• Sitemap
  • Advance Search
Economy

മെയ്ക്ക് ഇൻ ഇന്ത്യയുടെ 12 വർഷങ്ങൾ

ഒരു ഉൽപ്പാദന രാജ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണം

Posted On: 24 SEP 2026 5:31PM

മെയ്ക്ക് ഇൻ ഇന്ത്യ പന്ത്രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ വിവിധ വ്യവസായങ്ങളിലുടനീളം ഉൽപ്പാദനവും നിക്ഷേപവും ശേഷിയും വികസിപ്പിച്ചുകൊണ്ട് ഈ പദ്ധതി ഇന്ത്യയുടെ ഉൽപ്പാദന മേഖലയെ മാറ്റിമറിച്ചിരിക്കുന്നു. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, ഔഷധ നിർമ്മാണം, സ്റ്റീൽ, റെയിൽവേ, പ്രതിരോധം എന്നിവയിലുടനീളം ഈ കാലയളവിൽ ഉൽപ്പാദനം വർധിച്ചു. അനുബന്ധ ഘടകങ്ങൾ, യന്ത്രങ്ങൾ, തന്ത്രപ്രധാനമായ അസംസ്കൃത വസ്തുക്കൾ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ നിർമ്മിക്കാനുള്ള ശേഷിയും ഇന്ത്യ കൈവരിച്ചിട്ടുണ്ട്. NSWS, PLI, പി.എം ഗതിശക്തി, ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്ക് തുടങ്ങിയ സംരംഭങ്ങൾ നിക്ഷേപത്തിനും ഉൽപ്പാദനത്തിനും പിന്തുണ നൽകി. സെമിചാലകങ്ങൾ, മൊബൈൽ ഫോണുകൾ, വ്യവസായ പാർക്കുകൾ, സ്പെഷ്യൽറ്റി സ്റ്റീൽ, അപൂർവ്വ ഭൗമ കാന്തങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ പദ്ധതികൾ ആഭ്യന്തര ഉൽപ്പാദനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഇന്ത്യൻ ഉൽപ്പാദന മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം

പന്ത്രണ്ട് വർഷം മുമ്പ് 2014 സെപ്റ്റംബർ 25-നാണ് ഉൽപ്പാദനം, രൂപകൽപ്പന, നൂതനാശയങ്ങൾ എന്നിവയുടെ ആഗോള കേന്ദ്രമായി മാറണമെന്ന ലക്ഷ്യത്തോടെ 'മെയ്ക്ക് ഇൻ ഇന്ത്യ' ആരംഭിച്ചത്. നിക്ഷേപം എളുപ്പമാക്കുക, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുക, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവയിലായിരുന്നു ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിച്ചത്. 'കുറഞ്ഞ ഭരണകൂട ഇടപെടലും കൂടുതൽ ഭരണവും' എന്ന തത്വത്തിൽ അധിഷ്ഠിതമായി നടപടിക്രമങ്ങളും നയങ്ങളും ആധുനികവത്കരിക്കാനും ഇത് ശ്രമിച്ചു. ഈ വർഷങ്ങളിലുടനീളം മെയ്ക്ക് ഇൻ ഇന്ത്യ വ്യവസായങ്ങൾക്കും നിക്ഷേപകർക്കും ഇന്ത്യയുടെ ഉൽപ്പാദന പ്രയാണത്തിൽ പങ്കാളികളാകാൻ പുതിയ അവസരങ്ങൾ തുറന്നുനൽകി. ഈ സംരംഭം പിന്നീട് 'മെയ്ക്ക് ഇൻ ഇന്ത്യ 2.0' എന്ന പേരിൽ വ്യാപിപ്പിച്ചു. ഉൽപ്പാദന മേഖലയിലെ 15-ഉം സേവന മേഖലയിലെ 12-ഉം ഉൾപ്പെടെ 27 മേഖലകളിലാണ് ഈ സംരംഭം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിപുലമായി ഇന്ത്യയുടെ ഉൽപ്പാദന മേഖല

കാലക്രമേണ ഉൽപ്പാദന മേഖല ശക്തമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സമീപകാല സൂചകങ്ങളും ഉൽപ്പാദന മേഖലയിലെ തുടർച്ചയായ വളർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പുതുക്കിയ ദേശീയ അക്കൗണ്ട് പരമ്പര പ്രകാരം സ്ഥിരമായ വിലയിലുള്ള ഉൽപ്പാദന മേഖലയിലെ മൊത്ത മൂല്യവർധനവ് (GVA) 2022-23-നും 2025-26-നും ഇടയിൽ 10.88% സംയോജിത വാർഷിക വളർച്ചാനിരക്ക് രേഖപ്പെടുത്തി.

