Infrastructure
PMAY-U: ഭവനനിർമ്മാണത്തിന്റെയും ഉൾച്ചേർക്കലിന്റെയും ശാക്തീകരണത്തിന്റെയും കഥ
Posted On:
16 SEP 2026 1:05PM
|
നഗരപ്രദേശങ്ങളിലെ എല്ലാവർക്കും ഭവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രധാന നഗര ഭവന പദ്ധതിയാണ് PMAY-U. രാജ്യത്തുടനീളമുള്ള നഗരങ്ങളിലെ അർഹരായ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് വീടുകൾ ഇത് നൽകുന്നു. നഗരങ്ങളിലെയും പട്ടണങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (EWS), കുറഞ്ഞ വരുമാനക്കാർ (LIG), ഇടത്തരം വരുമാനക്കാർ (MIG), ചേരിനിവാസികൾ എന്നിവരെയാണ് ഈ മിഷൻ പ്രധാനമായും ലക്ഷ്യമിടുന്നത്. PMAY-U നടപ്പിലാക്കിയതിൽ നിന്നുള്ള അനുഭവ പരിചയം 2024-ൽ പുനഃസംഘടിപ്പിച്ച PMAY-U 2.0 ആരംഭിക്കുന്നതിലേക്ക് നയിച്ചു. സ്ത്രീകൾക്കും മറ്റ് പാർശ്വവത്കരിക്കപ്പെട്ട നഗര സമൂഹങ്ങൾക്കും ആനുകൂല്യങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് എല്ലാവരെയും ഉൾച്ചേർക്കുന്നതിലാണ് ഇതിൽ ശക്തമായ ഊന്നൽ നൽകിയിട്ടുള്ളത്. ജിയോ-ടാഗിംഗും തത്സമയ ഡാഷ്‌ബോർഡുകളും പോലുള്ള സാങ്കേതികവിദ്യാധിഷ്ഠിതമായ സംവിധാനങ്ങൾ സുതാര്യതയും മേൽനോട്ടവും വർധിപ്പിച്ചു.
|
നഗരത്തിന്റെ അഭിലാഷങ്ങളുടെ അടിത്തറ
സുരക്ഷിതത്വവും ഭദ്രതയുമുള്ള ഒരു വീട് എന്നത് ആത്മാഭിമാനമുള്ള ജീവിതത്തിന്റെ അടിത്തറയാണ്. അത് കുടുംബങ്ങൾക്ക് സ്ഥിരതയും സംരക്ഷണവും മികച്ച അവസരങ്ങൾ നേടിയെടുക്കാനുള്ള ആത്മവിശ്വാസവും നൽകുന്നു. ഭവന ലഭ്യതാ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, മികച്ച ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത, സമഗ്ര ക്ഷേമം എന്നിവയ്ക്കും സംഭാവന നൽകുന്നു. ദശലക്ഷക്കണക്കിന് നഗര കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്ഥിരം വീട് എന്നത് വെറുമൊരു തലചായ്ക്കാനുള്ള ഇടം മാത്രമല്ല. അത് പ്രകാശപൂരിതവും കൂടുതൽ സുരക്ഷിതവുമായ ഒരു ഭാവിയിലേക്കുള്ള വഴിയാണ്.
എല്ലാവരെയും ഉൾച്ചേർത്തുക്കൊണ്ടുള്ള വളർച്ച കൈവരിക്കുന്നതിൽ ഭവനനിർമ്മാണത്തിനുള്ള നിർണായക പങ്ക് തിരിച്ചറിഞ്ഞ് 2015 ജൂണിലാണ് പ്രധാൻ മന്ത്രി ആവാസ് യോജന-അർബൻ (PMAY-U) ആരംഭിച്ചത്. ഈ മിഷൻ താങ്ങാനാവുന്ന വിലയിലുള്ള വീടുകളെ നഗരവികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിർത്തുന്നു. വർഷങ്ങളായി വ്യാപ്തി, നവീനാശയം, ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിലൂടെ ഇത് ഭവന നിർമ്മാണ മേഖലയെ തന്നെ മാറ്റിമറിച്ചു.
