• Sitemap
  • Advance Search
Energy & Environment

ലോക ഗജ ദിനം

ആനകളെയും ആവാസവ്യവസ്ഥകളെയും സഹവർത്തിത്വത്തെയും ആഘോഷിക്കുന്നു

Posted On: 12 AUG 2026 11:35AM

ലോക ഗജ ദിനം ആനകളുടെ പാരിസ്ഥിതികവും സാംസ്കാരികവുമായ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു. ലോകത്തിലെ ഏഷ്യൻ ആനകളിൽ ഏതാണ്ട് 60 ശതമാനത്തോളം ഇന്ത്യയിലാണുള്ളത്. പ്രോജക്ട് എലിഫന്റ്, ആന സംരക്ഷണ കേന്ദ്രങ്ങൾ, സംരക്ഷിത ആനത്താരകൾ എന്നിവയിലൂടെ ഇന്ത്യ ആനകളുടെ സംരക്ഷണം ശക്തമാക്കുന്നു. ശാസ്ത്രീയ നിരീക്ഷണങ്ങളും സാങ്കേതികവിദ്യാധിഷ്ഠിത സംരക്ഷണ പ്രവർത്തനങ്ങളും ജനകീയ പങ്കാളിത്തവും മനുഷ്യരും ആനകളും തമ്മിലുള്ള സഹവർത്തിത്വത്തെ കൂടുതൽ പിന്തുണയ്ക്കുന്നു. ഈ സുസ്ഥിര ഉദ്യമങ്ങൾ ആനകളെയും ആവാസവ്യവസ്ഥകളെയും ഇന്ത്യയുടെ പ്രകൃതിദത്ത പൈതൃകത്തെയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യൻ വനങ്ങളിലെ സൗമ്യരായ ഭീമന്മാർ

ലോകത്തിലെ കാട്ടാനകളുടെ 60 ശതമാനത്തോളം ഇന്ത്യയാണെന്നത് ആഗോളതലത്തിലെ ആന സംരക്ഷണത്തിൽ ഇന്ത്യയുടെ പ്രധാന പങ്ക് എടുത്തുകാട്ടുന്നു. വളരെയധികം സാംസ്കാരിക പ്രാധാന്യമുള്ള ആനകൾ ആരോഗ്യകരമായ ആവാസവ്യവസ്ഥയിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. ഒരു ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ജീവിവർഗ്ഗം (കീസ്റ്റോൺ സ്പീഷീസ്) എന്ന നിലയിൽ അവ വനങ്ങളെ സംരക്ഷിക്കുകയും ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നു. 2021-25-ലെ 'സിൻക്രണസ് ഓൾ ഇന്ത്യ പോപ്പുലേഷൻ എസ്റ്റിമേഷൻ ഓഫ് എലിഫന്റ്സ്' (SAIEE) കണക്കനുസരിച്ച് ഇന്ത്യയിലെ കാട്ടാനകളുടെ എണ്ണം 22,446 ആണ്. 33 ആന സംരക്ഷണ കേന്ദ്രങ്ങളിലും 150 ആനത്താരകളിലുമായാണ് ഈ ആനകളെ സംരക്ഷിച്ചിരിക്കുന്നത്.

ഈ സമ്പന്നമായ ഗജപൈതൃകം വളർന്നുവരുന്ന സംരക്ഷണ വെല്ലുവിളികളെ നേരിടാനുള്ള ഉത്തരവാദിത്തവും നൽകുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 12ന് ആചരിക്കുന്ന ലോക ഗജ ദിനം സുസ്ഥിര ആഗോള പ്രവർത്തനങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നു. ആവാസവ്യവസ്ഥയുടെ നാശം, വിഭജനം, വേട്ടയാടൽ, നിയമവിരുദ്ധ വന്യജീവി വ്യാപാരം, മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം എന്നിവ പരിഹരിക്കാൻ ഇന്ത്യയുടെ സംരക്ഷണ ശ്രമങ്ങൾ ലക്ഷ്യമിടുന്നു. നിയമപരമായ സംരക്ഷണം, ആവാസവ്യവസ്ഥയുടെ സംരക്ഷണം, ശാസ്ത്രീയ നിരീക്ഷണം, സാമൂഹിക പങ്കാളിത്തം എന്നിവ ഇന്ത്യ തങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സംയോജിപ്പിക്കുന്നു. സാങ്കേതികവിദ്യാധിഷ്ഠിത നടപടികൾ ഈ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും കാട്ടിൽ ആനകളുടെ ദീർഘകാല നിലനിൽപ്പിന് പിന്തുണ നൽകുകയും ചെയ്യുന്നു.

