Rural Prosperity
സ്വച്ഛതാ സന്ദേശ വിനിമയവും സ്വഭാവ പരിവർത്തനവും
സ്വച്ഛ് ഭാരത് മിഷന്റെ സാമൂഹിക, സ്വഭാവ പരിവർത്തന ബോധവൽക്കരണ യാത്ര
Posted On:
02 OCT 2026 2:12PM
|
സ്വച്ഛ് ഭാരത് മിഷൻ (SBM) ശുചിത്വ മേഖലയിൽ കേവലം അടിസ്ഥാന സൗകര്യ വികസനത്തിനും അപ്പുറത്തേക്ക് സുസ്ഥിരമായ ശീലങ്ങളും സാമൂഹിക മാനദണ്ഡങ്ങളും രൂപപ്പെടുത്തുന്നതിനായി സ്വഭാവ പരിവർത്തനത്തിന് മുൻഗണന നൽകി. സോഷ്യൽ ആൻഡ് ബിഹേവിയർ ചേഞ്ച് കമ്മ്യൂണിക്കേഷൻ (SBCC) വിവരവിനിമയത്തെ വെറുമൊരു വിവരശേഖരണത്തിനപ്പുറം സംവാദം, പങ്കാളിത്തം, കൂട്ടായ പ്രവർത്തനം എന്നിവയായി പരിവർത്തനം ചെയ്തു. മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ശുചിത്വത്തെക്കുറിച്ചും സ്വയംസേവനത്തെക്കുറിച്ചുമുള്ള ആശയങ്ങളും സ്വച്ഛ് ഭാരത് മിഷന്റെ മാർഗ്ഗനിർദ്ദേശ തത്വങ്ങളായി മാറി. സ്വച്ഛാഗ്രഹികളെപ്പോലുള്ള താഴെത്തട്ടിലുള്ള പ്രവർത്തകരും സാമൂഹിക പ്രസ്ഥാനങ്ങളും വ്യക്തിഗത ശുചിത്വ ശീലങ്ങളെ പൊതുവായ സാമൂഹിക മാനദണ്ഡങ്ങളാക്കി മാറ്റാൻ സഹായിച്ചു. വിവിധ ആശയവിനിമയ മാർഗ്ഗങ്ങൾ വീടുകളിലും സമൂഹത്തിലും പൊതുയിടങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും സ്വച്ഛതാ സന്ദേശങ്ങളെ കൂടുതൽ ഉറപ്പിച്ചു. സ്ത്രീകളും കുട്ടികളും ശുചിത്വ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും ഗുണഭോക്താക്കളും സജീവ പങ്കാളികളുമായി മാറി. തുടർച്ചയായ ഓർമ്മപ്പെടുത്തലുകൾ, അംഗീകാരങ്ങൾ, പ്രോത്സാഹനങ്ങൾ, പങ്കാളിത്തത്തോടെയുള്ള നിരീക്ഷണം എന്നിവ സ്വച്ഛതയെ ഒരു പ്രചാരണ പ്രവർത്തനത്തിൽ നിന്ന് സുസ്ഥിരമായ സാമൂഹിക സ്വഭാവമാക്കി മാറ്റാൻ സഹായിച്ചു
|
സ്വച്ഛ് ഭാരതിന്റെ പെരുമാറ്റ അധിഷ്ഠിത അടിത്തറകൾ
സ്വച്ഛ് ഭാരത് മിഷൻ ശുചിത്വത്തെ പെരുമാറ്റം, പങ്കാളിത്തം, കൂട്ടായ ഉത്തരവാദിത്തം എന്നിവയുടെ വിഷയമായാണ് കണ്ടിട്ടുള്ളത്. കേവലം അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുമാത്രം സുസ്ഥിരമായ ശുചിത്വ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന് ഈ മിഷൻ തിരിച്ചറിഞ്ഞു. അതിനാൽ സ്വച്ഛ് ഭാരത് മിഷൻ അതിന്റെ നടപ്പാക്കൽ രീതിയുടെ കേന്ദ്രബിന്ദുവായി സ്വഭാവ പരിവർത്തന ആശയവിനിമയത്തെ പ്രതിഷ്ഠിച്ചു. എസ്.ബി.എം-ഗ്രാമീണിന് കീഴിലെ ഊന്നൽ ടോയ്‌ലറ്റ് നിർമ്മാണത്തിൽ മാത്രം പരിമിതപ്പെടുത്തിയിട്ടില്ല. സുരക്ഷിതവും സുസ്ഥിരവുമായ ശുചിത്വ ശീലങ്ങൾ സ്വീകരിക്കാൻ ഇത് സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ എസ്.ബി.എം-അർബന് കീഴിൽ മാലിന്യ സംസ്കരണത്തിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നത് ഒരു പൊതു ശീലമാക്കുന്നതിലും സമ്പൂർണ്ണ നഗര ശുചിത്വവും പൊതു ശുചിത്വവും കൈവരിക്കുന്നതിലുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ വിവരം, വിദ്യാഭ്യാസം, ആശയവിനിമയം (ഐ.ഇ.സി) തന്ത്രങ്ങൾ, പെരുമാറ്റം ശക്തിപ്പെടുത്തൽ, നിരീക്ഷണം എന്നിവ എസ്.ബി.എം നടപ്പാക്കൽ തന്ത്രത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ശുചിത്വ ആസ്തികൾ നിർമ്മിക്കുന്നതിൽ നിന്ന് ശുചിത്വ പെരുമാറ്റം നിലനിർത്തുന്നതിലേക്ക് സ്വച്ഛ് ഭാരത് മിഷൻ വികസിച്ചു. ഈ വികാസം സോഷ്യൽ ആൻഡ് ബിഹേവിയർ ചേഞ്ച് കമ്മ്യൂണിക്കേഷനെ (എസ്.ബി.സി.സി) കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.
|
സ്വച്ഛ് ഭാരത് മിഷൻ (എസ്.ബി.എം)
2014 ഒക്ടോബർ 2-ന് ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ, ഇന്ത്യയിലെ ഏറ്റവും വലിയ ഗവൺമെന്റ് അധിഷ്ഠിത ശുചിത്വ പ്രസ്ഥാനങ്ങളിലൊന്നായി മാറി. എസ്.ബി.എം-ഗ്രാമീൺ, എസ്.ബി.എം-അർബൻ എന്നിങ്ങനെ രണ്ട് ഘടകങ്ങളിലൂടെയാണ് ഈ മിഷൻ പ്രവർത്തിക്കുന്നത്. എസ്.ബി.എം-ഗ്രാമീൺ ഗ്രാമീണ ശുചിത്വം, ടോയ്‌ലറ്റ് ലഭ്യത, ഉപയോഗം, മാലിന്യ സംസ്കരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എസ്.ബി.എം-അർബൻ നഗര ശുചിത്വം, മാലിന്യ സംസ്കരണം, വൃത്തിയുള്ള പൊതു ഇടങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്വച്ഛ ഭാരത് മിഷന്റെ നേട്ടങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വായിക്കുക.
