Farmer's Welfare
കൃഷിരീതികൾ പുനഃസൃഷ്ടിക്കുന്നു: കരുത്തുറ്റ ഇന്ത്യക്കായി പുനരുജ്ജീവന കൃഷി
Posted On:
23 AUG 2026 10:28AM
|
ഇന്ത്യയിലെ കൃഷിഭൂമികൾ കാർഷിക വളർച്ച നിലനിർത്തിപ്പോരുന്നുണ്ടെങ്കിലും ദീർഘകാല ഉൽപ്പാദനക്ഷമത ആരോഗ്യമുള്ള മണ്ണൊരുക്കുന്നതിനെയും കരുത്തുറ്റ ആവാസവ്യവസ്ഥകളെയും ആശ്രയിച്ചാണിരിക്കുന്നത്. മണ്ണ് പുനരുജ്ജീവിപ്പിക്കുന്നതിനും ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിനും കാലാവസ്ഥാവ്യതിയാനങ്ങൾ പ്രതിരോധിക്കുന്നതിനും പുനരുജ്ജീവന കൃഷി വഴിയൊരുക്കുന്നു. രാജ്യത്തുടനീളം ജനങ്ങൾ സ്വാഭാവിക കൃഷി, കാർഷിക വനവൽക്കരണം, തുള്ളിനന, സംയോജിത കൃഷിരീതികൾ, ശാസ്ത്രീയ മണ്ണുപരിപാലനം തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചുവരുന്നു. ഗവണ്മെന്റ് പിന്തുണ ഈ മാറ്റത്തിന് വേഗം കൂട്ടിയിട്ടുണ്ട്. 2026 മാർച്ച് വരെയുള്ള കണക്കനുസരിച്ച് സ്വാഭാവിക കൃഷി ക്ലസ്റ്ററുകൾ 8.80 ലക്ഷം ഹെക്ടറിൽ വ്യാപിക്കുകയും 18.19 ലക്ഷം കർഷകരെ ഇതിന്റെ ഭാഗമാക്കുകയും ചെയ്തിട്ടുണ്ട്. 2026 മേയ് വരെയുള്ള കണക്കനുസരിച്ച് ഏകദേശം 109 ലക്ഷം ഹെക്ടർ പ്രദേശം 'ഓരോ തുള്ളിയിലും കൂടുതൽ വിള' പദ്ധതിക്ക് കീഴിൽ കൊണ്ടുവന്നു. കൂടാതെ പദ്ധതി തുടങ്ങിയത് മുതൽ 2026 മാർച്ച് വരെ 25.89 കോടി സോയിൽ ഹെൽത്ത് കാർഡുകൾ നൽകിയിട്ടുണ്ട്. ഈ പരിശ്രമങ്ങൾ, കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളതും വിഭവശേഷി കാര്യക്ഷമമായി ഉപയോഗിക്കുന്നതും പരിസ്ഥിതിസൗഹൃദപരവുമായ ഭാവി കെട്ടിപ്പടുക്കാൻ ഇന്ത്യൻ കാർഷിക മേഖലയെ സഹായിക്കുന്നു.
|
പുനരുജ്ജീവന കൃഷിയുടെ അനിവാര്യത
ഇന്ത്യയുടെ കാർഷിക, അനുബന്ധ മേഖലകൾ ശക്തവും സുസ്ഥിരവുമായ പുരോഗതി പ്രകടിപ്പിച്ചിട്ടുണ്ട്. 2015-16 മുതൽ 2024-25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഈ മേഖല 4.45 ശതമാനം ദശാബ്ദ വളർച്ച രേഖപ്പെടുത്തി. മുൻ ദശാബ്ദങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന വളർച്ചയാണിത്. ഈ നേട്ടം മേഖലയുടെ കരുത്തിനെയും രാജ്യത്തുടനീളമുള്ള കർഷകരുടെ തുടർച്ചയായ പ്രയത്നങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. എങ്കിലും ഈ മുന്നേറ്റം നിലനിർത്താൻ ദീർഘകാല കാർഷിക ഉൽപ്പാദനക്ഷമതയെ പിന്തുണയ്ക്കുന്ന പാരിസ്ഥിതിക അടിത്തറ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഓരോ സീസണിലും പുതുപ്രതീക്ഷകളോടെയും വർധിച്ച ഉത്തരവാദിത്വത്തോടെയുമാണ് കർഷകർ പാടങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. വർഷങ്ങളോളമുള്ള തീവ്രമായ കൃഷിരീതികളും അമിതമായ രാസവസ്തുക്കളുടെ ഉപയോഗവും ക്രമം തെറ്റിയ മഴയും പലപ്പോഴും മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുകയും വിളവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പണ്ട് എളുപ്പത്തിൽ ലഭിച്ചിരുന്ന വിളവിന് ഇപ്പോൾ കൂടുതൽ രാസവളങ്ങളും മറ്റ് ചേരുവകളും ആവശ്യമായി വരുന്നു. അതേസമയം ഉഷ്ണതരംഗങ്ങളും വരൾച്ചയും അതിവൃഷ്ടിയും മാസങ്ങളുടെ അധ്വാനം പാഴാക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് ചെറുകിട-നാമമാത്ര കർഷകരെ സംബന്ധിച്ച് മണ്ണിന്റെ ആരോഗ്യം ക്ഷയിക്കുന്നത് ഉയർന്ന ചെലവിനും വിളവെടുപ്പിന്റെ അനിശ്ചിതത്വത്തിനും കാരണമാകുന്നു. തൽഫലമായി കൃഷിയുടെ സുസ്ഥിരത വർധിച്ചുവരുന്ന പ്രധാന ആശങ്കയായി മാറിയിരിക്കുന്നു.
