• Sitemap
  • Advance Search
Technology

സൈബർ-ഫിസിക്കൽ സിസ്റ്റംസ്

സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു ഭാവിയിലേക്കുള്ള അടിത്തറ

Posted On: 31 AUG 2026 12:33PM

സൈബർ-ഫിസിക്കൽ സിസ്റ്റംസ് ഡിജിറ്റൽ ലോകത്തെയും ഭൗതിക ലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുകയും യന്ത്രങ്ങൾക്ക് കാര്യങ്ങൾ തിരിച്ചറിയാനും വിശകലനം ചെയ്യാനും വിവേകപൂർവ്വം പ്രതികരിക്കാനും പ്രാപ്തി നൽകുകയും ചെയ്യുന്നു. നാഷണൽ മിഷൻ ഓൺ ഇന്റർഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് (NM-ICPS) വഴി ഇന്ത്യ കരുത്തുറ്റ ഒരു CPS ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നു. തദ്ദേശീയ സി.പി.എസ് ശേഷികൾ വർധിപ്പിക്കുന്നതിനായി ഈ മിഷൻ ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, ഗവൺമെന്റ്, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ പരസ്പരം ബന്ധിപ്പിക്കുന്നു. ഇതിന്റെ ടെക്നോളജി ഇന്നൊവേഷൻ ഹബുകളും ട്രാൻസ്ലേഷൻ റിസർച്ച് പാർക്കുകളും നിർണായക മേഖലകളിലുടനീളം ഗവേഷണങ്ങളെ പ്രായോഗിക ആപ്ലിക്കേഷനുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. സാങ്കേതികവിദ്യാധിഷ്ഠിതവും നൂതനവും ആത്മനിർഭരവുമായ ഒരു വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ യാത്രയെ ഈ ശ്രമങ്ങൾ പിന്തുണയ്ക്കുന്നു.

സൈബർ-ഫിസിക്കൽ സിസ്റ്റംസിനെക്കുറിച്ച് മനസ്സിലാക്കാം

കേവലം ജോലികൾ മാത്രം ചെയ്യുന്ന യന്ത്രങ്ങളിൽ നിന്ന് കാര്യങ്ങൾ തിരിച്ചറിയാനും ചിന്തിക്കാനും പ്രതികരിക്കാനും കഴിയുന്ന സംവിധാനങ്ങളിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ഭൗതിക ലോകത്തിന്റെയും ഡിജിറ്റൽ ലോകത്തിന്റെയും ഈ സംയോജനം സൈബർ-ഫിസിക്കൽ സിസ്റ്റംസ് (CPS) എന്ന് വിളിക്കപ്പെടുന്ന പുതിയ തലമുറയിലെ വിവേകപൂർവ്വമായ സിസ്റ്റങ്ങൾക്ക് രൂപം നൽകുന്നു.

ഒരു CPS, സെൻസറുകൾ, സോഫ്റ്റ്‌വെയർ, കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ എന്നിവയിലൂടെ കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യകളെ ഭൗതിക സിസ്റ്റങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇത് യന്ത്രങ്ങൾക്ക് അവയുടെ ചുറ്റുപാടുകൾ തിരിച്ചറിയാനും വിവരങ്ങൾ വിശകലനം ചെയ്യാനും മാറുന്ന സാഹചര്യങ്ങളോട് തത്സമയം പ്രതികരിക്കാനും പ്രാപ്തി നൽകുന്നു. ഉദാഹരണത്തിന് ഡ്രൈവറില്ലാ കാറുകൾക്ക് മനുഷ്യന്റെ കുറഞ്ഞ ഇടപെടലോടെ റോഡുകളിലൂടെ സഞ്ചരിക്കാൻ സാധിക്കും. സ്മാർട്ട് ഫാക്ടറികൾക്ക് ഉൽപ്പാദന പ്രക്രിയകൾ നിരീക്ഷിക്കാനും പ്രവർത്തനങ്ങൾ സ്വയം ക്രമീകരിക്കാനും കഴിയും. വൈദ്യശാസ്ത്ര ഉപകരണങ്ങൾക്ക് രോഗികളെ തുടർച്ചയായി നിരീക്ഷിക്കാനും യഥാസമയം സഹായങ്ങൾ നൽകാനും സാധിക്കും. സ്മാർട്ട് കെട്ടിടങ്ങൾക്ക് തത്സമയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വെളിച്ചം, താപനില, ഊർജ്ജ ഉപയോഗം എന്നിവ നിയന്ത്രിക്കാൻ കഴിയും. വീട് വൃത്തിയാക്കുന്ന റോബോട്ടുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ തുടങ്ങിയ ദൈനംദിന ഉപകരണങ്ങൾ പോലും സമാനമായ ശേഷികളാണ് ഉപയോഗിക്കുന്നത്.

