിച്ചാണ് നിർമ്മിക്കുന്നത്. സാങ്കേതികവിദ്യയുടെ വളർച്ച ഡിജിറ്റൽ നിർമ്മാണത്തിലെ മെറ്റീരിയൽ നിക്ഷേപിക്കുന്നതിലും ഘടന നിയന്ത്രിക്കുന്നതിലും അത്രയേറെ കൃത്യത കൈവരിച്ചിട്ടുണ്ട്. അതിനാൽ ഡിജിറ്റൽ നിർദ്ദേശങ്ങളില്ലാതെ പ്രിൻ്റിംഗ് പ്രക്രിയയ്ക്ക് വസ്തു കൃത്യമായി നിർമ്മിക്കാൻ കഴിയില്ല. നിലവിൽ വിപണിയിലും ഗവേഷണ-വികസന (R&D) ഘട്ടത്തിലുമായി ഇത്തരം 40-ലധികം പ്രക്രിയകൾ നിലവിലുണ്ട്.
• അന്തിമ ഉൽപ്പന്നം: തുടർച്ചയായ പാളികളെ ഒന്നിച്ച് സംയോജിപ്പിച്ച് പ്രിൻ്റർ പൂർണ്ണമായ ഒരു ത്രിമാന (3D) വസ്തുവാക്കി മാറ്റുന്നു. പ്രിൻ്റ് ചെയ്തുകഴിഞ്ഞാൽ, വിപണിയിൽ എത്തിക്കാൻ പാകത്തിൽ ഇതിൽ അന്തിമ മിനുക്കുപണികൾ നടത്തുന്നു.
അഡിറ്റീവ് മാനുഫാക്ചറിംഗ് മെറ്റീരിയലുകൾ
നിരവധി ഉപയോഗമേഖലകളിൽ, ഇനിപ്പറയുന്ന അസംസ്കൃത വസ്തുക്കളുടെ വിഭാഗങ്ങൾ അഡിറ്റീവ് മാനുഫാക്ചറിംഗിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്:
• തെർമോപ്ലാസ്റ്റിക്കുകൾ: അഡിറ്റീവ് മാനുഫാക്ചറിംഗിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വസ്തുക്കളാണ് തെർമോപ്ലാസ്റ്റിക് പോളിമറുകൾ. അക്രിലോനൈട്രൈൽ ബ്യൂട്ടാഡൈൻ സ്റ്റൈറീൻ (ABS), പോളികാർബണേറ്റ് (PC), പോളിലാക്റ്റിക് ആസിഡ് (PLA) എന്നിവ ഓരോന്നും വ്യത്യസ്ത ഉപയോഗമേഖലകളിൽ തനതായ നേട്ടങ്ങൾ നൽകുന്നു. വെള്ളത്തിൽ അലിയുന്ന പോളിവിനൈൽ ആൽക്കഹോൾ (PVA) സാധാരണയായി താൽക്കാലിക സപ്പോർട്ട് ഘടനകൾ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്, പിന്നീട് ഇവ വെള്ളത്തിൽ ലയിപ്പിച്ച് നീക്കം ചെയ്യുന്നു.
• ലോഹങ്ങൾ: സ്വർണ്ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങൾ മുതൽ സ്റ്റെയിൻലെസ് സ്റ്റീൽ, ടൈറ്റാനിയം തുടങ്ങിയ തന്ത്രപ്രധാന ലോഹങ്ങൾ വരെയുള്ള വ്യത്യസ്ത ലോഹങ്ങളും ലോഹസങ്കരങ്ങളും അഡിറ്റീവ് മാനുഫാക്ചറിംഗിൽ ഉപയോഗിക്കുന്നു.
• സെറാമിക്സ്: സിർക്കോണിയ, അലുമിന, ട്രൈകാൽസ്യം ഫോസ്ഫേറ്റ് എന്നിവയുൾപ്പെടെ വിവിധതരം സെറാമിക്സുകളും അഡിറ്റീവ് മാനുഫാക്ചറിംഗിൽ ഉപയോഗിക്കുന്നു. കൂടാതെ, പൊടിച്ച ഗ്ലാസിൻ്റെയും പശയുടെയും ഒന്നിടവിട്ടുള്ള പാളികൾ ഒരുമിച്ച് ചൂടാക്കി തികച്ചും പുതിയ വിഭാഗത്തിലുള്ള ഗ്ലാസ് ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നു.
