• Sitemap
  • Advance Search
Social Welfare

ഓരോ വിദ്യാലയവും ഒരു മാതൃകാ വിദ്യാലയം

പി.എം. ശ്രീയും ഭാവിസജ്ജമായ വിദ്യാലയങ്ങൾക്കായുള്ള ഇന്ത്യയുടെ മുന്നേറ്റവും

Posted On: 09 SEP 2026 12:23PM

 

2022 സെപ്റ്റംബർ 7-ന് തുടക്കം കുറിച്ച പ്രധാൻമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM SHRI) പദ്ധതി ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ കാഴ്ചപ്പാടിന് അനുസൃതമായി 14,500-ലധികം മാതൃകാ വിദ്യാലയങ്ങൾ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2022–23 മുതൽ 2026–27 വരെയുള്ള കാലയളവിലേക്ക് 27,360 കോടി രൂപയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഭൗതികസാഹചര്യങ്ങൾ, ബോധനരീതികൾ, സമഗ്ര പങ്കാളിത്തം, സുസ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതോടൊപ്പം വിദ്യാർത്ഥികളെ 21-ാം നൂറ്റാണ്ടിലെ നൈപുണ്യങ്ങൾ കൊണ്ട് സജ്ജരാക്കുകയും ചെയ്യുന്നു. 2026 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് KVS, NVS, NCERT എന്നിവയ്ക്ക് കീഴിലുള്ള സ്കൂളുകൾ ഉൾപ്പെടെ 36 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി 13,092 സ്കൂളുകൾ (ലക്ഷ്യമിട്ടതിന്റെ ഏകദേശം 90%) തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. വ്യക്തമായി നിർവചിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നുഘട്ടങ്ങളായുള്ള ചലഞ്ച് മോഡിലൂടെയാണ്  വിദ്യാലയങ്ങളെ തിരഞ്ഞെടുക്കുന്നത്. സമീപത്തുള്ള മറ്റ് സ്കൂളുകൾക്ക് വഴികാട്ടിയാകുന്ന ഉപദേശക സ്ഥാപനങ്ങളായി വിഭാവനം ചെയ്തിട്ടുള്ള പി.എം ശ്രീ സ്കൂളുകൾ, വെറും ഭൗതികസൗകര്യ വികസനത്തിൽ നിന്ന് മാറി സമഗ്രവും തുല്യാവസരങ്ങൾ നൽകുന്നതും ഭാവിസജ്ജവുമായ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നു.

പി.എം. ശ്രീ: മാതൃകാ വിദ്യാലയങ്ങൾ കെട്ടിപ്പടുക്കുന്നു

ഗുണനിലവാരം, തുല്യത, സമഗ്ര പങ്കാളിത്തം, ഭാവിസജ്ജമായ പഠനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖല വൻ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. 14.71 ലക്ഷം വിദ്യാലയങ്ങളും 24.69 കോടിയിലധികം വിദ്യാർത്ഥികളുമുള്ള നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പഠനനിലവാരം മെച്ചപ്പെടുത്തുന്നതിലും ഓരോ കുട്ടിയുടെയും സമഗ്രവികാസത്തിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 പരിവർത്തനത്തിനുള്ള സമഗ്രമായ ചട്ടക്കൂട് നൽകുമ്പോൾ പി.എം ശ്രീ  പദ്ധതി നയരേഖയിലെ ആശയങ്ങളെ സ്കൂൾ തലത്തിൽ പ്രയോഗവത്കരിക്കുകയും സ്ഥാപനപരമായ രീതികളാക്കി മാറ്റുകയും ചെയ്യുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ' (PM SHRI) 2022 സെപ്റ്റംബർ 7-നാണ് ആരംഭിച്ചത്. നിലവിലുള്ള സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി, ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ കാര്യക്ഷമമായ നടത്തിപ്പ് തെളിയിക്കുന്ന മാതൃകാ സ്ഥാപനങ്ങളായി അവയെ വികസിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 27,360 കോടി രൂപയുടെ ആകെ പദ്ധതി വിഹിതത്തോടെ നിലവിലുള്ള 14,500-ലധികം സ്കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ശക്തിപ്പെടുത്തുന്നതിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗുണനിലവാരമുള്ള ഭൗതികസൗകര്യങ്ങൾ, അനുയോജ്യമായ പഠന വിഭവങ്ങൾ, വിവിധ പഠനാനുഭവങ്ങൾ എന്നിവയുടെ പിൻബലത്തോടെ സുരക്ഷിതവും പ്രചോദനാത്മകവും സുഖകരവുമായ പഠനാന്തരീക്ഷം വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുകയാണ് വിദ്യാലയങ്ങളിലൂടെ വിഭാവനം ചെയ്യുന്നത്.

