Farmer's Welfare
നീല സമ്പദ്‌വ്യവസ്ഥയ്ക്ക് പുത്തനുണര്‍വ്
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനക്ക് കീഴില്‍ ഇന്ത്യന്‍ മത്സ്യമേഖലയ്ക്ക് ആറുവര്‍ഷത്തെ ശാക്തീകരണം
Posted On:
10 SEP 2026 12:15PM
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) ഇന്ത്യയുടെ മത്സ്യമേഖലയെ വലിയ തോതില്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയോടുള്ള പ്രതിബദ്ധത അടിവരയിട്ട് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ 2,500 കോടി രൂപയെന്ന റെക്കോഡ് തുകയാണ് കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിക്കായി വകയിരുത്തിയത്. രാജ്യത്തെ മത്സ്യോല്പാദനം 2019-20 കാലയളവിലെ 141.64 ലക്ഷം ടണ്ണില്‍ നിന്ന് 2024-25ല്‍ 197.75 ലക്ഷം ടണ്ണായി ഉയര്‍ന്ന് റെക്കോഡ് നേട്ടം കൈവരിച്ചു. സമുദ്രോല്പന്ന കയറ്റുമതി 2019-20 കാലയളവിലെ 46,663 കോടി രൂപയില്‍ നിന്ന് 2025-26 കാലയളവില്‍ 73,890 കോടി രൂപയായി വര്‍ധിച്ചത് ഈ മേഖലയുടെ ശക്തമായ വളര്‍ച്ച പ്രതിഫലിപ്പിക്കുന്നു. മത്സ്യബന്ധന-അക്വാകള്‍ച്ചര്‍ അനുബന്ധ മേഖലകളിലായി 58 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് സാധിച്ചു. കൂടാതെ ശീതീകരണ ശൃംഖലകള്‍ക്കും വിപണന അടിസ്ഥാന സൗകര്യങ്ങള്‍ക്കും 2,797 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കി; വിളവെടുപ്പാനന്തര പരിപാലനവും വിപണി ബന്ധങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് വഴിയൊരുക്കി. 544.86 കോടി രൂപയുടെ വിവിധ പദ്ധതികളിലൂടെ 2,195 മത്സ്യകര്‍ഷക ഉല്പാദക സംഘടനകള്‍ക്ക് പിന്തുണ നല്‍കിയത് മത്സ്യത്തൊഴിലാളികളുടെ കൂട്ടായ ശാക്തീകരണത്തിന് സഹായകമായി.
ഇന്ത്യയുടെ നീല സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകുന്നു
തീരദേശ ജനതയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുമടക്കം ഏകദേശം മൂന്ന് കോടിയോളം പേരുടെ ഉപജീവനമാര്‍ഗമായ ഇന്ത്യന്‍ മത്സ്യമേഖല രാജ്യത്തിന്റെ സുപ്രധാന സാമ്പത്തിക സ്തംഭങ്ങളിലൊന്നാണ്. അപാര വളര്‍ച്ചാസാധ്യതയുള്ള പുത്തന്‍ വളര്‍ച്ചാമേഖലയായി അംഗീകരിക്കപ്പെട്ട ഈ രംഗം ഉല്പാദനം, കയറ്റുമതി, അടിസ്ഥാന സൗകര്യങ്ങള്‍, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിലൂടെ സ്ഥിരതയാര്‍ന്ന വളര്‍ച്ച കൈവരിച്ചു വരുന്നു. ഈ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന് മത്സ്യമേഖലയിലുടനീളം സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച ലക്ഷ്യമിട്ടാണ് കേന്ദ്ര ഗവണ്‍മെന്റ് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനക്ക് തുടക്കം കുറിച്ചത്.

2026 സെപ്റ്റംബര്‍ 10ന് PMMSY വിജയകരമായ ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ മത്സ്യമേഖലയെ ആധുനികവല്‍ക്കരണത്തിലേക്കും സുസ്ഥിരതയിലേക്കും സമൃദ്ധിയിലേക്കും നയിച്ച ചരിത്രപരമായ വഴിത്തിരിവായി പദ്ധതി നിലകൊള്ളുന്നു. 2020ല്‍ തുടക്കം കുറിച്ചത് മുതല്‍ ശക്തമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തുടനീളം മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും സ്ഥിരമായ പിന്തുണ നല്‍കാനും പദ്ധതിക്ക് സാധിച്ചു. നേരത്തെയുണ്ടായിരുന്ന നീലവിപ്ലവ പദ്ധതിയുടെ തുടര്‍ച്ചയെന്നോണം മത്സ്യമേഖലയിലെ മൂല്യശൃംഖലയില്‍ നിലനിന്ന പ്രധാന വിടവുകള്‍ നികത്താനാണ് PMMSY വിഭാവനം ചെയ്തത്.