|
വിവരങ്ങളിൽ നിന്ന് പെരുമാറ്റ രീതിയിലെ മാറ്റത്തിലേക്ക്
സോഷ്യൽ ആൻഡ് ബിഹേവിയർ ചേഞ്ച് കമ്മ്യൂണിക്കേഷൻ (എസ്.ബി.സി.സി) ഗുണാത്മകമായ സാമൂഹിക മാറ്റത്തെ പിന്തുണയ്ക്കാൻ ആശയവിനിമയം ഉപയോഗിക്കുന്നു. അറിവ്, മനോഭാവം, സാമൂഹിക മാനദണ്ഡങ്ങൾ, ശീലങ്ങൾ എന്നിവയെ സ്വാധീനിക്കുന്നതിനായി ഇത് പല രീതികളെ ഏകോപിപ്പിക്കുന്നു. വ്യക്തിഗത ആശയവിനിമയം, സാമൂഹിക സന്നദ്ധപ്രവർത്തനം, ജനകീയ മാധ്യമങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സോഷ്യൽ മീഡിയ, വിനോദ മാധ്യമങ്ങൾ, പ്രചാരണങ്ങൾ, തന്ത്രപരമായ പങ്കാളിത്തങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സ്വച്ഛ് ഭാരത് മിഷന് കീഴിലുള്ള എസ്.ബി.സി.സി വെറുതെ വിവരങ്ങൾ കൈമാറുന്നതിനും അപ്പുറത്തേക്ക് പ്രവർത്തിക്കുന്നു. മനോഭാവങ്ങൾ, സാമൂഹിക മാനദണ്ഡങ്ങൾ, ദൈനംദിന ശീലങ്ങൾ എന്നിവയെ സ്വാധീനിക്കാൻ ഇത് ശ്രമിക്കുന്നു. സ്വച്ഛ ഭാരത് മിഷന് കീഴിലുള്ള ഈ സമീപനം വ്യക്തിഗത ആശയവിനിമയം, സാമൂഹിക സന്നദ്ധപ്രവർത്തനം, ബോധവൽക്കരണം, കൂട്ടായ പ്രവർത്തനം എന്നിവയെ കോർത്തിണക്കുന്നു. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനം, മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട സാമൂഹിക മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയാണ് ഇതിന്റെ ദീർഘകാല ലക്ഷ്യം. ആളുകളുടെ പെരുമാറ്റത്തെ അവരെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക അന്തരീക്ഷം സ്വാധീനിക്കുന്നുണ്ടെന്ന് ഇത് തിരിച്ചറിയുന്നു. കുടുംബങ്ങൾ, അയൽവാസികൾ, സാമൂഹിക കൂട്ടായ്മകൾ, പ്രാദേശിക സ്ഥാപനങ്ങൾ, ജനവിശ്വാസമുള്ള നേതാക്കൾ എന്നിവർക്ക് ചില നിർദ്ദിഷ്ട ശീലങ്ങളെ പ്രോത്സാഹിപ്പിക്കാനോ നിരുത്സാഹപ്പെടുത്താനോ കഴിയും. അതിനാൽ ബന്ധങ്ങളിലൂടെയും കൂട്ടായ പങ്കാളിത്തത്തിലൂടെയുമാണ് ആശയവിനിമയം സാധ്യമാകുന്നത്.
മഹാത്മാഗാന്ധി: എസ്.ബി.സി.സിക്കായി സ്വച്ഛ് ഭാരത് മിഷനിലെ ധാർമ്മിക അടിത്തറ
ശുചിത്വത്തിലും ആരോഗ്യപാലനത്തിലും മഹാത്മാഗാന്ധി നൽകിയ പ്രാധാന്യം സ്വച്ഛ് ഭാരത് മിഷന്റെ ആശയവിനിമയ തന്ത്രത്തിന് ശക്തമായ അടിത്തറയേകി. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികമായ 2019-ഓടെ സ്വച്ഛ് ഭാരതം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014 ഒക്ടോബർ 2-ന് ഈ മിഷൻ ആരംഭിച്ചത്. സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ മഹാത്മാഗാന്ധിയുടെ കണ്ണടയെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ലോകമെമ്പാടും ബ്രാൻഡ് മൂല്യം സൃഷ്ടിക്കുന്നതിനും ശുചിത്വമെന്ന വികാരത്തെ പ്രതിനിധീകരിക്കുന്നതിനും സഹായിച്ചു. ഈ ദൗത്യവുമായി വേഗത്തിലും എളുപ്പത്തിലും ആത്മബന്ധം സ്ഥാപിക്കാൻ ഇത് പൊതുജനങ്ങളെ സഹായിച്ചു. തത്ഫലമായി 2019 ഒക്ടോബർ 2-ന് ഗ്രാമീണ ഇന്ത്യയെ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ഇല്ലാത്ത (ODF) മേഖലയായി പ്രഖ്യാപിച്ചു.

സത്യാഗ്രഹ പ്രസ്ഥാനത്തിന്റെ കാലത്ത് ചമ്പാരനിൽ നിന്നാണ് മഹാത്മാഗാന്ധി ശുചിത്വത്തിനായുള്ള തന്റെ പ്രചാരണം ആരംഭിച്ചത്. സമ്പൂർണ്ണ ശുചിത്വമുള്ളതും ഗ്രാമവീഥികളും തെരുവുകളും ഒഴിവാക്കാവുന്ന പൊടിപടലങ്ങളിൽ നിന്ന് മുക്തവുമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപ്പത്തിലെ ഒരു മാതൃകാ ഗ്രാമം. “ആശ്രം ഒബ്‌സർവൻസസ് ഇൻ ആക്ഷൻ” എന്ന തന്റെ പുസ്തകത്തിൽ ശുചിത്വ സേവനം അത്യന്താപേക്ഷിതവും വിശുദ്ധവുമായ ഒരു സേവനമാണെന്ന് ഗാന്ധിജി എഴുതുന്നു. അദ്ദേഹത്തിന്റെ സേവാഗ്രാം ആശ്രമം ഈ ജോലിക്കായി പുറത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കരുത് എന്നതിന് പ്രാധാന്യം നൽകിയിരുന്നു. ആശ്രമത്തിലെ അംഗങ്ങൾ തന്നെ മാറിമാറി എത്തി പരിസരം വൃത്തിയാക്കിപോന്നു. അന്തേവാസികൾ കൈകൾ കഴുകുകയും വൃത്തിയുള്ള നാപ്കിൻ ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് ആശ്രമത്തിലെ നിയമങ്ങളും അനുശാസിച്ചിരുന്നു. സ്വച്ഛ് ഭാരത് മിഷന്റെ ആശയവിനിമയങ്ങൾ പൊതു പങ്കാളിത്തം വളർത്തുന്നതിനും പെരുമാറ്റ പരിവർത്തനത്തിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ പാരമ്പര്യത്തെയാണ് പ്രയോജനപ്പെടുത്തിയത്.
ഈ ബന്ധം പെരുമാറ്റ പരിവർത്തന പ്രസ്ഥാനത്തിന്റെ ഭാഷയെയും പ്രതീകാത്മകതയെയും രൂപപ്പെടുത്തുകയും ചെയ്തു. 'സ്വച്ഛാഗ്രഹി' എന്ന പദം ഗാന്ധിജിയുടെ സത്യാഗ്രഹ പാരമ്പര്യത്തിൽ നിന്ന് ബോധപൂർവം സ്വീകരിച്ചതാണ്. ഇത് പൗരന്മാരെയും ശുചിത്വ സന്നദ്ധപ്രവർത്തകരെയും ഒരു കൂട്ടായ സ്വച്ഛാഗ്രഹത്തിലെ പങ്കാളികളായി പുനർനിർവ്വചിച്ചു. അതിനാൽ സ്വച്ഛ് ഭാരത് മിഷൻ (എസ്.ബി.എം) മഹാത്മാഗാന്ധിയെ വെറുമൊരു സ്മരണീയ വ്യക്തിത്വമായി മാത്രമല്ല, മറിച്ച് ശുചിത്വത്തെ കൂട്ടായ പ്രവർത്തനം, പൗരത്വം, സുസ്ഥിരമായ പെരുമാറ്റ പരിവർത്തനം എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു ആശയവിനിമയ അടിത്തറയായിക്കൂടിയാണ് ആദരിച്ചത്.
