Others
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
യോഗ്യതാധിഷ്ഠിത ഭരണസംവിധാനത്തിന്റെയും ഉൾച്ചേർക്കലിന്റെയും ഒരു നൂറ്റാണ്ട്
Posted On:
30 SEP 2026 11:47AM
|
2026 ഒക്ടോബർ 1-ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നൂറുവർഷം പൂർത്തിയാക്കുകയാണ്. 1926 ഒക്ടോബർ 1-നാണ് ഇന്ത്യയുടെ ആദ്യത്തെ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ചുകൊണ്ട് ഇതിന്റെ ഔദ്യോഗിക യാത്ര ആരംഭിച്ചത്. ലണ്ടനിലെ സ്റ്റേറ്റ് സെക്രട്ടറി അധ്യക്ഷനെയും അംഗങ്ങളെയും നിയമിച്ച ഒരു ഉപദേശക സമിതിയായിരുന്നു അത്. തുടർന്നുവന്ന നൂറ്റാണ്ടിൽ ഘടനയിലും പദവിയിലും ഉത്തരവാദിത്തങ്ങളിലും കമ്മീഷൻ വികാസം പ്രാപിക്കുകയും ഇന്നു കാണുന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായി മാറുകയും ചെയ്തു.
|
1926-ലേക്കുള്ള പാത
സ്വജനപക്ഷപാതത്തിന് പകരം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണം പൊതുസർവീസിലേക്കുള്ള പ്രവേശനം എന്ന തത്ത്വം 1855-ൽ ഔദ്യോഗിക രൂപം പ്രാപിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാമനിർദ്ദേശ രീതിക്ക് പകരം മത്സരപരീക്ഷ ഏർപ്പെടുത്തിക്കൊണ്ട് ലണ്ടനിൽ ഇന്ത്യൻ സിവിൽ സർവീസ് (ഐ.സി.എസ്) പരീക്ഷ ആരംഭിച്ചപ്പോഴായിരുന്നു അത്. എന്നാൽ ഭൂരിഭാഗം ഇന്ത്യക്കാർക്കും ഈ വാതിൽ തുറക്കുക എന്നത് ഏറെക്കുറെ അസാധ്യമായിരുന്നു. ലണ്ടനിൽ വെച്ച് ഇംഗ്ലീഷിൽ മാത്രമാണ് പരീക്ഷ നടത്തിയിരുന്നത്. കൂടാതെ ബംഗാളിലെയും പഞ്ചാബിലെയും ജില്ലകൾ ഭരിക്കാൻ ആവശ്യമായതുകൊണ്ടല്ല, മറിച്ച് ബ്രിട്ടീഷ് വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിച്ചവർക്ക് അനുകൂലമാകാൻ വേണ്ടി ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഉദ്യോഗാർത്ഥികളെ പരീക്ഷിച്ചിരുന്നത്.
1862-ൽ രവീന്ദ്രനാഥ ടാഗോറിന്റെ മൂത്ത സഹോദരനായ 21 വയസ്സുകാരൻ സത്യേന്ദ്രനാഥ ടാഗോർ സ്വന്തം രാജ്യത്ത് എഴുതാൻ അനുവാദമില്ലാത്ത ഒരു പരീക്ഷയിൽ പങ്കെടുക്കാനായി കൽക്കട്ടയിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കപ്പൽ കയറി. 1863-ൽ അദ്ദേഹം പരീക്ഷ വിജയിക്കുകയും 1864-ൽ സർവീസിൽ ചേരുകയും ചെയ്തു. ബ്രിട്ടീഷുകാർ "ദൈവതുല്യമായ സർവീസ്" (heaven-born service) എന്നുവിളിച്ചിരുന്ന സർവീസിലെ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. ബോംബെ പ്രസിഡൻസിയിൽ അദ്ദേഹം മുപ്പതിലേറെ വർഷം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ വിജയത്തിന്റെ ആറുവർഷത്തിന് ശേഷം സുരേന്ദ്രനാഥ് ബാനർജി, ബിഹാരി ലാൽ ഗുപ്ത, രമേഷ് ചന്ദർ ദത്ത് എന്നിവരും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. എങ്കിലും പരീക്ഷ എഴുതാനുള്ള പരമാവധി പ്രായപരിധി 23-ൽ നിന്ന് 19 ആയി ക്രമേണ കുറച്ചു. ഇത് ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ വളരെ കുറഞ്ഞ സമയം മാത്രം നൽകി. 1919 ആയപ്പോഴേക്കും ആകെ 1,255 ഐ.സി.എസ് ഓഫീസർമാരിൽ 78 പേർ മാത്രമായിരുന്നു ഇന്ത്യക്കാർ.
തുടർച്ചയായ ദേശീയവാദ ആവശ്യങ്ങൾ ക്രമേണ മാറ്റങ്ങൾക്ക് വഴിയൊരുക്കി. മൊണ്ടേഗു-ചെംസ്ഫോർഡ് പരിഷ്കാരങ്ങൾക്ക് ശേഷം പ്രാബല്യത്തിൽ വന്ന 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ഒരു പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കുന്നതിനുള്ള വ്യവസ്ഥ മുന്നോട്ടുവെച്ചു. 1855-ന് ശേഷം ആദ്യമായി 1922-ൽ ലണ്ടനൊപ്പം ഇന്ത്യയിലെ അലഹബാദിലും ഐ.സി.എസ് പരീക്ഷ നടത്തപ്പെട്ടു. 1928-ൽ ഇന്ത്യയിലെ പരീക്ഷാ കേന്ദ്രം ഡൽഹിയിലേക്ക് മാറ്റി. ആർതർ ഹാമിൽട്ടൺ ലീ അധ്യക്ഷനായ ലീ കമ്മീഷൻ, നിയമപരമായ ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉടനടി സ്ഥാപിക്കാൻ 1924-ൽ ശുപാർശ ചെയ്തു. ഓരോ പത്ത് പുതിയ ഉദ്യോഗാർത്ഥികളിലും നാലുപേർ ബ്രിട്ടീഷുകാരും നാലുപേർ ഇന്ത്യക്കാരും രണ്ടുപേർ പ്രൊവിൻഷ്യൽ സർവീസുകളിൽ നിന്ന് പ്രൊമോഷൻ ലഭിക്കുന്ന ഇന്ത്യക്കാരുമായിരിക്കണമെന്നും അത് നിർദ്ദേശിച്ചു - കടലാസിൽ ഇത് തുല്യതയിലേക്കുള്ള വഴിയായിരുന്നെങ്കിലും പ്രായോഗികമായി മത്സരത്തിലൂടെയല്ലാതെ ജന്മം കൊണ്ട് മാത്രം ബ്രിട്ടീഷുകാർക്ക് ഓരോ നിയമനത്തിലും 40 ശതമാനം ഉറപ്പുനൽകുന്ന ഒന്നായിരുന്നു ഇത്.
1919-ലെ ആക്ടിലെ 96B, 96C എന്നീ വകുപ്പുകൾ പ്രകാരം തയാറാക്കിയ 1926-ലെ പബ്ലിക് സർവീസ് കമ്മീഷൻ (ഫങ്ഷൻസ്) ചട്ടങ്ങൾ പ്രകാരമാണ് കമ്മീഷൻ സ്ഥാപിതമായത്. യുണൈറ്റഡ് കിംഗ്ഡത്തിലെ ഹോം സിവിൽ സർവീസ് അംഗമായിരുന്ന സർ റോസ് ബാർകർ ആയിരുന്നു ഇതിന്റെ ആദ്യ അധ്യക്ഷൻ. അദ്ദേഹത്തെ സഹായിക്കാൻ നാല് അംഗങ്ങളുമുണ്ടായിരുന്നു. ഡൽഹിയിലെ മെറ്റ്കാഫ് ഹൗസിലാണ് കമ്മീഷൻ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ പരിമിതമായ അധികാരങ്ങൾ സ്വാതന്ത്ര്യസമര നേതാക്കളുടെ ശക്തമായ വിമർശനത്തിന് ഇരയായി. എങ്കിലും ഇന്ത്യയിൽ ആസ്ഥാനവും ജീവനക്കാരുമുള്ള ഒരു സ്ഥിരം റിക്രൂട്ട്മെന്റ് ഏജൻസി നിലവിൽ വന്നു - അതുകൊണ്ടാണ് കമ്മീഷൻ അതിന്റെ ചരിത്രം 1926 മുതൽ കണക്കാക്കുന്നത്.