വ്യവസായ ഉൽപ്പാദനം സമീപകാല വളർച്ചയുടെ മറ്റൊരു സൂചന നൽകുന്നു. 2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2026 ഏപ്രിൽ-ജൂലൈ കാലയളവിൽ വ്യവസായ ഉൽപ്പാദന സൂചികയിലെ (IIP) ഉൽപ്പാദന മേഖല 7.0% വർധിച്ചു.

പ്രധാന ഉൽപ്പാദന വ്യവസായങ്ങളിലുടനീളം വർധിച്ചുവരുന്ന ഉൽപ്പാദനം

ഉൽപ്പാദനത്തിലുണ്ടായ ഈ വികാസം വിവിധ വ്യവസായങ്ങളിലുടനീളം വ്യക്തമാണ്; ഉൽപ്പാദനത്തിലും ഉൽപ്പാദന ശേഷിയിലും കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.

ഇലക്ട്രോണിക്സ്

  • ഇലക്ട്രോണിക്സ് ഉൽപ്പാദനം ഏതാണ്ട് ഏഴ് മടങ്ങ് വർധിച്ചു; 2014-15 ലെ ~₹1.9 ലക്ഷം കോടിയിൽ നിന്ന് 2025-26 ൽ ഇത് ~₹13.11 ലക്ഷം കോടിയായി ഉയർന്നു.
  • ഈ ആകെ തുകയിൽ മൊബൈൽ ഫോൺ ഉൽപ്പാദനം അതേ കാലയളവിൽ തന്നെ ~₹18,900 കോടിയിൽ നിന്ന് ~₹6.3 ലക്ഷം കോടിയായി ഏകദേശം 32 മടങ്ങ് വർധിച്ചു. ഉൽപ്പാദന അളവിന്റെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളാണ് ഇന്ത്യ.
  • ആകെ ഇലക്ട്രോണിക്സ് ഉൽപ്പാദനം 2025-26 ൽ മുൻ വർഷത്തെ അപേക്ഷിച്ച് 15.8% വളർച്ചയും രേഖപ്പെടുത്തി.

ഓട്ടോമൊബൈലുകൾ

  • 2024-25 ൽ വാഹന ഉൽപ്പാദനം 3.103 കോടി യൂണിറ്റുകളിലെത്തി; ഇത് 2014-15 നേക്കാൾ ~33% കൂടുതലാണ്.
  • 2020-21-നെ അപേക്ഷിച്ച് 2024-25 ൽ വിവിധ വാഹന വിഭാഗങ്ങളും ഗണ്യമായി ഉയർന്ന ഉൽപ്പാദനം രേഖപ്പെടുത്തി:
  • പാസഞ്ചർ, കൊമേഴ്‌സ്യൽ വാഹന ഉൽപ്പാദനം 65% വീതം വർധിച്ചു.
  • ത്രീ-വീലർ ഉൽപ്പാദനം 71% ഉയർന്നു.
  • ടു-വീലർ ഉൽപ്പാദനം 30% വളർച്ച നേടി.

ഔഷധ നിർമ്മാണവും വൈദ്യശാസ്ത്ര ഉപകരണങ്ങളും

  • ഇന്ത്യയുടെ ഔഷധ നിർമ്മാണ വ്യവസായം അളവിന്റെ അടിസ്ഥാനത്തിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 11-ാം സ്ഥാനത്തുമാണ്.
  • വാർഷിക വിറ്റഴിവ് 2025-26 ൽ ₹5,08,630 കോടിയിലെത്തി; കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശരാശരി 9.2% വളർച്ചാനിരക്കിലാണ് ഇത് ഉയർന്നത്. 2025-26 കാലയളവിൽ ഔഷധ കയറ്റുമതി ₹2,62,697 കോടിയായിരുന്നു.
  • വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ആഭ്യന്തര നിർമ്മാണം ~48.2% വർധിച്ചു; 2019-20 ലെ ~₹28,000 കോടിയിൽ നിന്ന് 2024-25 ൽ ഇത് ₹41,500 കോടിയായി ഉയർന്നു.

സ്റ്റീൽ

  • ക്രൂഡ് സ്റ്റീൽ (അസംസ്‌കൃത സ്റ്റീൽ) ഉൽപ്പാദനം 2014-15-ലെ 81.7 ദശലക്ഷം ടണ്ണിൽ നിന്ന് 2025-26-ൽ 170.0 ദശലക്ഷം ടണ്ണായി വർധിച്ചു.