പെരുമാറ്റ പരിവർത്തനം വീട്ടുപടിക്കൽ എത്തിക്കുന്നു: വ്യക്തിഗത ശീലങ്ങൾ മാറ്റുന്നു
സ്വച്ഛ് ഭാരത് മിഷൻ എസ്.ബി.സി.സി (SBCC) തത്വങ്ങളെ നേരിട്ടുള്ള സാമൂഹികതല ഇടപെടലുകളാക്കി മാറ്റി. ശുചിത്വ ശീലങ്ങളെ സ്വാധീനിക്കുന്നതിനുള്ള പ്രധാന വഴിയായി വ്യക്തിഗത ആശയവിനിമയം (IPC) മാറി. ഒരു വശത്തുനിന്നു മാത്രമുള്ള സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യക്തിഗത ആശയവിനിമയം ആശയവിനിമയം നടത്തുന്നവരും സമൂഹത്തിലെ അംഗങ്ങളും തമ്മിലുള്ള സംവാദത്തിന് വഴിയൊരുക്കുന്നു. ഇത് പ്രാദേശികമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആശങ്കകൾ, കാഴ്ചപ്പാടുകൾ, പ്രായോഗിക തടസ്സങ്ങൾ എന്നിവ ചർച്ച ചെയ്യാൻ സഹായിക്കുന്നു. വ്യക്തിഗത ആശയവിനിമയം സുഗമമാക്കുന്നതിന് ഗവൺമെന്റ് മുൻനിര പ്രവർത്തകർ, സ്വച്ഛാഗ്രഹികൾ, സമുദായ നേതാക്കൾ, അയൽക്കൂട്ടങ്ങൾ (SHG), നിലവിലുള്ള സാമൂഹിക ശൃംഖലകൾ എന്നിവരെ ആശ്രയിച്ചു. ഭവന സന്ദർശനങ്ങൾ, നേരിട്ടുള്ള കൗൺസിലിംഗ്, ചെറിയ ഗ്രൂപ്പ് യോഗങ്ങൾ, സമപ്രായക്കാർ തമ്മിലുള്ള ആശയവിനിമയം, വീടുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ഇടങ്ങൾ, മതപരമായ സമ്മേളനങ്ങൾ എന്നിവിടങ്ങളിലെ ചർച്ചകൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നു.
സ്വച്ഛ ഭാരത് മിഷൻ - ഗ്രാമീണിന് കീഴിൽ സ്വച്ഛാഗ്രഹികൾ താഴെത്തട്ടിലുള്ള പടയാളികളും പ്രചോദിപ്പിക്കുന്നവരുമായി മാറി. അവരുടെ ചുമതല ടോയ്‌ലറ്റ് നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല. സുരക്ഷിതമായ ശുചിത്വ ശീലങ്ങൾ സ്വീകരിക്കാനും അത് നിലനിർത്താനും അവർ കുടുംബങ്ങളെ സഹായിച്ചു. സ്വച്ഛാഗ്രഹികൾ സാമൂഹികമായ പ്രേരണ നൽകൽ, ബോധവൽക്കരണം, ഭവന സന്ദർശനങ്ങൾ, ശുചിത്വ ചർച്ചകൾ എന്നിവ സുഗമമാക്കി. അവർ സാമൂഹികമായ ഏകോപനത്തെ പിന്തുണയ്ക്കുകയും നിഗ്രാണി സമിതികളെ ശക്തിപ്പെടുത്തുകയും ചെയ്തു. വ്യക്തികളിലും കുടുംബങ്ങളിലും ശുചിത്വ ശീലങ്ങൾ കൂടുതൽ ഉറപ്പിക്കുന്നതിനായി ഒ.ഡി.എഫ് (ODF) പ്രഖ്യാപനത്തിന് ശേഷവും അവരുടെ ഇടപെടലുകൾ തുടർന്നു.


വ്യക്തിഗത ആശയവിനിമയം നിഗ്രാണി സമിതികളിലൂടെ സമൂഹം നയിക്കുന്ന ജാഗ്രതാ പ്രവർത്തനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഒ.ഡി.എഫ് നേട്ടങ്ങൾ കൈവരിക്കുന്നതിനും അത് നിലനിർത്തുന്നതിനും പിന്തുണ നൽകാനായി ഈ സമിതികളെ ശക്തിപ്പെടുത്തി. ഗ്രാമങ്ങൾക്കുള്ളിൽ ക്രമമായ പ്രഭാത-സായാഹ്ന നിരീക്ഷണങ്ങൾ അവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നു. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്തുന്ന പ്രധാന സ്ഥലങ്ങളിലാണ് നിഗ്രാണി പ്രവർത്തനങ്ങൾ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. തുടർച്ചയായ സാമൂഹിക സാന്നിധ്യത്തിലൂടെയും തുടർനടപടികളിലൂടെയും അവർ ശുചിത്വ സന്ദേശങ്ങളെ കൂടുതൽ ഉറപ്പിച്ചു. പതിവായുള്ള നിഗ്രാണി ഡ്രൈവുകൾ, ഗ്രാമസഭകൾ, രാത്രി ചൗപാലുകൾ എന്നിവ ഒ.ഡി.എഫ് പെരുമാറ്റം നിലനിർത്താൻ സഹായിച്ചു. ഫീൽഡ് തലത്തിലുള്ള ജാഗ്രതാ പ്രവർത്തനങ്ങളിലും സാമൂഹിക നിരീക്ഷണങ്ങളിലും സഹായിക്കുന്നതിനായി സ്വച്ഛാഗ്രഹികൾക്ക് ടോർച്ചും വിസിലും അടങ്ങുന്ന ഒരു ടൂൾകിറ്റ് നൽകി.
അതുകൊണ്ട് ഈ സമീപനം ശുചിത്വത്തെ ഒരു വ്യക്തിഗത ശീലത്തിൽ നിന്ന് പൊതുവായ സാമൂഹിക മാനദണ്ഡത്തിലേക്ക് ഉയർത്തി. പെരുമാറ്റമാറ്റം ഉറപ്പുവരുത്തുന്നതിലും നിലനിർത്തുന്നതിലും സമൂഹം തന്നെ ഒരു സജീവ പങ്കാളിയായി മാറി.
വ്യക്തിഗത സംവാദങ്ങളിൽ നിന്ന് കൂട്ടായ പ്രവർത്തനത്തിലേക്ക്
വ്യക്തിഗത ആശയവിനിമയം കുടുംബ തലത്തിലും സാമൂഹിക തലത്തിലും സംവാദങ്ങൾക്കുള്ള അവസരങ്ങൾ സൃഷ്ടിച്ചു. പൊതുവായ ശുചിത്വ ആശങ്കകൾ ചർച്ച ചെയ്യുന്നതിനും കൂട്ടായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി ആളുകളെ ഒരുമിച്ച് കൊണ്ടുവന്നുകൊണ്ട് സാമൂഹിക സന്നദ്ധപ്രവർത്തനം ഈ പ്രക്രിയയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോയി. സ്വച്ഛ് ഭാരത് മിഷന് കീഴിൽ തങ്ങളുടെ ദൈനംദിന ശുചിത്വ ശീലങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളിൽ പങ്കാളികളാകാൻ ഇത് സമൂഹങ്ങൾക്ക് വേദിയൊരുക്കി. ഗ്രാമസഭകൾ, ചൗപാലുകൾ, സമുദായ യോഗങ്ങൾ, മറ്റ് പ്രാദേശിക ഫോറങ്ങൾ എന്നിവ ശുചിത്വ വിഷയങ്ങളിൽ സംവാദം സാധ്യമാക്കുകയും പൊതുവായ മുൻഗണനകളിൽ ധാരണയിലെത്താൻ സമൂഹങ്ങളെ സഹായിക്കുകയും ചെയ്തു.
