• Sitemap
Rural Prosperity

സ്വച്ഛത ഹി സേവ

ശുചിത്വത്തെ ഒരു കൂട്ടായ ഉത്തരവാദിത്തമാക്കുന്നു

Posted On: 18 SEP 2026 6:50PM

2014-ൽ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ (SBM) ശൗചാലയ നിർമ്മാണത്തിൽ നിന്ന് മാലിന്യ സംസ്കരണം, പെരുമാറ്റ രീതിയിലുള്ള മാറ്റം, പൗരപങ്കാളിത്തം എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ ഒരു ശുചിത്വ പ്രസ്ഥാനമായി വികസിച്ചു. 2017-ൽ ആരംഭിച്ച സ്വച്ഛത ഹി സേവ (SHS) പൗരന്മാർക്കും സ്ഥാപനങ്ങൾക്കും കൂട്ടായ ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള വാർഷിക വേദിയൊരുക്കുന്ന ഒരു പ്രത്യേക പ്രചാരണ പരിപാടിയാണ്. വർഷങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ശുചിത്വ മുൻഗണനകൾക്കനുസരിച്ച് SHS വികസിക്കുകയും പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ദൃശ്യപരമായ ശുചിത്വം, മാലിന്യമുക്ത പൊതുയിടങ്ങൾ എന്നിവയിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരികയും ചെയ്തു. 2023, 2024 പതിപ്പുകൾ വൻതോതിലുള്ള ശ്രമദാനം, പൊതുയിടങ്ങളുടെ മാറ്റം, യുവജന പങ്കാളിത്തം, സഫായിമിത്ര ക്ഷേമം, സാമൂഹിക ഇടപെടൽ എന്നിവയിലൂടെ ഈ പ്രചാരണത്തെ കൂടുതൽ വിപുലീകരിച്ചു. SHS 2025 സ്വച്ഛോത്സവ്, വൃത്തിയുള്ള പൊതുയിടങ്ങൾ, സഫായിമിത്ര സംരംഭങ്ങൾ, പരിസ്ഥിതി സൗഹൃദ ആഘോഷങ്ങൾ എന്നിവയിലൂടെ ശുചിത്വത്തെ സാമൂഹിക ആഘോഷങ്ങളിലേക്ക് കൊണ്ടുവന്നു. SHS 2026 സ്വച്ഛത മേം സഹ്ഭാഗ് (ശുചിത്വത്തിലെ പങ്കാളിത്തം) എന്ന പ്രമേയത്തോടെ ഈ വികസനത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. ഇത് കൂട്ടായ ഉടമസ്ഥത, യുവജന ഇടപെടൽ, മാലിന്യ സംസ്കരണ ഉത്തരവാദിത്തങ്ങൾ, സുസ്ഥിരമായ ശുചിത്വ ശീലങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

സ്വച്ഛ് ഭാരത് മിഷൻ: ഒരു ശുചിത്വ ഭാരതം കെട്ടിപ്പടുക്കുന്നു

2014 ഒക്ടോബർ 2-ന് ആരംഭിച്ച സ്വച്ഛ് ഭാരത് മിഷൻ (SBM) ഗവൺമെന്റ് നയിക്കുന്ന ഏറ്റവും വലിയ ശുചിത്വ പ്രസ്ഥാനങ്ങളിലൊന്നാണ്. ശുചിത്വം ദൈവീകതയോട് ചേർന്നുനിൽക്കുന്നുവെന്ന് ദർശിച്ച മഹാത്മാഗാന്ധിയുടെ കണ്ണടയെയാണ് SBM-ന്റെ ലോഗോ പ്രതിനിധീകരിക്കുന്നത്. ഈ ലോഗോ ബ്രാൻഡ് മൂല്യം സൃഷ്ടിക്കുന്നതിനും ലോകമെമ്പാടും ശുചിത്വത്തിനായുള്ള വികാരം പ്രതിഫലിപ്പിക്കുന്നതിനും സഹായിച്ചു. ആളുകൾക്ക് SBM-മായി എളുപ്പത്തിലും വേഗത്തിലും ആത്മബന്ധം സ്ഥാപിക്കാനും ഇത് സഹായിച്ചു.

ഈ മിഷന് രണ്ട് ഘടകങ്ങളുണ്ട്: സ്വച്ഛ് ഭാരത് മിഷൻ-ഗ്രാമീൺ (SBM-G), സ്വച്ഛ് ഭാരത് മിഷൻ-അർബൻ (SBM-U). SBM-G ഗ്രാമീണ ശുചിത്വം, ശൗചാലയ ലഭ്യതയും ഉപയോഗവും, ഖര-ദ്രാവക മാലിന്യ സംസ്കരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. SBM-U നഗര ശുചിത്വം, മാലിന്യ സംസ്കരണം, പൊതുയിടങ്ങൾ, ശുചിത്വ ഭൗതികസാഹചര്യങ്ങൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ മിഷന്റെ സ്വാധീനം ഇപ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ദൃശ്യമാണ്. ഗ്രാമീണ ഇന്ത്യ 2019-ൽ വെളിയിട വിസർജന മുക്തമായി (ODF) പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ 2026 സെപ്റ്റംബർ 17 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യ 5.69 ലക്ഷത്തിലധികം ODF പ്ലസ് ഗ്രാമങ്ങൾ കൈവരിക്കുകയും 5.25 ലക്ഷത്തിലധികം ഗ്രാമങ്ങൾ ODF പ്ലസ് മോഡൽ പദവി നേടുകയും ചെയ്തിട്ടുണ്ട്. 5.38 ലക്ഷത്തിലധികം ഗ്രാമങ്ങൾ ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളും 5.65 ലക്ഷത്തിലധികം ഗ്രാമങ്ങൾ ദ്രാവകമാലിന്യ സംസ്കരണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. 585 ജില്ലകളിലായി മൊത്തം 1,314 ഗോബർധൻ (GOBARdhan) ബയോഗ്യാസ് പ്ലാന്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഗ്രാമീണ ഗാർഹിക തലത്തിൽ 12.22 കോടി വ്യക്തിഗത ശൗചാലയങ്ങളും 98,273 ബയോഗ്യാസ് പ്ലാന്റുകളും നിർമ്മിച്ചിട്ടുണ്ട്.

ODF പ്ലസ്, ODF പ്ലസ് മോഡൽ ഗ്രാമങ്ങൾ

ഒരു ODF പ്ലസ് ഗ്രാമം ODF പദവി നിലനിർത്തുക മാത്രമല്ല, ദൃശ്യപരമായ ശുചിത്വം നിലനിർത്തുന്നതോടൊപ്പം ഖര-ദ്രാവക മാലിന്യങ്ങൾ ഫലപ്രദമായി സംസ്കരിക്കുകയും ചെയ്യുന്നു. ODF പ്ലസ് ഗ്രാമ പദവി നിലനിർത്തുന്നതിനോടൊപ്പം ഈ ഗ്രാമങ്ങളെ പുരോഗമനാത്മകമായ മൂന്ന് ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു: ആസ്പയറിംഗ് (Aspiring), റൈസിംഗ് (Rising), മോഡൽ (Model). ആസ്പയറിംഗ് ഗ്രാമങ്ങൾ ഖരമാലിന്യമോ ദ്രാവകമാലിന്യമോ ഏതെങ്കിലും ഒന്ന് സംസ്കരിക്കുന്നു. റൈസിംഗ് ഗ്രാമങ്ങൾ ഖര-ദ്രാവക മാലിന്യങ്ങൾ രണ്ടും സംസ്കരിക്കുന്നു. മോഡൽ ഗ്രാമങ്ങൾ രണ്ട് മാലിന്യ സംസ്കരണ സംവിധാനങ്ങൾക്ക് പുറമേ, ദൃശ്യപരമായ ശുചിത്വം പ്രദർശിപ്പിക്കുകയും ODF പ്ലസ് സന്ദേശങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു.

