Social Welfare
വേവ്സ് ഒ.ടി.ടിയും മൈവേവ്സും
പൊതു പ്രക്ഷേപണത്തിൽ നിന്ന് പൊതുജന പങ്കാളിത്തത്തിലേക്ക്
Posted On:
23 SEP 2026 12:06PM
|
പരമ്പരാഗത പ്രക്ഷേപണത്തിൽ നിന്ന് സംയോജിത ഡിജിറ്റൽ പൊതുസേവന ആവാസവ്യവസ്ഥയിലേക്കുള്ള പ്രസാർ ഭാരതിയുടെ മാറ്റത്തെ വേവ്സ് (WAVES) പ്രതിഫലിപ്പിക്കുന്നു. വേവ്സ് ഒ.ടി.ടി ലൈവ് ടെലിവിഷൻ, റേഡിയോ, ആവശ്യകത അനുസരിച്ചുള്ള പരിപാടികൾ, ആർക്കൈവുകൾ, വിദ്യാഭ്യാസം, ഭക്തിനിർഭരമായ ഉള്ളടക്കങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവയെല്ലാം ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് എത്തിക്കുന്നു. 1.2 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 1.5 കോടിയിലധികം ഡൗൺലോഡുകളും 24,000-ലധികം കലാസൃഷ്ടികളുമുള്ള ഇത് വിവിധ ഉപകരണങ്ങളിലൂടെയും ഭാഷകളിലൂടെയും ജനങ്ങളിലേക്കുള്ള ലഭ്യത വിപുലീകരിക്കുന്നു. മൈവേവ്സ് (MyWAVES) സ്രഷ്ടാക്കൾക്ക് സമർപ്പണത്തിനും കണ്ടെത്തലിനും പ്രദർശനത്തിനുമായി ഒരു സ്ഥാപനപരമായ പ്ലാറ്റ്‌ഫോം നൽകുന്നു, അതേസമയം 'ജെംസ് ഓഫ് ഇന്ത്യ' ജില്ലാതല കഥകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നു. പുതിയ ഉള്ളടക്ക ശേഖരണ, വിതരണ സംവിധാനങ്ങൾ പങ്കാളിത്തത്തെ കൂടുതൽ വിപുലീകരിക്കുന്നു. വേവ്സ് ഉച്ചകോടി ആവാസവ്യവസ്ഥയോടൊപ്പം ഈ സംരംഭങ്ങൾ ഇന്ത്യയുടെ പ്രക്ഷേപണ പാരമ്പര്യത്തെയും വളർന്നുവരുന്ന സ്രഷ്ടാക്കളെയും വിശാലമായ പ്രേക്ഷകരുമായും ആഗോള വിപണികളുമായും ബന്ധിപ്പിക്കുന്നു.
|
ഡിജിറ്റൽ തലമുറയ്ക്കായുള്ള പൊതു പ്രക്ഷേപണം
പതിറ്റാണ്ടുകളായി ദൂരദർശനും ആകാശവാണിയും കഥകളിലൂടെയും വാർത്തകളിലൂടെയും സംസ്‌കാരത്തിലൂടെയും സംഗീതത്തിലൂടെയും ദശലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിച്ചു. ഇന്ന് പ്രേക്ഷകർ കൂടുതലായി സ്‌മാർട്ട്‌ഫോണുകളിലൂടെയും സ്‌മാർട്ട് ടെലിവിഷനുകളിലൂടെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് ഉള്ളടക്കങ്ങൾ കാണുന്നത്. അതിനാൽ ഡിജിറ്റൽ, ഓവർ-ദി-ടോപ്പ് അല്ലെങ്കിൽ ഒ.ടി.ടി പ്ലാറ്റ്‌ഫോം രീതി സ്വീകരിക്കുന്നതിനായി മാറിക്കൊണ്ടിരിക്കുന്ന ഫോർമാറ്റുകൾ, ഭാഷകൾ, കാഴ്ചാശീലങ്ങൾ എന്നിവയിലുടനീളം പൊതു പ്രക്ഷേപണം വികസിച്ചിരിക്കുന്നു. ഈ മാതൃകയ്ക്ക് കീഴിൽ കേബിളുകൾ, സാറ്റലൈറ്റുകൾ, സേവന ദാതാക്കൾ എന്നിവയുടെ ആവശ്യമില്ലാതെ തന്നെ വീഡിയോ, ഓഡിയോ, മെസ്സേജിംഗ് ഉള്ളടക്കങ്ങൾ ഇന്റർനെറ്റിലൂടെ പ്രേക്ഷകരിലേക്ക് നേരിട്ട് സ്ട്രീം ചെയ്യുന്നു. 2024 നവംബർ 20-ന് പ്രസാർ ഭാരതി ആരംഭിച്ച വേവ്സ് ഒ.ടി.ടി ഈ മാറ്റത്തിനുള്ള മറുപടിയാണ്. ഇത് ടിവി, റേഡിയോ എന്നിവയിൽ നിന്നുള്ള ആർക്കൈവ് നിധികളും സമകാലിക പരിപാടികളും തത്സമയ പ്രക്ഷേപണവും ഒരൊറ്റ ബഹുഭാഷാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നു. പൗരന്മാർക്ക് അവരുടെ സ്വന്തം ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും പങ്കിടാനും അവസരമൊരുക്കിക്കൊണ്ട് മൈവേവ്സ് (MyWAVES) ഈ പരിവർത്തനത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നു.