ഇന്ത്യയിൽ ആനകളുടെ സുസ്ഥിര പ്രാധാന്യം

ഇന്ത്യയുടെ പ്രകൃതിദത്തവും സാംസ്കാരികവുമായ പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് ആനകൾ. അവയുടെ പ്രാധാന്യം ആവാസവ്യവസ്ഥയുടെ ആരോഗ്യം, സാംസ്കാരിക പാരമ്പര്യങ്ങൾ, കമ്മ്യൂണിറ്റി സ്വത്വങ്ങൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്നു.

പാരിസ്ഥിതിക പ്രാധാന്യം

വനങ്ങളുടെ ഘടനയും ആവാസവ്യവസ്ഥയുടെ പ്രവർത്തനവും രൂപപ്പെടുത്തുന്ന അടിസ്ഥാന ജീവിവർഗ്ഗങ്ങളാണ് ആനകൾ. 100 മുതൽ 3,000 ചതുരശ്ര കിലോമീറ്റർ വരെ വിസ്തൃതിയുള്ള പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ദേശാടന സ്വഭാവമുള്ളവയാണ് അവ. ദീർഘദൂരം സഞ്ചരിക്കുമ്പോൾ മറ്റ് വന്യജീവികൾക്ക് പ്രയോജനപ്പെടുന്ന വഴികളും നീർത്തടങ്ങളും അവ സൃഷ്ടിക്കുന്നു. അവയുടെ ഭക്ഷണരീതി പോഷകചംക്രമണത്തെ പിന്തുണയ്ക്കുകയും വന-പുനരുജ്ജീവനത്തെ സഹായിക്കുന്ന വിത്തുവിതരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ഇത് വിഭജിക്കപ്പെട്ട വനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും സമൃദ്ധമായ ജനിതക വൈവിധ്യത്തിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും സഹായിക്കുന്നു. അതിനാൽ ആനകളെ സംരക്ഷിക്കുന്നത് പാരിസ്ഥിതിക ബന്ധം, വനങ്ങളുടെ ആരോഗ്യം, വിപുലമായ ജൈവവൈവിധ്യം എന്നിവയെ ശക്തിപ്പെടുത്തുന്നു.

സാംസ്കാരികവും സാമൂഹികവുമായ പ്രാധാന്യം

 

നൂറ്റാണ്ടുകളായി ഇന്ത്യയുടെ മത പാരമ്പര്യങ്ങളെയും സാംസ്കാരിക രീതികളെയും കമ്മ്യൂണിറ്റി സ്വത്വങ്ങളെയും ആനകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഉത്തരേന്ത്യൻ പാരമ്പര്യങ്ങളിൽ ഗണപതി ഭഗവാൻ ബുദ്ധിയുടെയും തടസ്സങ്ങൾ നീക്കുന്നതിന്റെയും പ്രതീകമാണ്. ചരിത്രപരമായി ആനകൾ രാജകീയ ചിഹ്നങ്ങൾ എന്ന നിലയിൽ അധികാരത്തിന്റെയും അന്തസ്സിന്റെയും പ്രതീകമായിരുന്നു. തെക്കേ ഇന്ത്യയിൽ ക്ഷേത്രങ്ങളിലെ ആനകൾ മതാചാരങ്ങളുടെയും ഉത്സവങ്ങളുടെയും ഭാഗമായി തുടരുന്നു. വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള സമൂഹങ്ങൾ ഗണപതി ഭഗവാനെ ദൈവങ്ങളുടെ അവതാരമായി ആരാധിക്കുകയും ആനകളെ ആദരവോടെ കാണുകയും ചെയ്യുന്നു. ചില സമൂഹങ്ങൾ പാരമ്പര്യമായി ആനകളെ തലമൂത്ത കാരണവരായും ജ്ഞാനത്തിന്റെ പ്രതീകങ്ങളായും കരുതുന്നു. ഈ പാരമ്പര്യങ്ങൾ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലും സാമൂഹ്യജീവിതത്തിലും ആനകൾക്കുള്ള സുസ്ഥിര സ്ഥാനത്തെ എടുത്തുകാണിക്കുന്നു.

