Social Welfare
11-ാമത് ആയുർവേദ ദിനം
ആരോഗ്യമുള്ള ഒരു നാളേയ്ക്ക് ആയുർവേദം
स्वस्थ भविष्य के लिए आयुर्वेद
Posted On:
22 SEP 2026 11:08AM
|
11-ാമത് ആയുർവേദ ദിനത്തിൽ തെളിവധിഷ്ഠിത ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ 5,000 വർഷം പഴക്കമുള്ള ചികിത്സാരീതിയെ ദൈനംദിന ആധുനിക ആരോഗ്യസംരക്ഷണ മേഖലയിലേക്ക് കൊണ്ടുവന്നതിന്റെ ഒരു പതിറ്റാണ്ട് ഇന്ത്യ ആഘോഷിക്കുന്നു. ഇന്ന് രാജ്യത്തിലുടനീളമുള്ള ഗവൺമെന്റ് ക്ലിനിക്കുകളും ആശുപത്രികളും സാധാരണ വൈദ്യസഹായത്തോടൊപ്പം ആയുർവേദ ചികിത്സകളും നൽകിവരുന്നു. സൗജന്യ ഓൺലൈൻ വൈദ്യപരിശോധനകൾ, ഇൻഷുറൻസ് പരിരക്ഷ, മികച്ച ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവ ഈ പ്രാചീന ആരോഗ്യശീലങ്ങളെ കൂടുതൽ സുരക്ഷിതവും ഏവർക്കും എളുപ്പത്തിൽ ലഭ്യവുമാക്കുന്നു. ശക്തമായ ആഗോള പങ്കാളിത്തങ്ങളിലൂടെ പരമ്പരാഗത അറിവുകൾക്കും ആധുനിക ശാസ്ത്രത്തിനും എങ്ങനെ ഒരുമിച്ച് ആരോഗ്യകരമായ ഒരു ഭാവിക്ക് വേണ്ടി പ്രവർത്തിക്കാമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുന്നു.
|
ആയുർവേദം: സമഗ്ര ജീവിതശൈലിയുടെ അടിത്തറ
ആയുർവേദം എന്നത് 5,000 വർഷത്തിലധികം പഴക്കമുള്ള ഒരു ജീവിത ശാസ്ത്രമാണ്. ഇതിന്റെ വേരുകൾ ഋഗ്വേദത്തോളം പഴക്കമുള്ളതാണ്. ആയുസ്സ് (ജീവിതം), വേദം (ശാസ്ത്രം) എന്നീ വാക്കുകളിൽ നിന്നാണ് ആയുർവേദം എന്ന വാക്ക് രൂപപ്പെട്ടിരിക്കുന്നത്. ആരോഗ്യവാനായ വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കുക, രോഗിയുടെ രോഗം ശമിപ്പിക്കുക എന്നിവ അർത്ഥമാക്കുന്ന "സ്വസ്ഥസ്യ സ്വാസ്ഥ്യ രക്ഷണം, ആതുരസ്യ വികാര പ്രശമൻ" എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം.
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളുടെ സമതുലിതാവസ്ഥയാണ് യഥാർത്ഥ ആരോഗ്യം എന്ന് ആയുർവേദം നിർവചിക്കുന്നു. ജീവൽശക്തികൾ (ദോഷങ്ങൾ), ദഹനാഗ്നി (അഗ്നി), ശരീര കോശങ്ങൾ (ധാതുക്കൾ), മാലിന്യ നിർമാർജനം (മലങ്ങൾ) എന്നിവയുടെ കൃത്യമായ സമതുലിതാവസ്ഥയോടൊപ്പം ശാന്തമായ ആത്മാവ്, മനസ്സ്, ഇന്ദ്രിയങ്ങൾ എന്നിവയും ഇതിന് ആവശ്യമാണ്. ചരക സംഹിതയിലും സുശ്രുത സംഹിതയിലും വിവരിച്ചിരിക്കുന്നതുപോലെ സസ്യങ്ങൾ, ജന്തുജന്യ ഉൽപ്പന്നങ്ങൾ, ധാതുക്കൾ എന്നിവയുടെ ഔഷധ ഗുണങ്ങളും ചികിത്സാ രീതികളും ഉപയോഗപ്പെടുത്തിക്കൊണ്ട്, ആയുർവേദം ആധുനിക കാലത്തും പ്രസക്തിയുള്ള ഒരു പ്രാചീന ശാസ്ത്രമായി നിലകൊള്ളുന്നു. ഒരു വ്യക്തിയുടെ ശരീരവും മനസ്സും ആത്മാവും ചുറ്റുമുള്ള ലോകവുമായി പൂർണ്ണമായി സമന്വയിക്കുന്ന അവസ്ഥയാണ് നല്ല ആരോഗ്യം എന്ന തത്വമാണ് ഈ ശാസ്ത്രത്തിന്റെ കേന്ദ്രബിന്ദു.
ഈ പാരമ്പര്യത്തെ ആദരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി പ്രകൃതിയുടെ സമതുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ശരത്കാല വിഷുവത്തിനോട് അനുബന്ധിച്ച് ഗവൺമെന്റ് എല്ലാ വർഷവും സെപ്റ്റംബർ 23 ആയുർവേദ ദിനമായി ആചരിക്കുന്നു. "ആരോഗ്യമുള്ളൊരു നാളേയ്ക്ക് ആയുർവേദം" എന്ന പ്രമേയത്തിന് കീഴിൽ പരമ്പരാഗത ആരോഗ്യ പരിപാലന രീതികളെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഒരു ദേശീയ പദ്ധതി ഗവൺമെന്റ് നടപ്പിലാക്കിവരുന്നു.

ആയുർവേദ മേഖലയുടെ വളർച്ചയെ പിന്തുണയ്ക്കുന്ന ഒരു വ്യവസ്ഥിതിയും ഗവൺമെന്റ് രൂപീകരിക്കുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുക, തെളിവധിഷ്ഠിത ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക, ആഗോളതലത്തിൽ പ്രചരിപ്പിക്കുക, ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കുക എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. ഗവൺമെന്റിന്റെ ഈ സമഗ്ര സമീപനം ആയുർവേദത്തിന്റെയും അതുപോലെ യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുൾപ്പെടെയുള്ള മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര രീതികളുടെയും വർധിച്ചുവരുന്ന ആഗോള ജനപ്രിയതയ്ക്ക് ഒപ്പത്തിനൊപ്പം സഞ്ചരിക്കുന്നു.