ഈ പരിവർത്തനം ഇന്ത്യയുടെ ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും മീഡിയ, എന്റർടൈൻമെന്റ് മേഖലയിലുടനീളം അവസരങ്ങൾ വിപുലീകരിക്കുന്നതിനുമുള്ള ഒരു വിശാലമായ ദേശീയ ശ്രമത്തിന്റെ ഭാഗമാണ്. ലോകമെമ്പാടുമുള്ള സ്രഷ്ടാക്കളെയും വ്യവസായ പ്രമുഖരെയും നയരൂപകർത്താക്കളെയും നിക്ഷേപകരെയും ഒരുമിച്ച് കൊണ്ടുവരുന്നതിനും പങ്കാളിത്തം, ബിസിനസ്സ് അവസരങ്ങൾ, അന്താരാഷ്ട്ര സംവാദങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്‌ഫോമായി വിഭാവനം ചെയ്ത വേവ്സ് ഉച്ചകോടിയിൽ നിന്നാണ് ഇതിനുള്ള പ്രേരണയും ശ്രദ്ധയും ലഭിക്കുന്നത്. വേവ്സ് ഉച്ചകോടിയുടെ ആദ്യ പതിപ്പ് 2025-ലാണ് നടന്നത്. ഈ ഉച്ചകോടി അതിന്റെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ സ്രഷ്ടാക്കളെയും സ്റ്റാർട്ടപ്പുകളെയും പിന്തുണയ്ക്കുന്നതിനും നിക്ഷേപം സുഗമമാക്കുന്നതിനും മീഡിയ, എന്റർടൈൻമെന്റ് ആവാസവ്യവസ്ഥയിലുടനീളം ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും സംഭാവന നൽകിയിട്ടുണ്ട്.
വേവ്സ് ഒ.ടി.ടി: പൊതു പ്രക്ഷേപണത്തെ ഡിജിറ്റലാക്കുന്നു
പ്രക്ഷേപണ ആർക്കൈവുകളിൽ നിന്ന് ഡിജിറ്റൽ പ്രവേശനത്തിലേക്ക്

2024 നവംബർ 20-ന് ഗോവയിൽ നടന്ന 55-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ വെച്ചാണ് വേവ്സ് ഒ.ടി.ടി ആരംഭിച്ചത്. പ്രസാർ ഭാരതിയുടെ പൊതുജനസേവന ഒ.ടി.ടി പ്ലാറ്റ്‌ഫോമായാണ് ഇത് പുറത്തിറക്കിയത്. ഈ തുടക്കം ഇന്ത്യയുടെ പ്രക്ഷേപണ പാരമ്പര്യത്തെ ആധുനിക ഡിജിറ്റൽ മേഖലയിലേക്ക് എത്തിച്ചു. വാണിജ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി വേവ്സ് ഒ.ടി.ടി വിനോദത്തിന് അപ്പുറത്തേക്ക് സഞ്ചരിക്കുന്നു. ഇത് വിശ്വസനീയമായ വിവരങ്ങൾ, വിദ്യാഭ്യാസം, സംസ്‌കാരം, വാർത്തകൾ, തിരഞ്ഞെടുത്ത വിനോദങ്ങൾ എന്നിവ ഒന്നിച്ച് കൊണ്ടുവരുന്നു. ഇത് പൊതു പ്രക്ഷേപണത്തെ നിശ്ചിത സമയക്രമങ്ങൾക്കും പരമ്പരാഗത ടെലിവിഷനുകൾക്കും അപ്പുറത്തേക്ക് എത്തിക്കുന്നു. പ്രേക്ഷകർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ദേശീയ, പ്രാദേശിക ഉള്ളടക്കങ്ങൾ കാണാൻ സാധിക്കും.
