• Sitemap
  • Advance Search
Technology

സെമികണ്ടക്ടര്‍ ഭാവി രൂപപ്പെടുത്തുന്ന ഇന്ത്യ

Posted On: 17 SEP 2026 12:17PM

സെമികോൺ 1.0-ൻ്റെ വിജയകരമായ നിര്‍വഹണത്തിൻ്റെ തുടർച്ചയായി, 1,27,500 കോടി രൂപ നീക്കിയിരിപ്പോടെ 2026 ജൂലൈ 15-ന് കേന്ദ്ര മന്ത്രിസഭ സെമികോൺ 2.0-ന് അംഗീകാരം നൽകി. ഒന്നാം ഘട്ടത്തില്‍ ഇന്ത്യയുടെ സെമികണ്ടക്ടർ നിർമാണ ആവാസവ്യവസ്ഥയ്ക്ക് അടിത്തറയിട്ടുവെങ്കില്‍ ആറ് തന്ത്രപ്രധാന സ്തംഭങ്ങളിലൂടെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറുകയാണ് സെമികോൺ 2.0. ഗവേഷണവും വികസനവും, ചിപ്പ് രൂപകൽപ്പന, യന്ത്രസാമഗ്രികളും മറ്റ് വസ്തുക്കളും, കൂടുതൽ നിർമാണ ശാലകൾ സ്ഥാപിക്കൽ, പ്രതിഭാ വികസനം, എ.ടി.എം.പി / ഒ.എസ്.എ.ടി  വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയെ വിശ്വസനീയ ആഗോള സെമികണ്ടക്ടർ കേന്ദ്രമാക്കി മാറ്റുന്ന ഈ സംരംഭം 'വികസിത ഇന്ത്യ' എന്ന കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.  

പശ്ചാത്തലം

ആധുനിക സാങ്കേതികവിദ്യയുടെ ആധാരവും സാമ്പത്തിക ശക്തിയുടെ അടിത്തറയുമാണ് സെമികണ്ടക്ടറുകൾ. നിര്‍മിത ബുദ്ധി (എഐ), ടെലികമ്യൂണിക്കേഷൻസ്, ഇലക്ട്രിക് ഗതാഗതം, പ്രതിരോധം, അത്യാധുനിക നിർമാണം എന്നിവയ്ക്ക് ഊർജം പകരുന്നത് ഇവയാണ്. ഇൻ്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), 5G/6G, ഡാറ്റാ സെൻ്ററുകൾ, സ്വയം നിയന്ത്രിത വാഹനങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകൾ ചിപ്പുകളുടെ ആവശ്യകത കൂടുതൽ വർധിപ്പിക്കുന്നു. ഇവയുടെ ലഭ്യതയും സാങ്കേതിക ശേഷിയും നൂതനാശയങ്ങളെയും മത്സരശേഷിയെയും രാജ്യത്തിൻ്റെ സാങ്കേതിക കരുത്തിനെയും വരുംകാലങ്ങളിൽ കൂടുതൽ സ്വാധീനിക്കും.

 

വർധിച്ചുവരുന്ന ഈ പ്രാധാന്യം ആഗോള സെമികണ്ടക്ടർ വിപണിയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിലും പ്രതിഫലിക്കുന്നു. ആഗോള സെമികണ്ടക്ടർ വിപണി 2014-നും 2024-നും ഇടയിൽ 6.5 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്ക് കൈവരിച്ചു. അടുത്ത 5 മുതല്‍ 10 വരെ വർഷങ്ങളിൽ ഇത് 8.5 ശതമാനം നിരക്കിൽ വളരുമെന്നാണ് കണക്കാക്കപ്പെടുന്നത്.   എങ്കിലും അടുത്തകാലത്തുണ്ടായ തടസ്സങ്ങൾ പരസ്പരബന്ധിത ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയിലെ ബലഹീനതകളെ വെളിപ്പെടുത്തിയിട്ടുണ്ട്. വിതരണത്തിലെ അമിത ആശ്രയത്വത്തിൻ്റെ അപകടസാധ്യതകളെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കൂടുതൽ തുറന്നുകാട്ടി. അതിനാൽ സാങ്കേതിക-സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ആഭ്യന്തര സെമികണ്ടക്ടർ ശേഷികൾ ശക്തിപ്പെടുത്തിവരികയാണ് ലോകത്തെ പ്രധാന സമ്പദ്‌ വ്യവസ്ഥകൾ.

 

ഇന്ത്യയിലും സെമികണ്ടക്ടറുകളുടെ ആവശ്യകത അതിവേഗം വർധിച്ചുവരികയാണ്. ആഭ്യന്തര നിർമാണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നിരിക്കെ ഇതിൻ്റെ ആവശ്യകത 2030 സാമ്പത്തിക വർഷത്തോടെ 110 ബില്യൺ യു.എസ് ഡോളറിലെത്തുമെന്നും 2035 സാമ്പത്തിക വർഷത്തോടെ 200 ബില്യൺ യു.എസ് ഡോളർ പിന്നിടുമെന്നും കണക്കാക്കുന്നു. 2017 സാമ്പത്തിക വർഷം മുതൽ 2025 സാമ്പത്തിക വർഷം വരെ കാലയളവിൽ സെമികണ്ടക്ടർ ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ഏകദേശം 150 ബില്യൺ യു.എസ് ഡോളറാണ് ചെലവഴിച്ചത്. ഇക്കാലയളവിൽ ഇറക്കുമതി 23 ശതമാനം സംയുക്ത വാർഷിക വളർച്ചാനിരക്കില്‍ ഉയര്‍ന്നു.  ഈ പ്രവണത തുടരുകയാണെങ്കിൽ 2035-ഓടെ വാർഷിക ഇറക്കുമതി 240 ബില്യൺ യു.എസ് ഡോളറിലെത്തിയേക്കാം.  അതിനാൽ ഒരു സമഗ്ര സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയെന്നത് അടിയന്തര ദേശീയ മുൻഗണനയാണ്. സ്വയംപര്യാപ്തത, സുരക്ഷ, നൈപുണ്യം, സാങ്കേതിക മത്സരശേഷി എന്നിവ മെച്ചപ്പെടുത്താന്‍ ഈ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിവരികയാണ് കേന്ദ്ര ഗവണ്മെൻ്റ്.