ഇവിടെയാണ് പുനരുജ്ജീവന കൃഷിയുടെ പ്രസക്തി. മണ്ണിന്റെ ജീവസ്സുറ്റ അവസ്ഥ വീണ്ടെടുക്കുന്നതിലൂടെയും ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയും കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിലൂടെയും മണ്ണുമായി ബന്ധപ്പെട്ടതും ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ടതുമായ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഇതിന് സാധിക്കുന്നു. അതിനേക്കാളേറെ ദീർഘകാല പരിസ്ഥിതി സമതുലിതാവസ്ഥയെയും കാർഷിക അഭിവൃദ്ധിയെയും പിന്തുണയ്ക്കുന്നു. ഒപ്പം ഇന്ത്യയുടെ കാർഷിക അടിത്തറ പുനരുജ്ജീവിപ്പിക്കാനുള്ള വഴിയും ഇത് തുറന്നുനൽകുന്നു.
പുനരുജ്ജീവന കൃഷിരീതിയെക്കുറിച്ച് മനസ്സിലാക്കാം
മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിലും ജൈവവൈവിധ്യം വർധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമഗ്ര കൃഷിരീതിയാണ് പുനരുജ്ജീവന കൃഷി. ഒപ്പം, കാർഷിക മേഖലയിൽ ദീർഘകാല ഉൽപ്പാദനക്ഷമതയും പ്രതിരോധശേഷിയും ഉറപ്പാക്കാനും ഇത് ലക്ഷ്യമിടുന്നു. ആരോഗ്യമുള്ള മണ്ണ് കൂടുതൽ ഭക്ഷ്യ-പോഷകാഹാര ഉൽപ്പാദനത്തെ പിന്തുണയ്ക്കുകയും കൂടുതൽ കാർബൺ സംഭരിക്കുകയും ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിലവിലുള്ള സാഹചര്യങ്ങൾ നിലനിർത്താൻ മാത്രം പ്രധാനമായും ലക്ഷ്യമിടുന്ന സുസ്ഥിര കൃഷിരീതിയിൽ നിന്ന് വ്യത്യസ്തമായി, അവയെ കൂടുതൽ മെച്ചപ്പെടുത്താനാണ് പുനരുജ്ജീവന കൃഷി ശ്രമിക്കുന്നത്. മണ്ണിന്റെ ആരോഗ്യം സജീവമായി പുനഃസൃഷ്ടിച്ചുകൊണ്ടും ജൈവവൈവിധ്യം മെച്ചപ്പെടുത്തിക്കൊണ്ടും ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തിക്കൊണ്ടും ഇത് ഒരുപടി കൂടി മുന്നേറുന്നു.

ഇത് ഇനിപ്പറയുന്ന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:
- മണ്ണിന്റെ ഘടനയ്ക്ക് ഉണ്ടാകുന്ന ആഘാതം പരമാവധി കുറയ്ക്കുക
- ബഹുവർഷ വിളകളുടെ ജീവനുള്ള വേരുകൾ സംരക്ഷിക്കുക
- മണ്ണിന്റെ ഉപരിതല സംരക്ഷണം ഉറപ്പാക്കുക
- കന്നുകാലി വളർത്തലിനെ കൃഷിയുമായി സംയോജിപ്പിക്കുക
- രാസവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തുക
- ജൈവവൈവിധ്യം വർധിപ്പിക്കുക
ചുരുക്കത്തിൽ കൃഷിയുടെ സ്വാഭാവിക അടിത്തറ പുനഃസ്ഥാപിക്കുന്നതിലൂടെ ഭാവിയിലെ കൃഷിക്കായി പ്രായോഗികവും ദീർഘവീക്ഷണമുള്ളതുമായ ഒരു മാർഗമാണ് പുനരുജ്ജീവന കൃഷി മുന്നോട്ടുവയ്ക്കുന്നത്.
പുനരുജ്ജീവന കൃഷിരീതികളിലൂടെ കാർഷിക പ്രതിരോധശേഷി ശക്തിപ്പെടുത്തൽ

ഇന്ത്യയിൽ പിന്തുടരുന്ന വൈവിധ്യമാർന്ന കൃഷിരീതികളിൽ നിന്നാണ് പുനരുജ്ജീവന കൃഷി ആശയങ്ങൾ രൂപപ്പെടുന്നത്. പുനരുജ്ജീവന കൃഷിരീതികളുടെ പരിധി ഇതിലും വളരെ വിശാലമാണെങ്കിലും, പ്രധാനപ്പെട്ട ചില രീതികളെ പൊതുവെ താഴെപ്പറയുന്ന വിഭാഗങ്ങളായി തരംതിരിക്കാം:
ജലത്തിന്റെയും വിഭവങ്ങളുടെയും കാര്യക്ഷമമായ ഉപയോഗം
- ഡ്രിപ്പർ, സ്പ്രിങ്ക്ലർ, ഫോഗർ തുടങ്ങിയ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സസ്യങ്ങളുടെ വേരുകളിലേക്ക് നേരിട്ട് വെള്ളം എത്തിക്കുന്നു. ഇതുവഴി ജലത്തിന്റെ പാഴാക്കൽ കുറയ്ക്കുകയും ജല ഉപയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നു. കൃഷിയിടതലത്തിലെ ജലസംവിധാനം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിലൂടെ വിളകളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും വരൾച്ചയെയും ജലക്ഷാമത്തെയും നേരിടാനുള്ള കൃഷിയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും ഇത്തരം സംവിധാനങ്ങൾ സഹായിക്കുന്നു. ഇതിന്റെ ഫലമായി, കൃഷിരീതികൾ കൂടുതൽ കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും സാമ്പത്തികമായി ലാഭകരവുമായും മാറുന്നു.