2026 ജൂലൈ മാസത്തിലെ കണക്കനുസരിച്ച് കേന്ദ്രീയ വിദ്യാലയ സംഗഠൻ (KVS), നവോദയ വിദ്യാലയ സമിതി (NVS), നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) എന്നിവയ്ക്ക് കീഴിലുള്ള വിദ്യാലയങ്ങൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13,092 സ്കൂളുകൾ പി.എം. ശ്രീ സ്കൂളുകളായി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു. ഇത് ലക്ഷ്യമിട്ടതിന്റെ ഏകദേശം 90 ശതമാനത്തോളം വരും. പദ്ധതിയിലൂടെ 20 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പി.എം ശ്രീയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ

അതാത സ്കൂളുകളെ ശക്തിപ്പെടുത്തുന്നതിനപ്പുറം വലിയൊരു പിന്തുണയാണ് പദ്ധതി നൽകുന്നത്. തങ്ങളുടെ പഠനപ്രവർത്തനങ്ങളും പരിചയങ്ങളും പങ്കുവെച്ചുകൊണ്ടും ഉപദേശം, കൈത്താങ്ങ്, കൂട്ടായ്മ, ക്ലസ്റ്ററിംഗ് എന്നിവയിലൂടെ സമീപത്തുള്ള വിദ്യാലയങ്ങളെ സഹായിച്ചുകൊണ്ടും അതത് പ്രദേശങ്ങളിലെ മാതൃകാ സ്ഥാപനങ്ങളായി പ്രവർത്തിക്കാനാണ് പി.എം ശ്രീ സ്കൂളുകളിൽ വിഭാവനം ചെയ്തിരിക്കുന്നത്. കാലക്രമേണ കൂടുതൽ സ്കൂളുകളെ മാതൃകാ നിലവാരത്തിലേക്ക് ഉയർത്താൻ സഹായിക്കുന്ന ഒരു ശൃംഖലാ ചലനം  സൃഷ്ടിക്കാൻ ഇത് ലക്ഷ്യമിടുന്നു.

ആയുഷ്കാല പഠനം  പ്രോത്സാഹിപ്പിക്കുകയും കാര്യങ്ങൾ പഠിക്കാനും തെറ്റായ ധാരണകൾ തിരുത്തി വീണ്ടും പുതിയ കാര്യങ്ങൾ ഉൾക്കൊള്ളാനുമുള്ള ശേഷിയും മനോഭാവവും വിദ്യാർത്ഥികളിൽ വളർത്തുകയുമാണ് പദ്ധതിയുടെ അന്തസ്സത്ത. സമത്വവും സമഗ്ര പങ്കാളിത്തവും ബഹുസ്വരതയുമുള്ള ഒരു സമൂഹത്തിന്റെ നിർമ്മിതിക്ക് സംഭാവന നൽകാൻ ശേഷിയുള്ള, ഉത്തരവാദിത്തബോധവും കാര്യക്ഷമതയുമുള്ള സജീവ പൗരന്മാരെ വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ വിപുലമായ ലക്ഷ്യം.

പി.എം. ശ്രീയിലൂടെ സ്കൂൾ വിദ്യാഭ്യാസം ശക്തിപ്പെടുത്തൽ

പ്രധാൻമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (PM SHRI) പദ്ധതി 2022–23 മുതൽ 2026–27 വരെയുള്ള അഞ്ചുവർഷ കാലയളവിലാണ് നടപ്പിലാക്കുന്നത്. 18,128 കോടി രൂപയുടെ കേന്ദ്ര വിഹിതം ഉൾപ്പെടെ 27,360 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പ്രൊജക്ട് അപ്രൂവൽ ബോർഡ് (PAB) അംഗീകരിച്ച കേന്ദ്ര വിഹിതത്തിന്റെ വിഹിതം 2023–24-ലെ 2,520 കോടി രൂപയിൽ നിന്ന് 2026–27- 5,224 കോടി രൂപയായി ഉയർന്നു. ഇത് ഏകദേശം 107 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. പി.എം. ശ്രീ സ്കൂളുകളെ ശക്തിപ്പെടുത്തുന്നതിൽ വർധിച്ചുവരുന്ന നിക്ഷേപത്തിന്റെ തോതാണ് ഇത് സൂചിപ്പിക്കുന്നത്.

