Posted On:
21 AUG 2026 10:28AM
കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ മുൻനിര വില-പിന്തുണ ചട്ടക്കൂടാണ് പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷണ അഭിയാൻ (പ്രധാനമന്ത്രിയുടെ കർഷക വരുമാന സംരക്ഷണ യജ്ഞം/പി.എം-ആശ). ഏറ്റവും കുറഞ്ഞ താങ്ങുവില (എം.എസ്.പി) നടപ്പിലാക്കുന്നത് ശക്തിപ്പെടുത്തുന്നതിനും പ്രതിസന്ധിഘട്ടങ്ങളിലെ നിർബന്ധിത വില്പനയെ കുറയ്ക്കുന്നതിനുമുള്ള വിവിധങ്ങളായ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവയുടെ സംഭരണം കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ നാഫെഡ്, എൻ.സി.സി.എഫ് തുടങ്ങിയ ഏജൻസികൾ വഴി നടത്തുന്നു. 2026-27 ലെ 7,200 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ, പി.എം-ആശ ഫലപ്രദമായ വില-പിന്തുണ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നു. ആധാർ അധിഷ്ഠിത പ്രാമാണീകരണം, ഇ-നാം, ഇ-സമൃദ്ധി, ഇ-സംയുക്തി എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പരിഷ്‌കാരങ്ങൾ സുതാര്യതയും സംഭരണ കാര്യക്ഷമതയും മെച്ചപ്പെടുത്തിയിട്ടുണ്ട്. കാർഷിക അടിസ്ഥാനസൗകര്യ നിധിയിൽ നിന്നുള്ള പിന്തുണയും വിപുലീകൃതമായ സംഭരണ പരിരക്ഷയും പദ്ധതിയെ കൂടുതൽ ശാക്തീകരിച്ചു.
|
കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കൽ
ചെറുകിട, നാമമാത്ര കർഷകർ ഉൾപ്പെടെ എല്ലാ കർഷകരിലും കുറഞ്ഞ താങ്ങുവിലയുടെ (എം.എസ്.പി ആനുകൂല്യങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര ഗവണ്മെൻ്റ് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതിലൊരു സുപ്രധാന സംരംഭമാണ് പ്രധാനമന്ത്രി അന്നദാത ആയ് സംരക്ഷണ അഭിയാൻ (പി.എം-ആശ). 2018 സെപ്റ്റംബറിലാണ് കേന്ദ്ര ഗവണ്മെൻ്റ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഉപഭോക്താക്കൾക്ക് വില സ്ഥിരത നിലനിർത്തുന്നതിനൊപ്പം കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കാനുമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പി.എം-ആശ ഒരു ഏകീകൃത ചട്ടക്കൂടിന് കീഴിൽ ഒന്നിലധികം വില പിന്തുണാ സംവിധാനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. വിളയുടെയും വിപണിയുടെയും സാഹചര്യങ്ങൾക്കനുസൃതമായാണ് ഓരോ സംവിധാനവും നടപ്പിലാക്കുന്നത്. ഈ പദ്ധതി എം.എസ്.പി നടപ്പാക്കുന്നതിനെ ശക്തിപ്പെടുത്തുകയും കർഷകർക്കിടയിലെ പ്രതിസന്ധിഘട്ടങ്ങളിലെ നിർബന്ധിത വില്പനയെ കുറയ്ക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഭക്ഷ്യ വില സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം ഇത് കാർഷിക വരുമാനത്തെ സുസ്ഥിരമാക്കുന്നു.
