• Sitemap
  • Advance Search
Farmer's Welfare

കർഷകരുടെ ഭാവിക്ക് സുരക്ഷിതത്വവും അന്തസ്സും ഉറപ്പാക്കുന്നു

പ്രധാൻ മന്ത്രി കിസാൻ മാൻധൻ യോജനയുടെ 7 വർഷങ്ങൾ

Posted On: 11 SEP 2026 5:26PM

കഴിഞ്ഞ ഏഴ് വർഷമായി, ചെറുകിട-നാമമാത്ര കർഷകർക്ക് വാർദ്ധക്യകാലത്ത് കൂടുതൽ സാമ്പത്തിക ഭദ്രതയും അന്തസ്സും ഉറപ്പാക്കുന്നതിൽ പ്രധാൻ മന്ത്രി കിസാൻ മാൻധൻ യോജന (പി.എം-കെ.എം.വൈ) സഹായകമായിട്ടുണ്ട്. 2019-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ, 60 വയസ്സ് മുതൽ പ്രതിമാസം കുറഞ്ഞത് 3,000 രൂപ ഉറപ്പായ പെൻഷൻ ലഭിക്കുന്നു. 2026 ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം 24.96 ലക്ഷത്തിലധികം കർഷകരാണ് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.  5.75 ലക്ഷത്തോളം രജിസ്ട്രേഷനുകളുമായി ഹരിയാനയാണ് പട്ടികയിൽ മുന്നിൽ; 3.46 ലക്ഷത്തിലധികം എൻറോൾമെൻ്റുകളുമായി ബിഹാർ തൊട്ടുപിന്നിലുണ്ട്. പദ്ധതിയുടെ നടത്തിപ്പിനും പ്രചാരണ പ്രവർത്തനങ്ങൾക്കുമായി 2019 മുതൽ 2026 ഫെബ്രുവരി വരെ 540.66 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. കർഷക സമൂഹങ്ങൾക്കിടയിൽ സാമൂഹിക സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചുവരുന്നതിൻ്റെ തെളിവാണ് പദ്ധതിയുടെ ഈ വലിയ മുന്നേറ്റം. കർഷകരുടെ വാർദ്ധക്യജീവിതം  കൂടുതൽ സുരക്ഷിതവും അന്തസ്സുറ്റതുമാക്കാനുള്ള ഗവണ്മെന്റിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഉത്തമ ഉദാഹരണമാണ് പി.എം-കെ.എം.വൈ.

പി.എം-കെ.എം.വൈയുടെ 7 വർഷങ്ങൾ: കാർഷിക ജീവിതത്തിനപ്പുറമുള്ള സുരക്ഷിത നാളുകളിലേക്ക്

തലമുറകളായി കഠിനാധ്വാനം ചെയ്ത് പാടത്ത് വിയർപ്പൊഴുക്കി രാജ്യത്തിൻ്റെ ഭക്ഷ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നത് നമ്മുടെ കർഷകരാണ്. അവർക്ക് പ്രായമാകുമ്പോൾ, വർഷങ്ങളായുള്ള അവരുടെ  ആ അധ്വാനത്തിന് ആദരവെന്നോണം സുരക്ഷിതത്വവും അന്തസ്സും നൽകിക്കൊണ്ട് അവരെ ചേർത്തുനിർത്തേണ്ടതുണ്ടെന്ന് ഗവണ്മെന്റ് തിരിച്ചറിയുന്നു. സ്വന്തമായി  പരിമിതമായ സമ്പാദ്യം മാത്രമുള്ള ചെറുകിട-നാമമാത്ര കർഷകരെ സംബന്ധിച്ചിടത്തോളം ഇത് ഏറെ ആശ്വാസകരവും പ്രധാനവുമാണ്.

