• Sitemap
  • Advance Search
Farmer's Welfare

ഇന്ത്യയുടെ നാളികേര മേഖല

കൽപ്പവൃക്ഷത്തിൽ നിന്ന് ആഗോളപ്പെരുമയിലേക്ക്

Posted On: 18 AUG 2026 12:01PM

ഇന്ത്യയുടെ നാളികേര മേഖല ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങളെയും കാർഷിക വളർച്ചയെയും സാംസ്കാരിക പാരമ്പര്യങ്ങളെയും പിന്തുണയ്ക്കുന്നു. ഏകദേശം 10 ദശലക്ഷം കർഷകർ ഉൾപ്പെടെ 30 ദശലക്ഷത്തോളം ആളുകൾ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. ലോകത്തെ നാളികേര ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കാർഷിക വിസ്തൃതിയിൽ കേരളവും ഉൽപ്പാദനത്തിൽ തമിഴ്‌നാടും, ഉൽപ്പാദനക്ഷമതയിൽ ആന്ധ്രാപ്രദേശും മുന്നിൽ നിൽക്കുന്നു. പരമ്പരാഗത ഉൽപ്പന്നങ്ങളിൽ നിന്ന് മാറി വെർജിൻ കോക്കനട്ട് ഓയിൽ, തേങ്ങാപ്പാൽ, ആക്റ്റിവേറ്റഡ് കാർബൺ തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്ക് ഇന്ത്യയുടെ കയറ്റുമതി വിപണി വിപുലീകരിച്ചിട്ടുണ്ട്. നാളികേര വികസന ബോർഡ് മുഖേന ഗവൺമെന്റ് നാളികേര മേഖലയെ ശക്തിപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. 2025-26 കാലയളവിൽ ഏകദേശം 2,175 ഹെക്ടർ പ്രദേശം പുതുതായി കൃഷിക്ക് കീഴിൽ കൊണ്ടുവരികയും 1,672 ഹെക്ടർ പ്രദേശം പുനരുദ്ധരിക്കുകയും ചെയ്തു. സുസ്ഥിരത, കയറ്റുമതി, കർഷക വരുമാനം എന്നിവ വർധിപ്പിക്കുന്നതിനായി 2026-27-ലെ കേന്ദ്ര ബജറ്റ് നാളികേര പ്രോത്സാഹാന പദ്ധതി അവതരിപ്പിച്ചു. തുടർച്ചയായ നയപിന്തുണയോടെ ഇന്ത്യയുടെ നാളികേര മേഖല ഉൽപ്പാദനം, മൂല്യവർധനവ്, കയറ്റുമതി, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുടനീളം ക്രമാനുഗതമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

നാളികേരം: ഉപജീവനവും സാംസ്കാരിക സമ്പത്തും

ജീവിതത്തിന് ആവശ്യമായതെല്ലാം നൽകുന്ന വൃക്ഷമായ കൽപ്പവൃക്ഷമെന്ന് വിളിക്കുന്ന തെങ്ങ് ഇന്ത്യയുടെ പാരമ്പര്യത്തിലും സംസ്കാരത്തിലും കാർഷിക സമ്പദ്‌വ്യവസ്ഥയിലും ആഴത്തിൽ വേരൂന്നിയിരിക്കുന്നു. നിരവധി ഉപയോഗങ്ങളുള്ള വൃക്ഷമായി വിവിധ സംസ്കാരങ്ങളിലുടനീളം ആഘോഷിക്കപ്പെടുന്ന തെങ്ങിന്റെ പ്രാധാന്യം അതിന്റെ ബഹുമുഖ ഉപയോഗങ്ങളിലാണ് നിലകൊള്ളുന്നത്. ഇത് ഭക്ഷണം, പാനീയം, മരുന്ന്, ചകിരിനാര്, തടി, ഇന്ധനം, കൂടാതെ വിവിധതരം അസംസ്കൃത വസ്തുക്കളും നൽകുന്നു. ഈ വിഭവങ്ങൾ കുടുംബങ്ങളെയും പാരമ്പര്യ രീതികളെയും മൂല്യവർധിത വ്യവസായങ്ങളുടെ വളർന്നുവരുന്ന ശൃംഖലയെയും നിലനിർത്തുന്നു.

ഇന്ത്യയിൽ തെങ്ങുകൃഷിക്ക് ഏകദേശം മൂന്ന് സഹസ്രാബ്ദങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ട്. കൂടാതെ ഇത് ഗ്രാമീണ തൊഴിലവസരങ്ങളുടെയും സാമ്പത്തിക ഭദ്രതയുടെയും നിർണായക ചാലകമായി തുടരുന്നു. 10 ദശലക്ഷം കർഷകർ ഉൾപ്പെടെ ഏകദേശം 30 ദശലക്ഷം ആളുകൾ നാളികേര മേഖലയെ ആശ്രയിക്കുന്നതിനാൽ ഇത് ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾക്ക് അനിവാര്യമായി മാറുന്നു. പ്രധാനമായും ചെറുകിട, നാമമാത്ര കർഷകർ കൃഷി ചെയ്യുന്ന നാളികേര കൃഷി, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുമായും കാർഷികാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ ശക്തിപ്പെടുത്തലുമായും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിന് ഒരു ഉദാഹരണം ഛത്തീസ്ഗഢിൽ കാണാൻ സാധിക്കും. നാളികേര കൃഷിയെ അവിടുത്തെ കർഷകർ ഒരു മികച്ച ഉപജീവനമാർഗ്ഗമായി സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു.

ഛത്തീസ്ഗഢിലെ ബസ്തർ പീഠഭൂമിയിലെ കർഷകർ പരമ്പരാഗതമായി നെല്ല്, ചെറുധാന്യങ്ങൾ, ചോളം, വനവിഭവങ്ങൾ എന്നിവയെയാണ് ആശ്രയിച്ചിരുന്നത്. കൊണ്ടഗാവിലുള്ള നാളികേര വികസന ബോർഡിന്റെ DSP ഫാം നടത്തിയ ശ്രമങ്ങളിലൂടെ നാളികേര കൃഷി ക്രമേണ ഒരു മികച്ച ഉപജീവനമാർഗ്ഗമായി ഉയർന്നുവന്നു. വളർന്നുവരുന്ന തെങ്ങുകൾക്കിടയിലുള്ള ഒഴിഞ്ഞ സ്ഥലങ്ങൾ അനുയോജ്യമായ ഇടവിളകൾക്കായി ഉപയോഗിക്കാൻ കർഷകർക്ക് പരിശീലനം നൽകി. നാളികേര ഉൽപ്പാദനം ആരംഭിക്കുന്നത് വരെ ഈ രീതി അവർക്ക് വരുമാനം നൽകി.

ബകവന്ദ് ബ്ലോക്കിൽ നിന്നുള്ള 36 വയസ്സുള്ള MBA ബിരുദധാരിയായ ശ്രീ ഇഷാൻഷ് സിംഗ് റാത്തോഡ് ഇതിനൊരു പ്രധാന ഉദാഹരണമായി മാറി. ഒരു കർഷക കുടുംബത്തിൽ നിന്ന് വരികയും കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്യുകയും ചെയ്ത അദ്ദേഹം, ബോർഡിൽ നിന്ന് സാങ്കേതിക മാർഗ്ഗനിർദ്ദേശം ലഭിച്ച ശേഷം നാളികേര കൃഷി ശാസ്ത്രീയമായി സ്വീകരിച്ചു. അദ്ദേഹം 2,500 തെങ്ങുകൾ വെച്ചുപിടിപ്പിച്ചു. കുറിയ ഇനങ്ങളാണ് (dwarf varieties) അതിൽ ഭൂരിഭാഗവും. അവയിൽ 500 ഓളം തെങ്ങുകൾ കായ്ച്ചുതുടങ്ങി.