പി.എം. ശ്രീ സ്കൂളുകൾ: ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ കാഴ്ചപ്പാടുകൾ മുന്നോട്ട് നയിക്കുന്നു

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ എല്ലാ ഘടകങ്ങളും എടുത്തുകാണിക്കാൻ ലക്ഷ്യമിടുന്ന പി.എം. ശ്രീ (PM SHRI) പദ്ധതി കേവലം ബുദ്ധിപരമായ വികാസത്തിൽ  മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ പ്രധാന നൈപുണ്യങ്ങൾ കൈമുതലായുള്ള സമഗ്ര വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നും വിവിധ പഠനശേഷികളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തരത്തിൽ സമത്വവും ഉൾക്കൊള്ളലും സന്തോഷവും നിറഞ്ഞ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓരോ കുട്ടിക്കും തങ്ങൾ സുരക്ഷിതരും സ്വാഗതം ചെയ്യപ്പെടുന്നവരും പരിഗണിക്കപ്പെടുന്നവരുമാണെന്ന തോന്നലുണ്ടാക്കുന്ന വിധത്തിൽ, സുരക്ഷിതവും പ്രോത്സാഹജനകവുമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികളെ പഠനപ്രക്രിയയിൽ സജീവമായി പങ്കാളികളാക്കാനാണ് വിദ്യാലയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പി.എം ശ്രീക്ക് കീഴിലെ ഗുണനിലവാരത്തിന്റെയും മികവിന്റെയും പ്രധാന തലങ്ങൾ

ഉയർന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആധുനിക ഭൗതികസൗകര്യങ്ങൾ, ഉൾക്കൊള്ളൽ രീതികൾ, സുസ്ഥിര വികസനം എന്നിവയിലൂടെ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ പ്രധാന തത്ത്വങ്ങൾ പ്രായോഗികമായി കാണിച്ചുതരുന്ന മാതൃകാ വിദ്യാലയങ്ങളായാണ് പി.എം. ശ്രീ സ്കൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  • സമഗ്ര പഠനം: വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങൾ, ബഹുഭാഷാ ആവശ്യങ്ങൾ, വൈവിധ്യമാർന്ന പഠനശേഷികൾ എന്നിവ പരിഗണിച്ചുകൊണ്ട് മികച്ചതും തുല്യവും ആനന്ദകരവുമായ വിദ്യാഭ്യാസം നൽകുന്നു.
  • ഉപദേശവും മാർഗ്ഗനിർദ്ദേശവും: പി.എം ശ്രീ സ്കൂളുകൾ മാതൃകാ സ്ഥാപനങ്ങളായി പ്രവർത്തിക്കുകയും അതത് പ്രദേശങ്ങളിലെ മറ്റ് സ്കൂളുകൾക്ക് നേതൃത്വവും മാർഗ്ഗനിർദ്ദേശവും  നൽകുകയും ചെയ്യും.
  • ഹരിത വിദ്യാലയങ്ങൾ: സ്കൂളുകളുടെ ഗുണനിലവാര നിർണ്ണയത്തിലെ ഒരു പ്രധാന മാനദണ്ഡമായി സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
  • പ്രായോഗികാധിഷ്ഠിത പഠനം: പ്രാരംഭ വർഷങ്ങളിൽ കളികളിലൂടെയും കളിപ്പാട്ടങ്ങളിലൂടെയുമുള്ള പഠനം ഉൾപ്പെടെ പ്രായോഗികാധിഷ്ഠിതവും സമഗ്രവും സംയോജിതവും അന്വേഷണാത്മകവും വിദ്യാർത്ഥികേന്ദ്രീകൃതവുമായ രീതികൾക്ക് മുൻഗണന നൽകുന്നു.
  • പഠന ഫലങ്ങൾ: പഠന ഫലങ്ങളും അറിവിന്റെ പ്രയോഗക്ഷമതയും വർധിപ്പിക്കുന്നതിനായി പാഠ്യപദ്ധതി, ബോധനരീതി, മൂല്യനിർണ്ണയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • ഗുണനിലവാരമുള്ള ഭൗതികസൗകര്യങ്ങൾ: സൗകര്യങ്ങളുടെ പര്യാപ്തത, കാര്യക്ഷമത, സൗന്ദര്യാത്മകത, സുരക്ഷിതത്വം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സ്കൂൾ ഭൗതികസൗകര്യങ്ങൾ വിലയിരുത്തുന്നു.
  • ഭാവിസജ്ജമായ നൈപുണ്യങ്ങൾ: 21-ാം നൂറ്റാണ്ടിലെ നൈപുണ്യ പരിചയം പ്രോത്സാഹിപ്പിക്കുകയും സ്കൂളുകളെ പ്രാദേശിക സംരംഭകത്വ മേഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
  • ഗുണനിലവാര നിർണ്ണയം: സ്കൂൾ ക്വാളിറ്റി അസസ്മെന്റ് ഫ്രെയിംവർക്ക് (SQAF) പി.എം ശ്രീ സ്കൂളുകളുടെ ഗുണനിലവാരം വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഘടനാപരമായ ഒരു സംവിധാനം നൽകുന്നു.

