Farmer's Welfare
ഗോബർധൻ: ഹരിതോർജ്ജത്തിനും ഗ്രാമീണ വളർച്ചയ്ക്കും ഇന്ധനമേകുന്നു
Posted On:
06 AUG 2026 8:17PM
|
കംപ്രസ്ഡ് ബയോഗ്യാസിനായുള്ള (CBG) ഇന്ത്യയുടെ ദേശീയ സംയോജിത പദ്ധതിയായ ഗോബർധന് (GOBARdhan) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 23,731 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയുടെ ജൈവ സമ്പത്തിനെ ഹരിതോർജ്ജം, ഗ്രാമീണ അഭിവൃദ്ധി, സാമ്പത്തിക വളർച്ച എന്നിവയാക്കി മാറ്റാനാണ് ഈ ചരിത്രപരമായ ദേശീയ ഉദ്യമം ലക്ഷ്യമിടുന്നത്. ഉറപ്പായ സംഭരണം, സുസ്ഥിര വിലനിർണ്ണയം, സാമ്പത്തിക സഹായം, പൈപ്പ്‌ലൈൻ കണക്റ്റിവിറ്റി, സാമ്പത്തിക സ്രോതസ്സുകളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവ ഉറപ്പാക്കിക്കൊണ്ട് ഒരു സംയോജിത ചട്ടക്കൂടിലൂടെ ഇത് കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ആഭ്യന്തര CBG ഉത്പാദനത്തിൽ ഏകദേശം പത്തിരട്ടി വളർച്ച കൈവരിക്കുന്ന രീതിയിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തുകയും കർഷകർ, ഗ്രാമീണ സംരംഭകർ, സ്വകാര്യ നിക്ഷേപങ്ങൾ, മാലിന്യത്തിൽ നിന്ന് സമ്പത്തുണ്ടാക്കുന്ന സംരംഭങ്ങൾ, ആത്മനിർഭർ ഭാരത് ദർശനം എന്നിവയ്ക്ക് വലിയ ഉത്തേജനം നൽകുകയും ചെയ്യും.
|
ഗോബർധൻ: മാലിന്യത്തെ ഇന്ത്യയുടെ വളർച്ചാ എഞ്ചിനാക്കി മാറ്റുന്നു
പ്രകൃതിവാതക ആവശ്യത്തിന്റെ 50 ശതമാനത്തോളവും ഇന്ത്യ നിലവിൽ ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ഇത് ഊർജ്ജ സുരക്ഷയെ ഒരു തന്ത്രപ്രധാന മുൻഗണനയാക്കി മാറ്റുന്നു. ഇന്ത്യയുടെ ദ്രവീകൃത പ്രകൃതിവാതക (LNG) ഇറക്കുമതിയുടെ 55 മുതൽ 60 ശതമാനം വരെ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലുണ്ടായ സമീപകാല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും തടസ്സങ്ങളും ആഭ്യന്തര ഊർജ്ജോത്പാദനം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിൽ 2026 ഓഗസ്റ്റ് ആറിന് 23,731 കോടി രൂപാ ചെലവിൽ ദേശീയ ചാക്രിക ജൈവ ഇന്ധന പദ്ധതിയായ ഗോബർധന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.
2018-ൽ സ്വച്ഛ് ഭാരത് മിഷന് (ഗ്രാമീൺ) കീഴിൽ ഖര-ദ്രവ മാലിന്യ സംസ്കരണത്തിന്റെ (SWM) അവിഭാജ്യ ഘടകമായാണ് ഗാൽവനൈസിംഗ് ഓർഗാനിക് ബയോ-അഗ്രോ റിസോഴ്സസ് ധൻ (GOBARdhan) ആദ്യം ആരംഭിച്ചത്. മൃഗാവശിഷ്ടങ്ങൾ, അടുക്കള അവശിഷ്ടങ്ങൾ, കാർഷികാവശിഷ്ടങ്ങൾ, മാർക്കറ്റ് മാലിന്യങ്ങൾ തുടങ്ങിയ ജൈവമാലിന്യങ്ങളെ ബയോഗ്യാസും ബയോ-സ്ലറിയുമാക്കി മാറ്റുകയും അതുവഴി ഗ്രാമങ്ങളിൽ ശുചിത്വം ഉറപ്പാക്കുകയും ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം.
