Economy
ദേശീയ കൈത്തറി ദിനം 2026
നെയ്ത്തുകാരെ ആഘോഷിക്കുന്നു, പാരമ്പര്യങ്ങൾ പുതുക്കുന്നു, ചക്രവാളങ്ങൾ വികസിപ്പിക്കുന്നു
Posted On:
06 AUG 2026 1:30PM
|
ഓഗസ്റ്റ് 7-നാണ് ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നത്. ഇത് ഇന്ത്യയുടെ നെയ്ത്തുപാരമ്പര്യത്തെ ആഘോഷിക്കുന്നു. 72 ശതമാനത്തിലധികം സ്ത്രീകളടങ്ങുന്ന 35.22 ലക്ഷം നെയ്ത്തുകാരെയും അനുബന്ധ തൊഴിലാളികളെയും ഇത് അംഗീകരിക്കുന്നു. 2026-ൽ ഈ അവസരം പ്രാദേശിക അറിവുകളിൽ ഉറച്ചുനിൽക്കുന്നൊരു മേഖലയെ പ്രതിഫലിപ്പിക്കുന്നു. ഡിസൈനുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ആഗോള വിപണികൾ എന്നിവയിലൂടെ കൈത്തറി പുതിയ ആവിഷ്കാരം കണ്ടെത്തുന്നു. ഗവൺമെന്റ് പിന്തുണ, പുരസ്കാരങ്ങൾ, വിപണിലഭ്യത, ആധികാരികത സംരക്ഷണ നടപടികൾ എന്നിവ ഗ്രാമീണ സമൂഹങ്ങളിൽ നിന്നുള്ള ഈ പാരമ്പര്യങ്ങളെ കൂടുതൽ വിശാലമായ ദേശീയ, അന്തർദേശീയ തലത്തിലേക്ക് എത്തിക്കുന്നു.
|
മാറിക്കൊണ്ടിരിക്കുന്ന ടെക്സ്റ്റൈൽ മേഖലയിലെ ദേശീയ കൈത്തറി ദിനം 2026
ഇന്ത്യയുടെ കൈത്തറി പാരമ്പര്യത്തിന് സിന്ധുനദീതട സംസ്കാരം മുതൽ പഴക്കമുള്ള, ആഴത്തിലുള്ള ചരിത്രപരമായ വേരുകളുണ്ട്. നൂൽ നൂൽക്കുന്നതിനെയും നെയ്ത്തിനെയും കുറിച്ച് ഋഗ്വേദം, രാമായണം, മഹാഭാരതം എന്നിവയിൽ പരാമർശിക്കപ്പെടുന്നു. ഇന്ത്യൻ പരുത്തിയുടെയും പട്ടിന്റെയും മികച്ച ഗുണനിലവാരം ഈ ഗ്രന്ഥങ്ങളിലും കൗടില്യന്റെ കൃതികളിലും രേഖപ്പെടുത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകളായി നെയ്ത്ത് വൈദഗ്ധ്യവും സാങ്കേതികവിദ്യകളും ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള വിവിധ പ്രദേശങ്ങളുടെ സവിശേഷ രീതികളിലൂടെ ഈ പാരമ്പര്യങ്ങൾ പരിണമിച്ചു. കാലങ്ങളായുള്ള ഈ പാരമ്പര്യത്തിന് 2015-ൽ ദേശീയ കൈത്തറി ദിനം ആരംഭിച്ചത് ദേശീയതലത്തിൽ ഒരു പ്രത്യേക പ്ലാറ്റ്‌ഫോം നൽകി.
|
ദേശീയ കൈത്തറി ദിനം
എല്ലാ വർഷവും ഓഗസ്റ്റ് 7-നാണ് ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നത്. തദ്ദേശീയ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്ത 1905-ലെ സ്വദേശി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഇത്. ഈ അവസരം ഇന്ത്യയുടെ നെയ്ത്ത് പാരമ്പര്യങ്ങളെ ആഘോഷിക്കുകയും കൈത്തറി തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നു.
2026-ൽ ഈ ദിനാചരണം ഈ യാത്രയിലെ ഒരു പ്രധാന നാഴികക്കല്ലിനെ അടയാളപ്പെടുത്തുന്നു. സമകാലിക ഉപഭോക്താക്കൾക്കിടയിൽ കൈത്തറിയുടെ വർധിച്ചുവരുന്ന പ്രസക്തിയെയും ആഗോള വിപണികളിൽ അതിനുള്ള മികച്ച കാഴ്ചപ്പാടിനെയും ഇത് പ്രതിഫലിപ്പിക്കുന്നു.
|
കൈത്തറി ഇപ്പോഴും കൈവേലയിലും ഗാർഹിക സംരംഭങ്ങളിലുമാണ് വേരൂന്നിനിൽക്കുന്നത്. അതിന്റെ സ്വത്വം നെയ്ത്തുകാർ, പ്രദേശം, ഓരോ വസ്ത്രവും നിർമ്മിക്കുന്നതിലെ അറിവ് എന്നിവയുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം കൈത്തറിയെ ചുറ്റിപ്പറ്റിയുള്ള അന്തരീക്ഷം വികസിച്ചുകൊണ്ടിരിക്കുകയാണ്. നവീന ഡിസൈനുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ദേശീയ അന്തർദേശീയ പ്രദർശനങ്ങൾ എന്നിവ ഇന്ത്യൻ നെയ്ത്തുകളെ പുതിയ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുകയും അവയുടെ പ്രശസ്തി വ്യാപിപ്പിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ കൈത്തറിക്ക് പിന്നിലെ മനുഷ്യർ
ഈ രംഗത്തെ സമഗ്ര ഔദ്യോഗിക സെൻസസായ നാലാമത് അഖിലേന്ത്യാ കൈത്തറി സെൻസസ് (2019-20) ഏകദേശം 31.45 ലക്ഷം കൈത്തറി കുടുംബങ്ങളെ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള 35.22 ലക്ഷം കൈത്തറി നെയ്ത്തുകാരെയും അനുബന്ധ തൊഴിലാളികളെയും ഇത് കണക്കാക്കുന്നു. ഇതിൽ 8.48 ലക്ഷം പേർ നെയ്ത്തിന് മുന്നോടിയായും ശേഷവുമുള്ള വൈൻഡിംഗ്, വാർപ്പിംഗ്, ഡൈയിംഗ്, കലണ്ടറിംഗ് തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അനുബന്ധ തൊഴിലാളികളായിരുന്നു. ഒപ്പം കൈത്തറി ഗ്രാമീണ ജീവനോപാധികളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വിശകലനങ്ങൾ വ്യക്തമാക്കുന്നു.
|
കൈത്തറി സെൻസസ്
- ഇന്ത്യ ഇതുവരെ നാല് സെൻസസുകൾ നടത്തിയിട്ടുണ്ട്: 1987-88, 1995-96, 2009-10, 2019-20.
