• Sitemap
Infrastructure

ഹരിത ഹൈവേകൾ

സുസ്ഥിര റോഡ് അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രയാണം

Posted On: 28 SEP 2026 6:35PM

വൃക്ഷത്തൈകൾ നടൽ, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള രൂപകൽപ്പന, വിഭവസമ്പത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിലൂടെയുള്ള നിർമ്മാണം എന്നിവയിലൂടെ ഇന്ത്യയുടെ ഹരിത ഹൈവേ സമീപനം റോഡ് അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 1.32 ലക്ഷം കിലോമീറ്റർ ദേശീയപാതകളിലായി 3.61 കോടിയിലധികം തൈകൾ നട്ടുപിടിപ്പിച്ചു. മിയാവാക്കി വനങ്ങൾ മുതൽ പുനരുപയോഗ നിർമ്മാണ സാമഗ്രികളും തദ്ദേശീയ ബയോ-ബിറ്റുമെൻ സാങ്കേതികവിദ്യയും വരെയുള്ള ഹരിത മാതൃകകൾ ഹൈവേ വികസനത്തിന് പുതിയ രൂപം നൽകുന്നു. നാഷണൽ ഹൈവേസ് ഗ്രീൻ കവർ ഇൻഡക്സ് വഴിയുള്ള ഉപഗ്രഹാധിഷ്ഠിത നിരീക്ഷണം പച്ചപ്പിന്റെ ശാസ്ത്രീയ വിലയിരുത്തലിന് കരുത്തുപകരുന്നു. ജനകീയ സംരംഭങ്ങളും പരാഗണ സഹായികളായ ജീവികൾക്കായുള്ള പരാഗണ ഇടനാഴികളും (pollinator corridors) വിപുലമായ ഒരു പാരിസ്ഥിതിക തലവും ഇതിലേക്ക് കൂട്ടിച്ചേർക്കുന്നു.

റോഡുകൾ നിർമ്മിക്കുന്നു, പച്ചപ്പ് വളർത്തുന്നു

ഇന്ത്യയുടെ ഹൈവേകൾ ഇനി വെറും യാത്രാ പാതകൾ മാത്രമല്ല. രാജ്യത്തിന്റെ വിപുലമായ അടിസ്ഥാന സൗകര്യ വികസന മാറ്റത്തിന്റെ ഒരു പ്രധാന ഭാഗമായി അവ മാറിക്കൊണ്ടിരിക്കുകയാണ്. റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോൾ കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഇടനാഴികൾ നിർമ്മിക്കുന്നതിലേക്കും ശ്രദ്ധ മാറുകയാണ്.

കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ ദേശീയപാത ശൃംഖല ഏകദേശം 61% വർധിച്ച് 2014-ലെ 91,287 കിലോമീറ്ററിൽ നിന്ന് 2026 മാർച്ച് മാസത്തോടെ 1,46,572 കിലോമീറ്ററായി ഉയർന്നു. ഈ ദ്രുതഗതിയിലുള്ള വികസനം കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ജനങ്ങളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്തു. റോഡ് അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോൾ കാര്യക്ഷമവും പ്രതിരോധശേഷിയുള്ളതും പരിസ്ഥിതി സൗഹൃദപരവുമായ ഇടനാഴികൾ നിർമ്മിക്കുന്നതിലേക്കും ശ്രദ്ധ മാറുകയാണ്. ദേശീയപാതകൾക്ക് (NH) ഇരുവശത്തും വൻതോതിലുള്ള തൈകൾ നടൽ, പുനരുപയോഗിച്ചതും മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ചെടുത്തതുമായ വസ്തുക്കളുടെ ഉപയോഗം, ഊർജ്ജ കാര്യക്ഷമതയുള്ള നിർമ്മാണ രീതികൾ, പച്ചപ്പിന്റെ ഉപഗ്രഹാധിഷ്ഠിത നിരീക്ഷണം എന്നിവ കൂടുതൽ സുസ്ഥിരമായ ഒരു ഹൈവേ ശൃംഖലയ്ക്ക് സംഭാവന നൽകുന്നു.