PMAY-U: നഗര ഭവന ആവശ്യങ്ങൾക്കുള്ള ഒരു ദേശീയ പ്രതികരണം
പ്രധാൻ മന്ത്രി ആവാസ് യോജന-അർബൻ (PMAY-U) രാജ്യത്തുടനീളമുള്ള യോഗ്യരായ നഗര കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ കാലാവസ്ഥാ അതിജീവന ശേഷിയുള്ള കോൺക്രീറ്റ് വീടുകൾ നൽകുന്നു. ചേരി നിവാസികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (EWS), കുറഞ്ഞ വരുമാനക്കാർ (LIG), ഇടത്തരം വരുമാനക്കാർ (MIG) എന്നിവരുടെ ഭവന ആവശ്യങ്ങളിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ പദ്ധതിക്ക് കീഴിൽ, താങ്ങാനാവുന്ന വിലയിലുള്ള വീടുകളുടെ നിർമ്മാണത്തിനും കൈമാറ്റത്തിനുമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സഹായം നൽകുന്നു. 2022 മാർച്ച് വരെയായിരുന്നു മിഷൻ കാലാവധി. എന്നിരുന്നാലും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അഭ്യർത്ഥന മാനിച്ചും അനുമതി ലഭിച്ച പദ്ധതികൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പദ്ധതി കാലാവധി 2026 സെപ്റ്റംബർ 30 വരെ നീട്ടി. കൂടാതെ PMAY-U നടപ്പിലാക്കുന്നതിൽ നിന്നുള്ള പഠനങ്ങളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലും ഭവന ആവശ്യകതയിലുണ്ടായ വർധന കാരണവും 2024 സെപ്റ്റംബറിൽ ഈ പദ്ധതി പരിഷ്‌കരിക്കുകയും PMAY-U 2.0 എന്ന പേരിൽ വീണ്ടും ആരംഭിക്കുകയും ചെയ്തു. കൂടുതൽ കാര്യക്ഷമവും സമഗ്രവുമായ സമീപനത്തോടെ നഗരപ്രദേശങ്ങളിലെ “എല്ലാവർക്കും ഭവനം” എന്ന ദർശനം ഈ പദ്ധതി തുടർന്നുപോരുന്നു.
ആരാണ് ഗുണഭോക്തൃ കുടുംബം?
PMAY-U പദ്ധതിക്ക് കീഴിലുള്ള ഒരു ഗുണഭോക്തൃ കുടുംബത്തിൽ ഭർത്താവ്, ഭാര്യ, അവിവാഹിതരായ ആൺമക്കൾ കൂടാതെ/ അല്ലെങ്കിൽ അവിവാഹിതരായ പെൺമക്കൾ എന്നിവർ ഉൾപ്പെടുന്നു. കുടുംബത്തിലെ ഏതെങ്കിലും ഒരംഗത്തിന്റെ പേരിൽ ഇന്ത്യയിൽ എവിടെയും സ്വന്തമായി ഒരു കോൺക്രീറ്റ് വീട് (എല്ലാ കാലാവസ്ഥയെയും പ്രതിരോധിക്കുന്ന താമസസ്ഥലം) ഉണ്ടായിരിക്കാൻ പാടില്ല. വിവാഹം കഴിച്ചോ ഇല്ലയോയെന്ന് പരിഗണിക്കാതെ തന്നെ സ്വന്തമായി വരുമാനമുള്ള മുതിർന്ന ഏതൊരു വ്യക്തിയെയും പ്രത്യേക കുടുംബമായി പരിഗണിക്കുന്നതാണ്. ഇത് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി മാത്രം ബാധകമാകുന്നു:
-
വ്യക്തിയുടെ പേരിൽ ഇന്ത്യയിൽ എവിടെയും സ്വന്തമായി ഒരു കോൺക്രീറ്റ് വീട് ഉണ്ടായിരിക്കരുത്.
-
വിവാഹിതരായ ദമ്പതികളുടെ കാര്യത്തിൽ ഭാര്യയ്ക്കോ ഭർത്താവിനോ അല്ലെങ്കിൽ രണ്ടുപേർക്കും സംയുക്തമായോ ഒരു വീടിന്റെ ആനുകൂല്യം നേടാവുന്നതാണ്.
-
ഇത് പദ്ധതി പ്രകാരമുള്ള കുടുംബ വരുമാന യോഗ്യതയ്ക്ക് വിധേയമായിരിക്കും.
-
അർഹതയുള്ള ഒരു ഗുണഭോക്താവിന് മിഷന്റെ നാല് വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് മാത്രമേ ആനുകൂല്യങ്ങൾ നേടാൻ സാധിക്കൂ.
-
21 ചതുരശ്ര മീറ്ററിൽ താഴെ മാത്രം വിസ്തീർണ്ണമുള്ള കോൺക്രീറ്റ് വീടുള്ള വ്യക്തികളെ ഈ പദ്ധതിക്ക് കീഴിൽ 30 ചതുരശ്ര മീറ്റർ വരെ വിപുലീകരിച്ചുകൊണ്ട് വീട് നവീകരിക്കുന്നതിനായി പരിഗണക്കാവുന്നതാണ്. സ്ഥലപരിമിതിയോ മറ്റ് തടസ്സങ്ങളോ കാരണം ഇത് സാധ്യമല്ലെങ്കിൽ അവർക്ക് PMAY(U) പ്രകാരം മറ്റ് സ്ഥലങ്ങളിൽ വീട് സ്വന്തമാക്കാവുന്നതാണ്.
