Technology
ഇന്ത്യയുടെ ആണവോർജ്ജ സാങ്കേതികവിദ്യ
സുസ്ഥിരവും സ്വാശ്രയവുമായ ഭാവി
Posted On:
28 AUG 2026 10:29AM
സാങ്കേതിക സ്വാശ്രയത്വമെന്ന തന്ത്രമാണ് ഇന്ത്യയുടെ ആണവ പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്. ചരിത്രപരമായ ഇന്ധന ഉപരോധ ഭീഷണികളെ മറികടക്കുന്നതിനും രാജ്യത്തിൻ്റെ വിശാലമായ തോറിയം കരുതൽ ശേഖരം ഉപയോഗപ്പെടുത്തുന്നതിനുമായി വികസിപ്പിച്ചെടുത്ത തന്ത്രമാണിത്. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത മൂന്ന് ഘട്ടങ്ങളുള്ള ആണവോർജ്ജ പദ്ധതിയാണ് ഇതിൻ്റെ ആധാരം, നിർദിഷ്ട പദ്ധതിയിലൂടെ ക്രമേണ യുറേനിയത്തിൽ നിന്ന് തോറിയം അധിഷ്ഠിത ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനം സാധ്യമാകുന്നു. സ്വന്തം ആണവ സാങ്കേതികവിദ്യ വികസിപ്പിക്കുക, ശുദ്ധവും വിശ്വസനീയവുമായ വൈദ്യുതി ഉത്പാദിപ്പിക്കുക, ഇറക്കുമതി ചെയ്യുന്ന ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കുക, ദീർഘകാല ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയാണ് ആത്യന്തികമായി രാജ്യം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യത്തെയും 2047 ഓടെ 100 GW ആണവോർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തെയും ഇത് പിന്തുണയ്ക്കുന്നു.
ഇന്ത്യയുടെ സുസ്ഥിര ഊർജ്ജ സുരക്ഷയ്ക്ക് മുതൽക്കൂട്ടാകുന്ന ആണവോർജ്ജം
വികസിത ഇന്ത്യയിലേക്കുള്ള പ്രയാണത്തെ പിന്തുണയ്ക്കുന്നതിനായി സുരക്ഷിതവും സുസ്ഥിരവും സ്വാശ്രയവുമായ ഊർജ്ജ ഭാവി കെട്ടിപ്പടുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ശുദ്ധവും ആശ്രയിക്കാവുന്നതുമായ വൈദ്യുതിയുടെ ആവശ്യം വർദ്ധിച്ചുവരുന്നതിനാൽ, ദീർഘകാല ഊർജ്ജ പദ്ധതികളുടെ ഒരു പ്രധാന ഘടകമായി കേന്ദ്ര ഗവണ്മെൻ്റ് ആണവോർജ്ജത്തെ കണക്കാക്കുന്നു. കുറഞ്ഞ കാർബൺ ബഹിർഗമനത്തോടെ, 24 മണിക്കൂറും തുടർച്ചയായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ആണവോർജ്ജത്തിന് കഴിയും, കൂടാതെ സ്ഥിരതയോടെ വൈദ്യുതി വിതരണം നിലനിർത്തുന്നതിന് സൗരോർജ്ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്ക് അനുപൂരകമായി ഇത് വർത്തിക്കും. ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുകയും കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനുള്ള രാജ്യത്തിൻ്റെ ഉദ്യമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ആത്മനിർഭർ ഭാരതമെന്ന ദർശനത്താൽ നയിക്കപ്പെടുന്ന, റിയാക്ടർ രൂപകൽപന, ആണവ ഇന്ധന ഉത്പാദനം, മാലിന്യ സംസ്കരണം, നൂതന ആണവ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ ആണവോർജ്ജത്തിൻ്റെ സമസ്ത മേഖലകളിലും ഗവണ്മെൻ്റ് ആഭ്യന്തര ശേഷി വികസിപ്പിച്ചു കൊണ്ടിരിക്കുന്നു.
