• Sitemap
  • Advance Search
Farmer's Welfare

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി

ഇന്ത്യൻ കന്നുകാലി സമ്പത്തിന് രോഗമുക്ത ഭാവി

Posted On: 22 AUG 2026 10:14AM

രാജ്യവ്യാപക വാക്സിനേഷനും നിരീക്ഷണവും ഉറപ്പാക്കി കുളമ്പുരോഗവും  ബ്രൂസല്ലോസിസും നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് 2019-ൽ ആരംഭിച്ച ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി രാജ്യത്തെ ഏറ്റവും വലിയ മൃഗാരോഗ്യ സംരംഭങ്ങളിലൊന്നാണ്.  പദ്ധതിക്ക് കീഴിൽ ഇതുവരെ 147.16 കോടി ഡോസ് കുളമ്പുരോഗ വാക്സിൻ നൽകുകയും 8.04 കോടി കർഷകർക്ക് ഇതിൻ്റെ  പ്രയോജനം ലഭിക്കുകയും ചെയ്തു. മൃഗങ്ങളിലെ പ്രതിരോധശേഷി വർധിച്ചത് രോഗബാധ ഗണ്യമായി കുറയ്ക്കാൻ സഹായിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കുളമ്പുരോഗ കേസുകൾ 2019-ലെ 132-ൽ നിന്ന് 2025-ഓടെ 40 ആയും ബ്രൂസല്ലോസിസ് കേസുകൾ 2019-ലെ 22-ൽ നിന്ന് 2025-ൽ 15 ആയും കുറഞ്ഞു. എൻ.എസ്.പി. ആൻ്റിബോഡി സാന്നിധ്യം  2019-ലെ 20.8 ശതമാനത്തിൽ നിന്ന് 2025-ൽ 8.1 ശതമാനമായി കുറഞ്ഞത് ശാസ്ത്രാധിഷ്ഠിത നിരീക്ഷണത്തിൻ്റെ യും തുടർച്ചയായ രോഗനിയന്ത്രണ പ്രവർത്തനങ്ങളുടെയും ഫലമായി കുളമ്പുരോഗ വ്യാപനം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നു.  കഴിഞ്ഞ മൂന്ന് വർഷമായി 'സീറോടൈപ്പ് ഏഷ്യ-1'   മൂലം കുളമ്പുരോഗ ബാധയൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.

 

ശക്തമായ ജന്തുരോഗ ചികിത്സാ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ കന്നുകാലി വിവരശേഖരം, ഗവേഷണ സ്ഥാപനങ്ങൾ, 'വൺ ഹെൽത്ത്' സംരംഭങ്ങൾ എന്നിവയാണ്  പദ്ധതിക്ക് കരുത്തേകുന്നത്. ഭാരത് പശുധൻ പോർട്ടലിൽ 39 കോടിയിലധികം കന്നുകാലികളെ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 4,019 സഞ്ചരിക്കുന്ന മൃഗാശുപത്രി  യൂണിറ്റുകൾ വഴി 136 ലക്ഷം കർഷകർക്ക് വീട്ടുപടിക്കൽ സേവനങ്ങൾ ലഭ്യമാക്കുകയും 276 ലക്ഷം മൃഗങ്ങൾക്ക് ചികിത്സ നൽകുകയും ചെയ്തു. രോഗനിയന്ത്രണം, ഡിജിറ്റൽ നിരീക്ഷണം, പകർച്ചവ്യാധി പ്രതിരോധ സന്നദ്ധത എന്നിവ സമന്വയിപ്പിച്ച് രാജ്യത്തെ കന്നുകാലി മേഖലയെ രോഗമുക്തവും സുരക്ഷിതവുമാക്കുന്നതില്‍ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി നിർണായക സംഭാവന നൽകുന്നു.

 

രോഗമുക്തമായ കന്നുകാലി മേഖലയുടെ നിര്‍മിതി

ഇന്ത്യൻ കാർഷിക-അനുബന്ധ മേഖലകളിൽ - പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ ഉപജീവനത്തിന് - കന്നുകാലികൾ എക്കാലവും പ്രധാന ആശ്രയമാണ്. 2019-ലെ 20-ാമത് കന്നുകാലി സെൻസസ് പ്രകാരം രാജ്യത്തെ ആകെ കന്നുകാലി സമ്പത്ത് 53.578 കോടിയാണ്; ഇതിൽ 30.279 കോടിയും പശുക്കളും എരുമകളും ഉൾപ്പെടുന്ന ബോവിൻ  ഇനങ്ങളാണ്.  വിപുലമായ ഈ കന്നുകാലി സമ്പത്ത് മൃഗങ്ങളുടെ ആരോഗ്യത്തിൻ്റെയും ക്ഷേമത്തിൻ്റെയും പ്രാധാന്യം വ്യക്തമാക്കുന്നു. എന്നാൽ കുളമ്പുരോഗം, ബ്രൂസല്ലോസിസ് തുടങ്ങിയ പകർച്ചവ്യാധികൾ മൂലമുണ്ടാകുന്ന പാലിൻ്റെ   ഉല്പാദനക്കുറവ്, പ്രത്യുൽപ്പാദന ശേഷിയില്ലായ്മ, വ്യാപാര നിയന്ത്രണങ്ങൾ എന്നിവ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കാറുണ്ട്.

