Social Welfare

സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്ക് മുന്നേറുന്നു

ആയുഷ്മാൻ ഭാരത് - പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന

Posted On: 22 SEP 2026 2:16PM

ഭാരതത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന സംവിധാനത്തിലെ പ്രധാന സാമ്പത്തിക സംരക്ഷണ സ്തംഭമായി ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) പ്രവർത്തിക്കുന്നു. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൗരന്മാർക്ക് പ്രതിവർഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ പണരഹിത ആശുപത്രി ചികിത്സാ പരിരക്ഷ നൽകുന്നു. എട്ടാം വാർഷികം ആഘോഷിക്കുന്ന ഈ പദ്ധതി ഇപ്പോൾ ഇന്ത്യയിലെ ജനസംഖ്യയുടെ 33 ശതമാനം ആളുകൾക്ക് ആയുഷ്മാൻ കാർഡുകൾ വഴി പരിരക്ഷ നൽകുന്നു. 2.03 ലക്ഷം കോടി രൂപ മൂല്യമുള്ള 13.25 കോടി ആശുപത്രി പ്രവേശനങ്ങൾക്ക് ധനസഹായം നൽകിയ ഈ പദ്ധതി, സ്വന്തം കൈയിൽ നിന്നുമുള്ള വൈദ്യശാസ്ത്ര ചെലവുകൾ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. രാജ്യത്തുടനീളം സമഗ്ര സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനായി ഈ ഇൻപേഷ്യന്റ് പരിചരണ മാതൃക മറ്റ് മൂന്ന് പൂരക സ്തംഭങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു - പ്രാഥമിക പരിചരണത്തിനായി ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ, സംയോജിത ഹെൽത്ത് ഐഡികൾക്കായി ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്കായി PM-ABHIM എന്നിവയാണവ.

എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു

ആരോഗ്യ സംരക്ഷണത്തിൽ നിക്ഷേപം നടത്തുന്നത് സമൂഹങ്ങളെ കൂടുതൽ പ്രതിരോധശേഷിയുള്ളതും പ്രാപ്തിയുള്ളതും ഉൽപ്പാദനക്ഷമതയുള്ളതുമാക്കുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷ എന്നാൽ ഏറ്റവും ദുർബലരായ കുടുംബങ്ങൾ ഉൾപ്പെടെ എല്ലാവർക്കും താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ്. ഇത് ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുന്നു.

സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനായി എട്ട് വർഷം മുമ്പ് 2018 സെപ്റ്റംബർ 23-നാണ് ഇന്ത്യാ ഗവൺമെന്റ് ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ആരംഭിച്ചത്. ഇതൊരു പൊതുജന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. കൂടാതെ ദ്വിതീയ (secondary), തൃതീയ (tertiary) പരിചരണങ്ങളെ ഇത് ഉൾക്കൊള്ളുന്നു. പദ്ധതിയുടെ എട്ടാം വാർഷിക വേളയിൽ (2026 സെപ്റ്റംബർ 21-ലെ കണക്കുപ്രകാരം), ഇന്ത്യയിലെ ജനസംഖ്യയുടെ 33 ശതമാനത്തോളം ആളുകൾ (48.51 കോടിയിലധികം ആളുകൾ) കൈവശം വെച്ചിരിക്കുന്ന ആയുഷ്മാൻ കാർഡുകൾ വഴി പ്രവർത്തിക്കുന്ന ഇത്, ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതു ആരോഗ്യ സംരക്ഷണ പദ്ധതികളിൽ ഒന്നാണ്.

ഏകദേശം 38,000-ത്തിലധികം പാനലിൽ ഉൾപ്പെടുത്തിയ പൊതു-സ്വകാര്യ ആശുപത്രികളുടെ ശൃംഖലയിലൂടെ (2026 ഓഗസ്റ്റ് 31 ലെ കണക്കുപ്രകാരം) ഏകദേശം 13.25 കോടി ആശുപത്രി പ്രവേശനങ്ങളിലായി 2.03 ലക്ഷം കോടി രൂപ വരെയുള്ള ചികിത്സകളാണ് AB-PMJAY ജനങ്ങൾക്ക് നൽകിയിട്ടുള്ളത്.