 

 

സെമികോൺ 2026: ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം

 

ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുടെ കാതലാണ് സെമികണ്ടക്ടറുകള്‍. അതിനാൽ സാങ്കേതിക അതിജീവനശേഷിക്കും സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ സ്വയംപര്യാപ്തതയ്ക്കും ശക്തമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തന്ത്രപരമായ ഈ  പ്രാധാന്യം തിരിച്ചറിഞ്ഞ് നയപരമായ പിന്തുണ, അടിസ്ഥാന സൗകര്യങ്ങൾ, ആഗോള പങ്കാളിത്തങ്ങൾ എന്നിവയിലൂടെ ഇന്ത്യയിലെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തിവരികയാണ് ഗവണ്മെൻ്റ് .

ഈ ഉദ്യമങ്ങളുടെ ഭാഗമായി "സിലിക്കൺ മുതൽ സിസ്റ്റങ്ങൾ വരെ: ആവാസവ്യവസ്ഥ കെട്ടിപ്പടുക്കൽ" എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന 'സെമികോൺ ഇന്ത്യ 2026' സെപ്റ്റംബർ 17-ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 സെപ്റ്റംബർ 17 മുതൽ 19 വരെ നടക്കുന്ന പരിപാടിയില്‍ ആഗോള വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, നിക്ഷേപകർ, അക്കാദമിക വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ എന്നിവര്‍ ഒരൊറ്റ വേദിയിൽ അണിനിരക്കും. ഇന്ത്യയുടെ സെമികണ്ടക്ടർ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും മൂല്യശൃംഖലയിലുടനീളം ആവാസവ്യവസ്ഥയെ ശാക്തീകരിക്കാനും ഇത് മികച്ച വേദിയൊരുക്കുന്നു. 

അജണ്ട വിശദമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

എന്താണ് സെമികണ്ടക്ടർ?

വൈദ്യുതി കടത്തിവിടാനുള്ള ശേഷി നിയന്ത്രിക്കാൻ കഴിയുന്ന പദാർത്ഥങ്ങളെയാണ് സെമികണ്ടക്ടർ അഥവാ അർധചാലകം എന്ന് വിളിക്കുന്നത്. ചെമ്പ് പോലുള്ള ചാലകങ്ങൾ വൈദ്യുതിയെ എളുപ്പത്തിൽ കടത്തിവിടുമ്പോൾ ഇൻസുലേറ്ററുകൾ അതിനെ ശക്തമായി പ്രതിരോധിക്കുന്നു. എന്നാൽ സെമികണ്ടക്ടർ പദാർത്ഥങ്ങളെ വൈദ്യുത സിഗ്നലുകൾ പ്രവഹിപ്പിക്കാനും വിച്ഛേദിക്കാനും ശക്തിപ്പെടുത്താനും തിരിച്ചറിയാനും  നിയന്ത്രിക്കാനും പാകത്തിൽ രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. ഒരു മൈക്രോസ്കോപ്പിക് ഇലക്ട്രോണിക് സ്വിച്ചാണ് ട്രാൻസിസ്റ്റർ. ആധുനിക സംയോജിത സർക്യൂട്ടുകൾ (ഐസി)  ദശലക്ഷക്കണക്കിനോ ശതകോടിക്കണക്കിനോ ട്രാൻസിസ്റ്ററുകളെയും മറ്റ് ഘടകങ്ങളെയും ഒരൊറ്റ ചെറിയ ചിപ്പിൽ ഉൾക്കൊള്ളിക്കുന്നു. അവ ഏകോപിതമായി വൈദ്യുത സിഗ്നലുകളെ പ്രവഹിപ്പിക്കുകയും വിച്ഛേദിക്കുകയും ചെയ്യുന്നതിലൂടെയാണ്  കംപ്യൂട്ടിങ്, ആശയവിനിമയം, സെൻസിങ്, മെമ്മറി, വൈദ്യുതി നിയന്ത്രണം എന്നിവ സാധ്യമാക്കുന്നത്.

 

മിക്ക ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും സെമികണ്ടക്ടറുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. സ്മാർട്ട്‌ഫോണുകൾ, കംപ്യൂട്ടറുകൾ, മെഡിക്കൽ ഉപകരണങ്ങൾ, വാഹനങ്ങള്‍, പ്രതിരോധ സംവിധാനങ്ങൾ, ഉപഗ്രഹങ്ങൾ, ഡാറ്റാ സെൻ്ററുകൾ എന്നിവയെല്ലാം സെമികണ്ടക്ടർ അധിഷ്ഠിത ഘടകങ്ങൾ ഉപയോഗിക്കുന്നു. ലളിതമായി പറഞ്ഞാൽ, ആധുനിക ഇലക്ട്രോണിക്സിൻ്റെ നിര്‍മാണ ശിലകളാണ് സെമികണ്ടക്ടറുകള്‍.