ആകെ 20,750 കോടി രൂപ നീക്കിയിരിപ്പോടെ 2020-21 സാമ്പത്തിക വര്‍ഷം മുതലാണ് കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി നടപ്പാക്കി വരുന്നത്. മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനമാര്‍ഗങ്ങളും ശക്തിപ്പെടുത്താന്‍ 2026-27 സാമ്പത്തിക വര്‍ഷം വകയിരുത്തിയ 2,500 കോടി രൂപയുടെ റെക്കോര്‍ഡ് തുക ഈ മേഖലയോട് ഗവണ്‍മെന്റ് പുലര്‍ത്തുന്ന ഉറച്ച പ്രതിബദ്ധതയുടെ തെളിവാണ്. കൂടാതെ, മത്സ്യബന്ധന-അക്വാകള്‍ച്ചര്‍ പശ്ചാത്തല സൗകര്യങ്ങളില്‍ വന്‍തോതിലുള്ള നിക്ഷേപങ്ങള്‍ക്ക് പദ്ധതി തുടര്‍പിന്തുണ നല്‍കുന്നു.

2026 ഓഗസ്റ്റ് 11 വരെയുള്ള കണക്കുകള്‍ പ്രകാരം (2020-21 മുതല്‍ 2025-26 വരെ കാലയളവില്‍) 9,510.89 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉള്‍പ്പെടെ ആകെ 21,394.88 കോടി രൂപ മൂല്യം വരുന്ന ഫിഷറീസ്-അക്വാകള്‍ച്ചര്‍ പദ്ധതികള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കിക്കഴിഞ്ഞു. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, വിവിധ നിര്‍വഹണ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ ഈ അനുമതികള്‍ അടിസ്ഥാന സൗകര്യ വികസനത്തിനും രാജ്യവ്യാപകമായി മത്സ്യബന്ധന മൂല്യശൃംഖല ശക്തിപ്പെടുത്താനും മികച്ച നിലയില്‍ പ്രയോജനപ്പെടുന്നു.
ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കുക, മൂല്യശൃംഖല ആധുനികവല്‍ക്കരിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വരുമാനം വര്‍ധിപ്പിക്കുക, കയറ്റുമതിയും മൊത്ത മൂല്യവര്‍ധനയും (GVA) ഉയര്‍ത്തുക, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, മത്സ്യബന്ധന മേഖലയുടെ പരിപാലനവും നിയന്ത്രണവും മെച്ചപ്പെടുത്തുക എന്നിവയിലൂടെ ഇന്ത്യന്‍ മത്സ്യമേഖലയെ സമഗ്ര പരിവര്‍ത്തനത്തിലേക്ക് നയിക്കുകയാണ് PMMSY-യുടെ പ്രധാന ലക്ഷ്യം.
വിജയഗാഥ: ഐസ് പ്ലാന്റില്‍നിന്ന് മികവാര്‍ന്ന സമൃദ്ധിയിലേക്ക്
ഗുജറാത്തിലെ പോര്‍ബന്തര്‍ സ്വദേശിയായ പ്രവീണ്‍ഭായ് ബാബുലാല്‍ മസാനി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മത്സ്യബന്ധന മേഖലയില്‍ സ്വന്തം സംരംഭം കെട്ടിപ്പടുക്കുന്നതില്‍ സജീവമാണ്. ഈ രംഗത്തെ നീണ്ട പരിചയസമ്പത്തില്‍ നിന്ന് ഒരു പുതിയ ഐസ് പ്ലാന്റ് സ്ഥാപിക്കുന്നത് വ്യാപാരം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാല്‍ ഐസ് പ്ലാന്റിന്റെ ഉയര്‍ന്ന നിര്‍മാണച്ചെലവ് അദ്ദേഹത്തിന്റെ സാമ്പത്തിക ശേഷിക്ക് അപ്പുറമായിരുന്നു. ഈ ഘട്ടത്തിലാണ് ഐസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന അദ്ദേഹത്തിന് പുതിയ അവസരമൊരുക്കിയത്.
2021-22 സാമ്പത്തിക വര്‍ഷം PMMSY സംരംഭത്തിന് കീഴില്‍ 48 ലക്ഷം രൂപ സബ്‌സിഡി മസാനിക്ക് ലഭ്യമായി. ഈ പിന്തുണയോടെ പ്രതിദിനം 30 മെട്രിക് ടണ്‍ ഉല്പാദന ശേഷിയോടുകൂടിയ ഒരു ഐസ് പ്ലാന്റ് അദ്ദേഹം സ്ഥാപിച്ചു. മത്സ്യബന്ധന ബോട്ടുകള്‍ക്ക് ആവശ്യമായ ഐസ് കട്ടകള്‍ ഉയര്‍ന്ന ഗുണനിലവാരത്തില്‍ നിര്‍മിച്ച് നല്‍കാന്‍ ഇതിലൂടെ സാധിച്ചു. പുതിയ പ്ലാന്റ് നിലവില്‍ വന്നതോടെ മത്സ്യബന്ധന സമയത്ത് മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനും നശിച്ചുപോകുന്നത് തടയാനും ആവശ്യമായ അളവില്‍ ഐസ് ബോട്ടുകളില്‍ കൊണ്ടുപോകാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞു.
