• Sitemap
  • Advance Search
Farmer's Welfare

ഇന്ത്യയുടെ മഖാന മേഖല: പരമ്പരാഗത വിളയിൽ നിന്ന് ആഗോള സൂപ്പർഫുഡിലേക്ക്

Posted On: 19 AUG 2026 10:45AM

മഖാന അഥവാ ഫോക്സ് നട്ട് ഇന്ത്യയിൽ അതിവേഗം വളരുന്ന ഒരു കാർഷിക-ഭക്ഷണ ഉൽപ്പന്നമായി ഉയർന്നുവന്നിട്ടുണ്ട്. പോഷകഗുണം, വർധിച്ചുവരുന്ന ആരോഗ്യബോധം, ആഗോളതലത്തിലുള്ള ഉയർന്ന ആവശ്യകത എന്നിവയാണ് ഇതിന് പിന്നിലെ കാരണം.  ലോകത്തിൽ ഏറ്റവും കൂടുതൽ മഖാന ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ബിഹാറാണ് രാജ്യത്തെ മഖാനയുടെ ആകെ ഉത്പാദനത്തിന്റെ മുക്കാൽ ഭാഗവും ആഗോള വിതരണത്തിന്റെ 8085 ശതമാനത്തോളവും സംഭാവന ചെയ്യുന്നത്. 202526 കാലയളവിൽ ഇന്ത്യ 7,264.89 മെട്രിക് ടൺ മഖാന ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു (കയറ്റുമതി മൂല്യം ₹19,296.08 ലക്ഷം). ആരോഗ്യകരവും പ്രീമിയവുമായ ലഘുഭക്ഷണങ്ങൾക്കുള്ള ശക്തമായ ആവശ്യകത കാരണം ആഭ്യന്തര വിപണിയിലും വില ഗണ്യമായി വർധിച്ചു. ദേശീയ മഖാന ബോർഡും ₹476.03 കോടിയുടെ കേന്ദ്രാവിഷ്കൃത പദ്ധതിയും ഉൾപ്പെടെയുള്ള ഗവൺമെന്റ് സംരംഭങ്ങൾ ഇതിന്റെ ഗവേഷണം, സംസ്കരണം, ബ്രാൻഡിംഗ്, കയറ്റുമതി, കർഷകക്ഷേമം എന്നിവയെ പിന്തുണയ്ക്കുന്നു. ഉയർന്നുവരുന്ന ആഭ്യന്തര-അന്തർദേശീയ ആവശ്യകതയോടെ കർഷക വരുമാനം വർധിപ്പിക്കാനും ഗ്രാമീണ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇന്ത്യയുടെ കാർഷിക-ഭക്ഷ്യ കയറ്റുമതി ശക്തിപ്പെടുത്താനും മഖാനയ്ക്ക് വലിയ സാധ്യതകൾ തുറന്നിടുന്നു.

മഖാന: ഇന്ത്യയുടെ സൂപ്പർഫുഡ് മേഖല വളർച്ചയുടെ പാതയിൽ

ശാസ്ത്രീയമായി യൂറിയൽ ഫെറോക്സ് എന്നറിയപ്പെടുന്ന മഖാന, പ്രധാനമായും ആഴമില്ലാത്ത കുളങ്ങളിലും തടാകങ്ങളിലും തണ്ണീർത്തടങ്ങളിലും വളരുന്ന ഒരു ജലസസ്യമാണ്. ഈ സസ്യത്തിന്റെ വിത്താണ് ഭക്ഷയോഗ്യമായ ഭാഗം. വറുക്കുകയോ സംസ്കരിക്കുകയോ ചെയ്ത ശേഷം ഈ വിത്തുകൾ പൊട്ടിച്ച് 'ഫോക്സ് നട്ട്' ആയി ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മഖാന ഉൽപ്പാദക രാജ്യമാണ് ഇന്ത്യ. പ്രധാനമായും ബിഹാർ, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ അനുയോജ്യമായ കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങളും പരമ്പരാഗത കൃഷിരീതികളുമാണ് ഈ നേട്ടത്തിന് അടിത്തറയേകുന്നത്.

