• Sitemap
  • Advance Search
Economy

പി.എം.വിശ്വകർമ്മ: പരമ്പരാഗത കൈത്തൊഴിലാളികളെയും കരകൗശല വിദഗ്ദ്ധരെയും ശാക്തീകരിക്കുന്നു

Posted On: 16 SEP 2026 11:14AM

പി.എം വിശ്വകർമ്മ പദ്ധതി മൂന്ന് വർഷം പൂർത്തിയാക്കാനൊരുങ്ങവെ, 30 ലക്ഷം ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യുകയെന്ന ലക്ഷ്യം അത് കൈവരിച്ചുകഴിഞ്ഞു. നൈപുണ്യ പരിശീലനം, ടൂൾ കിറ്റുകൾ (പണിയായുധ സാമഗ്രികൾ), വായ്പാ സഹായം, ഡിജിറ്റൽ പ്രോത്സാഹനാനുകൂല്യങ്ങൾ, വിപണി ബന്ധങ്ങൾ എന്നിവയും ഈ പദ്ധതിയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഗുണഭോക്താക്കളെ സംരംഭ സഹായ വേദി (ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം)യിൽ ഉൾപ്പെടുത്തുകയും, ഗവ.ഇ-മാർക്കറ്റ് പ്ലേസ് (ജി.ഇ-എം), ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകൾ, വ്യാപാര മേളകൾ, പ്രദർശനങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ വിപണന ശൃംഖലകളുമായി അവരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. 'ആദരവ്, കാര്യക്ഷമത, സമൃദ്ധി' (സമ്മാൻ, സാമർത്ഥ്യ, സമൃദ്ധി) എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്; ഒപ്പം, ഗുരു-ശിഷ്യ പരമ്പരയെയും പരമ്പരാഗത തൊഴിൽ നൈപുണ്യങ്ങളുടെ കുടുംബാധിഷ്ഠിത പരിശീലനരീതിയെയും ശക്തിപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു.

 

പരമ്പരാഗത കൈത്തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും പിന്തുണയ്ക്കുന്നു

ഇന്ത്യയിലെ പരമ്പരാഗത കൈത്തൊഴിലാളികളും കരകൗശല വിദഗ്ധരും രാജ്യത്തിന്റെ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും സുപ്രധാന ഭാഗമാണ്. ഇവയിൽ പല തൊഴിലുകളും കൈവേല നൈപുണ്യം, കുടുംബപരമായി കൈമാറിക്കിട്ടിയ അറിവ്, ചെറുകിട സംരംഭങ്ങൾ എന്നിവയെ ആശ്രയിച്ചുള്ളവയാണ്. അത്തരം കരകൗശല വിദഗ്ധർക്കും കൈത്തൊഴിലാളികൾക്കും പരിപൂർണ പിന്തുണ നൽകുന്നതിനായാണ് 2023 സെപ്റ്റംബർ 17-ന് പി.എം വിശ്വകർമ്മ പദ്ധതിക്ക് തുടക്കം കുറിച്ചത്.

 

പരമ്പരാഗത കരകൗശല വിദഗ്ധർക്കും ശിൽപികൾക്കും ആദരവ്, കാര്യക്ഷമത, സമൃദ്ധി എന്നിവ ഉറപ്പാക്കുന്ന 'സമ്മാൻ', 'സാമർത്ഥ്യ', 'സമൃദ്ധി' എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് പി.എം വിശ്വകർമ്മ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരമ്പരാഗത നൈപുണ്യങ്ങൾ കൈമാറ്റം ചെയ്യുന്ന 'ഗുരു-ശിഷ്യ പരമ്പര'യെയും കുടുംബാധിഷ്ഠിത പരിശീലനരീതിയെയും ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

18 പരമ്പരാഗത തൊഴിൽ മേഖലകളെ ഉൾക്കൊള്ളുന്ന ഈ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക്, 2023-24 മുതൽ 2027-28 വരെയുള്ള കാലയളവിലേക്ക് 13,000 കോടി രൂപയുടെ വിഹിതം വകയിരുത്തിയിട്ടുണ്ട്. കരകൗശല വിദഗ്ധരുടെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരവും വ്യാപനവും മെച്ചപ്പെടുത്തുന്നതിനും, ആഭ്യന്തര-ആഗോള വിതരണ ശൃംഖലകളുമായുള്ള അവരുടെ സംയോജനം സുഗമമാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

 

2026 സെപ്റ്റംബർ 17-ന് ഈ പദ്ധതി മൂന്ന് വർഷം തികയ്ക്കവെ, 30 ലക്ഷം ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യുകയെന്ന അതിന്റെ ലക്ഷ്യം ഇതിനകം കൈവരിച്ചുകഴിഞ്ഞു.