സാർവത്രിക ആരോഗ്യ പരിരക്ഷയെ പ്രോത്സാഹിപ്പിക്കുന്ന ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഒരു പദ്ധതിയാണ് AB-PMJAY. ഇന്ത്യയുടെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്ന മറ്റ് പദ്ധതികൾ താഴെ പറയുന്നവയാണ്: ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (AAM), ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, പി.എം-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM). AB-PMJAY-യുടെ നേതൃത്വത്തിലുള്ള ഈ നാല് മുൻനിര പദ്ധതികൾ, സാർവത്രിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനായി ഇന്ത്യയുടെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുന്നു.

AB PM-JAY: പൗരന്മാരെ മെഡിക്കൽ കടബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നു

കുടുംബങ്ങളെ ഭാരിച്ച മെഡിക്കൽ ബില്ലുകളിൽ നിന്ന് രക്ഷിക്കാൻ AB PM-JAY ലക്ഷ്യമിടുന്നു. 27 മെഡിക്കൽ സ്പെഷ്യാലിറ്റികളിലായി 1,961 ചികിത്സാക്രമങ്ങൾക്ക് ഇത് പണരഹിത ആരോഗ്യ സേവനങ്ങൾ നൽകുന്നു.

2024 മാർച്ചിൽ അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾ (ആശ പ്രവർത്തകർ), അംഗൻവാടി ജീവനക്കാർ, അംഗൻവാടി ഹെൽപ്പർമാർ എന്നിവരുടെ ഏകദേശം 37 ലക്ഷത്തോളം കുടുംബങ്ങളെ ഉൾപ്പെടുത്തി ഗവൺമെന്റ് ഈ പദ്ധതി വിപുലീകരിച്ചു. 21.09.2026-ലെ കണക്കുപ്രകാരം ഈ പദ്ധതിക്ക് കീഴിൽ ആശ/അംഗൻവാടി ജീവനക്കാർക്കും ഹെൽപ്പർമാർക്കുമായി 44.81 ലക്ഷത്തിലധികം ആയുഷ്മാൻ കാർഡുകൾ സൃഷ്ടിച്ചിട്ടുണ്ട്.

ഇതിനുപിന്നാലെ 2024 സെപ്റ്റംബർ 11-ന് 70 വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാ മുതിർന്ന പൗരന്മാരെയും ഉൾപ്പെടുത്തി ഗവൺമെന്റ് ഈ പദ്ധതി വിപുലീകരിക്കുകയും ഏകദേശം 6 കോടി മുതിർന്ന പൗരന്മാർക്ക് പരിരക്ഷ നൽകുകയും ചെയ്തു. 21.09.2026-ലെ കണക്കുപ്രകാരം 1.36 കോടിയിലധികം മുതിർന്ന പൗരന്മാർക്ക് ആയുഷ്മാൻ വയ വന്ദന കാർഡുകളുണ്ട്.

ദുർബലരായ ഗുണഭോക്താക്കളെ ശാക്തീകരിക്കുന്നു

നിർവചിക്കപ്പെട്ട പിന്നാക്കാവസ്ഥയും തൊഴിൽപരമായ മാനദണ്ഡങ്ങളും ഉപയോഗിച്ച് 2011-ലെ സാമ്പത്തിക സാമൂഹിക ജാതി സെൻസസ് (SECC) അടിസ്ഥാനമാക്കിയാണ് ഗുണഭോക്തൃ കുടുംബങ്ങളെ തിരിച്ചറിയുന്നത്. രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജനയ്ക്ക് (RSBY) കീഴിൽ മുമ്പ് ഉൾപ്പെട്ടിരുന്ന കുടുംബങ്ങളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

  1. ഗ്രാമീണ ഗുണഭോക്താക്കൾ

ഗ്രാമീണ മേഖലകളിൽ 2011-ലെ സാമ്പത്തിക സാമൂഹിക ജാതി സെൻസസിൽ (SECC) വ്യക്തമാക്കിയിട്ടുള്ള പിന്നാക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് AB PM-JAY പ്രകാരമുള്ള യോഗ്യത നിർണ്ണയിക്കുന്നത്. യോഗ്യതയുള്ള കുടുംബങ്ങളിൽ താഴെ പറയുന്ന ആറ് മാനദണ്ഡങ്ങളിൽ ഒന്നോ അതിലധികമോ ഉള്ളവ ഉൾപ്പെടുന്നു:

  • D1: താത്കാലിക ചുവരുകളും താത്കാലിക മേൽക്കൂരയുമുള്ള ഒരു മുറി മാത്രമുള്ള കുടുംബങ്ങൾ
  • D2: 16-നും 59-നും ഇടയിൽ പ്രായമുള്ള മുതിർന്ന അംഗങ്ങളില്ലാത്ത കുടുംബങ്ങൾ
  • D3: 16-നും 59-നും ഇടയിൽ പ്രായമുള്ള മുതിർന്ന പുരുഷന്മാരില്ലാത്ത, സ്ത്രീ ഗൃഹനാഥയായുള്ള കുടുംബങ്ങൾ
  • D4: ഭിന്നശേഷിവിഭാഗത്തിലെ ഒരു അംഗമുള്ളതും ശാരീരികശേഷിയുള്ള മുതിർന്ന അംഗങ്ങളില്ലാത്തതുമായ കുടുംബങ്ങൾ
  • D5: പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ
  • D7: കൈവേലയും അവിദഗ്ധ തൊഴിലാളിയായും ചെയ്യുന്ന ജോലിയിൽ നിന്ന് വരുമാനത്തിന്റെ പ്രധാന പങ്കും കണ്ടെത്തുന്ന ഭൂമിയില്ലാത്ത കുടുംബങ്ങൾ
  1. നഗരങ്ങളിലെ ഗുണഭോക്താക്കൾ

നഗരപ്രദേശങ്ങളിൽ താഴെ പറയുന്ന 11 തൊഴിൽ വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾ ഈ പദ്ധതിക്ക് അർഹരാണ്:

  • പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നവർ
  • യാചകർ
  • വീട്ടുജോലിക്കാർ
  • തെരുവു കച്ചവടക്കാർ/ ചെരിപ്പു നന്നാക്കുന്നവർ/ വഴിയോര കച്ചവടക്കാർ/ തെരുവിൽ ജോലി ചെയ്യുന്ന മറ്റ് സേവന ദാതാക്കൾ
  • കെട്ടിട നിർമ്മാണ തൊഴിലാളികൾ/ പ്ലംബർമാർ/ മേസ്തിരിമാർ/ തൊഴിലാളികൾ/ പെയിന്റർമാർ/ വെൽഡർമാർ/ സെക്യൂരിറ്റി ഗാർഡുകൾ/ കൂലിപ്പണിക്കാരും മറ്റ് ചുമട്ടുതൊഴിലാളികളും
  • തൂപ്പുകാർ/ ശുചീകരണ തൊഴിലാളികൾ/ തോട്ടംപരിപാലകർ
  • വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ/ കരകൗശല വിദഗ്ധർ/ കൈത്തൊഴിൽ തൊഴിലാളികൾ/ തയ്യൽക്കാർ
  • ഗതാഗത തൊഴിലാളികൾ/ ഡ്രൈവർമാർ/ കണ്ടക്ടർമാർ/ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും സഹായികൾ/ കൈവണ്ടി വലിക്കുന്നവർ/ റിക്ഷാ തൊഴിലാളികൾ
  • കടകളിലെ ജീവനക്കാർ/ സഹായികൾ/ ചെറിയ സ്ഥാപനങ്ങളിലെ പ്യൂൺമാർ/ ഹെൽപ്പർമാർ/ ഡെലിവറി അസിസ്റ്റന്റുമാർ/ അറ്റൻഡന്റുമാർ/ വെയ്റ്റർമാർ
  • ഇലക്ട്രീഷ്യൻമാർ/ മെക്കാനിക്കുകൾ/ അസംബ്ലർമാർ/ റിപ്പയർ തൊഴിലാളികൾ
  • അലക്കുകാർ/ ചൗക്കീദാർമാർ (കാവൽക്കാർ)
  1. പ്രത്യേക സംരംഭങ്ങൾ വഴി ഉൾപ്പെടുത്തിയ അധിക ഗുണഭോക്തൃ വിഭാഗങ്ങൾ
  • കെട്ടിട പദ്ധതികളിലും മറ്റ് നിർമ്മാണ മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളും (BOCW) അവരുടെ ആശ്രിതരും
  • പി.എം-റാഹത് (PM-RAHAT) പദ്ധതിക്ക് കീഴിൽ ഉൾപ്പെടുന്ന റോഡപകടത്തിന് ഇരകളായവർ
  • ഉപജീവനത്തിനും സംരംഭങ്ങൾക്കുമായി പാർശ്വവത്കരിക്കപ്പെട്ട വ്യക്തികൾക്കുള്ള പിന്തുണാ (SMILE) സംരംഭത്തിന് കീഴിൽ ഉൾപ്പെടുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾ
  • കോവിഡ്-19 മഹാമാരി കാരണം മാതാപിതാക്കൾ രണ്ടുപേരെയുമോ ജീവിച്ചിരിക്കുന്ന ഒരു രക്ഷിതാവിനെയോ നിയമപരമായ രക്ഷിതാവിനെയോ ദത്തെടുത്ത മാതാപിതാക്കളെയോ നഷ്ടപ്പെട്ട പി.എം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതിക്ക് കീഴിലുള്ള അർഹരായ കുട്ടികൾ
  • ദേശീയ യന്ത്രവൽകൃത ശുചിത്വ ആവാസവ്യവസ്ഥ (NAMASTE) പദ്ധതിക്ക് കീഴിൽ ഉൾപ്പെടുന്ന മാലിന്യ ശേഖർത്താക്കളും തിരിച്ചറിഞ്ഞ ശുചീകരണ തൊഴിലാളികൾ
  • പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാന് (PM-JANMAN) കീഴിൽ ഉൾപ്പെടുന്ന പ്രത്യേക ദുർബല ഗോത്രവർഗ്ഗ വിഭാഗങ്ങൾ (PVTG).