- വിവിധ കാർഷിക പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യന്ത്രവൽക്കരിക്കുന്നതിനുമായി കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുന്നതാണ് കാർഷിക യന്ത്രവൽക്കരണം. വെള്ളം, ഇന്ധനം, വളങ്ങൾ തുടങ്ങിയ പ്രധാന വിഭവങ്ങളുടെ ഉപയോഗം കാര്യക്ഷമമാക്കാനും പാഴാക്കൽ കുറയ്ക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു. സമയബന്ധിതവും കൃത്യതയോടെയുള്ളതുമായ കാർഷിക പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിലൂടെ യന്ത്രവൽക്കരണം വിഭവങ്ങളുടെ മികച്ച പരിപാലനത്തിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും കൃഷിയുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
മണ്ണിന്റെയും പോഷകങ്ങളുടെയും പരിപാലനം
- നൈട്രജൻ വളത്തിന്റെ കാര്യക്ഷമമായ പരിപാലനം നൈട്രസ് ഓക്സൈഡ് വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കുന്നതിനൊപ്പം വിളകളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിനായി അനുയോജ്യമായ വളം തിരഞ്ഞെടുക്കുകയും, വളപ്രയോഗത്തിന്റെ സമയവും അളവും കൃത്യമായി ക്രമീകരിക്കുകയും ചെയ്യുന്നു. സൂപ്പർഗ്രാനുലാർ യൂറിയ മണ്ണിൽ ആഴത്തിൽ നിക്ഷേപിക്കുന്നതും വിളകളിലെ നൈട്രജന്റെ അളവ് കൃത്യമായി വിലയിരുത്തുന്നതിനായി ഇലയുടെ നിറം അടിസ്ഥാനമാക്കിയുള്ള ചാർട്ടുകൾ ഉപയോഗിക്കുന്നതും ഇതിന്റെ ഭാഗമാണ്. കൂടാതെ, സയനോബാക്ടീരിയ പോലുള്ള ജൈവഘടകങ്ങളുടെ ഉപയോഗവും പയർവർഗ വിളകളുടെ ഇടവിളകൃഷിയും പ്രോത്സാഹിപ്പിക്കുന്നു. മൊത്തത്തിൽ, ഇത്തരം രീതികൾ നൈട്രജൻ ഉപയോഗത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും പരിസ്ഥിതിയിലേക്കുള്ള പോഷക നഷ്ടം പരമാവധി കുറയ്ക്കുകയും ചെയ്യുന്നു.
- ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളിൽ വേരൂന്നിയ, രാസവസ്തുക്കൾ ഒഴിവാക്കിയുള്ള കാർഷിക രീതിയാണ് പ്രകൃതി കൃഷി. കർഷകർ സ്വന്തം കൃഷിയിടത്തിൽ തയ്യാറാക്കുന്ന ബീജാമൃതം, ജീവാമൃതം, ഘനജീവാമൃതം, നീമാസ്ത്രം, ദശപർണി തുടങ്ങിയ ജൈവ ചേരുവകളാണ് ഈ രീതിയുടെ പ്രധാന ഘടകങ്ങൾ. ഇവ തദ്ദേശീയ കന്നുകാലികളിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. പരമ്പരാഗത വിത്തിനങ്ങൾ ഉപയോഗിക്കുന്നതിനും കൃഷിയിടങ്ങളുടെ അതിരുകളിൽ മരങ്ങൾ നട്ടുവളർത്തുന്നതിനും പ്രകൃതി കൃഷി പ്രോത്സാഹനം നൽകുന്നു. കീടനിയന്ത്രണത്തിനായി കൃഷിയിടത്തിൽ തയ്യാറാക്കുന്ന സസ്യാധിഷ്ഠിത ജൈവ മിശ്രിതങ്ങളും ഉപയോഗിക്കുന്നു. മണ്ണിന്റെ ഫലഭൂയിഷ്ഠതയും പാരിസ്ഥിതിക സന്തുലിതാവസ്ഥയും നിലനിർത്തുന്നതിനായി തുടർച്ചയായ മൂടുവിള കൃഷി, ബഹുവിള കൃഷി, പുതയിടൽ, മണ്ണിളക്കൽ പരമാവധി കുറയ്ക്കൽ തുടങ്ങിയ രീതികൾ സ്വീകരിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുന്നു. വൈവിധ്യമാർന്ന വിളകളോടൊപ്പം കന്നുകാലി വളർത്തലും സംയോജിപ്പിക്കുന്നത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പരിസ്ഥിതിവ്യവസ്ഥകളെ പുനഃസ്ഥാപിക്കാനും കർഷകരുടെ കൃഷിചെലവ് കുറയ്ക്കാനും സഹായിക്കുന്നു.
|
പച്ചവളം, മൂടുവിള കൃഷി, പുതയിടൽ തുടങ്ങിയ മണ്ണിന്റെ ആരോഗ്യസംരക്ഷണ രീതികൾ പുനരുജ്ജീവന കൃഷിയിൽ പ്രധാന പങ്ക് വഹിക്കുന്നു. പച്ചവളം എന്നത് പ്രത്യേക വിളകൾ കൃഷി ചെയ്ത് അവ മണ്ണിൽ തന്നെ ഉഴുതുചേർത്ത് ജൈവവസ്തുക്കളും പോഷകങ്ങളും വർധിപ്പിക്കുന്ന രീതിയാണ്. ഇത് മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഘടനയും മെച്ചപ്പെടുത്തുന്നതിനും മണ്ണിൽ കാർബൺ സംഭരിക്കുന്നതിനും സഹായിക്കുന്നു. മൂടുവിള കൃഷി എന്നത് പ്രധാനമായും വിളവെടുപ്പിനല്ല, മറിച്ച് മണ്ണിനെ മൂടി സംരക്ഷിക്കുന്നതിനായി വിളകൾ വളർത്തുന്ന രീതിയാണ്. ഇത് മണ്ണൊലിപ്പ് തടയുകയും മണ്ണിലെ ജൈവ കാർബൺ നിലനിർത്തുകയും പോഷകങ്ങളുടെ പുനഃചംക്രമണത്തിന് സഹായിക്കുകയും ചെയ്യുന്നു. പുതയിടൽ എന്നത് ഇലകൾ, വൈക്കോൽ തുടങ്ങിയ ജൈവ അവശിഷ്ടങ്ങൾ ഉപയോഗിച്ച് മണ്ണിന്റെ ഉപരിതലം മൂടുന്ന രീതിയാണ്. ഇത് മണ്ണിലെ ഈർപ്പം സംരക്ഷിക്കുകയും മണ്ണിന്റെ താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ, കളകളുടെ വളർച്ച നിയന്ത്രിക്കുകയും ഗുണകരമായ സൂക്ഷ്മജീവികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുകയും വിളകളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
|
സംയോജിതവും കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതുമായ കൃഷിരീതികൾ
- സംയോജിത കൃഷിരീതി എന്നത് വിവിധ കാർഷിക സംരംഭങ്ങളെ ഒരൊറ്റ സംവിധാനത്തിലേക്ക് സംയോജിപ്പിക്കുന്ന സമഗ്രമായ കാർഷിക സമീപനമാണ്. വിള, കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി എന്നിവയ്ക്കൊപ്പം ഹോർട്ടികൾച്ചർ, കാർഷിക വനവൽക്കരണം, തേനീച്ച വളർത്തൽ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിഭവങ്ങളുടെ പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനായി ഇടവിള കൃഷി, വിളപരിക്രമണം, ബഹുവിള കൃഷി, സമ്മിശ്രകൃഷി തുടങ്ങിയ രീതികൾ ഈ സമീപനം പ്രോത്സാഹിപ്പിക്കുന്നു. ഇതുവഴി വിളനാശത്തിന്റെ നഷ്ടസാധ്യത കുറയ്ക്കാനും, ഉപജീവന മാർഗങ്ങൾ വൈവിധ്യവൽക്കരിക്കാനും, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാനുള്ള കൃഷിയുടെ പ്രതിരോധശേഷി വർധിപ്പിക്കാനും സാധിക്കുന്നു.