 

പദ്ധതിയുടെ ചട്ടക്കൂടും മുഖ്യ ഘടകങ്ങളും

പി.എം വിശ്വകർമ്മ വിവിധ തരത്തിലുള്ള പിന്തുണകളെ ഒരൊറ്റ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നു. അംഗീകാരം, നൈപുണ്യ വികസനം, പണിയായുധ സാമഗ്രികൾക്ക് പ്രോത്സാഹനാനുകൂല്യം, വായ്പാ സഹായം, ഡിജിറ്റൽ പണമിടപാടുകൾക്കുള്ള പ്രോത്സാഹനാനുകൂല്യം, വിപണന പിന്തുണ എന്നിവയാണ് ഇതിലെ പ്രധാന ഘടകങ്ങൾ.

 

അംഗീകാരം

• രജിസ്ട്രേഷൻ, പരിശോധനാ നടപടികൾ പൂർത്തിയാകുന്നതോടെ, പി.എം വിശ്വകർമ്മ സാക്ഷ്യപത്രവും തിരിച്ചറിയൽ കാർഡും നൽകി ഗുണഭോക്താക്കൾക്ക് അംഗീകാരം ഉറപ്പാക്കുന്നു.

നൈപുണ്യ വികസനം

• നൈപുണ്യ വികസനത്തിലൂടെ, ഗുണഭോക്താക്കളെ ആധുനികോപകരണങ്ങൾ, മികച്ച പ്രവർത്തനരീതികൾ, നൂതനമായ രൂപകല്പനകൾ എന്നിവയെ പരിചയപ്പെടുത്തുന്നു. ഡിജിറ്റൽ പണമിടപാടുകൾ, വിപണന-സംരംഭകത്വ സംബന്ധ അറിവ് എന്നിവയും ഈ പരിശീലനത്തിൽ ഉൾപ്പെടുന്നു.

• അടിസ്ഥാന പരിശീലനം 5 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കുന്നു. അതേസമയം 15 ദിവസമോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്നതാണ് ഉന്നതതല പരിശീലനം. പരിശീലനാർത്ഥികൾക്ക് പ്രതിദിനം 500 രൂപ പരിശീലനകാല സഹായധനം ലഭിക്കുന്നു.

ആധുനിക പണിയായുധ സാമഗ്രികൾ:

ഈ പദ്ധതിയിലെ അർഹരായ ഗുണഭോക്താക്കൾക്ക് 15,000 രൂപ വരെ വിലമതിക്കുന്ന ആധുനിക പണിയായുധ സാമഗ്രികൾ നൽകുന്നുണ്ട്.

വായ്പാ പിന്തുണ

ഔപചാരിക വായ്പകളിലേക്കുള്ള അഭിഗമ്യതയെന്നത് പി.എം വിശ്വകർമ്മ പദ്ധതിയുടെ സുപ്രധാന ഭാഗമാണ്. ഈ പദ്ധതി പ്രകാരം, ഈടില്ലാതെ 3 ലക്ഷം രൂപ വരെയുള്ള സംരംഭ വികസന വായ്പകൾ രണ്ട് ഗഡുക്കളായി നൽകുന്നു.

18 മാസത്തെ തിരിച്ചടവ് കാലാവധിയുള്ളതും 1 ലക്ഷം രൂപ വരെ വായ്പ ലഭിക്കാവുന്നതുമാണ് ആദ്യ ഗഡു. അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ ഗുണഭോക്താക്കൾക്ക് ഈ ആദ്യ ഗഡു വായ്പയ്ക്ക് അർഹതയുണ്ട്. 30 മാസത്തെ കാലാവധിയിൽ 2 ലക്ഷം രൂപ വരെ ലഭിക്കാവുന്നതാണ് രണ്ടാമത്തെ ഗഡു.