PMAY-അർബൻ 2.0: അടുത്ത അധ്യായം കെട്ടിപ്പടുക്കുന്നു
PMAY-U പാകിയ ശക്തമായ അടിത്തറയിലൂന്നി കെട്ടിപ്പടുക്കുന്നതാണ് ഇന്ത്യയുടെ താങ്ങാനാവുന്ന ഭവന ദൗത്യത്തിന്റെ അടുത്ത ഘട്ടമായ PMAY-U 2.0. അധികമായി വരുന്ന 1 കോടി നഗര ദരിദ്ര-ഇടത്തരം കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി 2024 മുതൽ 2029 വരെയാണ് നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ താങ്ങാനാവുന്ന വിലയിലുള്ള വീടുകൾ നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള പിന്തുണയായി അർഹരായ കുടുംബങ്ങൾക്ക് പദ്ധതിക്ക് കീഴിൽ യൂണിറ്റൊന്നിന് 2.50 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കുന്നു. PMAY-U 2.0 അർഹരായ ഗുണഭോക്താക്കൾക്ക് വാടകവീടുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനെയും പിന്തുണയ്ക്കുന്നു. ഇത് നഗര ഇന്ത്യയിലുടനീളമുള്ള വിവിധ തരത്തിലുള്ള ഭവന ആവശ്യകതകൾ പരിഹരിക്കാൻ സഹായിക്കുന്നു.
PMAY-U 2.0 പദ്ധതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (EWS), കുറഞ്ഞ വരുമാനക്കാർ (LIG), ഇടത്തരം വരുമാനക്കാർ (MIG) എന്നീ വിഭാഗങ്ങളിൽപ്പെടുന്ന കുടുംബങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. ഗുണഭോക്താക്കളുടെ വരുമാന മാനദണ്ഡങ്ങൾ താഴെ പറയുന്ന രീതിയിലാണ്:
-
EWS കുടുംബങ്ങൾ: വാർഷിക വരുമാനം ₹3 ലക്ഷം വരെ.
-
LIG കുടുംബങ്ങൾ: വാർഷിക വരുമാനം ₹3 ലക്ഷം മുതൽ ₹6 ലക്ഷം വരെ.
-
MIG കുടുംബങ്ങൾ: വാർഷിക വരുമാനം ₹6 ലക്ഷം മുതൽ ₹9 ലക്ഷം വരെ.
PMAY-U 2.0-ന്റെ നാലു വിഭാഗങ്ങൾ
PMAY-U-ലെ അനുഭവ പരിചയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നഗര ഇന്ത്യയിലെ വൈവിധ്യമാർന്ന ഭവന ആവശ്യകതകൾ പരിഹരിക്കുന്നതിനായി PMAY-U 2.0 സമാനമായ നാലു രീതിയിലുള്ള സമീപനമാണ് സ്വീകരിക്കുന്നത്.

ഗുണഭോക്താവിന്റെ നേതൃത്വത്തിലുള്ള ഭവനനിർമ്മാണം (BLC)
BLC വിഭാഗം അർഹരായ EWS കുടുംബങ്ങൾക്ക് 2.5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു. അവർക്ക് സ്വന്തമായി ലഭ്യമായ സ്ഥലത്ത് പരമാവധി 45 ചതുരശ്ര മീറ്റർ കാർപെറ്റ് വിസ്തീർണ്ണമുള്ള പുതിയ കോൺക്രീറ്റ് വീടുകൾ നിർമ്മിക്കാവുന്നതാണ്.
പങ്കാളിത്തത്തോടെയുള്ള താങ്ങാനാവുന്ന ഭവന നിർമ്മാണം (AHP)
AHP വിഭാഗം EWS ഗുണഭോക്താക്കൾക്ക് സ്വന്തമായി ഒരു കോൺക്രീറ്റ് വീട് സ്വന്തമാക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്നു. ഗവൺമെന്റ് അല്ലെങ്കിൽ സ്വകാര്യ ഏജൻസികൾ അർഹരായ ഗുണഭോക്താക്കൾക്കായി 30–45 ചതുരശ്ര മീറ്റർ കാർപെറ്റ് വിസ്തീർണ്ണമുള്ള താങ്ങാനാവുന്ന വീടുകൾ നിർമ്മിക്കുന്നു. വസ്തു വാങ്ങാനായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി ഒരു യൂണിറ്റിന് 2.5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു.