ഭരണഘടനാപരമായ ചുമതല
1949 ഓഗസ്റ്റ് 22-ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനായ ഡോ. ബി.ആർ. അംബേദ്കർ യൂണിയൻ-സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുകളെക്കുറിച്ചുള്ള കരടു അനുച്ഛേദങ്ങൾ ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ചു. ഇവ ഭരണഘടനയുടെ പാർട്ട് XIV (315–323 അനുച്ഛേദങ്ങൾ) ആയി മാറി. 1949 നവംബർ 26-ലെ തന്റെ യാത്രയയപ്പ് പ്രസംഗത്തിൽ പബ്ലിക് സർവീസ് കമ്മീഷനുകളുടെ സ്വതന്ത്രമായ നിലനിൽപ്പ് പൊതുനിയമനങ്ങളിലെ നിഷ്പക്ഷത ഉറപ്പാക്കുന്നതിനും അനർഹമായ ജോലി നൽകൽ, സ്വജനപക്ഷപാതം, പ്രീണനം എന്നിവയ്ക്കെതിരെ സംരക്ഷണം തീർക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് ഡോ.രാജേന്ദ്ര പ്രസാദ് ഊന്നിപ്പറഞ്ഞു.
|
അനുച്ഛേദം
|
അത് നൽകുന്ന വ്യവസ്ഥകൾ
|
|
315
|
യൂണിയനും സംസ്ഥാനങ്ങൾക്കുമായി പബ്ലിക് സർവീസ് കമ്മീഷനുകൾ. കൂടാതെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കായി സംയുക്ത കമ്മീഷനുള്ള (ജോയിന്റ് കമ്മീഷൻ) വ്യവസ്ഥയും
|
|
316
|
അധ്യക്ഷനെയും അംഗങ്ങളെയും രാഷ്ട്രപതി നിയമിക്കുന്നു
|
|
317
|
സുപ്രീം കോടതിയുടെ അന്വേഷണത്തിന് ശേഷം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാത്രം ഒരു അംഗത്തെ നീക്കം ചെയ്യാനോ സസ്പെൻഡ് ചെയ്യാനോ ഉള്ള അധികാരം
|
|
318
|
അംഗങ്ങളുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളെക്കുറിച്ച് ചട്ടങ്ങൾ ഉണ്ടാക്കാനുള്ള അധികാരം
|
|
319
|
അംഗത്വം അവസാനിച്ചതിന് ശേഷം പദവികൾ വഹിക്കുന്നതിലെ വിലക്കുകൾ; അധ്യക്ഷന് ഇന്ത്യാ ഗവൺമെന്റിന് കീഴിലോ ഏതെങ്കിലും സംസ്ഥാന ഗവൺമെന്റിന് കീഴിലോ തുടർന്നുള്ള ഉദ്യോഗങ്ങൾക്ക് യോഗ്യതയുണ്ടായിരിക്കില്ല
|
|
320
|
ചുമതലകൾ: യൂണിയന്റെ സർവീസുകളിലേക്കുള്ള നിയമനങ്ങൾക്കായി പരീക്ഷകൾ നടത്തുക, റിക്രൂട്ട്മെന്റ് രീതികൾ, പ്രൊമോഷനുകൾ, അച്ചടക്ക നടപടികൾ എന്നിവയിൽ ഉപദേശം നൽകുക
|
|
321
|
കമ്മീഷന്റെ ചുമതലകൾ വിപുലീകരിക്കാൻ പാർലമെന്റിനോ സംസ്ഥാന നിയമസഭയ്ക്കോ ഉള്ള അധികാരം
|
|
322
|
കമ്മീഷന്റെ ചെലവുകൾ കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽ (ഇന്ത്യയുടെ സഞ്ചിത നിധി) നിന്ന് വകയിരുത്തുന്നു
|
|
323
|
രാഷ്ട്രപതിക്ക് നൽകുന്ന വാർഷിക റിപ്പോർട്ട്; കമ്മീഷന്റെ ഉപദേശം സ്വീകരിക്കാത്ത സംഭവങ്ങളും അതിന്റെ കാരണങ്ങളും പാർലമെന്റിന് മുന്നിൽ വയ്ക്കേണ്ടതാണ്
|
- പരീക്ഷ മുഖേനയുള്ള റിക്രൂട്ട്മെന്റ്: സിവിൽ സർവീസസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ്, എഞ്ചിനീയറിംഗ് സർവീസസ്, കമ്പൈൻഡ് മെഡിക്കൽ സർവീസസ്, നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി, കമ്പൈൻഡ് ഡിഫൻസ് സർവീസസ്, സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (അസിസ്റ്റന്റ് കമാൻഡന്റ്സ്) എന്നീ പരീക്ഷകളും മറ്റ് പരീക്ഷകളും ഇതിൽ ഉൾപ്പെടുന്നു.
- തിരഞ്ഞെടുപ്പ് മുഖേനയുള്ള റിക്രൂട്ട്മെന്റ്: മന്ത്രാലയങ്ങളും വകുപ്പുകളും ആവശ്യപ്പെടുന്ന വിദഗ്ധ തസ്തികകളിലേക്കുള്ള അഭിമുഖങ്ങളും റിക്രൂട്ട്മെന്റ് പരീക്ഷകളും.
- ഗവൺമെന്റിനുള്ള ഉപദേശം: റിക്രൂട്ട്മെന്റ് ചട്ടങ്ങൾ, ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റികൾ വഴിയുള്ള പ്രൊമോഷനുകൾ, അഖിലേന്ത്യാ സർവീസുകളിലേക്കുള്ള നിയമനം, അച്ചടക്ക നടപടികൾ എന്നിവയിൽ ഉപദേശം നൽകുന്നു. 2023-24 വർഷത്തിൽ പ്രൊമോഷനായി 24,581 ഉദ്യോഗസ്ഥരുടെ രേഖകൾ കമ്മീഷൻ പരിശോധിക്കുകയും 532 ഉദ്യോഗസ്ഥരെ അഖിലേന്ത്യാ സർവീസുകളിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു.
- പോലീസ് നേതൃത്വം: പ്രകാശ് സിംഗ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 2006 സെപ്റ്റംബർ 22-ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് 2012-13 മുതൽ സംസ്ഥാനങ്ങളിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്/പോലീസ് മേധാവി തസ്തിക നിയമനത്തിനായി മുതിർന്ന ഐ.പി.എസ് (IPS) ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുന്നത് കമ്മീഷനാണ്.
