Social Welfare
റോസ്‌ഗാർ മേള
20 പതിപ്പുകളിലായി 12.75 ലക്ഷത്തിലധികം നിയമനക്കത്തുകൾ വിതരണം ചെയ്തു
Posted On:
19 SEP 2026 2:25PM
|
യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം ഗവണ്മെന്റ് തസ്തികകളിലേക്കുള്ള നിയമന നടപടികൾ ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു കേന്ദ്ര ഗവണ്മെന്റ് സംരംഭമാണ് ദേശീയ റോസ്ഗാർ (തൊഴിൽ) മേള. 10 ലക്ഷം ഗവണ്മെന്റ് ജോലികൾ എന്ന പ്രാരംഭ ലക്ഷ്യത്തോടെ 2022 ഒക്ടോബറിൽ ആരംഭിച്ച ഈ സംരംഭം, ഇപ്പോൾ രാജ്യവ്യാപകമായ ഒരു സമയബന്ധിത ലക്ഷ്യാധിഷ്ഠിത നിയമന പ്രയത്‌നമായി വളർന്നിരിക്കുന്നു. ഈ സംരംഭം 20 പതിപ്പുകൾ പൂർത്തിയാക്കുകയും 12.75 ലക്ഷം നിയമനക്കത്തുകൾ വിതരണം ചെയ്യാൻ വഴിയൊരുക്കുകയും ചെയ്തു. 2026 സെപ്റ്റംബറിൽ നടന്ന ഇരുപതാം പതിപ്പിൽ 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്തു. ഈ സംരംഭം നിയമനം, നൈപുണ്യ വികസനം, തൊഴിൽ സംബന്ധ മാർഗനിർദ്ദേശം, സംരംഭകത്വത്തിനുള്ള പിന്തുണ എന്നിവയെല്ലാം ഒരുമിച്ച് കൊണ്ടുവരികയും, അതുവഴി യുവാക്കളെ വൈവിധ്യമാർന്ന തൊഴിൽ മാർഗ്ഗങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുന്നതിലൂടെയും, നൈപുണ്യവും തൊഴിലും തമ്മിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്നതിലൂടെയും റോസ്ഗാർ മേളകൾ, നൈപുണ്യമാർന്ന തൊഴിൽശക്തിയെ ശക്തിപ്പെടുത്തുന്നതിനും പൊതുസേവനത്തിലും രാഷ്ട്രപുരോഗതിയിലും പങ്കാളികളാകാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിനും സഹായിക്കുന്നു.
|
റോസ്‌ഗാർ മേള: ഗവണ്മെന്റ് നിയമനങ്ങൾ ത്വരിതപ്പെടുത്തുന്നു
ദേശീയ റോസ്ഗാർ (തൊഴിൽ) മേളയുടെ 20-ാം പതിപ്പ് 2026 സെപ്റ്റംബർ 19-ന് നടന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്ത മേളയിൽ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്തു.
വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലുള്ള ഒഴിവുകൾ നികത്താനും ഗവണ്മെന്റ് തസ്തികകളിലേക്കുള്ള നിയമന നടപടികൾ വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള ഒരു ഗവണ്മെന്റ് സംരംഭമാണ് ദേശീയ റോസ്ഗാർ മേള. യുവജന ശാക്തീകരണം, സമയബന്ധിതമായ നിയമനം, രാഷ്ട്രനിർമ്മാണം എന്നിവയിൽ കേന്ദ്രഗവണ്മെന്റ് പുലർത്തുന്ന വിപുലമായ ശ്രദ്ധയുടെ ഭാഗമാണിത്.
2022 ഒക്ടോബർ 22-ന് ആരംഭിച്ച ഈ പദ്ധതി, ഗവണ്മെന്റ് തസ്തികകളിലേക്ക് 10 ലക്ഷം പേരെ നിശ്ചിത സമയത്തിനുള്ളിൽ നിയമിക്കുന്നത് സുഗമമാക്കുന്നതിലാണ് തുടക്കത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

രാജ്യത്തുടനീളമുള്ള 50 കേന്ദ്രങ്ങളിലായി 75,000-ത്തിലധികം നിയമനക്കത്തുകൾ വിതരണം ചെയ്തുകൊണ്ടാണ് പ്രഥമ 'റോസ്ഗാർ മേള' നടന്നത്. യഥാർത്ഥ ലക്ഷ്യത്തിനുമപ്പുറം കടന്ന്, ആദ്യത്തെ 19 പതിപ്പുകളിലായി 12 ലക്ഷത്തിലധികം നിയമനക്കത്തുകൾ നൽകിക്കഴിഞ്ഞു.
