Social Welfare
അക്കങ്ങൾക്കപ്പുറം: ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസ പുരോഗതിയുടെ അവലോകനം
UDISE+ 2025–26 റിപ്പോർട്ട് (എൻ.ഇ.പി ഘടന)
Posted On:
17 AUG 2026 3:05PM
|
14.67 ലക്ഷം സ്‌കൂളുകൾ, 1.03 കോടി അധ്യാപകർ, 24.72 കോടി വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള, ഇന്ത്യയിലെ സ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്ര വിലയിരുത്തലാണ് UDISE+ റിപ്പോർട്ട് 2025-26 അവതരിപ്പിക്കുന്നത്. എൻറോൾമെന്റ്, ഗ്രോസ് എൻറോൾമെന്റ് അനുപാതം (GER), അധ്യാപകരുടെ ലഭ്യത, അധ്യാപക-വിദ്യാർത്ഥി അനുപാതം, റിട്ടൻഷൻ-ട്രാൻസിഷൻ നിരക്കുകൾ എന്നിവയിലെ പുരോഗതി, സ്കൂൾ പഠനം ഉപേക്ഷിക്കുന്നവരുടെ നിരക്കിലെ കുറവ് എന്നിവ ഇത് എടുത്തുകാണിക്കുന്നു. ഡിജിറ്റൽ-ഭൗതിക അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, അധ്യാപികമാരുടെ കൂടുതൽ പങ്കാളിത്തം, ലിംഗസമത്വം, സാമൂഹിക ഉൾച്ചേർക്കൽ, പ്രാപ്യമായ വിദ്യാഭ്യാസം എന്നിവയിലെ നിരന്തര മുന്നേറ്റങ്ങൾ എന്നിവയും റിപ്പോർട്ട് രേഖപ്പെടുത്തുന്നു. ഇത് NEP 2020-ന് കീഴിലുള്ള തെളിവധിഷ്ഠിത ആസൂത്രണത്തിന് കരുത്തേകുന്നു.
|
ഡാറ്റ-അധിഷ്ഠിത ഭരണനിർവഹണം വിദ്യാഭ്യാസത്തിൽ: UDISE+-ൽ നിന്നുള്ള കണക്കുകൾ
ഇന്ത്യയിലുടനീളമുള്ള സമഗ്ര സ്‌കൂൾ വിദ്യാഭ്യാസ ഡാറ്റ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സ്‌കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് (DoSE&L) വികസിപ്പിച്ചെടുത്ത ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് 2018-19-ൽ ആരംഭിച്ച യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (UDISE+). തെളിവധിഷ്ഠിത ആസൂത്രണം, നയരൂപീകരണം, വിദ്യാഭ്യാസ പുരോഗതി വിലയിരുത്തൽ എന്നിവ തുടക്കം മുതൽ UDISE+ സുഗമമാക്കി. സാർവത്രിക ലഭ്യത, സമത്വം, ഗുണനിലവാരമുള്ള പഠനം, വിദ്യാർത്ഥികളുടെ മികച്ച റിട്ടൻഷൻ എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-ന്റെ നിർവഹണം നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഡാറ്റാ ശേഖരമായും ഇത് പ്രവർത്തിക്കുന്നു.
സ്കൂൾ വിദ്യാഭ്യാസ രംഗം
ഏകദേശം 14.67 ലക്ഷം സ്‌കൂളുകളും 1.03 കോടി അധ്യാപകരും 24.72 കോടിയിലധികം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളും ഉൾപ്പെടുന്ന, ഇന്ത്യൻ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് UDISE+ 2025-26 റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നത്. തുടർച്ചയായ എൻറോൾമെന്റും അധ്യാപകരുടെ മികച്ച ലഭ്യതയും ഒരു സ്‌കൂളിൽ ശരാശരി ഏഴ് അധ്യാപകരും 169 വിദ്യാർത്ഥികളും എന്ന കണക്കിലേക്ക് എത്തിക്കുന്നു. തൽഫലമായി ഈ സംവിധാനം 24:1 എന്ന അധ്യാപക-വിദ്യാർത്ഥി അനുപാതം (PTR) നിലനിർത്തുന്നു. ഇത് NEP 2020 ശുപാർശ ചെയ്യുന്ന 30:1 എന്ന മാനദണ്ഡ പരിധിക്കുള്ളിൽ വരുന്നു.