പ്രധാന സംഭവങ്ങൾ: 1926–2026
അടിത്തറകൾ: 1926–1949
|
വർഷം
|
നാഴികക്കല്ല്
|
|
1935
|
1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമനാധികാരം ഗവർണർ ജനറലിന് കൈമാറുകയും ഒരു ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷനും പ്രൊവിൻഷ്യൽ പബ്ലിക് സർവീസ് കമ്മീഷനുകളും രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുകയും റിക്രൂട്ട്മെന്റ്, നിയമനങ്ങൾ, പ്രൊമോഷനുകൾ, അച്ചടക്ക നടപടികൾ, സേവന ചട്ടങ്ങൾ എന്നിവയിൽ കമ്മീഷനുമായുള്ള ആലോചന നിർബന്ധമാക്കുകയും ചെയ്തു.
|
|
1937
|
ഏപ്രിൽ 1-ന് ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ എന്ന് പുനർനാമകരണം ചെയ്തു.
|
|
1938
|
നിരവധി സർവീസുകൾക്കായി സംയുക്ത മത്സരപരീക്ഷകൾ (കമ്പൈൻഡ് കോംപറ്റിറ്റീവ് എക്സാമിനേഷൻസ്) ആരംഭിച്ചു - ഏകീകൃതവും ബഹു-സർവീസ് കേന്ദ്രീകൃതവുമായ റിക്രൂട്ട്‌മെന്റിന്റെ തുടക്കം.
|
|
1940
|
ഐ.സി.എസിൽ ചരിത്രത്തിലാദ്യമായി ഇന്ത്യക്കാരുടെ എണ്ണം (625) യൂറോപ്യന്മാരുടെ എണ്ണത്തെക്കാൾ (575) കൂടുതലായി.
|
|
1947
|
ശ്രീ എച്ച്.കെ.കൃപലാനി ആദ്യത്തെ ഇന്ത്യൻ ചെയർമാനായി. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ പരീക്ഷ ഡിസംബറിൽ നടന്നു. ഐ.സി.എസിന് (ICS) പകരം ഐ.എ.എസ് (IAS) നിലവിൽ വന്നു.
|
|
1948
|
സംയുക്ത പരീക്ഷയിലൂടെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് റിക്രൂട്ട് ചെയ്യപ്പെട്ടു.
|
റിപ്പബ്ലിക്കിന്റെ സർവീസുകൾ കെട്ടിപ്പടുക്കൽ: 1950–1979
|
വർഷം
|
നാഴികക്കല്ല്
|
|
1950
|
ജനുവരി 26-ന് ഫെഡറൽ പബ്ലിക് സർവീസ് കമ്മീഷൻ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനായി മാറി. ശ്രീ ആർ.എൻ.ബാനർജി ചെയർമാനായി ചുമതലയേറ്റു.
|
|
1950–51
|
ഭരണഘടനയ്ക്ക് കീഴിൽ അഖിലേന്ത്യാ സർവീസുകളിലേക്കുള്ള ആദ്യത്തെ പതിവ് റിക്രൂട്ട്‌മെന്റ് നടന്നു. ഐ.എ.എസിന് 29 ഉദ്യോഗാർത്ഥികളെയും ഐ.പി.എസിന് 31 ഉദ്യോഗാർത്ഥികളെയും ശുപാർശ ചെയ്തു.
|
|
1951
|
അഖിലേന്ത്യാ സർവീസ് നിയമം രൂപീകരിച്ചു.
|
|
1966
|
മൂന്നാമത് അഖിലേന്ത്യാ സർവീസായി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് രൂപീകരിച്ചു. 1967-ൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നു.
|
|
1969
|
സിവിൽ സർവീസസ് പരീക്ഷയുടെ ഉപന്യാസം, ജനറൽ സ്റ്റഡീസ് പേപ്പറുകൾക്ക് എട്ടാം ഷെഡ്യൂളിലെ ഭാഷകൾ തിരഞ്ഞെടുക്കാനുള്ള അവസരം അവതരിപ്പിച്ചു.
|
|
1976
|
സുവർണ്ണ ജൂബിലി ആഘോഷിച്ചു. അപേക്ഷകളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. ഡി.എസ്. കോത്താരി കമ്മിറ്റി മൂന്ന് ഘട്ടങ്ങളായുള്ള പരീക്ഷ നിർദ്ദേശിച്ചു.
|
|
1977
|
ആദ്യത്തെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ നടന്നു.
|
|
1978
|
അപേക്ഷകൾ, ഉത്തരക്കടലാസുകൾ, രേഖകൾ എന്നിവ പ്രൊസസ്സ് ചെയ്യുന്നതിനായി കമ്മീഷൻ കമ്പ്യൂട്ടറുകൾ അവലംബിച്ചു.
|
|
1979
|
പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായുള്ള സിവിൽ സർവീസസ് പരീക്ഷ അവതരിപ്പിച്ചു. മെയിൻ പരീക്ഷയിൽ എട്ടാം ഷെഡ്യൂളിലെ ഭാഷകൾ ഔദ്യോഗികമായി ഉൾപ്പെടുത്തി; ലണ്ടനിലെ പരീക്ഷാ കേന്ദ്രം നിർത്തലാക്കി.
|
പരിഷ്കരണവും ആധുനികവൽക്കരണവും: 1985–2010
|
വർഷം
|
നാഴികക്കല്ല്
|
|
1985
|
അനുവദിക്കപ്പെട്ട അംഗബലം ഒരു അധ്യക്ഷനും പത്ത് അംഗങ്ങളുമായി ഉയർത്തി.
|
|
1988–89
|
കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ, 200 മാർക്കിന്റെ ഉപന്യാസം, പ്രിലിമിനറി പരീക്ഷയിൽ നെഗറ്റീവ് മാർക്കിംഗ്, ഇന്റർവ്യൂവിന് കൂടുതൽ മാർക്ക് എന്നിവ സതീഷ് ചന്ദ്ര കമ്മിറ്റി ശുപാർശ ചെയ്തു.
|
|
1989
|
ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ (OMR) സാങ്കേതികവിദ്യ അവതരിപ്പിച്ചു.
|
|
1992
|
ശ്രീമതി റോസ് മിലിയൻ ബാത്യു ഖർബുലി ആദ്യത്തെ വനിതാ അധ്യക്ഷയായി.
|
|
1993
|
സിവിൽ സർവീസസ് (മെയിൻ) പരീക്ഷയിൽ ഉപന്യാസ പേപ്പർ ഉൾപ്പെടുത്തി; ഇന്റർവ്യൂ മാർക്ക് 250-ൽ നിന്ന് 300 ആയി ഉയർത്തി.
|
|
1994
|
മെഡിക്കൽ സയൻസ് ഒരു ഐച്ഛിക വിഷയമായി (ഓപ്ഷണൽ സബ്ജക്റ്റ്) കൂട്ടിച്ചേർത്തു.
|
|
2000
|
സംപെറ (SAMPERA) പൊതു അപേക്ഷാ ഫോമിന് (1999–2000) ശേഷം, ഓൺലൈൻ റിക്രൂട്ട്‌മെന്റ് ആപ്ലിക്കേഷൻ (ORA) സംവിധാനം ആരംഭിച്ചു; 2010 ആയപ്പോഴേക്കും പല പരീക്ഷകൾക്കുമുള്ള അപേക്ഷകൾ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി.
|
|
2003
|
ആദ്യത്തെ സെൻട്രൽ പോലീസ് ഫോഴ്‌സസ് (അസിസ്റ്റന്റ് കമാൻഡന്റ്സ്) പരീക്ഷ നടന്നു (ഒക്ടോബർ 12).
|
|
2005
|
ആയോഗ് സചിവാലയ എന്ന പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു (ഡിസംബർ 22).
|
|
2009
|
'ഭരണനിർവഹണവും പൊതുസർവീസും' (ഗവേണൻസ് ആൻഡ് പബ്ലിക് സർവീസ്) എന്ന വിഷയത്തിൽ സംഘടിപ്പിച്ച സ്ഥാപക ദിന പ്രഭാഷണ പരമ്പര രാഷ്ട്രപതി ശ്രീമതി പ്രതിഭാ ദേവിസിംഗ് പാട്ടീൽ ഉദ്ഘാടനം ചെയ്തു (നവംബർ 12); സിവിൽ സർവീസസ് പരീക്ഷയിൽ ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസ് കൂട്ടിച്ചേർത്തു.
|
|
2010
|
SAARC രാജ്യങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ അധ്യക്ഷന്മാരുടെ സമ്മേളനത്തിന് യു.പി.എസ്.സി ആതിഥേയത്വം വഹിച്ചു (നവംബർ 20–22).
