Social Welfare
ഭാരത് ടാക്‌സി
ഇന്ത്യയിലെ ആദ്യത്തെ സഹകരണാധിഷ്ഠിത
ഓൺലൈൻ ടാക്‌സി സേവന സംവിധാനം
Posted On:
17 AUG 2026 3:25PM
|
2002-ലെ അന്തർസംസ്ഥാന സഹകരണ സംഘ നിയമം (മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട്) പ്രകാരം 2025 ജൂൺ ആറിന് സ്ഥാപിതമായ, ഇന്ത്യയിലെ ആദ്യത്തെ സഹകരണ നേതൃത്വത്തിലുള്ള ഓൺലൈൻ ടാക്‌സി സേവന സംവിധാനം (റൈഡ്-ഹെയ്ലിങ് പ്ലാറ്റ് ഫോം) ആണ് ഭാരത് ടാക്‌സി. എട്ട് ദേശീയ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ, ഇത് ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഗതാഗതസൗകര്യ (ഡിജിറ്റൽ മൊബിലിറ്റി)ത്തെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മാതൃകയുമായി സംയോജിപ്പിക്കുന്നു. ഒരു കമ്മീഷൻ തുകയും ഈടാക്കാത്ത മാതൃക പിന്തുടരുന്ന ഈ പ്ലാറ്റ് ഫോം , ഇത് സാരഥികളെ (ഡ്രൈവർമാരെ) അംഗ ഉടമകളായി പങ്കാളികളാക്കുന്നതിനൊപ്പം, യാത്രാക്കൂലി വരുമാനം മുഴുവനായും സ്വന്തമാക്കാൻ അവസരമൊരുക്കുന്നു. 2026 ജൂലൈ 25 വരെയുള്ള കണക്കനുസരിച്ച്, ഭാരത് ടാക്‌സിക്ക് നിരവധി നഗരങ്ങളിലായി ഏകദേശം 8 ലക്ഷം രജിസ്റ്റർ ചെയ്ത ഡ്രൈവർമാരും ഏകദേശം 41 ലക്ഷം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുമുണ്ട്. സുതാര്യമായ യാത്രാക്കൂലി നിർണയം, വിവിധ യാത്രാസേവന വിഭാഗങ്ങൾ, സ്ത്രീ കേന്ദ്രീകൃത ഗതാഗത സൗകര്യ സംരംഭങ്ങൾ, ഡിജിറ്റൽ സമന്വയം, സാമൂഹിക സുരക്ഷാ പിന്തുണ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. സ്ഥാപനപരമായ പങ്കാളിത്തങ്ങൾ, ആസൂത്രണം ചെയ്തിരിക്കുന്ന 2029 ഓടെയുള്ള രാജ്യവ്യാപക വിപുലീകരണം, സാങ്കേതികവിദ്യ പ്രാപ്തമാക്കിയ സേവനങ്ങൾ എന്നിവയിലൂടെ, ഭാരത് ടാക്‌സി, സമഗ്രവും സഹകരണപരവുമായ നഗര ഗതാഗതസൗകര്യങ്ങളിലൂടെ സഹകരണത്തിലൂടെ അഭിവൃദ്ധി (സഹകാർ സെ സമൃദ്ധി) എന്ന കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുന്നു.
|
സഹകരണത്തിലൂടെ നഗര ഗതാഗതസൗകര്യങ്ങളെ പരിവർത്തനം ചെയ്യുന്നു
ഇന്ത്യയിലെ നഗരങ്ങൾ ജനങ്ങളെ തൊഴിലിടങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അവശ്യ സേവനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന ഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. പൊതുഗതാഗതം നഗര ഗതാഗതസൗകര്യത്തിൻ്റെ നട്ടെല്ലാണ്, അതേസമയം സ്വകാര്യ വാഹനങ്ങൾ, കാൽനടയാത്ര, സൈക്കിൾ സവാരി എന്നിവ അധിക യാത്രാ മാർഗ്ഗങ്ങളും നൽകുന്നു. സമീപ വർഷങ്ങളിൽ, മൊബൈൽ ആപ്പ് അധിഷ്ഠിതമായിക്കൊണ്ട് ഓൺലൈനായി യാത്രാവാഹനങ്ങൾ വിളിക്കാനുള്ള (ഓൺലൈൻ ടാക്‌സിസേവന) സേവനങ്ങൾ ഈ ആവാസവ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. നിലവിലുള്ള ഗതാഗത ശൃംഖലകളെ പരിപൂർണമാക്കുകയും നാഗരിക ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഗതാഗതസൗകര്യ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നതിലൂടെ അവ സൗകര്യപ്രദവും, വഴക്കമുള്ളതും, അവസാനതലംവരെയുള്ളതുമായ യാത്രാസൗകര്യം നൽകുന്നു.
ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഗതാഗതസൗകര്യ സേവനങ്ങൾ വികസിച്ചുകൊണ്ടിരിക്കുമ്പോൾ, അവയെ കൂടുതൽ സമഗ്രവും, സുതാര്യവും, സേവന ദാതാക്കൾക്ക് പ്രയോജനകരവുമാക്കുന്നതിന് വർദ്ധിച്ചുവരുന്ന ഊന്നൽ നൽകുന്നുണ്ട്. നഗര ഗതാഗതസൗകര്യത്തിൽ സഹകരണാധിഷ്ഠിത ബിസിനസ് മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കേന്ദ്ര സഹകരണ മന്ത്രാലയം ഈ ലക്ഷ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നു. ഈ സമീപനം സാങ്കേതികവിദ്യയെ ജനാധിപത്യപരമായ ഉടമസ്ഥതയുമായി സംയോജിപ്പിച്ച്, വിശാലമായ സാമ്പത്തിക പങ്കാളിത്തവും നീതിപൂർവ്വകമായ വളർച്ചയും ഉറപ്പാക്കുന്നു.
ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക വികസനത്തിൽ സഹകരണ സ്ഥാപനങ്ങൾ വളരെക്കാലമായി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കൃഷി, വായ്പ, ബാങ്കിങ്, ഭവന നിർമ്മാണം, വനിതാ ക്ഷേമം എന്നീ മേഖലകളിലെല്ലാം അവ പ്രവർത്തിക്കുന്നു, കൂടാതെ ലോകത്തിലെ സഹകരണ സ്ഥാപനങ്ങളുടെ നാലിലൊന്നിൽ കൂടുതൽ സംഭാവന ചെയ്യുന്നത് ഇവയാണ്. തൊഴിലവസര സൃഷ്ടി, സാമൂഹിക സുരക്ഷ, അടിസ്ഥാന സാമ്പത്തിക പങ്കാളിത്തം എന്നിവയ്ക്കുള്ള ഉപകരണങ്ങളായി സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നത് കേന്ദ്ര സഹകരണ മന്ത്രാലയം തുടരുന്നു. ഈ വിശാലമായ നയ ചട്ടക്കൂടിനുള്ളിൽ, ഭാരത് ടാക്‌സി ഒരു നാഴികക്കല്ലായ സംരംഭമായി ഉയർന്നുവന്നിരിക്കുന്നു. ഇന്ത്യയിലെ സഹകരണ നേതൃത്വത്തിലുള്ള ആദ്യത്തെ ഓൺലൈൻ ടാക്‌സിസേവന സംവിധാനമാണിത്. കൂടാതെ 'സഹകരണത്തിലൂടെ അഭിവൃദ്ധി' എന്ന കേന്ദ്രഗവണ്മെൻ്റിൻ്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

ഭാരത് ടാക്‌സിയുടെ അടിത്തറ
ഭാരത് ടാക്‌സി 2002-ലെ അന്തർസംസ്ഥാന സഹകരണ സംഘ നിയമം പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളെ ഈ നിയമം നിയന്ത്രിക്കുന്നു. അംഗങ്ങളുടെ സ്വയം സഹായം, പരസ്പര പിന്തുണ, സാമ്പത്തിക, സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനിടയിൽ സ്വമേധയായുള്ള രൂപീകരണം, ജനാധിപത്യപരമായ പ്രവർത്തനം, സ്ഥാപനപരമായ സ്വയംഭരണം എന്നിവ ഇത് പ്രാപ്തമാക്കുന്നു.
എട്ട് ദേശീയതല സഹകരണ സ്ഥാപനങ്ങൾ ചേർന്ന് 2025 ജൂൺ ആറിന് ഭാരത് ടാക്‌സി ഔദ്യോഗികമായി രൂപവത്കരിച്ചു. ഇതിൻ്റെ സ്ഥാപക അംഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:
* ദേശീയ സഹകരണ വികസന കോർപറേഷൻ (നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ/ എൻ.സി.ഡി.സി.)
* ഇന്ത്യൻ കർഷക വളം സഹകരണ സംഘം (ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്/ ഐ.എഫ്.എഫ്.സി.ഒ.)
* ദേശീയ കൃഷി, ഗ്രാമ വികസന ബാങ്ക് (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻ്റ് / നബാർഡ്)
* കൃഷക് ഭാരതി സഹകരണ ക്ലിപ്തം (കൃഷക് ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്/ കെ.ആർ.ഐ.ബി.എച്ച്.സി.ഒ)
* ഗുജറാത്ത് സഹകരണ പാലുത്പാദന വിപണന ഫെഡറേഷൻ ക്ലിപ്തം (ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (അമുൽ)
* ഇന്ത്യൻ ദേശീയ കാർഷിക സഹകരണ വിപണന ഫെഡറേഷൻ ക്ലിപ്തം (നാഷണൽ അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്/ നാഫെഡ്)
* ദേശീയ ക്ഷീര വികസന ബോർഡ് (നാഷണൽ ഡയറി ഡെവലപ്മെൻ്റ് ബോർഡ് / എൻ.ഡി.ഡി.ബി.)
* ദേശീയ സഹകരണ കയറ്റുമതി ക്ലിപ്തം (നാഷണൽ കോ-ഓപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡ്/ എൻ.സി.ഇ.എൽ.)
ഈ പ്ലാറ്റ്‌ഫോം അതിൻ്റെ കാതലായ ഭാഗത്ത്, 'സാരഥികൾ' എന്നറിയപ്പെടുന്ന ഡ്രൈവർമാരെ ഒരു സഹകരണ ചട്ടക്കൂടിനുള്ളിൽ അംഗ ഉടമകളായി പ്രതിഷ്ഠിക്കുന്നു. ഈ സംരംഭം സുതാര്യമായ വരുമാനം, സ്ഥാപനപരമായ പ്രാതിനിധ്യം, ധാർമ്മിക സേവന മാനദണ്ഡങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ഉത്തരവാദിത്തവും പൊതുമൂല്യസൃഷ്ടിയും അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനത്തിലൂടെ യാത്രക്കാർക്ക് വിശ്വസനീയവും താങ്ങാനാവുന്നതുമായ ഗതാഗത സേവനങ്ങൾ നൽകാനും ഇത് ശ്രമിക്കുന്നു.
ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാറ്റ്ഫോം സമ്പദ്വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ, ഇത് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഗതാഗതസൗകര്യ സേവനങ്ങളെ സഹകരണ ഉടമസ്ഥാവകാശവും ഡ്രൈവർ പങ്കാളിത്തവുമായി സംയോജിപ്പിക്കുന്നു. സഹകരണ തത്വങ്ങളുമായി സാങ്കേതിക നൂതനത്വത്തെ സമന്വയിപ്പിക്കുന്ന നഗര ഗതാഗതത്തിനായുള്ള ഒരു പുതുസമീപനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.
സഹകരണ ഉടമസ്ഥതാ മാതൃക
ഭരണനിർവഹണം, ഉടമസ്ഥാവകാശം, സാമ്പത്തിക പങ്കാളിത്തം എന്നിവ സമന്വയിപ്പിക്കുന്ന ഒരു സഹകരണ ചട്ടക്കൂടിനെ ചുറ്റിപ്പറ്റിയാണ് ഭാരത് ടാക്‌സി രൂപപ്പെടുത്തിയിരിക്കുന്നത്. ഈ മാതൃക 'സാരഥി'കളെ, സംവിധാനത്തിൻ്റെ കേന്ദ്രഭാഗത്ത് പ്രതിഷ്ഠിക്കുന്നു, അവരെ ഡ്രൈവർമാരായി മാത്രമല്ല, അതിൻ്റെ പ്രവർത്തനത്തിലും വളർച്ചയിലുമുള്ള പങ്കാളികളായും അംഗീകരിക്കുന്നു.
കമ്മീഷൻ ഈടാക്കാത്ത സാമ്പത്തിക മാതൃക
ഒരു കമ്മീഷനും ഈടാക്കാത്ത, ആവശ്യകതയ്ക്കനുസരിച്ച് യാത്രാക്കൂലി വർധിപ്പിക്കാത്ത (സർജ്-ഫ്രീ പ്രൈസിങ്) മാതൃകയിലാണ് ഭാരത് ടാക്‌സി പ്രവർത്തിക്കുന്നത്. പരമ്പരാഗത ഓൺലൈൻ ടാക്‌സി സേവന പ്ലാറ്റ് ഫോമുകൾക്കുള്ള ഒരു സഹകരണ ബദലായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡ്രൈവർമാർക്ക് മുഴുവൻ യാത്രാനിരക്ക് വരുമാനവും നിലനിർത്താൻ സഹായിക്കുന്ന, വരിസംഖ്യ അടിസ്ഥാനമാക്കിയുള്ള മാതൃകയാണ് സഹകരണസംഘങ്ങൾ പിന്തുടരുന്നത്. ദൂരം, സമയം, വിപണി സാഹചര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ബാധകമായ യാത്രാ നിരക്ക് മാത്രമേ സവാരി ചെയ്യുന്നവർ നൽകേണ്ടതുള്ളൂ. ആപ്ലിക്കേഷനിലൂടെ അധിക സൗകര്യ ഫീസുകളോ പ്ലാറ്റ് ഫോം ഫീസുകളോ ആവശ്യകതയ്ക്കനുസരിച്ച് വർധിപ്പിക്കുന്ന യാത്രാനിരക്കോ ഈടാക്കില്ല.
ഭാരത് ടാക്‌സി പദ്ധതി പ്രകാരം, സഹകരണ സംഘത്തിൻ്റെ വരുമാനത്തിൻ്റെ 20 ശതമാനം ഡ്രൈവർമാരുടെ മൂലധനമായി ഭാരത് ടാക്‌സിയിലേക്ക് വരവ് വെക്കുന്നു. ബാക്കി 80 ശതമാനം ഡ്രൈവർമാർക്കിടയിൽ അവരുടെ ടാക്‌സികൾ സഞ്ചരിച്ച കിലോമീറ്ററുകളുടെ അടിസ്ഥാനത്തിൽ വീതിച്ചെടുക്കുന്നു. ഭാരത് ടാക്‌സി സർവീസ് നടത്തുന്ന വിമാനത്താവളങ്ങളിലെ പ്രീപെയ്ഡ് ബൂത്തുകളിൽ പ്രവർത്തന ചെലവുകൾക്കായി മാത്രം ഏഴ് ശതമാനം സർവീസ് ചാർജ് ഈടാക്കുന്നു.

ഉടമകളായി സാരഥി പങ്കാളികൾ
'ഡ്രൈവർ തന്നെയാണ് ഉടമ (സാരഥി ഹീ മാലിക്) എന്ന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിച്ചുകൊണ്ട്, അധ്വാനിക്കുന്നവർ ഉടമസ്ഥാവകാശവും തീരുമാനമെടുക്കലും പങ്കിടണമെന്ന സഹകരണ തത്വത്തിലാണ് ഭാരത് ടാക്‌സി രൂപവത്കരിച്ചിട്ടുള്ളത്. ഈ മാതൃക ഡ്രൈവർമാരെ, ഭരണനിർവഹണത്തിൽ പങ്കാളികളാകാനും പ്ലാറ്റ് ഫോമിൻ്റെ വളർച്ചയിൽ നിന്ന് പ്രയോജനം നേടാനും പ്രാപ്തരാക്കുന്നു. ഇത് തീരുമാനമെടുക്കുന്നതിൽ സുതാര്യമായ പങ്കാളിത്തവും പൊതു ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നു. ഡ്രൈവർമാരെ ഉടമസ്ഥതയുടെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നതിലൂടെ, ഭാരത് ടാക്‌സി ന്യായമായതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, പങ്കാളിത്തമുള്ളതുമായ ഒരു നഗര ഗതാഗതസൗകര്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നു.