ഇത് പ്രസാർ ഭാരതിയുടെ വിപുലമായ ശേഖരങ്ങളെ ചെറുപ്പക്കാരായ പ്രേക്ഷകരിലേക്കും വിശാലമായ ജനവിഭാഗങ്ങളിലേക്കും എത്തിക്കുന്നു. ഇതിന്റെ എളുപ്പത്തിലുള്ള ലഭ്യത പ്രധാന നഗരങ്ങൾക്കും പണം നൽകി ഉപയോഗിക്കുന്ന സ്ട്രീമിംഗ് സേവനങ്ങൾക്കും അപ്പുറമുള്ള ആളുകളിലേക്ക് എത്താൻ സഹായിക്കുന്നു. പങ്കാളിത്തങ്ങൾ, സബ്‌ടൈറ്റിലുകൾ, മെച്ചപ്പെടുത്തിയ തിരച്ചിൽ സംവിധാനങ്ങൾ എന്നിവ പ്രാദേശിക ഉള്ളടക്കങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്നു. ഇതിന്റെ തുടക്കം മൂന്ന് വലിയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നു - വിശാലമായ ഡിജിറ്റൽ പ്രാപ്യത, സാംസ്കാരിക സംരക്ഷണം, ഭാഷാപരമായ വൈവിധ്യം. പൊതുജനസേവന ലക്ഷ്യം നിലനിർത്തിക്കൊണ്ട് തന്നെ ഒരു ദേശീയ സ്ഥാപനത്തിന് എങ്ങനെ ആധുനികവത്കരിക്കപ്പെടാമെന്ന് ഇത് കാണിച്ചുതരുന്നു.
അതുകൊണ്ടുതന്നെ വേവ്സ് ഒ.ടി.ടി കേവലം മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രമല്ല. പ്രസാർ ഭാരതി എങ്ങനെ ഉള്ളടക്കങ്ങൾ വിതരണം ചെയ്യുന്നു, പ്രേക്ഷകരിലേക്ക് എത്തുന്നു, ക്രിയേറ്റർമാർ, നിർമ്മാതാക്കൾ, കണ്ടന്റ് പാർട്ണർമാർ എന്നിവരുമായി എങ്ങനെ ചേർന്നുപ്രവർത്തിക്കുന്നു എന്നതിലെ വിശാലമായ പരിഷ്കരണത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്.
ഒറ്റ പ്ലാറ്റ്‌ഫോം, ബഹുമുഖ അനുഭവങ്ങൾ
വേവ്സ് ഒ.ടി.ടി ടെലിവിഷൻ, റേഡിയോ, സ്ട്രീമിംഗ്, പഠനം, ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നു. ഇതിന്റെ വളർന്നുകൊണ്ടിരിക്കുന്ന ശേഖരത്തിൽ ഇപ്പോൾ 24,000-ത്തിലധികം കലാസൃഷ്ടികളും 15,000 മണിക്കൂറിലധികം ഉള്ളടക്കവുമുണ്ട്.
- ആവശ്യാനുസരണം കാണുക: സിനിമകൾ, ടെലിവിഷൻ ഷോകൾ, വെബ് സീരീസുകൾ, ഡോക്യുമെന്ററികൾ, ആർക്കൈവ് പരിപാടികൾ.
- തത്സമയം കേൾക്കുകയും കാണുകയും ചെയ്യുക: 140-ലധികം ടെലിവിഷൻ ചാനലുകളും 220-ലധികം റേഡിയോ സേവനങ്ങളും.
- പ്രധാന സംഭവങ്ങൾ തത്സമയം പിന്തുടരുക: ദേശീയ ആഘോഷങ്ങൾ, കായിക ഇനങ്ങൾ, സാംസ്കാരിക പരിപാടികൾ, ഭക്തിനിർഭരമായ സ്ട്രീമുകൾ.
- പഠിക്കുക, തയ്യാറെടുക്കുക: പി.എം ഇ-വിദ്യ ചാനലുകളും വിദ്യാഭ്യാസ പരിപാടികളും വിദ്യാർത്ഥികളെയും പഠിതാക്കളെയും പിന്തുണയ്ക്കുന്നു.
- വായിക്കുക, കണ്ടെത്തുക: ഇ-പുസ്തകങ്ങൾ, ഫോട്ടോ ശേഖരങ്ങൾ, യോജന, കുരുക്ഷേത്ര തുടങ്ങിയ മാസികകൾ.