പി.എം-ആശ പ്രകാരം, ഓരോ വിപണന സീസണിനും മുമ്പായി സംഭരണ ക്രമീകരണങ്ങൾ ആരംഭിക്കുന്നു. വിളകൾ വിപണിയിലെത്തുന്നതിനുമുമ്പ് തന്നെ കേന്ദ്ര നോഡൽ ഏജൻസികളും സംസ്ഥാന ഗവണ്മെൻ്റുകളും സംഭരണ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. ഈ ഏകോപിത സമീപനം സമയബന്ധിതമായ സംഭരണ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും രാജ്യത്തുടനീളം ഫലപ്രദമായ എം.എസ്.പി നടപ്പാക്കുന്നതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
നയരൂപകല്പനയും സ്ഥാപനപരമായ ചട്ടക്കൂടും
പി.എം-ആശ പൊതുവായി നാല് പ്രധാന ഘടകങ്ങളെ ഉൾക്കൊള്ളുന്നു:
വില പിന്തുണാ പദ്ധതി (പി.എസ്.എസ്), വില സ്ഥിരതാ നിധി (പി.എസ്.എഫ്), വിലക്കുറവ് നികത്തുന്നതിനുള്ള ധനസഹായ പദ്ധതി (പി.ഡി.പി.എസ്), വിപണി ഇടപെടൽ പദ്ധതി (എം.ഐ.എസ്).

1. വില പിന്തുണാ പദ്ധതി (പി.എസ്.എസ്):
വിളവെടുപ്പ് സമയത്ത് വിപണി വില എം.എസ്.പിയിൽ താഴെയാകുമ്പോൾ കുറഞ്ഞ താങ്ങുവിലയിൽ വിള സംഭരിക്കുന്നത് ഈ പദ്ധതി ഉറപ്പാക്കുന്നു. പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. സംസ്ഥാന ഗവണ്മെൻ്റുകളുടെ അഭ്യർത്ഥനപ്രകാരം ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷൻ (നാഫെഡ്), ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ (എൻ.സി.സി.എഫ്) തുടങ്ങിയ ഏജൻസികൾ വഴിയാണ് സംഭരണം നടത്തുന്നത്. സാധുവായ ഭൂരേഖകളുള്ള രജിസ്റ്റർ ചെയ്ത കർഷകർക്ക് മാത്രമേ അർഹതയുള്ളൂ എന്നതിനാൽ ഇത് ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ടുള്ള ആനുകൂല്യലഭ്യത ഉറപ്പാക്കുന്നു. ഇത് പ്രതിസന്ധിഘട്ടങ്ങളിലെ നിർബന്ധിത വില്പന തടയാൻ സഹായിക്കുകയും വിലയിടിവ് നേരിടുമ്പോൾ കർഷകർക്ക് വരുമാന സ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു.
2024-25 സംഭരണ വർഷം മുതൽ, വില പിന്തുണാ പദ്ധതി (പി.എസ്.എസ്) പ്രകാരം പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര എന്നിവയുടെ സംഭരണം തുടക്കത്തിൽ ഒരു സംസ്ഥാനത്തിൻ്റെയോ കേന്ദ്രഭരണ പ്രദേശത്തിൻ്റെയോ ഉത്പാദനത്തിൻ്റെ 25 ശതമാനം വരെ അനുവദിച്ചിരിക്കുന്നു. ഈ പരിധിക്കപ്പുറമുള്ള അധിക സംഭരണം, ദേശീയ ഉത്പാദനത്തിൻ്റെ 25 ശതമാനം വരെ സെക്രട്ടറിമാരുടെ സമിതി അംഗീകരിച്ചേക്കാം. എന്നിരുന്നാലും, ആഭ്യന്തര പയർവർഗ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും, സംസ്ഥാന ഉത്പാദനത്തിൻ്റെ 100 ശതമാനം വരെ തുവര, ഉഴുന്ന്, മസൂർ പരിപ്പുകളുടെ സംഭരണം അനുവദിച്ചിരിക്കുന്നു.
2. വില സ്ഥിരതാ നിധി (പി.എസ്.എഫ്):
പയർവർഗ്ഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ അവശ്യവസ്തുക്കളുടെ കരുതൽ ശേഖരം നിലനിർത്തുന്നതിലൂടെ, വില സ്ഥിരതാ നിധി (പി.എസ്.എഫ്) ഉപഭോക്താക്കളെ വിലയിലെ ചാഞ്ചാട്ടത്തിൽ നിന്ന് സംരക്ഷിക്കുന്നു. പ്രധാനപ്പെട്ട കാർഷിക-ഹോർട്ടികൾച്ചറൽ ഉൽപ്പന്നങ്ങളുടെ വില സ്ഥിരപ്പെടുത്തുന്നതിനാണ് ഇത് സ്ഥാപിച്ചത്.