2015-ലെ ഗ്രീൻ ഹൈവേ നയം: നയ വികാസം

ഇന്ത്യയുടെ ദേശീയപാത ശൃംഖലയെ ഹരിതാഭമാക്കുന്നത് 2015-ലെ ഗ്രീൻ ഹൈവേസ് (പ്ലാന്റേഷൻ, ട്രാൻസ്പ്ലാന്റേഷൻ, ബ്യൂട്ടിഫിക്കേഷൻ ആന്റ് മെയിന്റനൻസ്) നയം അടിസ്ഥാനമാക്കിയാണ്. ഈ നയം രൂപീകരിച്ചത് താഴെ പറയുന്ന ലക്ഷ്യങ്ങളോടെയാണ്:

  • ദേശീയപാതകൾക്ക് ഇരുവശവും തൈകൾ വെച്ചുപിടിപ്പിക്കുന്നതിനായി ഒരു നയരൂപരേഖ തയ്യാറാക്കുക.
  • മരങ്ങളും കുറ്റിച്ചെടികളും വായു മലിനീകരണത്തിന്റെ സ്വാഭാവിക സംഭരണ കേന്ദ്രങ്ങളായി അറിയപ്പെടുന്നതിനാൽ വായുമലിനീകരണത്തിന്റെ പ്രത്യാഘാതങ്ങളും പൊടിയും കുറയ്ക്കുക.
  • പാതയോരങ്ങളിലെ ചരിവുകളിലെ മണ്ണൊലിപ്പ് തടയുക.
  • കാറ്റിന്റെ ആഘാതവും സൂര്യനിൽ നിന്നുള്ള ശക്തമായ വികിരണങ്ങളും ലഘൂകരിക്കുക.
  • പ്രാദേശിക ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

ഈ നയം നടപ്പിലാക്കുന്നത് വിവിധ മേഖലകളിലുള്ളവരെ ഒന്നിച്ചുകൊണ്ടുവരുന്നു. അംഗീകൃത പ്രവൃത്തികളുടെ വ്യാപ്തിയനുസരിച്ച് സ്വയം സഹായ സംഘങ്ങൾ, സ്വകാര്യ ഏജൻസികൾ, സംസ്ഥാന വനം വകുപ്പുകൾ, ഫോറസ്റ്റ് കോർപ്പറേഷനുകൾ, കരാറുകാർ എന്നിവരാണ് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) റീജിയണൽ ഓഫീസുകൾ വഴിയും മറ്റ് ഏജൻസികൾ വഴിയും ഇതിന്റെ മേൽനോട്ടത്തിനായി ഒരു 'പ്ലാന്റേഷൻ സെൽ' രൂപീകരിച്ചിട്ടുണ്ട്.

പാതയോരങ്ങൾ ഹരിതാഭമാക്കുന്നു: തൈകൾ വെച്ചുപിടിപ്പിക്കലും വനവൽക്കരണവും

ദേശീയപാതകൾ ഹരിതാഭമാക്കുന്നത് പ്രധാനമായും നട്ടുവളർത്തുന്ന തൈകളുടെ എണ്ണം, അവയുടെ നിലനിൽപ്പ്, വളർച്ച, പാതയോരങ്ങളിലെ വിതരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുന്നത്. 2026 ജൂലൈ മാസത്തെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏകദേശം 1.32 ലക്ഷം കിലോമീറ്റർ ദേശീയപാതകളിലായി 3.61 കോടിയിലധികം തൈകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വെറുതെ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിൽ നിന്ന് വിശാലമായ പരിസ്ഥിതി പരിപാലനത്തിലേക്ക് ഈ സമീപനം വികസിച്ചിരിക്കുന്നു. മുമ്പ് തൈകൾ നടുന്നത് നിരീക്ഷിക്കാൻ ഫീൽഡ് ജീവനക്കാരുടെ നേരിട്ടുള്ള സന്ദർശനങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇന്ന് ഡ്രോണുകളും ഉപഗ്രഹങ്ങളും ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ കൂടി ഇതിനായി പ്രയോജനപ്പെടുത്തുന്നു. പച്ചപ്പ് വർധിപ്പിക്കുന്നതിനായി മിയാവാക്കി മാതൃകയിലുള്ള തൈകൾ വെച്ചുപിടിപ്പിക്കലും ആരംഭിച്ചിട്ടുണ്ട്. ഹൈവേ വികസനത്തിനായി മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുന്നയിടങ്ങളിലെല്ലാം പകരം വനവൽക്കരണവും മരങ്ങൾ വേരോടെ പിഴുതുമാറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റി നടുന്ന രീതിയും (Tree Transplantation) നടപ്പിലാക്കുന്നു.