 

സിലിക്കണിൽ നിന്ന് സെമികണ്ടക്ടർ ചിപ്പിലേക്ക്

ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സെമികണ്ടക്ടര്‍ പദാർത്ഥമാണ് സിലിക്കൺ. മണലിൽ ധാരാളമായി കാണപ്പെടുന്ന സിലിക്കയിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. സിലിണ്ടർ ആകൃതിയിലുള്ള ഇൻഗോട്ടുകളായി മാറ്റുന്ന അതിശുദ്ധമായ സിലിക്കണിൽ നിന്നാണ് ചിപ്പ് നിർമാണം ആരംഭിക്കുന്നത്. ഈ ഇൻഗോട്ടുകളെ കനംകുറഞ്ഞ വേഫറുകളായി മുറിച്ച് മിനുസപ്പെടുത്തുന്നു. ഈ വേഫറുകൾ ഫാബ്രിക്കേഷൻ പ്ലാൻ്റുകളില്‍ വെച്ച് സൂക്ഷ്മമായി നിയന്ത്രിക്കപ്പെടുന്ന നൂറുകണക്കിന് പ്രക്രിയകൾക്ക് വിധേയമാകുന്നു. ഡെപ്പോസിഷൻ, ഫോട്ടോലിത്തോഗ്രഫി, എച്ചിങ്, അയോൺ ഇംപ്ലാൻ്റേഷൻ  എന്നിവ ഇതിലുൾപ്പെടുന്നു.

 

 

ഈ പ്രക്രിയകളിലൂടെ കോടിക്കണക്കിന് ട്രാൻസിസ്റ്ററുകളും മറ്റ് ഘടകങ്ങളും അടങ്ങുന്ന സങ്കീർണ ഘടനകൾ സൃഷ്ടിക്കുന്നു. ഫോട്ടോലിത്തോഗ്രഫി സമയത്ത് വെളിച്ചമുപയോഗിച്ച് പ്രത്യേക പാറ്റേണുകൾ വേഫറിലേക്ക് പകർത്തുന്നു. ചിപ്പിൻ്റെ ഭാഗങ്ങളായ ട്രാൻസിസ്റ്ററുകൾ, ഇൻ്റർകണക്റ്റുകൾ, മറ്റ് ഘടകങ്ങൾ എന്നിവ രൂപപ്പെടുന്ന ഭാഗങ്ങളെ നിർവചിക്കുന്നത് ഈ പാറ്റേണുകളാണ്. വൈദ്യുത പ്രവാഹത്തെ നിയന്ത്രിക്കുന്ന ചിപ്പിലെ സൂക്ഷ്മ ഇലക്ട്രോണിക് സ്വിച്ചുകളാണ് ട്രാൻസിസ്റ്ററുകൾ. സങ്കീർണമായ സംയോജിത സർക്യൂട്ടുകൾ നിർമിക്കാന്‍ ഒന്നിലേറെ തലങ്ങളില്‍ ഈ പ്രക്രിയ ആവർത്തിക്കുന്നു.

 

പൂർത്തിയായ സെമികണ്ടക്ടർ ഉപകരണങ്ങൾ പിന്നീട് സംയോജനം, ഗുണനിലവാര പരിശോധന, മുദ്രണം, പാക്കേജിങ് (ATMP) അല്ലെങ്കിൽ ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻ്റ് ടെസ്റ്റ് (OSAT) പ്രക്രിയകൾക്ക് വിധേയമാക്കുന്നു. ചിപ്പിന് സംരക്ഷണം നൽകുന്ന പാക്കേജിങ് മറ്റ് ഇലക്ട്രോണിക് ഘടകങ്ങളുമായി ബന്ധിപ്പിക്കാൻ അതിനെ പ്രാപ്തമാക്കുന്നു. പൂർത്തിയായ ഉൽപന്നങ്ങൾ ആവശ്യമായ പ്രവർത്തനക്ഷമതയും ഗുണനിലവാര മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് പരിശോധനകൾ ഉറപ്പാക്കുന്നു.

 