- കാർഷിക വനവൽക്കരണം ബഹുവർഷ വൃക്ഷവിളകളെ ഫലവിളകളുമായും തോട്ടവിളകളുമായും സംയോജിപ്പിച്ച് കൂടുതൽ സുസ്ഥിരവും ലാഭകരവുമായ കൃഷിരീതി രൂപപ്പെടുത്തുന്നു. ഇത് കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനൊപ്പം, മണ്ണിലെ ഈർപ്പം മെച്ചപ്പെടുത്താനും പ്രാദേശിക താപനില നിയന്ത്രിക്കാനും കൂടുതൽ കാർബൺ സംഭരിക്കാനും സഹായിക്കുന്നു.
മഴയെ ആശ്രയിച്ചുള്ള പ്രദേശങ്ങളിൽ നശിച്ചുപോയതോ ക്ഷയിച്ചുപോയതോ ആയ ഭൂമിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ കാർഷിക വനവൽക്കരണം നിർണായക പങ്ക് വഹിക്കുന്നു. ക്രമരഹിതമായ മഴയുടെ ആഘാതം കുറയ്ക്കാനും, കൃഷിയുടെ പ്രതിരോധശേഷി വർധിപ്പിക്കാനും, കാലക്രമേണ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും ഇത്തരം കാർഷിക വനവൽക്കരണ സംവിധാനങ്ങൾ സഹായിക്കുന്നു.
- മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെ നേരിടാൻ കാർഷിക സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ തന്ത്രങ്ങളും സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്നതാണ് കാലാവസ്ഥാ പ്രതിരോധശേഷിയുള്ള കൃഷി (CRA). ഇതിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്:
- പോഷകങ്ങളും വളങ്ങളും സന്തുലിതമായി ഉപയോഗിക്കുക
- കാര്യക്ഷമമായ കീടനിയന്ത്രണം നടപ്പാക്കുക
- ജലം കാര്യക്ഷമമായും വിവേകപൂർവമായും ഉപയോഗിക്കുക
- കൃഷിയിടതലത്തിൽ മണ്ണിലെ ഈർപ്പം സംരക്ഷിക്കുക
- മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും വിളകളുടെ വളർച്ചയും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുന്ന അനുയോജ്യമായ ഭൂമി തയ്യാറാക്കൽ രീതികൾ സ്വീകരിക്കുക
കൂടാതെ ജലം പങ്കിടൽ സംഘങ്ങൾ, വിത്ത്-കാലിത്തീറ്റ സംവിധാനങ്ങൾ, സമൂഹാടിസ്ഥാനത്തിലുള്ള നഴ്സറികൾ, കൂട്ടായ വിപണന സംവിധാനങ്ങൾ തുടങ്ങിയ നൂതന ആശയങ്ങളും CRA-യുടെ ഭാഗമാണ്. ഇത്തരം രീതികളും നൂതന സംവിധാനങ്ങളും ഒരുമിച്ച് കാർഷിക സംവിധാനങ്ങളെ കൂടുതൽ ശക്തവും പ്രതിരോധശേഷിയുള്ളതുമാക്കി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങളെയും അപ്രതീക്ഷിത ആഘാതങ്ങളെയും കൂടുതൽ ഫലപ്രദമായി നേരിടാൻ സഹായിക്കുന്നു.
പുനരുജ്ജീവന കൃഷിയുടെ ബഹുമുഖ നേട്ടങ്ങൾ
പുനരുജ്ജീവന കൃഷി പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക മേഖലകളിൽ നിരവധി നേട്ടങ്ങൾ നൽകുന്നു. ഇത് ആരോഗ്യകരമായ പരിസ്ഥിതിവ്യവസ്ഥകളെയും പ്രതിരോധശേഷിയുള്ള കാർഷിക സംവിധാനങ്ങളെയും പിന്തുണയ്ക്കുന്നു.

പരിസ്ഥിതിയിലെ നേട്ടങ്ങൾ
- മണ്ണിന്റെ പുനഃസ്ഥാപനം: പുനരുജ്ജീവന കൃഷിരീതികൾ മണ്ണിലെ ജൈവവസ്തുക്കളുടെ അളവ് വർധിപ്പിക്കുകയും മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി ദീർഘകാലത്തേക്ക് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്താനും സ്ഥിരമായ കാർഷിക ഉൽപ്പാദനക്ഷമത ഉറപ്പാക്കാനും സാധിക്കുന്നു.