വർഷങ്ങളായി ബിഹാറിലെ ഒരു പരമ്പരാഗത ഭക്ഷണത്തിൽ നിന്ന് രാജ്യത്തുടനീളം വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ആരോഗ്യകരമായ ഭക്ഷണമായി മഖാന പരിണമിച്ചു. വർധിച്ചുവരുന്ന ആരോഗ്യബോധവും പിന്തുണയേകുന്ന ഗവൺമെന്റ് നയങ്ങളുമാണ് ഈ മാറ്റത്തിന് വഴിയൊരുക്കിയത്. മൂല്യവർധിത മഖാന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പുകളുടെ വളർച്ചയും കർഷക ഉൽപ്പാദക സംഘടനകളുടെ (FPO) വർധിച്ചുവരുന്ന പങ്കും ഈ മേഖലയുടെ വികാസത്തിന് സംഭാവന നൽകി. ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് 2025-26-ലെ കേന്ദ്ര ബജറ്റിൽ ദേശീയ മഖാന ബോർഡ് സ്ഥാപിക്കുമെന്ന് ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2025 സെപ്റ്റംബർ 15-ന് ബിഹാറിൽ വച്ച് ബോർഡ് ഔദ്യോഗികമായി തുടക്കം കുറിച്ചു. മഖാന മൂല്യശൃംഖലയെ ശക്തിപ്പെടുത്തുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ സംരംഭം.

ഈ മേഖലയെ കൂടുതൽ പിന്തുണയ്ക്കുന്നതിനായി 2025-26 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് മൊത്തം ₹476.03 കോടി അടങ്കൽ തുക വകയിരുത്തിക്കൊണ്ട് മഖാന വികസനത്തിനായുള്ള ഒരു കേന്ദ്രാവിഷ്കൃത പദ്ധതിക്ക് ഗവൺമെന്റ് അംഗീകാരം നൽകി. ഗവേഷണവും നവീനാശയവും പ്രോത്സാഹിപ്പിക്കുക, ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യത ഉറപ്പുവരുത്തുക, കർഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുക എന്നിവയിലാണ് ഈ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ വിളവെടുപ്പും വിളവെടുപ്പാനന്തര രീതികളും നവീകരിക്കുക, മൂല്യവർധനവ്, ബ്രാൻഡിംഗ്, മാർക്കറ്റിംഗ് എന്നിവ പ്രോത്സാഹിപ്പിക്കുക, കയറ്റുമതി വർധിപ്പിക്കുക, ഗുണനിലവാര നിയന്ത്രണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. ഈ കേന്ദ്രാവിഷ്കൃത  മഖാന വികസന പദ്ധതിക്ക് കീഴിൽ 2025-26 വർഷത്തേക്ക് ₹30 കോടിയും 2026-27 വർഷത്തേക്ക് ₹90 കോടിയും അംഗീകരിച്ചു.

ഇന്ത്യയുടെ മഖാന മുന്നേറ്റം

ഇന്ത്യ മഖാന ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ വ്യക്തമായ മുന്നേറ്റം തുടരുന്നു. ഇന്ത്യയിലെ മഖാന ഉൽപ്പാദനത്തിന്റെ മുക്കാൽ ഭാഗത്തോളവും സംഭാവന ചെയ്യുന്നത് ബിഹാറാണ്. ലോക വിപണിയിലെ വിതരണത്തിന്റെ 8085 ശതമാനത്തോളവും ഇവിടെ നിന്നാണ്. പ്രധാനമായും വടക്കൻ ബിഹാറിലാണ് മഖാന കൃഷി കേന്ദ്രീകരിച്ചിരിക്കുന്നത്.

സുപോൾ, സഹർസ, മധേപുര എന്നീ കോസി നദീതീര ജില്ലകളിലും മിഥില, സീമാഞ്ചൽ മേഖലകളിലെ സമീപ പ്രദേശങ്ങളിലുമാണ് ഇത് പ്രധാനമായും വളരുന്നത്. ഇത് ബിഹാറിനെ മഖാന മേഖലയുടെ കേന്ദ്ര ഹബ്ബാക്കി മാറ്റുന്നു.

കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ (DA&FW) ഹോർട്ടികൾച്ചർ സ്റ്റാറ്റിസ്റ്റിക്സ് യൂണിറ്റിന്റെ അന്തിമ കണക്കനുസരിച്ച് 2024-25-ൽ ഇന്ത്യയിലെ ആകെ മഖാന ഉൽപ്പാദനം 63,910 മെട്രിക് ടൺ (MT) ആയിരുന്നു. ഹെക്ടറിന് ശരാശരി 2.03 മെട്രിക് ടൺ ആയിരുന്നു ഉൽപ്പാദനക്ഷമത. രണ്ടാമത്തെ മുൻകൂർ കണക്കുകൾ (202526) അനുസരിച്ച് ഇന്ത്യയിലെ ആകെ മഖാന ഉൽപ്പാദനം 80,590 മെട്രിക് ടണ്ണും ശരാശരി ഉൽപ്പാദനക്ഷമത ഹെക്ടറിന് 2.34 മെട്രിക് ടണ്ണുമാണ്. 202526-ൽ 60,000 മെട്രിക് ടൺ ഉൽപ്പാദനവും ഹെക്ടറിന് 2.00 മെട്രിക് ടൺ ശരാശരി ഉൽപ്പാദനക്ഷമതയുമായി രാജ്യത്ത് മഖാന ഉൽപ്പാദനത്തിൽ ബിഹാർ തന്നെയാണ് മുന്നിൽ.

പരമ്പരാഗതമായി കുളങ്ങളിലാണ് കൃഷി ചെയ്തിരുന്നതെങ്കിലും ഫീൽഡ് സിസ്റ്റം ഫാർമിംഗ് പോലുള്ള ആധുനിക സാങ്കേതികവിദ്യകളും സ്വർണ വൈദേഹി, സബൂർ മഖാന-1 തുടങ്ങിയ മെച്ചപ്പെടുത്തിയ വിത്തിനങ്ങളും ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ സഹായിച്ചു. കൃഷിസ്ഥലത്തിന്റെ വിസ്തൃതിയിലുണ്ടായ വർധനവ്, മെച്ചപ്പെട്ട ഉൽപ്പാദനക്ഷമത, കൃഷിയിലെ അപകടസാധ്യതകൾ കുറഞ്ഞത് എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണമായത്.

മഖാന - ഭൗമ സൂചിക (GI) പദവി

മിഥില മഖാനയ്ക്ക് ഭൗമ സൂചിക (GI) പദവി ലഭിച്ചു. ബിഹാറിലെ മിഥില മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന മഖാനയുടെ സവിശേഷമായ ഗുണമേന്മ, പ്രശസ്തി, പാരമ്പര്യ അറിവ് എന്നിവയ്ക്കുള്ള അംഗീകാരമാണിത്. ജി.ഐ പദവി നിയമപരമായ സംരക്ഷണം നൽകുകയും വിപണിയിലെ തനിമ നിലനിർത്തുകയും ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിൽ ബ്രാൻഡിംഗ് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

മഖാന വിപണിയിലെ ആഭ്യന്തര ഉൽപ്പാദനവും ഉപഭോഗ വൈവിധ്യങ്ങളും

ഇന്ത്യ ഓരോ വർഷവും 0.6 ലക്ഷം മെട്രിക് ടണ്ണിലധികം മഖാന ഉൽപ്പാദിപ്പിക്കുന്നു. ഇതിൽ ഏകദേശം 40 ശതമാനം (അതായത് 0.23-0.25 ലക്ഷം മെട്രിക് ടൺ) കയറ്റുമതി ചെയ്യുമ്പോൾ ബാക്കി ആഭ്യന്തരമായി ഉപഭോഗം ചെയ്യുന്നു. ക്ലീൻ-ലേബൽ, സസ്യാധിഷ്ഠിത സൂപ്പർഫുഡുകൾക്കുള്ള ആഗോള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ശക്തമായ ഉൽപ്പാദന അടിത്തറ മഖാനയെ അന്താരാഷ്ട്ര വിപണികളിൽ ഒരു പ്രീമിയം ലഘുഭക്ഷണമായി മാറ്റുന്നു.

ആഭ്യന്തര മഖാന വിപണി 2021-22-നും 2024-25-നും ഇടയിൽ 17-18 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. ഉയർന്നുവരുന്ന ആരോഗ്യബോധം, പ്രീമിയമൈസേഷൻ, ബ്രാൻഡഡ് കമ്പനികളുടെ വ്യാപനം എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണമായത്. ശക്തമായ ആഭ്യന്തര ആവശ്യകത കയറ്റുമതി വിപണിയിലെ വ്യതിയാനങ്ങളിൽ നിന്ന് ഈ മേഖലയെ സംരക്ഷിക്കാനും സഹായിച്ചു.