പരിമിതമായ സ്ഥലങ്ങളിൽ നിബിഡ വനങ്ങൾ സൃഷ്ടിക്കുന്ന രീതിയാണ് മിയാവാക്കി സാങ്കേതികവിദ്യ. 'പോട്ട് പ്ലാന്റേഷൻ മെത്തേഡ്' എന്നും അറിയപ്പെടുന്ന ഈ രീതിയിൽ വേഗത്തിലുള്ള വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും കുറഞ്ഞ സമയത്തിനുള്ളിൽ കാടുകൾക്ക് സമാനമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുമായി മരങ്ങളും കുറ്റിച്ചെടികളും അടുത്തടുത്ത് വെച്ചുപിടിപ്പിക്കുന്നു. ഈ രീതിയിലൂടെ സസ്യങ്ങൾക്ക് 10 മടങ്ങ് വരെ വേഗത്തിൽ വളരാൻ സാധിക്കും. അതിനാൽ സ്ഥലപരിമിതിയുള്ള നഗരപ്രദേശങ്ങളിൽ പച്ചപ്പ് വർധിപ്പിക്കുന്നതിന് ഇത് ഏറെ അനുയോജ്യമാണ്.

ദേശീയപാതാ വികസനത്തിന്റെയും പദ്ധതി പൂർത്തീകരണത്തിന്റെയും അവിഭാജ്യ ഘടകമായി തൈകൾ വെച്ചുപിടിപ്പിക്കുന്നതും ലാൻഡ്സ്കേപ്പിംഗും മാറിയിട്ടുണ്ട്. NHAI-യുടെ 2026 സെപ്റ്റംബറിലെ നിർദ്ദേശങ്ങൾ ഈ സമീപനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനായി നീക്കിവെച്ചിട്ടുള്ള റൈറ്റ് ഓഫ് വേ (RoW)യുടെ കുറഞ്ഞത് 80% സ്ഥലത്തെങ്കിലും തൈകൾ നട്ടുപിടിപ്പിച്ചാൽ മാത്രമേ പ്രവൃത്തി താത്കാലികമായി പൂർത്തിയായതായുള്ള സർട്ടിഫിക്കറ്റിനായി പരിഗണിക്കുകയുള്ളൂ. ഹൈവേ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം, പ്രവർത്തനം, പരിപാലനം എന്നിവയ്ക്ക് നിയമപരമായി ആവശ്യമായ നിശ്ചിത ഭൂപ്രദേശത്തെയാണ് റൈറ്റ് ഓഫ് വേ എന്നുവിളിക്കുന്നത്. ഉദ്യോഗസ്ഥരുടെ പരിശോധനാ വേളയിൽ നട്ട തൈകളിൽ കുറഞ്ഞത് 90% എണ്ണമെങ്കിലും ജീവനോടെ ഉണ്ടായിരിക്കണം. പ്രവർത്തനവും പരിപാലനവും നടക്കുന്ന സമയത്തും ഇതേ നിലനിൽപ്പ് മാനദണ്ഡം ബാധകമാണ്. കൂടാതെ നശിച്ചുപോകുന്ന ചെടികൾക്ക് പകരം യഥാസമയം പുതിയവ വെച്ചുപിടിപ്പിക്കാനുള്ള വ്യവസ്ഥകളും ഇതിലുണ്ട്.