പി.എം. ശ്രീ സ്കൂളുകളുടെ ആറ് അടിസ്ഥാന സ്തംഭങ്ങൾ

NEP 2020-ലെ 9 അധ്യായങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ ആറ് പ്രധാന സ്തംഭങ്ങളുടെ ഉപ-മേഖലകളുടെ വികസനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് PM SHRI സ്കൂൾസ് പദ്ധതി. അവ താഴെ പറയുന്നവയാണ്:

പി.എം ശ്രീ വിദ്യാലയങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തെ എങ്ങനെ പരിവർത്തനം ചെയ്യുന്നു

വിദ്യാർത്ഥി കേന്ദ്രീകൃത പഠനരീതി

പി.എം ശ്രീ സ്കൂളുകൾ അവയുടെ അഫിലിയേഷൻ അനുസരിച്ച് CBSE അല്ലെങ്കിൽ അതാത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുടെ പാഠ്യപദ്ധതി പിന്തുടരുന്നു. അവയുടെ പഠനക്രമം ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 മുന്നോട്ടുവെക്കുന്ന 5+3+3+4 എന്ന പാഠ്യപദ്ധതി-ബോധനരീതി ഘടനയ്ക്ക് അനുസൃതമായി വികസിപ്പിച്ച ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) അല്ലെങ്കിൽ സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് (SCF) അടിസ്ഥാനമാക്കിയുള്ളതാണ്. കാതലായ തത്ത്വങ്ങളും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതിയിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുണ്ട്.

പി.എം. ശ്രീ സ്കൂളുകൾ ബാഗ് ലെസ് ദിനങ്ങൾ (സ്കൂൾ ബാഗില്ലാ ദിനങ്ങൾ), പ്രാദേശിക കരകൗശല വിദഗ്ധരുമൊത്തുള്ള ഇന്റേൺഷിപ്പുകൾ, പ്രാദേശിക കലകൾ, കരകൗശലങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം, പ്രധാന സാംസ്കാരിക പരിപാടികളുടെ ആഘോഷം, തദ്ദേശീയ അറിവുകളുടെയും ആചാരങ്ങളുടെയും സംരക്ഷണം എന്നിവയിലൂടെ പ്രായോഗികാധിഷ്ഠിത പഠനത്തെ  പ്രോത്സാഹിപ്പിക്കുന്നു.

സമത്വവും ഉൾക്കൊള്ളലും ബഹുഭാഷാ പഠനവും

ഗ്രാമപ്രദേശങ്ങളിലും പിന്നാക്ക മേഖലകളിലുമുള്ളവർ ഉൾപ്പെടെ വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കിക്കൊണ്ട് സമഗ്രവും സമത്വപൂർണ്ണവുമായ വിദ്യാഭ്യാസം നൽകുന്നതിൽ പി.എം. ശ്രീ സ്കൂളുകൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസപരമായ വിവേചനങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യയിലുടനീളം കൂടുതൽ തുല്യതയുള്ള ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കാൻ വിദ്യാലയങ്ങൾക്ക് സാധിച്ചു.