5 % എന്ന സ്ഥിരമായ ഇളവുള്ള പലിശ നിരക്കിലാണ് വായ്പകൾ നൽകുന്നത്; ഇതിൽ 8 % വരെയുള്ള പലിശ ഇളവ് ഗവൺമെന്റ് വഹിക്കുന്നു. രണ്ടാമത്തെ ഗഡുവിനായുള്ള യോഗ്യത, ആദ്യ ഗഡു തിരിച്ചടയ്ക്കുന്നതുമായും ഡിജിറ്റൽ പണമിടപാടുകൾ സ്വീകരിക്കുന്നതുമായോ അല്ലെങ്കിൽ ആധുനിക പരിശീലനം പൂർത്തിയാക്കുന്നതുമായോ ബന്ധപ്പെട്ടിരിക്കുന്നു.

ഡിജിറ്റൽ, വിപണന പിന്തുണ

പി.എം വിശ്വകർമ്മപദ്ധതി സാമ്പത്തിക സഹായത്തോടൊപ്പം ഡിജിറ്റൽ, വിപണന സഹായങ്ങളും ലഭ്യമാക്കുന്നു. ഗുണഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഓരോ ഡിജിറ്റൽ പണമിടപാടിനും ഒരു രൂപ വീതം ലഭിക്കും; ഒരു മാസത്തിൽ പരമാവധി 100 അർഹമായ ഇടപാടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

വിപണന പിന്തുണയിൽ വ്യാപാര മേളകൾ, പ്രദർശനങ്ങൾ, ബ്രാൻഡ് ചെയ്യൽ, ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് പോലുള്ള ഇലക്ട്രോണിക് വാണിജ്യ പ്ലാറ്റ്ഫോമുകൾ, പരസ്യം, പ്രചാരണം എന്നിവ ഉൾപ്പെടുന്നു. ഔപചാരികമായ ബിസിനസ്സ് രീതികൾ സ്വീകരിക്കുന്നതിനും വിശാലമായ വിപണികളിൽ എത്തുന്നതിനും ഇത് കൈത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നു.

അർഹത, രജിസ്റ്റർ ചെയ്യൽ, ഔപചാരികവത്കരണം

അർഹരായ അപേക്ഷകർ

വിജ്ഞാപനം ചെയ്യപ്പെട്ട 18 പരമ്പരാഗത കുടുംബാധിഷ്ഠിത തൊഴിൽ മേഖലകളിൽ ഒന്നിൽ, കൈകളും പണിയായുധങ്ങളും ഉപയോഗിച്ച് ജോലി ചെയ്യുന്ന 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള കൈത്തൊഴിലാളികൾക്കും കരകൗശല വിദഗ്ധർക്കും പി.എം വിശ്വകർമ്മ പദ്ധതിയിൽ പങ്കുചേരാവുന്നതാണ്. ഇവർ സ്വയംതൊഴിൽ അടിസ്ഥാനത്തിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരായിരിക്കണം.

• സ്വയം തൊഴിലിനോ ബിസിനസ്സ് വികസനത്തിനോ വേണ്ടി കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സമാനമായ വായ്പാധിഷ്ഠിത ഗവൺമെന്റ് പദ്ധതികൾ പ്രയോജനപ്പെടുത്തിയവരായിരിക്കരുത് അപേക്ഷകർ.

• ഭർത്താവ്, ഭാര്യ, വിവാഹം കഴിക്കാത്ത മക്കൾ എന്നിവരടങ്ങുന്ന ഒരു കുടുംബത്തിലെ ഒരാൾക്ക് മാത്രമായി പദ്ധതിയിലെ രജിസ്‌ട്രേഷനും ആനൂകുല്യങ്ങളും പരിമിതപ്പെടുത്തിയിരിക്കുന്നു.

• ഗവൺമെന്റ് ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഇതിന് അർഹരല്ല.

തങ്ങളുടെ വായ്പകൾ പൂർണ്ണമായും തിരിച്ചടച്ച മുദ്ര, പി.എം സ്വനിധി ഗുണഭോക്താക്കൾക്ക് പി.എം വിശ്വകർമ്മ പദ്ധതിക്ക് കീഴിൽ അർഹതയുണ്ട്.

സ്വയം തൊഴിൽ ചെയ്യുന്നവരും അസംഘടിത മേഖലയും?

ഒരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യുന്നതിന് പകരം, ഒരു തൊഴിലിൽ സ്വതന്ത്രമായി ഏർപ്പെടുന്ന വ്യക്തിയാണ് സ്വയംതൊഴിൽ ചെയ്യുന്ന തൊഴിലാളി. സംഘടിത മേഖലയ്ക്ക് പുറത്തുള്ള അനൗപചാരിക സംരംഭങ്ങളെയും അവിടങ്ങളിലെ തൊഴിലാളികളെയുമാണ് അസംഘടിത മേഖല വിശാലമായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നത്.

 

പി.എം. വിശ്വകർമ്മ പദ്ധതിയിൽ ഉൾപ്പെടുന്ന തൊഴിലുകൾ

മരപ്പണിക്കാരൻ

വള്ളം നിർമ്മിക്കുന്നയാൾ

ആയുധ നിർമ്മാതാവ്

ലോഹപ്പണിക്കാരൻ

ചുറ്റികയും ടൂൾ കിറ്റുകളും നിർമ്മിക്കുന്നയാൾ

പൂട്ടുപണിക്കാരൻ

സ്വർണ്ണപ്പണിക്കാരൻ

മൺപാത്ര നിർമാണ തൊഴിലാളി

ശില്പി / കല്ല് പൊട്ടിക്കുന്നയാൾ

ചെരുപ്പുകുത്തി/ ചെരുപ്പ് നിർമ്മാതാവ് / ചെരുപ്പ് നിർമാണ തൊഴിലാളി

കൽപ്പണിക്കാരൻ
(കെട്ടിട നിർമ്മാണ തൊഴിലാളി)

കൊട്ട / പായ / ചൂൽ എന്നിവ നിർമ്മിക്കുന്നയാൾ / കയർ മെടയുന്നയാൾ

പാവയും കളിപ്പാട്ടങ്ങളും നിർമ്മിക്കുന്നയാൾ

ക്ഷുരകൻ

മാല കെട്ടുന്നയാൾ

അലക്കുകാരൻ

തയ്യൽക്കാരൻ

മീൻപിടുത്ത വല നിർമ്മിക്കുന്നയാൾ

രജിസ്‌ട്രേഷൻ

പൊതുസേവന കേന്ദ്രങ്ങൾ ( സി.എസ്.സി) വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ കഴിയൂ.

ത്രിതല പരിശോധനയും അംഗീകാരവും

• പരിശോധന: ഗ്രാമപഞ്ചായത്ത് അല്ലെങ്കിൽ നഗര തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ.

• സൂക്ഷ്മപരിശോധനയും ശുപാർശയും: ജില്ലാ നടപ്പാക്കൽ സമിതി വഴി.

• അംഗീകാരം: സ്‌ക്രീനിങ് കമ്മിറ്റി മുഖേന.

ഔദ്യോഗിക സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ (എം.എസ്.എം.ഇ) ആവാസവ്യവസ്ഥയിലെ സംരംഭകരായി ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോമിൽ, പി.എം. വിശ്വകർമ്മ ഗുണഭോക്താക്കളെയും ഉൾപ്പെടുത്തുന്നുണ്ട്. അർഹമായ ഗവൺമെന്റ് ആനുകൂല്യങ്ങൾ അഭിഗമ്യമാക്കാൻ ഇതവരെ സഹായിക്കുന്നു.

 

സംരംഭ സഹായ വേദി (ഉദ്യം അസിസ്റ്റ് പ്ലാറ്റ്ഫോം)

അനൗപചാരിക സൂക്ഷ്മ സംരംഭങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനും, അവയ്ക്ക് ഉദ്യം രജിസ്‌ട്രേഷൻ നമ്പറും സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിനുമുള്ള ഒരു ഓൺലൈൻ സംവിധാനമാണിത്.

 

പി.എം വിശ്വകർമ്മ പദ്ധതിക്ക് കീഴിലുള്ള പുരോഗതി

നൈപുണ്യ വികസനവും പണിയായുധ സാമഗ്രി പിന്തുണയും

2026 സെപ്റ്റംബർ 15-ഓടെ, 24.37 ലക്ഷത്തിലധികം കൈത്തൊഴിലാളികൾക്ക് അടിസ്ഥാന നൈപുണ്യ പരിശീലനവും 18.16 ലക്ഷത്തിലധികം പേർക്ക് പണിയായുധ സാമഗ്രികളും ലഭിച്ചു.