അടിസ്ഥാനപരമായി CPS കമ്പ്യൂട്ടിംഗ്, ആശയവിനിമയം, ഭൗതിക പ്രക്രിയകൾ എന്നിവയെ സമന്വയിപ്പിക്കുന്നു. ഈ സമന്വയം വിവേകപൂർവ്വവും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും വേഗത്തിൽ പ്രതികരിക്കുന്നതുമായ ഒരു പുതിയ തലമുറ സിസ്റ്റങ്ങളെ സൃഷ്ടിക്കുന്നു.

ഇന്ത്യാ ഗവൺമെന്റിന്റെ CPS സംരംഭങ്ങൾ

പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും വളർന്നുവരുന്ന സാങ്കേതികവിദ്യകളെയും CPS കൂടുതൽ സ്വാധീനിക്കുന്നതിനാൽ ഈ മേഖലയിലെ തദ്ദേശീയ ശേഷികൾ ഇന്ത്യയെ സംബന്ധിച്ച് തന്ത്രപ്രധാനമായി മാറുകയാണ്. ഈ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ശാസ്ത്ര, സാങ്കേതികവിദ്യാ വകുപ്പ് (DST) നാഷണൽ മിഷൻ ഓൺ ഇന്റർഡിസിപ്ലിനറി സൈബർ-ഫിസിക്കൽ സിസ്റ്റംസ് (NM-ICPS) നടപ്പിലാക്കുന്നു. ഒമ്പത് വർഷത്തേക്ക് 3,660 കോടി രൂപ വകയിരുത്തിക്കൊണ്ട് 2018-ലാണ് കേന്ദ്ര മന്ത്രിസഭ ഈ മിഷന് അംഗീകാരം നൽകിയത്. മുൻഗണനാ മേഖലകളിലുടനീളം CPS ഗവേഷണം, നൂതനാശയങ്ങൾ, പ്രയോഗങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ദേശീയ ചട്ടക്കൂട് NM-ICPS നൽകുന്നു.

ഈ മിഷൻ അക്കാദമിക് രംഗത്തെയും വ്യവസായങ്ങളെയും ഗവൺമെന്റിനെയും അന്താരാഷ്ട്ര സംഘടനകളെയും ഒരു പൊതു വേദിയിലേക്ക് കൊണ്ടുവരുന്നു. ഈ സംയോജനം ശാസ്ത്രീയ ഗവേഷണങ്ങളെ ദേശീയ മുൻഗണനകൾ, വ്യാവസായിക ശേഷികൾ, വളർന്നുവരുന്ന വിപണിയവസരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഗവേഷണ-വികസനങ്ങൾ (R&D), പ്രായോഗിക ഗവേഷണങ്ങൾ എന്നിവ മുതൽ ഉൽപ്പന്ന വികസനവും സ്റ്റാർട്ടപ്പ് ഇൻക്യുബേഷനും വരെയുള്ള സമ്പൂർണ്ണ നൂതനാശയ യാത്രയെ ഇത് ഉൾക്കൊള്ളുന്നു.

NM-ICPS, വളർന്നുവരുന്ന CPS മേഖലകളിൽ ദേശീയ പ്രാധാന്യമുള്ള സാങ്കേതികവിദ്യകളും പ്രധാന ശേഷികളും വിദഗ്ധരായ പ്രതിഭകളെയും വികസിപ്പിച്ചെടുക്കുന്നു. രാജ്യത്തുടനീളം ലോകോത്തര തലത്തിലുള്ള ബഹുവിഷയ മികവിന്റെ കേന്ദ്രങ്ങളും ഇത് സ്ഥാപിക്കുന്നു. ഈ കേന്ദ്രങ്ങൾ പുരോഗമനപരമായ ഗവേഷണം, സാങ്കേതികവിദ്യാ വികസനം, വൈദഗ്ധ്യം, നയരൂപീകരണത്തിനുള്ള നിർദ്ദേശങ്ങൾ എന്നിവയുടെ പ്രധാന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.

ഈ ഏകോപിത സമീപനത്തിലൂടെ നിർണ്ണായകമായ ദേശീയ വെല്ലുവിളികൾക്കായി തദ്ദേശീയ CPS പരിഹാരങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി NM-ICPS വളർത്തിയെടുക്കുന്നു. ഇത് ഇന്ത്യൻ ഗവേഷണം, നൂതനാശയങ്ങൾ, സംരംഭകത്വം എന്നിവയാൽ രൂപപ്പെടുന്ന, സാങ്കേതികവിദ്യാധിഷ്ഠിതമായ ഒരു ഭാവിയിലേക്കുള്ള സ്ഥാപനപരമായ അടിത്തറ പാകുന്നു.