റെയിൽവേ

  • 2014-24 കാലയളവിൽ ഇന്ത്യൻ റെയിൽവേ 54,809 കോച്ചുകൾ നിർമ്മിച്ചു. ശരാശരി വാർഷിക റെയിൽവേ കോച്ച് ഉൽപ്പാദനം 2004-14-ലെ 3,300 ൽ താഴെ എന്നതിൽ നിന്ന് 2014-24-ൽ 5,481 ആയി ഉയർന്നു.
  • ആഭ്യന്തര ഉൽപ്പാദനത്തിൽ ലോക്കോമോട്ടീവുകളും (തീവണ്ടി എഞ്ചിനുകൾ) ആധുനിക പാസഞ്ചർ കോച്ചുകളും ഉൾപ്പെടുന്നു. 2025-26-ൽ ഇന്ത്യൻ റെയിൽവേ 1,674 ലോക്കോമോട്ടീവുകൾ നിർമ്മിച്ചു.
  • 2025-26-ൽ 6,677 ലിങ്കെ ഹോഫ്മാൻ ബുഷ് (LHB) കോച്ചുകൾ നിർമ്മിക്കപ്പെട്ടു. എളുപ്പമുള്ളതും കൂടുതൽ സുരക്ഷിതവും മികച്ച യാത്രാസൗകര്യവും കുലുക്കമില്ലാത്ത യാത്രയും ഉറപ്പുനൽകുന്നതുമാണ് ഈ കോച്ചുകൾ.

പ്രതിരോധ മേഖല

  • സ്വദേശീയ പ്രതിരോധ ഉൽപ്പാദനത്തിന്റെ മൂല്യം 2014-15-ലെ ₹46,429 കോടിയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ എക്കാലത്തെയും ഉയർന്ന തുകയായ ₹1.78 ലക്ഷം കോടിയായി വർധിച്ചു. ഇത് ~283% വർധനവിനെ കാണിക്കുന്നു; ഉൽപ്പാദനം 2014-15-ലെ അളവിനേക്കാൾ നാല് മടങ്ങോളം വർധിപ്പിച്ചു.

ആഭ്യന്തര ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നു

ഇന്ത്യയുടെ ഉൽപ്പാദന പ്രയാണത്തിന്റെ ഒരു ഭാഗം മാത്രമാണ് അന്തിമ ഉൽപ്പാദനത്തിലുണ്ടായ ഈ വർധന. വ്യാവസായിക മൂല്യശൃംഖലയിലുടനീളം ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ, അനുബന്ധ ഘടകങ്ങൾ, സിസ്റ്റങ്ങൾ, യന്ത്രങ്ങൾ എന്നിവയിലേക്ക് ആഭ്യന്തര ശേഷി കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

അത്യാധുനിക ഉൽപ്പന്നങ്ങളും തന്ത്രപ്രധാനമായ അസംസ്കൃത വസ്തുക്കളും

അത്യാധുനികവും സങ്കീർണ്ണവുമായ ഔഷധ ഉൽപ്പന്നങ്ങൾ

  • ഇന്ത്യ ഇപ്പോൾ സങ്കീർണ്ണവും അത്യാധുനികവുമായ ഔഷധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. സ്തനാർബുദത്തിനുള്ള ലോകത്തിലെ ആദ്യത്തെ ബയോസിമിലർ ആന്റിബോഡി-ഡ്രഗ് കോൺജുഗേറ്റായ 'ട്രാസ്റ്റുസുമാബ് എംറ്റാൻസിൻ' (Trastuzumab Emtansine) ഇതിൽ ഉൾപ്പെടുന്നു.
  • പേപ്പട്ടി വിഷബാധയ്‌ക്കെതിരെയുള്ള ലോകത്തിലെ ആദ്യത്തെ മോണോക്ലോണൽ ആന്റിബോഡി കോമ്പിനേഷനായ 'ഡൊക്കാരാവിമാബ്-മിറോമാവിമാബ്' (Docaravimab-Miromavimab) ഇന്ത്യ നിർമ്മിക്കുന്നുണ്ട്.
  • ബാക്ടീരിയൽ ന്യൂമോണിയയ്‌ക്കായി മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ച മാക്രോലൈഡ് ആന്റിബയോട്ടിക്കാണ് 'മിക്നാഫ്' (Miqnaf).
  • വൃക്കരോഗികളിലെ വിളർച്ച ചികിത്സിക്കുന്നതിനുള്ള പുതിയ കെമിക്കൽ എന്റിറ്റിയായ 'ഡെസിഡുസ്റ്റാറ്റ്' (Desidustat), നൂതന ഔഷധ വികസനത്തിലെ ഇന്ത്യയുടെ ശേഷിയെ കൂടുതൽ വ്യക്തമാക്കുന്നു.

അപൂർവ്വ ഭൗമ സ്ഥിര കാന്തങ്ങൾ

  • Nd-Fe-B (Neodymium-Iron-Boron) അപൂർവ്വ ഭൗമ സ്ഥിര കാന്തങ്ങൾക്കായുള്ള പ്രാരംഭ പ്ലാന്റ് ഹൈദരാബാദിലെ ഇന്റർനാഷണൽ അഡ്വാൻസ്ഡ് റിസർച്ച് സെന്റർ ഫോർ പൗഡർ മെറ്റലർജി ആൻഡ് ന്യൂ മെറ്റീരിയൽസിൽ (ARCI) 2026 മാർച്ചിൽ സ്ഥാപിച്ചു. ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്, അത്യാധുനിക ഉൽപ്പാദന സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് ഈ കാന്തങ്ങൾ അത്യാവശ്യമാണ്.
  • ഈ സൗകര്യം സാങ്കേതികവിദ്യയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും വ്യവസായ സഹകരണത്തിനും പിന്തുണ നൽകും. ഇത് ഡീപ്-ടെക് സ്റ്റാർട്ടപ്പുകളെയും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വാണിജ്യ ഉൽപ്പാദനത്തിലേക്ക് സ്വദേശീയ നൂതനാശയങ്ങളെ വ്യാപിപ്പിക്കാനും സഹായിക്കും.