സെമികണ്ടക്ടർ നോഡ് എന്തെന്നറിയാം 

നിർമാണ സാങ്കേതികവിദ്യയുടെ ഒരു തലമുറ ഘട്ടത്തെയാണ് സെമികണ്ടക്ടർ നോഡ് സൂചിപ്പിക്കുന്നത്. ചരിത്രപരമായി 90 nm, 45 nm, 28 nm തുടങ്ങിയ പേരുകൾ ചിപ്പിലെ നിർദിഷ്ട ഭൗതിക അളവുകളെയാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ, ഇന്ന് ഒരു തലമുറ ഘട്ടത്തെ ചുരുക്കി വിശേഷിപ്പിക്കുന്ന പേരുകളായാണ് നോഡ് നാമങ്ങൾ പ്രധാനമായും നിലകൊള്ളുന്നത്. ചെറിയ ഒരു നോഡിന് ഉയർന്ന ട്രാൻസിസ്റ്റർ സാന്ദ്രതയോ മികച്ച പ്രവർത്തനക്ഷമതയോ കുറഞ്ഞ ഊർജോപയോഗമോ സാധ്യമാക്കാനാവും; എങ്കിലും സർക്യൂട്ട് രൂപകല്പന, സാമഗ്രികള്‍, പാക്കേജിങ്, ഏത് ആവശ്യത്തിനാണ് ഉപയോഗിക്കുന്നത് എന്നിവയെക്കൂടി ആശ്രയിച്ചായിരിക്കും ഇതിൻ്റെ അന്തിമഫലം. പ്രവര്‍ത്തനശേഷി കൂടിയ കംപ്യൂട്ടിങിനെയും മുൻനിര പ്രോസസ്സറുകളെയും പിന്തുണയ്ക്കുന്നതിനാല്‍ അത്യാധുനിക നോഡുകൾ ഏറെ ശ്രദ്ധയാകർഷിക്കുന്നു. അതേസമയം, വാഹനങ്ങള്‍, വ്യാവസായിക ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻസ്, വൈദ്യുതി സംവിധാനങ്ങൾ, നിരവധി ഉപഭോക്തൃ ഉല്പന്നങ്ങൾ എന്നിവയ്ക്ക് മെച്ചപ്പെട്ട പരമ്പരാഗത നോഡുകൾ  ഇപ്പോഴും അത്യന്താപേക്ഷിതമായി തുടരുന്നു. നിലവിലെ സ്ഥാപിത നോഡുകളിൽ തുടങ്ങി കൂടുതൽ നൂതനമായ സെമികണ്ടക്ടർ സാങ്കേതികവിദ്യകളിലേക്ക് വ്യാപിക്കുന്ന തരത്തിലുള്ള ശേഷികളാണ് ഇന്ത്യ ഇപ്പോൾ കെട്ടിപ്പടുക്കുന്നത്.

 

 

എന്തുകൊണ്ട് സെമികണ്ടക്ടറുകൾ? ഒരു തന്ത്രപ്രധാന കാഴ്ചപ്പാട്

 

 

സാമ്പത്തിക വളർച്ചയ്ക്കും സാങ്കേതിക നേതൃത്വത്തിനും ദേശീയ സുരക്ഷയ്ക്കും അത്യന്താപേക്ഷിതമായ തന്ത്രപ്രധാന വിഭവമായി സെമികണ്ടക്ടറുകൾ മാറിയിരിക്കുന്നു. ഇന്ന് തായ്‌വാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങളാണ് ആഗോള സെമികണ്ടക്ടർ നിർമാണത്തിൽ ആധിപത്യം പുലർത്തുന്നത്. ആഗോള ചിപ്പ് ഉല്പാദനത്തിൻ്റെ 60 ശതമാനത്തിലധികവും അത്യാധുനിക ചിപ്പുകളുടെ ഏകദേശം 90 ശതമാനവും തായ്‌വാൻ മാത്രമാണ് ഉല്പാദിപ്പിക്കുന്നത്. ഈ ഉല്പാദന കേന്ദ്രീകരണം സുരക്ഷിതവും വൈവിധ്യപൂർണവും പ്രതിസന്ധികളെ അതിജീവിക്കാൻ ശേഷിയുള്ളതുമായ സെമികണ്ടക്ടർ വിതരണ ശൃംഖലകളുടെ ആവശ്യകത എടുത്തുകാട്ടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര സെമികണ്ടക്ടർ ശേഷികൾ ഒരു വ്യാവസായിക അവസരത്തിനപ്പുറമാണ്. ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും മൂല്യമേറിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവ അത്യന്താപേക്ഷിതമാണ്. തന്ത്രപ്രധാന മേഖലകളിലുടനീളം സാങ്കേതിക സ്വയംപര്യാപ്തത വർധിപ്പിക്കാനും ബലഹീനതകൾ കുറയ്ക്കാനും അവയ്ക്ക് സാധിക്കും. സെമികണ്ടക്ടർ മൂല്യശൃംഖല പൂർണമായി നിയന്ത്രിക്കാൻ ഒരു രാജ്യത്തിനും കഴിയില്ല. ചിപ്പ് രൂപകല്പന, ചിപ്പ് നിര്‍മാണം, ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ, മെമ്മറി, പാക്കേജിങ് എന്നിവയിൽ വ്യത്യസ്ത രാജ്യങ്ങളാണ് മുന്നിൽ നിൽക്കുന്നത്. ഈ പ്രത്യേക വൈദഗ്ധ്യം കാര്യക്ഷമത വർധിപ്പിച്ചെങ്കിലും ഒരു കേന്ദ്രത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതിൻ്റെ അപകടസാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ ആഭ്യന്തര ശേഷിക്കൊപ്പം വിശ്വസനീയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നതിലാണ് ഇന്ത്യയുടെ നയം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

ഇന്ത്യയുടെ തന്ത്രപ്രധാന ദൗത്യങ്ങൾക്ക് കരുത്തേകുന്ന സെമികണ്ടക്ടറുകൾ 

  • ബഹിരാകാശത്തെ അതികഠിന സാഹചര്യങ്ങളെ അതിജീവിക്കാൻ തക്കവണ്ണം രൂപകല്പന ചെയ്തതും ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കും ഉപയോഗിക്കാവുന്നതുമായ ഫ്ലൈറ്റ്-ഗ്രേഡ് ചിപ്പുകൾ വികസിപ്പിക്കുന്നത് മൊഹാലിയിലെ സെമികണ്ടക്ടർ ലബോറട്ടറിയാണ്.  

  • ചന്ദ്രയാൻ-3-ൻ്റെ ലാൻഡർ ഇമേജിങ് സംവിധാനങ്ങൾക്ക് പിന്തുണയേകാൻ ഇന്ത്യയിൽ നിർമിച്ച ക്യാമറ ചിപ്പാണ് ലാൻഡറിൽ ഉപയോഗിച്ചത്.