ആരോഗ്യ അടിസ്ഥാനസൗകര്യം കെട്ടിപ്പടുക്കുന്നു
ദേശീയ ആയുഷ് മിഷനിലൂടെയും (NAM) നാഷണൽ ഹെൽത്ത് മിഷനിലൂടെയും (NHM) ഗവൺമെന്റ് ആയുർവേദം ഉൾപ്പെടെയുള്ള ആയുഷ് സംവിധാനങ്ങളെ പ്രധാന വൈദ്യശാസ്ത്ര മേഖലയിലേക്ക് വ്യാപിപ്പിക്കുകയും ആധുനികവത്കരിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നു. ആയുഷ് മന്ത്രാലയവും ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും നടത്തുന്ന ഈ രണ്ട് ദേശീയ മിഷനുകൾ രാജ്യത്തുടനീളം ആയുഷ് ക്ലിനിക്കുകൾ, ആശുപത്രികൾ, ഡിപ്പാർട്ട്മെന്റുകൾ, കമ്മ്യൂണിറ്റി പബ്ലിക് ഹെൽത്ത് സെന്ററുകൾ എന്നിവ സ്ഥാപിച്ചുവരുന്നു.
രാജ്യത്ത് ആയുഷ് ആരോഗ്യ സംരക്ഷണത്തിന്റെ വികാസത്തിനും സമന്വയത്തിനും നാഷണൽ ആയുഷ് മിഷൻ നേതൃത്വം നൽകുന്നു. 2014-15 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ആയുഷ് ആരോഗ്യ പരിപാലനത്തെ പരമ്പരാഗത മെഡിക്കൽ സമ്പ്രദായങ്ങളിലേക്ക് കൂട്ടിച്ചേർക്കുന്നതിനായി കേന്ദ്ര ഗവൺമെന്റ് നാഷണൽ ആയുഷ് മിഷൻ വഴി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 6,406.99 കോടിയിലധികം രൂപ അനുവദിച്ചു. നാഷണൽ ഹെൽത്ത് മിഷനും ഈ സംരംഭങ്ങളിൽ ചിലതിനെ പിന്തുണയ്ക്കുന്നു. ഈ സംരംഭങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
- പ്രാദേശിക ആയുഷ് ക്ലിനിക്കുകൾ/ആരോഗ്യ കേന്ദ്രങ്ങൾ ആധുനികവത്കരിക്കലും സ്ഥാപിക്കലും: നിലവിലുള്ള ആരോഗ്യ ക്ലിനിക്കുകൾ (ഡിസ്പെൻസറികൾ) ആധുനികവത്കരിക്കുകയും ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (ആയുഷ്) എന്ന പേരിൽ കൂടുതൽ സൗകര്യങ്ങളുള്ള വെൽനസ് സെന്ററുകളായി ഉയർത്തുകയും ചെയ്യുന്നു. ആയുഷ് ആരോഗ്യ പ്രവർത്തകർക്ക് ഫണ്ടും പരിശീലനവും നൽകി പിന്തുണയ്ക്കുന്ന നാഷണൽ ഹെൽത്ത് മിഷന്റെയും അടിസ്ഥാനസൗകര്യങ്ങൾ, ഉപകരണങ്ങൾ/ഫർണിച്ചറുകൾ, മരുന്നുകൾ എന്നിവ നൽകുന്ന നാഷണൽ ആയുഷ് മിഷന്റെയും സംയുക്ത ശ്രമമാണിത്.
- 12,260 ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (ആയുഷ്) നിലവിൽ പ്രവർത്തനക്ഷമമാണ് (2026 സെപ്റ്റംബർ 19 വരെയുള്ള കണക്ക് പ്രകാരം). 12,500 എണ്ണം പ്രവർത്തനസജ്ജമാക്കുകയാണ് നാഷണൽ ആയുഷ് മിഷൻ ലക്ഷ്യമിടുന്നത്.
- ഈ ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (ആയുഷ്) നാഷണൽ ഹെൽത്ത് മിഷൻ വഴി മറ്റ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളോട് ചേർന്നും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള 13,249 പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ സാധാരണ വൈദ്യസഹായത്തോടൊപ്പം ആയുഷ് സേവനങ്ങളും നൽകാൻ നാഷണൽ ഹെൽത്ത് മിഷൻ സഹായിക്കുന്നു.
- ഉൾപ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങൾ (2025 ഡിസംബർ 30 വരെയുള്ള കണക്ക് പ്രകാരം):
- 6,302 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ
- 3,191 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ
- 475 ജില്ലാ ആശുപത്രികൾ
- 3,281 മറ്റ് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ
- ജീവനക്കാർക്കുള്ള പിന്തുണ: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ജോലി ചെയ്യുന്ന 25,322 ആയുഷ് ഡോക്ടർമാരുടെയും 5,666 ആയുഷ് പാരമെഡിക്കൽ ജീവനക്കാരുടെയും ശമ്പളത്തിനായുള്ള ഫണ്ട് ഗവൺമെന്റ് നൽകുന്നു.
- പരിശീലനം ലഭിച്ച ഒരു ആയുർവേദ പ്രാക്ടീഷണർക്ക് (BAMS ബിരുദധാരി) വില്ലേജ് തലത്തിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം കൈകാര്യം ചെയ്യുന്നതിനായി ഒരു കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസറായി (CHO) പ്രവർത്തിക്കാനും സമഗ്രമായ ആരോഗ്യ പരിപാലനം നൽകാനും സാധിക്കും.
- ഒറ്റക്കുടക്കീഴിൽ സേവനങ്ങൾ സമന്വയിപ്പിക്കുന്നു: പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളും ജില്ലാ ആശുപത്രികളും ഉൾപ്പെടെയുള്ള സാധാരണ പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്കുള്ളിൽ പരമ്പരാഗത മെഡിക്കൽ കൗണ്ടറുകളും ഡോക്ടർമാരുടെ സേവനങ്ങളും ലഭ്യമാക്കുന്നു.
- നിലവിലുള്ള ആശുപത്രികളും ക്ലിനിക്കുകളും നവീകരിക്കുന്നു: പരമ്പരാഗത വൈദ്യശാസ്ത്ര രംഗത്ത് മാത്രമായി പ്രവർത്തിക്കുന്ന സ്വതന്ത്ര ആശുപത്രികളും ക്ലിനിക്കുകളും അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുന്നു.