• ജൈവ വസ്തുക്കൾ (ബയോ മെറ്റീരിയലുകൾ): പുതിയ അസ്ഥികൾ വളരുമ്പോൾ അസ്ഥി ഘടനകളെ താങ്ങിനിർത്തുന്നതിനായി സിലിക്കൺ, കാൽസ്യം ഫോസ്ഫേറ്റ്, സിങ്ക് തുടങ്ങിയ ദൃഢമാക്കിയ വസ്തുക്കളാണ് അഡിറ്റീവ് മാനുഫാക്ചറിംഗ് ഉപയോഗങ്ങളിലെ ജൈവ വസ്തുക്കളിൽ ഉൾപ്പെടുന്നത്. രക്തക്കുഴലുകൾ, മൂത്രസഞ്ചി, മറ്റ് നിരവധി മനുഷ്യ അവയവങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിനായി സ്റ്റെം സെല്ലുകളിൽ നിന്ന് നിർമ്മിക്കുന്ന ബയോ-ഇങ്കുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും ഗവേഷകർ നടത്തിവരുന്നു. കൂടാതെ, ജൈവ വസ്തുക്കളും ജീവകോശങ്ങളും ഉപയോഗിച്ച് കരൾ കലകൾ, വൃക്ക, ഹൃദയം തുടങ്ങിയ മനുഷ്യ അവയവങ്ങളുടെ 3D പ്രിൻ്റിംഗും നടത്തിവരുന്നു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളെ പുനർനിർമ്മിക്കുന്നു
അഡിറ്റീവ് മാനുഫാക്ചറിംഗ് (AM) ഇനി കേവലം ലബോറട്ടറികളിലും പ്രോട്ടോടൈപ്പുകളിലും മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഗവൺമെന്റിന്റെയും സ്വകാര്യ മേഖലയിലെ പങ്കാളികളുടെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതികളിലൂടെ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നിർണ്ണായക മേഖലകളിലും തന്ത്രപ്രധാന മേഖലകളിലും ഇതിന് ഇതിനകം തന്നെ സ്വീകാര്യത ലഭിച്ചുകഴിഞ്ഞു.
ബഹിരാകാശവും എയ്‌റോസ്‌പേസും
ഭാരം കുറഞ്ഞതും വേഗതയേറിയതുമായ ഹാർഡ്‌വെയറുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യയുടെ ബഹിരാകാശ പദ്ധതി അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യ സ്വീകരിച്ചുവരികയാണ്. 2024 മെയ് മാസത്തിൽ, ഐഐടി മദ്രാസ് ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്‌മോസ്, അഡിറ്റീവ് മാനുഫാക്ചറിംഗിലൂടെ ഒറ്റക്കഷണമായി 3D പ്രിൻ്റ് ചെയ്ത സെമി-ക്രയോജനിക് റോക്കറ്റ് എഞ്ചിൻ ഉൾക്കൊള്ളുന്ന 'അഗ്നിബാൻ - സോർട്ടഡ്' വിക്ഷേപിച്ചു. സങ്കീർണ്ണമായ എഞ്ചിൻ ഡിസൈനുകൾ സാധ്യമാക്കാനും ബഹിരാകാശ ഹാർഡ്‌വെയറുകളുടെ വേഗത്തിലുള്ള തദ്ദേശീയ വികസനത്തിന് പിന്തുണ നൽകാനും അഡിറ്റീവ് മാനുഫാക്ചറിംഗിന് എങ്ങനെ കഴിയുമെന്ന് ഈ ദൗത്യം തെളിയിച്ചു. അഡിറ്റീവ് മാനുഫാക്ചറിംഗ് ഉപയോഗിച്ച് നിർണ്ണായക എഞ്ചിൻ ഭാഗങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ-വികസന (R&D) പ്രവർത്തനങ്ങളിൽ കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് NSAM പിന്തുണ നൽകിവരുന്നു.
