Infrastructure
ഇന്ത്യയിലെ കപ്പൽ പുനരുപയോഗം: നിയമപരമായ മാറ്റങ്ങളും ആഗോള നേതൃത്വവും
Posted On:
11 AUG 2026 1:41PM
|
ആധുനികവും അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതവുമായ ഒരു വ്യവസായമായി ഇന്ത്യയുടെ കപ്പൽ പുനരുപയോഗ മേഖല വികസിച്ചിരിക്കുന്നു. 2025-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും മുൻനിര കപ്പൽ പുനരുപയോഗ രാജ്യമായി മാറി. ഇന്ത്യയുടെ ആഗോള വിപണി വിഹിതം 2024-ലെ 30.1 ശതമാനത്തിൽ നിന്ന് 2025-ൽ 35.4% ആയി ഉയർന്നു. കപ്പൽ പുനരുപയോഗത്തിന്റെ വ്യാപ്തി 1.86 ദശലക്ഷം ഗ്രോസ് ടണ്ണിൽ നിന്ന് 2.99 ദശലക്ഷം ഗ്രോസ് ടണ്ണായും വർധിച്ചു. ഇത് പുനരുപയോഗ വ്യാപ്തിയിൽ ഏകദേശം 60% വളർച്ചയെ പ്രതിനിധീകരിക്കുന്നു. അലംഗ്-സോസിയ കപ്പൽശാലാ സമുച്ചയം ഇന്ത്യയുടെ പുനരുപയോഗ ശേഷിയുടെ നട്ടെല്ലായി തുടരുന്നു. സമഗ്രമായ നിയമനിർമ്മാണം, ഹോങ്കോംഗ് അന്താരാഷ്ട്ര കൺവെൻഷനുമായുള്ള യോജിപ്പ്, യാർഡുകളുടെ ആധുനികവൽക്കരണം എന്നിവ സുരക്ഷ, ചട്ടങ്ങൾ പാലിക്കൽ, മത്സരശേഷി എന്നിവയെ കൂടുതൽ ശക്തമാക്കി.
|
വികസിച്ചുകൊണ്ടിരിക്കുന്ന സമുദ്ര വ്യവസായ മേഖല
ശക്തമായ ഒരു സമുദ്ര ആവാസവ്യവസ്ഥ എന്നത് കപ്പൽ നിർമ്മാണത്തിനും തുറമുഖ പ്രവർത്തനങ്ങൾക്കും അപ്പുറത്തേക്ക് വ്യാപിച്ച് നിൽക്കുന്നു. കപ്പലുകളുടെ സേവന കാലാവധി പൂർത്തിയാകുമ്പോൾ അവയുടെ ഉത്തരവാദിത്തമുള്ള മാനേജ്മെന്റും അതിന് ആവശ്യമാണ്. സമുദ്ര ജീവിതചക്രത്തിന്റെ അവിഭാജ്യ ഘടകമാണ് കപ്പൽ പുനരുപയോഗം. പ്രവർത്തിക്കാവുന്ന കാലാവധി കഴിയുമ്പോൾ കപ്പലുകളെ സുരക്ഷിതമായും പരിസ്ഥിതി സൗഹൃദപരമായും വിഭവ കാര്യക്ഷമതയോടെയും പൊളിച്ചുമാറ്റാൻ ഇത് സഹായിക്കുന്നു. ശക്തമായ നിയന്ത്രണ ചട്ടക്കൂടിൻ കീഴിൽ നടപ്പിലാക്കുമ്പോൾ സ്റ്റീലിന്റെയും മറ്റ് പുനരുപയോഗയോഗ്യമായ വസ്തുക്കളുടെയും വീണ്ടെടുക്കലിലൂടെ ഇത് ചാക്രിക സമ്പദ്‌വ്യവസ്ഥാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു.