- കളിക്കുക, വാങ്ങുക: ഗെയിമുകളും ONDC സംയോജിത ഷോപ്പിംഗും വേവ്സിനെ പരമ്പരാഗത സ്ട്രീമിംഗിനും അപ്പുറത്തേക്ക് വികസിപ്പിക്കുന്നു.
ഈ പ്ലാറ്റ്‌ഫോം വിനോദത്തെ വിദ്യാഭ്യാസം, സംസ്‌കാരം, പാരമ്പര്യം, ഉപയോഗപ്രദമായ പൊതുവിവരങ്ങൾ എന്നിവയുമായി സംയോജിപ്പിക്കുന്നു. പ്രസാർ ഭാരതിയുടെ ശേഖരങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് മണിക്കൂറുകൾ ഇന്ത്യയുടെ പ്രക്ഷേപണ ചരിത്രവുമായി പുതിയ പ്രേക്ഷകരെ കൂടുതൽ ബന്ധിപ്പിക്കുന്നു.
ഭാഷകളിലേക്കും സ്‌ക്രീനുകളിലേക്കുമുള്ള വ്യാപ്തി
വേവ്സ് ഒ.ടി.ടിയ്ക്ക് നിലവിൽ 1.2 കോടി രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 1.5 കോടിയിലധികം ഡൗൺലോഡുകളുമുണ്ട്. ഇത് പ്രസാർ ഭാരതിയുടെ ഡിജിറ്റൽ സേവനങ്ങളുടെ വളർന്നുവരുന്ന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു. ഇത് ഇപ്പോൾ 130-ലധികം രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തുന്നു.
- ഇതിന്റെ ഇന്റർഫേസ് 10-ലധികം ഭാഷകളെ പിന്തുണയ്ക്കുന്നു.
- ഇതിലെ ഉള്ളടക്കങ്ങൾ 26-ലധികം ഭാഷകളിൽ ലഭ്യമാണ്.
- മൊബൈൽ ആപ്ലിക്കേഷനുകൾ, വെബ്‌സൈറ്റുകൾ, കണക്റ്റഡ് ടെലിവിഷനുകൾ എന്നിവയിലൂടെ ഇത് ലഭ്യമാണ്.
- മറ്റ് പ്രക്ഷേപകർക്കൊപ്പം 35 ദൂരദർശൻ സാറ്റലൈറ്റ് ചാനലുകളും ഇത് സംപ്രേഷണം ചെയ്യുന്നു.
- ഇതിന്റെ റേഡിയോ സേവനങ്ങൾ ആകാശവാണിയുടെ ദേശീയ, പ്രാദേശിക ശൃംഖലകളെ പ്രയോജനപ്പെടുത്തുന്നു.
- പ്രാദേശിക ഉള്ളടക്കങ്ങളും സബ്‌ടൈറ്റിലുകളും വിവിധ ഭാഷകളിലും സ്ഥലങ്ങളിലുമുള്ള പ്രേക്ഷകരിലേക്ക് എത്താൻ സഹായിക്കുന്നു.
വേവ്സ് ഒ.ടി.ടി ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെയും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നവരുടെ, പ്രാദേശിക ഭാഷാ സമൂഹങ്ങളുടെ, സാംസ്കാരിക-ആത്മീയ-ആർക്കൈവ് ഉള്ളടക്കങ്ങൾ ആഗ്രഹിക്കുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. കൂടാതെ, വിദേശത്തുള്ള ഇന്ത്യൻ പ്രവാസികൾക്കും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും ഇന്ത്യൻ ഉള്ളടക്കങ്ങൾ, സംസ്‌കാരം, പൊതു പ്രക്ഷേപണ സേവനങ്ങൾ എന്നിവ ലഭിക്കാനുള്ള അവസരവും ഇത് വ്യാപിപ്പിക്കുന്നു. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം, വിജ്ഞാന പാരമ്പര്യം, പ്രാദേശിക വൈവിധ്യം, സർഗ്ഗാത്മക പ്രകടനങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം നൽകുന്നതോടൊപ്പം ഈ വികസിക്കുന്ന ഡിജിറ്റൽ വ്യാപ്തി ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പൊതു പ്രക്ഷേപണ ആവാസവ്യവസ്ഥയിലെ ഒരു പ്രധാന ഘടകമായി വേവ്സ് ഒ.ടി.ടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കൂടുതൽ ഉള്ളടക്കങ്ങൾക്കായി പ്ലാറ്റ്‌ഫോം തുറന്നുകൊടുക്കുന്നു
പൊതു പ്രക്ഷേപണത്തിലേക്ക് ഉള്ളടക്കങ്ങൾ എത്തുന്ന രീതിയിലും വേവ്സ് ഒ.ടി.ടി മാറ്റം വരുത്തുന്നു. പേ-പെർ-വ്യൂ കണ്ടന്റ് സോഴ്‌സിംഗ് പോളിസി (Pay-Per-View Content Sourcing Policy) നിർമ്മാതാക്കൾക്കും പകർപ്പവകാശ ഉടമകൾക്കും പ്ലാറ്റ്‌ഫോമിലേക്ക് ഗുണനിലവാരമുള്ള ഉള്ളടക്കം നൽകുന്നതിന് സുതാര്യവും വിപുലീകരിക്കാവുന്നതുമായ ഒരു സംവിധാനം നൽകുന്നു.