വിളവെടുപ്പ് സമയത്ത് സാധനങ്ങൾ സംഭരിക്കുകയും, വിലക്കയറ്റം നിയന്ത്രിക്കുന്നതിനും താങ്ങാനാവുന്ന വില ഉറപ്പാക്കുന്നതിനുമായി ഉത്പാദനം കുറഞ്ഞ സീസണുകളിൽ പുറത്തിറക്കുകയും ചെയ്യുന്നു. പി.എസ്.എഫ് ഇപ്പോൾ പി.എം-ആശയുമായി ലയിപ്പിച്ചെങ്കിലും കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പാണ് ഇത് കൈകാര്യം ചെയ്യുന്നത്.
3. വിലക്കുറവ് നികത്തുന്നതിനുള്ള ധനസഹായ പദ്ധതി (പി.ഡി.പി.എസ്):
വിലക്കുറവ് നികത്തുന്നതിനുള്ള ധനസഹായ പദ്ധതി (പി.ഡി.പി.എസ്) പ്രകാരം, കർഷകരുടെ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങി സംഭരിക്കുന്നില്ല. പകരം കുറഞ്ഞ താങ്ങുവിലയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട വിപണികളിലെ യഥാർത്ഥ വിപണി വിലയും തമ്മിലുള്ള വില വ്യത്യാസം, എം.എസ്.പി മൂല്യത്തിൻ്റെ പതിനഞ്ച് ശതമാനം വരെ, നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നു. ഈ പദ്ധതി പ്രധാനമായും എണ്ണക്കുരുക്കൾക്ക് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. കൂടാതെ വലിയ സംഭരണ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത കുറയ്ക്കുകയും ചെയ്യുന്നു. ഇത് കർഷകർക്ക് എം.എസ്.പി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം വിപണി അടിസ്ഥാനമാക്കിയുള്ള വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നു.
4. വിപണി ഇടപെടൽ പദ്ധതി (എം.ഐ.എസ്):
വേഗത്തിൽ കേടു വരുന്ന കാർഷിക, തോട്ടവിള ഉത്പന്നങ്ങൾ സംഭരിക്കുന്നതിനാണ് വിപണി ഇടപെടൽ പദ്ധതി (എം.ഐ.എസ്) രൂപകൽപ്പന ചെയ്തിരിക്കുന്നത്. താങ്ങുവില ബാധകമല്ലാത്ത തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് തുടങ്ങിയ ഉൽപ്പന്നങ്ങളെയാണ് ഇത് ലക്ഷ്യമിടുന്നത്. മുൻപത്തെ സാധാരണ സീസണിലെ നിരക്കുകളേക്കാൾ വിപണി വില കുറഞ്ഞത് പത്ത് ശതമാനം കുറയുമ്പോഴാണ് ഈ പദ്ധതി സജീവമാകുന്നത്. നാഫെഡ്, എൻ.സി.സി.എഫ് പോലുള്ള കേന്ദ്ര നോഡൽ ഏജൻസികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കായി കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകൾ തമ്മിലുള്ള ചെലവ് പങ്കിടലിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. വിതരണം ആവശ്യകതയിൽ കവിയുന്ന സാഹചര്യങ്ങളിൽ ഈ പദ്ധതി പ്രത്യേകിച്ച് ഉപയോഗപ്രദമാവുന്നു.
പി.എം-ആശയ്ക്ക് കീഴിൽ മെച്ചപ്പെടുത്തിയ സാമ്പത്തിക പിന്തുണ
പ്രധാനമന്ത്രി അന്നദാത ആയ് സംരക്ഷണ യോജന (പി.എം-ആശ) പ്രകാരം, ബജറ്റ് വിഹിതം വർഷങ്ങളായി ക്രമാനുഗതമായി വർദ്ധിച്ചുവരികയാണ്. 2024-25 ൽ, പദ്ധതി പ്രകാരമുള്ള യഥാർത്ഥ ചെലവ് 5437.99 കോടി രൂപയായിരുന്നു. 2025-26 ൽ ബജറ്റിൽ അത് 6,941.36 കോടി രൂപയായി വർദ്ധിച്ചു, 2026-27 ൽ 7,200.00 കോടി രൂപയായി ഉയർന്നു. കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കുന്നതിലും വില ഉറപ്പാക്കൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലുമുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ മുൻഗണനയെ ഇത് പ്രതിഫലിപ്പിക്കുന്നു.

ചെലവിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക്:
കർഷകരുടെ ആദായകരമായ വരുമാനം ശക്തിപ്പെടുത്തൽ
ഉത്പാദനച്ചെലവിനേക്കാൾ ഉയർന്ന കുറഞ്ഞ താങ്ങുവില കർഷകരുടെ വരുമാന സുരക്ഷയെ ശക്തിപ്പെടുത്തുന്നു. കൂടാതെ പി.എം ആശ പ്രകാരമുള്ള പദ്ധതികളുടെ പിന്തുണയോടെ പ്രധാനവിളകളുടെ സുസ്ഥിരമായ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു.
2026-27 ൽ, നെല്ല് (സാധാരണ) ക്വിൻ്റലിന് 1,627 രൂപ വിലയുള്ളപ്പോൾ, അതിൻ്റെ എം.എസ്.പി ക്വിൻ്റലിന് 2,441 രൂപ ആയിരുന്നു, ഇത് 814 രൂപയുടെ ലാഭം നൽകി. സോയാബീൻ (മഞ്ഞ) ക്വിൻ്റലിന് 3,805 രൂപ വിലയുണ്ടായിരുന്നപ്പോൾ, അതിൻ്റെ എം.എസ്.പി ക്വിൻ്റലിന് 5,708 രൂപ ആയിരുന്നു, ഇത് 1,903 രൂപയുടെ ലാഭം നൽകി.

2026-27 ൽ, ഗോതമ്പിൻ്റെ ഉത്പാദനച്ചെലവ് ക്വിൻ്റലിന് 1,239 രൂപയും എം.എസ്.പി ക്വിൻ്റലിന് 2,585 രൂപയുമാണ്, ഇത് 1,346 രൂപയുടെ ലാഭം ഉറപ്പാക്കുന്നു. അതേസമയം, ചണത്തിൻ്റെ ഉൽപാദനച്ചെലവ് ക്വിൻ്റലിന് 3,662 രൂപയും എം.എസ്.പി ക്വിൻ്റലിന് 5,925 രൂപയുമാണ്, ഇത് 2,293 രൂപയുടെ ഏറ്റവും ഉയർന്ന ലാഭവിഹിതമാണ് നൽകുന്നത്. ഈ ആദായകരമായ തറവില ലാഭങ്ങൾ, വിലയുറപ്പ് ശക്തിപ്പെടുത്തുന്നതിലൂടെയും കാർഷിക വിപണികളിൽ കർഷകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തുന്നതിലൂടെയും പി.എം-ആശയുടെ ലക്ഷ്യങ്ങളെ ഊട്ടിയുറപ്പിക്കുന്നു.
മൊത്തത്തിൽ, വിളകളിലും വർഷങ്ങളിലുമായി എം.എസ്.പി ഉത്പാദനച്ചെലവിനെ നിരന്തരം കവച്ചുവെക്കുന്നു. കൂടാതെ കർഷകർക്ക് മികച്ച വില സാക്ഷാത്കാരം ഉറപ്പാക്കിക്കൊണ്ട് പി.എം-ആശ ഈ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. കാർഷിക മേഖലയിൽ സ്ഥിരതയാർന്ന വരുമാനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്ന ഒരു പിന്തുണാ ചട്ടക്കൂടിനെ ഇത് എടുത്തുകാണിക്കുന്നു.