പ്രതിരോധം
വേഗതയേറിയതും ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സായുധ സേന അഡിറ്റീവ് മാനുഫാക്ചറിംഗിലേക്ക് തിരിയുകയാണ്. വെറും 12 ആഴ്ചകൾക്കുള്ളിൽ അഹമ്മദാബാദിൽ നിർമ്മിച്ച ആദ്യത്തെ അഡിറ്റീവ് മാനുഫാക്ചറിംഗ് പ്രിൻ്റ് ചെയ്ത ഇരുനില പാർപ്പിട സമുച്ചയം ഇന്ത്യൻ സൈന്യം ഉദ്ഘാടനം ചെയ്തു. തുടർന്ന് ലഡാക്ക് പോലുള്ള പ്രവർത്തന മേഖലകളിലെ പ്രീകാസ്റ്റ് പ്രതിരോധ നിർമ്മാണങ്ങളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിച്ചു. അറ്റകുറ്റപ്പണികൾക്കും സർവീസിംഗിനുമായി വർക്ക്‌ഷോപ്പ് തലത്തിലുള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് പ്രതിരോധ സേനയുടെ മൂന്ന് വിഭാഗങ്ങൾക്കും NSAM പിന്തുണ നൽകിവരുന്നു.

ആരോഗ്യപരിപാലനം
അഡിറ്റീവ് മാനുഫാക്ചറിംഗിലൂടെ ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ സാങ്കേതികവിദ്യകൾക്ക് തദ്ദേശീയമായ ബദലുകൾ ഇന്ത്യ വികസിപ്പിക്കുകയാണ്. NASM-ന് കീഴിൽ, അഡിറ്റീവ് മാനുഫാക്ചറിംഗ് അധിഷ്ഠിത മെഡിക്കൽ ഉപകരണ നിർമ്മാണത്തെയും, പ്രകൃതിദത്ത പട്ട് അധിഷ്ഠിത ഇംപ്ലാൻ്റുകൾ 3D പ്രിൻ്റ് ചെയ്യുന്ന 'ഓസ്റ്റിയോഫോർജ്' പോലുള്ള സ്റ്റാർട്ടപ്പുകളെയും ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം (MeitY) പിന്തുണച്ചിട്ടുണ്ട്. തദ്ദേശീയ ബയോസെറാമിക് വസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന 3D പ്രിൻ്റഡ് ബോൺ ഗ്രാഫ്റ്റുകൾക്ക് ടെക്നോളജി ഡെവലപ്‌മെൻ്റ് ബോർഡ് പിന്തുണ നൽകിവരുന്നു. ഒരു രോഗിയുടെ പ്രത്യേക ആവശ്യങ്ങൾക്കും ശരീരഘടനയ്ക്കും അനുയോജ്യമായ രീതിയിൽ ഇത്തരം ഗ്രാഫ്റ്റുകൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. ഇത് ഇറക്കുമതി കുറയ്ക്കാനും, ആഭ്യന്തര മെഡിക്കൽ നിർമ്മാണം ശക്തിപ്പെടുത്താനും, കൂടുതൽ വ്യക്തിഗതമാക്കിയ ആരോഗ്യപരിപാലനത്തിന് പിന്തുണ നൽകാനും സഹായിക്കും.
ഇലക്ട്രോണിക്സ്
ഇന്ത്യയുടെ അഡിറ്റീവ് മാനുഫാക്ചറിംഗ് കേന്ദ്രങ്ങളുടെ ശൃംഖല ഇലക്ട്രോണിക്സ്-ഗ്രേഡ് നിർമ്മാണത്തിൽ തദ്ദേശീയ ശേഷി കെട്ടിപ്പടുക്കുകയാണ്. ബാറ്ററികൾ, ആൻ്റിനകൾ, വാരിസ്റ്ററുകൾ, കപ്പാസിറ്ററുകൾ തുടങ്ങി നിരവധി അഡിറ്റീവ് മാനുഫാക്ചറിംഗ് ഉപയോഗിച്ച് പ്രിൻ്റ് ചെയ്ത ഇലക്ട്രോണിക്സ് ഘടകങ്ങൾ NSAM വിജയകരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ലോകത്താദ്യമായി, അഡിറ്റീവ് മാനുഫാക്ചറിംഗ് പ്രിൻ്റിംഗ് ഉപയോഗിച്ച് ഫോട്ടോണിക് ഇൻ്റഗ്രേറ്റഡ് സർക്യൂട്ട് ബ്ലോക്കുകൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) വിജയകരമായി വികസിപ്പിച്ചു.