- ശരാശരി 8 മുതൽ 12 വർഷം വരെയുള്ള ഇടവേളകളിലാണ് ഇവ നടത്തുന്നത്.
|
|
കൈത്തറി തൊഴിലാളികളെ തിരിച്ചറിയലും രജിസ്റ്ററിംഗും
സെൻസസ് വഴി കണക്കാക്കിയ തൊഴിലാളികൾക്ക് പെഹചാൻ/ ഇ-പെഹചാൻ കാർഡുകൾ നൽകിയിട്ടുണ്ട്. ഈ കവറേജ് കൂടുതൽ വിപുലീകരിക്കുന്നതിനായി 2025 ജനുവരിയിൽ ഇ-പെഹചാൻ പോർട്ടൽ ആരംഭിച്ചു. പുതിയ തൊഴിലാളികൾക്കും മുമ്പ് ഒഴിവാക്കപ്പെട്ട തൊഴിലാളികൾക്കും ഇത് രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നു. അതേസമയം നിലവിലുള്ള തൊഴിലാളികൾക്ക് വിവരങ്ങൾ പുതുക്കാനും അവരുടെ കാർഡുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
2026 ജൂലൈയോടെ ഏകദേശം 84,000 അധിക തൊഴിലാളികൾക്ക് കൂടി ഇ-പെഹചാൻ കാർഡുകൾക്കായി അംഗീകാരം നൽകി.
|
സ്ത്രീകൾ നേതൃത്വം നൽകുന്ന മേഖല
ഇന്ത്യയിലെ കൈത്തറി തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. നെയ്ത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആകെ തൊഴിലാളികളുടെ 72 ശതമാനത്തിലധികം, അതായത് 25.46 ലക്ഷം പേർ സ്ത്രീകളാണ്.
വൈവിധ്യമാർന്ന സമൂഹങ്ങൾക്ക് താങ്ങാവുന്ന മേഖല
കൈത്തറി തൊഴിലാളികളിൽ 4.84 ലക്ഷം പട്ടികജാതി തൊഴിലാളികളും 6.28 ലക്ഷം പട്ടികവർഗ്ഗ തൊഴിലാളികളും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട (OBC) 12.67 ലക്ഷം തൊഴിലാളികളും ഉൾപ്പെടുന്നു.
കൂടാതെ രാജ്യത്തുടനീളം 28.20 ലക്ഷം തറികൾ സെൻസസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 25.30 ലക്ഷം ഗ്രാമീണ മേഖലകളിലും 2.90 ലക്ഷം നഗര മേഖലകളിലുമാണ് സ്ഥിതി ചെയ്യുന്നത്. പത്തിൽ ഒമ്പത് കൈത്തറികളും ഗ്രാമീണ ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്.
കൈത്തറി നെയ്ത്തുകാർക്കുള്ള പിന്തുണ
ദേശീയ കൈത്തറി വികസന പദ്ധതിയും (NHDP) അസംസ്കൃത വസ്തു വിതരണ പദ്ധതിയും (RMSS) ഈ മേഖലയുടെ പ്രധാന പ്രവർത്തന പിന്തുണാ സംവിധാനമാണ്.
1.ദേശീയ കൈത്തറി വികസന പദ്ധതി (NHDP)

2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ നടപ്പിലാക്കുന്നതിനായാണ് NHDP രൂപീകരിച്ചത്. കൈത്തറി നെയ്ത്തുകാരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, കൈത്തറി മേഖലയുടെ സംയോജിത വികസനത്തിനായി ആവശ്യകതാധിഷ്ഠിത സമീപനമാണ് ഇത് പിന്തുടരുന്നത്.
NHDP ഘടകങ്ങൾ ഗവൺമെന്റ് കൈത്തറി സ്ഥാപനങ്ങൾ വഴിയും ദേശീയ, സംസ്ഥാന തലത്തിലുള്ള കൈത്തറി കോർപ്പറേഷനുകൾ വഴിയുമാണ് നടപ്പിലാക്കുന്നത്. നടത്തിപ്പ് ഏജൻസികളിൽ നെയ്ത്തുകാരുടെ സഹകരണ സംഘങ്ങൾ, ഫെഡറേഷനുകൾ, ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനികൾ, പങ്കാളിത്ത ബാങ്കുകൾ എന്നിവയും ഉൾപ്പെടുന്നു.
|
ഹാൻഡ്‌ലൂം പ്രൊഡ്യൂസർ കമ്പനികൾ (HPC) നെയ്ത്തുകാരെ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്ന, അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളായി ഏകോപിപ്പിക്കുന്നു. NHDP-ക്ക് കീഴിൽ 2020-21 മുതൽ 2026-27 വരെയുള്ള കാലയളവിൽ 200 HPC-കൾ രൂപീകരിച്ചു.
|
ഈ പദ്ധതി ഇനിപ്പറയുന്ന പ്രധാന ഘടകങ്ങളിലൂടെയാണ് കൂടുതൽ വിപുലമായ പിന്തുണ നൽകുന്നത്:
- സ്മോൾ ക്ലസ്റ്റർ ഡവലപ്‌മെന്റ് പ്രോഗ്രാം (SCDP)
SCDP ചെറിയ കൈത്തറി ക്ലസ്റ്ററുകളുടെ പ്രത്യേക വികസന ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി 2 കോടി രൂപ വരെ ധനസഹായം നൽകി പിന്തുണയ്ക്കുന്നു. മികച്ച തറികൾ, വെളിച്ച സംവിധാനങ്ങൾ, വർക്ക്‌ഷെഡുകൾ എന്നിവയ്ക്കൊപ്പം ഡിസൈൻ, ഉൽപ്പന്ന വികസനം, വിപണനം എന്നിവയ്ക്കുള്ള സഹായവും ഇതിൽ ഉൾപ്പെടുന്നു.
- 2021-22 മുതൽ 2026-27 (ജൂൺ വരെ) വരെയുള്ള കാലയളവിൽ ഈ പദ്ധതിക്ക് കീഴിൽ 357 ക്ലസ്റ്ററുകൾക്ക് അനുമതി നൽകി.