|
ഡിജിറ്റൽ, സുതാര്യം, എല്ലാവരെയും ഉൾച്ചേർക്കൽ: 2011–2026
|
വർഷം
|
നാഴികക്കല്ല്
|
|
2011
|
സിവിൽ സർവീസസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (CSAT) അവതരിപ്പിച്ചു; ഏകജാലക സംവിധാനം നിലവിൽ വന്നു (സെപ്റ്റംബർ 1).
|
|
2013
|
സിവിൽ സർവീസസ് (മെയിൻ) പരീക്ഷ പുനഃസംഘടിപ്പിച്ചു: എത്തിക്സ്, ഇന്റഗ്രിറ്റി, ആപ്റ്റിറ്റ്യൂഡ് എന്നിവയുൾപ്പെടെ നാല് ജനറൽ സ്റ്റഡീസ് പേപ്പറുകളും ഒരു ഐച്ഛിക വിഷയവും (ഓപ്ഷണൽ സബ്ജക്റ്റ്). ആദ്യത്തെ കമ്പ്യൂട്ടർ അധിഷ്ഠിത റിക്രൂട്ട്മെന്റ് പരീക്ഷകൾ (CBRT) നടപ്പിലാക്കി. സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ വഴി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFoS) സ്ക്രീനിംഗ് ആരംഭിച്ചു.
|
|
2015
|
CSAT ഒരു യോഗ്യതാ പരീക്ഷയാക്കി (33 ശതമാനം) മാറ്റി.
|
|
2017
|
എഞ്ചിനീയറിംഗ് സർവീസസ് പരീക്ഷ മൂന്ന് ഘട്ടങ്ങളാക്കി; ചോദ്യങ്ങളെക്കുറിച്ചുള്ള പരാതികൾ നൽകാൻ ഏഴ് ദിവസത്തെ ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി.
|
|
2018
|
ക്വറി ബേസ്ഡ് മാർക്ക്സ് ഇൻഫർമേഷൻ സിസ്റ്റം ആരംഭിച്ചു (ജൂൺ 1).
|
|
2019
|
വർഷം മുഴുവനുമുള്ള പരീക്ഷകളുടെ മേൽനോട്ടത്തിനായി പ്രത്യേക കൺട്രോൾ റൂം സജ്ജീകരിച്ചു.
|
|
2021
|
NDA & NA പരീക്ഷയിൽ ആദ്യമായി വനിതകൾക്ക് പ്രവേശനം നൽകി - 2021 നവംബർ 14-ന് എൻ.ഡി.എ & എൻ.എ പരീക്ഷ (II), 2021 നടന്നു.
|
|
2022
|
സിവിൽ സർവീസസ് പരീക്ഷയ്ക്ക് കീഴിലുണ്ടായിരുന്ന നിലവിലെ നാല് ഗ്രൂപ്പ് എ റെയിൽവേ സർവീസുകൾ ഇന്ത്യൻ റെയിൽവേ മാനേജ്മെന്റ് സർവീസായി ഏകീകരിച്ചു.
|
2025, 2026 വർഷങ്ങളിലെ വികസന പ്രവർത്തനങ്ങൾ സെക്ഷൻ 7-ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
വസ്തുതകളും കണക്കുകളും
കമ്മീഷന്റെ പ്രവർത്തന വ്യാപ്തി
UPSC കൈകാര്യം ചെയ്യുന്ന ജോലികളുടെ വ്യാപ്തിയും സങ്കീർണ്ണതയും വർഷങ്ങളായി ഗണ്യമായി വർധിച്ചിട്ടുണ്ട്. വിവിധ പരീക്ഷകളിലൂടെയും തിരഞ്ഞെടുപ്പ് വഴിയുള്ള റിക്രൂട്ട്‌മെന്റിലൂടെയും ലഭിക്കുന്ന അപേക്ഷകളുടെ എണ്ണം 1950-51 ലെ 42,727-ൽ നിന്ന് 2022-23-ൽ 45,10,044 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയർന്നു - അതായത് നൂറുമടങ്ങിലധികം വർധനവ്. ആ വർഷം കമ്മീഷൻ 15 പരീക്ഷകൾ (33,51,916 അപേക്ഷകൾ) നടത്തുകയും തിരഞ്ഞെടുപ്പ് വഴിയുള്ള റിക്രൂട്ട്‌മെന്റിന് കീഴിൽ 4,411 തസ്തികകളിലേക്കായി 233 നിയമന അഭ്യർത്ഥനകൾ (11,58,128 അപേക്ഷകൾ) സ്വീകരിക്കുകയും ചെയ്തു.

|
സൂചകം
|
അന്ന്
|
ഇന്ന്
|
മാറ്റം
|
|
പരീക്ഷാ കേന്ദ്രങ്ങൾ
|
8 (1950)
|
86 (2026)
|
10 മടങ്ങിലധികം
|
|
സിവിൽ സർവീസസ് പരീക്ഷയിൽ ശുപാർശ ചെയ്യപ്പെട്ട വനിതകൾ
|
83-ൽ 3 (1952)
|
958-ൽ 299 (2025)
|
ഏതാണ്ട് 100 മടങ്ങ്
|
|
സിവിൽ സർവീസസ് പരീക്ഷയിൽ ശുപാർശ ചെയ്യപ്പെട്ട പട്ടികജാതി (SC) ഉദ്യോഗാർത്ഥികൾ
|
9 (1955)
|
158 (2025)
|
ഏതാണ്ട് 18 മടങ്ങ്
|
|
സിവിൽ സർവീസസ് പരീക്ഷയിൽ ശുപാർശ ചെയ്യപ്പെട്ട പട്ടികവർഗ്ഗ (ST) ഉദ്യോഗാർത്ഥികൾ
|
2 (1956-57)
|
73 (2025)
|
ഏതാണ്ട് 37 മടങ്ങ്
|
|
പട്ടികജാതി (SC) അപേക്ഷകർ, എല്ലാ പരീക്ഷകളിലും
|
1,713 (1956-57)
|
4,51,243 (2023-24)
|
ഏതാണ്ട് 382 മടങ്ങ്
|
|
പട്ടികവർഗ്ഗ (ST) അപേക്ഷകർ, എല്ലാ പരീക്ഷകളിലും
|
82 (1956-57)
|
1,47,106 (2023-24)
|
ഏതാണ്ട് 1794 മടങ്ങ്
|
|
സിവിൽ സർവീസസ് പരീക്ഷയിൽ ശുപാർശ ചെയ്യപ്പെട്ട ഭിന്നശേഷി (PwBD) ഉദ്യോഗാർത്ഥികൾ
|
3 (2002)
|
42 (2025)
|
14 മടങ്ങ്
|
|
അച്ചടക്ക നടപടികളിൽ നൽകിയ നിർദ്ദേശങ്ങൾ
|
53 (1950-51)
|
446 (2023-24)
|
ഏതാണ്ട് 8 മടങ്ങ്
|
- വനിതകൾ: 1949-നും 1951-നും ഇടയിൽ ഇന്ത്യൻ ഫോറിൻ സർവീസിലേക്ക് ഒരു വനിതയും ഐ.എ.എസിലേക്ക് (IAS) രണ്ട് വനിതകളും മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 1952-ൽ ശുപാർശ ചെയ്യപ്പെട്ടവരിൽ വനിതകൾ 3.6 ശതമാനമായിരുന്നുവെങ്കിൽ 2025-ലെ സിവിൽ സർവീസസ് പരീക്ഷയിൽ (CSE) അത് 31.2 ശതമാനമായി ഉയർന്നു; കൂടാതെ ആദ്യ 25 റാങ്കുകളിൽ 11 എണ്ണവും നേടിയത് വനിതകളാണ്.