  • സെമികണ്ടക്ടര്‍ ലബോറട്ടറിയുടെ വിക്രം പ്രോസസ്സർ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളിലും റോക്കറ്റുകളിലും ഉപയോഗിക്കുന്നു.

  •  സെമികണ്ടക്ടര്‍ ലബോറട്ടറി വികസിപ്പിച്ച റേഡിയേഷൻ-ഹാർഡൻഡ് എ.ഡി.സി ചിപ്പുകളാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ആദിത്യ-എൽ1 ഉപയോഗിക്കുന്നത്.  

 

 

ഇന്ത്യയുടെ വളർന്നുവരുന്ന സെമികണ്ടക്ടർ ആവാസവ്യവസ്ഥ

തന്ത്രപ്രധാന ശേഷികൾ വികസിപ്പിക്കുന്നതിൽ തുടങ്ങി കൂടുതൽ വിപുലമായ ആഭ്യന്തര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്ന തലത്തിലേക്ക് ഇന്ത്യയുടെ സെമികണ്ടക്ടർ പ്രയാണം വളർന്നിട്ടുണ്ട്. സെമികണ്ടക്ടർ ലബോറട്ടറി പോലുള്ള ആദ്യകാല സ്ഥാപനങ്ങൾ ഇതിന് അടിത്തറയിട്ടപ്പോൾ സമീപകാലത്തെ നയപരമായ ഇടപെടലുകൾ നിക്ഷേപത്തിനും നൂതനാശയങ്ങള്‍ക്കും പ്രതിഭാ വികസനത്തിനും വേഗം പകർന്നു. സെമികണ്ടക്ടർ മൂല്യശൃംഖലയിലുടനീളം പങ്കാളിയാകാൻ ഈ ശ്രമങ്ങൾ ഇന്ത്യയെ സജ്ജമാക്കുന്നു.  

 

സെമികോൺ 1.0: സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥയുടെ അടിത്തറ  

76,000 കോടി രൂപയുടെ നീക്കിയിരിപ്പോടെ 2021 ഡിസംബറിലാണ് കേന്ദ്ര ഗവണ്മെൻ്റ് സെമികോൺ 1.0-ന് അംഗീകാരം നൽകിയത്. ഒരു ആഭ്യന്തര സെമികണ്ടക്ടർ, ഡിസ്‌പ്ലേ നിർമാണ ആവാസവ്യവസ്ഥ സ്ഥാപിക്കുകയായിരുന്നു ഇതിൻ്റെ ലക്ഷ്യം. സെമികണ്ടക്ടർ ചിപ്പ് നിര്‍മാണ ശാലകളും ഡിസ്‌പ്ലേ നിര്‍മാണ ശാലകളും സ്ഥാപിക്കുന്നതിന് പ്രത്യേക പദ്ധതികൾ ഈ സംരംഭത്തിലൂടെ അവതരിപ്പിച്ചു. കൂടാതെ കോംപൗണ്ട് സെമികണ്ടക്ടറുകൾ, സിലിക്കൺ ഫോട്ടോണിക്‌സ്, സെൻസറുകൾ, സെമികണ്ടക്ടർ എ.ടി.എം.പി / ഒ.എസ്.എ.ടി സൗകര്യങ്ങൾ എന്നിവ സ്ഥാപിക്കുന്ന പദ്ധതിയും ഇത് മുന്നോട്ടുവെച്ചു. കൂടാതെ, രൂപകല്പനാ അനുബന്ധ പ്രോത്സാഹന പദ്ധതി ഇന്ത്യയുടെ സെമികണ്ടക്ടർ ഡിസൈൻ ശേഷികളെ കൂടുതൽ ശക്തിപ്പെടുത്തി. ഈ പദ്ധതികൾ ഒരുമിച്ച് ചിപ്പ് രൂപകല്പന, നിര്‍മാണം, പാക്കേജിങ്, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവയിലുടനീളം ശക്തമായ അടിത്തറയൊരുക്കി.  

 

 

സെമികോൺ 1.0: പ്രധാന നേട്ടങ്ങൾ

  • ആകെ 1.64 ലക്ഷം കോടി രൂപയിലധികം നിക്ഷേപമുള്ള 12 സെമികണ്ടക്ടർ നിർമാണ യൂണിറ്റുകൾക്ക് അംഗീകാരം നൽകി.

  • ഒരു സിലിക്കൺ ഫാബ്, ഒരു സിലിക്കൺ കാർബൈഡ് ഫാബ്, ഒരു ഗാലിയം നൈട്രൈഡ് മൈക്രോ എൽ.ഇ.ഡി ഡിസ്‌പ്ലേ ഫാബ്, ഒന്‍പത് എ.ടി.എം.പി / ഒ.എസ്.എ.ടി യൂണിറ്റുകൾ എന്നിവ ഇതിലുൾപ്പെടുന്നു.

  • ഗുജറാത്ത്, അസം, ഉത്തർപ്രദേശ്, ഒഡീഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഈ യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നത്. അഞ്ച് യൂണിറ്റുകൾ വാണിജ്യ ഉല്പാദനം ആരംഭിച്ചു.

  • ഏകദേശം 900 കോടി രൂപ ആകെ മൂല്യം വരുന്ന 24 ചിപ്പ് രൂപകല്പനാ പദ്ധതികൾക്ക് അംഗീകാരം നൽകി.