- കൂടാതെ 2025-26 കാലയളവിൽ വർക്ക്‌ഷെഡുകൾ, തറികളും അനുബന്ധ ഉപകരണങ്ങളും, ഇലക്ട്രോണിക് ജാക്കാർഡുകൾ തുടങ്ങിയവയ്ക്കായി 94 കോടി രൂപ അനുവദിച്ചു.
|
SCDP-യുടെ സ്വാധീനം
വർക്ക്‌ഷെഡുകളുടെ നിർമ്മാണം: പദ്ധതിക്ക് കീഴിലുള്ള വർക്ക്‌ഷെഡ് നിർമ്മാണം കൈത്തറി ഗുണഭോക്താക്കൾക്ക് മെച്ചപ്പെട്ട തൊഴിലിട സൗകര്യങ്ങൾ നൽകുന്നു. ഈ വർക്ക്‌ഷെഡുകൾ നിർമ്മിക്കുന്നതിന് നെയ്ത്തുകാർക്ക് 100% വരെ സബ്‌സിഡി ലഭിക്കും. ഈ ഇടപെടൽ ഇനിപ്പറയുന്ന ഫലങ്ങൾ രേഖപ്പെടുത്തി:
- ശരാശരി പ്രതിദിന ഉത്പാദനം 53% വർധിച്ചു.
- ശരാശരി പ്രവൃത്തി സമയം 60% ഉയർന്നപ്പോൾ പ്രതിമാസ പ്രവൃത്തി ദിനങ്ങൾ 28% വർധിച്ചു.
- ശരാശരി പ്രതിദിന വരുമാനം 328 രൂപയിൽ നിന്ന് 465 രൂപയായി (42%) വർധിച്ചു.

ഇലക്ട്രോണിക് ജാക്കാർഡ്: ഇലക്ട്രോണിക് ജാക്കാർഡുകൾ ഓരോ നൂലുകളെയും വേർതിരിച്ച് നിയന്ത്രിക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഇത് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവും സൂക്ഷ്മവുമായ നെയ്ത്ത് സാധ്യമാക്കുന്നു. ഇവയുടെ ആമുഖം കൈത്തറി നെയ്ത്തുകാർക്കിടയിൽ ഉത്പാദനക്ഷമതയും വരുമാനവും വർധിപ്പിച്ചു.
- ശരാശരി പ്രതിദിന ഉത്പാദനം 55% വർധിച്ചു.
- 96% ഗുണഭോക്താക്കളും ഉത്പാദനക്ഷമത വർധിച്ചതായി രേഖപ്പെടുത്തി.
- ശരാശരി പ്രതിദിന വേതനം 360 രൂപയിൽ നിന്ന് 560 രൂപയായി (56%) ഉയർന്നു.
- ശരാശരി പ്രതിമാസ വരുമാനം 9,600 രൂപയിൽ നിന്ന് 15,000 രൂപയായി വർധിച്ചു.
|
- കൈത്തറി മാർക്കറ്റിംഗ് അസിസ്റ്റൻസ് (HMA)
കൈത്തറി മാർക്കറ്റിംഗ് അസിസ്റ്റൻസ് നെയ്ത്തുകാർക്കും കൈത്തറി സംഘടനകൾക്കും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ നേരിട്ടുള്ള പ്ലാറ്റ്‌ഫോമുകൾ നൽകുന്നു. ഇത് ആഭ്യന്തര, കയറ്റുമതി പ്രോത്സാഹനങ്ങൾക്കും അർബൻ ഹാട്ടുകൾ (Urban Haats) സ്ഥാപിക്കുന്നതിനും മാർക്കറ്റിംഗ് ആനുകൂല്യങ്ങൾക്കും പിന്തുണ നൽകുന്നു. വിവിധ ഘടകങ്ങൾക്ക് കീഴിലുള്ള പ്രധാന നേട്ടങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- 2021-22 മുതൽ 2026-27 (ജൂൺ വരെ) വരെയുള്ള കാലയളവിൽ ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ കൈത്തറി ഉൽപ്പന്നങ്ങളുടെ വിൽപ്പന സുഗമമാക്കുന്നതിനായി 960-ലധികം പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ, സംസ്ഥാന, ജില്ലാ കൈത്തറി എക്‌സ്‌പോകൾ, ക്രാഫ്റ്റ് മേളകൾ, മറ്റ് മാർക്കറ്റിംഗ് പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- HMA-യ്ക്ക് കീഴിൽ രണ്ട് ദേശീയതല പുരസ്കാരങ്ങൾ നൽകുന്നു. സന്ത് കബീർ ഹാൻഡ്‌ലൂം അവാർഡും നാഷണൽ ഹാൻഡ്‌ലൂം അവാർഡും കൈത്തറി മേഖലയിലെ മികച്ച സംഭാവനകളെ അംഗീകരിക്കുന്നു. ഏറ്റവും ഒടുവിൽ പൂർത്തിയായ പുരസ്കാര ചക്രം 2024-ലെ അവാർഡുകളെയാണ് ഉൾക്കൊള്ളിച്ചത്. ഇത് 2025-ലെ ദേശീയ കൈത്തറി ദിനത്തിൽ സമ്മാനിച്ചു. അഞ്ച് സന്ത് കബീർ ജേതാക്കളും 19 നാഷണൽ ഹാൻഡ്‌ലൂം ജേതാക്കളും ഉൾപ്പെടെ ആകെ 24 പേരെ ആദരിച്ചു. അവാർഡ് നേടിയവരിൽ ആറ് സ്ത്രീകളും ഒരു ഭിന്നശേഷിക്കാരനും ഉൾപ്പെടുന്നു.
|
സന്ത് കബീർ ഹാൻഡ്‌ലൂം അവാർഡ് അസാമാന്യ കഴിവുകൾക്കും നെയ്ത്ത് പാരമ്പര്യങ്ങൾ, സമൂഹ നന്മ, മേഖലയുടെ വികസനം എന്നിവയിലെ സംഭാവനകൾക്കും മികച്ച നെയ്ത്തുകാരെ അംഗീകരിക്കുന്നു. ഈ പുരസ്കാരത്തിൽ 3.5 ലക്ഷം രൂപയും സ്വർണ്ണനാണയം പതിപ്പിച്ച ഫലകവും താമ്രപത്രവും പൊന്നാടയും സാക്ഷ്യപത്രവും അടങ്ങിയിരിക്കുന്നു.