ഉയർന്ന മൂല്യമുള്ള പഴങ്ങളും പച്ചക്കറികളും സംയോജിപ്പിക്കുന്ന ബഹുതല വിള സമ്പ്രദായം (multitier cropping system) ശ്രീ റാത്തോഡ് സ്വീകരിച്ചു. തന്റെ തെങ്ങിൻ തോട്ടത്തിൽ തെങ്ങിന് താഴെയായി അദ്ദേഹം 4,000 കൈതച്ചക്ക ചെടികൾ, 800 ഡ്രാപ്പൺ ഫ്രൂട്ട് ചെടികൾ, 1,000 മാവുകൾ, 600 നാരകങ്ങൾ എന്നിവയോടൊപ്പം വാഴ, പേരക്ക, പപ്പായ, ലിച്ചി, കാപ്പി, സ്ട്രോബെറി, സീസണൽ പച്ചക്കറികൾ എന്നിവയും കൃഷി ചെയ്തു. ഈ വൈവിധ്യമാർന്ന മാതൃക അദ്ദേഹത്തിന്റെ ഭൂമിയുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയും തുടർച്ചയായ വരുമാനം ഉറപ്പാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നിന്ന് തെങ്ങുകൃഷിയിൽ നിന്ന് മാത്രം പ്രതിവർഷം ₹5-6 ലക്ഷം വരുമാനം ലഭിച്ചു. ഇടവിളകളിൽ നിന്ന് ₹10 ലക്ഷത്തോളം അധികമായി ലഭിച്ചതോടെ തെങ്ങുകൃഷി വളരെയധികം ലാഭകരമായി മാറി. അദ്ദേഹത്തിന്റെ വിജയം ബസ്തറിലെ നിരവധി കർഷകർക്ക് ഈ നാളികേരാധിഷ്ഠിത സമ്പ്രദായത്തെ സുസ്ഥിരവും അനുകരണീയവുമായ ഒരു മാതൃകയായി കാണാൻ പ്രചോദനമായി.

ആഗോള നാളികേര സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ

ആഗോള നാളികേര സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യക്ക് സുപ്രധാന സ്ഥാനമുണ്ട്. നാളികേര ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തും കാർഷിക വിസ്തൃതിയിൽ മൂന്നാം സ്ഥാനത്തുമാണ് രാജ്യം. ഇത് യഥാക്രമം ആകെ ആഗോള ഉൽപ്പാദനത്തിന്റെ 31.24 ശതമാനവും വിസ്തൃതിയുടെ 17.90 ശതമാനവുമാണ്. കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന്റെ (DA&FW) സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2024-25 കാലയളവിൽ 2.19 ദശലക്ഷം ഹെക്ടറിൽ നിന്ന് ഇന്ത്യ ഏകദേശം 20,301.22 ദശലക്ഷം നാളികേരം ഉൽപ്പാദിപ്പിച്ചു. ശരാശരി ഉൽപ്പാദനക്ഷമത ഹെക്ടറിന് 9,249 നാളികേരം എന്ന നിലയിലായിരുന്നു.

രാജ്യത്തിനുള്ളിൽ നാളികേര കൃഷിക്ക് കീഴിൽ ഏറ്റവും കൂടുതൽ വിസ്തൃതിയുള്ളത് കേരളത്തിലാണ്. ഏകദേശം 7.54 ലക്ഷം ഹെക്ടർ വിസ്തൃതിയുള്ള ഇവിടെ നിന്ന് 5,149.87 ദശലക്ഷം നാളികേരം ഉൽപ്പാദിപ്പിക്കുന്നു. നാളികേര ഉൽപ്പാദനത്തിൽ തമിഴ്‌നാട് മുന്നിൽ നിൽക്കുമ്പോൾ, ആന്ധ്രാപ്രദേശാണ് ഏറ്റവും ഉയർന്ന ഉൽപ്പാദനക്ഷമത രേഖപ്പെടുത്തുന്നത്. തൊട്ടുപിന്നാലെ പശ്ചിമ ബംഗാളും തമിഴ്‌നാടുമുണ്ട്.

പ്രാഥമിക ഉൽപ്പാദനത്തിനപ്പുറം ഇന്ത്യയുടെ കയറ്റുമതി ലക്ഷ്യങ്ങളെ പിന്തുണച്ചുകൊണ്ട് നാളികേര മേഖല കാർഷിക കയറ്റുമതിയിൽ പ്രധാന സംഭാവന നൽകുന്ന ഒന്നായി ഉയർന്നുവന്നിട്ടുണ്ട്. 2030-ഓടെ 2 ട്രില്യൺ യു.എസ് ഡോളറിന്റെയും 2047-ഓടെ 21 ട്രില്യൺ യു.എസ് ഡോളറിന്റെയും കയറ്റുമതി കൈവരിക്കാനാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.

ഈ കയറ്റുമതി ലക്ഷ്യങ്ങൾക്ക് കരുത്തേകിക്കൊണ്ട് സമീപ വർഷങ്ങളിൽ ഇന്ത്യയുടെ നാളികേര കയറ്റുമതി സുസ്ഥിര വളർച്ച രേഖപ്പെടുത്തി. 2025-26-ൽ നാളികേര ഉൽപ്പന്നങ്ങളുടെ കയറ്റുമതി ₹7,038.35 കോടിയിൽ (794.70 ദശലക്ഷം യു.എസ് ഡോളർ) എത്തിച്ചേർന്നു. തൊട്ടുമുമ്പത്തെ വർഷം രേഖപ്പെടുത്തിയ ₹4,349.03 കോടിയെ അപേക്ഷിച്ച് ഇത് 62 ശതമാനം വർധന അടയാളപ്പെടുത്തുന്നു. ഇന്ത്യയിൽ നിന്നുള്ള നാളികേര ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വർധിച്ചുവരുന്ന ആവശ്യകതയെ ഇത് അടിവരയിടുന്നു. കയറ്റുമതി കേവലം ₹25.3 കോടി മാത്രമായിരുന്ന 2001-02 മുതൽ കൈവരിച്ച ഗണ്യമായ പുരോഗതിയെയും ഈ വളർച്ച വ്യക്തമാക്കുന്നു. ആ കാലയളവിൽ കയറ്റുമതി പ്രധാനമായും ചിരട്ടക്കരി, വെളിച്ചെണ്ണ, തേങ്ങ, ഉണങ്ങിയ തേങ്ങ തുടങ്ങിയ പരമ്പരാഗത ഉൽപ്പന്നങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു.

കാലക്രമേണ ഇന്ത്യയുടെ നാളികേര കയറ്റുമതി വിപണി പരമ്പരാഗത ഉൽപ്പന്നങ്ങളിൽ നിന്ന് വൈവിധ്യമാർന്ന മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്ക് വികസിച്ചു. വെർജിൻ കോക്കനട്ട് ഓയിൽ, തേങ്ങാപ്പാൽ, ഇളനീർ എന്നിവയ്ക്കായുള്ള അന്താരാഷ്ട്ര ആവശ്യകത നിർവ്വഹിക്കാൻ ഈ മേഖലയ്ക്കിപ്പോൾ സാധിക്കുന്നു. ഇത് ഉപയോഗാധിഷ്ഠിതമായ മറ്റ് ഉൽപ്പന്നങ്ങൾ കൂടി ലഭ്യമാക്കിക്കൊണ്ട് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യയുടെ മത്സരക്ഷമത ശക്തിപ്പെടുത്തുന്നു. ഒരുകാലത്ത് പ്രധാന ലക്ഷ്യസ്ഥാനമായിരുന്ന പശ്ചിമേഷ്യക്കപ്പുറത്തേക്കും വിപണി വിപുലീകരിക്കപ്പെട്ടു. കയറ്റുമതി ഇപ്പോൾ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ വിപണികളിലേക്ക് എത്തിച്ചേരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ യു.എസ്.എ, യു.എ.ഇ, ശ്രീലങ്ക, ജർമ്മനി, റഷ്യ, തുർക്കി, ബെൽജിയം, യുകെ, നെതർലൻഡ്‌സ് എന്നിവ പ്രധാന വ്യാപാര പങ്കാളികളായി ഉയർന്നുവന്നു. ആക്റ്റിവേറ്റഡ് കാർബൺ, വെളിച്ചെണ്ണ, പച്ച/ഫ്രോസൺ/ചിരകിയ തേങ്ങ, കൊപ്ര, ഉണങ്ങിയ തേങ്ങ എന്നിവയാണ് പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങൾ. ഇവയിൽ ആക്റ്റിവേറ്റഡ് കാർബൺ കയറ്റുമതി അളവിൽ ആധിപത്യം പുലർത്തുന്നു.

സ്ഥാപനപരമായ അടിത്തറ: നാളികേര വികസന ബോർഡിന്റെ പങ്ക്

1981 ജനുവരി 12-ന് സ്ഥാപിതമായ നാളികേര വികസന ബോർഡ് (CDB) കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ നാളികേര കൃഷിയുടെയും വ്യവസായത്തിന്റെയും സംയോജിത വികസനത്തിന് ഇത് മേൽനോട്ടം വഹിക്കുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോർഡ് 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഈ മേഖലയെ ഉയർത്തുന്നതിനും പരിവർത്തനം ചെയ്യുന്നതിനും മുൻപന്തിയിലുണ്ട്. അതിന്റെ പ്രധാന ഊന്നൽ മേഖലകൾ ഇനിപ്പറയുന്നവയാണ്:

  • ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കൽ
  • നാളികേര കൃഷി വിസ്തൃതി വിപുലീകരിക്കൽ
  • നിലവിലുള്ള തെങ്ങിൻ തോട്ടങ്ങളിൽ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ
  • പ്രധാന കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കൽ
  • ഉൽപ്പന്ന വൈവിധ്യവൽക്കരണവും ഉപോൽപ്പന്നങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കൽ

2025-26 കാലയളവിൽ നാളികേര വികസന ബോർഡിന് (CDB) കീഴിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി ₹147.21 കോടി അനുവദിച്ചു.

നാളികേര മേഖലയ്ക്കുള്ള ഗവൺമെന്റ് സഹായ നടപടികൾ

ഗവൺമെന്റ് നാളികേര മേഖലയ്ക്കായി ബഹുമുഖ നയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കൊപ്രയ്ക്കുള്ള മിനിമം താങ്ങുവില, ലക്ഷ്യബോധത്തോടെയുള്ള വികസന പദ്ധതികൾ, മൂല്യവർധിത ശൃംഖലയിലുടനീളം നൈപുണ്യ വികസനത്തിനും സംരംഭകത്വ രൂപീകരണത്തിനുമുള്ള പ്രത്യേക സംരംഭങ്ങൾ എന്നിവ ഈ സമീപനത്തിൽ സംയോജിപ്പിച്ചിരിക്കുന്നു.

കൊപ്രയുടെ മിനിമം താങ്ങുവില (MSP) 2025-26: ആദായകരമായ വരുമാനം ഉറപ്പാക്കുന്നു

നാളികേരത്തിന്റെ ഉണക്കിയ കാമ്പായ കൊപ്ര മിനിമം താങ്ങുവില (MSP) പരിധിയിൽ വരുന്ന നിർബന്ധിത 22 കാർഷിക വിളകളിൽ ഒന്നാണ്. ഇന്ത്യ പ്രധാനമായും രണ്ടുതരം കൊപ്ര ഉൽപ്പാദിപ്പിക്കുന്നു - മില്ലിംഗ് കൊപ്രയും ബോൾ കൊപ്രയും. മില്ലിംഗ് കൊപ്ര പ്രധാനമായും എണ്ണ ഉൽപ്പാദനത്തിനാണ് ഉപയോഗിക്കുന്നത്. ചിരട്ടയിൽ നിന്ന് വേർപെടുത്തിയ ശേഷം കാമ്പ് ഉണക്കിയെടുക്കുന്നതാണ് ഇതിന്റെ രീതി. ബോൾ (ഭക്ഷ്യയോഗ്യമായ) കൊപ്ര ഡ്രൈ ഫ്രൂട്ടായും മതാചാര ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. മുഴുവൻ വിളഞ്ഞ തേങ്ങയുടെ ചിരട്ടയ്ക്കുള്ളിലെ കാമ്പ് കട്ടിയാകുന്നത് വരെ ഉണക്കിയാണ് ഇത് തയ്യാറാക്കുന്നത്.

നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NAFED), നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ (NCCF) എന്നിവയാണ് കൊപ്ര സംഭരണത്തിനായുള്ള കേന്ദ്ര നോഡൽ ഏജൻസികൾ. കൂടാതെ സംഭരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി സംസ്ഥാനതല ഏജൻസികളെയും ഉചിതമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

2026 സീസണിലേക്ക് നാളികേര കർഷകർക്ക് ലാഭകരമായ വില ഉറപ്പാക്കുന്നതിനായി കൊപ്രയുടെ വർധിപ്പിച്ച മിനിമം താങ്ങുവിലയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് ₹12,027 ആയും ബോൾ കൊപ്രയുടേത് ക്വിന്റലിന് ₹12,500 ആയും നിശ്ചയിച്ചിട്ടുണ്ട്. 2025-ലെ താങ്ങുവിലയേക്കാൾ മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് ₹445 ഉം ബോൾ കൊപ്രയ്ക്ക് ക്വിന്റലിന് ₹400 ഉം വർധനവാണ് ഇത് അടയാളപ്പെടുത്തുന്നത്.

ഉയർന്ന താങ്ങുവില നാളികേര കർഷകർക്ക് കൂടുതൽ ലാഭകരമായ വരുമാനം ഉറപ്പാക്കുന്നു. നാളികേര ഉൽപ്പന്നങ്ങൾക്ക് വർധിച്ചുവരുന്ന ആഭ്യന്തര, ആഗോള ആവശ്യകത നിറവേറ്റുന്നതിനായി കൊപ്ര ഉൽപ്പാദനം വർധിപ്പിക്കുന്നതിന് ഇത് കർഷകർക്ക് പ്രോത്സാഹനമേകുന്നു.

നാളികേര കൃഷിക്കും ഉൽപ്പാദനക്ഷമതയ്ക്കുമുള്ള പ്രധാന സംരംഭങ്ങൾ

ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കൽ, കാർഷിക വിസ്തൃതി വിപുലീകരിക്കൽ, ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, സാങ്കേതികവിദ്യ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കൽ, വിപണിവികസനത്തെ പിന്തുണയ്ക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നാളികേര മേഖലയെ ശക്തിപ്പെടുത്താൻ ഗവൺമെന്റ്, പ്രധാനമായും നാളികേര വികസന ബോർഡ് മുഖേന നിരവധി പദ്ധതികൾ നടപ്പിലാക്കുന്നു.

ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനം

ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിക്കൊണ്ട് ഈ പദ്ധതി നാളികേര മൂല്യവർധിത ശൃംഖലയെ ആരംഭ ഘട്ടത്തിൽ തന്നെ ശക്തിപ്പെടുത്തുന്നു. വിത്തുൽപ്പാദന ഫാമുകൾ, സീഡ് ഗാർഡനുകൾ, നഴ്‌സറികൾ എന്നിവ സ്ഥാപിക്കുന്നതും ഗുണനിലവാര സർട്ടിഫിക്കേഷൻ സംവിധാനങ്ങളും ഈ പദ്ധതിക്ക് കീഴിലുള്ള പ്രധാന ഇടപെടലുകളിൽ ഉൾപ്പെടുന്നു.

ഡെമോൺസ്‌ട്രേഷൻ കം സീഡ് പ്രൊഡക്ഷൻ ഫാം (DSP)

ഈ പദ്ധതിക്ക് കീഴിൽ നാളികേര വികസന ബോർഡ് (CDB) വിവിധ സംസ്ഥാനങ്ങളിൽ പുതിയ ഡെമോൺസ്‌ട്രേഷൻ കം സീഡ് പ്രൊഡക്ഷൻ ഫാമുകൾ (DSPF) സ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നു. DSPF-കൾ ശാസ്ത്രീയ നാളികേര കൃഷി രീതികൾ പ്രദർശിപ്പിക്കുകയും ഗുണനിലവാരമുള്ള നാളികേര നടീൽ വസ്തുക്കൾ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.

ഈ പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായം താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:

  • പുതിയ DSPF-കൾ സ്ഥാപിക്കൽ: പുതുതായി സ്ഥാപിക്കുന്ന ഫാമുകൾക്ക് ആദ്യ രണ്ട് വർഷത്തേക്ക് ബജറ്റിൽ നിന്ന് ₹30 ലക്ഷം അനുവദിക്കുന്നു.
  • നിലവിലുള്ള DSPF-കളുടെ പരിപാലനം: മൂന്നാം വർഷം മുതൽ ഫാമിന്റെ പരിപാലനത്തിനായി ഹെക്ടറിന് പ്രതിവർഷം ₹1.00 ലക്ഷം വരെ സാമ്പത്തിക സഹായം നൽകുന്നു. വിളവ് സുസ്ഥിരമാകുന്നത് വരെ (15–20 വർഷം) ഈ പിന്തുണ തുടരുന്നു.

2025-26 കാലയളവിൽ രാജ്യത്തുടനീളം സ്ഥാപിച്ച 11 DSPF-കളിലായി ബോർഡ് 2.41 ലക്ഷം ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിച്ചു.

ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്ന മറ്റ് പദ്ധതികൾ ഇനിപ്പറയുന്നവയാണ്:

  • ന്യൂക്ലിയസ് കോക്കനട്ട് സീഡ് ഗാർഡൻ സ്ഥാപിക്കൽ: ഉയർന്ന ഗുണനിലവാരമുള്ള തെങ്ങിൻ തൈകളും മെച്ചപ്പെടുത്തിയ ഇനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിനായി കോക്കനട്ട് സീഡ് ഗാർഡനുകൾ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നു. 2025-26 കാലയളവിൽ, ഈ പദ്ധതിക്ക് കീഴിൽ ₹24 ലക്ഷം അനുവദിച്ചതിൽ ₹20.29 ലക്ഷം വിനിയോഗിച്ചു.
  • ചെറുകിട നാളികേര നഴ്‌സറി സ്ഥാപിക്കൽ: പൊതു-സ്വകാര്യ നഴ്‌സറികൾ സ്ഥാപിക്കുന്നതിലൂടെ ഗുണനിലവാരമുള്ള തെങ്ങിൻ തൈകളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നു. 2025-26 കാലയളവിൽ, പ്രതിവർഷം മൊത്തം 1.06 ലക്ഷം തൈകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള 12 പുതിയ നഴ്‌സറികൾ സ്ഥാപിക്കാൻ സഹായം നൽകി. നിലവിലുള്ള 6 നഴ്‌സറികൾ പരിപാലിക്കുന്നതിനും സാമ്പത്തിക സഹായം നൽകി.
  • നാളികേര നഴ്‌സറികളുടെ അക്രഡിറ്റേഷനും റേറ്റിംഗും: നഴ്‌സറി അക്രഡിറ്റേഷൻ, ഗുണനിലവാര വിലയിരുത്തൽ എന്നിവയിലൂടെ യഥാർത്ഥവും ഉയർന്ന ഗുണനിലവാരമുള്ളതുമായ നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നു.
  • പൊതുമേഖലാ നഴ്‌സറികളിൽ ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനത്തിനുള്ള സഹായം: അർഹരായ പൊതുമേഖലാ നഴ്‌സറികൾക്ക് സാമ്പത്തിക സഹായം നൽകി തെങ്ങിൻ തൈകളുടെ ഉൽപ്പാദനത്തെ പിന്തുണയ്ക്കുന്നു. 2025-26 കാലയളവിൽ, നഴ്‌സറികളെ ശക്തിപ്പെടുത്തുന്നതിനായി ₹239.35 ലക്ഷം അനുവദിച്ചു. സംസ്ഥാന വകുപ്പുകൾ, സംസ്ഥാന കാർഷിക സർവ്വകലാശാലകൾ (SAU), പൊതുമേഖലാ സ്ഥാപനങ്ങൾ (PSU), കൃഷി വിജ്ഞാൻ കേന്ദ്രങ്ങൾ (KVK), നാളികേര വികസനബോർഡിന്റെ ഡെമോൺസ്‌ട്രേഷൻ സീഡ് പ്രൊഡക്ഷൻ (DSP) ഫാമുകൾ എന്നിവരായിരുന്നു ഗുണഭോക്താക്കൾ. ഏകദേശം 6,850-7,500 ഹെക്ടർ പ്രദേശത്ത് പുതിയ തെങ്ങിൻ തൈകൾ നടുന്നതിന് ആവശ്യമായ 11.97 ലക്ഷം ഗുണനിലവാരമുള്ള നടീൽ വസ്തുക്കളുടെ ഉൽപ്പാദനത്തിന് ഈ സഹായം പിന്തുണയേകി.

നാളികേര കാർഷിക വിസ്തൃതി വിപുലീകരിക്കൽ

അനുയോജ്യമായ പുതിയ പ്രദേശങ്ങളിൽ ശാസ്ത്രീയ നാളികേര കൃഷി നടത്തുന്നതിനായി സാമ്പത്തികവും പ്രോത്സാഹനപരവുമായ സബ്‌സിഡികളും സാങ്കേതിക പിന്തുണയും നൽകുന്നതിൽ ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് നിലവിലുള്ള നാളികേര കൃഷി ഇടങ്ങളെ സുസ്ഥിരമാക്കുകയും മൊത്തത്തിലുള്ള നാളികേര ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.

ഈ പദ്ധതിക്ക് കീഴിൽ, പുതിയ പ്രദേശങ്ങളിൽ തെങ്ങിൻ തൈകൾ നടുന്നതിന് ഹെക്ടറിന് ₹56,000 സാമ്പത്തിക സഹായം നൽകുന്നു. ഈ സാമ്പത്തിക സഹായം രണ്ട് തുല്യ വാർഷിക ഗഡുക്കളായാണ് അനുവദിക്കുന്നത്. ഒരു ഗുണഭോക്താവിന് പരമാവധി 2 ഹെക്ടറും കുറഞ്ഞത് 0.08 ഹെക്ടറും (20 സെന്റ്) വിസ്തൃതിയിൽ വരെ ഈ സബ്‌സിഡി ലഭ്യമാണ്.

2024-25 കാലയളവിൽ 2,979 ഹെക്ടർ പ്രദേശം പുതുതായി നാളികേര കൃഷിക്ക് കീഴിൽ കൊണ്ടുവരുന്നതിനായി ₹209.24 ലക്ഷം വിനിയോഗിച്ചു. ഈ സംരംഭം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 13,068 കർഷകർക്ക് പ്രയോജനം ചെയ്തു.

2025-26 കാലയളവിൽ നാളികേര കാർഷിക വിസ്തൃതി വിപുലീകരിക്കുന്നതിന് വലിയ പ്രാധാന്യമാണ് നൽകിയത്. വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം 2,175 ഹെക്ടർ പുതിയ പ്രദേശം കൃഷിക്ക് കീഴിൽ കൊണ്ടുവന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, അസം, അരുണാചൽ പ്രദേശ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. തോട്ടങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ₹632.77 ലക്ഷം സാമ്പത്തിക സഹായം നൽകി. ഇത് ദീർഘകാല ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിന് സംഭാവന നൽകി.

 

നിലവിലെ തെങ്ങിൻ തോട്ടങ്ങളിൽ സുസ്ഥിര ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള സമഗ്ര പരിപാടി

നാളികേരാധിഷ്ഠിത കൃഷിരീതികൾ ഉൾപ്പെടെയുള്ള സംയോജിത കൃഷി സമ്പ്രദായങ്ങളിലൂടെ നാളികേര തോട്ടങ്ങളുടെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും മെച്ചപ്പെടുത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

നാളികേരാധിഷ്ഠിത വിള സമ്പ്രദായത്തിലൂടെയുള്ള ഉൽപ്പാദനക്ഷമത വർധന (PICCS) എന്നത് ഈ സമഗ്ര പരിപാടിക്ക് കീഴിലുള്ള ഒരു പ്രധാന ഘടകമാണ്. ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റുകളുടെ കൃഷി/ഹോർട്ടിഫാം വകുപ്പുകൾ മുഖേനയും നാളികേര വികസനബോർഡ് നേരിട്ടുമാണ് ഇത് ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. ഒരു ഗുണഭോക്താവിന് പരമാവധി 2 ഹെക്ടറിലേക്ക് പരിമിതപ്പെടുത്തി, ഹെക്ടറിന് ₹42,000 തുക ചെലവിന്റെ 100 ശതമാനം സബ്‌സിഡിയായി നൽകുന്നു. ഇത് രണ്ട് തുല്യ വാർഷിക ഗഡുക്കളായാണ് അനുവദിക്കുന്നത്.

2025-26 കാലയളവിൽ ഈ പദ്ധതി വിവിധ സംസ്ഥാനങ്ങളിലായി 18,800 ഹെക്ടർ പ്രദേശത്ത് നടപ്പിലാക്കി. ₹3,943 ലക്ഷം ചെലവിൽ 266 ക്ലസ്റ്ററുകളിലായി സംഘടിപ്പിച്ച 48,696 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കൂടാതെ, സംസ്ഥാന ഗവൺമെന്റുകളുടെ സംയോജിത പദ്ധതികൾ വഴി നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ₹1,246 ലക്ഷം സാമ്പത്തിക സഹായത്തോടെ മറ്റൊരു 5,935 ഹെക്ടർ പ്രദേശം കൂടി ഇതിൽ ഉൾപ്പെടുത്തി. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം, അസം, ഗോവ, പുതുച്ചേരി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

PICCS പദ്ധതിക്ക് കീഴിൽ കേരളത്തിന് വലിയ പങ്കാളിത്തമുണ്ടായിരുന്നു. 2025-26 കാലയളവിൽ 8,089-ലധികം ഹെക്ടർ പ്രദേശം ഉൾപ്പെടുത്തുകയും 33,250 കർഷകർക്ക് പ്രയോജനം ലഭിക്കുകയും ചെയ്തു.

നടപ്പ് വർഷത്തിൽ പ്രധാന നാളികേര ഉൽപ്പാദന സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി രാജ്യത്തുടനീളം 22,430 ഹെക്ടർ പ്രദേശത്ത് ഈ പദ്ധതി നടപ്പിലാക്കിവരുന്നു.

PICCS കൂടാതെ, ഈ പദ്ധതിയിൽ താഴെ പറയുന്ന മറ്റ് ഘടകങ്ങളും ഉൾപ്പെടുന്നു:

  • ജലസ്രോതസ്സുകളുടെ നിർമ്മാണം: നാളികേര തോട്ടങ്ങളിൽ ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കമ്മ്യൂണിറ്റി ടാങ്കുകൾ, ഫാം കുളങ്ങൾ, റിസർവോയറുകൾ എന്നിവയുടെ വികസനത്തെ പിന്തുണയ്ക്കുന്നു.
  • ജൈവകൃഷി പ്രോത്സാഹനം: ഉൽപ്പാദനം, സർട്ടിഫിക്കേഷൻ, സംസ്കരണ പ്രക്രിയ, വിപണനം എന്നിവയ്ക്കുള്ള പിന്തുണയിലൂടെ ജൈവകൃഷി രീതികൾ സ്വീകരിക്കാൻ കർഷകരെ സഹായിക്കുന്നു.
  • കാർഷിക യാന്ത്രികവൽക്കരണം: പരിശീലനം, പ്രദർശനങ്ങൾ എന്നിവയിലൂടെ കാർഷിക യന്ത്രങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ഉപകണങ്ങൾ വാങ്ങുന്നതിനും, വിളവെടുപ്പാനന്തര സാങ്കേതികവിദ്യകൾക്കും, സംസ്കരണ സാങ്കേതികവിദ്യകൾക്കും സാമ്പത്തിക സഹായം നൽകുന്നു.

തെങ്ങിൻ തോപ്പുകളുടെ പുനരുദ്ധാരണവും പുനർനടീലും

രോഗബാധിതമായതും ഉൽപ്പാദനക്ഷമതയില്ലാത്തതും പ്രായമായതുമായ തെങ്ങുകൾക്ക് പകരം ഗുണനിലവാരമുള്ള തൈകൾ വെച്ചുപിടിപ്പിച്ചുകൊണ്ട് നാളികേര ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. സംയോജിത കൃഷി രീതികളിലൂടെ ബാക്കിയുള്ള തെങ്ങുകളെ പുനരുജ്ജീവിപ്പിക്കുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഓരോ സംസ്ഥാനത്തെയും പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രോജക്ട് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് വർഷത്തേക്ക് ഹെക്ടറിന് ₹54,000 വരെ സാമ്പത്തിക സഹായം നൽകുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ₹130.46 കോടി ചെലവിൽ 25,517 ഹെക്ടർ പ്രദേശം ഈ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025-26 കാലയളവിൽ പുനരുദ്ധാരണ പദ്ധതിക്ക് കീഴിൽ 1,672 ഹെക്ടർ പ്രദേശം ഉൾപ്പെടുത്തി. രോഗബാധിത തെങ്ങുകൾ മാറ്റൽ, പുതിയ തൈകൾ നടൽ, നിലവിലുള്ള തോട്ടങ്ങളുടെ പുനരുദ്ധാരണം എന്നിവ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

നാളികേര മേഖലയെ ശക്തിപ്പെടുത്തുന്ന അനുബന്ധ സംരംഭങ്ങൾ

പ്രധാന ഇടപെടലുകൾക്ക് പുറമേ നാളികേര മൂല്യവർധിത ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനായി നാളികേര വികസന ബോർഡ് (CDB) നിരവധി അനുബന്ധ പദ്ധതികൾ നടപ്പിലാക്കുന്നു:

  • ടെക്‌നോളജി ഡെമോൺസ്‌ട്രേഷൻ/ക്വാളിറ്റി ടെസ്റ്റിംഗ് ലാബ്: നാളികേരാധിഷ്ഠിത സംരംഭങ്ങൾക്കും മൂല്യവർധിത ഉൽപ്പന്നങ്ങൾക്കുമായി സാങ്കേതികവിദ്യ പ്രദർശനം, ഗുണനിലവാര പരിശോധന, പരിശീലനം, ഇൻകുബേഷൻ, കൺസൾട്ടൻസി സേവനങ്ങൾ എന്നിവ നൽകുന്നു.
  • മാർക്കറ്റ് ഇന്റലിജൻസ്, റിസർച്ച് ആൻഡ് എക്‌സ്‌പോർട്ട് പ്രൊമോഷൻ: നാളികേര ഉൽപ്പന്നങ്ങൾക്കായി വിപണി വികസനം, ഉൽപ്പന്ന പ്രചാരണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ, ആഭ്യന്തര-അന്താരാഷ്ട്ര വിപണികളുടെ വിപുലീകരണം എന്നിവ സുഗമമാക്കുന്നു.
  • ചകിരി, നാര് എന്നിവയിൽ നിന്നുള്ളവ ഒഴികെയുള്ള എല്ലാ നാളികേര ഉൽപ്പന്നങ്ങളുടെയും എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലായി നാളികേര വികസനബോർഡ് പ്രവർത്തിക്കുന്നു. ബോർഡ് നാളികേര ഉൽപ്പന്ന കയറ്റുമതിക്കാർക്ക് രജിസ്‌ട്രേഷൻ നൽകുന്നു; 2025-26 വരെ 8,299 കയറ്റുമതിക്കാർക്കും 2026 ജൂലൈ 31 വരെ 8,700 കയറ്റുമതിക്കാർക്കും ബോർഡ് രജിസ്‌ട്രേഷൻ നൽകിയിട്ടുണ്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ (2021-22 മുതൽ 2025-26 വരെ) നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി വിറ്റുവരവ് ₹3,236.83 കോടിയിൽ നിന്ന് ₹7,038.35 കോടിയായി ഉയർന്നു.
  • ആഭ്യന്തര, അന്തർദേശീയ വ്യാപാര മേളകളിൽ സംരംഭകരുടെ പങ്കാളിത്തം ബോർഡ് സുഗമമാക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ 20 ആഭ്യന്തര വ്യാപാര മേളകളിലായി 72 സംരംഭകർക്കും അന്താരാഷ്ട്ര വ്യാപാര മേളകളിൽ 224 കയറ്റുമതിക്കാർക്കും ബോർഡ് അവസരമൊരുക്കി.
  • ഉപഭോക്താക്കളുടെ വിൽപനക്കാരുടെയും യോഗങ്ങളിൽ  (BSM) സംരംഭകരുടെ പങ്കാളിത്തം സുഗമമാക്കുന്നതിന് ബോർഡ് പ്രമുഖ വ്യവസായ പ്രമുഖരുമായി സഹകരിക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ 215 സംരംഭകർക്കായി 392 ആഭ്യന്തര BSM-കൾക്ക് ബോർഡ് സൗകര്യമൊരുക്കി. 2022 ഏപ്രിൽ 26 മുതൽ 28 വരെ സംഘടിപ്പിച്ച വെർച്വൽ ട്രേഡ് ഫെയർ (VTF) ഇതിൽ ഉൾപ്പെടുന്നു. അതിൽ 53 നാളികേര ഉൽപ്പന്ന നിർമ്മാതാക്കളും 347 വാങ്ങൽക്കാരും പങ്കെടുത്തു. VTF സമയത്ത് ആമസോൺ, ഫ്ലിപ്കാർട്ട്, ലുലു ഇന്ത്യ, ലുലു ദുബായ്, നെസ്റ്റോ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖരുമായി 4 B2B സെഷനുകളും 371 വ്യക്തിഗത B2B മീറ്റിംഗുകളും സംഘടിപ്പിച്ചു. കഴിഞ്ഞ 5 വർഷത്തിനിടയിൽ 6 സംരംഭകർക്കായി 3 അന്താരാഷ്ട്ര ബി.എസ്.എമ്മുകൾക്കും ബോർഡ് സഹായമേകി.
  • ആഗോള വ്യാപാരത്തെക്കുറിച്ചുള്ള ധാരണ നൽകുകയെന്ന ലക്ഷ്യത്തോടെ, "ഗ്ലോബൽ കോക്കനട്ട് ഇൻഡസ്ട്രി - ക്രൂയിസിംഗ് ടു ദി പിന്നാക്കിൾ" എന്ന പ്രമേയത്തിൽ ആഗോളതലത്തിൽ നിന്നുള്ള പങ്കാളികളുടെ പങ്കാളിത്തത്തോടെ 2023 ഫെബ്രുവരി 27, 28 തീയതികളിൽ ഹൈദരാബാദിൽ നാളികേര ഉൽപ്പന്നങ്ങളുടെ വ്യാപാരവും വിപണനവും സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. നാളികേര ഉൽപ്പന്നങ്ങളുടെ വൈദ്യശാസ്ത്രപരവും ആരോഗ്യപരവുമായ സവിശേഷതകൾ അന്തിമമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റിയുമായി (ICC) സഹകരിച്ച് 2025 ഓഗസ്റ്റ് 19 മുതൽ 22 വരെ കോയമ്പത്തൂരിൽ വെച്ച് അന്താരാഷ്ട്ര കോക്കോ ഹെൽത്ത് കോൺഫറൻസ് സംഘടിപ്പിച്ചു. 2025 സെപ്റ്റംബർ 24 മുതൽ 26 വരെ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന വേൾഡ് കോക്കനട്ട് കോൺഗ്രസ് 2025 ലും (WCC) പ്രാതിനിധ്യം വഹിച്ചു
  • സംസ്‌കരണ സാങ്കേതികവിദ്യ, പാക്കേജിംഗ്, കയറ്റുമതി നടപടിക്രമങ്ങൾ, വിദേശവ്യാപാര നയങ്ങൾ, വിപണി വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ബോർഡ് വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് കയറ്റുമതിക്കാർക്കും സംരംഭകർക്കുമായി സെമിനാറുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നു.
  • ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, സുസ്ഥിരത, തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഗുണനിലവാര സർട്ടിഫിക്കേഷനുള്ള സഹായ വിതരണ പദ്ധതികൾ ബോർഡ് നടപ്പിലാക്കുന്നുണ്ട്.
  • തങ്ങളുടെ ഗുണനിലവാരമുള്ള നാളികേര ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് നിർമ്മാണത്തിൽ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി ബ്രാൻഡ് പ്രൊമോഷനുള്ള സഹായവും ബോർഡ് നൽകുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ 9 യൂണിറ്റുകൾക്ക് പിന്തുണ നൽകി.
  • നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കുക, നാളികേരത്തിൽ നിന്നുള്ള ഗുണനിലവാരമുള്ള സംസ്കരിച്ച ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെ നാളികേര സംസ്കരണ യൂണിറ്റുകളുമായി ബന്ധപ്പെട്ട് തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിലിടങ്ങളിൽ വെച്ചുള്ള ഇൻ-ഹൗസ് നൈപുണ്യ വികസന പരിശീലനം ബോർഡ് നടപ്പിലാക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ (2021-22 മുതൽ 2025-26 വരെ) 24 ബാച്ചുകൾക്കായി നൈപുണ്യ പരിശീലനത്തിന് സഹായം നൽകുകയും അതുവഴി 240 പങ്കാളികൾക്ക് പരിശീലനം ലഭിക്കുകയും ചെയ്തു.
  • നാളികേരത്തിൽ നിന്നുള്ള സംസ്‌കരിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വിപണി ബോധവൽക്കരണവും ആവശ്യകതയും സൃഷ്ടിക്കുന്നതിനുമായി നാളികേര കിയോസ്കുകൾ അല്ലെങ്കിൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കൽ (കഴിഞ്ഞ 5 വർഷത്തിനിടയിൽ 15 കിയോസ്കുകൾക്ക് സഹായം നൽകി).
  • താഴെ പറയുന്ന കാര്യങ്ങൾക്കായും ബോർഡ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്:
  1. കർഷക കൂട്ടായ്മകൾ ഉൽപ്പന്നങ്ങൾ ശേഖരിക്കുന്നതും അത് കൂട്ടായി വിപണനം ചെയ്യുന്നതും പ്രോത്സാഹിപ്പിക്കുന്നതിനായി സംഭരണ കേന്ദ്രങ്ങൾ) സ്ഥാപിക്കൽ; ഇത് അവരുടെ വിലപേശൽ ശേഷി വർധിപ്പിക്കുന്നതിനും ഇടനിലക്കാരെ കുറയ്ക്കുന്നതിനും അതുവഴി മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനും കാരണമാകുന്നു (2 FPO-കൾക്ക് സഹായം നൽകിയിട്ടുണ്ട്).
  2. കർഷകർ/സംരംഭകർ/ FPO-കൾ/ സഹകരണ സംഘങ്ങൾ എന്നിവയെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി പ്രോത്സാഹിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി മില്ലിംഗ് കൊപ്ര/ബോൾ കൊപ്ര/ചെറിയ തോതിൽ സംസ്കരിച്ച ഇളനീർ എന്നിവയ്ക്കായി പ്രാഥമിക സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ.
    • താങ്ങുവില പദ്ധതിക്ക് (PSS) കീഴിലുള്ള സംഭരണത്തിനായി മില്ലിംഗ്, ബോൾ കൊപ്ര എന്നിവയുടെ മിനിമം താങ്ങുവില പ്രഖ്യാപനത്തെക്കുറിച്ചുള്ള ശുപാർശകളും നാളികേര ഉൽപ്പന്നങ്ങളുടെ ഇറക്കുമതി/കയറ്റുമതി സംബന്ധിച്ച മറ്റ് നയപരമായ ശുപാർശകളും ബോർഡ് നൽകുന്നു.
    • ആഗോള വിപണിയിൽ ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇന്റഗ്രേറ്റഡ് റെഗുലേറ്ററി അസസ്‌മെന്റ് ഫ്രെയിംവർക്കിൽ CDB പങ്കാളിയായിട്ടുണ്ട്.
  • ടെക്നോളജി മിഷൻ ഓൺ കോക്കനട്ട് (TMOC): കീട-രോഗ നിയന്ത്രണം, സംസ്കരണം, ഉൽപ്പന്ന വൈവിധ്യവൽക്കരണം, മറ്റ് സാങ്കേതികവിദ്യാധിഷ്ഠിത ഇടപെടലുകൾ എന്നിവയ്ക്കായുള്ള സാങ്കേതികവിദ്യകളുടെ വികസനത്തെയും അവ സ്വീകരിക്കുന്നതിനെയും പിന്തുണയ്ക്കുന്നു.
  • കേര സുരക്ഷാ ഇൻഷുറൻസ് പദ്ധതി: തെങ്ങുകയറ്റക്കാർ, നീര ടെക്നീഷ്യൻമാർ, ഹൈബ്രിഡൈസേഷൻ തൊഴിലാളികൾ, നാളികേര മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ എന്നിവർക്ക് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.