2029-30 ഓടെ വിപണി ₹11,000-12,000 കോടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 മുതൽ 2025 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഉൽപ്പാദന അളവിൽ 4 മുതൽ 5 ശതമാനം വരെ മാത്രമാണ് വർധനവുണ്ടായത്. എന്നാൽ ശരാശരി വില 2020-2022 കാലയളവിലെ കിലോഗ്രാമിന് ₹500-ൽ നിന്ന് 2025-ൽ ഏകദേശം ₹1,250 ആയി ഉയർന്നു. ആരോഗ്യദായകമായ ലഘുഭക്ഷണങ്ങൾക്കുള്ള ഉയർന്ന ആവശ്യകത, പ്രീമിയം ബ്രാൻഡിംഗ്, പരിമിതമായ വിതരണം എന്നിവയാണ് ഈ വിലവർധനവിന് കാരണം.

പ്രതീക്ഷിക്കുന്ന പ്രതിമാസ ആഭ്യന്തര ഉപഭോഗം (പോപ്പ്ഡ് മഖാന)

ഇന്ത്യയിലെ പോപ്പ്ഡ് മഖാനയുടെ പ്രതിമാസ ആഭ്യന്തര ഉപഭോഗം 3,000-3,500 മെട്രിക് ടൺ ആയി കണക്കാക്കപ്പെടുന്നു. ലഘുഭക്ഷണങ്ങൾക്കുള്ള ആവശ്യകത വർധിക്കുന്ന ഉത്സവ സീസണുകളിൽ ഇത് ഏകദേശം 5,000 മെട്രിക് ടൺ ആയി ഉയരുന്നു.

ആഭ്യന്തര ഉപഭോഗത്തിൽ ബ്രാൻഡഡ് FMCG, സംഘടിത ലഘുഭക്ഷണ നിർമ്മാതാക്കൾ എന്നിവ പ്രതിമാസം 1,800-2,000 മെട്രിക് ടൺ സംഭാവന ചെയ്യുന്നു. ഈ വിഭാഗത്തിന്റെ ദ്രുതഗതിയിലുള്ള പ്രീമിയമൈസേഷനും റീട്ടെയിൽ വിപണനത്തിന്റെ വ്യാപനവുമാണ് ഇതിന് കാരണം. പായ്ക്ക് ചെയ്യാത്തതും അസംഘടിതവുമായ റീട്ടെയിൽ മേഖല പ്രതിമാസം 1,200-1,400 മെട്രിക് ടൺ സംഭാവന ചെയ്യുന്നു. പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് പ്രചാരം ലഭിക്കുന്നുണ്ടെങ്കിലും, ടയർ-2, ടയർ-3 വിപണികളിൽ ഇവ ഇപ്പോഴും പ്രബലമായി തുടരുന്നു.

പ്രാദേശിക പാടങ്ങളിൽ നിന്ന് ആഗോള വിപണിയിലേക്ക്: കയറ്റുമതി പ്രയാണം

2025-ന് മുമ്പ് ജനറൽ ഹാർമണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചർ (HSN) കോഡുകൾക്ക് കീഴിലാണ് മഖാനയെ തരംതിരിച്ചിരുന്നത്. ഇതിനാൽ ഈ ഉൽപ്പന്നത്തിന്റെ പ്രത്യേക കയറ്റുമതി വിവരങ്ങൾ ലഭ്യമായിരുന്നില്ല. ഈ പോരായ്മ പരിഹരിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) 2025-ൽ പോപ്പ്ഡ് മഖാനയ്ക്കും മറ്റ് മഖാന ഉൽപ്പന്നങ്ങൾക്കുമായി പ്രത്യേക HSN കോഡ് അവതരിപ്പിച്ചു. 202526-ൽ ഇന്ത്യ 7,264.89 മെട്രിക് ടൺ മഖാന ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു (കയറ്റുമതി മൂല്യം ₹19,296.08 ലക്ഷം).