- മികച്ച സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു: തകർന്ന നിലയിലുള്ള ക്ലിനിക്ക് കെട്ടിടങ്ങൾ പുനരുദ്ധരിക്കുന്നു, വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിനിക്കുകളെ സ്വന്തം കെട്ടിടങ്ങളിലേക്ക് മാറ്റുന്നു, നിലവിൽ പരമ്പരാഗത വൈദ്യസേവനങ്ങൾ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ പുതിയ ക്ലിനിക്കുകൾ നിർമ്മിക്കുന്നു.
- പുതിയ സംയോജിത ആശുപത്രികൾ നിർമ്മിക്കുന്നു: വിവിധ പരമ്പരാഗത വൈദ്യശാസ്ത്ര രീതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന 10, 30, അല്ലെങ്കിൽ 50 കിടക്കകളുള്ള പുതിയ ആശുപത്രികൾ സ്ഥാപിക്കുന്നു.
- അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കുന്നു: ഗവൺമെന്റ് ക്ലിനിക്കുകൾ, ആശുപത്രികൾ, പഠന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ പരമ്പരാഗത മരുന്നുകളുടെ സൗജന്യവും തടസ്സമില്ലാത്തതുമായ വിതരണം ഉറപ്പാക്കുന്നു.
- കമ്മ്യൂണിറ്റി ആരോഗ്യ പരിപാടികൾ: പരമ്പരാഗത ആരോഗ്യ പരിപാലനത്തിലും രോഗപ്രതിരോധത്തിലും അധിഷ്ഠിതമായ പൊതുജനാരോഗ്യ പദ്ധതികൾ നടപ്പിലാക്കുന്നു.
- ബോധവൽക്കരണ പരിപാടികൾ: ആരോഗ്യം, സൗഖ്യം, ലഭ്യമായ ചികിത്സകൾ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വിദ്യാഭ്യാസ പരിപാടികളും പരസ്യങ്ങളും പ്രാദേശിക ബോധവൽക്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നു.
- പുതിയ മെഡിക്കൽ കോളേജുകൾ: വിദ്യാർത്ഥികൾക്ക് മതിയായ പൊതു വിദ്യാഭ്യാസ സൗകര്യങ്ങളില്ലാത്ത സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും പുതിയ പരമ്പരാഗത മെഡിക്കൽ കോളേജുകൾ നിർമ്മിക്കുന്നു.
- മെഡിക്കൽ കോളേജുകൾ നവീകരിക്കുന്നു: നിലവിലുള്ള കോളേജുകളിലെ ക്യാമ്പസ് സൗകര്യങ്ങൾ, ക്ലാസ് മുറികൾ, ഉപകരണങ്ങൾ എന്നിവ അത്യാധുനികമാക്കുകയും അതിനോടൊപ്പം ഉന്നത ബിരുദ കോഴ്സുകൾ, ഫാർമസി പ്രോഗ്രാമുകൾ, പാരാമെഡിക്കൽ പരിശീലനങ്ങൾ എന്നിവ കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

ഈ കേന്ദ്ര ഗവൺമെന്റ് ആശുപത്രികളിൽ സംയോജിത വൈദ്യശാസ്ത്ര വിഭാഗങ്ങൾ (Departments of Integrative Medicine) സ്ഥാപിച്ചുകൊണ്ട് ഗവൺമെന്റ് ആയുഷ് സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നു:
- വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് (VMMC) & സഫ്ദർജംഗ് ഹോസ്പിറ്റൽ
- ലേഡി ഹാർഡിംഗെ മെഡിക്കൽ കോളേജ്
ഈ വിഭാഗങ്ങൾ പൂർണ്ണമായി പ്രവർത്തനക്ഷമമായ പഞ്ചകർമ്മ യൂണിറ്റ് ഉൾപ്പെടെയുള്ള രോഗപ്രതിരോധ, ആരോഗ്യവർധന, ചികിത്സാ സേവനങ്ങൾ നൽകിവരുന്നു. കൂടാതെ, ആയുഷ് റിസർച്ച് കൗൺസിലുകളുടെ വിപുലീകരിച്ച ഒ.പി.ഡി (OPD) സേവനങ്ങൾ താഴെ പറയുന്ന സ്ഥാപനങ്ങളിലും ലഭ്യമാണ്:
- വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് (VMMC) & സഫ്ദർജംഗ് ഹോസ്പിറ്റൽ
- ലേഡി ഹാർഡിംഗെ മെഡിക്കൽ കോളേജ്
- ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ
പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലും (AIIMS) ആയുഷ് സേവനങ്ങൾ ലഭ്യമാണ്.
ഗവൺമെന്റ് സൗജന്യമായി നൽകുന്ന ടെലിമെഡിസിൻ സേവനമായ ഇ-സഞ്ജീവനി (eSanjeevani) വഴി ഇതുവരെ 50 കോടിയിലധികം രോഗികൾക്ക് സേവനം നൽകിക്കഴിഞ്ഞു. സാധാരണ മെഡിക്കൽ സേവനങ്ങൾക്കു പുറമേ ഇ-സഞ്ജീവനിയിൽ ആയുഷ് ഒ.പി.ഡി സേവനങ്ങളും ലഭ്യമാണ്. ഇത് ആയുർവേദത്തിലും (മറ്റ് ആയുഷ് സേവനങ്ങളിലും) വൈദഗ്ധ്യമുള്ള ഡോക്ടർമാരുമായി നേരിട്ട് ഓൺലൈനായി ആശയവിനിമയം നടത്താൻ രോഗികളെ സഹായിക്കുന്നു.
ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ആയുഷ് ചികിത്സകൾ ഉൾപ്പെടുത്തുന്നതിനായി ഗവൺമെന്റ് ഇൻഷുറൻസ് നയങ്ങൾ പരിഷ്കരിച്ചിട്ടുണ്ട്. 2024-ൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI), ബോർഡ് അംഗീകരിച്ച അണ്ടർറൈറ്റിംഗ് നയങ്ങൾക്ക് കീഴിൽ ആയുർവേദം ഉൾപ്പെടെയുള്ള എല്ലാ വൈദ്യശാസ്ത്ര ശാഖകളെയും ഉൾക്കൊള്ളുന്ന ഉൽപ്പന്നങ്ങളോ ആഡ്-ഓണുകളോ നിർബന്ധമായും നൽകണമെന്ന് എല്ലാ ഇൻഷുറൻസ് കമ്പനികളോടും ആവശ്യപ്പെട്ടു.