അനുബന്ധ ഘടകങ്ങളും സിസ്റ്റങ്ങളും അസംബ്ലികളും

സങ്കീർണ്ണമായ അന്തിമ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ഇന്റർമീഡിയറ്റ് ഘടകങ്ങൾ, സംയോജിത സിസ്റ്റങ്ങൾ, സ്ട്രക്ചറൽ അസംബ്ലികൾ എന്നിവയിലേക്കും ഉൽപ്പാദന ശേഷി ഇപ്പോൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.

മേഖലകൾ

പ്രധാന നേട്ടം

ബഹിരാകാശ ആവശ്യങ്ങൾക്കുള്ള സെമിചാലകങ്ങൾ

  • ഐ.എസ്.ആർ.ഒ.യും എസ്.സി.എല്ലും ചേർന്ന് ബഹിരാകാശ ആവശ്യങ്ങൾക്കായി VIKRAM3201, KALPANA3201 എന്നീ മൈക്രോപ്രൊസസ്സറുകൾ വികസിപ്പിച്ചു.
  • വിക്ഷേപണ വാഹനങ്ങളിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ മൈക്രോപ്രൊസസ്സറാണ് VIKRAM3201.
  • ഇത് എസ്.സി.എല്ലിന്റെ നിർമ്മാണശാലയിലാണ് നിർമ്മിച്ചത്. ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ ടൂളുകളിൽ പ്രവർത്തിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്ത മൈക്രോപ്രൊസസ്സറാണ് കല്പന3201, ഇത് ഫ്ലൈറ്റ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്.

സൗരകോശങ്ങളും മോഡ്യൂളുകളും

  • സോളാർ മോഡ്യൂളുകളുടെ നിർമ്മാണ ശേഷി 2014-ലെ 2.3 ജിഗാവാട്ടിൽ നിന്ന് 2026 ജൂൺ മാസത്തോടെ 192 ജിഗാവാട്ടായി ഉയർന്നു.
  • സോളാർ സെൽ നിർമ്മാണ ശേഷി 2014-ലെ 1.2 ജിഗാവാട്ടിൽ നിന്ന് 2026 ജൂൺ മാസത്തോടെ ഏകദേശം 30 ജിഗാവാട്ടായി വർധിച്ചു.

ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ

  • മോട്ടോറും ഇൻവെർട്ടറും സംയോജിപ്പിച്ചുള്ള, പൂർണ്ണമായും സ്വദേശീയമായി വികസിപ്പിച്ച 30 കിലോവാട്ട് ഡ്രൈവ് സിസ്റ്റം 2026 മാർച്ച് മാസത്തിൽ പുറത്തിറക്കി. ഇതിന്റെ രൂപകൽപ്പനയും നിർമ്മാണവും പരിശോധനകളും വിജയകരമായി പൂർത്തിയാക്കി വാണിജ്യടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

വിമാന നിർമ്മാണം

  • ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് മൂന്നാമത്തെ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജ്സ് Mk1A ഉൽപ്പാദന അസംബ്ലി ലൈൻ 2025 ഒക്ടോബറിൽ തുറന്നു.
  • ഇതോടെ വാർഷിക ഉൽപ്പാദന ശേഷി 24 വിമാനങ്ങളായി ഉയർന്നു. ഫ്യൂസ്‍ലേജുകൾ, ചിറകുകൾ, നിയന്ത്രണ സംവിധാനങ്ങൾ തുടങ്ങിയ പ്രധാന ഭാഗങ്ങളുടെ നിർമ്മാണം ഉൾക്കൊള്ളുന്ന രണ്ടാമത്തെ HTT-40 ട്രെയിനർ വിമാന ഉൽപ്പാദന ലൈനും ഉദ്ഘാടനം ചെയ്തു.

റെയിൽവേ ഘടകങ്ങൾ

  • 2025-26 വർഷത്തിൽ റെയിൽ വീൽ ഫാക്ടറി 2,10,026 ചക്രങ്ങളും, 1,22,000 ആക്‌സിലുകളും, 1,20,100 വീൽസെറ്റുകളും ഉൽപ്പാദിച്ചു. ഇവ മുൻ വർഷത്തെ അപേക്ഷിച്ച് യഥാക്രമം 4%, 30%, 22% എന്നീ ക്രമത്തിൽ വളർച്ച രേഖപ്പെടുത്തി.