കൃഷിയിടങ്ങളിൽ നിന്ന് വിപണിയിലേക്കുള്ള
ഗതാഗത, വിപണന ശൃംഖല ശക്തിപ്പെടുത്തൽ
കാർഷിക വിപണനവും വിളവെടുപ്പിനു ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി എ.ഐ.എഫ്, ഇ-നാം തുടങ്ങിയ നിരവധി സംരംഭങ്ങൾ ഗവണ്മെൻ്റ് ഏറ്റെടുത്തിട്ടുണ്ട്. കാർഷിക അടിസ്ഥാനസൗകര്യ നിധി (എ.ഐ.എഫ്) 2,14,437 പദ്ധതികൾക്കായി 96,426 കോടി രൂപയുടെ വായ്പകൾ അനുവദിച്ചു. ഇതുവഴി 1,66,179 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം സമാഹരിക്കാൻ കഴിഞ്ഞു
23 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1,656 ചന്തകളെ (മണ്ഡി) ഇ-നാം പ്ലാറ്റ്‌ഫോം സമന്വയിപ്പിക്കുകയും, 4,94,847 കോടി രൂപയുടെ വ്യാപാരം സാധ്യമാക്കുകയും ചെയ്തു. ഇ-നാമിൽ 4,776 എഫ്.പി.ഒകളെ രജിസ്റ്റർ ചെയ്യുകയും 7,334 എഫ്.പി.ഒകളെ ഡിജിറ്റൽ വ്യാപാരത്തിനായുള്ള തുറന്ന ശൃംഖലയിൽ (ഒ.എൻ.ഡി.സി) ഉൾപ്പെടുത്തുകയും ചെയ്തു. 25,081 കാർഷിക വിപണന അടിസ്ഥാനസൗകര്യ പദ്ധതികൾക്കൊപ്പം 992.6 ലക്ഷം മെട്രിക് ടൺ സംഭരണ ശേഷിയുള്ള 50,249 വെയർഹൗസുകൾക്കും ഗവണ്മെൻ്റ് അംഗീകാരം നൽകിയിട്ടുണ്ട്.
സമീപകാല പി.എം-ആശ പരിഷ്‌കാരങ്ങളിൽ ബയോമെട്രിക് കർഷക പ്രാമാണീകരണം, നേരത്തെ രജിസ്റ്റർ ചെയ്ത കർഷകരിൽ നിന്ന് നേരിട്ടുള്ള സംഭരണം, തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് (ടി.ഒ.പി) വിളകൾക്കുള്ള ഗതാഗത പിന്തുണ, മാർക്കറ്റ് ഇടപെടൽ പദ്ധതി പ്രകാരം വില വ്യത്യാസ പണമിടപാടുകൾ എന്നിവ അവതരിപ്പിച്ചു.
പി.എം-ആശ പദ്ധതി നിർവഹണം കൂടുതൽ കാര്യക്ഷമമാക്കി ബീഹാറും ഛത്തീസ്ഗഡും
ബീഹാറിൽ, ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷൻ (എൻ.സി.സി.എഫ്) വഴി ആദ്യമായി മസൂർ പരിപ്പിൻ്റെ സംഘടിത സംഭരണം ആരംഭിച്ചു. 48 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (പി.എ.സി.എസ്), കാർഷിക ഉത്പാദക സംഘടനകൾ (എഫ്.പി.ഒ) എന്നിവയിലൂടെ പി.എം-ആശയ്ക്ക് കീഴിൽ പയർവർഗ്ഗ സംഭരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പിനെയാണ് ഇത് അടയാളപ്പെടുത്തുന്നത്. 2026 ഓഗസ്റ്റ് 10 വരെ, എൻ.സി.സി.എഫ് 1042.65 മെട്രിക് ടൺ മസൂർ സംഭരിച്ചു, 358 കർഷകരെ രജിസ്റ്റർ ചെയ്തതിൽ 285 പേർക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു. ഇതേ കാലയളവിൽ, നാഫെഡ് 1,814.13 മെട്രിക് ടൺ മസൂർ സംഭരിച്ചു, 495 കർഷകരെ രജിസ്റ്റർ ചെയ്തതിൽ, 455 കർഷകർക്ക് പ്രയോജനം ലഭിച്ചു.