നിർമ്മാണ മേഖല
വേഗതയേറിയതും സുസ്ഥിരവുമായ നിർമ്മാണത്തിനുള്ള സാധ്യതയുള്ള പരിഹാരമായി ഇന്ത്യ 3D പ്രിൻ്റിംഗിനെ പരിശോധിച്ചുവരികയാണ്. നിർമ്മാണ സ്ഥലത്തുതന്നെ പ്രവർത്തിപ്പിക്കാവുന്ന 'കെൽവിൻ 6കെ പ്രോ' എന്ന 3D കൺസ്ട്രക്ഷൻ പ്രിൻ്റർ, കുറഞ്ഞ കാർബൺ ഉദ്‌വമനമുള്ള ജിയോപോളിമർ വസ്തുക്കൾ ഉപയോഗിച്ച് 2,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകൾ 30 ദിവസത്തിനുള്ളിൽ നിർമ്മിക്കാനുള്ള ശേഷി തെളിയിച്ചിട്ടുണ്ട്. നിർമ്മാണ സാമഗ്രികളുടെയും ചരക്കുനീക്കത്തിൻ്റെയും ചെലവ് കുറയ്ക്കാനും, കാർബൺ ഉദ്‌വമനം കുറയ്ക്കാനും, നിർമ്മാണ കാര്യക്ഷമത മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യയ്ക്ക് ശേഷിയുണ്ട്. സിമൻ്റ് അധിഷ്ഠിത നിർമ്മാണവുമായി താരതമ്യപ്പെടുത്തുമ്പോൾ നിർമ്മാണ സാമഗ്രികളുടെയും ലോജിസ്റ്റിക്സിൻ്റെയും ചെലവിൽ 30 ശതമാനം കുറവും, കാർബൺ ഉദ്‌വമനത്തിൽ 90 ശതമാനം കുറവും വരുത്താനുള്ള സാധ്യത ഇതിൻ്റെ ആദ്യകാല ഉപയോഗങ്ങൾ വ്യക്തമാക്കുന്നു.
വളർന്നുവരുന്ന ഈ മുന്നേറ്റത്തിന് പിന്നിൽ ഗവണ്മെന്റിന്റെ വ്യക്തമായ പിന്തുണയുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഒറ്റപ്പെട്ട പരീക്ഷണ പദ്ധതികളിൽ നിന്ന് മാറി അഡിറ്റീവ് മാനുഫാക്ചറിംഗിനായി പ്രത്യേക ധനസഹായവും സ്ഥാപനങ്ങളും ദേശീയ തന്ത്രവും പിന്തുണയ്ക്കുന്ന ചിട്ടയായ ദൗത്യാധിഷ്ഠിത സമീപനത്തിലേക്ക് കേന്ദ്രം കടന്നിരിക്കുകയാണ്. സൗരോർജ്ജ സംഭരണത്തിനായി കോൺക്രീറ്റ് അധിഷ്ഠിത സൂപ്പർകപ്പാസിറ്ററുകൾ ഇപ്പോൾ NSAM വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഗവണ്മെന്റിന്റെ നയപരമായ സംരംഭങ്ങൾ: ഇന്ത്യൻ അഡിറ്റീവ് മാനുഫാക്ചറിംഗ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു

അഡിറ്റീവ് മാനുഫാക്ചറിംഗിനെ തന്ത്രപ്രധാനവും, അടുത്ത തലമുറയിലെ നിർമ്മാണ സാങ്കേതികവിദ്യയുമായി തിരിച്ചറിഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ ചിട്ടയായ ദേശീയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ്. നാഷണൽ സ്ട്രാറ്റജി ഫോർ അഡിറ്റീവ് മാനുഫാക്ചറിംഗിലാണ് (NSAM) ഈ ശ്രമം ഉറപ്പിച്ചിരിക്കുന്നത്. ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്ന വളർന്നുവരുന്ന ദേശീയ പ്ലാറ്റ്‌ഫോമുകൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവയുടെ പിന്തുണയും ഇതിനുണ്ട്.