ഈയൊരു ലക്ഷ്യത്തോടെയാണ് 2019 സെപ്റ്റംബർ 12-ന് പ്രധാൻ മന്ത്രി കിസാൻ മാൻധൻ യോജന (പി.എം-കെ.എം.വൈ) ആരംഭിച്ചത്. കൃഷിഭൂമിയുള്ള അർഹരായ ചെറുകിട-നാമമാത്ര കർഷകർക്ക് (സ്ത്രീകൾക്കും പുരുഷന്മാർക്കും) 60 വയസ്സ് മുതൽ സ്ഥിരമായ പ്രതിമാസ പെൻഷൻ ഈ പദ്ധതി ഉറപ്പുനൽകുന്നു. വാർദ്ധക്യകാലത്ത് സാമ്പത്തിക സ്ഥിരതയും മനഃസമാധാനവും ഉറപ്പാക്കുക എന്നതാണ് ഈ ഇടപെടലിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതി ആരംഭിച്ചതിനുശേഷം ഇതുവരെ, കർഷക സമൂഹത്തിൻ്റെ സാമൂഹിക സുരക്ഷയുടെ സുപ്രധാനമായ ഒരു സ്തംഭമായി മാറാൻ പി.എം-കെ.എം.വൈക്ക് കഴിഞ്ഞിട്ടുണ്ട്.  2026 സെപ്റ്റംബർ 12-ന് ഈ പദ്ധതി ഏഴ് വർഷം പൂർത്തിയാക്കുകയാണ്. ഈ ഏഴ് വർഷത്തിനിടെ രാജ്യത്തുടനീളമുള്ള കർഷകരിലേക്ക് പദ്ധതിയുടെ  സ്വാധീനം വലിയ തോതിൽ വ്യാപിപ്പിച്ചു. കൂടുതൽ സാമ്പത്തിക ഭദ്രതയോടും ആത്മാഭിമാനത്തോടും കൂടി വാർദ്ധക്യത്തെ നോക്കിക്കാണാൻ കർഷകർക്ക് സാധിക്കണമെന്ന ഗവണ്മെന്റിൻ്റെ തുടർച്ചയായ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

 

സ്വാധീനം: സാമൂഹിക സുരക്ഷാ വലയം കൂടുതൽ വിപുലമാകുന്നു

ഏഴ് വർഷം പൂർത്തിയാക്കുന്നു എന്ന നാഴികക്കല്ലിൽ മാത്രമല്ല, സാമൂഹിക സുരക്ഷാ പരിധിയിലേക്ക് കൊണ്ടുവരാനായ കർഷകരുടെ വർദ്ധിച്ചുവരുന്ന എണ്ണത്തിലും പി.എം-കെ.എം.വൈ-യുടെ മുന്നേറ്റം പ്രകടമാണ്. കർഷക സമൂഹങ്ങൾക്കിടയിൽ സാമൂഹിക സുരക്ഷ എന്ന ആശയം വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു; 2026 ഫെബ്രുവരി 6 വരെയുള്ള കണക്കുകൾ പ്രകാരം 24,96,252 കർഷകരാണ് പദ്ധതിയിൽ അംഗങ്ങളായി ചേർന്നത്.

പദ്ധതിയുടെ സംസ്ഥാനതല വ്യാപ്തിയിലാണ് ഇതിൻ്റെ സ്വാധീനം കൂടുതൽ പ്രകടമാകുന്നത്. ഏകദേശം 5.75 ലക്ഷം കർഷകരുടെ എൻറോൾമെൻ്റുകളുമായി ഹരിയാന മുന്നിൽ നിൽക്കുമ്പോൾ, 3.46 ലക്ഷത്തിലധികം ഗുണഭോക്താക്കളുമായി ബിഹാർ തൊട്ടുപിന്നിലുണ്ട്. ഝാർഖണ്ഡും ഉത്തർപ്രദേശും 2.5 ലക്ഷത്തിലധികം എൻറോൾമെൻ്റുകൾ വീതം പിന്നിട്ടപ്പോൾ ഛത്തീസ്ഗഢിൽ 2 ലക്ഷത്തിലധികം പേർ പദ്ധതിയുടെ ഭാഗമായി. ഒഡീഷ, ജമ്മു കശ്മീർ, മധ്യപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും പദ്ധതിയുടെ ദേശീയതലത്തിലുള്ള വ്യാപ്തി കൂടുതൽ കരുത്തുറ്റതാക്കുന്നു.

 



 

ഈ മുന്നേറ്റത്തിന് പിന്നിൽ ഗവണ്മെന്റിൻ്റെ തുടർച്ചയായ പൊതുനിക്ഷേപമുണ്ട്. പദ്ധതിയുടെ ചിട്ടയായ നടത്തിപ്പിനും പ്രചാരണ പ്രവർത്തനങ്ങൾക്കുമായി 2019 മുതൽ 2026 ഫെബ്രുവരി വരെ രാജ്യവ്യാപകമായി 540.66 കോടി രൂപയാണ് പി.എം-കെ.എം.വൈക്ക് കീഴിൽ വിനിയോഗിച്ചത്.