ഗ്രോസ് എൻറോൾമെന്റ് അനുപാതം (GER): സ്‌കൂൾ വിദ്യാഭ്യാസ പ്രവേശനം വിപുലീകരിക്കുന്നു

സെക്കൻഡറി തലത്തിലെ ഗ്രോസ് എൻറോൾമെന്റ് അനുപാതം (GER) 71.7% ആയി ഉയർന്നപ്പോൾ മിഡിൽ തലത്തിലെ GER 89.6% എന്ന ഉയർന്ന നിരക്കിൽ സ്ഥിരമായി നിലകൊണ്ടു. മൊത്തം എൻറോൾമെന്റിന്റെ 27.16% സെക്കൻഡറി തലത്തിലും തുടർന്ന് പ്രിപ്പറേറ്ററി തലം (25.60%), മിഡിൽ തലം (25.58%), ഫൗണ്ടേഷണൽ തലം (21.66%) എന്നിങ്ങനെയും സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലുമായാണ് എൻറോൾമെന്റ്. ഈ സന്തുലിത വിതരണവും ഉയർന്നുവരുന്ന സെക്കൻഡറി GER-ഉം ചേരുമ്പോൾ വിദ്യാഭ്യാസ പ്രവേശനം വർധിപ്പിക്കുന്നതിലും സ്‌കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലുടനീളം വിദ്യാർത്ഥികളുടെ പങ്കാളിത്തം നിലനിർത്തുന്നതിലും ഇന്ത്യ കൈവരിക്കുന്ന തുടർച്ചയായ പുരോഗതിയാണ് പ്രതിഫലിക്കുന്നത്.
അനുകൂലമായ അധ്യാപക-വിദ്യാർത്ഥി അനുപാതം: പഠന ഫലങ്ങളിലെ പുരോഗതി

2025-26-ൽ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള അധ്യാപക-വിദ്യാർത്ഥി അനുപാതം (PTR) അധ്യാപകരുടെ ലഭ്യതയിലെ തുടർച്ചയായ പുരോഗതിയെ പ്രതിഫലിപ്പിച്ചു. ഘട്ടം തിരിച്ചുള്ള PTR ഫൗണ്ടേഷണൽ തലത്തിൽ 10:1, പ്രിപ്പറേറ്ററി തലത്തിൽ 12:1, മിഡിൽ തലത്തിൽ 17:1, സെക്കൻഡറി തലത്തിൽ 21:1 എന്നിങ്ങനെയാണ് നിലകൊള്ളുന്നത്.
വളരെ അനുകൂലമായ ഈ അനുപാതങ്ങൾ വ്യക്തിഗത ശ്രദ്ധ ഉറപ്പാക്കാനും ക്ലാസ്മുറികളിലെ ഫലപ്രദമായ ഇടപെടൽ പ്രോത്സാഹിപ്പിക്കാനും മെച്ചപ്പെട്ട പഠനഫലങ്ങൾക്കായി അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു.