 

പശുക്കൾ, എരുമകൾ, ആടുകൾ, പന്നികൾ തുടങ്ങി ഇരട്ടക്കുളമ്പുള്ള മൃഗങ്ങളെ ബാധിക്കുന്ന  വ്യാപനശേഷി കൂടിയ വൈറസ് രോഗമാണ് കുളമ്പുരോഗം. പാലുല്പാദനം  കുറയ്ക്കുകയും വളർച്ച മുരടിപ്പിക്കുകയും പ്രത്യുൽപ്പാദന ശേഷിയെ ബാധിക്കുകയും ചെയ്യുന്ന ഈ രോഗം ഭാരം വഹിക്കുന്ന മൃഗങ്ങളുടെ അധ്വാനശേഷി കുറയ്ക്കുന്നു.  കൂടാതെ  അന്താരാഷ്ട്ര വിപണിയിലേക്കുള്ള കയറ്റുമതി സാധ്യതകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. കൃത്യമായ ഇടവേളകളിൽ എല്ലാ മൃഗങ്ങൾക്കും കൂട്ടത്തോടെ വാക്സിൻ നൽകുകയെന്നതാണ്  കുളമ്പുരോഗ നിയന്ത്രണത്തിന് ഏക പോംവഴി.

 

'ബ്രൂസെല്ല അബോർട്ടസ്' എന്ന ബാക്ടീരിയ വഴി പശുക്കളിലും എരുമകളിലുമുണ്ടാകുന്ന  പ്രത്യുൽപ്പാദന രോഗമാണ് ബ്രൂസല്ലോസിസ്. പ്രധാനമായും മൃഗങ്ങളുടെ പ്രത്യുൽപ്പാദന അവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്. കന്നുകാലികളിലെ ഗർഭധാരണ ശേഷിയെയും കറവയെയും തകിടം മറിക്കുന്ന ഈ രോഗം  പാൽ-മാംസ ഉല്പാദനത്തെ സാരമായി ബാധിക്കുന്നു.  കന്നുകാലികളിൽ ഈ രോഗത്തിന് കൃത്യമായ ചികിത്സ ലഭ്യമല്ലാത്തതിനാൽ വാക്സിനേഷൻ മാത്രമാണ്  ഫലപ്രദവും സുസ്ഥിരവുമായ പ്രതിരോധ മാര്‍ഗം.

 

മൃഗാരോഗ്യ പരിപാലനം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ  ഭാഗമായി  രാജ്യവ്യാപക വാക്സിനേഷനിലൂടെ കുളമ്പുരോഗവും ബ്രൂസല്ലോസിസും നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനും ലക്ഷ്യമിട്ട് 2019 സെപ്റ്റംബറിലാണ് കേന്ദ്ര ഗവണ്‍മെൻ്റ് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.  എല്ലാ കന്നുകാലികൾക്കും വർഷത്തിൽ രണ്ടുതവണ കുളമ്പുരോഗ വാക്സിനും 4 മുതൽ 8 മാസം വരെ പ്രായമുള്ള പെൺകിടാങ്ങൾക്ക് ഒറ്റത്തവണ ബ്രൂസല്ലോസിസ് വാക്സിനും നൽകാന്‍  പദ്ധതി ലക്ഷ്യമിടുന്നു.  

 

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയ്ക്ക് കീഴിലെ സംയോജിത പ്രവർത്തനങ്ങളിലൂടെ കന്നുകാലി രോഗഭാരം കുറയ്ക്കൽ

എല്ലാ കന്നുകാലികൾക്കും വർഷത്തിൽ രണ്ടുതവണ കൂട്ട വാക്സിനേഷന്‍ നടത്തുന്നതിലൂടെ കുളമ്പുരോഗവും  4 മുതൽ 8 മാസം വരെ പ്രായമുള്ള പെൺകിടാങ്ങൾക്ക് ഒറ്റത്തവണ നൽകുന്ന വാക്സിനേഷനിലൂടെ ബ്രൂസല്ലോസിസും നിയന്ത്രിക്കാനാണ്  പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ രോഗനിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ശീതീകരണ സംവിധാനങ്ങളും ലോജിസ്റ്റിക്സ് ഉപകരണങ്ങളും ലഭ്യമാക്കാനും പദ്ധതി പിന്തുണ നൽകുന്നു.

 

1

 

എല്ലാ വലിയ കന്നുകാലികൾക്കും ചെറിയ കന്നുകാലികൾക്കും  ആറുമാസത്തിലൊരിക്കൽ കുളമ്പുരോഗ വാക്സിനേഷൻ.

  • പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് പൊതുജന ബോധവൽക്കരണ പരിപാടികളും ഉദ്യോഗസ്ഥ പരിശീലനങ്ങളും.

  • കന്നുകാലികൾക്ക് ഇയർ-ടാഗിങും ഭാരത് പശുധൻ പോർട്ടലിൽ  അവയുടെ വിവരങ്ങൾ ചേര്‍ക്കലും.