ഭീമന്മാരുടെ എണ്ണമെടുക്കൽ: ഇന്ത്യയിലെ ആനകളുടെ ഇന്നത്തെ അവസ്ഥ

ഇന്ത്യയുടെ ആന സംരക്ഷണ ഗാഥ അക്കങ്ങളിലൂടെ പറയുന്നതാണ് ഏറ്റവും ഉചിതം. സംരക്ഷണ ശൃംഖലകൾ മുതൽ ആനത്താരകളുടെ പുനരുജ്ജീവനം വരെ ഓരോ കണക്കും പതിറ്റാണ്ടുകളായി നടത്തുന്ന സ്ഥാപനപരമായ സുസ്ഥിര ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.

പ്രോജക്ട് എലിഫന്റ്: ഒരു സമഗ്ര സംരക്ഷണ ചട്ടക്കൂട്

ആനകളുടെ സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ആവിഷ്കരിച്ച മുൻനിര പദ്ധതിയാണ് പ്രോജക്ട് എലിഫന്റ്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) നടപ്പിലാക്കുന്ന ഈ പദ്ധതി ആനകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനും തടവിലുള്ള ആനകളെ സംരക്ഷിക്കുന്നതിനും മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനും സംസ്ഥാനങ്ങൾക്ക് സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നു. എഐ അധിഷ്ഠിത നിരീക്ഷണം, റേഡിയോ കോളറിംഗ്, ജനിതക ഡാറ്റാബേസുകൾ, മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ എന്നിവയിലൂടെ ശാസ്ത്രീയാധിഷ്ഠിത സംരംക്ഷണത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.

ഡിഎൻഎ അധിഷ്ഠിത സാമ്പിളിംഗ്

പ്രോജക്ട് എലിഫന്റിന് കീഴിലുള്ള ശാസ്ത്രീയ നിരീക്ഷണം ആനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നത് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 2021-25-ലെ 'SAIEE' ഇന്ത്യയിലെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിത സംയോജിത ആന സെൻസസ് ഉപയോഗിച്ചു. വേറിട്ട ജനിതക ഫിംഗർപ്രിന്റുകളിലൂടെ ഓരോ ആനകളെയും തിരിച്ചറിയാൻ ശാസ്ത്രജ്ഞർ ആനപ്പിണ്ട സാമ്പിളുകൾ വിശകലനം ചെയ്തു. ഭൂപ്രകൃതിയിലുടനീളമുള്ള ആവർത്തിച്ചുള്ള സാമ്പിളുകൾ കണ്ടെത്താനും ആനകളുടെ കണക്കെടുപ്പ് മെച്ചപ്പെടുത്താനും ഇത് സഹായിച്ചു. SAIEE ഡിഎൻഎ പ്രൊഫൈലിംഗ്, ബ്ലോക്ക് കൗണ്ടുകൾ, ലൈൻ-ട്രാൻസെക്റ്റ് സർവേകൾ എന്നിവ സംയോജിപ്പിച്ച് ആനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിലെ ശാസ്ത്രീയ കൃത്യത കൂടുതൽ ശക്തമാക്കി.