ONDC സംയോജനവും റെയിൽവേയുമായി ബന്ധപ്പെട്ട ഡിജിറ്റൽ വിതരണ സംരംഭങ്ങളും വേവ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഈ നടപടികൾ വിതരണത്തെ വിശാലമാക്കുകയും ഉള്ളടക്ക പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യൻ, പ്രാദേശിക ഉള്ളടക്കങ്ങൾക്ക് പ്രേക്ഷകരിലേക്ക് എത്താൻ കൂടുതൽ വഴികൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
മൈവേവ്സ്: കാഴ്ചക്കാരെ സ്രഷ്ടാക്കളാക്കുന്നു
വേവ്സ് ഒ.ടി.ടിയുടെ ഭാഗമായി 2026 മാർച്ച് 23-നാണ് മൈവേവ്സ് ആരംഭിച്ചത്. ഇത് ഉള്ളടക്കങ്ങൾ കാണുന്നതിൽ നിന്ന് സജീവമായ പൊതുജന പങ്കാളിത്തത്തിലേക്ക് പ്ലാറ്റ്‌ഫോമിനെ വികസിപ്പിക്കുന്നു. പൗരന്മാർക്ക് ഒരു ഘടനാപരമായ ദേശീയ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ സ്വന്തം ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും അപ്‌ലോഡ് ചെയ്യാനും പങ്കിടാനും കഴിയും. മൈവേവ്സ് ഹ്രസ്വ വീഡിയോകളെയും വെർട്ടിക്കൽ വീഡിയോകളെയും എപ്പിസോഡിക് ഉള്ളടക്കങ്ങളെയും പിന്തുണയ്ക്കുന്നു. ഇതിന്റെ ബഹുഭാഷാ ഇന്റർഫേസ് സ്രഷ്ടാക്കളെ ഇന്ത്യൻ ഭാഷകളിൽ കഥകൾ പറയാൻ സഹായിക്കും. 'ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ച്' ഉൾപ്പെടെയുള്ള ദേശീയ പരിപാടികളിലെ പങ്കാളിത്തത്തെയും ഇത് പിന്തുണയ്ക്കുന്നു.
സ്ഥാപിത മാധ്യമ ശൃംഖലകൾക്ക് പുറത്തുള്ള വളർന്നുവരുന്ന സ്രഷ്ടാക്കൾക്ക് ഈ പ്ലാറ്റ്‌ഫോം പ്രത്യേകം അനുയോജ്യമാണ്. പ്രാദേശിക കഥകളെയും പ്രാദേശിക കഴിവുകളെയും സാമൂഹിക അനുഭവങ്ങളെയും വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇതിന് കഴിയും. അങ്ങനെ ചെയ്യുന്നതിലൂടെ മൈവേവ്സ് പൗര പങ്കാളിത്തത്തെയും ഇന്ത്യയുടെ വളർന്നുവരുന്ന ക്രിയേറ്റർ സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ കഥപറച്ചിൽ യാത്രയിൽ മൈവേവ്സ് പൗരന്മാരെ വെറുമൊരു പ്രേക്ഷകരിൽ നിന്ന് പങ്കാളികളാക്കി മാറ്റുന്നു.