നാഷണൽ ഹാൻഡ്‌ലൂം അവാർഡ് കരകൗശല നൈപുണ്യം, ആത്മസമർപ്പണം, നവീനാശയം എന്നിവയെ ആദരിക്കുന്നു. ഇതിൽ 2 ലക്ഷം രൂപയും താമ്രപത്രവും പൊന്നാടയും സാക്ഷ്യപത്രവും ഉൾപ്പെടുന്നു.
|
- ഇളവുകളോടെയുള്ള വായ്പ / വീവർ മുദ്ര പദ്ധതി
ഈ പദ്ധതി കൈത്തറി മേഖലയ്ക്കുള്ള വായ്പകൾ മൂന്ന് വർഷത്തേക്ക് 6% ഇളവ് പലിശ നിരക്കിൽ നൽകുന്നു. ഇതിന് പുറമെ 7% വരെയുള്ള ഗവൺമെന്റ് പലിശയിളവ് പിന്തുണയും ലഭിക്കുന്നു. ഇത് മാർജിൻ മണി സഹായം നൽകുകയും ക്രെഡിറ്റ് ഗ്യാരന്റി ഫീസ് വഹിക്കുകയും ചെയ്യുന്നു. ഹാൻഡ്‌ലൂം വീവർ മുദ്ര പോർട്ടൽ സാമ്പത്തിക സഹായം കൃത്യസമയത്ത് കൈമാറാൻ സഹായിക്കുന്നു.
- 2021-22 മുതൽ 2026-27 (ജൂൺ വരെ) വരെയുള്ള കാലയളവിൽ, ഏകദേശം 280-ലധികം കോടി രൂപ തുക വരുന്ന 40,000-ത്തിലധികം വായ്പകൾ അനുവദിച്ചു.
- 2026-27 വരെയുള്ള കണക്കനുസരിച്ച് 7.45 കോടി രൂപ തുക വരുന്ന ആകെ 967 വായ്പകൾ അനുവദിച്ചു.
- കൈത്തറി നെയ്ത്തുകാരുടെ ക്ഷേമം (സാമൂഹിക സുരക്ഷാ നടപടികൾ)
നെയ്ത്തുകാരുടെ ക്ഷേമ നടപടികൾ കൈത്തറി നെയ്ത്തുകാർക്കും തൊഴിലാളികൾക്കും സാമൂഹിക സുരക്ഷയും അവരുട കുട്ടികൾക്ക് സ്‌കോളർഷിപ്പുകളും നൽകുന്നു. ഇവയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
- പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY): PMJJBY 18-50 വയസ്സ് പ്രായമുള്ള കൈത്തറി നെയ്ത്തുകാർക്കും തൊഴിലാളികൾക്കും വർഷം തോറും പുതുക്കാവുന്ന ജീവൻരക്ഷാ ഇൻഷുറൻസ് നൽകുന്നു. ഏത് കാരണത്താലുള്ള മരണത്തിനും ഇത് 2 ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നു.
- പ്രധാൻമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY): PMSBY 18-70 വയസ്സ് പ്രായമുള്ള കൈത്തറി നെയ്ത്തുകാർക്കും തൊഴിലാളികൾക്കും വർഷം തോറും പുതുക്കാവുന്ന അപകട ഇൻഷുറൻസ് നൽകുന്നു. അപകട മരണത്തിനോ പൂർണ്ണമായ ശാശ്വത വൈകല്യത്തിനോ 2 ലക്ഷം രൂപയും ഭാഗികമായ ശാശ്വത വൈകല്യത്തിന് 1 ലക്ഷം രൂപയും ഇത് വാഗ്ദാനം ചെയ്യുന്നു.
|
PMJJBY, PMSBY എന്നിവയുടെ പ്രകടനം
- രജിസ്‌ട്രേഷൻ 2021-22-ലെ 1,11,957 കൈത്തറി നെയ്ത്തുകാരിൽ നിന്നും തൊഴിലാളികളിൽ നിന്നും 2026-27-ൽ (മേയ് വരെ) 2,02,393 ആയി ഉയർന്നു, ഇത് 80.8% വർധന രേഖപ്പെടുത്തി.
- ഈ കാലയളവിൽ, അനുവദിച്ച ഫണ്ട് 204.83 ലക്ഷം രൂപയിൽ നിന്ന് 335 ലക്ഷം രൂപയായി ഉയർന്നു, ഇത് 63.6% വർധനയാണ്.
|
- സ്‌കോളർഷിപ്പ്: അംഗീകൃത ടെക്‌സ്‌റ്റൈൽ ഡിപ്ലോമ, ബിരുദ കോഴ്‌സുകളോ ബിരുദാനന്തര ബിരുദ കോഴ്‌സുകളോ പഠിക്കുന്ന ഒരു കൈത്തറി തൊഴിലാളിയുടെ രണ്ട് കുട്ടികൾക്ക് പ്രതിവർഷം 2 ലക്ഷം രൂപ വരെയുള്ള സ്‌കോളർഷിപ്പ് പിന്തുണ നൽകുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 2026 ജൂൺ വരെ 531 അപേക്ഷകൾ അനുവദിച്ചു.
- മെഗാ ക്ലസ്റ്റർ ഡവലപ്‌മെന്റ് പ്രോഗ്രാം
മെഗാ ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന് കീഴിൽ ഓരോ മെഗാ കൈത്തറി ക്ലസ്റ്ററും കുറഞ്ഞത് 10,000 കൈത്തറികൾ/ക്ലസ്റ്ററുകളെ ഉൾക്കൊള്ളുന്നു. കൂടാതെ അഞ്ച് വർഷത്തിനിടയിൽ 30 കോടി രൂപ വരെ കേന്ദ്ര ധനസഹായം ലഭിക്കുകയും ചെയ്യാം.
- എട്ട് മെഗാ ക്ലസ്റ്ററുകൾ പൂർത്തിയായി പ്രവർത്തിക്കുന്നു. നാല് മെഗാ ക്ലസ്റ്ററുകൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
- ഈ പദ്ധതിക്ക് കീഴിൽ 370.72 കോടി രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചു. ഇത് ആകെ 1,62,682 കൈത്തറി നെയ്ത്തുകാർക്ക് പ്രയോജനം ചെയ്തു.
- ആവശ്യകതാധിഷ്ഠിത പ്രത്യേക അടിസ്ഥാന സൗകര്യ പദ്ധതികൾ
ഈ പദ്ധതിക്ക് കീഴിൽ ഉൽപ്പന്ന വികസനം, ഉത്പാദനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്തൽ, മൂല്യവർധനവ്, വിപണനം എന്നിവയ്ക്കായി 12 കോടി രൂപ വരെ ധനസഹായം നൽകുന്നു.
- ആറ് ക്രാഫ്റ്റ് ഹാൻഡ്‌ലൂം വില്ലേജുകൾ പ്രവർത്തിക്കുന്നുണ്ട്, മൂന്നെണ്ണം നടപ്പിലാക്കിവരുന്നു.