2026 ഫെബ്രുവരി 10-ന് ന്യൂഡൽഹിയിലെ ഓൾ ഇൻഡ്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) ജനറൽ ഇൻഷുറൻസ് കൗൺസിലുമായി (GIC) ഒരു പൊതു എംപാനൽമെന്റ് ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ഇത് ഇന്ത്യയിലെ മുഴുവൻ 32 ജനറൽ ഇൻഷുറൻസ് കമ്പനികളിലും എ.ഐ.ഐ.എ.യെ എംപാനൽ ചെയ്തു. കൂടാതെ ക്യാഷ്‌ലെസ് ചികിത്സയ്ക്കായി ഒരു ആയുഷ് സ്ഥാപനം സാർവത്രിക എംപാനൽമെന്റ് കരാറിൽ ഏർപ്പെടുന്നത് ഇതാദ്യമാണ്. ഇൻഷുറൻസ് സംബന്ധമായ സംശയങ്ങൾക്ക് ഗുണഭോക്താക്കളെ സഹായിക്കുന്നതിനും ആയുഷ് ഇൻഷുറൻസ് പരിരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി AIIA ഒരു പ്രത്യേക ആയുഷ് ഹെൽത്ത് ഇൻഷുറൻസ് ഹെൽപ്പ് ലൈനും (1800-11-0008) ആരംഭിച്ചു.
ലോകാരോഗ്യ സംഘടനയുടെ ICD-11 മോഡ്യൂളിൽ ആയുർവേദവും
ലോകാരോഗ്യ സംഘടന ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് 11-ാം റിവിഷൻ മോഡ്യൂളിൽ ആയുർവേദത്തെ ഉൾപ്പെടുത്തിയതിലൂടെ ആയുർവേദ പദങ്ങൾക്ക് ഇപ്പോൾ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ കൂട്ടിച്ചേർക്കൽ ലോകമെമ്പാടുമുള്ള ക്ലിനിക്കുകൾക്ക് മാനദണ്ഡമാക്കിയ കോഡുകൾ ഉപയോഗിച്ച് എ.എസ്.യു. (ആയുർവേദ, സിദ്ധ, യുനാനി) രോഗനിർണയങ്ങൾ രേഖപ്പെടുത്താൻ പ്രാപ്തമാക്കും. ഇത് വിവിധ പ്രദേശങ്ങളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഏകീകൃതമായ വ്യാഖ്യാനം ഉറപ്പാക്കുന്നു. ഇത് ആയുഷ് ചികിത്സകൾ പ്രോസസ്സ് ചെയ്യാനും അംഗീകരിക്കാനും ഇൻഷുറൻസ് തുക തിരികെ നൽകാനും ഇൻഷുറൻസ് ദാതാക്കൾക്ക് കൂടുതൽ എളുപ്പമാക്കുന്നു, കൂടാതെ ഭാവിയിലെ രോഗനിയന്ത്രണ തന്ത്രങ്ങൾ രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള ഗവേഷണം, വികസനം, നയരൂപീകരണം എന്നിവയ്ക്കും സഹായിക്കുന്നു.
|
ആയുർവേദ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യ വികസനം
വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ആയുഷ് ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾക്ക് അതിന്റെ നടത്തിപ്പിന് ആയുഷ് ആരോഗ്യപ്രവർത്തകരെയും ആവശ്യമുണ്ട്. ഫാർമസി, പാരാമെഡിക്കൽ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള ബിരുദ, ബിരുദാനന്തര സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലൂടെ ആയുർവേദ വിദ്യാഭ്യാസത്തിന്റെ വികാസത്തിന് നാഷണൽ ആയുഷ് മിഷൻ തുക വകയിരുത്തുന്നു.
നാഷണൽ ആയുഷ് മിഷന് കീഴിൽ രാജ്യത്തുടനീളം 17 ആയുഷ് കോളേജുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. അതിൽ 12 എണ്ണം ആയുർവേദ വിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൊതു-സ്വകാര്യ മേഖലകളിലെ ആയുർവേദ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയും ഈ മേഖലയെ കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാജ്യത്തുടനീളം (2026 മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം):
- 593 ആയുർവേദ കോളേജുകളും
- 45,245 ബിരുദ ആയുർവേദ സീറ്റുകളും
- 5,673 ബിരുദാനന്തര ആയുർവേദ സീറ്റുകളുമുണ്ട്
ക്ലിനിക്കൽ പരിശീലനത്തിനും അക്കാദമിക വികാസത്തിനും അപ്പുറം സമകാലിക വൈദ്യശാസ്ത്രത്തിൽ ആയുർവേദത്തിന്റെ വിശ്വാസ്യത സ്ഥാപിക്കുന്നതിന് കൃത്യമായ, തെളിവധിഷ്ഠിത ഗവേഷണങ്ങളും ശാസ്ത്രീയ മൂല്യനിർണ്ണയവും ആവശ്യമാണ്.
ആയുർവേദത്തിലെ ഗവേഷണവും വികസനവും
ആയുർവേദത്തിലെ ഗവേഷണവും വികസനവും മുന്നോട്ട് കൊണ്ടുപോകുന്നതിനായി പരമ്പരാഗത വൈദ്യശാസ്ത്ര രീതികളെ ആധുനികവത്കരിക്കാനും ഔഷധ വികസനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ഗവൺമെന്റ് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
ആയുർജ്ഞാൻ പദ്ധതി (AYURGYAN Scheme)
ഈ ശ്രമങ്ങളുടെ കേന്ദ്രബിന്ദു ആയുഷ് മന്ത്രാലയം 2021-22 ൽ ആരംഭിച്ച ആയുർജ്ഞാൻ പദ്ധതിയാണ്. ഇത് ഗവേഷണ വികസന സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നു. 34 പദ്ധതികളിലായി ആകെ ലഭ്യമാക്കിയ 17.79 കോടി രൂപയുടെ ഗവേഷണ ഫണ്ടിൽ പകുതിയും ആയുർവേദത്തിനാണ് അനുവദിച്ചിട്ടുള്ളത്. അതായത് 17 പ്രത്യേക പദ്ധതികൾക്കായി 9.38 കോടി രൂപ ലഭിച്ചു.