മികച്ച രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി NHAI 2025-ൽ ഗ്രീൻ ഹൈവേയ്സ് എക്സലൻസ് അവാർഡുകൾ ഏർപ്പെടുത്തി. 2026-ലെ അവാർഡുകളിൽ ചെടികളുടെ നിലനിൽപ്പിന് തന്നെയാണ് ഏറ്റവും ഉയർന്ന മുൻഗണന നൽകിയത്. അതോടൊപ്പം സസ്യവർഗ്ഗങ്ങളുടെ വൈവിധ്യം, തദ്ദേശീയ ഇനങ്ങളുടെ ഉപയോഗം, പ്രദേശത്തിന് അനുയോജ്യമായ പ്ലാനുകൾ, സംരക്ഷണ നടപടികൾ എന്നിവയും പരിഗണിച്ചു.

  • അവന്യൂ പ്ലാന്റേഷൻസ് വിഭാഗത്തിൽ ആന്ധ്രാപ്രദേശിലെ NH-16-ൽ ഉൾപ്പെടുന്ന ചിലക്കലൂരിപേട്ട ബൈപാസ് ആറുവരിയാക്കൽ പദ്ധതി ഒന്നാം സമ്മാനം നേടി.
  • മീഡിയൻ പ്ലാന്റേഷൻസ് വിഭാഗത്തിൽ NH-163-ലെ ഹൈദരാബാദ് - യാദ്ഗിരി പാത നാലുവരിയാക്കൽ പദ്ധതി ഒന്നാം സമ്മാനത്തിന് അർഹമായി.
  • നാഗ്പൂരിലെ NH-44-ൽ സ്ഥിതി ചെയ്യുന്ന 'ജംത ക്ലോവർ ലീഫ് ഓക്സിജൻ ബേർഡ് പാർക്ക്' പ്ലാന്റേഷൻ ഇൻ ലാൻഡ് പാഴ്സൽസ് വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി.

ഹൈവേയുടെ ഓരോ ഭാഗവും പച്ചപ്പ് കൂട്ടുന്നതിനും ചുറ്റുമുള്ള ഭൂപ്രകൃതിയെ മനോഹരമാക്കുന്നതിനുമുള്ള ഒരു അവസരമാക്കി മാറ്റാൻ എങ്ങനെ സാധിക്കുമെന്ന് അവാർഡ് നേടിയ ഈ ഉദ്യമങ്ങൾ കാണിച്ചുതരുന്നു.

ദേശീയപാതകൾ - ഗ്രീൻ കവർ ഇൻഡക്സ് (NH-GCI)