ഇന്ത്യയുടെ കയറ്റുമതി വിപണികൾ പ്രധാനമായും ചില നിർദ്ദിഷ്ട രാജ്യങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. യു.എസ് (40%), കാനഡ (20%), യു.എ.ഇ (17%) എന്നിവ ചേർന്നാണ് ആകെ മഖാന കയറ്റുമതിയുടെ 77% പങ്കും കൈയാളുന്നത്. എന്നിരുന്നാലും വലിയ തോതിൽ ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഈ രാജ്യങ്ങൾ താരതമ്യേന കുറഞ്ഞ യൂണിറ്റ് വിലയാണ് നൽകുന്നത്: യു.എസ് ($19.5/കി.ഗ്രാം), കാനഡ ($15.8/കി.ഗ്രാം), യു.എ.ഇ ($13.3/കി.ഗ്രാം). അതേസമയം കുറഞ്ഞ അളവിൽ മാത്രം (15%) വാങ്ങുന്ന ജർമ്മനി ($26.0/കി.ഗ്രാം), നേപ്പാൾ ($21.6/കി.ഗ്രാം), ഓസ്‌ട്രേലിയ ($21.0/കി.ഗ്രാം) തുടങ്ങിയ ചെറിയ വിപണികളിൽ നിന്ന് ഉയർന്ന പ്രീമിയം വില ലഭിക്കുന്നു. 10 ശതമാനം വിപണി പങ്കാളിത്തവും കിലോഗ്രാമിന് ശരാശരി $20 വില ലഭ്യതയുമുള്ള യു.കെ ഒരു സന്തുലിതമായ വിപണിയായി നിലകൊള്ളുന്നു. യു.എസ്, ഗൾഫ് വിപണികൾക്ക് പുറമേ ഉയർന്ന വില നൽകുന്ന മറ്റ് രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതി വ്യാപിപ്പിക്കുന്നത് വഴി മൊത്തത്തിലുള്ള വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

മഖാന കൃഷി വ്യാപിപ്പിക്കലും കർഷക പിന്തുണ ശക്തിപ്പെടുത്തലും

ഈ പദ്ധതിക്ക് കീഴിൽ വിവിധ സംസ്ഥാനങ്ങളിലായി 1,010 ഹെക്ടർ അധിക ഭൂമി കൂടി മഖാന കൃഷിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടാതെ 73 ഹെക്ടർ പ്രദേശം വിത്തുൽപ്പാദന പരിപാടിക്ക് കീഴിലും ഉൾപ്പെടുത്തി. മഖാനയുടെ മെച്ചപ്പെടുത്തിയ ഉൽപ്പാദന സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനായി മൊത്തം 89 ഫ്രണ്ട് ലൈൻ ഡെമോൺസ്ട്രേഷനുകൾ (FLD) നടത്തി. സംസ്ഥാന കാർഷിക സർവകലാശാലകൾ (SAU), കേന്ദ്ര കാർഷിക സർവകലാശാലകൾ (CAU), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) സ്ഥാപനങ്ങൾ തുടങ്ങിയവ വഴി സംഘടിപ്പിച്ച സെമിനാറുകൾ, സന്ദർശനങ്ങൾ, പരിശീലന പരിപാടികൾ എന്നിവയിലൂടെ കർഷകരുടെ ശേഷി വികസനം സാധ്യമാക്കി. മഖാന വികസനത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയിലൂടെ 2025-26 വർഷത്തിൽ രാജ്യത്തെ മൊത്തം 8,159 കർഷകർക്ക് പ്രയോജനം ലഭിച്ചു.

കറുമുറെയ്ക്ക് പിന്നിലെ ശാസ്ത്രം: മഖാനയുടെ പോഷക മേന്മ

കാർബോഹൈഡ്രേറ്റുകൾ, ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ, ഡയറ്ററി ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ അത്യന്താപേക്ഷിതമായ സൂക്ഷ്മപോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് മഖാന. സോഡിയത്തിന്റെ അളവ് കുറവായതും കൊളസ്ട്രോൾ പൂർണ്ണമായും ഇല്ലാത്തതുമായ ഘടന വിവിധ തരത്തിലുള്ള ഭക്ഷണ ആവശ്യങ്ങൾക്ക് ഇതിനെ അനുയോജ്യമാക്കുന്നു.

പോഷകഗുണങ്ങളും ആരോഗ്യ ആനുകൂല്യങ്ങളും കാരണം മഖാന ഏറെ പ്രിയങ്കരവും ഒരു ആഗോള സൂപ്പർഫുഡായി വേഗത്തിൽ അംഗീകരിക്കപ്പെടുന്നതുമാണ്. ഇതിലെ കുറഞ്ഞ ഗ്ലൈസെമിക് ലോഡ് പ്രമേഹമുള്ളവർക്കും അനുയോജ്യമാക്കുന്നു. കൂടാതെ ഇത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനം സുഗമമാക്കുകയും വാർധക്യ സഹജമായ ലക്ഷണങ്ങളെ തടയുകയും ചെയ്യുന്നു. നട്സുകളായ ബദാം, വാൽനട്ട്, അണ്ടിപ്പരിപ്പ് എന്നിവയെ അപേക്ഷിച്ച് മഖാനയുടെ പോഷകഗുണം മെച്ചപ്പെട്ടതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇതിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ് (100 ഗ്രാമിൽ 0.33 ഗ്രാം മാത്രം). ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് ശരീരത്തിന് ആവശ്യമായ പല അമിനോ ആസിഡുകളും നൽകുന്നതിനൊപ്പം ഏകദേശം 95 ശതമാനം പ്രോട്ടീൻ ദഹനക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ എസൻഷ്യൽ അമിനോ ആസിഡ് ഇൻഡക്സും കെമിക്കൽ സ്കോറും മീനിന് തുല്യമാണ്.

സൂപ്പർഫുഡിന്റെ ഉൽപ്പാദനം: വിത്തിൽ നിന്ന് ലഘുഭക്ഷണത്തിലേക്ക്

മഖാന ഉൽപ്പാദനത്തിൽ മൂല്യശൃംഖല രൂപീകരിക്കുന്ന നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നു. വിളവെടുപ്പും വിത്തുശേഖരണവും കൃഷിയിട തലത്തിലാണ് നടക്കുന്നത്. വൃത്തിയാക്കലും ഉണക്കലും പ്രാഥമിക സംസ്കരണത്തിന്റെ ഭാഗമാണ്. വറുക്കൽ അല്ലെങ്കിൽ പൊട്ടിക്കൽ (popping), തരംതിരിക്കൽ (grading), മിനുസപ്പെടുത്തൽ (polishing), പാക്കേജിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ദ്വിതീയ സംസ്കരണത്തിനും മൂല്യവർധനവിനും കീഴിൽ വരുന്നു.

കൃഷിയിട തലത്തിലുള്ള ഉൽപ്പാദനം

  

കൃഷിയിട തലത്തിലുള്ള ഉൽപ്പാദനത്തിൽ കുളം സജ്ജീകരിക്കൽ, വിത്ത് വിതയ്ക്കൽ, വിള പരിപാലനം, ജലാശയങ്ങളിൽ നിന്നുള്ള വിളവെടുപ്പ് എന്നിവ ഉൾപ്പെടുന്നു. ഈ ഘട്ടം വളരെ കഠിനാധ്വാനം ആവശ്യമായതും നൈപുണ്യമുള്ള തൊഴിലാളികളെ ആശ്രയിക്കുന്നതുമാണ്. വെള്ളത്തിനടിയിൽ വെച്ചാണ് നടത്തുന്നത് എന്നതിനാൽ വിത്തുശേഖരണം പ്രത്യേകിച്ചും പ്രയാസകരമാണ്. പരമ്പരാഗത കൃഷിരീതികൾ തന്നെയാണ് ഈ മേഖലയിൽ ഇപ്പോഴും മുന്നിട്ടുനിൽക്കുന്നത്. കൂടാതെ യന്ത്രവൽക്കരണത്തിന്റെ തോത് പരിമിതമായി തുടരുന്നു.

പ്രാഥമിക സംസ്കരണം

മഖാനയുടെ പ്രാഥമിക സംസ്കരണം കൂടുതലായും പരമ്പരാഗത ഉപകരണങ്ങളും രീതികളും ഉപയോഗിച്ച് വീടുകളിലോ മറ്റുമാണ് നടത്തുന്നത്. വിത്തുകൾ ഉണക്കി വൃത്തിയാക്കുന്നതോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. തുടർന്ന് ഉയർന്ന താപനിലയിൽ വറുത്തെടുക്കുന്നു. ചൂടാക്കിയ വിത്തുകൾ പിന്നീട് പൊട്ടിച്ച്, സാധാരണയായി ലഘുഭക്ഷണമായി കഴിക്കുന്ന നേർത്തതും കടുപ്പമുള്ളതുമായ രൂപത്തിലേക്ക് വികസിക്കുന്നു. പൊട്ടിച്ചെടുത്ത മഖാന പിന്നീട് മിനുസപ്പെടുത്തുകയും തരംതിരിക്കുകയും വലിപ്പത്തിനും ഗുണനിലവാരത്തിനും അനുസരിച്ച് ഗ്രേഡ് ചെയ്യുകയും ചെയ്യുന്നു. വലിപ്പമേറിയതും ഉയർന്ന ഗുണനിലവാരമുള്ളതുമായ മഖാനയ്ക്ക് വിപണിയിൽ ഉയർന്ന വില ലഭിക്കും.