ഉടമസ്ഥാവകാശത്തിൻ്റെയും ഭരണനിർവഹണത്തിൻ്റെയും
പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
ഓഹരി ഉടമസ്ഥതയിലൂടെയുള്ള ഉടമസ്ഥാവകാശം: 100 രൂപ വീതം വിലയുള്ള ഓഹരികൾ വഴി സഹകരണ ഓഹരി മൂലധനത്തിലേക്ക് വരിക്കാരനായിക്കൊണ്ട്, ഡ്രൈവർമാർ അംഗ ഉടമയാകുന്നു. പദ്ധതിയിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന ഡ്രൈവർമാർക്ക് 500 രൂപയുടെ ഓഹരികൾ വാങ്ങി ഉടമസ്ഥാവകാശവും നേടാം.
ഡ്രൈവർമാരെ കേന്ദ്രീകരിച്ചുള്ള ഭരണനിർവഹണം: ഓഹരികൾ ഡ്രൈവർമാർ കൈവശം വയ്ക്കുന്നതിനാൽ, നയങ്ങളും പ്രവർത്തന തീരുമാനങ്ങളും രൂപപ്പെടുത്തുന്നതിൽ പങ്കാളികളാകാൻ കഴിയുന്ന അംഗങ്ങളായി അവരെ മാറ്റുന്നു.
നേതൃത്വത്തിൽ പ്രാതിനിധ്യം: ഡയറക്ടർ ബോർഡിൽ ഡ്രൈവർമാരായ അംഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ, ഭരണനിർവഹണത്തിൽ ഡ്രൈവർമാരുടെ താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നു.

ഉടമസ്ഥാവകാശം, പങ്കാളിത്തം, വരുമാനം എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, ഓൺലൈൻ ടാക്‌സി സേവനങ്ങളിൽ കൂടുതൽ നീതിപൂർവ്വകവും പങ്കാളിത്തപരവുമായ സമീപനം സൃഷ്ടിക്കാൻ ഈ സംരംഭം ശ്രമിക്കുന്നു.
ഇന്ത്യയിലുടനീളം വളരുന്ന പാദമുദ്രകൾ
2026 ജൂലൈ 25 വരെയുള്ള കണക്കനുസരിച്ച്, ഭാരത് ടാക്‌സിക്ക് ഏകദേശം 8 ലക്ഷം രജിസ്റ്റർ ചെയ്ത ഡ്രൈവർമാരും ഏകദേശം 41 ലക്ഷം രജിസ്റ്റർ ചെയ്ത ഉപഭോക്താക്കളുമുണ്ട്. ഡൽഹി-ദേശീയ തലസ്ഥാന മേഖല (എൻ.സി.ആർ.), ഗുജറാത്ത്, ലഖ്നൗ, ചണ്ഡീഗഡ്, മുംബൈ, ജയ്പൂർ, കാൺപൂർ, പൂനെ എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാണ്. ഉദാഹരണത്തിന്, 2026 ജൂലൈ 25 വരെയുള്ള കണക്കനുസരിച്ച്, ജയ്പൂരിൽ ഇതുവരെ 30,000-ത്തിലധികം ഡ്രൈവർമാരും ഏകദേശം 7 ലക്ഷം ഉപഭോക്താക്കളും ഭാരത് ടാക്‌സിയിൽ ചേർന്നു. ഇത് കൂടാതെ, അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ റാഞ്ചി, പാട്‌ന, ഗുവാഹത്തി, ഭോപ്പാൽ, കൊൽക്കത്ത, ഇൻഡോർ, നാഗ്പൂർ എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

ഈ പ്ലാറ്റ് ഫോം ഘട്ടം ഘട്ടമായുള്ള നിർവഹണത്തിലൂടെ ക്രമേണ വിപുലീകൃതമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്ക് സഹകരണാധിഷ്ഠിത ഓൺലൈൻ ടാക്‌സി സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട്, 2029 ആകുമ്പോഴേക്കും രാജ്യവ്യാപക സാന്നിധ്യം കൈവരിക്കാനാണ് ഭാരത് ടാക്‌സി ലക്ഷ്യമിടുന്നത്.
ഗതാഗതസൗകര്യ സേവനങ്ങൾ ഒറ്റനോട്ടത്തിൽ
ഭാരത് ടാക്‌സി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ഗതാഗത സൗകര്യ സേവനങ്ങളെയും സാമൂഹിക സംരംഭങ്ങളെയും സംയോജിപ്പിക്കുന്നു. ഇത് വിശ്വസനീയവും സുതാര്യവും സമഗ്രവുമായ ഗതാഗത സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സൗകര്യപ്രദമായി യാത്ര ബുക്ക് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി വിവിധ സവാരി മാർഗങ്ങളും ഉപയോക്തൃ-സൗഹൃദ സവിശേഷതകളും ഈ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നു. ഗതാഗതസൗകര്യ മേഖലയിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സ്ത്രീ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങളെയും പ്ലാറ്റ് ഫോം പിന്തുണയ്ക്കുന്നു.