സാമൂഹിക സന്നദ്ധപ്രവർത്തനം വിവിധ വിഭാഗങ്ങളെ ശുചിത്വ ചർച്ചകളുടെ ഭാഗമാക്കി മാറ്റുകയും ചെയ്തു. സമുദായ നേതാക്കൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സന്നദ്ധപ്രവർത്തകർ, മതനേതാക്കൾ, വനിതാ കൂട്ടായ്മകൾ എന്നിവർക്ക് പ്രാദേശിക ചർച്ചകളും പരിപാടികളും ഏകോപിപ്പിക്കാൻ കഴിഞ്ഞു. ഈ സമീപനം വ്യക്തിഗത പെരുമാറ്റത്തെ കൂട്ടായ ഉത്തരവാദിത്തവുമായി ബന്ധിപ്പിച്ചു. സുരക്ഷിതമായ ശുചിത്വ ശീലങ്ങൾ സ്വീകരിക്കുന്ന ഒരു കുടുംബം വിശാലമായ ഒരു സാമൂഹിക ശ്രമത്തിന്റെ ഭാഗമായി മാറി. പ്രാദേശിക ആശങ്കകൾ തിരിച്ചറിയാനും അനുഭവങ്ങൾ പങ്കുവെക്കാനും ആഗ്രഹിക്കുന്ന ശീലങ്ങളെക്കുറിച്ച് ധാരണയിലെത്താനും സാമൂഹിക ചർച്ചകൾ അവസരമൊരുക്കി. ചലോ ചമ്പാരൻ, സ്വച്ഛ ശക്തി, സ്വച്ഛ സുന്ദർ ശൗചാലയ്, സ്വച്ഛത ഹി സേവ, സ്വച്ഛ സുന്ദർ സമുദായിക് ശൗചാലയ്, സ്വച്ഛ ഭാരത് ദിവസ്, സ്വച്ഛത മഹോത്സവ്, സ്വച്ഛത പഖ്വാഡ തുടങ്ങിയ പ്രചാരണങ്ങളിലൂടെയും ഈ സമീപനം പ്ര പ്രതിഫലിച്ചു. ശുചിത്വവുമായി ബന്ധപ്പെട്ട കൂട്ടായ പങ്കാളിത്തത്തിന് ഈ പ്രചാരണങ്ങൾ വേദിയൊരുക്കി.

മിഡ്-മീഡിയ (മധ്യവർത്തി മാധ്യമങ്ങൾ), ഔട്ട്ഡോർ ആശയവിനിമയം എന്നിവയിലൂടെ സാമൂഹിക സന്നദ്ധപ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി. വ്യക്തിഗത സംഭാഷണങ്ങൾക്കപ്പുറം ആളുകൾ പതിവായി ഒത്തുചേരുന്ന ഇടങ്ങളിലേക്ക് ഈ ആശയവിനിമയ മാർഗ്ഗങ്ങൾ ശുചിത്വ സന്ദേശങ്ങൾ എത്തിച്ചു. പാവക്കൂത്ത്, മാജിക് ഷോകൾ, നാടകങ്ങൾ, തെരുവുനാടകങ്ങൾ (നുക്കഡ് നാടക്) എന്നിവ പ്രാദേശികവും പരമ്പരാഗതവുമായ മിഡ്-മീഡിയ രൂപങ്ങൾക്ക് ചില ഉദാഹരണങ്ങളാണ്. ഔട്ട്ഡോർ മീഡിയ ശുചിത്വ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി അനുമതിയുള്ള പൊതു മതിലുകളിലെ ചുവർചിത്രങ്ങളും ബിൽബോർഡുകളും പോലുള്ള പൊതു ഇടങ്ങൾ ഉപയോഗിക്കുന്നു. പ്രാദേശിക തനിമയെ പ്രതിഫലിപ്പിക്കുന്നതോടൊപ്പം നഗര സൗന്ദര്യവൽക്കരണത്തെ പിന്തുണച്ചുകൊണ്ട് സ്വച്ഛതാ സന്ദേശങ്ങൾ നൽകാൻ ചുവർചിത്രങ്ങളും ഗ്രാഫിറ്റി കലകളും പ്രത്യേകമായി ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം മാധ്യമ രൂപങ്ങളുടെ പ്രാധാന്യം സന്ദേശങ്ങളുടെ ദൃശ്യപരതയിൽ മാത്രമല്ല, മറിച്ച് ദൈനംദിന സാമൂഹിക അന്തരീക്ഷത്തിൽ അവ സ്വച്ഛതയ്ക്ക് നൽകുന്ന സ്ഥാനത്തിലാണ്. ഒരു സാമൂഹിക പരിപാടിയിലോ തെരുവ് പ്രകടനത്തിലോ പൊതുയോഗത്തിലോ വെച്ച് കാണാനിടയാകുന്ന ശുചിത്വ സന്ദേശത്തിന് വീടുകളിലും പ്രാദേശിക കൂട്ടായ്മകളിലും നടക്കുന്ന സംഭാഷണങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും.
സ്വച്ഛ ഭാരത് മിഷൻ - അർബന് (SBM-U) കീഴിലുള്ള ഒരു പ്രധാന ശ്രദ്ധാകേന്ദ്രം പൗരന്മാരിലേക്കുള്ള ഇടപെടൽ പരമാവധിയാക്കുന്നതിനായി ഡിജിറ്റൽ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുക എന്നതായിരുന്നു. ഉദാഹരണത്തിന് 3,300-ലധികം നഗരങ്ങളിലായി 67,000-ലധികം പൊതുശൗചാലയങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഗൂഗിൾ മാപ്‌സ് ഉപയോഗിച്ചു. ഇത് എല്ലാ വിഭാഗം പൗരന്മാർക്കും ശുചിത്വ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചു. പരാതിപരിഹാരത്തിനായി സ്വച്ഛത ആപ്പ് പൗരന്മാർക്ക് ഒരു ഏകജാലക ഡിജിറ്റൽ പ്ലാറ്റ്‌ഫോം നൽകി. അതിലൂടെ ശുചിത്വത്തിന്റെ ഏത് വശത്തെക്കുറിച്ചും തങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ കഴിയും.

ജനകീയ മാധ്യമങ്ങൾ ബോധവൽക്കരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് മറ്റൊരു തലത്തിലുള്ള പിന്തുണ നൽകി. ടെലിവിഷൻ, റേഡിയോ, അച്ചടി മാധ്യമങ്ങൾ, ഓൺലൈൻ മാധ്യമ ചാനലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കമ്മ്യൂണിറ്റി റേഡിയോകൾ സ്വച്ഛതയുമായി ബന്ധപ്പെട്ട ചർച്ചകൾ, അനുഭവസാക്ഷ്യങ്ങൾ, കഥകൾ, പൊതുജനസേവന അറിയിപ്പുകൾ എന്നിവ സംപ്രേഷണം ചെയ്തു. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രധാന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും വെർച്വൽ ശൃംഖലകളും കൂട്ടായ്മകളും നിർമ്മിക്കുന്നതിനും വലിയ പങ്കുവഹിച്ചു. ബൾക്ക് എസ്.എം.എസ്, വാട്ട്‌സ്ആപ്പ്, പോഡ്‌കാസ്റ്റുകൾ എന്നിവയിലൂടെ മൊബൈൽ ടെലിഫോൺ സേവനങ്ങളും ബോധവൽക്കരണത്തിന് പിന്തുണ നൽകി.

സ്വച്ഛ് ഭാരത് മിഷൻ - അർബന് (SBM-U) കീഴിലുള്ള ഡിജിറ്റൽ ഇടപെടലിന് ഒരു ഉദാഹരണമാണ് 'സ്വച്ഛ് ടോക്‌സ്' (Swachh Talks). സ്വച്ഛതയുമായി ബന്ധപ്പെട്ട ഫീൽഡ് അനുഭവങ്ങളും മികച്ച മാതൃകകളും പങ്കിടുന്നതിനുള്ള ഒരു പിയർ-ലേണിംഗ് (പരസ്പര പഠന) വെബിനാർ പരമ്പരയാണിത്. ഇത്തരം പ്ലാറ്റ്‌ഫോമുകൾ പരമ്പരാഗത ശുചിത്വ വിഷയങ്ങൾക്കപ്പുറത്തേക്ക് പ്ലാസ്റ്റിക് മാലിന്യ സംസ്കരണവും സർക്കുലർ ഇക്കോണമിയുടെ (വൃത്താകൃതിയിലുള്ള സാമ്പത്തിക വ്യവസ്ഥ) പ്രോത്സാഹനവും പോലുള്ള വിഷയങ്ങളിലേക്ക് ചർച്ചകളെ വ്യാപിപ്പിക്കുന്നു.