സുസ്ഥിര ഹൈവേ വികസനത്തിൽ ഒരു പുതിയ നാഴികക്കല്ല് കുറിച്ചുകൊണ്ട് നാഷണൽ ഹൈവേസ് ഗ്രീൻ കവർ ഇൻഡക്സിന്റെ (NH-GCI) ആദ്യ വാർഷിക റിപ്പോർട്ട് (2025–26) പുറത്തിറക്കി. ISRO-യുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററുമായി (NRSC) സഹകരിച്ച് തയ്യാറാക്കിയ ഈ റിപ്പോർട്ട് ദേശീയപാതകളുടെ റൈറ്റ് ഓഫ് വേ(RoW)യ്ക്ക് ഉള്ളിലെ പച്ചപ്പിന്റെ രാജ്യത്തെ ആദ്യ ശാസ്ത്രീയവും കൃത്യവുമായ വിലയിരുത്തൽ (Scientific and Quantitative Assessment) നൽകുന്നു. 24 സംസ്ഥാനങ്ങളിലായി പ്രവർത്തനവും പരിപാലനവുമുള്ള (O&M phase) ഏകദേശം 30,000 കിലോമീറ്റർ ദേശീയപാതകളെ കേന്ദ്രീകരിച്ചാണ് ഈ വിലയിരുത്തൽ നടത്തിയത്. മൺസൂൺ സീസണിന് മുമ്പും ശേഷവും രേഖപ്പെടുത്തിയ നിരീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബഹിരാകാശ അധിഷ്ഠിത സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ പാതയോരങ്ങളിലെ തൈകൾ നട്ടുപിടിപ്പിക്കുന്നതും അവയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതും നിരീക്ഷിക്കാൻ വിശ്വസനീയമായ ഒരു അടിസ്ഥാന വിവരശേഖരം ഇത് ഉറപ്പുനൽകുന്നു. ദേശീയപാതകളിൽ പച്ചപ്പിന്റെ വ്യാപ്തിയിൽ പ്രകടമായ വ്യത്യാസങ്ങളുണ്ടെന്ന് ഈ മൂല്യനിർണ്ണയത്തിൽ വ്യക്തമാകുന്നു. ഈ കണ്ടെത്തലുകൾ താരതമ്യം ചെയ്യാനും റാങ്കിംഗ് നിശ്ചയിക്കാനും ചെടികളുടെ പരിപാലനം മെച്ചപ്പെടുത്തുന്നതിനായി കൃത്യമായ ഇടപെടലുകൾ നടത്താനും സഹായിക്കുന്നു.

A highway with trees and bushesAI-generated content may be incorrect.

സുസ്ഥിര സാമഗ്രികളിലേക്കുള്ള മാറ്റം

ഇന്ത്യയിലെ ഹൈവേകൾ ഫോസിൽ ഇന്ധന അധിഷ്ഠിത വസ്തുക്കളിൽ നിന്ന് ജൈവവും പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്നതുമായ പരിഹാരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കാർഷിക അവശിഷ്ടങ്ങളുടെ 'പൈറോളിസിസ്' (Pyrolysis) വഴി നിർമ്മിക്കുന്ന ബയോ-ബിറ്റുമെൻ സാങ്കേതികവിദ്യ കൈമാറ്റം ചെയ്തുകൊണ്ട് 2026 ജനുവരിയിൽ നിർണായകമായ ഒരു ശാസ്ത്രീയ മുന്നേറ്റം പ്രഖ്യാപിക്കപ്പെട്ടു. സർവ്വകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും ശാസ്ത്രീയ കണ്ടെത്തലുകളും അറിവുകളും ബൗദ്ധിക സ്വത്തുക്കളും പൊതു-സ്വകാര്യ ഉപഭോക്താക്കളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയയ്ക്കാണ് സാങ്കേതികവിദ്യാ കൈമാറ്റം എന്നുപറയുന്നത്.

"പൈറോളിസിസിലൂടെയുള്ള ബയോ-ബിറ്റുമെൻ: കാർഷികാവശിഷ്ടങ്ങളിൽ നിന്ന് റോഡുകളിലേക്ക്" എന്ന ഈ നവീനാശയം ന്യൂഡൽഹിയിലെ സി.എസ്.ഐ.ആർ - സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (CSIR-CRRI) ഡെറാഡൂണിലെ സി.എസ്.ഐ.ആർ - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയവും (CSIR-IIP) സംയുക്തമായാണ് വികസിപ്പിച്ചത്. റോഡുകൾ ടാർ ചെയ്യാൻ ഉപയോഗിക്കുന്ന ജൈവ ദ്രാവകങ്ങളുടെയും ഹൈഡ്രോകാർബണുകളുടെയും മിശ്രിതമാണ് ബിറ്റുമെൻ; റോഡ് നിർമ്മാണ രംഗത്ത് ഇത് 'കറുത്ത സ്വർണ്ണം' എന്നാണ് അറിയപ്പെടുന്നത്. നിലവിൽ ഇന്ത്യ തങ്ങളുടെ ബിറ്റുമെൻ ആവശ്യകതയുടെ 50 ശതമാനത്തോളം ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ബയോ-ബിറ്റുമെൻ പോലുള്ള നൂതന കണ്ടുപിടുത്തങ്ങൾക്ക് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും രാജ്യത്തിനകത്തെ ഉൽപ്പാദന ശേഷി വർധിപ്പിക്കാനും സാധിക്കും.