ഛത്തീസ്ഗഡിൽ, പ്രവർത്തനക്ഷമമായ 200 പി.എ.സി.എസുകളുടെയും 12 എഫ്.പി.ഒകളുടെയും ശൃംഖലയിലൂടെ പി.എം-ആശയുടെ കീഴിലുള്ള സംഭരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. 2026 ഓഗസ്റ്റ് 10 വരെ, എൻ.സി.സി.എഫ് 18392.228 മെട്രിക് ടൺ കടല, 22.231 മെട്രിക് ടൺ മസൂർ, 1035.0205 മെട്രിക് ടൺ കടുക് എന്നിവ സംഭരിച്ചു. 21,721 കർഷകരെ രജിസ്റ്റർ ചെയ്യുകയും 13,790 കർഷകർക്ക് സംഭരണത്തിൻ്റെ പ്രയോജനം ലഭ്യമാവുകയും ചെയ്തു. ഇതേ കാലയളവിൽ, നാഫെഡ് 17,020.65 മെട്രിക് ടൺ കടലയും 355.05 മെട്രിക് ടൺ മസൂറും സംഭരിച്ചു. 46,146 കർഷകരെ രജിസ്റ്റർ ചെയ്യുകയും 13,673 കർഷകർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു. ഈ സംരംഭങ്ങൾ എം.എസ്.പി അധിഷ്ഠിത സംഭരണം ശക്തിപ്പെടുത്തുകയും വിപണി പ്രാപ്യത മെച്ചപ്പെടുത്തുകയും മേഖലാധിഷ്ഠിത പയർവർഗ്ഗ സ്വയംപര്യാപ്തതാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു.
കർഷക വരുമാനം സുരക്ഷിതമാക്കൽ,
വിപണികളെ ശക്തിപ്പെടുത്തൽ
ഉറപ്പായ സംഭരണം, വില സ്ഥിരത, ഫലപ്രദമായ വിപണി ഇടപെടലുകൾ എന്നിവയിലൂടെ കർഷകരെ പിന്തുണയ്ക്കുന്നതിനുള്ള ശക്തവും ഘടനാപരവുമായ ഒരു സംവിധാനമായി പി.എം-ആശ ഉയർന്നുവന്നിട്ടുണ്ട്.
ഇത് നാഫെഡ്, എൻ.സി.സി.എഫ് പോലുള്ള ഏജൻസികൾ മുഖേന പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, കൊപ്ര തുടങ്ങിയ പ്രധാന വിളകളുടെ സമയബന്ധിതമായ സംഭരണം സാധ്യമാക്കുന്നു. കൂടുതൽ സംഭരണ കേന്ദ്രങ്ങൾ സ്ഥാപിച്ചത് കർഷകരുടെ വിപണി പ്രാപ്യതയും കൂട്ടായ ശാക്തീകരണവും കൂടുതൽ ബലവത്താക്കി.
ഡിജിറ്റൽ പരിഷ്‌കാരങ്ങളും അടിസ്ഥാനസൗകര്യ പിന്തുണയും സംസ്ഥാനങ്ങളിലുടനീളം സംഭരണ പ്രവർത്തനങ്ങളുടെ സുതാര്യത, കാര്യക്ഷമത, പരിധി എന്നിവ മെച്ചപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിൽ ഈ ശ്രമങ്ങൾ കർഷകർക്ക് മികച്ച വില സാക്ഷാത്കാരം ഉറപ്പാക്കുകയും, പ്രതിസന്ധിഘട്ടങ്ങളിലെ നിർബന്ധിത വിൽപ്പന കുറയ്ക്കുകയും, രാജ്യത്ത് സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ ഒരു കാർഷിക സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അവലംബം.
Ministry of Agriculture and Farmers Welfare
https://www.pib.gov.in/PressReleasePage.aspx?PRID=2155528®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2112407®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2246181®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2241414®=3&lang=2
https://agriwelfare.gov.in/Documents/AR_Eng_2024_25.pdf
https://www.pib.gov.in/PressNoteDetails.aspx?NoteId=154999&ModuleId=3®=3&lang=2
https://sansad.in/getFile/annex/268/AU2274_YtUhNS.pdf?source=pqars
Cabinet
https://www.pib.gov.in/PressReleasePage.aspx?PRID=2055990®=3&lang=2
Ministry of Finance
www.indiabudget.gov.in/doc/eb/sbe1.pdf
Click here to see pdf.
***