വ്യക്തിഗത ആശയവിനിമയത്തിൽ (IPC) നിന്ന് സാമൂഹിക സന്നദ്ധപ്രവർത്തനത്തിലേക്കുള്ള മാറ്റം പെരുമാറ്റ പരിവർത്തനത്തിന്റെ അടിസ്ഥാന തലത്തിലുള്ള വികാസത്തെ പ്രതിനിധീകരിക്കുന്നു. ഈ പുരോഗതി സ്വച്ഛ് ഭാരത് മിഷന് കീഴിലുള്ള എസ്.ബി.സി.സി (SBCC) സമീപനത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു സന്ദേശം ഒരു വ്യക്തിയിലേക്ക് എത്തുമ്പോൾ മാത്രം ആശയവിനിമയം അവസാനിക്കുന്നില്ല. ആളുകൾ അത് ചർച്ച ചെയ്യുകയും അവരുടെ പ്രാദേശിക സാഹചര്യങ്ങളിലേക്ക് അത് അനുയോജ്യമാക്കുകയും കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുമ്പോൾ അത് കൂടുതൽ പ്രാധാന്യം നേടുന്നു. ഈ പ്രക്രിയയിൽ പങ്കാളിത്തം തന്നെ ആശയവിനിമയത്തിന്റെ ഒരു രൂപമായി മാറുന്നു.

എസ്.ബി.സി.സി മാധ്യമങ്ങളായി പ്രമുഖരുടെ പിന്തുണയും ജനപ്രിയ സംസ്കാരവും

സ്വച്ഛ് ഭാരത് മിഷൻ അതിന്റെ എസ്.ബി.സി.സി പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രമുഖ വ്യക്തികളുടെ സ്വാധീനവും പ്രയോജനപ്പെടുത്തി. 2016-ൽ സ്വച്ഛ് ഭാരത് മിഷൻ - ഗ്രാമീണിനായുള്ള (SBM-G) ദേശീയ ദൃശ്യ-ശ്രവ്യ പ്രചാരണങ്ങളിൽ അമിതാഭ് ബച്ചനും സച്ചിൻ തെണ്ടുൽക്കറും അണിനിരന്നു. ആശയവിനിമയം കൂടുതൽ ജനകേന്ദ്രീകൃതമാക്കാനും പെരുമാറ്റ പരിവർത്തനത്തെയും പൗരന്മാരുടെ പങ്കാളിത്തത്തെയും പിന്തുണയ്ക്കാനുമാണ് ഈ പ്രചാരണങ്ങൾ രൂപകൽപ്പന ചെയ്തത്. താഴെത്തട്ടിലുള്ള പ്രവർത്തകരെയും ശുചിത്വ നായകരെയും പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുവരും സ്വച്ഛ് ഭാരത് പരിപാടികളിൽ പങ്കെടുത്തു. തുടർന്ന് 2017-ൽ അമിതാഭ് ബച്ചൻ 'ദർവാസ ബന്ദ്' (വാതിൽ അടയ്ക്കൂ) പ്രചാരണത്തിന് നേതൃത്വം നൽകി. ശൗചാലയങ്ങൾ ഉണ്ടായിരുന്നിട്ടും തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം തുടർന്ന ആളുകൾക്കിടയിൽ ശൗചാലയ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതായിരുന്നു ഈ പ്രചാരണം. തങ്ങളുടെ ഗ്രാമങ്ങളിലെ ശുചിത്വ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സ്ത്രീകൾ നേതൃത്വം നൽകാൻ പ്രോത്സാഹിപ്പിച്ചുകൊണ്ട് അനുഷ്ക ശർമ്മയും ഇതിൽ അണിനിരന്നു. സ്വച്ഛാഗ്രഹികളുടെ താഴെത്തട്ടിലുള്ള ഐ.ഇ.സി (IEC), വ്യക്തിഗത ആശയവിനിമയം എന്നിവയ്ക്ക് പൂരകമായി ഈ പ്രചാരണം ജനകീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി.
ശുചിത്വവുമായി ബന്ധപ്പെട്ട സാമൂഹിക മാനദണ്ഡങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു മാധ്യമമായി സിനിമയും മാറി. അക്ഷയ് കുമാറും ഭൂമി പഡ്നേക്കറും അഭിനയിച്ച 'ടോയ്‌ലറ്റ് - ഏക് പ്രേം കഥ' എന്ന ചിത്രം ശുചിത്വത്തെയും ശൗചാലയ ഉപയോഗത്തെയും മുഖ്യധാര ജനപ്രിയ സംസ്കാരത്തിലേക്ക് കൊണ്ടുവന്നു. 2018-ൽ ട്വിൻ-പിറ്റ് ശൗചാലയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്ന സ്വച്ഛ ഭാരത് മിഷൻ - ഗ്രാമീൺ പ്രചാരണത്തിൽ അക്ഷയ് കുമാറും ഭൂമി പഡ്നേക്കറും അണിനിരന്നു. സംസ്ഥാന, ജില്ലാ സ്വച്ഛ് ഭാരത് മിഷൻ - ഗ്രാമീൺ ടീമുകൾ വഴി ഗ്രാമങ്ങളിൽ വാണിജ്യേതര പ്രദർശനങ്ങൾക്കായും ഈ സിനിമ ലഭ്യമാക്കി. ശൗചാലയ കുഴികൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ചാപ്പകളെ ഇല്ലാതാക്കാനും സുസ്ഥിരമായ ശൗചാലയ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഈ പ്രചാരണം പ്രമുഖരുടെ സ്വാധീനം വീണ്ടും ഉപയോഗപ്പെടുത്തി. “ജഹാം സോച്ച്, വഹാം ശൗചാലയ്” (എവിടെ വിചാരിക്കുന്നോ അവിടെ ശൗചാലയം) എന്ന മുദ്രാവാക്യം പ്രചരിപ്പിക്കുന്ന ഒരു വീഡിയോയിൽ വിദ്യാ ബാലൻ അണിനിരന്നു. ഇത് ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന്റെ ആരോഗ്യപരമായ നേട്ടങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ഗ്രാമീണ വീടുകളിൽ സ്ത്രീകൾ നയിക്കുന്ന ശൗചാലയ നിർമ്മാണ സംരംഭങ്ങളെയും ഇത് പ്രോത്സാഹിപ്പിച്ചു. അങ്ങനെ ഗവൺമെന്റ് പ്രചാരണങ്ങളിൽ നിന്നുള്ള ശുചിത്വ സന്ദേശങ്ങളെ ടെലിവിഷനിലേക്കും സിനിമയിലേക്കും പൊതുചർച്ചകളിലേക്കും എത്തിച്ചുകൊണ്ട് ജനപ്രിയ മാധ്യമങ്ങൾ എസ്.ബി.സി.സിയുടെ ഒരു അധിക തളമായി പ്രവർത്തിച്ചു.
സ്ത്രീകളും കുട്ടികളും: സ്വച്ഛതയെ രൂപപ്പെടുത്തുന്നവരും അനുഭവിക്കുന്നവരും
ശുചിത്വം ദൈനംദിന അനുഭവങ്ങളെ പരിവർത്തനം ചെയ്യുന്നതോടൊപ്പം പങ്കാളിത്തത്തിനായുള്ള പുതിയ ഇടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷ, സുവിധ, സ്വാഭിമാൻ എന്നിവ ഈ മാറ്റത്തിന്റെ മൂന്ന് പ്രധാന മാനങ്ങളെ പ്രതിഫലിപ്പിക്കുന്നു. സുരക്ഷിതത്വം, സൗകര്യം, ആത്മാഭിമാനം എന്നിവ ശുചിത്വത്തെ സ്ത്രീകളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്നു. സ്ത്രീകളുടെ അനുഭവങ്ങളിലുണ്ടാകുന്ന ഈ സ്വാധീനം അവരുടെ സാക്ഷ്യപ്പെടുത്തലുകളിൽ വ്യക്തമാണ്. ജൽ ശക്തി മന്ത്രാലയവുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ 93 ശതമാനം സ്ത്രീകളും മലമൂത്രവിസർജ്ജന സമയത്ത് മൃഗങ്ങളിൽ നിന്നോ ആളുകളിൽ നിന്നോ ഉപദ്രവമുണ്ടാകുമെന്ന ഭയത്തിൽ നിന്ന് മുക്തരായതായി കണ്ടെത്തി. 91 ശതമാനം പേർ ഒരു മണിക്കൂർ വരെ സമയം ലാഭിക്കുന്നതായും ഒരു കിലോമീറ്റർ വരെയുള്ള യാത്ര ഒഴിവാക്കാൻ കഴിഞ്ഞതായും വ്യക്തമാക്കി. 93 ശതമാനം പേർ ശുചിത്വ ആവശ്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും പരിമിതപ്പെടുത്തുന്നത് അവസാനിപ്പിച്ചതായും റിപ്പോർട്ട് ചെയ്തു.