 

നഗരപ്രദേശങ്ങളിൽ 95,478 വാർഡുകളിൽ 100% വീടുവീടാന്തരമുള്ള ഖരമാലിന്യ ശേഖരണവും 83,963 വാർഡുകളിൽ ഉറവിടത്തിൽ തന്നെ 100% ഖരമാലിന്യ വേർതിരിക്കലുമുണ്ട്. ഇന്ത്യയിൽ 3,254 ഖരമാലിന്യത്തിൽ നിന്ന് ജൈവവളമുണ്ടാക്കുന്ന (വേസ്റ്റ്-ടു-കമ്പോസ്റ്റ്) പ്ലാന്റുകളുണ്ട്. ഇവ പ്രതിദിനം 1.39 ലക്ഷം ടൺ മാലിന്യം സംസ്കരിക്കുന്നു. കൂടാതെ 60 ഖരമാലിന്യത്തിൽ നിന്ന് ഊർജ്ജമുണ്ടാക്കുന്ന (വേസ്റ്റ്-ടു-എനർജി) പ്ലാന്റുകളുമുണ്ട്. ഇവ പ്രതിദിനം 25,759.50 ടൺ മാലിന്യം സംസ്കരിക്കുന്നു. കൂടാതെ 1,112 മലിനജല ശുദ്ധീകരണ പ്ലാന്റുകൾ പ്രതിദിനം 41,020.63 മെഗാലിറ്റർ ദ്രാവകമാലിന്യവും 1,131 വേസ്റ്റ് സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ പ്രതിദിനം 95,371 കിലോ ലിറ്റർ ദ്രാവകമാലിന്യവും സംസ്കരിക്കുന്നു. നഗരപ്രദേശങ്ങളിൽ 37,766 പൊതു ശൗചാലയങ്ങളും 25,512 കമ്മ്യൂണിറ്റി ശൗചാലയങ്ങളും 5,061 മൂത്രപ്പുരകളും അടങ്ങുന്ന 68,339 പൊതു ശുചിത്വ സൗകര്യങ്ങളുണ്ട്.

അങ്ങനെ SBM വെറും ശൗചാലയ നിർമ്മാണത്തിൽ നിന്ന് സമഗ്രവും സുസ്ഥിരവുമായ ശുചിത്വ സംവിധാനങ്ങളിലേക്ക് വികസിച്ചു. പെരുമാറ്റ രീതിയിലുള്ള മാറ്റം, മാലിന്യ സംസ്കരണം, പൗര പങ്കാളിത്തം എന്നിവ ഇപ്പോൾ ഈ മാറ്റത്തിന്റെ പ്രധാന ഭാഗങ്ങളാണ്. ഇത്രയും വലിയ തോതിലുള്ള പെരുമാറ്റ രീതിയിലെ മാറ്റം സാധ്യമാക്കിയത് ദേശീയ തലത്തിലുള്ള നിരവധി പ്രചാരണ പരിപാടികളിലൂടെയാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വച്ഛത ഹി സേവ പ്രചാരണം.

സ്വച്ഛത ഹി സേവ: ശുചിത്വത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കുന്നു

2017 മുതൽ വർഷം തോറും സ്വച്ഛത ഹി സേവ (SHS) ആചരിച്ചുവരുന്നു. എല്ലാ വർഷവും ഒക്ടോബർ 2-ന് സംഘടിപ്പിക്കുന്ന സ്വച്ഛ് ഭാരത് ദിവസത്തിന് മുന്നോടിയായാണ് ഈ പ്രചാരണ പരിപാടി നടക്കുന്നത്. ഇത് സ്വമേധയാ ഉള്ള പ്രവർത്തനങ്ങളിലേക്കും സ്വച്ഛതയുടെ കൂട്ടായ ഉടമസ്ഥതയിലേക്കും പൗരന്മാരെ അണിനിരത്തുന്നു. SBM-ന്റെ വിപുലമായ ജനപങ്കാളിത്ത (ജൻ ഭാഗീദാരി) സമീപനത്തിൽ നിന്നാണ് ഈ പ്രചാരണം ഉയർന്നുവന്നത്. പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഗവൺമെന്റുകൾക്കും കൂട്ടായ ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ഇത് ഒരു നിശ്ചിത സമയം നൽകുന്നു. SHS 2026 സെപ്റ്റംബർ 17-ന് ആരംഭിച്ചു.

സ്വച്ഛത ഹി സേവ 2026: സ്വച്ഛത മേം സഹ്ഭാഗ്

SHS 2026 നിലവിൽ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടന്നുകൊണ്ടിരിക്കുകയാണ്. "സ്വച്ഛത മേം സഹ്ഭാഗ്; സ്വച്ഛ് ഭാരത്, വികസിത് ഭാരത്" എന്നതാണ് ഇതിന്റെ പ്രമേയം. ഈ പ്രചാരണം സമ്പൂർണ്ണ ഗവൺമെന്റ് (Whole of Government), സമ്പൂർണ്ണ സമൂഹം (Whole of Society) എന്നീ സമീപനങ്ങളാണ് പിന്തുടരുന്നത്. ഇത് യുവാക്കൾക്കും പങ്കാളികളുടെ ഉത്തരവാദിത്തങ്ങൾക്കും കൂട്ടായ ഉടമസ്ഥതയ്ക്കും കൂടുതൽ ഊന്നൽ നൽകുന്നു. 2026-ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളെക്കുറിച്ച് ഈ പ്രചാരണം ബോധവൽക്കരണവും സൃഷ്ടിക്കുന്നു. വിവിധ പങ്കാളികൾക്കിടയിലുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ധാരണ ശക്തിപ്പെടുത്താൻ ഇത് ലക്ഷ്യമിടുന്നു. SHS 2026-ന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഗവൺമെന്റ് സ്ഥാപനങ്ങളും പൊതുജനങ്ങളും ചേർന്ന് ഇനിപ്പറയുന്ന അഞ്ച് പ്രധാന പ്രവർത്തന സ്തംഭങ്ങൾ ഏറ്റെടുക്കുന്നു:

  1. ക്ലീൻലിനസ് ടാർഗറ്റ് യൂണിറ്റുകളുടെയും (CTU) വൃത്തിയുള്ള പൊതുയിടങ്ങളുടെയും മാറ്റം

ഈ പ്രചാരണം ശ്രദ്ധിക്കപ്പെടാത്ത മാലിന്യ നിക്ഷേപ കേന്ദ്രങ്ങളെയും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളെയും ലക്ഷ്യമിടുന്നു. ഈ സ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുകയും സൗന്ദര്യവൽക്കരിക്കുകയും പരിപാലിക്കുകയും ചെയ്യും. ശുചിത്വവും മാലിന്യവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ സ്വച്ഛത ആപ്പ് ഉപയോഗിക്കാവുന്നതാണ്. അടയാളപ്പെടുത്തിയ സ്ഥലങ്ങൾ പിന്നീട് SHS 2026 പോർട്ടലിൽ രേഖപ്പെടുത്താൻ സാധിക്കും. ചന്തകൾ, സ്കൂളുകൾ, ആശുപത്രികൾ, ഗതാഗത കേന്ദ്രങ്ങൾ, പാർക്കുകൾ, ജലാശയങ്ങൾ എന്നിവയും ഈ പ്രചാരണത്തിന്റെ പരിധിയിൽ വരുന്നു. പൊതു-കമ്മ്യൂണിറ്റി ശൗചാലയങ്ങൾ ഫേസസ് (FACES - Functional, Accessible, Clean, Eco-friendly and Safe) മാനദണ്ഡങ്ങൾ ഉപയോഗിച്ച് വിലയിരുത്തും.

  1. സ്വച്ഛ് പാഠശാല - യുവ ഫോർ സ്വച്ഛത

SHS 2026-ൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സവിശേഷമായ പങ്കുണ്ട്. സുസ്ഥിരമായ പെരുമാറ്റ രീതിയിലുള്ള മാറ്റത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്വച്ഛത ജ്ഞാൻ യാത്രകളിൽ പങ്കടുക്കും. ഈ സന്ദർശനങ്ങൾ മാലിന്യ സംസ്കരണത്തെക്കുറിച്ചും ശുചിത്വ സൗകര്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കും. ശുചിത്വത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും ചർച്ചകൾ സംഘടിപ്പിക്കാൻ സ്കൂളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ചർച്ചകളിൽ വ്യക്തിശുചിത്വം, കൈകഴുകൽ, ആർത്തവ ശുചിത്വം, സുരക്ഷിതമായ കുടിവെള്ളം എന്നിവ ഉൾപ്പെടുത്താം.