അസുഖ ബാധിതരായ വയോധികരെ സഹായിക്കുന്നു

ഹരിയാണയിലെ ജീന്ദ് ജില്ലയിൽ നിന്നുള്ള 65 വയസുകാരിയായ ബിർമതി എന്ന സ്ത്രീക്ക് ഇടുപ്പിനെ കാലുമായി ബന്ധിപ്പിക്കുന്ന ഫെമറൽ നെക്കിൽ കഠിനമായ അസ്ഥി ഒടിവ് സംഭവിച്ചു. ഭാഗ്യവശാൽ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ജില്ലയിലെ ഒരു ഓർത്തോപീഡിക് ആന്റ് മെറ്റേണിറ്റി ആശുപത്രിയിൽ നിന്ന് 44,140 രൂപയുടെ സമയബന്ധിതമായ ശസ്ത്രക്രിയയും കൃത്യമായ പരിചരണവും സൗജന്യമായി ലഭിക്കാൻ അവർക്ക് സാധിച്ചു. സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് താങ്ങാനാവുന്നതും സമയബന്ധിതവും ഗുണനിലവാരമുള്ളതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ആരോഗ്യ സംരക്ഷണം നൽകിക്കൊണ്ട് ഈ പദ്ധതി ഒരു ജീവനാഡിയാണെന്ന് തെളിയിച്ചിട്ടുണ്ട്.

AB-PMJAY ഫണ്ടിംഗ് ഘടനയും കേന്ദ്ര ബജറ്റ് വിഹിതവും

AB-PMJAY എന്നത് ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവ ഒഴികെയുള്ള എല്ലായിടത്തും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക വിഹിതം 60:40 എന്ന അനുപാതത്തിലാണ്; മുകളിൽ പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തും ഇത് 90:10 എന്ന അനുപാതത്തിലാണ്. നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്ക് കേന്ദ്രഗവൺമെന്റ് 100% ഫണ്ടും നൽകുന്നു. എന്നാൽ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ കേന്ദ്രവും കേന്ദ്രഭരണ പ്രദേശവും 60:40 എന്ന അനുപാതത്തിൽ ഫണ്ട് പങ്കിടുന്നു. 2026-27 വർഷത്തേക്ക് 9,500 കോടി രൂപയുടെ ബജറ്റ് കണക്കാക്കിയതോടെ കേന്ദ്ര ബജറ്റ് വിഹിതം കഴിഞ്ഞ കുറച്ചുവർഷങ്ങളായി വർധിച്ചിട്ടുണ്ട്.

സ്വന്തം കൈയിൽ നിന്നുമുള്ള മെഡിക്കൽ ചെലവുകൾ കുറയ്ക്കുന്നു

ആരോഗ്യ സംരക്ഷണത്തിനായി ആളുകൾ മുമ്പത്തേക്കാൾ വളരെ കുറഞ്ഞ തുകയാണ് സ്വന്തം പോക്കറ്റിൽ നിന്ന് ചെലവഴിക്കുന്നത്. ഉയർന്ന ഗവൺമെന്റ് ഫണ്ടിംഗും AB-PMJAY പോലുള്ള സൗജന്യവും കുറഞ്ഞ ചെലവിലുള്ളതുമായ പദ്ധതികളും കാരണം വ്യക്തിഗത ആരോഗ്യ ചെലവുകൾ കുറഞ്ഞതായി ഗവൺമെന്റ് വിവരങ്ങൾ വ്യക്തമാക്കുന്നു.