കർഷകരുടെ വാർദ്ധക്യകാല സംരക്ഷണത്തിനായി അവതരിപ്പിച്ച ഒരു സാമൂഹിക സുരക്ഷാ പദ്ധതിയിൽ നിന്ന് രാജ്യവ്യാപകമായ ഒരു സുരക്ഷാ വലയമായി പി.എം-കെ.എം.വൈ വളർന്നു കഴിഞ്ഞു. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആയുസ്സ് മുഴുവൻ അധ്വാനിക്കുന്ന ലക്ഷക്കണക്കിന് കർഷകർക്ക് സാമ്പത്തിക ഭദ്രതയുടെ ഉറപ്പാണ് ഈ പദ്ധതി നൽകുന്നത്.


കർഷകരുടെ വാർദ്ധക്യത്തിന് പെൻഷൻ സുരക്ഷാ കവചം

കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൃഷി-കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഒരു കേന്ദ്ര മേഖലാ പദ്ധതിയാണ് പ്രധാൻ  മന്ത്രി കിസാൻ മാൻധൻ യോജന. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ചെറുകിട-നാമമാത്ര കർഷകർക്ക് വാർദ്ധക്യകാലത്ത് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള സ്വമേധയാ  ചേരാവുന്നതും വിഹിതം അടയ്ക്കുന്നതുമായ പെൻഷൻ പദ്ധതിയാണിത്. പദ്ധതി പ്രകാരം, അർഹരായ ഗുണഭോക്താക്കൾക്ക് 60 വയസ്സ് മുതൽ പ്രതിമാസം കുറഞ്ഞത് 3,000 രൂപ ഉറപ്പായ പെൻഷൻ ലഭിക്കും.

ഗുണഭോക്താവിൻ്റെ മരണശേഷം കുടുംബ പെൻഷൻ ആനുകൂല്യവും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്ന ഗുണഭോക്താവ് മരണപ്പെട്ടാൽ, ആ വ്യക്തിയുടെ പങ്കാളിക്ക് (ഭാര്യ/ഭർത്താവ്) ഗുണഭോക്താവിന് ലഭിച്ചിരുന്ന പെൻഷൻ തുകയുടെ 50 ശതമാനം കുടുംബ പെൻഷനായി ലഭിക്കാൻ അർഹതയുണ്ട്. അതായത് പ്രതിമാസം 1,500 രൂപ ലഭിക്കും. ഈ ആനുകൂല്യം പങ്കാളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണ്; പങ്കാളി ഇതിനകം പി.എം-കെ.എം.വൈ പദ്ധതിയുടെ ഗുണഭോക്താവല്ലെങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

ഗുണഭോക്താവ് 60 വയസ്സ് തികയുന്നതിന് മുൻപ് മരണപ്പെടുകയാണെങ്കിലും പദ്ധതി പ്രത്യേക ആനുകൂല്യം നൽകുന്നുണ്ട്. മരണപ്പെട്ട വ്യക്തി കൃത്യമായി വിഹിതം അടച്ചിട്ടുണ്ടെങ്കിൽ, പങ്കാളിക്ക് നിശ്ചിത വിഹിതം തുടർന്നും അടച്ചുകൊണ്ട് പദ്ധതി മുന്നോട്ട് കൊണ്ടുപോകാം. അതല്ലെങ്കിൽ, പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള വ്യവസ്ഥകൾ പ്രകാരം പങ്കാളിക്ക് തുക പിൻവലിച്ച് പദ്ധതിയിൽ നിന്ന് പിന്മാറാവുന്നതാണ്.

 

പി.എം-കെ.എം.വൈ-യുടെ പ്രയോജനം ആർക്കൊക്കെ ലഭിക്കും?

രണ്ട് ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള രാജ്യത്തുടനീളമുള്ള ചെറുകിട-നാമമാത്ര കർഷകർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. 18-നും 40-നും ഇടയിൽ പ്രായമുള്ള കർഷകർക്കാണ് പദ്ധതിയിൽ അംഗത്വം നേടാൻ അർഹതയുള്ളത്. യോഗ്യത നേടുന്നതിനായി, ബന്ധപ്പെട്ട സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഉള്ള ഭൂരേഖകളിൽ 2019 ഓഗസ്റ്റ് 1 വരെയുള്ള വിവരങ്ങൾ പ്രകാരം ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടായിരിക്കണം. കൂടാതെ, പദ്ധതിയുടെ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവരായിരിക്കരുത്.