2026 ആരംഭത്തോടെ 11 പ്രത്യേക ഗവേഷണ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു, അതിൽ ആറെണ്ണം അഞ്ച് പ്രധാന ആയുർവേദ ഒറ്റമൂലികളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും സംബന്ധിച്ച രേഖകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചവയാണ്. ഈ ശ്രമങ്ങൾ വർധിച്ചുവരുന്ന അക്കാദമിക സംഭാവനകളെ പ്രതിഫലിപ്പിക്കുന്നു. ഇത് 2014-15-നും 2025-26-നും ഇടയിൽ 33 ആയുർവേദ അധിഷ്ഠിത ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കും 2001-02 മുതൽ ആകെ 77 പ്രസിദ്ധീകരണങ്ങൾക്കും വഴിയൊരുക്കി.
ആയുർ സ്വാസ്ഥ്യ യോജന (AYUR SWASTHYA Yojana)
ആയുർജ്ഞാൻ പദ്ധതിക്ക് അനുബന്ധമായി പ്രവർത്തിക്കുന്നതാണ് ആയുർ സ്വാസ്ഥ്യ യോജന (2021-2026). ഇത് ആയുഷ് ക്ലിനിക്കൽ, ഔഷധ ഗവേഷണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യ സംരംഭങ്ങൾ, കൂടാതെ മികവിന്റെ കേന്ദ്രങ്ങളാക്കി (Centres of Excellence) സ്ഥാപനങ്ങളെ ഉയർത്തൽ എന്നിവയിലെ ഗവേഷണ വികസനങ്ങൾക്കായി ഗവൺമെന്റ് അല്ലെങ്കിൽ ലാഭരഹിത ആയുഷ് സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകി.
2025 അവസാനത്തോടെ പിന്തുണച്ച 25 പദ്ധതികളിൽ 22 എണ്ണവും ആയുർവേദ ചികിത്സാരീതികളെ കേന്ദ്രീകരിച്ചോ അവയെ ഉൾപ്പെടുത്തിയോ ഉള്ളവയായിരുന്നു. ഈ പദ്ധതി 28 പ്രത്യേക മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചു. അതിൽ 22 എണ്ണം ആയുർവേദ അധിഷ്ഠിത ഗവേഷണവും ആരോഗ്യ സംരക്ഷണവും മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രവർത്തിക്കുന്നവയാണ്.
സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS)
സ്ഥാപന തലത്തിൽ മന്ത്രാലയത്തിന് കീഴിലുള്ള അഞ്ച് സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് (CCRAS) രാജ്യത്തുടനീളമുള്ള ആയുർവേദ പഠനങ്ങളുടെ ശാസ്ത്രീയമായ രൂപീകരണത്തിനും ഏകോപനത്തിനും പ്രചാരണത്തിനും നേതൃത്വം നൽകുന്നു. 30 ദേശീയ-പ്രദേശിക ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന CCRAS ഫെലോഷിപ്പുകൾ, പരിശീലന പരിപാടികൾ, സ്പാർക്ക് (SPARK) പ്രോഗ്രാം പോലുള്ള വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പദ്ധതികൾ എന്നിവയിലൂടെ ഗവേഷണ ശേഷി വളർത്തിയെടുക്കുന്നു.
സ്പാർക്ക് (SPARK) പ്രോഗ്രാം
ആയുർവേദ റിസർച്ച് കെൻ സ്റ്റുഡന്റ്ഷിപ്പ് പ്രോഗ്രാം (SPARK) ബിരുദതല ആയുർവേദ വിദ്യാർത്ഥികളിൽ ഗവേഷണ താല്പര്യവും അഭിരുചിയും വളർത്തിയെടുക്കുന്നു. ആയുർവേദത്തിൽ ഗവേഷണം നടത്താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ പ്രോഗ്രാം ഹ്രസ്വകാല സ്വതന്ത്ര പദ്ധതികളെ പിന്തുണയ്ക്കുന്നു. 2022-23 നും 2024-25 നും ഇടയിൽ, 289 ആയുർവേദ കോളേജുകൾക്ക് സ്പാർക്ക് (SPARK) പ്രോഗ്രാമിലൂടെ പ്രയോജനം ലഭിച്ചു.
ആയുർവേദ ഗവേഷണത്തിന്റെ AI പരിഭാഷ
ശാസ്ത്രീയ അറിവുകൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ AICTE വികസിപ്പിച്ച നിർമിത ബുദ്ധി പരിഭാഷാ പ്ലാറ്റ്‌ഫോമായ അനുവാദിനി എ.ഐ.യുമായി (Anuvadini AI) CCRAS 2026 മാർച്ച് മാസത്തിൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഈ സഹകരണത്തിലൂടെ CCRAS വിപുലമായ ഗവേഷണ കണ്ടെത്തലുകൾ, വിദ്യാഭ്യാസ വിഭവങ്ങൾ, ത്രൈമാസ മെഡിക്കൽ ജേണലുകൾ എന്നിവ 13 പ്രദേശിക ഇന്ത്യൻ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുന്നു.
ഭാഷാ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിലൂടെ ഈ സംരംഭം ആയുർവേദ മെഡിക്കൽ ഗവേഷണങ്ങളിലേക്കുള്ള പ്രവേശനത്തെ ജനകീയമാക്കുകയും ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്കും പ്രാക്ടീഷണർമാർക്കും പൊതുജനങ്ങൾക്കും ഈ ശാസ്ത്രീയ വികാസങ്ങൾ എളുപ്പത്തിൽ വായിക്കാനും മനസ്സിലാക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഔഷധ സസ്യങ്ങളുടെ സംരക്ഷണം, കൃഷി, സംസ്കരണം എന്നിവയിൽ കർഷകരെയും ഗവേഷണ സ്ഥാപനങ്ങളെയും ഗവൺമെന്റ് സജീവമായി പിന്തുണയ്ക്കുന്നു. വിതരണ ശൃംഖലയിലെ വിടവുകൾ നികത്തിക്കൊണ്ടും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം കർഷകർക്ക് പ്രോത്സാഹനം നൽകിക്കൊണ്ടും ഫാർമസ്യൂട്ടിക്കൽ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ടുമാണ് ഗവൺമെന്റ് ഇത് സാധ്യമാക്കുന്നത്.