നാളികേര പ്രോത്സാഹന പദ്ധതി: മേഖലയ്ക്കായുള്ള പുതിയ മുന്നേറ്റം

കീടബാധ, കാറ്റുവീഴ്ച രോഗം, ഉൽപ്പാദനക്ഷമത കുറഞ്ഞ തെങ്ങിൻ തോപ്പുകൾ എന്നിവ പരിഹരിക്കുന്നതിനായി 2026-27-ലെ കേന്ദ്ര ബജറ്റ് നാളികേര പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു. ലക്ഷ്യാധിഷ്ഠിത ഇടപെടലുകളിലൂടെ നാളികേര ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു; അതിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

  • ഗുണനിലവാരമുള്ള തെങ്ങിൻ തൈകളുടെ വൻതോതിലുള്ള ഉൽപ്പാദനം
  • സാധ്യതയുള്ള പ്രദേശങ്ങളിൽ നാളികേര കൃഷി വിപുലീകരിക്കൽ
  • പഴയതും ഉൽപ്പാദനക്ഷമതയില്ലാത്തതുമായ തെങ്ങിൻ തോപ്പുകളുടെ ഘട്ടം ഘട്ടമായുള്ള പുനർനടീലും പുനരുദ്ധാരണവും
  • സമഗ്രമായ വിള ആരോഗ്യ പരിപാലന രീതികൾ സ്വീകരിക്കൽ
  • മൂല്യവർധനവും കയറ്റുമതിയും ശക്തിപ്പെടുത്തുന്നതിനായി സംയോജിത നാളികേര സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കൽ

കശുവണ്ടി, കൊക്കോ മേഖലകൾ ഉൾപ്പെടെയുള്ള ഉയർന്ന മൂല്യമുള്ള കാർഷിക മേഖലകൾക്കായുള്ള ₹350 കോടിയുടെ വിശാലമായ വിഹിതത്തിന്റെ ഭാഗമാണ് ഈ സംരംഭം. ഈ നടപടികളിലൂടെ നാളികേര മേഖലയിലെ സുസ്ഥിരതയും പ്രതിരോധശേഷിയും ശക്തിപ്പെടുത്താൻ പദ്ധതി ലക്ഷ്യമിടുന്നു. നാളികേര കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതോടൊപ്പം 2030-ഓടെ നാളികേര, ചകിരി കയറ്റുമതിയിൽ ഇന്ത്യയെ ആഗോള പ്രാധാന്യമുള്ള രാജ്യമായി ഉയർത്താനും ഇത് ലക്ഷ്യമിടുന്നു.

നൈപുണ്യ വികസനവും സംരംഭകത്വ രൂപീകരണ സംരംഭങ്ങളും

നാളികേര വികസന ബോർഡ് (CDB) നാളികേര മേഖലയ്ക്കായി പ്രധാന നൈപുണ്യ വികസന പരിപാടികൾ നടപ്പിലാക്കുന്നു. ഇവ വിളവെടുപ്പ്, സംസ്കരണം, മൂല്യവർധനവ് എന്നിവയിലുടനീളം പരിശീലനം ലഭിച്ചതും സ്വയംപര്യാപ്തതയുള്ളതും സംരംഭകത്വത്തിന് സജ്ജവുമായ ഒരു തൊഴിൽ സേനയെ സൃഷ്ടിക്കുന്നു.

ഒരു പതിറ്റാണ്ടിലേറെയായി ബോർഡ് "ഫ്രണ്ട്സ് ഓഫ് കോക്കനട്ട് ട്രീ" (FoCT) പരിപാടി നടപ്പിലാക്കിവരുന്നു. യന്ത്രവൽകൃത തെങ്ങ് കയറ്റ ഉപകരണങ്ങൾ, തൈ സംരക്ഷണം, സംരംഭകത്വം, ആശയവിനിമയ നൈപുണ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള തെങ്ങുകയറ്റത്തിൽ തൊഴിൽരഹിതരായ യുവാക്കൾക്ക് ഇത് പരിശീലനം നൽകുന്നു. 2024-2025 കാലയളവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന പരിപാടികളിലൂടെ 378 തെങ്ങ് കയറ്റക്കാർക്ക് പരിശീലനം നൽകി.

കൂടാതെ നാളികേര കരകൗശല പരിശീലന പരിപാടി തെങ്ങിന്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള സൗന്ദര്യാത്മക നൈപുണ്യങ്ങളാൽ തൊഴിൽരഹിതരായ യുവാക്കളെ സജ്ജരാക്കുന്നു.