ഒരു സൈബർ-ഫിസിക്കൽ ഭാവിയിലേക്കുള്ള ഇന്ത്യയുടെ കുതിച്ചുചാട്ടം

CPS-നെ ഗവേഷണ ലാബുകളിൽ നിന്ന് പ്രായോഗിക ആപ്ലിക്കേഷനുകളിലേക്ക് എത്തിക്കുന്നതിനായി ഇന്ത്യ ഒരു ദേശീയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു. പ്രത്യേക സ്ഥാപനങ്ങൾ, വിദഗ്ധരായ പ്രതിഭകൾ, വ്യാവസായിക പങ്കാളിത്തങ്ങൾ എന്നിവയിലൂടെ NM-ICPS ഈ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നു.

ഈ മിഷന് കീഴിൽ ഗവൺമെന്റ് 25 ടെക്നോളജി ഇന്നൊവേഷൻ ഹബുകൾ (TIHs) സെക്ഷൻ 8 കമ്പനികളായി സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള പ്രമുഖ അക്കാദമിക സ്ഥാപനങ്ങളിലാണ് ഈ ഹബുകൾ സ്ഥിതിചെയ്യുന്നത്. TIH-കൾ പ്രധാനമായും നാല് മേഖലകളിലായി പ്രവർത്തിക്കുന്നു - സാങ്കേതികവിദ്യാ വികസനം, മാനവവിഭവശേഷി വികസനവും നൈപുണ്യ വികസനവും, നൂതനാശയം, സംരംഭകത്വം, സ്റ്റാർട്ടപ്പ് വികസനം, അന്താരാഷ്ട്ര സഹകരണങ്ങൾ.

ഈ ഹബുകൾ പരമ്പരാഗത ഗവേഷണ പ്രവർത്തനങ്ങൾക്കും അപ്പുറത്തേക്ക് നീങ്ങുന്നു. അവ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കുകയും ഗവേഷണങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുകയും സാങ്കേതികവിദ്യാധിഷ്ഠിത സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ദേശീയ വെല്ലുവിളികൾ തിരിച്ചറിയുന്നതിനും പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുമായി അവ സർക്കാർ മന്ത്രാലയങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ സമീപനം ശാസ്ത്രീയ ശേഷികളെ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നു.

സാങ്കേതികവിദ്യാ വികസനം മുതൽ സാങ്കേതികവിദ്യാ പരിഭാഷ വരെ

ഭാവിവാഗ്ദാനമായ സാങ്കേതികവിദ്യകളെ പ്രയോഗത്തിലേക്ക് കൊണ്ടുപോകുന്നതിനും വ്യാവസായികമായി വിപണിയിലെത്തിക്കുന്നതിനും മിഷൻ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നു. 2025- മികച്ച പ്രകടനം കാഴ്ചവെച്ച നാല് TIH-കളെ തിരഞ്ഞെടുക്കുകയും ടെക്നോളജി ട്രാൻസ്ലേഷൻ റിസർച്ച് പാർക്കുകളായി (TTRPs) പിന്തുണയ്ക്കുകയും ചെയ്തു. ഐ.ഐ.ടി കാണപൂർ, ഐ.ഐ.എസ്.സി ബെംഗളൂരു, ഐ.ഐ.ടി (ഐ.എസ്.എം) ധൻബാദ്, ഐ.ഐ.ടി ഇൻഡോർ എന്നിവിടങ്ങളിലാണ് ഈ പാർക്കുകൾ സ്ഥാപിച്ചത്. ഓരോ TTRP-യും ഒരു തന്ത്രപ്രധാന സാങ്കേതിക മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഐ.ഐ.ടി കാണപൂർ സൈബർ സുരക്ഷയിലും ഐ.ഐ.എസ്.സി ബെംഗളൂരു റോബോട്ടിക്സ്, എ.ഐ സിസ്റ്റംസ് എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഐ.ഐ.ടി (ഐ.എസ്.എം) ധൻബാദ്, പര്യവേഷണം മുതൽ ധാതു സംസ്കരണം വരെയുള്ള മൈനിംഗ് ടെക്നോളജീസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഐ.ഐ.ടി ഇൻഡോർ ഡിജിറ്റൽ ഹെൽത്ത്‌കെയറിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സാങ്കേതികവിദ്യയുടെ പ്രായോഗിക ഉപയോഗവും വ്യാവസായിക വിപണനവും ത്വരിതപ്പെടുത്തുന്നതിനാണ് ഈ നാല് TTRP-കളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സാങ്കേതികവിദ്യ, നൈപുണ്യം, സംരംഭകത്വം എന്നിവ കെട്ടിപ്പടുക്കൽ