  • 400 അക്കാദമിക സ്ഥാപനങ്ങളും 100 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ രാജ്യത്തെ 500 സ്ഥാപനങ്ങളില്‍നിന്ന് ഒരു ലക്ഷത്തിലേറെ എന്‍ജിനീയർമാർക്ക് അത്യാധുനിക ചിപ്പ്-ഡിസൈൻ സംവിധാനങ്ങളിലേക്ക് പ്രവേശനം ലഭ്യമാക്കി.

  • രാജ്യത്തെ സ്ഥാപനങ്ങൾ ഒത്തുചേർന്ന് 300-ലധികം ചിപ്പ് ഡിസൈനുകൾ വികസിപ്പിച്ചെടുത്തു.

  • യുഎസ്, ജപ്പാൻ, യൂറോപ്യൻ യൂണിയൻ, സിംഗപ്പൂർ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ സെമികണ്ടക്ടർ സഹകരണം സ്ഥാപിച്ചു.

  • 2026 ജനുവരി 12 മുതൽ 13 വരെ ജർമൻ ചാൻസലറുടെ സന്ദർശന വേളയിൽ ഇന്ത്യ-ജർമനി സെമികണ്ടക്ടർ ആവാസവ്യവസ്ഥ പങ്കാളിത്തത്തില്‍ ഇന്ത്യ സംയുക്ത താല്പര്യ പ്രഖ്യാപനത്തിൽ ഒപ്പുവെക്കുകയും 2026 ഫെബ്രുവരിയിൽ നടന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയിൽ 'പാക്സ് സിലിക്ക'യിൽ പങ്കുചേരുകയും ചെയ്തു.

  • സെമികണ്ടക്ടർ മേഖലയിലെ ആഗോള ശേഷി കേന്ദ്രങ്ങളിൽ  ഏകദേശം 7 ശതമാനവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ലോകത്തെ സെമികണ്ടക്ടർ ചിപ്പ് രൂപകല്പനാ തൊഴിൽ ശക്തിയുടെ ഏകദേശം 20 ശതമാനത്തോളം പേർക്ക് ഇന്ത്യ തൊഴിൽ നൽകുന്നു.

 

 

സെമികോൺ 2.0: സമ്പൂർണ സെമികണ്ടക്ടര്‍ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കൽ

സെമികോൺ 1.0 ൻ്റെ അടിത്തറയിലൂന്നി 1,27,500 കോടി രൂപയുടെ ആകെ അടങ്കലോടെ സെമികോൺ 2.0-ന് 2026 ജൂലൈയിൽ കേന്ദ്ര ഗവണ്മെൻ്റ് അംഗീകാരം നൽകി. ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയ്ക്ക് സുസ്ഥിര ദീർഘകാല പിന്തുണ നൽകാനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. സെമികോൺ 1.0-ന് കീഴിൽ കൈവരിച്ച  ശേഷികള്‍ കൂടുതൽ ആഴത്തിലാക്കാനും ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്ന സെമികണ്ടക്ടർ ആവാസവ്യവസ്ഥയുടെ വളർച്ച ത്വരിതപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. സെമികോൺ 1.0 പ്രധാനമായി നിര്‍മാണശാലകളിലും എ.ടി.എം.പി / ഒ.എസ്.എ.ടി  പ്ലാൻ്റുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ സെമികോൺ 2.0 ദൗത്യത്തില്‍ യന്ത്രസാമഗ്രികൾ, അസംസ്കൃത വസ്തുക്കൾ,  ഡിസൈൻ, ഗവേഷണം, വൈദഗ്ധ്യമാര്‍ന്ന പ്രതിഭകൾ എന്നിവയും  ഉൾപ്പെടുന്നു. അസംസ്കൃത വസ്തുക്കൾ മുതൽ പൂർത്തിയായ ചിപ്പുകൾ വരെയുള്ള സമ്പൂർണ ശൃംഖലയെയാണ് ഈ രണ്ട് ഘട്ടങ്ങളും  സംയോജിതമായി ഉൾക്കൊള്ളുന്നത്.  

 

രൂപകല്പന, യന്ത്രസാമഗ്രികളും മറ്റ് വസ്തുക്കളും, പുതിയ നിര്‍മാണശാലകള്‍ സ്ഥാപിക്കൽ, കൂടുതൽ നൂതനമായ പാക്കേജിങ്, ഗവേഷണം, പ്രതിഭാ വികസനം എന്നിങ്ങനെ ആറ് സ്തംഭങ്ങളിലാണ് സെമികോൺ 2.0 നിലകൊള്ളുന്നത്. ചിപ്പ് മൂല്യശൃംഖലയുടെ അവസാന ഘട്ടങ്ങൾ മാത്രമല്ല, മറിച്ച് അതിൻ്റെ സമ്പൂർണ ശൃംഖലയും രാജ്യത്തിനകത്ത് തന്നെ കെട്ടിപ്പടുക്കുകയാണ്  ഇതിൻ്റെ ലക്ഷ്യം. ഇന്ന് എല്ലാ ആധുനിക വ്യവസായങ്ങളുടെയും നട്ടെല്ലായി മാറിയ  സാങ്കേതികവിദ്യയിൽ വിതരണ ശൃംഖലയുടെ പ്രതിരോധശേഷിയിലേക്കും തന്ത്രപ്രധാന സ്വയംഭരണത്തിലേക്കും ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങളിലേക്കും ഈ ശ്രമം ഇന്ത്യയെ നയിക്കുന്നു.