 

ഒഴിവാക്കൽ മാനദണ്ഡങ്ങൾ: പി.എം-കെ.എം.വൈക്ക് അർഹതയില്ലാത്തത് ആർക്കൊക്കെയാണ്?

ചെറുകിട-നാമമാത്ര കർഷകർക്കായി വിപുലമായ സാമൂഹിക സുരക്ഷാ വലയമായാണ് പ്രധാൻ  മന്ത്രി കിസാൻ മാൻധൻ യോജന രൂപകൽപ്പന ചെയ്തിട്ടുള്ളതെങ്കിലും, വാർദ്ധക്യകാലത്ത് കുറഞ്ഞ സാമ്പത്തിക പരിരക്ഷ മാത്രമുള്ള ആളുകളിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ചില പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവരെ ഇതിൽ നിന്ന് വ്യക്തമായി ഒഴിവാക്കിയിട്ടുണ്ട്.

1. മറ്റ് സാമൂഹിക സുരക്ഷാ, പെൻഷൻ പദ്ധതികളുടെ പരിധിയിൽ വരുന്ന കർഷകർ

• മറ്റ് നിയമപരമായ അല്ലെങ്കിൽ കേന്ദ്രതലത്തിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികളിൽ ഇതിനകം അംഗങ്ങളായിട്ടുള്ള കർഷകർക്ക് പി.എം-കെ.എം.വൈയിൽ ചേരാൻ അർഹതയില്ല:

• നാഷണൽ പെൻഷൻ സ്കീം, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ പദ്ധതി, അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡൻ്റ്  ഫണ്ട് ഓർഗനൈസേഷൻ പദ്ധതി തുടങ്ങിയ നിയമപരമായ പദ്ധതികളുടെ  വരിക്കാർ.

• പ്രധാൻ മന്ത്രി ശ്രമയോഗി മാൻധൻ യോജനയുടെ (PM-SYM) ഗുണഭോക്താക്കൾ.

• പ്രധാൻ  മന്ത്രി ലഘു വ്യാപാരി മാൻധൻ യോജനയുടെ (PM-LVM) ഗുണഭോക്താക്കൾ.

2. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള വിഭാഗങ്ങൾ

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കർഷക കുടുംബങ്ങളിലേക്ക് സഹായം കേന്ദ്രീകരിക്കുന്നതിനായി, താഴെ പറയുന്ന ഏതെങ്കിലും തരത്തിലുള്ള ഉയർന്ന സാമ്പത്തിക സൂചകങ്ങളുള്ള വ്യക്തികളെയും കുടുംബങ്ങളെയും ഒഴിവാക്കിയിരിക്കുന്നു:

• സ്ഥാപനപരമായ ഭൂവുടമകൾ: എല്ലാത്തരം സ്ഥാപനപരമായ ഭൂവുടമസ്ഥതാ സ്ഥാപനങ്ങളും

• ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവർ: ഭരണഘടനാപരമായ പദവികൾ വഹിച്ചിരുന്ന മുൻ വ്യക്തികളും നിലവിൽ വഹിക്കുന്നവരും.

• ജനപ്രതിനിധികൾ: മുൻകാലത്തെയും ഇപ്പോഴുമുള്ള കേന്ദ്ര മന്ത്രിമാർ അല്ലെങ്കിൽ സംസ്ഥാന മന്ത്രിമാർ, ലോക്‌സഭ അല്ലെങ്കിൽ രാജ്യസഭാംഗങ്ങൾ, സംസ്ഥാന നിയമസഭകളിലെ അല്ലെങ്കിൽ ലെജിസ്ലേറ്റീവ് കൗൺസിലുകളിലെ അംഗങ്ങൾ, മുനിസിപ്പൽ കോർപ്പറേഷൻ മേയർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമാർ/ചെയർപേഴ്സൺമാർ.