ഇന്ത്യയിൽ നിലവിൽ 8.78 GW സ്ഥാപിത ശേഷിയുള്ള 24 ആണവ റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. മൊത്തം 7.5 GW ശേഷിയുള്ള ഒമ്പത് റിയാക്ടർ യൂണിറ്റുകൾ നിർമ്മാണത്തിലാണ്.ഇന്ത്യയുടെ ആണവോർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനായി 10 ഇന്ത്യൻ നിർമ്മിത പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളുടെ (PHWRs) നിർമ്മാണത്തിനും രണ്ട് 500 മെഗാവാട്ട് ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ (FBR) സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ജോലികൾക്കും ഗവണ്മെൻ്റ് അംഗീകാരം നൽകി. ആണവോർജ്ജ ദൗത്യം (2025–26), ശാന്തി നിയമം, 2025 എന്നിവയുൾപ്പെടെയുള്ള സമീപകാല നയ സംരംഭങ്ങൾ ശേഷി വിപുലീകരണം ത്വരിതപ്പെടുത്തുകയും, ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുകയും, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും, സ്വകാര്യ മേഖലയുടെ പങ്കാളിത്തം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സുസ്ഥിര വികസനത്തെയും 2047 ഓടെ 100 GW ആണവ വൈദ്യുതി ശേഷി കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെയും പിന്തുണയ്ക്കുന്ന പ്രതിരോധശേഷിയുള്ള ആണവ ആവാസവ്യവസ്ഥയാണ് ഈ സംരംഭങ്ങൾ സംയുക്തമായി സൃഷ്ടിക്കുന്നത്.

ബേസ്‌ലോഡ് വൈദ്യുതി
ഒരു ഇലക്ട്രിക് ഗ്രിഡ് പ്രവർത്തനക്ഷമമായി തുടരാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ, തടസ്സരഹിതമായ വൈദ്യുതിയാണ് ബേസ്‌ലോഡ് വൈദ്യുതി. ആശുപത്രികൾ, ആശയവിനിമയ ശൃംഖലകൾ, പ്രതിരോധ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയ്ക്ക് വിശ്വസനീയമായ വൈദ്യുതി ഉറപ്പാക്കിക്കൊണ്ട്, വൈദ്യുതി വിതരണത്തിൻ്റെ നട്ടെല്ലായി ഇത് വർത്തിക്കുന്നു. സാമ്പത്തിക വളർച്ചയ്ക്കും ദേശസുരക്ഷയ്ക്കും ദുരന്ത പ്രതിരോധത്തിനും വിശ്വസനീയമായ ബേസ്‌ലോഡ് വൈദ്യുതി അനിവാര്യമാണ്.
ആണവോർജ്ജത്തെക്കുറിച്ചുള്ള അവബോധം: ഒരു അവലോകനം
ന്യൂക്ലിയർ ഫിഷൻ എന്ന നിയന്ത്രിത പ്രക്രിയയിലൂടെ സൃഷ്ടിക്കപ്പെടുന്ന താപം ഉപയോഗിച്ചാണ്ആണവ നിലയങ്ങൾ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്, ഈ പ്രക്രിയയിൽ ആറ്റങ്ങളെ വിഭജിച്ച് ഊർജ്ജം പുറത്തുവിടുന്നു.ഈ താപം ജലത്തെ നീരാവിയാക്കി മാറ്റുന്നു.നീരാവി ഒരു ടർബൈൻ കറക്കുന്നു, അത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരു ജനറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീടുകൾക്കും വ്യവസായങ്ങൾക്കും അവശ്യ സേവനങ്ങൾക്കും വിതരണം ചെയ്യുന്നു. അപകടങ്ങൾ തടയുന്നതിനും ജനങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുമായി നിരവധി സുരക്ഷാ സംവിധാനങ്ങളും സംരക്ഷണ ചട്ടക്കൂടുകളും ഉൾപ്പെടുത്തിയാണ് ആണവ നിലയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കർശനമായ നിയമങ്ങളും മേൽനോട്ടവുമാണ് ആണവ നിലയങ്ങളുടെ മുഖമുദ്ര.