മുമ്പ് കംപ്രസ്ഡ് ബയോഗ്യാസ് (CBG) മേഖല നാല് വ്യത്യസ്ത മന്ത്രാലയങ്ങളിലായി ചിതറിക്കിടക്കുകയായിരുന്നു. മെച്ചപ്പെട്ട ഏകോപനം ഉറപ്പാക്കുന്നതിനും ഈ മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുമായി ഗവൺമെന്റ് പദ്ധതി മുഴുവനായും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിൽ ഏകീകരിച്ചു. ഈ പരിഷ്കാരം നയം, നടത്തിപ്പ്, മേഖലാ വികസനം എന്നിവയിൽ ഒരു ഏകീകൃത സമീപനം സാധ്യമാക്കുന്നു.
2026-27 സാമ്പത്തിക വർഷം മുതൽ 2035-36 സാമ്പത്തിക വർഷം വരെയാണ് ഈ പദ്ധതി നടപ്പിലാക്കുക. കൂടാതെ കംപ്രസ്ഡ് ബയോഗ്യാസിനെ ഇന്ത്യയുടെ ഭാവി ഊർജ്ജ സമ്മിശ്രത്തിന്റെ ഒരു പ്രധാന സ്തംഭമായി ഇത് സ്ഥാപിക്കുകയും ചെയ്യും.
ഉറപ്പായ ആവശ്യകത, ലാഭകരവും സ്ഥിരവുമായ വിലനിർണ്ണയം, സാമ്പത്തിക സഹായം, പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചർ, ക്രെഡിറ്റ് ഗ്യാരണ്ടി, സാങ്കേതിക വിദ്യയുടെ വികസനം എന്നിവയിലൂടെ രാജ്യവ്യാപകമായി ഇന്ത്യയുടെ CBG മേഖല വികസിപ്പിക്കുന്നതിന് ഗോബർധൻ ശക്തമായ ഒരു ചട്ടക്കൂട് നൽകും.
ലക്ഷ്യം:
- ആഭ്യന്തര CBG ഉത്പാദനം ഏകദേശം പത്തിരട്ടിയായി വർധിപ്പിക്കുക
- വൻതോതിലുള്ള സ്വകാര്യ നിക്ഷേപം സമാഹരിക്കുക
- രാജ്യത്തുടനീളം ഊർജ്ജസ്വലമായ ഒരു ചാക്രിക ജൈവ സമ്പദ്‍വ്യവസ്ഥ സൃഷ്ടിക്കുക.
നോഡൽ മന്ത്രാലയം: കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം (MoPNG)
നടപ്പിലാക്കുന്ന കാലയളവ്: 2026-27 സാമ്പത്തിക വർഷം മുതൽ 2035-36 സാമ്പത്തിക വർഷം വരെ
ആകെ ചെലവ്: ₹23,731 കോടി
കാഴ്ചപ്പാട്:
- ഇന്ത്യയുടെ മാലിന്യം ഇന്ത്യയുടെ വളർച്ചയ്ക്ക് ഇന്ധനമാകും.
- ഇന്ത്യയുടെ ഗ്രാമങ്ങൾ ഹരിതോർജ്ജ ഉത്പാദനത്തിന്റെ കേന്ദ്രങ്ങളായി മാറും.
- ഇന്ത്യയുടെ കർഷകർ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയിൽ പങ്കാളികളാകും.
ശക്തമായ അടിത്തറയിൽ നിന്ന് ദേശീയ തലത്തിലേക്ക്
കഴിഞ്ഞ കുറച്ചുവർഷങ്ങളായി താഴെ പറയുന്നവയിലൂടെ ഇന്ത്യാ ഗവൺമെന്റ് CBG മേഖലയുടെ അടിത്തറ ക്രമാനുഗതമായി കെട്ടിപ്പടുത്തു:
- സുസ്ഥിര ബദൽ കുറഞ്ഞ ചെലവിലുള്ള ഗതാഗതത്തിലേക്ക് (SATAT) സംരംഭം
- ജൈവവളത്തിനായുള്ള മാർക്കറ്റ് ഡെവലപ്‌മെന്റ് അസിസ്റ്റൻസ് (MDA) പദ്ധതി
- ബയോമാസ് അഗ്രിഗേഷൻ മെഷിനറി (BAM) പദ്ധതി
- ഡെവലപ്‌മെന്റ് ഓഫ് പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചർ (DPI) പദ്ധതി
- ദേശീയ ബയോഎനർജി പ്രോഗ്രാമിന് കീഴിൽ CBG പ്ലാന്റുകൾക്കുള്ള സെൻട്രൽ ഫിനാൻഷ്യൽ അസിസ്റ്റൻസ് (CFA)

കംപ്രസ്ഡ് ബയോഗ്യാസ് ഉത്പാദകരെ ബയോമാസ് അഗ്രിഗേഷൻ ഉപകരണങ്ങൾ വാങ്ങാൻ സഹായിക്കുന്നതിനായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം (MoPNG) ബയോമാസ് അഗ്രിഗേഷൻ മെഷിനറി (BAM) പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ആകെ ചെലവ് ₹564.75 കോടിയാണ്. 2026 മാർച്ച് 16-ലെ കണക്കനുസരിച്ച് ഏകദേശം ₹248 കോടിയുടെ സാമ്പത്തിക സഹായത്തോടെ 37 നിർദ്ദേശങ്ങൾ അംഗീകരിച്ചു.