• ഗവണ്മെന്റ്, പൊതുമേഖലാ ജീവനക്കാർ:  കേന്ദ്ര/സംസ്ഥാന ഗവണ്മെന്റ് മന്ത്രാലയങ്ങൾ, വകുപ്പുകൾ അല്ലെങ്കിൽ ഫീൽഡ് യൂണിറ്റുകൾ, കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, അനുബന്ധ അല്ലെങ്കിൽ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലെ സേവനമനുഷ്ഠിക്കുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരും ജീവനക്കാരും, കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരും.

◦ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്, ക്ലാസ് IV, ഗ്രൂപ്പ് ഡി ജീവനക്കാരെ ഈ വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർക്ക് പി.എം-കെ.എം.വൈയിൽ ചേരാൻ അർഹതയുണ്ടായിരിക്കും.

• ആദായനികുതി അടയ്ക്കുന്നവർ: കഴിഞ്ഞ അസസ്മെൻ്റ് വർഷത്തിൽ ആദായനികുതി അടച്ച എല്ലാ വ്യക്തികളും.

• രജിസ്റ്റർ ചെയ്ത പ്രൊഫഷണലുകൾ: പ്രൊഫഷണൽ ബോഡികളിൽ രജിസ്റ്റർ ചെയ്ത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ പ്രൊഫഷണലുകൾ.

3. പരിശോധനയും സ്വയം സാക്ഷ്യപ്പെടുത്തലും

പി.എം-കെ.എം.വൈയുടെ യോഗ്യതാ പരിശോധന പ്രധാനമായും അപേക്ഷകൻ്റെ സ്വയം സാക്ഷ്യപ്പെടുത്തലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ സ്വയം സാക്ഷ്യപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെന്റുകൾ യോഗ്യത സാക്ഷ്യപ്പെടുത്തുന്നത്. ഏതെങ്കിലും അപേക്ഷകൻ തെറ്റായതോ വ്യാജമായതോ ആയ സാക്ഷ്യപത്രമാണ് സമർപ്പിച്ചതെന്ന് കണ്ടെത്തിയാൽ, അവർ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹരല്ലാതായിത്തീരും; കൂടാതെ കേന്ദ്ര ഗവണ്മെന്റിൻ്റെ തത്തുല്യ വിഹിതം നിർത്തലാക്കുകയും ഗുണഭോക്താവ് അടച്ച വിഹിതം പലിശയില്ലാതെ തിരികെ നൽകുകയും ചെയ്യും.

സുരക്ഷിതമായ ഭാവിക്കായി പങ്കാളിത്ത വിഹിതം

കർഷകനും കേന്ദ്ര ഗവണ്മെന്റും പെൻഷൻ ഫണ്ടിലേക്ക് തുല്യമായി വിഹിതം നൽകുന്ന ഒരു പങ്കാളിത്ത വിഹിത മാതൃകയാണ് പി.എം-കെ.എം.വൈ പിന്തുടരുന്നത്. കർഷകർ അവരുടെ ജോലി ചെയ്യുന്ന കാലയളവിലുടനീളം പ്രതിമാസം ഒരു നിശ്ചിത തുക വിഹിതമായി അടയ്ക്കുമ്പോൾ, അതിന് തുല്യമായ തുക കേന്ദ്ര ഗവണ്മെന്റും ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നു.

പദ്ധതിയിൽ ചേരുന്ന പ്രായത്തെ അടിസ്ഥാനമാക്കി കർഷകൻ്റെ പ്രതിമാസ വിഹിതം 55 രൂപ മുതൽ 200 രൂപ വരെയായി നിശ്ചയിച്ചിരിക്കുന്നു. അതനുസരിച്ച്, ചെറിയ പ്രായത്തിൽ പദ്ധതിയിൽ ചേരുന്നവർ ഓരോ മാസവും കുറഞ്ഞ തുകയും, കൂടിയ പ്രായത്തിൽ ചേരുന്നവർ ഉയർന്ന തുകയും വിഹിതമായി അടയ്ക്കേണ്ടതുണ്ട്; അതിൻ്റെ വിശദാംശങ്ങൾ താഴെ നൽകുന്നു:

  

 

പദ്ധതിയിൽ ചേരുന്ന പ്രായം (വയസ്സിൽ)  

വിരമിക്കൽ പ്രായം (വയസ്സിൽ)

അംഗത്തിൻ്റെ പ്രതിമാസ വിഹിതം (രൂപയിൽ)

 ഗവണ്മെന്റിന്റെ വിഹിതം (രൂപയിൽ) 

ആകെ വിഹിതം (രൂപയിൽ) 