ഇത് മസാനിയുടെ മത്സ്യബന്ധന വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്തുകയും വരുമാനം വര്‍ധിപ്പിച്ച് കുടുംബത്തിന് മികച്ച ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ സഹായിക്കുകയും ചെയ്തു. PMMSY വഴി ലഭിക്കുന്ന കൃത്യമായ സാമ്പത്തിക സഹായം അടിസ്ഥാന സൗകര്യ വികസനത്തിന് ഗുണഭോക്താക്കളെ എങ്ങനെ പ്രാപ്തരാക്കുന്നുവെന്നും അവരുടെ സംരംഭങ്ങള്‍ ശക്തിപ്പെടുത്തി മത്സ്യമേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്ക് എപ്രകാരം സംഭാവന ചെയ്യുന്നുവെന്നും വ്യക്തമാക്കുന്ന മികച്ച മാതൃകയാണ് അദ്ദേഹത്തിന്റെ വിജയം.
ഇന്ത്യന്‍ മത്സ്യമേഖലയുടെ സമഗ്ര പരിവര്‍ത്തനത്തിന് PMMSY
കേന്ദ്ര മേഖല, കേന്ദ്രാവിഷ്‌കൃത പദ്ധതി ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര സംരംഭമാണ് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന.
കേന്ദ്ര മേഖലാ ഘടകം: പൂര്‍ണമായും കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടെ നേരിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. ജനിതക ഗുണവര്‍ധന, നൂതനാശയങ്ങള്‍, സാങ്കേതിക വിദ്യാ പ്രദര്‍ശനങ്ങള്‍, പരിശീലനം, ജലജീവികളുടെ നിരീക്ഷണ കേന്ദ്രങ്ങള്‍, മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം, രോഗനിരീക്ഷണം, വിവരശേഖരണ സംവിധാനങ്ങള്‍ എന്നിവയ്ക്ക് ഈ ഘടകം പിന്തുണ നല്‍കുന്നു. കൂടാതെ ദേശീയ മത്സ്യ വികസന ബോര്‍ഡ്, മറ്റ് മത്സ്യ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ ശാക്തീകരണത്തിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും മത്സ്യകര്‍ഷക ഉല്പാദക സംഘടനകളുടെയും സഹകരണ സംഘങ്ങളുടെയും സ്വയംസഹായ സംഘങ്ങളുടെയും വികസനത്തിനും ഇത് മുന്‍ഗണന നല്‍കുന്നു. ഗുണനിലവാരം സാക്ഷ്യപ്പെടുത്തല്‍, ഉറവിട പരിശോധന, അക്രഡിറ്റേഷന്‍, ലേബലിങ് എന്നിവയും ഇത് പ്രോത്സാഹിപ്പിക്കുന്നു.
കേന്ദ്ര മേഖലാ ഘടകത്തിന് കീഴില്‍ വരുന്ന സുപ്രധാന ഉപപദ്ധതിയാണ് പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹയോജന (PM-MKSSY). PMMSY-യുടെ വിശാല ലക്ഷ്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി മത്സ്യമേഖലയുടെ ശാക്തീകരണത്തിന് കൂടുതല്‍ കരുത്തേകുന്നു.
പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹയോജന (PM-MKSSY)
PMMSY-യ്ക്ക് കീഴില്‍ പൂര്‍ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കേന്ദ്ര മേഖലാ ഉപപദ്ധതിയാണിത്. 6,000 കോടി രൂപ വകയിരുത്തി 2023-24 മുതല്‍ 2026-27 വരെ നാല് വര്‍ഷക്കാലയളവിലേക്ക് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കിവരുന്നു.
മത്സ്യമേഖലയെ കൂടുതല്‍ ഔപചാരികവല്‍ക്കരിക്കല്‍, ഇന്‍ഷുറന്‍സ് പരിരക്ഷ വിപുലീകരിക്കല്‍, ബാങ്ക് വായ്പകളും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കല്‍, മൂല്യശൃംഖലയിലുടനീളം ഗുണനിലവാരവും ഉറവിട നിരീക്ഷണ ശേഷിയും ഉറപ്പാക്കല്‍ എന്നിവയിലൂടെ മത്സ്യമേഖലയുടെ ഘടനാപരമായ പരിവര്‍ത്തനത്തിന് പദ്ധതി വഴിയൊരുക്കുന്നു. മത്സ്യത്തൊഴിലാളികള്‍, അക്വാകള്‍ച്ചര്‍ കര്‍ഷകര്‍, അനുബന്ധ പങ്കാളികള്‍ എന്നിവരുടെ സാമ്പത്തിക സുരക്ഷിതത്വം വര്‍ധിപ്പിക്കുക, അപകടസാധ്യതകള്‍ ലഘൂകരിക്കുക, വിപണി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കൂടുതല്‍ സംഘടിതവും സുതാര്യവും സുസ്ഥിരവുമായ മത്സ്യമേഖല രൂപപ്പെടുത്താന്‍ പദ്ധതി സഹായിക്കുന്നു.