നാഷണൽ സ്ട്രാറ്റജി ഫോർ അഡിറ്റീവ് മാനുഫാക്ചറിംഗ് (NSAM)
കേന്ദ്ര ഇലക്ട്രോണിക്സ്, വിവരസാങ്കേതിക മന്ത്രാലയം (MeitY) 2022 ഫെബ്രുവരിയിലാണ് നാഷണൽ സ്ട്രാറ്റജി ഫോർ അഡിറ്റീവ് മാനുഫാക്ചറിംഗ് (NSAM) പുറത്തിറക്കിയത്. 3D പ്രിൻ്റിംഗിനും അഡിറ്റീവ് മാനുഫാക്ചറിംഗിനുമുള്ള ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശക നയ ചട്ടക്കൂടായി NSAM പ്രവർത്തിക്കുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരത്' എന്നിവയുമായി ചേർന്നുനിൽക്കുന്ന ഈ തന്ത്രം വ്യക്തവും സമയബന്ധിതവുമായ ദേശീയ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ, വ്യവസായ മേഖല, അക്കാദമിക് രംഗം എന്നിവയുടെ സഹകരണത്തോടെയാണ് ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുന്നത്.
ആഗോള അഡിറ്റീവ് മാനുഫാക്ചറിംഗ് വിപണിയുടെ 5 ശതമാനം വിഹിതം സ്വന്തമാക്കാനും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് (GDP) ഏകദേശം 1 ബില്യൺ യുഎസ് ഡോളർ സംഭാവന നൽകാനും ഈ ദേശീയ നയം ലക്ഷ്യമിടുന്നു. കൂടാതെ, അസംസ്കൃത വസ്തുക്കൾ, യന്ത്രങ്ങൾ, പ്രക്രിയകൾ, സോഫ്റ്റ്‌വെയർ എന്നിവ ഉൾപ്പെടെ, ഇന്ത്യയ്ക്ക് അനുയോജ്യമായ 50 അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു.
100 പുതിയ അഡിറ്റീവ് മാനുഫാക്ചറിംഗ് സ്റ്റാർട്ടപ്പുകൾ വളർത്തിയെടുക്കാനും 500 പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും ഈ നയം ശ്രമിക്കുന്നു. അഡിറ്റീവ് മാനുഫാക്ചറിംഗ് തൊഴിൽ മേഖലയ്ക്കായി ഒരു ലക്ഷം വിദഗ്ദ്ധ തൊഴിലാളികൾക്ക് പരിശീലനം നൽകാനും ഇത് ലക്ഷ്യമിടുന്നു. നിലവിലുള്ളതും ഉയർന്നുവരുന്നതുമായ 10 നിർമ്മാണ മേഖലകളിലുടനീളം അഡിറ്റീവ് മാനുഫാക്ചറിംഗ് ശേഷികൾ കെട്ടിപ്പടുക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം.

ഈ ലക്ഷ്യങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി, ഗവണ്മെന്റ് ഏഴ് പ്രത്യേക വികസന-വിന്യാസ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങൾ ഗവേഷണ-വികസനത്തിനും നൈപുണ്യ വികസനത്തിനും സാങ്കേതികവിദ്യ നേരിട്ട് ഉപയോഗിച്ചു പരിചയപ്പെടുന്നതിനും പിന്തുണ നൽകുന്നു.
നിങ്ങൾക്കറിയാമോ?