പൈറോളിസിസ് വഴി ബയോ-ഓയിൽ നിർമ്മിക്കുന്നതിനായി വിളവെടുപ്പിന് ശേഷമുള്ള നെല്ലിന്റെ വൈക്കോലാണ് അസംസ്കൃത വസ്തുവായി ഈ പ്രക്രിയയിൽ ഉപയോഗിക്കുന്നത്.

ബയോ-ബിറ്റുമെൻ മിശ്രിതം നിർമ്മിക്കുന്നതിനായി ഈ ബയോ-ഓയിൽ പിന്നീട് പരമ്പരാഗത ബിറ്റുമെനുമായി കൂട്ടികലർത്തുന്നു. റോഡുകൾക്കുള്ള ബയോ-ബൈൻഡറുകൾ, ഊർജ്ജ കാര്യക്ഷമതയുള്ള വാതക ഇന്ധനം, ബയോ-പെസ്റ്റിസൈഡ് ഘടകങ്ങൾ, ഉയർന്ന ഗുണനിലവാരമുള്ള കാർബൺ എന്നിവയുൾപ്പെടെ നിരവധി ഉപയോഗപ്രദമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യ ബയോമാസ് പൈറോളിസിസ് പ്രയോജനപ്പെടുത്തുന്നു. ബാറ്ററികൾ, ജലശുദ്ധീകരണം, അത്യാധുനിക സാമഗ്രികൾ എന്നിവയിൽ ഉപയോഗിക്കാവുന്ന ഈ ഉൽപ്പന്നങ്ങൾ ഭാവിയിലേക്ക് മലിനീകരണമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു.

ഇതിന്റെ പ്രായോഗികത തെളിയിച്ചുകൊണ്ട് മേഘാലയയിലെ ജോറാബട്ട് - ഷില്ലോങ് എക്സ്പ്രസ് വേയിൽ (NH-40) ബയോ-ബിറ്റുമെൻ ഉപയോഗിച്ച് 100 മീറ്റർ നീളമുള്ള പരീക്ഷണ പാത വിജയകരമായി നിർമ്മിച്ചു. കാർഷികാവശിഷ്ടങ്ങളുടെ സംസ്കരണത്തിനും ഈ സാങ്കേതികവിദ്യ സഹായകമാകുന്നു. ദേശീയപാത നിർമ്മാണ മാനദണ്ഡങ്ങളിൽ ഇത് ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ ഒരേ വർഷത്തിനുള്ളിൽ തന്നെ ബയോ-ബിറ്റുമെൻ സാങ്കേതികവിദ്യ വ്യവസായ-വാണിജ്യ തലങ്ങളിലേക്ക് വ്യാപിപ്പിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറി.