- അഭിമുഖത്തിൽ ഇന്ത്യൻ ഭാഷകൾ: 1970-71-ൽ ഇന്റർവ്യൂ ഇംഗ്ലീഷിൽ മാത്രമേ നടത്താൻ കഴിയൂവെന്ന് കമ്മീഷൻ ഗവൺമെന്റിനെ അറിയിച്ചിരുന്നു. 1980-81-ൽ ഈ നിലപാടിൽ മാറ്റം വന്നു; കമ്മീഷൻ നൽകുന്ന ഒരു പരിഭാഷകന്റെ (ഇന്റർപ്രെറ്റർ) സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഇന്ത്യൻ ഭാഷകളിൽ ഉത്തരം നൽകാവുന്നതാണ്. 2010-11-ൽ 803 പേരും 2023-24-ൽ 307 പേരും ഈ സൗകര്യം തിരഞ്ഞെടുക്കുകയുണ്ടായി.

ഉപകഥകൾ
കമ്മീഷന്റെ നൂറുവർഷത്തെ ചരിത്രത്തിലെ ലഘുസംഭവങ്ങൾ
'സ്റ്റീൽ ഫ്രെയിം' പ്രസംഗം നടത്തിയത് എവിടെവെച്ചാണ്
സർ തോമസ് മെറ്റ്കാഫ് 1835-ൽ നിർമ്മിച്ച മെറ്റ്കാഫ് ഹൗസിന് ചരിത്രത്തിൽ മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. 1947 ഏപ്രിൽ 21-ന് സർദാർ വല്ലഭ്ഭായ് പട്ടേൽ സിവിൽ സർവീസ് പ്രൊബേഷണർമാരുടെ ആദ്യ ബാച്ചിനെ അവിടെവെച്ച് അഭിസംബോധന ചെയ്യുകയും സിവിൽ സർവീസുകളെ "ഇന്ത്യയുടെ ഉരുക്കു ചട്ടക്കൂട്" (സ്റ്റീൽ ഫ്രെയിം ഓഫ് ഇന്ത്യ) എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഈ ദിവസം ഇപ്പോൾ എല്ലാ വർഷവും സിവിൽ സർവീസസ് ദിനമായി ആചരിച്ചുവരുന്നു.
മഹാരാജാവിന്റെ താത്കാലിക വസതി
ഷാജഹാൻ റോഡിലെ ധോൽപൂർ ഹൗസ് ധോൽപൂരിലെ മഹാരാജ റാണാ ഉദയ്ഭാനു സിംഗ് ഡൽഹി സന്ദർശന വേളകളിൽ താമസിക്കാനായി 1835-ൽ 'ആർട്ട് ഡെക്കോ' ശൈലിയിൽ നിർമ്മിച്ചതാണ്. 1949 ഏപ്രിൽ 7-ന് ധോൽപൂർ നാട്ടുരാജ്യം ഇന്ത്യൻ യൂണിയനിൽ ലയിച്ചതോടെ ഈ മന്ദിരം ഗവൺമെന്റ് സ്വത്തായി മാറി. മൂന്ന് വർഷങ്ങൾക്ക് ശേഷം 1952-ൽ, ഇത് കമ്മീഷന്റെ സ്ഥിരം ആസ്ഥാനമായി തീർന്നു.
1972-ൽ ഇതുവരെ ഒരു വനിതാ ഓഫീസർ പോലും ഉണ്ടായിട്ടില്ലാത്ത ഇന്ത്യൻ പോലീസ് സർവീസിലേക്ക് (IPS) കമ്മീഷൻ തിരഞ്ഞെടുത്ത ആദ്യ വനിതയായി കിരൺ ബേദി മാറി. ആ വർഷത്തെ 80 ഒഴിവുകളിൽ അവർ മാത്രമായിരുന്നു ഏക വനിത.
പത്രങ്ങളിലെ അപേക്ഷാ ഫോമുകൾ
1989-ൽ തപാൽ സർവീസ് മന്ദഗതിയിലായതിനാൽ വിദൂര പ്രദേശങ്ങളിൽ അപേക്ഷാ ഫോമുകൾ എത്താൻ പ്രയാസമുണ്ടായപ്പോൾ കമ്മീഷൻ അവ പത്രങ്ങളിൽ നേരിട്ട് അച്ചടിച്ചു നൽകി. 1984-ൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാംഗ്ര ഒറ്റപ്പെട്ടപ്പോൾ ദുരിതബാധിതരായ ഉദ്യോഗാർത്ഥികൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കമ്മീഷൻ രണ്ടാഴ്ചത്തേക്ക് നീട്ടി നൽകുകയും ചെയ്തു.
1977 നവംബർ 8-ന് പോസ്റ്റ്സ് ആൻഡ് ടെലിഗ്രാഫ്സ് വകുപ്പ് കമ്മീഷന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് 25 പൈസയുടെ സ്റ്റാമ്പ് പുറത്തിറക്കി. സമത്വത്തിന്റെയും നിഷ്പക്ഷതയുടെയും പ്രതീകമായി ദേശീയ ത്രിവർണ്ണ പതാകയ്ക്കൊപ്പം സൂര്യനെയും അതിൽ ചിത്രീകരിച്ചിരുന്നു. 2001 ഡിസംബർ 14-ന് പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഉദ്ഘാടനം ചെയ്ത പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തപാൽ വകുപ്പ് ഫസ്റ്റ് ഡേ കവർ പുറത്തിറക്കി.
|
നിങ്ങൾക്കറിയാമോ?
- 2016 നവംബർ 11-ന് തുറന്ന യു.പി.എസ്.സി മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാണ്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. കൂടാതെ കമ്മീഷന്റെ വെബ്‌സൈറ്റിൽ 360-ഡിഗ്രി വെർച്വൽ ടൂറും ലഭ്യമാണ്.
- പ്രായപരിധി വലിയൊരു മാറ്റത്തിന് വിധേയമായിട്ടുണ്ട്. 1988-ൽ പോലും സിവിൽ സർവീസസ് പരീക്ഷയുടെ പ്രായപരിധി 21 മുതൽ 26 വയസ്സുവരെയായി നിലനിർത്താനാണ് ഒരു വിദഗ്ധ സമിതി ശുപാർശ ചെയ്തത്. ജനറൽ വിഭാഗത്തിന് 32 വയസ്സും OBC വിഭാഗത്തിന് 35 വയസ്സും SC, ST വിഭാഗങ്ങൾക്ക് 37 വയസ്സും ഭിന്നശേഷിക്കാർക്ക് 10 വർഷം വരെ അധിക ഇളവും നൽകുന്ന നിലവിലെ നിരക്കുകൾ നിശ്ചയിച്ചത് 2014-ലാണ്. അക്കൊല്ലം രണ്ട് അധിക അവസരങ്ങൾ കൂടി അനുവദിക്കുകയുണ്ടായി.
- 2011-ലെ സിവിൽ സർവീസസ് പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രായമോ മുമ്പ് ഉപയോഗിച്ച അവസരങ്ങളുടെ എണ്ണമോ കണക്കിലെടുക്കാതെ 2015-ലെ സിവിൽ സർവീസസ് പരീക്ഷയിൽ ഒരു അവസരം കൂടി നൽകുകയുണ്ടായി.
- കമ്മീഷൻ എപ്പോഴും യൂണിയനുവേണ്ടി (കേന്ദ്രത്തിന്) മാത്രമായിരുന്നില്ല റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്. 1960-61-ൽ ആർട്ടിക്കിൾ 320 പ്രകാരം ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC), കേന്ദ്രഭരണ പ്രദേശങ്ങളിലെ ടെറിട്ടോറിയൽ കൗൺസിലുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കുവേണ്ടിയും റിക്രൂട്ട്‌മെന്റ് നടത്താൻ കമ്മീഷൻ സമ്മതിക്കുകയുണ്ടായി.