ആണവ സാങ്കേതിക ഘടകങ്ങൾ

  • 2025 സെപ്റ്റംബറിൽ ന്യൂക്ലിയർ ഫ്യൂവൽ കോംപ്ലക്സ് നിർമ്മിക്കാനിരിക്കുന്ന 700 മെഗാവാട്ടിന്റെ ഇന്ത്യൻ ആണവ റിയാക്ടറുകൾക്കായുള്ള സ്റ്റീം-ജനറേറ്റർ ട്യൂബുകളുടെ എട്ടാമത്തെ ബാച്ച് കൈമാറി. ഈ ട്യൂബുകൾ പൂർണ്ണമായും രാജ്യത്തിനുള്ളിൽ തന്നെയാണ് നിർമ്മിച്ചതും പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയതും.

ക്യാപിറ്റൽ ഗുഡ്സ്: ഉൽപ്പാദനത്തിന് പിന്നിലെ യന്ത്രസാമഗ്രികൾ

ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനും പ്രോസസ്സ് ചെയ്യാനും കൂട്ടിച്ചേർക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങളിലേക്കും ആഭ്യന്തര ഉൽപ്പാദന ശേഷി വ്യാപിക്കുന്നു. വൻകിട എഞ്ചിനീയറിംഗ് ഉപകരണങ്ങളുടെയും വിവിധ ക്യാപിറ്റൽ ഗുഡ്സ് ഉപമേഖലകളുടെയും ഉൽപ്പാദനം 2019-20-ലെ ₹2,87,233 കോടിയിൽ നിന്ന് 2024-25-ൽ ₹5,69,900 കോടിയായി ഉയർന്നു. ഈ കാലയളവിൽ ഇത് ഇരട്ടിത്തോളമുള്ള വർധനവായിരുന്നു.

വിവിധ ക്യാപിറ്റൽ ഗുഡ്സ് മേഖലകളിലെയും ഹെവി എഞ്ചിനീയറിംഗ് ഉപകരണങ്ങളിലെയും ഉൽപ്പാദനം (മൂല്യം ₹ കോടിയിൽ)

വിഭാഗം

2019-20

2024-25

വർധന

എർത്ത്മൂവിംഗ് ആന്റ് മൈനിംഗ് മെഷിനറി (ഭൂമി തുരക്കാനും ഖനനത്തിനുമുള്ള യന്ത്രങ്ങൾ)

31,028

80,750

160.3%

പ്രിന്റിംഗ് മെഷിനറി (അച്ചടി യന്ത്രങ്ങൾ)

12,678

29,716

134.4%

മെഷീൻ ടൂളുകൾ

6,152

14,286

132.2%

പ്ലാസ്റ്റിക് പ്രോസസിംഗ് മെഷിനറി (പ്ലാസ്റ്റിക് സംസ്‌കരണ യന്ത്രങ്ങൾ)

2,350

4,827

105.4%

ഹെവി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് എക്യുപ്‌മെന്റ് (വൻകിട വൈദ്യുത എഞ്ചിനീയറിംഗ് ഉപകരണങ്ങൾ)

1,79,199

3,64,706

103.5%

ഫുഡ് പ്രോസസിംഗ് മെഷിനറി (ഭക്ഷ്യ സംസ്‌കരണ യന്ത്രങ്ങൾ)

7,547

15,249

102.1%

ടെക്സ്റ്റൈൽ മെഷിനറി (വസ്ത്ര നിർമ്മാണ യന്ത്രങ്ങൾ)

5,355

10,461

95.4%

ഡൈകൾ, മൗൾഡുകൾ, പ്രസ് ടൂളുകൾ

13,682

18,400

34.5%

പ്രോസസ് പ്ലാന്റ് എക്യുപ്‌മെന്റ്

29,250

31,505

7.7%

ഉറവിടം: ഹെവി ഇൻഡസ്ട്രീസ് മന്ത്രാലയം

മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിലുള്ള പരിഷ്കാരങ്ങളുടെ പ്രയാണം

ആഭ്യന്തര ഉൽപ്പാദനത്തിനുള്ള പിന്തുണയ്ക്കൊപ്പം ലളിതമായ നിക്ഷേപവും വ്യവസായ പ്രക്രിയകളും മെയ്ക്ക് ഇൻ ഇന്ത്യയുടെ പരിഷ്കരണ പ്രയാണത്തിൽ സമന്വയിക്കുന്നു. സമീപകാല സംരംഭങ്ങൾ ഈ നടപടികളുടെ അടിത്തറയിൽ കെട്ടിപ്പടുത്തതാണ്. അനുബന്ധ ഘടകങ്ങൾ, തന്ത്രപ്രധാനമായ അസംസ്കൃത വസ്തുക്കൾ, പ്രത്യേക സാങ്കേതികവിദ്യകൾ എന്നിവയിലേക്ക് ശ്രദ്ധ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്യുന്നു.

മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് കീഴിലുള്ള പ്രധാന സംരംഭങ്ങൾ

  • തന്ത്രപ്രധാനമായ ചില മേഖലകൾ ഒഴികെ മിക്ക മേഖലകളിലും ഓട്ടോമാറ്റിക് റൂട്ട് വഴി 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (FDI) ഇന്ത്യയുടെ നിക്ഷേപ സൗഹൃദ നയം അനുമതി നൽകുന്നു. 2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ മൊത്തം വിദേശ നിക്ഷേപം 84,300 കോടി (843 ബില്യൺ) യു.എസ് ഡോളറിലെത്തി; ഇത് തൊട്ടുമുമ്പത്തെ പന്ത്രണ്ട് വർഷത്തെ കാലയളവിനേക്കാൾ 169% വർധനവാണ്.
  • നാഷണൽ സിംഗിൾ വിൻഡോ സിസ്റ്റം (NSWS) ആവശ്യമായ അനുമതികൾ തിരിച്ചറിയാനും ഒരു പൊതു ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാനും വ്യവസായങ്ങളെ സഹായിക്കുന്നു. നിലവിൽ 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 327-ലധികം കേന്ദ്ര അനുമതികളിലേക്കും 3452 സംസ്ഥാന അനുമതികളിലേക്കും ഇത് പ്രവേശനം സാധ്യമാക്കുന്നു.
  • 2026 സെപ്റ്റംബർ 21-ലെ കണക്കനുസരിച്ച് ഈ പ്ലാറ്റ്‌ഫോം പ്രതിവർഷം ശരാശരി 3.06 ലക്ഷത്തിലധികം അപേക്ഷകൾ കൈകാര്യം ചെയ്യുന്നു. പ്രൊപ്രൈറ്റർഷിപ്പുകൾ, കമ്പനികൾ, എൽ.എൽ.പികൾ, വിദേശ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 5.69 ലക്ഷത്തിലധികം ബിസിനസ് സ്ഥാപനങ്ങളെയും ഇത് പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • ഇന്ത്യ ഇൻഡസ്ട്രിയൽ ലാൻഡ് ബാങ്ക് (IILB) എന്നത് ഇന്ത്യയിലുടനീളമുള്ള വ്യാവസായിക ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം നൽകുന്ന ഒരു കേന്ദ്രീകൃത ജി.ഐ.എസ് (GIS) അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ്. 2026 മേയ് മാസത്തിലെ കണക്കനുസരിച്ച്, ഈ പ്ലാറ്റ്‌ഫോം ~6.98 ലക്ഷം ഹെക്ടർ വിസ്തൃതിയിലുള്ള 4,220 വ്യവസായ പാർക്കുകൾ മാപ്പ് ചെയ്തിട്ടുണ്ട്.
  • 2021 ഒക്ടോബറിൽ ആരംഭിച്ച പി.എം ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാൻ, കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയിലുടനീളം അടിസ്ഥാന സൗകര്യ ആസൂത്രണവും ഏകോപിപ്പിച്ചുള്ള നിർവ്വഹണവും സാധ്യമാക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് ഇത് ജിയോസ്പേഷ്യൽ ഡാറ്റ, ഉപഗ്രഹ ചിത്രങ്ങൾ, എ.പി.ഐ (API) ഇന്റഗ്രേഷൻ എന്നിവ ഉപയോഗിക്കുന്നു.
  • ഈ സംവിധാനത്തിന് കീഴിൽ നെറ്റ്‌വർക്ക് പ്ലാനിംഗ് ഗ്രൂപ്പ് (NPG) ആസൂത്രണ ഘട്ടത്തിൽ തന്നെ പ്രധാന കേന്ദ്ര അടിസ്ഥാന സൗകര്യ പദ്ധതികളെ വിലയിരുത്തുന്നു. ഏകോപനം, വിവിധ ഗതാഗത മാർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധിപ്പിക്കൽ, അവസാന ഘട്ട കണക്റ്റിവിറ്റി, പദ്ധതി പ്രദേശങ്ങൾക്ക് ചുറ്റുമുള്ള വികസനം എന്നിവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
  • 2026 ഓഗസ്റ്റ് 11-ലെ കണക്കനുസരിച്ച് ~₹18.66 ലക്ഷം കോടിയുടെ 396 പദ്ധതികൾ എൻ.പി.ജി വിലയിരുത്തിയിട്ടുണ്ട്. ഇതിൽ നിർവ്വഹണത്തിലുള്ള 198 പദ്ധതികൾ ഉൾപ്പെടെ 256 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.

  • പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികൾ ഇലക്ട്രോണിക്സ്, ഔഷധ നിർമ്മാണം, ഓട്ടോമൊബൈൽ, സോളാർ പി.വി മോഡ്യൂളുകൾ, സ്പെഷ്യാൽറ്റി സ്റ്റീൽ, ടെക്സ്റ്റൈൽസ് തുടങ്ങി 14 മേഖലകളിലുടനീളം അധിക ഉൽപ്പാദനത്തിനും വിൽപ്പനയ്ക്കും പ്രോത്സാഹനം നൽകുന്നു.
  • 2026 ജൂൺ മാസത്തിലെ കണക്കനുസരിച്ച് ഈ പദ്ധതികൾ ₹2.6 ലക്ഷം കോടിയുടെ നിക്ഷേപം ആകർഷിക്കുകയും ₹23.8 ലക്ഷം കോടിയുടെ ഉൽപ്പാദനവും വിൽപ്പനയും കൈവരിക്കുകയും ചെയ്തു. കൂടാതെ 15.5 ലക്ഷം കോടിയിലധികം രൂപയുടെ കയറ്റുമതിക്ക് പിന്തുണ നൽകുകയും 14.6 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
  • 2016 ജനുവരിയിൽ ആരംഭിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. 2026 സെപ്റ്റംബറിലെ കണക്കനുസരിച്ച് ഈ സംരംഭത്തിന് കീഴിൽ ~2.54 ലക്ഷം സ്ഥാപനങ്ങളെ സ്റ്റാർട്ടപ്പുകളായി അംഗീകരിച്ചിട്ടുണ്ട്.

സമീപകാല സംരംഭങ്ങളിലൂടെ ഉൽപ്പാദന മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നു

പദ്ധതിയുടെ പേര്

പ്രധാന സവിശേഷതകൾ

സ്പെഷ്യാൽറ്റി സ്റ്റീലിനായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി (PLI 1.2)

(മൂന്നാം ഘട്ടം 2025 നവംബറിൽ ആരംഭിച്ചു)

മൂന്നാം ഘട്ടത്തിൽ അത്യാധുനികവും വളർന്നുവരുന്നതുമായ സ്റ്റീൽ വിഭാഗങ്ങൾ ഉൾപ്പെടുന്നു. സൂപ്പർ അലോയ്കൾ, സി.ആർ.ജി.ഒ. സ്റ്റീൽ, സ്റ്റെയിൻലെസ്സ് സ്റ്റീൽ ലോങ് ആന്റ് ഫ്ലാറ്റ് ഉൽപ്പന്നങ്ങൾ, ടൈറ്റാനിയം അലോയ്കൾ, കോട്ടഡ് സ്റ്റീൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സിന്റേർഡ് റെയർ എർത്ത് പെർമനന്റ് മാഗ്നറ്റുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി

(2025 ഡിസംബറിൽ വിജ്ഞാപനം ചെയ്തു)

പ്രതിവർഷം 6,000 മെട്രിക് ടൺ നിർമ്മാണ ശേഷിയുള്ള ഇന്റഗ്രേറ്റഡ് സിന്റേർഡ് NdFeB-ടൈപ്പ് അപൂർവ്വ ഭൗമ സ്ഥിര കാന്തങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സൗകര്യം സ്ഥാപിക്കുന്നതിനായി ₹7,280 കോടി വകയിരുത്തി.

ഭാരത് ഔദ്യോഗിക് വികാസ് യോജന (BHAVYA)

(2026 മാർച്ച് മാസത്തിൽ അംഗീകരിച്ചു)

സംയോജിത വ്യവസായ അടിസ്ഥാന സൗകര്യങ്ങളോട് കൂടിയ ലോകോത്തര നിലവാരമുള്ള 100 വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നതിനായി ₹33,660 കോടി വകയിരുത്തി.

മൊബൈൽ ഫോൺ മാനുഫാക്ചറിംഗ് സ്കീം (MPMS)

(2026 ജൂലൈ മാസത്തിൽ അംഗീകരിച്ചു)

2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ മൊബൈൽ ഫോൺ ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ആഭ്യന്തര മൂല്യവർധനവ് ഉറപ്പാക്കുന്നതിനുമായി ₹62,500 കോടി വകയിരുത്തി. വിതരണ ശൃംഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും ആഗോളതലത്തിൽ മത്സരക്ഷമത കൂട്ടാനും ഇത് ലക്ഷ്യമിടുന്നു.

സെമികോൺ 2.0

(2026 ജൂലൈ മാസത്തിൽ അംഗീകരിച്ചു)

ഇന്ത്യയിലെ സെമിചാലക ഇക്കോസിസ്റ്റത്തിന് നിരന്തരവും ദീർഘകാലവുമായ പിന്തുണ നൽകുന്നതിനായി ₹1,27,500 കോടി വകയിരുത്തി. ഡിസൈൻ, നിർമ്മാണം, അഡ്വാൻസ്ഡ് പാക്കേജിംഗ്, അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ, ഗവേഷണം, നൈപുണ്യ വികസനം എന്നിവയ്ക്കുള്ള പിന്തുണ ഇതിൽ ഉൾപ്പെടുന്നു.