അനുവദിക്കപ്പെട്ട തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനായി വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പ്രവർത്തിച്ചുകൊണ്ട്, ഒരു സമയബന്ധിത ലക്ഷ്യാധിഷ്ഠിത സമീപനത്തിലൂടെ നിയമന നടപടികൾ മുന്നോട്ട് കൊണ്ടുപോകുന്നു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, എന്നിവ പോലുള്ള നിലവിലെ റിക്രൂട്ട്മെന്റ് സംവിധാനങ്ങളിലൂടേയും ചുമതലപ്പെടുത്തപ്പെട്ട ഏജൻസികളിലൂടേയുമാണ് ഈ പ്രക്രിയ നടപ്പിലാക്കുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തപാൽ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, തൊഴിൽ-ഉദ്യോഗ മന്ത്രാലയം തുടങ്ങിയവിടങ്ങളും മറ്റ് നിരവധി വകുപ്പുകളിലും പുതിയ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചു.
യുവജനങ്ങൾക്ക് പൊതുസേവന രംഗത്ത് തങ്ങളുടെ ഔദ്യോഗിക ജീവിതം ആരംഭിക്കാനും രാജ്യവികസനത്തിൽ പങ്കുവഹിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, ഈ സംരംഭം പൊതുമേഖലയിലെ നിയമന നടപടികൾ ത്വരിതപ്പെടുത്തി.

റോസ്ഗാർ മേള: തൊഴിലവസരങ്ങളുമായി യുവാക്കളെ ബന്ധിപ്പിക്കുന്നു
ലഭ്യമായ തൊഴിലവസരങ്ങളിലേക്ക് അപേക്ഷിക്കാനും അഭിമുഖങ്ങളിൽ പങ്കെടുക്കാനും തൊഴിലുടമകളെയും തൊഴിലന്വേഷകരെയും ഒന്നിപ്പിക്കുന്ന ഒരു അര ദിവസത്തെ പരിപാടിയാണ് റോസ്ഗാർ മേള. ഇത് തൊഴിലുടമകളും തൊഴിൽ സാധ്യതയുള്ള ഉദ്യോഗാർത്ഥികളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുകയും, അതുവഴി അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടെത്താൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
മേഖലാ നൈപുണ്യ സമിതികൾ (സെക്ടർ സ്‌കിൽ കൗൺസിൽ/ എസ്.എസ്.സി), പ്രധാനമന്ത്രി കൗശൽ കേന്ദ്രങ്ങൾ(പി.എം.കെ.കെ.എസ്)എന്നിവയുമായി സഹകരിച്ച് ദേശീയ നൈപുണ്യ വികസന കോർപ്പറേഷൻ(എൻ.എസ്.ഡി.സി), റോസ്ഗാർ മേളകൾ സംഘടിപ്പിക്കുന്നു. ഈ പരിപാടികളിൽ പങ്കെടുക്കാനും യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ നൽകാനും സ്വകാര്യ മേഖലയിലെ തൊഴിലുടമകളെ ഒന്നിച്ച് അണിനിരത്തുന്നു.
മുഖ്യ ലക്ഷ്യങ്ങൾ
* തൊഴിൽ, നൈപുണ്യ വികസന അവസരങ്ങൾ ലഭ്യമാക്കിക്കൊണ്ട് യുവാക്കളെ ശാക്തീകരിക്കുക
* തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുക
* നൈപുണ്യമുള്ള യുവജനങ്ങളെ തൊഴിൽശക്തിയിൽ പങ്കാളികളാക്കാനും രാജ്യവികസനത്തിന് സംഭാവന നൽകാനും പ്രാപ്തരാക്കുക
* രാജ്യത്തുടനീളം നീതിപൂർവ്വകമായ വികസനം എന്ന പ്രധാനമന്ത്രിയുടെ ദർശനത്തെ പ്രതിഫലിപ്പിക്കുക
ആർക്കൊക്കെ പങ്കെടുക്കാം?