  • വാക്സിനേഷന് മുൻപും ശേഷവും സാമ്പിൾ പരിശോധനകളിലൂടെ സീറോ-സർവൈലൻസും  സീറോ-മോണിറ്ററിങും ഉറപ്പാക്കല്‍.

  • വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വാക്സിനുകളുടെയും ശീതീകരണ സംവിധാനങ്ങളുടെയും  സംഭരണം.

  • രോഗബാധയെക്കുറിച്ച് അന്വേഷണം, വൈറസ് വേർതിരിക്കലും തരങ്ങൾ കണ്ടെത്തലും, ക്വാറൻ്റൈൻ ഏര്‍പ്പെടുത്തിയും ചെക്ക്പോസ്റ്റുകള്‍ വഴിയും  മൃഗങ്ങളുടെ നീക്കം നിയന്ത്രിക്കൽ.

  • തുടർച്ചയായ വിവരശേഖരണം, നിരീക്ഷണം, പദ്ധതി  ഗുണഫലങ്ങളുടെ അവലോകനം.  

  • വാക്സിനേഷൻ നൽകുന്നവർക്ക് ഓരോ ഡോസിനും കുറഞ്ഞത്  മൂന്ന് രൂപ നിരക്കില്‍  പ്രതിഫലം.

 

 


സീറോ-സർവൈലൻസും സീറോ-മോണിറ്ററിങും 

രോഗബാധയും പ്രതിരോധശേഷിയും വിലയിരുത്തുന്നതിന് സമൂഹ തലത്തിൽ ആൻ്റിബോഡി സാന്നിധ്യം കണക്കാക്കാനാണ് സീറോ-സർവൈലൻസ്.   പ്രതിരോധശേഷി മനസ്സിലാക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ ആൻ്റിബോഡിയുടെ അളവ് നിരീക്ഷിക്കുന്നതിലാണ് സീറോ-മോണിറ്ററിങ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

 

 

കന്നുകാലി ആരോഗ്യത്തിനും രോഗനിയന്ത്രണത്തിനും സാമ്പത്തിക വിഹിതം

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ  വിജയത്തിന് പിന്നാലെ കൂടുതൽ സമഗ്രവും സുസ്ഥിരവുമായ മൃഗാരോഗ്യ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന്  രോഗനിയന്ത്രണം, ജന്തുരോഗ ചികിത്സാ സേവനങ്ങൾ, മൃഗസംരക്ഷണം എന്നിവയെ 'കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണ പദ്ധതി'യ്ക്ക് (LHDCP) കീഴിൽ കേന്ദ്ര ഗവണ്‍മെൻ്റ് സംയോജിപ്പിച്ചു.

 

പുതുക്കിയ പദ്ധതിയ്ക്ക് കീഴിൽ കന്നുകാലി ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ കാര്യക്ഷമമായ നിർവഹണത്തിനും ഏകോപനത്തിനും  ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി, കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണ (LH&DC) ഘടകം, പശു ഔഷധി സംരംഭം എന്നിവയെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവന്നു.

2026–27 സാമ്പത്തിക വർഷം കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണ പദ്ധതിക്ക്  ആകെ  2,010 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

 

കുളമ്പുരോഗവും ബ്രൂസല്ലോസിസും നിയന്ത്രിക്കുന്നതിൽ ദേശീയതല ശ്രമങ്ങളും നേട്ടങ്ങളും

രാജ്യവ്യാപകമായി തുടർച്ചയായി നടപ്പാക്കിയ വാക്സിനേഷൻ, നിരീക്ഷണം, അവലോകനം എന്നിവയിലൂടെ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിക്ക്  കീഴിൽ കൈവരിച്ച പ്രധാന നേട്ടങ്ങൾ താഴെ:

 

2

 

കുളമ്പുരോഗം  

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയ്ക്ക്  കീഴിൽ ഇതുവരെ ആകെ 147.16 കോടി ഡോസ് കുളമ്പുരോഗ വാക്സിൻ നൽകുകയും 8.04 കോടി കർഷകർക്ക് ഇതിൻ്റെ  പ്രയോജനം ലഭിക്കുകയും ചെയ്തു.

  • ദേശാടന മൃഗങ്ങളിലെ രോഗസാധ്യത കുറയ്ക്കൽ: 2024 മുതൽ നാടോടി രീതിയിൽ മേഞ്ഞുനടക്കുന്ന ആടുകളിലേക്കും കുളമ്പുരോഗ വാക്സിനേഷൻ വ്യാപിപ്പിച്ചു. മൃഗങ്ങൾ സഞ്ചരിക്കുന്ന വഴികളിലൂടെ രോഗം പടരുന്നത് തടയാന്‍ ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ദേശാടന മൃഗങ്ങളെയും  പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  • രോഗപ്രതിരോധശേഷിയിലെ വർധനയും രോഗബാധയിലെ കുറവും:

    • FMD ടൈപ്പ് O: ഇന്ത്യയിലും ലോകത്തിൻ്റെ  വിവിധ ഭാഗങ്ങളിലും ഏറ്റവും വ്യാപകമായി കാണപ്പെടുന്നതും കൂടെക്കൂടെ രോഗബാധയുണ്ടാക്കുന്നതുമായ സീറോടൈപ്പാണിത്.

