Culture & Tourism
പിബി ശബ്ദ് (PBSHABD)
ഇന്ത്യയിലെ ന്യൂസ് റൂമുകൾക്കായി പ്രസാർ ഭാരതിയുടെ വിശ്വസനീയമായ വാർത്താ സേവനം
Posted On:
24 SEP 2026 10:18AM
ഇന്ത്യയുടെ പൊതുസേവന പ്രക്ഷേപണ സ്ഥാപനമായ പ്രസാർ ഭാരതിയുടെ സൗജന്യ വാർത്താ പങ്കിടൽ സേവനമാണ് പിബി ശബ്ദ് (PBSHABD). 2024 മാർച്ചിൽ ആരംഭിച്ച ഇത്, വിശാലമായ മാധ്യമ മേഖലയ്ക്കുള്ള ഒരു വാർത്താ വിതരണ സേവനമായി പ്രവർത്തിക്കുന്നു. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് 15 ഇന്ത്യൻ ഭാഷകളിലായി ടെക്സ്റ്റ്, വീഡിയോ, ഓഡിയോ, ഫോട്ടോഗ്രാഫുകൾ, ഇൻഫോഗ്രാഫിക്സ് എന്നീ രൂപങ്ങളിൽ ഇവ ലഭ്യമാക്കുന്നു. ഈ സേവനം 2027 മാർച്ച് വരെ സൗജന്യമാണ്, നിലവിൽ 3,600 മാധ്യമ സ്ഥാപനങ്ങൾക്ക് ഇത് സേവനം നൽകിവരുന്നു. രാജ്യവ്യാപകമായ ഒരു ശൃംഖലയിലൂടെയാണ് ഇതിൻ്റെ ഉള്ളടക്കം ശേഖരിക്കുന്നത്. തുടർന്ന് ഒന്നിലധികം തലങ്ങളിലുള്ള എഡിറ്റോറിയൽ പരിശോധനകളിലൂടെ ഉള്ളടക്കത്തിൻ്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നു. അതുവഴി, ഇന്ത്യയുടെ മാധ്യമ മേഖലയിലുടനീളം വിശ്വസനീയമായ വിവരങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ പിബി ശബ്ദ് സഹായിക്കുന്നു.
പി.ബി.എൻ.എസിൽ (PBNS) നിന്ന് പിബി ശബ്ദിലേക്ക് (PBSHABD): ഒരു പൊതു വാർത്താ സേവനത്തിൻ്റെ പരിണാമം

ഇന്ത്യയുടെ പൊതുസേവന പ്രക്ഷേപണ സ്ഥാപനമായ പ്രസാർ ഭാരതി പാർലമെൻ്റ് പാസാക്കിയ നിയമത്തിലൂടെ രൂപീകരിക്കപ്പെട്ട ഒരു സ്വയംഭരണ സ്ഥാപനമാണ്. 1990-ലെ പ്രസാർ ഭാരതി ആക്ടിന് കീഴിൽ 1997 നവംബർ 23-നാണ് ഇത് നിലവിൽ വന്നത്. ആകാശവാണി, ദൂരദർശൻ എന്നീ രണ്ട് ഘടകങ്ങളിലൂടെയാണ് ഈ കോർപ്പറേഷൻ പ്രവർത്തിക്കുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി പക്ഷപാതരഹിതവും സന്തുലിതവുമായ വിവരങ്ങളുടെ ഒഴുക്ക് ഉറപ്പാക്കുക എന്നതാണ് ഇതിൻ്റെ ദൗത്യം.
വാർത്താ ശേഖരണം എക്കാലത്തും ഈ ദൗത്യത്തിൻ്റെ കേന്ദ്രബിന്ദുവായിരുന്നു. പ്രസാർ ഭാരതി ന്യൂസ് സർവീസ് (പിബിഎൻഎസ്) തുടക്കത്തിൽ ബ്രോഡ്കാസ്റ്ററുടെ സ്വന്തം എഡിറ്റോറിയൽ ടീമുകൾക്കായി മാത്രമുള്ള ഒരു വാർത്താ വിതരണ സേവനം എന്ന നിലയിലാണ് ആരംഭിച്ചത്. ഇതിൻ്റെ കോപ്പികളും ഫീഡുകളും ആകാശവാണിയിലെയും ദൂരദർശനിലെയും വാർത്താ ബുള്ളറ്റിനുകൾക്ക് പിന്തുണയേകി. ആ ഘട്ടത്തിൽ, ഈ സേവനം പ്രസാർ ഭാരതിയുടെ സ്വന്തം ന്യൂസ്‌റൂമുകൾക്കായി മാത്രമാണ് ഉപയോഗിച്ചിരുന്നത്.