NM-ICPS അതിന്റെ TIH-കളും TTRP-കളും വഴി സാങ്കേതികവിദ്യ, നൈപുണ്യം, സംരംഭകത്വം എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു സംയോജിത ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നു. 2026 ഓഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് ഈ മിഷൻ 1,146 സാങ്കേതികവിദ്യകളെ പ്രാപ്തമാക്കുകയും ബൗദ്ധിക സ്വത്തവകാശ രൂപീകരണത്തെയും ലൈസൻസിംഗിനെയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. കൃഷി, ആരോഗ്യ സംരക്ഷണം, ഖനനം, സൈബർ സുരക്ഷ, നൂതന ആശയവിനിമയം, പൊസിഷനിംഗ് തുടങ്ങിയ മേഖലകളിലായി 1,329 സാങ്കേതികവിദ്യാ ഉൽപ്പന്നങ്ങൾക്കും ഇത് സംഭാവന നൽകിയിട്ടുണ്ട്.

മാനവവിഭവശേഷി വികസനവും നൈപുണ്യ വർധനവും ഈ ആവാസവ്യവസ്ഥയുടെ നെടുംതൂണുകളായി തുടരുന്നു. ചാണക്യ (CHANAKYA - Comprehensive and Holistic Advancement of National Knowledge Yield and Analytics) ഫെലോഷിപ്പ് പ്രോഗ്രാം ബിരുദ, ബിരുദാനന്തര, പി.എച്ച്.ഡി, പോസ്റ്റ്-ഡോക്ടറൽ ഗവേഷകരെ പിന്തുണയ്ക്കുന്നു. പ്രത്യേക ടെക്നോളജി ഇന്നൊവേഷൻ ഹബുകൾ വഴി പ്രായോഗികമായി CPS വെല്ലുവിളികളെ പരിഹരിക്കുന്ന പ്രൊജക്റ്റുകൾക്ക് ഇത് ധനസഹായം നൽകുന്നു. 2026 ഓഗസ്റ്റ് മാസത്തെ കണക്കനുസരിച്ച് ഈ മിഷൻ 5,824 ഫെലോഷിപ്പുകൾ നൽകിയിട്ടുണ്ട്.

ഇന്ത്യയുടെ പ്രത്യേക CPS നൈപുണ്യമുള്ള പ്രതിഭകളുടെ കൂട്ടത്തെ ശക്തിപ്പെടുത്തുന്ന കൂടുതൽ വിപുലമായ നൈപുണ്യ വികസന സംരംഭങ്ങൾ ഈ ശ്രമങ്ങൾക്ക് കരുത്തേകുന്നു. 2.46 ലക്ഷത്തിലധികം പ്രൊഫഷണലുകൾക്ക് ഈ മിഷൻ നൈപുണ്യ വികസന പരിശീലനം നൽകിയിട്ടുണ്ട്.

ഗവേഷണാധിഷ്ഠിത നൂതനാശയങ്ങളെ വ്യാവസായിക അടിസ്ഥാനത്തിൽ വിപണിയിലെത്തിക്കാൻ സഹായിച്ചുകൊണ്ട് ഈ മിഷൻ സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുന്നു. 24,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1,136 സ്റ്റാർട്ടപ്പുകൾക്കും സ്പിൻ-ഓഫുകൾക്കും (spin-offs) ഇത് തുടക്കം കുറിച്ചു (incubation).

അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ഇന്ത്യയുടെ CPS ശേഷികളെ കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. ഈ വളർന്നുവരുന്ന സാങ്കേതിക മേഖലയിൽ ഇന്ത്യയുടെ പങ്കാളിത്തം ശക്തിപ്പെടുത്തിക്കൊണ്ട് ഈ മിഷൻ 200 അന്താരാഷ്ട്ര സഹകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

TIH-കളുടെയും TTRP-കളുടെയും വളർന്നുവരുന്ന ശൃംഖല, ഗവേഷണം, നൈപുണ്യം, സംരംഭകത്വം, വ്യവസായം എന്നിവയിലുടനീളം ഇന്ത്യയുടെ CPS ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. NM-ICPS, നൂതനാശയങ്ങളിൽ നിന്ന് പ്രായോഗിക പ്രയോഗത്തിലേക്കുള്ള യാത്രയെ ത്വരിതപ്പെടുത്തുകയും ദേശീയ മുൻഗണനകൾക്കായി തദ്ദേശീയ പരിഹാരങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നു.