പ്രത്യേകിച്ച് പ്രാഥമിക ക്ലാസുകളിൽ, മാതൃഭാഷയോ പ്രാദേശിക ഭാഷയോ ബോധന മാധ്യമമായി ഉപയോഗിക്കുന്നതിനെ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ഏറ്റവും പുതിയ UDISE+ 2025–26 ഡാറ്റ പ്രകാരം പി.എം. ശ്രീ സ്കൂളുകളിൽ 6,102 സംസ്കൃത അധ്യാപകരും 1,994 ഉറുദു അധ്യാപകരും 9,152 പ്രാദേശിക ഭാഷാ അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

പ്രാദേശിക ഭാഷകളിലൂടെയുള്ള പഠനത്തെ പിന്തുണയ്ക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തവും ഇത് പ്രോത്സാഹിപ്പിക്കുന്നു. ഓരോ കുട്ടിയും ശക്തമായ അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രപരമായ കഴിവുകളും  നേടിയെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ രീതി വളരെ അത്യന്താപേക്ഷിതമാണ്.

സാങ്കേതികവിദ്യാധിഷ്ഠിത പഠനം

ബോധന-പഠന അന്തരീക്ഷത്തിലേക്ക് സാങ്കേതികവിദ്യയെ വ്യവസ്ഥാപിതമായി സമഗ്രമായി കൂട്ടിയിണക്കി എന്നതാണ് പി.എം. ശ്രീ സ്കൂളുകളുടെ പ്രധാനപ്പെട്ട ഒരു നേട്ടം. വിവരവിനിമയ സാങ്കേതികവിദ്യ (ICT) സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്ഫോമുകൾ, STEM അധിഷ്ഠിത പ്രോഗ്രാമുകൾ എന്നിവയുടെ ലഭ്യത, കൂടുതൽ ആശയവിനിമയാത്മകവും പ്രായോഗികാധിഷ്ഠിതവും വിദ്യാർത്ഥികേന്ദ്രീകൃതവുമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്നു.

ഇടപെടലുകൾ വൈവിധ്യമാർന്ന പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കുക മാത്രമല്ല, ഡിജിറ്റൽ സാക്ഷരത, സാങ്കേതിക ശേഷികൾ, വിശകലനാത്മക ചിന്ത, പ്രശ്നപരിഹാര നൈപുണ്യങ്ങൾ എന്നിവയുടെ വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ദീക്ഷ (DIKSHA) പോലുള്ള പ്ലാറ്റ്ഫോമുകൾ ഉയർന്ന ഗുണനിലവാരമുള്ള ഡിജിറ്റൽ വിദ്യാഭ്യാസ വിഭവങ്ങളുടെ സംഭരണശാലകളായി പ്രവർത്തിക്കുകയും അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമിടയിൽ പഠന സാമഗ്രികൾ പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സൗകര്യമൊരുക്കുകയും ചെയ്യുന്നു. ഇതുവഴി സാങ്കേതികവിദ്യാധിഷ്ഠിതമായ ബോധനരീതികൾ കൂടുതൽ ശക്തമാകുന്നു.

വിദ്യാർത്ഥികളുടെ സമഗ്ര വികസനം

പാഠ്യവിഷയങ്ങളിലുള്ള പഠനത്തെ പാഠ്യേതര പ്രവർത്തനങ്ങൾ, കായികം, കല, ജീവിതനൈപുണ്യ വിദ്യാഭ്യാസം എന്നിവയുമായി സംയോജിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായുള്ള രീതിയാണ് പി.എം. ശ്രീ സ്കൂളുകൾ സ്വീകരിക്കുന്നത്. ബഹുമുഖ സമീപനം പരമ്പരാഗത അക്കാദമിക് നേട്ടങ്ങൾക്കുമപ്പുറം നേതൃത്വപാടവം, സർഗ്ഗാത്മകത, സാമൂഹിക-വൈകാരിക ശേഷികൾ, വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള നൈപുണ്യങ്ങൾ എന്നിവയുടെ വികാസത്തിന് വഴിയൊരുക്കുന്നു.

വിവിധങ്ങളായ പഠനരീതികൾക്കും പങ്കാളിത്തത്തിനുമുള്ള അവസരങ്ങൾ നൽകുന്നതിലൂടെ ഭാവിയിലെ വിദ്യാഭ്യാസപരവും തൊഴിൽപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ നൈപുണ്യങ്ങളും പ്രതിരോധശേഷിയും  സാഹചര്യങ്ങൾക്കനുസരിച്ച് പൊരുത്തപ്പെടാനുള്ള കഴിവും  വിദ്യാർത്ഥികളിൽ വളർത്തിയെടുക്കാൻ വിദ്യാലയങ്ങൾ ലക്ഷ്യമിടുന്നു.