- ജൈവവൈവിധ്യ വർധന: പരാഗണത്തിന് സഹായിക്കുന്ന ജീവികൾ, ഗുണകരമായ കീടങ്ങൾ, മണ്ണിലെ സൂക്ഷ്മജീവികൾ തുടങ്ങിയ വിവിധ ജീവജാലങ്ങൾക്ക് അനുകൂലമായ സാഹചര്യം പുനരുജ്ജീവന കൃഷിരീതികൾ സൃഷ്ടിക്കുന്നു. ഇത് മൊത്തത്തിലുള്ള പരിസ്ഥിതിസന്തുലിതാവസ്ഥ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
- കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കൽ: ഇത്തരം കൃഷിരീതികൾ പുറന്തള്ളുന്നതിനേക്കാൾ കൂടുതൽ കാർബൺ ആഗിരണം ചെയ്ത് സംഭരിക്കുന്നു. അതുവഴി കൃഷിമേഖലയിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കാനും സഹായിക്കുന്നു.
- ജലോപയോഗത്തിലെ കാര്യക്ഷമത: ആരോഗ്യമുള്ള മണ്ണിന് കൂടുതൽ വെള്ളം സംഭരിച്ചുനിർത്താൻ കഴിയും. ഇത് വെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുകയും മണ്ണൊലിപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതുവഴി മണ്ണും മലിനീകരണ വസ്തുക്കളും നദികളിലേക്കും തടാകങ്ങളിലേക്കും ഒഴുകിയെത്തുന്നത് കുറയ്ക്കുകയും ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.
സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ
- ലാഭക്ഷമത: ആരോഗ്യമുള്ള മണ്ണ് കൃത്രിമ വളങ്ങൾ, കീടനാശിനികൾ, ജലസേചനം എന്നിവയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നു. ഇതുവഴി കൃഷിയിടത്തിലെ ചെലവ് കുറയ്ക്കുകയും, വിളവിന്റെ സ്ഥിരത ഉറപ്പാക്കുകയും, കർഷകരുടെ അറ്റവരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു.
- തൊഴിൽ സൃഷ്ടിക്കൽ: കൃഷി, കാർഷിക ഉപദേശ സേവനങ്ങൾ, സാങ്കേതികവിദ്യ, പരിസ്ഥിതി പരിപാലനം തുടങ്ങിയ മേഖലകളിൽ പുനരുജ്ജീവന കൃഷി പുതിയ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നു.
- കൂടുതൽ പ്രതിരോധശേഷി: പുനരുജ്ജീവന കൃഷിരീതികൾ സ്വീകരിക്കുന്ന കൃഷിയിടങ്ങൾക്ക് കാലാവസ്ഥയിലെ വ്യതിയാനങ്ങളെയും വിപണിയിലെ ചാഞ്ചാട്ടങ്ങളെയും കൂടുതൽ ഫലപ്രദമായി നേരിടാൻ സാധിക്കുന്നു.
|
പുനരുജ്ജീവന കൃഷിയിലൂടെ സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകൽ

പുനരുജ്ജീവന കൃഷി SDG 13 (കാലാവസ്ഥാ പ്രവർത്തനം) എന്ന സുസ്ഥിര വികസന ലക്ഷ്യവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അപകടസാധ്യതകളെയും പ്രകൃതിദുരന്തങ്ങളെയും നേരിടാനുള്ള പ്രതിരോധശേഷിയും പൊരുത്തപ്പെടാനുള്ള ശേഷിയും ശക്തിപ്പെടുത്തുന്നതിലാണ് SDG 13.1 ലക്ഷ്യമിടുന്നത്. പുനരുജ്ജീവന കൃഷിരീതികൾ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും കാർബൺ ആഗിരണം വർധിപ്പിക്കാനും സഹായിക്കുന്നതിനാൽ, കൃഷിയിടതലത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിൽ അവ പ്രധാന പങ്ക് വഹിക്കുന്നു. അതുവഴി, കൃഷിയിടങ്ങളുടെ കാലാവസ്ഥാ പ്രതിരോധശേഷി വർധിപ്പിക്കാനും കാലാവസ്ഥയിലെ വർധിച്ചുവരുന്ന വ്യതിയാനങ്ങളെ നേരിടാനുള്ള പൊരുത്തപ്പെടൽ ശേഷി ശക്തിപ്പെടുത്താനും പുനരുജ്ജീവന കൃഷി സഹായിക്കുന്നു.
|
ലക്ഷ്യബദ്ധമായ ഇടപെടലുകളിലൂടെ പുനരുജ്ജീവന കൃഷി പ്രോത്സാഹിപ്പിക്കൽ
പുനരുജ്ജീവന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെന്റ് വിവിധ പദ്ധതികളും പരിപാടികളും നടപ്പാക്കിവരുന്നു. പ്രകൃതി കൃഷി, ജൈവകൃഷി, കാർഷിക വനവൽക്കരണം, സൂക്ഷ്മ ജലസേചനം, സംയോജിത കൃഷിരീതികൾ, മണ്ണിന്റെ ശാസ്ത്രീയമായ ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകൾക്ക് പിന്തുണ നൽകുന്നവയാണ് പ്രധാനപ്പെട്ട ചില പദ്ധതികൾ.

പ്രകൃതികൃഷിക്കായുള്ള ദേശീയ ദൗത്യം
2024-ൽ ആരംഭിച്ച പ്രകൃതികൃഷിക്കായുള്ള ദേശീയ ദൗത്യം (NMNF) കർഷകർക്കു ഘട്ടംഘട്ടമായി പ്രകൃതികൃഷിയിലേക്ക് മാറാൻ സഹായിക്കുന്ന അനുകൂലമായ പിന്തുണാ സംവിധാനം ഒരുക്കുന്നു. പദ്ധതിയുടെ ഭാഗമായി, രണ്ട് വർഷത്തേക്ക് പ്രതിവർഷം ഏക്കറിന് ₹4,000 എന്ന നിരക്കിൽ, ഒരു കർഷകന് പരമാവധി ഒരു ഏക്കർ വരെ ഉൽപ്പാദനാധിഷ്ഠിത ധനസഹായം നൽകുന്നു. ജീവാമൃതം, ബീജാമൃതം തുടങ്ങിയ ജൈവഘടകങ്ങൾ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, ആവശ്യാനുസരണം 10,000 ജൈവ-ചേരുവാ വിഭവകേന്ദ്രങ്ങൾ സ്ഥാപിക്കാനും ദൗത്യം വിഭാവനം ചെയ്യുന്നു. കൂടാതെ, പ്രകൃതി കൃഷി ക്ലസ്റ്ററുകൾ രൂപീകരിക്കാനും പദ്ധതിയുണ്ട്. ഓരോ ക്ലസ്റ്ററിനും രണ്ട് കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്സൺമാരുടെ (CRPs) പിന്തുണ ലഭിക്കും. ഇവർ കർഷകർക്ക് പ്രകൃതി കൃഷി രീതികൾ സംബന്ധിച്ച് മാർഗനിർദേശം നൽകും.