AB-PMJAY കൂടാതെ ആയുഷ്മാൻ ഭാരതിന്റെ മറ്റ് പദ്ധതികളും ആളുകൾക്ക് സാർവത്രിക ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ: പ്രാദേശിക തലത്തിലുള്ള പ്രാഥമിക പരിചരണം ശക്തിപ്പെടുത്തുന്നു

ആയുഷ്മാൻ ഭാരതിന്റെ രണ്ടാമത്തെ സ്തംഭമായ ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (AAM) പ്രാഥമിക ആരോഗ്യ സംരക്ഷണം ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നു.

മുൻനിര പ്രവർത്തകർക്ക് നേതൃത്വം നൽകുന്ന മെഡിക്കൽ പ്രൊഫഷണലുകളുള്ള കമ്മ്യൂണിറ്റി ഹെൽത്ത് കെയർ സെന്ററുകളാണ് AAM-കൾ. അടിസ്ഥാന മാതൃ-ശിശു സംരക്ഷണ സേവനങ്ങളോ മറ്റ് സേവനങ്ങളോ നൽകിയിരുന്ന നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങൾ നവീകരിച്ചാണ് പലപ്പോഴും AAM-കൾ നിർമ്മിക്കുന്നത്.

AAM-കളിൽ ആവശ്യമായ എല്ലാ വിഭവങ്ങളും സജ്ജീകരിച്ചിരിക്കുന്നു, അവയിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • നവീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ
  • അധിക മനുഷ്യവിഭവശേഷി
  • അത്യാവശ്യ മരുന്നുകളും രോഗനിർണ്ണയ സംവിധാനങ്ങളും
  • ഐ.ടി അധിഷ്ഠിത സംവിധാനങ്ങൾ തുടങ്ങിയവ

AAM-കൾ മാതൃ-ശിശു സംരക്ഷണ സേവനങ്ങൾക്കും അപ്പുറത്തേക്ക് പ്രവർത്തിക്കുന്നു. അവ താഴെ പറയുന്ന സേവനങ്ങളും നൽകുന്നു: രോഗങ്ങളുടെ പരിശോധനയും പരിപാലനവും, വായ, കണ്ണ്, മൂക്ക്-തൊണ്ട-ചെവി സംരക്ഷണം, മാനസികാരോഗ്യ പിന്തുണ എന്നിവ. ഒന്നാം ഘട്ട അടിയന്തര-ട്രോമ പരിചരണവും സൗജന്യ അവശ്യ മരുന്നുകളും രോഗനിർണ്ണയ സേവനങ്ങളും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കുന്നു.

ഗവൺമെന്റ് ആയുഷ് (ആയുർവേദം, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി) പരിചരണവും വിപുലീകരിക്കുന്നതിനാൽ ഇപ്പോൾ ജനങ്ങൾക്കായി ആയുഷ് AAM-കളും നിലവിലുണ്ട്.

കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർക്കും അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റുകൾക്കും (ASHA പ്രവർത്തകർ) ഉള്ള കമ്മ്യൂണിറ്റി ഹെൽത്ത് ഔട്ട്‌റീച്ച് കേന്ദ്രങ്ങളാണ് AAM-കൾ. ഈ കേന്ദ്രങ്ങളിൽ അവർ ആരോഗ്യ പരിപാടികളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും രോഗികളുടെ അവസ്ഥ അന്വേഷിക്കുകയും കമ്മ്യൂണിറ്റി ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യുന്നു.

ഗവൺമെന്റ് നടത്തുന്ന ടെലിമെഡിസിൻ സേവനമായ ഇ-സഞ്ജീവനി വഴി പൗരന്മാർക്ക് ജില്ലാ, സംസ്ഥാന, ദേശീയ തലത്തിലുള്ള ആശുപത്രികളിലെ മെഡിക്കൽ പ്രൊഫഷണലുകളുമായി ബന്ധപ്പെടാൻ സാധിക്കുന്ന ഇടം കൂടിയാണ് AAM-കൾ.