18

60

55

55

110

19

60

58

58

116

20

60

61

61

122

21

60

64

64

128

22

60

68

68

136

23

60

72

72

144

24

60

76

76

152

25

60

80

80

160

26

60

85

85

170

27

60

90

90

180

28

60

95

95

190

29

60

100

100

200

30

60

105

105

210

31

60

110

110

220

32

60

120

120

240

33

60

130

130

260

34

60

140

140

280

35

60

150

150

300

36

60

160

160

320

37

60

170

170

340

38

60

180

180

360

39

60

190

190

380

40

60

200

200

400

 

 

പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് കർഷകൻ്റെ വിഹിതം ഓട്ടോ-ഡെബിറ്റ് സംവിധാനത്തിലൂടെ തനിയെ ഡെബിറ്റ് ചെയ്യും. പെൻഷൻ ഫണ്ടിലേക്കുള്ള പ്രതിമാസ വിഹിതം മുടങ്ങാതെ എത്തുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. എൻറോൾമെൻ്റ്  നടത്തുന്ന സമയത്ത്, ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് ബാധകമായ പ്രതിമാസ വിഹിതം ഈ വിധത്തിൽ പിൻവലിക്കുന്നതിനുള്ള അനുമതിപത്രം കർഷകൻ നൽകേണ്ടതുണ്ട്.

പി.എം-കിസാൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്ന അർഹരായ ചെറുകിട-നാമമാത്ര കർഷകർക്ക്, ആ തുകയിൽ നിന്ന് പി.എം-കെ.എം.വൈയിലേക്കുള്ള  പ്രതിമാസ വിഹിതം സ്വമേധയാ അടയ്ക്കാനുള്ള അവസരവും തിരഞ്ഞെടുക്കാം. ഇതിനായി കർഷകൻ ഒരു എൻറോൾമെൻ്റ്-കം-ഓട്ടോ-ഡെബിറ്റ് അനുമതിപത്രം സമർപ്പിക്കേണ്ടതാണ്. പി.എം-കിസാൻ ആനുകൂല്യങ്ങൾ ക്രെഡിറ്റ് ചെയ്യുന്ന അതേ ബാങ്ക് അക്കൗണ്ടിൽ നിന്ന് വിഹിതം തനിയെ ഈടാക്കാൻ ഇത് അധികാരം നൽകുന്നു.

എൻറോൾമെൻ്റ്: ലളിതമായ ഡിജിറ്റൽ പ്രക്രിയ

അർഹരായ ചെറുകിട-നാമമാത്ര കർഷകർക്കായി തൊട്ടടുത്തുള്ള പൊതു സേവന കേന്ദ്രങ്ങൾ വഴി ലളിതവും കടലാസ് രഹിതവുമായ എൻറോൾമെൻ്റ് സംവിധാനമാണ് പി.എം-കെ.എം.വൈ ഒരുക്കിയിരിക്കുന്നത്. ഒ.ടി.പി പരിശോധനയ്ക്കായി കർഷകർ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മൊബൈൽ നമ്പർ എന്നിവ കരുതേണ്ടതുണ്ട്.

പൊതു സേവന കേന്ദ്രത്തിലെ വില്ലേജ് ലെവൽ എൻ്റർപ്രണർ കർഷകൻ്റെ വിവരങ്ങൾ പരിശോധിച്ച് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നു. തുടർന്ന് കർഷകൻ അനുമതിപത്രത്തിൽ ഒപ്പിടുന്നു. ഈ ഘട്ടത്തിൽ ആദ്യ വിഹിതം ഡിജിറ്റലായി പ്രോസസ്സ് ചെയ്യുന്നു.

രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാകുന്നതോടെ കർഷകന് ഒരു പെൻഷൻ അക്കൗണ്ട് നമ്പറും പെൻഷൻ കാർഡും ലഭിക്കും. പെൻഷൻ ഫണ്ടും പെൻഷൻ വിതരണവും കൈകാര്യം ചെയ്യുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് ഈ വിവരങ്ങൾ കൈമാറുന്നു. തുടർന്നുള്ള വിഹിതങ്ങൾ കർഷകൻ്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ-ഡെബിറ്റ് ആയി ഈടാക്കപ്പെടും.