ഭാരത്‌ജെൻ: സൈബർ-ഫിസിക്കൽ സിസ്റ്റങ്ങളുടെ ഇന്റലിജൻസ് ലെയറിനെ ശക്തിപ്പെടുത്തുന്നു

CPS കൂടുതൽ വിവേകപൂർവ്വം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തമാകുമ്പോൾ യന്ത്രങ്ങളെയും മനുഷ്യരെയും ഭൗതിക സാഹചര്യങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന ലെയറായി AI ഉയർന്നുവരുന്നു. ഈ ദിശയിൽ NM-ICPS-ന് കീഴിൽ പിന്തുണയ്ക്കുന്ന ഭാരത്‌ജെൻ ഇന്ത്യൻ ഭാഷകൾക്കും പശ്ചാത്തലങ്ങൾക്കും അനുയോജ്യമായ പരമാധികാര എ.ഐ (sovereign AI) ശേഷികൾ വികസിപ്പിച്ചെടുക്കുന്നു.

വിവിധ അക്കാദമിക സ്ഥാപനങ്ങളുടെ കൂട്ടായ്മയോടെ ഐ.ഐ.ടി ബോംബെയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭാരത്‌ജെൻ ടെക്സ്റ്റ്, സ്പീച്ച്, വിഷൻ-ലാംഗ്വേജ് സാങ്കേതികവിദ്യകളിൽ വ്യാപിച്ചുകിടക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ പരം-2 (Param-2) ഫൗണ്ടേഷൻ മോഡലിന് 17 ബില്യൺ പാരാമീറ്ററുകളുണ്ട്. കൂടാതെ ഇത് ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഇന്ത്യൻ ഭാഷകളെയും പിന്തുണയ്ക്കുന്നു.

12 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന ശ്രുതം (Shrutam) സ്പീച്ച്-ടു-ടെക്സ്റ്റ്, സൂക്തം (Sooktam) ടെക്സ്റ്റ്-ടു-സ്പീച്ച് മോഡലുകളും ഭാരത്‌ജെൻ വികസിപ്പിച്ചിട്ടുണ്ട്. ഡോക്ബോധ് (DocBodh) ചട്ടക്കൂടിന് കീഴിൽ വികസിപ്പിച്ച പത്രം (Patram), സങ്കീർണ്ണമായ ഇന്ത്യൻ രേഖകളിലേക്ക് ബഹുഭാഷാ പ്രവേശനം സാധ്യമാക്കുന്നു.

മേഖലാ നിർദ്ദിഷ്ട മോഡലുകളിൽ ആയുർവേദത്തിനായുള്ള ആയുർ പരം (Ayur Param), കൃഷിക്കായുള്ള അഗ്രി പരം (Agri Param), ഇന്ത്യൻ നിയമ മേഖലയ്ക്കായുള്ള ലീഗൽ പരം (Legal Param) എന്നിവ ഉൾപ്പെടുന്നു. ഈ ശേഷികൾക്ക് ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തോടും പ്രത്യേക മേഖലകളുടെ ആവശ്യങ്ങളോടും കൂടുതൽ അനുയോജ്യമായ രീതിയിൽ CPS-നെ മാറ്റാൻ കഴിയും.

തദ്ദേശീയ എ.ഐ-യെ ബന്ധിപ്പിക്കപ്പെട്ട ഭൗതിക സിസ്റ്റങ്ങളുമായി സമന്വയിപ്പിക്കുന്നതിലൂടെ ഭാരത്‌ജെന് കൂടുതൽ എളുപ്പത്തിൽ പ്രാപ്യമാകുന്ന മനുഷ്യ-യന്ത്ര ആശയവിനിമയം സാധ്യമാക്കാൻ കഴിയും. ആരോഗ്യ സംരക്ഷണം, കൃഷി, ഭരണനിർവ്വഹണം, മറ്റ് പൊതുതാല്പര്യമുള്ള ആപ്ലിക്കേഷനുകൾ എന്നിവയിലുടനീളം പ്രാദേശികമായി അനുയോജ്യമായ തീരുമാനങ്ങൾളെടുക്കുന്നതിനെയും ഇതിന് പിന്തുണയ്ക്കാൻ കഴിയും. അങ്ങനെ പരമാധികാരമുള്ളതും ബഹുഭാഷാ ശേഷിയുള്ളതും മൾട്ടിമോഡലുമായ ഒരു ഇന്റലിജൻസ് ലെയർ കൂട്ടിച്ചേർത്തുകൊണ്ട് ഭാരത്‌ജെൻ ഇന്ത്യയുടെ CPS ആവാസവ്യവസ്ഥയ്ക്ക് പൂർണ്ണത നൽകുന്നു.