അധ്യാപകർക്കും സ്കൂൾ നേതൃത്വത്തിനും ശാക്തീകരണം

പി.എം. ശ്രീ സ്കൂളുകൾ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളുടെ (DIET) പിന്തുണയോടെ നടപ്പിലാക്കുന്ന ഘടനാപരമായ പ്രൊഫഷണൽ ഡെവലപ്മെന്റ് പദ്ധതികളിലൂടെ അധ്യാപകരുടെ ശേഷിയും സ്ഥാപനപരമായ നേതൃത്വവും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. പദ്ധതിക്ക് കീഴിൽ ശേഷിവികസന പരിപാടികൾക്കായി ഒരു ഡയറ്റിന് (DIET) 3 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകുന്നു. കൂടാതെ സബ്ജക്ട് അധ്യാപകർ, പ്രിൻസിപ്പൽമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, ICT അധ്യാപകർ, മാസ്റ്റർ ട്രെയിനർമാർ എന്നിവരുടെ പരിശീലനത്തിനായി അധ്യാപകനൊന്നിന് 2,500 രൂപ വരെ സഹായവും നൽകിവരുന്നു.

സ്ഥാപനപരമായ ആസൂത്രണവും അക്കാദമിക് ഭരണനിർവ്വഹണവും മെച്ചപ്പെടുത്താൻ പ്രിൻസിപ്പൽമാരെ പ്രാപ്തരാക്കുന്നതിനായി അവർക്ക് എഡ്യൂക്കേഷണൽ ലീഡർഷിപ്പ്, സ്കൂൾ മാനേജ്മെന്റ്, കോംപീറ്റൻസി-ബേസ്ഡ് പെഡഗോഗിക്കൽ പ്ലാനിംഗ് എന്നിവയിൽ പരിശീലനം നൽകുന്നു. ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് (HPC), സ്കൂൾ സുരക്ഷ, മാനസികാരോഗ്യവും ക്ഷേമവും, പ്രാഥമിക തലത്തിലുള്ള കൗൺസിലിംഗ്, .സി.ടി. സംയോജനം തുടങ്ങിയ മേഖലകളിലാണ് അധ്യാപകർക്ക് പ്രൊഫഷണൽ പരിശീലനം ലഭിക്കുന്നത്. ഇടപെടലുകളിലൂടെ ബോധനശാസ്ത്രപരമായ കഴിവുകൾ വർധിപ്പിക്കാനും സ്കൂൾ നേതൃത്വത്തെ ശക്തിപ്പെടുത്താനും വിദ്യാഭ്യാസ പ്രവർത്തകർക്കിടയിൽ നിരന്തരമായ പ്രൊഫഷണൽ വികസനം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.

വളരുന്ന ദേശീയ ശൃംഖല

പി.എം. ശ്രീ പദ്ധതി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി കേന്ദ്രീയ വിദ്യാലയ സംഗഠൻ (KVS), നവോദയ വിദ്യാലയ സമിതി (NVS), നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) എന്നിവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ 13,092 വിദ്യാലയങ്ങൾ തിരഞ്ഞെടുത്തുകൊണ്ട് വിപുലമായ ഒരു ദേശീയ ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി 725 ജില്ലകളെയും 8,340 ബ്ലോക്കുകൾ/നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും (ULB) ഉൾപ്പെടുത്തി വിപുലമായ ഭൂമിശാസ്ത്ര വ്യാപ്തി കൈവരിക്കുകയും അതിലൂടെ രാജ്യത്തുടനീളം വലിയൊരു സ്ഥാപനപരവും പ്രദേശികവുമായ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുത്ത 13,092 സ്കൂളുകളിൽ 1,305 പ്രൈമറി സ്കൂളുകളും  3,102 അപ്പർ   പ്രൈമറി സ്കൂളുകളും 3,141 സെക്കൻഡറി സ്കൂളുകളും 5,544 ഹയർ സെക്കൻഡറി സ്കൂളുകളും ഉൾപ്പെടുന്നു. കൂടാതെ, ശൃംഖലയിൽ 80 കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങളും (KGBV) 913 KVS സ്കൂളുകളും 620 NVS സ്കൂളുകളും 4 NCERT സ്കൂളുകളും ഉൾപ്പെടുന്നു. ശൃംഖലയുടെ വലിപ്പവും വൈവിധ്യവും പി.എം. ശ്രീ സ്കൂളുകളുടെ വർധിച്ചുവരുന്ന സ്വാധീനത്തെയും വ്യാപ്തിയെയും വെളിവാക്കുന്നു.