താങ്ങാനാവുന്ന വാടക വീടുകൾ (ARH)
ARH വിഭാഗം ഹ്രസ്വകാല താമസസൗകര്യം ആവശ്യമുള്ള അല്ലെങ്കിൽ വീടുകൾ വാങ്ങാനോ നിർമ്മിക്കാനോ സാധിക്കാത്ത നഗരവാസികൾക്കായി താങ്ങാനാവുന്നതും അന്തസ്സുള്ളതും ശുചിത്വമുള്ളതുമായ വാടക വീടുകൾ നൽകുന്നു. ഇത് കുടിയേറ്റക്കാർ, ഭവനരഹിതർ, വ്യാവസായിക തൊഴിലാളികൾ, ജോലി ചെയ്യുന്ന സ്ത്രീകൾ, നിർമ്മാണ തൊഴിലാളികൾ, നഗരങ്ങളിലെ ദരിദ്രർ, നിർധനരായ വ്യക്തികൾ എന്നിവരുൾപ്പെടെയുള്ള EWS, LIG ഗുണഭോക്താക്കളെ ഉൾക്കൊള്ളുന്നു. തെരുവുകച്ചവടക്കാർ, റിക്ഷാ തൊഴിലാളികൾ, കരാർ ജീവനക്കാർ തുടങ്ങിയവരെയും ഇത് ഉൾക്കൊള്ളുന്നു. വീടുകൾ താമസയോഗ്യമാക്കുന്നതിന് കുടിവെള്ളം, മാലിന്യസംസ്‌കരണം/സെപ്റ്റേജ്, ശുചിത്വം, റോഡുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ അവശ്യ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നു.
പലിശ സബ്‌സിഡി പദ്ധതി (ISS)
ISS വിഭാഗം PMAY-U 2.0-ന് കീഴിൽ അർഹമായ ഭവന വായ്പകൾക്ക് പലിശ സബ്‌സിഡി നൽകുന്നു. 2024 സെപ്റ്റംബർ 1-നോ അതിനുശേഷമോ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്ത വായ്പകളെയാണ് ഇത് ഉൾക്കൊള്ളുന്നത്. അർഹരായ EWS, LIG, MIG ഗുണഭോക്താക്കൾക്ക് വീടുകൾ വാങ്ങുന്നതിനും വീണ്ടും വാങ്ങുന്നതിനും അല്ലെങ്കിൽ നിർമ്മിക്കുന്നതിനും ഈ സബ്‌സിഡി ഉപയോഗപ്പെടുത്താം. അഞ്ചുവർഷത്തിൽ കൂടുതൽ വായ്പാ കാലാവധിയുള്ള അർഹരായ ഗുണഭോക്താക്കൾക്ക് പരമാവധി 1.80 ലക്ഷം രൂപ വരെ പലിശ സബ്‌സിഡി നൽകുന്നു.
PMAY-U, PMAY-U 2.0 എന്നിവയുടെ പ്രധാന നേട്ടങ്ങൾ
PMAY-Uവിന്റെ യാത്ര താങ്ങാനാവുന്ന നിരക്കിൽ ഭവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സുസ്ഥിരമായ പ്രതിജ്ഞാബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നു. 2005-നും 2014-നും ഇടയിൽ മുൻകാല പദ്ധതികൾക്ക് കീഴിൽ ഏകദേശം 8 ലക്ഷം നഗര വീടുകൾ മാത്രമാണ് പൂർത്തിയായത്. 2026 ഓഗസ്റ്റ് 9 വരെയുള്ള കണക്കനുസരിച്ച് PMAY-U, PMAY-U 2.0 എന്നിവയിലുടനീളമായി 1.25 കോടി വീടുകൾക്ക് അനുമതി നൽകി. ഇതിൽ 1 കോടിയിലധികം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയും രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കൾക്ക് കൈമാറുകയും ചെയ്തു.
നഗര ഭവനങ്ങളിൽ തുല്യ പ്രവേശനക്ഷമത ഉറപ്പാക്കുന്നു
നഗരവികസനത്തിന്റെ യഥാർത്ഥ വിജയം അതിന്റെ ആനുകൂല്യങ്ങൾ എത്രത്തോളം വ്യാപകമായി പങ്കിടുന്നുവെന്നതിലാണ്. നഗരങ്ങളിലെയും പട്ടണങ്ങളിലെയും പാർശ്വവത്കരിക്കപ്പെട്ട കുടുംബങ്ങളെ പിന്തുണച്ചുകൊണ്ട് മിഷൻ അതിന്റെ സമീപനത്തിന്റെ കേന്ദ്രസ്ഥാനത്ത് സമഗ്രമായ ഉൾച്ചേർക്കലിനെ പ്രതിഷ്ഠിക്കുന്നു.