2. അസംസ്കൃത വസ്തു വിതരണ പദ്ധതി (RMSS)
എല്ലാത്തരം നൂലുകളുടെയും ഗതാഗത നിരക്കുകൾ തിരികെ നൽകിക്കൊണ്ട് നൂൽ ലഭ്യതയെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. നിർദ്ദിഷ്ട പരിധികൾക്ക് വിധേയമായി നിർദ്ദിഷ്ട നൂലുകൾക്ക് 15% വില സബ്‌സിഡിയും ഇത് നൽകുന്നു.

|
NHDP, RMSS എന്നിവ യഥാക്രമം 205 കോടി രൂപയും 200 കോടി രൂപയും ബജറ്റ് വിഹിതത്തോടെ 2026-27-ലും നടപ്പിലാക്കുന്നത് തുടരുന്നു.
|
3. കൈത്തറിയ്ക്കും പരമ്പരാഗത കരകൗശല ഉൽപ്പന്നങ്ങൾക്കുമുള്ള GST ഇളവ്
2025 സെപ്റ്റംബറിൽ ചേർന്ന 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ശുപാർശ ചെയ്ത അടുത്ത തലമുറ ജി.എസ്.ടി പരിഷ്കാരങ്ങളിൽ കൈത്തറി മേഖലയെ പിന്തുണയ്ക്കുന്ന നടപടികളും ഉൾപ്പെട്ടിരുന്നു.
- ജി.എസ്.ടി ലളിതവൽക്കരണത്തിന് കീഴിൽ 36 കരകൗശല ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് 12%-ൽ നിന്ന് 5% ആയി കുറച്ചു.
- കോട്ടൺ കൈത്തറി വിരിപ്പുകളും കൈകൊണ്ട് നെയ്ത കാർപെറ്റുകളും 5% ജി.എസ്.ടി നിരക്കിലേക്ക് കൊണ്ടുവന്നു.
- ഗാർഹിക, വ്യവസായ തയ്യൽ മെഷീനുകളുടെ നിരക്കും സമാനമായി 12%-ൽ നിന്ന് 5% ആയി കുറച്ചു. ഇത് തയ്യൽ യൂണിറ്റുകളുടെ ചെലവ് കുറയ്ക്കുകയും ആഭ്യന്തര ഉൽപ്പാദനത്തെ പിന്തുണയ്ക്കുകയും ചെയ്തു.
4. 2026-27 കേന്ദ്ര ബജറ്റ്: ഇന്ത്യയുടെ കൈത്തറി മേഖലയ്ക്ക് പുതിയ നയപിന്തുണ
2026-27-ലെ കേന്ദ്ര ബജറ്റ് നിരവധി പുതിയ നടപടികളിലൂടെ വസ്ത്ര നിർമ്മാണ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി:
- നാഷണൽ ഫൈബർ സ്കീം വസ്ത്ര നിർമ്മാണ അസംസ്കൃത വസ്തുക്കളുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇത് സ്വാഭാവിക, കൃത്രിമ, നവയുഗ ഫൈബറുകളിൽ സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നു.
- ടെക്സ്റ്റൈൽ എക്സ്പാൻഷൻ ആൻഡ് എംപ്ലോയ്മെന്റ് സ്കീമിന് കീഴിൽ പരമ്പരാഗത ക്ലസ്റ്ററുകൾ ആധുനികവത്കരിക്കും. ഇത് യന്ത്രങ്ങൾ, സാങ്കേതികവിദ്യ മെച്ചപ്പെടുത്തൽ, പൊതു പരിശോധനാ-സാക്ഷ്യപത്ര കേന്ദ്രങ്ങൾ എന്നിവയ്ക്ക് മൂലധന പിന്തുണ നൽകുന്നു.
- നാഷണൽ ഹാൻഡ്‌ലൂം ആൻഡ് ഹാൻഡ്‌ക്രാഫ്റ്റ് പ്രോഗ്രാം നിലവിലുള്ള പദ്ധതികളെ സംയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇത് രണ്ട് മേഖലകൾക്കും ലക്ഷ്യബോധത്തോടെയുള്ള പിന്തുണ ഉറപ്പാക്കും.
- മഹാത്മാഗാന്ധി ഗ്രാമസ്വരാജ് സംരംഭം ഖാദി, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവയെ ശക്തിപ്പെടുത്തുകയും നെയ്ത്തുകാർ, ഗ്രാമീണ വ്യവസായങ്ങൾ, ഗ്രാമീണ യുവാക്കൾ, ഓരോ ജില്ലയ്ക്കും ഒരു ഉൽപ്പന്നം (ODOP) സംരംഭം എന്നിവയ്ക്ക് പ്രയോജനം ചെയ്യുകയും ചെയ്യും. ഇത് ആഗോള വിപണി ബന്ധങ്ങൾ, ബ്രാൻഡിംഗ്, പരിശീലനം, നൈപുണ്യ വികസനം, ഉൽപ്പാദന പ്രക്രിയകളിലെയും ഗുണനിലവാരത്തിലെയും പുരോഗതി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഡിസൈനിലൂടെയും നവീനാശയത്തിലൂടെയും കൈത്തറിയെ പുനരാവിഷ്കരിക്കുന്നു
ഇന്ത്യയുടെ കൈത്തറി പാരമ്പര്യം പ്രാദേശിക ഫൈബറുകൾ, സാങ്കേതികവിദ്യകൾ, ഡിസൈൻ മാതൃകകൾ, തലമുറകളായുള്ള നെയ്ത്ത് അറിവ് എന്നിവയിൽ വേരൂന്നി നിൽക്കുന്നു. അതേസമയം ഈ വസ്ത്രങ്ങൾ അവതരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകൾ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഗവൺമെന്റ് സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും പിന്തുണയോടെ, പ്രാദേശിക നെയ്ത്ത് പാരമ്പര്യങ്ങൾ പുതിയ പ്ലാറ്റ്‌ഫോമുകളിലേക്ക് എത്തുന്നു.