|
2026 മാർച്ച് അഞ്ചിലെ കണക്കനുസരിച്ച് രാജ്യത്തുടനീളം 18,786 ക്ലസ്റ്ററുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ ക്ലസ്റ്ററുകൾ 8.80 ലക്ഷം ഹെക്ടർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 18.19 ലക്ഷം കർഷകർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 33,676 കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്സൺമാർക്ക് (CRPs) കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVKs), കാർഷിക സർവകലാശാലകൾ (AUs), പ്രാദേശിക പ്രകൃതികൃഷി സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ട്.
|
പരമ്പരാഗത കൃഷി വികസന യോജന
2015-ൽ ആരംഭിച്ച പരമ്പരാഗത കൃഷി വികസന യോജന (PKVY), ഇന്ത്യയുടെ ജൈവകൃഷി സംരംഭത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നായി മാറിയിട്ടുണ്ട്. പരിസ്ഥിതിസൗഹൃദ കൃഷിരീതികൾ സ്വീകരിക്കുന്നതിനും ജൈവ അംഗീകാരം നേടുന്നതിനും സുസ്ഥിരമായ ഉൽപ്പാദനത്തിന് മികച്ച വിപണി ലഭ്യമാക്കുന്നതിനും കർഷകർക്ക് ഈ പദ്ധതി സംഘടിതമായ പിന്തുണ നൽകുന്നു. പദ്ധതിയുടെ ഭാഗമായി ജൈവക്കൃഷി സ്വീകരിക്കുന്ന കർഷകർക്ക് മൂന്ന് വർഷത്തേക്ക് ഹെക്ടറിന് ₹31,500 വീതം ധനസഹായം നൽകുന്നു.
|
2025 ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച്, പദ്ധതി ആരംഭിച്ചതുമുതൽ 16.90 ലക്ഷം ഹെക്ടർ പ്രദേശം PKVY-യുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
|
ഓരോ തുള്ളിയിലും കൂടുതൽ വിള
ഓരോ തുള്ളിയിലും കൂടുതൽ വിള (PDMC) പദ്ധതി 2015-16 മുതൽ രാജ്യത്തുടനീളം നടപ്പാക്കിവരുന്നു. പ്രധാനമായും തുള്ളിനന, സ്പ്രിങ്ക്ലർ ജലസേചന സംവിധാനങ്ങൾ ഉൾപ്പെടുന്ന സൂക്ഷ്മ ജലസേചനത്തിലൂടെ കൃഷിയിടങ്ങളിലെ ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തുള്ളിനനയിൽ, പൈപ്പുകളും എമിറ്ററുകളും ഉപയോഗിച്ച് ചെടികളുടെ വേരുകളിലേക്ക് നേരിട്ട് വെള്ളം എത്തിക്കുന്നു. ഇതുവഴി ജലനഷ്ടം കുറയ്ക്കാൻ സാധിക്കുന്നു. സ്പ്രിങ്ക്ലർ ജലസേചനത്തിൽ, പൈപ്പുകളും നോസിലുകളും വഴി വെള്ളം കൃഷിയിടത്തിൽ തളിച്ച്, ഒരേ രീതിയിൽ ജലവിതരണം ഉറപ്പാക്കുന്നു.
PDMC പദ്ധതിയുടെ ഭാഗമായി, ഈ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് ചെറുകിട-നാമമാത്ര കർഷകർക്ക് 55% ധനസഹായവും മറ്റ് കർഷകർക്ക് 45% ധനസഹായവും കേന്ദ്ര സർക്കാർ നൽകുന്നു. കൂടാതെ, ചില സംസ്ഥാനങ്ങൾ സ്വന്തം ബജറ്റിൽ നിന്ന് കർഷകർക്ക് അധിക സബ്സിഡിയും നൽകുന്നുണ്ട്.
|
2015-16 മുതൽ നടപ്പാക്കിവരുന്ന ഈ പദ്ധതിയുടെ ഭാഗമായി, 2026 മെയ് വരെ ഏകദേശം 109 ലക്ഷം ഹെക്ടർ പ്രദേശം പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ₹26,325 കോടി കേന്ദ്ര ധനസഹായമായി അനുവദിച്ചിട്ടുണ്ട്. ഇത് കൃഷിയിലെ ജല ഉപയോഗ കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.