ഈ മാറ്റത്തിന്റെ കേന്ദ്രബിന്ദുവായി സ്ത്രീകൾ നിലകൊള്ളുന്നു. PMAY-U വീടുകളുടെ ഉടമസ്ഥാവകാശമോ സംയുക്ത ഉടമസ്ഥാവകാശമോ വനിതാ ഗുണഭോക്താക്കളുടെ പേരിലായിരിക്കണമെന്ന് നിർബന്ധമാക്കുന്നു. ഈ വ്യവസ്ഥ അവരുടെ സാമ്പത്തിക ഭദ്രത വർധിപ്പിക്കുകയും കുടുംബപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (OBC), ന്യൂനപക്ഷങ്ങൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവർക്കുള്ള ഭവന ലഭ്യതയ്ക്കും ഈ മിഷൻ മുൻഗണന നൽകുന്നു. വൈവിധ്യമാർന്ന ഗുണഭോക്തൃ ഗ്രൂപ്പുകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലൂടെ നഗര വളർച്ചയെ കൂടുതൽ തുല്യതയുള്ളതും പ്രാപ്യവുമാക്കാൻ PMAY-U സഹായിച്ചിട്ടുണ്ട്.
വൈവിധ്യമാർന്ന ഗുണഭോക്തൃ ഗ്രൂപ്പുകൾക്ക് ലക്ഷ്യബോധത്തോടെയുള്ള പിന്തുണ നൽകിക്കൊണ്ട് PMAY-U 2.0 ഈ പ്രതിജ്ഞാബദ്ധത തുടരുന്നു. 2026 ഓഗസ്റ്റ് 9 വരെയുള്ള കണക്കനുസരിച്ച് ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 18.38 ലക്ഷം വീടുകൾക്ക് അനുമതി നൽകി. ഇത് സ്വന്തമായി വീട് എന്ന സ്വപ്നത്തോടൊപ്പം പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കായുള്ള പ്രത്യേക ഇടപെടലുകളെയും സംയോജിപ്പിക്കുന്നു.
-
അനുമതി ലഭിച്ച 18.38 ലക്ഷം വീടുകളിൽ 14.40 ലക്ഷം വീടുകളും ഗുണഭോക്താവിന്റെ നേതൃത്വത്തിലുള്ള ഭവനനിർമ്മാണം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.
-
2.48 ലക്ഷം വീടുകൾ പങ്കാളിത്തത്തോടെയുള്ള താങ്ങാനാവുന്ന ഭവനനിർമ്മാണം എന്ന വിഭാഗത്തിന് കീഴിൽ അനുവദിച്ചു.
-
1.36 ലക്ഷം വീടുകൾ പലിശ സബ്‌സിഡി പദ്ധതി വിഭാഗത്തിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
-
താങ്ങാനാവുന്ന വാടക വീടുകൾ ഘടകത്തിന് കീഴിൽ 13,046 വീടുകൾക്ക് അനുമതി നൽകി.
-
PMAY-U, PMAY-U 2.0 എന്നിവയ്ക്ക് കീഴിൽ അനുവദിച്ച 1.25 കോടി വീടുകളിൽ 1 കോടി വീടുകളും സ്ത്രീകൾക്കാണ് അനുവദിച്ചിട്ടുള്ളത് (കുടുംബത്തിലെ മുതിർന്ന വനിതയുടെ പേരിലോ സംയുക്ത ഉടമസ്ഥതയിലോ).

ഭവന പദ്ധതികളുടെ ആനുകൂല്യങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ മിഷന്റെ നിരന്തരമായ ശ്രദ്ധയെയാണ് ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നത്. താങ്ങാനാവുന്ന ചെലവും ഉൾച്ചേർക്കലും സംയോജിപ്പിക്കുന്നതിലൂടെ കൂടുതൽ തുല്യതയുള്ളതും അതിജീവന ശേഷിയുള്ളതുമായ നഗരസമൂഹങ്ങളെ സൃഷ്ടിക്കാൻ PMAY-U സഹായിക്കുന്നു.
സാങ്കേതികവിദ്യാധിഷ്ഠിതമായ നടപ്പാക്കലും മേൽനോട്ടവും
ആധുനിക സാങ്കേതികവിദ്യ നഗര ഭവന വിതരണത്തിന് ഒരു പുതിയ മാനം നൽകി. ഡിജിറ്റൽ ഡാഷ്‌ബോർഡുകൾ, ജിയോ-ടാഗിംഗ്, സംയോജിത മേൽനോട്ട സംവിധാനങ്ങൾ എന്നിവ PMAY-U-ന് കീഴിലുള്ള പദ്ധതി നടത്തിപ്പിനെ ശക്തിപ്പെടുത്തി. ഈ ഉപകരണങ്ങൾ സുതാര്യത വർധിപ്പിക്കുകയും പദ്ധതികളുടെ മേൽനോട്ടം മെച്ചപ്പെടുത്തുകയും ചെയ്തു.