 

 

പ്രധാന പിന്തുണ നൽകുന്ന നയപരമായ ആവാസവ്യവസ്ഥ

നിർമാണം, അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപം, ഗവേഷണം, പ്രതിഭാ വികസനം എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന പുരോഗമനപരവും നയപരവുമായ ആവാസവ്യവസ്ഥയുടെ പിന്തുണ ഇന്ത്യയുടെ സെമികണ്ടക്ടർ ലക്ഷ്യങ്ങൾക്കുണ്ട്. ഈ നടപടികൾ ഇലക്ട്രോണിക്സ് മൂല്യശൃംഖലയെ ക്രമാനുഗതമായി ശക്തിപ്പെടുത്തുകയും സെമികണ്ടക്ടർ സ്വയംപര്യാപ്തതയ്ക്ക് അടിത്തറയിടുകയും ചെയ്തിട്ടുണ്ട്.

  • ദേശീയ ഇലക്ട്രോണിക്സ് നയം 2019: ചിപ്‌സെറ്റുകൾ പോലെ പ്രധാന ഘടകങ്ങൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സിസ്റ്റങ്ങളുടെ രൂപകല്പനയ്ക്കും നിര്‍മാണത്തിനും (ESDM) സമഗ്ര ചട്ടക്കൂട് സ്ഥാപിച്ചു.

  • ഇലക്ട്രോണിക് ഘടകങ്ങളുടെയും  സെമികണ്ടക്ടറുകളുടെയും നിര്‍മാണ പ്രോത്സാഹന പദ്ധതി - 2020: രാജ്യത്തെ ഇലക്ട്രോണിക്സ് നിർമാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഇലക്ട്രോണിക് ഘടകങ്ങൾ, ഉപസംയോജനങ്ങള്‍, സെമികണ്ടക്ടറുകൾ എന്നിവയുടെ ആഭ്യന്തര നിർമാണത്തിന് മൂലധനച്ചെലവുമായി ബന്ധിപ്പിച്ച പ്രോത്സാഹനങ്ങൾ നൽകുന്നു.

  • പരിഷ്കരിച്ച ഇലക്ട്രോണിക്സ് നിര്‍മാണ ക്ലസ്റ്റര്‍ പദ്ധതി - 2020: ഇലക്ട്രോണിക്സ് നിർമാണത്തിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, പൊതു സൗകര്യങ്ങൾ, പ്ലഗ്-ആൻഡ്-പ്ലേ സൗകര്യങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്നു.

  • വൻകിട ഇലക്ട്രോണിക്സ് നിർമ്മാണത്തിന് ഉല്പാദന ബന്ധിത പ്രോത്സാഹന പദ്ധതി  - 2020: ആഭ്യന്തര നിർമാണം വർധിപ്പിക്കാനും മൊബൈൽ ഫോണുകളുടെയും ഘടകങ്ങളുടെയും നിർമാണത്തിൽ വൻതോതില്‍ നിക്ഷേപങ്ങൾ ആകർഷിക്കാനും ഉല്പാദന ബന്ധിത പ്രോത്സാഹനങ്ങൾ നൽകുന്നു.

  • ഐടി ഹാർഡ്‌വെയറിന് ഉല്പാദന ബന്ധിത പ്രോത്സാഹന പദ്ധതി 2.0 - 2023: ഐ.ടി ഹാർഡ്‌വെയറിൻ്റെ ആഭ്യന്തര നിർമാണം വർധിപ്പിക്കാനും മൂല്യശൃംഖലയിൽ വലിയ നിക്ഷേപങ്ങൾ ആകർഷിക്കാനും വേണ്ടിയുള്ള പദ്ധതിയാണിത്. ലാപ്ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്സണൽ കംപ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ആഭ്യന്തര നിർമാണം ഇത് പ്രോത്സാഹിപ്പിക്കുന്നു.

  • ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മാണ പദ്ധതി - 2025:  40,000 കോടി രൂപയുടെ വർധിപ്പിച്ച നീക്കിയിരിപ്പോടെ (2026–27 ബജറ്റ്) മൂല്യശൃംഖലയിലുടനീളം നിക്ഷേപങ്ങൾ ആകർഷിച്ച് ശക്തമായ ഘടക നിർമാണ ആവാസവ്യവസ്ഥ വികസിപ്പിക്കാനും അതുവഴി ആഭ്യന്തര മൂല്യവർധന  വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.

  • മൊബൈൽ ഫോൺ നിർമാണ പദ്ധതി - 2026: ഉല്പാദന വ്യാപ്തി കൂടുതൽ വർധിപ്പിച്ചും ഉയർന്ന ആഭ്യന്തര മൂല്യവർധനയിലൂടെയും ശക്തമായ ആഭ്യന്തര നിർമാണ ശേഷികളിലൂടെയും മൊബൈൽ നിർമാണ വിതരണ ശൃംഖലയെ ആഴത്തിലാക്കിയും ഇന്ത്യൻ മൊബൈൽ ബ്രാൻഡുകളെ പിന്തുണച്ചും ആഗോള മത്സരശേഷി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

  • ഗവേഷണ, വികസന, നൂതനാശയ പദ്ധതി: സെമികോൺ 2.0-ന് കീഴിലെ അർഹമായ ഗവേഷണ പദ്ധതികൾക്ക് പിന്തുണ നൽകുകയും ആഭ്യന്തര സെമികണ്ടക്ടർ കണ്ടുപിടുത്തങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

  • ഇലക്ട്രോണിക്സ് നിർമാണത്തിന് 100% നേരിട്ടുള്ള വിദേശ നിക്ഷേപ നയം: ആഗോള നിക്ഷേപങ്ങളും സാങ്കേതിക പങ്കാളിത്തങ്ങളും സുഗമമാക്കുന്നതിനൊപ്പം ഇന്ത്യയെ ആഗോള ഇലക്ട്രോണിക്സ്-സെമികണ്ടക്ടർ മൂല്യശൃംഖലകളുമായി സംയോജിപ്പിക്കുന്നു.