ഭാരത് ഔദ്യോഗിക് വികാസ് യോജന രസായൻ (BHAVYA Rasayan)

(2026 ജൂലൈ 24-ന് അംഗീകരിച്ചു)

ഇന്ത്യയിൽ മൂന്ന് പ്രത്യേക കെമിക്കൽ പാർക്കുകൾ സ്ഥാപിക്കാൻ സഹായിക്കുന്നതിനായി ₹3,030 കോടി വകയിരുത്തി.

ഉപസംഹാരം

മെയ്ക്ക് ഇൻ ഇന്ത്യ പന്ത്രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ ഒരു ഉൽപ്പാദന, നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനത്തെ അത് ശക്തിപ്പെടുത്തുന്നത് തുടരുന്നു. ഈ സംരംഭം ഇപ്പോൾ വെറുതെ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; അവ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിന് ആവശ്യമായ നൈപുണ്യവും സാങ്കേതികവിദ്യയും ശേഷിയും കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ അടിത്തറകൾ കൂടുതൽ ശക്തമാകുന്നതോടെ ആഭ്യന്തരതലത്തിൽ കൂടുതൽ മൂല്യം സൃഷ്ടിക്കാനും ആഗോള വിപണികളിൽ പൂർണ്ണ ആത്മവിശ്വാസത്തോടെ മത്സരിക്കാനും ഇന്ത്യൻ ഉൽപ്പാദന മേഖല സജ്ജമായിക്കഴിഞ്ഞു.

അവലംബം

 

Cabinet:

https://www.pib.gov.in/PressReleasePage.aspx?PRID=2288863&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2284789&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2284784&reg=48&lang=2

Ministry of Defence:

https://www.pib.gov.in/PressReleaseIframePage.aspx?PRID=2180339&reg=48&lang=2

Ministry of Commerce & Industry:

https://www.pib.gov.in/PressReleasePage.aspx?PRID=2246085&reg=48&lang=2

https://www.makeinindia.com/about

https://www.pib.gov.in/PressReleasePage.aspx?PRID=2101785&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2271031&reg=48&lang=2

https://www.nsws.gov.in/about-us

https://www.nsws.gov.in/portal/approvalsandregistrations

https://www.pib.gov.in/PressReleasePage.aspx?PRID=2271031&lang=2&reg=48

https://www.pib.gov.in/PressReleasePage.aspx?PRID=2297818&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2270334&reg=48&lang=2

https://www.startupindia.gov.in/

Ministry of Electronics & IT:

https://www.pib.gov.in/PressReleasePage.aspx?PRID=2291171&lang=2&reg=48

https://www.pib.gov.in/PressReleasePage.aspx?PRID=2234574&lang=2&reg=3

Ministry of Heavy Industries:

https://www.pib.gov.in/PressReleasePage.aspx?PRID=2224549&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2199441&lang=1&reg=3

https://heavyindustries.gov.in/sites/default/files/2025-12/scheme_notification_0.pdf

Ministry of Steel:

https://www.pib.gov.in/PressReleasePage.aspx?PRID=2186218&reg=48&lang=2

Ministry of Railways:

https://www.pib.gov.in/PressReleasePage.aspx?PRID=2118452&reg=48&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=2248962&lang=2&reg=48

https://www.pib.gov.in/Pressreleaseshare.aspx?PRID=1753953

https://www.pib.gov.in/PressReleasePage.aspx?PRID=2282449&lang=1&reg=20

Ministry of Chemicals and Fertilizers:

https://pharma-dept.gov.in/sites/default/files/Annual%20Report%202025-26.pdf

Ministry of Statistics & Programme Implementation:

https://www.pib.gov.in/PressReleasePage.aspx?PRID=2298236&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2304222&lang=2&reg=48

Ministry of Science & Technology:

https://www.pib.gov.in/PressReleasePage.aspx?PRID=2243033&lang=1&reg=3

Ministry of New and Renewable Energy:

https://www.pib.gov.in/PressReleasePage.aspx?PRID=2116602&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2250039&lang=1&reg=3

https://www.pib.gov.in/PressReleasePage.aspx?PRID=2271289&lang=1&reg=3

Department of Atomic Energy:

https://www.nfc.gov.in/news-and-events.html

Indian Space Research Organisation (ISRO):

https://www.isro.gov.in/vikram3201.html

PIB Archives:

https://www.pib.gov.in/FactsheetDetails.aspx?Id=150923&lang=1&reg=20

https://www.pib.gov.in/PressReleasePage.aspx?PRID=2286949&lang=1&reg=48

https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=158442&lang=9&reg=1

https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=154717&lang=1&reg=20

https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=156676&lang=2&reg=3

https://www.pib.gov.in/PressReleasePage.aspx?PRID=2270740&lang=1&reg=3

https://www.pib.gov.in/PressNoteDetails.aspx?NoteId=160099&ModuleId=3&reg=48&lang=1

Click here to see PDF

***

SK

 

(Explainer ID: 160163) आगंतुक पटल : 9
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Assamese , Bengali