-
ഏകീകൃത വെബ് പോർട്ടൽ: PMAY-U 2.0-ന്റെ ഏകീകൃത വെബ് പോർട്ടൽ നഗരപ്രദേശങ്ങളിലുടനീളം പദ്ധതി നടപ്പാക്കലിനും മേൽനോട്ടത്തിനുമുള്ള ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു. ഇത് അർഹരായ ഗുണഭോക്താക്കളെ ഭവന സഹായത്തിനായി അപേക്ഷിക്കാൻ പ്രാപ്തരാക്കുകയും അപേക്ഷകളുടെ പ്രോസസ്സിംഗും ട്രാക്കിംഗും സുഗമമാക്കുകയും ചെയ്യുന്നു. ഗുണഭോക്താക്കൾ, നഗര പ്രാദേശിക ഭരണകൂടങ്ങൾ (ULB), സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ, മറ്റ് നടത്തിപ്പ് ഏജൻസികൾ എന്നിവരുൾപ്പെടെയുള്ള പ്രധാന പങ്കാളികളെ ഈ പോർട്ടൽ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിച്ചുകൊണ്ടുവരുന്നു. കൂടാതെ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ വീടുകളുടെ ജിയോ-ടാഗിംഗ് നടത്തുന്നതിനും ഫണ്ട് വിതരണം ലളിതമാക്കുന്നതിനും ഇത് സഹായിക്കുന്നു. തടസ്സമില്ലാത്ത സുതാര്യത, കൃത്യമായ ഉത്തരവാദിത്തം, പദ്ധതിയുടെ കാര്യക്ഷമമായ മേൽനോട്ടം എന്നിവ ഇത് ഉറപ്പാക്കുന്നു.
-
PMAY-U ഡാഷ്‌ബോർഡ്: സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, നഗരപ്രാദേശിക ഭരണകൂടങ്ങൾ/നടത്തിപ്പ് ഏജൻസികൾ, എം.പിമാർ, എം.എൽ.എമാർ, ഗുണഭോക്താക്കൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവർക്ക് ലഭ്യമാകുന്ന രീതിയിൽ പ്രധാന പ്രകടന സൂചകങ്ങളുടെ (KPI) തത്സമയ പുരോഗതി ഈ ഡാഷ്‌ബോർഡ് നൽകുന്നു. ഇത് ഡാറ്റാധിഷ്ഠിതമായ കൃത്യമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുകയും പദ്ധതി നടത്തിപ്പിന്റെ ഫലപ്രദമായ മേൽനോട്ടം സുഗമമാക്കുകയും ചെയ്യുന്നു.
-
ജിയോ-ടാഗിംഗ്: ഭൂമിയൊരുക്കൽ, തറക്കല്ലിടൽ, ചുവരുകളുടെയും ഘടനയുടെയും നിർമ്മാണം, ഫിനിഷിംഗും അനുബന്ധ വികസനവും, പൂർത്തീകരണം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതികൾ വിലയിരുത്തുന്നത്. ഘട്ടം ഘട്ടമായുള്ള ഈ മേൽനോട്ടം വൻകിട പദ്ധതികൾ നിശ്ചിത സമയക്രമത്തിൽ മുന്നേറുന്നുണ്ടെന്നും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.
-
ടെക്നോളജി സബ്-മിഷൻ (TSM): വേഗതയേറിയതും മികച്ച ഗുണനിലവാരമുള്ളതുമായ ഭവനനിർമ്മാണത്തിനായി ആധുനികവും പരിസ്ഥിതി സൗഹൃദപരവും നൂതനവുമായ നിർമ്മാണ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനെ ഇത് പിന്തുണയ്ക്കുന്നു. ടി.എസ്.എമ്മിന് (TSM) കീഴിൽ ഗ്ലോബൽ ഹൗസിംഗ് ടെക്നോളജി ചലഞ്ച് - ഇന്ത്യ (GHTC-India) സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള 54 പ്രയോജനപ്രദമായ സാങ്കേതികവിദ്യകളെ ദുരന്ത അതിജീവന ശേഷിയുള്ള, ആഗോളതലത്തിൽ തെളിയിക്കപ്പെട്ട പ്രധാന സാങ്കേതികവിദ്യകളായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ജി.എച്ച്.ടി.സി-ഇന്ത്യയ്ക്ക് കീഴിൽ തിരഞ്ഞെടുക്കപ്പെട്ട ആറ് വ്യത്യസ്ത സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രാജ്യത്തെ ആറ് സ്ഥലങ്ങളിലായി ആറ് ലൈറ്റ് ഹൗസ് പ്രോജക്ടുകൾ (LHPs) നിർമ്മിച്ചിട്ടുണ്ട്.