കേന്ദ്രാവിഷ്‌കൃത ഘടകം: കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ സംയുക്തമായി ധനസഹായം ലഭ്യമാക്കുകയും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നേരിട്ട് നടപ്പാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. ഈ ഘടകത്തിന് കീഴില്‍ വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ താഴെ:
മത്സ്യോല്പാദനവും ഉല്പാദനക്ഷമതയും വര്‍ധിപ്പിക്കല്‍: ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലൂടെയും മെച്ചപ്പെട്ട മത്സ്യബന്ധന രീതികളിലൂടെയും മത്സ്യോല്പാദനവും ഉല്പാദനക്ഷമതയും ഉയര്‍ത്തുന്നതില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉള്‍നാടന്‍ മത്സ്യബന്ധനം, സമുദ്ര മത്സ്യബന്ധനം, സമുദ്രകൃഷി, കടല്‍പായല്‍ കൃഷി, ഹിമാലയന്‍വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മത്സ്യമേഖലാ വികസനം, അലങ്കാര മത്സ്യകൃഷി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അടിസ്ഥാന സൗകര്യങ്ങളും വിളവെടുപ്പാനന്തര പരിപാലനവും: മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യം ഇറക്കുകയും സംഭരിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍, വിളവെടുപ്പാനന്തര സൗകര്യങ്ങള്‍ എന്നിവയിലൂടെ മത്സ്യബന്ധന പശ്ചാത്തല സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു. കൂടാതെ ശീതീകരണ ശൃംഖലാ സൗകര്യങ്ങള്‍, ആഴക്കടല്‍ മത്സ്യബന്ധനം, സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങള്‍, മത്സ്യ വിപണികള്‍, വിപണന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കും ഇത് പിന്തുണ നല്‍കുന്നു.
മത്സ്യബന്ധന പരിപാലനവും നിയന്ത്രണ ചട്ടക്കൂടും: നിരീക്ഷണവും നിയന്ത്രണവും സുരക്ഷാ പരിശോധനകളും, മത്സ്യബന്ധന യാനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ്, മത്സ്യകര്‍ഷക സഹായ സേവനങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഒപ്പം കടലില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ ഉപജീവനപോഷകാഹാര ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഇത് മുന്‍ഗണന നല്‍കുന്നു.
PMMSY: ഉല്പാദനവും അടിസ്ഥാന സൗകര്യങ്ങളും ഉപജീവനവും ശക്തിപ്പെടുത്തുന്നു
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മത്സ്യോല്പാദനം വര്‍ധിപ്പിക്കുന്നതിലും സമുദ്രോല്പന്ന കയറ്റുമതി ഉയര്‍ത്തുന്നതിലും വലിയ തോതില്‍ ഉപജീവന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും PMMSY നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
രാജ്യത്തെ മത്സ്യോല്പാദനം 2019-20 കാലയളവിലെ 141.64 ലക്ഷം ടണ്ണില്‍ നിന്ന് 2024-25ല്‍ റെക്കോര്‍ഡ് നേട്ടമായ 197.75 ലക്ഷം ടണ്ണായി വര്‍ധിച്ചു.
മത്സ്യബന്ധന-അക്വാകള്‍ച്ചര്‍ അനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ 58 ലക്ഷം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിക്ക് സാധിച്ചു.
സമുദ്രോല്പന്ന കയറ്റുമതി 2019-20 കാലയളവിലെ 46,663 കോടി രൂപയില്‍ നിന്ന് 2025-26ല്‍ 73,890 കോടി രൂപയായി ഉയര്‍ന്നു.
ആധുനിക അക്വാകള്‍ച്ചര്‍-മത്സ്യബന്ധന അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണം
PMMSY-യ്ക്ക് കീഴില്‍ 713.80 കോടി രൂപ ചെലവില്‍ 12 സംയോജിത അക്വാപാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ (2020-25) കടല്‍പായല്‍ കൃഷിക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 198.17 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
ഉള്‍നാടന്‍ അക്വാകള്‍ച്ചറിന് 52,058 കൂടുകൃഷി സംവിധാനങ്ങളും 23,285.06 ഹെക്ടര്‍ കുളങ്ങളും അനുവദിച്ചു. കൂടാതെ 12,081 ജല പുനരുപയോഗ മത്സ്യകൃഷി സംവിധാനങ്ങള്‍ക്കും 4,205 ബയോഫ്‌ലോക്ക് യൂണിറ്റുകള്‍ക്കും പദ്ധതി പിന്തുണ നല്‍കി.