രസകരമെന്നു പറയട്ടെ ബിഹാറിൽ ആളുകൾ ശൗചാലയങ്ങളെ 'ഇസ്സത്ത് ഘറുകൾ' എന്ന് വിളിക്കാൻ തുടങ്ങി. ഇത് സ്ത്രീകളുടെ അന്തസ്സുമായുള്ള അവയുടെ ബന്ധത്തെ സൂചിപ്പിക്കുന്നു. അങ്ങനെ ശൗചാലയങ്ങളുടെ നിർമ്മാണം ഒരു പ്രധാന സാമൂഹിക അസമത്വം പരിഹരിക്കാൻ സഹായിച്ചു. ഇത് സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിന് ഒരു കാരണമായി മാറുകയാണ്. സാമൂഹിക പ്രവർത്തകർ എന്ന നിലയിൽ സ്ത്രീകൾ ശുചിത്വ മേഖലയിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. വനിതാ കൂട്ടായ്മകളും അയൽക്കൂട്ടങ്ങളും ശുചിത്വ ബോധവൽക്കരണം സാധ്യമാക്കുന്ന സാമൂഹിക ശൃംഖലകളുടെ ഭാഗമാണ്. ഇത് ശുചിത്വ ആശയവിനിമയത്തെ നിലവിലുള്ള സാമൂഹിക സ്ഥാപനങ്ങളുമായും ശൃംഖലകളുമായും ബന്ധിപ്പിക്കുന്നു.

ശുചിത്വ ആശയവിനിമയവും ദൈനംദിന പെരുമാറ്റവും തമ്മിലുള്ള മറ്റൊരു പ്രധാന കണ്ണിയാണ് കുട്ടികൾ. ശുചിത്വ ശീലങ്ങൾ ചർച്ച ചെയ്യപ്പെടുകയും മാതൃകാപരമായി കാണിച്ചുകൊടുക്കുകയും ഉറപ്പിക്കുകയും ചെയ്യുന്ന ഇടങ്ങളായി സ്കൂളുകൾക്ക് മാറാൻ കഴിയും. സ്വച്ഛ് ഭാരത് മിഷൻ വിദ്യാർത്ഥികളെ മാറ്റത്തിന്റെ പങ്കാളികളും വക്താക്കളുമായി തിരിച്ചറിയുന്നു. പാഠ്യപദ്ധതിയിലെ സംയോജനം, ബോധവൽക്കരണ പ്രചാരണങ്ങൾ, ശ്രമദാനം, മൊബൈൽ വാൻ വിദ്യാഭ്യാസ പരിപാടികൾ, മാലിന്യ സംസ്കരണ കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ എന്നിവയുൾപ്പെടെ സ്കൂൾ അധിഷ്ഠിത സമീപനങ്ങളിൽ സ്വച്ഛ് ഭാരത് മിഷൻ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പഠനത്തെ പങ്കാളിത്തവുമായും വിനോദവുമായും സംയോജിപ്പിക്കുന്ന രീതികളിലൂടെയും ആശയവിനിമയം കുട്ടികളിലേക്ക് എത്തിയിട്ടുണ്ട്. ചെറിയ ഗ്രൂപ്പുകളിലെ ഇടപെടലുകൾക്കായുള്ള വിദ്യാഭ്യാസ വീഡിയോകൾ, ഫ്ലിപ്പ് ചാർട്ടുകൾ, മറ്റ് സാമഗ്രികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശുചിത്വ സന്ദേശങ്ങൾ കൈമാറുന്നതിനായി പാവക്കൂത്ത്, മാജിക് ഷോകൾ, നാടകങ്ങൾ, തെരുവ് നാടകങ്ങൾ തുടങ്ങിയ പ്രാദേശികവും പരമ്പരാഗതവുമായ മാധ്യമ രൂപങ്ങളെയും ഇത് പ്രയോജനപ്പെടുത്തുന്നു.
സ്ത്രീകളും കുട്ടികളും ചേരുമ്പോൾ ശുചിത്വ പെരുമാറ്റ പരിവർത്തനത്തിന്റെ ഇരുവശങ്ങളുമുള്ള സ്വഭാവം വ്യക്തമാകുന്നു. മെച്ചപ്പെട്ട സ്വച്ഛതയുടെ നേട്ടങ്ങൾ അനുഭവിക്കുന്നതോടൊപ്പം തന്നെ, കുടുംബങ്ങളിലൂടെയും സ്കൂളുകളിലൂടെയും സമൂഹങ്ങളിലൂടെയും അത് വ്യാപിപ്പിക്കുന്നതിനും അവർ സംഭാവന നൽകുന്നു. വനിതാ കൂട്ടായ്മകൾ സാമൂഹിക ശൃംഖലകളെ ശക്തിപ്പെടുത്തുമ്പോൾ കുട്ടികൾ ശുചിത്വ സന്ദേശങ്ങൾ വീടുകളിലേക്കും ദൈനംദിന ഇടപെടലുകളിലേക്കും എത്തിച്ചേക്കാം. അതിനാൽ സ്വച്ഛത എന്നത് അടിസ്ഥാന സൗകര്യങ്ങളുടെയോ വ്യക്തിഗത ശീലങ്ങളുടെയോ മാത്രം വിഷയമല്ലാതായി മാറുകയും തലമുറകളിലൂടെ നിലനിൽക്കുന്ന പൊതുവായ ഒരു സാമൂഹിക പെരുമാറ്റമായി മാറുകയും ചെയ്യുന്നു.
പുരസ്കാരങ്ങളിലൂടെയും അംഗീകാരങ്ങളിലൂടെയും ലക്ഷ്യമിടുന്ന സ്വച്ഛതാ സ്വഭാവം ഉറപ്പുവരുത്തുന്നു
സ്വച്ഛത നിലനിർത്തുന്നതിന് പ്രാരംഭ ബോധവൽക്കരണത്തിനും ഏകോപനത്തിനുമപ്പുറമുള്ള ശക്തിപ്പെടുത്തൽ ആവശ്യമാണ്. സ്വച്ഛ് ഭാരത് മിഷന്റെ സമീപനം സർട്ടിഫിക്കേഷൻ, അംഗീകാരം, പ്രോത്സാഹന പ്രേരണകൾ, സാമൂഹിക ആനുകൂല്യങ്ങൾ എന്നിവയെ സംയോജിപ്പിക്കുന്നു. ഈ സംവിധാനങ്ങൾ പങ്കാളിത്തം നിലനിർത്താനും ആഗ്രഹിക്കുന്ന ശുചിത്വ ശീലങ്ങൾ തുടർച്ചയായി സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു.
നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും നൽകുന്ന സാക്ഷ്യപത്ര മാർഗ്ഗരേഖകൾ ശുചിത്വത്തിന്റെയും വൃത്തിയുടെയും ഫലങ്ങൾ അളക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ നൽകുന്നു. സ്വച്ഛ് ഭാരത് മിഷന് കീഴിൽ പൗരന്മാരുടെ പങ്കാളിത്തത്തോടെ ഈ ഫലങ്ങൾ ഏകീകരിക്കുന്നതിന് ODF, ODF+, ODF++, വാട്ടർ+, സ്റ്റാർ റേറ്റിംഗ് തുടങ്ങിയ മാർഗ്ഗരേഖകൾ സഹായിച്ചു. ODF മാർഗ്ഗരേഖ എല്ലാ പൗരന്മാർക്കും ശൗചാലയങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ODF+ ഈ ശ്രദ്ധയെ പ്രവർത്തനക്ഷമവും ഉപയോഗയോഗ്യവുമായ കമ്മ്യൂണിറ്റി, പൊതു ശൗചാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. അവയുടെ ശരിയായ പ്രവർത്തനവും പരിപാലനവും ശൗചാലയങ്ങളുടെ തുടർച്ചയായ ഉപയോഗത്തെ പിന്തുണയ്ക്കുകയും വീണ്ടും തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനത്തിലേക്ക് തിരികെ പോകുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു. ODF++ മലന്യശേഖരണത്തിന്റെ സുരക്ഷിതമായ ഉൾക്കൊള്ളൽ, പുറന്തള്ളൽ, ഗതാഗതം, സംസ്കരണം എന്നിവ പരിഹരിക്കുന്നു. സംസ്‌കരിക്കാത്ത മാലിന്യങ്ങൾ തുറന്ന ഓടകളിലോ ജലാശയങ്ങളിലോ വയലുകളിലോ എത്തുന്നത് തടയാൻ ഇത് ശ്രമിക്കുന്നു. വാട്ടർ+ ഈ ശ്രദ്ധയെ സംസ്‌കരിക്കാത്ത കറുത്തതും ചാരനിറത്തിലുള്ളതുമായ വെള്ളത്തിലേക്ക് വ്യാപിപ്പിക്കുന്നു. സംസ്‌കരിച്ച മലിനജലത്തിന്റെ ഒരു ഭാഗം പുനരുപയോഗിക്കുന്നതിനെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഖരമാലിന്യ സംസ്കരണത്തിനായി മാലിന്യമുക്ത നഗരങ്ങൾക്കായുള്ള സ്റ്റാർ റേറ്റിംഗ് പ്രോട്ടോക്കോൾ ഒരു നഗരത്തിന്റെ മാലിന്യ സംസ്കരണ നില വിലയിരുത്തുന്നതിന് ഒരൊറ്റ മാനദണ്ഡം നൽകുന്നു. വാതിൽപ്പടി ശേഖരണവും ഉറവിട തരംതിരിക്കലും ഇതിന്റെ ഘടകങ്ങളിൽ ഉൾപ്പെടുന്നു. മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണവും പഴയ മാലിന്യനിക്ഷേപ കേന്ദ്രങ്ങളുടെ പുനരുദ്ധാരണവും ഇവയിൽ ഉൾപ്പെടുന്നു. ഈ മാർഗ്ഗരേഖകളെല്ലാം ചേർന്ന് സ്വച്ഛതാ ഫലങ്ങൾ വിലയിരുത്താൻ കഴിയുന്ന മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു.

അംഗീകാരം നൽകുന്നത് സമൂഹത്തിൽ നല്ല പെരുമാറ്റം ദൃശ്യമാക്കുന്നതിലൂടെ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും. പരസ്പര അംഗീകാരങ്ങളിലൂടെയും ഗവൺമെന്റിൽ നിന്നുള്ള പ്രശംസാപത്രങ്ങളിലൂടെയും സ്വച്ഛ ഭാരത് മിഷൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും സഹപ്രവർത്തകരായ നേതാക്കളെയും പ്രാദേശിക നായകരെയും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന ആകർഷകമായ ഉദാഹരണങ്ങൾ സൃഷ്ടിക്കാനും അംഗീകാരങ്ങൾക്ക് കഴിയും. അതിനാൽ ഈ സമീപനം വ്യക്തിഗത സംഭാവനകളെ കൂട്ടായ ഐഡന്റിറ്റിയുമായും സാമൂഹിക പങ്കാളിത്തവുമായും ബന്ധിപ്പിക്കുന്നു.

പ്രാദേശികമായ ചില പ്രത്യേക ശുചിത്വ, മാലിന്യ സംസ്കരണ വെല്ലുവിളികൾക്ക് അനുസൃതമായും പ്രോത്സാഹനങ്ങൾ രൂപകൽപ്പന ചെയ്യാൻ കഴിയും. ജമ്മു കശ്മീരിലെ പഞ്ചായത്ത് ഹൽഖ ഹിതറിൽ നിന്നുള്ള ഒരു ഉദാഹരണം 'സ്വച്ഛത ക്രൂണിക്കിൾസ്' രേഖപ്പെടുത്തുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സംരംഭം "പ്ലാസ്റ്റിക് നൽകൂ, സ്വർണ്ണം നേടൂ" എന്ന പദ്ധതി അവതരിപ്പിച്ചു. പ്രാദേശിക പ്രദേശങ്ങളെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പ്രചാരണത്തെ യുവാക്കളും സ്ത്രീകളും പിന്തുണച്ചു. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന്റെ നിർദ്ദിഷ്ട അളവുകൾക്ക് എതിരായി രണ്ട് സ്വർണ്ണ നാണയങ്ങൾ വാഗ്ദാനം ചെയ്തു. ഈ സംരംഭം ബോധവൽക്കരണം, സാമൂഹിക പങ്കാളിത്തം, പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ എന്നിവയെ സംയോജിപ്പിച്ചു. ഈ പ്രചാരണത്തിൽ വീടുകൾക്കുള്ള തുണിസഞ്ചികളും സാമൂഹിക ശ്രമദാന ഡ്രൈവുകളും ഉൾപ്പെട്ടിരുന്നു.
അങ്ങനെ സ്വച്ഛതയ്ക്ക് കീഴിലുള്ള ശക്തിപ്പെടുത്തൽ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്നു. മാർഗ്ഗരേഖകൾ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു, പ്രോത്സാഹന പ്രേരണകൾ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, അംഗീകാരങ്ങൾ സുസ്ഥിരമായ പങ്കാളിത്തത്തെ ആഘോഷിക്കുന്നു. കൂടാതെ സാമൂഹിക പ്രോത്സാഹനങ്ങൾക്ക് പ്രാദേശിക ഉടമസ്ഥാവകാശം ഉണർത്താൻ കഴിയും. സ്വച്ഛതയെ ഒരു പ്രചാരണ അധിഷ്ഠിത പ്രവർത്തനത്തിൽ നിന്ന് സുസ്ഥിരമായ ഒരു പെരുമാറ്റ ശീലത്തിലേക്ക് മാറ്റാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു.
സ്വച്ഛത നിലനിർത്തുന്നതിനുള്ള പെരുമാറ്റ നിരീക്ഷണം
സ്വച്ഛത നിലനിർത്തുന്നതിന് പുരോഗതി വിലയിരുത്താനും കൂടുതൽ നടപടികൾ ആവശ്യമായ മേഖലകൾ തിരിച്ചറിയാനും കഴിയുന്ന സംവിധാനങ്ങൾ ആവശ്യമാണ്. അതിനാൽ നിരീക്ഷണം എന്നത് അടിസ്ഥാന സൗകര്യങ്ങൾ അളക്കുന്നതിനും അപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നു. പൗരന്മാരുടെ പങ്കാളിത്തത്തിനും പ്രാദേശിക വിലയിരുത്തലിനും നിരന്തരമായ മെച്ചപ്പെടലിനുമുള്ള അവസരങ്ങളും ഇത് സൃഷ്ടിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ നഗര ശുചിത്വ സർവേയായി സ്വച്ഛ് സർവേക്ഷൺ ഉയർന്നുവന്നിട്ടുണ്ട്. ഇത് വിവിധ ശുചിത്വ, വൃത്തി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നഗരങ്ങളെയും സംസ്ഥാനങ്ങളെയും വിലയിരുത്തുന്നു. സ്വച്ഛ ഭാരത് മിഷൻ - അർബന് (SBM-U) കീഴിലുള്ള ഒരു പ്രധാന ഭരണനിർവ്വഹണ ഉപകരണമായും ഈ സർവേ വികസിച്ചിട്ടുണ്ട്. നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും ഇടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വച്ഛ് സർവേക്ഷൺ ഒരു ഉൽപ്രേരകമായി പ്രവർത്തിക്കുന്നു. ഇത് പ്രാദേശിക ഭരണകൂടങ്ങൾക്ക് ശുചിത്വ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രോത്സാഹനമായി മാറുന്നു. ഈ സർവേയിലൂടെ പൗരന്മാരുടെ പങ്കാളിത്തവും ഗണ്യമായി വിപുലീകരിച്ചു. 2016-ൽ നടന്ന ആദ്യ ഘട്ടത്തിൽ ഒരു ലക്ഷത്തോളം പൗരന്മാരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചത്. 2021-ലെ ആറാം ഘട്ടമായപ്പോഴേക്കും ഇത് ഏകദേശം അഞ്ച് കോടി പൗരന്മാരായി ഉയർന്നു. അതിനാൽ ശുചിത്വ ഫലങ്ങളുടെ വിലയിരുത്തലിനുമപ്പുറമുള്ള കാര്യങ്ങൾ ഈ സർവേ നൽകുന്നു. ഇത് പൗരന്മാർക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും ശുചിത്വ സംവിധാനങ്ങൾക്കും ഇടയിൽ ഘടനാപരമായ ഒരു ബന്ധം സൃഷ്ടിക്കുന്നു.