  1. സഫായിമിത്ര സുരക്ഷാ സേവാ ഏവം സമ്മാൻ ശിബിരങ്ങൾ

ശുചിത്വ തൊഴിലാളികളിലും അവരുടെ കുടുംബങ്ങളിലും ഈ പ്രചാരണം തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ക്യാമ്പുകളിലൂടെ ആരോഗ്യ സേവനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, ക്ഷേമ പദ്ധതികളുമായുള്ള ബന്ധപ്പെടുത്തലുകൾ എന്നിവ ലഭ്യമാക്കും.

  1. സ്വച്ഛതയ്ക്കായുള്ള ജൻ ഭാഗീദാരി (ജനപങ്കാളിത്തം)

ജൻ ഭാഗീദാരി (ജനപങ്കാളിത്തം) SHS 2026-ന്റെ കേന്ദ്രബിന്ദുവാണ്. ദൈനംദിന ശുചിത്വത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പൗരന്മാരെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. 2026-ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളെക്കുറിച്ചുള്ള (SWM Rules, 2026) ബോധവൽക്കരണം, നാല് രീതിയിലുള്ള ഉറവിട മാലിന്യ വേർതിരിക്കൽ പ്രദർശനങ്ങൾ, ഗാർഹിക കമ്പോസ്റ്റിംഗ് ബോധവൽക്കരണം, മാലിന്യം വലിച്ചെറിയുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്കും എതിരെയുള്ള പ്രചാരണങ്ങൾ, സ്വച്ഛത റാലികളും മനുഷ്യച്ചങ്ങലകളും പൊതു സ്വച്ഛതാ പ്രതിജ്ഞകളും പുനരുപയോഗിക്കാവുന്ന ഗാർഹിക സാമഗ്രികളുടെ ശേഖരണ ഉദ്യമങ്ങളും ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

ഈ പ്രചാരണം സ്വച്ഛ് പർവ്, ഹരിത് പർവ് എന്ന ആശയത്തെയും പ്രോത്സാഹിപ്പിക്കുന്നു. പ്രചാരണ കാലയളവിലെ ഉത്സവങ്ങളിൽ പരിസ്ഥിതി സൗഹൃദവും പ്ലാസ്റ്റിക് രഹിതവുമായ രീതികൾ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു.

  1. സ്വച്ഛത സേ സമൃദ്ധി

ഈ പ്രചാരണം ശുചിത്വത്തെ വിഭവ വീണ്ടെടുക്കലുമായും സർക്കുലാരിറ്റിയുമായും ബന്ധിപ്പിക്കുന്നു. ഇത് കുറയ്ക്കുക, പുനരുപയോഗം, പുനരുൽപ്പാദനം എന്നീ രീതികളെ പ്രോത്സാഹിപ്പിക്കുന്നു. 'കബാഡ് സേ ജുഗാഡ്' തള്ളിക്കളഞ്ഞ വസ്തുക്കളിൽ നിന്ന് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. 'കബാഡ് സേ കലാ' മാലിന്യങ്ങളിൽ നിന്നുള്ള കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കും. ഈ സംരംഭങ്ങൾ മാലിന്യ സംസ്കരണത്തെ സർഗ്ഗാത്മകതയുമായും വിഭവ വീണ്ടെടുക്കലുമായും ബന്ധിപ്പിക്കുന്നു.

കൂടാതെ 2026 ഒക്ടോബർ 1-ന് ഏക് ദിൻ, ഏക് ഘണ്ടാ, ഏക് സാഥ് (ഒരു ദിവസം, ഒരു മണിക്കൂർ, ഒരുമിച്ച്) എന്നതിന് കീഴിൽ ഒരേസമയത്തുള്ള ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുക്കും. പൗരന്മാർ, യുവജന കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ (NGO), സ്ഥാപനങ്ങൾ എന്നിവരെ ഈ പരിപാടികളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ഒക്ടോബർ 2-ന് നടക്കുന്ന പ്രത്യേക ഗ്രാമസഭകൾ SHS പ്രവർത്തനങ്ങളെക്കുറിച്ചും 2026-ലെ ഖരമാലിന്യ സംസ്കരണ ചട്ടങ്ങളെക്കുറിച്ചും (SWM Rules, 2026) ചർച്ച ചെയ്യും. നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രത്യേക കൗൺസിൽ യോഗങ്ങൾ സംഘടിപ്പിക്കും. അങ്ങനെ SHS 2026 ശുചിത്വം, പെരുമാറ്റ രീതിയിലെ മാറ്റം, യുവജന പങ്കാളിത്തം, മാലിന്യ സംസ്കരണം എന്നിവയെ സമന്വയിപ്പിക്കുന്നു. ഇത് ശുചിത്വ തൊഴിലാളികളിലേക്കും പൊതുശുചിത്വ ഭൗതികസാഹചര്യങ്ങളിലേക്കുമുള്ള ഊന്നലിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ സമീപനം ശുചിത്വം ഒരു പ്രവർത്തനം എന്നതിൽ നിന്ന്, ശുചിത്വം ഒരു കൂട്ടായ ശീലവും ഉത്തരവാദിത്തവും എന്ന നിലയിലേക്കുള്ള വിപുലമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.

2026-ലെ പ്രചാരണത്തെ ശരിയായ വീക്ഷണകോണിലൂടെ കാണുന്നതിന് വർഷങ്ങളായുള്ള SHS-ന്റെ വികാസം മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇതിന്റെ ശ്രദ്ധാകേന്ദ്രങ്ങളും പ്രമേയങ്ങളും സുസ്ഥിരമായ ശുചിത്വ ശീലങ്ങളിലേക്കുള്ള ഘട്ടം ഘട്ടമായുള്ള മുന്നേറ്റത്തെ കാണിക്കുന്നു.

2017-ൽ ആരംഭിച്ചത് മുതൽ ഉയർന്നുവരുന്ന ശുചിത്വ മുൻഗണനകളോട് പ്രതികരിച്ചുകൊണ്ട് പ്രചാരണം അതിന്റെ ശ്രദ്ധാകേന്ദ്രങ്ങളും വ്യാപ്തിയും ഇടപെടൽ മേഖലകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സ്വച്ഛത ഹി സേവ 2017: ഒരു ജനകീയ പ്രസ്ഥാനത്തിന്റെ തുടക്കം

ആദ്യത്തെ SHS പ്രചാരണം 2017 സെപ്റ്റംബർ 15-നാണ് ആരംഭിച്ചത്. സ്വച്ഛത ഹി സേവ പ്രതിജ്ഞയും രാജ്യവ്യാപകമായ പങ്കാളിത്തത്തിനായുള്ള ആഹ്വാനവും ഉദ്ഘാടനത്തിന്റെ പ്രത്യേകതയായിരുന്നു. പ്രചാരണം ശുചിത്വത്തെ ഒരു കൂട്ടായ ദേശീയ ഉത്തരവാദിത്തമായി സ്ഥാനപ്പെടുത്തി. ശ്രമദാനത്തിലൂടെ നേരിട്ട് പങ്കാളികളാകാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. ശ്രമദാനം (നിസ്വാർത്ഥ സേവനം) എന്നത് കമ്മ്യൂണിറ്റി സേവനത്തെയോ കമ്മ്യൂണിറ്റി ക്ഷേമത്തിനായുള്ള സ്വമേധയാ ഉള്ള സംഭാവനയെയോ സൂചിപ്പിക്കുന്നു. SBM-ന് കീഴിൽ ശ്രമദാനം ശുചിത്വ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആദ്യത്തെ SHS പ്രചാരണം SBM-ന് കീഴിലുള്ള വിപുലമായ ശുചിത്വ മാറ്റവുമായി അടുത്ത ബന്ധമുള്ളതായിരുന്നു. 2014 മുതൽ 2017 വരെ ആയപ്പോഴേക്കും 4.82 കോടി ശൗചാലയങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നു. ODF ഗ്രാമങ്ങളുടെ എണ്ണം 2.38 ലക്ഷത്തിൽ എത്തിയിരുന്നു. വ്യക്തിഗത ശൗചാലയങ്ങളുടെ ലഭ്യത 2014-ലെ 42%-ൽ നിന്ന് 2017-ൽ 64% ആയി ഉയർന്നു. അതിനാൽ പൗരന്മാരുടെ ഏകോപനത്തിനും കമ്മ്യൂണിറ്റി പങ്കാളിത്തത്തിനും ശക്തമായ ഊന്നൽ നൽകിക്കൊണ്ട്, ശുചിത്വ ഭൗതികസാഹചര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികാസത്തോടൊപ്പം SHS പ്രചാരണം ഉയർന്നുവന്നു.

2017-ലെ SHS വ്യാപകമായ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. സ്വച്ഛ് സങ്കൽപ് സ്വച്ഛ് സിദ്ധി ചിത്രരചനാ മത്സരത്തിൽ മൊത്തം 2.46 കോടി കുട്ടികൾ പങ്കെടുത്തു. കുട്ടികളിൽ ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിലാണ് മത്സരം ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രചാരണം സോഷ്യൽ മീഡിയ ഏകോപനത്തിനും സാക്ഷ്യം വഹിച്ചു. #SwachhataHiSeva എന്നത് ഉദ്ഘാടന ദിവസം ഒരു മുൻനിര ട്രെൻഡായി മാറി. പൗരന്മാർ പിന്നീട് അവരുടെ ശ്രമദാനവും ശുചിത്വ പ്രവർത്തനങ്ങളും ഓൺലൈനിൽ പങ്കിടുന്നതിന് ഈ ഹാഷ്‌ടാഗ് ഉപയോഗിച്ചു.

മറ്റ് സംരംഭങ്ങളിൽ ശുചിത്വ ഡ്രൈവുകൾ, ശുചിത്വ പ്രവർത്തനങ്ങൾ, വെളിയിട വിസർജന സാധ്യതയുള്ള സ്ഥലങ്ങൾക്ക് ചുറ്റുമുള്ള പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. സ്വയംസഹായ സംഘങ്ങളും (SHGs) സന്നദ്ധ സംഘടനകളും (NGOs) പ്രാദേശിക സമൂഹങ്ങളും ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

സ്വച്ഛത ഹി സേവ 2018: സ്വച്ഛതയ്ക്കായുള്ള ജനകീയ പ്രസ്ഥാനത്തെ (ജൻ ആന്ദോളൻ) ശക്തിപ്പെടുത്തുന്നു

SHS 2018 സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു. SHS 2018 ജനപങ്കാളിത്ത (ജൻ ഭാഗീദാരി) സമീപനത്തെ ശക്തിപ്പെടുത്തുകയും 'ശുചിത്വം ഏവരുടെയും ഉത്തരവാദിത്തമാണ്' എന്ന ആശയത്തെ ദൃഢമാക്കുകയും ചെയ്തു. വിദ്യാർത്ഥികൾ, സ്വച്ഛാഗ്രഹികൾ (ഗ്രാമപഞ്ചായത്ത് തലത്തിൽ പൂർണ്ണമായി അർപ്പണബോധമുള്ളതും പരിശീലനം ലഭിച്ചതും കൃത്യമായി ആനുകൂല്യങ്ങൾ നൽകപ്പെടുന്നതുമായ ശുചിത്വ തൊഴിലാളികൾ), നിഗ്രാണി സമിതികൾ (വ്യക്തികൾ തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം നടത്താതിരിക്കാൻ ബോധവൽക്കരണം നടത്തുന്നവർ), വനിതാ നേതാക്കൾ, യുവജന കൂട്ടായ്മകൾ, പ്രമുഖ വ്യക്തിത്വങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവരെ ഇത് ഒന്നിച്ചു കൊണ്ടുവന്നു. ഈ പ്രചാരണം ഗ്രാമസഭകൾ, റെയിൽവേ, പ്രമുഖ സ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലുടനീളം പ്രവർത്തനങ്ങൾ വിപുലീകരിച്ചു.

പ്രചാരണം കുട്ടികൾക്കും ചെറുപ്പക്കാർക്കും പ്രത്യേക പ്രാധാന്യം നൽകി. 3 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ കൈകഴുകൽ പ്രചാരണങ്ങളിൽ പങ്കെടുത്തു. 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ ഔട്ട്ഡോർ സ്വച്ഛത പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സെപ്റ്റംബർ 16-ന് സ്വച്ഛത സഭകൾ സംഘടിപ്പിച്ചു. പ്രാദേശിക ശുചിത്വം വിലയിരുത്തുന്നതിനായി ഗ്രാമങ്ങളിൽ പ്രത്യേക ഗ്രാമസഭകൾ സംഘടിപ്പിച്ചു. ഭാവിയിലെ ശുചിത്വ പ്രവർത്തനങ്ങൾക്കായുള്ള കർമ്മപദ്ധതികളും അവർ തയ്യാറാക്കി. സെപ്റ്റംബർ 17 സേവാ ദിനമായി ആചരിച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങൾ രാജ്യത്തുടനീളം സ്വച്ഛത പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മന്ത്രാലയ നേതൃത്വത്തിന് കീഴിൽ ഗവൺമെന്റ് ജീവനക്കാർ ഈ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സെപ്റ്റംബർ 25-ലെ അന്ത്യോദയ ദിവസം സാമൂഹിക അണിനിരത്തലിന് മറ്റൊരു തലം കൂട്ടിച്ചേർത്തു. ഓരോ സ്വച്ഛാഗ്രഹിയും കൂടുതൽ വിശാലമായ സ്വച്ഛാഗ്രഹി ശൃംഖല രൂപീകരിക്കാൻ പ്രോത്സാഹിപ്പിക്കപ്പെട്ടു. വ്യക്തിഗത സന്നദ്ധപ്രവർത്തകർക്കപ്പുറത്തേക്ക് ശുചിത്വ പങ്കാളിത്തം വിപുലീകരിക്കാൻ ഈ സമീപനം ലക്ഷ്യമിട്ടു. ഇത് പ്രാദേശിക നേതൃത്വത്തെ സുസ്ഥിരമായ ശുചിത്വ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു.

ഒരു ദൗത്യം, പല സ്വരങ്ങൾ: സ്വച്ഛതയ്ക്കായി ഇന്ത്യ ഒന്നിക്കുന്നു

സ്വച്ഛത ഹി സേവ 2018 ശുചിത്വത്തിലേക്കുള്ള ഒരു കൂട്ടായ ശ്രമത്തിനായി ഇന്ത്യയിലുടനീളമുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുവന്നു. ദിബ്രുഗഢിൽ നിന്നുള്ള സ്കൂൾ കുട്ടികൾ, ദന്തേവാഡ, സേലം എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ സ്വച്ഛാഗ്രഹികൾ, ബിജ്നോറിൽ ഗംഗാ നദി വൃത്തിയാക്കുന്ന സന്നദ്ധപ്രവർത്തകർ എന്നിവർ തങ്ങളുടെ തൃണമൂല തലത്തിലുള്ള ശ്രമങ്ങൾ പങ്കുവെച്ചു. മുംബൈയിലെ ഒരു കടൽത്തീരം വൃത്തിയാക്കിയതിനെക്കുറിച്ച് ശ്രീ അമിതാഭ് ബച്ചൻ സംസാരിച്ചപ്പോൾ ഓരോ പൗരനും വേണ്ടിയുള്ള ഒരു പ്രസ്ഥാനത്തിലേക്ക് സംഭാവന നൽകുന്നതിന്റെ അഭിമാനത്തെ ശ്രീ രത്തൻ ടാറ്റ എടുത്തുപറഞ്ഞു. പാംഗോങ് തടാകത്തിൽ നിന്ന് ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു, ദൈനിക് ജാഗരൺ പോലുള്ള മാധ്യമ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, റെയിൽവേ ജീവനക്കാർ, സാധാരണ പൗരന്മാർ എന്നിവരും തങ്ങളുടെ ശ്രമങ്ങൾ കൂട്ടിച്ചേർത്തു. സ്വച്ഛ് ഭാരത് എന്നത് ഗവൺമെന്റിന്റെ മാത്രം പ്രസ്ഥാനമല്ല, മറിച്ച് രാജ്യത്തിന്റെ മുഴുവൻ പ്രസ്ഥാനമാണെന്ന ഗവൺമെന്റ് സന്ദേശമാണ് ഈ ശബ്ദങ്ങൾ ഒന്നടങ്കം പ്രതിഫലിപ്പിച്ചത്.

സ്വച്ഛത ഹി സേവ 2019: ഊന്നൽ പ്ലാസ്റ്റിക് മാലിന്യത്തിലേക്ക്

SHS 2019 സെപ്റ്റംബർ 11 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു. ഈ പ്രചാരണം പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യ ബോധവൽക്കരണത്തിലും സംസ്കരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്ക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. തുണി, ചണം എന്നിവകൊണ്ടുള്ള സഞ്ചികൾ പോലുള്ള ബദലുകളെ പ്രചാരണം പ്രോത്സാഹിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനും വേർതിരിക്കലിനുമായി ഒക്ടോബർ 2-ന് രാജ്യവ്യാപകമായി ശ്രമദാനം സംഘടിപ്പിച്ചു. ശ്രമദാനത്തിലൂടെ ശേഖരിച്ച പ്ലാസ്റ്റിക് പിന്നീട് പുനരുപയോഗിക്കുന്നതിനോ അല്ലെങ്കിൽ അനുയോജ്യമായ രീതിയിൽ സംസ്കരിക്കുന്നതിനോ ആസൂത്രണം ചെയ്തു. അതിനാൽ, പ്രചാരണം വെറും ശേഖരണത്തിനപ്പുറം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ തുടർന്നുള്ള സംസ്കരണത്തെക്കൂടി അഭിസംബോധന ചെയ്യാൻ വികസിച്ചു. കൂടാതെ ഈ പ്രചാരണ വേളയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്താൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകി. ഇതിന്റെ ഫലമായി ആറ് സംസ്ഥാനങ്ങളും 171 ജില്ലകളും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചു.

കോവിഡ്-19 മഹാമാരി കാരണം 2020-ൽ SHS സംഘടിപ്പിച്ചിരുന്നില്ല.

സ്വച്ഛത ഹി സേവ 2021: ദൃശ്യപരമായ ശുചിത്വത്തിന്റെ സംസ്കാരം കെട്ടിപ്പടുക്കുന്നു

SHS 2021 സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു. ഗ്രാമങ്ങളിൽ ODF പ്ലസ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ODF നേട്ടങ്ങൾ നിലനിർത്താനും ഇത് ലക്ഷ്യമിട്ടു. ഈ പ്രചാരണം ബോധവൽക്കരണത്തെ കമ്മ്യൂണിറ്റി അണിനിരത്തലുമായി സംയോജിപ്പിച്ചു. SHS 2021 വേളയിൽ 1.5 ലക്ഷത്തിലധികം ശ്രമദാന പ്രവർത്തനങ്ങളിൽ 60 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. 2021 ഒക്ടോബർ 1 വരെ 43,000-ത്തിലധികം ഗ്രാമസഭകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്കെതിരെ പ്രമേയം പാസാക്കി.

'സത്യാഗ്രഹ സേ സ്വച്ഛാഗ്രഹ രഥയാത്ര' ആയിരുന്നു SHS 2021-ന്റെ ഒരു പ്രധാന സവിശേഷത. ശുചിത്വ ബോധവൽക്കരണം പ്രചരിപ്പിക്കുന്നതിനായി 783-ലധികം സ്വച്ഛത രഥങ്ങൾ ജില്ലകളിലും ബ്ലോക്കുകളിലും ഗ്രാമപഞ്ചായത്തുകളിലും പര്യടനം നടത്തി. സ്വച്ഛത ശ്രമദാനത്തിലൂടെയും 37,507 സ്വച്ഛത ജാഗൃതി യാത്രകളിലൂടെയും ഈ പ്രചാരണം ബോധവൽക്കരണത്തെ നേരിട്ടുള്ള കമ്മ്യൂണിറ്റി പ്രവർത്തനവുമായി സംയോജിപ്പിച്ചു. സ്വച്ഛ് ഭാരത് ദിവസിൽ മാത്രം, ഏകദേശം 6.4 ലക്ഷം ആളുകൾ 2.4 ലക്ഷത്തിലധികം ശ്രമദാന പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

ഗ്രാമീണ മേഖലകളിലുടനീളം ശുചിത്വ സന്ദേശങ്ങൾ ദൃശ്യമാക്കുന്നതിന് SHS 2021 ആശയവിനിമയ ഉപാധികൾ ഉപയോഗിച്ചു. 9,401 ചുവർ ചിത്രങ്ങൾ, റാലികൾ, നിരവധി മുദ്രാവാക്യ രചനകൾ എന്നിവ ODF പ്ലസ് സന്ദേശങ്ങൾ ഗ്രാമങ്ങളിലേക്ക് എത്തിച്ചു. പ്രചാരണം സ്വച്ഛത ചാമ്പ്യന്മാരെ അംഗീകരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും കമ്മ്യൂണിറ്റി പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

SHS 2021 ശുചിത്വത്തിന്റെ അത്ര പ്രകടമല്ലാത്ത വശങ്ങളെയും അഭിസംബോധന ചെയ്തു. 'സ്ഥായിത്വ ഏവം സുജലം അഭിയാൻ' ദ്രാവകമാലിന്യ സംസ്കരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പ്രചാരണ വേളയിൽ 15,951 ഗാർഹിക തലത്തിലുള്ളതും 7,216 കമ്മ്യൂണിറ്റി തലത്തിലുള്ളതുമായ സോക് പിറ്റുകൾ (ശോഷണ ഗർത്തങ്ങൾ) നിർമ്മിച്ചു. അതിനാൽ സമഗ്രമായ ശുചിത്വത്തിനായി (സമ്പൂർണ്ണ സ്വച്ഛത) SHS 2021 ജനപങ്കാളിത്തം (ജൻ ഭാഗീദാരി) ശക്തിപ്പെടുത്തി. ഇത് SHS 2022-ന്റെ കൂടുതൽ ശക്തമായ ദൃശ്യപരമായ ശുചിത്വ ലക്ഷ്യത്തിന് ഒരു പ്രധാന അടിത്തറയിട്ടു.

സ്വച്ഛത ഹി സേവ 2022: ദൃശ്യപരമായ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു

SHS 2022 സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ സംഘടിപ്പിച്ചു. പ്രചാരണം ഗ്രാമങ്ങളുടെ ദൃശ്യപരമായ ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗ്രാമങ്ങൾക്ക് ചുറ്റും തള്ളിയ ചവറുകളെയും മാലിന്യങ്ങളെയും ലക്ഷ്യമിടുകയും ചെയ്തു. ODF പ്ലസ് ഗ്രാമങ്ങൾക്കായുള്ള ജനപങ്കാളിത്തം (ജൻ ഭാഗീദാരി) ശക്തിപ്പെടുത്താൻ SHS 2022 ലക്ഷ്യമിട്ടു. ഇത് ഒരു "സമ്പൂർണ്ണ സ്വച്ഛ്" ഗ്രാമം എന്ന ആശയം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 'ശുചിത്വം ഏവരുടെയും ഉത്തരവാദിത്തമാണ്' എന്ന തത്വം പ്രചാരണം വീണ്ടും ഉറപ്പിച്ചു. ഈ പ്രചാരണം ദൃശ്യപരമായ ശുചിത്വത്തെ മാലിന്യ വേർതിരിക്കൽ, പ്ലാസ്റ്റിക് സംസ്കരണം, ജലാശയങ്ങൾക്ക് ചുറ്റുമുള്ള ശുചിത്വം തുടങ്ങിയ വിപുലമായ ശുചിത്വ രീതികളുമായി ബന്ധിപ്പിച്ചു. ഈ സമീപനം SBM-G ഫേസ് II-ന് കീഴിലുള്ള സുസ്ഥിര ഗ്രാമീണ ശുചിത്വത്തിലേക്കുള്ള മാറ്റത്തിന് പിന്തുണ നൽകി.

ഒമ്പത് സംസ്ഥാനങ്ങളിലുടനീളം നടന്ന 'യൂണൈറ്റഡ് ഇന്ത്യ ഫോർ സ്വച്ഛത' (United India for Swachhata) പ്രവർത്തനങ്ങളും ഈ പ്രചാരണത്തിൽ ഉൾപ്പെട്ടിരുന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി 4R തത്വം (Refuse, Reduce, Reuse, Recycle) ഈ പ്രചാരണം പ്രോത്സാഹിപ്പിച്ചു. ശുചിത്വ അവബോധം പ്രോത്സാഹിപ്പിക്കുന്നതിന് SHS 2022 ഒന്നിലധികം ആശയവിനിമയ മാർഗ്ഗങ്ങൾ ഉപയോഗിച്ചു. ചുവർ ചിത്രങ്ങൾ, തെരുവു നാടകങ്ങൾ, സ്വച്ഛത രഥങ്ങൾ, സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. "മാലിന്യം വലിച്ചെറിയില്ല" എന്ന പ്രതിജ്ഞയെടുക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. ഈ പ്രവർത്തനങ്ങൾ ഗ്രാമീണ നേതൃത്വത്തെ കമ്മ്യൂണിറ്റി തലത്തിലുള്ള ശുചിത്വ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചു.

ഗ്രാമീണ ഇന്ത്യയിലുടനീളം വൻതോതിലുള്ള പങ്കാളിത്തമാണ് ഈ പ്രചാരണം രേഖപ്പെടുത്തിയത്. ശുചിത്വ പ്രവർത്തനങ്ങൾക്കായുള്ള ശ്രമദാനത്തിൽ 9.81 കോടിയിലധികം ആളുകൾ പങ്കെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്കെതിരെ 1.59 ലക്ഷത്തിലധികം ഗ്രാമപഞ്ചായത്തുകൾ പ്രമേയം പാസാക്കിയതായും ഈ പ്രചാരണം രേഖപ്പെടുത്തി. ODF പ്ലസ് ഘടകങ്ങളെക്കുറിച്ചുള്ള സർപ്പഞ്ച് സംവാദങ്ങളിൽ ഏകദേശം 1.68 ലക്ഷം സർപ്പഞ്ചുമാർ പങ്കെടുത്തു. അങ്ങനെ ഈ പ്രചാരണം കൂടുതൽ വൃത്തിയുള്ള ചുറ്റുപാടുകളെ കമ്മ്യൂണിറ്റി ഉടമസ്ഥതയുമായും സുസ്ഥിര മാലിന്യ സംസ്കരണവുമായും ബന്ധിപ്പിച്ചു.

സ്വച്ഛത ഹി സേവ 2023: മാലിന്യമുക്ത ഇന്ത്യയിലേക്ക്

2023 സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2 വരെ നടന്ന SHS 2023 മാലിന്യമുക്ത ഇന്ത്യ എന്ന പ്രമേയം സ്വീകരിച്ചു. സന്നദ്ധപ്രവർത്തനം, ശ്രമദാനം, ദൃശ്യപരമായ ശുചിത്വം, സഫായി മിത്ര ക്ഷേമം എന്നിവയിലാണ് പ്രചാരണം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനായി സെപ്റ്റംബർ 17 മുതൽ സഫായിമിത്ര സുരക്ഷാ ശിബിരങ്ങൾ സംഘടിപ്പിച്ചു. ഖരമാലിന്യ സംസ്കരണത്തിലും ഉപയോഗിച്ച വെള്ളത്തിന്റെ സംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാ ശുചിത്വ തൊഴിലാളികളുടെയും ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയായിരുന്നു ഈ ശിബിരങ്ങളുടെ ലക്ഷ്യം.

18 ദിവസം നീണ്ടുനിന്ന പ്രചാരണ വേളയിൽ 109 കോടിയിലധികം പങ്കാളിത്തം രേഖപ്പെടുത്തി. സ്വച്ഛതയ്ക്കായുള്ള ശ്രമദാനത്തിൽ ഏകദേശം 53 കോടി ജനങ്ങൾ പങ്കെടുത്തു. ഇത് പ്രതിദിനം ശരാശരി ബാക്കി മൂന്ന് കോടി ശ്രമദാന പങ്കാളികൾക്ക് തുല്യമായിരുന്നു. ഒക്ടോബർ 1-ന് നടന്ന "ഏക് താരിഖ് ഏക് ഘണ്ടാ ഏക് സാഥ്" (ഒരു തീയതി, ഒരു മണിക്കൂർ, ഒരുമിച്ച്) എന്ന പരിപാടിയിലൂടെ പ്രചാരണം അതിന്റെ ഉച്ചസ്ഥായിയിലെത്തി. രാജ്യവ്യാപകമായി നടന്ന ഏകദേശം 9.2 ലക്ഷം പരിപാടികളിൽ 8.75 കോടിയോളം ജനങ്ങൾ പങ്കെടുത്തു. ഗ്രാമീണ മേഖലകളിൽ 6.8 കോടി പങ്കാളികളും നഗരപ്രദേശങ്ങളിൽ 1.95 കോടി പങ്കാളികളും രേഖപ്പെടുത്തി.

ഈ പ്രചാരണം പൊതുയിടങ്ങളിലുടനീളം പ്രകടമായ പുരോഗതി ഉണ്ടാക്കി. ഏകദേശം 7,611 കടൽത്തീരങ്ങൾ വൃത്തിയാക്കി. 6,371 നദിക്കരകളും ജലാശയ തീരങ്ങളും പുനരുജ്ജീവിപ്പിച്ചു. 15,576-ലധികം പഴയ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വീണ്ടെടുത്തു. 3,620 വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രമുഖ സ്ഥലങ്ങളും മെച്ചപ്പെടുത്തി. 1.23 ലക്ഷത്തിലധികം പൊതുയിടങ്ങൾ പുനഃസ്ഥാപിച്ചു. 16,000-ത്തിലധികം ജലാശയങ്ങൾ വൃത്തിയാക്കി. മാലിന്യം തള്ളാൻ സാധ്യതയുള്ള ഏകദേശം 66,779 സ്ഥലങ്ങൾ വൃത്തിയാക്കി.

ഇന്ത്യൻ സ്വച്ഛത ലീഗ് 2.0 യുവാക്കളെയും പ്രചാരണത്തിലേക്ക് കൊണ്ടുവന്നു. പങ്കാളിത്തത്തിനായി 4,000-ത്തിലധികം നഗര ടീമുകളെ സജ്ജമാക്കി. കടൽത്തീരങ്ങൾ, മലനിരകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ വൃത്തിയാക്കാൻ ഈ ടീമുകൾ അണിനിരന്നു. സ്വച്ഛതയിൽ സുസ്ഥിരമായ യുവജന പങ്കാളിത്തം കെട്ടിപ്പടുക്കാനാണ് ഈ സംരംഭം ലക്ഷ്യമിട്ടത്.

SHS 2023 സ്വച്ഛ് ഭാരത് മിഷന്റെ ഗ്രാമീണ, നഗര ഘടകങ്ങളെ ഒന്നിച്ചുകൊണ്ടുവന്നു. 71 മന്ത്രാലയങ്ങളും വകുപ്പുകളും തങ്ങളുടേതായ തനിമയാർന്ന രീതികളിൽ പ്രചാരണത്തിന് സംഭാവന നൽകി. അവരുടെ സംരംഭങ്ങൾ ശുചിത്വ ശ്രമങ്ങളെ വിവിധ മേഖലകളിലേക്കും പൊതു ഇടങ്ങളിലേക്കും വിപുലീകരിച്ചു. ഉദാഹരണത്തിന് വിനോദസഞ്ചാര മന്ത്രാലയം തിരഞ്ഞെടുക്കപ്പെട്ട 108 കേന്ദ്രങ്ങളിൽ 'ട്രാവൽ ഫോർ ലൈഫ് ഫോർ ക്ലീൻലിനസ്' പ്രചാരണം ആരംഭിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സിനിമാ തിയേറ്ററുകളിൽ SHS വീഡിയോ പ്രദർശിപ്പിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മൊബൈൽ നെറ്റ്‌വർക്കുകളിലുടനീളം SHS റിംഗ്‌ടോൺ പ്ലേ ചെയ്തു.

ഏകോപിതമായ ഗവൺമെന്റ്, കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലൂടെ സാധ്യമാകുന്ന വ്യാപ്തിയെ ഈ പ്രചാരണം തെളിയിച്ചു. ഇതിന്റെ ഫലങ്ങൾ, ശൗചാലയങ്ങൾക്കപ്പുറത്തേക്ക് മാലിന്യ സംസ്കരണത്തിലേക്കും പെരുമാറ്റ രീതിയിലെ മാറ്റത്തിലേക്കുമുള്ള സ്വച്ഛതയുടെ വികസിക്കുന്ന വ്യാപ്തിയെയും കാണിച്ചു.

സ്വച്ഛത ഹി സേവ 2024: സ്വച്ഛതയിൽ നിന്ന് സ്വഭാവത്തിലേക്ക്

2024 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടന്ന SHS 2024 പെരുമാറ്റത്തിലേക്കും സാമൂഹിക മൂല്യങ്ങളിലേക്കുമുള്ള വലിയൊരു മാറ്റത്തെ അടയാളപ്പെടുത്തി. "സ്വഭാവ് സ്വച്ഛത, സംസ്കാർ സ്വച്ഛത" എന്നതായിരുന്നു ഇതിന്റെ പ്രമേയം. പ്രചാരണം താഴെ പറയുന്ന പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു:

  • ക്ലീൻലിനസ് ടാർഗെറ്റ് യൂണിറ്റുകളുടെ (അവഗണിക്കപ്പെട്ടതും വൃത്തിഹീനവുമായ പ്രദേശങ്ങൾ) മാറ്റം
  • സ്വച്ഛത മേം ജൻ ഭാഗീദാരി: ശുചിത്വത്തിൽ ജനപങ്കാളിത്തം
  • സഫായി മിത്ര സുരക്ഷാ ശിബിരങ്ങൾ: ശുചിത്വ തൊഴിലാളികളുടെ ക്ഷേമം

പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതും തികച്ചും അവഗണിക്കപ്പെട്ടതുമായി കണ്ടെത്തിയ പ്രദേശങ്ങളായിരുന്നു ക്ലീൻലിനസ് ടാർഗെറ്റ് യൂണിറ്റുകൾ (CTU). മാലിന്യ കേന്ദ്രങ്ങൾ അല്ലെങ്കിൽ ഡംപ്‌സൈറ്റുകൾ പോലുള്ള ഈ പ്രദേശങ്ങൾ, വിവിധ പ്രദേശങ്ങളിൽ സാധാരണ നടക്കാറുള്ള ശുചിത്വ ഡ്രൈവുകളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയിരുന്നു. സമയബന്ധിതമായ ഇടപെടലുകളിലൂടെ ഇത്തരം സ്ഥലങ്ങളെ മാറ്റിയെടുക്കാൻ ഈ പ്രചാരണം ലക്ഷ്യമിട്ടു. ഈ പ്രചാരണം 3.10 ലക്ഷം ജനവാസ  മേഖലകളെ (റെസിഡൻഷ്യൽ ഏരിയകളെ) മാറ്റിയെടുത്തു. ഇത് 2.11 ലക്ഷം റോഡരികിലെ പ്രദേശങ്ങളെയും 56,526 മാർക്കറ്റ് കേന്ദ്രങ്ങളെയും പുനരുജ്ജീവിപ്പിച്ചു. പ്രചാരണ വേളയിൽ 61 ലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു.

രസകരമെന്നു പറയട്ടെ, SHS 2024 പരമ്പരാഗത ശുചിത്വ ഡ്രൈവുകൾക്കപ്പുറത്തേക്ക് പങ്കാളിത്തം വിപുലീകരിച്ചു. സ്വച്ഛ് ഭാരത് സാംസ്കാരിക മഹോത്സവങ്ങൾ ശുചിത്വത്തെ പ്രാദേശിക കലയുമായും സംസ്കാരവുമായും ബന്ധിപ്പിച്ചു. ഈ പരിപാടികൾ ജനപങ്കാളിത്തവും സഫായി മിത്രമാരുടെ സംഭാവനകളും എടുത്തുകാണിക്കുകയും ചെയ്തു. പ്രചാരണ വേളയിൽ 76,837 സ്വച്ഛ് ഭാരത് സാംസ്കാരിക മഹോത്സവങ്ങൾ രേഖപ്പെടുത്തി. ഏകദേശം 15,710 സ്വച്ഛ് ഫുഡ് സ്ട്രീറ്റുകൾ സ്ഥാപിച്ചു. മാലിന്യത്തിൽ നിന്ന് കല സൃഷ്ടിക്കുന്ന (Waste-to-Art) പ്രവർത്തനങ്ങളെയും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളെയും ഈ സംരംഭം പ്രോത്സാഹിപ്പിച്ചു. അതിനാൽ സാംസ്കാരിക പങ്കാളിത്തം ശുചിത്വം പ്രചരിപ്പിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗമായി മാറി.

സഫായി മിത്ര സുരക്ഷാ ശിബിരങ്ങൾ രോഗപ്രതിരോധ ആരോഗ്യ സംരക്ഷണവും ക്ഷേമ പദ്ധതികളുമായുള്ള ബന്ധവും നൽകി. ഇത് ശുചിത്വം എന്നതിന്റെ അർത്ഥത്തെ കൂടുതൽ വിപുലമാക്കി. കൂടുതൽ വൃത്തിയുള്ള ചുറ്റുപാടുകളെയും ശുചിത്വ സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തെയും ഈ പ്രചാരണം അഭിസംബോധന ചെയ്തു.

ഈ പരിപാടിക്കിടെ 2024 ഒക്ടോബർ 1 ആയപ്പോഴേക്കും 29.21 ലക്ഷം പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു. അവയിൽ 26.44 ലക്ഷം പരിപാടികൾ പൂർത്തിയാക്കി. ജനപങ്കാളിത്തം 26.25 കോടി ആളുകളിലെത്തി. പൗരന്മാർ 3.04 ലക്ഷം സ്വച്ഛത പ്രതിജ്ഞകളും എടുത്തു. അതിനാൽ SHS 2024 ശുചിത്വത്തെ ശീലങ്ങൾ, മൂല്യങ്ങൾ, പങ്കാളിത്തം, അന്തസ്സ് എന്നിവയുമായി ബന്ധിപ്പിച്ചു.

സ്വച്ഛത ഹി സേവ 2025: ശുചിത്വത്തെ സാമൂഹിക ആഘോഷങ്ങളിലേക്ക് എത്തിക്കുന്നു

SHS 2025, 2024-ലെ പെരുമാറ്റ രീതിയിലുള്ള ഊന്നലിനെ മുൻനിർത്തി കെട്ടിപ്പടുത്തതാണ്. "സ്വച്ഛോത്സവ്", വൃത്തിയുള്ള ആഘോഷങ്ങളുടെ മനോഭാവം എന്നിവയായിരുന്നു ഇതിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. ഈ പ്രചാരണം സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടന്നു. സ്വച്ഛോത്സവിന്റെ കാതൽ അതിന്റെ അഞ്ച് പ്രധാന സ്തംഭങ്ങളായിരുന്നു. ആളുകളെയും സ്ഥലങ്ങളെയും ലക്ഷ്യങ്ങളെയും ഒന്നിച്ചുചേർത്തുകൊണ്ട് കൂടുതൽ വൃത്തിയുള്ളതും ഹരിതവുമായ ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടിനെ പ്രായോഗിക പ്രവർത്തനമാക്കി മാറ്റിയ ലക്ഷ്യബോധമുള്ള സംരംഭങ്ങളായിരുന്നു ഇവ.

SHS 2025-ന്റെ അഞ്ച് സ്തംഭങ്ങൾ ഇവയായിരുന്നു:

  • ക്ലീൻലിനസ് ടാർഗെറ്റ് യൂണിറ്റുകളുടെ മാറ്റം
  • വൃത്തിയുള്ള പൊതുയിടങ്ങൾ
  • സഫായിമിത്ര സുരക്ഷാ ശിബിരം
  • വൃത്തിയുള്ള ഹരിത ആഘോഷങ്ങൾ
  • സ്വച്ഛതയ്ക്കായുള്ള പിന്തുണ

ഈ പ്രചാരണം 15.75 ലക്ഷം CTU-കൾ (ക്ലീൻലിനസ് ടാർഗെറ്റ് യൂണിറ്റുകൾ) വൃത്തിയാക്കി. ഈ പ്രവർത്തനങ്ങളിൽ 7.74 കോടി ആളുകൾ പങ്കെടുത്തു. 6.22 കോടി പൗരന്മാരുടെ പങ്കാളിത്തത്തോടെ 5.89 ലക്ഷം പൊതുയിടങ്ങൾ വൃത്തിയാക്കുന്നതിനും ഈ പ്രചാരണം വഴിവെച്ചു. SHS 2025 ശുചിത്വത്തെ സാംസ്കാരിക ആഘോഷങ്ങളുമായും ബന്ധിപ്പിച്ചു. ഉത്സവ വേളകളിൽ സുസ്ഥിരമായ രീതികൾ സ്വീകരിക്കാൻ കമ്മ്യൂണിറ്റികളെ പ്രോത്സാഹിപ്പിച്ചു. അതിനാൽ ഈ പ്രചാരണത്തിന്റെ ഭാഗമായി 4.31 ലക്ഷത്തിലധികം പരിസ്ഥിതി സൗഹൃദ പന്തലുകളും 3.18 ലക്ഷത്തിലധികം ഉത്സവാന്തര ശുചിത്വ പ്രവർത്തനങ്ങളും 2.81 ലക്ഷത്തിലധികം സ്വച്ഛത രംഗോളികളും രേഖപ്പെടുത്തി. ഈ സമീപനം ശുചിത്വത്തെ സാമൂഹിക ആഘോഷങ്ങളിലേക്ക് കൊണ്ടുവന്നു.

ഈ പ്രചാരണം സഫായിമിത്ര സുരക്ഷാ ശിബിരം എന്ന സംരംഭം തുടർന്നു. പ്രചാരണ വേളയിൽ 2.71 ലക്ഷത്തിലധികം ശിബിരങ്ങൾ സംഘടിപ്പിക്കുകയും 5.12 ലക്ഷം ശുചിത്വ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു. തൊഴിലാളികൾക്കായി 1.63 ലക്ഷം രോഗപ്രതിരോധ ആരോഗ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുകയും 4.55 ലക്ഷം PPE കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഈ ശിബിരങ്ങൾ 81.51 ലക്ഷം ഗുണഭോക്താക്കൾക്ക് പ്രയോജനം ചെയ്തു.

നിരവധി പിന്തുണാ പ്രവർത്തനങ്ങൾ പ്രചാരണത്തിന്റെ ജനകീയ പങ്കാളിത്തം വിപുലീകരിച്ചു. 3.27 കോടി ആളുകളുടെ പങ്കാളിത്തത്തോടെ ആകെ 29.02 ലക്ഷം പരിപാടികൾ സംഘടിപ്പിച്ചു. സംഘടിപ്പിച്ച ചില പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്:

  • 4.09 ലക്ഷം സ്വച്ഛത റാലികൾ
  • 1.01 ലക്ഷം മാലിന്യത്തിൽ നിന്ന് കലാ നിർമ്മിതികൾ
  • 2.47 ലക്ഷം സ്വച്ഛത മത്സരങ്ങൾ
  • 93,145 കായിക ലീഗുകൾ
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനെതിരെ 3.64 ലക്ഷം ബോധവൽക്കരണ യജ്ഞങ്ങൾ
  • 15.94 ലക്ഷം വീടുവീടാന്തരമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ
  • 92,971 സ്വച്ഛ് ഫുഡ് സ്ട്രീറ്റുകൾ

SHS 2025 രാജ്യത്തിലുടനീളം 18.06 കോടി ജനങ്ങളുടെ പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. അങ്ങനെ SHS 2025 സ്വച്ഛതയെ കേവലം ശുചിത്വ പ്രവർത്തനങ്ങളിൽ നിന്ന് സാമൂഹിക ആഘോഷങ്ങളിലേക്കും സുസ്ഥിര ശീലങ്ങളിലേക്കും വിപുലീകരിച്ചു.

ശുചിത്വത്തിനപ്പുറം: ദൈനംദിന പെരുമാറ്റത്തെ രൂപപ്പെടുത്തുന്നു

SHS-ന്റെ ഇതുവരെയുള്ള യാത്ര ശുചിത്വത്തിന്റെ ക്രമാനുഗതമായ വികാസത്തെ കാണിക്കുന്നു. ആദ്യകാല പതിപ്പുകൾ ശുചിത്വ പ്രവർത്തനങ്ങളിലും സന്നദ്ധപ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പിൽക്കാല പതിപ്പുകൾ പ്ലാസ്റ്റിക് മാലിന്യം, ദൃശ്യപരമായ ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയിലേക്ക് ഊന്നൽ കൊണ്ടുവന്നു. 2023 മുതൽ ഈ മാറ്റം കൂടുതൽ വ്യക്തമായി. മാലിന്യമുക്ത ഇന്ത്യ പൊതുയിടങ്ങളിലേക്കും മാലിന്യ സംസ്കരണത്തിലേക്കും ശ്രദ്ധ വിപുലീകരിച്ചു. തുടർന്ന് 2024-ലെ പ്രമേയം ശുചിത്വത്തെ സ്വഭാവവുമായും സംസ്കാരവുമായും ബന്ധിപ്പിച്ചു. 2025-ൽ സ്വച്ഛോത്സവ് ശുചിത്വത്തെ ഉത്സവങ്ങളിലേക്കും സാമൂഹിക ആഘോഷങ്ങളിലേക്കും എത്തിച്ചു.

2026-ൽ സ്വച്ഛത മേം സഹ്ഭാഗ് കൂട്ടായ പ്രവർത്തനത്തെയും സഹകരണത്തെയും കേന്ദ്രസ്ഥാനത്ത് നിർത്തുന്നു. ഭൗതികമായ സ്ഥലങ്ങൾ വൃത്തിയാക്കുന്നതിൽ നിന്ന് മാറി സുസ്ഥിരമായ പെരുമാറ്റ രീതിയിലുള്ള മാറ്റം വളർത്തുന്നതിലേക്കും ദൈനംദിന ശീലങ്ങളിൽ സ്വച്ഛത ഉൾച്ചേർക്കുന്നതിലേക്കും പങ്കാളിത്തമുള്ള സാമൂഹിക ഉത്തരവാദിത്ത ബോധം ശക്തിപ്പെടുത്തുന്നതിലേക്കും ഈ പ്രചാരണം വളർന്നിരിക്കുന്നു.

അവലംബം

 

Ministry of Jal Shakti

https://gobardhan.sbm.gov.in/

https://swachhatahiseva.gov.in/

https://sbmurban.org/campaign

https://swachhatahiseva.gov.in/daily-bulletin

https://swachhbharatmission.ddws.gov.in/about-us

https://sbm.gov.in/SBMGDashboard/StatesDashboard.aspx

https://sansad.in/getFile/loksabhaquestions/annex/16/AU2540.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/173/AU777.pdf?source=pqals

https://www.pib.gov.in/PressReleasePage.aspx?PRID=1964179&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1881827&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1859823&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1755220&reg=48&lang=2

https://www.pib.gov.in/PressReleaseDetail.aspx?PRID=1503113&reg=6&lang=1

https://www.pib.gov.in/PressReleaseDetail.aspx?PRID=2311628&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2191618&reg=3&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1545203&reg=48&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1584758&reg=48&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1760608&reg=48&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1760427&reg=48&lang=2

https://www.pib.gov.in/FeaturesDeatils.aspx?NoteId=150274&ModuleId=2&reg=48&lang=2

https://cdnbbsr.s3waas.gov.in/s3kv02c60549ede842a11ec07346b8928d/uploads/2024/09/2024092083-1.pdf

Ministry of Housing & Urban Affairs

https://sbmurban.org/swachh-bharat-mission-progress

https://www.pib.gov.in/PressReleasePage.aspx?PRID=1957683&reg=48&lang=2

https://www.pib.gov.in/PressReleaseIframePage.aspx?PRID=1960088&reg=48&lang=2

Ministry of Commerce & Industry

https://www.ibef.org/blogs/swachh-bharat-mission-s-urban-and-gramin-success-what-s-driving-the-progress

Prime Minister’s Office

https://www.pib.gov.in/PressReleasePage.aspx?PRID=1546223&reg=48&lang=2

Government of Nagaland

https://ipr.nagaland.gov.in/swachhata-hi-seva-campaign-phek-district

PIB Backgrounder

https://www.pib.gov.in/PressReleasePage.aspx?PRID=2191618&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2170998&reg=48&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=153227&ModuleId=3&reg=48&lang=2

President's Secretariat

https://www.pib.gov.in/PressReleasePage.aspx?PRID=2145459&reg=48&lang=2

United Nations

https://www.unv.org/Success-stories/together-we-can-celebrating-shramdaan-spirit-volunteerism-india

Click here to see pdf

***

SK

 

(Explainer ID: 160067) आगंतुक पटल : 36
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil , Telugu , Kannada