ഇന്ത്യയുടെ ആനത്താരകളുടെ സുരക്ഷ ഉറപ്പാക്കൽ

ഇന്ത്യയിലെ ആന സംരക്ഷണത്തിൽ ആനത്താരകൾ പ്രധാന പങ്ക് വഹിക്കുന്നു. മാനവ വികസനം മൂലമോ മറ്റ് കാരണങ്ങളാലോ വിഭജിക്കപ്പെട്ടുപോയ പഴയ പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ അവ ബന്ധിപ്പിക്കുന്നു. വിഭജിക്കപ്പെട്ട ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത പ്രദേശങ്ങളാണ് ആനത്താരകൾ. വിഭജിക്കപ്പെട്ട ആവാസവ്യവസ്ഥകൾക്കിടയിൽ സുരക്ഷിതമായ സഞ്ചാരം സാധ്യമാക്കുന്നതിലൂടെയും മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ സഹായിക്കുന്നതിലൂടെയും ആരോഗ്യകരവും ജനിതകമായി വൈവിധ്യമുള്ളതുമായ ആനകളുടെ എണ്ണം നിലനിർത്തുന്നതിന് അവ അത്യാവശ്യമാണ്. പാരിസ്ഥിതിക ബന്ധം നിലനിർത്തിക്കൊണ്ട് ദീർഘകാല ജനസംഖ്യാ നിലനിൽപ്പിനെയും അവ പിന്തുണയ്ക്കുന്നു. പ്രോജക്ട് എലിഫന്റിന് കീഴിൽ ആനകളുടെ സാന്നിധ്യമേറിയ 14 സംസ്ഥാനങ്ങളിലായി ആനത്താരകൾ ഗവൺമെന്റ് തിരിച്ചറിയുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സാങ്കേതിക പിന്തുണയോടെ തയ്യാറാക്കിയ എലിഫന്റ് കോറിഡോർസ് ഓഫ് ഇന്ത്യ 2023' അനുസരിച്ച് ഈ ആനത്താരകൾ നാല് മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു. ഈസ്റ്റ്-സെൻട്രൽ മേഖലയിൽ 52 ആനത്താരകളുണ്ട്, തൊട്ടുപിന്നാലെ നോർത്ത്-ഈസ്റ്റ് (48), ദക്ഷിണേന്ത്യൻ (32), ഉത്തരേന്ത്യൻ (18) മേഖലകളുമുണ്ട്. 26 ആനത്താരകളുള്ള പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ ആനത്താരകളുള്ളത്. ഇത് ദേശീയ തലത്തിലെ ആകെ എണ്ണത്തിന്റെ 17 ശതമാനത്തിലധികം വരും. ഈ ശൃംഖലയിൽ 19 അന്തർസംസ്ഥാന ആനത്താരകളും ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന ആറ് അതിർത്തി കടന്നുള്ള ആനത്താരകളും ഉൾപ്പെടുന്നു. 59 ആനത്താരകളിൽ (40%) ആനകളുടെ ഉപയോഗം വർധിച്ചതായും 29 എണ്ണത്തിൽ (19%) സ്ഥിരമായ ഉപയോഗവും 29 എണ്ണത്തിൽ (19%) ഉപയോഗത്തിൽ കുറവും 15 ആനത്താരകളിൽ തടസ്സങ്ങൾ നേരിട്ടതായുമാണ് നിരീക്ഷണങ്ങൾ കാണിക്കുന്നത്.

ഈ ആനത്താരകൾ സംരക്ഷിക്കുന്നത് ആവാസവ്യവസ്ഥയുടെ ബന്ധം ശക്തിപ്പെടുത്തുകയും സംഘർഷം കുറയ്ക്കുകയും ഇന്ത്യയിലെ ആനകളുടെ ദീർഘകാല സംരക്ഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

സുസ്ഥിരമായ ആനത്താര സംരക്ഷണം

ശാസ്ത്രീയ നിരീക്ഷണം, അതിർത്തി നിർണ്ണയം, സംസ്ഥാന പ്രവർത്തന, മാനേജ്മെന്റ് പ്ലാനുകളിൽ സംയോജിപ്പിക്കൽ എന്നിവയിലൂടെ ഗവൺമെന്റ് ഈ പാരിസ്ഥിതിക ജീവരേഖകളെ തുടർന്നും ശക്തിപ്പെടുത്തുന്നു. നിലവിൽ 150 ആനത്താരകൾ ആനകളുടെ സഞ്ചാരത്തെ പിന്തുണയ്ക്കുന്നു. ഈ സുസ്ഥിര ശ്രമങ്ങൾ ആവാസവ്യവസ്ഥയുടെ ബന്ധം ശക്തിപ്പെടുത്തുകയും ഇന്ത്യയിലുടനീളമുള്ള വനപ്രദേശങ്ങളിലൂടെ ആനകൾക്ക് കൂടുതൽ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുകയും ചെയ്യുന്നു.

സംരക്ഷണ ശൃംഖലയുടെ വിപുലീകരണം

2014 മുതൽ ആന സംരക്ഷണ കേന്ദ്രങ്ങൾ ക്രമാനുഗതമായി വിപുലീകരിക്കപ്പെട്ടു. നിലവിൽ ആനകളുടെ സാന്നിധ്യമേറിയ 14 സംസ്ഥാനങ്ങളിലായി 80,777 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇവയുടെ പരിധിയിൽ വരുന്നു. ഈ വിപുലീകരണം 8,610 ചതുരശ്ര കിലോമീറ്റർ പ്രദേശം കൂടി സംരക്ഷണത്തിന് കീഴിൽ കൊണ്ടുവരികയും നിർണായക ആവാസവ്യവസ്ഥകളുടെ സുരക്ഷ ഉറപ്പാക്കുകയും പാരിസ്ഥിതിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് ശാസ്ത്രീയ മാനേജ്‌മെന്റ് മെച്ചപ്പെടുത്തുകയും ഇന്ത്യയിലെ കാട്ടാനകളുടെ ശാശ്വത നിലനിൽപ്പിന് ശക്തമായ അടിത്തറ പാകുകയും ചെയ്തു.

പ്രോജക്ട് എലിഫന്റ്, ശാസ്ത്രീയമായ കണക്കെടുപ്പ്, സംരക്ഷിത കേന്ദ്രങ്ങൾ, ആനത്താരകൾ എന്നിവ ആന സംരക്ഷണത്തെ ഒരു സംയോജിത ലാന്റ്സ്കേപ്പ് അധിഷ്ഠിത പരിപാടിയാക്കി മാറ്റിയിരിക്കുന്നു. പരമ്പരാഗത സംരക്ഷണമൂല്യങ്ങളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിച്ച് ഏഷ്യൻ ആനകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ വ്യക്തമാക്കുന്നത്.

കണക്കുകൾക്കപ്പുറം: ഓരോ ആനയെയും സംരക്ഷിക്കുന്നു

ആനകളുടെ എണ്ണം തിട്ടപ്പെടുത്തുന്നത് സംരക്ഷണത്തിന്റെ ഒരു ഭാഗം മാത്രമാണ്. ശാശ്വത വിജയം എന്നത് കൂടുതൽ സുരക്ഷിതമായ ആവാസവ്യവസ്ഥകൾ, ശക്തമായ നിയമ സംരക്ഷണങ്ങൾ, ജനങ്ങളുമായുള്ള സമാധാനപരമായ സഹവർത്തിത്വം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം, ജനക്ഷേമം എന്നിവ സംയോജിപ്പിക്കുന്ന സമഗ്രമായ ഒരു സംരക്ഷണ രീതിയാണ് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ചിരിക്കുന്നത്. ഈ സംരംഭങ്ങൾ വനങ്ങൾക്കുള്ളിലും പൊതുവായ ഭൂപ്രകൃതികളിലുടനീളവും ആനകളെ സംരക്ഷിക്കുന്നു.

ആനകളുടെ ആവാസമേഖലകൾ കൈകാര്യം ചെയ്യപ്പെടുന്നത് മെച്ചപ്പെടുത്താൻ ഇന്ത്യ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആന സംരക്ഷണ കേന്ദ്രങ്ങൾക്കായുള്ള മാനേജ്‌മെന്റ് ഇഫക്റ്റീവ്‌നെസ് ഇവാളുവേഷൻ ചട്ടക്കൂട് 2023-ൽ ആരംഭിക്കുകയും ഷിവാലിക്, കാസിരംഗ-കർബി ആംഗ്ലോങ്, മയൂർഭഞ്ജ്, നീലഗിരി എന്നീ നാല് മാതൃകാ റിസർവുകളിൽ പരീക്ഷിക്കുകയും ചെയ്തു. ഈ പരീക്ഷണാത്മക അനുഭവത്തിന്റെ വെളിച്ചത്തിൽ ക്യാമ്പ (CAMPA) ധനസഹായത്തോടെ ഗവൺമെന്റ് ഈ ചട്ടക്കൂട് രാജ്യത്തുടനീളമുള്ള ആന സംരക്ഷണ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പ്രകടമായ സംരക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സുതാര്യമായ വിലയിരുത്തലിനും അഡാപ്റ്റീവ് മാനേജ്‌മെന്റിനും ഇത് സ്ഥാപനപരമായ രൂപം നൽകുന്നു.