CBG വിതരണവും വിപണി ലഭ്യതയും ശക്തിപ്പെടുത്തുന്നതിനായി 2024-25 സാമ്പത്തിക വർഷം മുതൽ 2028-29 സാമ്പത്തിക വർഷം വരെയുള്ള കാലയളവിലേക്ക് ₹994.5 കോടി ചെലവിൽ ഡെവലപ്‌മെന്റ് ഓഫ് പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചർ (DPI) പദ്ധതിയും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം (MoPNG) നടപ്പിലാക്കുന്നുണ്ട്. ഇതുവരെ ഈ പദ്ധതിക്ക് കീഴിൽ ₹56.31 കോടിയാണ് അനുവദിച്ചത്.
ഗോബർധൻ, CBG പ്ലാന്റുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജൈവവളങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെർമെന്റഡ് ഓർഗാനിക് മാനുവർ, ലിക്വിഡ് ഫെർമെന്റഡ് ഓർഗാനിക് മാനുവർ, ഫോസ്ഫേറ്റ് റിച്ച് ഓർഗാനിക് മാനുവർ എന്നിവയ്ക്ക് മെട്രിക് ടണ്ണിന് ₹1,500 വീതം നൽകി രാസവളം വകുപ്പ് മാർക്കറ്റ് ഡെവലപ്‌മെന്റ് അസിസ്റ്റൻസ് (MDA) പദ്ധതി നടപ്പിലാക്കുകയായിരുന്നു.
2026 മാർച്ച് 4-ലെ കണക്കനുസരിച്ച് ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലിൽ 120 CBG/ബയോഗ്യാസ് പ്ലാന്റുകൾ രജിസ്റ്റർ ചെയ്യുകയും ഫെർട്ടിലൈസർ മാർക്കറ്റിംഗ് കമ്പനികളും കംപ്രസ്ഡ് ബയോഗ്യാസ് ഓപ്പറേറ്റർമാരും തമ്മിൽ 44 ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തു. 2025 ഫെബ്രുവരി മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ 24 ഫെർട്ടിലൈസർ മാർക്കറ്റിംഗ് കമ്പനികൾ 15,690 കിസാൻ സംഗോഷ്ഠികളും ബോധവൽക്കരണ ക്യാമ്പുകളും സംഘടിപ്പിച്ചു.
₹11.79 കോടി ചെലവിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) രണ്ട് വർഷത്തെ പ്രോജക്റ്റ് ഫീൽഡ് പ്രകടനങ്ങൾക്ക് പിന്തുണ നൽകുന്നു. കൂടാതെ നീതി ആയോഗ് പദ്ധതിയുടെ മൊത്തത്തിലുള്ള ആഘാതം വിലയിരുത്തുന്നു. ഈ പദ്ധതിക്ക് കീഴിൽ 2024-25-ൽ ₹28 കോടിയും 2025-26-ൽ ₹83.72 കോടിയും ഉൾപ്പെടെ 2026 ഫെബ്രുവരി 28 വരെ മാർക്കറ്റ് ഡെവലപ്‌മെന്റ് അസിസ്റ്റൻസായി ₹111.72 കോടി അനുവദിച്ചു.
ഗോബർധൻ ഇപ്പോൾ ഈ പുരോഗതിയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതി പൂർണ്ണ CBG മൂല്യ ശൃംഖലയിലുടനീളം ഒരു ഏകീകൃത പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നു.