ശക്തമായ നിയമനിർമ്മാണവും മെച്ചപ്പെട്ട സ്ഥാപനപരമായ മേൽനോട്ടവും പരമ്പരാഗത പൊളിക്കൽ രീതികളിൽ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഒരു വ്യവസായത്തിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടി. നിയമങ്ങൾ പാലിക്കുക, സുസ്ഥിരത ഉറപ്പാക്കുക, തൊഴിലാളികളുടെ സുരക്ഷ എന്നിവയാണ് ഇപ്പോൾ ഈ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദു. ഈ പരിഷ്കാരങ്ങൾ ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്തി. ഇന്ന് പരിസ്ഥിതി സൗഹൃദ കപ്പൽ പുനരുപയോഗത്തിനുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നു.
എന്തുകൊണ്ടാണ് കപ്പൽ പുനരുപയോഗം പ്രാധാന്യമർഹിക്കുന്നത്?
ഇന്ത്യയുടെ വിഭവ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും പരിസ്ഥിതി സുസ്ഥിരതയ്ക്കും കപ്പൽ പുനരുപയോഗം തന്ത്രപ്രധാനമായ പങ്ക് വഹിക്കുന്നു.
പരിസ്ഥിതി പ്രാധാന്യം
- നിയന്ത്രിതമായ കപ്പൽ പുനരുപയോഗം സേവന കാലാവധി കഴിഞ്ഞ കപ്പലുകളെ സുരക്ഷിതമല്ലാത്ത രീതിയിൽ ഉപേക്ഷിക്കുന്നത് തടയുന്നു. ഇത് സമുദ്ര-തീരദേശ മലിനീകരണത്തിനുള്ള സാധ്യത കുറയ്ക്കുന്നു.
- കൃത്യമായ പുനരുപയോഗ രീതികൾ, കർശനമായ നിയന്ത്രണ മേൽനോട്ടത്തിൽ അപകടകരമായ വസ്തുക്കൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.
വിഭവ പ്രാധാന്യം
- കപ്പൽ പുനരുപയോഗം രാജ്യത്തെ സ്റ്റീൽ വ്യവസായത്തിന് ആവശ്യമായ അയൺ സ്‌ക്രാപ്പിന്റെ വലിയൊരു സ്രോതസ്സ് നൽകുന്നു. ഇത് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിതരണ സുരക്ഷ ശക്തമാക്കുകയും ചെയ്യുന്നു.
- സ്റ്റീൽ വീണ്ടെടുക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതും കാര്യക്ഷമമായ വിഭവ വിനിയോഗത്തെ പിന്തുണയ്ക്കുകയും ചാക്രിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- പ്രാഥമിക രീതിയിൽ പുതിയ സ്റ്റീൽ ഉത്പാദിപ്പിക്കുന്നതിനേക്കാൾ കാര്യമായി കുറഞ്ഞ ഊർജ്ജം മാത്രമേ പുനരുപയോഗം ചെയ്ത സ്റ്റീലിന് ആവശ്യമായി വരുന്നുള്ളൂ. ഇത് ഹരിതഗൃഹ വാതക ഉദ്‌മവനം കുറയ്ക്കുന്നതിലേക്ക് നയിക്കുകയും ഇന്ത്യയുടെ സുസ്ഥിരത, ഡീകാർബണൈസേഷൻ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
സാമ്പത്തിക, വ്യവസായിക പ്രാധാന്യം
- കപ്പൽ പുനരുപയോഗ മേഖല വൻതോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. കപ്പൽ പൊളിക്കൽ, സംസ്‌കരണം, പുനരുപയോഗ വസ്തുക്കൾ വീണ്ടെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ഉപജീവനത്തിന് ഇത് പിന്തുണ നൽകുന്നു.
- ഇത് അനുബന്ധ വ്യവസായങ്ങളുടെ വിശാലമായ ശൃംഖലയെ നിലനിർത്തുന്നു. ഗതാഗതം, റീ-റോളിംഗ് മില്ലുകൾ, ഉപകരണ വിതരണക്കാർ, മാലിന്യ സംസ്‌കരണ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- വീണ്ടെടുക്കുന്ന സ്റ്റീലും വീണ്ടും ഉപയോഗിക്കാവുന്ന ഘടകങ്ങളും ആഭ്യന്തര നിർമ്മാണത്തെയും വ്യാവസായിക ഉൽപ്പാദനത്തെയും പിന്തുണയ്ക്കുന്നു. ഇത് മേയ്ക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ ദേശീയ സംരംഭങ്ങളുമായി ചേർന്നുനിൽക്കുന്നു.