  • AAM-കൾ ഉൾപ്പെടെ 50 കോടിയിലധികം ടെലി-കൺസൾട്ടേഷനുകൾ നടത്തിയിട്ടുണ്ട് (2026 സെപ്റ്റംബർ 17-ലെ കണക്കുപ്രകാരം).

AAM-കളിൽ ഇന്നുവരെ 540 കോടിയിലധികം ആളുകൾ എത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗവൺമെന്റ് ഈ അടിസ്ഥാന സൗകര്യം വേഗത്തിൽ കെട്ടിപ്പടുക്കുകയാണ്.

ABDM വഴി ഡിജിറ്റൽ ആരോഗ്യ അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കുന്നു

ഒരു ഭൗതിക അടിസ്ഥാന സൗകര്യം സാർവത്രിക ആരോഗ്യ പരിരക്ഷാ വിതരണത്തിന്റെ നട്ടെല്ലായി മാറുമ്പോൾ അതുപോലെ തന്നെ ശക്തമായ ഒരു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യവും അത്യാവശ്യമാണ്. ആരോഗ്യ സംരക്ഷണ വിതരണം കൂടുതൽ തടസ്സമില്ലാത്തതും കാര്യക്ഷമവും ലഭ്യമാകുന്നതുമാക്കാൻ ഇത് സഹായിക്കുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ട് സംയോജിതവും പൗരകേന്ദ്രീകൃതവുമായ ഒരു ദേശീയ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് 2023 സെപ്റ്റംബറിൽ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) ആരംഭിച്ചു.

ഓരോ വ്യക്തിക്കുമുള്ള ഡിജിറ്റൽ ഹെൽത്ത് ഐഡികളായ ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകളിലാണ് (ABHA) ABDM-ന്റെ അടിസ്ഥാന സൗകര്യം സ്ഥിതിചെയ്യുന്നത്. ജനങ്ങളുടെ ആരോഗ്യ രേഖകളും ഇൻഷുറൻസ് ക്ലെയിമുകളും ആഭാ (ABHA) ഐഡികളുമായി സംയോജിപ്പിച്ചിരിക്കുന്നു. ആഭാ ഐഡികൾ വഴി, വ്യക്തികൾക്ക് അവരുടെ എല്ലാ മെഡിക്കൽ ചരിത്രവും സുരക്ഷിതമായി നിലനിർത്തിക്കൊണ്ട് ഈ പരസ്പര പ്രവർത്തനക്ഷമമായ ശൃംഖലയിലൂടെ ഇൻഷുറർമാരുമായും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളുമായും ഡോക്ടർമാരുമായും മറ്റ് സേവനങ്ങളുമായും ബന്ധപ്പെടാൻ സാധിക്കും.

2026 സെപ്റ്റംബർ 17-ലെ കണക്കുപ്രകാരം 97.61 കോടിയിലധികം ആഭാ (ABHA) ഐഡികൾ നിലവിൽ പ്രവർത്തനക്ഷമമാണ്. കൂടാതെ 119.95 കോടിയിലധികം ആരോഗ്യ രേഖകൾ ഈ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആഭാ ഐഡി ഉപയോക്താക്കളിൽ 49.74% സ്ത്രീകളും 50.26% പുരുഷന്മാരും 0.01% മറ്റ് ലിംഗഭേദത്തിൽപ്പെട്ടവരുമാണ് (2026 സെപ്റ്റംബർ 17-ലെ കണക്കുപ്രകാരം). കൂടാതെ 5.78 ലക്ഷത്തിലധികം സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും 11 ലക്ഷത്തിലധികം മെഡിക്കൽ പ്രൊഫഷണലുകളും ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആഭാ (ABHA) ഐഡിക്ക് അപ്പുറം ABDM എന്നത് ഒരു പൂർണ്ണമായ ഡിജിറ്റൽ ആരോഗ്യ ആവാസവ്യവസ്ഥയാണ്. ഇത് എല്ലാ ആരോഗ്യ സംരക്ഷണ ദാതാക്കളെയും ഒരൊറ്റ ശൃംഖലയിലേക്ക് കൊണ്ടുവരുന്നു.