അടൽ ടിങ്കറിംഗ് ലാബുകളിലൂടെ (ATLs) സ്കൂൾ തലത്തിൽ തന്നെ 3D പ്രിൻ്റിംഗ് നൈപുണ്യങ്ങൾ വളർത്തിയെടുക്കാൻ ഇന്ത്യ ഗവണ്മെന്റ് ശ്രമിക്കുന്നുണ്ട്. 1,200 മുതൽ 1,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സമർപ്പിത ഇന്നൊവേഷൻ വർക്ക്‌സ്‌പേസുകൾ സ്ഥാപിക്കുന്നതിനായി ഓരോ ലാബിനും 20 ലക്ഷം രൂപയുടെ ഗ്രാൻ്റ് ലഭിക്കുന്നു. 3D പ്രിൻ്ററുകൾ, റോബോട്ടിക്‌സ്, ഇൻ്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT) എന്നിവയുൾപ്പെടെയുള്ള ഡു-ഇറ്റ്-യുവർസെൽഫ് (DIY) കിറ്റുകൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഇത് 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് തുടക്കത്തിൽ തന്നെ അഡിറ്റീവ് മാനുഫാക്ചറിംഗ് നേരിട്ട് പരിചയപ്പെടാനുള്ള അവസരം നൽകുന്നു. അതുവഴി, ക്ലാസ് മുറികളിൽ നിന്ന് തന്നെ ഇന്ത്യയുടെ ഭാവി അഡിറ്റീവ് മാനുഫാക്ചറിംഗ് തൊഴിൽശക്തി വാർത്തെടുക്കാൻ ഇത് സഹായിക്കുന്നു.
NSAM-ന് കീഴിലുള്ള പുരോഗതി
ആരംഭിച്ച് നാല് വർഷത്തിലേറെ പിന്നിടുമ്പോൾ, നാഷണൽ സ്ട്രാറ്റജി ഫോർ അഡിറ്റീവ് മാനുഫാക്ചറിംഗ് (NSAM) സ്ഥിരതയാർന്നതും അളക്കാവുന്നതുമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. നൈപുണ്യ വികസനം, സംരംഭകത്വം, സാങ്കേതിക വികസനം, വിവിധ മേഖലകളിലെ പ്രായോഗിക ഉപയോഗങ്ങൾ എന്നിവയിലൂടെ ഗവണ്മെന്റ് പിന്തുണയുള്ള സംരംഭങ്ങൾ ഇന്ത്യയുടെ അഡിറ്റീവ് മാനുഫാക്ചറിംഗ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിയിരിക്കുന്നു.
അഡിറ്റീവ് മാനുഫാക്ചറിംഗുമായി ബന്ധപ്പെട്ട നൈപുണ്യങ്ങളിൽ 1,54,000-ലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്, ഇത് വളർന്നുവരുന്ന നൈപുണ്യമുള്ള തൊഴിൽശക്തിക്ക് അടിത്തറയൊരുക്കുന്നു. 56 അഡിറ്റീവ് മാനുഫാക്ചറിംഗ് സ്റ്റാർട്ടപ്പുകൾക്കും പിന്തുണ നൽകിയിട്ടുണ്ട്; ഇത് ഇന്ത്യയുടെ നൂതനാശയ-സംരംഭകത്വ അടിത്തറ ശക്തിപ്പെടുത്തുന്നു. ദേശീയ കേന്ദ്രങ്ങളുടെ ശൃംഖല വഴി മെറ്റീരിയലുകൾ, യന്ത്രങ്ങൾ, ഡിസൈൻ ഫോർ അഡിറ്റീവ് മാനുഫാക്ചറിംഗ് (DfAM), പ്രിൻ്റ് ചെയ്ത ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയ്ക്ക് അനുയോജ്യമായ 65 സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ ശേഷികൾ എയ്‌റോസ്‌പേസ്, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഊർജ്ജം, ഭക്ഷ്യസംസ്കരണം, ഫോട്ടോണിക്സ് എന്നിവയിലുടനീളം ഉൽപ്പന്നങ്ങളുടെയും പ്രവർത്തന മാതൃകകളുടെയും വികസനത്തെ പിന്തുണയ്ക്കുന്നു.
NSAM 2.0
അഡിറ്റീവ് മാനുഫാക്ചറിംഗ് വിപണി വിപുലീകരിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ പിന്തുണയ്ക്കുന്നതിനാണ് NSAM 2.0 വിഭാവനം ചെയ്തിരിക്കുന്നത്. അടുത്ത ഘട്ടം ബൗദ്ധിക സ്വത്തവകാശ (IPR) സൃഷ്ടി ത്വരിതപ്പെടുത്താനും ഡിജിറ്റൽ സംയോജനത്തിലൂടെ അഡിറ്റീവ് മാനുഫാക്ചറിംഗ് ശൃംഖല വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഒപ്പം വാണിജ്യവൽക്കരണത്തിനായി ആഗോളതലത്തിൽ മത്സരക്ഷമമായ അഡിറ്റീവ് മാനുഫാക്ചറിംഗ് സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും നിർദ്ദേശിക്കുന്നു. ക്ലസ്റ്ററുകളിലൂടെ യന്ത്രങ്ങളുടെയും മെറ്റീരിയലുകളുടെയും ചെലവ് കുറയ്ക്കാനും അഡിറ്റീവ് മാനുഫാക്ചറിംഗ് ഇലക്ട്രോണിക്സ് മൂല്യശൃംഖലയെ ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.
അഡിറ്റീവ് മാനുഫാക്ചറിംഗ് സ്റ്റാർട്ടപ്പ് അടിത്തറ വികസിപ്പിക്കാനും ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വിപുലമായ പിന്തുണ നൽകാനും സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDG) അധിഷ്ഠിതമായ പൈലറ്റ് പ്രോഗ്രാമുകൾ പ്രോത്സാഹിപ്പിക്കാനും NSAM 2.0 പദ്ധതിയിടുന്നു. മാനദണ്ഡങ്ങൾ, സംയുക്ത ഗവേഷണം, സാങ്കേതിക പങ്കാളിത്തങ്ങൾ എന്നിവയിലൂടെ അന്താരാഷ്ട്ര സഹകരണം കൂടുതൽ ആഴത്തിലാക്കാനും ഇത് നിർദ്ദേശിക്കുന്നു. ഈ മുൻഗണനകൾ ഇന്ത്യയുടെ സാങ്കേതിക ശേഷികളെ ശക്തിപ്പെടുത്തുകയും സാമ്പത്തിക, വ്യാവസായിക, സാമൂഹിക മേഖലകളിലുടനീളം അഡിറ്റീവ് മാനുഫാക്ചറിംഗിനെ മുഖ്യധാരയിലെത്തിക്കുകയും ചെയ്യും.
നാഷണൽ അഡിറ്റീവ് മാനുഫാക്ചറിംഗ് സിമ്പോസിയം (NAMS)
ഇന്ത്യയുടെ അഡിറ്റീവ് മാനുഫാക്ചറിംഗ് (AM) ആവാസവ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിനുള്ള ഒരു ദേശീയ പ്ലാറ്റ്‌ഫോമാണ് NAMS. നയരൂപകർത്താക്കൾ, ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് രംഗത്തുള്ളവർ, മറ്റ് അഡിറ്റീവ് മാനുഫാക്ചറിംഗ് പങ്കാളികൾ എന്നിവരെ ഇത് ഒരു പൊതുവേദിയിൽ ഒരുമിച്ചുകൊണ്ടുവരുന്നു. നയരൂപീകരണം, ഗവേഷണം, നൂതനാശയങ്ങൾ, വ്യവസായം എന്നിവയിലുടനീളമുള്ള ഏകോപിതമായ പുരോഗതിക്ക് ഈ പ്ലാറ്റ്‌ഫോം പ്രോത്സാഹനം നൽകുന്നു.