NM-ICPS: നൂതനാശയങ്ങളെ പ്രായോഗികമാക്കുന്നു

പരീക്ഷണശാലകൾക്ക് അപ്പുറത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവിലാണ് CPS-ന്റെ കരുത്ത് കുടിയിരിക്കുന്നത്. NM-ICPS പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യകൾ ഇപ്പോൾ ആരോഗ്യ സംരക്ഷണം, കൃഷി, ഖനനം, ആശയവിനിമയം, സൈബർ സുരക്ഷ, മൊബിലിറ്റി എന്നിവയിലുടനീളമുള്ള വെല്ലുവിളികളെ പരിഹരിച്ചുകൊണ്ടിരിക്കുന്നു.

ആരോഗ്യ സംരക്ഷണം

തുടർച്ചയായ നിരീക്ഷണം, സിമുലേഷൻ അധിഷ്ഠിത ചികിത്സ, രോഗങ്ങൾ നേരത്തെ കണ്ടെത്തൽ എന്നിവയെ CPS മാറ്റിയെടുക്കുകയാണ്. ഐ.ഐ.ടി ഇൻഡോറിലെ ദൃഷ്ടി സി.പി.എസ് ഫൗണ്ടേഷൻ മനുഷ്യശരീരത്തിന്റെ ഡിജിറ്റൽ ട്വിന്നായ 'ചരക് ഡി.ടി' (CharakDT) വികസിപ്പിച്ചെടുത്തിട്ടുണ്ട്. രോഗത്തിന്റെ വളർച്ച പഠിക്കുന്നതിനും ചികിത്സകൾ വെർച്വലായി പരിശോധിച്ച് നോക്കുന്നതിനുമായി ഇത് ശ്വാസകോശം, കണ്ണുകൾ, ഹൃദയം എന്നിവയെ സിമുലേറ്റ് ചെയ്യുന്നു.

ഡിജിറ്റൽ ട്വിൻ

യഥാർത്ഥ ലോകത്തിലെ ഒരു ഭൗതിക വസ്തുവിന്റെയോ പ്രക്രിയയുടെയോ സിസ്റ്റത്തിന്റെയോ തത്സമയ, വെർച്വൽ പകർപ്പാണ് ഡിജിറ്റൽ ട്വിൻ. യഥാർത്ഥ വസ്തു എങ്ങനെ പ്രവർത്തിക്കുന്നുവെന്നും പെരുമാറുന്നുവെന്നും പ്രതിഫലിപ്പിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പഠിക്കുന്നതിനും സ്മാർട്ട് സെൻസറുകളിൽ നിന്നുള്ള തത്സമയ ഡാറ്റ ഇത് ഉപയോഗിക്കുന്നു.

കൃഷി

വിളകളെയും കൃഷിയിട സാഹചര്യങ്ങളെയും കുറിച്ചുള്ള തത്സമയ ഡാറ്റ ഉപയോഗിച്ച് തീരുമാനങ്ങളെടുക്കാൻ CPS കർഷകരെ സഹായിക്കുന്നു. ഐ.ഐ.ടി ബോംബെയിലെ ഗവേഷകർ മണ്ണ്, കാലാവസ്ഥ, സൂക്ഷ്മ കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനായി 'അഗ്രി-IoT ഫാം മാനേജ്‌മെന്റ് സിസ്റ്റം' വികസിപ്പിച്ചു. ഈ സാങ്കേതികവിദ്യ കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതോടൊപ്പം ജലത്തിന്റെയും വളങ്ങളുടെയും കാര്യക്ഷമമായ ഉപയോഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഖനനം

ഖനന പ്രവർത്തനങ്ങളിൽ പലപ്പോഴും അപകടകരവും വിദൂരവുമായ സ്ഥലങ്ങൾ ഉൾപ്പെടുന്നു. ഡ്രോണുകൾ, റോബോട്ടിക്സ്, റിമോട്ട് മോണിറ്ററിംഗ് എന്നിവയിലൂടെ CPS സുരക്ഷ വർധിപ്പിക്കുന്നു. IIT (ISM) ധൻബാദിലെ TEXMiN ഹബ്ബ് 50 കിലോമീറ്റർ വരെ ഡാറ്റ കൈമാറാൻ ശേഷിയുള്ള ഡ്രോണുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അപകടകരമായ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം കുറയ്ക്കുന്നതോടൊപ്പം തത്സമയ നിരീക്ഷണം സാധ്യമാക്കാൻ ഇത് സഹായിക്കുന്നു.