സാധാരണയായി 18 മുതൽ 35 വരെ പ്രായമുള്ള യുവാക്കളെയാണ് റോസ്ഗാർ മേളകൾ ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന വിദ്യാഭ്യാസ-നൈപുണ്യ പശ്ചാത്തലങ്ങളുള്ള ഉദ്യോഗാർത്ഥികൾക്ക് ഇവ തൊഴിലവസരങ്ങൾ നൽകുന്നു; ഇതിൽ ഉൾപ്പെടുന്നവർ:
* 8, 10, 12 ക്ലാസുകൾ വിജയിച്ചവർ
* ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവർ
* ബിരുദധാരികൾ
* ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (നാഷണൽ സ്‌കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക്/ എൻ.എസ്.ക്യൂ.എസ്) പ്രകാരം പരിശീലനവും സാക്ഷ്യപത്രവും നേടിയവർ
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾ, ബൾക്ക് എസ്,എം,എസ്, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ റോസ്ഗാർ മേളകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നു. കലാലയങ്ങളിലും സർവ്വകലാശാലകളിലും നടത്തുന്ന ശിൽപ്പശാലകളും, മേളകൾ സംഘടിപ്പിക്കുന്ന ജില്ലകളിലും പരിസരപ്രദേശങ്ങളിലും നടത്തുന്ന പ്രത്യേക സമ്പർക്ക പരിപാടികളും യോഗ്യരായ ഉദ്യോഗാർത്ഥികളെ ഈ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നു.
നിയമനത്തിനപ്പുറം
തൊഴിൽ ആസൂത്രണം, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയെ പിന്തുണയ്ക്കുന്ന അനുബന്ധ സേവനങ്ങളും റോസ്ഗാർ മേളകൾ നൽകുന്നു. ഇതിലൂടെ, ഉടനടിയുള്ള തൊഴിലവസരങ്ങൾക്കപ്പുറമുള്ള തൊഴിൽ-ഉപജീവനമാർഗ്ഗങ്ങൾ കണ്ടെത്താൻ പങ്കെടുക്കുന്നവർക്ക് സാധിക്കുന്നു.
* കരിയർ കൗൺസിലിങ്
ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് തൊഴിലന്വേഷകർക്കും ആവശ്യമെങ്കിൽ അവരുടെ രക്ഷിതാക്കൾക്കും മനസ്സിലാക്കാനും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ കരിയർ തിരഞ്ഞെടുപ്പുകൾ നടത്താനും സഹായിക്കുന്നതിനുള്ള സെഷനുകൾ.
* കൗശൽ മേളകൾ
പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ), പ്രധാനമന്ത്രി കൗശൽ കേന്ദ്ര (പി.എം.കെ.കെ) യുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ എന്നിവയ്ക്ക് കീഴിൽ യുവാക്കൾക്ക് പുതിയ നൈപുണ്യ വികസന പരിശീലനത്തിനായി രജിസ്റ്റർ ചെയ്യാം.
* മുദ്ര വായ്പാ സഹായം
സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായ വായ്പാ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പിന്തുണയും സഹായ കേന്ദ്രങ്ങൾ നൽകുന്നു. സംരംഭങ്ങൾ ആരംഭിക്കാനോ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന നൈപുണ്യമാർന്ന അപേക്ഷാർത്ഥികൾക്ക് വായ്പ ലഭ്യമാക്കുന്നതിനായി, എൻ.എസ്.ഡി,സി, പ്രധാനമന്ത്രി മുദ്ര യോജന(പി.എം.എം.വൈ)യുമായി ഔദ്യോഗികമായി സഹകരിക്കുന്നു.