 

സ്ഥാപനവത്കൃത വായ്പകളിലേക്കുള്ള അഭിഗമ്യത ശക്തിപ്പെടുത്തൽ

ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 5,316 കോടി രൂപ മൂല്യമുള്ള 6.19 ലക്ഷത്തിലധികം വായ്പകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്. ഉൽപ്പാദനത്തിനാവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും ഉപകരണങ്ങൾ നവീകരിക്കുന്നതിനും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സംരംഭങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഗുണഭോക്താക്കളെ സഹായിക്കുക എന്നതാണ് ഈ വായ്പാ പിന്തുണ ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ പ്രവർത്തനക്ഷമമാക്കൽ:

8.11 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് ഡിജിറ്റൽ പ്രോത്സാഹനാനുകൂല്യങ്ങൾ ലഭിച്ചു; ഇതിനായി 42 കോടിയിലധികം രൂപ വിതരണം ചെയ്തു.

 

ബ്രാൻഡ് ചെയ്യൽ, ഉൽപ്പന്ന രൂപകൽപ്പന, പാക്കേജിങ്, വിപണനം എന്നിവയ്ക്കായി എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് 12,000-ത്തിലധികം കൈത്തൊഴിലാളികൾക്ക് പരിശീലനവും നൽകിയിട്ടുണ്ട്.

 

വിപണി അഭിഗമ്യതയും ജനസമ്പർക്കവും

• രാജ്യത്തുടനീളം 1,500-ലധികം ബോധവത്കരണ പരിപാടികളും ക്യാമ്പുകളും, 50-ലധികം ശിൽപശാലകളും, 82 വ്യാപാര മേളകളും, 37 സംസ്ഥാനതല പ്രദർശനങ്ങളും, 50-ലധികം ഫ്‌ളാഷ് മോബുകളും സംഘടിപ്പിക്കുകയുണ്ടായി.

• 2026 ജനുവരി 17 മുതൽ 31 വരെ ദില്ലി ഹാത്തി(ഡൽഹി ചന്ത)ൽ പ്രഥമ പി.എം വിശ്വകർമ്മ ദേശീയ പ്രദർശന-വ്യാപാര മേള' സംഘടിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള 117-ലധികം കൈത്തൊഴിലാളികൾ പങ്കെടുത്ത ഈ മേളയിൽ, 2 കോടി രൂപയിലധികം മൂല്യമുള്ള ഉൽപ്പന്നങ്ങൾ വിറ്റഴിച്ച് റെക്കോർഡ് നേട്ടം കൈവരിച്ചു. വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞരും കേന്ദ്ര ഗവൺമെന്റിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരും ഈ മേള സന്ദർശിച്ചു. 60,000-ത്തിലധികം ആളുകളാണ് ഈ പരിപാടിയ്‌ക്കെത്തിയത്.

• ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ്, ഒ.എൻ.ഡി.സി, മീഷോ, ആമസോൺ, ഫാബ് ഇന്ത്യ, സുലേഖ തുടങ്ങിയ വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലായി 30,000-ത്തിലധികം വിശ്വകർമ്മ ഗുണഭോക്താക്കൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

• അർഹരായ കരകൗശല വിദഗ്ധരെ തങ്ങളുടെ വിപണന പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നത് സുഗമമാക്കുന്നതിനായി കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മന്ത്രാലയം ആമസോണുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചു.

• ദിവ്യാംഗരായ വിശ്വകർമ്മ കൈത്തൊഴിലാളികൾക്ക് വിപണി അഭിഗമ്യത ലഭ്യമാക്കുന്നതിനായി 'ഒരു സ്‌റ്റേഷൻ ഒരു ഉത്പന്നം' (ഒ.എസ്.ഒ.പി) പദ്ധതിയും പി.എം വിശ്വകർമ്മ പ്രയോജനപ്പെടുത്തുന്നുണ്ട്. തിരക്കേറിയ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക റീട്ടെയിൽ ഔട്ട്ലെറ്റുകൾ, അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള സൗകര്യമൊരുക്കുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വിവിധ മേഖലകളിൽ നിന്നുള്ള 42-ലധികം ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് ഇത്തരം സ്റ്റാളുകൾ ലഭ്യമാക്കിയിട്ടുണ്ട്.

• കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ 'അവസർ' (എ.വി.എസ്.എ.ആർ) പദ്ധതിയുമായി സഹകരിച്ച്, ഭോപ്പാൽ, ചണ്ഡീഗഡ് എന്നിവയുൾപ്പെടെയുള്ള വിമാനത്താവളങ്ങളിലും പി.എം വിശ്വകർമ്മ സ്റ്റാളുകൾ തുറന്നിട്ടുണ്ട്.

• പി.എം വിശ്വകർമ്മ ഉൽപ്പന്നങ്ങളുടെ പാക്കേജിങ്ങും ബ്രാൻഡ് ചെയ്യലും പ്രോത്സാഹിപ്പിക്കുന്നതിനായി, 1500 വിശ്വകർമ്മജർക്ക് (ഓരോ നഗരത്തിലും 250 കൈത്തൊഴിലാളികൾ വീതം) പരിശീലനം നൽകുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി സഹകരിച്ച് ആറ് നഗരങ്ങളിലായി വിവിധ ശിൽപശാലകൾ സംഘടിപ്പിച്ചു.

• ആദിവാസി കൈത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിപണി വ്യാപനം വർദ്ധിപ്പിക്കുന്നതിനുമായി, കേന്ദ്ര മന്ത്രാലയം ട്രൈഫെഡു(ട്രൈബൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഡെവലപ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ)മായി സഹകരിച്ച് നിരവധി ട്രൈബൽ കൈത്തൊഴിലാളി മേളകൾ സംഘടിപ്പിച്ചു, ഇത് ആദിവാസിവിഭാഗത്തിൽപെട്ട പി.എം.വി കൈത്തൊഴിലാളികളെ ട്രൈബ്‌സ് ഇന്ത്യ പോലുള്ള പ്രശസ്തമായ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്നു.

• ബിഹാർ, ഗുജറാത്ത്, ഗോവ, ഹിമാചൽ പ്രദേശ്, ഒഡീഷ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്റ്റാർ വിഭാഗത്തിലുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും (ഉദാഹരണത്തിന് താജ്, റാഡിസൺ, അഡ്ബസ് തുടങ്ങിയ ഹോട്ടലുകളിൽ) വിവിധ പി.എം വിശ്വകർമ്മ സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്.

 

ഗുണഭോക്തൃ അനുഭവങ്ങളും വിലയിരുത്തലുകളും

വിവിധങ്ങളായ പരമ്പരാഗത തൊഴിലുകളിലും മേഖലകളിലുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് വ്യത്യസ്ത തൊഴിൽ മേഖലകളിൽനിന്നും സംസ്ഥാനങ്ങളിൽനിന്നുമുള്ള ഗുണഭോക്താക്കളുടെ അനുഭവങ്ങളാണ് താഴെ നൽകിയിരിക്കുന്ന വിഷയ പഠനങ്ങൾ (കേസ് സ്റ്റഡി) അവതരിപ്പിക്കുന്നത്.

ഗുണഭോക്താക്കളുടെ കഥകൾ:

നാഗാലാൻഡിലെ സുൻഹെബോട്ടോയിൽ നിന്നുള്ള കൊട്ട നിർമ്മാതാവായ ശ്രീമതി വില്ലി, പി.എം വിശ്വകർമ്മ പദ്ധതിക്ക് കീഴിലുള്ള നൈപുണ്യ പരിശീലനം പൂർത്തിയാക്കുകയും ഈടില്ലാത്ത ഒരു ലക്ഷം രൂപയുടെ വായ്പ നേടുകയും ചെയ്തു. അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനും തന്റെ സംരംഭം വിപുലീകരിക്കുന്നതിനുമാണ് അവർ ഈ വായ്പ ഉപയോഗിച്ചത്. ഇതോടെ അവരുടെ പ്രതിമാസ വരുമാനം ഏകദേശം 40 ശതമാനം വർധിച്ച് 15,000 രൂപയോളമായി.