ആണവ ഇന്ധനം
ന്യൂക്ലിയർ ഫിഷൻ എന്ന പ്രക്രിയയിലൂടെ ആറ്റങ്ങളെ വിഭജിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരു ആണവ റിയാക്ടറിൽ ഉപയോഗിക്കുന്ന വസ്തുവാണ് ആണവ ഇന്ധനം, ഇത് വലിയ അളവിൽ താപം പുറത്തുവിടുന്നു. ഈ താപം വെള്ളത്തെ നീരാവിയാക്കി മാറ്റുന്നു,നീരാവി ജനറേറ്ററുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ടർബൈനുകളെ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
ന്യൂക്ലിയർ റിയാക്ടർ ഇന്ധനങ്ങൾ പ്രധാനമായും രണ്ട് തരത്തിലാനുള്ളത്. ന്യൂക്ലിയർ ചെയിൻ റിയാക്ഷനെ നേരിട്ട് നിലനിർത്താൻ കഴിയുന്ന ഫിസൈൽ ഇന്ധനങ്ങൾ, റിയാക്ടറിനുള്ളിൽ ആണവ ഇന്ധനങ്ങളായി പരിവർത്തനം ചെയ്യപ്പെടുന്ന സമ്പുഷ്ട ഇന്ധനങ്ങൾ. സാധാരണ ആണവ ഇന്ധനങ്ങളിൽ പ്രകൃതിദത്ത യുറേനിയം, യുറേനിയം-235 (U-235), ലോ-എൻറിച്ഡ് യുറേനിയം (LEU), പ്ലൂട്ടോണിയം-239 (Pu-239), മിക്സഡ് ഓക്സൈഡ് (MOX) ഇന്ധനം എന്നിവ ഉൾപ്പെടുന്നു.
അമേരിക്ക, ഫ്രാൻസ്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, റഷ്യ തുടങ്ങിയ പല രാജ്യങ്ങളും ലൈറ്റ് വാട്ടർ റിയാക്ടറുകളിൽ ഇന്ധനമായി ലോ-എൻറിച്ഡ് യുറേനിയം (LEU) ഉപയോഗിക്കുന്നു. ഇതിനു വിപരീതമായി, യുറേനിയം സമ്പുഷ്ടമാക്കാതെ പ്രവർത്തിക്കാൻ കഴിയുന്ന പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളിൽ (PHWRs) ഇന്ത്യ പ്രധാനമായും പ്രകൃതിദത്ത യുറേനിയം ഉപയോഗിക്കുന്നു. ഇന്ത്യയുടെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൽ (PFBR) മിക്സഡ് ഓക്സൈഡ് (MOX) ഇന്ധനമാണ് ഉപയോഗിക്കുന്നത്.
ഇന്ത്യയുടെ യുറേനിയം ശേഖരം പരിമിത ഗുണനിലവാരം പുലർത്തുന്നതിനാൽ ആണവോർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിന് യുറേനിയം ഇറക്കുമതി ചെയ്യേണ്ടതുണ്ട്. എന്നാൽ, ഇന്ത്യയ്ക്ക് വൻതോതിൽ തോറിയം (Th-232) ശേഖരമുണ്ട്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തീരദേശ മണൽ തോറിയത്താൽ സമ്പുഷ്ടമാണ്, അതിന് നേരിട്ട് ഒരു ആണവ ശൃംഖലാ പ്രതിപ്രവർത്തനം നിലനിർത്താൻ കഴിയില്ല, ഒരു റിയാക്ടറിനുള്ളിൽ, Th-232 ഒരു ന്യൂട്രോൺ ആഗിരണം ചെയ്യുകയും വിഘടിപ്പിക്കാവുന്ന യുറേനിയം-233 ആയി രൂപാന്തരപ്പെടുകയും ചെയ്യുന്നു. മൂന്ന് ഘട്ടങ്ങളുള്ള ആണവോർജ്ജ പരിപാടിയിലൂന്നിയ ഇന്ത്യയുടെ ദീർഘകാല ആണവ തന്ത്രം സമൃദ്ധമായ തോറിയം ശേഖരം ഉപയോഗപ്പെടുത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മൂന്ന് ഘട്ട ആണവ പദ്ധതി
രാജ്യത്തിൻ്റെ തദ്ദേശീയവിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ദീർഘകാല ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനുമായി 1954-ൽ ഡോ. ഹോമി ജെ. ഭാഭയാണ് ഇന്ത്യയ്ക്കായി മൂന്ന് ഘട്ട ആണവോർജ്ജ പദ്ധതി നിർദ്ദേശിച്ചത്. 2026 ഏപ്രിലിൽ കൽപ്പാക്കത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടർ (PFBR) അതിൻ്റെ ആദ്യ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കിയതോടെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു, ഇത് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ തുടക്കം കുറിച്ചു. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനൊപ്പം കൂടുതൽ ഫിസൈൽ ഇന്ധനം ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു തരം റിയാക്ടറാണ് ബ്രീഡർ റിയാക്ടർ. ഈ നേട്ടം ഇന്ത്യയെ അതിൻ്റെ വിപുലമായ തോറിയം കരുതൽ ശേഖരം ഉപയോഗിക്കുന്നതിലേക്കും ഭാവിയിലേക്കുള്ള ശുദ്ധവും സ്വാശ്രയവും സുസ്ഥിരവുമായ ഒരു ഊർജ്ജ സ്രോതസ്സ് വികസിപ്പിക്കുന്നതിലേക്കും നയിക്കുന്നു.