|
അധ്യാപക-വിദ്യാർത്ഥി അനുപാതം
ഒരു നിശ്ചിത വിദ്യാഭ്യാസ തലത്തിൽ ഓരോ അധ്യാപകനും എത്ര വിദ്യാർത്ഥികൾ വീതമുണ്ടെന്ന് അളക്കുന്നതാണ് അധ്യാപക-വിദ്യാർത്ഥി അനുപാതം (PTR). ഉദാഹരണത്തിന് 10:1 എന്ന PTR എന്നാൽ ഒരു പ്രത്യേക ഘട്ടത്തിൽ ശരാശരി 10 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ ലഭ്യമാണെന്നാണ് അർത്ഥമാക്കുന്നത്. കുറഞ്ഞ PTR അധ്യാപകർക്ക് കൂടുതൽ വ്യക്തിഗത ശ്രദ്ധ നൽകാനും ശക്തമായ അധ്യാപക-വിദ്യാർത്ഥി ബന്ധം വികസിപ്പിക്കാനും ബോധന-പഠന ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
|
മെച്ചപ്പെട്ട വിദ്യാർത്ഥി റിട്ടൻഷനും കുറഞ്ഞ സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്കും

ഇന്ത്യൻ സ്‌കൂൾ സമ്പ്രദായത്തിനുള്ളിൽ കുട്ടികളെ നിലനിർത്തുന്നതിൽ കൈവരിച്ച തുടർച്ചയായ പുരോഗതി UDISE+ 2025-26 റിപ്പോർട്ട് എടുത്തുകാണിക്കുന്നു. സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്ക് പ്രിപ്പറേറ്ററി തലത്തിൽ 1.8% ആയും സെക്കൻഡറി തലത്തിൽ 7.0% ആയും ഗണ്യമായി കുറഞ്ഞു. മിഡിൽ തലത്തിൽ 3.6% ആയി ചെറിയ വർധന ഉണ്ടായെങ്കിലും മൂന്ന് ഘട്ടങ്ങളിലെയും കൊഴിഞ്ഞുപോക്ക് നിരക്ക് 2022-23-നെ അപേക്ഷിച്ച് വളരെ കുറവാണ്.
ശക്തമായ സ്റ്റുഡന്റ് റിട്ടൻഷൻ നിരക്കുകളിലും (തുടർപഠന നിരക്ക്) ഈ പോസിറ്റീവ് പ്രവണത പ്രതിഫലിക്കുന്നു. ഇത് ഫൗണ്ടേഷണൽ തലത്തിൽ 98.5%, പ്രിപ്പറേറ്ററി തലത്തിൽ 91.1%, മിഡിൽ തലത്തിൽ 83.7%, സെക്കൻഡറി തലത്തിൽ 51.9% എന്നിങ്ങനെയാണ് നിലകൊള്ളുന്നത്. കൂടാതെ തുടർച്ചയായ ഘട്ടങ്ങൾക്കിടയിലുള്ള ട്രാൻസിഷൻ നിരക്കും (അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നവരുടെ നിരക്ക്) ശക്തമായി തുടരുന്നു. ഫൗണ്ടേഷണൽ തലത്തിൽ നിന്ന് 99.2% വിദ്യാർത്ഥികൾ പ്രിപ്പറേറ്ററി തലത്തിലേക്കും 93.8% പേർ മിഡിൽ തലത്തിലേക്കും 88.3% പേർ സെക്കൻഡറി തലത്തിലേക്കും വിജയിച്ച് മുന്നേറി. ഈ കണക്കുകളെല്ലാം വിദ്യാഭ്യാസ പ്രവേശനത്തിന്റെയും വിദ്യാർത്ഥി മുന്നേറ്റത്തിന്റെയും വ്യക്തവും മെച്ചപ്പെടുന്നതുമായ തുടർച്ചയെ അടിവരയിടുന്നു.
ഏകാധ്യാപക, വിദ്യാർത്ഥികളില്ലാത്ത സ്കൂളുകളുടെ എണ്ണത്തിലെ കുറവ്
2025-26-ൽ ഏകാധ്യാപകൻ മാത്രം സേവനമനുഷ്ഠിക്കുന്ന സ്‌കൂളുകളുടെ എണ്ണം ഏകദേശം 3% കുറഞ്ഞ് 1,00,843 ആയി; അതേസമയം വിദ്യാർത്ഥികളില്ലാത്ത സ്‌കൂളുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ (2024-25) അപേക്ഷിച്ച് 29% ത്തിന്റെ ഗണ്യമായ കുറവുണ്ടാവുകയും അവയുടെ എണ്ണം 5,663 ആയി കുറയുകയും ചെയ്തു. അധ്യാപകരുടെ തസ്തികകൾ യുക്തിസഹമായി വിന്യസിക്കുന്നതിനും വിന്യാസം ക്രമീകരിക്കുന്നതിനും രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ വിഭവങ്ങൾ കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുന്നതിനും നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെയാണ് ഈ മുന്നേറ്റങ്ങൾ പ്രതിഫലിപ്പിക്കുന്നത്.