മുൻനിരയിൽ ഇന്ത്യ
അടുത്ത കാലത്തായി ഇന്ത്യയുടെ കപ്പൽ പുനരുപയോഗ മേഖല സുസ്ഥിരമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ വ്യാപാര, വികസന സമ്മേളനത്തിന്റെ (UNCTAD) ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2025-ൽ കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി. ആഗോള കപ്പൽ പുനരുപയോഗത്തിലെ ഇന്ത്യയുടെ വിഹിതം 2024-ലെ 30.1 ശതമാനത്തിൽ നിന്ന് 2025-ൽ 35.4% ആയി ഉയർന്നു. രാജ്യത്തിന്റെ സമുദ്ര, വ്യാവസായിക വികസനത്തിൽ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ഇത് അടയാളപ്പെടുത്തുന്നത്.
ഇന്ത്യയിലെ കപ്പൽ പുനരുപയോഗത്തിന്റെ വ്യാപ്തി 2024-ലെ 1.86 ദശലക്ഷം ഗ്രോസ് ടണ്ണിൽ (GT) നിന്ന് 2025-ൽ 2.99 ദശലക്ഷം ഗ്രോസ് ടണ്ണായി വർധിച്ചു. ഇത് പുനരുപയോഗത്തിന്റെ അളവിൽ ബാധകമാകുന്ന ഏകദേശം 60% വളർച്ചയെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ശേഷിയെയാണ് ഈ വർധനവ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ ആഗോള വിപണിയിൽ ഇന്ത്യൻ കപ്പൽ പുനരുപയോഗ യാർഡുകളുടെ വർധിച്ചുവരുന്ന മത്സരശേഷിയെയും ഇത് സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മുൻനിര കപ്പൽ പുനരുപയോഗ രാജ്യമായി മാറുക എന്ന ലക്ഷ്യത്തോടെ മാരിടൈം ഇന്ത്യ വിഷൻ (MIV) 2030-ന് കീഴിൽ നിശ്ചയിച്ച ലക്ഷ്യം നിശ്ചിത സമയത്തിന് അഞ്ച് വർഷം മുമ്പ് തന്നെ കൈവരിച്ചു.

അലംഗ്-സോസിയ: ഇന്ത്യയുടെ കപ്പൽ പുനരുപയോഗ മേഖലയ്ക്ക് കരുത്ത് പകരുന്നു
ഗുജറാത്തിലെ അലംഗ്-സോസിയ കപ്പൽ പുനരുപയോഗ സമുച്ചയം ഇന്ത്യയുടെ പുനരുപയോഗ ശേഷിയുടെ നട്ടെല്ലായി നിലകൊള്ളുന്നു. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പുനരുപയോഗ കേന്ദ്രമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ കപ്പൽ പുനരുപയോഗ പ്രവർത്തനങ്ങളുടെ ഏകദേശം 98% പങ്കും ഈ സമുച്ചയത്തിലാണ് നടക്കുന്നത്. പ്രതിവർഷം ഏകദേശം 6 ദശലക്ഷം ഗ്രോസ് ടൺ പുനരുപയോഗ ശേഷി ഇതിനുണ്ട്. പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യാതെ തന്നെ പ്രതിവർഷം ഏകദേശം 3.50 ദശലക്ഷം മെട്രിക് ടൺ (MMT) സ്റ്റീൽ അലംഗിൽ ഉത്പാദിപ്പിക്കുന്നു. അംഗീകൃത കപ്പൽ പുനരുപയോഗ യാർഡുകൾ, അനുബന്ധ സ്റ്റീൽ റീ-റോളിംഗ് മില്ലുകൾ, മാലിന്യ സംസ്‌കരണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിന് പിന്തുണ നൽകുന്നു. വർഷങ്ങളായി, ഈ സമുച്ചയം വ്യാപകമായ ആധുനികവൽക്കരണത്തിന് വിധേയമായിട്ടുണ്ട്. കൂടാതെ ആഗോള കപ്പൽ പുനരുപയോഗ വിപണിയിൽ ഇന്ത്യയുടെ പ്രധാന പങ്കിനെയും ഇത് പ്രതിനിധീകരിക്കുന്നു.
കപ്പൽ പുനരുപയോഗ ശേഷി ഏകദേശം 9 ദശലക്ഷം ലൈറ്റ് ഡിസ്പ്ലേസ്മെന്റ് ടണ്ണായി (LDT) ഇരട്ടിയോളമാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. അലംഗ് ഷിപ്പ് റീസൈക്ലിംഗ് യാർഡിന്റെ ആസൂത്രിത വികസനത്തിലൂടെയാണ് ഈ വിപുലീകരണം കൈവരിക്കുക. ഭാവിയിലെ ആവശ്യകതകളെ പിന്തുണയ്ക്കുന്നതിനായി സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും കപ്പൽ പുനരുപയോഗ വിപണിയിൽ ഇന്ത്യയുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിലുമാണ് ഈ പ്ലാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അലംഗ്-സോസിയ കപ്പൽ പുനരുപയോഗ യാർഡിലെ സേഫ്റ്റി ട്രെയിനിംഗ് ആന്റ് ലേബർ വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ ആകെ 1.5 ലക്ഷത്തിലധികം തൊഴിലാളികൾക്ക് പരിശീലനം നൽകി. തൊഴിൽ സുരക്ഷ, അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യൽ, അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം എന്നിവ ഈ പരിശീലനത്തിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ, കൊൽക്കത്തയിലെ അമർ അയൺ ഉദ്യോഗിലും കേരളത്തിലെ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിലും (SILK) ഇന്ത്യയ്ക്ക് കപ്പൽ പുനരുപയോഗ യാർഡുകളുണ്ട്.


അലംഗ്-സോസിയ കപ്പൽ പുനരുപയോഗ യാർഡ്
ഇന്ത്യൻ കപ്പൽ പുനരുപയോഗ യാർഡുകൾ സമീപ വർഷങ്ങളിൽ വൻതോതിലുള്ള നവീകരണത്തിന് വിധേയമായിട്ടുണ്ട്. ഇനിപ്പറയുന്ന സൗകര്യങ്ങളോടെയും ക്രമീകരണങ്ങളോടെയുമാണ് അവ ഇപ്പോൾ പ്രവർത്തിക്കുന്നത്:
- ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തതും വേർതിരിച്ചതുമായ പുനരുപയോഗ പ്ലോട്ടുകൾ.
- വെള്ളംകടക്കാത്ത ജോലിസ്ഥലങ്ങളും ഡ്രെയിനേജ് സംവിധാനങ്ങളും.
- യന്ത്രവൽകൃത മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, ലിഫ്റ്റിംഗ് ഉപകരണങ്ങൾ.
- അപകടകരമായ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി വേർതിരിച്ച സംഭരണ മേഖലകൾ.
- അംഗീകൃത അനുബന്ധ മാലിന്യ സംസ്കരണ, നിർമാർജന ബന്ധങ്ങൾ.
- ഘടനാപരമായ സുരക്ഷ, ആരോഗ്യം, അടിയന്തര പ്രതികരണ ക്രമീകരണങ്ങൾ.