* നൈപുണ്യ പ്രദർശനങ്ങൾ
വിവിധ മേഖലകളിലെ നൈപുണ്യ വികസന സമിതികൾ തങ്ങളുടെ മേഖലകളിലെ പരിശീലന മാതൃകകൾ, ഉപകരണങ്ങൾ, തൊഴിൽപരമായ പങ്കുകൾ എന്നിവ പ്രദർശിപ്പിക്കുന്നു; വിവിധ തൊഴിലുകളെക്കുറിച്ചും ലഭ്യമായ തൊഴിൽ സാധ്യതകളെക്കുറിച്ചും മനസ്സിലാക്കാൻ ഇത് പങ്കെടുക്കുന്നവരെ സഹായിക്കുന്നു.
റോസ്ഗാർ മേളകൾ ബന്ധപ്പെട്ടവർക്ക് എങ്ങനെ പ്രയോജനപ്പെടുന്നു
റോസ്ഗാർ മേളകൾ ബന്ധപ്പെട്ടവർക്ക് എങ്ങനെ പ്രയോജനപ്പെടുന്നു
* ഉദ്യോഗാർത്ഥികൾക്ക്: തൊഴിലുടമകളുമായി നേരിട്ടുള്ള ആശയവിനിമയത്തിനും തൊഴിൽ-സംരംഭകത്വ അവസരങ്ങൾ അഭിഗമ്യമാക്കുന്നതിനും സഹായിക്കുന്നു.
* തൊഴിലുടമകൾക്ക്: സാധ്യതയുള്ള ജീവനക്കാരെ നേരിൽ കാണുന്നതിനും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിനുമുള്ള ഒരു പൊതുവേദി ഒരുക്കുന്നു.
* നൈപുണ്യ വികസന മേഖലയ്ക്ക്: ഉദ്യോഗാർത്ഥികൾ, തൊഴിൽദാതാക്കൾ, മേഖലാ നൈപുണ്യ സമിതികൾ, പരിശീലനം നൽകുന്നവർ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നു.
ദേശീയ റോസ്‌ഗാർ മേളയുടെ പതിപ്പ് അടിസ്ഥാനമാക്കിയുള്ള പുരോഗതി
|
പതിപ്പ്
|
തീയതി
|
വിതരണം ചെയ്ത കത്തുകൾ
|
സ്ഥലങ്ങളും ശ്രദ്ധേയമായ വിവരങ്ങളും
|
|
ഒന്നാമത്
|
2022 ഒക്ടോബർ 22
|
75,000-ത്തിലധികം
|
50 കേന്ദ്രങ്ങൾ, ദൗത്യത്തിന്റെ തുടക്കം. 10 ലക്ഷം കേന്ദ്ര ഗവണ്മെന്റ് തസ്തികകളിലേക്കുള്ള നിയമന നടപടികൾ പ്രഖ്യാപിച്ചു.
|
|
രണ്ടാമത്
|
2022 നവംബർ 22
|
ഏകദേശം 71,000
|
45-ൽ അധികം നഗരങ്ങൾ
|
|
മൂന്നാമത്
|
2023 ജനുവരി 20
|
71,000
|
-
|
|
നാലാമത്
|
2023 ഏപ്രിൽ 13
|
ഏകദേശം 71,000
|
45 കേന്ദ്രങ്ങൾ; 45 വകുപ്പുകൾ, തിരുവനന്തപുരത്ത് നടന്നു
|
|
അഞ്ചാമത്
|
2023 മെയ് 16
|
71,000-ത്തിലധികം
|
45 കേന്ദ്രങ്ങൾ, മുംബൈ, പൂനെ, നന്ദേഡ് (മഹാരാഷ്ട്ര) എന്നിവിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു.
|
|
ആറാമത്
|
2023 ജൂൺ 13
|
ഏകദേശം 70,000
|
ഗുവാഹത്തിയിൽ നടന്നു
|
|
ഏഴാമത്
|
2023 ജൂലൈ 22
|
70,000-ത്തിലധികം
|
44 കേന്ദ്രങ്ങൾ; ഗോവയിൽ നടന്നു
|
|
എട്ടാമത്
|
2023 ഓഗസ്റ്റ് 28
|
51,000-ത്തിലധികം
|
45 കേന്ദ്രങ്ങൾ; കേന്ദ്ര സായുധ പോലീസ് സേനകൾ/സി.എ.പി.എഫ് (സി.ആർ.പി.എഫ്, ബി.എസ്.എഫ്, എസ്.എസ്.ബി, ആസാം റൈഫിൾസ്, ഐ.ടി.ബി.പി, എൻ.സി.ബി), ഡൽഹി പോലീസ് എന്നിവിടങ്ങളിലേക്കുള്ള നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവരെ 'അമൃത് രക്ഷക്' എന്ന് വിളിക്കുന്നു.