2,672 അലങ്കാര മത്സ്യ വളര്‍ത്തല്‍ സംയോജിത യൂണിറ്റുകള്‍ക്ക് പദ്ധതിക്ക് കീഴില്‍ സഹായം ലഭ്യമാക്കി.

അടിസ്ഥാന സൗകര്യങ്ങളുടെയും മൂല്യശൃംഖലയുടെയും ശാക്തീകരണം
മത്സ്യബന്ധന തുറമുഖങ്ങള്‍, മത്സ്യം ഇറക്കുകയും സംഭരിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍, ശീതീകരണ ശൃംഖലകള്‍, ഗതാഗത വിപണന സംവിധാനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മത്സ്യബന്ധന പശ്ചാത്തല സൗകര്യങ്ങള്‍ ഗവണ്‍മെന്റ് ശക്തിപ്പെടുത്തിവരുന്നു. 28 മത്സ്യബന്ധന തുറമുഖ വികസന/നവീകരണ പദ്ധതികള്‍, മത്സ്യം ഇറക്കുകയും സംഭരിക്കുകയും ചെയ്യുന്ന 25 കേന്ദ്രങ്ങളുടെ പദ്ധതികള്‍, 23 ഡ്രെഡ്ജിങ് പദ്ധതികള്‍ എന്നിവയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫിഷറീസ് വകുപ്പ് 3,741.89 കോടി രൂപയുടെ അനുമതി നല്‍കി.
കൂടാതെ ശീതീകരണ ശൃംഖലകളുടെയും വിപണന സൗകര്യങ്ങളുടെയും വികസനത്തിന് 2,797 കോടി രൂപയും അനുവദിച്ചു. 2026 ഓഗസ്റ്റ് 11 വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം അനുമതി നല്‍കിയ പ്രധാന പദ്ധതികള്‍ താഴെ:
28,489 മത്സ്യ ഗതാഗത യൂണിറ്റുകള്‍
1,394 ലൈവ് ഫിഷ് വെന്‍ഡിങ് യൂണിറ്റുകള്‍ (ജീവനുള്ള മത്സ്യങ്ങളെ വില്‍ക്കുന്ന കേന്ദ്രങ്ങള്‍), 6,018 മത്സ്യ കിയോസ്‌കുകള്‍, 117 ചില്ലറ മത്സ്യ വിപണികള്‍
775 ശീതീകരിച്ച സംഭരണകേന്ദ്രങ്ങളും ഐസ് പ്ലാന്റുകളും, 24 മൊത്തവ്യാപാര മത്സ്യ മാര്‍ക്കറ്റുകള്‍
വിളവെടുപ്പാനന്തര പരിപാലനം, ശീതീകരണ ശൃംഖലാ സംവിധാനങ്ങള്‍, ഗതാഗതം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഈ ഇടപെടലുകള്‍ ഉള്‍നാടന്‍ മത്സ്യോല്പന്നങ്ങള്‍ക്ക് മികച്ച വിപണി ലഭ്യത ഉറപ്പാക്കുന്നു.

കൂട്ടായ്മകള്‍, അതിജീവനശേഷി, സാങ്കേതികവിദ്യ എന്നിവയിലൂടെ തീരദേശ സമൂഹങ്ങളുടെ ശാക്തീകരണം
അടിസ്ഥാന സൗകര്യ വികസനം, സാമൂഹ്യ ശാക്തീകരണം, കാലാവസ്ഥാ അതിജീവന ശേഷി, ആധുനിക സാങ്കേതികവിദ്യകളുടെ ഉപയോഗം എന്നിവയിലൂടെ PMMSY മത്സ്യമേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.
മത്സ്യോല്പാദക സംഘങ്ങള്‍ വഴി കൂട്ടായ ശാക്തീകരണം
മത്സ്യത്തൊഴിലാളികളെയും മത്സ്യകര്‍ഷകരെയും സാമ്പത്തികമായി ശാക്തീകരിക്കാനും വിപണിയില്‍ അവരുടെ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് മത്സ്യ കര്‍ഷക ഉല്പാദക സംഘടനകള്‍ (FFPO) സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന സാമ്പത്തിക സഹായം നല്‍കുന്നു. 2021-22 മുതല്‍ 2025-26 വരെ സാമ്പത്തിക വര്‍ഷങ്ങളില്‍ രാജ്യവ്യാപകമായി 2,195 FFPO-കള്‍ സ്ഥാപിക്കുന്നതിന് 544.86 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഫിഷറീസ് വകുപ്പ് അനുമതി നല്‍കി. സംരംഭക വികസന സൗകര്യങ്ങള്‍, പ്രവര്‍ത്തന പരിപാലന ചെലവുകള്‍, ഓഹരി മൂലധന ഗ്രാന്റുകള്‍ എന്നിവ ലഭ്യമാക്കാന്‍ ഈ തുക പ്രയോജനപ്പെടുത്തുന്നു.