ഘട്ടം ഘട്ടമായുള്ള മുന്നേറ്റത്തിലൂന്നിയാണ് ഇന്ത്യയുടെ മൂന്ന് ഘട്ടങ്ങളുള്ള ആണവപദ്ധതി പ്രവർത്തിക്കുന്നത്, ഓരോ ഘട്ടവും അടുത്ത ഘട്ടത്തെ പിന്തുണയ്ക്കുന്നു. ആദ്യ ഘട്ടത്തിൽ, പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകൾ (PHWRs) മുഖേന വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് പ്രകൃതിദത്ത യുറേനിയം ഉപയോഗിക്കുന്നു, ഉപയോഗിച്ച ഇന്ധനം പ്ലൂട്ടോണിയം ലഭിക്കുന്നതിനായി പുനഃസംസ്കരിക്കുന്നു. രണ്ടാം ഘട്ടത്തിൽ, ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ (FBRs) ഈ പ്ലൂട്ടോണിയം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുകയും തോറിയത്തിൽ നിന്ന് യുറേനിയം-233 ഉൾപ്പെടെ കൂടുതൽ ഫിസൈൽ വസ്തുക്കൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. മൂന്നാം ഘട്ടത്തിൽ, തോറിയം അധിഷ്ഠിത റിയാക്ടറുകൾ ഇന്ത്യയുടെ വലിയ തോറിയം കരുതൽ ശേഖരത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനായി യുറേനിയം-233 ഉപയോഗിക്കുന്നു. ഈ രീതിയിൽ, മൂന്ന് ഘട്ടങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്നു, ഇന്ത്യയ്ക്ക് ദീർഘകാലീനവും ശുദ്ധവും സ്വയംപര്യാപ്തമായ ഊർജ്ജ സ്രോതസ്സ് പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയുടെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡർ റിയാക്ടറിൻ്റെ (PFBR) രൂപകൽപ്പന, വികസനം, പരിശോധന, സുരക്ഷാ വിലയിരുത്തൽ, കമ്മീഷൻ ചെയ്യൽ, തദ്ദേശീയവത്ക്കരണം എന്നിവയ്ക്ക് ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച് (IGCAR) നേതൃത്വം നൽകുന്നു. ഇന്ത്യൻ വ്യവസായമേഖലയുമായുള്ള സഹകരണത്തിലൂടെ, റിയാക്ടറിൻ്റെ ഏകദേശം 90% ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ത്യയ്ക്കുള്ളിൽ നിർമ്മിക്കാൻ IGCAR ന് കഴിഞ്ഞു. നൂതന ആണവ സാങ്കേതികവിദ്യയിൽ ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുകയും രാജ്യത്തിൻ്റെ മൂന്ന് ഘട്ടങ്ങളുള്ള ആണവപദ്ധതിയുടെ രണ്ടാം ഘട്ടത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ആണവ പ്രതിപ്രവർത്തനം
ഒരു ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ നിന്ന് ഊർജ്ജം പുറത്തുവിടുന്ന ഒരു പ്രക്രിയയാണ് ആണവ പ്രതിപ്രവർത്തനം, പ്രധാനമായും വിഘടനം (ഫിഷൻ) അല്ലെങ്കിൽ സംയോജനം (ഫ്യൂഷൻ) മുഖേനയാണിത്, ആണവ നിലയങ്ങൾ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധാരണയായി ന്യൂക്ലിയർ ഫിഷൻ ഉപയോഗിക്കുന്നു.