    • FMD ടൈപ്പ് A: വളരെ വേഗം ജനിതക വ്യതിയാനം സംഭവിക്കുന്ന ഒരു സീറോടൈപ്പാണിത്; അതിനാൽ കൃത്യമായ വാക്സിനുകൾ ആവശ്യമാണ്.

    • FMD ടൈപ്പ് ഏഷ്യ-1 : ഇന്ത്യ ഉൾപ്പെടെ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന സീറോടൈപ്പ് (ടൈപ്പ് O-യെ അപേക്ഷിച്ച് വ്യാപനം കുറവാണ്).

വാക്സിനേഷന് ശേഷം ആൻ്റിബോഡി പ്രതികരണം വിലയിരുത്താന്‍ നടത്തിയ സീറോ-മോണിറ്ററിങ് പരിശോധനയിൽ കുളമ്പുരോഗ വൈറസ് സീറോടൈപ്പുകളായ O, A, Asia-1 എന്നിവയ്‌ക്കെതിരെ  ശരാശരി പ്രതിരോധശേഷി യഥാക്രമം 78.1%, 71.7%, 77.6% എന്നിങ്ങനെയാണ്  കണ്ടെത്തിയത്.  ഇത് കന്നുകാലികളിൽ ശക്തമായ സമൂഹ പ്രതിരോധശേഷി  രൂപപ്പെട്ടതായി വ്യക്തമാക്കുന്നു. ഈ പ്രതിരോധശേഷി രോഗബാധയിൽ വലിയ കുറവുണ്ടാക്കി; രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കുളമ്പുരോഗ കേസുകൾ 2019-ലെ 132-ൽ നിന്ന് 2025-ഓടെ വെറും 40 ആയി കുറഞ്ഞു. രാജ്യവ്യാപക വാക്സിനേഷൻ ദൗത്യത്തിൻ്റെ  കാര്യക്ഷമതയെ ഇത് അടിവരയിടുന്നു. 

 

 

ബ്രൂസല്ലോസിസ് 

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയ്ക്ക് കീഴിൽ 4 മുതൽ 8 മാസം വരെ പ്രായമുള്ള പെൺകിടാങ്ങൾക്ക് ഒറ്റത്തവണ ബ്രൂസല്ലോസിസ് വാക്സിനേഷൻ നൽകിവരുന്നു.

  • പ്രതിരോധശേഷിയിലെ വർധനയും രോഗബാധയിലെ കുറവും: 2025-ല്‍  വാക്സിനേഷന് ശേഷം നടത്തിയ നിരീക്ഷണത്തിൽ പശുക്കിടാങ്ങളിൽ 75.63 ശതമാനവും എരുമക്കിടാങ്ങളിൽ 67.17 ശതമാനവും സീറോകൺവേർഷൻ നിരക്ക് (വാക്സിൻ എടുത്ത മൃഗങ്ങളിൽ ആൻ്റിബോഡി രൂപപ്പെടുന്ന നിരക്ക്) രേഖപ്പെടുത്തി. ഈ കണ്ടെത്തലുകൾ ഫലപ്രദമായ പ്രതിരോധശേഷിയെ കാണിക്കുന്നു. ഒപ്പം ബ്രൂസല്ലോസിസ് ബാധയിൽ ഗണ്യമായ കുറവുണ്ടാക്കാനും ഇത് സഹായിച്ചു. രാജ്യത്ത് റിപ്പോർട്ട് ചെയ്ത രോഗബാധ 2019-ലെ 22-ൽ നിന്ന് 2025-ൽ 15 ആയി കുറഞ്ഞത് പദ്ധതിയുടെ കൃത്യമായ സ്വാധീനം അടയാളപ്പെടുത്തുന്നു.  

 

 

കന്നുകാലി ഉല്പാദനക്ഷമതയിലും പാലുല്പാദനത്തിലും മുന്നേറ്റം

  • നാടൻ, സങ്കരയിനം പശുക്കളുടെ ഉല്പാദനക്ഷമത: തദ്ദേശീയ ഇനങ്ങളിലെയും  നാടൻ സങ്കരയിനങ്ങളിലെയും പശുക്കളുടെ ഉല്പാദനക്ഷമത 2014–15-ൽ ഒരു പശുവില്‍നിന്ന് പ്രതിവർഷം 927 കിലോഗ്രാം ആയിരുന്നത് 2024–25-ൽ 1,343.2 കിലോഗ്രാമായി ഉയർന്നു. 44.89 ശതമാനം വർധനയാണ് ഇത് രേഖപ്പെടുത്തുന്നത്.

  • എരുമകളുടെ ഉല്പാദനക്ഷമത: സമാനമായി ഇതേ കാലയളവിൽ എരുമകളുടെ വാർഷിക ഉല്പാദനക്ഷമത പ്രതിവർഷം 1,880 കിലോഗ്രാമിൽ നിന്ന് 2,365.2 കിലോഗ്രാമായി ഉയര്‍ന്നു (25.80 ശതമാനം വർധന).