കർഷകരുടെ വരുമാന ലഭ്യതയ്ക്കനുസരിച്ച് പ്രതിമാസമോ, മൂന്ന് മാസം കൂടുമ്പോഴോ, നാല് മാസം കൂടുമ്പോഴോ, അല്ലെങ്കിൽ ആറ് മാസം കൂടുമ്പോഴോ വിഹിതം അടയ്ക്കാനുള്ള ഓപ്ഷനുകൾ ഇതിലുണ്ട്. ഈ സംവിധാനത്തിലൂടെ കർഷകർക്ക് സൗകര്യപ്രദമായി ഡിജിറ്റൽ മാർഗ്ഗത്തിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനും, ഒപ്പം അവരുടെ പെൻഷൻ നിക്ഷേപങ്ങളും രേഖകളും ചിട്ടയായി പരിപാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുന്നു.


കർഷക ക്ഷേമത്തിനായുള്ള തുടർച്ചയായ പ്രതിബദ്ധത

ഇന്ത്യയിലെ ചെറുകിട-നാമമാത്ര കർഷകരുടെ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനായുള്ള തുടർച്ചയായ ശ്രമങ്ങളുടെ തെളിവാണ് പിഎം-കെഎംവൈ-യുടെ വിജയകരമായ ഏഴ് വർഷങ്ങൾ. 2019-ൽ ആരംഭിച്ച ഈ പദ്ധതി രാജ്യത്തുടനീളം സാന്നിധ്യം ക്രമമായി വ്യാപിപ്പിക്കുകയും കർഷക കുടുംബങ്ങളിലേക്ക് വാർദ്ധക്യകാല വരുമാന സുരക്ഷ എത്തിക്കുകയും ചെയ്തു. ലളിതവും കടലാസ് രഹിതവുമായ എൻറോൾമെൻ്റ്  നടപടിക്രമങ്ങളും സൗകര്യപ്രദമായ വിഹിതമടയ്ക്കൽ രീതികളും അർഹരായ കർഷകർക്ക് പദ്ധതിയിൽ പങ്കാളികളാകുന്നത് കൂടുതൽ എളുപ്പമാക്കി. ഇതിനെല്ലാമുപരി, 60 വയസ്സിന് ശേഷം ആശ്രയിക്കാവുന്ന ഒരു പെൻഷൻ നൽകിക്കൊണ്ട് കർഷകരുടെ തൊഴിൽജീവിതത്തിനപ്പുറമുള്ള നാളുകളെക്കൂടി പി.എം-കെ.എം.വൈ പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ, പി.എം-കെ.എം.വൈയുടെ പ്രസക്തി കേവലം അംഗങ്ങളുടെ എണ്ണത്തിലോ പദ്ധതിയുടെ വ്യാപ്തിയിലോ മാത്രം ഒതുങ്ങുന്നതല്ല. കർഷകരുടെ വാർദ്ധക്യകാലത്ത്  അവരുടെ ആത്മാഭിമാനവും സാമ്പത്തിക ഭദ്രതയും കാത്തുസൂക്ഷിക്കാനുള്ള വിപുലമായ പ്രതിബദ്ധതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. വിശ്വസനീയമായ ഒരു പെൻഷൻ സുരക്ഷാ വലയം സൃഷ്ടിക്കുന്നതിലൂടെ, ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ കാത്തുസൂക്ഷിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച കർഷകർക്ക് കൂടുതൽ സുരക്ഷിതമായ ഭാവി ഉറപ്പുനൽകാൻ ഈ പദ്ധതിക്ക് സാധിക്കുന്നു.



അവലംബം:

 

Ministry of Agriculture and Farmers Welfare

https://pmkisan.gov.in/Documents/PM-KMY%20-%20Operational%20Guidelines.pdf

https://sansad.in/getFile/lsapps/loksabhaquestions/annex/187/AU1656_xhexVu.pdf?source=lsapps

https://pmkmy.gov.in/scheme/pmkmy https://agriwelfare.gov.in/Documents/DAFW_AnnualReport_2025_26_En.pdf

PIB Backgrounders

https://www.pib.gov.in/PressReleasePage.aspx?PRID=2053142&reg=48&lang=2

https://www.pib.gov.in/FactsheetDetails.aspx?Id=150838&reg=48&lang=1 https://static.pib.gov.in/WriteReadData/specificdocs/documents/2022/jan/doc20221185101.pdf

Click here for pdf file

***

(Explainer ID: 159964) आगंतुक पटल : 3
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी