• Sitemap
  • Advance Search
Infrastructure

വരിനില്‍പ്പില്‍ നിന്ന് വിരല്‍ത്തുമ്പിലേക്ക്: ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ നാല് പതിറ്റാണ്ടുകള്‍

Posted On: 06 AUG 2026 2:10PM

വരിനില്‍പ്പില്‍ നിന്ന് വിരല്‍ത്തുമ്പിലേക്ക്- ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം വന്‍ പരിവര്‍ത്തനത്തിനാണ് വിധേയമായത്. ലോകത്തിലെ ഏറ്റവും വലിയ പൊതു റിസര്‍വേഷന്‍ സംവിധാനങ്ങളിലൊന്നിന് ഇന്ന് കരുത്തേകുന്നത് ആധുനിക സാങ്കേതികവിദ്യയാണ്. റിസര്‍വേഷന്‍ സംവിധാനത്തിന്റെ തുടര്‍ച്ചയായ നവീകരണം ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ കൂടുതല്‍ വേഗതയേറിയതും വിശ്വാസയോഗ്യവുമാക്കി മാറ്റി. ആധുനികവല്‍ക്കരിച്ച പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (PRS) യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ചതും തടസ്സമില്ലാത്തതുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നു.

റെയില്‍വേ റിസര്‍വേഷന്‍ സംവിധാനത്തിന്റെ നട്ടെല്ല്

ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളിലൊന്നിലൂടെ പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാരെയാണ് ഇന്ത്യന്‍ റെയില്‍വേ ബന്ധിപ്പിക്കുന്നത്. ജോലി, വിദ്യാഭ്യാസം, ചികിത്സ, വ്യാപാരം, കുടുംബകാര്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ അവരുടെ യാത്ര കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് വിശ്വാസയോഗ്യമായ ഒരു റിസര്‍വേഷന്‍ സംവിധാനത്തെ ആശ്രയിക്കുന്നു.  ഓരോ റിസര്‍വ് ചെയ്ത ടിക്കറ്റിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്, കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് സാങ്കേതിക പിന്തുണ നല്‍കുന്ന പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനമാണ്. 1986-ല്‍ തുടക്കം കുറിച്ച പി.ആര്‍.എസ്, മാനുവല്‍ റിസര്‍വേഷന്‍ സംവിധാനത്തിന് പകരമായാണ്  നിലവില്‍ വന്നത്.  എന്നാല്‍ ഇന്നിത് ഓണ്‍ലൈന്‍, മൊബൈല്‍ ടിക്കറ്റ് ബുക്കിംഗ് സൗകര്യങ്ങളെ പിന്തുണയ്ക്കുന്ന അത്യാധുനിക സംവിധാനമായി പരിണമിച്ചിരിക്കുന്നു.

 


ഉപഭോക്താക്കളുടെ എണ്ണവും ഓണ്‍ലൈന്‍ സേവനങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചതോടെ, കൂടുതല്‍ വേഗതയേറിയതും വിശ്വാസയോഗ്യവും തടസ്സമില്ലാത്തതുമായ ബുക്കിംഗ് സൗകര്യങ്ങള്‍ക്കായുള്ള ജനങ്ങളുടെ പ്രതീക്ഷകളും ഉയര്‍ന്നു. തത്കാല്‍ റിസര്‍വേഷനുകള്‍ നടക്കുമ്പോഴുള്ള തിരക്കേറിയ സമയങ്ങളില്‍ ഉണ്ടാകുന്ന വന്‍ ആവശ്യകത, പഴയ കാലഘട്ടത്തിനായി രൂപകല്‍പ്പന ചെയ്ത അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിച്ചു. മാറിക്കൊണ്ടിരിക്കുന്ന ഈ ആവശ്യങ്ങള്‍ പരിഗണിച്ച്, പി.ആര്‍.എസ് സംവിധാനത്തെ സമഗ്രമായി നവീകരിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. പുതിയ പി.ആര്‍.എസ് ടിക്കറ്റ് ബുക്കിംഗ് ശേഷി വര്‍ദ്ധിപ്പിക്കുകയും, യാത്രക്കാര്‍ക്ക് അനുയോജ്യമായ പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുകയും, കൂടുതല്‍ കരുത്തുറ്റ ഓണ്‍ലൈന്‍ അടിസ്ഥാനസൗകര്യം സൃഷ്ടിക്കുകയും ചെയ്യും.

പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തിന്റെ നാല് പതിറ്റാണ്ടുകള്‍

ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലുടനീളമുള്ള ടിക്കറ്റ് റിസര്‍വേഷനുകള്‍ കൈകാര്യം ചെയ്യുന്ന കമ്പ്യൂട്ടര്‍വത്കൃത പ്ലാറ്റ്ഫോമാണ് പി.ആര്‍.എസ്. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, മാറ്റങ്ങള്‍ വരുത്താനും, റദ്ദാക്കാനും ഇത് യാത്രക്കാരെ സഹായിക്കുന്നു. കൂടാതെ സീറ്റ് അനുവദിക്കല്‍, വെയ്റ്റ്ലിസ്റ്റുകള്‍, ആര്‍.എ.സി നില, റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍, യാത്രാസംബന്ധമായ വിവരാന്വേഷണങ്ങള്‍ എന്നിവയും ഈ സംവിധാനം വഴിയാണ് ഏകോപിപ്പിക്കുന്നത്. റിസര്‍വേഷന്‍ കേന്ദ്രങ്ങളെയും ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്നതിലൂടെ റെയില്‍വേ റിസര്‍വേഷന്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്നതുമാക്കി മാറ്റാന്‍ പി.ആര്‍.എസിന് കഴിഞ്ഞിട്ടുണ്ട്.

മാനുവല്‍ റിസര്‍വേഷന്‍ രജിസ്റ്ററുകള്‍ക്കും കൗണ്ടര്‍ അധിഷ്ഠിത ബുക്കിംഗിനും പകരമായി ഒരു ഇലക്ട്രോണിക് സംവിധാനമായാണ് പി.ആര്‍.എസ് കൊണ്ടുവന്നത്. റെയില്‍വേ ശൃംഖല വികസിച്ചതോടെ പി.ആര്‍.എസ് ഒരു രാജ്യവ്യാപക റിസര്‍വേഷന്‍ പ്ലാറ്റ്ഫോമായി പരിണമിച്ചു.  ഒരൊറ്റ സ്ഥലത്തുനിന്ന് രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇത് യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കി. നിലവില്‍ കൗണ്ടറുകള്‍, വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ വഴി പി.ആര്‍.എസ് റിസര്‍വേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗിനായി, ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) വെബ്സൈറ്റും മൊബൈല്‍ ആപ്പുമാണ് യാത്രക്കാര്‍ പ്രയോജനപ്പെടുത്തുന്നത്. ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ എവിടെയിരുന്നുകൊണ്ടും യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നു.

മാനുവല്‍ റിസര്‍വേഷന്‍ രജിസ്റ്ററുകള്‍ക്കും കൗണ്ടര്‍ അധിഷ്ഠിത ബുക്കിംഗിനും പകരം ഒരു ഇലക്ട്രോണിക് സംവിധാനം വന്നത് റെയില്‍വേ റിസര്‍വേഷന്‍ രംഗത്ത് വലിയ മാറ്റമുണ്ടാക്കി.  തുടര്‍ന്ന്, റെയില്‍വേ ശൃംഖലയുടെ  വികസനത്തിനൊപ്പം കണ്‍ട്രി-വൈഡ് നെറ്റ്വര്‍ക്ക് ഫോര്‍ കമ്പ്യൂട്ടറൈസ്ഡ് എന്‍ഹാന്‍സ്ഡ് റിസര്‍വേഷന്‍ ആന്‍ഡ് ടിക്കറ്റിംഗ് (CONCERT) അഥവാ കമ്പ്യൂട്ടര്‍വത്കൃത റിസര്‍വേഷന്‍ ശൃംഖലയിലൂടെ പി.ആര്‍.എസ് രാജ്യവ്യാപക റിസര്‍വേഷന്‍ പ്ലാറ്റ്ഫോമായി വികസിച്ചു. ട്രെയിന്‍ പുറപ്പെടുന്ന സ്ഥലമോ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനമോ ഏതുമായിക്കൊള്ളട്ടെ, ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും രാജ്യത്തുടനീളമുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇത് യാത്രക്കാര്‍ക്ക് ലഭ്യമാക്കി. കാലക്രമേണ, കൗണ്ടറുകളില്‍ മാത്രമായി ഒതുങ്ങാതെ വെബ്സൈറ്റുകളിലേക്കും മൊബൈല്‍ ആപ്ലിക്കേഷനുകളിലേക്കും ഈ സേവനം വ്യാപിച്ചു. ഇന്ന്, IRCTC വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയുമാണ് പി.ആര്‍.എസിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്, ഇത് ടിക്കറ്റ് ബുക്കിംഗ് പൂര്‍ണ്ണമായും വിരല്‍ത്തുമ്പിലാക്കി മാറ്റി.

 പി.ആര്‍.എസിന്റെ പരിണാമത്തിലെ പ്രധാന നാഴികക്കല്ലുകള്‍

 

വര്‍ഷം   നാഴികക്കല്ല്
1986    ഇന്ത്യയില്‍ കമ്പ്യൂട്ടര്‍വത്കൃത റെയില്‍വേ റിസര്‍വേഷന്‍ സംവിധാനത്തിന്  തുടക്കമിട്ടുകൊണ്ട് പി.ആര്‍.എസ്  അവതരിപ്പിച്ചു.
1990-കള്‍  പരസ്പരം ബന്ധിപ്പിച്ച രാജ്യവ്യാപക ശൃംഖലയിലൂടെ റിസര്‍വേഷന്‍ സൗകര്യമൊരുക്കിക്കൊണ്ട് പി.ആര്‍.എസ് ശൃംഖല വിവിധ റെയില്‍വേ സോണുകളിലേക്ക്  വ്യാപിപ്പിച്ചു.
2002 ഇന്റര്‍നെറ്റ് അധിഷ്ഠിത ടിക്കറ്റ് ബുക്കിംഗ് സൗകര്യം ആരംഭിച്ചു.  ഇതോടെ റിസര്‍വേഷന്‍ സേവനങ്ങള്‍ കൗണ്ടറുകള്‍ക്കപ്പുറം  ഓണ്‍ലൈനിലേക്കും വ്യാപിച്ചു.
2014 ഓണ്‍ലൈന്‍ ബുക്കിംഗ് ശേഷിയും യാത്രാനുഭവവും മെച്ചപ്പെടുത്തുന്നതിനായി നെക്സ്റ്റ് ജനറേഷന്‍ ഇ-ടിക്കറ്റിംഗ് (NGeT)  സംവിധാനം  ആരംഭിച്ചു.
2025 റെയില്‍വണ്‍ ആപ്പ് പുറത്തിറക്കി. മെച്ചപ്പെടുത്തിയ ബുക്കിംഗ്, വിവരാന്വേഷണ ശേഷികളോടെയുള്ള അടുത്ത തലമുറ  പി.ആര്‍.എസ്  വികസിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 2026 റെയില്‍വേ റിസര്‍വേഷന്റെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഒരു പുതിയ ഘട്ടത്തിന്  തുടക്കമിട്ടുകൊണ്ട്, നവീകരിച്ച പി.ആര്‍.എസ്  സംവിധാനത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ഘട്ടം ഘട്ടമായി മാറ്റിത്തുടങ്ങി.

              
ഈ സംരംഭങ്ങള്‍ റെയില്‍വേ റിസര്‍വേഷന്‍ സംവിധാനത്തിന്റെ സുതാര്യതയും പ്രവര്‍ത്തനക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തി.

പി.ആര്‍.എസ്: വിപുലമായ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം

2025 ജൂണ്‍ മുതല്‍ 2026 ജൂണ്‍ വരെ 65.08 കോടി റിസര്‍വ് ടിക്കറ്റുകളാണ് പി.ആര്‍.എസ് വഴി യാത്രക്കാര്‍ ബുക്ക് ചെയ്തത്. ഇതില്‍ 57.90 കോടി ടിക്കറ്റുകളും (89 ശതമാനവും) ഓണ്‍ലൈന്‍ വഴിയാണ് ബുക്ക് ചെയ്തത്. റെയില്‍ യാത്രക്കാര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ അതിവേഗം സ്വീകരിക്കുന്നുവെന്നതിന്റെ  തെളിവാണിത്.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റെയില്‍വേ ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് പി.ആര്‍.എസ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS) ആണ് ഇത് വികസിപ്പിച്ചതും പ്രവര്‍ത്തിപ്പിക്കുന്നതും. വിവിധ ബുക്കിംഗ് മാര്‍ഗ്ഗങ്ങളിലൂടെ പ്രതിദിനം 20.5 ലക്ഷത്തിലധികം യാത്രക്കാര്‍ക്ക് ഇത് സേവനം നല്‍കുന്നു. പി.ആര്‍.എസ് വഴിയുള്ള ഇടപാടുകളില്‍ ഏകദേശം 73 ശതമാനവും ഡിജിറ്റല്‍   ഇടപാടുകളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ജനസൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൊന്നായി പി.ആര്‍.എസ് ഇന്ന് പരിണമിച്ചിരിക്കുന്നു.

ഡിജിറ്റല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു

വര്‍ദ്ധിച്ചുവരുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിന്, ഉയര്‍ന്ന തോതിലുള്ള ടിക്കറ്റ് ഇടപാടുകള്‍ കൈകാര്യം ചെയ്യാനും കൂടുതല്‍ വേഗതയേറിയതും വിശ്വാസയോഗ്യവും സുരക്ഷിതവുമായ സേവനങ്ങള്‍ നല്‍കാനും ശേഷിയുള്ള ഒരു ബുക്കിംഗ് സംവിധാനം ഇന്ത്യന്‍ റെയില്‍വേയ്ക്ക് അനിവാര്യമാണ്.

റിസര്‍വേഷന്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്കുവേണ്ടി  നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്:

•  യാത്രക്കാരുടെ ബുക്കിംഗ് രീതികളുമായി കൂടുതല്‍ പൊരുത്തപ്പെടുന്നതിനായി ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്ന സമയപരിധി (ARP) 120 ദിവസത്തില്‍ നിന്ന് 60 ദിവസമായി കുറച്ചു.

• സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായി 2025 ജൂലൈയില്‍ ആധാര്‍ അധിഷ്ഠിത തത്കാല്‍ ബുക്കിംഗ് സംവിധാനം അവതരിപ്പിച്ചു.

•  ഓട്ടോമേറ്റഡ് ബോട്ടുകളുടെയും അനധികൃത ഏജന്റുമാരുടെയും ദുരുപയോഗം തടയുന്നതിനായി പിന്നീട് ഒ.ടി.പി അധിഷ്ഠിത പരിശോധനയും ഉള്‍പ്പെടുത്തി. 2010-ല്‍ ഇറ്റാനിയം സെര്‍വറുകളിലും ഓപ്പണ്‍ വി.എം.എസ് പ്ലാറ്റ്ഫോമിലും വിന്യസിച്ച നിലവിലെ പി.ആര്‍.എസ്, അക്കാലത്തെ ഡിജിറ്റല്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തതായിരുന്നു. എന്നാല്‍ ഇന്ന് ഇത് ക്ലൗഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അടുത്ത തലമുറ റിസര്‍വേഷന്‍ സംവിധാനമായി നവീകരിക്കുകയാണ്.

നവീകരിച്ച പി.ആര്‍.എസിന്റെ പ്രധാന സവിശേഷതകള്‍

•   മിനിറ്റില്‍ 32,000 ടിക്കറ്റ് ബുക്കിംഗ് ശേഷിക്ക് പകരം മിനിറ്റില്‍ 1.5 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ശേഷി.
•  മിനിറ്റില്‍ 4 ലക്ഷം വിവരാന്വേഷണങ്ങള്‍ എന്ന നിലവിലെ ശേഷിക്ക് പകരം 40 ലക്ഷത്തിലധികം അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി.
•  ടിക്കറ്റ് ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കുമായി ബഹുഭാഷാ, ഉപഭോക്തൃ-സൗഹൃദ ഇന്റര്‍ഫേസ് ലഭ്യമാക്കും.
•  ഭാവിയിലുണ്ടാകാവുന്ന യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഉയര്‍ന്ന വിപുലീകരണശേഷിയും, വഴക്കവും, വിശ്വാസ്യതയും ഉറപ്പാക്കും.

പുനര്‍രൂപകല്‍പ്പന ചെയ്ത IRCTC വെബ്സൈറ്റിലൂടെ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തിവരികയാണ്. 2026 ജൂലൈയില്‍ പുറത്തിറക്കിയ ഇതിന്റെ ബീറ്റ പതിപ്പില്‍, ലളിതമായ ഇന്റര്‍ഫേസ്, കുറഞ്ഞ ടിക്കറ്റ് ബുക്കിംഗ് ഘട്ടങ്ങള്‍, എല്ലാ ക്ലാസുകളിലെയും സീറ്റുകളുടെ ലഭ്യത ഒരേ പ്ലാറ്റ്ഫോമില്‍ തന്നെ പരിശോധിക്കാനുള്ള സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ പോര്‍ട്ടല്‍ അടുത്ത തലമുറ പി.ആര്‍.എസുമായി സംയോജിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് ബുക്കിംഗ് അനുഭവം കൂടുതല്‍ സുഗമമാകും.

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് പുറമെ, ഹോട്ടല്‍ ബുക്കിംഗ്, റിട്ടയറിംഗ് റൂമുകള്‍, ലോഞ്ച് ബുക്കിംഗ്, ടൂര്‍ പാക്കേജുകള്‍, ഫ്‌ലൈറ്റ് ടിക്കറ്റുകള്‍, ബസ് ടിക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ ടൂറിസം പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്ന മറ്റ് യാത്രാ സേവനങ്ങളും IRCTC വാഗ്ദാനം ചെയ്യുന്നു.

സി.ആര്‍.ഐ.എസ് (CRIS): റെയില്‍വേ സാങ്കേതികവിദ്യയ്ക്ക് കരുത്തേകുന്ന സ്ഥാപനം  

1986-ല്‍ സ്ഥാപിതമായ സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CRIS), ഇന്ത്യന്‍ റെയില്‍വേയ്ക്ക് വേണ്ടി ഐ.ടി അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ, റെയില്‍വേ ബുക്കിംഗുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതില്‍ നിന്ന് സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വികസിപ്പിക്കുന്നതിലേക്ക് സി.ആര്‍.ഐ.എസ് വളര്‍ന്നിട്ടുണ്ട്. നിലവില്‍, ഇതിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രതിദിനം ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും പിന്തുണ നല്‍കുന്നു.

യാത്രക്കാര്‍ക്കായുള്ള ഡിജിറ്റല്‍ സേവനങ്ങള്‍

യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുമായുള്ള ഇടപെടലുകള്‍ എളുപ്പമാക്കുന്നതിനായി പി.ആര്‍.എസ് ഉള്‍പ്പെടെ നിരവധി പ്ലാറ്റ്ഫോമുകള്‍ സി.ആര്‍.ഐ.എസ് വികസിപ്പിച്ചിട്ടുണ്ട്.

•  അണ്‍റിസര്‍വ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (UTS): റിസര്‍വേഷനില്ലാത്ത യാത്രകള്‍ക്കായി കടലാസ് രഹിത മൊബൈല്‍ ടിക്കറ്റിംഗ് സൗകര്യം നല്‍കുന്നു.
•  നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം (NTES): ട്രെയിനുകളുടെ തത്സമയ ഓട്ടനില, സമയക്രമം, എത്തിച്ചേരല്‍-പുറപ്പെടല്‍ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു.  
•  റെയില്‍കണക്ട്: 2017 ല്‍ അവതരിപ്പിച്ച ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ പി.ആര്‍.എസ് സേവനങ്ങളെ സ്മാര്‍ട്ട്ഫോണുകളിലേക്ക് എത്തിച്ചു. ടിക്കറ്റ് ബുക്കിംഗ്, റദ്ദാക്കല്‍,  PNR വിവരങ്ങള്‍ പരിശോധിക്കാനും ഇതിലൂടെ സാധ്യമായി.
•  റെയില്‍വണ്‍: 2025 ജൂലൈയില്‍ പുറത്തിറക്കിയ ഒരു സംയോജിത മൊബൈല്‍ ആപ്ലിക്കേഷനാണിത്. റെയില്‍വേയുടെ വിവിധ സേവനങ്ങളെ ഒരു ഏകീകൃത ഇന്റര്‍ഫേസിലേക്ക് കൊണ്ടുവരാന്‍ ഇതിന് കഴിഞ്ഞു. ഇതിലൂടെ റെയില്‍വേ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും. ആന്‍ഡ്രോയിഡ്,  ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളിലായി 4.55 കോടിയിലധികം ഡൗണ്‍ലോഡുകളാണ് (ജൂലൈ 22 വരെ) ഈ ആപ്ലിക്കേഷന്‍  കൈവരിച്ചത്. നിലവില്‍ പ്രതിദിനം 9.65 ലക്ഷത്തോളം ടിക്കറ്റ് ബുക്കിംഗുകള്‍ ഇതിലൂടെ നടക്കുന്നുണ്ട്.  വെയ്റ്റ്ലിസ്റ്റ് സ്ഥിരീകരണത്തിനുള്ള AI അധിഷ്ഠിത പ്രവചന സംവിധാനം ഇതിന്റെ പുതിയ സവിശേഷതകളിലൊന്നാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തുതന്നെ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കപ്പെടാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് ഇത് പ്രവചിക്കുന്നു. പ്രവചന കൃത്യത 53 ശതമാനത്തില്‍ നിന്ന് 94 ശതമാനമായി ഉയര്‍ന്നത് യാത്രാസംബന്ധമായ മികച്ച തീരുമാനങ്ങളെടുക്കാന്‍ യാത്രക്കാര്‍ക്ക് സഹായകരമാകുന്നു.
•  റെയില്‍മദദ്: യാത്രക്കാരുടെ പരാതികള്‍, അഭിപ്രായങ്ങള്‍, സേവന അഭ്യര്‍ത്ഥനകള്‍ എന്നിവ ഏകോപിപ്പിക്കുന്ന പ്ലാറ്റ്ഫോമാണിത്. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, എസ്.എം.എസ്, 139 എന്ന റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്പര്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് സഹായം തേടാം. പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന്, പരാതികള്‍ സ്വയമേവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന സംവിധാനവും ഓട്ടോ-എസ്‌കലേഷന്‍ സംവിധാനവും ഇതില്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പരിഹരിച്ച പരാതികളുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു:

 

വര്‍ഷം പരാതി പരിഹാര നിരക്ക്
2023-2024 99.98 ശതമാനം
2024-2025 99.99 ശതമാനം
2025-2026 99.98 ശതമാനം

  
•  കോച്ച്മിത്ര:  യാത്രയ്ക്കിടെ കോച്ചുകളുടെ ശുചീകരണം ഉള്‍പ്പെടെയുള്ള ഓണ്‍ബോര്‍ഡ് സേവനങ്ങളും മറ്റ് സഹായങ്ങളും അഭ്യര്‍ത്ഥിക്കാന്‍ യാത്രക്കാരെ സഹായിക്കുന്നു.
•  റെയില്‍ സുഗം: റെയില്‍വേ സേവനങ്ങള്‍, ചരക്കുനീക്കം, യാത്രാസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു.
•  റെയില്‍ രാജ്ഭാഷ: ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലൂടെ റെയില്‍വേ ഭരണനിര്‍വ്വഹണത്തില്‍ ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.

റെയില്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്ന സാങ്കേതികവിദ്യകള്‍

യാത്രാസേവനങ്ങള്‍ക്കപ്പുറം, റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി ഡിജിറ്റല്‍ സംവിധാനങ്ങള്‍ സി.ആര്‍.ഐ.എസ് (CRIS) വികസിപ്പിച്ചെടുത്തിട്ടുണ്ട്:

• ഫ്രൈറ്റ് ഓപ്പറേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (FOIS): ചരക്കുനീക്കം, വാഗണ്‍ മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആസൂത്രണം എന്നിവ ഡിജിറ്റൈസ് ചെയ്യുന്നു.
•  ക്രൂ മാനേജ്‌മെന്റ്  സിസ്റ്റം (CMS):  ക്രൂ അംഗങ്ങളുടെ ഡ്യൂട്ടി സമയക്രമം, വിന്യാസം, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നു.
• ഇ-ദൃഷ്ടി :  റെയില്‍വേയുടെ പ്രവര്‍ത്തനക്ഷമതയും വിവിധ പ്രവര്‍ത്തന സൂചകങ്ങളും തത്സമയം നിരീക്ഷിക്കുന്നതിനുള്ള ഡാഷ്ബോര്‍ഡുകള്‍ നല്‍കുന്നു.
•  ആപൂര്‍ത്തി: റെയില്‍വേയുടെ സംഭരണ പ്രക്രിയകളും ടെന്‍ഡര്‍ നടപടികളും ഡിജിറ്റൈസ് ചെയ്യുന്നു.
•  ചാലക് ദളും ഹാന്‍ഡ്-ഹെല്‍ഡ് ടെര്‍മിനലുകളും : ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍, പരിശോധനകള്‍, തത്സമയ നിരീക്ഷണം എന്നിവയെ പിന്തുണയ്ക്കുന്നു.

നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം  

നൂതന ഡിജിറ്റല്‍ പരിഹാരങ്ങളിലൂടെ റെയില്‍വേ സാങ്കേതികവിദ്യ നവീകരിക്കുന്നത് സി.ആര്‍.ഐ.എസ് (CRIS) തുടരുകയാണ്. നിര്‍മ്മിതബുദ്ധി (AI), മെഷീന്‍ ലേണിംഗ് (ML), ബിഗ് ഡാറ്റ അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ ഇതിനായി പ്രയോജനപ്പെടുത്തുന്നു. കൂടാതെ ബ്ലോക്ക്ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (IoT), ഓഗ്മെന്റഡ്/വെര്‍ച്വല്‍ റിയാലിറ്റി (AR/VR) എന്നിവയും റെയില്‍വേ സേവനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. താഴെ പറയുന്ന ആവശ്യങ്ങള്‍ക്കാണ് ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത്:

• ട്രെയിന്‍ വൈകാനുള്ള സാധ്യതയും വെയ്റ്റ്ലിസ്റ്റ് സ്ഥിരീകരണവും മുന്‍കൂട്ടി പ്രവചിക്കുക.
• ട്രെയിന്‍ റൂട്ടുകളും സമയക്രമങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുക.
• ഊര്‍ജ്ജ ഉപഭോഗം മുന്‍കൂട്ടി കണക്കാക്കുക.
•  റെയില്‍വേ ആസ്തികളുടെ അറ്റകുറ്റപ്പണികളുടെ ആവശ്യകത മുന്‍കൂട്ടി തിരിച്ചറിയുക.
• ആസൂത്രണവും പ്രവര്‍ത്തനപരമായ തീരുമാനമെടുക്കലും മെച്ചപ്പെടുത്തുക.

ഈ സാങ്കേതിക അടിത്തറയെ അടിസ്ഥാനമാക്കിയാണ് അടുത്ത തലമുറ പി.ആര്‍.എസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്ലൗഡ് അധിഷ്ഠിത അടിസ്ഥാനസൗകര്യവും അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളും സംയോജിപ്പിച്ച് കൂടുതല്‍ വേഗതയേറിയതും
കാര്യക്ഷമവും വിപുലീകരിക്കാന്‍ കഴിയുന്നതുമായ ഒരു റിസര്‍വേഷന്‍ പ്ലാറ്റ്ഫോം ഇത് സൃഷ്ടിക്കുന്നു.

ഭാവിയ്ക്ക് സജ്ജമായ ഒരു റിസര്‍വേഷന്‍ സംവിധാനം  

പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം എന്നത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ പ്രതിഫലനമാണ്. ഇന്ന്, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന ഒരു വിശ്വസനീയമായ റിസര്‍വേഷന്‍ പ്ലാറ്റ്ഫോമാണിത്. അടുത്ത തലമുറ പി.ആര്‍.എസ് ഈ ശക്തമായ അടിത്തറയിലാണ് പടുത്തുയര്‍ത്തുന്നത്. ഇവയെല്ലാം ചേര്‍ന്ന് കൂടുതല്‍ വേഗതയേറിയതും വിശ്വാസയോഗ്യവും സുഗമവുമായ റെയില്‍വേ സേവനങ്ങള്‍ ലഭ്യമാക്കും. യാത്രക്കാരുടെ ആവശ്യങ്ങള്‍ മാറുന്നതിനനുസരിച്ച്, ഭാവിയിലെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരു ആധുനിക റിസര്‍വേഷന്‍ സംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ വികസിപ്പിച്ചുവരുന്നത്.  

അവലംബം

Click to see PDF

***

(Explainer ID: 159476) आगंतुक पटल : 7
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Assamese , Bengali , Telugu , Kannada