ജെംസ് ഓഫ് ഇന്ത്യ: മൈവേവ്സ് പ്രവൃത്തിപഥത്തിൽ
ജെംസ് ഓഫ് ഇന്ത്യ ചലഞ്ച് രാജ്യത്തുടനീളമുള്ള സ്രഷ്ടാക്കളെ പിന്തുണയ്ക്കാൻ മൈവേവ്സിന് എങ്ങനെ സാധിക്കുമെന്ന് തെളിയിക്കുന്നു. ഇതിന്റെ പ്രാരംഭ ഘട്ടം 2026 ജൂലൈ 21-ന് ആറ് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി ആരംഭിച്ചു. സ്രഷ്ടാക്കൾക്ക് വേവ്സ് ഒ.ടി.ടിയുടെ മൈവേവ്സ് വിഭാഗത്തിലൂടെ ഒന്നുമുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള തങ്ങളുടെ സ്വന്തം വീഡിയോകൾ സമർപ്പിക്കാമായിരുന്നു. പ്രാരംഭ ഘട്ടത്തിലേക്കുള്ള സമർപ്പണങ്ങൾ 2026 ഓഗസ്റ്റ് 1 മുതൽ 31 വരെ സ്വീകരിച്ചു.
ഈ മത്സരം തങ്ങളുടെ ജില്ലകളെക്കുറിച്ചുള്ള കഥകൾ പറയാൻ പൗരന്മാരെ ക്ഷണിക്കുന്നു. വിഷയങ്ങളിൽ ഇവ ഉൾപ്പെടുന്നു:
- സാംസ്കാരിക പാരമ്പര്യം, പൈതൃകം, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ.
- വിനോദസഞ്ചാരം, പ്രകൃതി, അധികമാരും അറിയാത്ത യാത്രാകേന്ദ്രങ്ങൾ.
- നാടോടി പാരമ്പര്യങ്ങൾ, ഉൽസവങ്ങൾ, അവതരണ കലകൾ.
- കരകൗശല, കൈത്തറി, പ്രാദേശിക വിഭവങ്ങൾ.
- പ്രാദേശിക പ്രമുഖർ, നവീനാശയങ്ങൾ, നേട്ടങ്ങൾ.
ഈ സംരംഭത്തിൽ പ്രസാർ ഭാരതി, മൈ ഭാരത്, സംസ്ഥാന-ജില്ലാ ഭരണകൂടങ്ങൾ എന്നിവ ഉൾപ്പെടുന്നു. സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്രഷ്ടാക്കളുടെ പങ്കാളിത്തത്തെയും ഉള്ളടക്ക വികസനത്തെയും പിന്തുണയ്ക്കുന്നു. കൂടാതെ യൂട്യൂബും മെറ്റയും തങ്ങളുടെ ക്രിയേറ്റർ കമ്മ്യൂണിറ്റികളിലൂടെ പ്രചാരണത്തെ പിന്തുണയ്ക്കുന്നുമുണ്ട്.
ഈ പരിപാടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശികതലത്തിലുള്ള ഡിജിറ്റൽ സ്രഷ്ടാക്കളുടെ ഒരു രാജ്യവ്യാപക ശൃംഖല കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്റെ വലിയ ലക്ഷ്യം. ഇന്ത്യയുടെ വൈവിധ്യമാർന്ന പ്രാദേശിക ഐഡന്റിറ്റികളുടെ ഒരു ഡിജിറ്റൽ ശേഖരം സൃഷ്ടിക്കാനും ഇതിന് കഴിയും.
ഉള്ളടക്കത്തെയും സ്രഷ്ടാക്കളെയും ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയെയും ബന്ധിപ്പിക്കുന്നു
ഇന്ത്യയുടെ ഡിജിറ്റൽ മീഡിയ പരിവർത്തനം ഉള്ളടക്കങ്ങളെ ഓൺലൈനിലേക്ക് മാറ്റുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് ജനങ്ങളിലേക്കുള്ള പ്രാപ്യത വിപുലീകരിക്കുന്നതിനും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഭകൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും കൂടിയുള്ളതാണ്.

ഓരോ സംരംഭവും ഇന്ത്യയുടെ സർഗ്ഗാത്മക യാത്രയുടെ വെവ്വേറെ മേഖലകളെ അഭിസംബോധന ചെയ്യുന്നു. വേവ്സ് ഒ.ടി.ടി പ്രക്ഷേപണ ആർക്കൈവുകളെ സംരക്ഷിക്കുകയും അവ പുതിയ പ്രേക്ഷകർക്കായി തുറന്നുകൊടുക്കുകയും ചെയ്യുന്നു. ഇതിന്റെ ബഹുഭാഷാ ഉള്ളടക്കം വിവരങ്ങളും വിദ്യാഭ്യാസവും വിനോദവും വിവിധ പ്രദേശങ്ങളിലുടനീളവും ഉപകരണങ്ങളിലുടനീളവും ലഭ്യമാക്കുന്നു.