നിയന്ത്രണ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തൽ: മരുന്നുകളുടെ സുരക്ഷയും ഉപഭോക്തൃ ഭക്ഷണങ്ങളും
ആയുർവേദ വിപണി അതിവേഗം വളരുമ്പോൾ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഗവൺമെന്റ് നിയമപരമായ ചട്ടക്കൂടും സ്ഥാപിക്കുന്നു.
മരുന്നുകളുടെ ഗുണനിലവാര നിയന്ത്രണം
1940-ലെ ഡ്രഗ്സ് & കോസ്മെറ്റിക്സ് ആക്ട്, 1945-ലെ ഡ്രഗ്സ് റൂൾസ് എന്നിവയ്ക്ക് കീഴിലാണ് ആയുർവേദ മരുന്നുകൾ കർശനമായി നിയന്ത്രിക്കുന്നത്. ഈ നിയമപരമായ ചട്ടക്കൂടുകൾക്ക് കീഴിൽ:
- ഉൽപ്പാദകർ ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസുകൾ (GMP) പാലിക്കുകയും മരുന്നിന്റെ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കുകയും ഫാർമക്കോപ്പിയ മാനദണ്ഡങ്ങൾ കൈവരിക്കുകയും വേണം.
- ഗുണനിലവാര നിയന്ത്രണം നിലനിർത്തുന്നതിനായി ഗവൺമെന്റ് ഡ്രഗ് ഇൻസ്പെക്ടർമാർ പതിവായി സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ (CDSCO) സ്ഥാപിച്ചിട്ടുള്ള പ്രത്യേക ആയുഷ് വിഭാഗത്തിന്റെ പിന്തുണയും ഇതിനുണ്ട്.
നിയമനടപടികൾ ലളിതമാക്കുന്നതിനായി മരുന്നു നിർമ്മാണ ലൈസൻസ് അപേക്ഷകളുടെ കടലാസുരഹിത പ്രോസസ്സിംഗിനും തത്സമയ ട്രാക്കിംഗിനുമായി ഗവൺമെന്റ് ഇ-ഔഷധി (e-Aushadhi) പോർട്ടൽ ആരംഭിച്ചു.
ആയുർവേദ ആഹാര (Ayurveda Aahara)
ഔഷധങ്ങളിൽ നിന്ന് പോഷകാഹാര മേഖലയിലേക്ക് ഇത്തരം സുരക്ഷാ തത്വങ്ങൾ വിപുലീകരിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് 'ആയുർവേദ ആഹാര'ത്തിനായി ഏകീകൃത മാനദണ്ഡങ്ങൾ അടങ്ങിയ നിയന്ത്രണം അവതരിപ്പിച്ചു. ക്ലാസിക്കൽ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പ്രാമാണികമായ ആയുർവേദ ഭക്ഷണസാധനങ്ങളുടെ ഒരു ഉൽപ്പന്ന പട്ടിക ഈ സംരംഭം തയ്യാറാക്കുന്നു. പരമ്പരാഗത ഭക്ഷ്യ ഉൽപ്പാദകരുടെ ലൈസൻസിംഗിനും രജിസ്ട്രേഷനും ഈ പട്ടിക വളരെ പ്രധാനമാണ്. ഇത് ഇന്ത്യയിലും ആഗോളതലത്തിലും ഉപഭോക്തൃ ആത്മവിശ്വാസം വർധിപ്പിക്കുന്നതോടൊപ്പം പരമ്പരാഗത ഭക്ഷ്യ ഉൽപ്പാദകർക്കായി സുതാര്യവും നിയന്ത്രിതവുമായ ഒരു മേഖല സൃഷ്ടിക്കുകയും ചെയ്യുന്നു.
ആഗോള പങ്കാളിത്തങ്ങളും നയതന്ത്ര ബന്ധങ്ങളും വികസിപ്പിക്കുന്നു
ആയുഷിന്റെ ആഗോള സ്വീകാര്യതയ്ക്കും വിപണി സമന്വയത്തിനുമായി, ലോകമെമ്പാടുമുള്ള തന്ത്രപരമായ ഉഭയകക്ഷി പങ്കാളിത്തങ്ങൾ, ഗവേഷണ സഹകരണങ്ങൾ, വിദ്യാഭ്യാസ കൈമാറ്റങ്ങൾ എന്നിവ ഗവൺമെന്റ് സ്ഥാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ, ഗവേഷണ സഹകരണങ്ങൾ, വിദ്യാഭ്യാസ കൈമാറ്റ പരിപാടികൾ, ഔഷധങ്ങളുടെ ആഗോള സർട്ടിഫിക്കേഷൻ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
തന്ത്രപരമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ, സഹകരണ ഗവേഷണ ചട്ടക്കൂടുകൾ, അക്കാദമിക് ചെയർ നിയമനങ്ങൾ, പ്രത്യേക സ്കോളർഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിലൂടെ സമഗ്ര ആരോഗ്യ പരിപാലനത്തിലും സംയോജിത വൈദ്യശാസ്ത്രത്തിലും രാജ്യം ശക്തമായ ഒരു അന്താരാഷ്ട്ര സാന്നിധ്യം സ്ഥാപിക്കുന്നത് തുടരുന്നു. ഇന്ത്യ താഴെ പറയുന്നവ ഉൾപ്പെടെയുള്ള വിവിധ ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെച്ചു:
- പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഹോമിയോപ്പതിയിലുമുള്ള സഹകരണത്തിനായി 27 രാജ്യങ്ങളുമായി ധാരണാപത്രങ്ങൾ.
- ആയുഷ് അക്കാദമിക ചെയറുകൾ സ്ഥാപിക്കുന്നതിനായി അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി 16 ധാരണാപത്രങ്ങൾ.
- സഹകരണ ഗവേഷണത്തിനും പഠനങ്ങൾക്കുമായി സ്ഥാപനങ്ങൾ തമ്മിലുള്ള 57 ധാരണാപത്രങ്ങൾ.