ഒരു ന്യൂക്ലിയർ റിയാക്ടറിൽ, ഒരു ന്യൂട്രോൺ ഒരു യുറേനിയം അല്ലെങ്കിൽ പ്ലൂട്ടോണിയം ആറ്റത്തിൻ്റെ ന്യൂക്ലിയസിൽ തട്ടി രണ്ട് ചെറിയ ആറ്റങ്ങളായി വിഭജിക്കുന്നു. ന്യൂക്ലിയർ ഫിഷൻ എന്നറിയപ്പെടുന്ന ഈ പ്രക്രിയ വലിയ അളവിൽ താപവും അധിക ന്യൂട്രോണുകളും പുറത്തുവിടുന്നു, ഈ ന്യൂട്രോണുകൾ കൂടുതൽ വിഘടന പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാവുകയും നിയന്ത്രിതമായ ഒരു ചെയിൻ റിയാക്ഷൻ സൃഷ്ടിക്കുകയും ചെയ്യുന്നു. ഉത്പാദിപ്പിക്കുന്ന താപം ജലത്തെ ഉയർന്ന മർദ്ദമുള്ള നീരാവിയാക്കി മാറ്റാൻ ഉപയോഗിക്കുന്നു. നീരാവി ഒരു ജനറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ടർബൈനെ കറക്കുന്നു. ടർബൈൻ കറങ്ങുമ്പോൾ, ജനറേറ്റർ വൈദ്യുതി ഉത്പാദിപ്പിക്കുന്നു.
ന്യൂക്ലിയർ ഫ്യൂഷൻ
ഭാരം കുറഞ്ഞ രണ്ട് ആറ്റങ്ങൾ സംയോജിച്ച് ഭാരമേറിയ ഒരു ആറ്റം രൂപപ്പെടുകയും വലിയ അളവിൽ ഊർജ്ജം പുറത്തുവിടുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ന്യൂക്ലിയർ ഫ്യൂഷൻ. സൂര്യനെയും നക്ഷത്രങ്ങളെയും നിലനിർത്തുന്ന അതേ പ്രക്രിയയാണിത്, ന്യൂക്ലിയർ ഫിഷനേക്കാൾ കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ശേഷി ഇതിനുണ്ട്. ഫ്യൂഷൻ സാങ്കേതികവിദ്യയിൽ ഇപ്പോഴും ഗവേഷണം തുടരുകയും വികസിക്കുകയുമാണ്.
ആണവ റിയാക്ടറുകൾ

ഒരു ആണവ നിലയത്തിൻ്റെ ഹൃദയമാണ് ഒരു ആണവ റിയാക്ടർ, അവിടെ ആണവ വിഘടന പ്രക്രിയ സുരക്ഷിതമായി നിയന്ത്രിക്കപ്പെടുകയും താപം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. യുറേനിയം അല്ലെങ്കിൽ പ്ലൂട്ടോണിയം പോലുള്ള ആണവ ഇന്ധനം, വിഘടന പ്രതിപ്രവർത്തനം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണ ദണ്ഡുകൾ, ഉത്പാദിപ്പിക്കുന്ന താപം കൈമാറുന്നതിനുള്ള കൂളൻ്റ് , സുരക്ഷിതവും വിശ്വസനീയവുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ഒന്നിലധികം സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.