ഹൈവേ നിർമ്മാണത്തിൽ പുനരുപയോഗ സാമഗ്രികളുടെയും വ്യാവസായിക ഉപോൽപ്പന്നങ്ങളുടെയും വ്യാപകമായ ഉപയോഗത്തിലും ബദൽ വസ്തുക്കളിലേക്കുള്ള ഈ മാറ്റം ദൃശ്യമാണ്. തെർമൽ പവർ പ്ലാന്റുകളിലെ ഉപോൽപ്പന്നമായ ഫ്ലൈ ആഷും പോണ്ട് ആഷും പാതയോരങ്ങളിലെ ചരിവുകൾ നിർമ്മിക്കുന്നതിനും ഘടനാപരമായ പ്രവൃത്തികൾക്കും വൻതോതിൽ ഉപയോഗിച്ചു വരുന്നു. സാങ്കേതിക മാനദണ്ഡങ്ങൾക്കനുസരിച്ച്, റീക്ലെയിംഡ് അസ്ഫാൾട്ട് പേവ്മെന്റ് (RAP), നിർമ്മാണ-പൊളിക്കൽ അവശിഷ്ടങ്ങൾ (C&D waste), പുനരുപയോഗിച്ച അഗ്രിഗേറ്റുകൾ എന്നിവയും അനുയോജ്യമായ ഹൈവേ പ്രവൃത്തികളിൽ ഉപയോഗിക്കുന്നു. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, സ്ലാഗ്, ക്രംബ് റബ്ബർ, ബയോ-ബിറ്റുമെൻ, മറ്റ് പുനരുപയോഗിച്ചതോ വ്യാവസായികമോ ആയ ഉപോൽപ്പന്നങ്ങൾ എന്നിവയും പ്രോത്സാഹിപ്പിക്കപ്പെടുന്ന മറ്റ് വസ്തുക്കളിൽ ഉൾപ്പെടുന്നു. ഈ രീതികൾ ഒന്നാകെ വിഭവ ശേഷിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയും ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ജനപങ്കാളിത്തവും പൊതുജന അവബോധവും

ഹരിത ഹൈവേ പദ്ധതികളുടെ പ്രഭാവം ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത് താഴെത്തട്ടിലാണ്. അവിടെ തൈകൾ നടുന്നത് ജൈവവൈവിധ്യവുമായും ജനപങ്കാളിത്തവുമായും ബന്ധിപ്പിക്കപ്പെടുന്നു. ഹൈവേ ഇടങ്ങൾ എങ്ങനെ വിപുലമായ പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കുള്ള വേദികളാക്കി മാറ്റാമെന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ കാണിച്ചുതരുന്നു.

ഹൈവേയോരങ്ങളിലെ പച്ചപ്പിനെ പരാഗണ ഇടനാഴികളാക്കി മാറ്റുന്നു

ഹൈവേകൾക്ക് ഇരുവശവുമുള്ള ഹരിത ഇടനാഴികൾക്ക് തണലേകുന്നതിനും ഭംഗി കൂട്ടുന്നതിനുമുപരിയായി മറ്റ് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയിലെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ "ട്രീസ് ഫോർ ബീസ്" (Trees for Bees) പ്രചാരണത്തിന്റെ ഭാഗമായി പരാഗണ സഹായികളായ ജീവികൾക്കായി പരാഗണ ഇടനാഴികൾ വികസിപ്പിച്ചുവരുന്നു. എല്ലാ സീസണുകളിലും തേനും പൂമ്പൊടിയും ലഭ്യമാക്കുന്നതിനായി പൂത്തുലയുന്നതും പ്രാദേശികമായി അനുയോജ്യമായതുമായ സസ്യവർഗ്ഗങ്ങളാണ് ഈ പദ്ധതിയിൽ ഉപയോഗിക്കുന്നത്. ഇത് തേനീച്ചകൾക്കും മറ്റ് പരാഗണ സഹായികൾക്കും തടസ്സമില്ലാത്ത ആവാസവ്യവസ്ഥ ഉറപ്പാക്കുന്നു.

പച്ചപ്പ് നിലനിർത്തുന്നു

ആന്ധ്രാപ്രദേശിലെ ദേശീയപാതാ ശൃംഖലയിൽ വൻതോതിലുള്ള തൈകൾ വെച്ചുപിടിപ്പിക്കൽ പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നുവരുന്നു. 2010-നും 2025-നും ഇടയിൽ പാതയോരങ്ങളിലും മീഡിയനുകളിലുമായി ഏകദേശം 18 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും ഹൈവേ ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമായി ഈ തൈകൾ കൃത്യമായി പരിപാലിക്കപ്പെടുന്നു.