ഇന്ത്യയ്ക്കായി ഒരു തന്ത്രപ്രധാന അവസരം
ഗതാഗതം, ഗാർഹികം, വ്യവസായം, വാണിജ്യ മേഖലകൾ എന്നിവയിലുടനീളം ഇന്ത്യയുടെ പ്രകൃതിവാതക ആവശ്യകത വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഭ്യന്തര പുനരുപയോഗ ഉത്പാദനത്തിലൂടെ ഈ വർധിച്ചുവരുന്ന ആവശ്യകതയുടെ വലിയൊരു പങ്ക് നിറവേറ്റാൻ CBG-യ്ക്ക് കഴിയും. ഇത് ഊർജ്ജ സ്ഥിരത കൂടുതൽ ശക്തിപ്പെടുത്തുകയും ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യും. ഊർജ്ജ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നത് വിദേശനാണ്യത്തിൽ ₹40,000 കോടിയിലധികം ലാഭിക്കാൻ സഹായിക്കും.
CBG രാസപരമായി പ്രകൃതിവാതകത്തിന് സമാനമാണ്. കൂടാതെ നിലവിലുള്ള ഗ്യാസ് ആവാസവ്യവസ്ഥയിലേക്ക് തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കാൻ ഇതിന് സാധിക്കും. ഇത് പുനരുപയോഗ ഇന്ധനത്തിന്റെ ഗുണങ്ങളെ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഗ്യാസ് ഇൻഫ്രാസ്ട്രക്ചറിന്റെ വ്യാപ്തിയുമായും ഉപയോക്തൃശേഷിയുമായും സംയോജിപ്പിക്കുന്നു.
ഓരോ CBG പ്ലാന്റും കാർഷികാവശിഷ്ടങ്ങൾ, ചാണകം, മറ്റ് ജൈവ വിഭവങ്ങൾ എന്നിവ അടിസ്ഥാനമാക്കി പ്രാദേശിക തലത്തിൽ ഒരു ചാക്രിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നു. ഇത് ശുചിത്വമുള്ള മാലിന്യ സംസ്കരണത്തെയും കുറഞ്ഞ ഹരിതഗൃഹ വാതക പുറന്തള്ളലിനെയും പിന്തുണയ്ക്കുന്നതിനൊപ്പം ഇന്ധന സ്രോതസ്സ് വിതരണം, ഗതാഗതം, പ്ലാന്റ് പ്രവർത്തനം, ജൈവവള ഉത്പാദനം എന്നിവയിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
ഗോബർധന് കീഴിലുള്ള ആറ് വളർച്ചാ എഞ്ചിനുകൾ
ഗോബർധന്റെ കാഴ്ചപ്പാടിനെ പ്രായോഗിക തലത്തിൽ അളക്കാവുന്ന ഫലങ്ങളാക്കി മാറ്റുന്നതിന് പദ്ധതി ആറ് സംയോജിത ഘടകങ്ങളായി ക്രമീകരിച്ചിരിക്കുന്നു.
ഒന്നാം ഘടകം: ഉറപ്പായ CBG സംഭരണം
ഉത്പാദകർക്ക് വിശ്വസനീയവും മുൻകൂട്ടി പ്രവചിക്കാവുന്നതുമായ ഒരു വിപണി ഉറപ്പാക്കുന്നതിനായി ഗോബർധൻ ഒരു പ്രത്യേക ' CBG ഓഫ്‌ടേക്ക് അഷ്വറൻസ്' ചട്ടക്കൂട് രൂപീകരിക്കുന്നു. സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (CGD) സ്ഥാപനങ്ങളുടെ സംഭരണം പ്രഖ്യാപിക്കപ്പെട്ട നിർബന്ധിത CBG ഉപയോഗ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പിന്തുണ നൽകും:
- 2026-27 സാമ്പത്തിക വർഷത്തിൽ 3%
- 2027-28 സാമ്പത്തിക വർഷത്തിൽ 4%
- 2028-29 സാമ്പത്തിക വർഷം മുതൽ സിഎൻജി (ഗതാഗതം), പിഎൻജി (ഗാർഹികം) മേഖലകളിൽ 5%
ഈ ചട്ടക്കൂട് വിതരണത്തിലെ നിർബന്ധിത സംയോജന ലക്ഷ്യങ്ങളെ വ്യവസായ മേഖലയ്ക്ക് വ്യക്തവും ദീർഘകാലവുമായ ആവശ്യകതയുടെ സന്ദേശമാക്കി മാറ്റുന്നു. CGD ശൃംഖലകളിലുടനീളം ഇത് സ്ഥിരതയോടെ നടപ്പിലാക്കുന്നത് പദ്ധതികൾക്ക് ബാങ്ക് വായ്പകൾ ലഭ്യമാകുന്നത് എളുപ്പമാക്കുകയും ഉത്പാദനശേഷിയുടെ പരമാവധി വിനിയോഗത്തെ പിന്തുണയ്ക്കുകയും ദീർഘകാല സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
രണ്ടാം ഘടകം: സുസ്ഥിര CBG വിലനിർണ്ണയ ചട്ടക്കൂട്
ഗവൺമെന്റ് പിന്തുണയോടെ ഗോബർധൻ ഒരു മെട്രിക് മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (MMBTU) ₹2,110 വില നിശ്ചയിക്കുന്നു. ഇത് ഒരു കിലോഗ്രാം സിബിജിക്ക് ₹105 എന്ന നിരക്കിന് തുല്യമാണ്. ഇത് സ്ഥിരതയുള്ളതും ലാഭകരവുമായ വിലനിർണ്ണയം ഉറപ്പാക്കുന്നു.
ഗവൺമെന്റ് പിന്തുണയുടെയും വിപണിയധിഷ്ഠിത ചെലവ് പങ്കിടൽ സംവിധാനത്തിന്റെയും സംയോജനത്തിലൂടെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുന്നതോടൊപ്പം ദീർഘകാല വരുമാന വ്യക്തതയും ഈ ചട്ടക്കൂട് പ്രദാനം ചെയ്യുന്നു.
കുറഞ്ഞത് പത്ത് വർഷത്തെ ദീർഘകാല കാഴ്ചപ്പാടോടെയുള്ള ഈ വിലനിർണ്ണയ ചട്ടക്കൂട് ഉത്പാദകർക്ക് സുസ്ഥിര വരുമാനവും വാണിജ്യപരമായി ആകർഷകമായ നേട്ടങ്ങളും നിക്ഷേപത്തിനും ഉത്പാദനശേഷി വർധിപ്പിക്കുന്നതിനുമുള്ള ശക്തമായ ബിസിനസ് സാധ്യതയും നൽകും.

മൂന്നാം ഘടകം: സാമ്പത്തിക സഹായം
അർഹതയുള്ള പുതിയ (ഗ്രീൻഫീൽഡ്) CBG പ്രോജക്റ്റുകൾക്ക് സ്ഥാപിച്ചിട്ടുള്ള CBG ഉത്പാദനശേഷിയുടെ പ്രതിദിന ടണ്ണിന് (TPD) ₹2 കോടി വരെ സാമ്പത്തിക സഹായം ലഭിക്കും.
ഈ പിന്തുണ പ്രധാന പ്ലാന്റ് യന്ത്രസാമഗ്രികൾക്ക് പുറമെ ഇന്ധന സ്രോതസ്സുകളുടെ ശേഖരണം, ജൈവവള സംസ്കരണം, മൂല്യവർധനവ് എന്നിവയ്ക്കാവശ്യമായ പ്രധാന മൂല്യ-ശൃംഖലാ ആസ്തികളിലേക്കും വിപുലീകരിക്കുന്നു. നിലവിലുള്ള ഉത്പാദനശേഷി വർധിപ്പിക്കുന്ന പഴയ (ബ്രൗൺഫീൽഡ്) പ്രോജക്റ്റുകൾക്കും ഇതിന് അർഹതയുണ്ടായിരിക്കും.
ഈ ഘടകം പ്രാഥമിക സാമ്പത്തിക ഭാരം കുറയ്ക്കുകയും പദ്ധതികൾക്കുള്ള വായ്പാ ലഭ്യത ത്വരിതപ്പെടുത്തുകയും സ്വകാര്യ ഡവലപ്പർമാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME), സഹകരണ സംഘങ്ങൾ, ഗ്രാമീണ സംരംഭകർ എന്നിവരുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യും.
നാലാം ഘടകം: പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചറിന്റെ പുരോഗതി
CBG പ്ലാന്റുകളെ പ്രധാന പൈപ്പ്‌ലൈനുകളുമായും സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ശൃംഖലകളുമായും ബന്ധിപ്പിക്കുന്ന ക്ലസ്റ്റർ അധിഷ്ഠിതവും വ്യക്തിഗതവുമായ പൈപ്പ്‌ലൈൻ ഇൻഫ്രാസ്ട്രക്ചറിനെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. ഉയർന്ന പൈപ്പ്‌ലൈൻ കണക്റ്റിവിറ്റി വിതരണ ചെലവ് കുറയ്ക്കുകയും വിശ്വസനീയത വർധിപ്പിക്കുകയും വിപണിലഭ്യത വിപുലീകരിക്കുകയും ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന സിബിജിയുടെ കൂടുതൽ വിനിയോഗം സാധ്യമാക്കുകയും ചെയ്യും.
അഞ്ചാം ഘടകം: ക്രെഡിറ്റ് ഗ്യാരണ്ടി പിന്തുണ
പ്രത്യേകമായി തയ്യാറാക്കിയ ക്രെഡിറ്റ് ഗ്യാരണ്ടി സംവിധാനം വായ്പ നൽകുന്ന സ്ഥാപനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും അർഹതയുള്ള MSME അധിഷ്ഠിത കംപ്രസ്ഡ് ബയോഗ്യാസ് പ്രോജക്റ്റുകൾക്ക് സ്ഥാപനപരമായ വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യും. ഇത്തരം പ്രോജക്റ്റുകൾക്കുള്ള അർഹതയുള്ള വായ്പകളിൽ 85 ശതമാനം വരെ ക്രെഡിറ്റ് ഗ്യാരണ്ടി കവറേജ് ഈ സംവിധാനം നൽകും.
വായ്പാ അപകടസാധ്യതയുടെ ഒരു ഭാഗം പങ്കിടുന്നതിലൂടെ ഈ സംവിധാനം താങ്ങാനാവുന്ന നിരക്കിലുള്ള വായ്പാ ലഭ്യത മെച്ചപ്പെടുത്തുകയും ഈടായി നൽകേണ്ട തുകയുടെ ആവശ്യകത കുറയ്ക്കുകയും വേഗത്തിലുള്ള പ്രോജക്ട് വികസനത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഇത് MSME-കൾ വനിതാ സംരംഭകർ, പുതിയ ഡവലപ്പർമാർ എന്നിവരുടെ പങ്കാളിത്തം വിപുലീകരിക്കുകയും വിശാലവും മത്സരക്ഷമവും സംരംഭകത്വവുമുള്ള ഒരു CBG വ്യവസായം കെട്ടിപ്പടുക്കാൻ സഹായിക്കുകയും ചെയ്യും.
ആറാം ഘടകം: CBG ഇക്കോസിസ്റ്റം ചലഞ്ച് ഫണ്ട്
ജില്ലാതലത്തിലുള്ള നടത്തിപ്പ് ത്വരിതപ്പെടുത്തുന്നതിനും സിബിജി ആവാസവ്യവസ്ഥയിലുടനീളമുള്ള പ്രാദേശിക മൂല്യശൃംഖലകളെ ശക്തിപ്പെടുത്തുന്നതിനുമായി ഗോബർധൻ ഒരു പ്രത്യേക സിബിജി ഇക്കോസിസ്റ്റം ചലഞ്ച് ഫണ്ട് രൂപീകരിക്കുന്നു.
ഈ ഫണ്ട് താഴെ പറയുന്നവയെ പിന്തുണയ്ക്കും:
- ഇന്ധന സ്രോതസ്സുകളുടെ ലഭ്യതയും വിഭവനിർണ്ണയവും മാപ്പിംഗും
- ഇന്ധന സ്രോതസ്സുകളുടെ ശേഖരണത്തിനായുള്ള ഇൻഫ്രാസ്ട്രക്ചർ
- ജില്ലാതല സിബിജി വികസന ആസൂത്രണം
- സാങ്കേതികവിദ്യ സ്വീകരിക്കലും പ്രവർത്തന പ്രക്രിയകളുടെ മെച്ചപ്പെടുത്തലും
- ജൈവവളത്തിന്റെ മൂല്യവർധനവ്
- ശേഷി വർധിപ്പിക്കലും പങ്കാളികളുടെ ബോധവൽക്കരണവും
ഗോബർധന്റെ പ്രതീക്ഷിത ഫലങ്ങൾ
രാജ്യത്തുടനീളം CBG ഉത്പാദനം വർധിപ്പിക്കുന്നതിന് സമീപവർഷങ്ങളിൽ പാകിയ ശക്തമായ അടിത്തറയിലാണ് ഗോബർധൻ പടുത്തുയർത്തുന്നത്. ഈ പദ്ധതി താഴെ പറയുന്ന ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു:
- ഇന്ത്യയുടെ ഹരിത വാതക സമ്പദ്‌വ്യവസ്ഥയുടെ ഒരു പുതിയ സ്തംഭം സൃഷ്ടിച്ചുകൊണ്ട് ആഭ്യന്തര CBG ഉത്പാദനത്തിൽ ഏകദേശം പത്തിരട്ടി വളർച്ച.
- പുനരുപയോഗിക്കാവുന്ന വാതക ഇന്ധനത്തിന്റെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിലൂടെയും ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും മികച്ച ഊർജ്ജ സുരക്ഷ.
- ശക്തമായ പ്രോജക്ട് സാധ്യതകൾ, സുസ്ഥിര വിലനിർണ്ണയം, സ്ഥാപനപരമായ വായ്പകളിലേക്കുള്ള മെച്ചപ്പെട്ട പ്രവേശനം എന്നിവയുടെ പിന്തുണയോടെയുള്ള സ്വകാര്യ നിക്ഷേപങ്ങളുടെ ഒരു പുതിയ തരംഗം.
- കർഷകർ, മാലിന്യ/ബയോമാസ് ശേഖരണ ഏജൻസികൾ, സഹകരണ സംഘങ്ങൾ, ഗ്രാമീണ സംരംഭകർ എന്നിവർക്കുള്ള പുതിയ വരുമാന അവസരങ്ങളിലൂടെ കൂടുതൽ ശക്തമായ ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ.
- കാർഷികാവശിഷ്ടങ്ങൾ, ചാണകം, നഗരസഭാ ജൈവമാലിന്യങ്ങൾ, മറ്റ് ബയോമാസ് വിഭവങ്ങൾ എന്നിവയുടെ ഉൽപ്പാദനക്ഷമമായ ഉപയോഗത്തിലൂടെയുള്ള ശാസ്ത്രീയ മാലിന്യ സംസ്കരണം.
- ഫോസിൽ ഇന്ധനങ്ങൾക്ക് പകരം ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെയും ജൈവമാലിന്യങ്ങളുടെ ഉൽപ്പാദനക്ഷമമായ വിനിയോഗത്തിലൂടെയും കുറഞ്ഞ ഹരിതഗൃഹ വാതക പുറന്തള്ളൽ.
- FOM, LFOM എന്നിവയുടെ ഉയർന്ന ഉത്പാദനം, മൂല്യവർധനവ്, വിനിയോഗം എന്നിവയിലൂടെ കൂടുതൽ വിപുലമായ ജൈവവള സമ്പദ്‌വ്യവസ്ഥ.
- ഒരു ദേശീയ ചട്ടക്കൂട്, ഡിജിറ്റൽ ഭരണം, ലളിതമാക്കിയ സ്ഥാപനപരമായ ക്രമീകരണങ്ങൾ എന്നിവയിലൂടെ വേഗത്തിലുള്ളതും എളുപ്പമുള്ളതുമായ പദ്ധതി നടത്തിപ്പ്.
ഒരു പതിറ്റാണ്ടിനുള്ളിലെ നേട്ടങ്ങൾ
പത്തുവർഷത്തെ പൂർണ്ണ കാലയളവിൽ പ്രകടമായ നേട്ടങ്ങൾ ഗോബർധൻ കൈവരിക്കും.
- ഈ പതിറ്റാണ്ടിൽ CBG ഉത്പാദനം പത്തിരട്ടിയായി വർധിക്കുകയും ശക്തമായ സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുകയും ചെയ്യും.
- കുറഞ്ഞ ഇറക്കുമതി ആശ്രയത്വം വിദേശനാണ്യത്തിൽ ₹40,000 കോടിയിലധികം ലാഭിക്കും.
- ശുചിത്വമുള്ള, സ്വദേശീയ വാതകം 10 MMT ഫോസിൽ ഇന്ധന ഉപയോഗത്തിന് പകരമാകും.
- ഈ വ്യവസായം ദേശീയ GDP-യിലേക്ക് ₹75,000 കോടിയിലധികം സംഭാവന ചെയ്യും.
- മൂല്യ ശൃംഖലയിലുടനീളം 1.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
- മാലിന്യങ്ങൾ ലാൻഡ്‌ഫില്ലുകളിലേക്ക് തള്ളുന്നത് ഒഴിവാക്കുന്നത് 40 MT-യിൽ അധികം CO₂ പുറന്തള്ളൽ കുറയ്ക്കും.
- 250 MMT ജൈവവളത്തിന്റെ ഉത്പാദനം.
ഗോബർധൻ ഏകീകൃത രജിസ്ട്രേഷൻ പോർട്ടൽ
ഇന്ത്യയിൽ CBG/ബയോ-CNG പ്ലാന്റ് നടത്തുകയോ സ്ഥാപിക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്ന ആർക്കും ഗോബർധൻ ഏകീകൃത രജിസ്ട്രേഷൻ പോർട്ടൽ (gobardhan.eil.co.in) വഴി രജിസ്ട്രേഷൻ നമ്പർ നേടാവുന്നതാണ്. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിൽ നിന്നുള്ള ആനുകൂല്യങ്ങളും പിന്തുണയും ലഭിക്കുന്നതിന് രജിസ്ട്രേഷൻ നമ്പർ നിർബന്ധമാണ്.

ഗോബർധൻ ഏകീകൃത രജിസ്ട്രേഷൻ പോർട്ടൽ അനുസരിച്ച് 2026 ഓഗസ്റ്റ് 6 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തുടനീളം ആകെ 1,908 കംപ്രസ്ഡ് ബയോഗ്യാസ്/ബയോ-സിഎൻജി പ്ലാന്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 217 പ്ലാന്റുകൾ ഇതിനകം പ്രവർത്തനം ആരംഭിക്കുകയും പ്രതിദിനം 0.4 മില്യൺ സ്റ്റാൻഡേർഡ് ക്യുബിക് മീറ്റർ (MMSCMD) ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതേസമയം 339 പ്ലാന്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
ഗോബർധൻ: ഇന്ത്യയുടെ ചാക്രിക ജൈവ സമ്പദ്‍വ്യവസ്ഥയെ വിപുലീകരിക്കുന്നു
ഇന്ത്യയുടെ സമൃദ്ധമായ ജൈവ വിഭവങ്ങളെ ഹരിതോർജ്ജം, ഗ്രാമീണ അഭിവൃദ്ധി, സാമ്പത്തിക മൂല്യം എന്നിവയാക്കി മാറ്റുന്നതിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പാണ് ഗോബർധൻ അടയാളപ്പെടുത്തുന്നത്. ഉറപ്പായ ആവശ്യകത, സുസ്ഥിര വിലനിർണ്ണയം, സാമ്പത്തിക സഹായം, പൈപ്പ്‌ലൈൻ കണക്റ്റിവിറ്റി, വായ്പാ പിന്തുണ, മേഖലാ വികസനം എന്നിവ ഒരു ദേശീയ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ CBGയ്ക്ക് വൻതോതിൽ വളരാനുള്ള സാഹചര്യങ്ങൾ ഈ പദ്ധതി സൃഷ്ടിക്കുന്നു.
ഇതിനകം കൈവരിച്ച പുരോഗതിയുടെ കരുത്തിൽ ഗോബർധൻ ഇന്ത്യയുടെ CBG യാത്രയെ ശക്തമായ ഒരു അടിത്തറയിൽ നിന്ന് ദേശീയ തലത്തിലുള്ള ഒരു ഹരിതോർജ്ജ വ്യവസായത്തിലേക്ക് നയിക്കും. ഇത് ഊർജ്ജ സുരക്ഷ, കർഷകർ, ഗ്രാമീണ സംരംഭങ്ങൾ, മാലിന്യത്തിൽ നിന്ന് സമ്പത്ത്, ആത്മനിർഭർ ഭാരത്, വികസിത ഭാരതം എന്നീ കാഴ്ചപ്പാടുകളോടുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.
അവലംബം
Ministry of Petroleum & Natural Gas
Ministry of Jal Shakti
Ministry of Chemicals and Fertilizers
Ministry of Electronics and Information Technology
Ministry of Information and Broadcasting
- https://www.youtube.com/watch?v=LkdCb8khJJs&t=1121s
https://www.youtube.com/watch?v=LkdCb8khJJs&t=1121s
Click here for pdf file.
***
SK
(Explainer ID: 159472)
आगंतुक पटल : 9
Provide suggestions / comments