കാലാവസ്ഥാ അതിജീവന ശേഷിയുള്ള തീരദേശ ഗ്രാമങ്ങളുടെ നിര്‍മിതി
കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനും സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്നതിനുമായി PMMSYയ്ക്ക് കീഴില്‍ 100 തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളെ 'കാലാവസ്ഥാ അതിജീവന തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമ'ങ്ങളായി ഫിഷറീസ് വകുപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്.
കേന്ദ്ര ഗവണ്‍മെന്റിന്റെ പൂര്‍ണ സാമ്പത്തിക സഹായത്തോടെ PMMSY-യുടെ കേന്ദ്ര മേഖലാ ഘടകത്തിന് കീഴിലാണ് സംരംഭം നടപ്പാക്കുന്നത്. ഒരു ഗ്രാമത്തിന് 2 കോടി രൂപ നിരക്കില്‍ അനുവദിക്കുന്ന പദ്ധതി തീരദേശ മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്ക് ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സുസ്ഥിര ഉപജീവനമാര്‍ഗങ്ങള്‍, വിളവെടുപ്പാനന്തര സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നു.
സാങ്കേതികവിദ്യാധിഷ്ഠിത അക്വാകള്‍ച്ചര്‍
സ്ഥലത്തിന്റെയും വെള്ളത്തിന്റെയും ഉപയോഗം പരമാവധി കാര്യക്ഷമമാക്കി ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്ന ആധുനിക സാങ്കേതിക വിദ്യാധിഷ്ഠിത അക്വാകള്‍ച്ചര്‍ സംവിധാനങ്ങളെ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ജല പുനരുപയോഗ അക്വാകള്‍ച്ചര്‍ സംവിധാനം, ബയോഫ്‌ലോക്ക് സാങ്കേതികവിദ്യ തുടങ്ങി സാന്ദ്രതയേറിയതും ജലവിനിയോഗം കുറഞ്ഞതുമായ മാതൃകകള്‍ക്ക് പദ്ധതി വലിയ പിന്തുണ നല്‍കുന്നു. ഉല്പാദനവും ജലത്തിന്റെ ഗുണനിലവാരവും വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രകൃതിവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും പാരിസ്ഥിതിക സുസ്ഥിരതയും ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.
റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം:
കുളങ്ങളിലെ വെള്ളം തുടര്‍ച്ചയായി ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്ന സംവിധാനമാണിത്. മാലിന്യങ്ങളും അഴുക്കുകളും നീക്കം ചെയ്യുന്നതിലൂടെ തീരെ കുറഞ്ഞ സ്ഥലത്തും കുറഞ്ഞ അളവ് വെള്ളത്തിലും ഉയര്‍ന്ന സാന്ദ്രതയില്‍ ശാസ്ത്രീയമായി മത്സ്യകൃഷി ചെയ്യാന്‍ ഈ രീതി കര്‍ഷകരെ സഹായിക്കുന്നു.
ബയോഫ്‌ലോക്ക് സാങ്കേതികവിദ്യ:
വെള്ളത്തിലെ പോഷകങ്ങളെ ഗുണകരമായ സൂക്ഷ്മാണുക്കള്‍ ഉപയോഗിച്ച് പുനരുല്പാദിപ്പിക്കുന്ന സുസ്ഥിര മത്സ്യകൃഷി രീതിയാണിത്. ഈ സൂക്ഷ്മാണുക്കള്‍ ഒത്തുചേര്‍ന്ന് 'ബയോഫ്‌ലോക്ക്' എന്നറിയപ്പെടുന്ന ജൈവപിണ്ഡങ്ങള്‍ രൂപപ്പെടുന്നു. ഇത് മത്സ്യങ്ങള്‍ക്ക് പ്രകൃതിദത്ത തീറ്റയായി മാറുന്നതിനൊപ്പം ജലം ശുദ്ധമായി നിലനിര്‍ത്താനും സഹായിക്കുന്നു. വെള്ളം മാറ്റേണ്ട ആവശ്യം ഈ രീതിയില്‍ വളരെ കുറവാണ് (അല്ലെങ്കില്‍ ഒട്ടും ആവശ്യമില്ല). അതിനാല്‍ കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് ഉയര്‍ന്ന സാന്ദ്രതയില്‍ മത്സ്യകൃഷി ചെയ്യാന്‍ ഇത് ഏറ്റവും അനുയോജ്യമാണ്. പരിസ്ഥിതി സൗഹൃദ രീതിയില്‍ മികച്ച ഉല്പാദനം നല്‍കുന്നതിനാല്‍ അക്വാകള്‍ച്ചര്‍ മേഖലയില്‍ ഇതിനെ 'ഗ്രീന്‍ സൂപ്പ്' അല്ലെങ്കില്‍ ഹെറ്ററോട്രോഫിക് പോണ്ടുകള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.