ഈ മെച്ചപ്പെടുത്തലുകൾ ഇന്ത്യൻ കപ്പൽ പുനരുപയോഗ യാർഡുകളുടെ സുരക്ഷ, പരിസ്ഥിതി അനുസരണം, പ്രവർത്തന കാര്യക്ഷമത എന്നിവയെ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങളും അനുവർത്തന ചട്ടക്കൂടും
കപ്പൽ പുനരുപയോഗ പ്രവർത്തനങ്ങൾക്കായി ഇന്ത്യ സമഗ്രമായ ഒരു നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്. ഈ ചട്ടക്കൂട് അന്താരാഷ്ട്ര കൺവെൻഷനുകളുമായും അംഗീകരിക്കപ്പെട്ട ആഗോള മികച്ച രീതികളുമായും ചേർന്നുനിൽക്കുന്നു. ഇത് കപ്പൽ പുനരുപയോഗത്തിന്റെ സമ്പൂർണ്ണ ജീവിതചക്രത്തെയും നിയന്ത്രിക്കുന്നു. കപ്പലിന്റെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്, സർട്ടിഫിക്കേഷൻ, യാർഡ് അംഗീകാരം, പ്രവർത്തനങ്ങൾ, നിയമാനുസരണ നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിയമപരവും സ്ഥാപനപരവുമായ ഘടന
- ഷിപ്പ് റീസൈക്ലിംഗ് ആക്ട്, 2019: ഇന്ത്യയിലെ കപ്പൽ പുനരുപയോഗം നിയന്ത്രിക്കുന്നതിനുള്ള പ്രാഥമിക നിയമനിർമ്മാണ ചട്ടക്കൂട് ഈ നിയമം നൽകുന്നു. ഇത് അന്താരാഷ്ട്ര നിലവാരങ്ങൾക്ക് ആഭ്യന്തര പ്രാബല്യം നൽകുന്നു. കൂടാതെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിനെ ഇത് നാഷണൽ അതോറിറ്റിയായി ചുമതലപ്പെടുത്തുകയും ചെയ്യുന്നു. അംഗീകാരം, സർട്ടിഫിക്കേഷൻ, പരിശോധന, നിർവ്വഹണ സംവിധാനങ്ങൾ എന്നിവ നിയമം നിർബന്ധമാക്കുന്നു.
- ഷിപ്പ് റീസൈക്ലിംഗ് റൂൾസ്, 2021: നടപടിക്രമങ്ങളും സാങ്കേതിക ആവശ്യകതകളും നിർദ്ദേശിച്ചുകൊണ്ട് ഈ ചട്ടങ്ങൾ നിയമം പ്രായോഗികമാക്കുന്നു. സൗകര്യങ്ങളുടെ അംഗീകാരം, കപ്പൽ പുനരുപയോഗ പദ്ധതികൾ, അപകടകരമായ വസ്തുക്കളുടെ മാനേജ്മെന്റ്, തൊഴിലാളികളുടെ സുരക്ഷ, പരിശീലനം, റിപ്പോർട്ടിംഗ് ബാധ്യതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- ഷിപ്പ് റീസൈക്ലിംഗ് റെഗുലേഷൻസ്, 2026: വിശദമായ പ്രവർത്തന, സുരക്ഷാ, പരിസ്ഥിതി നിലവാരങ്ങളിലൂടെ ഈ റെഗുലേഷൻസ് നടപ്പാക്കലിനെ കൂടുതൽ ശക്തമാക്കുന്നു. കപ്പൽ പുനരുപയോഗ കേന്ദ്രങ്ങളിലുടനീളം ഏകീകൃത നിയമ അനുസരണത്തെയും കാര്യക്ഷമമായ നിരീക്ഷണത്തെയും ഇവ പിന്തുണയ്ക്കുന്നു.
ആക്ട്, റൂൾസ്, റെഗുലേഷൻസ് എന്നിവ ചേരുമ്പോൾ ഇന്ത്യയിലെ കപ്പൽ പുനരുപയോഗത്തിനായി ഘടനാപരവും നടപ്പിലാക്കാൻ സാധിക്കുന്നതുമായ ഒരു നിയന്ത്രണ ചട്ടക്കൂട് നിലവിൽ വരുന്നു. ഈ ചട്ടക്കൂട് ആഭ്യന്തര രീതികളെ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നിലവാരങ്ങളുമായി സമന്വയിപ്പിക്കുകയും ചെയ്യുന്നു.
ഹോങ്കോംഗ് അന്താരാഷ്ട്ര കൺവെൻഷനുമായുള്ള (HKC) യോജിപ്പ്
കപ്പലുകൾ സുരക്ഷിതമായും പരിസ്ഥിതി സൗഹൃദപരമായും പുനരുപയോഗിക്കുന്നതിനായുള്ള ഹോങ്കോംഗ് അന്താരാഷ്ട്ര കൺവെൻഷനാണ് കപ്പൽ പുനരുപയോഗത്തെ നിയന്ത്രിക്കുന്ന പ്രധാന അന്താരാഷ്ട്ര നിയമം. ഇത് കപ്പലുകൾക്കും പുനരുപയോഗ കേന്ദ്രങ്ങൾക്കുമായി നിയമപരമായി ബാധകമായ ആവശ്യകതകൾ മുന്നോട്ടുവെക്കുന്നു. ഈ കൺവെൻഷൻ 2025 ജൂൺ 26-ന് പ്രാബല്യത്തിൽ വന്നു. ഈ തീയതി മുതൽ ഇത് പാലിക്കുന്നത് നിർബന്ധമായി മാറി. ഷിപ്പ് റീസൈക്ലിംഗ് ആക്ട്, റൂൾസ്, റെഗുലേഷൻസ് എന്നിവയിലൂടെ ഇന്ത്യയുടെ ആഭ്യന്തര ചട്ടക്കൂടിനെ ഇതിന് അനുസൃതമായി മാറ്റിയെടുത്തിട്ടുണ്ട്. കപ്പൽ പുനരുപയോഗ യാർഡുകളുടെ ആധുനികവൽക്കരണത്തിനായി ₹53.5 കോടിയുടെ സാമ്പത്തിക സഹായം നൽകി. ഈ പിന്തുണ ഹോങ്കോംഗ് കൺവെൻഷൻ അനുസരിച്ച് പ്രവർത്തിക്കാൻ 115 കേന്ദ്രങ്ങളെ സഹായിച്ചു.
ഗുജറാത്തിലെ അലംഗിലുള്ള 35 കപ്പൽ പുനരുപയോഗ യാർഡുകൾ ഇ.യു ഗ്രീൻ-ലിസ്റ്റിംഗിനായി അപേക്ഷിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്യൻ യൂണിയൻ വിഭാഗം ഇന്ത്യൻ യാർഡുകളുടെ പരിശോധനാ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീ റാം വെസൽ സ്ക്രാപ്പ്, വൈ. എസ്. ഇൻവെസ്റ്റ്മെന്റ്സ് എന്നിവ കപ്പൽ പുനരുപയോഗ കേന്ദ്രങ്ങളുടെ 16-ാമത് യൂറോപ്യൻ ലിസ്റ്റിന്റെ കരടിൽ ഉൾപ്പെട്ടിട്ടുണ്ട്.
IHM വഴിയുള്ള സുരക്ഷിതമായ പുനരുപയോഗം ഉറപ്പാക്കൽ
IHM (ഇൻവെൻഡറി ഓഫ് ഹസാർഡസ് മെറ്റീരിയൽ) സുരക്ഷിതമായ കപ്പൽ പുനരുപയോഗത്തിന്റെ ഒരു പ്രധാന ഘടകമാണ്. കപ്പലുകളുടെ പ്രവർത്തന കാലയളവിലുടനീളവും പുനരുപയോഗത്തിന് മുമ്പും അവയിലുള്ള അപകടകരമായ വസ്തുക്കളെ ഇത് തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യ ഒരു ജീവിതചക്രാധിഷ്ഠിത നിയമാനുസരണ രീതിയാണ് പിന്തുടരുന്നത്. കപ്പലുകൾ അംഗീകൃത പുനരുപയോഗ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് മുമ്പ് സുതാര്യത, കണ്ടെത്താനുള്ള എളുപ്പം, കാര്യക്ഷമമായ അപകടസാധ്യത ലഘൂകരണം എന്നിവ ഇത് ഉറപ്പാക്കുന്നു.
ഷിപ്പ് ബ്രേക്കിംഗ് ക്രെഡിറ്റ് നോട്ട് പദ്ധതി
ഷിപ്പ് ബിൽഡിംഗ് ഫിനാൻഷ്യൽ അസിസ്റ്റൻസ് സ്‌കീമിന് (SBFA) 2.0 കീഴിൽ അവതരിപ്പിച്ച ഷിപ്പ് ബ്രേക്കിംഗ് ക്രെഡിറ്റ് നോട്ട് പദ്ധതി നിയമാനുസൃത ഇന്ത്യൻ കപ്പൽ പുനരുപയോഗ യാർഡുകളിൽ കപ്പലുകൾ പുനരുപയോഗം ചെയ്യാൻ കപ്പൽ ഉടമകളെ പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യൻ കപ്പൽശാലകളിൽ പുതിയ കപ്പലുകൾ നിർമ്മിക്കുന്നതിനെയും ഇത് പ്രോത്സാഹിപ്പിക്കുന്നു. പുനരുപയോഗം ചെയ്ത കപ്പലിന്റെ സ്ക്രാപ്പ് മൂല്യത്തിന്റെ 40 ശതമാനത്തിന് തുല്യമായ ക്രെഡിറ്റ് നോട്ട് നൽകിക്കൊണ്ട് ഈ പദ്ധതി കപ്പൽ പൊളിക്കലിന് സാമ്പത്തിക പ്രോത്സാഹനം നൽകുന്നു. ഒരു ഇന്ത്യൻ കപ്പൽശാലയിൽ നിർമ്മിക്കുന്ന പുതിയ കപ്പലിന്റെ മൂല്യത്തിന്റെ 5% വരെ അടയ്ക്കുന്നതിനായി ഇത് ഉപയോഗിക്കാം. ഈ പദ്ധതി സുസ്ഥിര കപ്പൽ പുനരുപയോഗത്തെയും ഇന്ത്യയിലെ കപ്പൽ നിർമ്മാണ വ്യവസായത്തിന്റെ വളർച്ചയെയും ഒരുപോലെ പിന്തുണയ്ക്കുന്നു.
|
എക്സ്- INS വിരാട് – ഇന്ത്യയുടെ ഉത്തരവാദിത്ത കപ്പൽ പുനരുപയോഗ ശേഷി എടുത്തുകാട്ടുന്നു

ഗുജറാത്തിലെ അലംഗിൽ നടന്ന എക്സ്-INS വിരാടിന്റെ പുനരുപയോഗം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പുനരുപയോഗ പദ്ധതികളിലൊന്നായി നിലകൊള്ളുന്നു. ഇന്ത്യൻ നാവികസേനയിൽ 30 വർഷവും റോയൽ നേവിയിൽ 27 വർഷവും സേവനമനുഷ്ഠിച്ച ശേഷം 2017 മാർച്ചിനാണ് ഈ വിമാനവാഹിനിക്കപ്പൽ സേവനത്തിൽ നിന്ന് വിരമിച്ചത്. 2020 സെപ്റ്റംബറിലാണ് പുനരുപയോഗത്തിനായി ഇത് അലംഗിലെത്തിയത്. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച യുദ്ധക്കപ്പലുകളിലൊന്നായി ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അംഗീകരിച്ച എക്സ്-INS വിരാട് പതിറ്റാണ്ടുകൾ നീണ്ട വിശിഷ്ട നാവിക സേവനത്തെ പ്രതീകവൽക്കരിച്ചു. ഇതിന്റെ അവസാന യാത്ര പരിസ്ഥിതി സൗഹൃദപരമായ കപ്പൽ പുനരുപയോഗത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശേഷി പ്രകടമാക്കി.