2024 മാർച്ചിൽ ഈ സേവനത്തിൻ്റെ വ്യാപ്തി വിപുലീകരിച്ചു. 2024 മാർച്ച് 13-ന് ന്യൂഡൽഹിയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പിബി ശബ്ദ് ആരംഭിച്ചു. 'പ്രസാർ ഭാരതി – ഷെയേർഡ് ഓഡിയോ വിഷ്വൽ ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ' എന്നതാണ് ഇപ്പോൾ ഇതിന്റെ പൂർണ്ണരൂപം. രജിസ്റ്റർ ചെയ്ത മാധ്യമ സ്ഥാപനങ്ങൾക്ക് ടെക്സ്റ്റ്, വീഡിയോ, ഓഡിയോ, ഫോട്ടോ, ഇൻഫോഗ്രാഫിക് ഫോർമാറ്റുകളിൽ സൗജന്യവും ഉപയോഗസജ്ജവുമായ വാർത്താ ഉള്ളടക്കം ഇത് നൽകുന്നു. അങ്ങനെ ഒരു ആഭ്യന്തര വാർത്താ വിതരണ സേവനം, തുറന്ന മൾട്ടിമീഡിയ വാർത്താ പങ്കിടൽ പ്ലാറ്റ്‌ഫോമായി മാറി. ഈ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ താഴെപ്പറയുന്ന പട്ടികയിൽ കൊടുത്തിയിരിക്കുന്നു.
വർഷം നാഴികക്കല്ല്
1990 പാർലമെൻ്റ് പ്രസാർ ഭാരതി ആക്ട് പാസാക്കുന്നു.
1997 1997 നവംബർ 23-ന് കോർപ്പറേഷൻ നിലവിൽ വരുന്നു.
2024 വരെ പി.ബി.എൻ.എസ് പ്രസാർ ഭാരതിയുടെ എഡിറ്റോറിയൽ ടീമുകൾക്കായുള്ള ആഭ്യന്തര വാർത്താ വിതരണ സേവനമായി പ്രവർത്തിക്കുന്നു.
മാർച്ച് 2024 വിവിധ ഫോർമാറ്റുകളിലുള്ള സൗജന്യ വാർത്താ പങ്കിടൽ പ്ലാറ്റ്‌ഫോമായി പിബി ശബ്ദ് (PBSHABD) മാർച്ച് 13-ന് ആരംഭിക്കുന്നു.
മാർച്ച് 2025 ഒരു വർഷം പൂർത്തിയായതിനെത്തുടർന്ന് സൗജന്യ സേവനം 2026 മാർച്ച് വരെ നീട്ടുന്നു.
മാർച്ച് 2026 സൗജന്യ സേവനം 2027 മാർച്ച് വരെയായി വീണ്ടും ദീർഘിപ്പിക്കുന്നു.
ഭാവിയിൽ പുതിയ പ്രൊഡക്റ്റ് ലൈനുകളും മെച്ചപ്പെട്ട വിതരണ സംവിധാനങ്ങളുമായി പിബി ശബ്ദ് 2.0 ആസൂത്രണം ചെയ്യുന്നു.
പിബി ശബ്ദ് പുതുതായി നിർമ്മിച്ചെടുത്ത ഒരു ന്യൂസ് റൂമല്ല. മറിച്ച്, പതിറ്റാണ്ടുകളായി വികസിപ്പിച്ചെടുത്ത വാർത്താ അടിസ്ഥാനസൗകര്യത്തിൻ്റെ ഒരു വിപുലീകരണമാണ്. ഇതുവരെ പ്രവർത്തിച്ചുവന്ന അതേ ലേഖകരും ഡെസ്കുകളും ബ്യൂറോകളും തന്നെയാണ് ഇപ്പോൾ കൂടുതൽ വിപുലമായ ഉപഭോക്തൃവിഭാഗത്തിന് സേവനം നൽകുന്നത്. എഡിറ്റോറിയൽ അടിത്തറ അതേപടി നിലനിർത്തിക്കൊണ്ട് ഉള്ളടക്കത്തിൻ്റെ വ്യാപ്തി കൂടുതൽ വർദ്ധിപ്പിച്ചിരിക്കുന്നു. ഈ വ്യാപ്തി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് സേവനത്തിൻ്റെ രൂപകൽപ്പനയിലൂടെ കൂടുതൽ നന്നായി മനസ്സിലാക്കാം.
നിങ്ങൾക്കറിയാമോ?
ഈ സേവനത്തിൻ്റെ പേരിന് രണ്ട് അർത്ഥങ്ങളുണ്ട്. ഇതിൻ്റെ പൂർണ്ണരൂപം ഷെയേർഡ് ഓഡിയോ-വിഷ്വൽസ് ഫോർ ബ്രോഡ്കാസ്റ്റ് ആൻഡ് ഡിസെമിനേഷൻ എന്നാണ്. ഹിന്ദിയിൽ 'ശബ്ദ്' എന്ന വാക്കിൻ്റെ അർത്ഥം സംസാര രൂപത്തിലോ എഴുത്തു രൂപത്തിലോ ഉള്ള 'വാക്ക്' എന്നാണ്. ആ വാക്ക് വേഗത്തിലും സൗജന്യമായും വിപുലമായി പങ്കിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പിബി ശബ്ദ്: വിവിധ ഫോർമാറ്റുകളിലുള്ള ബഹുഭാഷാ വാർത്താ ഫീഡ്
മാധ്യമ ഉപഭോക്താക്കൾക്കായി 24 മണിക്കൂറും ലഭ്യമാകുന്ന പ്രസാർ ഭാരതിയുടെ വാർത്താ പങ്കിടൽ സേവനമാണ് പിബി ശബ്ദ്. ഇന്ത്യയിൽ നിന്നും ലോകമെമ്പാടുനിന്നുമുള്ള സമയോചിതവും ആധികാരികവും ഉപയോഗസജ്ജവുമായ വാർത്താ ഉള്ളടക്കം ഇത് നൽകുന്നു. രാജ്യതലസ്ഥാനം മുതൽ ജില്ലാ ആസ്ഥാനങ്ങൾ വരെയുള്ള സംഭവവികാസങ്ങൾ അപ്പപ്പോൾ തന്നെ ഇതിലൂടെ ലഭ്യമാക്കുന്നു.
രജിസ്റ്റർ ചെയ്ത മാധ്യമ സ്ഥാപനങ്ങൾ, ഡിജിറ്റൽ പ്രസാധകർ, ഉള്ളടക്ക സ്രഷ്ടാക്കൾ എന്നിവരാണ് ഇതിൻ്റെ ഉപഭോക്താക്കൾ. പത്രങ്ങൾ, വാർത്താ ടെലിവിഷൻ ചാനലുകൾ, ഡിജിറ്റൽ വാർത്താ പ്രസാധകർ എന്നിവരാണ് ഈ ഉപഭോക്തൃവിഭാഗത്തിലെ ഭൂരിഭാഗവും. പ്രവർത്തനം ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ, 3,600 മാധ്യമ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കാൻ ഈ സേവനത്തിന് സാധിച്ചു.
ടെക്സ്റ്റ്, വീഡിയോ, ഓഡിയോ, ഫോട്ടോഗ്രാഫുകൾ, ഇൻഫോഗ്രാഫിക്സ് എന്നിങ്ങനെ അഞ്ച് ഫോർമാറ്റുകളിലാണ് ഉള്ളടക്കം ലഭ്യമാക്കുന്നത്. 15 ഇന്ത്യൻ ഭാഷകളിലും അമ്പതോളം വാർത്താ വിഭാഗങ്ങളിലുമായി വാർത്തകൾ നൽകിവരുന്നു. ദേശീയ, പ്രാദേശികതലങ്ങളിലെ സംഭവവികാസങ്ങളിലേക്കും വാർത്താ കവറേജ് വ്യാപിച്ചുകിടക്കുന്നു. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ ഡൗൺലോഡ് ചെയ്യുന്ന ഉള്ളടക്കത്തിന് സബ്‌സ്‌ക്രിപ്ഷൻ ഫീസ് നൽകേണ്ടതില്ല. 2027 മാർച്ച് വരെ സൗജന്യ ലഭ്യത ഉറപ്പുനൽകിയിട്ടുണ്ട്. പിബി ശബ്ദിൻ്റെ സവിശേഷതകളെയും പ്രയോജനങ്ങളെയും കുറിച്ച് കൂടുതൽ വായിക്കാം
ആർക്കൊക്കെ രജിസ്റ്റർ ചെയ്യാം
സാധുവായ ആർ.എൻ.ഐ സർട്ടിഫിക്കറ്റുള്ള രജിസ്റ്റർ ചെയ്ത പത്രങ്ങൾക്കും ജേണലുകൾക്കും ഇതിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ടെലിവിഷൻ, റേഡിയോ സ്റ്റേഷനുകൾക്ക് സാധുവായ അപ്‌ലിങ്ക്, ഡൗൺലിങ്ക് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്. ഡിജിറ്റൽ പ്രസാധകർക്ക് പാൻ കാർഡിൻ്റെ പകർപ്പ് സമർപ്പിച്ച് രജിസ്റ്റർ ചെയ്യാം. ഓരോ സ്ഥാപനത്തിനും ഒരു ലോഗിൻ ലഭിക്കും, ഇത് ന്യൂസ് റൂമിലെ മാധ്യമപ്രവർത്തകർക്ക് പങ്കുവെച്ച് ഉപയോഗിക്കാം. പിബി ശബ്ദ് രജിസ്ട്രേഷനെക്കുറിച്ച് കൂടുതൽ അറിയാം.