  • ഗോവർഗ മൃഗങ്ങളുടെ ആകെ ഉല്പാദനക്ഷമത:  രാജ്യത്തെ കന്നുകാലികളുടെ (പശുക്കളും എരുമകളും ഉൾപ്പെടെ ബോവിൻ വിഭാഗം) ശരാശരി ഉല്പാദനക്ഷമത 2014–15-ൽ പ്രതിവർഷം 1,640 കിലോഗ്രാമായിരുന്നത് 2024–25-ഓടെ 2,250 കിലോഗ്രാമായി ഉയർന്നു. 36.63 ശതമാനത്തിൻ്റെ  ഈ വർധന ആഗോളതലത്തിൽ ഏതൊരു രാജ്യവും കൈവരിച്ച ഏറ്റവും ഉയർന്ന ഉല്പാദനക്ഷമതാ മുന്നേറ്റമാണ്.

  • പാലുല്പാദനത്തിലെ വളർച്ച: കഴിഞ്ഞ പതിറ്റാണ്ടിനിടെ രാജ്യത്തെ പാലുല്പാദനം 2014–15 ലെ  146.31 ദശലക്ഷം ടണ്ണില്‍നിന്ന്  2024–25-കാലയളവില്‍  247.87 ദശലക്ഷം ടണ്ണായി വർധിച്ചു.  69.4 ശതമാനത്തിൻ്റെ  വൻ വളർച്ചയാണ് ഇത് പ്രകടമാക്കുന്നത്.  കന്നുകാലികളുടെ ഉല്പാദനക്ഷമത ഇനിയും ഉയർത്തി 2030-ഓടെ പ്രതിവർഷം ഒരു മൃഗത്തിൽ നിന്ന് ശരാശരി 3,000 കിലോഗ്രാം പാലുല്പാദനം  കൈവരിക്കാനാണ്  പദ്ധതി ലക്ഷ്യമിടുന്നത്.

 


രോഗനിയന്ത്രണത്തിന് സ്ഥാപന-അടിസ്ഥാന സൗകര്യ സംവിധാനങ്ങൾ

ഗവേഷണ-നിരീക്ഷണ പിന്തുണ

കുളമ്പുരോഗവും ബ്രൂസല്ലോസിസും നിയന്ത്രിക്കാന്‍ നടത്തുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് പ്രധാന ICAR സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. വാക്സിൻ ഗവേഷണം, ഗുണനിലവാര പരിശോധന, രോഗനിരീക്ഷണം, സീറോ-സർവൈലൻസ്, രോഗവ്യാപന മാതൃകകൾ തയ്യാറാക്കൽ, സംസ്ഥാനാടിസ്ഥാനത്തില്‍ സാമ്പിൾ ശേഖരണം എന്നിവയ്ക്ക് ഈ പിന്തുണ ലഭ്യമാക്കുന്നു. ശാസ്ത്രാധിഷ്ഠിതവും ഫലപ്രദവുമായ  പദ്ധതി നിര്‍വഹണം ഈ നടപടികളിലൂടെ ഉറപ്പാക്കുന്നു.  

 

സ്വകാര്യ പങ്കാളിത്തത്തോടെ കേന്ദ്രീകൃത വാക്സിൻ സംഭരണം

വാക്സിനേഷൻ ഉപകരണങ്ങൾ സംഭരിക്കാനും ശീതീകരണ സംവിധാനങ്ങള്‍  ശക്തിപ്പെടുത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്. മൃഗസംരക്ഷണ അടിസ്ഥാന സൗകര്യ വികസന നിധി (AHIDF) വഴി സംരംഭകർക്കും സ്വകാര്യ കമ്പനികൾക്കും അർഹരായ മറ്റ് സ്ഥാപനങ്ങൾക്കും ധനസഹായം ലഭ്യമാക്കുന്നു. ജന്തുരോഗ ചികിത്സാ വാക്സിൻ, മരുന്ന് നിർമാണ യൂണിറ്റുകൾ എന്നിവ സ്ഥാപിക്കാൻ ഇത് പിന്തുണയേകുന്നു.

 

ജന്തുരോഗ ചികിത്സാ അടിസ്ഥാന സൗകര്യങ്ങളും സേവന വിതരണവും

ഗ്രാമീണ മേഖലകളിലെ എല്ലാ കർഷകരിലേക്കും മൃഗസംരക്ഷണ സേവനങ്ങൾ എത്തിക്കുന്നതിന് ജന്തുരോഗ ചികിത്സാ കേന്ദ്രങ്ങളും സഞ്ചരിക്കുന്ന മൃഗാശുപത്രി  യൂണിറ്റുകളും  ശക്തിപ്പെടുത്തിവരുന്നു. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 4,019 സഞ്ചരിക്കുന്ന മൃഗാശുപത്രി യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. '1962' എന്ന ടോൾഫ്രീ നമ്പർ വഴി കർഷകരുടെ വീട്ടുപടിക്കൽ ജന്തുരോഗ ചികിത്സാ സേവനങ്ങൾ  ലഭ്യമാക്കുന്നു. ഇതുവരെ 136 ലക്ഷം കർഷകർക്ക് ഈ സംരംഭത്തിൻ്റെ  പ്രയോജനം ലഭിക്കുകയും 276 ലക്ഷം മൃഗങ്ങൾക്ക് ചികിത്സ നൽകുകയും ചെയ്തു.