ഈ സംരംഭങ്ങൾ പ്രതിരോധശേഷിയാര്‍ന്ന സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ വ്യാവസായിക അടിത്തറയും വിപണി ആവശ്യകതയും നിക്ഷേപ അന്തരീക്ഷവും സൃഷ്ടിക്കുന്നു.  മുൻനിര സെമികണ്ടക്ടർ സംരംഭങ്ങൾക്ക് അനുബന്ധമായി മാറുന്ന ഈ സംരംഭങ്ങള്‍ ആഗോള ഇലക്ട്രോണിക്സ്-സെമികണ്ടക്ടർ കേന്ദ്രമായി മാറുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ മുന്നോട്ട് നയിക്കുന്നു.  

വികസിതവും സ്വയംപര്യാപ്തവുമായ ഇന്ത്യയിലേക്ക്

ഇന്ത്യയുടെ സെമികണ്ടക്ടർ ചരിത്രം ചുരുങ്ങിയ കാലയളവില്‍ തന്നെ അതിവേഗം മുന്നേറി. 2021-ൽ രാജ്യത്ത് വാണിജ്യ ചിപ്പ് നിർമാണ പ്ലാൻ്റുകൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. 2026 ആയപ്പോഴേക്കും പന്ത്രണ്ട് യൂണിറ്റുകൾക്ക് അനുമതി ലഭിക്കുകയും അഞ്ചെണ്ണം ഉല്പാദനം ആരംഭിക്കുകയും ചെയ്തു. നൂറുകണക്കിന് കോളജുകളിലെ വിദ്യാർത്ഥികൾ ഇപ്പോൾ ചിപ്പുകൾ രൂപകല്പന ചെയ്യുന്നു. ഈ വളർച്ചാ യാത്രയിലെ അടുത്ത സ്വാഭാവിക അധ്യായമാണ് സെമികോൺ 2.0. ഇത് പുതുതായി തുടങ്ങുന്ന ഒന്നല്ല. മറിച്ച്, നിലവിൽ പ്രവർത്തനക്ഷമമായ ഒരു ആവാസവ്യവസ്ഥയെ ഉൾക്കൊണ്ട് അതിനെ പൂർണതയിലെത്തിക്കുന്നു. നിര്‍മാണശാലകള്‍ക്കും പാക്കേജിങിനുമൊപ്പം യന്ത്രസാമഗ്രികളും മറ്റ് വസ്തുക്കളും രൂപകല്പനയും ഗവേഷണവും മികച്ച പ്രതിഭകളും ഇപ്പോൾ ഇതിൻ്റെ ഭാഗമാകുന്നു. മുന്നോട്ടുള്ള പാത വെല്ലുവിളികൾ നിറഞ്ഞതാണ്. ലോകത്തെ ഏറ്റവും സങ്കീർണമായ വ്യവസായങ്ങളിലൊന്നാണ് ചിപ്പ് നിർമാണം. ഇതിന് ക്ഷമയും കൃത്യതയും സുസ്ഥിര നയ പിന്തുണയും അനിവാര്യമാണ്. സെമികോൺ 2.0 ദീർഘകാലത്തേക്ക് ആ പിന്തുണ ഉറപ്പാക്കുന്നു. രാജ്യത്തെ പൗരന്മാരെ സംബന്ധിച്ചിടത്തോളം ഇതിൻ്റെ പ്രയോജനം പ്രകടമല്ലെങ്കിലും യഥാർത്ഥമായിരിക്കും. ഉപകരണങ്ങൾ കൂടുതൽ പൂർണതയോടെ ഇന്ത്യയില്‍ തന്നെ നിർമിക്കപ്പെടും. തന്ത്രപ്രധാന സംവിധാനങ്ങൾക്ക് വിദൂര വിതരണ ശൃംഖലകളെ ആശ്രയിക്കേണ്ടിവരുന്നത് കുറയും. യുവ എന്‍ജിനീയർമാർക്ക് സ്വന്തം നാട്ടിൽത്തന്നെ ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ ലഭ്യമാകും. ‌‍

ചെറിയൊരു ചിപ്പ് വലിയൊരു പ്രതീക്ഷയാണ് മുന്നോട്ട് വെയ്ക്കുന്നത്. അത് സ്വന്തം മണ്ണിൽത്തന്നെ നിർമിക്കാൻ ഇന്ത്യ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു.

 

അവലംബം:

 

Ministry of Electronics and Information Technology

India Semiconductor Mission

Semiconductor Laboratory

Union Cabinet

 

Press Information Bureau (Factsheets and Backgrounders)

NITI Aayog

Indian Institute of Technology Madras

Indian Institute of Technology Kanpur

https://sathee.iitk.ac.in/sathee-jee/ncert-books/jee-ncert-books/jee-nb-phy-12/phy-12-chapter-14-semiconductor-electronics-materials-devices-and-simple-circuits/

Union Minister for Electronics and Information Technology

India Building Semiconductor Future

 

***

(Explainer ID: 160037) आगंतुक पटल : 2
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Assamese , Bengali