- 2025-26 കാലയളവിൽ അംഗോള, കസാക്കിസ്ഥാൻ, ടാൻസാനിയ എന്നീ രാജ്യങ്ങളുമായി ഒപ്പുവെച്ച 3 രാജ്യങ്ങൾ തമ്മിലുള്ള ധാരണാപത്രങ്ങൾ, ഘാന, ദക്ഷിണാഫ്രിക്ക, റീയൂണിയൻ ഐലൻഡ്, ജർമ്മനി, മലേഷ്യ, മംഗോളിയ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി ഒപ്പുവെച്ച 6 സ്ഥാപനതല ധാരണാപത്രങ്ങൾ, ഒമാനുമായുള്ള ഒരു അക്കാദമിക് ചെയർ ധാരണാപത്രം.
ഈ ആഗോള സാന്നിധ്യത്തിന് കൂടുതൽ പിന്തുണ നൽകുന്നത് താഴെ പറയുന്നവയാണ്:
- 43 വിദേശ രാജ്യങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 46 ആയുഷ് ഇൻഫർമേഷൻ സെല്ലുകൾ.
- അന്താരാഷ്ട്ര ആയുഷ് ഫെലോഷിപ്പ്/സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ വിദേശ പൗരന്മാർക്ക് നൽകുന്ന 104 സ്കോളർഷിപ്പുകൾ.
മുൻനിര ആഗോള ഉച്ചകോടികൾ, ചട്ടക്കൂടുകൾ, തന്ത്രപരമായ കരാറുകൾ
പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ നയങ്ങളുടെയും മാനദണ്ഡങ്ങളുടെയും ആഗോള കേന്ദ്രമായി ഇന്ത്യ ഇപ്പോൾ മാറിയിരിക്കുന്നു. 2025 ഡിസംബറിൽ ഭാരത് മണ്ഡപത്തിൽ വെച്ച് നടന്ന പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള രണ്ടാമത് ലോകാരോഗ്യ സംഘടനയുടെ (WHO) ആഗോള ഉച്ചകോടിക്ക് ന്യൂഡൽഹി ആതിഥേയത്വം വഹിച്ചു. "സമതുലിതാവസ്ഥ വീണ്ടെടുക്കൽ: ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ശാസ്ത്രവും പരിശീലനവും" എന്ന പ്രമേയത്തിന് കീഴിൽ നടന്ന ഈ ചടങ്ങിൽ 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 22 ആരോഗ്യമന്ത്രിമാരും പങ്കെടുത്തു. തെളിയിക്കപ്പെട്ട ശാസ്ത്രീയ രീതികളിലൂടെ പരമ്പരാഗത വൈദ്യശാസ്ത്രത്തെ പ്രാഥമിക ആരോഗ്യ പരിപാലനത്തിലേക്ക് കൊണ്ടുവരാൻ അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഡൽഹി പ്രഖ്യാപനം ചടങ്ങിൽ പങ്കെടുത്തവർ അംഗീകരിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിശ്ചയിക്കലും സാംസ്കാരിക നയതന്ത്രം പ്രോത്സാഹിപ്പിക്കലും
കർശനമായ ഗുണനിലവാരവും പരിശീലന മാനദണ്ഡങ്ങളും സജ്ജമാക്കുന്നത് ഇന്ത്യയുടെ ആഗോള തന്ത്രത്തെ മുന്നോട്ടു നയിക്കുന്നു. ഗുജറാത്തിലെ ജാംനഗറിലുള്ള WHO ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്റർ ഒരു പ്രധാന ഗവേഷണ നയ രൂപീകരണ കേന്ദ്രമായി പ്രവർത്തിക്കുന്നു. ആയുർവേദത്തിനും യുനാനിക്കുമായി സ്റ്റാൻഡേർഡ് പരിശീലന ഗൈഡുകൾ തയ്യാറാക്കുന്നതിന് ആയുഷ് മന്ത്രാലയം ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചു. 17 രാജ്യ പങ്കാളിത്തത്തോടെ ഔഷധസസ്യ നിയന്ത്രണത്തെക്കുറിച്ചുള്ള ശില്പശാലയ്ക്കും ഇത് സഹ-ആതിഥേയത്വം വഹിക്കുകയും യു.എസിലെ 'ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ദി സയൻസ് ഓഫ് ബൊട്ടാണിക്കൽസ്' എന്ന സമ്മേളനത്തിൽ ഗവേഷണം അവതരിപ്പിക്കുകയും ചെയ്തു. സാംസ്കാരിക വിപുലീകരണ പ്രവർത്തനങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്.
2025 ജൂണിൽ നടന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ 191 രാജ്യങ്ങളിലായി ഏകദേശം 2,000 പരിപാടികൾ സംഘടിപ്പിച്ചു. അതേസമയം ജപ്പാനിലെ ഒസാക്കയിൽ നടന്ന വേൾഡ് എക്സ്പോ 2025-ലെ പ്രതിദിന യോഗാ സെഷനുകൾ, ഇന്ത്യൻ പവിലിയനെ ഏറ്റവും അധികം ആളുകൾ സന്ദർശിച്ച ആകർഷണങ്ങളിലൊന്നാക്കി മാറ്റി.
ബഹുരാഷ്ട്ര സഹകരണവും മെഡിക്കൽ വാല്യൂ ട്രാവലും
പ്രധാന അന്താരാഷ്ട്ര സഖ്യങ്ങളിലേക്ക് പരമ്പരാഗത ആരോഗ്യ പരിപാലനത്തെ ഉൾച്ചേർക്കുന്നത് ഇന്ത്യ തുടരുന്നു. റിയോ ഡി ജനീറോ പ്രഖ്യാപനം ഉൾപ്പെടെയുള്ള സമീപകാല ബ്രിക്സ് (BRICS) പ്രസ്താവനകളെ തുടർന്ന് ചണ്ഡീഗഢിൽ നടന്ന 16-ാമത് ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ യോഗം പരമ്പരാഗത, അനുപൂരക, സംയോജിത വൈദ്യശാസ്ത്രത്തിനായി ഒരു പ്രത്യേക വിദഗ്ധ വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
അതോടൊപ്പം വിദേശ രോഗികൾക്ക് ഇന്ത്യയിൽ സ്വാഭാവിക ചികിത്സ തേടുന്നത് ഗവൺമെന്റ് കൂടുതൽ എളുപ്പമാക്കുകയാണ്. പ്രത്യേക ആയുഷ് വിസ ഓപ്ഷനുകൾ ഇപ്പോൾ യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുന്നു. രോഗികൾക്കായി M-3 വിസയും രോഗികളുടെ കൂട്ടിരിപ്പുകാർക്കായി M-4 വിസയും വാഗ്ദാനം ചെയ്യുന്നു. ഈ സംരംഭം ഒരു ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നു.