ഒരു പ്ലാറ്റ്‌ഫോം, നിരവധി ഉള്ളടക്ക ഉൽപ്പന്നങ്ങൾ
ഒറ്റ വാർത്താ സേവനം എന്നതിലുപരി സേവനങ്ങളുടെ ഒരു സമാഹാരമായാണ് പിബി ശബ്ദ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓരോ ഉൽപ്പന്നവും നിർദ്ദിഷ്ട രീതിയിലുള്ള ന്യൂസ് റൂമുകൾക്ക് നേരിട്ട് ഉപയോഗിക്കാവുന്ന തരത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

പരമ്പരാഗത വാർത്താ ഏജൻസികളിൽ നിന്ന് ഈ പ്ലാറ്റ്‌ഫോമിനെ വേറിട്ടുനിർത്തുന്ന ഒരു സവിശേഷതയുണ്ട്. ഇതിലെ ഉള്ളടക്കങ്ങളിൽ പ്രസാർ ഭാരതിയുടെ ലോഗോ ഉണ്ടായിരിക്കില്ല, കൂടാതെ ക്രെഡിറ്റ് ലൈനും നൽകേണ്ടതില്ല. അതിനാൽ ഒരു ചെറിയ പത്രത്തിന് പോലും ഒരു ദേശീയ വാർത്ത സ്വന്തം മാസ്റ്റ്‌ഹെഡിന് കീഴിൽ പ്രസിദ്ധീകരിക്കാൻ സാധിക്കും.
ഫീൽഡിൽ നിന്ന് ന്യൂസ് റൂമിലേക്ക്: പിബി ശബ്ദിന് പിന്നിലെ ശൃംഖല
വാർത്തകൾ എത്തിക്കുന്ന ശക്തമായ ശൃംഖലയാണ് പിബി ശബ്ദിൻ്റെ കരുത്ത്. രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശേഖരണ-ഡെസ്ക് ശൃംഖലകളിലൊന്നാണ് പ്രസാർ ഭാരതി നടത്തുന്നത്. 1,500-ലധികം റിപ്പോർട്ടർമാരും ലേഖകരും സ്ട്രിംഗർമാരും ഈ വാർത്താ ശൃംഖലയിലേക്ക് സംഭാവന നൽകുന്നു. അവർ നൽകുന്ന വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 60 സമർപ്പിത എഡിറ്റ് ഡെസ്കുകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ആകാശവാണിയും ദൂരദർശനും സ്വന്തം പ്രാദേശിക വാർത്താ യൂണിറ്റുകളും ബുള്ളറ്റിൻ സേവനങ്ങളും നടത്തുന്നു. ഇവ സംയുക്തമായി ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നു. ഈ ശൃംഖലയുടെ വ്യാപ്തി താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ സൂചിപ്പിക്കുന്നു.