|
മഴയെ ആശ്രയിച്ചുള്ള പ്രദേശ വികസന പദ്ധതി
മഴയെ ആശ്രയിച്ചുള്ള പ്രദേശ വികസന പദ്ധതി (RAD) 2014-15 മുതൽ നടപ്പാക്കിവരുന്നു. പ്രദേശാധിഷ്ഠിത ക്ലസ്റ്റർ സമീപനത്തിലൂടെ സംയോജിത കൃഷിരീതികൾ (IFS) പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒന്നിലധികം വിളകൾ ഒരുമിച്ച് കൃഷി ചെയ്യൽ, വിള വൈവിധ്യവൽക്കരണം, വിളപരിക്രമണം, ഇടവിള കൃഷി, സമ്മിശ്ര കൃഷി തുടങ്ങിയ രീതികൾ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. ഇവയ്ക്കൊപ്പം തോട്ടക്കൃഷി, കന്നുകാലി വളർത്തൽ, മത്സ്യക്കൃഷി, തേനീച്ച വളർത്തൽ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നു. ഇതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കുക, ഉപജീവനമാർഗങ്ങൾ ശക്തിപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള അതിരൂക്ഷ സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
RAD പദ്ധതിയുടെ ഭാഗമായി ഒന്നോ അതിലധികമോ സമീപ ഗ്രാമങ്ങളിലായി ഏകദേശം 20 ഹെക്ടർ വീതമുള്ള ക്ലസ്റ്ററുകൾ രൂപീകരിക്കുന്നു. ഈ സമീപനം വിവിധ പദ്ധതികളുടെ ഏകോപനം പ്രോത്സാഹിപ്പിക്കുകയും, സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുകയും, വിജയകരമായ മാതൃകകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നു. സംയോജിത കൃഷിരീതികൾ (IFS) സ്വീകരിക്കുന്ന കർഷകർക്ക് ഒരു കുടുംബത്തിന് ₹30,000 ധനസഹായം നൽകുന്നു. പരിശീലനത്തിനും ശേഷി വികസന പ്രവർത്തനങ്ങൾക്കുമായി ഓരോ ക്ലസ്റ്ററിനും അധികമായി ₹10,000 നൽകുന്നു.
|
പദ്ധതി ആരംഭിച്ചതുമുതൽ സംയോജിത കൃഷിരീതികൾ സ്വീകരിക്കുന്നതിനായി സംസ്ഥാനങ്ങൾക്ക് ₹2,251.98 കോടി കേന്ദ്ര ധനസഹായമായി നൽകിയിട്ടുണ്ട്. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച്, പദ്ധതി 9.53 ലക്ഷം ഹെക്ടർ പ്രദേശത്ത് നടപ്പാക്കി. ഇതിലൂടെ 15.73 ലക്ഷം കർഷകർക്ക് പ്രയോജനം ലഭിച്ചു.
കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVKs) പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ സംയോജിത കൃഷി മാതൃകകളെക്കുറിച്ചുള്ള പ്രദർശനങ്ങളും പരിശീലനങ്ങളും സംഘടിപ്പിച്ച് പദ്ധതിക്ക് കൂടുതൽ പിന്തുണ നൽകുന്നു. 2024-25 കാലയളവിൽ KVK-കൾ 4,416 പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും വിവിധ സംയോജിത കൃഷി മാതൃകകളിൽ 96,013 കർഷകർക്ക് പരിശീലനം നൽകുകയും ചെയ്തു.
2025-26 സാമ്പത്തിക വർഷത്തിൽ RAD പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ₹343.86 കോടി അനുവദിച്ചു. ഇതിന്റെ ഭാഗമായി 96,013 കർഷകർക്ക് പരിശീലനം നൽകി.
|
കാർഷിക-വനവൽക്കരണത്തിനായുള്ള ഉപദൗത്യം
മുൻപ് നിലവിലുണ്ടായിരുന്ന കാർഷിക-വനവൽക്കരണത്തിനായുള്ള ഉപദൗത്യം (SMAF) 2023-24 മുതൽ പ്രധാനമന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന(PM-RKVY)യുടെ ഭാഗമായി കാർഷിക വനവൽക്കരണ ഘടകമായി പുനഃസംഘടിപ്പിച്ചു. കർഷകർക്ക് ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ (QPM) ലഭ്യമാക്കുന്നതിനായി കാർഷിക-വനവൽക്കരണ നഴ്സറികൾ സ്ഥാപിക്കുന്നതിന് പദ്ധതി പിന്തുണ നൽകുന്നു.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ:
- പുതിയ നഴ്സറികൾ സ്ഥാപിക്കൽ
- നിലവിലുള്ള നഴ്സറികളിൽ തൈകൾ ഉൽപ്പാദിപ്പിക്കൽ
- ടിഷ്യു കൾച്ചർ യൂണിറ്റുകൾ സ്ഥാപിക്കൽ
- നൈപുണ്യവികസനവും ബോധവൽക്കരണവും
- ഗവേഷണവും വികസനവും
- നിരീക്ഷണവും വിലയിരുത്തലും
- പ്രത്യേക സാങ്കേതിക പ്രവർത്തനങ്ങൾ
- കാർഷിക മേഖലയിൽ സ്വമേധയാ പങ്കെടുക്കുന്ന കാർബൺ വിപണിക്കായുള്ള പദ്ധതികൾ തയ്യാറാക്കൽ
- പ്രാദേശിക തലത്തിലുള്ള സംരംഭങ്ങൾ
ഗവണ്മെന്റ് ഏജൻസികൾക്ക് 100% ധനസഹായവും, സ്വകാര്യ ഗുണഭോക്താക്കൾക്ക് വായ്പയുമായി ബന്ധിപ്പിച്ച് പിന്നീട് 50% സബ്സിഡിയും പദ്ധതി നൽകുന്നു.
|
2025-26 സാമ്പത്തിക വർഷത്തിൽ 2025 ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച്, 27 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ₹78.31 കോടി അനുവദിച്ചു. ഇതിന്റെ ഭാഗമായി 135 പുതിയ നഴ്സറികൾ സ്ഥാപിച്ചു. നിലവിലുള്ള 614 നഴ്സറികളിൽ തൈ ഉൽപ്പാദനം നടത്തി. ഈ നഴ്സറികളിലായി ഏകദേശം 176.59 ലക്ഷം തൈകൾ ഉൽപ്പാദിപ്പിച്ചു. ഇതിലൂടെ ഏകദേശം 25,693 കർഷകർക്ക് പ്രയോജനം ലഭിച്ചു.
|
മണ്ണിന്റെ ആരോഗ്യ കാർഡ് പദ്ധതി (SHC)
2015-ൽ ആരംഭിച്ച മണ്ണിന്റെ ആരോഗ്യ കാർഡ് പദ്ധതി (SHC) ഓരോ കൃഷിയിടത്തിന്റെയും ശാസ്ത്രീയ പരിശോധനയിലൂടെ തയ്യാറാക്കുന്ന കൃഷിയിടം തിരിച്ചുള്ള മണ്ണ് പരിശോധനാ റിപ്പോർട്ട് കർഷകർക്ക് ലഭ്യമാക്കുന്നു. മണ്ണിലെ പ്രധാന പോഷകങ്ങൾ, സൂക്ഷ്മ പോഷകങ്ങൾ, മറ്റ് നിർണായക മണ്ണ് ഗുണങ്ങൾ എന്നിവ ഉൾപ്പെടെ 12 പ്രധാന ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ണിന്റെ ആരോഗ്യനില വിലയിരുത്തുന്നത്.
രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന മണ്ണിന്റെ ആരോഗ്യ കാർഡ്, മണ്ണിലെ പോഷകങ്ങളുടെ നിലയും മണ്ണിന്റെ ഭൗതിക-രാസ സവിശേഷതകളും മനസ്സിലാക്കാൻ കർഷകരെ സഹായിക്കുന്നു. കൂടാതെ, ഓരോ വിളയ്ക്കും അനുയോജ്യമായ രീതിയിൽ രാസവളങ്ങൾ, ജൈവവളങ്ങൾ, ജൈവ ചേരുവകൾ, മണ്ണ് പരിപാലന മാർഗങ്ങൾ എന്നിവ എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ചുള്ള ശുപാർശകളും കാർഡിൽ ഉൾപ്പെടുത്തുന്നു.
|
2026 മാർച്ച് 13 വരെയുള്ള കണക്കനുസരിച്ച്, പദ്ധതി ആരംഭിച്ചതുമുതൽ ആകെ മണ്ണിന്റെ 25.89 കോടി ആരോഗ്യ കാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്. സമതുലിതമായ വളപ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഏകദേശം 7.17 ലക്ഷം പ്രദർശനങ്ങൾ സംഘടിപ്പിച്ചു. കാർഷിക സാങ്കേതികവിദ്യ പരിപാലന ഏജൻസി (ATMA), കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVKs) എന്നിവയുടെ പിന്തുണയോടെയുള്ള ബോധവൽക്കരണ-ഉപദേശ പ്രവർത്തനങ്ങളിലൂടെയാണ് ഈ പ്രദർശനങ്ങൾ നടത്തിയത്. കൂടാതെ, ഗ്രാമീണ തലത്തിൽ മണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ കർഷകരിലേക്ക് എത്തിക്കുന്നതിനായി 70,002 കൃഷി സഖികൾക്ക് പരിശീലനം നൽകി.
|
കൂടുതൽ പ്രതിരോധശേഷിയുള്ള ഭാവിയിലേക്ക്
പുനരുജ്ജീവന കൃഷി ഇന്ത്യൻ കൃഷിയുടെ ഭാവിയെ ക്രമേണ മാറ്റിമറിക്കുകയാണ്. മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനൊപ്പം, കാലാവസ്ഥാ വ്യതിയാനങ്ങളെയും മറ്റ് വെല്ലുവിളികളെയും നേരിടാനുള്ള കൃഷിയുടെ പ്രതിരോധശേഷിയും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. പ്രകൃതി കൃഷി, കാർഷിക-വനവൽക്കരണം, സൂക്ഷ്മ ജലസേചനം, സംയോജിത കൃഷി തുടങ്ങിയ രീതികൾ വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്ന കാർഷിക സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
ഈ രീതികൾ വ്യാപകമായി സ്വീകരിക്കാൻ ഗവണ്മെന്റ് പദ്ധതികളും ഇടപെടലുകളും കർഷകർക്ക് പിന്തുണ നൽകുന്നു. കൂടുതൽ കർഷകർ പുനരുജ്ജീവന കൃഷിരീതികൾ സ്വീകരിക്കുന്നതോടെ, കൃഷി പരിസ്ഥിതിസൗഹൃദവും സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നതുമായ മേഖലയായി മാറും. ആരോഗ്യമുള്ള മണ്ണിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്; കൂടുതൽ പ്രതിരോധശേഷിയുള്ള കൃഷിയിടങ്ങളിലേക്കും സുരക്ഷിതമായ ഉപജീവനമാർഗങ്ങളിലേക്കും അതു മുന്നേറുന്നു.
അവലംബം
Ministry of Finance
https://www.indiabudget.gov.in/economicsurvey/doc/echapter.pdf \
Ministry of Agriculture & Farmers Welfare
https://www.pib.gov.in/PressReleaseDetail.aspx?PRID=2197692®=6&lang=1
https://naturalfarming.dac.gov.in/NaturalFarming/Concept
https://www.pib.gov.in/PressReleasePage.aspx?PRID=2244625®=3&lang=2
https://www.pib.gov.in/PressReleseDetailm.aspx?PRID=2201002®=3&lang=2
https://agriwelfare.gov.in/sites/default/files/RAD_Operational_Guidelines.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2201000®=3&lang=1
https://agriwelfare.gov.in/Documents/AR_Eng_2024_25.pdf
https://agriwelfare.gov.in/Documents/DAFW_AnnualReport_2025_26_En.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2239789®=3&lang=2
Ministry of Electronics and Information Technology
https://climate-resilience.vikaspedia.in/viewcontent/climate-resilience/agriculture/what-is-climate-resilient-agriculture?lgn=en
World Economic Forum
https://www.weforum.org/stories/2022/10/what-is-regenerative-agriculture/
United Nations
https://www.fao.org/family-farming/d%09etail/en/c/1512632/
https://sdgs.un.org/goals/goal13#targets_and_indicators
Government of Tamil Nadu
https://agritech.tnau.ac.in/agriculture/agri_irrigationmgt_microirrigation.html
Government of Odisha
https://agri.odisha.gov.in/sites/default/files/2025-03/RAD%20Operational%20Guidelines%20%28Revised%29.pdf
PIB Backgrounders
https://www.pib.gov.in/PressNoteDetails.aspx?NoteId=155019&ModuleId=3®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2175205®=3&lang=2
https://www.pib.gov.in/FaqDetails.aspx?id=155374&NoteId=155374&ModuleId=4®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2221117®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2259279®=3&lang=1
Click here to see pdf
***
SK
(Explainer ID: 159783)
आगंतुक पटल : 60
Provide suggestions / comments