ഏറ്റവും അടുത്തകാലത്തായി രാജ്യത്തെ ആനകളുള്ള എല്ലാ മേഖലകൾക്കുമായി 'പ്രാദേശിക കർമ്മ പദ്ധതികൾ' (Regional Action Plans) വികസിപ്പിച്ചുകൊണ്ട് മന്ത്രാലയം ഈ ലാന്റ്സ്കേപ്പ് അധിഷ്ഠിത സമീപനത്തെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോയി. ആനകൾ സംസ്ഥാന അതിർത്തികൾ കടന്ന് സഞ്ചരിക്കുന്നുണ്ടെന്നും ആവാസവ്യവസ്ഥയുടെ ബന്ധം, മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം, ലാന്റ്സ്കേപ്പ് മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾക്ക് വിവിധ അധികാരപരിധികൾക്കിടയിൽ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും ഈ പദ്ധതികൾ അംഗീകരിക്കുന്നു. സംസ്ഥാനങ്ങൾക്ക് മുൻഗണനാടിസ്ഥാനത്തിലുള്ള സംരക്ഷണ പ്രവർത്തനങ്ങളും സംഘർഷ ലഘൂകരണ ഇടപെടലുകളും ലാന്റ്സ്കേപ്പ് തലത്തിൽ ഏറ്റെടുക്കുന്നതിന് ഈ പ്രാദേശിക കർമ്മ പദ്ധതികൾ ഒരു പൊതു ചട്ടക്കൂട് നൽകുന്നു.

ആനകൾക്കായി റെയിൽവേ കൂടുതൽ സുരക്ഷിതമാക്കുന്നു

റെയിൽവേ ഇടനാഴികളിലെ ആനകളുടെ അപകടം കുറയ്ക്കുന്നതിന് ഗവൺമെന്റ് നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 3,452.4 കിലോമീറ്റർ നീളത്തിൽ വരുന്ന 127 സംവേദനക്ഷമമായ റെയിൽവേ പാതകളിൽ സംയുക്ത സർവേകൾ പൂർത്തിയാക്കി. കൂടാതെ 14 സംസ്ഥാനങ്ങളിലായി 1,965.2 കിലോമീറ്റർ വരുന്ന 77 റെയിൽവേ പാതകളിൽ അണ്ടർപാസുകൾ, ഓവർപാസുകൾ, റാംപുകൾ, ലെവൽ ക്രോസിംഗുകൾ, പാലങ്ങളിലെ മാറ്റങ്ങൾ എന്നിവയുൾപ്പെടെ 705 നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന ലഘൂകരണ നടപടികൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ നിർമ്മാണപരമായ ഇടപെടലുകൾക്ക് ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ഇൻട്രൂഷൻ ഡിറ്റക്ഷൻ, സീസ്മിക് സെൻസറുകൾ, തെർമൽ ക്യാമറകൾ തുടങ്ങിയ സാങ്കേതികവിദ്യകൾ കൂടുതൽ കരുത്തുപകരുന്നു.

കൂടാതെ എഐ-അധിഷ്ഠിത 'ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്റ്റിക് സെൻസിംഗ്' സംവിധാനങ്ങൾ ഇപ്പോൾ ലോക്കോ പൈലറ്റുമാർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും കൺട്രോൾ റൂമുകൾക്കും തത്സമയ മുന്നറിയിപ്പുകൾ നൽകുന്നു. ആനകൾ ഉൾപ്പെടുന്ന ഓരോ ട്രെയിൻ അപകടവും ബന്ധപ്പെട്ട സംസ്ഥാന വനംവകുപ്പുമായി ചേർന്ന് സംയുക്തമായി അന്വേഷിക്കുന്നുണ്ട്. ഈ സുസ്ഥിര ഇടപെടലുകൾ ട്രെയിൻ തട്ടിയുള്ള ആനകളുടെ മരണം 2013-ലെ 26-ൽ നിന്ന് 2024-ൽ 12 ആയി കുറച്ചു. ഇത് 50 ശതമാനത്തിലധികം കുറവാണ്.