ശൃംഖല ഫീൽഡിലെ വ്യാപ്തി
ആകാശവാണി വാർത്തകൾ • 46 പ്രാദേശിക വാർത്താ യൂണിറ്റുകൾ, 1 ആസ്ഥാനം
• 92 ഭാഷകളിലും ഭാഷാഭേദങ്ങളിലുമായി പ്രതിദിനം 607 ബുള്ളറ്റിനുകൾ
ദൂരദർശൻ വാർത്തകൾ • 31 പ്രാദേശിക വാർത്താ യൂണിറ്റുകൾ, 1 ആസ്ഥാനം
• 22-ലധികം ഭാഷകളിലും ഭാഷാഭേദങ്ങളിലുമായി 145-ലധികം ബുള്ളറ്റിനുകൾ
ഫീൽഡ് ശൃംഖല • രാജ്യത്തുടനീളം 1,500-ലധികം റിപ്പോർട്ടർമാർ, ലേഖകർ, സ്ട്രിംഗർമാർ
എഡിറ്റോറിയൽ ഡെസ്കുകൾ • 24 മണിക്കൂറും പ്രവർത്തിക്കുന്ന 60 സമർപ്പിത ഡെസ്കുകൾ
വിതരണത്തിന് മുമ്പുള്ള എഡിറ്റോറിയൽ പരിശോധനകൾ
പിബി ശബ്ദിലെ വാർത്തകൾ ഒന്നിലധികം തലങ്ങളിലുള്ള എഡിറ്റോറിയൽ പരിശോധനകളിലൂടെ കടന്നുപോകുന്നു. വ്യാജവും രൂപമാറ്റം വരുത്തിയതും കൃത്രിമമായി നിർമ്മിച്ചതുമായ ഉള്ളടക്കങ്ങൾക്കെതിരെ ഈ സേവനം കർശനമായ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കുന്നു. സ്ഥിരീകരിക്കാത്ത ഓൺലൈൻ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തുന്നു. ഓരോ വാർത്തയ്ക്കും ടൈംസ്റ്റാമ്പും ഡേറ്റ്‌ലൈനും ശരിയായ അടിക്കുറിപ്പുകളും നൽകുന്നു. അതിനാൽ ഒരു സംഭവം എപ്പോൾ, എവിടെയാണ് നടന്നതെന്ന് ഉപഭോക്താക്കൾക്ക് കൃത്യമായി അറിയാൻ സാധിക്കും. സാങ്കേതികവിദ്യ ഈ സേവനത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. വാർത്താ ശേഖരണ-എഡിറ്റോറിയൽ ശൃംഖല ഇതിന് ശക്തമായ ഒരു വാർത്താ അടിത്തറ നൽകുകയും ചെയ്യുന്നു.
കൃത്യത, ആധികാരികത, സമയബന്ധിതം : പൊതുസേവനത്തിൻ്റെ അന്തസ്സത്ത
കൃത്യതയും ആധികാരികതയുമാണ് ഈ സേവനത്തിൻ്റെ കേന്ദ്രബിന്ദു. വാർത്തകൾ പങ്കുവെക്കുന്നതിന് മുൻപ് പ്രൊഫഷണൽ രീതിയിൽ തയ്യാറാക്കുകയും എഡിറ്റ് ചെയ്യുകയും കൃത്യത പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർത്താ ഫീഡിലൂടെ സ്ഥിരീകരിച്ച വാർത്തകൾ കാലതാമസമില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. വിവിധ ഫോർമാറ്റുകളും ഭാഷകളും ഈ സേവനത്തെ യഥാർത്ഥത്തിൽ എല്ലാവർക്കും പ്രാപ്യമായ ഒന്നാക്കി മാറ്റുന്നു. വിവരങ്ങളുടെ അതിപ്രസരത്താൽ നിറഞ്ഞ ഇന്നത്തെ സാഹചര്യത്തിൽ, പരിശോധിച്ചുറപ്പിച്ച ഉള്ളടക്കം തന്നെ ഒരു പൊതുസമ്പത്താണ്.
ഇന്ത്യയുടെ വൈവിധ്യമാർന്ന മാധ്യമ ആവാസവ്യവസ്ഥയെ ബന്ധിപ്പിക്കുന്നു
വാർത്തകൾ ഒരേസമയം നിരവധി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രേക്ഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്. ടെലിവിഷൻ, പത്രങ്ങൾ, വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, യൂട്യൂബ്, സമൂഹമാധ്യമങ്ങൾ എന്നിവയെല്ലാം അന്നന്നത്തെ സംഭവവികാസങ്ങൾ പങ്കുവെക്കുന്നു. അതിനാൽ ഒരു ന്യൂസ് റൂമിന് ഒരൊറ്റ ദിവസം വിവിധ ഫോർമാറ്റുകളിൽ വാർത്തകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. പ്രസാർ ഭാരതിയുടെ വാർത്താ ശേഖരണ അടിസ്ഥാനസൗകര്യത്തെ കൂടുതൽ വിശാലമായ ഈ മാധ്യമ ആവാസവ്യവസ്ഥയുമായി പിബി ശബ്ദ് ബന്ധിപ്പിക്കുന്നു. പത്രങ്ങൾ, ടെലിവിഷൻ പ്രക്ഷേപകർ, ഡിജിറ്റൽ പ്രസാധകർ, ഉള്ളടക്ക സ്രഷ്‌ടാക്കൾ, വിവിധ പ്ലാറ്റ്‌ഫോമുകൾ എന്നിവയെല്ലാം ഒരേ ഫീഡിൽ നിന്നാണ് ഉള്ളടക്കം സ്വീകരിക്കുന്നത്.