-
ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സബ്-മിഷൻ (TISM): TSM-ന്റെ പുരോഗതിയെ അടിസ്ഥാനമാക്കി PMAY-U 2.0-ന് കീഴിലുള്ള ടെക്നോളജി & ഇന്നൊവേഷൻ സബ്-മിഷൻ (TISM) ഭവന നിർമ്മാണത്തിലെ നവീനാശയത്തെ പ്രോത്സാഹിപ്പിക്കുന്നു. സുസ്ഥിര ഭവനനിർമ്മാണത്തിനായി നൂതനമായ രൂപകൽപ്പന, ഗുണനിലവാരം ഉറപ്പാക്കൽ, ഹരിത കെട്ടിട മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. വിവിധ ഭൂപ്രകൃതി, കാലാവസ്ഥാ മേഖലകളിൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്ലാനുകളും കെട്ടിട രൂപകല്പനകളും നടപ്പിലാക്കാൻ TISM സഹായമേകുന്നു.
-
ടെക്നോളജി ഇന്നൊവേഷൻ ഗ്രാന്റ് (TIG): PMAY-U 2.0, AHP പദ്ധതികൾക്കായി അധിക ടെക്നോളജി ഇന്നൊവേഷൻ ഗ്രാന്റ് (TIG) നൽകുന്നു. GHTC-ഇന്ത്യയ്ക്ക് കീഴിൽ വിജ്ഞാപനം ചെയ്ത നൂതനവും ബദൽ സാങ്കേതികവിദ്യകളുടെയും ഉപയോഗത്തെ ഈ ഗ്രാന്റ് പിന്തുണയ്ക്കുന്നു.
ഗുണഭോക്താക്കളുടെ ജീവിതത്തിലുണ്ടായ സ്വാധീനം
PMAY-Uവിന്റെ യഥാർത്ഥ സ്വാധീനം നഗര ഇന്ത്യയിലുടനീളം അത് മാറ്റിമറിച്ച ജീവിതങ്ങളിലൂടെയാണ് ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നത്. സുരക്ഷിതമായ ഭവനം ഗുണഭോക്താക്കളുടെ അന്തസ്സും സ്ഥിരതയും സ്വാശ്രയത്വവും എങ്ങനെ ശക്തിപ്പെടുത്തിയെന്ന് ഈ വിജയഗാഥകൾ പ്രതിഫലിപ്പിക്കുന്നു.
സ്വന്തമായി ഒരു മേൽക്കൂര, സാധ്യതകളുടെ ഒരു ഭാവി
ആന്ധ്രാപ്രദേശിലെ അദ്ദങ്കിയിൽ താത്കാലിക മേൽക്കൂരയുള്ള ഒരു ചെറിയ വീട്ടിലാണ് മന്ഥലപു അനന്തലക്ഷ്മിയും ഭർത്താവും മൂന്ന് മക്കളും താമസിച്ചിരുന്നത്. എരുമ വളർത്തലിൽ നിന്നുള്ള ചെറിയ വരുമാനത്തെയാണ് ആ കുടുംബം ആശ്രയിച്ചിരുന്നത്. സ്വന്തമായി ഒരു സ്ഥിരം വീട് എന്നത് അവരുടെ പ്രാപ്തിക്കും അപ്പുറമായിരുന്നു. PMAY-Uന് കീഴിൽ സഹായം ലഭിച്ചതിന് ശേഷം വീട് സ്വന്തമായി നിർമ്മിച്ചുകൊണ്ട് അവർ സാമ്പത്തിക തടസ്സങ്ങളെ മറികടന്നു. അടച്ചുറപ്പുള്ള പുതിയ വീട് സുരക്ഷിതമായ ശുചിത്വ സൗകര്യങ്ങൾ കൊണ്ടുവരികയും തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം അവസാനിപ്പിക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. അതിനേക്കാളേറെ അത് അവരിൽ ആത്മവിശ്വാസം വളർത്തുകയും തങ്ങളുടെ മക്കളുടെ ഭാവിയിൽ നിക്ഷേപം നടത്താൻ ആ കുടുംബത്തിന് പ്രചോദനമാകുകയും ചെയ്തു.