സമകാലിക ഡിസൈനുകളിലൂടെയും വിപുലമായ സാംസ്കാരിക പ്ലാറ്റ്‌ഫോമുകളിലൂടെയും പരമ്പരാഗത വസ്ത്രങ്ങൾ എങ്ങനെ അവതരിപ്പിക്കപ്പെടുന്നുവെന്ന് സമീപകാലത്തെ ചില പ്രദർശനങ്ങൾ വ്യക്തമാക്കുന്നു.
|
DC ഹാൻഡ്‌ലൂംസും നിഫ്റ്റും (NIFT) ചേർന്ന് 2026 ഏപ്രിലിൽ നടന്ന 61-ാമത് ഫെമിന മിസ് ഇന്ത്യയിൽ 'വിശ്വസൂത്ര' പുറത്തിറക്കി. ഭുവനേശ്വറിൽ അവതരിപ്പിച്ച ഈ വസ്ത്രശേഖരം ഇന്ത്യയിലുടനീളമുള്ള 30 കൈത്തറി നെയ്ത്തുകളെ ഒന്നിച്ചുകൊണ്ടുവന്നു. ഓരോന്നും 30 രാജ്യങ്ങളിൽ നിന്നുള്ള പ്രചോദനത്തിലൂടെ പുനരാവിഷ്കരിക്കുകയും അന്താരാഷ്ട്ര ഡിസൈനുകളും സ്വാധീനങ്ങളും തുണിത്തരങ്ങളുമായി സമന്വയിപ്പിക്കുകയും ചെയ്തു. ഈ കൂട്ടുകെട്ടുകൾ ഇന്ത്യൻ കൈത്തറിയുടെ ആധികാരികതയും പ്രാദേശിക സ്വത്വങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ അവയെ ഒരു ആഗോള ഡിസൈൻ കാഴ്ചപ്പാടിൽ പ്രതിഷ്ഠിച്ചു.

'ഭാരത് ടെക്സ് 2025'-ൽ 'ബ്രീത്തിംഗ് ത്രെഡ്സ്' കൈത്തറിയെ സമകാലിക ഫാഷനിലേക്ക് എത്തിച്ചു. അഞ്ച് സംസ്ഥാനങ്ങളിലായി നെയ്തെടുത്ത തുണിത്തരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച 30 ലുക്കുകൾ ഇത് അവതരിപ്പിച്ചു. പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഈ തുണിത്തരങ്ങൾ എത്തിച്ചത്. ചന്ദേരി, മഹേശ്വരി, ജാംദാനി, ഖുൻ, ബനാറസി, കോട്ട ഡോറിയ, മുർഷിദാബാദ് നെയ്ത്തുകൾ ടെക്സ്ചറുകളിലൂടെയും കോർഡിംഗിലൂടെയും സമകാലിക ഭാവങ്ങൾ കൈവരിച്ചു.

ഗോവയിൽ നടന്ന IFFI 2025-ൽ ഡി.സി ഹാൻഡ്‌ലൂംസ് 'ഹാൻഡ്‌ലൂം സാരിസ് ഇൻ മോഷൻ: 70MM ഓൺ റൺവേ'യിലൂടെ ഉയർന്ന ഫാഷൻ ഡിസൈനുകളെയും സംസ്‌കാരത്തെയും സിനിമയെയും സമന്വയിപ്പിച്ചു. 1940-കളിലെ മനോഹരമായ സാരി ഉടുക്കൽ രീതികൾ മുതൽ 2020-കളിലെ പരീക്ഷണാത്മക രൂപങ്ങൾ വരെയുള്ള ഇന്ത്യൻ സിനിമയുടെ മാറിക്കൊണ്ടിരിക്കുന്ന ശൈലികളെ ഈ ഷോ അടയാളപ്പെടുത്തി. 40-ലധികം സാരികൾ ടുസ്സാർ, ഇക്കാത്ത് പഷ്മിന, ബനാറസി, ചന്ദേരി, വെങ്കടഗിരി, കുത്താമ്പുള്ളി എന്നിവയുൾപ്പെടെയുള്ള പ്രാദേശിക നെയ്ത്ത് പാരമ്പര്യങ്ങളെ പ്രതിനിധീകരിച്ചു. പലതും പിച്ചവായ്, പട്ടചിത്ര, വാർലി, കലങ്കാരി, മധുബനി, ഗോണ്ട്, ഭീൽ എന്നീ കലാരൂപങ്ങൾ ഉപയോഗിച്ച് അവാർഡ് ജേതാക്കളായ കലാകാരന്മാർ കൈകൊണ്ട് വരച്ചവയായിരുന്നു.

|
ഈ പ്രദർശനങ്ങൾക്കൊപ്പം സഹകരണ പ്ലാറ്റ്‌ഫോമുകൾ കൈത്തറി മേഖലയിലുടനീളം പരീക്ഷണങ്ങൾക്കായി പുതിയ ഇടങ്ങൾ സൃഷ്ടിക്കുന്നു.
രൂപകൽപ്പനയുടെ അർത്ഥം വിപുലീകരിക്കുന്നു
- 'വീവ് ദി ഫ്യൂച്ചർ 4.0: അപ്‌സൈക്ലിംഗ് എഡിഷൻ' പരിപാടി 2026 ജൂലൈ 12 മുതൽ 17 വരെ ന്യൂഡൽഹിയിലെ ദില്ലി ഹാട്ടിൽ നടന്നു. വിപരീത ഡിസൈനിംഗിൽ പ്രവർത്തിക്കുന്ന നൂറിലധികം ബ്രാൻഡുകൾ, കരകൗശല വിദഗ്ധർ, റീസൈക്കിൾ ചെയ്യുന്നവർ, നവീനാശയക്കാർ എന്നിവരെ ഈ എക്സിബിഷൻ ഒരുമിച്ച് കൊണ്ടുവന്നു. ഇത് അപ്‌സൈക്ലിംഗ്, കേടുപാടുകൾ തീർക്കൽ, സുസ്ഥിര ഉൽപ്പാദനം, ഉത്തരവാദിത്വ ഉപയോഗം എന്നിവയെ പ്രോത്സാഹിപ്പിച്ചു.
- ഹാൻഡ്‌ലൂം ഹാക്കത്തൺ 2026: ഉജ്ജ്വല ആശയങ്ങൾ നെയ്തെടുക്കാൻ 2026-ലെ ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം 'ഹാൻഡ്‌ലൂം ഹാക്കത്തൺ 2026' ആരംഭിച്ചു. ഈ മേഖലയ്ക്കായി പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ, നെയ്ത്തുകാർ, കരകൗശല വിദഗ്ധർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ എന്നിവരെ ഈ മത്സരം ക്ഷണിക്കുന്നു. ഡിസൈൻ, സുസ്ഥിരത, ഡിജിറ്റൽ സാങ്കേതികവിദ്യ, വിപണി ലഭ്യത, ബ്രാൻഡിംഗ്, ഉത്പാദനക്ഷമത, സംരംഭകത്വം എന്നിവയാണ് ഇതിന്റെ പ്രധാന പ്രമേയങ്ങൾ.