ചെറിയ മാധ്യമ സ്ഥാപനങ്ങൾക്കും പ്രാദേശിക സ്ഥാപനങ്ങൾക്കുമാണ് ഇതിൻ്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നത്. ഡൽഹിയിലോ വിദേശത്തോ ലേഖകരെ നിയമിക്കാൻ ഒരു ജില്ലാതല പത്രത്തിന് അപൂർവ്വമായേ സാധിക്കാറുള്ളൂ. എന്നാൽ പിബി ശബ്ദിലൂടെ പ്രൊഫഷണലായി തയ്യാറാക്കിയ ദേശീയ, അന്തർദേശീയ വാർത്താ കവറേജ് ലഭ്യമാക്കാൻ അവർക്ക് സാധിക്കുന്നു. ഉപയോഗസജ്ജമായ ടെക്സ്റ്റ്, വീഡിയോ, ഓഡിയോ എന്നിവ ചെലവും വാർത്ത തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതിനെടുക്കുന്ന സമയവും കുറയ്ക്കുന്നു.

മുന്നോട്ടുള്ള പാത
പ്രസാർ ഭാരതിയുടെ വാർത്താ ശേഖരണ ശേഷിയെ സ്വന്തം ചാനലുകൾക്കപ്പുറത്തേക്ക് പിബി ശബ്ദ് വ്യാപിപ്പിക്കുന്നു. വിശ്വസനീയമായ വിവരങ്ങൾ ഇപ്പോൾ ആയിരക്കണക്കിന് സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളിലൂടെ എത്തുന്നു. വരും കാലങ്ങളിൽ തുടർച്ചയായ വിപുലീകരണത്തിന് സജ്ജമായ രീതിയിലാണ് ഈ സേവനത്തിൻ്റെ ഘടന. പ്ലാറ്റ്‌ഫോമിലേക്കുള്ള സൗജന്യ പ്രവേശനം 2027 മാർച്ച് വരെ നീട്ടിയിട്ടുണ്ട്. അതിനാൽ മാധ്യമ സ്ഥാപനങ്ങൾക്ക് ഉറപ്പോടെ ഈ ഫീഡിൻ്റെ ഉപയോഗം ആസൂത്രണം ചെയ്യാൻ കഴിയും. രണ്ട് വർഷത്തെ പ്രവർത്തനത്തിനിടെ ഇതിൻ്റെ ഉപഭോക്തൃ അടിത്തറ 3,600 മാധ്യമ സ്ഥാപനങ്ങളായി ഉയർന്നു.
വിവരങ്ങൾ അതിവേഗം പ്രചരിക്കുന്ന ഈ കാലഘട്ടത്തിൽ കൃത്യമായ വാർത്തകൾ ഒരു പൊതുസമ്പത്തായി നിലകൊള്ളുന്നു. സൗജന്യവും പക്ഷപാതരഹിതവും വസ്തുതാധിഷ്ഠിതവുമായ വാർത്താ റിപ്പോർട്ടിംഗിനും വിതരണത്തിനും പ്രസാർ ഭാരതി പ്രതിജ്ഞാബദ്ധമായി തുടരുന്നു. പ്ലാറ്റ്‌ഫോമിലെ സ്ഥിരീകരിച്ച ഓരോ വാർത്തയും അറിവുള്ള പൗരസമൂഹത്തിൻ്റെ അടിത്തറ ശക്തിപ്പെടുത്തുന്നു. അതുവഴി വിശ്വസനീയമായ വിവരങ്ങളുടെ പ്രചാരണത്തിനായുള്ള ഒരു പങ്കിട്ട ദേശീയ അടിസ്ഥാനസൗകര്യമായി പിബി ശബ്ദ് നിലകൊള്ളുന്നു.
അവലംബം
Click here to see pdf
****
(Explainer ID: 160171)
आगंतुक पटल : 5
Provide suggestions / comments