എല്ലാ യാത്രകൾക്കുമുള്ള സവാരി മാർഗങ്ങൾ:
വ്യത്യസ്ത യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി സവാരി മാർഗങ്ങൾ ഭാരത് ടാക്‌സി ആപ്ലിക്കേഷൻ പ്രദാനം ചെയ്യുന്നു. ദൂരം, യാത്രാസുഖം, യാത്രക്കാരുടെ ശേഷി എന്നിവയ്ക്ക് അനുസൃതമായി യാത്രക്കാർക്ക് വിവിധ തരം വാഹനങ്ങൾ തിരഞ്ഞെടുക്കാം.
ലഭ്യമായ സവാരി വിഭാഗങ്ങളിൽ ഇവ ഉൾപ്പെടുന്നു:
* ഇരുചക്ര വാഹനം (ബൈക്ക് ടാക്‌സി)
* ഓട്ടോറിക്ഷ
* ഇക്കണോമി കാബ്
* പ്രീമിയം സെഡാൻ
* എക്‌സ്.എൽ കാബ് (എസ്.യു.വി.)
* വാടകവാഹനങ്ങൾ
* വിദൂരയാത്ര
* മുൻകൂട്ടി നിശ്ചയിച്ച സവാരികൾ
ഈ യാത്രാ മാർഗങ്ങൾ ഉപയോക്താക്കൾക്ക് ഹ്രസ്വദൂര നഗര യാത്രകൾ, ദൈനംദിന യാത്രകൾ, ദീർഘദൂര നഗരാന്തര യാത്രകൾ എന്നിവയ്ക്കായി ഗതാഗത സേവനങ്ങൾ അഭിഗമ്യമാക്കാൻ അനുവദിക്കുന്നു.
ഭാരത് ടാക്‌സിയിൽ ഒരു സവാരി ബുക്ക് ചെയ്യൽ:
ഭാരത് ടാക്‌സി പ്ലാറ്റ് ഫോം, ലളിതമായൊരു ഡിജിറ്റൽ സംവേദനതലം (ഇൻ്റർഫേസ്) വഴി യാത്രക്കാർക്ക് സവാരികൾ ബുക്ക് ചെയ്യാനും ഡ്രൈവർമാർക്ക് സാരഥികളായി രജിസ്റ്റർ ചെയ്യാനും അനുവദിക്കുന്നു. സവാരി ബുക്ക് ചെയ്യുന്ന പ്രക്രിയ വേഗതയാർന്നതും ഉപയോക്തൃ സൗഹൃദപരവുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ആപ്പ് അധിഷ്ഠിതമായി ബുക്ക് ചെയ്യുന്നതിന് പുറമെ, നേരിട്ടെത്തി യാത്ര ബുക്ക് ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട വിമാനത്താവളങ്ങളിൽ ഭാരത് ടാക്‌സി പ്രീപെയ്ഡ് ബൂത്തുകൾ പ്രവർത്തിപ്പിക്കുന്നു. കൂടാതെ, സാരഥികളായി പ്ലാറ്റ് ഫോമിൽ ചേരാൻ ആഗ്രഹിക്കുന്ന ഡ്രൈവർമാർക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് അതിൽ ചേരുന്ന പ്രക്രിയ പൂർത്തീകരിച്ച് ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

സുതാര്യമായ യാത്രാ നിരക്കുകൾ
യാത്രക്കാർക്ക് പ്രവചനാത്മകതയും ന്യായവും ഉറപ്പാക്കുന്നതിന് ഈ പ്ലാറ്റ് ഫോം സുതാര്യമായ യാത്രാക്കൂലി നിർണയ ഘടന പിന്തുടരുന്നു. യാത്രാക്കൂലി കണക്കുകൾ മുൻകൂട്ടി പ്രദർശിപ്പിക്കും, കൂടാതെ ഈ സംവിധാനം ചൂഷണപ്രകൃതത്തോടെ ആവശ്യകതയ്ക്കനുസരിച്ച് യാത്രാക്കൂലി വർധിപ്പിക്കുന്ന രീതിയിലല്ലാതെ പ്രവർത്തിക്കുന്നു. യാത്രക്കാരെ കൂടുതൽ ആത്മവിശ്വാസത്തോടെ യാത്രകൾ ആസൂത്രണം ചെയ്യാൻ പ്രാപ്തരാക്കുന്നതിനൊപ്പം നിരക്ക് കണക്കുകൂട്ടലിൽ വ്യക്തത നിലനിർത്താനും ഈ സമീപനം ശ്രമിക്കുന്നു.
ഗതാഗതസൗകര്യങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കൽ
സ്ത്രീ യാത്രക്കാർക്ക് സുരക്ഷയും അഭിഗമ്യതയും വർദ്ധിപ്പിക്കുന്നതിനായി ഭാരത് ടാക്‌സി 'സാരഥി ദീദി' സവിശേഷത അവതരിപ്പിച്ചു. ആപ്ലിക്കേഷൻ വഴി വനിതാ ഡ്രൈവർമാർ നടത്തുന്ന സവാരികൾ തിരഞ്ഞെടുക്കാൻ ഇത് സ്ത്രീ യാത്രക്കാരെ അനുവദിക്കുന്നു.