നിരന്തരമായ അറ്റകുറ്റപ്പണികളിൽ നിന്ന് ശാശ്വതമായ സ്ഥിരതയിലേക്ക്
മേഘാലയയിലെ നോങ്പോ പട്ടണത്തിലെ ലൂസിബോൺ സിങ്ക്ലി കുടുംബത്തിലെ ഏക ആശ്രയമായി തന്റെ പിതാവിനെയും സഹോദരിമാരെയും സംരക്ഷിക്കുന്നു. ആശ പ്രവർത്തകയും കൈതച്ചക്ക കർഷകയുമായ അവർ, ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്ന, ഒരു താല്കാലിക വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണി ചെലവുകൾ പലപ്പോഴും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും പിതാവിന്റെ ചികിത്സയെ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. PMAY-U ഗുണഭോക്താവായതോടെ ലൂസിബോൺ എല്ലാ കാലാവസ്ഥകളെയും പ്രതിരോധിക്കുന്ന ഒരു സ്ഥിരം വീട് സ്വന്തമാക്കുകയും പരിപാലന ചെലവുകൾ കുറയ്ക്കുകയും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ ലഭിച്ച സമ്പാദ്യം പിതാവിന്റെ ആരോഗ്യ പരിപാലന ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. ഈ കുടുംബം മഴവെള്ളക്കൊയ്ത്ത് രീതികൾ സ്വീകരിക്കുകയും ഫലവൃക്ഷങ്ങൾ നടുകയും LPG കണക്ഷൻ നേടുകയും LED ലൈറ്റുകളിലേക്ക് മാറുകയും ചെയ്തു. അവരുടെ പുതിയ വീട് മുഴുവൻ കുടുംബത്തിനും മനസ്സമാധാനം നൽകിയിരിക്കുന്നു.

എല്ലാവർക്കും ഭവനം എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നു
ഒരു നഗരത്തിന്റെ കഥ എന്നത് ആത്യന്തികമായി അതിനെ സ്വന്തം വീടെന്ന് വിളിക്കുന്ന മനുഷ്യരുടെ കഥയാണ്. നഗര കേന്ദ്രങ്ങൾ വളരുകയും വികസിക്കുകയും ചെയ്യുമ്പോൾ ഭവനം എന്നത് ഉൾച്ചേർക്കലിന്റെയും അവസരങ്ങളുടെയും ജീവിത നിലവാരത്തിന്റെയും ഏറ്റവും പ്രകടമായ സൂചകങ്ങളിലൊന്നായി മാറുന്നു. PMAY-Uവിന്റെ യാത്ര ഈ തിരിച്ചറിവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. നഗരവികസനത്തിന്റെ അരികുകളിൽ വളരെക്കാലമായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഭവന സൗകര്യം എത്തിക്കാൻ ഇതിന് സാധിച്ചു. അതിലൂടെ രാജ്യത്തുടനീളമുള്ള എണ്ണമറ്റ കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്നത് വെറുമൊരു ആഗ്രഹത്തിൽ നിന്ന് യാഥാർത്ഥ്യമാക്കി മാറ്റാൻ ഈ പദ്ധതി സഹായിച്ചു. ആസൂത്രണം, മേൽനോട്ടം, സുതാര്യമായ നടപ്പാക്കൽ എന്നിവയ്ക്കായി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് മിഷൻ കൂടുതൽ ശക്തമായി. PMAY-U 2.0 ലൂടെ ഓരോ കുടുംബത്തിനും സ്വന്തമെന്ന് വിളിക്കാൻ സുരക്ഷിതമായ ഒരു ഇടമുണ്ടെന്ന് ഉറപ്പാക്കുന്നത് മിഷൻ തുടരുന്നു.
അവലംബം
Ministry of Housing and Urban Affairs
https://pmay-urban.gov.in/about
https://pmaymis.gov.in/pmaymis2_2024/PMAY_SURVEY/EligiblityCheck.aspx
https://www.pib.gov.in/PressReleasePage.aspx?PRID=2274164®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2239027®=48&lang=2
https://dashboard.pmay-urban.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2231861®=3&lang=2
https://pmay-urban.gov.in/uploads/progress-pdfs/68ac528160e77-Achievement_under_PMAY-U_&_PMAY-U2.0_cropped.pdf
https://pmay-urban.gov.in/uploads/guidelines/AHP-SOP.pdf
https://pmaymis.gov.in/PMAYMIS2_2024/PmayUrban.aspx
https://pmay-urban.gov.in/uploads/pmayu-9-years/Booklet.pdf
https://www.pib.gov.in/PressReleasePage.aspx?PRID=1953776®=48&lang=2
https://www.pib.gov.in/PressReleaseDetail.aspx?PRID=2296797®=48&lang=1
https://pmay-urban.gov.in/uploads/success-stories/605c36ab8e06f-Meghalaya_Lucybon%20Syngkli.pdf
https://pmay-urban.gov.in/uploads/success-stories/605c2ccda9adb-Andhra%20Pradesh_Mandhalpu%20Ananthalakshmi.pdf
https://pmay-urban.gov.in/uploads/success-stories/605c347e9d8cd-Kerala%20A%20R%20Ragasree.pdf
https://pmay-urban.gov.in/uploads/guidelines/Operational-Guidelines-of-PMAY-U-2.pdf
Click here to see pdf
***
(Explainer ID: 160024)
आगंतुक पटल : 6
Provide suggestions / comments