- രണ്ടാം ലോകമഹായുദ്ധകാലത്ത് മത്സരപരീക്ഷകൾ തടസ്സപ്പെട്ടിരുന്നു. 1939-ലാണ് ലണ്ടൻ പരീക്ഷ അവസാനമായി നടത്തിയത്; 1940, 1941, 1942 വർഷങ്ങളിലെ ഓഫീസർമാരെ നേരിട്ട് നാമനിർദ്ദേശം ചെയ്യുകയായിരുന്നു, കൂടാതെ ബ്രിട്ടീഷ് പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള റിക്രൂട്ട്‌മെന്റ് 1943-ഓടെ പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.
- ഭരണഘടനയുടെ കരടുരൂപത്തിൽ പബ്ലിക് സർവീസ് കമ്മീഷനുകളെക്കുറിച്ചുള്ള വകുപ്പുകൾ ഡോ.ബി.ആർ.അംബേദ്കർ ഭരണഘടനാ നിർമ്മാണ സഭയിൽ അവതരിപ്പിച്ചപ്പോൾ ആർട്ടിക്കിൾ 284, 285 എന്നാണ് അക്കമിട്ടിരുന്നത്.
|
കേസ് സ്റ്റഡികൾ: ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു
മുംബൈയിൽ ദിവസവും രാവിലെ അയ്യായിരത്തോളം ഡബ്ബാവാലകൾ രണ്ട് ലക്ഷത്തോളം വീട്ടിലുണ്ടാക്കിയ ഉച്ചഭക്ഷണ പാത്രങ്ങൾ ശേഖരിക്കുകയും പാത്രത്തിന്റെ അടപ്പിൽ ചോക്ക് കൊണ്ട് അടയാളപ്പെടുത്തിയ കളർ കോഡ് മാത്രം ഉപയോഗിച്ച് ഉച്ചഭക്ഷണ സമയത്തിന് മുമ്പായി ഓരോന്നും കൃത്യമായ മേശപ്പുറത്ത് എത്തിക്കുകയും ചെയ്യുന്നു. ഇതിലും വളരെ ഉയർന്ന ഉത്തരവാദിത്തത്തോടെ കമ്മീഷൻ എല്ലാ വർഷവും സമാനമായ ഒരു ദൗത്യം നിർവഹിക്കുന്നുണ്ട്: കൃത്യമായ ചോദ്യപേപ്പർ കൃത്യമായ മിനിറ്റിൽ കൃത്യമായ ഉദ്യോഗാർത്ഥിയിൽ എത്തണം, കൂടാതെ ഓരോ ഉത്തരവും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തപ്പെടുകയും വേണം. അത് എങ്ങനെയെന്ന് താഴെ പറയുന്ന കേസ് സ്റ്റഡികൾ വിശദീകരിക്കുന്നു.
കേസ് സ്റ്റഡി 1: കൃത്യമായ ചോദ്യപേപ്പർ കൃത്യമായ ഉദ്യോഗാർത്ഥിക്ക്
ഒരു ഉദ്യോഗാർത്ഥി ഒരു തിരഞ്ഞെടുപ്പ് മാത്രമേ നടത്തുന്നുള്ളൂ: നഗരം. ആ നഗരത്തിനുള്ളിലെ പരീക്ഷാ കേന്ദ്രവും മുറിയും സിസ്റ്റം അനുവദിക്കുന്നു. അങ്ങനെ പരീക്ഷാ ദിനമാകുമ്പോഴേക്കും ഓരോ ഉദ്യോഗാർത്ഥിക്കും സിസ്റ്റത്തിന് മാത്രം മുൻകൂട്ടി അറിയാവുന്ന ഒരു സവിശേഷ വിലാസം ഉണ്ടായിരിക്കും - നഗരം, പരീക്ഷാ കേന്ദ്രം, മുറി, ഉദ്യോഗാർത്ഥി. ഒരേ മുറിയിലിരിക്കുന്ന ഉദ്യോഗാർത്ഥികൾ എഴുതുന്നത് വ്യത്യസ്ത പരീക്ഷകളായിരിക്കാം - സിവിൽ സർവീസസ് മെയിൻ പരീക്ഷയിൽ മാത്രം 48 ഐച്ഛിക വിഷയങ്ങളിൽ (ഓപ്ഷണൽ സബ്ജക്റ്റുകൾ) നിന്നാണ് ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കുന്നത് - അതിനാൽ മുറി തിരിച്ച് തരംതിരിച്ച സീൽ ചെയ്ത ഓരോ പാക്കറ്റിലും ആ കേന്ദ്രത്തിന് ആവശ്യമായ ചോദ്യപേപ്പറുകൾ കൃത്യമായി അടങ്ങിയിരിക്കണം.
കേസ് സ്റ്റഡി 2: ആരും കാണാത്ത ചോദ്യപേപ്പർ തയ്യാറാക്കൽ
കർശനമായ രഹസ്യസ്വഭാവമുള്ള നിബന്ധനകൾ പാലിച്ചുകൊണ്ട് തികച്ചും അജ്ഞാതമായി പ്രവർത്തിക്കുന്ന അക്കാദമിക വിദഗ്ധർ തയ്യാറാക്കുന്ന ചോദ്യബാങ്കുകളിൽ നിന്നാണ് ചോദ്യപേപ്പറുകൾ നിർമ്മിക്കുന്നത്. ഒരു വിദഗ്ധനും ഒരു മുഴുവൻ ചോദ്യപേപ്പർ തയ്യാറാക്കുന്നില്ല, കൂടാതെ ഏതെല്ലാം ചോദ്യങ്ങളാണ് ഉപയോഗിക്കുകയെന്നോ എപ്പോഴാണ് ഉപയോഗിക്കുകയെന്നോ ഒരു വിദഗ്ധനും അറിയുകയുമില്ല. ഒരു ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ അത് മുഴുവൻ സിലബസിനെയും ഉൾക്കൊള്ളുന്നുണ്ടെന്നും അതിന്റെ കാഠിന്യം തുല്യമായി പാലിക്കപ്പെടുന്നുണ്ടെന്നും മുൻപത്തെ ഒരു യു.പി.എസ്.സി പരീക്ഷയിലും ചോദിക്കാത്ത ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും കമ്മീഷൻ ഉറപ്പുവരുത്തുന്നു.
'അറിയേണ്ട സംഗതികൾ മാത്രം അറിയുക' എന്ന തത്ത്വത്തിലാണ് ഈ പ്രക്രിയ മുഴുവൻ നിലകൊള്ളുന്നത് - ചെയർമാൻ ഉൾപ്പെടെയുള്ള ഒരു വ്യക്തിക്കും ഇതിന്റെ സമ്പൂർണ്ണ രൂപം മുൻകൂട്ടി കാണാൻ കഴിയില്ല.
കേസ് സ്റ്റഡി 3: പരീക്ഷാ ഹാളിന്റെ സുരക്ഷ ഉറപ്പാക്കൽ
നാഷണൽ ഇ-ഗവേണൻസ് ഡിവിഷനുമായി സഹകരിച്ച് 2025 സെപ്റ്റംബർ 14-ന് നടന്ന എൻ.ഡി.എ & എൻ.എ (II), സി.ഡി.എസ് (II) പരീക്ഷകളിൽ ഗുരുഗ്രാമിലെ തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത ഫേഷ്യൽ ഓതന്റിക്കേഷൻ - അപേക്ഷയിലെ ഫോട്ടോയുമായി ഉദ്യോഗാർത്ഥിയുടെ തത്സമയ ചിത്രം ഒത്തുനോക്കുന്ന രീതി - കമ്മീഷൻ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. 2026 മേയ് 24-ന് നടന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയിൽ ഇത് വൻതോതിൽ നടപ്പിലാക്കുകയും നിരീക്ഷകരുടെ (ഇൻവിജിലേറ്റർ) മൊബൈൽ ഫോണുകൾ വഴി 5.50 ലക്ഷത്തോളം ഉദ്യോഗാർത്ഥികളുടെ മുഖം പരിശോധിക്കുകയും ചെയ്തു. ഓരോ ഉദ്യോഗാർത്ഥിക്കും 6 മുതൽ 8 സെക്കൻഡ് സമയം മാത്രമാണ് ഇതിനായി എടുത്തത്.