പ്രകൃതിദത്ത യുറേനിയത്തിൽ പ്രവർത്തിക്കുന്ന പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറുകളാണ് (PHWRs) ഇന്ത്യ പ്രധാനമായും ഉപയോഗിക്കുന്നത്. ബോയിലിംഗ് വാട്ടർ റിയാക്ടറുകളും (BWRs) പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറുകളും (PWRs) രാജ്യത്ത് പ്രവർത്തക്ഷമമാണ്. പ്ലൂട്ടോണിയം ഉപയോഗിക്കുന്നതിനും തോറിയം അധിഷ്ഠിത റിയാക്ടറുകളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനുമായി ഇന്ത്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറുകൾ (FBRs) വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതുതലമുറ ആണവ സാങ്കേതികവിദ്യയെന്ന നിലയിൽ സ്മോൾ മോഡുലാർ റിയാക്ടറുകളും (SMRs) ഇന്ത്യ വികസിപ്പിക്കുന്നു.
സ്മാൾ മോഡുലാർ റിയാക്ടർ
ന്യൂക്ലിയർ ഫിഷൻ മുഖേന SMR-കൾ സാധാരണയായി 300 MWe വരെ ഉത്പാദിപ്പിക്കുന്നു. അവയുടെ ഒതുക്കമുള്ള, മോഡുലാർ ഡിസൈൻ ഫാക്ടറി അധിഷ്ഠിത ഉത്പാദനം, വേഗത്തിലുള്ള നിർമ്മാണം, മെച്ചപ്പെട്ട ഗുണനിലവാരം, ഘട്ടം ഘട്ടമായുള്ള വിന്യാസം എന്നിവ സാധ്യമാക്കുന്നു. 2025–26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചആണവോർജ്ജ ദൗത്യത്തിന് കീഴിൽ, തദ്ദേശീയ SMR-കളുടെ ഗവേഷണം, രൂപകൽപ്പന, വികസനം, വിന്യാസം എന്നിവയ്ക്കായി ഗവണ്മെൻ്റ് ₹20,000 കോടി അനുവദിച്ചിട്ടുണ്ട്. BARC-ഉം NPCIL-ഉം സംയുക്തമായി രൂപകൽപ്പന ചെയ്ത 220 MWe ഭാരത് സ്മോൾ മോഡുലാർ റിയാക്ടർ (BSMR-200), 55 MWe SMR-55, ഹൈഡ്രജൻ ഉൽപാദനത്തിനായി ഒരു ഉയർന്ന താപനിലയുള്ള ഗ്യാസ്-കൂൾഡ് റിയാക്ടർ എന്നിവ ഇന്ത്യ വികസിപ്പിക്കുന്നു. 2033 ഓടെ കുറഞ്ഞത് അഞ്ച് തദ്ദേശീയ SMR-കളെങ്കിലും പ്രവർത്തനക്ഷമമാക്കാനാണ് ഗവണ്മെൻ്റ് ലക്ഷ്യമിടുന്നത്.

ന്യൂക്ലിയർ റിയാക്ടറുകളുടെ വർഗ്ഗീകരണം
വ്യത്യസ്ത ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ന്യൂക്ലിയർ റിയാക്ടറുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഏകദേശം 700–1,600 മെഗാവാട്ട് ശേഷിയുള്ള വലിയ പരമ്പരാഗത റിയാക്ടറുകൾ ദേശീയ പവർ ഗ്രിഡുകൾ, നഗരങ്ങൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് തുടർച്ചയായ വൈദ്യുതി നൽകുന്നു. 300 മെഗാവാട്ട് വരെ ശേഷിയുള്ള ചെറിയ മോഡുലാർ റിയാക്ടറുകൾക്കും (SMR) 20 മെഗാവാട്ട് വരെ ശേഷിയുള്ള മൈക്രോ റിയാക്ടറുകൾക്കും വിദൂര പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനും പഴയ കൽക്കരി ഊർജ്ജ നിലയങ്ങൾക്ക് പകരമാകാനും ഹൈഡ്രജൻ ഉൽപാദനത്തെ പിന്തുണയ്ക്കാനും കഴിയും.
ആണവ മാലിന്യം
ഒരു ആണവ നിലയത്തിൻ്റെ പ്രവർത്തന സമയത്ത് ഉൽപാദിപ്പിക്കപ്പെടുന്ന റേഡിയോ ആക്ടീവ് വസ്തുക്കളാണ് ആണവ മാലിന്യം. ഉപയോഗിച്ച ആണവ ഇന്ധനം, സംരക്ഷണ വസ്ത്രങ്ങൾ, ഫിൽട്ടറുകൾ, ഉപകരണങ്ങൾ, ഉപയോഗ സമയത്ത് റേഡിയോ ആക്ടീവ് ആയി മാറുന്ന ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇവ വികിരണം പുറപ്പെടുവിക്കുന്നതിനാൽ, ജനങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കൈകാര്യം ചെയ്യുന്നത്.