  • ഹെൽത്ത് കെയർ പ്രൊഫഷണൽസ് രജിസ്ട്രി: ഡോക്ടർമാർ മുതൽ ആയുഷ് പ്രാക്ടീഷണർമാർ വരെയുള്ള എല്ലാ മെഡിക്കൽ പ്രൊഫഷണലുകളുടെയും ഒരു ദേശീയ രജിസ്ട്രി - ഇത് പരിശോധിച്ചുറപ്പിച്ചതും ഡിജിറ്റലായി ബന്ധിപ്പിച്ചതുമാണ്.
  • ഹെൽത്ത് ഫെസിലിറ്റി രജിസ്ട്രി: ഗവൺമെന്റ്-സ്വകാര്യ മേഖലകളിലെ ആശുപത്രികൾ, ക്ലിനിക്കുകൾ, ലാബുകൾ, ഫാർമസികൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഒരു ദേശീയ രജിസ്ട്രി, എല്ലാം ഒരിടത്ത്.
  • യൂണിഫൈഡ് ഹെൽത്ത് ഇന്റർഫേസ്: ആരോഗ്യ സേവനങ്ങൾക്കായുള്ള ഒരു തുറന്ന ശൃംഖല - ആരോഗ്യ സംരക്ഷണത്തിനായുള്ള UPI പോലെ. ഏത് ആപ്പ് വഴിയും അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും ഡോക്ടർമാരുമായി കൂടിയാലോചിക്കാനും സേവനങ്ങൾ കണ്ടെത്താനും സാധിക്കും.
  • ആരോഗ്യ സേതു 2.0: ഡിജിറ്റൽ ആരോഗ്യ സേവനങ്ങളിലേക്കും പേഴ്സണൽ ഹെൽത്ത് റെക്കോർഡിലേക്കും (PHR) ഉള്ള ഒരൊറ്റ ആപ്പായി ഇത് പ്രവർത്തിക്കുന്നു. ഇത് രാജ്യവ്യാപകമായി ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ സ്വീകരിക്കുന്നത് വേഗത്തിലാക്കുന്നു.

PM-ABHIM: ക്രിട്ടിക്കൽ കെയറും രോഗ നിരീക്ഷണവും ശക്തിപ്പെടുത്തുന്നു

കോവിഡ്-19 സമയത്ത് സംയോജിതവും സമഗ്രവുമായ ഒരു ഗവൺമെന്റ് സമീപനത്തിലൂടെ ഗവൺമെന്റുകൾ വേഗത്തിൽ പ്രതികരിച്ചു. പ്രാദേശിക ക്ലിനിക്കുകളിലും പ്രധാന ആശുപത്രികളിലുമുടനീളം ദേശീയ ആരോഗ്യ സംരക്ഷണ മേഖലയെ പരിവർത്തനം ചെയ്യുന്നതിനുള്ള സജീവമായ പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, 2021-22 ബജറ്റിന്റെ ഭാഗമായി 2021 ഒക്ടോബർ 25-ന് ഗവൺമെന്റ് നാഴികക്കല്ലായ PM-ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM) ആരംഭിച്ചു.

64,180 കോടി രൂപയുടെ (2021-2026) ഭീമമായ ബജറ്റോടെ നഗര-ഗ്രാമ പ്രദേശങ്ങളിലുടനീളം ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും രോഗ നിരീക്ഷണം വർധിപ്പിക്കുന്നതിലും ആരോഗ്യ ഗവേഷണം വിപുലീകരിക്കുന്നതിലും PM-ABHIM ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭാവിയിലെ ആരോഗ്യ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ സ്വയംപര്യാപ്തതയും പൂർണ്ണ പ്രതിരോധശേഷിയും കൈവരിക്കാൻ ഈ ശ്രമം ഇന്ത്യയെ പ്രാപ്തമാക്കുന്നു.

PM-ABHIM ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

  • 10 ഹൈ-ഫോക്കസ് (കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന) സംസ്ഥാനങ്ങളിലെ 23,224 ഗ്രാമീണ ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾക്ക് പിന്തുണ
  • എല്ലാ സംസ്ഥാനങ്ങളിലുമായി 13,736 നഗര ആരോഗ്യ-ക്ഷേമ കേന്ദ്രങ്ങൾ
  • 11 ഹൈ-ഫോക്കസ് സംസ്ഥാനങ്ങളിൽ 3,389 ബ്ലോക്ക് പൊതുജനാരോഗ്യ യൂണിറ്റുകൾ
  • എല്ലാ ജില്ലകളിലുമായി 744 സംയോജിത പൊതുജനാരോഗ്യ ലാബുകൾ
  • 5 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ ജില്ലകളിലും 631 ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കുകൾ