ഈ കപ്പൽ അതിന്റെ സേവനകാലയളവിൽ 22,622-ലധികം പറക്കൽ മണിക്കൂറുകൾ (flying hours) രേഖപ്പെടുത്തി. ഇത് 2,252 ദിവസങ്ങൾ കടലിൽ ചെലവഴിക്കുകയും 5.88 ലക്ഷത്തിലധികം നോട്ടിക്കൽ മൈൽ (10.94 ലക്ഷം കിലോമീറ്റർ) സഞ്ചരിക്കുകയും ചെയ്തു. ഇത്രയും വലുതും സങ്കീർണ്ണവുമായ ഒരു കപ്പൽ പുനരുപയോഗം ചെയ്യുന്നത് വിലയേറിയ വസ്തുക്കൾ സുരക്ഷിതമായി വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ ശേഷിയെ എടുത്തുകാണിക്കുന്നു. തൊഴിലവസരങ്ങളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിനൊപ്പം ഇത് രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി, തൊഴിൽ സുരക്ഷാ നിലവാരങ്ങളെയും പ്രതിഫലിപ്പിക്കുന്നു.
|
ഒരു ഉത്തരവാദിത്ത പുനരുപയോഗ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
ഇന്ത്യയിലെ കപ്പൽ പുനരുപയോഗം ആധുനികവും നിയന്ത്രിതവും അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതവുമായ ഒരു വ്യവസായമായി വികസിച്ചിരിക്കുന്നു. ഈ മേഖല വിഭവ സുരക്ഷ, സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, പരിസ്ഥിതി സുസ്ഥിരത എന്നിവയ്ക്ക് സംഭാവന നൽകുന്നു. സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും പരിഷ്കാരങ്ങളിലൂടെയും ഇന്ത്യയുടെ കപ്പൽ പുനരുപയോഗ ആവാസവ്യവസ്ഥയുടെ സുരക്ഷയും മത്സരക്ഷമതയും ശക്തിപ്പെടുത്തി. 2025-ൽ ലോകത്തിലെ ഏറ്റവും മുൻനിര കപ്പൽ പുനരുപയോഗ രാജ്യമായി ഇന്ത്യ ഉയർന്നുവന്നത് ഈ പരിശ്രമങ്ങളുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നു. വിപണി വിഹിതത്തിലും പുനരുപയോഗ വ്യാപ്തിയിലുമുണ്ടായ വർധന, ഇന്ത്യൻ കപ്പൽ പുനരുപയോഗ യാർഡുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ശേഷിയും മത്സരക്ഷമതയും തെളിയിക്കുന്നു. മാരിടൈം ഇന്ത്യ വിഷൻ 2030-ന് കീഴിൽ നടപ്പിലാക്കിയ നയപരമായ നടപടികളുടെ ഫലപ്രാപ്തിയെയും ഈ നേട്ടം അടിവരയിടുന്നു. കപ്പൽ പുനരുപയോഗം കൂടുതൽ വികസിച്ചുകൊണ്ടിരിക്കുമ്പോൾ ഈ മേഖലയിലെ വിശ്വസനീയമായ ഒരു പ്രധാന കേന്ദ്രമായി തുടരാൻ ഇന്ത്യ തയ്യാറാണ്.
അവലംബം
Ministry of Ports, Shipping and Waterways
https://dgma.gov.in/engineering-wing/ew-ship-recycling-in-india
https://shipmin.gov.in/en/content/nodal-responsibility-entire-shipbuilding-and-ship-repair-industry-vests-ministry-shipping
https://shipmin.gov.in/sites/default/files/Modified%20Guidelines%20for%20implementation%20of%20Shipbuilding%20Financial%20Assistance%20Scheme%20%28SBFAS%29_0.pdf
https://shipmin.gov.in/sites/default/files/Annual%20Report%202024-25%20-%20English.pdf
https://shipmin.gov.in/sites/default/files/Annual%20Report%202025-26%20english.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2098573®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2280098®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2276739®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=1659960&lang=2
Ministry of Defence
https://www.pib.gov.in/PressReleasePage.aspx?PRID=1483700&lang=2
Click here to see pdf
***
SK
(Explainer ID: 159529)
आगंतुक पटल : 14
Provide suggestions / comments