ഈ പ്രകടനങ്ങൾ ഇന്ത്യൻ കൈത്തറിയുടെ വർധിച്ചുവരുന്ന ജനപ്രീതിയെയും പ്രശസ്തിയെയും പ്രകടമാക്കുന്നു. ഫാഷൻ ഷോകൾ, സൗന്ദര്യ മത്സരങ്ങൾ, സിനിമ, വസ്ത്ര പ്രദർശനങ്ങൾ, സഹകരണ ഡിസൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ പ്രാദേശിക നെയ്ത്തുകൾ കൂടുതൽ വിശാലമായ സാംസ്കാരിക, സർഗ്ഗാത്മക ഇടങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ഈ വർധിച്ചുവരുന്ന പ്രശസ്തി വിപണി ലഭ്യതയെയും ഇന്ത്യയുടെ കൈത്തറി കയറ്റുമതി സാന്നിധ്യത്തെയും ഉൾക്കൊള്ളുന്ന ഒരു ബൃഹദ് ഗാഥയുടെ ഭാഗമാണ്.
വിപണി ലഭ്യതയും ഉപഭോക്തൃ വിശ്വാസവും ശക്തിപ്പെടുത്തുന്നു
തനതായ ഡിസൈനുകൾ, ചെറു ബാച്ചുകളിലുള്ള ഉൽപ്പാദനം, പരിസ്ഥിതി സൗഹൃദ പ്രക്രിയകൾ എന്നിവ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ കൈത്തറി ഉൽപ്പന്നങ്ങൾക്ക് ശക്തമായ ഡിമാൻഡ് സൃഷ്ടിച്ചിട്ടുണ്ട്.
2025-26-ൽ ഇന്ത്യയുടെ കൈത്തറി കയറ്റുമതി ഏകദേശം 1,330.96 കോടി രൂപയായിരുന്നു. ഈ കാലയളവിലെ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ യു.എ.ഇ, യു.എസ്, ഫ്രാൻസ്, യു.കെ, സ്പെയിൻ എന്നിവയായിരുന്നു.
കൈത്തറി ഉൽപ്പന്നങ്ങൾ കൂടുതൽ വിശാലവും വൈവിധ്യമാർന്നതുമായ വിപണികളിലേക്കെത്തുമ്പോൾ അവയുടെ ആധികാരികതയും ഗുണനിലവാരവും ഉത്ഭവവും ഉറപ്പാക്കുന്നത് കൂടുതൽ പ്രധാനമായി തീരുന്നു. ഗവൺമെന്റ് പിന്തുണയുള്ള മുദ്രകൾ, ബ്രാൻഡിംഗ് സംവിധാനങ്ങൾ, ജി.ഐ രജിസ്ട്രേഷൻ, നിയമപരമായ സുരക്ഷാ നടപടികൾ എന്നിവ അസലായ കൈത്തറി ഉൽപ്പന്നങ്ങളെ തിരിച്ചറിയാനും അംഗീകൃത നെയ്ത്ത് പാരമ്പര്യങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വിപണി ലഭ്യത വിപുലീകരിക്കുന്നു.
- ഗവൺമെന്റ് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി ഏകദേശം 1.50 ലക്ഷം നെയ്ത്തുകാരും കൈത്തറി സ്ഥാപനങ്ങളും GeM പ്ലാറ്റ്‌ഫോമിൽ ചേർന്നിട്ടുണ്ട്.
- ഇന്ത്യഹാൻഡ്‌മേഡ് പ്ലാറ്റ്‌ഫോം അംഗീകൃത നെയ്ത്തുകാർക്കും ഉൽപ്പാദക സംഘങ്ങൾക്കും ജി.ഐ ടാഗ് ചെയ്ത ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള അസൽ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കാൻ പ്രാപ്തമാക്കുന്നു. ഈ പ്ലാറ്റ്‌ഫോം 2023-24 നും 2026 ജൂണിനും ഇടയിൽ 4,186 നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും ഉൾപ്പെടുത്തി.

ഹാൻഡ്‌ലൂം മാർക്ക്: ഒരു ഉൽപ്പന്നം കൈത്തറിയിൽ നെയ്തതാണെന്ന് ഉറപ്പാക്കുന്നു
2006-ൽ ആരംഭിച്ച ഹാൻഡ്‌ലൂം മാർക്ക് പദ്ധതി കൈത്തറി ഉൽപ്പന്നങ്ങൾക്ക് ഒരു കൂട്ടായ തനത് സ്വത്വം നൽകുന്നു. തങ്ങൾ വാങ്ങുന്ന ഉൽപ്പന്നം യഥാർത്ഥത്തിൽ കൈത്തറിയിൽ നെയ്തതാണെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുകയും ഉൽപ്പന്നത്തെയോ അതിന്റെ നിർമ്മാതാവിനെയോ കൂടുതൽ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുന്നതോടൊപ്പം ഇത് കൈത്തറി ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- 2026 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 29,402 ഹാൻഡ്‌ലൂം മാർക്ക് രജിസ്ട്രേഷനുകൾ നൽകിയിട്ടുണ്ട്.
- ആകെ 815 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഈ ലേബലുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ടായിരുന്നു.
ഇന്ത്യ ഹാൻഡ്‌ലൂം ബ്രാൻഡ്: ഗുണനിലവാരം ഉറപ്പുനൽകുന്നു
2015 ഓഗസ്റ്റ് 7-ന് ആദ്യത്തെ ദേശീയ കൈത്തറി ദിനത്തിലാണ് 'ഇന്ത്യ ഹാൻഡ്‌ലൂം ബ്രാൻഡ്' ആരംഭിച്ചത്. ഉയർന്ന ഗുണനിലവാരം, അസൽ പരമ്പരാഗത ഡിസൈനുകൾ, ന്യൂനതകളില്ലാത്ത നിർമ്മാണം, പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത ഉൽപ്പാദനം എന്നിവയുള്ള തനത് കൈത്തറി ഉൽപ്പന്നങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഈ സാക്ഷ്യപത്രം ഈടുനിൽക്കുന്ന നിറങ്ങൾ, ചർമ്മത്തിന് അനുയോജ്യമായ ഡൈകൾ, സാമൂഹിക ഉത്തരവാദിത്തങ്ങൾ എന്നിവ ഉറപ്പുനൽകുന്ന സ്വാഭാവിക ഫൈബർ ഉൽപ്പന്നങ്ങളെ ഉൾക്കൊള്ളുന്നു.