ചെലവഴിച്ച ആണവ ഇന്ധനം പുനഃസംസ്കരിക്കുന്ന സംവിധാനമാണ് ഇന്ത്യ പിന്തുടരുന്നത്, അതായത് ഭാവിയിലെ ആണവ റിയാക്ടറുകളിൽ ഇന്ധനമായി പുനരുപയോഗിക്കാൻ കഴിയുന്ന ഉപയോഗപ്രദമായ വസ്തുക്കൾ വീണ്ടെടുക്കുന്നതിന് ഉപയോഗിച്ച ആണവ ഇന്ധനം വീണ്ടും സംസ്കരിക്കുന്നു. പുനഃസംസ്കരണത്തിനുശേഷം അവശേഷിക്കുന്ന റേഡിയോ ആക്ടീവ് മാലിന്യം സുരക്ഷിതമായി സംസ്കരിച്ച് സ്ഥിരമായ രൂപത്തിൽ സൂക്ഷിക്കുന്നു. ഈ സമീപനം മാലിന്യത്തിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ലഭ്യമായ ആണവ വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിലൂടെ മൂന്ന് ഘട്ടങ്ങളുള്ള ആണവ വൈദ്യുത പദ്ധതിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വിട്രിഫിക്കേഷൻ സാങ്കേതികവിദ്യ
ഉയർന്ന തലത്തിലുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ കൈകാര്യം ചെയ്യാനുതകുന്ന വിട്രിഫിക്കേഷൻ സാങ്കേതികവിദ്യയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഈ പ്രക്രിയ ഉയർന്ന തലത്തിലുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങളെ സ്റ്റേബിൾ ഗ്ലാസ് ഫോമിലേക്ക് പരിവർത്തനം ചെയ്യുന്നു, ഇത് ദീർഘകാല സംഭരണം, ഗതാഗതം, അന്തിമ നിർമാർജനം എന്നിവ സുരക്ഷിതമാക്കുന്നു.
ഇന്ത്യയുടെ ഭാവിക്ക് ശുദ്ധവും വിശ്വസനീയവുമായ ഊർജ്ജം
ഇന്ത്യയുടെ ആണവോർജ്ജ പദ്ധതി നൂതനാശയങ്ങൾ, സുസ്ഥിരത, സ്വാശ്രയത്വം എന്നിവയോടുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. നൂതന സാങ്കേതികവിദ്യകളിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും തദ്ദേശീയ നൈപുണ്യങ്ങളും സംയോജിപ്പിക്കുന്നതിലൂടെ, ആണവോർജ്ജം സുരക്ഷിതവും പ്രതിരോധശേഷിയുള്ളതുമായ ഊർജ്ജ ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. രാജ്യം വികസിത ഇന്ത്യയിലേക്ക് മുന്നേറുമ്പോൾ,സാമ്പത്തിക വളർച്ച, പാരിസ്ഥിതിക സുസ്ഥിരത, ദീർഘകാല ഊർജ്ജ സുരക്ഷ എന്നിവയെ പിന്തുണയ്ക്കുന്ന ശുദ്ധമായ ഊർജ്ജ സ്രോതസ്സുകൾക്ക് അനുപൂരകമായി ആണവോർജ്ജം വർത്തിക്കും.
References:
Department of Atomic Energy
NITI Aayog
Bhabha Atomic Research Centre (BARC)
Nuclear Fuel Complex
Nuclear Power Corporation of India Limited (NPCIL)
Indira Gandhi Centre for Atomic Research
Press Information Bureau
International Atomic Energy Agency (IAEA)
Nuclear Energy Institute
US Department of Energy
- https://www.energy.gov/ne/articles/fission-and-fusion-what-difference
Click here to see PDF
****
(Explainer ID: 159756)
आगंतुक पटल : 15
Provide suggestions / comments