സാർവത്രിക ആരോഗ്യ പരിരക്ഷയിലേക്കുള്ള പാത

AB-PMJAY യോഗ്യരായ ഗുണഭോക്താക്കൾക്ക് ഗുണനിലവാരമുള്ളതും താങ്ങാനാവുന്നതുമായ ദ്വിതീയ (secondary), തൃതീയ (tertiary) ആരോഗ്യ സംരക്ഷണത്തിലേക്കുള്ള ലഭ്യത വിപുലീകരിക്കുന്നു, കൂടാതെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ സമഗ്രമായ പ്രാഥമിക ആരോഗ്യ സംരക്ഷണം ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു. ആഭാ (ABHA - ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ട്) വ്യക്തികൾക്ക് ഒരു സവിശേഷ ഡിജിറ്റൽ ആരോഗ്യ ഐഡന്റിറ്റി സൃഷ്ടിക്കാനും പങ്കാളികളായ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലുടനീളം തങ്ങളുടെ ആരോഗ്യ രേഖകൾ ലഭ്യമാക്കാനും പ്രാപ്തമാക്കുന്നു. പ്രാദേശിക തലം മുതൽ ജില്ലാ തലം വരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ, ലബോറട്ടറികൾ, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ എന്നിവയുടെ വികാസത്തെ പിന്തുണച്ചുകൊണ്ട് PM-ABHIM ആരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരണങ്ങളും ശക്തിപ്പെടുത്തുന്നു.

ഈ സംരംഭങ്ങളെല്ലാം പ്രാഥമിക പരിചരണവും ഡിജിറ്റൽ ആരോഗ്യ സേവനങ്ങളും മുതൽ ആശുപത്രി അധിഷ്ഠിത ചികിത്സയും പ്രതിരോധശേഷിയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും വരെയുള്ള ആരോഗ്യ സംരക്ഷണത്തിന്റെ തുടർച്ചയെ ശക്തിപ്പെടുത്തുകയും സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന ലക്ഷ്യത്തെ മുമ്പോട്ടു നയിക്കുകയും ചെയ്യുന്നു.

അവലംബം

 

Prime Minister’s Office

https://www.pib.gov.in/PressReleaseDetail.aspx?PRID=1547032&reg=48&lang=1

Ministry of Health and Family Welfare

https://www.pib.gov.in/Pressreleaseshare.aspx?PRID=1546948&reg=48&lang=2#:~:text=Ayushman%20%E2%80%A2%20Bharat%20%E2%80%93Pradhan%20Mantri%20Jan,to%20a%20new%20aspirational%%2020level

https://www.pib.gov.in/PressReleasePage.aspx?PRID=2116209&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2151239&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2152534&reg=48&lang=2

https://www.pib.gov.in/Pressreleaseshare.aspx?PRID=1848808&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2294278&reg=6&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2241085&reg=3&lang=1

https://www.pib.gov.in/PressReleaseIframePage.aspx?PRID=1577932&reg=48&lang=2

https://esanjeevani.mohfw.gov.in/#/

National Health Authority

https://dashboard.nha.gov.in/public/

Ministry of Tribal Affairs

https://www.pib.gov.in/Pressreleaseshare.aspx?PRID=1577166&reg=48&lang=2

Ministry of Finance

https://www.pib.gov.in/PressReleasePage.aspx?PRID=2097868&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2034937&reg=48&lang=2

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

https://www.indiabudget.gov.in/

PIB Backgrounder

https://www.pib.gov.in/PressReleasePage.aspx?PRID=2281466&reg=3&lang=1

National Portal of India

https://www.india.gov.in/spotlight/details/ayushman-bharat-pradhan-mantri-jan-arogya-yojana

https://www.pib.gov.in/PressReleasePage.aspx?PRID=2281466&reg=3&lang=1

myScheme

https://www.myscheme.gov.in/schemes/ab-pmjay

World Bank

https://www.worldbank.org/ext/en/topic/health/universal-health-coverage

World Health Organisation

https://www.who.int/data/gho/data/themes/theme-details/GHO/universal-health-coverage

Click here to see pdf

***

SK

(Explainer ID: 160110) आगंतुक पटल : 32
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil , Telugu , Kannada