2026–27 വർഷത്തിൽ സംസ്ഥാനത്തുടനീളം പാതയോരങ്ങളിലും മീഡിയനുകളിലുമായി 3.86 ലക്ഷം തൈകൾ കൂടി വെച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2026-ലെ ലോക പരിസ്ഥിതി ദിനത്തിൽ ഏക് പേഡ് മാ കേ നാം പദ്ധതിയുടെ ഭാഗമായി ആന്ധ്രാപ്രദേശിലുടനീളം ഏകദേശം 3,200 തൈകൾ നട്ടുപിടിപ്പിച്ചു.

ഹൈവേയോരങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിൽ നിന്ന് കാലക്രമേണ ജനങ്ങൾക്ക് പരിപാലിച്ചുപോരാൻ സാധിക്കുന്ന ഹരിത ഇടനാഴികൾ വളർത്തിയെടുക്കുന്നതിലേക്കുള്ള മാറ്റത്തെയാണ് ഈ കൂട്ടായ പരിശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

നാളെയുടെ ഹൈവേകൾ നിർമ്മിക്കുന്നു

ഇന്ത്യയുടെ ഹൈവേ മേഖല ഇന്ന് വൻകിട അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പരിസ്ഥിതി പരിപാലനത്തിന്റെയും സംഗമഭൂമിയിലാണ് നിൽക്കുന്നത്. ജനകീയ കൂട്ടായ്മയിലൂടെയുള്ള തൈകൾ വെച്ചുപിടിപ്പിക്കൽ മുതൽ തദ്ദേശീയ ബയോ-ബിറ്റുമെൻ വരെയുള്ള ഓരോ സംരംഭത്തിലും ഒരു പൊതു ആശയമുണ്ട്. വികസനം ഒരിക്കലും പച്ചപ്പ് തകർത്തുകൊണ്ടാവരുത് എന്നതാണ് അത്. ഗ്രീൻ ഹൈവേസിന്റെ കഥ ഇന്ത്യയുടെ വിപുലമായ ദേശീയ മുൻഗണനകളുമായി തുന്നിച്ചേർക്കപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ സംരക്ഷണം, സ്വയംപര്യാപ്തത, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ ഇതിൽ ഉൾപ്പെടുന്നു. സുസ്ഥിരവും സാങ്കേതികവിദ്യയുടെ പിന്തുണയുള്ളതുമായ അടിസ്ഥാന സൗകര്യങ്ങളിലൂടെ വികസിത ഭാരതം എന്ന കാഴ്ചപ്പാടിനെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ ഹൈവേ ശൃംഖല വികസിക്കുന്നതിനൊപ്പം അതിലെ പച്ചപ്പിന്റെ വ്യാപ്തിയും ഒപ്പം വികസിക്കുകയാണ്.

അവലംബം

 

Ministry of Road Transport & Highways / NHAI

https://www.pib.gov.in/PressReleasePage.aspx?PRID=2272639&reg=48&lang=2

https://www.pib.gov.in/newsite/PrintRelease.aspx?relid=128298&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2291229&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=1794693&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2145745&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2226651&reg=1&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=2042496&reg=48&lang=2

https://www.pib.gov.in/Pressreleaseshare.aspx?PRID=2145745&reg=3&lang=2

https://pib.gov.in/PressReleasePage.aspx?PRID=2086035

https://www.pib.gov.in/PressReleasePage.aspx?PRID=2039982&reg=48&lang=2

https://nhai.gov.in/nhai/sites/default/files/mix_file/NRSC_NH-GCI_FinalReport_09Dec2025.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2237080&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2269433&reg=48&lang=2

https://nhai.gov.in/nhai/sites/default/files/mix_file/NRSC_NH-GCI_FinalReport_09Dec2025.pdf

Ministry of Science & Technology / CSIR

https://www.pib.gov.in/PressReleasePage.aspx?PRID=2212118&lang=1&reg=1

Ministry of Agriculture & Farmers Welfare

https://www.pib.gov.in/PressReleasePage.aspx?PRID=2246872&reg=20&lang=1

Click here to see pdf 

***

SK

 

(Explainer ID: 160226) आगंतुक पटल : 9
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Telugu , Kannada