ബന്ധനസ്ഥരായ ആനകളുടെ സംരക്ഷണം ജനിതകശാസ്ത്രത്തിലൂടെ

ശാസ്ത്രീയ നിരീക്ഷണത്തിലൂടെ, ബന്ധനസ്ഥരായ ആനകളുടെ നിയമവിരുദ്ധമായ കച്ചവടത്തിനും കടത്തലിനുമെതിരെയുള്ള സംരക്ഷണ നടപടികൾ ഗവൺമെന്റ് ശക്തമാക്കിയിട്ടുണ്ട്. 1972-ലെ വന്യജീവി (സംരക്ഷണ) നിയമപ്രകാരം വിൽപ്പന, ഗതാഗതം, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ നടപടിക്കായി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് കൈമാറുന്നു. ഗജ സൂചന മൊബൈൽ ആപ്ലിക്കേഷൻ, രജിസ്റ്റർ ചെയ്ത ഓരോ ആനയുടെയും ഡിഎൻഎ പ്രൊഫൈലുകൾ, ശാരീരിക സവിശേഷതകൾ, ഉടമസ്ഥാവകാശ വിവരങ്ങൾ എന്നിവയടങ്ങിയ ഒരു ദേശീയ ജനിതക ഡാറ്റാബേസ് ഉണ്ടാക്കിയിട്ടുണ്ട്. ഈ ഡാറ്റാബേസ് ആനകളെ മാറ്റുന്നതിന് മുമ്പ് അവയുടെ ഐഡന്റിറ്റി പരിശോധിക്കുകയും നിയമനടപടികളിൽ വിശ്വസനീയമായ ഫോറൻസിക് തെളിവുകൾ നൽകുകയും ചെയ്യുന്നു.

ക്യാപ്റ്റീവ് എലിഫന്റ് (ട്രാൻസ്ഫർ/ട്രാൻസ്പോർട്ട്) ചട്ടങ്ങൾ, 2024

ബന്ധനസ്ഥരായ ആനകളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനായി ഗവൺമെന്റ് 'ക്യാപ്റ്റീവ് എലിഫന്റ് (ട്രാൻസ്ഫർ/ട്രാൻസ്പോർട്ട്) റൂൾസ്, 2024' വിജ്ഞാപനം ചെയ്തു. തടവിലുള്ള ആനകളുടെ അന്തർസംസ്ഥാന കൈമാറ്റങ്ങൾ ഒരു ഉന്നതാധികാര സമിതി പരിശോധിക്കുന്നു. 2023 മാർച്ച് 3-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഇത് രൂപീകരിച്ചത്. മൊബൈൽ ആപ്ലിക്കേഷൻ, ചട്ടങ്ങൾ, സമിതി എന്നിവ സംയുക്തമായി സുതാര്യത വർധിപ്പിക്കുകയും തടവിലുള്ള ആനകളുടെ നിയമവിരുദ്ധമായ കൈമാറ്റം തടയുകയും ചെയ്യുന്നു.

സമാധാനപരമായ സഹവർത്തിത്വത്തിനായി സമൂഹങ്ങളെ പിന്തുണയ്ക്കൽ

വന്യജീവികളെ സംരക്ഷിക്കുന്നതിൽ ജനങ്ങൾ തുല്യ പങ്കാളികളാകുമ്പോഴാണ് സംരക്ഷണം വിജയകരമാകുന്നത്. പ്രോജക്ട് ടൈഗർ ആൻഡ് എലിഫന്റ്, ഡെവലപ്‌മെന്റ് ഓഫ് വൈൽഡ്‌ലൈഫ് ഹാബിറ്റാറ്റ്‌സ് എന്നീ കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് കീഴിൽ ഗവൺമെന്റ് ധനസഹായം നൽകുന്നു. മരണത്തിനോ ആജീവനാന്ത വൈകല്യത്തിനോ 10 ലക്ഷം രൂപ, ഗുരുതര പരിക്കുകൾക്ക് 2 ലക്ഷം രൂപ, നിസ്സാര പരിക്കുകൾക്ക് 25,000 രൂപ വരെയുള്ള ചികിത്സാ ചെലവുകൾ, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മാനദണ്ഡങ്ങൾ അനുസരിച്ച് വിളകൾക്കും വസ്തുവകകൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവ ഈ സഹായത്തിൽ ഉൾപ്പെടുന്നു.