 

ഭാരത് പശുധൻ പോർട്ടൽ വഴി ഡിജിറ്റൽ സംയോജനം

കന്നുകാലികളുടെ രജിസ്ട്രേഷൻ, കുളമ്പുരോഗ-ബ്രൂസല്ലോസിസ് വാക്സിനേഷൻ വിവരങ്ങൾ എന്നിവ ഭാരത് പശുധൻ പോർട്ടലിലൂടെ ഏകോപിപ്പിക്കുന്നു.  ഇതിൻ്റെ  ഭാഗമായി ഓരോ മൃഗത്തിനും 12 അക്ക പ്രത്യേക ടാഗ് ഐഡി  നൽകുന്നുണ്ട്. 2026 ജൂലൈ മാസത്തോടെ 39 കോടിയിലധികം കന്നുകാലികളെ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.  ഇത് തത്സമയ നിരീക്ഷണവും മികച്ച പരിശോധനയും തുടർനിരീക്ഷണ സാധ്യതയും ഉറപ്പാക്കുകയും കന്നുകാലി വികസന പദ്ധതികളുടെ സുതാര്യവും വിവര-വിശകലനാധിഷ്ഠിതവുമായ നിർവഹണത്തിന് വഴിയൊരുക്കുകയും ചെയ്തു.

 

ഭാവിയിൽ നിര്‍മിതബുദ്ധി (എഐ) അധിഷ്ഠിത വിശകലനങ്ങൾ, വാക്സിനേഷൻ തുടര്‍‍നിരീക്ഷണം, തത്സമയ ഡാഷ്‌ബോർഡുകൾ, വസ്തുതാധിഷ്ഠിത ആസൂത്രണം എന്നിവയിലൂടെ രോഗനിരീക്ഷണവും വിഭവ വിനിയോഗവും കൂടുതൽ കാര്യക്ഷമമാക്കാനാവും.

 

ബോധവൽക്കരണവും കർഷക പങ്കാളിത്തവും

കർഷകരുടെ വീട്ടുപടിക്കൽ മൃഗസംരക്ഷണ സേവനങ്ങൾ എത്തിക്കുന്ന 'മൈത്രി' (മള്‍ട്ടി പര്‍പ്പസ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍ ടെക്നീഷ്യന്‍സ് ഇന്‍ റൂറല്‍ ഇന്ത്യ)  സാങ്കേതിക പ്രവർത്തകരിലൂടെ കർഷകരിലേക്ക് ഇടപെടലുകൾ ശക്തിപ്പെടുത്തിയിട്ടുണ്ട്.  സാമ്പത്തിക സഹായത്തോടെ ഇതുവരെ 39,810 സാങ്കേതിക വിദഗ്ധർക്ക് പരിശീലനം നൽകി. 

 

ദേശീയ 'ഏകാരോഗ്യ' ദൗത്യം 

മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന യാഥാർത്ഥ്യമാണ് 'ഏകാരോഗ്യ'  സമീപനം മുന്നോട്ടുവെക്കുന്നത്. മൃഗങ്ങളിലെ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താനും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ശക്തമായ സംവിധാനങ്ങളൊരുക്കി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗങ്ങളുടെ  സാധ്യത കുറയ്ക്കാൻ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയ്ക്ക്  സാധിക്കുന്നു. കൂടാതെ,  ആൻ്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാനും പകർച്ചവ്യാധികൾ ഉൾപ്പെടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പൊതുജനാരോഗ്യ ഭീഷണികളെയും മഹാമാരികളെയും പ്രതിരോധിക്കാനും ഇന്ത്യ പുലര്‍ത്തുന്ന സന്നദ്ധതയും കാര്യക്ഷമതയും ഈ സംരംഭം വർധിപ്പിക്കുന്നു.  

 

വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെ രാജ്യത്ത്  'ദേശീയ ഏകാരോഗ്യ ദൗത്യം' രൂപീകരിക്കാന്‍ 2022 ജൂലൈ 7-ന് ചേർന്ന പ്രധാനമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക നൂതനാശയ ഉപദേശക സമിതിയുടെ  (PM-STIAC) 21-ാമത് യോഗം അംഗീകാരം നൽകി. രാജ്യത്ത് നിലവിലെ എല്ലാ ഏകാരോഗ്യ  പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കാനും പിന്തുണയ്ക്കാനും സംയോജിപ്പിക്കാനും വിടവുകൾ നികത്താനും ഈ ദൗത്യം വഴിയൊരുക്കുന്നു.  

 

മനുഷ്യരിലുണ്ടാകുന്ന ബ്രൂസല്ലോസിസ് ബാധ പലപ്പോഴും കൃത്യമായി തിരിച്ചറിയപ്പെടാതെ പോകുന്ന സാഹചര്യത്തിൽ വാക്സിനേഷൻ, സുരക്ഷിത മാലിന്യ സംസ്കരണം, ശക്തമായ  ജൈവസുരക്ഷാ മാനദണ്ഡങ്ങൾ, പൊതുജന ബോധവൽക്കരണം, വിവിധ വകുപ്പുകൾ തമ്മിലെ ഏകോപനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന ദേശീയ ക്ഷീര വികസന ബോർഡിൻ്റെ   ബ്രൂസല്ലോസിസ് നിയന്ത്രണ മാതൃക ഈ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്തേകുന്നു.  