2025- പുതിയ സംരംഭങ്ങളിലൂടെ വ്യക്തിഗത പരിശീലന പരിപാടികളിൽ നിന്ന് സംഘടിത സംരംഭകത്വ വികസനത്തിലേക്ക് CDB മാറി:

കോക്കോമിത്ര (തെങ്ങുകയറ്റക്കാരുടെ കർമ്മസേന): പരിശീലനം ലഭിച്ച തെങ്ങുകയറ്റക്കാരെ 6-10 അംഗങ്ങളുള്ള രജിസ്റ്റർ ചെയ്ത യൂണിറ്റുകളായി സംഘടിപ്പിക്കുന്നു. കർഷകർക്ക് സമയബന്ധിതമായി സേവനം നൽകുന്നതിനായി ഈ ഗ്രൂപ്പുകളിൽ ആധുനിക തെങ്ങുകയറ്റ ഉപകരണങ്ങൾ, തൈ സംരക്ഷണ ഉപകരണങ്ങൾ, യാത്രാ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

കേര കൗശൽ കേന്ദ്ര: ചിരട്ട, തടി, ചകിരിനാര് നിർമ്മിത ഉൽപ്പന്നങ്ങളിൽ വൈദഗ്ധ്യമുള്ള നാളികേര കരകൗശല കേന്ദ്രങ്ങളുടെ ഒരു ശൃംഖല ഇന്ത്യയിലുടനീളം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. രജിസ്റ്റർ ചെയ്ത നിയമവിധേയ സ്ഥാപനങ്ങളായി 15 അംഗ കരകൗശല ഉൽപ്പാദന സംഘങ്ങളെ ഈ സംരംഭം സ്ഥാപിക്കുന്നു.

അംഗീകൃതമായ ഓരോ കേര കൗശൽ കേന്ദ്രത്തിനും 2026-27 മുതൽ ₹2.67 ലക്ഷം സാമ്പത്തിക സഹായത്തിന് അർഹതയുണ്ട്. ഉപകരണങ്ങൾ, ഫർണിച്ചറുകൾ, ഫിക്സ്ചറുകൾ, സ്റ്റോറേജ് ഷെൽഫുകൾ, റാക്കുകൾ, യൂട്ടിലിറ്റികൾ, ആകസ്മിക ചെലവുകൾ തുടങ്ങിയ പൊതു സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ് ഈ സഹായം നൽകുന്നത്. ഈ സംരംഭം കരകൗശല ഉൽപ്പന്നങ്ങളുടെ വിപണന പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു. ഈ പരിപാടി നാളികേരാധിഷ്ഠിത സൂക്ഷ്മ സംരംഭങ്ങളെയും ഗ്രാമീണ സംരംഭകത്വത്തെയും സുസ്ഥിര ഉപജീവനമാർഗ്ഗങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു.

നീര ചെത്തലും സംസ്കരണ സാങ്കേതിക വിദഗ്ധ പരിശീലന പരിപാടി: ലഹരിയില്ലാത്ത, പോഷകസമൃദ്ധമായ ആരോഗ്യപാനീയമായ നീര, തെങ്ങിൻ പൂങ്കുലയിൽ നിന്ന് ചെത്തിയെടുക്കുന്ന പുളിക്കാത്ത നീരാണ്. സുരക്ഷിതവും ശാസ്ത്രീയവുമായ നീര ചെത്തലിനും സംസ്കരണത്തിനുമായി നൈപുണ്യമുള്ള സാങ്കേതിക വിദഗ്ധരെ വികസിപ്പിക്കുന്നതിന് ഏഴുദിവസത്തെ ഫീൽഡ് അധിഷ്ഠിത പരിശീലനം ഈ പരിപാടി നൽകുന്നു. നീര ലൈസൻസുള്ള FPO-കൾ വഴിയാണ് പരിശീലനം നടത്തുന്നത്.

2025-26 കാലയളവിൽ ബോർഡ് 414 ബോധവൽക്കരണ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. ഈ പരിപാടികളിൽ CDB പദ്ധതികൾ, ശാസ്ത്രീയ കൃഷി രീതികൾ, നാളികേര മൂല്യവർധനവ് എന്നിവ ഉൾപ്പെടുത്തിയിരുന്നു.

പാരമ്പര്യത്തിന്റെയും ആഗോള വളർച്ചയുടെയും സംഗമസ്ഥാനത്ത് നാളികേര മേഖല

തലമുറകളായി കൽപ്പവൃക്ഷം എന്നറിയപ്പെടുന്ന തെങ്ങ് ഇന്ത്യയുടെ സാംസ്കാരികവും ഗ്രാമീണവുമായ ഭൂപ്രകൃതിയിൽ ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. കാലക്രമേണ, ഈ മേഖല പരമ്പരാഗത കൃഷിരീതികൾക്കപ്പുറത്തേക്ക് വളരെയധികം വികസിച്ചു. കരുത്തുറ്റ നയപിന്തുണ, കർഷക കൂട്ടായ്മകൾ, നൈപുണ്യ വികസന സംരംഭങ്ങൾ എന്നിവ നാളികേര മൂല്യവർധിത ശൃംഖലയെ ശക്തിപ്പെടുത്തി.

നടീൽ വസ്തുക്കൾ മെച്ചപ്പെടുത്തുന്നതിനും കൃഷി വിപുലീകരിക്കുന്നതിനും പഴയ തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. അതേസമയം മൂല്യവർധിത നാളികേര ഉൽപ്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത ആഗോള വിപണികളിൽ ഇന്ത്യയുടെ സാന്നിധ്യം വിപുലീകരിക്കുന്നു. സ്ഥാപനപരമായ സുസ്ഥിര പിന്തുണയോടെ ഇന്ത്യയുടെ നാളികേര മേഖല ഒരു പരമ്പരാഗത, സാംസ്കാരിക ചിഹ്നത്തിൽ നിന്ന് ആഗോളതലത്തിൽ പ്രാധാന്യമുള്ള ഒരു മേഖലയായി പരിണമിച്ചിരിക്കുന്നു.

അവലംബം

 

Ministry of Agriculture & Farmers Welfare

https://coconutboard.gov.in/docs/icj/icj-2023-02.pdf

https://coconutboard.gov.in/docs/icj/icj-2025-11.pdf

https://coconutboard.gov.in/docs/icj/icj-2026-03.pdf

https://coconutboard.gov.in/docs/farming-success-story.pdf

https://coconutboard.gov.in/docs/icj/icj-2026-04.pdf

https://coconutboard.gov.in/docs/operational-guidelines.pdf

https://coconutboard.gov.in/About.aspx

https://coconutboard.gov.in/docs/FPO-concept-note.pdf

https://coconutboard.gov.in/ProducerSocieties.aspx

https://coconutboard.gov.in/docs/anreport2024-25english.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2203006&reg=3&lang=1

https://agriwelfare.gov.in/Documents/DAFW_AnnualReport_2025_26_En.pdf

https://sansad.in/getFile/loksabhaquestions/annex/185/AU2600_MjCQOQ.pdf?source=pqals

https://sansad.in/getFile/annex/270/AS89_vpvBlL.pdf?source=pqars

https://www.pib.gov.in/PressReleasePage.aspx?PRID=2211783&reg=3&lang=2

https://sansad.in/getFile/loksabhaquestions/annex/187/AU4007_gp2V3z.pdf?source=pqals

https://www.pib.gov.in/PressReleaseDetail.aspx?PRID=2241416&reg=3&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2236048&reg=3&lang=1

https://coconutboard.gov.in/docs/icj/icj-2024-01.pdf

https://sansad.in/getFile/annex/270/AS89_vpvBlL.pdf?source=pqars

https://coconutboard.gov.in/docs/Handicraft-Training.pdf

https://coconutboard.gov.in/docs/icj/icj-2025-07.pdf

https://coconutboard.gov.in/docs/icj/icj-2026-02.pdf

Ministry of Finance

https://www.pib.gov.in/PressReleasePage.aspx?PRID=2221410&reg=3&lang=2

PIB Backgrounders

https://www.pib.gov.in/PressReleasePage.aspx?PRID=2253483&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2177219&reg=3&lang=2

Click here for the pdf file. 

***

SK

(Explainer ID: 159654) आगंतुक पटल : 15
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Assamese , Tamil , Kannada