|
|
ഒമ്പതാമത്
|
2023 സെപ്തംബർ 26
|
ഏകദേശം 51,000
|
46 കേന്ദ്രങ്ങൾ
|
|
പത്താമത്
|
2023 ഒക്ടോബർ 28
|
51,000-ത്തിലധികം
|
പുതുതായി നിയമിതരാവുന്നവർക്ക് 'ഐ.ജി.ഒ.ടി(സംയോജിത ഗവൺമെന്റ് ഓൺലൈൻ ട്രെയിനിങ്) കർമ്മയോഗി' പോർട്ടലിലെ 'കർമ്മയോഗി പ്രാരംഭ്' എന്ന ഓൺലൈൻ പഠന മൊഡ്യൂളിലൂടെ തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള അവസരവുമുണ്ട്. 'എവിടെനിന്നും, ഏത് ഉപകരണത്തിലൂടെയും' പഠിക്കാനാകുന്ന തരത്തിൽ നാനൂറിലധികം ഇ-ലേണിങ് പാഠ്യപദ്ധതികൾ ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.
|
|
11-ാമത്
|
2023 നവംബർ 30
|
ഏകദേശം 51,000
|
37 കേന്ദ്രങ്ങൾ; കസ്റ്റംസ് ആൻഡ് എക്‌സൈസ്, സി.ജി.എസ്.ടി, സി.ഐ.എസ്.എഫ്, സായുധ സേന, ഐ.ടി.ബി.പി, കെ.വി.എസ്, തപാൽ വകുപ്പ്, ബാങ്ക് ഓഫ് ഇന്ത്യ, ആരോഗ്യ വകുപ്പുകൾ എന്നിവിടങ്ങളിൽ പുതിയ ഉദ്യോഗസ്ഥർ നിയമിതരായി.
|
|
12-ാമത്
|
2024 ഫെബ്രുവരി 12
|
ഒരു ലക്ഷത്തിലധികം |
ന്യൂഡൽഹിയിലെ "കർമയോഗി ഭവന്" തറക്കല്ലിട്ടു
|
|
13-ാമത്
|
2024 ഒക്ടോബർ 29
|
51,000-ത്തിലധികം
|
40 കേന്ദ്രങ്ങൾ
|
|
14-ാമത്
|
2024 ഡിസംബർ 23
|
71,000-ത്തിലധികം
|
45 കേന്ദ്രങ്ങൾ
|
|
15-ാമത്
|
2025 ഏപ്രിൽ 26
|
51,000-ത്തിലധികം
|
-
|
|
16-ാമത്
|
2025 ജൂലൈ 12
|
51,000-ത്തിലധികം
|
47 കേന്ദ്രങ്ങൾ; ആകെ എണ്ണം 10 ലക്ഷം കടന്നു. റെയിൽവേ, തപാൽ, ആഭ്യന്തരം, ധനകാര്യ സേവനങ്ങൾ, തൊഴിൽ-ഉദ്യോഗ മന്ത്രാലയം എന്നിവയിൽ പുതിയ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചു.
|
|
17-ാമത്
|
2025 ഒക്ടോബർ 24
|
51,000-ത്തിലധികം
|
40 കേന്ദ്രങ്ങൾ; പതിനേഴാമത് റോസ്ഗാർ മേളയിലാണ് പ്രതിഭ സേതു പോർട്ടൽ പ്രഖ്യാപിച്ചത്. യു.പി.എസ്.സിയുടെ അന്തിമ പട്ടികയിൽ ഇടംപിടിച്ചെങ്കിലും തിരഞ്ഞെടുക്കപ്പെടാതെ പോയ ഉദ്യോഗാർത്ഥികളെ, പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളുമായി ഈ പോർട്ടൽ ബന്ധിപ്പിക്കുന്നു.