ഗതാഗത മേഖലയിൽ സ്ത്രീകളുടെ വർധിത പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, ഭാരത് ടാക്‌സി 'ബൈക്ക് ദീദി' സംരംഭവും ആരംഭിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച്, നൂറ്റമ്പതിലധികം വനിതാ ഡ്രൈവർമാർ ഈ സംരംഭത്തിന് കീഴിൽ ഭാരത് ടാക്‌സി പ്ലാറ്റ്ഫോമിൽ ചേർന്നു. സഹകരണാധിഷ്ഠിത ഗതാഗതസൗകര്യമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം അവരുടെ ഉപജീവനമാർഗ അവസരങ്ങൾ വികസിപ്പിക്കുകയെന്നതാണ് ഈ ശ്രമങ്ങൾ ലക്ഷ്യം വെക്കുന്നത്.

സുരക്ഷയും സുരക്ഷിത യാത്രയും:
സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കുന്നതിനായി ഭാരത് ടാക്‌സി അതിൻ്റെ പ്ലാറ്റ് ഫോം നിർമിതിയിൽ രൂപകല്പനാഘട്ടത്തിൽ തന്നെ മുൻകൂർ സുരക്ഷ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഏകോപിത അവലോകനവും സമയബന്ധിത പ്രതികരണങ്ങളും പ്രാപ്തമാക്കുന്ന പോലീസ് സംയോജനവും കൺട്രോൾ-റൂം നിരീക്ഷണവും ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. കൂടാതെ, ഓരോ ഡ്രൈവറും കെ.വൈ.സി. സ്ഥിരീകരണം, ആനുകാലിക പശ്ചാത്തല പരിശോധനകൾ, സുരക്ഷാ പരിശീലനം എന്നിവയ്ക്ക് വിധേയമാകുന്നു. തത്സമയ സവാരി നിരീക്ഷണം, ആപത്ഘട്ടങ്ങളിലെ അടിയന്തരസഹായ (എസ്.ഒ.എസ്.) പിന്തുണ, ഡ്രൈവറുടെ സേവന വിലയിരുത്തൽ എന്നിവ ആപ്പിൽ ഉൾപ്പെടുന്നു. പരിശീലനം ലഭിച്ചതും പരിശോധിച്ചുറപ്പിച്ചതുമായ ഡ്രൈവർമാരെ മാത്രം സജീവമായി നിലനിർത്തുന്നതിനായി സുരക്ഷാ വിലയിരുത്തലുകൾ പതിവായി അവലോകനം ചെയ്യുന്നു.
പങ്കാളിത്തങ്ങളും ഡിജിറ്റൽ സംയോജനവും കെട്ടിപ്പടുക്കൽ:
ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ, സേവന ആവാസവ്യവസ്ഥ, സാരഥികൾക്കുള്ള സാമൂഹിക സുരക്ഷാ പിന്തുണ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഭാരത് ടാക്‌സി മറ്റ് സ്ഥാപനങ്ങളുമായി സഹകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഗവണ്മെൻ്റ് ഏജൻസികൾ, ധനകാര്യ സ്ഥാപനങ്ങൾ, സാങ്കേതിക പങ്കാളികൾ എന്നിവരുമായുള്ള ധാരണാപത്രങ്ങൾ (എം.ഒ.യു.) വഴി, പ്ലാറ്റ്ഫോം പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഈ പങ്കാളിത്തങ്ങൾ സാരഥികൾക്കും യാത്രക്കാർക്കുമുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിലുള്ള ഡിജിറ്റൽ സംയോജനം:
ദേശീയ ഇ-ഗവേണൻസ് വിഭാഗവുമായുള്ള (നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ/ എൻഇ ജി.ഡി.) ധാരണാപത്രം പ്രകാരം, ഡിജിറ്റൽ ഇന്ത്യ ചട്ടക്കൂടിനുള്ളിൽ ഭാരത് ടാക്‌സിക്ക് മാർഗനിർദേശവും സാങ്കേതിക പിന്തുണയും ലഭിക്കുന്നു. ഈ സഹകരണം ഡിജിലോക്കർ, ഉമാങ്, എ.പി.ഐ. സേതു തുടങ്ങിയ ദേശീയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായുള്ള സംയോജനം സാധ്യമാക്കുന്നു.
|
ഡിജിലോക്കർ
ഡിജിറ്റൽ ഇന്ത്യ പരിപാടിയ്ക്ക് കീഴിൽ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ ഒരു മുൻനിര സംരംഭമാണ് ഡിജിലോക്കർ. ആധികാരിക ഡിജിറ്റൽ പ്രമാണങ്ങൾ സംഭരിക്കാനും പരിശോധിക്കാനും പങ്കിടാനും ഇത് പൗരന്മാർക്ക് സുരക്ഷിതമായ ഒരു ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോം നൽകുന്നു.
ഉമാങ് (നവയുഗ ഭരണനിർവഹണത്തിനായുള്ള ഏകീകൃത മൊബൈൽ ആപ്ലിക്കേഷൻ/ യൂണിഫൈഡ് മൊബൈൽ ആപ്ലിക്കേഷൻ ഫോർ ന്യൂ ഏജ് ഗവേണൻസ്)
പൗരന്മാർക്ക് ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ലഭ്യമാക്കുന്ന ഒരു ഡിജിറ്റൽ ഇന്ത്യ പ്ലാറ്റ് ഫോമാണ് ഉമാങ്. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്ന വിവിധ സർക്കാർ സേവനങ്ങളിലേക്ക് ഇത് അഭിഗമ്യത നൽകുന്നു. മൊബൈൽ ആപ്ലിക്കേഷൻ (ഐ.ഒ.എസ്., ആൻഡ്രോയ്ഡ്), ചാറ്റ്‌ബോട്ട്, വോയ്സ് ബോട്ട്, വെബ്സൈറ്റ് തുടങ്ങിയ വ്യത്യസ്ത ഉപാധികൾ വഴിയാണ് ഈ സേവനങ്ങൾ നൽകുന്നത്.