മത്സ്യമേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനം
ഉല്പാദന സംവിധാനങ്ങള്‍ നവീകരിക്കുന്നതിനപ്പുറം മത്സ്യമേഖലയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും PMMSY നേതൃത്വം നല്‍കുന്നു. മത്സ്യ അക്വാകള്‍ച്ചര്‍ മേഖലയില്‍ ഡിജിറ്റല്‍ ഭരണ നിര്‍വഹണവും ഔപചാരികവല്‍ക്കരണവും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ PM-MKSSY-യ്ക്ക് കീഴില്‍ 2024 സെപ്റ്റംബറിലാണ് ദേശീയ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം (NFDP) ആരംഭിച്ചത്. ഈ മേഖലയെ കൂടുതല്‍ സുതാര്യവും സംഘടിതവുമാക്കുന്നതിന് തൊഴിലധിഷ്ഠിത ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖകളും സമഗ്ര ഗുണഭോക്തൃ വിവരശേഖരവും NFDP ഒരുക്കുന്നു.
പ്രവര്‍ത്തനപരമായി ഒരു ഏകജാലക ഡിജിറ്റല്‍ സംവിധാനമായി നിലകൊള്ളുന്ന ഈ സംവിധാനം വഴി ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പകള്‍, അക്വാകള്‍ച്ചര്‍ ഇന്‍ഷുറന്‍സ്, ഉറവിട നിരീക്ഷണ സംവിധാനങ്ങള്‍, പ്രവര്‍ത്തനക്ഷമത അധിഷ്ഠിത പ്രോത്സാഹനങ്ങള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാക്കുന്നു. കൂടാതെ മത്സ്യബന്ധന സഹകരണ സംഘങ്ങള്‍, പരിശീലനങ്ങള്‍, ശേഷിവികസന സംരംഭങ്ങള്‍ എന്നിവയ്ക്കും ഈ സംവിധാനം പിന്തുണയേകുന്നു. 2026 സെപ്റ്റംബര്‍ 8 വരെയുള്ള കണക്കുകള്‍ പ്രകാരം 37.01 ലക്ഷത്തിലധികം വ്യക്തിഗത രജിസ്‌ട്രേഷനുകള്‍ ഉള്‍പ്പെടെ ആകെ 37.23 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകള്‍ NFDPയില്‍ പൂര്‍ത്തിയായിട്ടുണ്ട്.
സുസ്ഥിര വികസന ലക്ഷ്യം 14: ജലാശയങ്ങളിലെ ജീവന്‍
ജലവിഭവങ്ങളുടെ സുസ്ഥിര വിനിയോഗം ഉറപ്പാക്കി ഉത്തരവാദിത്തപൂര്‍ണവും പരിസ്ഥിതിസൗഹൃദവുമായ മത്സ്യബന്ധനഅക്വാകള്‍ച്ചര്‍ രീതികളെ PMMSY പ്രോത്സാഹിപ്പിക്കുന്നു. ബയോഫ്‌ലോക്ക്, ജല പുനരുപയോഗ മത്സ്യക്കൃഷി സംവിധാനങ്ങള്‍, കൂട്കൃഷി സംവിധാനം, സമുദ്ര ജലകൃഷി തുടങ്ങിയ സുസ്ഥിര മത്സ്യോല്പാദന രീതികളും ആധുനിക അക്വാകള്‍ച്ചര്‍ സംവിധാനങ്ങളും വ്യാപിപ്പിക്കാന്‍ പദ്ധതി മുന്‍കൈയെടുക്കുന്നു. മത്സ്യബന്ധന-അക്വാകള്‍ച്ചര്‍ മേഖലയുടെ സുസ്ഥിര പരിപാലനവും ജലവിഭവങ്ങളുടെ സംരക്ഷണവും സാധ്യമാക്കി ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 14ലേക്ക് പദ്ധതി വലിയ സംഭാവന നല്‍കുന്നു.