 

വർധിച്ചുവരുന്ന രോഗഭീഷണികൾക്കും ദ്രുതഗതിയിലുള്ള പാരിസ്ഥിതിക മാറ്റങ്ങൾക്കുമിടയിൽ മനുഷ്യരെയും മൃഗങ്ങളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് പ്രായോഗികവും സമഗ്രവുമായ  സമീപനമാണ് 'ഏകാരോഗ്യം' മുന്നോട്ടുവെക്കുന്നത്.

 

3

 

മഹാമാരി പ്രതിരോധ സന്നദ്ധതയ്ക്ക് മൃഗാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തൽ: മഹാമാരി പ്രതിരോധ നിധി  

മഹാമാരി പ്രതിരോധ സന്നദ്ധതയ്ക്കും പ്രതികരണത്തിനുമായി രാജ്യത്തെ മൃഗാരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2024-ൽ കേന്ദ്ര ഗവണ്‍മെൻ്റ് മഹാമാരി പ്രതിരോധ നിധി പദ്ധതിയ്ക്ക്  തുടക്കം കുറിച്ചു. G-20 മഹാമാരി പ്രതിരോധ നിധിയുടെ  പിന്തുണയോടെ നടപ്പാക്കുന്ന 2.5 കോടി യു.എസ് ഡോളറിൻ്റെ  സംരംഭമാണിത്. ഏഷ്യൻ ഡെവലപ്‌മെൻ്റ്  ബാങ്ക്, ഭക്ഷ്യ-കാർഷിക സംഘടന, ലോകബാങ്ക് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നിര്‍വഹണം.  

 

മഹാമാരികളെ നേരിടാനുള്ള സന്നദ്ധത വർധിപ്പിക്കുന്നതിന് മൃഗാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന  പദ്ധതി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയ്ക്ക്  കൂടുതൽ കരുത്തേകുന്നു. ജനിതക ഘടന, പാരിസ്ഥിതിക നിരീക്ഷണങ്ങൾ ഉൾപ്പെടെ രോഗനിരീക്ഷണ സംവിധാനങ്ങൾ വിപുലീകരിക്കാനും ലബോറട്ടറി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കുന്നു. ജന്തുജന്യ രോഗങ്ങളെയും അതിർത്തി കടന്നുവരുന്ന ജന്തുരോഗങ്ങളെയും മുൻകൂട്ടി കണ്ടെത്താനും സമയബന്ധിതമായി പ്രതിരോധിക്കാനും ഈ നടപടികൾ സഹായകരമാണ്.

 

ഈ സംരംഭത്തിൻ്റെ  ഭാഗമായി രാജ്യത്തെ മൃഗാരോഗ്യ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് സുപ്രധാന രേഖകൾ കേന്ദ്ര ഗവണ്‍മെൻ്റ് പുറത്തിറക്കിയിട്ടുണ്ട്: 

  • ഏകീകൃത മൃഗചികിത്സാ മാർഗരേഖ: ശാസ്ത്രീയ മൃഗചികിത്സാ രീതികൾ, മരുന്നുകളുടെ യുക്തിസഹമായ ഉപയോഗം, ആൻ്റിബയോട്ടിക്കുകളുടെ വിവേകപൂർണമായ വിനിയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സമഗ്ര ചട്ടക്കൂടാണിത്.  ആൻ്റിമൈക്രോബിയൽ പ്രതിരോധത്തിനായുള്ള ദേശീയ കർമപദ്ധതിക്ക് ഇത് വലിയ പിന്തുണ നൽകുന്നു.

  • ജന്തുരോഗ പ്രതിസന്ധി നിർവഹണ പദ്ധതി: രോഗബാധ പൊട്ടിപ്പുറപ്പെടുന്ന അടിയന്തര സാഹചര്യങ്ങളിൽ മുൻകരുതൽ ശക്തമാക്കാനും ദ്രുത പ്രതികരണം സാധ്യമാക്കാനും ആവിഷ്കരിച്ച ദേശീയ ചട്ടക്കൂടാണിത്. രോഗവ്യാപനം യഥാസമയം തടയാനും  രോഗമുക്തി വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.

 

മൃഗരോഗ ഡോക്ടർമാർ, നയരൂപകർത്താക്കൾ, പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർക്ക് സുപ്രധാന മാർഗരേഖകളായി ഈ രേഖകൾ നിലകൊള്ളും.  മൃഗാരോഗ്യ അടിയന്തരാവസ്ഥകളിൽ സമയോചിത ഇടപെടലുകൾ നടത്താനും രോഗനിയന്ത്രണ ചട്ടങ്ങള്‍ കൂടുതൽ കർശനമാക്കാനും ഇവ പിന്തുണയേകും.  