നൂതന ആശയവിനിമയവും പൊസിഷനിംഗും

സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ വിശ്വസനീയവും ചെലവുകുറഞ്ഞതുമായ കണക്റ്റിവിറ്റിയെ CPS സാങ്കേതികവിദ്യകൾ പിന്തുണയ്ക്കുന്നു. IIIT ബെംഗളൂരു വികസിപ്പിച്ച '5G-അഡ്വാൻസ്ഡ് ORAN മാസീവ് MIMO റേഡിയോ യൂണിറ്റ് (32TR RU)' ഒരു പ്രധാന നേട്ടമാണ്. തദ്ദേശീയമായ ഈ സാങ്കേതികവിദ്യ അതിവേഗത്തിലുള്ളതും വിശ്വസനീയവും ചെലവുകുറഞ്ഞതുമായ 5G കണക്റ്റിവിറ്റി സാധ്യമാക്കുന്നു. വിദൂര പ്രദേശങ്ങളിലേക്ക് നൂതന ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ വ്യാപിപ്പിക്കുന്നതിന് ഇത് തികച്ചും അനുയോജ്യമാണ്.

സൈബർ സുരക്ഷ

ഭൗതികാടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റലായി ബന്ധിപ്പിക്കപ്പെടുമ്പോൾ സൈബർ ഭീഷണികളിൽ നിന്ന് CPS-നെ സംരക്ഷിക്കുന്നത് കൂടുതൽ പ്രധാനമായി തീരുന്നു. ഐ.ഐ.ടി കാണപൂരിലെ IHUB NTIHAC ഫൗണ്ടേഷൻ, നിർണായക അടിസ്ഥാന സൗകര്യങ്ങളെയും CPS-നെയും സംരക്ഷിക്കുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുകയാണ്. ഇതിന്റെ ഐ.ടി-ഒ.ടി സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (IT-OT Security Operations Centre) ഇൻഫർമേഷൻ ടെക്നോളജി, ഓപ്പറേഷണൽ ടെക്നോളജി മേഖലകളെ തുടർച്ചയായി നിരീക്ഷിക്കുന്നു. ക്രിപ്‌റ്റോകറൻസി സംബന്ധമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ ക്രമസമാധാന പാലന ഏജൻസികളെ പിന്തുണയ്ക്കുന്നതിനായി ഈ ഹബ്ബ് ക്രിപ്‌റ്റോ-ഫോറൻസിക് ടൂളുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ഗതാഗതം, റോബോട്ടിക്സ്, ഓട്ടണോമസ് സിസ്റ്റങ്ങൾ

നിയന്ത്രിത പരിശോധനകളിലൂടെയും വിവേകപൂർവ്വമായ സിസ്റ്റങ്ങളിലൂടെയും ഡ്രൈവറില്ലാ വാഹനങ്ങളുടെയും ഡ്രോണുകളുടെയും കൂടുതൽ സുരക്ഷിതമായ ഉപയോഗം CPS സാധ്യമാക്കുന്നു. ഐ.ഐ.ടി ഹൈദരാബാദിലെ TiHAN ഫൗണ്ടേഷൻ സ്വയം നിയന്ത്രിത നാവിഗേഷനായി ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക ടെസ്റ്റിംഗ് ഗ്രൗണ്ട് സ്ഥാപിച്ചു. വ്യോമ-ഭൗമ സ്വയം നിയന്ത്രിത വാഹനങ്ങൾ യഥാർത്ഥ ലോകത്ത് ഉപയോഗിക്കുന്നതിന് മുമ്പ് ഈ ടെസ്റ്റ്‌ബെഡ് അവയുടെ പ്രവർത്തനം പരിശോധിച്ച് ഉറപ്പുവരുത്തുന്നു. ഐ.ഐ.എസ്.സി ബെംഗളൂരുവിൽ ഐ-ഹബ് ഫോർ റോബോട്ടിക്സ് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് വിവേകപൂർവ്വമായ ഗതാഗത പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുന്നു. ഇതിന്റെ iRASTE ആപ്ലിക്കേഷൻ അപകടസാധ്യതയുള്ള സ്ഥലങ്ങൾ തിരിച്ചറിയുകയും ഡ്രൈവർമാർക്ക് തത്സമയ മുന്നറിയിപ്പുകൾ നൽകുകയും ചെയ്യുന്നു. ഈ സിസ്റ്റം നിലവിൽ നാഗ്പൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിവരുന്നു, മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.

നിർണായക മേഖലകൾക്കായി നൂതന ഗവേഷണങ്ങളെ പ്രായോഗിക പരിഹാരങ്ങളാക്കി NM-ICPS എങ്ങനെ മാറ്റുന്നുവെന്ന് ഈ പ്രയോഗങ്ങൾ വ്യക്തമാക്കുന്നു. തദ്ദേശീയ സാങ്കേതികവിദ്യകളും നൈപുണ്യങ്ങളും നൂതനാശയങ്ങളും പ്രാപ്തമാക്കുന്നതിലൂടെ കൂടുതൽ സുരക്ഷിതവും വിവേകപൂർവ്വവും കാര്യക്ഷമവുമായ സിസ്റ്റങ്ങളെ ഈ മിഷൻ പ്രോത്സാഹിപ്പിക്കുന്നു. സാങ്കേതികവിദ്യാധിഷ്ഠിതവും സ്വയംപര്യാപ്തവുമായ ഒരു വികസിത ഭാരതത്തിലേക്ക് ഇന്ത്യയുടെ ശേഷികളെ ഈ ശ്രമങ്ങൾ മുന്നോട്ട് നയിക്കുന്നു.