പൗരന്മാർക്ക് ഒരു ശബ്ദം നൽകിക്കൊണ്ട് മൈവേവ്സ് ഈ പ്രാപ്യതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. പ്രാദേശിക സംസ്‌കാരം, പാരമ്പര്യങ്ങൾ, സ്ഥലങ്ങൾ, നേട്ടങ്ങൾ എന്നിവ രേഖപ്പെടുത്താൻ ഇത് പ്രാദേശിക സ്രഷ്ടാക്കളെ അനുവദിക്കുന്നു. ഒരിക്കൽ പ്രാദേശിക സമൂഹങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന കഥകൾക്ക് ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധ നേടാൻ സാധിക്കുന്നു.
|
വിശാലമായ വേവ്സ് ആവാസവ്യവസ്ഥ
വേവ്സ് (WAVES - World Audio Visual and Entertainment Summit) മീഡിയ, എന്റർടൈൻമെന്റ് മേഖലയിലെ ഇന്ത്യയുടെ ആഗോള പ്ലാറ്റ്‌ഫോമാണ്. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ നടന്ന ഇതിന്റെ ഉദ്ഘാടന പതിപ്പ് സ്രഷ്ടാക്കളെയും ബിസിനസ്സുകളെയും നിക്ഷേപകരെയും നയരൂപകർത്താക്കളെയും സാങ്കേതിക പ്രമുഖരെയും ഒരുമിച്ച് കൊണ്ടുവന്നു. ഇത് ബ്രോഡ്കാസ്റ്റിംഗ്, ഇൻഫോടെയ്ൻമെന്റ്, AVGC-XR, ഡിജിറ്റൽ മീഡിയ, സിനിമകൾ എന്നിവയെ ഉൾക്കൊള്ളുന്നു.
വേവ്സ് 2025 ഒറ്റനോട്ടത്തിൽ
100-ലധികം രാജ്യങ്ങൾ | 10,000-ത്തിലധികം പ്രതിനിധികൾ | 1,000 സ്രഷ്ടാക്കൾ | 300-ലധികം കമ്പനികൾ | 350-ലധികം സ്റ്റാർട്ടപ്പുകൾ | ഒരുലക്ഷത്തിലധികം പങ്കാളികൾ
പ്രധാന പ്ലാറ്റ്‌ഫോമുകൾ
ഗ്ലോബൽ മീഡിയ ഡയലോഗ് അന്താരാഷ്ട്ര സഹകരണത്തെ മുന്നോട്ട് നയിച്ചപ്പോൾ, ക്രിയേറ്റോസ്ഫിയറും ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളും സർഗാത്മക കഴിവുകളെ കണ്ടെത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു. വേവ്സ് ബസാർ പ്രോജക്റ്റുകളെ വാങ്ങുന്നവരുമായും നിക്ഷേപകരുമായും ബന്ധിപ്പിച്ചു. ഒപ്പം മാർഗ്ഗനിർദ്ദേശം, ഇൻകുബേഷൻ, നിക്ഷേപ അവസരങ്ങൾ എന്നിവയിലൂടെ വേവ്എക്സ് (WaveX) മീഡിയ-ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും ചെയ്തു. ഭാരത് പവിലിയനും വിജ്ഞാന വിനിമയ സെഷനുകളും ഇന്ത്യയുടെ കഥപറച്ചിൽ പാരമ്പര്യത്തെയും വളർന്നുവരുന്ന ശേഷികളെയും അവതരിപ്പിച്ചു.
പ്രധാന ഫലങ്ങൾ
- വേവ്സ് പ്രഖ്യാപനം 77 രാജ്യങ്ങൾ അംഗീകരിച്ചു.
- ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചുകളിൽ 60-ലധികം രാജ്യങ്ങളിൽ നിന്നായി ഏകദേശം ഒരു ലക്ഷത്തോളം രജിസ്‌ട്രേഷനുകൾ ലഭിച്ചു, ഇതിൽ 750-ലധികം ഫൈനലിസ്റ്റുകളും 150-ലധികം വിജയികളും ഉൾപ്പെടുന്നു.
- വേവ്സ് ബസാർ 3,000-ത്തിലധികം കൂടിക്കാഴ്ചകളിലൂടെ 1,328 കോടി രൂപയുടെ ബിസിനസ്സ് ഇടപാടുകൾ ഉണ്ടാക്കി.
- വ്യൂയിംഗ് റൂമിൽ എട്ട് രാജ്യങ്ങളിൽ നിന്നുള്ള 100 സിനിമകൾ പ്രദർശിപ്പിച്ചു. അതേസമയം 30-ലധികം സ്റ്റാർട്ടപ്പുകൾ വേവ്എക്സ് വഴി തങ്ങളുടെ പദ്ധതികൾ അവതരിപ്പിച്ചു.