- 2026 ജൂൺ ആയപ്പോഴേക്കും 184 വിഭാഗങ്ങളിലായി 2,305 രജിസ്ട്രേഷനുകൾ നൽകിയിട്ടുണ്ട്.
GI ടാഗുകൾ: പ്രാദേശിക നെയ്ത്തുകളുടെ സ്വത്വം സംരക്ഷിക്കുന്നു
1999-ലെ ജി.ഐ നിയമം രജിസ്റ്റർ ചെയ്ത ഭൗമസൂചികകളെ അനധികൃത ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു. നിയമവിരുദ്ധമായ നിർമ്മാണത്തിനും വിപണനത്തിനുമെതിരെ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പോലീസ് അധികാരികളെ സമീപിക്കാവുന്നതാണ്. അതേസമയം സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന കൈത്തറി-വസ്ത്ര നിർമ്മാണ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- 2026 ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തതുപോലെ രജിസ്ട്രേഷനുകളിൽ 106 കൈത്തറി ഉൽപ്പന്നങ്ങളും ആറ് ഉൽപ്പന്ന ലോഗോകളും 227 കരകൗശല ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു.
|
ഒരു ജി.ഐ ടാഗ് ഉൽപ്പന്നത്തിന്റെ ഗുണനിലവാരവും പ്രശസ്തിയും സവിശേഷതകളും ആ ഭൂമിശാസ്ത്രപരമായ ഉറവിടവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു പ്രത്യേക പ്രദേശത്ത് നിന്ന് ഉത്ഭവിച്ച വസ്തുക്കളെ തിരിച്ചറിയുന്നു.
|
സംരക്ഷിത കൈത്തറി ഉൽപ്പന്നങ്ങൾക്കുള്ള നിയമ സംരക്ഷണം
1985-ലെ കൈത്തറി നിയമം നെയ്ത്തുകാരെയും ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെയും പവർലൂമുകളുടെയും മില്ലുകളുടെയും കൈയേറ്റത്തിൽ നിന്ന് സംരക്ഷിക്കുന്നു. കൈത്തറി ഉൽപ്പാദനത്തിനായി 11 പ്രത്യേക വസ്ത്ര ഉൽപ്പന്നങ്ങളെ ഇത് മാറ്റിവെച്ചിട്ടുണ്ട്.
കൈത്തറികൾക്കായി മാത്രം മാറ്റിവെച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് തടയാൻ ഗവൺമെന്റ് ഏജൻസികൾ പവർലൂം യൂണിറ്റുകൾ പരിശോധിക്കുന്നു.
ഭാവി കൈത്തറിയുടേത്
ദേശീയ കൈത്തറി ദിനം ഒരു പാരമ്പര്യത്തിന്റെ നിലനിൽപ്പിനപ്പുറത്തേക്ക് ഭാവി സാധ്യതകളിലേക്ക് നോക്കാനുള്ള അവസരം നൽകുന്നു.
ഇന്ത്യൻ കൈത്തറികൾ നാടിന്റെയും സമൂഹത്തിന്റെയും നൈപുണ്യത്തിന്റെയും ഓർമ്മകളെ പേറുന്നുവെങ്കിലും അവയുടെ കഥ ഓരോ തലമുറയിലൂടെയും പുതിയ ഭാവങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നു. സമകാലിക ജീവിതത്തിൽ അവയുടെ വർധിച്ചുവരുന്ന സാന്നിധ്യം, തനത് സ്വത്വം നഷ്ടപ്പെടാതെ തന്നെ പാരമ്പര്യത്തിന് എങ്ങനെ പ്രസക്തമായി തുടരാനാകുമെന്ന് കാണിക്കുന്നു.
നെയ്ത്തുകളിലൂടെ ലോകം ഇന്ത്യയെ കൂടുതൽ കണ്ടെത്തുമ്പോൾ കൈത്തറി പാരമ്പര്യമായി ലഭിച്ച അറിവുകളെ പുതിയ അഭിലാഷങ്ങളുമായി ബന്ധിപ്പിക്കുന്നത് തുടരുന്നു. അത് നെയ്ത്തുകാരുടെ കൈകളിൽ നിന്ന് പ്രാദേശിക സ്വത്വങ്ങളെ കൂടുതൽ വിശാലമായ ലോകത്തിലേക്ക് എത്തിക്കുന്നു.
അവലംബം
Ministry of Textiles:
https://handlooms.nic.in/assets/img/Statistics/3736.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2153746®=48&lang=2
https://sansad.in/getFile/annex/265/AS135_suGmAI.pdf?source=pqars
https://www.pib.gov.in/PressReleasePage.aspx?PRID=2148300®=48&lang=2
https://sansad.in/getFile/loksabhaquestions/annex/185/AU4300_zg5b8v.pdf?source=pqals
https://handlooms.nic.in/assets/img/Statistics/Background_note_on_handloom_sector.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2146379&lang=2®=48
https://www.texmin.gov.in/static/uploads/2026/05/5c48e80d2180ca3194b9e9b01340696d.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2290320®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2286966&lang=1®=1
https://sansad.in/getFile/loksabhaquestions/annex/187/AU5220_ml9Xxl.pdf?source=pqals
https://www.pib.gov.in/PressReleasePage.aspx?PRID=2253525®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2103763®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2194154®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2283412®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2152924®=48&lang=2
https://sansad.in/getFile/annex/270/AU2558_zikFcF.pdf?source=pqars
https://www.pib.gov.in/PressReleasePage.aspx?PRID=2152551&lang=2®=48
https://handlooms.nic.in/assets/img/Final%20Revised%20%20Guidelines%20NHDP%2012.04.2023.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2163905®=48&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=1812498®=48&lang=2
Ministry of Finance:
https://www.indiabudget.gov.in/doc/eb/sbe98.pdf
Ministry of Commerce & Industry:
https://ipindia.gov.in/gi-introduction
Ministry of MSME:
https://www.coek.in/events
Office of the Principal Scientific Adviser to the Government of India:
https://www.psa.gov.in/livelihood/10117
Handloom Export Promotion Council (HEPC):
https://www.hepcindia.com/img/HS%20Code%20Wise%20Handloom%20Data%20from%202009-10%20to%202025-26.pdf
https://www.hepcindia.com/top_20_countries
PIB Archives:
https://www.pib.gov.in/PressNoteDetails.aspx?ModuleId=3&NoteId=154978®=48&lang=2
Others:
https://www.esquireindia.co.in/style/just-landed/fdci-khadi-samant-chauhan-shows-at-moscow-fashion-week
Click to see pdf
***
SK
(Explainer ID: 159463)
आगंतुक पटल : 11
Provide suggestions / comments