ഹ്യൂമൻ-വൈൽഡ്‌ലൈഫ് കോൺഫ്ലിക്റ്റ് അഡ്വൈസറിയിലൂടെ ഗവൺമെന്റ് സംഘർഷ പരിപാലനം കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഹോട്ട്സ്‌പോട്ട് മാപ്പിംഗ്, റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ, സംസ്ഥാന-ജില്ലാതല അവലോകന സമിതികൾ, വേഗത്തിലുള്ള നഷ്ടപരിഹാരം നൽകൽ എന്നിവ ഇത് നിർദ്ദേശിക്കുന്നു. ആനകളുമായി ബന്ധപ്പെട്ട് 2023-ൽ പുറപ്പെടുവിച്ച സംഘർഷ ലഘൂകരണ മാർഗ്ഗനിർദ്ദേശങ്ങൾ ഈ രംഗത്തുള്ള പങ്കാളികൾക്കിടയിലെ ഏകോപനം കൂടുതൽ മെച്ചപ്പെടുത്തുന്നു. ഈ നടപടികളെല്ലാം ആനകളെയും മനുഷ്യരെയും ഒരുപോലെ സംരക്ഷിക്കുകയും ഇന്ത്യയിലെ ആനകളുടെ ആവാസമേഖലകളിലുടനീളം സുരക്ഷിതവും സുസ്ഥിരവുമായ സഹവർത്തിത്വം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

ആദരവിൽ നിന്ന് ഉത്തരവാദിത്തത്തിലേക്ക്

ആനകളുമായുള്ള ഇന്ത്യയുടെ ബന്ധം സാംസ്കാരിക മൂല്യങ്ങളും ആധുനിക കാലത്തെ സംരക്ഷണവും തമ്മിലുള്ള അപൂർവമായ ഒരു ഐക്യത്തെ പ്രതിഫലിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ആദരിക്കപ്പെടുന്ന ആനകൾ പ്രകൃതിയെ സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് പ്രചോദനമാകുന്നത് തുടരുന്നു. ഈ പാരമ്പര്യം ഇപ്പോൾ ശാസ്ത്രീയ ഗവേഷണം, സാങ്കേതികവിദ്യ, ശക്തമായ സ്ഥാപനങ്ങൾ, ജനകീയ പങ്കാളിത്തം എന്നിവയിലൂടെ കൂടുതൽ ശക്തമാക്കിയിരിക്കുന്നു.

ആനകളുടെ സംരക്ഷണത്തിനായി ഇന്ത്യാ ഗവൺമെന്റ് ഒരു സമഗ്ര സംരക്ഷണ ചട്ടക്കൂട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആവാസവ്യവസ്ഥകൾ സുരക്ഷിതമാക്കൽ, ആന സംരക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കൽ, ആനത്താരകൾ സംരക്ഷിക്കൽ, റെയിൽവേ സുരക്ഷ മെച്ചപ്പെടുത്തൽ, ബന്ധനസ്ഥരായ ആനകളുടെ കൈമാറ്റം നിയന്ത്രിക്കൽ എന്നിവ ഈ ശ്രമങ്ങളിൽ ഉൾപ്പെടുന്നു. മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം നേരിടുന്ന ജനങ്ങൾക്കുള്ള പിന്തുണ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

2026-ലെ ലോക ഗജ ദിനം ഇന്ത്യ ആചരിക്കുമ്പോൾ ആന സംരക്ഷണത്തിനായുള്ള അതിന്റെ പ്രതിബദ്ധത ഉറപ്പാക്കുന്നു. സംരക്ഷിക്കപ്പെടുന്ന ഓരോ ആവാസവ്യവസ്ഥയും പുനഃസ്ഥാപിക്കപ്പെടുന്ന ആനത്താരകളും ജനകീയ പങ്കാളിത്തവും ഏഷ്യൻ ആനകളുടെ ഭാവിയെ ശക്തിപ്പെടുത്തുന്നു. വികസിത ഭാരതത്തിന് കീഴിൽ ഭാവി തലമുറകൾക്കായി ഇന്ത്യ അതിന്റെ പ്രകൃതിദത്ത പൈതൃകവും സാംസ്കാരിക പാരമ്പര്യവും ഒരുപോലെ സംരക്ഷിക്കുന്നത് തുടരുന്നു.

അവലംബം

 

MINISTRY OF ENVIRONMENT, FOREST AND CLIMATE CHANGE

 

 

Others

 

World Elephant Day

***

SK

 

(Explainer ID: 159541) आगंतुक पटल : 39
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Assamese , Punjabi , Tamil , Telugu , Kannada