സുസ്ഥിര മത്സ്യമേഖലയിലേക്കും നീല സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലേക്കുമുള്ള മുന്നേറ്റം
ഉപജീവനമാര്‍ഗം, ഭക്ഷ്യസുരക്ഷ, തൊഴിലവസരങ്ങള്‍, കയറ്റുമതി എന്നിവയിലൂടെ ഇന്ത്യയുടെ കാര്‍ഷിക ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ സുപ്രധാന സ്ഥാനമാണ് മത്സ്യമേഖലയ്ക്കുള്ളത്. ഉല്പാദനം, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യ, ഉപജീവനമാര്‍ഗങ്ങള്‍, സുസ്ഥിരത എന്നിവ ശക്തിപ്പെടുത്തി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ഇന്ത്യന്‍ മത്സ്യമേഖലയെ സമഗ്ര പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നു.
ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍, ശീതീകരണ ശൃംഖലാ സംവിധാനങ്ങള്‍, സാങ്കേതികവിദ്യാധിഷ്ഠിത അക്വാകള്‍ച്ചര്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ മത്സ്യബന്ധന മൂല്യശൃംഖലയെ കൂടുതല്‍ കരുത്തുറ്റതാക്കി. മത്സ്യത്തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും തീരദേശ സമൂഹങ്ങള്‍ക്കും നല്‍കുന്ന തുടര്‍ച്ചയായ പിന്തുണ ഉയര്‍ന്ന വരുമാനത്തിനും മികച്ച വിപണി ലഭ്യതയ്ക്കും പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നു. ഒപ്പം, ജലവിഭവങ്ങളുടെ സുസ്ഥിര വിനിയോഗവും സംരക്ഷണവും പ്രോത്സാഹിപ്പിച്ച് സുസ്ഥിര വികസന ലക്ഷ്യം 14 കൈവരിക്കാനും ഈ ശ്രമങ്ങള്‍ തുണയേകുന്നു.
തുടര്‍ച്ചയായ നിക്ഷേപങ്ങളിലൂടെ ആധുനികവും ആഗോളതലത്തില്‍ മത്സരശേഷിയാര്‍ന്നതും സുസ്ഥിരവുമായ മത്സ്യമേഖലയ്ക്ക് PMMSY ശക്തമായ അടിത്തറയിട്ടു കഴിഞ്ഞു. ഇന്ത്യ അതിന്റെ നീല സമ്പദ് വ്യവസ്ഥാ കാഴ്ചപ്പാടുകളുമായി മുന്നേറുമ്പോള്‍ ഉപജീവനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും കയറ്റുമതി ഉയര്‍ത്തുന്നതിലും ജലവിഭവങ്ങളുടെ ഉത്തരവാദിത്തപൂര്‍ണമായ വിനിയോഗം സാധ്യമാക്കുന്നതിലും PMMSY സുപ്രധാന പങ്കുവഹിക്കുന്നത് തുടരുന്നു.
അവലംബം:
Ministry of Fisheries, Animal Husbandry and Dairying
https://sansad.in/getFile/lsapps/loksabhaquestions/annex/188/AU1400_wqgu0V.pdf?source=lsapps
https://www.pib.gov.in/PressReleasePage.aspx?PRID=2286997®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2205029®=3&lang=1
AU3898_WKn6Y0.pdf
https://cof.gujarat.gov.in/ViewFile?fileName=5ZzVmugN0TiBNluOINM7wcaKIboe27p1WeHt%E2%9C%A47qxzBWO42UynszvkodMqi58s6jqLM26puQ%E2%9C%A45b5kcswdgvaGVqwfndgS9e2SOAr1Befbe3VReOJCVLnLPhhtseT%E2%9C%BFPdzucS8UOwM0pFg%E2%9C%A4HzBVL%E2%9C%A4W%E2%9C%BFjA%E2%99%AC%E2%99%AC
https://www.myscheme.gov.in/schemes/pmmsy
https://www.pib.gov.in/PressReleasePage.aspx?PRID=2221582®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2237418®=3&lang=1https://www.pib.gov.in/PressReleasePage.aspx?PRID=2290431®=3&lang=1
https://sansad.in/getFile/lsapps/loksabhaquestions/annex/188/AU1394_tAzKmS.pdf?source=lsapps https://sansad.in/getFile/lsapps/loksabhaquestions/annex/188/AU3898_WKn6Y0.pdf?source=lsapps
https://www.pib.gov.in/PressReleasePage.aspx?PRID=2221582®=48&lang=2
https://pmmsy.dof.gov.in/assets/documents/10%20Years%20Achievement_English.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2304929®=3&lang=1
https://nfdp.dof.gov.in/nfdp/#/
https://www.dof.gov.in/static/uploads/2026/06/c591f3591c5923975e7f220bcbc093f0.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2291663®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2225765®=3&lang=2
PIB Backgrounders
https://www.pib.gov.in/PressNoteDetails.aspx?NoteId=155080&ModuleId=3®=3&lang=1
https://www.pib.gov.in/PressNoteDetails.aspx?NoteId=155173&ModuleId=3®=3&lang=2
Click here to see pdf
****
(Explainer ID: 159962)
आगंतुक पटल : 2
Provide suggestions / comments