|
|
18-ാമത്
|
2026 ജനുവരി 24
|
61,000-ത്തിലധികം
|
45 കേന്ദ്രങ്ങൾ; 18-ാമത് റോസ്‌ഗാർ മേളയിൽ 8,000-ത്തിലധികം സ്ത്രീകൾക്ക് നിയമന ഉത്തരവുകൾ ലഭിച്ചു; ഇത് ഉദ്യോഗമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നു.
|
|
19-ാമത്
|
2026 മെയ് 23
|
51,000-ത്തിലധികം
|
47 കേന്ദ്രങ്ങൾ; ആകെ എണ്ണം ഏകദേശം 12 ലക്ഷത്തിലെത്തി. 19-ാമത് റോസ്‌ഗാർ മേളയിലെ നിയമനങ്ങളിൽ 50 ശതമാനത്തിലധികവും ഇന്ത്യൻ റെയിൽവേയിലായിരുന്നു; ഇതോടെ ഈ പതിപ്പിലെ പ്രധാന നിയമന മേഖലയായി റെയിൽവേ മാറി.
|
|
20-ാമത്
|
2026 സെപ്തംബർ 19
|
51,000-ത്തിലധികം
|
45 കേന്ദ്രങ്ങൾ; ഇരുപതാമത് റോസ്‌ഗാർ മേളയോടെ, വിവിധ വകുപ്പുകളിലും ഗവണ്മെന്റ് സ്ഥാപനങ്ങളിലുമായി ആകെ ഏകദേശം 12.75 ലക്ഷം യുവാക്കൾക്ക് നിയമന ഉത്തരവുകൾ ലഭിച്ചു.
|
തൊഴിലന്വേഷകരും തൊഴിലുടമകളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിന് റോസ്ഗാർ മേള ഒരു വേദി ഒരുക്കുന്നു; യുവജനങ്ങളെ രാജ്യപുരോഗതിയ്ക്ക് സംഭാവനയേകാൻ ശാക്തീകരിക്കുന്നതോടൊപ്പം, തൊഴിലില്ലായ്മ എന്ന വെല്ലുവിളിയെ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. ഉദ്യോഗം, നൈപുണ്യ വികസനം, കൗൺസിലിങ്, സംരംഭകത്വ അവസരങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ട്, യുവാക്കളെ വിവിധ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതും നൈപുണ്യമാർന്ന ഒരു തൊഴിൽശക്തിയുടെ വളർച്ചയെ പിന്തുണയ്ക്കുന്നതും റോസ്ഗാർ മേളകൾ തുടരുന്നു. തൊഴിലവസരങ്ങളിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നതിനുള്ള ഈ ദേശവ്യാപക പരിശ്രമത്തിന് ഇരുപതാമത് പതിപ്പ് കൂടുതൽ കരുത്തേകുന്നു.
അവലംബം
Prime Minister's Office
http://pib.gov.in/PressReleasePage.aspx?PRID=2311973®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2264076®=48&lang=2
https://www.pib.gov.in/PressReleaseDetail.aspx?PRID=1892383®=48&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=2143931®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2218036®=3&lang=1
Ministry of Ports, Shipping and Waterways
https://www.pib.gov.in/PressReleasePage.aspx?PRID=2182324®=48&lang=2
Ministry of Skill Development and Entrepreneurship
https://www.pib.gov.in/PressReleaseIframePage.aspx?PRID=2069258®=48&lang=2
Ministry of Home Affairs
https://www.pib.gov.in/PressReleaseIframePage.aspx?PRID=1877966®=48&lang=2
Ministry of Housing & Urban Affairs
https://www.pib.gov.in/PressReleaseIframePage.aspx?PRID=1870312®=48&lang=2
PIB Backgrounder
https://www.pib.gov.in/PressNoteDetails.aspx?id=154875&NoteId=154875&ModuleId=3®=48&lang=2
Click to see pdf
***
(Explainer ID: 160047)
आगंतुक पटल : 6
Provide suggestions / comments