എ.പി.ഐ. സേതു
ഇ-ഗവേണൻസ് സംവിധാനങ്ങളിലുടനീളം ഡാറ്റയുടെയും സേവനങ്ങളുടെയും സുരക്ഷിതവും പരസ്പര പ്രവർത്തനക്ഷമവുമായ പങ്കിടൽ പ്രാപ്തമാക്കുന്ന കേന്ദ്രഗവണ്മെൻ്റിൻ്റെ ഒരു ഓപ്പൺ എ.പി.ഐ. പ്ലാറ്റ് ഫോമാണ് എ.പി.ഐ. സേതു. ഇത് തടസ്സരഹിതമായ ഡിജിറ്റൽ സേവന വിതരണത്തെ പിന്തുണയ്ക്കുന്നു.
|
ഈ സംയോജനത്തിൻ്റെ പ്രധാന നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:
*കടലാസുകൾ ഉപയോഗിക്കാതെയുള്ള സുരക്ഷിതമായ ഡിജിറ്റൽ പരിശോധനയിലൂടെ ഡ്രൈവർമാരെ ആപ്പിൽ ചേർക്കുക.
*ദേശീയ ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ വഴി ഗവണ്മെൻ്റ് സേവനങ്ങളിലേക്കുള്ള ഏകീകൃത അഭിഗമ്യത
*സുരക്ഷിതവും പരസ്പര പ്രവർത്തനക്ഷമവുമായ ഡിജിറ്റൽ പ്രവർത്തനങ്ങൾ
* കറൻസിരഹിതമായ പണമടയ്ക്കൽ സംവിധാനങ്ങൾക്കുള്ള പിന്തുണ
* പ്ലാറ്റ് ഫോമിലുടനീളം മെച്ചപ്പെട്ട പ്രവർത്തന കാര്യക്ഷമത
പ്രധാന സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം
സേവന കാര്യക്ഷമത വികസിപ്പിക്കുന്നതിനും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി ഭാരത് ടാക്‌സി നിരവധി സ്ഥാപനങ്ങളുമായി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് പിന്തുണ എന്നിവയുമായി പ്ലാറ്റ് ഫോമിനെ സംയോജിപ്പിക്കാൻ ഈ പങ്കാളിത്തങ്ങൾ സഹായിക്കുന്നു.
പ്രധാന പങ്കാളിത്ത സ്ഥാപനങ്ങളിൽ ഇവ ഉൾപ്പെടുന്നു:
* ഡൽഹി ട്രാഫിക് പോലീസ്
* ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ
* വിമാനത്താവള അതോറിറ്റി
* ഇഫ്‌കോ (ഐ.എഫ്.എഫ്.സി.ഒ.) ടോക്കിയോ ഇൻഷുറൻസ്
* ഭാരതീയ സ്റ്റേറ്റ് ബാങ്ക് (എസ്.ബി.ഐ.)
* പേ ടി.എം
ഈ സഹകരണങ്ങൾ സ്ഥാപനങ്ങൾക്ക് ഭാരത് ടാക്‌സി സേവനങ്ങൾ അഭിഗമ്യമാക്കുന്നതിനും, യാത്രക്കാർക്ക് ഗതാഗത അടിസ്ഥാന സൗകര്യങ്ങളുമായും ഡിജിറ്റൽ പണമിടപാടുകളുമായും ബന്ധപ്പെട്ട അധിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും സഹായിക്കുന്നു.
സാരഥികൾക്കുള്ള സാമൂഹിക സുരക്ഷ
ഭാരത് ടാക്‌സിയുമായി ബന്ധപ്പെട്ട സാരഥി(ഡ്രൈവർമാർ)കൾക്ക് ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്, ഇത് അവരെ വിവിധ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ പ്രാപ്തമാക്കുന്നു. രജിസ്‌ട്രേഷന് ശേഷം, സാരഥികളും അവരുടെ കുടുംബങ്ങളും ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ.) പദ്ധതി പ്രകാരം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ വൈദ്യചികിത്സയ്ക്ക് അർഹരാകുന്നു. 2018 ൽ ആരംഭിച്ച ഇത് ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതിയാണ്.
.
|
ഇ-ശ്രാം പോർട്ടൽ
കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയം ആരംഭിച്ച ഇ-ശ്രാം പോർട്ടൽ, ആധാറുമായി പരിശോധിച്ചുറപ്പിച്ച് കൂട്ടിയിണക്കിയ അസംഘടിത തൊഴിലാളികളുടെ ഒരു ദേശീയ ഡാറ്റാബേസ് സൃഷ്ടിക്കുന്നു. ഇത് ഇത്തരം തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷയും ക്ഷേമ പദ്ധതികളും ലക്ഷ്യബോധത്തോടെ എത്തിക്കാൻ സഹായിക്കുന്നു.
|
അധിക ക്ഷേമ നടപടികളിൽ ഇവ ഉൾപ്പെടുന്നു:
* നാമമാത്രമായ പ്രീമിയം നിരക്കിൽ ഇഫ്‌കോ ടോക്കിയോ വഴി 5 ലക്ഷം രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് നൽകുന്നു.