വേവ്സ് അതിന്റെ ക്രിയേറ്റർ, ബിസിനസ്സ്, സ്റ്റാർട്ടപ്പ് പ്ലാറ്റ്‌ഫോമുകളിലൂടെ ഉച്ചകോടിക്ക് ശേഷവും തുടരുന്നു. ഈ സംരംഭങ്ങൾ വർഷത്തിലുടനീളം കഴിവുകളെ വിപണികളുമായും നിക്ഷേപങ്ങളുമായും ആഗോള അവസരങ്ങളുമായും ബന്ധിപ്പിക്കുന്നു.
|
വേവ്സ് ഉച്ചകോടി സ്രഷ്ടാക്കളെ ബിസിനസ്സുകളുമായും നിക്ഷേപകരുമായും നയരൂപകർത്താക്കളുമായും സാങ്കേതിക പ്രമുഖരുമായും ബന്ധിപ്പിച്ചുകൊണ്ട് ഈ ശ്രമങ്ങളെ ഒരു ആഗോള സർഗ്ഗാത്മക-വ്യവസായ ആവാസവ്യവസ്ഥയിലേക്ക് കൊണ്ടുവന്നു. മാർക്കറ്റ് പ്ലേസുകൾ, ക്രിയേറ്റർ വെല്ലുവിളികൾ, സ്റ്റാർട്ടപ്പ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ, പ്രേക്ഷകർ, ആഗോള അവസരങ്ങൾ എന്നിവ പ്രാപിക്കാൻ കഴിവുള്ളവർക്ക് ഇത് വഴിയൊരുക്കുന്നു. ഈ സംരംഭങ്ങളുടെ കരുത്ത് അവയുടെ പരസ്പര ബന്ധത്തിലാണ്. ആർക്കൈവുകൾ ഇന്ത്യയുടെ സാംസ്കാരിക ഓർമ്മകളെ സംരക്ഷിക്കുന്നു, പ്രാദേശിക പ്ലാറ്റ്‌ഫോമുകൾ വൈവിധ്യമാർന്ന കഥകളെ വ്യാപിപ്പിക്കുന്നു, കൂടാതെ നിർമ്മിക്കാനും പുതുമകൾ കൊണ്ടുവരാനും പുതിയ കഴിവുകൾക്ക് അവസരങ്ങൾ നൽകുന്നു. അവയെല്ലാം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന സർഗ്ഗാത്മക ഭാവിയുമായി ബന്ധിപ്പിക്കുകയും പൊതുപ്രക്ഷേപണം കൂടുതൽ പ്രാപ്യമാക്കുകയും ഉള്ളടക്ക നിർമ്മാണം കൂടുതൽ പങ്കാളിത്തമുള്ളതാക്കുകയും ചെയ്യുന്നു.
പുതിയ ശബ്ദങ്ങൾക്ക് അവസരമൊരുക്കുമ്പോൾ തന്നെ നിലവിലുള്ള വിവരണങ്ങളെ സംരക്ഷിച്ചുകൊണ്ട് ആഗോള മീഡിയ, എന്റർടൈൻമെന്റ് മേഖലയിൽ ഇന്ത്യയുടെ വർധിച്ചുവരുന്ന സാന്നിധ്യത്തിന് ഈ സംരംഭങ്ങൾ സംഭാവന നൽകുന്നു. പ്രാദേശിക സാംസ്കാരിക വ്യക്തിത്വങ്ങളിൽ വേരൂന്നിയതും ദേശീയ പ്ലാറ്റ്‌ഫോമുകളിലൂടെ ബന്ധിപ്പിക്കപ്പെട്ടതും ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു ക്രിയേറ്റീവ് സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്താൻ അവ സഹായിക്കുന്നു.
അവലംബം
Ministry of Information and Broadcasting
https://prasarbharati.gov.in/waves/
https://www.pib.gov.in/PressReleasePage.aspx?PRID=2243949®=3&lang=1
https://www.pib.gov.in/waves/2025/index.aspx?reg=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2154230®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2268091®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2286946®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2126844&utm®=48&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=2125495&utm®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2125725®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2209982®=3&lang=1
PIB Backgrounders
https://www.pib.gov.in/PressReleasePage.aspx?PRID=2229463®=48&lang=2
https://www.pib.gov.in/FeaturesDeatils.aspx?NoteId=154360&ModuleId=2®=48&lang=2
Click here for pdf file.
***
SK
(Explainer ID: 160143)
आगंतुक पटल : 10
Provide suggestions / comments