      

ദ്വിതീയ സംസ്കരണവും മൂല്യവർധനവും

 

പൊട്ടിച്ചെടുത്ത മഖാന മിനുസപ്പെടുത്തി പാക്ക് ചെയ്യുന്നതാണ് അന്തിമ ഉൽപ്പന്നം. അടുത്ത കാലത്തായി ദ്വിതീയ സംസ്കരണം പരമ്പരാഗത രീതികൾക്കപ്പുറത്തേക്ക് വളർന്നിട്ടുണ്ട്. രുചികരമാക്കിയ മഖാന, റെഡി-ടു-ഈറ്റ് ലഘുഭക്ഷണങ്ങൾ, മഖാന പൊടി, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മേഖല മൂല്യവർധനവിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വലിയ സാധ്യത വാഗ്ദാനം ചെയ്യുന്നു.

ദേശീയ മഖാന ഗവേഷണ കേന്ദ്രം (NRCM)

ഗവേഷണത്തിലൂടെയും ശേഷി വികാസത്തിലൂടെയും ഇന്ത്യയിലെ മഖാന മേഖലയെ ആധുനികവൽക്കരിക്കുന്നതിൽ ദേശീയ മഖാന ഗവേഷണ കേന്ദ്രം (NRCM) പ്രധാന പങ്ക് വഹിക്കുന്നു. ഈ മേഖലയിലുടനീളം മെച്ചപ്പെട്ട കൃഷിരീതികളും സംസ്കരണ രീതികളും ഇത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന വിളവ് തരുന്ന മഖാന, മുള്ളുകളില്ലാത്ത സിംഗാഡ ഇനങ്ങൾ വികസിപ്പിച്ചെടുക്കൽ, ജലക്ഷമതയുള്ളതും സംയോജിതവുമായ കൃഷിരീതികൾ പരിചയപ്പെടുത്തൽ, മഖാനയും മത്സ്യകൃഷിയും സംയോജിപ്പിച്ചുള്ള കൃഷി ആരംഭിക്കൽ എന്നിവ NRCM നിർവഹിച്ചിട്ടുണ്ട്.

വർഷങ്ങളായി NRCM ഉയർന്ന വിളവ് നൽകുന്ന 15,824.1 കിലോഗ്രാം മഖാന വിത്തുകൾ കർഷകർക്കും കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾക്കും വിവിധ സംഘടനകൾക്കും വിതരണം ചെയ്തിട്ടുണ്ട്. NABARD, സംസ്ഥാന ഫിഷറീസ് വകുപ്പുകൾ, ബിഹാർ ഹോർട്ടികൾച്ചർ ഡെവലപ്‌മെന്റ് സൊസൈറ്റി, മറ്റ് സ്ഥാപനങ്ങൾ എന്നിവരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ.

2012-നും 2023-നും ഇടയിൽ 3,000-ത്തിലധികം കർഷകർക്ക് മെച്ചപ്പെട്ട കൃഷി, സംസ്കരണം, വിപണനം എന്നീ രീതികളിൽ പരിശീലനം നൽകി. കാര്യക്ഷമമായ ജല ഉപയോഗം, അനുയോജ്യമായ വിള സമ്പ്രദായങ്ങൾ, സമീകൃത പോഷക പരിപാലനം എന്നിവയിലാണ് പരിശീലനം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെയും മഖാന അധിഷ്ഠിത കാർഷിക വ്യവസായങ്ങളുടെ വളർച്ചയെയും പിന്തുണച്ചുകൊണ്ട് 24 സംരംഭങ്ങൾക്ക് ഈ കേന്ദ്രം സാങ്കേതിക സഹായവും നൽകിയിട്ടുണ്ട്.