ഗുണനിലവാര മാനദണ്ഡങ്ങളിലധിഷ്ഠിതമായ തിരഞ്ഞെടുപ്പ്

പി.എം. ശ്രീ വിദ്യാലയങ്ങളുടെ തിരഞ്ഞെടുപ്പ് 'ചലഞ്ച് മോഡ്' വഴിയാണ് നടത്തുന്നത്. ഇതിൽ മാതൃകാ സ്കൂളുകളായി മാറുന്നതിനുള്ള പിന്തുണയ്ക്കായി സ്കൂളുകൾ പരസ്പരം മത്സരിക്കുന്നു. നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്; അവ താഴെ പറയുന്നവയാണ്:

  • ഘട്ടം 1: ധാരണാപത്രം ഒപ്പുവെക്കൽ

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രഗവൺമെന്റുമായി ഒരു ധാരണാപത്രത്തിൽ ഏർപ്പെടുന്നു. ഇതിലൂടെ പി.എം. ശ്രീ സ്കൂളുകൾക്കായി നിശ്ചയിച്ചിട്ടുള്ള ഗുണനിലവാര മാനദണ്ഡങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിനും സ്കൂളുകളെ പ്രാപ്തമാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത വ്യക്തമാക്കുന്നു.

  • ഘട്ടം 2: യോഗ്യതയുള്ള സ്കൂളുകളെ കണ്ടെത്തൽ

UDISE+ ഡാറ്റയിലൂടെ ലഭ്യമായ പ്രസക്തമായ സൂചകങ്ങളുടെയും നിശ്ചിത മിനിമം മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പി.എം. ശ്രീ സ്കൂളുകളായി തിരഞ്ഞെടുക്കാൻ യോഗ്യതയുള്ള സ്കൂളുകളുടെ പട്ടിക യാറാക്കുന്നു.

  • ഘട്ടം 3: ചലഞ്ച് രീതിയിലൂടെയുള്ള തിരഞ്ഞെടുപ്പ്

രണ്ടാം ഘട്ടത്തിൽ കണ്ടെത്തിയ യോഗ്യതയുള്ള സ്കൂളുകൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനായി ഒരു ചലഞ്ച് അധിഷ്ഠിത തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നു. ഘട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള എല്ലാ ആവശ്യകതകളും പൂർത്തിയാക്കിക്കൊണ്ട് സ്കൂളുകൾ നിശ്ചിത മത്സര വ്യവസ്ഥകളോട് മത്സരിക്കുന്നു.

  • വ്യവസ്ഥകളുടെ പൂർത്തീകരണം അതത് സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, KVS അല്ലെങ്കിൽ NVS അധികൃതർ നേരിട്ടുള്ള പരിശോധനയിലൂടെ  ഉറപ്പുവരുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് ഇവർ സ്കൂളുകളുടെ പട്ടിക മന്ത്രാലയത്തിന് ശുപാർശ ചെയ്യുന്നു.

സ്കൂളുകളുടെ അന്തിമ തിരഞ്ഞെടുപ്പിനായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ സക്ഷരതാ വകുപ്പ് (SE&L) സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ഉറപ്പുള്ള  കെട്ടിടം, തടസ്സരഹിതമായ പ്രവേശനം, സുരക്ഷാ മുൻകരുതലുകൾ, വേവ്വേറെ ശൗചാലയങ്ങൾ, കുടിവെള്ളം, കൈകഴുകാനുള്ള സൗകര്യങ്ങൾ, വൈദ്യുതി, അധ്യാപകർക്കുള്ള തിരിച്ചറിയൽ കാർഡുകൾ, പ്രാഥമിക-ഹയർ സെക്കൻഡറി തലങ്ങളിലെ വിദ്യാർത്ഥി പ്രവേശനം സംസ്ഥാന ശരാശരിയേക്കാൾ കൂടുതലായിരിക്കൽ, ലൈബ്രറി അല്ലെങ്കിൽ കായിക സൗകര്യങ്ങൾ തുടങ്ങിയ മിനിമം മാനദണ്ഡങ്ങൾ സ്കൂളുകൾ നിർബന്ധമായും പാലിച്ചിരിക്കണം. ചലഞ്ച് രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്നതിന് നഗരപ്രദേശങ്ങളിലെ സ്കൂളുകൾ കുറഞ്ഞത് 70 ശതമാനവും ഗ്രാമീണ മേഖലകളിലെ സ്കൂളുകൾ കുറഞ്ഞത് 60 ശതമാനവും സ്കോർ നേടേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, പഠന ഫലങ്ങൾ, ബോധനശാസ്ത്രം, പി.എം. പോഷൺ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിസ്ഥിതി സൗഹൃദ ഉദ്യമങ്ങൾ, പങ്കാളികളുടെ പ്രതിബദ്ധത എന്നിവ വിലയിരുത്തലിൽ ഉൾപ്പെടുന്നു.

വിദ്യാലയങ്ങൾ: വ്യാപക മാറ്റങ്ങൾക്കുള്ള മാതൃകകൾ

അടിസ്ഥാനസൗകര്യ കേന്ദ്രീകൃതമായ സ്കൂൾ വികസന രീതിയിൽ നിന്ന് സമഗ്രവും സമത്വപൂർണ്ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതും ഭാവി വെല്ലുവിളികളെ നേരിടാൻ സജ്ജവുമായ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലേക്കുള്ള ഒരു വിപ്ലവകരമായ മാറ്റത്തെയാണ് പി.എം ശ്രീ അടയാളപ്പെടുത്തുന്നത്. ഗുണമേന്മയുള്ളതും മത്സരാധിഷ്ഠിതവുമായ പഠനം, അധ്യാപകരുടെ തുടർച്ചയായ പ്രൊഫഷണൽ വികസനം, സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസം, സുരക്ഷിതവും സമത്വപൂർണ്ണവും പ്രോത്സാഹജനകവുമായ സ്കൂൾ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ കാഴ്ചപ്പാടുകളും മുൻഗണനകളും പദ്ധതി പ്രായോഗികമാക്കുന്നു.

മാതൃകാ സ്ഥാപനങ്ങൾ എന്ന നിലയിൽ സമീപത്തുള്ള സ്കൂളുകൾക്ക് അനുകരിക്കാനും സ്വീകരിക്കാനും സാധിക്കുന്ന നൂതന വിദ്യാഭ്യാസ രീതികൾ പ്രദർശിപ്പിക്കാനും പ്രചരിപ്പിക്കാനും പി.എം ശ്രീ സ്കൂളുകൾ ലക്ഷ്യമിടുന്നു. ഇതിലൂടെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വ്യാപകമായ ഘടനാപരമായ പുരോഗതി കൊണ്ടുവരാൻ സാധിക്കും. കൂടുതൽ സമത്വവും സാർവത്രിക പങ്കാളിത്തവും ഭാവിസജ്ജവുമായ ഒരു ഭാരതത്തിന്റെ നിർമ്മിതിയിൽ അർത്ഥപൂർണ്ണമായി പങ്കാളികളാകാൻ ആവശ്യമായ അറിവും നൈപുണ്യങ്ങളും മൂല്യങ്ങളും കൈമുതലായുള്ള, ശേഷിയുള്ളവരും ആത്മവിശ്വാസമുള്ളവരും സർഗ്ഗാത്മകതയുള്ളവരും ഉത്തരവാദിത്തബോധമുള്ളവരുമായ പഠിതാക്കളെ വളർത്തിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

അവലംബം

 

Ministry of Education

https://www.pib.gov.in/PressReleasePage.aspx?PRID=2290004&reg=48&lang=2

https://pmshri.education.gov.in/#aboutPmshri

https://pmshri.education.gov.in/assets/pdf/part1_pmshri.pdf

https://pmshri.education.gov.in/faqs

https://pmshri.education.gov.in/#main-content

https://www.pib.gov.in/PressReleaseDetail.aspx?PRID=2291330&reg=1&lang=1

https://education.vikaspedia.in/viewcontent/education/policies-and-schemes/pm-schools-for-rising-india-scheme?lgn=en

https://sansad.in/getFile/annex/271/AU1144_1PgQNc.pdf?source=pqars

https://www.pib.gov.in/PressReleasePage.aspx?PRID=2291279&reg=1&lang=1

https://x.com/EduMinOfIndia/status/1567485212476702721

 

NITI Aayog

https://www.niti.gov.in/sites/default/files/2026-05/School-Education-System-in-India.pdf?utm_source=chatgpt.com

Click here to see pdf 

***

SK

(Explainer ID: 159958) आगंतुक पटल : 2
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी , Bengali , Assamese , Telugu , Kannada