സാങ്കേതികവിദ്യാധിഷ്ഠിതവും സ്വയംപര്യാപ്തവുമായ ഒരു വികസിത ഭാരതത്തിലേക്ക്

സൈബർ-ഫിസിക്കൽ സിസ്റ്റംസ് വിവേകപൂർവ്വമായ അടിസ്ഥാന സൗകര്യങ്ങൾക്കും നൂതന പൊതുസേവനങ്ങൾക്കുമായി പുതിയ സാധ്യതകൾ തുറന്നിടുന്നു. NM-ICPS വഴി ശാസ്ത്രീയ ഗവേഷണങ്ങളെ ദേശീയ വികസന മുൻഗണനകളുമായി ബന്ധിപ്പിക്കുന്ന ശേഷികൾ ഇന്ത്യ കെട്ടിപ്പടുക്കുന്നു.

ഈ മിഷൻ ആരോഗ്യ സംരക്ഷണം, കൃഷി, ഖനനം, ആശയവിനിമയം, സൈബർ സുരക്ഷ, ഗതാഗതം എന്നിവയിലുടനീളം തദ്ദേശീയ പരിഹാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിന്റെ TIH-കളും TTRP-കളും ഗവേഷണത്തിൽ നിന്ന് പരീക്ഷണത്തിലേക്കും ഉപയോഗത്തിലേക്കും വ്യാവസായിക വിപണനത്തിലേക്കുമുള്ള യാത്രയെ ത്വരിതപ്പെടുത്തുന്നു.

ഭാരത്‌ജെൻ പോലുള്ള സംരംഭങ്ങൾ വളർന്നുവരുന്ന ഈ സാങ്കേതിക മേഖലയിലേക്ക് പരമാധികാരമുള്ളതും ബഹുഭാഷാ ശേഷിയുള്ളതുമായ AI ശേഷികൾ കൂട്ടിച്ചേർക്കുന്നു. ഒന്നിച്ചുചേരുമ്പോൾ ഈ ശ്രമങ്ങൾക്ക് പരസ്പരം ബന്ധിപ്പിക്കപ്പെട്ട സിസ്റ്റങ്ങളെ കൂടുതൽ ബുദ്ധിപൂർവ്വമുള്ളതും സുരക്ഷിതവും എളുപ്പത്തിൽ പ്രാപ്യമാകുന്നതും ഇന്ത്യൻ ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതുമാക്കാൻ സാധിക്കും. കൂടുതൽ ശക്തമായ അക്കാദമിക-വ്യവസായ പങ്കാളിത്തങ്ങൾ നൂതനാശയങ്ങളെയും സാങ്കേതികവിദ്യാ സ്വീകരണത്തെയും കൂടുതൽ വേഗത്തിലാക്കും. നൈപുണ്യമുള്ള പ്രതിഭകൾ, സ്റ്റാർട്ടപ്പുകൾ, ആഗോള സഹകരണങ്ങൾ എന്നിവ വളർന്നുവരുന്ന സാങ്കേതിക മേഖലകളിലുടനീളം ഇന്ത്യയുടെ ശേഷികളെ വിപുലീകരിക്കും.

തദ്ദേശീയ CPS-ന്റെ വിപുലമായ ഉപയോഗത്തിന് കൂടുതൽ മികച്ച അടിസ്ഥാന സൗകര്യങ്ങളെയും കാര്യക്ഷമമായ സേവനങ്ങളെയും പുതിയ സാമ്പത്തികാവസരങ്ങളെയും പിന്തുണയ്ക്കാൻ കഴിയും. അതിനാൽ സാങ്കേതികവിദ്യാധിഷ്ഠിതവും നൂതനാശയാധിഷ്ഠിതവും സ്വയംപര്യാപ്തവുമായ ഒരു വികസിത ഭാരതത്തിന് NM-ICPS വളരെയധികം സംഭാവന നൽകുന്നു.

അവലംബം

 

NM-ICPS

Ministry of Science & Technology

IIT Madras

Departmemt of Science & Technology

Click here to see pdf 

***

SK

(Explainer ID: 159796) आगंतुक पटल : 41
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Tamil , Kannada