ഉത്തരാഖണ്ഡിലെ ചമോലിയിൽ നിന്നുള്ള മരം കൊത്തുപണിക്കാരനായ ശ്രീ. ദർശൻ ലാൽ മൂന്ന് പതിറ്റാണ്ടിലേറെയായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുകയാണ്. ബദരീനാഥ് ക്ഷേത്രനിർമ്മാണത്തിൽ പങ്കാളികളായ കൈത്തൊഴിലാളികളുമായി അദ്ദേഹത്തിന്റെ കുടുംബപാരമ്പര്യത്തിന് ബന്ധമുണ്ട്. പി.എം വിശ്വകർമ്മ പദ്ധതിക്ക് കീഴിൽ അദ്ദേഹത്തിന് നൈപുണ്യ പരിശീലനവും പണിയായുധ സാമഗ്രികളും കുറഞ്ഞ നിരക്കിലുള്ള വായ്പയും ലഭിച്ചു. 2026-ൽ ഡൽഹിയിൽ നടന്ന പി.എം വിശ്വകർമ്മ പ്രദർശനമേളയിലും അദ്ദേഹം പങ്കെടുത്തു. രാജ്യ തലസ്ഥാനത്ത് നടന്ന അദ്ദേഹത്തിന്റെ ഈ ആദ്യ പ്രദർശനം, തന്റെ ഉൽപ്പന്നങ്ങൾ വിപുലമായൊരു വിപണിയിൽ അവതരിപ്പിക്കാനുള്ള അവസരമേകി.

ഐ.ഐ.എം മുംബൈയുടെ സമകാലിക വിലയിരുത്തൽ

പി.എം വിശ്വകർമ്മ പദ്ധതിയെക്കുറിച്ച് ഐ.ഐ.എം മുംബൈ നടത്തിയ സമകാലിക വിലയിരുത്തലിൽ, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള 11,591 ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയിരുന്നു. ബാങ്കുകൾ, പൊതുസേവന കേന്ദ്രങ്ങൾ, ഇന്ത്യ പോസ്റ്റ് ഉദ്യോഗസ്ഥർ, പരിശീലന കേന്ദ്രങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതികരണങ്ങളും ഈ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നു.

വിലയിരുത്തൽ പ്രകാരം, പരിശീലനത്തിനുശേഷം വരുമാനത്തിൽ മിതമായതോ ഗണ്യമായതോ ആയ വർധനയുണ്ടായതായി സർവേയിൽ പങ്കെടുത്ത 93 ശതമാനം ഗുണഭോക്താക്കളും റിപ്പോർട്ട് ചെയ്തു. സർവേയിൽ ഉൾപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിനും, നൈപുണ്യ വികസനം പ്രകടമായ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നതിന് സഹായകമായി എന്ന് ഈ കണ്ടെത്തൽ സൂചിപ്പിക്കുന്നു.

 

പരമ്പരാഗത നൈപുണ്യങ്ങളും ഉപജീവനമാർഗ്ഗങ്ങളും നിലനിർത്തൽ

പരമ്പരാഗത തൊഴിലുകളുടെ പ്രാദേശികവും കുടുംബാധിഷ്ഠിതവുമായ പ്രകൃതം നിലനിർത്തിക്കൊണ്ടുതന്നെ, പിന്തുണ ഉറപ്പാക്കുന്ന ഒരു ദേശീയതല ചട്ടക്കൂടിന് കീഴിൽ പി.എം വിശ്വകർമ്മ അവയെ ഉൾക്കൊള്ളിക്കുന്നു. ഈ തൊഴിലുകളിൽ പലതുമായും ബന്ധപ്പെട്ട പരമ്പരാഗത നൈപുണ്യങ്ങളുടെയും ഗുരു-ശിഷ്യ പാരമ്പര്യത്തിന്റെയും തുടർച്ച ശക്തിപ്പെടുത്താനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കൈത്തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും അവരുടെ ജോലികളുടെ വിവിധ ഘട്ടങ്ങളിലുടനീളം പിന്തുണച്ചുകൊണ്ട്, മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ചുറ്റുപാടിൽ പരമ്പരാഗത അറിവുകളും നൈപുണ്യങ്ങളും പ്രസക്തമായി നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം ജീവനോപാധി അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്.

 

അവലംബം:

Click here to see pdf

***

 

(Explainer ID: 160030) आगंतुक पटल : 2
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Telugu , Kannada