ലിംഗസമത്വവും സാമൂഹിക ഉൾച്ചേർക്കലും
കൂടുതൽ ഉൾക്കൊള്ളുന്ന ഒരു സ്‌കൂൾ വിദ്യാഭ്യാസ രീതിയിലേക്കുള്ള തുടർച്ചയായ പുരോഗതിയെ UDISE+ 2025-26 റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നു. മൊത്തം വിദ്യാർത്ഥി എൻറോൾമെന്റിന്റെ 48.4% പെൺകുട്ടികളാണ്. ഇത് സ്‌കൂളുകളിലെ സന്തുലിതമായ ലിംഗാനുപാതത്തെ സൂചിപ്പിക്കുന്നു. അധ്യാപകരുടെ എണ്ണത്തിലും സ്ത്രീകൾ പ്രധാന പങ്കുവഹിക്കുന്നത് തുടരുന്നു, മൊത്തം അധ്യാപകരിൽ 54.9% പേരും സ്ത്രീകളാണ്.

സ്‌കൂൾ എൻറോൾമെന്റിലെ സാമൂഹിക ഘടന വിപുലവും പങ്കാളിത്ത സ്വഭാവമുള്ളതുമായി നിലകൊള്ളുന്നു. മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ (OBC) നിന്നുള്ള വിദ്യാർത്ഥികളാണ് മൊത്തം എൻറോൾമെന്റിന്റെ 44.9% എന്ന ഏറ്റവും വലിയ വിഹിതം കൈയ്യാളുന്നത്. തുടർന്ന് ജനറൽ വിഭാഗം (27.5%), പട്ടികജാതി വിഭാഗം (17.7%), പട്ടികവർഗ്ഗ വിഭാഗം (10%) എന്നിങ്ങനെയും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ചേർന്ന് മൊത്തം എൻറോൾമെന്റിന്റെ 27.7% വരുന്നു. ഇത് സ്‌കൂൾ വിദ്യാഭ്യാസത്തിൽ തുല്യ ലഭ്യത ഉറപ്പാക്കാൻ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെയാണ് ദൃശ്യമാക്കുന്നത്. ഉൾച്ചേർക്കൽ ഉറപ്പാക്കാനുള്ള ഈ പ്രതിബദ്ധത ഭിന്നശേഷിക്കാരായ കുട്ടികളിലേക്കും (CWSN) വ്യാപിക്കുന്നു, ഈ വിഭാഗത്തിൽ 57.16% ആൺകുട്ടികളും 42.84% പെൺകുട്ടികളുമാണുള്ളത്. എളുപ്പത്തിൽ പ്രാപ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേക സഹായ സേവനങ്ങൾ, എല്ലാവർക്കും തുല്യമായ പഠനാവസരങ്ങൾ എന്നിവയിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയ്ക്കുള്ള പ്രതിബദ്ധതയെയാണ് ഈ ഡാറ്റ വ്യക്തമാക്കുന്നത്.
അടിസ്ഥാന സൗകര്യ വികസനം
അധ്യാപനത്തിനും പഠനത്തിനും കൂടുതൽ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിൽ കൈവരിച്ച ഗണ്യമായ മുന്നേറ്റങ്ങളെ UDISE+ 2025-26 റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ഡിജിറ്റൽ രംഗത്ത് കമ്പ്യൂട്ടറുകളുള്ള സ്‌കൂളുകളുടെ അനുപാതം 69.9% ആയി ഉയരുകയും ഇന്റർനെറ്റ് കണക്റ്റിവിറ്റി 67.4% ആയി വർദ്ധിക്കുകയും ചെയ്തു. ഇത് സാങ്കേതികവിദ്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വിപുലീകരിച്ചു.

സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും സുസ്ഥിര പുരോഗതി രേഖപ്പെടുത്തി:
* 95% സ്‌കൂളുകളിലും വൈദ്യുതി ലഭ്യത
* 99.5% സ്‌കൂളുകളിലും സുരക്ഷിതമായ കുടിവെള്ളം
* 98.5% സ്‌കൂളുകളിലും പെൺകുട്ടികൾക്കുള്ള ശൗചാലയങ്ങൾ
* 97.2% സ്‌കൂളുകളിലും ആൺകുട്ടികൾക്കുള്ള ശൗചാലയങ്ങൾ
* 96.9% സ്‌കൂളുകളിലും കൈ കഴുകാനുള്ള സൗകര്യങ്ങൾ
* 90.5% സ്‌കൂളുകളിലും ലൈബ്രറികൾ
* 29.9% സ്‌കൂളുകളിലും മഴവെള്ള സംഭരണം
* 58.2% സ്‌കൂളുകളിലും കൈവരികളോട് കൂടിയ റാംപുകൾ
ഡിജിറ്റൽ-ഭൗതിക സൗകര്യങ്ങളുടെ ഈ വിപുലീകരണം ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിലെ പ്രവേശനം, ഉൾക്കൊള്ളൽ, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്.
പുരോഗതിയുടെ അവലോകനം: UDISE+ 2025–26-ൽ നിന്നുള്ള പ്രധാന കണ്ടെത്തലുകൾ
മെച്ചപ്പെട്ട പ്രവേശനം, സമത്വം, ഗുണനിലവാരം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലൂടെ ഇന്ത്യയുടെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിൽ കൈവരിച്ച തുടർച്ചയായ പുരോഗതിയെയാണ് UDISE+ 2025-26 റിപ്പോർട്ട് അവതരിപ്പിക്കുന്നത്. അധ്യാപകരുടെ ലഭ്യത, അനുകൂലമായ അധ്യാപക-വിദ്യാർത്ഥി അനുപാതം, സ്റ്റുഡന്റ് റിട്ടൻഷനും ട്രാൻസിഷനും, ലിംഗസമത്വം, സാമൂഹിക ഉൾച്ചേർക്കൽ, ഡിജിറ്റൽ തയ്യാറെടുപ്പ്, സ്‌കൂൾ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ കൈവരിച്ച പ്രധാന നേട്ടങ്ങളെ പുതിയ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. രാജ്യത്തുടനീളം വിദ്യാഭ്യാസ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ ഇത് അടിവരയിടുന്നു.
ഒരു സമഗ്ര ദേശീയ ഡാറ്റാബേസ് എന്ന നിലയിൽ തെളിവധിഷ്ഠിത ആസൂത്രണം, ഡാറ്റാ-അധിഷ്ഠിത നയരൂപീകരണം, സ്‌കൂൾ വിദ്യാഭ്യാസ മേഖലയുടെ ഫലപ്രദമായ മേൽനോട്ടം എന്നിവ സുഗമമാക്കുന്നത് UDISE+ തുടരുന്നു. തുല്യതയും ഉൾക്കൊള്ളലുമുള്ള, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ, പഠിതാവിന് പ്രാധാന്യം നൽകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുകയെന്ന NEP 2020-ന്റെ കാഴ്ചപ്പാടിലേക്കുള്ള സുസ്ഥിര പുരോഗതിയെ ഇതിലെ കണ്ടെത്തലുകൾ വീണ്ടും ശരിവെക്കുന്നു.
അവലംബം
Ministry of Education
https://udiseplus.gov.in/#/en/page/publications https://www.pib.gov.in/PressReleasePage.aspx?PRID=2282141®=48&lang=1
https://dashboard.udiseplus.gov.in/
Click here to see PDF
***
SK
(Explainer ID: 159592)
आगंतुक पटल : 9
Provide suggestions / comments