ശേഷി വികസന ശ്രമങ്ങളുടെ തുടർച്ചയായി സംസ്ഥാന കാർഷിക സർവകലാശാലകളുമായും കേന്ദ്ര കാർഷിക സർവകലാശാലയുമായും (ബിഹാർ) ചേർന്ന് NRCM ട്രെയിൻ-ദി-ട്രെയിനേഴ്സ് രീതി നിർദ്ദേശിച്ചിട്ടുണ്ട്. മഖാന മൂല്യശൃംഖലയിലുടനീളം വിപുലീകരണ സേവനങ്ങളെ ശക്തിപ്പെടുത്തുകയാണ് ഈ രീതി ലക്ഷ്യമിടുന്നത്. കൃഷി, സംസ്കരണം, ഗ്രേഡിംഗ്, ഉണക്കൽ, പൊട്ടിക്കൽ, പാക്കേജിംഗ്, ബ്രാൻഡിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ മഖാന പൊട്ടിക്കുന്നതിനും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിനുമായി നിരവധി ഉപകരണങ്ങളും യന്ത്രങ്ങളും NRCM വികസിപ്പിച്ചിട്ടുണ്ട്. വാണിജ്യവൽക്കരണത്തിനായി ഈ സാങ്കേതികവിദ്യകൾ നിർമ്മാതാക്കൾക്ക് ലൈസൻസ് ചെയ്തുനൽകി. മഖാന സീഡ് വാഷർ, സീഡ് ഗ്രേഡർ, പ്രൈമറി റോസ്റ്റിംഗ് മെഷീൻ, പോപ്പിംഗ് മെഷീൻ, പോപ്പ് ചെയ്ത മഖാന ഗ്രേഡർ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകളും വാണിജ്യാവശ്യങ്ങൾക്കായി കൈമാറ്റം ചെയ്തിട്ടുണ്ട്.

പോഷകാഹാരത്തെയും കർഷകരെയും ആഗോള വിപണികളെയും ബന്ധിപ്പിക്കുന്ന വിള

വർധിച്ചുവരുന്ന ആരോഗ്യ ബോധവൽക്കരണം, വർധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത, ശക്തമായ കയറ്റുമതി സാധ്യത എന്നിവയാൽ പ്രചോദിതമായി ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന കാർഷിക-ഭക്ഷ്യ മേഖലകളിലൊന്നായി മഖാന ഉയർന്നുവന്നിട്ടുണ്ട്. അനുകൂലമായ കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങൾ, പരമ്പരാഗത വൈദഗ്ധ്യം, തുടർച്ചയായ സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയുടെ പിന്തുണയോടെ ആഗോള മഖാന ഉൽപ്പാദനത്തിൽ ഇന്ത്യ മുൻപന്തിയിൽ തുടരുന്നു.

ദേശീയ മഖാന ബോർഡിന്റെ രൂപീകരണം, മൂല്യശൃംഖലയിലുടനീളം ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. അതേസമയം നാഷണൽ റിസർച്ച് സെന്റർ ഫോർ മഖാന പോലുള്ള സ്ഥാപനങ്ങൾ ഗവേഷണം മുന്നോട്ട് കൊണ്ടുപോകുകയും കർഷകരുടെ കഴിവുകൾ വർധിപ്പിക്കുകയും മൂല്യവർധനവിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ആരോഗ്യകരവും സസ്യാധിഷ്ഠിതവും പ്രീമിയവുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കുള്ള ആഗോള ഡിമാൻഡ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കർഷകരുടെ ഉയർന്ന വരുമാനം, ഗ്രാമീണ തൊഴിലവസരങ്ങൾ, കാർഷിക കയറ്റുമതി എന്നിവയ്ക്ക് സംഭാവന നൽകാൻ അനുയോജ്യമായ സ്ഥാനത്താണ് മഖാനയുള്ളത്.

അവലംബം

 

Ministry of Agriculture & Farmers Welfare

https://horticulture.bihar.gov.in/HORTMIS/BAIPP/Downloads/ModelDPRMakhana.pdf

https://horticulture.bihar.gov.in/MainSite/Documents/Publication/Makhana.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2203165&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2099490&reg=3&lang=2

Ministry of Commerce & Industry

https://apeda.gov.in/sites/default/files/study_reports/Makhana_Report_English.pdf

https://apeda.gov.in/sites/default/files/2026-01/MIC_November_Monthly_dashboard_Makhana_311225.pdf

https://icrier.org/pdf/SBrief_Makhana.pdf

Ministry of Food Processing Industries

https://pmfme.mofpi.gov.in/pmfme/newsletters/enewsmakhanaspecial6.html

PIB Backgrounder

https://www.pib.gov.in/FactsheetDetails.aspx?Id=150318&reg=3&lang=2

See PDF

***

SK

 

(Explainer ID: 159657) आगंतुक पटल : 11
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Manipuri , Assamese , Kannada