2026-ലെ സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷയ്ക്ക് മുന്നോടിയായി കഴിഞ്ഞ 15 വർഷത്തെ ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ പരിശോധിക്കുകയും അധിക അവസരങ്ങൾ നേടുന്നതിനായി വ്യാജ വിവരങ്ങൾ നൽകിയ 569 അപേക്ഷകരെ കണ്ടെത്തുകയും നിരസിക്കുകയും ചെയ്തു.
കേസ് സ്റ്റഡി 4: ആവശ്യാനുസരണം വേഗത്തിലുള്ള റിക്രൂട്ട്മെന്റ്
രാഷ്ട്രത്തിന് ആവശ്യമായി വന്നപ്പോഴൊക്കെയും കമ്മീഷൻ അതിന്റെ ഗുണനിലവാരം കുറയ്ക്കാതെ തന്നെ പ്രവർത്തനങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. 1948 ജൂലൈയിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് രേഖകളുടെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ 27 മുതൽ 45 വയസ്സുവരെ പ്രായമുള്ള പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ഐ.എ.എസ് (IAS), ഐ.പി.എസ് (IPS) സർവീസുകളിലേക്ക് റിക്രൂട്ട് ചെയ്തു. 1956–57-ൽ നടപ്പിലാക്കിയ പ്രത്യേക പദ്ധതിയൂടെ 22,000-ത്തിലധികം ഉദ്യോഗാർത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കി. 1958-ൽ വിദേശത്തുള്ള അപേക്ഷകർ ഉൾപ്പെടെ 197 ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും ഒരു സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് ദേശീയ പൂളിലേക്ക് തിരഞ്ഞെടുക്കുകയും ഇതിന്റെ അംഗബലം 1962-ഓടെ 500 ആയി ഉയരുകയും ചെയ്തു. 1962-ലെ അടിയന്തിരാവസ്ഥക്കാലത്ത് ഒരു എമർജൻസി കമ്മീഷൻ രണ്ട് മാസത്തിനുള്ളിൽ പ്രതിരോധവുമായി ബന്ധപ്പെട്ട 1,353 തസ്തികകളിലേക്ക് നിയമനം നടത്തി.
കോവിഡ്-19 കാലഘട്ടത്തിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടപ്പോൾ കമ്മീഷൻ ഒറ്റത്തവണ ആശ്വാസ നടപടിയെന്ന നിലയിൽ അഭിമുഖത്തിന് എത്തിയ ഉദ്യോഗാർത്ഥികൾക്ക് വിമാനക്കൂലി തിരികെ നൽകുകയും ഇ-സമ്മൻസ് കത്തുകളുള്ള ഉദ്യോഗാർത്ഥികളെ നിയന്ത്രിത മേഖലകളിലൂടെ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുകയും താമസത്തിനും ഗതാഗതത്തിനുമായി സഹായങ്ങൾ നൽകുകയും ചെയ്തു. കൂടാതെ മാസ്ക്, ഫേസ് ഷീൽഡ്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവയടങ്ങിയ സീൽ ചെയ്ത ഓരോ കിറ്റുകൾ ഓരോ ഉദ്യോഗാർത്ഥിക്കും കൈമാറുകയും ചെയ്തു.
കേസ് സ്റ്റഡി 5: എല്ലാവരെയും ഉൾച്ചേർക്കാനുള്ള രൂപകൽപ്പന
സൗകര്യമൊരുക്കുന്നതിനാണ് പ്രഥമ പരിഗണന. കാഴ്ചപരിമിതിയുള്ള ഉദ്യോഗാർത്ഥികൾക്കായി 1994-ൽ കമ്മീഷൻ സ്ക്രൈബുമാരെ (പരീക്ഷ എഴുതാൻ സഹായിക്കുന്നയാൾ) അവതരിപ്പിച്ചു. ഇന്ന് സ്ക്രൈബിന്റെ സഹായത്തിനും അധിക സമയത്തിനുമുള്ള അവകാശം ഭിന്നശേഷിക്കാർക്കുള്ള (PwBD) നിയമപരമായ അവകാശമാണ്. ഇവർക്ക് അവർക്കിഷ്ടമുള്ള പരീക്ഷാ കേന്ദ്രം അനുവദിക്കുകയും കൂടെ ഒരാളെ കൊണ്ടുവരാൻ അനുവദിക്കുകയും അഭിമുഖവേളയിൽ ഒരു ഫെസിലിറ്റേറ്ററുടെ സഹായം ലഭ്യമാക്കുകയും ചെയ്യുന്നു. വനിതാ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ ഫീസിൽ ഇളവ് നൽകുന്നുണ്ട്. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സംഭവങ്ങളാൽ പരീക്ഷാ തയ്യാറെടുപ്പുകൾ തടസ്സപ്പെട്ടവർക്കും പ്രായപരിധിയിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട് - ഗോവ വിമോചന സമര സേനാനികൾ (1961–62), ബംഗ്ലാദേശ് വിമോചന യുദ്ധത്താലും ഉഗാണ്ട-സാൻസിബാർ പ്രതിസന്ധിയാലും നാടുകടത്തപ്പെട്ട ഇന്ത്യക്കാർ (1971–72), ഗൾഫ് യുദ്ധബാധിതരായ ഇന്ത്യക്കാർ (1991).
തുടർന്ന് നീതിപൂർവ്വമായ സമീപനം: രേഖാമൂലമുള്ള പരീക്ഷകൾ മുതൽ ഇന്റർവ്യൂ ബോർഡ് വരെ വ്യക്തിത്വം വെളിപ്പെടുത്താത്തതും നിഷ്പക്ഷവുമായ ഒരു മൂല്യനിർണ്ണയ സംവിധാനം. സംവരണ നയം രൂപീകരിച്ചത് കമ്മീഷനല്ലെങ്കിലും അത് നടപ്പിലാക്കുന്നതിനുള്ള ദേശീയ പ്ലാറ്റ്‌ഫോം നിർമ്മിച്ചത് കമ്മീഷനാണ്. 2019-ലെ സിവിൽ സർവീസസ് പരീക്ഷ മുതൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള (EWS) സംവരണവും 2020 മുതൽ ഓൺലൈൻ റിക്രൂട്ട്‌മെന്റ് അപേക്ഷാ ഫോമിൽ ട്രാൻസ്‌ജെൻഡറുകൾക്കായി പ്രത്യേക വിഭാഗവും ഇതിൽ ഉൾപ്പെടുന്നു.
കേസ് സ്റ്റഡി 6: യോഗ്യതാ ലിസ്റ്റിനപ്പുറമുള്ള യോഗ്യത: പ്രതിഭാ സേതു
പരീക്ഷയുടെ ഓരോ ഘട്ടവും വിജയിക്കുകയും എന്നാൽ അന്തിമ പട്ടികയിൽ വളരെ കുറഞ്ഞ മാർക്കിന് സ്ഥാനം നഷ്ടപ്പെടുകയും ചെയ്യുന്ന ഉദ്യോഗാർത്ഥികളെ പൊതുസർവീസിന് പൂർണ്ണമായി നഷ്ടപ്പെടുന്നില്ല. 2018 ഓഗസ്റ്റ് 20 മുതൽ പ്രാബല്യത്തിൽ വരികയും 2017-ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയിൽ ആദ്യമായി ഉപയോഗിക്കുകയും ചെയ്ത പബ്ലിക് ഡിസ്ക്ലോഷർ സ്കീം പ്രകാരം ഇത്തരം താല്പര്യമുള്ള ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാക്കിയിരുന്നു. 2025 ജൂൺ 9-ന് ഇത് പരിഷ്കരിക്കുകയും പ്രതിഭാ സേതു എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇത് ഉദ്യോഗാർത്ഥികളെ മന്ത്രാലയങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള അംഗീകൃത തൊഴിൽ ദാതാക്കളുമായി ബന്ധിപ്പിക്കുന്നു.