* ഡ്രൈവർമാരുടെ ദീർഘകാല ക്ഷേമത്തിനും ഇൻഷുറൻസ് പരിഹാരങ്ങൾക്കുമുള്ള ഉപദേശക പിന്തുണ.
* പേ ടി.എം പങ്കാളിത്തത്തിലൂടെ ഡ്രൈവർമാർക്കും അവരുടെ കുടുംബങ്ങൾക്കും ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയെ പിന്തുണയ്ക്കുന്നു.
വിമാനത്താവളങ്ങളിലേക്കുള്ള യാത്രാസൗകര്യം
ഡൽഹി വിനോദസഞ്ചാര, ഗതാഗത വികസന കോർപ്പറേഷനുമായും ഡൽഹി എയർപോർട്ട് പാർക്കിംഗ് സർവീസസുമായും ഭാരത് ടാക്‌സി കരാറുകളിൽ ഒപ്പുവച്ചു. ഈ കരാറുകൾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള ടെർമിനലുകളിലുടനീളം വിവിധ പാർക്കിങ് സ്ഥലങ്ങളിൽ വൈറ്റ് കാബ് സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നു. ഭാരത് ടാക്‌സിയുടെ കാലി പീലി (കറുത്തും മഞ്ഞയും ഇടകലർന്ന) ടാക്‌സി സേവനങ്ങളെ പരിപൂർണമാക്കുന്ന ഈ ക്രമീകരണം, വിമാനത്താവള സവാരികളുടെ ലഭ്യത മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സഹകരണാത്മകമായ നഗര ഗതാഗതസൗകര്യങ്ങളിലേക്ക്
ഭാരത് ടാക്‌സി ഇന്ത്യയുടെ നഗര ഗതാഗതസൗകര്യ മേഖലയിലെ ഗണ്യമായൊരു സഹകരണ നൂതനത്വത്തെ പ്രതിനിധീകരിക്കുന്നു. ഡ്രൈവർമാരുടെ ഉടമസ്ഥതയിൽ നിർമ്മിച്ച ഈ പ്ലാറ്റ് ഫോം, ഭരണനിർവഹണം, വരുമാനം, സേവന വിതരണം എന്നിവയുടെ കേന്ദ്രത്തിൽ സാരഥികളെ പ്രതിഷ്ഠിക്കുന്നു. ഒരു സഹകരണ മാതൃകയിലൂടെ യാത്രക്കാർക്ക് സുതാര്യവും വിശ്വസനീയവും താങ്ങാനാവുന്നതുമായ ഗതാഗത സേവനങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.
ദേശീയ സഹകരണ സ്ഥാപനങ്ങളുടെയും ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയോടെ, ഭാരത് ടാക്‌സി സാങ്കേതികവിദ്യയെ സാമൂഹിക സുരക്ഷാ പിന്തുണയുമായി സംയോജിപ്പിക്കുന്നു. പങ്കാളിത്തത്തിലൂടെയും സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങളിലൂടെയും ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഗതാഗതസൗകര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പ്രധാന നഗരങ്ങളിൽ ഇതിനകം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ച ഭാരത് ടാക്‌സി, 2029 ഓടെ ഘട്ടങ്ങളായുള്ള ദേശീയതല പ്രവർത്തന വ്യാപനത്തിന് പദ്ധതിയിടുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ ഗതാഗതസൗകര്യ ആവാസവ്യവസ്ഥയിൽ സഹകരണ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭം ലക്ഷ്യം വെക്കുന്നത്. 'സഹകരണത്തിലൂടെ അഭിവൃദ്ധി' (സഹകാർ സേ സമൃദ്ധി) എന്ന വിശാലമായ കാഴ്ചപ്പാടിനെ ഇത് മുന്നോട്ട് നയിക്കുന്നു.
അവലംബം
Ministry of Cooperation
https://www.pib.gov.in/PressReleasePage.aspx?PRID=2225907
https://www.pib.gov.in/PressReleasePage.aspx?PRID=2214633
https://www.pib.gov.in/PressReleseDetailm.aspx?PRID=2231721
https://www.pib.gov.in/PressReleasePage.aspx?PRID=2223166
https://www.pib.gov.in/PressReleasePage.aspx?PRID=2224048
https://www.pib.gov.in/PressReleasePage.aspx?PRID=2278302®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2289491®=48&lang=1
Ministry of Electronics and Information Technology (MeitY)
https://www.digilocker.gov.in/
https://web.umang.gov.in/
https://web.umang.gov.in/landing/
https://www.apisetu.gov.in/
Ministry of Labour and Employment
https://eshram.gov.in/
Bharat Taxi
https://bharattaxiapp.com/
https://bharattaxiapp.com/products/
https://bharattaxiapp.com/coop-model/
https://bharattaxiapp.com/faq/
PIB Backgrounders
https://www.pib.gov.in/PressReleasePage.aspx?PRID=2215759®=3&lang=2
https://www.pib.gov.in/FactsheetDetails.aspx?Id=150721®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2185049®=3&lang=2
Click here to see PDF
****
(Explainer ID: 159599)
आगंतुक पटल : 10
Provide suggestions / comments