 

ഇന്ത്യയുടെ കന്നുകാലി സമ്പത്തിൻ്റെ  സംരക്ഷണം

വിവര-വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ  ഇന്ത്യ നടപ്പിലാക്കിയ ഏറ്റവും സമഗ്രമായ മൃഗാരോഗ്യ ഇടപെടലുകളിലൊന്നായി ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി മാറിയിരിക്കുന്നു. തുടർച്ചയായ രാജ്യവ്യാപക വാക്സിനേഷൻ, ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ, ഡിജിറ്റൽ സംയോജനം, കൃത്യമായ സാമ്പത്തിക-അടിസ്ഥാന സൗകര്യ പിന്തുണ എന്നിവയിലൂടെ കുളമ്പുരോഗവും ബ്രൂസല്ലോസിസും ഗണ്യമായി കുറയ്ക്കാൻ  പദ്ധതിക്ക് സാധിച്ചു. രോഗബാധയില്‍  കുത്തനെയുണ്ടായ കുറവും മെച്ചപ്പെട്ട സമൂഹ പ്രതിരോധശേഷിയും  കന്നുകാലികളുടെ ഉല്പാദനക്ഷമതയിലെ പ്രകടമായ വളർച്ചയും കാണിക്കുന്നത് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ കർഷകർക്ക് നേരിട്ട് സാമ്പത്തികവും ഉപജീവനപരവുമായ നേട്ടങ്ങളായി മാറുന്നുവെന്നാണ്. മൃഗങ്ങളിലെ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അണുബാധ പടരാനുള്ള സാധ്യത  കുറയ്ക്കുകയും ആൻ്റിബയോട്ടിക് പ്രതിരോധശേഷി കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

 

കുളമ്പുരോഗ വിമുക്ത പദവിയുടെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൈവരിക്കൽ, ലബോറട്ടറി അക്രഡിറ്റേഷൻ വിപുലീകരിക്കൽ, ജനിതകഘടന നിരീക്ഷണം, നിര്‍മിതബുദ്ധി അധിഷ്ഠിത രോഗവിവര ശേഖരണം, കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ, ശക്തിപ്പെടുത്തിയ 'ഏകാരോഗ്യ' ഏകോപനം എന്നിവയാണ് പദ്ധതിയുടെ ഭാവി മുൻഗണനകൾ.

 

ലോകത്തെ ഏറ്റവും വലിയ കന്നുകാലി വാക്സിനേഷൻ ദൗത്യങ്ങളിലൊന്ന് മുതൽ ഡിജിറ്റൽ രോഗനിരീക്ഷണ ശൃംഖല വരെ സൃഷ്ടിച്ച്  ആരോഗ്യകരവും ഉല്പാദനക്ഷമത കൂടിയതും ആഗോളതലത്തിൽ മത്സരശേഷിയാര്‍ന്നതുമായ  കന്നുകാലി മേഖലയ്ക്ക് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി അടിത്തറയിട്ടു കഴിഞ്ഞു. 'വികസിത് ഇന്ത്യ 2047' എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ ഭക്ഷ്യസുരക്ഷ, കർഷക സമൃദ്ധി, മഹാമാരി പ്രതിരോധശേഷി എന്നിവ ഉറപ്പാക്കുന്നതിൽ മൃഗാരോഗ്യ മേഖലയിലെ സുസ്ഥിര നിക്ഷേപങ്ങൾ സുപ്രധാന പങ്കുവഹിക്കും.

 

അവലംബം:

 

Ministry of Fisheries, Animal Husbandry & Dairying

https://bharatpashudhan.ndlm.co.in/

https://www.dahd.gov.in/schemes/programmes/nadcp

https://www.pib.gov.in/PressReleseDetailm.aspx?PRID=2212290&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2101856

https://www.pib.gov.in/PressReleaseIframePage.aspx?PRID=1937850

https://www.pib.gov.in/PressReleaseIframePage.aspx?PRID=2117330

https://www.pib.gov.in/PressReleaseIframePage.aspx?PRID=2068146

https://www.pib.gov.in/PressReleasePage.aspx?PRID=2157899&reg=3&lang=2

https://sansad.in/getFile/loksabhaquestions/annex/185/AU3729_txHX3D.pdf?source=pqals

https://sansad.in/getFile/annex/268/AU1181_cZK9ZJ.pdf?source=pqars

https://sansad.in/getFile/loksabhaquestions/annex/185/AS371_0BKEvo.pdf?source=pqals

https://www.nddb.coop/sites/default/files/pdfs/NDDB_AR_2023_24_Eng.pdf

https://sansad.in/getFile/annex/270/AS349_IOMzfo.pdf?source=pqars

https://static.pib.gov.in/WriteReadData/userfiles/key%20results.pdf

https://www.dahd.gov.in/sites/default/files/2026-04/AnnualReport2025-26.pdf

Ministry of Health and Family Welfare

https://www.psa.gov.in/oneHealthMission

Office of the Principal Scientific Advisor to the Government of India

https://psa.gov.in/CMS/web/sites/default/files/psa_custom_files/Anthology%20of%20S%26T%20Activities_compressed%20%281%29.pdf

Cabinet

https://www.pib.gov.in/PressReleasePage.aspx?PRID=2108419&reg=3&lang=2 

World Health Organization

https://www.who.int/health-topics/one-health#tab=tab_1

 

Click to see pdf

****

 

(Explainer ID: 159692) आगंतुक पटल : 11
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Assamese , Telugu , Kannada