ആയുഷ് മേഖലയ്ക്കുള്ള 2026-27-ലെ കേന്ദ്ര ബജറ്റ് വിഹിതങ്ങൾ
കേന്ദ്ര ബജറ്റിൽ (2026-27) ആയുഷ് മന്ത്രാലയത്തിനായി 4,408 കോടി രൂപ വകയിരുത്തിയത് രാജ്യത്തുടനീളമുള്ള ആയുഷ് ആരോഗ്യ പരിപാലന സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും തെളിവധിഷ്ഠിത ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും മറ്റ് ആയുഷ് അനുബന്ധ ഇൻഫ്രാസ്ട്രക്ചറുകളും ആഗോള വിപുലീകരണവും ശക്തിപ്പെടുത്തുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയെ എടുത്തുകാട്ടുന്നു. ബജറ്റ് പ്രധാനപ്പെട്ട നിരവധി സംരംഭങ്ങൾ പ്രഖ്യാപിച്ചു:
- വിദ്യാഭ്യാസം, ക്ലിനിക്കൽ സേവനങ്ങൾ, ഗവേഷണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) സ്ഥാപിക്കൽ.
- ഗുണനിലവാരം, ഏകീകരണം, വിദഗ്ധരായ മനുഷ്യശേഷിവിഭവത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിന് ആയുഷ് ഫാർമസികളും ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറികളും നവീകരിക്കൽ.
- പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ തെളിവധിഷ്ഠിത ഗവേഷണവും ആഗോള വിപുലീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ജാംനഗറിലെ ഡബ്ല്യു.എച്ച്.ഒ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്റർ നവീകരിക്കൽ.
പാരമ്പര്യത്തെ ആധുനിക ആരോഗ്യ സംവിധാനങ്ങളുമായി സമന്വയിപ്പിക്കുന്നു
പാരമ്പര്യമായി ലഭിച്ച അറിവുകളിൽ നിന്ന് സമകാലിക ആരോഗ്യ പരിപാലനത്തിന്റെ വർധിച്ചുവരുന്ന സ്ഥാപനവൽകൃത ഘടകത്തിലേക്കുള്ള ആയുർവേദത്തിന്റെ യാത്ര ആധുനിക സമൂഹത്തിൽ അതിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രസക്തിയെ പ്രതിഫലിപ്പിക്കുന്നു. ആരോഗ്യ അടിസ്ഥാനസൗകര്യങ്ങൾ, വിദ്യാഭ്യാസം, ഗവേഷണം, നിയന്ത്രണ സംവിധാനങ്ങൾ, ഡിജിറ്റൽ പ്രവേശനം, അന്താരാഷ്ട്ര സഹകരണങ്ങൾ എന്നിവയുടെ വികാസം ഇതിന്റെ വികസനത്തിനും ഉത്തരവാദിത്തമുള്ള സമന്വയത്തിനുമായി വിശാലമായ ഒരു വ്യവസ്ഥിതി സൃഷ്ടിച്ചു. ശാസ്ത്രീയ മൂല്യനിർണ്ണയം, ഗുണനിലവാര മാനദണ്ഡങ്ങൾ, തെളിവധിഷ്ഠിത ഗവേഷണം എന്നിവയ്ക്ക് നൽകുന്ന വർധിച്ചുവരുന്ന പ്രാധാന്യം ഇതിന്റെ സമകാലിക പ്രസക്തിയെ ശക്തിപ്പെടുത്തുന്നതിൽ തികച്ചും ശ്രദ്ധേയമാണ്.
അതോടൊപ്പം പൊതുജനാരോഗ്യ സംവിധാനങ്ങളിലേക്കുള്ള ആയുർവേദത്തിന്റെ സമന്വയവും വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള പങ്കാളിത്തങ്ങളും പരമ്പരാഗത അറിവുകൾക്ക് എങ്ങനെ ആധുനിക സ്ഥാപനങ്ങളുമായും ശാസ്ത്രീയ അന്വേഷണങ്ങളുമായും ഇടപഴകാൻ കഴിയുമെന്ന് കാണിക്കുന്നു. അങ്ങനെ ആയുർവേദത്തിന്റെ തുടർച്ചയായ വികാസം ഇന്ത്യയുടെ സാംസ്കാരിക അറിവുകൾ, സമകാലിക ആരോഗ്യ സംവിധാനങ്ങൾ, സമഗ്ര ക്ഷേമത്തിനായുള്ള പരിശ്രമം എന്നിവ തമ്മിലുള്ള ഊർജ്ജസ്വലമായ ഒരു ബന്ധത്തെ പ്രതിനിധീകരിക്കുന്നു.
അവലംബം
Ministry of Ayush
https://www.pib.gov.in/PressReleasePage.aspx?PRID=2297703®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2287031®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2040904®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2209338®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2292389®=6&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2225996®=1&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=1994921®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2297704®=48&lang=1
https://anudan.Ayush.gov.in/rni_dashboard
https://www.pib.gov.in/PressReleasePage.aspx?PRID=2209249®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2246931®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2179805®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2151745®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2310151®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2287033®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2296193®=48&lang=2
https://ccras.nic.in/
Ministry of Health and Family Welfare
https://aam.mohfw.gov.in/
https://nhsrcindia.org/sites/default/files/2021-03/Operational%20Guidelines%20For%20Comprehensive%20Primary%20Health%20Care%20through%20Health%20and%20Wellness%20Centers.pdf
https://esanjeevani.mohfw.gov.in/#/
https://www.pib.gov.in/PressReleasePage.aspx?PRID=2171329®=48&lang=2
Directorate of Ayush, Government of NCT of Delhi
https://Ayush.delhi.gov.in/Ayush/ayurveda
UNESCO
https://www.unesco.org/en/memory-world/rigveda
Other Sources
https://www.ibef.org/research/case-study/the-growth-of-ayurveda-in-india
https://www.ibef.org/industry/Ayush
https://pmc.ncbi.nlm.nih.gov/articles/PMC5871155/
Click here to see pdf
***
SK
(Explainer ID: 160100)
आगंतुक पटल : 48
Provide suggestions / comments