സമീപകാല വികസന പ്രവർത്തനങ്ങൾ
|
എപ്പോൾ
|
വികസന പ്രവർത്തനം
|
വിശദാംശങ്ങൾ
|
|
മേയ് 2025
|
യൂണിവേഴ്സൽ രജിസ്ട്രേഷൻ നമ്പർ
|
upsconline.nic.in-ലെ പരിഷ്കരിച്ച പോർട്ടൽ വൺ-ടൈം രജിസ്ട്രേഷന് (OTR) പകരമായി നിലവിൽ വന്നു; എല്ലാ പരീക്ഷകൾക്കും ഒരു സ്ഥിരമായ തിരിച്ചറിയൽ രേഖ ലഭ്യമാക്കുന്നു; പ്രൊഫൈലുകൾ മുൻകൂട്ടി പൂർത്തിയാക്കാൻ കഴിയും.
|
|
2025
|
ക്രമരഹിതമാക്കിയ (റാൻഡമൈസ്ഡ്) ഇന്റർവ്യൂ ബോർഡുകൾ
|
2025-ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷ മുതൽ അവതരിപ്പിച്ചു; സോഫ്റ്റ്‌വെയർ വഴിയാണ് ഇന്റർവ്യൂവിലേക്ക് വിളിക്കുന്ന ക്രമം നിശ്ചയിക്കുന്നത്.
|
|
2025
|
സ്ഥാപനങ്ങൾക്കുള്ള ഇമെയിൽ അലേർട്ടുകൾ
|
ra-upsc@gov.in എന്ന ഇ-മെയിൽ വിലാസത്തിൽ എഴുതി വിദ്യാഭ്യാസ-പ്രൊഫഷണൽ സ്ഥാപനങ്ങൾക്കു റിക്രൂട്ട്‌മെന്റ് പരസ്യങ്ങളെക്കുറിച്ചുള്ള അലേർട്ടുകൾ സബ്‌സ്‌ക്രൈബ് ചെയ്യാം.
|
|
2026 ഫെബ്രുവരി 1 മുതൽ
|
കാൻഡിഡേറ്റ് ഹെൽപ്പ് ഡെസ്ക്
|
രണ്ട് തലങ്ങളിലുള്ള പരാതി പരിഹാര സംവിധാനത്തോടുകൂടിയ 30-ചാനൽ ഐ.പി. അധിഷ്ഠിത കോൾ സെന്റർ; 50,000-ത്തിലധികം കോളുകൾ കൈകാര്യം ചെയ്തു.
|
|
2026
|
പുതിയ പരീക്ഷാ കേന്ദ്രങ്ങൾ
|
സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ 2026-നായി ഭുവനേശ്വർ (10,656 അപേക്ഷകൾ), കാൺപൂർ (6,938), മീററ്റ് (5,902) എന്നിവ കൂട്ടിച്ചേർത്തു; ഇത് പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം 80-ൽ നിന്ന് 83 ആക്കി ഉയർത്തി; എൻ.ഡി.എ & എൻ.എ (II) 2026 പരീക്ഷയ്ക്കായി അൽവാർ, ഹിസാർ, കിന്നൗർ എന്നിവ കൂട്ടിച്ചേർത്തു.
|
|
2026
|
താൽക്കാലിക ഉത്തര സൂചിക (പ്രൊവിഷണൽ ആൻസർ കീ)
|
സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ താൽക്കാലിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചു; ചോദ്യങ്ങളെക്കുറിച്ചുള്ള പരാതികൾ ഓൺലൈൻ ക്യു.പി.റെപ് (QPRep) പോർട്ടൽ വഴി സമർപ്പിക്കാവുന്നതാണ്.
|
|
2026
|
ഓൺലൈൻ ഡി.പി.സി (DPC) സിസ്റ്റം
|
ഏകദേശം 101 മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റി നിർദ്ദേശങ്ങൾക്കായി പേപ്പർരഹിത പ്ലാറ്റ്‌ഫോം വികസിപ്പിച്ചുവരുന്നു.
|
|
2026
|
സാങ്കേതികവിദ്യയും സുരക്ഷയും
|
NIELIT വഴി AI ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി; ഐ.ടി അടിസ്ഥാന സൗകര്യങ്ങൾക്കും സൈബർ സുരക്ഷയ്ക്കുമായി ഹൈ-ലെവൽ നെറ്റ്‌വർക്ക് കമ്മിറ്റി രൂപീകരിച്ചു.
|
ഇന്നത്തെ കമ്മീഷൻ
ഡോ.അജയ് കുമാർ ചെയർമാനായി കമ്മീഷനെ നയിക്കുന്നു (2025 മേയ് 15 മുതൽ). ലഫ്റ്റനന്റ് ജനറൽ രാജ് ശുക്ല (റിട്ട.), ശ്രീമതി സുമൻ ശർമ്മ, ശ്രീ ബിദ്യുത് ബിഹാരി സ്വയിൻ, ഡോ.ദിനേശ് ദാസ, ശ്രീ ഷീൽ വർദ്ധൻ സിംഗ്, ശ്രീ സഞ്ജയ് വർമ്മ, ശ്രീമതി സുജാത ചതുർവേദി, ശ്രീമതി അനുരാധ പ്രസാദ് എന്നിവരാണ് കമ്മീഷനിലെ എട്ട് അംഗങ്ങൾ. എട്ട് അംഗങ്ങളിൽ മൂന്ന് പേർ വനിതകളാണ്. നൂറുവർഷത്തിനിടയിൽ ഈ പ്രസ്ഥാനം എത്രത്തോളം മുന്നേറിയെന്ന് വ്യക്തമാക്കുന്നതാണ് ഈ ഘടന.
|
നൂറുവർഷം നിലനിന്നുപോന്ന ഒരു പ്രസ്ഥാനം അങ്ങനെ നിലകൊള്ളുന്നത് മാറ്റങ്ങളെ എതിർക്കുന്നത് കൊണ്ടല്ല, മറിച്ച് എന്താണ് ഒരിക്കലും മാറാൻ പാടില്ലാത്തതെന്ന് അതിന് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് — ഡോ. അജയ് കുമാർ, ചെയർമാൻ, യു.പി.എസ്.സി
|
നൂറുവർഷമായി രാഷ്ട്രത്തിന്റെ ഏറ്റവും നിർണ്ണായകമായ ഉത്തരവാദിത്തങ്ങളിലൊന്നാണ് കമ്മീഷൻ നിർവഹിച്ചുപോരുന്നത്. യോഗ്യതയെ അംഗീകരിക്കുക, നിഷ്പക്ഷത പുലർത്തുക, ആനുകൂല്യങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ഭാഷ അല്ലെങ്കിൽ സാഹചര്യം എന്നിവയ്ക്കപ്പുറത്തേക്ക് അവസരങ്ങൾ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക. ഒരു നൂറ്റാണ്ട് മുമ്പ് മത്സരിക്കാനുള്ള ഇന്ത്യക്കാരുടെ അവകാശത്തിനായുള്ള പോരാട്ടമായിരുന്നു അത്. ഇന്ന് രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന അർഹരായ ഇന്ത്യക്കാരിലേക്ക് ഈ അവകാശം യഥാർത്ഥത്തിൽ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ദൗത്യം.
അവലംബം
- Department of Personnel and Training (DoPT)
Please See PDF
***
SK
(Explainer ID: 160255)
आगंतुक पटल : 4
Provide suggestions / comments