സാമൂഹിക തലത്തിൽ നിരീക്ഷണം പെരുമാറ്റ മാറ്റത്തിന്റെ സുസ്ഥിരതയെയും പിന്തുണയ്ക്കുന്നു. ഒ.ഡി.എഫ് (ODF) പ്രഖ്യാപനത്തിന് ശേഷവും നിഗ്രാണി സമിതികൾ, സമുദായ നേതാക്കൾ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവരുടെ തുടർച്ചയായ ഇടപെടൽ സ്വച്ഛ ഭാരത് മിഷൻ - ഗ്രാമീൺ മാർഗ്ഗനിർദ്ദേശങ്ങൾ ഉറപ്പുനൽകുന്നു.
സ്വച്ഛതയുടെ യാത്ര തുടരുന്നു
സ്വച്ഛ് ഭാരത് മിഷന്റെ (SBM) യാത്ര ശുചിത്വ രീതികളിലും ആശയവിനിമയ സമീപനങ്ങളിലും ഉണ്ടായ പുരോഗമനാത്മകമായ വികാസത്തെ പ്രതിഫലിപ്പിക്കുന്നു. വീടുകളിൽ ശൗചാലയങ്ങളുടെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിലും അവയ്ക്കുള്ള ആവശ്യം സൃഷ്ടിക്കുന്നതിലുമായിരുന്നു തുടക്കത്തിലെ ഊന്നൽ. തുടർന്ന് അവയുടെ പതിവ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും തുറസ്സായ സ്ഥലങ്ങളിലെ മലമൂത്രവിസർജ്ജനം ഇല്ലാതാക്കുന്നതിനുമുള്ള ശ്രമങ്ങൾ നടന്നു. ഈ നേട്ടങ്ങൾ കൈവരിച്ചതോടെ ഒ.ഡി.എഫ് പദവി നിലനിർത്തുന്നതിലേക്കും ഖര-ദ്രവ മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതിലേക്കും ശ്രദ്ധ വിപുലീകരിച്ചു. ബോധവൽക്കരണത്തിൽ നിന്ന് ആഴത്തിലുള്ള ഇടപെടലുകളിലേക്കും കൂട്ടായ പങ്കാളിത്തത്തിലേക്കും മാറിക്കൊണ്ട് ഈ മുൻഗണനകൾക്കൊപ്പം ആശയവിനിമയ രീതികളും വികസിച്ചു.
ഈ അനുഭവങ്ങളെല്ലാം ഒരേ രീതിയിലുള്ള ഒരു വികാസത്തെ പ്രതിഫലിപ്പിക്കുന്നു. വിവര വിനിമയത്തിൽ നിന്ന് ഇടപെടലുകളിലേക്ക്, ഇടപെടലുകളിൽ നിന്ന് പങ്കാളിത്തത്തിലേക്ക്, പങ്കാളിത്തത്തിൽ നിന്ന് സുസ്ഥിരമായ സാമൂഹിക ഉടമസ്ഥാവകാശത്തിലേക്ക്. തത്ഫലമായി, സ്വച്ഛ് ഭാരത് മിഷന് കീഴിൽ, ആശയവിനിമയം എന്നത് ശുചിത്വ പരിസ്ഥിതിയുടെ ഒരു അവിഭാജ്യ ഘടകമായി മാറുകയും ആളുകളെ അടിസ്ഥാന സൗകര്യങ്ങളുമായും സ്ഥാപനങ്ങളുമായും കൂട്ടായ പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കുകയും ചെയ്തു. സ്വച്ഛതയുടെ സന്ദേശം പ്രചരിപ്പിക്കുക എന്നത് മാത്രമല്ല വിശാലമായ ലക്ഷ്യം, മറിച്ച് അതിനെ ദൈനംദിന സാമൂഹിക ജീവിതത്തിൽ ലയിച്ചുചേർന്ന സുസ്ഥിരമായ ഒരു ശീലമായി വളർത്തിയെടുക്കുക എന്നത് കൂടിയാണ്.
അവലംബം
Ministry of Jal Shakti
https://swachhbharatmission.ddws.gov.in/
https://www.youtube.com/watch?v=5PUCdLSN0dY
https://sbmurban.org/swachh-bharat-mission-progress
https://sbm.gov.in/sbmgdashboard/statesdashboard.aspx
https://swachhbharatmission.ddws.gov.in/communication-material
https://www.pib.gov.in/newsite/printrelease.aspx?lang=1®=3&relid=163260
https://www.pib.gov.in/PressReleasePage.aspx?PRID=1533609®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=1533609®=48&lang=2
https://static.pib.gov.in/WriteReadData/specificdocs/documents/2021/sep/doc202191721.pdf
https://www.pib.gov.in/PressNoteDetails.aspx?NoteId=160036&ModuleId=3®=3&lang=1
https://swachhbharatmission.ddws.gov.in/sites/default/files/Technical-Notes/IEC_Manual_English.pdf
https://swachhbharatmission.ddws.gov.in/sites/default/files/Guidelines/SBMG-IEC-Guidelines.pdf
https://swachhbharatmission.ddws.gov.in/sites/default/files/Guidelines/Swachhagrahi_Guidelines_2018.pdf
https://swachhbharatmission.ddws.gov.in/sites/default/files/communication-material/Voices_of_Change_Sarpanches_at_the_Forefront.pdf
https://swachhbharatmission.ddws.gov.in/sites/default/files/communication-material/Swachhata-Chronicles-Transformative-Tales-from-India.pdf
https://swachhbharatmission.ddws.gov.in/sites/default/files/Technical-Notes/Voices-from-the-States-29-April-2023.pdf
https://swachhbharatmission.ddws.gov.in/sites/default/files/Studies-and-surveys/Safety-security-and-dignity-of-women.pdf
Ministry of Housing and Urban Affairs
https://sbmurban.org/
https://sbmurban.org/swachh-talk
https://sbmurban.org/storage/app/media/pdf/Swachh-Survekshan-2025-26-Toolkit.pdf
https://www.pib.gov.in/PressReleaseIframePage.aspx?PRID=1909611®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=1846448®=48&lang=2
https://sbmurban.org/storage/app/media/pdf/National-Behaviour-Change-Communication-Framework.pdf
Prime Minister's Office
https://archive.pib.gov.in/newsite/erelcontent.aspx?relid=178574
PIB Special Services Features
https://www.pib.gov.in/newsite/printrelease.aspx?relid=171247®=48&lang=2
United Nations
https://www.sbcguidance.org/understand/social-and-behaviour-change-communication
PIB Backgrounders
https://www.pib.gov.in/PressNoteDetails.aspx?NoteId=160036&ModuleId=3®=3&lang=2
Click here for pdf file
***
SK
(Explainer ID: 160334)
आगंतुक पटल : 7
Provide suggestions / comments