2026 മാർച്ച് 13-ന് ന്യൂഡൽഹിയിൽ കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം (MeitY) NAMS-ൻ്റെ രണ്ടാമത്തെ പതിപ്പ് സംഘടിപ്പിച്ചു. NAMS 2026 ഇന്ത്യയുടെ അഡിറ്റീവ് മാനുഫാക്ചറിംഗ് ആവാസവ്യവസ്ഥയിലുടനീളമുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തി. പുതിയ അഡിറ്റീവ് മാനുഫാക്ചറിംഗ് ഉൽപ്പന്നങ്ങളുടെ ഉദ്ഘാടനത്തോടൊപ്പം, ആവാസവ്യവസ്ഥയിലെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനായുള്ള ധാരണാപത്രങ്ങളും (MoUs) കൈമാറി. NSAM 2.0, പ്രതിരോധ മേഖലയിലെ ഉപയോഗം, വ്യവസായ കാഴ്ചപ്പാടുകൾ, ഇലക്ട്രോണിക്സ്-വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ പിന്തുണയുള്ള ഗവേഷണ-വികസന (R&D) കേന്ദ്രങ്ങൾ എന്നിവ പാനൽ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു. അഡിറ്റീവ് മാനുഫാക്ചറിംഗ് പ്രായോഗങ്ങളിലെ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനവും ഈ സിമ്പോസിയം ശക്തിപ്പെടുത്തി. സംസ്ഥാന ഗവണ്മെന്റുകളും വ്യവസായ മേഖലയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളും ഈ വേദിയെ കൂടുതൽ കരുത്തുറ്റതാക്കി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകളിലുടനീളം അഡിറ്റീവ് മാനുഫാക്ചറിംഗിൻ്റെ വളർന്നുവരുന്ന പ്രസക്തിയെയാണ് ഈ ശ്രമങ്ങൾ അടിവരയിടുന്നത്.
വികസിത ഭാരതത്തിലേക്ക്
ഇന്ത്യയുടെ ഗവേഷണ ലബോറട്ടറികളിൽ നിന്ന് ഫാക്ടറികളിലേക്കും പ്രതിരോധ സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും അഡിറ്റീവ് മാനുഫാക്ചറിംഗ് സ്ഥിരതയോടെ ചുവടുവെക്കുകയാണ്. കൃത്യമായ ഗവണ്മെന്റ് നയങ്ങളുടെ പിന്തുണയോടെ, ഇത് തദ്ദേശീയ നിർമ്മാണത്തെ ശക്തിപ്പെടുത്തുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നു. ഉയർന്ന ആഭ്യന്തര സാങ്കേതിക ശേഷികളിലൂടെ ഇത് 'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിനെയും പിന്തുണയ്ക്കുന്നു. ഇന്ത്യ അതിൻ്റെ അഡിറ്റീവ് മാനുഫാക്ചറിംഗ് ആവാസവ്യവസ്ഥ വിപുലീകരിക്കുമ്പോൾ, അത് നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സാങ്കേതിക അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഡിജിറ്റൽ ഉൽപ്പാദനം, നൂതന ഓട്ടോമേഷൻ, വികേന്ദ്രീകൃതവും വഴക്കമുള്ളതുമായ നിർമ്മാണം എന്നിവയിലൂടെ ഈ സാങ്കേതികവിദ്യ ഇൻഡസ്ട്രി 5.0-നെയും പിന്തുണയ്ക്കുന്നുണ്ട്. വിഭവ കാര്യക്ഷമത, പ്രാദേശിക ഉൽപ്പാദനം, സുസ്ഥിര പരിഹാരങ്ങൾ എന്നിവയിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് (SDGs) സംഭാവന നൽകാനും ഇതിൻ്റെ ഉപയോഗങ്ങൾക്ക് കഴിയും. വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ നിർണ്ണായക സംഭാവന നൽകുന്ന ഒരു മേഖലയായി അഡിറ്റീവ് മാനുഫാക്ചറിംഗിനെ മാറ്റാൻ ഈ സംയുക്ത ശ്രമങ്ങൾ വഴിയൊരുക്കുന്നു.
അവലംബം
NCAM
Atal Innovation Mission
Ministry of Electronics & IT
NIST
Others
Additive Manufacturing in India
***
(Explainer ID: 160378)
आगंतुक पटल : 2
Provide suggestions / comments